സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ്

സിറ്റി ഓഫ് ലിറ്ററേച്ചറിന്റെ ഓഫീസ് കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങി.
സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ്
TP SOORAJ.The New Indian Express KOZHIKODE.09744613052

ഇന്ത്യയിലെ ആദ്യത്തെ സാഹിത്യനഗരമായി യുനെസ്‌കോ പ്രഖ്യാപിച്ച കോഴിക്കോട് അതിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. യുനെസ്‌കോയുടെ സര്‍ഗ്ഗാത്മക നഗരങ്ങളുടെ (ക്രിയേറ്റീവ് സിറ്റീസ്) ശൃംഖലയിലേക്ക് ലോകത്തിലെ 354 നഗരങ്ങള്‍ക്കൊപ്പം കോഴിക്കോടും ചേരുകയാണ്. കോഴിക്കോടിന്റെ സാഹിത്യചരിത്രത്തിന്റെ പെരുമ ലോകത്തെ അറിയിക്കാനുള്ള അവസരം കൂടിയാണിത്. കോഴിക്കോടിന്റെ സാഹിത്യപ്പെരുമയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനൊപ്പം സാഹിത്യപൈതൃകത്തെ അടിസ്ഥാനമാക്കി ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കും തുടക്കമാവുകയാണ്. സാഹിത്യപൈതൃകം, വായനശാലകളുടെ എണ്ണം, പ്രസാധകര്‍, സാഹിത്യോത്സവങ്ങള്‍, കേള്‍വികേട്ട എഴുത്തുകാര്‍ തുടങ്ങി നിരവധി ഘടകങ്ങളാണ് കോഴിക്കോടിന് ഈ പദവി നേടിയെടുക്കാന്‍ സഹായകമായത്. ജനകീയതലത്തില്‍ സാധാരണക്കാര്‍ക്കുകൂടി പങ്കാളിത്തം ലഭ്യമാകുന്ന തരത്തിലുള്ള സാഹിത്യപ്രവര്‍ത്തനമാണ് കോഴിക്കോട്ടുള്ളത്. വായനശാലകളുടെ എണ്ണവും സാഹിത്യസംവാദങ്ങളും പുസ്തക ചര്‍ച്ചകളും സാംസ്‌കാരിക കൂട്ടായ്മകളും സംഗീത സദസ്സുകളും നാടക സിനിമാ പ്രവര്‍ത്തനങ്ങളും കോഴിക്കോടിന്റെ ഓരോ മുക്കിലും മൂലയിലും കാണാന്‍ കഴിയും.

എഴുത്തുകാരായ എസ്.കെ. പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍, പി. വത്സല, സഞ്ജയന്‍, എന്‍.എന്‍. കക്കാട്, എന്‍.വി. കൃഷ്ണവാര്യര്‍, കെ.ടി. മുഹമ്മദ്, തിക്കോടിയന്‍, യു.എ. ഖാദര്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങി നിരവധി എഴുത്തുകാരുടെ തട്ടകമായിരുന്നു ഈ നഗരം. പുതുതലമുറ എഴുത്തുകാരിലൂടെയും അതിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നുണ്ട്. സാഹിത്യനഗരമാകുന്നതോടെ, സര്‍ഗ്ഗാത്മകതയ്ക്ക് ഊന്നല്‍ നല്‍കി, ജനകീയമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്‌കരിക്കാനും അതുവഴി പുതിയൊരു വികസനമാതൃക സൃഷ്ടിച്ചെടുക്കാനും കഴിയും. സാഹിത്യനഗരപദവി കോഴിക്കോടിനു മാത്രമല്ല, മലയാള സാഹിത്യത്തിനു തന്നെയുള്ള അംഗീകാരമായി വേണം കാണാന്‍.

Manu R Mavelil

സര്‍ഗ്ഗാത്മക നഗരം

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുനെസ്‌കോ (യുനൈറ്റഡ് നേഷന്‍സ് എജുക്കേഷണല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) സാംസ്‌കാരികവും സര്‍ഗ്ഗാത്മകവുമായ പൈതൃക സംരക്ഷണത്തിലൂടെ സുസ്ഥിര നഗരവികസനം ലക്ഷ്യമിട്ട് 2004-ല്‍ തുടങ്ങിയതാണ് ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്ക്. അംഗങ്ങളായ നഗരങ്ങള്‍ തമ്മിലുള്ള സര്‍ഗ്ഗാത്മകമായ വിനിമയവും ലക്ഷ്യമിടുന്നു. ക്രിയേറ്റീവ് ടൂറിസവും സര്‍ഗ്ഗാത്മക സമ്പദ്വ്യവസ്ഥയും വിപുലീകരിക്കാനും ഇതിലൂടെ കഴിയും.

ഏഴു വിഭാഗങ്ങളിലായാണ് നഗരങ്ങള്‍ക്ക് ഈ പദവി നല്‍കുന്നത്. സാഹിത്യം, സിനിമ, നാടന്‍കലകളും കരകൗശല വിദ്യകളും സംഗീതം, പാചകം, മാധ്യമങ്ങള്‍, ഡിസൈന്‍ എന്നിവയാണത്. നിലവില്‍ 354 നഗരങ്ങള്‍ ഈ പട്ടികയിലുണ്ട്. സാഹിത്യത്തില്‍ 54 നഗരങ്ങള്‍ ഉണ്ട്. 2004-ല്‍ ആദ്യത്തെ സര്‍ഗ്ഗാത്മക നഗരപ്രഖ്യാപനവും സാഹിത്യത്തിന്റെ വിഭാഗത്തിലായിരുന്നു. സ്‌കോട്ലന്‍ഡിന്റെ തലസ്ഥാനമായ എഡിന്‍ബറയാണ് ആദ്യത്തെ സര്‍ഗ്ഗാത്മക നഗരവും സാഹിത്യനഗരവും. ഷെര്‍ലക് ഹോംസ് എഴുതിയ ആര്‍തര്‍ കോനാന്‍ ഡോയലിന്റേയും വാള്‍ട്ടര്‍ സ്‌കോട്ടിന്റേയും ഹാരിപോര്‍ട്ടര്‍ നോവലുകളുടെ കര്‍ത്താവ് ജെ.കെ. റൗളിങ്ങിന്റേയും ആര്‍.എല്‍. സ്റ്റീവന്‍സന്റേയും നഗരമാണ് സ്‌കോട്ലന്‍ഡ്. ഇരുപതുവര്‍ഷങ്ങള്‍ക്കിപ്പുറം കോഴിക്കോടും ഇതേ പെരുമയിലേക്ക് എത്തുകയാണ്.

ഇന്ത്യയില്‍ ഇതിനകം എട്ടുനഗരങ്ങള്‍ സര്‍ഗ്ഗാത്മക നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 2023-ല്‍ കോഴിക്കോട് സാഹിത്യനഗരമായി പ്രഖ്യാപിക്കുമ്പോള്‍ സംഗീതനഗരമായി മധ്യപ്രദേശിലെ ഗ്വാളിയോറും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2015-ലാണ് ജയ്പൂരും വാരാണസിയും ഇന്ത്യയില്‍നിന്ന് യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്കില്‍ ഇടംപിടിച്ച ആദ്യ നഗരങ്ങള്‍. വാരാണസി സിറ്റി ഓഫ് മ്യൂസിക്കും ജയ്പൂര്‍ സിറ്റി ഓഫ് ക്രാഫ്റ്റ് ആന്റ് ഫോക് ആര്‍ട്ടും ആണ്. ചെന്നൈ (സംഗീത നഗരം), മുംബൈ (സിനിമ നഗരം), ഹൈദരാബാദ് (രുചിനഗരം), ശ്രീനഗര്‍ (കരകൗശലം) എന്നിവയാണ് മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. സിറ്റി ഓഫ് ഡിസൈനില്‍ മാത്രമാണ് ഇനി ഇന്ത്യന്‍ നഗരങ്ങള്‍ ഇടംപിടിക്കാനുള്ളത്.

കോഴിക്കോടിന്റെ സാഹിത്യ പാരമ്പര്യം

നിരവധി എഴുത്തുകാരും പ്രസാധകരും പുസ്തകങ്ങളും പത്രങ്ങളും മാസികകളുംകൊണ്ട് സമ്പന്നമാണ് കോഴിക്കോടിന്റെ സാഹിത്യചരിത്രം. കേരളത്തിലെ ആദ്യത്തെ മലയാളം പത്രം തുടങ്ങുന്നത് മലബാറിലാണ്-രാജ്യസമാചാരം. അതിനുശേഷം പശ്ചിമോദയവും. പിന്നീട് 1884-ല്‍ കോഴിക്കോട്ടുനിന്ന് ചെങ്കുളത്ത് കുഞ്ഞിരാമ മേനോന്റെ പത്രാധിപത്യത്തില്‍ വിദ്യാവിലാസം പ്രസ്സില്‍നിന്ന് അച്ചടിച്ച 'കേരളപത്രിക'യാണ് ഇന്നു കാണുന്ന വാര്‍ത്താപത്രങ്ങളുടെ മാതൃകയിലിറങ്ങിയ ആദ്യത്തെ പ്രസിദ്ധീകരണം. ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കാനും അവരുടെ ഉന്നമനത്തിലും പൊതുഭരണരംഗത്തെ കെടുകാര്യസ്ഥതകളെ തുറന്നുകാട്ടാനുമുള്ള ശ്രമം കേരളപത്രികയിലുണ്ടായിരുന്നു. അന്‍പത് വര്‍ഷത്തോളം കേരളപത്രിക പ്രസിദ്ധീകരിച്ചു. രാഷ്ട്രീയവും പൊതുകാര്യങ്ങളും അന്താരാഷ്ട്ര വാര്‍ത്തകളും മാത്രമല്ല, സാഹിത്യവും സാഹിത്യനിരൂപണവും എല്ലാം ഇതിലുണ്ടായിരുന്നു. ഹാസ്യസാഹിത്യകാരനായി അറിയപ്പെട്ട സഞ്ജയന്‍ ഇടക്കാലത്ത് ഇതിന്റെ പത്രാധിപത്യം വഹിച്ചു. കേസരി, അപ്പു നെടുങ്ങാടി, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, ചന്തുമേനോന്‍ എന്നിവരൊക്കെ ഇതില്‍ എഴുതിയിരുന്നു. കേരളപത്രികയുടെ അവതരണരീതിയിലും ഉള്ളടക്കത്തിലുമെല്ലാം ആകൃഷ്ടനായ തിരുവിതാംകൂര്‍ രാജാവ് അക്കാലത്ത് കേരളപത്രികയുടെ 200 കോപ്പികള്‍ വാങ്ങി തിരുവിതാംകൂറിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു.

പിന്നീട് വന്ന കേരള സഞ്ചാരി സാമൂഹ്യവിമര്‍ശനത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. 1886-ല്‍ സ്പെക്ടേറ്റര്‍ പ്രസ്സില്‍നിന്ന് പൂവാടന്‍ രാമന്‍ വക്കീലിന്റെ ഉടമസ്ഥതയില്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ പത്രാധിപത്യത്തില്‍ തുടങ്ങിയ ഈ ആനുകാലികത്തില്‍ മൂര്‍ക്കോത്ത് കുമാരന്‍, സി. കൃഷ്ണന്‍, സി.പി. ഗോവിന്ദന്‍ നായര്‍ എന്നിവരൊക്കെ പ്രവര്‍ത്തിച്ചിരുന്നു. മലബാര്‍ സ്പെക്റ്റേറ്റര്‍ എന്ന ഇംഗ്ലീഷ് പത്രവും കോഴിക്കോട്ടുനിന്നാണ് ഇറങ്ങിയത്. ആദ്യത്തെ സായാഹ്ന പത്രം പ്രദീപം കോഴിക്കോടാണ് തുടങ്ങിയത്. പിന്നീടങ്ങോട്ട് ആനുകാലികങ്ങളുടേയും പത്രങ്ങളുടേയും ഒരു നിരതന്നെ കോഴിക്കോട്ടുനിന്നുണ്ടായി.

1907-ല്‍ മൂര്‍ക്കോത്ത് കുമാരന്റെ പത്രാധിപത്യത്തില്‍ തലശ്ശേരിയില്‍നിന്നു പുറത്തിറങ്ങിയ മിതവാദി ഇടക്കാലത്ത് നിന്നുപോയെങ്കിലും പിന്നീട് സി. കൃഷ്ണന്‍ ഏറ്റെടുത്ത് കോഴിക്കോട്ടുനിന്ന് പുനരാരംഭിച്ചു. മിതവാദിയിലാണ് 1908-ല്‍ കുമാരനാശാന്റെ 'വീണപൂവ്' പ്രസിദ്ധീകരിക്കപ്പെടുന്നത്.

മലബാറിന്റെ സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകര്‍ന്ന് 1923-ല്‍ കെ.പി. കേശവമേനോന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരണം തുടങ്ങിയ മാതൃഭൂമി മലയാള സാഹിത്യ ചരിത്രത്തിന്റേയും നാഴികക്കല്ലാണ്. 1924-ല്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയ അല്‍-അമീന്‍ പത്രം ബ്രിട്ടീഷ് അധികാരികളെ പ്രകോപിപ്പിച്ചിരുന്നു. 1934-ല്‍ മുസ്ലിംലീഗിന്റെ മുഖപത്രമായി തലശ്ശേരിയില്‍ തുടങ്ങിയ ചന്ദ്രികയും പിന്നീട് കോഴിക്കോട്ടേക്കു മാറി. 1942-ല്‍ തുടങ്ങിയ ദേശാഭിമാനിയും നാലുവര്‍ഷത്തിനുശേഷം ദിനപത്രമായി മാറി. പിന്നീട് സിറാജ്, മാധ്യമം, തേജസ്, വര്‍ത്തമാനം, സുപ്രഭാതം തുടങ്ങി നിരവധി പത്രങ്ങള്‍ കോഴിക്കോട്ടുനിന്നുണ്ടായി.

അതുപോലെത്തന്നെയാണ് ആനുകാലികങ്ങളുടെ കാര്യവും. 1927-ല്‍ വാഗ്ഭടാനന്ദന്‍ തുടങ്ങിയ അഭിനവ കേരളമാണ് മാസികകളുടെ ചരിത്രത്തില്‍ ആദ്യത്തേത്. പ്രസാധക സംഘങ്ങളുടേയും അച്ചടിശാലകളുടേയും കേന്ദ്രം കൂടിയായിരുന്നു ഈ നഗരം. കെ.ആര്‍. ബ്രദേഴ്സ്, പി.കെ. ബ്രദേഴ്സ് എന്നിവരായിരുന്നു പ്രമുഖരായ ആദ്യത്തെ പുസ്തകപ്രസാധകര്‍. എസ്.കെ. പൊറ്റക്കാട് ഉള്‍പ്പെടെയുള്ള പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഇവരിലൂടെയാണ് പുറത്തുവന്നത്. 1887-ല്‍ മലയാളത്തിലെ ആദ്യ നോവലായ അപ്പു നെടുങ്ങാടി രചിച്ച കുന്ദലത പ്രസിദ്ധീകരിച്ചതും കോഴിക്കോട് നിന്നാണ്.

എഴുത്തുകാരേയും പ്രസാധകരേയും പോലെത്തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കോഴിക്കോട്ടെ വായനക്കാരും. കോഴിക്കോട് നഗരത്തില്‍ മാത്രം അറുന്നൂറോളം ലൈബ്രറികളുണ്ട്. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും പലയിടങ്ങളിലും നടക്കുന്നുണ്ട്. ചെറിയ ചെറിയ കൂട്ടായ്മകളാണ് ഇത്തരം സാഹിത്യപരിപാടികള്‍ സംഘടിപ്പിക്കുന്നതിലേറെയും.

ഇതിനുപുറമെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തുടങ്ങി നിരവധി സാഹിത്യോത്സവങ്ങള്‍ക്കും നഗരം വേദിയാകുന്നു. സാഹിത്യവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ എണ്ണവും നഗരത്തില്‍ ധാരാളമുണ്ട്. ജനപങ്കാളിത്തം തന്നെയാണ് കോഴിക്കോടിനെ മറ്റിടങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടുതന്നെ സാഹിത്യനഗര പദവി ഓരോ കോഴിക്കോട്ടുകാരേയും അംഗീകരിക്കല്‍ കൂടിയാണ്.

TP SOORAJ.The New Indian Express KOZHIKODE.09744613052

സര്‍ഗ്ഗാത്മകതയിലൂടെ നഗരവികസനം

കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട്, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവയുടെ ശ്രമഫലമായാണ് സാഹിത്യനഗര പദവി നേടിയെടുക്കാനായത്. കില അര്‍ബന്‍ ചെയറിന്റെ നേതൃത്വത്തിലാണ് യുനെസ്‌കോ അംഗീകാരം നേടിയെടുക്കാനുള്ള ആലോചനകള്‍ തുടങ്ങിയത്. എന്‍.ഐ.ടി. കോഴിക്കോടാണ് പഠനം നടത്തിയതും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതും അവതരിപ്പിച്ചതും.

ക്രിയേറ്റീവ് സിറ്റീസില്‍ ആദ്യം അംഗീകരിക്കപ്പെട്ടത് കോഴിക്കോട് ആണെങ്കിലും ഇതിനു മുന്‍പുതന്നെ കേരളത്തിലെ രണ്ട് നഗരങ്ങള്‍ യുനെസ്‌കോയുടെ അംഗീകാരം നേടിയിട്ടുണ്ട്. യുനെസ്‌കോ ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഓഫ് ലേണിങ് സിറ്റീസില്‍ 2022-ല്‍ നിലമ്പൂരും തൃശൂരും ഇടംപിടിച്ചിട്ടുണ്ട്. തൃശൂരിനുവേണ്ടി കില തന്നെയാണ് അതിന്റെ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നത്. നിലമ്പൂര്‍ നഗരസഭ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ സഹായത്തോടെയാണ് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയതും അപേക്ഷിച്ചതും. നഗരങ്ങളെ പലരീതിയില്‍ സര്‍ഗ്ഗാത്മകവും ജീവസുറ്റതും സാമ്പത്തികമായി ഉയര്‍ത്താനുമുള്ള കിലയുടെ പദ്ധതിയില്‍ കേരളത്തിലെ മറ്റ് നഗരങ്ങള്‍ കൂടിയുണ്ട്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കണ്ണൂര്‍ നഗരങ്ങള്‍ വിവിധ അംഗീകാരങ്ങള്‍ നേടിയെടുക്കാനുള്ള പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം സമാധാന നഗരം, കൊല്ലം ജൈവവൈവിധ്യം, കൊച്ചി സിറ്റി ഓഫ് ഡിസൈന്‍, കണ്ണൂര്‍ ഫോക് ആര്‍ട് എന്നിങ്ങനെ വിവിധ ഏജന്‍സികളുടെ അംഗീകാരത്തിനുള്ള ഒരുക്കത്തിലാണ്.

നഗരത്തിന്റെ ജീവിതവും സമ്പദ്വ്യവസ്ഥയും ആ നഗരത്തിന്റെ സവിശേഷമായ പാരമ്പര്യവും വൈദഗ്ദ്ധ്യവും ഉപയോഗപ്പെടുത്തി മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ. സാഹിത്യ പാരമ്പര്യത്തെ റൊമാന്റിസൈസ് ചെയ്യുന്നതിനപ്പുറം അതിനെ സംരക്ഷിക്കാനും സാഹിത്യപ്രതിഭകള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കാനും സാഹിത്യനഗരം പ്രഖ്യാപനത്തിലൂടെ കോഴിക്കോടിനു കഴിയും. പുറത്തുനിന്നുള്ള സാഹിത്യ അഭിരുചിയുള്ളവര്‍ക്ക് ഇവിടെ വന്ന് താമസിച്ച് എഴുതാനും ഗവേഷണത്തിനുമുള്ള റെസിഡന്‍സ് സംവിധാനങ്ങള്‍, എഴുത്തുകാരെ പലതരത്തില്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യല്‍, മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലുള്ള എഴുത്തിനേയും എഴുത്തുകാരേയും സിനിമകളേയും പ്രോത്സാഹിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുക, സാഹിത്യരംഗത്ത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കല്‍, സാഹിത്യകാരന്മാരുടെ വീടുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ലിറ്റററി ടൂറിസം സര്‍ക്യൂട്ട്, സാഹിത്യ മ്യൂസിയം, മീഡിയ മ്യൂസിയം, പുതിയ നിക്ഷേപങ്ങള്‍ക്കുള്ള സാധ്യത തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി കോഴിക്കോട് നടക്കും. ആദ്യപടിയായി സിറ്റി ഓഫ് ലിറ്ററേച്ചറിന്റെ ഓഫീസ് കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങി. സര്‍ഗ്ഗാത്മകതയിലൂടെ ഇക്കോണമിയെ ശക്തിപ്പെടുത്തുകയും സാംസ്‌കാരികമായി സമൂഹത്തെ മെച്ചപ്പെടുത്തുകയും ക്രിയേറ്റീവ് ബ്യൂറോക്രസിയിലേക്കുള്ള മാറ്റവും ഇതിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com