ഉപതെരഞ്ഞെടുപ്പില്‍ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും: കേരളത്തിലെ ഉപതെരഞ്ഞടുപ്പ് ഫലങ്ങള്‍ പാര്‍ട്ടികളെയും മുന്നണികളെയും ഏതുവിധേനയാണ് ബാധിച്ചത്?

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, പി.കെ. ഫിറോസ്, സന്ദീപ് വാര്യര്‍, പി.സി. വിഷ്ണുനാഥ്, വി.ക. ശ്രീകണ്ഠന്‍ എന്നിവരോടൊപ്പം
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, പി.കെ. ഫിറോസ്, സന്ദീപ് വാര്യര്‍, പി.സി. വിഷ്ണുനാഥ്, വി.ക. ശ്രീകണ്ഠന്‍ എന്നിവരോടൊപ്പം
Updated on

ട്ടു വര്‍ഷമായി ഭരണത്തിനു പുറത്തുനില്‍ക്കുന്നതിനിടെ, പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തിയതിലും രാഹുല്‍ ഗാന്ധിക്കു ശേഷം പ്രിയങ്ക ഗാന്ധിയിലൂടെ വയനാട് ലോക്സഭാ സീറ്റില്‍ കിട്ടിയ സ്വാഭാവിക വിജയത്തിലും ആഹ്ലാദിക്കുകയാണ് കോണ്‍ഗ്രസ്സും യു.ഡി.എഫും. അതിന് അവര്‍ക്ക് അവകാശമുണ്ട്. പക്ഷേ, ചേലക്കരയിലെ തോല്‍വി പ്രതിപക്ഷം എന്ന നിലയിലെ തോല്‍വി കൂടിയാണ് എന്ന് മനസ്സിലാക്കാനോ സമ്മതിക്കാനോ തയ്യാറാകുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേയും വടകര എം.പിയും മുന്‍ പാലക്കാട് എം.എല്‍.എയുമായ ഷാഫി പറമ്പിലിന്റേയും സ്ഥാനാര്‍ത്ഥി എന്ന വിമര്‍ശനം കേട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനുശേഷവും പാലക്കാട്ടെ ഉള്‍പ്പാര്‍ട്ടി പഴികള്‍ അങ്ങനെത്തന്നെ നില്‍ക്കുകയുമാണ്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിയുടെ വലിയ തോല്‍വി അവിടെ ചുമതലയുണ്ടായിരുന്ന രമേശ് ചെന്നിത്തലയെ ബാധിക്കുന്നത് എങ്ങനെ; രാജ്യത്തെ വിവിധ ഉപതെരഞ്ഞെടുപ്പുകളില്‍ പൊതുവെ കോണ്‍ഗ്രസ്സിന് ഉണ്ടായ സുരക്ഷിത നില; അത് എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നില ഭദ്രമാക്കുന്നത്; പാലക്കാട് വിജയശില്പിയായി വി.ഡി. സതീശനെ മാത്രം ഉയര്‍ത്തിക്കാണിക്കാനുള്ള അദ്ദേഹത്തിന്റെ ആളുകളുടെ ശ്രമം; കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിനു കിട്ടിയ വിജയംകൂടിയാണ് പാലക്കാട്ട് എന്ന വാദം; ഇതെല്ലാമുണ്ട് കോണ്‍ഗ്രസ്സില്‍. 2026-ല്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നവരുടെ പോരാണിത്. ചേലക്കരയിലെ തോല്‍വിയൊന്നും അതിനിടയില്‍ ഒരു പരിശോധനയായി വരില്ല. പാലക്കാട്ടെ ജയത്തിന്റെ യഥാര്‍ത്ഥ ഉള്ളുകള്ളികള്‍ ചര്‍ച്ചയാവുകയുമില്ല.

കൊച്ചുകൊച്ചു ജയങ്ങള്‍

പാലക്കാട്ട് ബി.ജെ.പിയുടെ പ്രതീക്ഷ തകര്‍ന്നടിയുകയും ചേലക്കരയില്‍ ജയിച്ച എല്‍.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ വലിയ കുറവുണ്ടാവുകയും വയനാട്ടില്‍ കഴിഞ്ഞ ഏപ്രിലിലേക്കാള്‍ എല്‍.ഡി.എഫിനു വോട്ടു കുറയുകയും ചെയ്ത ഉപതെരഞ്ഞെടുപ്പു ഫലത്തിന്റെ തുടര്‍ ചലനങ്ങള്‍ സ്വാഭാവികം. ബി.ജെ.പിയില്‍ പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പിലും മലമ്പുഴ നിയമസഭാ സീറ്റിലും ഒന്നിലധികം തവണ മത്സരിച്ച സി. കൃഷ്ണകുമാറിനും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും എതിരേയാണ് വിരലുകള്‍ നീളുന്നത്. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതിലുള്‍പ്പെടെ സുരേന്ദ്രന്റെ തീരുമാനങ്ങള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കു കാത് കൊടുക്കാതെയായിരുന്നു എന്ന വിമര്‍ശനത്തിന്റെ തുടര്‍ച്ചയാണത്. ''ഞാന്‍ തന്നെയാണ് ഉത്തരവാദി; രാജിവയ്ക്കാന്‍ തയ്യാറാണ്. ദേശീയ നേതൃത്വം പറയുന്നതുപോലെ ചെയ്യും'' എന്നു പറഞ്ഞാണ് സുരേന്ദ്രന്‍ താല്‍ക്കാലികമായി വിമര്‍ശകരെ അടക്കിയത്.

ചേലക്കരയില്‍ ഭൂരിപക്ഷം കുറഞ്ഞത് സി.പി.എം പരിശോധിക്കും. പക്ഷേ, സംസ്ഥാന സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല എന്നതിന്റെ അളവുകോലായി അവര്‍ ഈ വിജയത്തെ കാണുകയാണ്; അതുവഴി, സര്‍ക്കാരിനു വല്ല കുഴപ്പവുമുണ്ടോ എന്നും തിരുത്തല്‍ വേണോ എന്നുമുള്ള ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടാത പോവുകയും ചെയ്യുന്നു. പാലക്കാട്ട് മൂന്നാം സ്ഥാനത്തുതന്നെ തുടരുമ്പോഴും എല്‍.ഡി.എഫും ബി.ജെ.പിയുമായുള്ള വോട്ടു വ്യത്യാസത്തിലെ വലിയ കുറവു ചൂണ്ടിക്കാണിക്കുന്ന അവകാശവാദത്തിലാണ്. അതാകട്ടെ, ആദ്യമായി അവിടെ മൂന്നാം സ്ഥാനത്തേക്കു പോയ 2016-ലേക്കാള്‍ കൂടിയ വോട്ടുകളാണ് എന്നത് പറയാതേയും പോകുന്നു.

പാലക്കാട്ട് ബി.ജെ.പി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ വഴി കിട്ടിയ വോട്ടുകളും സി.പി.എം വിരുദ്ധ, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ വോട്ടുകളുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തേയും വലിയ ഭൂരിപക്ഷത്തേയും സ്വാധീനിച്ചത് എന്ന വിമര്‍ശനം സി.പി.എം ഉയര്‍ത്തിക്കഴിഞ്ഞു. 18840 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുലിനു കിട്ടിയത്; ബി.ജെ.പി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന് 2021-ല്‍ ഇ. ശ്രീധരനു കിട്ടിയതിലും 10671 വോട്ടുകള്‍ കുറഞ്ഞു. ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള, അവര്‍ മുനിസിപ്പാലിറ്റി ഭരിക്കുന്ന പാലക്കാട് നഗരസഭാ പരിധിയില്‍ മാത്രം യു.ഡി.എഫിനു ഭൂരിപക്ഷം 4590 വോട്ടുകള്‍. ഒരു വര്‍ഗ്ഗീയ ശക്തിയുടേയും വോട്ട് വേണ്ടാ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് പറയാന്‍ തയ്യാറായ പാലക്കാട്ട് കോണ്‍ഗ്രസ്സിനെക്കൊണ്ട് അങ്ങനെയൊന്നു പറയിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. യു.ഡി.എഫിനുവേണ്ടി വോട്ടുപിടിച്ച് നോട്ടീസ് വിതരണം നടത്തിയ എസ്.ഡി.പി.ഐ ഫലം വന്നപ്പോള്‍ ആഹ്ലാദപ്രകടനവും നടത്തി. മുസ്ലിം വിരുദ്ധ തീവ്ര വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ പ്രചാരകനായിരുന്ന സന്ദീപ് വാര്യര്‍ കേരളത്തിലെ ബി.ജെ.പിയില്‍ സുരേഷ് ഗോപിക്കും ശോഭാസുരേന്ദ്രനും തൊട്ടുപുറകില്‍ ഫോളോവേഴ്സ് ഉള്ള നേതാവായിരുന്നു. അത് സമൂഹമാധ്യമങ്ങളിലെ മാത്രം പിന്തുണയല്ല എന്നതാണ് ശരി; പ്രത്യേകിച്ചും സന്ദീപിന്റെ നാടായ പാലക്കാട് ജില്ലയില്‍. പക്ഷേ, സി. കൃഷ്ണകുമാറും സന്ദീപുമായുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളും അതിന്റെ ഭാഗമായി കെ. സുരേന്ദ്രനുമായി ഉണ്ടായ അകല്‍ച്ചയും സന്ദീപിനെ നേതൃത്വത്തിന് അനഭിമതനാക്കി. അതിന്റെ തുടര്‍ച്ചയായാണ് സന്ദീപിനു തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ സീറ്റ് കിട്ടാതെ വന്നത്. രോഷം പ്രകടിപ്പിക്കാന്‍ സന്ദീപ് തീരുമാനിച്ചു. അമ്മ മരിച്ചപ്പോള്‍ എതിര്‍പക്ഷത്തെ നേതാക്കള്‍ വന്നിട്ടുപോലും പാലക്കാട് ജില്ലയില്‍നിന്നുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ വരാതിരുന്നതുള്‍പ്പെടെ വിളിച്ചുപറഞ്ഞു. എങ്കിലും സന്ദീപിനെ കൂടുതല്‍ പ്രകോപിപ്പിക്കാതെ തെരഞ്ഞെടുപ്പു കഴിയുന്നതുവരെയെങ്കിലും പിടിച്ചുനിര്‍ത്താനുള്ള രാഷ്ട്രീയതന്ത്രം ബി.ജെ.പി നേതൃത്വവും സ്ഥാനാര്‍ത്ഥിയും കാണിച്ചില്ല. അത് കോണ്‍ഗ്രസ് നേട്ടമാക്കി മാറ്റി. സി.പി.എമ്മുമായി ചില കൂടിയാലോചനകള്‍ നടത്തിയെങ്കിലും മുഖ്യമന്ത്രി നേരിട്ടു വിളിക്കണം എന്നതുള്‍പ്പെടെയുള്ള ചില ഡിമാന്‍ഡുകളും സംഘപരിവാര്‍ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞിട്ട് ചര്‍ച്ചയ്ക്കു തയ്യാറാകണം എന്ന സി.പി.എമ്മിന്റെ ആവശ്യം സന്ദീപ് അംഗീകരിക്കാത്തതുമാണ് ആ ചര്‍ച്ച മുന്നോട്ടു പോകാതിരിക്കാന്‍ കാരണമായത്. കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന വേദിയിലും അതിനുശേഷവും ബി.ജെ.പിയെ തള്ളിപ്പറഞ്ഞ സന്ദീപ് വാര്യര്‍ ആര്‍.എസ്.എസ്സിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതിന്റെകൂടി ഫലമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനു കിട്ടിയത്.

യുആര്‍ പ്രദീപിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ഡ
യുആര്‍ പ്രദീപിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ഡ

കുരുക്കഴിക്കണം പാര്‍ട്ടികള്‍

അടിയന്തര രാഷ്ട്രീയ മാറ്റങ്ങള്‍ക്കൊന്നും കാരണമാകാത്ത ഈ ഉപതെരഞ്ഞെടുപ്പു ഫലങ്ങളെ പാര്‍ട്ടികളും മുന്നണികളും എങ്ങനെയെടുക്കുന്നു, ഏതൊക്കെ വിധമെടുക്കുന്നു എന്നതാണ് കൗതുകവും പ്രാധാന്യവുമുള്ള കാര്യം. ഈ ഫലങ്ങള്‍ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നുമാണ് ഏറ്റവുമധികം പ്രതിഫലിക്കുക. പക്ഷേ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൊട്ടുതലോടി പോകാതിരിക്കുകയുമില്ല. രണ്ടു മുന്നണികളും ബി.ജെ.പിയും ശരിയായ വിലയിരുത്തലിനു തയ്യാറായാല്‍ മാത്രമാണ് ജയപരാജയങ്ങളുടെ ഉള്ളുകള്ളികള്‍ ശരിയായി വ്യക്തമാകുക; അതനുസരിച്ച് മാറണോ ഇങ്ങനെത്തന്നെ പോയാല്‍ മതിയോ എന്നു തീരുമാനിക്കാനും അവര്‍ക്കു കഴിയും. വിലയിരുത്തലും തീരുമാനങ്ങളും സത്യസന്ധമാണെങ്കില്‍ അത് കേരള രാഷ്ട്രീയത്തെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്‌തേക്കാം. വയനാട്ടിലും പാലക്കാട്ടും ജയം നിലനിര്‍ത്തിയ കോണ്‍ഗ്രസ്സും യു.ഡി.എഫും ചേലക്കര സീറ്റ് നിലനിര്‍ത്തിയ സി.പി.എമ്മും എല്‍.ഡി.എഫും പാലക്കാട്ട് വലിയ തോല്‍വിയിലേക്കു വീണ ബി.ജെ.പിയും പരസ്യ തര്‍ക്കങ്ങള്‍ക്ക് 'കൂള്‍ടൈം' കൊടുത്ത് സംഘടനാപരവും രാഷ്ട്രീയവുമായ വിശകലനങ്ങളിലേക്കു പോവുകയാണ് വേണ്ടത്. വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുടെ പാര്‍ട്ടിയായ സി.പി.ഐക്കുമുണ്ട് ഈ ഉത്തരവാദിത്വം. ചാടിപ്പുറപ്പെട്ടിട്ട് മൂക്കുകുത്തി വീണുപോയ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനു മാറിച്ചിന്തിക്കാന്‍ സമയമുണ്ട്. അന്‍വറിന് ഇനി ഇടത്തേയ്‌ക്കൊരു പോക്ക് എളുപ്പമാകില്ല. പക്ഷേ, കോണ്‍ഗ്രസ്സിന്റെ വാതില്‍ തുറന്നുകൂടെന്നില്ല.

അടിപടലം വീഴ്ത്തുന്ന വലിയ തോല്‍വി ഉണ്ടാകുമ്പോള്‍പ്പോലും പരിശോധിച്ചു തിരുത്തുക, ചില ജയങ്ങളിലും തിരുത്തേണ്ട ഘടകങ്ങളുണ്ടോ എന്നു കണ്ടെത്താന്‍ ശ്രമിക്കുക എന്നിവയൊന്നും കോണ്‍ഗ്രസ്-യു.ഡി.എഫ് രീതികളല്ല. പല കാലങ്ങളിലായി വലിയ തോല്‍വികളെക്കുറിച്ച് അന്വേഷിച്ച സി.വി. പത്മരാജന്‍ സമിതിയുടെ ഉള്‍പ്പെടെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ആ അന്വേഷണങ്ങളുടേയും ശുപാര്‍ശകളുടേയും അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുമില്ല. ചേലക്കരയിലെ തോല്‍വി മറന്ന് വിജയത്തിന്റെ ആവേശത്തോടെ അടുത്ത തെരഞ്ഞെടുപ്പുകളിലേക്കു പോകാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്സും യു.ഡി.എഫും. മാത്രമല്ല, ചേലക്കരയില്‍ ജയിച്ചപ്പോഴും ഭൂരിപക്ഷം തൊട്ടുമുന്‍പത്തെ തെരഞ്ഞെടുപ്പിലേക്കാള്‍ മൂന്നിലൊന്നായി കുറഞ്ഞത് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന സി.പി.എമ്മിനും എല്‍.ഡി.എഫിനും എതിരായ ക്യാംപെയ്നാക്കി മാറ്റാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും അവര്‍ കാണിക്കുന്നില്ല. ഫലം വന്ന പിറകേ അക്കാര്യം പ്രതിപക്ഷ നേതാവ് ഒന്നു പറഞ്ഞുപോയെന്നു മാത്രം. എന്നാല്‍, ''ഇനിയുള്ള നാളുകളില്‍ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു വര്‍ദ്ധിച്ച ഊര്‍ജ്ജം നല്‍കുന്നതാണ് ചേലക്കരയിലെ ജനവിധി''' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടത്. ഭരണവിരുദ്ധ വികാരം എന്ന പ്രചാരണം ലവലേശംപോലും ജനങ്ങളെ സ്വീധീനിച്ചിട്ടില്ല എന്നും വിവാദ, നുണ പ്രചാരകരെ ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല എന്നും തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. ഇത് യു.ഡി.എഫിനും കോണ്‍ഗ്രസ്സിനും എതിരെ വ്യക്തമായ വിമര്‍ശനമാണെങ്കിലും ബദല്‍ പ്രചാരണത്തിനുള്ള രാഷ്ട്രീയശേഷി പ്രതിപക്ഷം പ്രകടിപ്പിക്കുന്നില്ല. 2011 മുതല്‍ തുടര്‍ച്ചയായി ജയിക്കുന്ന കോണ്‍ഗ്രസ്സിനു നിലവില്‍ പാലക്കാട് ലോക്സഭാ നിയോജകമണ്ഡലത്തിലുള്ള ഒരേയൊരു നിയമസഭാ സീറ്റാണ് പാലക്കാട്. രാഹുല്‍ മാങ്കൂട്ടത്തില്‍ തോറ്റിരുന്നെങ്കില്‍ അതുകൂടിയാണ് ഇല്ലാതാകുമായിരുന്നത്. അതുണ്ടായില്ല എന്ന ആശ്വാസത്തിലുമാണ് കോണ്‍ഗ്രസ്.

പ്രിയങ്ക ഗാന്ധി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം
പ്രിയങ്ക ഗാന്ധി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം

പൊട്ടിത്തെറിച്ച് ബി.ജെ.പി, പക്ഷേ...

പാലക്കാട് രണ്ടാം സ്ഥാനം തുടര്‍ച്ചയായി മൂന്നാമത്തെ തെരഞ്ഞെടുപ്പിലും നിലനിര്‍ത്തിയെങ്കിലും ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പു ഫലം മുഖത്തടിയാണ്. പാലക്കാട്ടും വയനാട്ടിലും വോട്ടു കുറഞ്ഞപ്പോള്‍ ചേലക്കരയില്‍ 9564 വോട്ടുകള്‍ കൂടി എന്നതിന്റെ പേരില്‍ മാത്രം പറഞ്ഞുനില്‍ക്കാനാകാത്തവിധം വലിയ തോല്‍വി. 2021-ലേക്കാള്‍ വലിയ തോതില്‍ കുറഞ്ഞു എന്നുമാത്രമല്ല, 2016-ല്‍ ആദ്യമായി രണ്ടാം സ്ഥാനത്തു വന്നപ്പോള്‍ കിട്ടിയ അത്ര വോട്ടുകള്‍പോലും കിട്ടിയുമില്ല. മുനിസിപ്പല്‍ വാര്‍ഡുകളില്‍ മാത്രമല്ല, പഞ്ചായത്ത് വാര്‍ഡുകളിലും നില മോശമായി. തുടര്‍ച്ചയായി സി. കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായതുകൊണ്ടു മാത്രമാണ് ഇത്രയും മോശമായത് എന്നു കാര്യകാരണസഹിതം എണ്ണിയെണ്ണി പറയുന്ന നിലയിലാണ് ബി.ജെ.പിയിലും പുറത്തും ചര്‍ച്ചകള്‍. നഗരസഭാധ്യക്ഷ പ്രമീള ശശിധരനും മുതിര്‍ന്ന നേതാവ് എന്‍. ശിവരാജനും ഉള്‍പ്പെടെ ഉയര്‍ത്തിയ പരസ്യവിമര്‍ശനത്തെ അച്ചടക്കനടപടികൊണ്ട് നേരിടാനാണ് ശ്രമം.

ഇത്തവണ ബി.ജെ.പി ജയിക്കും എന്ന പൊതുപ്രതീതി മണ്ഡലത്തില്‍ ഉണ്ടായിരുന്നു. അതിന്റെ അമിത ആത്മവിശ്വാസത്തിലേക്കാണ് സന്ദീപ് വാര്യര്‍ ചെന്നു വീണത്. ബി.ജെ.പി നേതാക്കളുടെ ഫോണ്‍വിളികള്‍ പരിശോധിച്ചും വിമര്‍ശനങ്ങളെ പരിഹാസം കൊണ്ട് നേരിട്ടും കേരളത്തില്‍ ബി.ജെ.പി കൂടുതല്‍ മോശമാകുന്ന നിലയുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പു ഫലം കേരളത്തിലെ ബി.ജെ.പിയെ തറപറ്റിച്ചു എന്നതരം വിലയിരുത്തലുകള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കാനിരിക്കുന്നതിനേക്കുറിച്ചുള്ള തിരിച്ചറിവിന്റെ അടുത്തെത്താത്തതാണ്. കെ. സുരേന്ദ്രനു താല്‍ക്കാലികമായി മാത്രമാണ് കേരളത്തിലെ ബി.ജെ.പിയില്‍ പിടി അയയുന്നത്. കൂടുതല്‍ ശക്തനാകാനുള്ള പദവിയും വകകളും വി. മുരളീധരനും ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും ചേര്‍ന്ന് സുരേന്ദ്രനു നല്‍കും. വി. മുരളീധരനും സുരേന്ദ്രനെ കൈവിട്ടു എന്നു തോന്നിപ്പിക്കാനുള്ള ശ്രമംപോലും ഒരു നാടകമാണ്. ശോഭാ സുരേന്ദ്രനെ സംഘടനയില്‍ താക്കോല്‍ സ്ഥാനത്തൊന്നും കൊണ്ടുവരാതിരിക്കാനുള്ള ജാഗ്രത ഈ മൂവര്‍സംഘത്തിന് എപ്പോഴുമുണ്ട്. ബി.എല്‍. സന്തോഷ് കരുത്തനായി ബി.ജെ.പി നേതൃത്വത്തില്‍ ഉള്ളിടത്തോളം കാലം ശോഭ സംസ്ഥാന അധ്യക്ഷയാകാനുള്ള സാധ്യത അതുകൊണ്ടുതന്നെ കുറവുമാണ്. അതല്ലെങ്കില്‍ നരേന്ദ്ര മോദിയോ അമിത് ഷായോ നേരിട്ട് ഇടപെടണം. അതിനുള്ള ശ്രമങ്ങള്‍ ആര്‍.എസ്.എസ്സിലെ ഒരു വിഭാഗവും സുരേഷ് ഗോപിയും നടത്തുന്നുണ്ട്. അതിന്റെ ഫലം എന്തായിരിക്കും എന്ന് ആകാംക്ഷയോടെ ശ്രദ്ധിക്കുന്നവരില്‍ കേരളത്തിലെ കോണ്‍ഗ്രസ്, സി.പി.എം നേതൃത്വങ്ങളുമുണ്ട്. കാരണം, ശോഭാ സുരേന്ദ്രന്‍ ബി.ജെ.പി അധ്യക്ഷയായാല്‍ ഇന്നില്ലാത്ത പുതിയ സ്വീകാര്യത അപ്രതീക്ഷിത വിഭാഗങ്ങളില്‍നിന്നു കിട്ടും എന്ന് കോണ്‍ഗ്രസ്സും സി.പി.എമ്മും കരുതുന്നു. ബി.ജെ.പിക്ക് ഒരുതരത്തിലുള്ള പുതിയ ഉണര്‍വും ഉണ്ടാകാതിരിക്കാന്‍ കെ. സുരേന്ദ്രനോ സുരേന്ദ്രന്‍ തീരുമാനിക്കുന്നവരോ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരണം എന്നും ഈ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നു എന്നാണ് ബി.ജെ.പിക്കുള്ളിലെ സുരേന്ദ്രന്‍ വിരുദ്ധരുടെ വര്‍ത്തമാനം.

അതിനിടെ, പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നേക്കാള്‍ ജൂനിയറോ സ്വീകാര്യത കുറഞ്ഞവരോ വന്നാല്‍ ഇനിയുമൊരു അവഗണനയുടെ അപമാനഭാരം താങ്ങാന്‍ നില്‍ക്കാതെ ശോഭാ സുരേന്ദ്രന്‍ ബി.ജെ.പി വിടും എന്ന സൂചന ശക്തവുമാണ്. വയനാട്ടിലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ശോഭാ സുരേന്ദ്രന്‍ പ്രിയങ്ക ഗാന്ധിക്കെതിരെ ഒരു വാക്കും പറഞ്ഞിട്ടില്ല എന്നത് ബി.ജെ.പിക്കാര്‍ ശ്രദ്ധിച്ചില്ലെങ്കിലും കോണ്‍ഗ്രസ്സുകാര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

സി.കൃഷ്ണകുമാര്‍
സി.കൃഷ്ണകുമാര്‍

പാലക്കാട് ഇടതുമണ്ഡലമല്ല; പക്ഷേ...

മൂന്നാം സ്ഥാനത്തുതന്നെ തുടരുകയാണെങ്കിലും ബി.ജെ.പിയുമായുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടു വ്യത്യാസം 2256 മാത്രമായി കുറഞ്ഞു. 2021-ല്‍ ഇത് 13787 ആയിരുന്നു. 2016-ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എന്‍. കൃ്ഷ്ണദാസും തമ്മിലുണ്ടായിരുന്ന വ്യത്യാസം 1401 ആയിരുന്നിടത്തുനിന്നാണ് ഇ. ശ്രീധരനും സി.പി. പ്രമോദും തമ്മിലുള്ള വ്യത്യാസം അതിനേക്കാള്‍ 12386 വോട്ടുകള്‍ കൂടുതലായത്. ഇത്തവണ അതില്‍നിന്നുണ്ടായ മാറ്റം ചെറുതല്ല. എല്‍.ഡി.എഫിനു കഴിഞ്ഞ തവണത്തേക്കാള്‍ 860 വോട്ടുകള്‍ അധികം കിട്ടുകയും ചെയ്തു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇത് അത്രയല്ലേ ഉള്ളൂ എന്നു നിസ്സാരമാക്കാന്‍ കഴിയില്ല.

ഇടതുമുന്നണിക്കു പിഴച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലാണ് എന്നു പറഞ്ഞുവയ്ക്കാനുള്ള ശ്രമങ്ങള്‍ സി.പി.എമ്മിനു പുറത്ത് കാര്യമായി നടക്കുന്നുണ്ട്. തുറന്നുപറയുന്നവരും ഒളിഞ്ഞു പറയുന്നവരുമുണ്ട്. പി. സരിന്‍ വരുന്നതിനു മുന്‍പ് സി.പി.എം പരിഗണിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളെ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിപ്പിച്ചിരുന്നെങ്കില്‍ ഫലം വേറൊന്നാകുമായിരുന്നു എന്നതാണ് ഈ പറയുന്നതിന്റെ പ്രധാനപ്പെട്ട ഒരു പോയിന്റ്; ജയിച്ചില്ലെങ്കിലും രണ്ടാം സ്ഥാനത്തെങ്കിലും വരുമായിരുന്നു എന്നുമുണ്ട്. പക്ഷേ, സന്ദീപ് വാര്യര്‍ അപ്രതീക്ഷിതമായി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് യു.ഡി.എഫിന്റെ വിജയത്തെ എത്രത്തോളം സ്വാധീനിച്ചു എന്നതിനോട് കണ്ണടച്ചാണ് ഈ വിലയിരുത്തല്‍. യുവനേതൃനിരയിലേക്ക് കോണ്‍ഗ്രസ്സില്‍ നിന്നെത്തിയ ഡോ. പി. സരിനാണ് തോല്‍വിയിലും സി.പി.എമ്മിന്റെ നേട്ടം എന്ന വസ്തുതയും ഈ പറയുന്നവര്‍ കണ്ടില്ലെന്നു നടിക്കുന്നു; കാണാതെ പോകുന്നതല്ലതാനും. എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും സരിനും തെരഞ്ഞെടുപ്പിനുശേഷം നടത്തിയ പ്രതികരണങ്ങളില്‍ തുടര്‍സഹകരണത്തിന്റെ സ്വാഭാവിക ഊഷ്മളതയുണ്ട്. സന്ദീപ് വാര്യരെക്കുറിച്ച് തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസവും തൊട്ടടുത്ത ദിവസവും കോണ്‍ഗ്രസ് നേതൃത്വം മിണ്ടാതിരുന്നപ്പോള്‍ സി.പി.എം പി. സരിനെ ചേര്‍ത്തുതന്നെ നിര്‍ത്തിയാണ് സംസാരിച്ചത്.

വടകരയില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ ഷാഫി പറമ്പില്‍ പോയപ്പോള്‍ത്തന്നെ എല്‍.ഡി.എഫും ബി.ജെ.പിയും പാലക്കാട് പിടിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചും സംസാരിച്ചും തുടങ്ങിയിരുന്നു. 2011-ല്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്നതിനപ്പുറം രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് എല്‍.ഡി.എഫ് ഈ മത്സരത്തെ കണ്ടത്. മൂന്നാം സ്ഥാനത്തുനിന്നു തിരിച്ചെത്തുക എന്നതിനൊപ്പം ബി.ജെ.പി ജയിക്കുന്നത് തടയുക എന്നതുകൂടിയായിരുന്നു ലക്ഷ്യം. ഒരു ലക്ഷ്യം നേടി.

ഇടതുമുന്നണിയേയോ സി.പി.എമ്മിനേയോ സ്ഥിരമായി ജയിപ്പിച്ചുവന്ന നിയോജക മണ്ഡലമല്ല പാലക്കാട് എന്ന് പാലക്കാട്ടുനിന്നുള്ള സി.പി.എം നേതാവ് എം.ബി. രാജേഷ് ചൂണ്ടിക്കാട്ടിയതിനെ കണക്കുകള്‍ ശരിവയ്ക്കുന്നുണ്ട്. മലയാളം വാരിക തെരഞ്ഞെടുപ്പിനു മുന്‍പ് ചൂണ്ടിക്കാട്ടിയതാണ് അത്. അതായത്, കേരളത്തിന്റെ 67 വര്‍ഷത്തെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ നാലു തവണ മാത്രമാണ് അവിടെ ഇടതുപക്ഷം ജയിച്ചത്. എല്‍.ഡി.എഫ് വലിയ വിജയം നേടിയ 2016-ലും 98 സീറ്റുകളോടെ തുടര്‍ഭരണം നേടിയ 2021-ലും ജയിച്ചുമില്ല. എന്നാല്‍, വി.എസ്. തരംഗം എന്നു വിശേഷിപ്പിക്കപ്പെട്ട 2006-ല്‍ പാലക്കാട് എല്‍.ഡി.എഫിനൊപ്പം നിന്നു. അന്ന് ജയിച്ച കെ.കെ. ദിവാകരനെയാണ് 2011-ല്‍ ഷാഫി പറമ്പില്‍ തോല്‍പ്പിച്ചത്.

1957-ലും '60-ലും '65-ലും കോണ്‍ഗ്രസ്സാണ് ജയിച്ചത്. 1967-ലും '70-ലും സി.പി.ഐ.എം. 1977, '80, '82, '87 പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടി (പി.എസ്.പി). പി.എസ്.പിയെ നാലു തവണയും പ്രതിനിധീകരിച്ച സി.എം. സുന്ദരം 1981 ഡിസംബര്‍- '82 മാര്‍ച്ച് കാലയളവില്‍ രണ്ടര മാസവും അതുകഴിഞ്ഞ് '82-'87-ലെ കെ. കരുണാകരന്‍ സര്‍ക്കാരില്‍ അഞ്ചു വര്‍ഷവും തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു. പിന്നീട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി 1991-ലും ജയിച്ചു. സി.പി.ഐ.എമ്മിലെ ടി.കെ. നൗഷാദിനായിരുന്നു 1996-ല്‍ ജയം. 2001-ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍ ജയിച്ചു; എ.കെ. ആന്റണി സര്‍ക്കാരില്‍ ധനമന്ത്രിയായി.

ആദ്യമായി ഷാഫി പറമ്പില്‍ 47641 വോട്ടുകള്‍ ( 42.41%) നേടി ജയിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തു വന്നത് കെ.കെ. ദിവാകരനാണ്. പക്ഷേ, 2016-ല്‍ എന്‍.എന്‍. കൃഷ്ണദാസ് 38675 വോട്ടുകളുമായി (28.07%) മൂന്നാം സ്ഥാനത്തു പോയി. ശോഭാ സുരേന്ദ്രനും കൃഷ്ണദാസും തമ്മിലുള്ള അന്നത്തെ 1401 വോട്ടുകളുടെ വ്യത്യാസമാണ് ഇ. ശ്രീധരന്‍ മത്സരിച്ച തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ 13787 ആയി ഉയര്‍ന്നത്. അവിടെനിന്നാണ് ബി.ജെ.പി ഇപ്പോള്‍ തിരിച്ചുപോയതും എല്‍.ഡി.എഫ് മുന്നോട്ടു വന്നതും. ഇ. ശ്രീധരന് കിട്ടിയത് 50220 വോട്ടുകളും സി.പി. പ്രമോദിനു 36433-ഉം ആയിരുന്നു. ഷാഫി പറമ്പില്‍ ആദ്യം ജയിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന സി. ഉദയഭാസ്‌കറുമായുള്ള വോട്ടു വ്യത്യാസം 25324 ആയിരുന്നു. എന്നാല്‍, തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനും ഷാഫിയുമായുള്ള വ്യത്യാസം 17483 ആയി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാഫിയും ഇ. ശ്രീധരനുമായുള്ള വ്യത്യാസം 3859 മാത്രമായും മാറി. ബി.ജെ.പിക്കു കിട്ടുന്ന വോട്ടുകളുടെ എണ്ണവും ശതമാനവും മുകളിലേക്കായിരുന്നു. അവിടെനിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ നിര്‍ത്തി യു.ഡി.എഫ് 18840 ഭൂരിപക്ഷം നേടിയത്. ഷാഫി പറമ്പിലിനു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 54079 വോട്ടുകളാണ് കിട്ടിയത്. രാഹുലിനു കിട്ടിയത് 58389.

കോണ്‍ഗ്രസ്സും ബി.ജെ.പിയുമായി ഡീല്‍ ഉണ്ടെന്നു പറഞ്ഞുകൊണ്ടാണ് പി. സരിന്‍ പാര്‍ട്ടി വിട്ടത്. പക്ഷേ, പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കളം പിടിച്ചത് വാര്യരും നീല ട്രോളിയും സിറാജ്, സുപ്രഭാതം ദിനപത്രങ്ങളിലെ പരസ്യവും അതിനേക്കുറിച്ച് മറ്റു മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളുമാണ്. ട്രോളിയെ വേഗം തള്ളിപ്പറഞ്ഞ എന്‍.എന്‍. കൃഷ്ണദാസ് ഫലം വന്ന പിറകെ പരസ്യത്തേയും തള്ളിപ്പറഞ്ഞത് പാലക്കാട്ടെ സി.പി.എമ്മില്‍ വിഭാഗീയതയുടെ പുതിയ ചാപ്റ്ററിനു തുടക്കമിട്ടോ എന്നാണ് ഇനി അറിയേണ്ടത്. കൃഷ്ണദാസിന്റെ ഉന്നം എന്താണെന്നും. പി. സരിന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായതു എല്‍.ഡി.എഫിനു കൂടുതല്‍ ആത്മവിശ്വാസം നല്‍കി എന്നത് ശരിയാണ്. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികളായ യുവനേതാക്കളെ ഇറക്കി സരിന്റെ പ്രചാരണം ഒരേസമയം ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ആവേശമുണര്‍ത്തുന്ന വിധമാക്കി.

പക്ഷേ, അതിനെ മറികടക്കുന്ന പലതും സമാന്തരമായി സംഭവിച്ചു. പാതിരാത്രിക്ക് ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍മുറിയില്‍ പൊലീസ് നടത്തിയ കള്ളപ്പണം തിരയല്‍ ഒരു ഉദാഹരണമാണ്. അത് എല്‍.ഡി.എഫിനു തിരിച്ചടിച്ചു.

രമ്യ ഹരിദാസ്
രമ്യ ഹരിദാസ്

ചേലക്കരയും പുതിയ കരകളും

1996 മുതല്‍ എല്‍.ഡി.എഫ് മാത്രം ജയിക്കുന്ന, സി.പി.എമ്മിന്റെ കുത്തക മണ്ഡലമായ ചേലക്കരയില്‍ കെ. രാധാകൃഷ്ണന്റെ 39400 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടിയില്ല എന്നത് യു.ആര്‍. പ്രദീപിന്റെ വിജയം വിജയമല്ലാതാക്കുന്നില്ല. കെ. രാധാകൃഷ്ണനും പ്രദീപും വെവ്വേറെ ആളുകളാണ്; ഒരാളുടെ ഭൂരിപക്ഷം മറ്റേയാള്‍ക്കു കിട്ടണമെന്നില്ല. അങ്ങനെ സംഭവിക്കുന്നത് തെരഞ്ഞെടുപ്പില്‍ ആദ്യത്തെ കാര്യവുമല്ല. പക്ഷേ, രാഷ്ട്രീയ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ഭൂരിപക്ഷത്തിലെ ഈ വ്യത്യാസം പരാമര്‍ശമാകുന്നതില്‍ അത്ഭുതമില്ല.

രമ്യ ഹരിദാസില്‍നിന്ന് ആലത്തൂര്‍ തിരിച്ചുപിടിക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാരിലെ പട്ടികജാതി-വര്‍ഗ്ഗ പിന്നാക്ക ക്ഷേമ മന്ത്രി ആയിരുന്ന കെ. രാധാകൃഷ്ണനെ മത്സരിപ്പിച്ചത്. അതിനു ഫലമുണ്ടായി. പകരം യു.ആര്‍. പ്രദീപിന്റെ പേരല്ലാതെ വേറൊന്നും വന്നില്ല. 2016-ല്‍ 10200 വോട്ടുകള്‍ക്ക് ജയിച്ചതാണ് യു.ആര്‍. പ്രദീപ്. അത് 2024ല്‍ 12201 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ആവര്‍ത്തിച്ചു. സി.പി.എമ്മിനും പ്രദീപിനും ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമായിരുന്നു. അതുകൊണ്ടാണ് പാലക്കാട് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ പോകാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ചേലക്കരയിലെ കണ്‍വന്‍ഷനു പോയത്. കെ. രാധാകൃഷ്ണന്‍ എം.പിയും ധനമന്ത്രി കെ.എന്‍. രാജഗോപാലും ഉള്‍പ്പെടെ നിരവധി പ്രധാന നേതാക്കള്‍ ചേലക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതും അതുകൊണ്ടുതന്നെ.

രാധാകൃഷ്ണനു മുന്‍പ് 1991-ല്‍ എം.പി. താമിയാണ് ഇവിടെ ഒടുവില്‍ ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 1996, 2001, 2006, 2011 കെ. രാധാകൃഷ്ണന്‍, 2016-ല്‍ യു.ആര്‍. പ്രദീപ്, 2021-ല്‍ വീണ്ടും രാധാകൃഷ്ണന്‍.

പി.വി. അന്‍വറിന്റെ ഡി.എം.കെ സ്ഥാനാര്‍ത്ഥി എന്‍.കെ. സുധീറിനു കിട്ടിയ 3920 വോട്ടുകളില്‍ കൂടുതലും സ്വാഭാവികമായും കോണ്‍ഗ്രസ് വോട്ടുകളാണ്. അതു പക്ഷേ, പ്രദീപിന്റെ ഭൂരിപക്ഷത്തിന്റെ മൂന്നിലൊന്നു മാത്രമാണ്. എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ഇറങ്ങിയ അന്‍വറിന് അതു വലിയ അടിയായി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ മത്സരിച്ച് 1,88,230 വോട്ടുകള്‍ നേടിയ ടി.എന്‍. സരസു എന്ന മുന്‍ അദ്ധ്യാപികയ്ക്ക് അന്നു കിട്ടിയത് 2019-ലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയേക്കാള്‍ 10.97 ശതമാനം. ചേലക്കരയില്‍ 2021-ലേക്കാള്‍ 10,000 വോട്ടുകള്‍ക്ക് 436 വോട്ടുകളുടെ മാത്രം കുറഞ്ഞ വോട്ടുകള്‍ നേടി ബി.ജെ.പിക്ക് പ്രതീക്ഷയായി മാറി. ഈ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കിട്ടിയ പ്രതീക്ഷയുടെ ഏക നാളം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com