വയനാട് ദുരന്തം ഓര്‍മ്മിപ്പിക്കുന്ന പാഠങ്ങള്‍

വയനാട്ടില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പുതിയതല്ല. 2018-ലെ പ്രളയത്തിനുശേഷം മാത്രം വയനാട്ടില്‍ ഇരുന്നൂറിലധികം ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും നടന്നതായാണ് പഠനങ്ങള്‍.
പുഞ്ചിരിവട്ടത്ത് ഉരുള്‍ പൊട്ടലിന്റെ പ്രഭവകേന്ദ്രം
പുഞ്ചിരിവട്ടത്ത് ഉരുള്‍ പൊട്ടലിന്റെ പ്രഭവകേന്ദ്രം SANESH SAKA
Published on
Updated on

കേരള ജനത കണ്ടതില്‍ ഏറ്റവും വലിയ പ്രകൃതിദുരന്തം. മലയാളികളൊന്നാകെ ഞെട്ടലോടെ, വിറങ്ങലിച്ചുനിന്ന ഇങ്ങനെയൊരു ദുരന്തം മുന്‍പെങ്ങുമുണ്ടായിട്ടില്ല. വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും അട്ടമലയിലും ഉണ്ടായ കനത്തമഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ കണക്കുപ്രകാരം 221 ആണ്. കണ്ടെത്തിയ ശരീരഭാഗങ്ങള്‍ 166. സംഭവസ്ഥലത്തുനിന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് 385 പേര്‍ മരിച്ചെന്നാണ്. അന്തിമമായ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പ് പ്രകാരം മേപ്പാടി ഗ്രാമപഞ്ചായത്തിലെ 16 ദുരിതാശ്വാസ ക്യാമ്പുകളിലായി 723 കുടുംബങ്ങളിലെ 2500-ല്‍ അധികം പേര്‍ കഴിയുന്നുണ്ട്. അതില്‍ അറുന്നൂറോളം പേര്‍ കുട്ടികളാണ്. ആറു ഗര്‍ഭിണികളും. ജില്ലയിലാകെ അന്‍പതിലധികം ക്യാമ്പുകളിലായി എണ്ണായിരത്തോളം പേരുണ്ട്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. മരിച്ചവരില്‍ 171 പേരുടെ ശരീരങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. തിരിച്ചറിയാനാകാത്ത 232 ശരീരഭാഗങ്ങളും 37 മൃതദേഹങ്ങളും പുത്തുമലയിലെ ഹാരിസണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ കൂട്ടമായി സംസ്‌കരിച്ചു.

ജൂലായ് 29-നു രാത്രിയിലും പിറ്റേന്നു പുലര്‍ച്ചെയിലുമുണ്ടായ മൂന്ന് ഉരുള്‍പൊട്ടലുകളിലാണ് വീടുകളും കെട്ടിടങ്ങളും തകരുകയും ഒലിച്ചുപോകുകയും ചെയ്തത്. ഉറങ്ങിക്കിടന്ന പലരും മണ്ണൊലിപ്പില്‍ പുതഞ്ഞുപോയി. പത്തു കിലോമീറ്റര്‍ അകലെയുള്ള ചാലിയാറില്‍ മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍നിന്നാണ് ഏതാണ്ട് എഴുപതോളം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നു ഗ്രാമങ്ങളില്‍നിന്നായി ഏതാണ്ട് 4800 പേര്‍ ദുരന്തബാധിതരായി.

ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവര്‍ക്കാകട്ടെ, പലര്‍ക്കും വീടും ഭൂമിയും മേല്‍വിലാസവുമെല്ലാം നഷ്ടപ്പെട്ടു. ഇതുവരെയുള്ള ജീവിതത്തില്‍ സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ടിടത്തുനിന്നു വീണ്ടും പുതിയൊരു ജീവിതം തുടങ്ങണം. സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇതു മാത്രമല്ല, വിദ്യാഭ്യാസ യോഗ്യതയുള്‍പ്പെടെയുള്ള രേഖകള്‍ മണ്ണില്‍ പുതഞ്ഞുപോയവര്‍ക്ക് അവ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങളും തുടങ്ങണം. സ്വന്തമായി താമസിക്കാനൊരിടം, വരുമാനമുള്ള ജോലി എന്നിവയെല്ലാം അവര്‍ക്കു വേണം.

തുടര്‍ച്ചയായുള്ള ഉരുള്‍പൊട്ടല്‍

വയനാട്ടില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പുതിയതല്ല. 2018-ലെ പ്രളയത്തിനുശേഷം മാത്രം വയനാട്ടില്‍ ഇരുന്നൂറിലധികം ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും നടന്നതായാണ് പഠനങ്ങള്‍. നിരവധി കാരണങ്ങളാലുള്ള ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും അതിതീവ്ര മഴയും ചെരിവുകളിലുള്ള ഭൂമിയുടെ രൂപമാറ്റവുമാണ് പ്രധാന കാരണമായി പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നത്. ഉരുള്‍പൊട്ടലുകളേക്കാള്‍ ഭീകരമായ മണ്ണിടിച്ചിലുകള്‍ പലപ്പോഴും വയനാട്ടിലുണ്ടായിട്ടുണ്ട്. ആള്‍നാശം വരുമ്പോള്‍ മാത്രമാണ് പലതും വാര്‍ത്തകളിലിടം പിടിക്കുകയും പുറംലോകം അറിയുകയും ചെയ്യുന്നത്.

വനനശീകരണവും ഏകവിള തോട്ടങ്ങളും ചരിവുകൂടിയ പ്രദേശങ്ങളിലെ നിര്‍മ്മാണവും പല സ്ഥലങ്ങളേയും ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശമായി മാറ്റിയിട്ടുണ്ട്. 2019-ല്‍ പുത്തുമലയിലുണ്ടായ ദുരന്തത്തില്‍ 60 പേരാണ് മരിച്ചത്.

ആ ദുരന്തത്തിനുശേഷം അതിന്റെ തൊട്ടടുത്ത മലയില്‍ത്തന്നെ അതിഭീകരമായ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ആളപായമുണ്ടായില്ല. ഒരു പ്ലാന്റേഷന്‍ മേഖലയപ്പാടെ കുത്തിയൊലിച്ച് ഇപ്പോഴത്തെ ദുരന്തം നടന്ന മുണ്ടക്കൈ പുഴയിലാണ് എത്തിയത്. തൊട്ടടുത്ത വര്‍ഷം തന്നെ മുണ്ടക്കൈ പുഴ പ്രദേശത്തുതന്നെ മറ്റൊരു ഉരുള്‍പൊട്ടലും ഉണ്ടായി. 2018-ല്‍ കുറിച്ച്യര്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആളപായം ഉണ്ടായില്ലെങ്കിലും അതിദുര്‍ബ്ബല പ്രദേശമായ ഇവിടെ 800-ലധികം വീടുകളും 2000-ലധികം മനുഷ്യരും ഇപ്പോഴുമുണ്ട്. അതിതീവ്ര മഴയുണ്ടായാല്‍ ദുരന്തമുണ്ടാവാന്‍ സാധ്യതയുള്ള നിരവധി പ്രദേശങ്ങള്‍ വയനാട്ടിലുണ്ട്. കൃത്യമായ കണക്കുകളും മാപ്പിങും നടന്നിട്ടുണ്ടെങ്കിലും മുന്‍കരുതലുകള്‍ കാര്യമായി നടന്നിട്ടില്ലാത്ത പ്രദേശങ്ങള്‍ കൂടിയാണിത്. വയനാടിന്റെ ഭൂവിസ്തീര്‍ണ്ണത്തിന്റെ 21 ശതമാനവും അതിസാധ്യതാ മേഖലയാണ്. 49 ശതമാനം മിതസാധ്യതാ പ്രദേശവും 30 ശതമാനം കുറഞ്ഞ സാധ്യതാ പ്രദേശവുമാണ്.

വയനാട് ദുരന്തത്തിനു പ്രധാനമായി രണ്ടു കാരണങ്ങളാണ് ശാസ്ത്രജ്ഞരും കാലാവസ്ഥാ-പരിസ്ഥിതി വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നത്. ഒന്ന് വയനാട് മേഖലയില്‍ കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി അസാധാരണമായ അളവില്‍ മഴ ലഭിക്കുന്നുണ്ട്. ചൂരല്‍മലയിലും മുണ്ടക്കൈയിലും അട്ടമലയിലും അപകടം ഉണ്ടാകുന്നതിനു തൊട്ടുമുന്‍പത്തെ 48 മണിക്കൂറിനുള്ളില്‍ 570 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇത്തരത്തില്‍ അമിതമായി അളവില്‍ ഉണ്ടാകുന്ന മഴ കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ സ്ഥാപനങ്ങള്‍ രേഖപ്പെടുത്തുകയും അതിനനുസരിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചു പറയുന്നുമുണ്ട്. രണ്ടാമത്തെ ഘടകം, വയനാട് ജില്ലയിലെ പരിസ്ഥിതിലോലമായ, ഉരുള്‍പൊട്ടലുകള്‍ക്കു സാധ്യതയുള്ള ഭൂപ്രകൃതിയാണ്. ഇതു സംബന്ധിച്ച് പരിസ്ഥിതി വിദഗ്ദ്ധനായ മാധവ് ഗാഡ്ഗില്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധരുടെ പഠനങ്ങളും നമ്മുടെ മുന്നിലുണ്ട്.

ഐ.എസ്.ആര്‍.ഒയുടെ കീഴിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെ മാപ്പിങ് പ്രകാരം തയ്യാറാക്കിയ ഉരുള്‍പൊട്ടല്‍ സാധ്യതാഭൂപടത്തില്‍ അഞ്ചാംസ്ഥാനത്താണ് വയനാട്. വയനാട് മാത്രമല്ല, തൃശൂര്‍ മൂന്നും പാലക്കാട് അഞ്ചും മലപ്പുറം ഏഴും കോഴിക്കോട് പത്തും സ്ഥാനത്തുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പ്രത്യേകത ഈ മേഖലകളിലെല്ലാം ജനവാസം കൂടുതലാണ് എന്നതാണ്. അതിനര്‍ത്ഥം, ഇതു പരിസ്ഥിതി പ്രശ്‌നം എന്നതിനപ്പുറം സാമൂഹ്യപ്രശ്‌നവും ജനകീയ പ്രശ്‌നവും ആണെന്നാണ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്) തയ്യാറാക്കിയ മഴ ലഭ്യതയുടെ കണക്കും ഗൗരവമായ പരിഗണന അര്‍ഹിക്കുന്നുണ്ട്. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍ മഴ മലബാറിലും മധ്യകേരളത്തിലും ലഭിക്കുന്നുവെന്നാണ് അവരുടെ കണക്കുകള്‍ പറയുന്നത്. ഇതു മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും വിവിധ സമിതികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളെ സര്‍ക്കാരുകള്‍ ഗൗരവമായി കണക്കിലെടുക്കാത്തതിനാലാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നുമാണ് മാധവ് ഗാഡ്ഗില്‍ സംഭവത്തിനുശേഷം വാര്‍ത്താമാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇത്തരം സംഭവങ്ങളില്‍, ദുരന്തമേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമപ്പുറം സര്‍ക്കാരുകള്‍ക്കു ചെയ്യാന്‍ ഒന്നുമില്ലേ? ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടാകുന്ന മേഖലകളില്‍ ജനങ്ങളുടെ ജീവിതത്തിനു സുരക്ഷയും സംരക്ഷണവും നല്‍കുന്നതില്‍ സര്‍ക്കാരുകള്‍ വേണ്ടത്ര താല്‍പ്പര്യമെടുത്തിട്ടുണ്ടോ എന്ന കാര്യം ആലോചിക്കാനുള്ള സമയം കൂടിയാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ സംഭവത്തില്‍ അവരവരുടെ ഉത്തരവാദിത്വം നിറവേറ്റിയില്ല എന്നാണ് സംഭവത്തിനുശേഷം, കേന്ദ്രമന്ത്രി അമിത് ഷായും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാദപ്രതിവാദങ്ങളില്‍നിന്നു മനസ്സിലാക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ വകുപ്പുകള്‍ സംസ്ഥാനത്തിനു നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയെന്നാണ് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. അതിനപ്പുറം ഇത്തരം റിപ്പോര്‍ട്ടുകള്‍ കയ്യിലുണ്ടായിട്ടും ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കാനുള്ള ധനസഹായവും സാങ്കേതിക സഹായവും നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയേണ്ടതല്ലേ? അതേസമയം, ഓറഞ്ച് അലെര്‍ട്ട് മാത്രമാണ് കേന്ദ്രം നല്‍കിയതെന്നും 200 മില്ലിമീറ്റര്‍ മഴയെന്ന് മുന്നറിയിപ്പു നല്‍കിയിട്ട് 500 മില്ലിമീറ്റര്‍ മഴയാണ് പെയ്തതെന്നും ഉള്ള മട്ടിലുള്ള മുഖ്യമന്ത്രിയുടെ വാദം ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാനുള്ള ശ്രമമായേ കാണാനാകൂ. ഇത്രയും മഴ പെയ്താല്‍ നമുക്കെന്തു ചെയ്യാനാകും എന്ന ചോദ്യം നിഷ്‌കളങ്കമെന്നു തോന്നാമെങ്കിലും ഗൗരവമായ പ്രശ്‌നങ്ങള്‍ ഇതു തുറന്നിടുന്നുണ്ട്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിഞ്ഞുപോകുമായിരുന്നോ എന്ന തരത്തിലുള്ള ചോദ്യവും കേരളത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി-ശാസ്ത്രവിരുദ്ധ ബോധത്തിന്റെ സൂചനയായി കാണാം. വിദഗ്ദ്ധരുടെ റിപ്പോര്‍ട്ടുകള്‍ അതേപടി നടപ്പാക്കുകയല്ല സര്‍ക്കാരുകളുടേയും ഭരണവകുപ്പുകളുടേയും ചുമതല. എന്നാല്‍, അതിലെ ഉള്‍ക്കാഴ്ചകള്‍ ഉള്‍ക്കൊണ്ട്, പ്രാദേശിക ജീവിതത്തിന്റെ പ്രത്യേകതകളും ഭൂമിശാസ്ത്രപരമായ സവിശേഷതകളും മനസ്സിലാക്കി ദീര്‍ഘദൂര കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്.

ദുരന്തമേഖലകളില്‍ അപകടസൂചനകളുണ്ടാകുമ്പോള്‍ സ്‌കൂളുകളോ പൊതുസ്ഥാപനങ്ങളേയോ ആശ്രയിക്കുന്നതിനപ്പുറം ജനങ്ങള്‍ക്കു സുരക്ഷിതമെന്നു തോന്നുന്ന സ്ഥിരം സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്. പലപ്പോഴും അപകടസൂചന ലഭിച്ചാലും വീടും സാധനസാമഗ്രികളും വിട്ട് പോകാന്‍ ജനങ്ങള്‍ മടിക്കുന്നത് അവ സുരക്ഷിതമായി മറ്റൊരിടത്ത് സൂക്ഷിക്കാന്‍ പറ്റുമോ എന്നും തിരിച്ചുവരാന്‍ പറ്റുമോ എന്നുമുള്ള ആശങ്കകൊണ്ടാണ്. തങ്ങളുടെ നീക്കിയിരിപ്പുകളും വസ്തുവകകളും സൂക്ഷിക്കാനും ആശങ്കകളില്ലാതെ അവര്‍ക്കു താല്‍ക്കാലികമായി കയറിച്ചെല്ലാനും പറ്റുന്ന തരത്തിലുള്ള ആശ്വാസകേന്ദ്രങ്ങള്‍ ഉണ്ടായാലേ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാറ്റിപ്പാര്‍പ്പിക്കലുകള്‍ ഫലപ്രദമാകൂ. മാത്രവുമല്ല, ഇതു സംബന്ധിച്ച് ദൈനംദിനാടിസ്ഥാനത്തില്‍ തന്നെ വിവരങ്ങള്‍ ലഭ്യമാക്കാനും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സാധ്യമാകുന്ന തരത്തിലുള്ള വിവരവിനിമയ കേന്ദ്രങ്ങളും സഹായം വേണ്ടിവരുന്നവര്‍ക്ക് അവ ലഭ്യമാക്കാനുമുള്ള സംവിധാനങ്ങളും ഉണ്ടാകണം.

അതേസമയം, ശാസ്ത്രജ്ഞരുടേയും സാങ്കേതിക വിദഗ്ദ്ധരുടേയും സ്ഥാപനങ്ങളുടേയും കണ്ടെത്തലുകളെ ഗൗരവമായി ചര്‍ച്ച ചെയ്യാനും അവ ഉള്‍പ്പെടുത്തി നയങ്ങളും പദ്ധതികള്‍ രൂപപ്പെടുത്താനുമുള്ള സംവിധാനങ്ങളും വേണം.

സി.കെ. വിഷ്ണുദാസ്
സി.കെ. വിഷ്ണുദാസ്

അതിതീവ്ര മഴയും അശാസ്ത്രീയ നിര്‍മ്മാണവും

ഇപ്പോള്‍ ദുരന്തമുണ്ടായ മുണ്ടക്കൈ പ്രദേശം ഭൂമിശാസ്ത്രപരമായിത്തന്നെ അപകടമേഖലയാണെന്ന് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടറും ഗവേഷകനുമായ സി.കെ. വിഷ്ണുദാസ് പറയുന്നു: ''സാധാരണ പശ്ചിമഘട്ട പ്രദേശംപോലെ സമുദ്രത്തിനു സമാന്തരമായി അല്ല ഇതുള്ളത്. നിലമ്പൂരിന്റെ ഉള്ളിലേയ്ക്ക് കയറിനില്‍ക്കുന്ന രീതിയിലാണ്. മേഘങ്ങള്‍ നിലമ്പൂര്‍ താഴ്വരയ്ക്കുള്ളില്‍ വരെ കയറിവരും. അവിടെനിന്നു മുകളിലേയ്ക്ക് പൊങ്ങും. 500 മീറ്ററില്‍നിന്നു പിന്നെ പൊങ്ങുന്നത് 2300 മീറ്റര്‍ ഉയരത്തിലേക്കാണ്. മേഘങ്ങള്‍ ഉയര്‍ന്നു പൊങ്ങിക്കഴിഞ്ഞാല്‍ സ്വാഭാവികമായും തണുത്ത മഴ പെയ്യും. അങ്ങനെ പെയ്യുമ്പോള്‍ അതിതീവ്ര മഴ ഒരേ സ്ഥലത്തുതന്നെ കിട്ടും. അതാണ് ഈ സ്ഥലത്തിന്റെ ഒരു പ്രത്യേകത.

മഴയുടെ അളവ് വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മുണ്ടക്കൈയില്‍ രണ്ട് ദിവസം കൊണ്ട് 572 മില്ലി മീറ്റര്‍ മഴ കിട്ടി എന്നു പറയുമ്പോള്‍ ഇതിന്റെ ഉള്‍ഭാഗത്ത് ഇതിനേക്കാള്‍ കൂടുതല്‍ അളവ് മഴ ലഭിച്ചിട്ടുണ്ടാകും. താഴെ 570 കിട്ടിയിട്ടുണ്ടെങ്കില്‍ മുകളില്‍ അറുന്നൂറോ എഴുന്നൂറോ ഒക്കെ കിട്ടി കാണും. അതു താങ്ങാന്‍ പറ്റാത്തതാണ്. ജൂലായ് മാസത്തില്‍ മുണ്ടക്കൈ ഭാഗത്ത് 2093 മില്ലിമീറ്റര്‍ മഴയാണ് കിട്ടിയത്. കഴിഞ്ഞ ജൂലായില്‍ 1130 മില്ലിമീറ്ററായിരുന്നു. ഇത്തവണ ജൂലായ് 25 ആകുമ്പോഴേക്കും ഏകദേശം 1500 മില്ലീമീറ്ററായി. രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോഴേക്കും 2000 കവിഞ്ഞു. കുതിര്‍ന്നുനില്‍ക്കുന്ന മലയുടെ ചെരിവിലേക്കാണ് മേഘവിസ്ഫോടനം പോലെയുള്ള അതിതീവ്ര മഴ പെയ്തതും. കേരളത്തില്‍ പലയിടത്തും ഇത്തരത്തില്‍ മലകളില്‍ പെയ്ത മഴയാണ് ഉരുള്‍പൊട്ടലുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. കവളപ്പാറയിലും പെട്ടിമുടിയിലും കൂട്ടിക്കലും ഒക്കെ ഇങ്ങനെയായിരുന്നു. രണ്ടാമത്തെ ഘടകം ആ സ്ഥലം എങ്ങനെയായിരുന്നു എന്നതാണ്.

1834-ല്‍ വൈത്തിരിയില്‍ ഏകദേശം 7300 മില്ലിമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. പക്ഷേ, 2018 വരെയുള്ള ഒരു 10-15 വര്‍ഷക്കാലം നോക്കിയാല്‍ വയനാട്ടില്‍ മഴ കുറഞ്ഞുവരുന്നുണ്ടായിരുന്നു. വരള്‍ച്ചയുടെ അടുത്തുനില്‍ക്കുന്ന തരത്തിലായിരുന്നു. വരള്‍ച്ചയും വെള്ളക്ഷാമവും പല സമയത്തും ഉണ്ടായിട്ടുണ്ട്. അതിനുശേഷം 2018-ല്‍ അതിഭീകരമായ മഴപെയ്തു. 2019-ല്‍ വീണ്ടും അതിതീവ്ര മഴപെയ്തു. 2020-ലും ഇങ്ങനെത്തന്നെ. 2021, '22, '23 വര്‍ഷങ്ങള്‍ കുറഞ്ഞ തോതിലുള്ള മഴ ആയിരുന്നു. 2022-ല്‍ മഴ തുടങ്ങിയത് ജൂണ്‍ 29-നും 2023-ല്‍ മഴ തുടങ്ങിയത് ജൂണ്‍ 28-നുമാണ്. അതായത് ഒരു മാസം പെയ്തതേ ഇല്ല.

2018-ല്‍ കുറിച്ച്യര്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ നോക്കിയാല്‍ അത് ഒരു പ്ലാന്റേഷന്‍ ഏരിയയാണ്. പ്ലാന്റേഷന്‍ ഏരിയയും ഫോറസ്റ്റും ചേരുന്ന ആ പോയിന്റിലാണ് പ്രഭവകേന്ദ്രം. താഴത്തെ ഭാഗം അസ്ഥിരമായിരുന്നു എന്നുവേണം കരുതാന്‍, പത്തഞ്ഞൂറു വര്‍ഷത്തെ കൃഷിയൊക്കെ കാരണം. മലയുടെ അറ്റം മുതല്‍ താഴ്വര വരെയുള്ള ഭാഗം സസ്യജാലങ്ങള്‍ കുറയുന്നതുകൊണ്ടും മരങ്ങള്‍ ഇല്ലാത്തതുകൊണ്ടും അസ്ഥിരമായിരിക്കും. അത്തരം സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടല്‍ പ്രധാനമായും നടക്കുന്നത്. ഇതേ സ്ഥലത്ത് 2019-ലും 2020-ലും 2021-ലും പൊട്ടിയിട്ടുണ്ട്. കുറിച്ച്യര്‍ മലയിലെ മേല്‍മുറി, സേട്ടുക്കുന്ന് ഭാഗം ആളുകള്‍ പേടിയോടെ ജീവിക്കുന്ന ഒരു പ്രദേശമാണ്. അവിടെയുണ്ടായ ഉരുള്‍പൊട്ടല്‍ ഒരു പാറയില്‍ തട്ടി വലത്തോട്ട് ഗതിമാറിയതുകൊണ്ടാണ് മനുഷ്യര്‍ രക്ഷപ്പെട്ടത്. ഇടതുഭാഗത്ത് നിറയെ വീടുകളായിരുന്നു.

കവളപ്പാറ ഒരു റബ്ബര്‍ പ്ലാന്റേഷന്‍ ഏരിയ ആയിരുന്നു. ധാരാളം പ്രവര്‍ത്തനങ്ങള്‍ ആ സമയത്ത് അവിടെ നടക്കുന്നുണ്ടായിരുന്നു. വെള്ളം ധാരാളമായി മണ്ണിലിറങ്ങിയാല്‍ വേഗം തള്ളിപ്പോകും. വെള്ളം പെട്ടെന്ന് ഒഴുകിപ്പോകാന്‍ ചിലയിടത്ത് ഡ്രയിനേജ് വേണം. കുത്തനെയുള്ള ചെരിവുകളുള്ള സ്ഥലത്ത് മഴവെള്ളം പിടിച്ചുനിര്‍ത്തുന്ന തരത്തിലുള്ള ഘടനയാണെങ്കില്‍ അതൊക്കെ ഇതിനു വേഗം കൂട്ടും. മഴയോടൊപ്പം തന്നെ പ്രധാനമാണ് ആ സ്ഥലം എങ്ങനെയാണ് എന്നതും.

100 മില്ലീമീറ്റര്‍ മഴ ഒരു ചതുരശ്ര കിലോമീറ്ററില്‍ പെയ്താല്‍ ഒരു ലക്ഷം മെട്രിക് ടണ്‍ ഭാരം ഉണ്ടാകും അവിടെ. ഒരു പരന്ന പ്രദേശമാണെങ്കില്‍ അത് അങ്ങനെ നില്‍ക്കും പക്ഷേ, ചെരിവില്‍ ആവുമ്പോള്‍ ഇതു തള്ളിപ്പോവും.

മുണ്ടക്കൈയിലും പുത്തുമലയിലുമൊക്കെ ആളുകള്‍ താമസിക്കുന്നത് താഴ്വരയിലാണ്. മലയിടുക്കുകളാണ്. അത് ഒരിക്കലും സുരക്ഷിതമല്ലാത്ത സ്ഥലമാണ്. എവിടെ ഉരുള്‍ ഉണ്ടായാലും ഈ വഴികളിലാണ് അതു വരിക. അങ്ങനെ വരുമ്പോള്‍ ആള്‍ക്കാര്‍ ഇതില്‍പ്പെടും. പുത്തുമലയിലും അതേ അവസ്ഥയിലായിരുന്നു. എണ്‍പതോ തൊണ്ണൂറോ വര്‍ഷമായി അവിടെ താമസിക്കുന്ന ആളുകളായിരുന്നു. അവര്‍ക്കു വേറെ എവിടെയും പോകാനില്ല, അവര്‍ അവിടെത്തന്നെ വീട് വെയ്ക്കുന്നു. ആ വീടുകളൊക്കെത്തന്നെയാണ് അന്ന് ഒലിച്ചുപോയത്. ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്. ഒരേ ഫാമിലിയില്‍പ്പെട്ട പത്തോ പന്ത്രണ്ടോ വീടുകളൊക്കെയുണ്ടായിരുന്നു. ഈ സ്ഥലങ്ങളിലൊക്കെ ആളുകള്‍ കൂടി. ടൂറിസം വന്ന ശേഷം മുണ്ടക്കൈ ഭാഗത്താണെങ്കിലും ഒരുപാട് ആളുകള്‍ അവിടെയെത്തി. ഹോംസ്റ്റേകള്‍ വന്നു. ആളുകളുടെ എണ്ണം കൂടുമ്പോഴാണ് നമുക്കു വലിയ ദുരന്തമായി മാറുന്നത്.

ബ്രിട്ടീഷുകാര്‍ പ്ലാന്റേഷന്‍ തുടങ്ങിയ സമയത്ത് പ്ലാന്റേഷന്‍ ഏരിയ കഴിഞ്ഞു ബാക്കിയുള്ള ചതുപ്പുകള്‍ അവര്‍ ഒഴിവാക്കിയിരുന്നു. ആ സ്ഥലങ്ങളിലാണ് മനുഷ്യര്‍ വീട് വെച്ചത്. അവരുടെ കാലത്ത് അവര്‍ ഈ വാലി ഒന്നും ചെയ്യാതെ വിട്ടിരുന്നതാണ്. അവരത് തൊട്ടിരുന്നില്ല. ബ്രിട്ടീഷുകാര്‍ തോട്ടം തൊഴിലാളികള്‍ക്കുവേണ്ടി ഉണ്ടാക്കിയ ക്വാര്‍ട്ടേഴ്സുകള്‍ ഈ താഴ്വാരത്തില്‍നിന്നു വളരെ ദൂരെയാണ്. പുത്തുമല ഉരുള്‍പൊട്ടലിലും ഒരു പാടി മാത്രമാണ് അതിന്റെ അറ്റത്ത് ഉണ്ടായിരുന്നത്. ബാക്കിയെല്ലാം അവര്‍ ദൂരെയാണ് നിര്‍മ്മിച്ചത്. ഉരുള്‍പ്പൊട്ടലോ മഴവെള്ളപ്പാച്ചിലോ ബാധിക്കാത്ത തരത്തില്‍. അവരുണ്ടാക്കിയ ക്വാര്‍ട്ടേഴ്സുകള്‍ നോക്കിയാല്‍ അതെല്ലാം കുന്നിന്റെ മുകളിലാണ്.

പിന്നീട് വന്ന നമ്മുടെ ആളുകള്‍ പോയത് ഈ താഴ്വാരങ്ങളിലാണ്. സ്ഥലത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കുന്നതില്‍ നമ്മുടെ ആളുകള്‍ക്കു വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. ഇതിന്റെ കൂടെയാണ് കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായുള്ള അതിതീവ്ര മഴ വരുന്നത്.

1984-ലും മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടി 14 പേര്‍ മരിച്ചിരുന്നു. 1880-ല്‍ വയനാട് ചുരം മുഴുവന്‍ ഇടിഞ്ഞു താഴെ പോയിട്ടുണ്ട്. അപ്പോള്‍ മഴ ഈ പ്രദേശത്ത് പണ്ടുമുതലേ ഉണ്ട്.

2018-ല്‍ വൈത്തിരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുള്ളത്. അവിടെ നടത്തിയ പഠനത്തില്‍ കണ്ടത് 41 ശതമാനം മണ്ണിടിച്ചിലും ഉണ്ടായത് വീടുകളുടെ പുറകിലാണ്. 21 ശതമാനം റോഡുകളുടെ വശത്താണ്. 19 ശതമാനം വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്കടുത്താണ്, പിന്നെ പ്ലാന്റേഷനും ഫോറസ്റ്റുമാണ്. അതില്‍ തന്നെ ക്ലിയറാണ്, ഇത് എവിടെയാണ് സംഭവിക്കുന്നത് എന്ന്. കുന്നുകളെ മുറിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. പാറക്കലുകളാണെങ്കില്‍ കുത്തനെ 90 ഡിഗ്രിയാണ് നമുക്കു മുറിക്കാന്‍ പറ്റുന്നത്. സാധാരണ മണ്ണാണെങ്കില്‍ 30 ഡിഗ്രിയാണ്. അതില്‍ കൂടുതല്‍ ചെരിച്ചാല്‍ അതു താഴേയ്ക്ക് ഇടിഞ്ഞു വീഴും. പക്ഷേ, പൊതുവെ 90 ഡിഗ്രിയില്‍ മുറിക്കും. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് കാരണമാകുന്നത് എന്നു മനസ്സിലാക്കാം. റോഡിനുവേണ്ടി മുറിക്കുമ്പോള്‍ വെള്ളം ഇറങ്ങുകയും കൃത്യമായി ഡ്രയിനേജ് ഇല്ലാതിരിക്കുകയും ചെയ്യുന്നു. വെള്ളത്തിന്റെ റൂട്ട് മാറിപ്പോകും. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ വെച്ച് ഇതിന്റെ വള്‍നറബിലിറ്റി കൂടും.

മഴമാപിനി വെച്ച് മഴ അളന്നുകഴിഞ്ഞാല്‍ അവിടെനിന്ന് ആളുകള്‍ ഒഴിയേണ്ടതാണ് എന്നു നമുക്കു പറയാന്‍ പറ്റും. മാറി താമസിക്കാന്‍ ഷെല്‍ട്ടറുകള്‍ ഉണ്ടാക്കണം. സ്‌കൂളുകളാണ് ക്യാമ്പായി ഇപ്പോള്‍ മാറ്റുന്നത്. ഷെല്‍ട്ടറുകള്‍ ഉണ്ടെങ്കില്‍ പെട്ടെന്നു മുന്നറിയിപ്പു വരുമ്പോള്‍ത്തന്നെ അവര്‍ക്ക് മാറി താമസിക്കാം. ഒറീസയിലൊക്കെ സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ ഉണ്ട്. ഇത്തരം സ്ഥലങ്ങളിലെ വീടുകള്‍ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്'' -വിഷ്ണുദാസ് പറയുന്നു.

നിസാര്‍
നിസാര്‍

അതിജീവനത്തിനുള്ള പ്ലാന്‍ ഉണ്ടാവണം

പ്രതിരോധത്തിനും മുന്‍കരുതലിനുമൊപ്പം ആവര്‍ത്തിച്ചുണ്ടാകുന്ന ദുരന്തങ്ങളില്‍നിന്ന് അതിജീവിക്കുന്നതിനെക്കുറിച്ചുകൂടി ഗൗരവമായ പഠനങ്ങളും പ്ലാനിങ്ങുകളും വേണമെന്ന് കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായുള്ള മനുഷ്യരുടെ അതിജീവനത്തില്‍ ഗവേഷണം നടത്തുന്ന നരവംശ ശാസ്ത്രജ്ഞന്‍ നിസാര്‍ കണ്ണങ്കര പറയുന്നു:

''കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കുന്നത് വലിയ സംഭവങ്ങള്‍ വരുമ്പോഴാണ്. വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, ചുഴലിക്കാറ്റ് അങ്ങനെയൊക്കെയുള്ള സംഭവങ്ങളാണ് സര്‍ക്കാറും പൊതുസമൂഹവും കൂടുതല്‍ ശ്രദ്ധിക്കുന്നത്. അതേസമയം ദീര്‍ഘകാലത്തേയ്ക്കുള്ള മാറ്റങ്ങളെക്കുറിച്ചു നമ്മള്‍ അജ്ഞരാണ്. കൃഷിയെ ബാധിക്കുന്നത് ദീര്‍ഘകാല മാറ്റമാണ്. അതിനെക്കുറിച്ച് നമ്മള്‍ അത്ര ജാഗരൂകരല്ല. അതിനെക്കുറിച്ച് കാര്യഗൗരവമായ പഠനങ്ങളും കുറവാണ്.

വയനാട്ടില്‍ നടന്നതുപോലെയുള്ള കാലാവ സ്ഥാദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമായിരുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് കൂടുതലായും വരുന്നത്. പരിസ്ഥിതി സംരക്ഷണത്തിലാണ് ചര്‍ച്ച പോകുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള പ്രതിരോധങ്ങളാണ്. പരിസ്ഥിതി സംരക്ഷണം അനിവാര്യം തന്നെയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അടക്കം ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണ്. പക്ഷേ, അതിനൊപ്പം അതിജീവിക്കാനുള്ള നയം കൂടി ഉണ്ടാവണം. മുന്‍കരുതലുകള്‍കൊണ്ട് മാത്രം പരിഹരിക്കപ്പെടാം എന്ന രീതിയില്‍നിന്നു മാറി അതിനൊപ്പം അതിജീവനത്തിനുള്ള കഴിവ് കൂടി ഉണ്ടാക്കണം എന്നത് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

2018-ലെ പ്രളയത്തിനുശേഷം കേരളം ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തെ കൈകാര്യം ചെയ്യാന്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അതിനുള്ള ബഡ്ജറ്റ് കുറവാണ്, അവരുടെ പ്രവര്‍ത്തനവും കുറവാണ്. കോളേജുകളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചെടി നടുക, ഉദ്യാനങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതും നേരത്തെ പറഞ്ഞ മുന്‍കരുതല്‍ എന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ്.

മറ്റൊന്ന് വയനാട്ടിലേതുപോലുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ ജാതി, മത സമുദായ രാഷ്ട്രീയ സംഘടനകളുടെ വളന്റിയര്‍മാര്‍ വന്നു പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. ഇത് അങ്ങനെ ചെയ്യേണ്ട ഒരു സംഭവം അല്ല. ശാസ്ത്രീയമായി ഉണ്ടാക്കുന്ന ഫ്രെയിംവര്‍ക്കിന്റേയും പ്രോട്ടോക്കോളിന്റേയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടതാണ്.

ദുരന്തം നടന്ന സ്ഥലങ്ങളില്‍ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും സഹായിക്കാന്‍ ചെല്ലുമ്പോള്‍ അതുണ്ടാക്കുന്ന ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കൂടി കാണണം. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിജീവനമടക്കമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാറിനു കഴിയാത്തത്. റിഗ്രസീവ് ഐഡിയോളജിയുള്ള സംഘടനകള്‍ അവരുടെ ഐഡിയോളജി പ്രചരിപ്പിക്കാന്‍ ഇത്തരം സംഭവങ്ങളിലെ പ്രവര്‍ത്തനങ്ങളെ ഉപയോഗിക്കുന്നുണ്ട്. അതിനുള്ള ഇടമാണോ ദുരന്തമേഖല. അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നു ചോദിച്ചാല്‍ സര്‍ക്കാറിനു കപ്പാസിറ്റി കുറഞ്ഞതുകൊണ്ട് എന്നതാണ് ഉത്തരം. സര്‍ക്കാര്‍ തന്നെ പര്യാപ്തമാവണം ഇതു ചെയ്യാന്‍. ആ രീതിയില്‍ വരുംകാലങ്ങളില്‍ നമ്മുടെ പ്ലാനിങ്ങിനും ബജറ്റിങ്ങിലും ദുരന്തനിവാരണത്തിനു പ്രാമുഖ്യം കൊടുക്കണം. ആളുകള്‍ക്കു പരിശീലനം നല്‍കണം. വയനാട് ഒരു പാഠമാണ്.

ഇതു ഭാവിയിലും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ദുരന്തമാണ്. അതിജീവനത്തിന്റെ മേഖലയില്‍ കുറേയധികം അറിവുല്പാദനവും നടക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധവും ഉണ്ടാക്കണം. അതിനനുസരിച്ചുള്ള ലൈഫ് സ്‌റ്റൈല്‍ ചേഞ്ച് വേണം. നിര്‍മ്മാണമടക്കം പലതരം പോളിസികളില്‍ ഇതു പ്രതിഫലിക്കണം'' -നിസാര്‍ കണ്ണങ്കര പറയുന്നു.

പുഞ്ചിരിവട്ടത്ത് ഉരുള്‍ പൊട്ടലിന്റെ പ്രഭവകേന്ദ്രം
വയനാട് ദുരന്തബാധിതര്‍ക്കുള്ള വാടക നിശ്ചയിച്ചു, ബന്ധുവീടുകളിലേയ്ക്ക് മാറുന്നവര്‍ക്കും തുക ലഭിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com