വയനാടിനെ മറന്നോ? എവിടെ പുനരധിവാസം? എവിടെ സഹായവാഗ്ദാനങ്ങള്‍?
നികത്താനാവാത്ത നഷ്ടമാണ് അതനുഭവിച്ചവര്‍ക്ക് വയനാട് ദുരന്തം. ജീവനും ജീവിതവും മണ്ണും പ്രകൃതിയും വിശ്വാസവും പ്രതീക്ഷകളും എല്ലാം മാഞ്ഞുപോയവര്‍. ഇനി കെട്ടിപ്പടുക്കേണ്ടത് പുതിയ ഒരു ജീവിതമാണ്. പൂജ്യത്തില്‍നിന്നു തുടങ്ങണം. ആളും സഹായവാഗ്ദാനങ്ങളും വാര്‍ത്തകളും പതിയെ കുറഞ്ഞുതുടങ്ങുമ്പോള്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം അത്രമേല്‍ കഠിനമായിരിക്കും ഇവര്‍ക്ക്. പുനരധിവാസത്തിലാണ് ഇനിയുള്ള പ്രതീക്ഷയും ശ്രദ്ധയും. 2018-ലെ പ്രളയമടക്കം ചെറുതും വലുതുമായ ദുരന്തങ്ങള്‍ കേരളത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്, പുനരധിവാസവും. പക്ഷേ, ദുരന്തങ്ങളെ അതിജീവിച്ചവര്‍ക്ക് പൂര്‍ണ്ണമായ പുനരധിവാസം കേരളത്തില്‍ എവിടെയും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പുനരധിവാസം ഔദാര്യവും ചാരിറ്റിയുമാണ് എന്ന തരത്തിലുള്ള മനസ്സിലാക്കലുകള്‍ നമുക്കു കാണാന്‍ കഴിയും. വയനാട്ടിലെ ദുരന്തബാധിതരിലൂടെയെങ്കിലും വിജയിച്ച ഒരു പുനരധിവാസ മാതൃക ഉണ്ടാക്കേണ്ടിയിരിക്കുന്നു. അഞ്ച് വര്‍ഷം മുന്‍പ് തൊട്ടടുത്ത് പുത്തുമലയില്‍ ഉണ്ടായ ദുരന്തത്തില്‍പ്പെട്ടവരുടെ അതിജീവനം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളിലൂടെ സാധാരണ ജീവിതത്തിലേയ്ക്ക് ദുരന്തബാധിതരെ മടക്കിക്കൊണ്ടുവന്ന മാതൃകകളൊന്നും തന്നെ നമുക്കു മുന്നിലില്ല. ജൂലൈ 30-നാണ് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ ഗ്രാമങ്ങളെ ഉരുള്‍പൊട്ടല്‍ തുടച്ചുനീക്കിയത്. 222 പേര്‍ മരിച്ചതായും 206 പേര്‍ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നുമാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.
ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിന്റെ കാരണങ്ങളും ഇരയാക്കപ്പെട്ടവരും ഇനി വരാതിരിക്കാനുള്ള മുന്‍കരുതലുകളും അതിജീവനവും ചര്‍ച്ച ചെയ്യപ്പെടുന്നതിനു പകരം രക്ഷാപ്രവര്‍ത്തനത്തിന്റെ മഹത്വവും നന്മയും മാത്രം പറയുന്ന വൈകാരികത സൃഷ്ടിച്ചെടുക്കുന്നത് പ്രകൃതിദുരന്തങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനു ഗുണകരമല്ല. അടിക്കടി പ്രകൃതിദുരന്തങ്ങളുണ്ടാവുന്ന ഒരു പ്രദേശമായി കേരളം മാറി എന്ന വസ്തുത പൊതുസമൂഹവും ഭരണകൂടവും ഉള്‍ക്കൊള്ളണം. അതിനനുസരിച്ചുള്ള നിര്‍മ്മാണ മാനദണ്ഡങ്ങളും ഭൂവിനിയോഗവും കൃഷിരീതികളും അതിജീവനത്തിനുള്ള താല്‍കാലിക ഷെല്‍ട്ടര്‍ മുതല്‍ പുനരധിവാസത്തിനുള്ള മോഡല്‍ വരെ കേരളത്തിന് ഉണ്ടാവണം. ചുരുങ്ങിയപക്ഷം ആളുകളുടെ ജീവന്‍ നഷ്ടമാകാത്ത തരത്തിലുള്ള ഒരു ആസൂത്രണമെങ്കിലും അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടതാണ്.
വയനാടിന്റെ പ്രകൃതിയിലും ഭൂമിയിലും മഴയിലും വലിയതരത്തിലുള്ള മാറ്റങ്ങള്‍ അടുത്ത് ഉണ്ടായിട്ടുണ്ട്. തുടര്‍ച്ചയായുള്ള നേരിയ മഴയില്‍നിന്നു വരള്‍ച്ചയിലേക്കും അതിതീവ്ര മഴയിലേക്കും വയനാട് മാറി. അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍, റിസോര്‍ട്ടുകള്‍, ക്വാറികള്‍, റോഡുകള്‍ എന്നിവ മണ്ണിനെ കൂടുതല്‍ ദുര്‍ബ്ബലപ്പെടുത്തി. പലതരം പഠനങ്ങളും ഡാറ്റകളും മുന്നറിയിപ്പുകളും സര്‍ക്കാറിനു മുന്നിലും പൊതുസമൂഹത്തിനു മുന്നിലും വയനാടുമായി ബന്ധപ്പെട്ട് ഉണ്ടായെങ്കിലും ആ ഗൗരവം ഉള്‍ക്കൊള്ളാനും അതിനനുസരിച്ചു നടപടിയെടുക്കാനും കേരളത്തിനു കഴിഞ്ഞില്ല. ദുരന്തത്തിന്റെ വ്യാപ്തി മുന്‍കൂട്ടി അറിയുന്നതിലും ആളുകളെ അറിയിക്കുന്നതിലും താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിക്കുന്നതിലും ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടു. ജീവന്‍ നഷ്ടമായവര്‍ക്കു പുറമെ ആയിരത്തിലധികം മനുഷ്യരുടെ ജീവിതം കൂടി ഇല്ലാതായതാണ് ഈ ജാഗ്രതയില്ലായ്മയുടെ ഫലം. മനുഷ്യര്‍ക്കു പുറമെ എത്രയോ ജീവജാലങ്ങളും ഉരുളില്‍ ഒലിച്ചുപോയി.
ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍
വയനാടിന്റെ ഭൂപ്രകൃതിയനുസരിച്ച് ഉരുള്‍പൊട്ടല്‍ പലകാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ദുരന്തം നടന്ന മുണ്ടക്കൈയില്‍ 1984-ലും വലിയ ഉരുള്‍പൊട്ടിയിട്ടുണ്ട്. വാര്‍ത്തകളനുസരിച്ച് 14 പേര്‍ അന്നു മരിച്ചു. 1992-ല്‍ കാപ്പിക്കളം ഉരുള്‍പൊട്ടലില്‍ 11 പേരും മരിച്ചു. 2012-ല്‍ ചെമ്പ്ര മലനിരകളില്‍ 12 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി. 2018-ല്‍ കുറിച്യര്‍ മലയിലും 2019-ല്‍ പുത്തുമലയിലും വന്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി. പുത്തുമലയില്‍ 17 പേര്‍ മരിച്ചു. 12 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
2018-ല്‍ വയനാട്ടില്‍ 1132 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മണ്ണ് നിരങ്ങിനീങ്ങലും ഉണ്ടായതായാണ് കല്പറ്റ ആസ്ഥാനമായുള്ള ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ നടത്തിയ പഠനത്തില്‍ പറയുന്നത്. 72 ഉരുള്‍പൊട്ടലും 625 മണ്ണിടിച്ചിലും 62 മണ്ണ് നിരങ്ങിനീങ്ങലുമാണ് ഉണ്ടായത്. 2019-ല്‍ 69 ഇടങ്ങളിലും ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 38 ഉരുള്‍പൊട്ടലും 31 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുമാണ് 2019-ല്‍ ഉണ്ടായത്.
അതിതീവ്ര മഴയാണ് ഉരുള്‍പൊട്ടാന്‍ പെട്ടെന്നുണ്ടാകുന്ന കാരണമെങ്കിലും ആ പ്രദേശത്തെ ഭൂമിയെ പലതരത്തില്‍ ദുര്‍ബ്ബലപ്പെടുത്തി ഇതിലേയ്ക്ക് നയിക്കുന്നതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അതിപ്രധാന പങ്കുണ്ട്. ഒപ്പം ഇത്തരം പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശങ്ങള്‍ താമസത്തിന് ഉപയോഗിക്കുന്നതും ആള്‍നാശം ഉയര്‍ത്തുന്നു. പ്രകൃതി പ്രതിഭാസമെന്ന രീതിയില്‍ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും മലകളിലും ചെരിവുകളിലും കുന്നുകളിലും ഉണ്ടാകാമെങ്കിലും വാസസ്ഥലമായി ഇത്തരം ഇടങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നത്. വയനാട്ടില്‍ അടുത്തകാലത്തുണ്ടായ വലിയ ഉരുള്‍പൊട്ടലുകളായ കുറിച്യര്‍മല, പുത്തുമല, മുണ്ടക്കൈ എന്നിവിടങ്ങളിലെല്ലാം ദുരന്തമുണ്ടായ ദിവസം അതിതീവ്ര മഴയാണ് രേഖപ്പെടുത്തപ്പെട്ടത്. ഇത്തവണ അപകടമുണ്ടാകുന്നതിന്റെ തൊട്ടുമുന്‍പ് 48 മണിക്കൂറിനുള്ളില്‍ 570 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. ചെരിവുകളിലെ ദുര്‍ബ്ബലമായ മണ്ണില്‍ ഒരേ സ്ഥലത്ത് അതിതീവ്ര മഴ പെയ്യുമ്പോള്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവും. ജൂലായ് 25 വരെ 1500 മില്ലിമീറ്റര്‍ മഴ കിട്ടിയത് രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോള്‍ 2000 കവിഞ്ഞു. 2093 മില്ലിമീറ്ററാണ് മുണ്ടക്കൈയില്‍ ജൂലായില്‍ ലഭിച്ച മഴ.
30 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള മലമ്പ്രദേശങ്ങള്‍ താമസയോഗ്യമല്ല എന്നാണ് പഠനങ്ങള്‍. 22 മുതല്‍ 30 ഡിഗ്രി വരെയുള്ള പ്രദേശങ്ങളില്‍ ഭൂമിയുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളും ഉണ്ടാവണം. ചെരിവുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കുത്തനെ മുറിച്ചും നീര്‍ച്ചാലുകള്‍ തടസ്സപ്പെടുത്തിയുമാണ് നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. 2018-ല്‍ കൂടുതല്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ വൈത്തിരിയില്‍ 41 ശതമാനവും വീടുകള്‍ക്കു സമീപവും 17 ശതമാനം വാണിജ്യാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കു സമീപവും 29 ശതമാനം റോഡ് നിര്‍മ്മാണത്തിനായി കുന്നിടിച്ച പ്രദേശങ്ങളിലുമായിരുന്നു. ഭൂമിയുടെ തരംമാറ്റവും നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതും മണ്ണിനെ ദുര്‍ബ്ബലപ്പെടുത്തുകയും ദുരന്തങ്ങള്‍ക്കു കാരണമാവുകയും ചെയ്യുന്നു എന്നത് ബലപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍.
2019-ല്‍ ദുരന്തമുണ്ടായ പുത്തുമലയും ഇപ്പോഴുണ്ടായ മുണ്ടക്കൈയും അടുത്തടുത്ത പ്രദേശങ്ങളാണ്. 30 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശമാണ് പുത്തുമല. 900 കണ്ടി മലനിരകളില്‍നിന്നായിരുന്നു പുത്തുമല ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം. വനത്തിനു താഴെയായി ഏലം കൃഷിയാണ്. കൃഷിക്കായി ഭൂമി തരംമാറ്റിയതും നീരൊഴുക്ക് തടസ്സപ്പെട്ടതും ദുരന്തത്തിന്റെ ആക്കം കൂട്ടി. അതിതീവ്ര മഴയില്‍ 32 മണിക്കൂറില്‍ 800 മില്ലിമീറ്ററിലധികം മഴ പെയ്തതോടെ വെള്ളത്തിന്റെ ഭാരം താങ്ങാനാവാതെ ദുര്‍ബലമായ മണ്ണ് അടര്‍ന്നു താഴേയ്ക്ക് പതിക്കുകയായിരുന്നു.
ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തില്‍ 2021-'22 വര്‍ഷത്തില്‍ 431 പുതിയ നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ട്. അഞ്ഞൂറോളം റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഈ പ്രദേശത്തുണ്ട്. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതില്‍ റിസോര്‍ട്ടും ഹോംസ്റ്റേകളും ഉള്‍പ്പെടും. പഞ്ചായത്തിലെ ഇത്തരം സ്ഥാപനങ്ങളില്‍ 44 എണ്ണം അനധികൃതമാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് തന്നെ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.
തുടര്‍ നിരീക്ഷണങ്ങളില്ലാതെ ക്വാറികള്‍
ലൈസന്‍സ് കൊടുത്തുകഴിഞ്ഞാല്‍ പിന്നീട് നിരീക്ഷണങ്ങളോ ഇടപെടലുകളോ ക്വാറികളുടെ കാര്യത്തില്‍ നടക്കാറില്ല. വയനാട് ജില്ലയിലെ 18 പഞ്ചായത്തുകളിലായി 131 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ വിമോദ് കെ.കെ., പ്രവീണ്‍ പി. രാജ്, ഡോ. ടി.വി. സജീവ് എന്നിവര്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. ഇത് വയനാടിന്റെ 163 ഹെക്ടര്‍ ഭൂവിസ്തൃതി വരും. വയനാട്ടിലെ മൂന്നു പ്രധാന നദികളുടെ നൂറു മീറ്റര്‍ പരിധിയില്‍ 18 ക്വാറികള്‍ സ്ഥിതിചെയ്യുന്നുണ്ട്. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഒന്‍പത് ക്വാറികളും റിസര്‍വ് ഫോറസ്റ്റിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ 34 ക്വാറികളുമുണ്ട്. കേരള ദുരന്തനിവാരണ അതോറിറ്റി അപകടമേഖലകളെ തരംതിരിച്ച പ്രദേശത്തും ക്വാറികളുണ്ട്. ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശത്ത് ഒരു ക്വാറിയും മിത സാധ്യതയുള്ളയിടത്ത് എട്ട് ക്വാറികള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട്ടില്‍ ഉരുള്‍ പൊട്ടലുണ്ടായ 51 സ്ഥലങ്ങളില്‍ ക്വാറി ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്വാറികളുടെ കുഴികളും സ്ഫോടനമുണ്ടാക്കുന്ന പ്രകമ്പനങ്ങളും ഭൂമിയെ ദുര്‍ബ്ബലപ്പെടുത്തും. തുടര്‍ച്ചയായുണ്ടാകുന്ന പ്രകമ്പനങ്ങള്‍ ഭൂമിയെ അസ്ഥിരമാക്കുകയും ഉരുള്‍പൊട്ടലിനു സാധ്യതയേറുകയും ചെയ്യുന്നു. ക്വാറി ഉണ്ടാക്കിയ സ്ഥലം പിന്നീട് പഴയപടി ആവാനും സാധ്യതയില്ല.
ഭൂപ്രകൃതിക്കനുസരിച്ചുള്ള കൃഷിരീതികളോ ഭൂവിനിയോഗമോ നിര്‍മ്മാണങ്ങളോ കേരളത്തിനു തീര്‍ത്തും അജ്ഞമാണ്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോലും എതിര്‍ക്കപ്പെട്ടതും ഈ അജ്ഞതയുടെ ഭാഗമാണ്. പഠനങ്ങള്‍ നിരവധി നടത്തുന്നുണ്ടെങ്കിലും അതു നടപ്പാക്കാന്‍ ശേഷിയും ആസൂത്രണമികവുമുള്ള ഭരണകര്‍ത്താക്കളും ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലുണ്ടായില്ല.
1988-ലാണ് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ആദ്യമായി കേരളത്തിന്റെ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍ മാപ്പ് ചെയ്തത്. മുണ്ടക്കൈ ദുരന്തത്തിനു ശേഷവും നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച ജോണ്‍ മത്തായി സമിതി 25-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഉരുള്‍പൊട്ടലുകളെക്കാള്‍ ഭീകരമായ മണ്ണിടിച്ചില്‍ വയനാട്ടില്‍ ഉണ്ടാവുന്നുണ്ട്. ഭൂവിനിയോഗത്തിലെ മാറ്റത്തോടൊപ്പം മഴ കൂടി പെയ്യുന്നതോടെ ദുരന്തങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടി. വയനാട്ടില്‍ 21 ശതമാനം പ്രദേശങ്ങളും ദുരന്തസാധ്യതയില്‍ അതിതീവ്ര മേഖലയായി ഹ്യൂം റിപ്പോര്‍ട്ട് അടയാളപ്പെടുത്തുന്നുണ്ട്. 49 ശതമാനം മിത സാധ്യത മേഖലയാണ്. മേപ്പാടി, വൈത്തിരി, മാനന്തവാടി, തിരുനെല്ലി പൊഴുതന, വെള്ളമുണ്ട, മുട്ടില്‍, കോട്ടത്തറ തൊണ്ടര്‍നാട്, മൂപ്പനാട് പഞ്ചായത്തുകള്‍ അതിതീവ്ര ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളാണെന്ന് 2020-ല്‍ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ദുരന്തമുണ്ടായത് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലാണ്.
ജോണ്‍ മത്തായി സമിതിയുടെ കരട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദുരന്തബാധിത പ്രദേശത്തെ 587 വീടുകള്‍ താമസയോഗ്യമാണെന്നു വിലയിരുത്തിയതായും അവിടേക്ക് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍നിന്ന് ആളുകള്‍ മടങ്ങിപ്പോകുന്നതായും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് അലി പറയുന്നു. വീടുകള്‍ താമസയോഗ്യമാണെങ്കിലും ആ പ്രദേശം സുരക്ഷിതമാണോ എന്നത് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കുറിച്യര്‍ മലയിലെ മേല്‍മുറി, സേട്ടുക്കുന്ന് പ്രദേശങ്ങളടക്കം ദുരന്തഭീഷണിയില്‍ ജീവിക്കുന്ന മനുഷ്യര്‍ വയനാട്ടിലുണ്ട്. ചില കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുമുണ്ട്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലും ആളുകളെ മാറ്റിപ്പാര്‍പ്പിക്കലും പുതിയ സാങ്കേതിക വിദ്യയും പഠനങ്ങളും കൊണ്ട് ദുരന്തങ്ങളെ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന രീതിയും പ്രാദേശികമായ പ്രത്യേകതകള്‍ പരിഗണിച്ചുള്ള നിര്‍മ്മാണരീതിയും കേരളം ആര്‍ജിക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ