അയിഷാപോറ്റി
അയിഷാപോറ്റി

പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടികളില്ല, ഇനി ഫുള്‍ടൈം അഭിഭാഷക: കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷാപോറ്റി

Published on

1958-ല്‍ കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത് കിടങ്ങൂരില്‍ ജനിച്ച പി. അയിഷാ പോറ്റി മരുമകളായിച്ചെന്ന കൊട്ടാരക്കരയില്‍നിന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത് ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷത്തിലാണ്. കൊട്ടാരക്കരയില്‍നിന്നു നിയമസഭയിലേക്കു മത്സരിച്ചതും കേരള രാഷ്ട്രീയത്തിലെ വന്‍മരങ്ങളിലൊന്നിനെ തെരഞ്ഞെടുപ്പില്‍ വീഴ്ത്തിയതും 2006-ല്‍. അന്നു തോറ്റ ആര്‍. ബാലകൃഷ്ണപ്പിള്ള പിന്നെ നിയമസഭ കണ്ടില്ല. അയിഷാ പോറ്റി പിന്നെ രണ്ടുവട്ടം കൂടി നിയമസഭാംഗമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല; പക്ഷേ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം എന്ന നിലയില്‍ സജീവമായിരുന്ന രാഷ്ട്രീയ ജീവിതത്തിനു ചില അപ്രതീക്ഷിത സംഭവങ്ങള്‍ താല്‍ക്കാലിക ഇടവേള നല്‍കി. അതിനിടയാക്കിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായി മാറിയതിന്റെ സന്തോഷത്തിലാണ്. പഴയതുപോലെ പാര്‍ട്ടിയില്‍ സജീവമായില്ലെങ്കിലും അഭിഭാഷക ജോലിയില്‍ സജീവമാകുകയാണ് അവര്‍. അഡ്വ. പി. അയിഷാ പോറ്റി ജീവിതവും രാഷ്ട്രീയവും പറയുന്നു:

Q

ജില്ലാ പഞ്ചായത്തിലെ മത്സരത്തോടെയാണല്ലോ രാഷ്ട്രീയത്തില്‍ സജീവമായത്. സജീവമായിരുന്ന അഭിഭാഷക ജീവിതത്തില്‍നിന്നു മാറ്റമുണ്ടാക്കുന്ന ആ തീരുമാനത്തിലേക്ക് എങ്ങനെ എത്തി?

A

2000-ലാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. 1991 മുതല്‍ കുറേശ്ശേ രാഷ്ട്രീയ പ്രവര്‍ത്തനമുണ്ട്. 1983-'85-ല്‍ എല്‍.എല്‍.എം പഠിച്ചു വന്ന് അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. 2000 വരെ അത് തുടര്‍ന്നു. ഒരുപാടു കേസുകളുണ്ടായിരുന്നു. ചിറ്റപ്പനും ഉണ്ടായിരുന്ന ഓഫീസില്‍ നല്ല ഒരു ടീമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. തീരെ സമയമുണ്ടായിരുന്നില്ല. കേസുകള്‍ മാറ്റുമ്പോഴും അവധി ദിനങ്ങളിലും മറ്റുമുള്‍പ്പെടെ കമ്മിറ്റികള്‍ക്കൊക്കെ പോകുന്നതായിരുന്നു രീതി. യഥാര്‍ത്ഥത്തില്‍, തീരെ പ്രതീക്ഷിക്കാതെയാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായത്. പ്രൊഫഷനോടുള്ള ഇഷ്ടക്കൂടുതല്‍ കാരണം തെരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ ഇഷ്ടം കുറവായിരുന്നു. മോള്‍ പത്തിലും മോന്‍ അഞ്ചിലുമേ ആയിട്ടുണ്ടായിരുന്നുമുള്ളൂ. എല്ലാം ബുദ്ധിമുട്ടുകളായിരുന്നു. ബ്രാഹ്മണരുടെ ഇടയില്‍നിന്ന് പൊതുവെ പൊതുപ്രവര്‍ത്തനത്തില്‍ സ്ത്രീകളെത്തുന്നത് കുറവാണ്. ഭര്‍ത്താവ് മാത്രമേ പിന്തുണ തരാന്‍ ഉണ്ടായിരുന്നുള്ളൂ. ബാക്കി ആരും പാര്‍ട്ടിയിലൊന്നും ഉള്ളവരല്ല. അച്ഛന്റെ കുടുംബം കമ്യൂണിസ്റ്റ് കുടുംബമായിരുന്നു. ഞാന്‍ കിടങ്ങൂരില്‍നിന്നു കല്ല്യാണം കഴിച്ച് കൊട്ടാരക്കരയ്ക്കു പോന്നതാണല്ലോ. ഇവിടെ കുറേ യാഥാസ്ഥിതികത്വമൊക്കെയാണ് ഉണ്ടായിരുന്നത്; കുറേ പ്രതിബന്ധങ്ങള്‍. അതൊക്കെ അതിജീവിച്ച് വേണമായിരുന്നു പ്രവര്‍ത്തിക്കാന്‍. 2000-ല്‍ ഞങ്ങളുടെ വീടുള്‍പ്പെടുന്ന വാര്‍ഡ് വനിതാ സംവരണമായി. അപ്പോഴാണ് നേതാക്കളും സഖാക്കളും നിര്‍ബ്ബന്ധിച്ചത്; മത്സരിച്ചേ തീരൂ. അതിനു മുന്‍പത്തെ തെരഞ്ഞെടുപ്പിലും ആവശ്യപ്പെട്ടെങ്കിലും ഞാന്‍ ഒഴിഞ്ഞുമാറിയപ്പോള്‍ നിര്‍ബന്ധിച്ചില്ല. പക്ഷേ, രണ്ടാംതവണ അവര്‍ വീട്ടില്‍ വന്നു. ചേട്ടനുമായൊക്കെ സംസാരിച്ചു. മക്കളുടെ പഠനത്തില്‍, പ്രത്യേകിച്ച് മകളുടെ പത്താം ക്ലാസ് പഠനത്തില്‍ പ്രത്യേക ശ്രദ്ധ വേണം എന്ന ഒഴികഴിവൊന്നും ഫലിച്ചില്ല.

എന്തായാലും അങ്ങു നിന്നു. പക്ഷേ, ഇന്നത്തെപ്പോലെയല്ലല്ലോ അന്ന് എന്റെ സ്ഥിതി. വോട്ടു ചോദിക്കലൊന്നും പരിചയമില്ല. മറ്റുള്ളവര്‍ക്കുവേണ്ടി വോട്ടു ചോദിക്കാന്‍ പോകുന്നതും എനിക്കുവേണ്ടി വോട്ടു ചോദിക്കാന്‍ പോകുന്നതും വ്യത്യസ്തമാണല്ലോ. നൂലിഴ വ്യത്യാസത്തിലാണ് ജയിച്ചത്, തോറ്റു എന്നു വിചാരിച്ചിരുന്നതാണ് ഞാന്‍. എന്നെ ആര്‍ക്കും അറിയില്ലല്ലോ. അയിഷ എന്ന വക്കീലിനെ കുറേ കക്ഷികള്‍ക്ക് അറിയാമെങ്കിലും അവര്‍ ഒരിടത്തു മാത്രമുള്ളവരല്ലല്ലോ. 102 വോട്ടിനാണ് ജയിച്ചത്. ലളിതാ ഭായി ആയിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. അവര്‍ കേസുകൊടുത്തു. കൊല്ലം കോടതിയില്‍ പാരിപ്പള്ളി രവീന്ദ്രന്‍ വക്കീലിനെയാണ് പാര്‍ട്ടി കേസ് ഏല്പിച്ചത്. ആ കേസ് ചെലവ് സഹിതം തള്ളുകയാണ് ചെയ്തത്. അതിപ്പോള്‍ റൂളിംഗ് ആയിട്ടു വന്നിട്ടുണ്ട്. ഹൈക്കോടതിയിലും പോയി. ജസ്റ്റിസ് ചിദംബരേഷ് ജഡ്ജിയാകുന്നതിനു മുന്‍പ് അദ്ദേഹമാണ് കേസ് നോക്കിയത്. എസ്. ശ്രീധരന്‍ നായര്‍ വക്കീലും ഹാജരായി.

കേസ് നടക്കുന്നതിനിടയില്‍ത്തന്നെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ രണ്ടര വര്‍ഷ കാലാവധി അവസാനിച്ച് ശേഷിക്കുന്ന രണ്ടര വര്‍ഷം സി.പി.എമ്മിനു കിട്ടിയത്. പാര്‍ട്ടി എനിക്കാണ് അവസരം തന്നത്.

Q

പ്രസിഡന്റായിരുന്നപ്പോഴത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്?

A

സത്യത്തില്‍ മെമ്പറായിരുന്ന കാലം നല്ല ഒരു പരിശീലനകാലംപോലെ പ്രയോജനപ്പെട്ടു. പ്രസിഡന്റായപ്പോള്‍ എല്ലാ ഫയലുകളിലേയും കുരുക്കഴിക്കാന്‍ ശ്രമിച്ച് വിജയിച്ചത് അതുകൊണ്ടാണ്. ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തു. ജില്ലയുടെ എല്ലാ മൂലയിലും റോസ്മലയില്‍ വരെ കല്ലില്‍ എഴുതിവെച്ചിട്ടുണ്ട്, ആ കാലത്തെ വികസന പ്രവര്‍ത്തനങ്ങളുടെ അടയാളമായി. അടച്ചുപൂട്ടാന്‍ തുടങ്ങിയ കുരിയോട്ടുമല ഫാം പൂട്ടാതിരുന്നതുള്‍പ്പെടെ. യു.ഡി.എഫ് സര്‍ക്കാരായിരുന്നു. അടച്ചുപൂട്ടാന്‍ പോകുന്നു, നിലനിര്‍ത്താന്‍ സാധിക്കില്ല എന്ന് സര്‍ക്കാരിന്റെ നോട്ടീസ് വന്നു, പക്ഷേ, ജനങ്ങളും ജനപ്രതിനിധികളുമൊക്കെ ചേര്‍ന്നു ശ്രമിച്ചപ്പോള്‍ അതൊഴിവായി. കുടുംബശ്രീയുടെ ട്രെയിനിംഗ് കേന്ദ്രം വരെയാക്കിയിട്ടാണ് ഞാന്‍ പോന്നത്. അതു കഴിഞ്ഞതോടെ, ഞാന്‍ കൂടുതല്‍ പുതിയ നിയമപുസ്തകങ്ങളൊക്കെ വാങ്ങിച്ച് പ്രാക്ടീസ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങി. പക്ഷേ, പിറ്റേത്തവണ ജനറല്‍ വാര്‍ഡായപ്പോഴും അവിടെ മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞു. ആ തവണ 9625 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. അങ്ങനെ രണ്ടാംതവണ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കുമ്പോഴാണ് 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നത്. ആര്‍. ബാലകൃഷ്ണപ്പിള്ള സാറിനോട് മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞു. മത്സരിച്ചു, 12087 വോട്ടിനാണ് ജയിച്ചത്.

ആര്‍. ബാലകൃഷ്ണപിള്ള
ആര്‍. ബാലകൃഷ്ണപിള്ള
Q

കൊട്ടാരക്കരയുടെ പര്യായം തന്നെയായി മാറിയ മുതിര്‍ന്ന നേതാവിനെ തോല്‍പ്പിച്ച ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി എന്ന പ്രതിച്ഛായ ചെറുതല്ല; അത് പിന്നീട് എങ്ങനെയാണ് സ്വാധീനിച്ചത്?

A

അതൊക്കെ വലിയ ജീവിതാനുഭവമാണ്. ശരിക്കും രാഷ്ട്രീയത്തിലേക്കു വരാന്‍ തീരുമാനിച്ചിരുന്നതല്ലല്ലോ. ആദ്യം മത്സരിക്കാന്‍ ഉണ്ടായ മടി, ആ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളോടെ മാറി. എന്തായാലും ഇറങ്ങിയ സ്ഥിതിക്ക് നന്നായിത്തന്നെ പോകണം എന്നുറപ്പിച്ചു. അങ്ങനെയങ്ങായി. നിയമസഭയില്‍ രണ്ടാമതായി, മൂന്നാമതായപ്പോഴേയ്ക്കും എന്നെത്തന്നെ മത്സരിപ്പിക്കണം എന്ന മട്ടില്‍ ആവശ്യമില്ലാത്ത പോസ്റ്ററുകളും ബഹളങ്ങളുമൊക്കെ ഉണ്ടായത് വല്ലാതെ ഫീല്‍ ചെയ്തു. ആദ്യം ഞാന്‍ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇതൊന്നും ശീലമുള്ള കാര്യമല്ലല്ലോ. പുറത്തുള്ളവര്‍ ഉണ്ടാക്കിയ വിവാദമാണ്. പോസ്റ്ററിനെക്കുറിച്ചു പത്രത്തില്‍ വന്നപ്പോള്‍, മത്സരിക്കുന്നില്ലാന്ന് ഒരു പ്രസ്താവനയിലോ മറ്റോ പറയണോ എന്നു പാര്‍ട്ടിയോട് ചോദിച്ചു. അതോടെ ഈ വിവാദങ്ങള്‍ അവസാനിച്ചെങ്കിലോ എന്നാണ് വിചാരിച്ചത്. അതു വേണ്ട; സഖാവ് പ്രതികരിക്കേണ്ട, പാര്‍ട്ടി പറയുന്നതുപോലെ ചെയ്താല്‍ മതി എന്ന നിര്‍ദ്ദേശമാണുണ്ടായത്. മൂന്നാം തവണയും എന്നെത്തന്നെ നിര്‍ത്തി. 42632 വോട്ടിനു ജയിച്ചു. ഭൂരിപക്ഷം ഓരോ തവണയും കൂടിവരികയായിരുന്നു. ഇരുപതിനായിരത്തിലധികം വോട്ടിനാണ് രണ്ടാമത് ജയിച്ചത്.

Q

കുടുംബത്തോടൊപ്പമുള്ള ജീവിതവും അഭിഭാഷകയും ജനപ്രതിനിധിയുമായിരിക്കെയുള്ള തിരക്കുകളും എങ്ങനെ മാനേജ് ചെയ്തു?

A

എല്ലാം കൊണ്ടുപോകാം, നമുക്ക്. എനിക്ക് അങ്ങനെയാണ് തോന്നിയത്. എനിക്കതു പറ്റി എന്നുള്ളതാണ്. പക്ഷേ, നിങ്ങളൊക്കെ കേട്ടാല്‍ ചിരിക്കും, പഴയ അയിഷ എന്തായിരുന്നു എന്നുള്ളത്. മനുഷ്യരോടു മിണ്ടാന്‍ പേടിച്ചുവിറച്ചിരുന്ന ആളാണ് ഞാന്‍, കല്ല്യാണം കഴിയുന്നതു വരെപ്പോലും. പൊതുസമൂഹത്തില്‍ സംസാരിക്കാന്‍ പേടിയുണ്ടായിരുന്ന ആളാണ്. 26 വയസ്സിലായിരുന്നു കല്ല്യാണം. വലിയ നിയന്ത്രണങ്ങളുള്ള സാഹചര്യത്തിലാണ് വളര്‍ന്നത്. അച്ഛന്‍ ഭയങ്കര കമ്യൂണിസ്റ്റാണെങ്കിലും ഞാനൊരു മകളായതുകൊണ്ട് നിയന്ത്രണം കൂടുതലായിരുന്നു, ഒരുപാടാളുകള്‍ കൂടുന്ന ചടങ്ങുകള്‍ക്കൊന്നും വിടില്ലായിരുന്നു. കരുതല്‍ വളരെ കൂടുതല്‍. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ ക്രമേണ മാറിവന്നു. പക്ഷേ, അപ്പോഴും കമ്മിറ്റികളിലൊക്കെ സംസാരിക്കുന്നതല്ലാതെ പൊതുപരിപാടികളില്‍ പ്രസംഗമൊന്നും ഇല്ലായിരുന്നു. പ്രസംഗിക്കാനൊക്കെ തുടങ്ങിയതും ശരിക്കു മാറിയതും ജനപ്രതിനിധിയായ ശേഷമാണ്. എല്ലാവരും കൂടെ എന്നെ അങ്ങനെയാക്കി. അതില്‍ ഈ നാട്ടിലെ ജനങ്ങള്‍ വലിയ പങ്കുവഹിച്ചു. അതോടെ എല്ലാത്തിലും ഇന്‍വോള്‍വ്ഡ് ആകാന്‍ കഴിഞ്ഞു. ഞാന്‍ വിചാരിക്കുന്നത്, ഒരുപാട് സ്ത്രീകള്‍ക്ക് നാട്ടില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്നാണ്. അവരെല്ലാം അകത്തിരിക്കുകയാണ്. പുറത്തുവരണം, പുറത്തുവന്ന് നല്ല സമൂഹമുണ്ടാക്കാന്‍ കണിശമായിട്ടും പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സ്ത്രീകള്‍ക്കു ചെയ്യാന്‍ പറ്റും. അഹങ്കാരം പറയുകയല്ല, ഞാനത് ഇവിടെ കാണിച്ചുകൊടുത്തിട്ടുണ്ട്. കഠിനാധ്വാനം ചെയ്യുന്നവരായിരിക്കണം, ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായിരിക്കണം. അങ്ങനെയൊക്കെ ചെയ്താല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങള്‍ക്കു പ്രയോജനകരമാക്കി മാറ്റിത്തീര്‍ക്കാന്‍ കഴിയും. ഇതിനകത്ത് ലാഭമേയില്ല, നഷ്ടം മാത്രമേയുള്ളൂ. എന്റെ കാര്യമാണ് പറയുന്നത്. ആളുകള്‍ സങ്കടങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ കാതുണ്ടാകണം. സന്തോഷമാണ് പറയുന്നതെങ്കില്‍ കേട്ടിട്ടങ്ങു പോയാല്‍ മതി എന്നു വയ്ക്കാം. പക്ഷേ, സങ്കടമാണ് പറയുന്നതെങ്കില്‍ അവരെ കേള്‍ക്കാന്‍ തയ്യാറാകണം. അതിനു നമ്മള്‍ ചെറിയൊരു സമയമെങ്കിലും മാറ്റിവെച്ചാല്‍ അവര്‍ക്കുണ്ടാകുന്ന ആശ്വാസം ചെറുതല്ല. അങ്ങനെയാണെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലായാലും ജനപ്രതിനിധി എന്ന നിലയിലായാലും തീര്‍ച്ചയായും നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. ഒരു അഭിഭാഷക കൂടിയാണെങ്കില്‍ പിന്നെയും ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. ഈ മൂന്നു കാര്യങ്ങളിലൂടെയും ഞാന്‍ കടന്നുപോയതുകൊണ്ടാണ് പറയുന്നത്. ആദ്യം വക്കീല്‍ മാത്രമായിരുന്നു, പിന്നെ കുറച്ചു പൊളിറ്റിക്‌സുമായിട്ടു വന്നു, അതുകഴിഞ്ഞ് ജനപ്രതിനിധിയുമായി. ഇതെല്ലാം പരസ്പര പൂരകങ്ങളാണ്. അഭിഭാഷക എന്ന നിലയില്‍ അത്രയും വര്‍ഷത്തെ അനുഭവപരിചയം ഒരുപാട് ഗുണം ചെയ്തു. പൊളിറ്റിക്‌സില്‍ വന്നതോടെ എനിക്ക് വളരെ വലിയ മാറ്റമുണ്ടായി.

Q

പൊതുരംഗത്ത് നിന്ന് മാറിനിന്നിരുന്ന അന്നത്തെ അയിഷയെക്കുറിച്ച് പഴയ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ പിന്നീട് ഓര്‍മ്മിപ്പിക്കാറുണ്ടാകില്ലേ. അവരുടെ സന്തോഷവും എങ്ങനെയാണ് സ്വാധീനിച്ചത്?

A

സത്യം. ഡിഗ്രിക്ക് പഠിച്ചത് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലായിരുന്നു. ഹോസ്റ്റലിലൊന്നും നിര്‍ത്താന്‍ അച്ഛന് ഇഷ്ടമില്ലല്ലോ. എല്‍.എല്‍.ബിക്കു പഠിക്കുമ്പോള്‍ മാത്രമാണ് ഹോസ്റ്റലില്‍ നിന്നത്. ഒരു ആശ്രമത്തിന്റെ. അന്ന് കൂടെ പഠിച്ചവരൊക്കെ പറയും അയിഷ ഇങ്ങനെ മാറിയത് മഹാത്ഭുതങ്ങളിലൊന്നാണ് എന്ന്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായപ്പോള്‍ വാര്‍ത്ത കണ്ടു, കുറേയാളുകളൊക്കെ. പിള്ള സാറിനോട് ജയിച്ചപ്പോഴാണ് വലിയ വാര്‍ത്ത വന്നത്. അന്നേരമാണ് എല്ലാവരും ഇതറിയുന്നത്. 'വന്‍മരത്തെ വീഴ്ത്തി' എന്നായിരുന്നല്ലോ വാര്‍ത്ത.

എല്ലാവര്‍ക്കും വലിയ അത്ഭുതമാണ്, ഞാനെങ്ങനെ പൊളിറ്റിക്‌സിലായി എന്ന്. സഹപാഠികള്‍ക്ക് മുഴുവന്‍ അതിശയം തോന്നിയ കാര്യമാണ്. പിന്നെപ്പിന്നെ കേട്ടുകേട്ട് അവര്‍ക്കൊക്കെ ബോധ്യമായി. എന്നാലും എങ്ങനെ ഇങ്ങനെ മാറി എന്ന അതിശയം അവര്‍ക്കെല്ലാമുണ്ട്. ലോ അക്കാദമിയില്‍ കൂടെ പഠിച്ച സി.ജി. സുരേഷ് കുമാര്‍ പൊലീസില്‍ ഡി.വൈ.എസ്.പിയായാണ് വിരമിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ സി.ഐ ആയിരുന്നു. ''ഞങ്ങളുടെ കൂടെ ഒരു അയിഷ പഠിച്ചിരുന്നു. ആ അയിഷ തന്നെയാണോ ഇത്'' എന്ന് ഒരിക്കല്‍ ഞാനൊരു ഫങ്ഷനു പോയപ്പോള്‍ പതുക്കെ അടുത്തു വന്നു ചോദിച്ചു. അതൊക്കെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ്. അതൊക്കെ 2000-നുശേഷമുള്ള അനുഭവങ്ങളാണ്.

Q

നിയമനിര്‍മ്മാണസഭകളിലെ സ്ത്രീസംവരണത്തിന് പാര്‍ലമെന്റ് പാസ്സാക്കിയ നിയമം നടപ്പാക്കാന്‍ വൈകുകയാണല്ലോ. പക്ഷേ, സ്ത്രീസംവരണം സ്വന്തം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നടപ്പാക്കാന്‍ പാര്‍ട്ടികള്‍ക്കു തടസ്സമില്ല. വനിതാനേതാക്കള്‍ അത് ആലോചിക്കാറുണ്ടോ?

A

അങ്ങനെ തീരുമാനിക്കാതിരിക്കുന്നത് ശരിയല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അര്‍ഹമായ സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കു കിട്ടണം. ഞാനൊക്കെ വലിയ ആളാണെന്നല്ല പറയുന്നത്. പക്ഷേ, കഴിവുള്ള എത്രയോ സ്ത്രീകളുണ്ട്. അവരെ മുന്നോട്ടു കൊണ്ടുവരണം. എന്തൊക്കെ പറഞ്ഞാലും കുറേ തടസ്സങ്ങളുണ്ട്. ഞാനും ജമീലയുമൊക്കെ (മുന്‍ എം.എല്‍.എ ജമീല പ്രകാശം) ഒരുപാട് ചര്‍ച്ച ചെയ്യാറുള്ള കാര്യമാണ് ഇതൊക്കെ. വാചകത്തിലൂടെ പറഞ്ഞിട്ടു കാര്യമില്ല. ഈ മേധാവിത്വം മാറ്റണം, കഴിവുള്ളവരെ അംഗീകരിക്കണം. സ്ത്രീയെന്നു പറഞ്ഞാല്‍, ഐ.എ.എസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞാല്‍പ്പോലും ഭര്‍ത്താവിന്റെ ഒരു നിയന്ത്രണം അവിടെയുണ്ടാകും. വേറെയുള്ളവരുടെ ഭരണം. ഈ അനുഭവം ഔദ്യോഗികമായിട്ടല്ലെങ്കിലും സ്വകാര്യമായി പലരും നമ്മളോട് പറയാറുണ്ട്; ഒരു ജഡ്ജിപോലും പറഞ്ഞിട്ടുണ്ട്. അവര്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വീട്ടിലായാലും പൊതുസമൂഹത്തിലായാലും രാഷ്ട്രീയത്തിലായാലും ഇത്രയും പേരെ ഇങ്ങനെയാക്കി എന്നു പറയുന്നതല്ലാതെ 'യെസ്' മൂളുന്നവരോടല്ലാതെ ഇഷ്ടമില്ല. അല്ലെങ്കില്‍ അപ്പോള്‍ ഔട്ടാണ്. അതൊന്നും ശരിയേ അല്ല. എല്ലാവര്‍ക്കും ഡിസ്‌കസ് ചെയ്യാനുള്ള സ്വാതന്ത്ര്യം കൊടുക്കണം. അങ്ങനെയായാല്‍ ലോകം എന്തുമാത്രം മാറും എന്നറിയാമോ. സംശയമില്ലാത്ത കാര്യമാണത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കണം എന്നല്ല, ഞങ്ങള്‍ പറയുന്ന രീതിയില്‍ കേട്ടോണം എന്ന രീതി എങ്ങനെ അംഗീകരിക്കാന്‍ പറ്റും? അതുകൊണ്ട് അര്‍ഹമായത് കിട്ടണം. പക്ഷേ, പലപ്പോഴും സ്ത്രീകളും മുന്നോട്ടു വരുന്നില്ല എന്ന വസ്തുതയുമുണ്ട്.

ഒരിക്കല്‍ എന്റെ ഓഫീസിലെ ജൂണിയറിനോട് വളരെ മോശമായിട്ട് ഒരു ഗുമസ്തന്‍ പെരുമാറി. ആ കുട്ടി ഇങ്ങോട്ട് വന്നേയുള്ളൂ. പബ്ലിക്കിന്റെ മുന്നില്‍വെച്ച് വളരെ അപമാനകരമായ പെരുമാറ്റമുണ്ടായി. അടിയന്തരമായി അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പറഞ്ഞു. അത് എല്ലാവര്‍ക്കുമൊരു പാഠമായി. ഒരു പ്രശ്‌നം വന്നാലും പിടിച്ചുനില്‍ക്കാന്‍ സ്ത്രീകള്‍ പഠിക്കണം. ഞാന്‍ ഈ സ്ത്രീകളോടൊക്കെ പറയാറുണ്ട്. അതിനെന്താണ് വേണ്ടത്. ഈ സമൂഹം മാറണം. ബന്ധപ്പെട്ട എല്ലാവര്‍ക്കും ആ ഒരു ചിന്തയുണ്ടായാല്‍ മാത്രമേ കൂടുതല്‍ സ്ത്രീകള്‍ വരികയുള്ളൂ. ജനസംഖ്യയില്‍ 50 ശതമാനത്തിലധികം സ്ത്രീകളാണ്. പക്ഷേ, അതിനനുസരിച്ചുള്ള പ്രാതിനിധ്യം തീരുമാനങ്ങളില്‍ അവര്‍ക്കുണ്ടാകുന്നില്ല.

കേരളത്തില്‍ ഒരു വലിയ കാര്യമുണ്ടായത്, വി.എസ്. സര്‍ക്കാരിന്റെ കാലത്ത് സഖാവ് പാലൊളി മുഹമ്മദുകുട്ടി തദ്ദേശ സ്വയംഭരണ മന്ത്രിയായിരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാസംവരണം 50 ശതമാനമാക്കി നിയമം കൊണ്ടുവന്നു. ഞാന്‍ ആദ്യമായി നിയമസഭയില്‍ എത്തിയപ്പോഴായിരുന്നു അത്, അതൊരു മാതൃകയാണ്, കേരളത്തിന്റെ മാതൃക. അതിന്റെ റിസല്‍റ്റ് നമുക്കു കാണാന്‍ പറ്റി. കഴിവുള്ളവര്‍ ഉയര്‍ന്നുവരുന്നു, അല്ലാതെ ആരെങ്കിലും പറയുന്നത് ഏറ്റുപറയുന്നവരെയല്ല നമുക്കു വേണ്ടത്. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും കഴിവുള്ളവരെ, വിദ്യാഭ്യാസവും വിവരവുമുള്ളവരെ അര്‍ഹമായ സ്ഥാനങ്ങളിലെത്തിക്കണം. ചിലപ്പോള്‍ നേരത്തെ എല്ലാവര്‍ക്കും ഒരുപാട് പഠിക്കാന്‍ കഴിയണമെന്നില്ല. പക്ഷേ, ഈ കാലത്ത് പഠിക്കാന്‍ സാഹചര്യമുണ്ട്. അറിവുള്ളവരെ, പ്രായോഗിക മനോഭാവമുള്ളവരെ രാഷ്ട്രീയ പാര്‍ട്ടികളില്‍ കൊണ്ടുവരണം. അത് വേണ്ടത്ര ഉണ്ടാകുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കുറേ, അങ്ങനെ നടത്തി ഇങ്ങനെ നടത്തി എന്നൊക്കെ പറയുന്നുണ്ട്. പക്ഷേ, എത്രമാത്രം ഫീഡ്ബാക്ക് എടുത്ത് റിസല്‍റ്റ് നോക്കുന്നുണ്ട് നമ്മള്‍? വളരെ നല്ലൊരു ശതമാനം മുന്നോട്ടു വരുന്നില്ല എന്നാണ് കാണുന്നത്. ചെറിയൊരു ശതമാനമാണ് വരുന്നത്. അതും പേടിച്ചുപേടിച്ച്. എല്ലാ പാര്‍ട്ടിയിലുമുള്ള എത്ര പേരാണ് നമ്മളോടൊക്കെ ഈ കാര്യം സംസാരിക്കുന്നതെന്ന് അറിയാമോ. ഇങ്ങോട്ടു വന്നുകഴിഞ്ഞാല്‍ പലപ്പോഴും ഒന്നിലും ഒരു സ്വാതന്ത്ര്യം കൊടുക്കില്ല. പാര്‍ട്ടികളിലായാലും സ്വതന്ത്രമായി അഭിപ്രായം പറയുന്നവരോട് അവിടെ ഇരി എന്നു പറഞ്ഞുകഴിഞ്ഞാല്‍ ഇതൊക്കെ അവസാനം എവിടെച്ചെന്ന് എത്തും എന്നറിയില്ല. ഇതിനെയൊക്കെ എടുത്ത് ചവിട്ടി ദൂരെക്കളഞ്ഞിട്ടു പോകാനുള്ള തന്റേടം സ്ത്രീകള്‍ക്കുണ്ടാകണം. അതിനു തന്റേടമുള്ളവരാക്കി മാറ്റണമെങ്കില്‍ നല്ല ട്രെയിനിംഗ് കൊടുക്കണം. എന്റെയടുത്തു വരുന്നവരോടെല്ലാം പറയാറുണ്ട്. നിങ്ങള്‍ നല്ല ബോള്‍ഡാകണം. വയ്യെങ്കില്‍ കളഞ്ഞിട്ടു പാട്ടിനു പോയേക്കണം. തീരെ നിവൃത്തിയില്ല, എന്തെല്ലാം ഫൈറ്റ് ചെയ്തു നിന്നാലും രക്ഷയില്ല എന്ന സ്ഥിതിവന്നാല്‍ പിന്നെന്തിനു നില്‍ക്കണം. ഭര്‍ത്താവിന്റെ അടികൊണ്ട് മുഖമെല്ലാം കീറിയ ഒരു സ്ത്രീ ഇവിടെ ഈ സോഫയിലിരുന്നു സംസാരിച്ചു, ഒരിക്കല്‍. ചെറിയ ശമ്പളമെങ്കിലുമുള്ള ഒരു ജോലി വാങ്ങിത്തരാമോ എന്നു ചോദിച്ചു. പ്രമുഖമായ ഒരു കുടുംബത്തിലെ, അതിസുന്ദരിയായ സ്ത്രീ. മുഖത്ത് ആസിഡ് ഒഴിക്കും എന്നൊക്കെ ഭര്‍ത്താവ് പറഞ്ഞു. അതുകൊണ്ട്, സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്ത്രീകള്‍ പഠിക്കണം. അതിനു വിദ്യാഭ്യാസം ചെയ്യണം. അതിനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത്. എത്ര സാമ്പത്തികം ഇല്ലാത്തവരേയും പഠിപ്പിക്കാനാളുണ്ട്, ഇന്ന്. അതൊക്കെ ആര്‍ജ്ജിക്കുകയും പ്രായോഗികമായി മുന്നോട്ടു പോകുകയും ചെയ്യാനുള്ള ട്രെയിനിംഗ് കൊടുക്കുകയും വേണം. സിലബസില്‍ത്തന്നെ ഉള്‍പ്പെടുത്തണം കുറേ കാര്യങ്ങള്‍.

Q

പല നിയമസഭാസമിതികളുടേയും ഭാഗമായിരുന്നതിന്റെ അനുഭവങ്ങളുണ്ടല്ലോ. പ്രത്യേകിച്ചും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനുവേണ്ടിയുള്ള സമിതിയുടെ അധ്യക്ഷയായും പ്രവര്‍ത്തിച്ചു?

A

നിരവധി നിയമസഭാ സമിതികളുടെ ഭാഗമായി. വലിയ അനുഭവങ്ങളാണ് ഓരോന്നും. മൂന്നാമത് സാമാജിക ആയപ്പോഴാണ് അധ്യക്ഷയായത്. ഏറ്റവുമധികം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിന്റെ പേരില്‍ സ്പീക്കറുടെ പരാമര്‍ശം കിട്ടിയതും ആ സമയത്താണ്. 20 റിപ്പോര്‍ട്ടുകളാണ് കൊടുത്തത്. ഞങ്ങളെല്ലാവരുംകൂടി ചേര്‍ന്നുനടത്തിയ വലിയ പ്രയത്‌നമാണത്. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പ്രശ്‌നങ്ങള്‍ പഠിച്ചതും ഐ.ടി മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ചതുമൊക്കെ ആ കാലയളവിലാണ്. ആദ്യമായിട്ടാണ് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യാനും അന്വേഷിക്കാനും ആരെങ്കിലും വരുന്നത് എന്നു പറഞ്ഞ് അവര്‍ അന്തംവിട്ടു. അതിനുശേഷമാണ് ട്രാന്‍സ്ജെന്‍ഡേഴ്സിന്റേയും കൂടി പേര് സമിതിയുടെ പേരിന്റെ ഭാഗമായി ചേര്‍ത്തത്. ഇപ്പോഴത് സ്ത്രീകളുടേയും ട്രാന്‍സ്ജെന്‍ഡേഴ്സിന്റേയും കുട്ടികളുടേയും ക്ഷേമത്തിനുവേണ്ടിയുള്ള സമിതിയാണ്. അവര്‍ക്കൊരു പരിഗണനയുമുണ്ടായിരുന്നില്ല. എന്തൊരു സങ്കടമായിരുന്നെന്നോ. അവര്‍ വലിയതോതില്‍ കായികമായിക്കൂടി ആക്രമിക്കപ്പെട്ടിരുന്നു. ഡി.ജി.പിയും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുമുള്‍പ്പെടെ പങ്കെടുത്ത യോഗം വിളിച്ചുചേര്‍ത്തതുള്‍പ്പെടെ വലിയ ശ്രമങ്ങളാണ് സമിതി നടത്തിയത്. പാര്‍ട്ടിയും ഗവണ്‍മെന്റും വലിയ സഹായവും പിന്തുണയും നല്‍കി.

സഭാസമിതികള്‍ വഴി ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും, വലിയ അധികാരമുണ്ട് ഈ സമിതികള്‍ക്ക്. എം.എല്‍.എമാര്‍ മാത്രം ഉള്‍പ്പെട്ട സമിതികളാണല്ലോ. ക്ഷേമസമിതികള്‍ എന്ന നിലയിലും വിലപ്പെട്ട ശുപാര്‍ശകളാണ് നല്‍കുന്നത്. ജനങ്ങള്‍ക്ക് ഇതെല്ലാം വലിയ ഉപകാരമാണ്. സ്ത്രീകളുടേയും ട്രാന്‍സ്ജെന്‍ഡേഴ്സിന്റേയും കുട്ടികളുടേയും സമിതിക്കു മുന്നില്‍ എത്രത്തോളം ഹര്‍ജികളാണ് വരുന്നത്; അതില്‍ എത്രയെണ്ണം പരിഹരിക്കുന്നുണ്ടെന്നോ. വലിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഓരോ ജില്ലയിലും യോഗങ്ങള്‍ വിളിച്ച് പരിഹാരശ്രമങ്ങള്‍ നടത്തും. കുറേ പരാതികള്‍ കൃത്യമായി പരിഹരിക്കപ്പെടുകയും ചെയ്യും. ഉദ്യോഗസ്ഥതലത്തില്‍ ശരിയായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ സമിതി ശക്തമായ ഇടപെടല്‍ നടത്താറുണ്ട്. ഞങ്ങളുടെ ആദ്യ സിറ്റിംഗില്‍ത്തന്നെ ഒരച്ഛന്‍ സ്വര്‍ണ്ണവും പണവും കൊണ്ടുവന്നു മകളുടെ വിവാഹം നടത്തിക്കൊടുത്ത് അതു ഞങ്ങളെ അറിയിച്ചു. അങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. സമിതികളുടെ ശുപാര്‍ശകള്‍ മിക്കതും സര്‍ക്കാര്‍ അംഗീകരിക്കാറുണ്ട്.

ട്രാന്‍സ്ജെന്‍ഡേഴ്‌സിന്റെ കാര്യം പറഞ്ഞാല്‍, വലിയ ദുരിതമാണ് അവര്‍ കേരളത്തില്‍പ്പോലും അനുഭവിച്ചിരുന്നത്. പക്ഷേ, ഇപ്പോള്‍ അതിനു കുറേയൊക്കെ മാറ്റമുണ്ടായി. എത്ര വിദ്യാഭ്യാസം നേടിയാലും അവര്‍ ശരീരം ഉപയോഗിച്ചു ജീവിക്കണം എന്നാണ് സമൂഹത്തിലൊരു വിഭാഗമെങ്കിലും കരുതുന്നത്. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ വലിയ രീതിയില്‍ അവരെ സഹായിക്കുന്നുണ്ട് ഇപ്പോള്‍. സര്‍ജറിയിലും ജോലി കിട്ടാനുമൊക്കെ ആ സഹായമുണ്ടാകുന്നുണ്ട്. കുറേ മാറ്റങ്ങള്‍ വന്നു. ആ സമിതിയുടെ ശുപാര്‍ശകള്‍ക്ക് ഇതിലൊക്കെ ഒരു പങ്കുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇപ്പോള്‍ വളരെ കുറഞ്ഞു. മോശപ്പെട്ട മനോഭാവമുള്ളവര്‍ എല്ലാ സമൂഹത്തിലും എപ്പോഴും കുറേപ്പേരെങ്കിലും ഉണ്ടാകുമല്ലോ. അതിന്റെ പ്രശ്‌നങ്ങള്‍ മാറാന്‍ വലിയ പ്രചാരണപരിപാടികള്‍ ഇനിയും വേണം. ട്രാന്‍സ്ജെന്‍ഡര്‍ ആകുന്നത് അവരുടെ കുറ്റമല്ല എന്നു പൊതുസമൂഹം മനസ്സിലാക്കണം.

Q

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇടപെടാന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമമനുസരിച്ചുള്ള ഇന്റേണല്‍ കമ്മിറ്റികളെ നമ്മള്‍ എങ്ങനെ സ്ത്രീകള്‍ക്ക് പ്രയോജനമുള്ളതാക്കി മാറ്റും. കേരളത്തില്‍പ്പോലും സമിതികളുടെ സ്ഥിതി അത്ര മെച്ചമല്ല എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലേ?

A

തൊഴിലിടത്തെ സുരക്ഷിതത്വവും പരാതികളില്‍ നീതിയും സ്ത്രീകള്‍ കുറച്ചു ബലം പ്രയോഗിച്ചു നേടിയെടുക്കുകതന്നെ ചെയ്യേണ്ട സ്ഥിതിയാണ് ഇപ്പോള്‍. സമൂഹത്തില്‍ മൊത്തത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷ കുറവായിരിക്കുന്നതിന്റെ ഭാഗമായാണ് തൊഴിലിടത്തും അവര്‍ക്ക് മോശപ്പെട്ട പെരുമാറ്റങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നത്. സ്ത്രീധന പീഡനവും കൊലകളും ബലാത്സംഗങ്ങളും തുടര്‍സംഭവങ്ങളായി മാറുന്നു, ഞാന്‍ എപ്പോഴും പറയാറുള്ളത്, നിയമത്തോടൊപ്പം തന്നെ പെണ്‍കുട്ടികള്‍ക്ക് ഉറച്ച വ്യക്തിത്വവും രൂപപ്പെടുത്താന്‍ അവസരം ഉണ്ടാക്കണമെന്നാണ്. അവര്‍ക്ക് ഏതു സാഹചര്യത്തേയും പതറാതെ നേരിടാന്‍ കഴിയണം. സ്ട്രോംഗായിട്ട് നില്‍ക്കാന്‍ കഴിയണം. ഇപ്പോള്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഒരുപാടു ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തുവന്നു. പക്ഷേ, എത്ര പേര്‍ അതില്‍ ഉറച്ചുനില്‍ക്കാന്‍ തയ്യാറാകുന്നുണ്ട്? നമ്മള്‍ കാണുന്നതിനപ്പുറമുള്ള ശക്തികളുടെ വലിയ ഭീഷണിയും സമ്മര്‍ദ്ദവുംകൊണ്ടാണ് അവര്‍ തയ്യാറാകാത്തത്. ഇതാണ് സ്ഥിതി. ബാര്‍ അസോസിയേഷനില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ ജോലിചെയ്യുന്ന എല്ലായിടത്തും വേണ്ടതാണ് ഇന്റേണല്‍ കമ്മിറ്റി. 2013-ലെ പോഷ് (പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്മെന്റ്) ആക്റ്റ് പറയുന്ന രീതിയില്‍ കാര്യങ്ങള്‍ നടപ്പായാല്‍ കുറേയൊക്കെ മാറ്റങ്ങള്‍ വരും. നിഷ്പക്ഷരായ, ഒരു ചായ്വും ഇല്ലാത്തവരായിരിക്കണം അതിലൊക്കെ ഉള്ളത്. തന്റേടമുള്ളവരായിരിക്കണം. വനിതാ കമ്മിഷനിലുള്‍പ്പെടെ അങ്ങനെയുള്ളവരെ ഉള്‍പ്പെടുത്തണം. ഇന്റേണല്‍ കമ്മിറ്റിയാണെങ്കിലും അതിലുള്ളവര്‍ പക്ഷംപിടിക്കാന്‍ പാടില്ല. നിഷ്പക്ഷമായും നീതി നടപ്പാകുന്ന വിധവും തീരുമാനമെടുക്കാന്‍ കഴിയണം. അല്ലാതെ, പോട്ടെ എന്നൊക്കെപ്പറഞ്ഞ് നിസ്സാരമാക്കി വിടുമ്പോഴാണ് വീണ്ടും ആവര്‍ത്തിക്കുന്ന സാഹചര്യമുണ്ടാവുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളിലും ഇതാണ് സംഭവിക്കാന്‍ പോകുന്നത്. ബാര്‍ കൗണ്‍സിലില്‍ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ ചില ശ്രമങ്ങളൊക്കെ നടത്തി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് ശുപാര്‍ശ കൊടുത്തിരുന്നു. പക്ഷേ, ഫലത്തിലാവുക എന്നതാണ് പ്രധാനം. ഗവണ്‍മെന്റ് തലത്തില്‍ക്കൂടി ശക്തമായ തുടര്‍നടപടികള്‍ ഉണ്ടാകണം. ഇത് ഇങ്ങനെ കൊടുത്തിട്ട് അവിടെ ഇരുന്നിട്ടു കാര്യമില്ലല്ലോ. അതിന്റെ ഫീഡ്ബാക്ക് എന്താണെന്നു നോക്കണം. ഈയിടെ ഞാന്‍ കെ.എസ്.ഇ.ബിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. വളരെ നല്ല നിലയില്‍ ഇന്റേണല്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അത്. അങ്ങനെ എവിടെയെങ്കിലുമുണ്ട് എന്നു കേട്ടപ്പോള്‍ വലിയ സന്തോഷം. അങ്ങനെ വളരെ കുറച്ചു സ്ഥലങ്ങളില്‍ മാത്രമാണ് കുറേയെങ്കിലും ഫലപ്രദമായി നടക്കുന്നത്. വ്യാപകമായി അത് വരികയും നല്ല ബോധവല്‍ക്കരണം കൊടുക്കുകയും വേണം. സ്ത്രീകളുടെ വലിയ പോരാട്ടങ്ങളുടെ ഫലമായാണ് ഇത്രയെങ്കിലുമുണ്ടായത്. അത് ഫലപ്രദമായി നിലനിര്‍ത്താന്‍ കഴിയണം. ഇപ്പോള്‍ത്തന്നെ, വനിതാസംവരണ ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയിട്ടും അത് നടപ്പാക്കാതെ 2029-ല്‍ നടപ്പാക്കുമെന്നാണ് പറയുന്നത്. ഇപ്പോള്‍ നടപ്പാക്കാന്‍ എന്താണ് തടസ്സം. ഇനി വേണമെങ്കില്‍ 2029 ആകുമ്പോള്‍ അതിന്റെ ചട്ടങ്ങള്‍ ശരിയായിട്ടില്ല, അടുത്ത തവണയാകട്ടെ എന്നു പറഞ്ഞേക്കും. എങ്ങനെ നടപ്പാക്കാതിരിക്കാം എന്നാണ് നോക്കുന്നത്. കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം നടപ്പായതിന്റെ ഭാഗമായ സ്ത്രീമുന്നേറ്റം ചെറുതല്ലല്ലോ. അതുപോലെ നിയമനിര്‍മ്മാണസഭകളിലും രാജ്യവ്യാപകമായി സ്ത്രീപ്രാതിനിധ്യം വര്‍ദ്ധിച്ചാല്‍ എത്ര വലിയ മുന്നേറ്റമായിരിക്കും അത്.

Q

ആദ്യമായി നിയമസഭയില്‍ ജയിച്ചു ചെന്നതിന്റെ അനുഭവം എങ്ങനെയായിരുന്നു?

A

വളരെ രസകരമായ അനുഭവങ്ങളുണ്ട്, ഹൃദയത്തില്‍ തട്ടിയ അനുഭവങ്ങളുമുണ്ട്. ജയിച്ചപ്പോള്‍ ജനങ്ങളുടെ ആഹ്ലാദപ്രകടനം ഒരിക്കലും മറക്കാന്‍ പറ്റില്ല. തൊഴിലാളികളും സ്ത്രീകളുമുള്‍പ്പെടെ കാണിച്ച വലിയ സന്തോഷമുണ്ട്. എപ്പോഴും എന്റെ മനസ്സില്‍ വരുന്ന ഒരു ചിത്രമാണ്, ജയിച്ച ആ ആവേശം. അതെല്ലാം കഴിഞ്ഞ് അസംബ്ലിയിലേക്ക് ചെല്ലുമ്പോള്‍ ജില്ലാ പഞ്ചായത്തിനേക്കാളൊക്കെ വളരെ വലിയ സഭയാണല്ലോ. എങ്കില്‍പ്പോലും ജില്ലാ പഞ്ചായത്തിലെ എക്‌സ്പീരിയന്‍സ് വളരെ ഉപകാരപ്പെട്ടു. അതുപോലെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത അനുഭവവും അവിടെ ഉപകാരപ്പെട്ടു, കൂടുതല്‍ ഇടപെടാന്‍.

2006-ല്‍ ജയിച്ചു ചെന്നശേഷം ഗവര്‍ണറുടെ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച. സീനിയര്‍ അംഗങ്ങളൊക്കെയാണ് സംസാരിക്കുന്നത്. ആ ചര്‍ച്ചയില്‍ ഞാനില്ല; വന്നല്ലേയുള്ളൂ. എങ്കിലും, എപ്പോഴാണോ ഒന്നു സംസാരിക്കാന്‍ അവസരം കിട്ടുന്നത്, കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചാണ് ഇരുന്നത്. അപ്പോഴാണ് ഭാഗ്യത്തിന് ബി. രാഘവന്‍ സഖാവിന്റെ ഒരു പത്ത് മിനിറ്റ് അപ്രതീക്ഷിതമായി എനിക്കു കിട്ടിയത്. നെടുവത്തൂര്‍ എം.എല്‍.എ ആയിരുന്ന അദ്ദേഹം ഇന്ന് ഇല്ല. അയിഷാ പോറ്റീ, എനിക്കൊരു പത്ത് മിനിറ്റുണ്ട്. പക്ഷേ, വേറെ ഒരു അത്യാവശ്യത്തിനു പോകണം, സഖാവ് ആ സമയത്ത് സംസാരിക്കാമോ എന്നു ചോദിച്ചു. ഹൊ, ഇതുപോലെയൊരു സന്തോഷമില്ല. നാട്ടിലുള്ള കാര്യങ്ങളൊക്കെ കിട്ടിയ ആ പത്ത് മിനിറ്റില്‍ ഞാന്‍ പറഞ്ഞു. അത് ഇടയ്ക്കിടെ ചാനലിലൊക്കെ കാണിക്കുമായിരുന്നു ആ സമയത്ത്. സഭയിലെ ആദ്യപ്രസംഗം മറക്കാനാകാത്ത അനുഭവമായി. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം നവാഗതയായ എനിക്കു തന്ന വിലപ്പെട്ട സ്വന്തം പത്ത് മിനിറ്റ് നിസ്സാരമല്ല. എനിക്കുതന്നെ തരാന്‍ തോന്നിയല്ലോ. വേറൊരു സീനിയറിനു കൊടുക്കാമല്ലോ. പക്ഷേ, ഒരു സ്ത്രീയും ആദ്യമായി വന്ന ആളും എന്നതായിരിക്കണം ആ പരിഗണനയ്ക്കു കാരണം. ചിലപ്പോള്‍ ഞാനറിയാത്ത ഒരു ആശയവിനിമയം പാര്‍ട്ടിയില്‍ ആ കാര്യത്തില്‍ നടന്നിട്ടുണ്ടാകാം. എന്തായാലും എനിക്കത് ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി ആയിരുന്നു.

സത്യപ്രതിജ്ഞ ചെയ്തു വന്ന പിറകേ ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ മീറ്റ് ദ പ്രസിലേക്ക് ക്ഷണിച്ചു. അതില്‍ പങ്കെടുക്കുന്നതിനു മുന്‍പുതന്നെ നമ്മുടെ നാട്ടുകാരും സഖാക്കളുമൊക്കെ നാടിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. സിവില്‍ സ്റ്റേഷനില്ല, ആശുപത്രിയുടെ സൗകര്യക്കുറവുകള്‍ അങ്ങനെ പലതും. എവിടെ തുടങ്ങണം എന്ന് അറിയാത്ത അവസ്ഥ. ഞാനിതെല്ലാം എഴുതി ലിസ്റ്റാക്കി. എന്നിട്ട് ഓരോന്നായി ചെയ്തു. ആദ്യത്തേതായിരുന്നു കോടതി സമുച്ചയം. അന്നത്തെ അഞ്ചു കോടിയുടെ പദ്ധതിയാണ്. പിന്നെ സിവില്‍ സ്റ്റേഷന്‍ തുടങ്ങി ജനങ്ങള്‍ എത്രയോ കാലമായി ആഗ്രഹിച്ചിരുന്നതിനെല്ലാം തുടക്കം കുറിച്ചു, യാഥാര്‍ത്ഥ്യമാക്കി. എല്ലാവരുടേയും സഹായവും പിന്തുണയും ഉറപ്പാക്കി. വെറുതേയിരിക്കാതെ മന്ത്രിമാരുടെയടുത്തും അനുഭവപരിചയമുള്ളവരുടെ അടുത്തുമൊക്കെ കയറിയിറങ്ങി. പാര്‍ട്ടി കമ്മിറ്റിയിലും ചര്‍ച്ച ചെയ്തു. ഓരോന്നോരോന്ന് ഇങ്ങനെ വരുമ്പോള്‍ വലിയ സന്തോഷമായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ നവീകരിച്ചു, ഫയര്‍ സ്റ്റേഷന്‍ കൊണ്ടുവന്നു അങ്ങനെ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. സമ്പൂര്‍ണ്ണ വൈദ്യുതീകരണവും സംസ്ഥാനത്തെ മൂന്നാമത്തെ സമ്പൂര്‍ണ്ണ ഇ-ലേണിംഗ് മണ്ഡലമാക്കിയതുമൊക്കെ ആ കാലത്താണ്. വടക്കേക്കരയും പിറവവും കഴിഞ്ഞാല്‍ കൊട്ടാരക്കരയായിരുന്നു. ആദ്യ ടേമില്‍ത്തന്നെ കഴിയുന്നത്ര ചെയ്യാനായിരുന്നു ശ്രമം. അതോടെ കഴിയും എന്നായിരുന്നു കരുതിയത്. നോക്കുമ്പോള്‍ വീണ്ടും പാര്‍ട്ടി എന്നെത്തന്നെ ചുമതലയേല്പിച്ചു. അതോടെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. 2006-2011-ല്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റാണ് എന്നത് ഈ കാര്യങ്ങളൊക്കെ ചെയ്തു തീര്‍ക്കാന്‍ ഏറെ ഉപകാരപ്പെട്ടു. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ എണ്ണമൊക്കെ കുത്തനേ കൂട്ടി. 11 ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നത് 21 ആക്കി, അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ടീച്ചറിന്റെയൊക്കെ വലിയ പിന്തുണ കിട്ടി. പക്ഷേ, ഭരണപക്ഷ എം.എല്‍.എയാണ് എന്നുവച്ച് ഇരുന്നതുകൊണ്ട് ഒന്നും ഇങ്ങോട്ടു വരില്ല. ഇടപെടല്‍ വേണം. പിറകേ നടന്നു വാങ്ങിക്കണം, നമ്മുടെ മണ്ഡലത്തിന് എന്താ വേണ്ടതെന്ന് അവര്‍ക്കറിയില്ലല്ലോ, ജനപ്രതിനിധിക്കു മാത്രമേ അറിയുകയുള്ളൂ. നല്ല പ്രയത്‌നം നടത്തണം. അതിനു ഫലവുമുണ്ടാകും. പിന്നീട് യു.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ സത്യത്തില്‍ കുറച്ചു ബുദ്ധിമുട്ടു വന്നു. സിവില്‍ സ്റ്റേഷന്റെ പണിയൊക്കെ നിന്നുപോയി. ഞാന്‍ ഒത്തിരി വിഷമിച്ചു. മിക്കവാറും തീരാറായിട്ടും പെട്ടെന്നങ്ങു നിന്നു. ഞാന്‍ എന്തെല്ലാം ശ്രമിച്ചിട്ടും ആ ഫയല്‍ നീങ്ങുന്നില്ല. രാഷ്ട്രീയം തന്നെയാണ് കാരണം. അത് ഇത്തരം കാര്യങ്ങളില്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. പിന്നീട് അടുത്ത ടേമിലാണ് ബാക്കി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. ഇടതുപക്ഷ സര്‍ക്കാര്‍ പക്ഷേ, ഒറ്റ ആളോടും അങ്ങനെ വിവേചനം കാണിക്കുന്നില്ലല്ലോ. രണ്ടും ഞാന്‍ കണ്ടു; രണ്ടു കൂട്ടരുടേയും സമീപനം കണ്ടു. ഇപ്പോഴാണെങ്കില്‍ കിഫ്ബിയില്‍പ്പെടുത്തി എല്ലാ എം.എല്‍.എമാര്‍ക്കും പദ്ധതികള്‍ കൊടുക്കുന്നുണ്ട്. എല്‍.ഡി.എഫ് എന്നോ യു.ഡി.എഫ് എന്നോ ഭേദമില്ലല്ലോ. എല്ലാ സ്‌കൂളുകളും നന്നായി. അങ്ങനെ വേണം. അല്ലാതെ അതില്‍ രാഷ്ട്രീയം പാടില്ല. ജനങ്ങളല്ലേ എല്ലാവരേയും തെരഞ്ഞെടുക്കുന്നത്.

Q

മക്കളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ച ആളാണല്ലോ. പക്ഷേ, പിന്നീട് അവരുടെ പഠനവും വളര്‍ച്ചയും തിരക്കുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും കൂടി എങ്ങനെയാണ് കൊണ്ടുപോയത്?

A

കുട്ടികള്‍ക്ക് ഞാനൊരു ഫൗണ്ടേഷന്‍ കൊടുത്തിരുന്നു. അഭിഭാഷക മാത്രമായിരുന്നപ്പോള്‍ കുറച്ചുസമയം കിട്ടിയിരുന്നു, കക്ഷികള്‍ വീട്ടിലും വരുമെങ്കിലും. രാത്രിയിലിരുന്ന് എല്ലാം പഠിപ്പിച്ചു കൊടുക്കുമായിരുന്നു. ഇവിടെ വരുന്ന കക്ഷികള്‍ പറയുന്നതു കേട്ടുകേട്ടാണ് മോളൊക്കെ പഠിക്കുന്നത്. അതിന്റേതായ ഗുണങ്ങള്‍ അവള്‍ക്കുണ്ടായിട്ടുണ്ട്. മോന്‍ കുറേക്കൂടി കുഞ്ഞായിരുന്നു. അവള്‍ അവിടെയിരുന്ന് പഠിക്കുമ്പോഴാണ് എന്നോട് സ്ത്രീകള്‍ ഇവിടെയിരുന്ന് അവരുടെ പ്രശ്‌നങ്ങള്‍ പറയുക. പഠിക്കുന്നതിനിടയ്ക്ക് കുറേയൊക്കെ കേള്‍ക്കുമല്ലോ. ജീവിതം കേള്‍ക്കാനും എന്റെ ജീവിതം കാണാനും അവള്‍ക്കു പറ്റി. കുട്ടികള്‍ നമ്മളെ മനസ്സിലാക്കിയാണ് വളര്‍ന്നത്. ചിലപ്പോഴൊക്കെ സങ്കടം വന്നിട്ടുണ്ട്: അമ്മേടെ അടുത്തൊന്ന് ഇരുന്നിട്ട് എത്ര നാളായി എന്നു മക്കള്‍ പറയുമ്പോള്‍. മോന്റെ കൗമാരത്തിലൊക്കെ എന്നെ വല്ലാതെ മിസ്സാകുന്നുണ്ടായിരുന്നു. പക്ഷേ, മോള്‍ മോനെയും കൂടി കെയര്‍ ചെയ്യുമായിരുന്നു. നല്ല മിടുക്കരായിട്ടങ്ങ് പഠിച്ചു. അതുകൊണ്ട് എനിക്ക് വിഷമം വന്നില്ല. ഫോണില്‍ എപ്പോഴും വിളിക്കുമെങ്കിലും എന്റെ സാന്നിധ്യവും സാമീപ്യവും കിട്ടാതിരുന്നതിന്റെ സങ്കടമുണ്ടായിരുന്നു. മോള്‍ ടി.കെ.എം എന്‍ജിനീയറിംഗ് കോളേജില്‍നിന്ന് എം.ബി.എ കഴിഞ്ഞ് ബോംബെയില്‍ പഠിച്ചു. അവിടെ നിന്ന് കാമ്പസ് സെലക്ഷന്‍ കിട്ടി ബാങ്കില്‍ ജോലിയായി. ചീഫ് മാനേജരാണ്. മരുമോനും അവിടെത്തന്നെ. ജോലി കിട്ടിക്കഴിഞ്ഞ് അവള്‍ ഒരു എം.ബി.എ കൂടി എടുത്തു. മോന്‍ ഡോക്ടറാണ്, സര്‍ജന്‍; മരുമകള്‍ ഫിസിഷ്യനാണ്.

എന്‍. ശക്തന്‍
എന്‍. ശക്തന്‍
Q

2011-ല്‍ എന്‍. ശക്തനെതിരെ എല്‍.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായിരുന്നല്ലോ. ആ അനുഭവം?

A

അതു വലിയ ഒരു അംഗീകാരമായിരുന്നു. ഞാന്‍ രണ്ടാംവട്ടം എം.എല്‍.എ ആയ ആള്‍. എന്നെക്കാള്‍ സീനിയര്‍ നേതാക്കള്‍ സഭയില്‍ ഉണ്ടായിരിക്കുമ്പോഴാണല്ലോ. കോടിയേരി സഖാവാണ് എന്നെ വിളിച്ചുപറഞ്ഞത്, സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാണെന്ന്. ജയിക്കില്ല എന്നറിയാം; സഭയില്‍ ഭൂരിപക്ഷം യു.ഡി.എഫിനാണ്. പക്ഷേ, ഒരു വോട്ട് കൂടുതല്‍ കിട്ടി. കേരള കോണ്‍ഗ്രസ് ബി നമുക്കാണ് വോട്ട് ചെയ്തത്. ഇപ്പുറത്തേക്ക് അന്നു വന്നിട്ടില്ലായിരുന്നെങ്കിലും സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കെ.ബി. ഗണേഷ് കുമാര്‍ എല്‍.ഡി.എഫിനാണ് ചെയ്തത്.

പിന്നെ, എന്നെ മന്ത്രിയാക്കിയോ സ്പീക്കറാക്കിയോ എന്നതൊന്നും പ്രസക്തമായ കാര്യങ്ങളേ അല്ല, ജനപ്രതിനിധി എന്നത് വലിയ സ്ഥാനമാണ്. അവിടേക്ക് എത്തിച്ചില്ലേ. മണ്ഡലത്തില്‍ ഓടിനടന്നു പ്രവര്‍ത്തിച്ച് ജനപ്രതിനിധിയുടെ ജോലി നന്നായി ചെയ്തു. ഒരൊറ്റയാളും എന്നേക്കുറിച്ച് വിഷമം പറയില്ല എന്നുറപ്പുണ്ട്. അത്രയ്ക്ക് ആളുകള്‍ക്ക് അപ്രോച്ചബ്ള്‍ ആയാണ് നിന്നത്. ഞാന്‍ അങ്ങനെയല്ലാതിരുന്നാല്‍ അത് പാര്‍ട്ടിയെക്കൂടി ബാധിക്കില്ലേ. പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്വമാണല്ലോ. പാര്‍ട്ടിയുടെ മുഖം എന്നു പറയുന്നത് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ഓരോ ആളുടേയും പ്രവര്‍ത്തനങ്ങളും സമീപനവുമാണല്ലോ. ഒരുപാടു പേരുടെ മുഖമാണ് പാര്‍ട്ടിയുടെ മുഖം. എന്നെ ഏല്പിച്ച ജോലി ഞാന്‍ നന്നായി ചെയ്തു.

Q

പാര്‍ട്ടിയില്‍നിന്ന് അകന്നുനില്‍ക്കുന്നു, രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു തുടങ്ങിയ വാര്‍ത്തകളുടെ വസ്തുത എന്താണ്? എന്താണ് സംഭവിക്കുന്നത്, സത്യത്തില്‍?

A

കഴിഞ്ഞ സമ്മേളനത്തില്‍ എന്നെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി, നിലവില്‍ ജില്ലാ കമ്മിറ്റി അംഗമാണ്. 2000 മുതല്‍ ഏരിയ കമ്മിറ്റിയിലുണ്ട്. നന്നായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. എം.എല്‍.എ അല്ലാതായി എന്നത് പാര്‍ട്ടി പ്രവര്‍ത്തനത്തിനു ബാധകമല്ലല്ലോ. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികവും ഓടിനടന്ന് പ്രവര്‍ത്തിക്കുക തന്നെയായിരുന്നു. എന്താ സംഭവിച്ചതെന്നറിയാമോ? കെ.എന്‍. ബാലഗോപാല്‍ സഖാവ് മത്സരിക്കാന്‍ വന്നപ്പോള്‍, 2021 മാര്‍ച്ചില്‍, എല്ലാവരും കൂടി ഓഫീസുകള്‍ കയറുകയായിരുന്നു. അങ്ങനെ സിവില്‍ സ്റ്റേഷനില്‍ പോയി. സ്റ്റെപ്പ് ഇറങ്ങിയപ്പോള്‍ ആളുകളുടെ തള്ളലുണ്ടായി. അദ്ദേഹം പ്രധാനപ്പെട്ട നേതാവായതുകൊണ്ട് കൈകൊടുക്കാനും മറ്റും ആളുകളുടെ തള്ളലുണ്ടായതാണ്. ഞാന്‍ ആ സ്റ്റെപ്പില്‍നിന്നു വഴുതി. ചെരുപ്പും ഊരിപ്പോയി, ഉപ്പൂറ്റി ഇടിച്ചു. കൈവരിയില്‍ പിടിച്ചതുകൊണ്ട് ഇടിച്ചുവീണില്ല. കാലിനു ഭയങ്കര വേദന വന്നു. ഞാന്‍ അതത്ര കാര്യമാക്കിയില്ല. വേദന സഹിക്കാതെ ഡോക്ടറെ കാണിച്ചപ്പോള്‍ പൊട്ടലൊന്നുമില്ല, ഉണ്ടെങ്കില്‍ നീര് വന്നേനേ എന്നു പറഞ്ഞു. നോക്കിയപ്പോള്‍ ഒന്നും കാണാനില്ല. ബാന്റേജ് ഇട്ടു, ഗുളികയൊക്കെ തന്നുവിട്ടു. പക്ഷേ, എന്നും വേദനയാണ്. അതും വെച്ചുകൊണ്ട് മണ്ഡലം മുഴുവന്‍ ഓടിനടന്നു. തെരഞ്ഞെടുപ്പല്ലേ, മാറിനില്‍ക്കാന്‍ പറ്റുമോ? ജയിച്ചേ തീരൂ. വേദന കൂടിക്കൂടി വന്നെങ്കിലും സാരമില്ല, തെരഞ്ഞെടുപ്പ് കഴിയട്ടെ എന്നുവച്ചു. ഇലക്ഷന്‍ കഴിഞ്ഞപ്പോഴേയ്ക്കും ഒരിഞ്ച് നടക്കാന്‍ വയ്യ. ചേട്ടന്‍ എന്നെ താങ്ങിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. എക്‌സ്റേയില്‍ ഒന്നും കാണാനില്ല, എം.ആര്‍.ഐ ചെയ്യാന്‍ പറഞ്ഞു. എം.ആര്‍.ഐ ചെയ്തുകൊണ്ടിരുന്നപ്പോഴേ ആ ടെക്നീഷ്യന്‍ പറഞ്ഞു, കാല് പ്രശ്‌നമുണ്ട് എന്ന്. കാരണം ലിഗമെന്റിനു പൊട്ടലുണ്ടായിരുന്നു. അത് കൊണ്ടുനടന്നപ്പോള്‍ പ്രശ്‌നമായി. എനിക്കത് പറയാന്‍തന്നെ വിഷമമുണ്ട്. പ്ലാസ്റ്ററിട്ട് അന്നു കിടന്നാല്‍ മതിയായിരുന്നു. അന്നേരമൊന്ന് ശ്രദ്ധിച്ചാല്‍ മതിയായിരുന്നു. പക്ഷേ, പ്ലാസ്റ്ററിട്ട് കിടന്നാല്‍ ആ സമയത്തെ ഓട്ടം പറ്റില്ലല്ലോ. അതുകഴിഞ്ഞ് പ്ലാസ്റ്ററിട്ട് കിടക്കേണ്ടിവന്നു. എന്നിട്ടും ശരിയായില്ല. കുറേയൊക്കെ ശരിയായിക്കഴിഞ്ഞ് ''അത്ര വാക്കല്ലാതെ'', പാദം ചൊവ്വിനു ചവിട്ടാന്‍ വയ്യാതെ നടക്കുമാരുന്നു; ആളുകള്‍ക്ക് അത്ര പെട്ടെന്നു മനസ്സിലാകില്ലെങ്കിലും. അപ്പോഴാണ് ഗോവിന്ദന്‍ മാഷിന്റെ യാത്ര വന്നത്; കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17-ന്. എനിക്ക് ഇവിടുന്ന് അങ്ങോട്ടു പോയാല്‍ മതി. എപ്പോഴും ഡ്രൈവറെ വിളിച്ച് പോകേണ്ടല്ലോ, ചെറിയ ദൂരമല്ലേ എന്നോര്‍ത്ത് ഓട്ടോ വിളിച്ചാണ് പോയത്. കച്ചേരിമുക്കില്‍ ഒരു സ്പീഡ് ബ്രേക്കറുണ്ട്. നല്ല വേഗത്തില്‍ പോയ വണ്ടി അതില്‍ കയറി ചാടി. ഞാന്‍ മുകളിലേക്ക് തെറിച്ച് സീറ്റിലങ്ങ് ഇരുന്നുപോയി. ജീവന്‍ പോയ വേദനയായിരുന്നു. ഇടുപ്പിനു ചെറിയ പൊട്ടലുണ്ടെന്ന് പിന്നീട് മനസ്സിലായി. അപ്പോഴേ നടുവേദന ഉണ്ടായിരുന്നു. ഞാന്‍ ആ വേദിയില്‍ എങ്ങനെയോ കയറി ഇരുന്നു. അവിടിരുന്നുകൊണ്ട് ജില്ലാ സെക്രട്ടറി സുദേവന്‍ സഖാവിന് ഒരു മെസ്സേജ് അയച്ചു: വ്യക്തിപരമായ കാരണങ്ങളാല്‍ മൂന്നു മാസത്തെ അവധി വേണം എന്ന്. ചികിത്സയ്ക്കു പോകാനായിരുന്നു. കാലിന്റെ വേദന പൂര്‍ണ്ണമായും മാറാത്തതും നടുവിന്റെ വേദനയും എല്ലാംകൂടിയായപ്പോള്‍ നല്ല പ്രയാസമായി, നടുവിനു ബുദ്ധിമുട്ട് വന്നാല്‍ കാലിന്റെ വേദനയും കൂടുമല്ലോ. പല പല ചികിത്സയായിട്ടും വലിയ മാറ്റമൊന്നും കാണുന്നില്ല. ആ അവസ്ഥയില്‍, ആരെയെങ്കിലും കമ്മിറ്റിയിലേക്ക് മാറ്റിയെടുക്കാന്‍ അഭ്യര്‍ത്ഥിച്ച് ഞാന്‍ ജില്ലാ സെക്രട്ടറിക്ക് മെസ്സേജ് അയച്ചു.

പക്ഷേ, ഇപ്പോള്‍ ഞാന്‍ ഓക്കെ ആയി. ഓണം കഴിഞ്ഞ് വര്‍ക്കലയില്‍ സര്‍ക്കാരിന്റെ നാച്ചുറോപ്പതി ചികിത്സാകേന്ദ്രത്തില്‍ പോയി പത്ത് ദിവസം ചികിത്സിച്ചു.

Q

അപ്പോള്‍ ഇനി പാര്‍ട്ടിയില്‍ സജീവമാവുകയാണോ?

A

പാര്‍ട്ടിയില്‍ സജീവമാകണോ വേണ്ടയോ അതോ വക്കീലാഫീസില്‍ സജീവമാകണോ എന്നാണ്. വക്കീലാഫീസില്‍ സജീവമാകുന്നതാണ് എനിക്ക് ഒന്നുകൂടി താല്പര്യം. ഇതേപോലെ ഓടി നടന്നിട്ട്, പിന്നെയും പണിയായാലോ. അത്രേയുള്ളൂ. അല്ലാതെ വേറൊന്നുമില്ല, എനിക്ക് വളരെ ഇഷ്ടമാണ് പാര്‍ട്ടി പ്രവര്‍ത്തനം. ഞങ്ങളുടെയൊക്കെ കുടുംബപശ്ചാത്തലം എന്നു പറഞ്ഞാല്‍ സ്ത്രീകള്‍ ഒറ്റയ്ക്കു തന്റേടമായിട്ട് ഇറങ്ങിപ്പോകാന്‍ പരിമിതിയുണ്ട്. ഞാന്‍ എം.എല്‍.എയൊക്കെ ആയില്ലേ എന്നു ചോദിച്ചാലും ഇപ്പോഴും ചുറ്റുപാടുകള്‍ ഒരുപാടൊരുപാട് ചോദ്യങ്ങളുള്ളതാണ്. ഇനിയെങ്കിലും ഇതൊക്കെ അവസാനിപ്പിച്ചുകൂടേ എന്നു ചോദിക്കുന്നവരാണ് കുടുംബത്തില്‍ കൂടുതലും. എല്ലാവരേയും കേട്ടില്ലെന്നു നടിച്ച് ജീവിക്കാന്‍ പറ്റുമോ. എം.എല്‍.എ ആയിരിക്കുമ്പോള്‍ ആ ഒരു സംവിധാനത്തില്‍ക്കൂടി പോകുന്നതുപോലെയല്ല. ഇനിയും ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാലോ എന്ന പേടിയും. എപ്പോഴും കമ്മിറ്റികളും പരിപാടികളുമുണ്ടാകും. നമ്മള്‍ അതിന്റെ ഭാഗമായിരിക്കുമ്പോള്‍ മാറിനില്‍ക്കാന്‍ കഴിയില്ല. ജില്ലാ കമ്മിറ്റിയില്‍നിന്ന് ഈ സമ്മേളനം ഒഴിവാക്കുമെന്നാണ് കരുതുന്നത്. സ്വാഭാവികമായും ഒഴിവാക്കണമല്ലോ. മഹിളാ അസോസിയേഷന്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. ഞാന്‍ തന്നെ പറഞ്ഞാണ് ഒഴിവായത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങള്‍ കൂടുതലായി സംസാരിക്കാന്‍ ഞാന്‍ തയ്യാറല്ല.

Q

ഇപ്പോള്‍ വീണ്ടും സര്‍ക്കാരിനും പാര്‍ട്ടിക്കും മുന്നണിക്കും മുന്നില്‍ വിവിധ പ്രതിസന്ധികളാണല്ലോ?

A

ഒരു കാര്യമുണ്ട്. കുറേ അന്വേഷണ ഏജന്‍സികള്‍ വരുന്നു, വലിയ വാര്‍ത്തകള്‍ വരുന്നു, പക്ഷേ, അതിന്റെയൊന്നും റിസല്‍റ്റൊന്നുമില്ല. അങ്ങനെ എന്തെങ്കിലും കാര്യമായിട്ടുണ്ടെങ്കില്‍ അവര്‍ നടപടിയെടുക്കണ്ടേ. അതുകൊണ്ട് ഇപ്പോള്‍ ഇതൊന്നും കേട്ടാല്‍ ഒന്നും തോന്നാറില്ല. ഇടതുപക്ഷത്തിനെതിരെ ആസൂത്രിതമായ ആക്രമണമുണ്ട്. പക്ഷേ, അപ്പോള്‍ നമുക്കു ചെയ്യാവുന്ന ഒരു കാര്യമുണ്ട്. കണ്‍വിന്‍സിംഗ് ആയി മറുപടി കൊടുക്കുക. എന്ത് ആരോപണം വന്നാലും ''നിങ്ങള്‍ എവിടെയാണെന്നു വെച്ചാല്‍ അന്വേഷിച്ചോ'' എന്നു പറയാമല്ലോ. കണ്‍വിന്‍സിംഗ് ആകണം. പൊതുസമൂഹത്തിനു മുന്നില്‍ ആശയക്കുഴപ്പം ഉണ്ടാകാത്തതാകണം മറുപടികള്‍.

Q

അങ്ങനെ പറയാറുണ്ടല്ലോ. ചില മറുപടികള്‍ കണ്‍വിന്‍സിംഗ് അല്ലാതാകുന്നുണ്ടോ?

A

അങ്ങനെ തോന്നുന്നില്ലേ. ഞങ്ങള്‍ക്കു പറയാന്‍ കഴിയില്ലല്ലോ, അതിന്റെ യാഥാര്‍ത്ഥ്യങ്ങളൊന്നും അറിയില്ലല്ലോ. നമുക്കെതിരായ ആക്രമണമാണ് എന്നല്ലേ പറയാന്‍ പറ്റൂ. വലതുപക്ഷക്കാരാണെങ്കില്‍ പറയും, അവരുടെ ഗവണ്‍മെന്റിനെതിരായ ആക്രമണമാണെന്ന്. എന്നാല്‍, അങ്ങനെയല്ല ഇങ്ങനെയാണ് കാര്യങ്ങള്‍ എന്ന് നമുക്കു കൃത്യമായി പറഞ്ഞു കൊടുത്തുകൂടേ? വെറുതേ ആക്രമിക്കാന്‍ വരുന്നതാണെങ്കില്‍ വെറുതേയാണെന്ന് ക്ലിയറായിട്ട് പറഞ്ഞുകൊടുത്തുകൂടേ? പലതും പുറത്തേയ്ക്കു വരുമ്പോള്‍ വല്ലാതെ ഫീല്‍ ചെയ്യുന്നു. ചില സഖാക്കളൊക്കെ പുറമേ ഓരോ കാര്യങ്ങള്‍ പറയുമ്പോള്‍ അതൊക്കെ അങ്ങനെയല്ലെങ്കില്‍, അല്ലാ എന്നു പറഞ്ഞുകൂടേ? കൃത്യമായിട്ട് ഇന്നത് ഇന്നതാണ് എന്നു പറയാന്‍ പാടില്ലേ? മനസ്സിലായില്ലേ; കണ്ണൂരൊക്കെ ഉണ്ടായ ചില കാര്യങ്ങള്‍ വച്ചു പറയുകയാണ്. ഞാന്‍ അന്നങ്ങ് സ്റ്റണ്‍ഡ് ആയിപ്പോയി. മനു തോമസും മറ്റും പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിക്കല്ലേ ഡാമേജ് ഉണ്ടാക്കിയത്. അങ്ങനെയൊന്നും അല്ലെങ്കില്‍ അല്ലാ എന്നു ക്ലിയര്‍ കട്ടായി പറയാന്‍ കഴിയണ്ടേ. ഇന്ന ഇന്ന കാരണങ്ങളുണ്ട് എന്നു പറഞ്ഞുകൂടേ? അപ്പോള്‍ താഴേത്തട്ടിലുള്ള സഖാക്കളോട് മറുപടി പറയാന്‍ ഞങ്ങള്‍ക്കൊക്കെ എളുപ്പമുണ്ട്. ഇതെന്താ സഖാവേ ഇങ്ങനെ എന്ന് അവര്‍ ചോദിക്കും. നമുക്കു വ്യക്തമായ ഉത്തരമില്ല.

കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം തന്നെയെടുത്താല്‍, ഒരു മനുഷ്യന്‍ അങ്ങനെയങ്ങ് ആത്മഹത്യ ചെയ്യും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. നമുക്കും കുറേയാളുകളെയൊക്കെ അറിയാമല്ലോ. ഒരിക്കലും അങ്ങനെയൊരു മനുഷ്യനല്ലല്ലോ അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ് എന്നല്ലേ പാര്‍ട്ടിയും പറയുന്നത്. പക്ഷേ, ഒരുപാടു കാര്യങ്ങളെന്തൊക്കെയോ ആ മരണത്തിനു പിന്നിലുണ്ട്. തീര്‍ച്ചയായും സത്യം എന്നെങ്കിലും പുറത്തുവരും. കണ്ടുപിടിക്കാന്‍ കഴിയും എന്നുതന്നെയാണ് വിശ്വാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com