2019 ഡിസംബര്‍ 31-നാണ് കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 2020 ജനുവരി 11-നു തന്നെ വിവരാവകാശ നിയമത്തിലെ 6(1) വകുപ്പു പ്രകാരം ഇതിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് (എസ്.പി.ഐ.ഒ) അപേക്ഷ കിട്ടി. എസ്.പി.ഐ.ഒയുടെ നടപടി ശരിവയ്ക്കുന്നതായിരുന്നു അന്ന് അപ്പീലില്‍ വിവരാവകാശ കമ്മിഷന്റെ തീരുമാനവും. വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ പാടില്ലാത്ത സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം ഒഴിവാക്കി റിപ്പോര്‍ട്ടിലെ ബാക്കി ഭാഗം പരിശോധിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 13-ന് കൈരളി ടി.വിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ലെസ്ലി ജോണ്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. അതും സാംസ്‌കാരിക വകുപ്പ് തള്ളി. അതിനെതിരെ നല്‍കിയ അപ്പീല്‍ സമാന സ്വഭാവമുള്ള മറ്റ് അപ്പീലുകള്‍ക്കൊപ്പം പരിഗണിച്ചാണ് റിപ്പോര്‍ട്ടിലെ പുറത്തുവിടാവുന്ന ഭാഗങ്ങള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷണര്‍ എ. അബ്ദുല്‍ ഹക്കീം വിധി പുറപ്പെടുവിച്ചത്. അതിനെതിരായ ഹര്‍ജികളാണ് ഹൈക്കോടതി വിശദമായി കേട്ട ശേഷം തള്ളിയതും റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള വിവരാവകാശ കമ്മിഷന്‍ വിധിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചതും. ആ വിധിയില്‍ ഉള്‍പ്പെടുത്തിയ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ കോടതിക്കു മുന്നില്‍ വന്നതും കോടതി മുഖവിലയ്‌ക്കെടുക്കാതിരുന്നതുമായ വാദങ്ങളിലൊന്ന് ഇങ്ങനെയാണ്: ''ഹര്‍ജിയിലെ അഞ്ചാം എതിര്‍കക്ഷി ഒരു മാധ്യമപ്രവര്‍ത്തകനാണ്; റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികളേയും സംഭവങ്ങളേയും കുറിച്ച് വൃത്തികെട്ട കഥകള്‍ ഉണ്ടാക്കി റിപ്പോര്‍ട്ട് മുതലാക്കുക മാത്രമാണ് അദ്ദേഹത്തിന്റെ താല്‍പ്പര്യം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ നല്‍കുന്നതിലൂടെ പൊതുതാല്‍പ്പര്യമൊന്നും പാലിക്കപ്പെടുന്നില്ല. മറുവശത്ത് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അനാവശ്യമായ മാധ്യമ കവറേജ് വ്യക്തികള്‍ക്കും സിനിമാ വ്യവസായത്തിനും മൊത്തത്തില്‍ പരിഹരിക്കാനാകാത്ത നാശനഷ്ടം ഉണ്ടാക്കും.''
അങ്ങനെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലെ പൊതുതാല്‍പ്പര്യമുള്ള സംഗതികള്‍ ലോകത്തിനു മുന്നിലെത്തിക്കാന്‍ നേര്‍വഴിക്കു ശ്രമിച്ച (മാധ്യമങ്ങള്‍ വളഞ്ഞവഴിക്ക് റിപ്പോര്‍ട്ട് സംഘടിപ്പിച്ച് അതിലെ ഉള്ളടക്കം വാര്‍ത്തയാക്കിയില്ല) മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും വളരെ മോശം ലക്ഷ്യങ്ങളുള്ളവരായി ചിത്രീകരിച്ചതുള്‍പ്പെടെ പല ശ്രമങ്ങളുമുണ്ടായി. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവേചനത്തിന്റേയും ചൂഷണത്തിന്റേയും പീഡനങ്ങളുടേയും ചവിട്ടിത്താഴ്ത്തലുകളുടേയും വെളിപ്പെടുത്തലുകള്‍ ഭാഗികമായിപ്പോലും പുറത്തുവരാതിരിക്കാനായിരുന്നു.
മറുവശത്ത്, ഹേമ കമ്മിറ്റിയെ വിശ്വസിച്ച് സ്ത്രീകളും പുരുഷന്മാരുമായ സിനിമാ പ്രവര്‍ത്തകര്‍ അവരോട് പറഞ്ഞ നിരവധി കാര്യങ്ങളുടെ സ്വകാര്യത സംരക്ഷിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ കമ്മിറ്റിക്ക് സഹായകമായും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു നല്ല സ്റ്റെനോഗ്രാഫറെപ്പോലും കിട്ടിയില്ലെന്ന് കമ്മിറ്റി പരാതിപ്പെടുന്നു. ''റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു കംപ്യൂട്ടര്‍ വിവരമുള്ള ഒരു സ്റ്റെനോഗ്രാഫറുടെ സഹായം കൂടാതെ സാധിക്കില്ല എന്നുള്ളതായിരുന്നു ഞങ്ങള്‍ നേരിട്ട മറ്റൊരു ബുദ്ധിമുട്ട്. സ്ത്രീകളും പുരുഷന്മാരുമായ സിനിമാപ്രവര്‍ത്തകര്‍ കമ്മിറ്റിക്കു മുന്നില്‍ സാക്ഷികളെന്ന നിലയില്‍ പറഞ്ഞ പല വസ്തുതകളും വളരെ രഹസ്യ സ്വഭാവമുള്ളതായിരുന്നു. അവര്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ പേരില്‍ മാത്രമാണ് ആ വിശദാംശങ്ങള്‍ പറയാന്‍ അവര്‍ തയ്യാറായത്. അതുകൊണ്ടുതന്നെ, കമ്മിറ്റിയോട് പറഞ്ഞ ഒരു വിവരവും റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനു മുന്‍പെങ്കിലും ചോരുകയോ വിവാദമാവുകയോ ചെയ്യാതിരിക്കാനുള്ള കരുതല്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. സാക്ഷികള്‍ സെലിബ്രിറ്റികളായിരുന്നതുകൊണ്ട് അവരുടെ പേരും അവര്‍ പറഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങളും അറിയാനും പ്രസിദ്ധീകരിക്കാനും പലര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നു.
നല്ല കംപ്യൂട്ടര്‍ പരിശീലനം കിട്ടിയതും കമ്മിറ്റിക്കു മുന്നില്‍ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകളുടെ പരിപൂര്‍ണ്ണ രഹസ്യസ്വഭാവം പരിപാലിക്കാന്‍ കഴിയുന്നതുമായ ഒരു സ്റ്റെനോഗ്രാഫറെ കിട്ടാന്‍ ഞങ്ങള്‍ ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരാളെ ഞങ്ങള്‍ക്കു തൃപ്തിയാകുന്ന വിധത്തില്‍ കിട്ടിയില്ല. അതുകൊണ്ട് സ്വന്തം നിലയില്‍ ഈ റിപ്പോര്‍ട്ട് ടൈപ്പ് ചെയ്തു തയ്യാറാക്കാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരായി. ഞങ്ങളിലാര്‍ക്കും ടൈപ്പിംഗ് പ്രൊഫഷണലായി അറിയില്ലായിരുന്നതുകൊണ്ട് അതൊരു ചെടിപ്പിക്കുന്ന പ്രവൃത്തിയായിരുന്നു.''
ഏതായാലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ചു വര്‍ഷം തികയാന്‍ നാലര മാസം ബാക്കിനില്‍ക്കെ കടമ്പകള്‍ പലതും കടന്ന് റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവന്നിരിക്കുന്നു. സര്‍ക്കാര്‍ അത് പുറത്തുവിട്ട, അതായത് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവര്‍ക്കു നല്‍കിയ ആഗസ്റ്റ് 19 ഉച്ച മുതല്‍ ഏറ്റവുമധികം പ്രചരിക്കുന്നത് സിനിമയില്‍ അഭിനയിക്കുന്നതിന് അവസരങ്ങള്‍ കിട്ടാനും കിട്ടിക്കഴിഞ്ഞാല്‍ പിടിച്ചുനില്‍ക്കാനും നടിമാര്‍ അനുഭവിക്കേണ്ടിവരുന്ന ലൈംഗിക ദുരനുഭവങ്ങളെക്കുറിച്ച് അനുഭവസ്ഥര്‍ തന്നെ കമ്മിറ്റിക്ക് കൊടുത്ത മൊഴികളാണ്. അനുഭവിച്ചവരുടേയും ബുദ്ധിമുട്ടിച്ചവരുടേയും പേരും വിശദാംശങ്ങളും മറച്ചുവച്ചതുകൊണ്ട് ആരില്‍നിന്ന് ആര്‍ക്ക് എന്നീ കാര്യങ്ങളില്‍ സ്വാഭാവികമായും ഊഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ, ആളുകളുടേയും ഊഹങ്ങളില്‍ വാര്‍ത്ത കാണുന്ന ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങളുടേയും വായ് മൂടിക്കെട്ടാനാകുന്നില്ല എന്നതുകൊണ്ടുമാത്രം മലയാള സിനിമയില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പലവിധ മോശം അനുഭവങ്ങളോടു മുഖം തിരിഞ്ഞുനില്‍ക്കാന്‍ ഇനിയും കഴിയില്ല. അതുകൊണ്ട് റിപ്പോര്‍ട്ടിന്റെ പുറത്തുവിടാത്ത ഭാഗത്തുള്ള ഓഡിയോ, വീഡിയോ മൊഴികളുള്‍പ്പെടെ തെളിവായെടുത്ത് നിയമപരമായ തുടര്‍ നടപടികളെടുക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. അങ്ങനെ സര്‍ക്കാര്‍ നടപടി തുടങ്ങുമ്പോള്‍ കമ്മിറ്റിയോട് പറഞ്ഞ മൊഴികളില്‍ ഉറച്ചുനില്‍ക്കാന്‍ തയ്യാറാകുന്നവര്‍ എത്ര പേരുണ്ടാകും എന്നതും പ്രധാനമാണ്. ഒരാളെങ്കിലും ഉണ്ടെങ്കില്‍ നിയമനടപടികള്‍ക്കു മുഖം നോക്കരുത്. അങ്ങനെയാണ് ഹേമ കമ്മിറ്റിയുടെ വിശ്വാസ്യതയും സിനിമയിലെ സ്ത്രീകളുടെ അഭിമാനവും കേരള സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ആദ്യം തന്നെ ഇക്കാര്യത്തില്‍ പ്രതികരിച്ച സംസ്ഥാന വനിതാ കമ്മിഷന്റെ ആവശ്യം സര്‍ക്കാരിനു മുന്നിലുണ്ടുതാനും. ''ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമാരംഗത്ത് നടമാടുന്ന ഒട്ടേറെ തെറ്റായ പ്രവണതകള്‍ സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. സിനിമാമേഖലതന്നെ ക്രിമിനലുകള്‍ കയ്യടക്കിയിരിക്കുന്നുവെന്നും പുരുഷാധിപത്യപരമായ പ്രവണതകളാണുള്ളതെന്നും സ്ത്രീകള്‍ക്ക് കേവലമായ രണ്ടാം പൗരത്വം മാത്രം ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹേമ കമ്മിഷന്‍ കണ്ടെത്തിയ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനു നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങളും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ അവ വിശദമായി പരിശോധിച്ച് സിനിമാമേഖലയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍, സ്ത്രീകള്‍ക്ക് അന്തസ്സോടേയും ആത്മാഭിമാനത്തോടേയും സ്വന്തം തൊഴിലിടത്തില്‍ ജോലി ചെയ്യാന്‍ ഉതകുന്ന സാഹചര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം'' എന്നാണ് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി ആവശ്യപ്പെട്ടത്.
സിനിമയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും (സുരക്ഷ മുതലായവ) പരിഹാരങ്ങളും സിനിമയിലെ സ്ത്രീകളുടെ സേവനവ്യവസ്ഥകളും പ്രതിഫലവും സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍, സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള ഇളവുകള്‍ നല്‍കി എങ്ങനെ കൂടുതല്‍ സ്ത്രീകളെ സിനിമയുടെ സാങ്കേതിക മേഖലയിലേയ്ക്ക് കൊണ്ടുവരാം, പ്രസവം, ശിശു സംരക്ഷണം അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കേണ്ടിവരുന്ന, സിനിമയിലെ സാങ്കേതിക മേഖലയിലെ സ്ത്രീകളെ എങ്ങനെ സഹായിക്കാം, സിനിമയുടെ ഉള്ളടക്കത്തില്‍ ലിംഗസമത്വം എങ്ങനെ ഉറപ്പാക്കാം, നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ 30 ശതമാനം സ്ത്രീകള്‍ പങ്കാളികളാകുന്ന സിനിമകളെ എങ്ങനെ പ്രോത്സാഹിപ്പിക്കാം ഇത്രയുമായിരുന്നു ഹേമ കമ്മിറ്റിയുടെ പരിഗണനാ വിഷയങ്ങള്‍.
''ആകാശം മുഴുവനായും നിഗൂഢമാണ്. മിന്നുന്ന നക്ഷത്രങ്ങളും സുന്ദര ചന്ദ്രനും. പക്ഷേ, ശാസ്ത്രീയ അന്വേഷണം വെളിപ്പെടുത്തിയത് നക്ഷത്രങ്ങള്‍ മിന്നുന്നില്ലെന്നും ചന്ദ്രന്‍ കാണാന്‍ സുന്ദരമല്ലെന്നുമാണ്. പഠനം ജാഗ്രതപ്പെടുത്തുന്നുമുണ്ട്; ''കാണുന്നതിനെ നിങ്ങള്‍ വിശ്വസിക്കരുത്; പഞ്ചസാരയാണെന്നു തോന്നിപ്പിക്കുന്ന ഉപ്പിനെപ്പോലും'' -ഇങ്ങനെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങുന്നത്.
ആരെ വിശ്വസിക്കണം?
''സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളില്‍നിന്നു നേരിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ പഠനം മുന്നോട്ടു കൊണ്ടുപോകാനാണ് ഞങ്ങള്‍ തീരുമാനിച്ചത്; അല്ലാതെ എന്തെങ്കിലും കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലല്ല'' -റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് (റിട്ട) ഹേമ എഴുതുന്നു. ''അതിനാല്‍, കൂടിക്കാഴ്ചകളുടെ ഷെഡ്യൂള്‍ തയ്യാറാക്കുക എന്നതായിരുന്നു കമ്മിറ്റി അഭിമുഖീകരിച്ച പ്രധാന ബുദ്ധിമുട്ട്.'' ഏതായാലും കമ്മിറ്റിയുടെ പരിഗണനാ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മലയാളം ദിനപത്രങ്ങളില്‍ ഒരു അറിയിപ്പ് നല്‍കി: ''സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ അറിയിക്കാനുണ്ടെങ്കില്‍ കമ്മിറ്റിക്കു മുന്നിലെത്തി പറയാം.'' എന്നാല്‍, പത്രത്തിലെ നോട്ടീസിനോട് ഒരാളും പ്രതികരിച്ചില്ല. അതോടെ സിനിമയിലെ ആളുകളെ ഒറ്റക്കൊറ്റയ്ക്ക് ബന്ധപ്പെടാനും കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കാനും തീരുമാനിച്ചു. അങ്ങനെ ബന്ധപ്പെടാന്‍ ഉദ്ദേശിച്ച സ്ത്രീകളുടേയോ പുരുഷന്മാരുടേയോ വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി മുതലായവ ലഭ്യമായിരുന്നില്ല. അത്തരം ശരിയായ വിവരങ്ങള്‍ ശേഖരിച്ച് അവരെ ബന്ധപ്പെടാന്‍ കുറേ സമയമെടുത്തു. എന്നാല്‍, അവരില്‍ ഭൂരിഭാഗത്തേയും വിളിച്ചപ്പോള്‍ ഫോണെടുത്തില്ല.
എങ്കില്‍പ്പിന്നെ അവരുടെ വിലാസത്തില്‍ നോട്ടീസ് അയയ്ക്കുകയോ നേരിട്ടു കൊടുക്കുകയോ ചെയ്താലോ എന്ന് ആലോചിച്ചു. പക്ഷേ, കമ്മിറ്റിക്ക് ഒരു ഓഫീസ് അറ്റന്‍ഡന്റിന്റെ തസ്തിക അനുവദിച്ചിരുന്നില്ല. നോട്ടീസുകള്‍ നേരിട്ടു കൊടുക്കാന്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഓഫീസ് അസിസ്റ്റന്റിനെ വെച്ചു. ഈ ആളുകളൊന്നും വിലാസത്തില്‍ എപ്പോഴും ഉള്ളവരായിരുന്നില്ല. അതുകൊണ്ട് നോട്ടീസ് കൊടുക്കാന്‍ ആള്‍ ചെല്ലുമ്പോള്‍ അവരെ കാണാനും സാധിച്ചില്ല. നിശ്ചയിച്ച തീയതിയിലും സമയത്തും ഉദ്ദേശിച്ച വ്യക്തികള്‍ കമ്മിറ്റിക്കു മുന്നില്‍ വരുമെന്ന് ഒരുറപ്പും ഉണ്ടായില്ല. അതുകൊണ്ട് നേരിട്ടോ തപാലിലോ നോട്ടീസ് കൊടുത്ത് വിളിച്ചു വരുത്തുന്ന നടപടി സാധ്യമല്ലെന്നു വന്നു. കമ്മിറ്റിയുടെ ആസ്ഥാനം കമ്മിറ്റി അധ്യക്ഷ താമസിക്കുന്ന കൊച്ചി; സിനിമയുമായി ബന്ധപ്പെട്ട ഭൂരിഭാഗം ആളുകള്‍ ഉള്ളതും കൊച്ചിയില്‍. പക്ഷേ, അവര്‍ അവരുടെ ജോലിത്തിരക്കുകളിലായിരുന്നതുകൊണ്ട് കമ്മിറ്റിക്കു മുന്നില്‍ എത്തിക്കുക വളരെ ബുദ്ധിമുട്ടു തന്നെയായി. ശാരദ ചെന്നൈയിലും കെ.ബി. വല്‍സലകുമാരി തിരുവനന്തപുരത്തുമായിരുന്നു. സാധാരണഗതിയില്‍ കൂടിക്കാഴ്ചകള്‍ നിശ്ചയിച്ചിരുന്നത് കൊച്ചിയിലെ ഓഫീസില്‍. കൊച്ചിയില്‍ ഓഫീസ് തുടങ്ങുന്നതിനു മുന്‍പ് തിരുവനന്തപുരത്ത് സിറ്റിംഗുകള്‍ വെച്ച് അവിടെയുള്ള ആളുകളെ അവരുടെ സൗകര്യമനുസരിച്ച് കണ്ടിരുന്നു. അംഗങ്ങള്‍ പല സ്ഥലത്തായതുകൊണ്ട് മാസത്തില്‍ മൂന്നോ നാലോ ദിവസമാണ് ഓഫീസില്‍ മൂന്നുപേരും കൂടിയുള്ള കൂടിക്കാഴ്ചകള്‍ വയ്ക്കാന്‍ സാധിച്ചത്. അല്ലാത്ത ദിവസങ്ങളില്‍ അധ്യക്ഷ മാത്രം സിനിമയിലുള്ളവരെ കാണുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പക്ഷേ, സാക്ഷിമൊഴികള്‍ എടുക്കുന്ന സമയത്ത് മൂന്നംഗങ്ങളുടേയും സാന്നിധ്യം ഒഴിവാക്കാനാകില്ലായിരുന്നു. അതു ലഭിക്കുന്ന തെളിവുകളുടെ ശരിയായ വിശ്വാസ്യതയ്ക്കും നിര്‍ബ്ബന്ധമായിരുന്നു. കമ്മിറ്റിയുടെ സമയവും സാക്ഷികളുടെ സമയവും തമ്മില്‍ ഒത്തുവരാത്ത സന്ദര്‍ഭങ്ങള്‍ പലപ്പോഴും ഉണ്ടായെങ്കിലും സാക്ഷികളുടെ സൗകര്യത്തിനാണ് കമ്മിറ്റി എപ്പോഴും മുന്‍ഗണന കൊടുത്തത്. ഇതിനിടെ പ്രളയമുണ്ടായി; അതിന്റെ തുടര്‍ ബുദ്ധിമുട്ടുകള്‍ യാത്രകളേയും മറ്റും ബാധിച്ചു. റിപ്പോര്‍ട്ട് കഴിയുന്നത്ര വേഗം സമര്‍പ്പിക്കാന്‍ രാത്രിയിലും കൂടിക്കാഴ്ചകളും കമ്മിറ്റിയുടെ യോഗങ്ങളും നടത്തി. രാവിലെ 10-നു തുടങ്ങി രാത്രി ഒന്‍പത് വരെ പലപ്പോഴും ഇതു നീണ്ടു. പ്രമുഖ അഭിനേതാക്കളും മറ്റുള്ളവരും കമ്മിറ്റിക്കൊപ്പം കൂടുതല്‍ സമയം ചെലവിട്ട് സഹകരിക്കാന്‍ ഈ പ്രവര്‍ത്തനം പ്രയോജനപ്പെട്ടു. അവരില്‍ ചിലര്‍ ഒന്നിലധികം തവണ കമ്മിറ്റിക്കു മുന്നിലെത്തി സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചു.
സ്ത്രീകളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഗൗരവതരമായ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നു വിശ്വസനീയമായ വിവരം കിട്ടിയതിനെത്തുടര്‍ന്ന് അവരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാന്‍ കമ്മിറ്റി എല്ലാ ശ്രമങ്ങളും നടത്തി. പക്ഷേ, അവരില്‍നിന്ന് ഒരാളെപ്പോലും കമ്മിറ്റിക്കു മുന്നില്‍ നേരിട്ടു കിട്ടിയില്ല. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകദേശം അവസാനത്തോടടുക്കുമ്പോള്‍, 2019 ഡിസംബറില്‍ സര്‍ക്കാരില്‍നിന്ന് ഒരു കത്തു കിട്ടി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുകയും പരിഹാരനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യണം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട് എന്നു ചൂണ്ടിക്കാട്ടി ഒരാള്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും അയച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അത്. കത്ത് അയച്ച വ്യക്തിയെ കമ്മിറ്റി ബന്ധപ്പെട്ടു. 2019 ഡിസംബര്‍ എട്ടിനു ശേഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കമ്മിറ്റിക്കു മുന്നില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പണം വൈകിയാലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുക പ്രധാനമായി കമ്മിറ്റി കണ്ടു; പ്രത്യേകിച്ചും കമ്മിറ്റിക്കു മുന്നില്‍ വരാന്‍ അവര്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍. പക്ഷേ, കമ്മിറ്റിക്കു മുന്നില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയാല്‍ തൊഴില്‍ നഷ്ടപ്പെടും എന്ന പേടിയാണ് അവര്‍ക്ക് എന്നാണ് പരാതി അയച്ച ആള്‍ പിന്നീട് അറിയിച്ചത്. അവരുടെ പ്രശ്‌നങ്ങള്‍ ഇ-മെയില്‍ വഴി അയയ്ക്കാന്‍ അദ്ദേഹത്തോട് പറഞ്ഞു.
പെണ്ണിടങ്ങള്‍, അനുഭവങ്ങള്‍
ഡബ്ല്യു.സി.സി അംഗങ്ങള്‍ക്കു ചോദ്യാവലി ഇ-മെയിലില്‍ അയച്ചുകൊടുക്കുകയും അതിനോട് പ്രതികരിച്ചവരുമായി നേരിട്ടു രണ്ടുവട്ടം കൂട്ടായ ചര്‍ച്ച നടത്തുകയും ചെയ്തു. വീണ്ടും പത്രങ്ങളില്‍ നോട്ടീസ് കൊടുത്തു, സിനിമയുടെ വ്യത്യസ്ത മേഖലകളിലുള്ള സ്ത്രീകള്‍ ഉള്‍പ്പെടുന്ന വാട്സാപ് ഗ്രൂപ്പുകളില്‍ നോട്ടീസ് പോസ്റ്റു ചെയ്തു, വാട്സാപ് ചാറ്റുകളും വീഡിയോ ക്ലിപ്പുകളും ഓഡിയോ ക്ലിപ്പുകളും സ്‌ക്രീന്‍ ഷോട്ടുകളും ഉള്‍പ്പെടെ നിരവധി 'രേഖകള്‍' സിനിമയിലും പുറത്തുമുള്ളവരില്‍നിന്നു ശേഖരിച്ചു. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് (അമ്മ), ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക), ഡബ്ല്യു.സി.സി, സിനിമയുമായി ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിക്കുന്ന മറ്റു യൂണിയനുകള്‍ എന്നിവയുടെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി കാഴ്ചപ്പാടുകള്‍ ശേഖരിച്ചു. അവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയും സംഘടനകളുടെ നിയമാവലികള്‍ അവര്‍ മുഖേന ശേഖരിക്കുകയും ചെയ്തു. ഏതു രീതിയില്‍ മൊഴി നല്‍കിയവരുടേയും വിവരങ്ങള്‍ സമ്പൂര്‍ണ്ണമായും അവരുടെ സ്വകാര്യത സംരക്ഷിക്കുന്ന വിധമാണ് ശേഖരിച്ചത്. ലൂസിഫര്‍ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷന്‍ കമ്മിറ്റിയിലെ മൂന്നംഗങ്ങളും സന്ദര്‍ശിക്കുകയും ഷൂട്ടിംഗ് രീതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു. അധ്യക്ഷയും ഒരംഗവും കൂടി ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദര്‍ശിച്ച് ഡബ്ബിംഗും മറ്റു പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി ശ്രദ്ധിച്ചു.
ആണായാലും പെണ്ണായാലും മൊഴി തന്ന ഒരാളുടേയും ഐഡന്റിറ്റി പുറത്തു പോകാതിരിക്കാന്‍ അതീവ ശ്രദ്ധ ഉറപ്പുവരുത്തിയിട്ടും കാര്യങ്ങള്‍ തുറന്നുപറയാന്‍ പലര്‍ക്കും നല്ല ഭയമുണ്ടായിരുന്നു. അവര്‍ക്കുണ്ടായതും ഉണ്ടാകുന്നതുമായ അനുഭവങ്ങള്‍ തുറന്നുപറയുന്നത് പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയം. തുടക്കത്തില്‍ ഞങ്ങള്‍ക്ക് അത് അസാധാരണമായി തോന്നിയെങ്കിലും പഠനം മുന്നോട്ടു പോകുന്തോറും അവരുടെ പേടി കാര്യമുള്ളതാണെന്നു ഞങ്ങള്‍ക്കു ബോധ്യപ്പെട്ടു. അവരുടേയും അവരുടെ അടുത്ത ബന്ധുക്കളുടേയും സുരക്ഷയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ ഞങ്ങളുടേതുമായി മാറി.
സ്വന്തം കുടുംബാംഗങ്ങളോടുപോലും പറയാത്തവിധത്തില്‍ സ്വന്തം അനുഭവങ്ങള്‍ ഞങ്ങളോടു തുറന്നുപറഞ്ഞ പല സ്ത്രീകളുടേയും വെളിപ്പെടുത്തലുകള്‍ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. കുടുംബാംഗങ്ങളോ പൊതുസമൂഹമോ അറിയരുത് എന്ന് അവര്‍ ആഗ്രഹിക്കുന്ന അനുഭവങ്ങള്‍ അവരുടേതാണെന്ന് അറിയാതിരിക്കാനുള്ള കര്‍ക്കശമായ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ സാധിച്ചു എന്നതിലെ സംതൃപ്തി കൂടി രേഖപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്. എന്നാല്‍, പുറത്തുവിടാത്ത പ്രധാന രേഖകളില്‍ അവരുടെ പേരുകള്‍ മറച്ചുവെച്ചിട്ടില്ല. ചോദ്യാവലിക്ക് മറുപടി നല്‍കിയ സ്ത്രീകളുടെ പേരുകളും മറ്റു വിവരങ്ങളും അതിനൊപ്പം വെളിപ്പെടുത്താതിരുന്നിട്ടുമുണ്ട്. പുരുഷന്മാരുടേയും സ്ത്രീകളുടേയും സിനിമാ വ്യവസായത്തിന്റേയും താല്‍പ്പര്യങ്ങളും ക്ഷേമവും സംരക്ഷിക്കാനാണ് അങ്ങനെ ചെയ്തത്. സിനിമയിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാനും റിപ്പോര്‍ട്ടു ചെയ്യാനുമാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്; ആരുടെയെങ്കിലും പേരോ പദവിയോ വെളിപ്പെടുത്താനോ അപരാധം വെളിപ്പെടുത്താനോ അല്ല, കമ്മിറ്റി അടിവരയിട്ടു പറയുന്നു.
നടിമാര്‍ മാത്രമല്ല, സിനിമയിലെ സ്ത്രീകള്‍ എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട്, സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന സിനിമാ മേഖലയിലെ 30 വിഭാഗങ്ങളെ കമ്മിറ്റി പരാമര്‍ശിക്കുന്നു. നടിമാര്‍, നിര്‍മ്മാതാക്കള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, സംവിധായകര്‍, ഛായാഗ്രാഹകര്‍/ക്യാമറാ വുമണ്‍, അസോസിയേറ്റ് ഡയറക്ടര്‍/അസിസ്റ്റന്റ് ഡയറക്ടര്‍, കോസ്റ്റ്യൂം ഡിസൈനേഴ്സ്, ഗ്രാഫിക് ഡിസൈനര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, വിതരണക്കാര്‍, ഹെയര്‍ സ്‌റ്റൈലിസ്റ്റുകള്‍, സിനി എക്‌സ്ഹിബിറ്റേഴ്സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍, പിന്നണി ഗായകര്‍, എഡിറ്റര്‍മാര്‍, ഗാനരചയിതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, സംഗീത സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, പി.ആര്‍.ഒമാര്‍, നര്‍ത്തകിമാര്‍, നൃത്ത സംവിധായകര്‍, ആര്‍ട്ട് ഡയറക്റ്റര്‍മാര്‍, സൗണ്ട് എന്‍ജിനീയര്‍മാര്‍, കൊറിയോഗ്രാഫര്‍മാര്‍, സ്റ്റുഡിയോ ജീവനക്കാര്‍, പ്രൊഡക്ഷന്‍ ജീവനക്കാര്‍, അക്കാദമിഷ്യര്‍. ഇവരില്‍ എല്ലാ വിഭാഗങ്ങളേയും കമ്മിറ്റിക്കു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതു സാധിച്ചില്ല.
ആ വാട്സാപ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ടും റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി സമര്‍പ്പിച്ചിട്ടുണ്ട് കമ്മിറ്റി. കമ്മിറ്റിയോട് ഒന്നും പറയരുത് എന്നു നര്‍ത്തകര്‍ക്കു കര്‍ക്കശ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട് എന്നാണ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ മനസ്സിലായത്.
പേടിയാണ് മുഖ്യം
സിനിമയിലെ നര്‍ത്തകരെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ അവരുടെ യൂണിയനില്‍നിന്നു ശേഖരിച്ച് വാട്സാപ് ഗ്രൂപ്പുണ്ടാക്കി അവരുമായി ചര്‍ച്ചയ്ക്കു ശ്രമിച്ചെങ്കിലും തികച്ചും അമ്പരപ്പിക്കുന്ന പ്രതികരണമാണുണ്ടായത്. അവരുമായി കൂടിക്കാഴ്ച നടത്താനും അവര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും കമ്മിറ്റിക്കു താല്‍പ്പര്യമുണ്ട് എന്ന ഒരു മെസ്സേജ് പോസ്റ്റു ചെയ്തു. തൊട്ടുപിറകേ, ഒരു പ്രതികരണവുമില്ലാതെ ഓരോരുത്തരായി ഗ്രൂപ്പില്‍നിന്നു സ്വയം പുറത്തു പോവുകയാണ് ചെയ്തത്. ആ വാട്സാപ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ടും റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി സമര്‍പ്പിച്ചിട്ടുണ്ട് കമ്മിറ്റി. കമ്മിറ്റിയോട് ഒന്നും പറയരുത് എന്നു നര്‍ത്തകര്‍ക്കു കര്‍ക്കശ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട് എന്നാണ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ മനസ്സിലായത്. എങ്കിലും അവരുമായി കൂടിക്കാഴ്ചയ്ക്കുള്ള ശ്രമം തുടര്‍ന്നു. ഒടുവില്‍ രണ്ടുപേര്‍ വരാന്‍ തയ്യാറായി. അവര്‍ പറഞ്ഞത് തങ്ങള്‍ക്കു സിനിമയില്‍ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നില്ല എന്നാണ്. തങ്ങളുടെ യൂണിയന്‍ വളരെ ശക്തമായതുകൊണ്ടാണത്രേ അത്. പല വിധത്തില്‍ പല ചോദ്യങ്ങളും ആവര്‍ത്തിച്ചെങ്കിലും പ്രശ്‌നങ്ങളില്ല എന്ന മറുപടി അവര്‍ ആവര്‍ത്തിച്ചു. എന്നാല്‍, അവസരങ്ങള്‍ നഷ്ടപ്പെടും എന്നു പേടിച്ച് അവര്‍ മനപ്പൂര്‍വ്വം തെറ്റായ വിവരം നല്‍കുകയായിരുന്നു എന്നാണ് ഈ പഠനത്തിന്റെ ഭാഗമായി ലഭിച്ച വിവരം എന്നു കമ്മിറ്റി പറയുന്നു.
ഇതേ വിധത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിക്കുന്നവരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ച് അവരെ ബന്ധപ്പെട്ടു. അവരില്‍ ചിലരെ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ തമിഴ്നാട്ടിലും മറ്റുമാണെന്നും കൊച്ചിയിലോ സമീപ ജില്ലകളിലോ ഇല്ലെന്നുമായിരുന്നു മറുപടി. വരാന്‍ തയ്യാറായില്ല. വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും തങ്ങള്‍ക്ക് വാട്സാപ്പോ ഇ-മെയില്‍ ഐഡിയോ ഇല്ല എന്നായിരുന്നു പ്രതികരണം. അവസരങ്ങള്‍ നഷ്ടപ്പെടും എന്നു പേടിച്ചാണ് അവരും സ്വന്തം അനുഭവങ്ങള്‍ പറയാന്‍ മടിക്കുന്നത് എന്നാണ് കമ്മിറ്റിയുടെ അനുഭവം.
സിനിമാമേഖലയില്‍ ചില പുരുഷന്മാരും വിവിധ പ്രശ്‌നങ്ങള്‍ സഹിക്കേണ്ടിവരുന്നുണ്ട് എന്നാണ് അത്ഭുതത്തോടെ മനസ്സിലാക്കിയത് എന്നു കമ്മിറ്റി പറയുന്നു. ചില പ്രമുഖ കലാകാരന്മാര്‍ നിശ്ചിതകാലത്തേയ്ക്ക് സിനിമയില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് അനധികൃതമായി വിലക്ക് നേരിടുന്നത് ഉള്‍പ്പെടെയാണിത്. വളരെ സില്ലിയായ കാരണങ്ങളുടെ പേരിലാണ് ഇത്തരം അനധികൃത വിലക്കുകള്‍ ഉണ്ടാകുന്നത് എന്നതും ഞെട്ടിക്കുന്നതാണ്. സിനിമാ വ്യവസായത്തെ ഭരിക്കുന്ന ശക്തരുടെ ലോബിയുടെ രോഷം അറിഞ്ഞോ അറിയാതേയോ അവര്‍ ക്ഷണിച്ചു വരുത്തുന്നു. പക്ഷേ, അവരും ഭാവിയിലെ അവസരങ്ങള്‍ നഷ്ടപ്പെടുമെന്നു ഭയന്ന് കമ്മിറ്റിയോടു കാര്യങ്ങള്‍ പറയാന്‍ മടിക്കുകയോ ഭയക്കുകയോ ചെയ്തു. അപ്പോഴും ചില പുരുഷന്മാര്‍ സംസാരിക്കാന്‍ തയ്യാറായി. സിനിമാ വ്യവസായത്തെ മെച്ചപ്പെടുത്താന്‍ ഡബ്ല്യു.സി.സിയുടെ രൂപീകരണം നന്നായി എന്നുപോലും അവര്‍ പറയാന്‍ തയ്യാറായി.
സിനിമയിലെ പ്രമുഖരായ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ സംസാരിക്കാന്‍ തയ്യാറായ മുഴുവന്‍ സാക്ഷികളുടെ മൊഴികളും കമ്മിറ്റി ശേഖരിച്ച രേഖകളും സാക്ഷികള്‍ മുഖേന സമാഹരിച്ച ഓഡിയോ, വീഡിയോ ക്ലിപ്പിംഗുകളും ഇ-മെയില്‍ മുഖേനയും മറ്റും വ്യക്തികള്‍ അയച്ചുതന്ന വിവരങ്ങളും പരിശോധിക്കുമ്പോള്‍ കമ്മിറ്റിക്കു മനസ്സിലായത് മലയാള സിനിമയില്‍ സ്ത്രീകള്‍ പൊതുവായി നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട് എന്നാണ്. അവ ഒന്നു മുതല്‍ 17 വരെ അക്കമിട്ട് ചൂണ്ടിക്കാണിക്കുകയും ഓരോന്നിന്റേയും വിശദാംശങ്ങളിലേക്കു പോവുകയും ചെയ്യുന്നുണ്ട് ഹേമ കമ്മിറ്റി.
ആ 17 കാര്യങ്ങളുടെ ബാക്കി
സിനിമിയിലേയ്ക്ക് കടന്നുവരുന്ന സ്ത്രീകളില്‍നിന്നും തുടര്‍ന്ന് അവസരങ്ങള്‍ കിട്ടുന്നതിനു ലൈംഗിക സഹകരണം ആവശ്യപ്പെടുന്നു.
തൊഴിലിടത്തും യാത്രയിലും താമസസ്ഥലത്തും മറ്റും ലൈംഗിക അതിക്രമങ്ങളും അധിക്ഷേപങ്ങളും കയ്യേറ്റങ്ങളും ഉണ്ടാകുന്നു.
ലൈംഗിക ആവശ്യങ്ങളോട് വിസമ്മതമോ ഇഷ്ടക്കേടോ പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ക്ക് പീഡനം നേരിടേണ്ടി വരുന്നു.
ചിത്രീകരണ സ്ഥലങ്ങളില്‍ ശുചിമുറികളും വസ്ത്രം മാറ്റാനുള്ള സൗകര്യങ്ങളും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാതെ സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നു.
താമസ സൗകര്യത്തിലും യാത്രാ സൗകര്യത്തിലും ഉള്‍പ്പെടെ സുരക്ഷിതത്വവും ഭദ്രതയുമില്ല.
സിനിമയുടെ വിവിധ മേഖലകളില്‍ വ്യക്തികളെ ജോലി ചെയ്യുന്നതില്‍നിന്ന് അനധികൃതമായും നിയമവിരുദ്ധമായും വിലക്കുന്നു.
സിനിമയില്‍നിന്നുള്ള വിലക്ക് ഭീഷണി സ്ത്രീകളെ നിശ്ശബ്ദരാക്കുന്നു.
സിനിമയിലുള്ളത് പുരുഷമേധാവിത്തവും ലിംഗ പക്ഷപാതവും ലിംഗവിവേചനവും.
മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, തൊഴിലിടത്തെ മോശം പെരുമാറ്റം തുടങ്ങി സിനിമ മൊത്തത്തില്‍ അച്ചടക്കരഹിത മേഖല.
തൊഴിലിടത്തും ഫോണിലും ഉള്‍പ്പെടെ ദ്വയാര്‍ത്ഥ പ്രയോഗമുള്ള സംസാരങ്ങളും വൃത്തികെട്ട കമന്റുകളും.
തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ രേഖാമൂലമുള്ള കരാര്‍ ഇല്ലാത്ത സ്ഥിതി.
നേരത്തേ സമ്മതിച്ച പ്രതിഫലംപോലും നല്‍കുന്നതിലെ വീഴ്ച.
പുരുഷനും സ്ത്രീക്കുമിടയില്‍ പ്രതിഫലത്തിലെ അസമാനത; പ്രതിഫലത്തില്‍ ലിംഗവിവേചനം.
സിനിമയില്‍, പ്രത്യേകിച്ചും സാങ്കേതിക മേഖലയില്‍ സ്ത്രീകള്‍ കടന്നുവരുന്നതിന് എതിര്‍പ്പ്/വിയോജിപ്പ്.
ഓണ്‍ലൈന്‍ പീഡനം (സൈബര്‍ ആക്രമണം).
സ്ത്രീകള്‍ക്ക് സ്വന്തം അവകാശങ്ങളെക്കുറിച്ച് നിയമപരമായ അവബോധക്കുറവ്.
പരാതികള്‍ പരിഹരിക്കുന്നതിന് നിയമപരമായി രൂപീകരിച്ച എന്തെങ്കിലും തരത്തിലുള്ള സംവിധാനത്തിന്റെ അഭാവം.
ഈ പറഞ്ഞ ഒരോ കാര്യങ്ങളേയും വിശദീകരിക്കുന്നതിന് ഹേമ കമ്മിറ്റിക്കു ലഭിച്ച ഞെട്ടിക്കുന്ന തെളിവുകളുടേയും അനുഭവസ്ഥരുടേയും വിവരണങ്ങളുടേയും വിശദാംശങ്ങളാണ് പുറത്തുവിട്ട ഒന്നാം ഭാഗത്തിന്റെ പ്രധാന ഭാഗം. ഈ ദിവസങ്ങളില്‍ മാധ്യമങ്ങളും കേരളമാകെയും ചര്‍ച്ച ചെയ്യുന്നതും ഈ അനുഭവവിവരണങ്ങളുടെ പൊള്ളലും വേദനയുമാണ്.
പ്രേക്ഷകര്‍ എന്നത് ജനം കൂടിയാണ്; ജനം കാണുകയാണ് തിരശ്ശീലയില്‍ എന്നതുപോലെ. ഇനി സര്‍ക്കാരിന്റെ ഊഴമാണ്; നിയമ, നീതിന്യായ സംവിധാനങ്ങള്‍ ഈ വെളിപ്പെടുത്തലുകളുടെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനുള്ള പ്രാധാന്യം, ഭരണനേതൃത്വം സിനിമയിലെ സ്ത്രീകളുടെ ദുരനുഭവങ്ങളോട് എത്രത്തോളം സത്യസന്ധരാണ് എന്നതിന്റെകൂടി പ്രാധാന്യമായി മാറും.
സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ വിധിയുടെ അടിസ്ഥാനത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി വിവരാവകാശ, സാമൂഹിക പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കുന്നതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച വ്യക്തിയോട് ഈ മാസം (2024 ആഗസ്റ്റ്) 13-ലെ വിധിയില്‍ ജസ്റ്റിസ് വി.ജി. അരുണ്‍ പറയുന്ന ഒരു കാര്യമുണ്ട്: ''ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ രൂപീകരണത്തിന് ഇടയാക്കിയ ഇടപെടലുകള്‍ നടത്തിയ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ല്യു.സി.സി), സ്ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനു രൂപീകരിക്കപ്പെട്ട വനിതാ കമ്മിഷന്‍ എന്നിവ ഈ റിപ്പോര്‍ട്ട് പുറത്തുവരണം എന്നു ശക്തമായി ആവശ്യപ്പെടുന്നതില്‍ പൊതുതാല്‍പ്പര്യത്തിന്റെ സൂചനയുണ്ട്.'' ആ പൊതുതാല്‍പ്പര്യത്തിന്റെ തുടര്‍ചലനങ്ങളിലാണ് കേരളം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ