കേരളത്തിനു ചേരാത്ത ഉന്നത ഉദ്യോഗസ്ഥ ധാർഷ്ട്യത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചതിൽ രോഷംകൊണ്ട് ഐ.എ.എസുകാർ സംഘടിതമായി മാധ്യമ ആക്രമണം നടത്തിയപ്പോഴല്ല ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറിയും ദേവസ്വം ബോർഡ് തഹസിൽദാരുമായ ജയശ്ചന്ദ്രൻ കല്ലിംഗൽ ശ്രദ്ധ നേടിയത്. പങ്കാളിത്ത പെൻഷൻ സമ്പ്രദായം പിൻവലിക്കും എന്ന വാക്ക് പാലിക്കാൻ മടിക്കുകയും ഈ വിഷയത്തിൽ ഇടതുമുന്നണി സർക്കാർ തന്നെ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടാൻ വിസമ്മതിക്കുകയും ചെയ്തപ്പോൾ സുപ്രീംകോടതി വരെ പോയി നിയമപോരാട്ടം നടത്തി വിജയിച്ചപ്പോഴാണ്. നീതിയുടെ പക്ഷത്തുനിന്നുള്ള ഇടപെടലുകളാണ് അദ്ദേഹത്തിന്റെ ഐഡന്റിറ്റി. അഴിമതിയുടെ കറ പുരളാതേയും അഴിമതിക്കാരെ സംരക്ഷിക്കാതേയും സർവ്വീസ് സംഘടനാ പ്രവർത്തനം നടത്താം എന്ന മാതൃക. എൽ.ഡി.എഫിന്റെ തുടർഭരണത്തിലും വിമർശനത്തിനും തിരുത്തൽ ശ്രമങ്ങൾക്കും രണ്ടാം ഘടകകക്ഷിയായ സി.പി.ഐ മടിക്കുന്നില്ലെങ്കിൽ അവരുടെ രാഷ്ട്രീയ കുടക്കീഴിലുള്ള ജോയിന്റ് കൗൺസിൽ തീരെയും വിട്ടുവീഴ്ചയ്ക്കില്ല. ജനുവരി 22-നു പ്രഖ്യാപിച്ചിരിക്കുന്ന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും പണിമുടക്ക് ഉദാഹരണം.
എൽ.ഡി.എഫ് ഭരണത്തിൽ കൂടുതൽ ഇടപെടൽ സാധ്യതയുള്ള സർവ്വീസ് സംഘടന എന്ന നിലയിൽ സിവിൽ സർവ്വീസിനെ ജനസൗഹൃദപരമാക്കുന്നതിന് എന്താണ് ജോയിന്റ് കൗൺസിൽ ചെയ്യുന്നത്?
സിവിൽ സർവ്വീസിലെ അഴിമതിക്കെതിരെ എൻ. അനന്തകൃഷ്ണന്റേയും എം.എൻ. വിജി അടിയോടിയുടേയും നേതൃത്വത്തിൽ 1986-ൽ ജോയിന്റ് കൗൺസിൽ നടത്തിയ 56 ദിവസത്തെ കേരള പദയാത്ര വലിയ ഒരു ഇടപെടലായിരുന്നു. അഴിമതിക്കെതിരെ എല്ലാ സർവ്വീസ് സംഘടനകളും നിലപാടെടുക്കാറുണ്ട്. പക്ഷേ, ചില സന്ദർഭങ്ങളിൽ അതിൽപ്പെട്ട വ്യക്തികൾ അഴിമതിക്കേസിലും മറ്റും പെടുമ്പോൾ സംരക്ഷിക്കുന്ന നിലപാടാണ് കാണുന്നത്. ഞങ്ങളൊരു തീരുമാനമെടുത്തിട്ടുണ്ട്. പെട്ടുപോകുന്നതാണ് എന്നു ശരിയായ ബോധ്യമുള്ള കേസുകളിലല്ലാതെ ഇത്തരം സംഭവങ്ങളിൽ ഇടപെടില്ല. അതിൽ കൂടുതൽ ശ്രദ്ധിക്കാറുമുണ്ട്. ക്വിറ്റ് കറപ്ഷൻ എന്നൊരു ക്യാംപെയ്ൻ ഞങ്ങൾ നടത്തി. ധ്വനി എന്ന ഒരു പരാതിപ്പെട്ടി സർക്കാർ ഓഫീസുകൾക്കു മുന്നിൽ സ്ഥാപിച്ചു. പക്ഷേ, ഉദ്യോഗസ്ഥരെക്കുറിച്ച് പരാതി എഴുതിയിടാനൊന്നും പൊതുവെ ആളുകൾ തയ്യാറാകുന്നില്ല എന്നായിരുന്നു അനുഭവം. പരാതിപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയാണ്.
പഞ്ചായത്ത്, വില്ലേജ് തലത്തിലുള്ള അഴിമതികളൊക്കെ മിക്കവാറും പൊതുപ്രവർത്തകർക്ക് അറിയാൻ കഴിയും. ശരിയല്ലാത്ത എന്തെങ്കിലും കാര്യം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ ഒരിക്കലെങ്കിലും അവരോടു ചോദിക്കാൻ തയ്യാറായാൽ അഴിമതി കുറയും. അഴിമതിയെക്കാൾ കൂടുതലായി, ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുന്ന ഉദ്യോഗസ്ഥരുണ്ട്. സ്വയം തീർപ്പാക്കേണ്ട ഫയൽ പതിയെ കൈകഴുകി മേലധികാരികൾക്ക് കൊടുക്കുന്നു, ഇതു കറങ്ങിത്തിരിഞ്ഞ് ഒടുവിൽ സെക്രട്ടേറിയറ്റിൽ എത്തുന്നു. സെക്രട്ടേറിയറ്റിൽ തീർപ്പാക്കേണ്ട കാര്യം എടുത്ത് താഴേയ്ക്ക് അയയ്ക്കുന്നു. ഇങ്ങനെ ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടം ജനങ്ങൾക്കു നീതി കിട്ടാതെ പോകുന്നതിനു വലിയ കാരണമാകുന്നുണ്ട്. അഴിമതിക്കാരെ കണ്ടെത്തി പുറത്താക്കണം.
രാജ്യത്ത് സിവിൽ സർവ്വീസിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. അങ്ങനെയൊരു അഴിമതിവിരുദ്ധ ബോധവും ശക്തമായ വിജിലൻസ് സംവിധാനവും നമുക്കുണ്ട്. പിന്നെ, അനർഹമായ മുൻഗണന കിട്ടാൻ ആരെയെങ്കിലുമൊക്കെ സ്വാധീനിക്കുന്നതിൽനിന്ന് ആളുകളും വിട്ടുനിൽക്കണം. സ്വാഭാവികമായും നടക്കേണ്ട കാര്യങ്ങളിൽ ഇടപെടൽ ഒഴിവാക്കുന്നതാണ് നല്ലത്. നടന്നു ചെരിപ്പ് തേയട്ടെ, നടന്നാലേ പഠിക്കൂ എന്ന അഹന്തയുള്ള ഉദ്യോഗസ്ഥരുണ്ട്. മുന്നിൽ നിൽക്കുന്നയാൾ തന്റെ അച്ഛനേയോ അമ്മയേയോ സഹോദരിയേയോ ഒക്കെപ്പോലെയാണ് എന്നു തോന്നാതിരിക്കുന്ന മനുഷ്യത്വമില്ലായ്മ, സഹാനുഭൂതിയില്ലായ്മ. കൈക്കൂലി വാങ്ങാത്തവരായിരിക്കുമ്പോൾത്തന്നെ നന്നായി പെരുമാറാത്തവരുണ്ട്. ചിരിച്ചുകൊണ്ട് ഒരാളോട് ഒരു കാര്യം പറയാൻ കഴിഞ്ഞാൽ സിവിൽ സർവ്വീസിൽ അതിനേക്കാൾ വലിയൊരു കാര്യമില്ല. മാറ്റം അവിടെനിന്നാണ് തുടങ്ങേണ്ടത്. വരുന്നയാൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകാൻ കഴിയണം. ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള ശരിയായ ആശയവിനിമയം നടക്കാത്തതാണ് ജനങ്ങളെ അകറ്റുന്ന പ്രധാന കാര്യം. പിന്നെ, ധാർമ്മികതയുടെ പ്രശ്നമുണ്ട്. ധാർമ്മികതയോടെ ഇടപെടാത്ത ഉദ്യോഗസ്ഥരും നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദമാണ്.
കേരളത്തിൽ രാഷ്ട്രീയ അഴിമതി അവസാനിച്ചെന്നും ഉദ്യോഗസ്ഥ തലത്തിലെ അഴിമതി പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്നുമുള്ള കാഴ്ചപ്പാടിനെ എങ്ങനെ കാണുന്നു. എം.വി. ഗോവിന്ദൻ മാസ്റ്റർ ഒരു അഭിമുഖത്തിൽ അങ്ങനെ പറഞ്ഞിരുന്നല്ലോ. അത് ഇല്ലാതാക്കാനാണ് എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുന്നത് എന്നും പറഞ്ഞു?
രാഷ്ട്രീയ നേതാക്കളിൽ അഴിമതി ഇല്ലെന്നു പറയാൻ കഴിയുമോ? അദ്ദേഹത്തെപ്പോലുള്ള ഒരു ഉന്നത നേതാവിൽനിന്ന് അങ്ങനെയൊരു പ്രസ്താവന അത്ഭുതപ്പെടുത്തുന്നു. ഒരു വാദഗതിക്കുവേണ്ടി പറയാമെന്നല്ലേയുള്ളൂ. നേതാക്കൾ പോകട്ടെ, പാർട്ടികൾക്ക് അഴിമതിയില്ലെന്നു പറയാൻ കഴിയുമോ. ഞാനൊരു പ്രസ്ഥാനത്തിന്റെ ഭാഗമാണ്. എല്ലാ പ്രസ്ഥാനങ്ങളും തെരഞ്ഞെടുപ്പ് ഫണ്ടുണ്ടാക്കുന്നത് ക്രൗഡ് ഫണ്ടിംഗ് നടത്തിയിട്ടാണോ. അതിൽ സ്വാഭാവികമായ ചില ഇടപെടലുകൾ ഉണ്ടാകില്ലേ. ചില സഹായങ്ങൾ ചെയ്യാതെ തെരഞ്ഞെടുപ്പു വരുമ്പോൾ ഫണ്ട് വാങ്ങിക്കാൻ കഴിയുമോ. നൂറോ ഇരുന്നൂറോ രൂപ കൈക്കൂലിയല്ല അഴിമതി. അതിനേക്കാൾ വലിയ മാനമുണ്ട് അഴിമതിക്ക്. ഇലക്ട്രൽ ബോണ്ട് രാഷ്ട്രീയ പാർട്ടികൾ നടത്തിയ അഴിമതിയല്ലേ, കോടിക്കണക്കിനു രൂപ ബി.ജെ.പി ഇവിടെ തെരഞ്ഞടുപ്പിനു കൊണ്ടുവരുന്നത് രാഷ്ട്രീയക്കാർ നടത്തുന്ന അഴിമതിയല്ലേ.
അഴിമതികളെ തമ്മിൽ താരതമ്യം ചെയ്തു ന്യായീകരിക്കുകയല്ല. എല്ലാ അഴിമതിയും അഴിമതി തന്നെയാണ്. ഞങ്ങൾ എപ്പോഴും ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട്. കേരളത്തിന്റെ ഖജനാവിൽ വരുന്നതും പോകുന്നതുമായ തുകകൾ മുഴുവനും സോഷ്യൽ ഓഡിറ്റിനു വിധേയമാക്കണം. അതു നടക്കുന്നില്ല. അറിയാമോ, സ്വന്തം ഉത്തരവാദിത്വം ശരിയായി നിർവ്വഹിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ ടെൻഡറിംഗ് എന്നൊരു സംവിധാനം കേരളത്തിൽ അപ്രസക്തമാക്കിയിരിക്കുകയാണ്. ഏതെങ്കിലും അക്രെഡിറ്റഡ് ഏജൻസി വന്നാൽ അവർക്ക് പ്രാധാന്യം കൊടുക്കും. ഉദാഹരണത്തിന്, 50,000 രൂപയ്ക്ക് കിട്ടുന്ന ലാപ്‌ടോപ് മുന്‍പ് ടെൻഡർ ചെയ്തു വാങ്ങുമ്പോൾ ആ തുകയിലും കുറച്ചുകിട്ടും, ഇപ്പോൾ ഏതെങ്കിലും അക്രെഡിറ്റഡ് ഏജൻസി ഇതേ കോൺഫിഗറേഷനുള്ള ലാപ്‌ടോപ് ഒന്നര ലക്ഷം രൂപയ്ക്കു തരുന്നു. ഓഡിറ്റിംഗ് വേണ്ട. ഇതൊരു അഴിമതിയാണ്. ഇടയ്ക്കിടെ അവകാശവാദങ്ങൾ വരാറുണ്ടല്ലോ; 50 കോടിയുടെ പദ്ധതികൾ നടപ്പാക്കി എന്നൊക്കെ. ഈ 50 കോടിക്ക് എന്തുണ്ടാക്കി എന്നതിൽ ഒരു ഓഡിറ്റിംഗും നടക്കുന്നില്ല. രണ്ട് കോടിയുടെ ഉപകരണം വാങ്ങി എന്നു പറഞ്ഞാൽ, ആ ഉപകരണങ്ങൾ എന്തൊക്കെയാണ്, അത് എങ്ങനെയാണ് സമൂഹത്തിന് ഉപയോഗപ്പെടുന്നത് എന്നതിൽ ഒരു പഠനവും നടക്കുന്നില്ല. ഇതൊക്കെ അഴിമതിയാണ്. എല്ലാ മേഖലയും സുതാര്യമാകണം. സർക്കാർ ജീവനക്കാരുടെ അഴിമതി ആദ്യം അവസാനിപ്പിക്കണം, അതോടൊപ്പം തന്നെ മറ്റ് അഴിമതികളും ഇല്ലാതാക്കണം. കേരളത്തിലെ ഏതെങ്കിലും മന്ത്രി അഴിമതി ചെയ്യുന്നുവെന്ന അഭിപ്രായമൊന്നും നമുക്കില്ല. ഒരു ചായപോലും അങ്ങനെ വാങ്ങിക്കുടിക്കുന്നവരല്ല അവർ. സംശുദ്ധർ തന്നെയാണ്. പഴയകാലത്ത് അങ്ങനെയല്ലല്ലോ; പണമെണ്ണാൻ മെഷീൻ വാങ്ങി വെച്ചവരൊക്കെ ഉണ്ടായിരുന്നല്ലോ. പക്ഷേ, അഴിമതിയെ ലഘൂകരിച്ചു കാണരുത് എന്നാണ് ഞങ്ങളുടെ അഭിപ്രായം. താഴേത്തട്ടു മുതൽ മുകൾത്തട്ട് വരെ എല്ലാ സംവിധാനങ്ങളിലേയും അഴിമതി കാണണം. ബാഹ്യ ഏജൻസികളുടെ ഇടപെടൽ മൂലമുള്ള അഴിമതി കാണണം, അതൊരു വലിയ ശൃംഖലയാണ്. അതിനെ ചെറിയ അളവുകോൽ വെച്ച് കാണാൻ പാടില്ല.
കേരളത്തിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണൻ ഒരു വിഭാഗത്തിന്റെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി സസ്‌പെൻഷനിലായത് ഞെട്ടിക്കുന്ന സംഭവമാണല്ലോ. ഉദ്യോഗസ്ഥർക്കിടയിൽ വർഗ്ഗീയവൽകരണ ശ്രമങ്ങൾ നടക്കുന്നതിനെ എങ്ങനെ ചെറുക്കും?
ഉന്നത ഉദ്യോഗസ്ഥ തലത്തിലുള്ള ചില ആളുകളെക്കുറിച്ച് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എന്ന നിലയിൽ നടത്തിയ ചില പ്രതികരണങ്ങൾ ചർച്ചയായിട്ടുണ്ട്. കളക്ടർ സർക്കാർ ഡോക്ടറെ വീട്ടിൽ വിളിച്ചുവരുത്തി രണ്ടു മണിക്കൂർ നിർത്തിയതിനെതിരായ പ്രതികരണം അതിലൊന്നു മാത്രമാണ്. ഇവരൊക്കെ ഒരു കൊളോണിയൽ പാരമ്പര്യം നിലനിർത്താൻ ആഗ്രഹിക്കുകയാണ്. ഇവർക്ക് മസൂറിയിൽ കിട്ടുന്ന പരിശീലനം അങ്ങനെയാകാം. അധികാരത്തിന്റെ ഘടന നിലനിർത്തണം, ആളുകളുമായി ഇടപഴകാൻ പാടില്ല എന്നൊക്കെ. ജനങ്ങളോടുള്ള ഇവരുടെ ഇടപെടലിൽ പലപ്പോഴും ഇതു കാണാറുണ്ട്. എല്ലാ ഐ.എ.എസ് ഉദ്യോഗസ്ഥരേയും അടച്ചുപറയുകയല്ല. ഈ ഗോപാലകൃഷ്ണൻ എന്ന ഉദ്യോഗസ്ഥന് കേരളത്തിൽ ഇങ്ങനെ ചെയ്യാൻ എങ്ങനെ തോന്നി എന്നാണ് അത്ഭുതപ്പെട്ടു പോകുന്നത്. ആ മാനസിക ഘടന വളരെ അപകടകരമാണ്. സാധാരണ ഉദ്യോഗസ്ഥർ ഇങ്ങനെ ചെയ്യില്ല. അവർ ഒരിക്കലും വിഭാഗീയത ഉണ്ടാക്കാനൊന്നും ശ്രമിക്കില്ലെന്നാണ് ഇത്ര കാലത്തെ അനുഭവം. നമുക്ക് സഹപ്രവർത്തകരുടേയോ സുഹൃത്തിന്റേയോ മതമോ ജാതിയോ അറിയാൻപോലും താൽപ്പര്യമില്ല. അങ്ങനെയുള്ള ഒരു സംസ്ഥാനത്തു വന്നിട്ട് ഇങ്ങനെയൊരു ഗ്രൂപ്പുണ്ടാക്കുക എന്നത് അദ്ദേഹത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ആ സിസ്റ്റത്തിനകത്ത് വന്ന പൊതുപ്രശ്നം അതിലുണ്ട്. നമുക്കറിയാത്ത ഒരുപാട് കറുത്ത ഇടങ്ങൾ ഇത്തരം പല സ്ഥലങ്ങളിലുമുണ്ട്. അതുകൊണ്ടാണ് എൻ. പ്രശാന്ത് ജയതിലകിനെതിരെ ഉന്നയിച്ച കാര്യങ്ങൾ ചർച്ചയായപ്പോൾ, ചില രേഖകൾ പുറത്തുവിടും എന്നാണ് പ്രശാന്ത് പറഞ്ഞത്. അങ്ങനെ രേഖകൾ പുറത്തുവിടാൻ അതിനകത്തു തന്നെയുള്ള ഒരാൾ തയ്യാറാവുക എന്നത് ചെറിയ കാര്യമല്ല. വിവരാവകാശ നിയമപ്രകാരം ലഭ്യമാകുന്ന രേഖകൾ എന്നാണ് പറഞ്ഞത്. വിവരാവകാശ നിയമത്തിന്റെ വലിയ സാധ്യത കൂടിയാണ് അതിലൂടെ വ്യക്തമായത്. സേവനാവകാശ നിയമമൊക്കെ വന്നെങ്കിലും ഉദ്യോഗസ്ഥരുടെ കുറവുകൊണ്ടും മറ്റും അത് വേണ്ടവിധം നടപ്പായില്ല. ഐ.എ.എസുകാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ഗവൺമെന്റ് നിരീക്ഷിക്കുകയും അവരെ നിയന്ത്രിക്കുകയും ചെയ്യണം. കഴിഞ്ഞ ദിവസം വന്ന ഒരുത്തരവ് ശ്രദ്ധിച്ചാൽ മാത്രം അതിന്റെ ആവശ്യകത ബോധ്യപ്പെടും. സർക്കാര്‍ ഓഫീസുകളിലെ ശുചീകരണത്തിന് ബാഹ്യ ഏജൻസികളെ ഉപയോഗിക്കാം എന്നാണ് അത്. കേരളം പോലെ ഒരിടത്ത് എണ്ണായിരം രൂപ മാസം കിട്ടി ജീവിക്കുന്ന വിധവകളും ഭിന്നശേഷിക്കാരുമൊക്കെയായ സ്ത്രീകളുമുണ്ട്. അവരുടെ ജോലിയാണ് ഇല്ലാതാകാൻ പോകുന്നത്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ എഴുതിക്കൊടുക്കുന്നതാണ്. താഴേത്തട്ടിലെ ജനങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് അവർക്കു ബോധമില്ല. സപ്ലൈകോയ്ക്ക് പണം കൊടുക്കുന്നില്ല. ധനകാര്യ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് പിന്നിൽ. സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടുന്ന സാധാരണക്കാരെ അവർ കാണുന്നില്ല. 13 ഇനങ്ങളെങ്കിലും വിലകുറച്ചു കിട്ടുന്നത് ഉപകാരപ്പെടുന്ന എത്രയോ ആളുകളുണ്ട്. മതത്തിന്റേയും സമുദായത്തിന്റേയും പേരിൽ ഗ്രൂപ്പുണ്ടാക്കുന്നവർ ഈ ആളുകളോട് ഭരണകൂടം കാണിക്കേണ്ട കരുതലിനെക്കുറിച്ച് ചിന്തിക്കുന്നില്ല.
കേരളത്തിൽ എത്ര ഉന്നത ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? വില്ലേജ് ഓഫീസർ മുതൽ പരമാവധി ഡോക്ടർ വരെയുള്ളവരെയല്ലേ ശിക്ഷിക്കുന്നത്. എത്ര ഐ.എ.എസ് ഉദ്യോഗസ്ഥർ സസ്‌പെൻഷനുപോലും വിധേയരാകാറുണ്ട്? നീതിബോധമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥർ നിരവധിയുണ്ടെങ്കിലും അതിനപ്പുറമാണ് അഴിമതിക്കാരുടെ സ്വാധീനം. ജനപ്രതിനിധികൾ വരും പോകും. പക്ഷേ, ഇവർ 10-30 കൊല്ലം ഈ സംവിധാനത്തിന്റെ പല തലങ്ങളിലിരുന്ന് വലിയ സ്വാധീനം ഉറപ്പിച്ചവരാണ്. ജനപ്രതിനിധികൾക്ക് ഇടപെടാൻ കഴിയുന്നതിന്റെ പല മടങ്ങ് ഇവർക്ക് ഈ തുടർച്ചകൊണ്ട് സാധിക്കും. ഭരണ നേതൃത്വത്തിനും ഇവരെ ആശ്രയിക്കാതെ അങ്ങനെയങ്ങ് മുന്നോട്ടു പോകാൻ കഴിയില്ല.
പക്ഷേ, ഒന്നുണ്ട്. ഐ.എ.എസ്സുകാർ കേരള ഗവൺമെന്റിൽനിന്നു സ്വീകരിക്കുന്നതിനേക്കാൾ ഉത്തരവുകൾ സ്വീകരിക്കുന്നത് കേന്ദ്ര ഗവൺമെന്റിൽനിന്നാണ്. അത് എങ്ങനെ കേരളത്തിൽ നടപ്പാക്കാം എന്നുമാത്രമാണ് അവർ ആലോചിക്കുന്നത്.
അതിനോടു ചേർത്തുപറയട്ടെ, തിരുവനന്തപുരം കളക്ടറായിരുന്ന ജെറോമി ജോർജ്ജ് ഡോക്ടറെ അവഹേളിച്ചതിനെക്കുറിച്ച് അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് തലേന്ന് എന്നെ വിളിച്ച മറ്റൊരു ഉദ്യോഗസ്ഥന്റെ ദൈന്യതയാണ്. ഇതേ കളക്ടർ ഒന്നര മണിക്കൂറാണ് അദ്ദേഹത്തെ നിർത്തിയത്. ഹൃദ്രോഗിയായ ആ മനുഷ്യൻ ശരിക്കും കരയുകയായിരുന്നു, ഇതുപോലെ കുറേ സംഭവങ്ങളുണ്ടായിരുന്നു. വളരെ സീനിയറായ, വിരമിച്ച ചില ഐ.എ.എസ് ഉദ്യോഗസ്ഥരും ജൂനിയറായ ചില ഐ.എ.എസ് സുഹൃത്തുക്കളുമുൾപ്പെടെ ആ സംഭവത്തിൽ എന്നെ വിളിക്കുകയും ഇതൊരു ശുദ്ധീകരണത്തിന്റെ തുടക്കമാകും എന്ന പ്രതീക്ഷ പങ്കുവയ്ക്കുകയും ചെയ്തു.
റവന്യൂ ഉൾപ്പെടെ നാലു പ്രധാന വകുപ്പുകളുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും സാധ്യതകൾ ഉപയോഗിച്ച് ജോയിന്റ് കൗൺസിലുകാർ അഴിമതി നടത്തുന്നു എന്ന ആക്ഷേപം കേൾക്കാറുണ്ട്. എങ്ങനെ പ്രതികരിക്കുന്നു?
ഫണ്ട് പിരിവാണല്ലോ എപ്പോഴും അഴിമതിക്ക് ഇടംകിട്ടുന്ന ഒരു സാധ്യതയായി മാറുന്നത്. ഫണ്ട് പിരിവിന്റെ കാര്യത്തിൽ ഞങ്ങൾക്ക് കൃത്യമായ ഒരു മാനദണ്ഡമുണ്ട്. സമ്മേളന ഫണ്ടായി വർഷത്തിൽ ഒരംഗത്തിൽനിന്ന് 1200 രൂപയാണ് വാങ്ങുന്നത്. വേറെ മാസവരിയൊന്നും സർവ്വീസ് സംഘടനകൾക്കില്ലല്ലോ. മാസികയ്ക്ക് 200 രൂപ വാങ്ങും. പിന്നെ വലിയ ജാഥയോ പണിമുടക്കോ ഒക്കെ വരുമ്പോൾ നൂറോ ഇരുന്നൂറോ വാങ്ങും. അങ്ങനെ 1500 - 1700 രൂപയ്ക്കപ്പുറം വാങ്ങില്ല. കാറ്റഗറി സംഘടനകളുടെ അഫിലിയേഷനുണ്ട്. അവർക്ക് അതിന്റെ അംഗത്വവും ജോയിന്റ് കൗൺസിലിന്റെ പൊതു അംഗത്വവുമുണ്ടാകും. കാറ്റഗറി സംഘടനകൾ അവരുടെ സമ്മേളനം നടത്തുമ്പോൾ അതിനു പരമാവധി 1000 രൂപയാണ് ഒരാളിൽനിന്നു വാങ്ങുന്നത്. ഇതെല്ലാം കൂടി ചേർത്താലും 2500 - 3000 രൂപയ്ക്കുള്ളിൽ മാത്രമാണ് ഒരു വർഷം ഒരാളിൽനിന്നു വാങ്ങുന്നത്. സംഘടനാ പ്രവർത്തനത്തിന് ഇതു മതി. അതുകൊണ്ട്, സംഘടനയ്ക്കുവേണ്ടി ആരും അഴിമതി നടത്തേണ്ടതില്ല. പിന്നെ വ്യക്തിപരമാണ്. എല്ലാവരും തനിത്തങ്കമാണ് എന്ന് നമുക്ക് അവകാശപ്പെടാൻ കഴിയില്ല. പിടിക്കപ്പെട്ടിട്ടുള്ളവരുണ്ട്. അഴിമതിക്കാരാണെന്ന് ബോധ്യമാകുന്നവരെ അടുത്ത സമ്മേളനത്തിൽ ഭാരവാഹിത്വത്തിൽനിന്നു മാറ്റും. കാര്യമായി സൂക്ഷിക്കും. പരാതികൾ വരുന്നുണ്ട്; എന്റെ മേശയ്ക്കകത്ത് നിരവധി പരാതികളുണ്ട്. അതിൽക്കൂടുതലും പണം വാങ്ങുന്നു എന്നല്ല; ആരുടെയെങ്കിലും കാറിൽക്കയറി പോകുന്നു, ഉന്നത ഉദ്യോഗസ്ഥരുമായി ചങ്ങാത്തമുണ്ട് ഇതൊക്കെയാണ്. അല്ലാതെയുള്ള ആക്ഷേപങ്ങളും വരാറുണ്ട്. പരാതികളിൽ പരാമർശിക്കപ്പെടുന്നവരെ ഞങ്ങൾ സ്‌ക്രീൻ ചെയ്ത് പതുക്കെപ്പതുക്കെ ഏതെങ്കിലും ഘട്ടത്തിൽ ഒഴിവാക്കും. അങ്ങനെ ഒഴിവാക്കിയതിന്റെ പ്രശ്നങ്ങൾ ചില സ്ഥലങ്ങളിൽ ഞങ്ങൾ അനുഭവിക്കുന്നുമുണ്ട്. ശുദ്ധീകരിക്കാനുള്ള ശ്രമങ്ങൾ എപ്പോഴുമുണ്ട്. അപ്പോഴും എല്ലാവരും പരിശുദ്ധരാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല.
ക്ഷേമപെൻഷൻ വാങ്ങിയ അനർഹരിൽ വിവിധ തലങ്ങളിലെ ആളുകളുണ്ടായിട്ടും സർക്കാർ ഉദ്യോഗസ്ഥർ വാങ്ങുന്നു എന്നാണ് പൊതുവെ പ്രചരിച്ചത്. ആ വിഷയത്തിൽ എന്താണ് സംഭവിച്ചത്?
സത്യത്തിൽ ധനകാര്യ മന്ത്രിയിൽനിന്ന് ഒരിക്കലും അങ്ങനെ പ്രതീക്ഷിച്ചില്ല. ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം) എന്ന അർദ്ധസർക്കാർ സ്ഥാപനം കൊടുത്ത രേഖയാണ് മന്ത്രി പുറത്തുവിട്ടത്. അങ്ങനെയൊന്ന് പുറത്തുവിടുമ്പോൾ കുറച്ചുകൂടി വ്യക്തത വേണ്ടിയിരുന്നു. ഞങ്ങൾ അതാണ് ആദ്യം ആവശ്യപ്പെട്ടത്. സത്യത്തിൽ സർക്കാര്‍ ഉദ്യോഗസ്ഥരാകെ തലയുയർത്തി നടക്കാൻ കഴിയാത്തവിധം അപമാനിതരായി. പട്ടിക പുറത്തുവിടണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. പിന്നീട് അതിനെക്കുറിച്ച് പഠിച്ചപ്പോൾ മനസ്സിലാകുന്നത് ഭൂരിഭാഗവും ഭിന്നശേഷിക്കാരാണ് എന്നാണ്; പക്ഷേ, ഭിന്നശേഷിയുള്ളവർ ജോലി കിട്ടിക്കഴിഞ്ഞാൽ ക്ഷേമപെൻഷൻ വാങ്ങാൻ പാടില്ല; അത് ശരിയാണ്. പിന്നെ, ഈ സ്പാർക്ക് സ്ഥിരം ജീവനക്കാരുടെ മാത്രമല്ല, താൽക്കാലിക ജീവനക്കാരുടെകൂടി ശമ്പള കാര്യത്തിലെ സംവിധാനമാണ്. മാസം 8000 രൂപ മാത്രം ശമ്പളമുള്ള താൽക്കാലിക ശുചീകരണ ജീവനക്കാരുടെ വാർഷിക ശമ്പളം ഒരു ലക്ഷത്തിൽ താഴെയാണല്ലോ, അവർ താമസിക്കുന്ന വീടും ചെറുതായിരിക്കും. ഇത്തരം ഒരു പരിശോധനയും നടത്താതെയാണ് ആ ലിസ്റ്റിനെക്കുറിച്ച് പറഞ്ഞത്. സർക്കാർ ജീവനക്കാരെ പൊതുസമൂഹത്തിനു മുന്നിൽ ഒന്നു ചെറുതാക്കി കാണിക്കുക എന്ന മനോഭാവം മന്ത്രിക്കുണ്ടാകില്ലെങ്കിലും മറ്റു ചിലർക്കുണ്ട്. സമൂഹത്തിനു മുന്നിൽ ഞങ്ങളെ അപമാനിക്കാനും അവകാശങ്ങൾ ചോദിക്കുമ്പോൾ തരേണ്ടെന്നു വരുത്താനുമുള്ള അജൻഡ.
ക്ഷേമപെൻഷന്റെ കാര്യത്തിൽ സർക്കാർ ചില നിയന്ത്രണങ്ങൾ കൊണ്ടുവരണം എന്നാണ് ഞങ്ങളുടെ നിലപാട്. 62 ലക്ഷം പേർക്ക് കൊടുക്കുന്നതിൽ എല്ലാവരും അർഹരാണോ എന്നു പരിശോധിക്കണം. ഈ പണം താഴേയ്ക്ക് എത്തുന്നതിൽ സന്തോഷമേയുള്ളൂ. 1600 രൂപ മാസം ക്ഷേമപെൻഷൻ മറ്റൊരു സംസ്ഥാനത്തുമില്ല. അത് അനധികൃതമായി ആരുടേയും കയ്യിൽ എത്താൻ പാടില്ല. ഗുണഭോക്താവിനെ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡങ്ങൾ വെച്ച് ആദ്യത്തെ പരിശോധന കഴിഞ്ഞ് അവരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ പിന്നെ പരിശോധിക്കുന്നില്ല. പിന്നീട് മസ്റ്ററിംഗ് മാത്രമേയുള്ളൂ. ലിസ്റ്റ് വരുന്നത് പഞ്ചായത്ത്-നഗരസഭ-കോർപറേഷൻ ക്ഷേമകാര്യസമിതിയുടെ മുന്നിലാണ്. അതുകഴിഞ്ഞ് പഞ്ചായത്ത്-നഗരസഭ-കോർപറേഷൻ സമിതിയിലേക്കു വരും. സ്വന്തം വാർഡിൽ ആർക്കൊക്കെയാണ് പെൻഷൻ കിട്ടുന്നതെന്ന് ഓരോ അംഗത്തിനും അറിയാം. അതിൽ അനർഹരുണ്ടെങ്കിൽ, സമ്പന്നരും ആഡംബര കാറുള്ളവരുമൊക്കെ ഉണ്ടെങ്കിൽ അവരെ ഒഴിവാക്കാനുള്ള നിശ്ചയദാർഢ്യം രാഷ്ട്രീയ പ്രവർത്തകർക്കാണ് ഉണ്ടാകേണ്ടത്. ഇത് ഇങ്ങനെയങ്ങു പോകട്ടെ എന്നു ചില ആളുകൾ വിചാരിച്ചതുകൊണ്ടാണ് പ്രശ്നമുണ്ടായത്. 62 ലക്ഷത്തിലേക്കൊന്നും പോകേണ്ട കാര്യമില്ല. ഇതിനേക്കാൾ താഴെ എണ്ണം കുറച്ച് പരിമിതപ്പെടുത്താൻ കഴിയും. വേണമെങ്കിൽ അനർഹരെ ഒഴിവാക്കി അർഹതയുള്ളവർക്ക് കൂടുതൽ പണം കൊടുക്കാനും ഇതിൽനിന്നുതന്നെ കഴിയും. അനർഹർക്ക് കിട്ടുന്നു എന്നത് സർക്കാർ ജീവനക്കാരുടെ തലയിൽ വെച്ചിട്ട് വല്ല കാര്യവുമുണ്ടോ. ആദ്യത്തെ ഘട്ടം കഴിഞ്ഞപ്പോൾ ചർച്ച ശരിയായ ദിശയിൽ വന്നു. മുഖ്യമന്ത്രി നല്ല ഇടപെടൽ നടത്തി. ഒരു സോഷ്യൽ ഓഡിറ്റിംഗ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. സുതാര്യമായി കാര്യങ്ങൾ പരിശോധിക്കും.
സർക്കാർ സർവ്വീസിൽ കയറാൻ താൽപ്പര്യപ്പെടുന്ന യുവജനങ്ങൾ കയറിക്കഴിഞ്ഞാൽ ജനങ്ങൾക്കു ഗുണം ചെയ്യുന്നവരായി മാറാൻ കഴിയുന്ന പരിശീലനം നൽകാൻ സർവ്വീസ് സംഘടനകൾക്കു കഴിയേണ്ടതല്ലേ?
വളരെ പ്രധാനമാണത്. ജോയിന്റ് കൗൺസിലിലെ പ്രധാന സംഘടനകളിലൊന്നായ കേരള റവന്യൂ ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ നടത്തുന്ന ‘ധരിത്രി’ ഉൾപ്പെടെ ചില യുട്യൂബ് ചാനലുകൾ കാറ്റഗറി സംഘടനകൾ നടത്തുന്നുണ്ട്. അവയിൽ ജീവനക്കാർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന വീഡിയോകളൊക്കെ ഇടാറുണ്ട്. സംഘടനാ സമ്മേളനങ്ങളിലും ജനപക്ഷ സിവിൽ സർവ്വീസിനെക്കുറിച്ച് നിരന്തരമായി പറയുന്നുണ്ട്. പക്ഷേ, അത് താഴേയ്ക്ക് അങ്ങനെയൊരു ക്ലാസ്സായി എത്തുന്നില്ല. ജനങ്ങളോട് ജീവനക്കാരുടെ ഇടപെടൽ നന്നാക്കുന്നതിന് ഗവൺമെന്റ് നടത്തുന്നതുപോലെ സർവ്വീസ് സംഘടനകളും കൂടി നടത്തേണ്ടതുണ്ട്.
അതേസമയം, സർക്കാർ സർവ്വീസിൽ കയറുക എന്നത് പുതിയ തലമുറയ്ക്ക് ആകർഷകമല്ല എന്നതാണ് അനുഭവം. പെൻഷനില്ലായ്മയും അതിൽ വളരെ പ്രധാനമാണ്. ആനുകൂല്യങ്ങൾ കുറഞ്ഞു. മറ്റു പല മേഖലകളിലേക്കാൾ വലിയ പ്രശ്നങ്ങളാണ് ഇവിടെ. സർക്കാർ സർവ്വീസിൽ വരുന്നത് നിരവധി ആഗ്രഹങ്ങളോടെയും പ്രതീക്ഷകളോടെയുമാണ്. സ്ഥിര വരുമാനം എന്നത് വലിയ ഒരു ആകർഷണമാണ്. വായ്പയെടുത്ത് വീടും വാഹനവും വാങ്ങും. അങ്ങനെ നിൽക്കുന്നവർ ഇപ്പോൾ ബുദ്ധിമുട്ടുകൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ഇതൊക്കെ കാണുന്ന കുട്ടികൾക്ക് അതുകൊണ്ട് സർക്കാർ സർവ്വീസ് ആകർഷകമല്ല. വലതുപക്ഷ രാഷ്ട്രീയ, സാമ്പത്തിക ശക്തികൾ ആഗ്രഹിക്കുന്നത് സർക്കാർ സർവ്വീസ് ആകർഷകമാകരുത് എന്നാണ്. എല്ലായിടത്തും സ്വകാര്യവൽക്കരണമാണ് അവർ ആഗ്രഹിക്കുന്നത്. ആവശ്യത്തിന് ഉപയോഗിക്കുക, പുറന്തള്ളുക എന്നതാണ് അവരുടെ നയം.
പങ്കാളിത്തപെൻഷനെതിരായ നിയമപോരാട്ടം നയിച്ചു ജയിച്ചത് ജയശ്ചന്ദ്രനും ജോയിന്റ് കൗൺസിലുമാണല്ലോ. പക്ഷേ, പങ്കാളിത്ത പെൻഷൻ സമ്പ്രദായം പിൻവലിക്കും എന്ന ഇടതുമുന്നണിയുടെ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടുമില്ല?
ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന പങ്കാളിത്ത പെൻഷനെ എതിർക്കുന്നതിന് തുടക്കത്തിൽ ഇടതുപക്ഷ സർവ്വീസ് സംഘടനകളെല്ലാവരും ഒന്നിച്ചായിരുന്നു. പക്ഷേ, ഭരണം മാറിയപ്പോൾ മറ്റുള്ളവർ പിന്മാറി. അവർക്ക് അവരുടേതായ രാഷ്ട്രീയ പ്രശ്നങ്ങളൊക്കെയുണ്ടാകും. അതുകൊണ്ട് അവരെ കുറ്റപ്പെടുത്താനൊന്നും ഞങ്ങളില്ല. ഏതായാലും ഞങ്ങൾ തനിച്ചായി. പക്ഷേ, നിലപാടിൽത്തന്നെ ഉറച്ചുനിന്നു. കാരണം, സി.പി.ഐയുടെ എല്ലാ പാർട്ടി കോൺഗ്രസ്സുകളിലും പങ്കാളിത്ത പെൻഷൻ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. പ്രമേയമാണ്. പങ്കാളിത്ത പെൻഷൻ പുനപ്പരിശോധിക്കാം എന്നു കഴിഞ്ഞ ഇടതുമുന്നണി സർക്കാർ പറഞ്ഞിരുന്നതാണ്. യു.ഡി.എഫ് സർക്കാർ അതു നടപ്പാക്കിയപ്പോൾത്തന്നെ, ഞങ്ങൾ വന്നാൽ പിൻവലിക്കും എന്നു പറഞ്ഞതാണ്; 2016-ലെ പ്രകടനപത്രികയിലെ വാദ്ഗാനവുമായിരുന്നു. പക്ഷേ, പുനപ്പരിശോധിക്കാൻ തയ്യാറായില്ല. സർക്കാർ വന്നപ്പോൾ ചെറിയ ഒരു മാറ്റം. ആ സമീപനം ദുർബ്ബലപ്പെടുത്തി. എന്നാൽ, സി.പി.ഐ എം.എൽ.എമാർ ശക്തമായി ജീവനക്കാർക്കൊപ്പം നിൽക്കുകയും നിയമസഭയിൽ ഇടപെടുകയും ചെയ്തു. അന്നത്തെ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് കമ്മിഷനെ വെച്ചു. കൊവിഡ് ഉൾപ്പെടെ പല കാരണങ്ങൾ കൊണ്ടും കമ്മിഷന്റെ റിപ്പോർട്ട് വരാൻ വൈകി. സർക്കാരിന്റെ അവസാനമാണ് കിട്ടിയത്. റിപ്പോർട്ട് പുറത്തുവിടുക എന്നത് ഭരണത്തുടർച്ച കിട്ടിയപ്പോൾ ഈ ഗവൺമെന്റിന്റെ ഉത്തരവാദിത്വമായി. എന്നാൽ, ഗവൺമെന്റ് അതിൽ ഒളിച്ചുകളി നടത്തി. റിപ്പോർട്ട് പുറത്തുവിടണമെന്നു ഞങ്ങൾ തുടർച്ചയായി ആവശ്യപ്പെട്ടു. അതിന്റെ ഗുണഭോക്താക്കളായ സർക്കാർ ജീവനക്കാർക്ക് ഉള്ളടക്കം അറിയാൻ ആഗ്രഹമുണ്ടെന്നു ചൂണ്ടിക്കാട്ടി. പക്ഷേ, ഗവൺമെന്റ് പുറത്തുവിട്ടില്ല. ഞാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തു, തന്നില്ല. വിവരാവകാശ കമ്മിഷനിൽ അപ്പീൽ കൊടുത്തു. വിവരാവകാശ നിയമത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിച്ച് കമ്മിഷൻ വിധി പുറപ്പെടുവിച്ചു. റിപ്പോർട്ട് അപേക്ഷകനു കൊടുക്കണം. ഗവൺമെന്റ് അപ്പോഴും തന്നില്ല. പകരം ഹൈക്കോടതിയിൽ പോയി ഞങ്ങളും. പക്ഷേ, ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഞങ്ങൾക്കെതിരെ വിധിച്ചു. റിപ്പോർട്ട് കൊടുക്കേണ്ട, നിയമസഭയിൽ വെച്ചാൽ മതിയെന്നു പറഞ്ഞു. പൊതുരേഖയാണ് എന്ന വാദം അംഗീകരിച്ചില്ല. അവിടെ അവസാനിപ്പിക്കേണ്ടതായിരുന്നുവെന്ന് പലരും പറഞ്ഞു. ഞങ്ങൾ പക്ഷേ, സുപ്രീംകോടയിൽ പോയി. സുപ്രീംകോടതി അനുകൂലമായി വിധിച്ചു. കാര്യകാരണ സഹിതം ചരിത്രവിധിയാണ് പുറപ്പെടുവിച്ചത്. ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്ന സകല ലോ ജേർണലുകളിലും ‘ജയശ്ചന്ദ്രൻ കല്ലിംഗൽ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ എന്ന കേസ് പ്രസിദ്ധീകരിച്ചു. ഞങ്ങൾ അന്ന് ഒരു വലിയ സിവിൽ സർവ്വീസ് സംരക്ഷണ ജാഥ നടത്തുകയായിരുന്നു. ജാഥയുടെ രണ്ടാംദിവസമാണ് വിധി വന്നത്. അതൊരു വലിയ ഊർജ്ജവും ആത്മവിശ്വാസവും തന്നു. പക്ഷേ, അതൊന്നുമല്ല അതിലെ യഥാർത്ഥ നേട്ടം. റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ് മനസ്സിലായത്, ഞങ്ങൾ പറഞ്ഞതായിരുന്നു ശരി. 2040 വരെ ഒരു നേട്ടവും ഇതിൽ ഇല്ലെന്ന് റിപ്പോർട്ട് കൃത്യമായി പറയുന്നു. അതിനുശേഷമേ എന്തെങ്കിലും മെച്ചം കിട്ടുകയുള്ളൂ. കേന്ദ്ര, കേരള സർക്കാരുകൾ ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്കു നൽകിയ ആനുകൂല്യങ്ങൾ വളരെ കുറവാണ്. നിയമപരമായി പിൻവലിക്കാൻ യാതൊരു തടസ്സവുമില്ല. എല്ലാം ക്ലിയർ. എന്നുവെച്ചാൽ സർക്കാരിന്റെ തലയിലായി. ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത് ഇതു പിൻവലിക്കാൻ പറ്റില്ല, സർക്കാരിനു വലിയ സാമ്പത്തിക ബാധ്യത വരും എന്നായിരുന്നു. അതെല്ലാം അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞു. ആലോചിച്ചു നോക്കണം, 2040-ലാണ് എന്തെങ്കിലും സാമ്പത്തികാനുകൂല്യം കിട്ടുന്നത്. കേരളത്തിൽ 2012-ൽ നടപ്പാക്കിയതു മുതൽ (മറ്റുള്ളിടത്തെല്ലാം 2004-ൽ നടപ്പാക്കി) 2040 വരെയുള്ള 28 കൊല്ലം എത്ര കോടി രൂപയാണ് പൊതുഖജനാവിലെ പണവും ജീവനക്കാരുടെ പണവും കൂടി ഫണ്ട് മാനേജർമാരായ കോർപറേറ്റുകൾക്കു പോകുന്നത്. കോർപറേറ്റുകളെ വലുതാക്കുക ഇടതുപക്ഷ നയമല്ലല്ലോ. ആ അർത്ഥത്തിൽക്കൂടി ഇതിനൊരു മാനമുണ്ട്. 5000 കോടി രൂപയോളം ഞങ്ങളുടെ വിഹിതവും സർക്കാർ വിഹിതവുമായി അവരെ ഇതിനകം ഏല്പിച്ചു കഴിഞ്ഞു. ഇനിയെത്ര കോടി പോകും. ഇതു തിരിച്ചുകിട്ടില്ല എന്നുറപ്പുള്ളതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങൾ പിൻമാറിയത്. പരാജയപ്പെട്ട പദ്ധതിയാണ് എന്നുറപ്പുണ്ടായിട്ടും പിൻവലിച്ചില്ല. ഗവൺമെന്റ് കുറച്ചു വെട്ടിലായിപ്പോയി എന്നു തോന്നുന്നു. ഈ പണം വെച്ച് വായ്പയെടുത്തു. കേന്ദ്ര ഗവൺമെന്റിന്റെ കെണിയിൽ വീണു. അവർ പറഞ്ഞത്, പങ്കാളിത്ത പെൻഷൻ തുടരട്ടെ നിങ്ങൾക്കു വായ്പ തരാം എന്നാണ്. ഇനി പിൻവലിക്കണമെങ്കിൽ ഈ വായ്പയുടെ തിരിച്ചടവിനു വേറെ കണ്ടീഷൻ ഉണ്ടാക്കണം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അങ്ങനെയൊരു കുടുക്കിട്ടിരിക്കുകയാണ്. ഇതിന്റെ വല്ല ആവശ്യവുമുണ്ടോ. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ ഗവൺമെന്റിന്റെ നയത്തേക്കുറിച്ചുള്ള ബോധ്യത്തിൽ എവിടെയോ തെറ്റുപറ്റി. ഇടതുപക്ഷ നയം നടപ്പാക്കാനാണ് ഈ ഗവൺമെന്റ്. വലതുപക്ഷം ഏതാണ് ഇടതുപക്ഷമേതാണ് എന്നു തിരിച്ചറിയുന്നില്ല എന്നത് ഇപ്പോഴത്തെ വലിയ പ്രശ്നമാണ്. ഈ ഗവൺമെന്റും മറ്റൊരു വലതുപക്ഷ ഗവൺമെന്റായി മാറുന്ന രീതിയിലുള്ള പല തീരുമാനങ്ങളും ചില വായ്പകളുടേയും മറ്റും കാര്യത്തിൽ എടുക്കുന്നു. അതു നമ്മുടെ നയമല്ല. അപ്പോഴാണ് ഞങ്ങൾ, ജോയിന്റ് കൗൺസിൽ മാത്രമല്ല, എ.ഐ.ടി.യു.സിയും ചില വിമർശനങ്ങൾ ഉന്നയിക്കുന്നത്. യഥാർത്ഥത്തിൽ സി.ഐ.ടി.യുവിന്റെ നിലപാടും അതുതന്നെയാണ്. അവർക്കു തുറന്നുപറയാൻ ചില പരിമിതികൾ ഉണ്ടെന്നു മാത്രം. അവർ അകത്തു പറയുന്നുണ്ട്. വേറെ പ്രസ്ഥാനങ്ങൾക്കൊക്കെ ഇതിന്റെയൊരു പോക്ക് എങ്ങോട്ടാണെന്നു മനസ്സിലാക്കുന്നില്ല. വലിയ പ്രശ്നമാണ്. കമ്യൂണിസ്റ്റ് പാർട്ടികൾ ദുർബ്ബലപ്പെട്ടു പോകും. ആശയം ചോർന്നാൽപ്പിന്നെ പ്രസ്ഥാനത്തിനെന്തു വില. വ്യക്തികളല്ല, ആശയമാണ് മുന്നോട്ടു നയിക്കുന്നത്. അതിൽ വീഴ്ച സംഭവിച്ചാൽ പ്രസ്ഥാനം കാണില്ല. പിന്നെ ഇതും മറ്റൊരു പാർട്ടിയായി മാറും. കേരളമൊരു മാതൃകയാണ്. ആ മാതൃക നിലനിൽക്കണമെങ്കിൽ പ്രത്യയശാസ്ത്രത്തിൽ വെള്ളം ചേർക്കരുത്.
ഇടതുമുന്നണി ഒരു വലതുപക്ഷ ലൈനിലേക്കു പോകുന്നു എന്ന ആശങ്കയുണ്ടോ?
ഉണ്ട്, കാര്യമായുണ്ട്. പക്ഷേ, സി.പി.എമ്മിന്റെ റാങ്ക് ആന്റ് ഫയൽ അങ്ങനെയൊന്നുമല്ല. എല്ലാ ഘടകങ്ങളും സംഘടനകളും അങ്ങനെയാണ് എന്നൊന്നും പറയാൻ കഴിയില്ല. ഈ സംവിധാനം മുന്നോട്ടു പോകണമെങ്കിൽ ഇതെല്ലാം വേണമല്ലോ എന്നു ചിന്തിക്കുന്നവരുണ്ട്. കെ.എസ്.ഇ.ബിയുടെ കരാറുമായി ബന്ധപ്പെട്ട സമീപ ദിനങ്ങളിലെ പ്രതികരണങ്ങളിലും അങ്ങനെയൊരു ലൈനപ്പിലാണ് നിൽക്കുന്നത്. അത് അപകടം ചെയ്യും. കൃത്യമായി ഒരു നിലപാടെടുത്ത് മുന്നോട്ടു പോയാൽ അതിൽപ്പിന്നെ വെള്ളം ചേർക്കാൻ പാടില്ല.
സാമ്പത്തിക നയങ്ങളിലെ വലതുപക്ഷവൽക്കരണത്തെക്കുറിച്ചാണ് പറയുന്നത്. രാഷ്ട്രീയ നയങ്ങളിൽ സി.പി.ഐയും സി.പി.എമ്മും ശരിയായിത്തന്നെയാണ് മുന്നോട്ടു പോകുന്നത്. ഫാസിസത്തിനും വർഗ്ഗീയതയ്ക്കും എതിരായ നിലപാടുകളിൽ മുഖ്യമന്ത്രി ഉൾപ്പെടെ എടുക്കുന്നത് അതിശക്തമായ നിലപാടാണ്. അത് ഒരിക്കലും തള്ളിക്കളയാൻ കഴിയില്ല. ആ നിലപാടിന്റെ ഭാഗമായാണ് കേന്ദ്രം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നത്. തമിഴ്‌നാട് വളരെ ശക്തമായി കേന്ദ്രത്തെ എതിർക്കുന്നതു നമ്മൾ കാണുന്നുണ്ട്. പക്ഷേ, അവർക്കു കൊടുക്കുന്ന പരിഗണനപോലും നമുക്കു തരുന്നില്ല. സ്റ്റാലിനോടുള്ളതിലും എതിർപ്പ് നമ്മളോടാണ്. കാരണം, എപ്പോൾ വേണമെങ്കിലും അങ്ങോട്ടു പോകാവുന്നവരുടെ കൂട്ടത്തിൽ അവർ ഇടതുപക്ഷത്തെ പ്രതീക്ഷിക്കുന്നില്ല. പക്ഷേ, ഡി.എം.കെ അങ്ങോട്ട് പോയിക്കൂടാ എന്നില്ല. ഡി.എം.കെ അല്ലെങ്കിൽ എ.ഐ.എ.ഡി.എം.കെ; ആരെയെങ്കിലും തമിഴ്‌നാട്ടിൽ നിന്ന് ഇന്നല്ലെങ്കിൽ നാളെ തങ്ങൾക്കു കിട്ടുമെന്ന് അവർക്കറിയാം. സംഘപരിവാരം നമ്മളെ ഭയക്കുന്നത് ഫാസിസ്റ്റു വിരുദ്ധ രാഷ്ട്രീയത്തിന്റെ നട്ടെല്ല് കേരളമാണ് എന്നതുകൊണ്ടാണ്. അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് പലവഴിക്ക് നടത്തുന്നത്.
കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയും കെ. രാജൻ എടുത്തത് ആ കുടുംബത്തിന്റെ കൂടെ നിൽക്കുന്ന നിലപാടാണ്. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞപ്പോൾ ജോയിന്റ് കൗൺസിലിനുവേണ്ടി നവീൻ ബാബു പണം വാങ്ങി എന്ന ഊഹാപോഹം വ്യാപകമായി പ്രചരിച്ചു. എന്താണ് സത്യം?
എവിടെയൊക്കെ വേട്ടയാടപ്പെടുന്നവരുണ്ടോ പിന്തുണയും സഹായവും വേണ്ടവരുണ്ടോ അവിടെ മന്ത്രി കെ. രാജൻ ഉണ്ടാകാറുണ്ട്. വയനാട് ദുരന്തഘട്ടത്തിൽ അദ്ദേഹം നിന്ന നിൽപ്പ് കേരളം മറക്കില്ല. നവീൻ ബാബുവിനെക്കുറിച്ച് എന്നേക്കാൾ അദ്ദേഹത്തിനറിയാം. അഴിമതിരഹിതനും സത്യസന്ധനുമാണ് എന്നതുകൊണ്ടാണ് നവീൻ ബാബുവിന്റെ കുടുംബത്തിന് അദ്ദേഹം ശക്തമായ പിന്തുണ നൽകിയത്. സമഗ്ര അന്വേഷണമാണ് ഞങ്ങൾ ആദ്യം തന്നെ ആവശ്യപ്പെട്ടത്. സി.ബി.ഐ അന്വേഷണ ആവശ്യത്തെ സർക്കാർ എന്തിനാണ് എതിർത്തതെന്നു മനസ്സിലാകുന്നില്ല. ജോയിന്റ് കൗൺസിലിനുവേണ്ടി പണം വാങ്ങി എന്ന ആരോപണം വന്നത് ഒരു ചാനൽ ചർച്ചയിലാണ്. സംഘടനയുടെ പേര് പറഞ്ഞില്ലെന്നേയുള്ളൂ. അന്വേഷണം വേണമെന്നാണ് ഇക്കാര്യത്തിലും ഞങ്ങളുടെ ആവശ്യം. പണം വാങ്ങിയെങ്കിൽ അന്വേഷണത്തിൽ അറിയാമല്ലോ. വാങ്ങിയെങ്കിൽ പണം എവിടെ. സത്യത്തിൽ, അന്നു പ്രതിരോധത്തിലായ ആളുകൾ അതിൽനിന്നു രക്ഷപ്പെടാൻ ഇറക്കിയ ചില തന്ത്രങ്ങളായിരുന്നു അതൊക്കെ. പക്ഷേ, കാര്യമായി ഏശിയില്ല. ആളുകൾക്കെല്ലാം മനസ്സിലായി. ഞങ്ങൾ ഇപ്പോഴും പറയുന്നത് അന്വേഷിക്കണം എന്നാണ്.
വലിയ അവകാശവാദങ്ങളോടെ തുടങ്ങിയ കെ.എ.എസ് വിജയമാണോ, എന്താണ് സ്ഥിതി?
കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവ്വീസിൽ വന്നത് മിടുക്കരായ ചെറുപ്പക്കാരാണ്. പക്ഷേ, വിമർശനാത്മകമായ ഒരു കാര്യം പറയാതിരിക്കാൻ പാടില്ലാത്തത്, അവരുടെ മനോഭാവത്തെക്കുറിച്ചാണ്. അവരിൽ ഭൂരിഭാഗവും ഐ.എ.എസ് കിട്ടുന്നത് എങ്ങനെ എന്ന ഒരൊറ്റച്ചിന്തയിലാണ്. തടി കേടാകാതെ സർവ്വീസിൽ നിൽക്കുക, തടി കേടാകാതെ അടുത്ത സ്ഥാനക്കയറ്റം കിട്ടുക എന്ന ഉന്നത ഉദ്യോഗസ്ഥരുടെ മനോഭാവം കെ.എ.എസ്സുകാരേയും ബാധിച്ചിട്ടുണ്ട്. അതു മാറിയില്ലെങ്കിൽ വലിയ കുഴപ്പമാകും. ഇപ്പോൾ വീണ്ടും കെ.എ.എസ്സിനു തസ്തികകൾ കണ്ടെത്താൻ പോവുകയാണ്. കെ.എ.എസ് തയ്യാറാക്കിയ ഉന്നത ഉദ്യോഗസ്ഥർ ഇതിനെ വലിയ ആകർഷകമായ ഒന്നാക്കി മാറ്റി. കുറച്ചുകാലം കഴിയുമ്പോൾ ഇത് അധികപ്പറ്റായി മാറുമെന്നു ഞങ്ങൾ തുടക്കത്തിലേ പ്രകടിപ്പിച്ച ആശങ്ക ശരിയായി. ജനങ്ങളുമായി ചേർന്നു പോകുന്ന ഒരു കേരള സിവിൽ സർവ്വീസ് എന്ന സങ്കല്പം യാഥാർത്ഥ്യമായില്ല. നൂറോളം ആളുകളേയുള്ളെങ്കിലും സുപ്രധാന തസ്തികയിലാണ് അവർ; സ്വയം തിരുത്തുകയാണ് വേണ്ടത്.
സർക്കാർ പലവിധത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴും ശമ്പളം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, ഈ പ്രതിസന്ധി മനസ്സിലാക്കിയിട്ടും നിങ്ങൾ ശമ്പള പരിഷ്‌കരണം ഉൾപ്പെടെ ആനുകൂല്യങ്ങൾ ചോദിക്കുകയും അതേസമയം സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചു സംസാരിക്കുകയും ചെയ്യുന്നത് വിചിത്രമാണ്. ഇതിലെന്താണ് മറുപടി?
സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ഇതിനേക്കാൾ മോശമായിരിക്കുമ്പോഴും ജീവനക്കാരുടെ ശമ്പളവർദ്ധനവിന്റേയും ആനുകൂല്യങ്ങളുടേയും കാര്യത്തിൽ ഗവൺമെന്റ് വിമുഖത കാണിച്ചിട്ടില്ല. ജീവനക്കാർക്കു നൽകുന്ന ശമ്പളം പൊതു സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്തുമെന്നും അത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ വാങ്ങൽശേഷിയെ ഗുണപരമായി സ്വാധീനിക്കുമെന്നുമുള്ള ശരിയായ വിലയിരുത്തലാണ് കാരണം. ജീവനക്കാരുടെ ശമ്പളം അവർ ബാങ്കിൽ നിക്ഷേപിക്കുകയല്ല, ദൈനംദിന ചെലവുകളും വായ്പാ തിരിച്ചടവും ഉൾപ്പെടെയായി വിനിമയം ചെയ്യുകയാണ്. ക്ഷേമപെൻഷൻപോലെ ചലനാത്മകമാണ് അത്. ഗവൺമെന്റിനു തിരിച്ചുതന്നെ കിട്ടുന്ന പണമാണ് അത്. സാമ്പത്തിക സ്ഥിതിയെ ഉത്തേജിപ്പിക്കും. ഈ തിരിച്ചറിവും കൂടി സർക്കാരിനുണ്ടാകണം. നേരത്തേ പറഞ്ഞ സോഷ്യൽ ഓഡിറ്റിംഗിന്റെ കാര്യത്തിൽ സർക്കാർ യാഥാർത്ഥ്യബോധമുള്ള തീരുമാനമെടുത്തു നടപ്പാക്കിയാൽ സാമ്പത്തികച്ചെലവ് പല ഇരട്ടിയാക്കുന്ന കറുത്ത ഇടങ്ങൾ ഒഴിവാക്കാനാകും. ജീവനക്കാർ സാമൂഹിക പ്രതിബദ്ധത ഇല്ലാത്തവരല്ല. സാമൂഹികാവസ്ഥ മെച്ചപ്പെടുത്താനുള്ള പോരാട്ടത്തിനൊപ്പം സമൂഹത്തിനകത്ത് ക്രയശേഷി വർദ്ധിപ്പിക്കാൻ കൂടിയാണ് അവരുടെ ചില അവകാശങ്ങൾ ഉന്നയിക്കുന്നത്. അത് സാമ്പത്തിക ശാസ്ത്രജ്ഞർ തന്നെ പൊതുവേ അംഗീകരിച്ച കാര്യവുമാണ്.
നോൺ ഗസറ്റഡ് ജീവനക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയുണ്ട്. അതായത് അഞ്ചിലൊന്ന് വേതനം കുറയുന്നു. ഇതോടൊപ്പം 10 ശതമാനം പങ്കാളിത്ത പെൻഷൻ വിഹിതം. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ശരാശരി വേതനം 23000 രൂപ ആണ്. ഭവന വായ്പയോ വാഹന വായ്പയോ എടുത്തിട്ടുണ്ടെങ്കിൽ അവർക്കു ലഭിക്കുന്ന വേതനം എല്ലാ പിടുത്തവും കഴിഞ്ഞ് 10000-ൽ താഴെയാണ്.
പിന്നെ, ഇപ്പോൾ സമരമോ ഇടപെടലോ നടത്താതിരുന്നാൽ പിന്നീട് നടത്താനുള്ള ധാർമികമായ അവകാശമുണ്ടാകില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 22-നു നടത്തുന്ന പണിമുടക്ക് പ്രഖ്യാപിച്ചപ്പോൾത്തന്നെ വലിയ എതിർപ്പുണ്ട് അതിന്. എന്തിനാണ് എൽ.ഡി.എഫ് സർക്കാരിനെതിരെ സമരം എന്നാണ് ചോദിക്കുന്നത്. എൽ.ഡി.എഫ് സർക്കാരിനെതിരെ അല്ല, നയവ്യതിയാനത്തിനെതിരെ ആണ് സമരം. ഞങ്ങൾ ഈ സമരം നടത്താതിരുന്നാൽ ഈ ഗ്യാപ്പിൽ വരുന്നത് സംഘപരിവാരമായിരിക്കും. എൻ.ജി.ഒ യൂണിയൻ ചെയ്യുന്നില്ല, എൻ.ജി.ഒ അസോസിയേഷൻ ദുർബ്ബലമാണ്; പണ്ടേ ജീവനക്കാരുടെ പക്ഷത്തല്ലതാനും. ഇപ്പോൾ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും മേഖലയിൽ സംഘപരിവാരത്തിന് ഒരു സ്വാധീനവുമില്ല. ഞങ്ങളുടെ ഇടപെടലുകൾ അത്ര ശക്തമാണ് എന്നതാണ് കാരണം. ഇവിടെ ഇടതുപക്ഷത്തിനകത്തുതന്നെ ഒരു തിരുത്തൽ ശക്തിയുണ്ട്, ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ അവർക്കു ശക്തിയുണ്ടെന്ന തിരിച്ചറിവ് നമ്മളെക്കുറിച്ച് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക