‘ദൈവം നിയോഗിച്ച മോദി’; ജനത്തെ വിശ്വസിച്ച് രാഹുല്‍: ഈ തെരഞ്ഞെടുപ്പിലെ മറക്കരുതാത്ത ചില കാഴ്ചകള്‍

543-ൽ 240 സീറ്റിലൊതുങ്ങിയ ബി.ജെ.പിക്ക് ഇനി സഖ്യകക്ഷികളുടെ സമ്മർദതന്ത്രങ്ങിൽ ഭരണം മുന്നോട്ടുകൊണ്ടുപോകേണ്ടിവരും. കഴിഞ്ഞ തവണത്തേക്കാൾ 63 സീറ്റുകളുടെ കുറവാണ് ബി.ജെ.പിക്ക്. ഏറ്റവും വലിയ ഒറ്റകക്ഷി എന്നു പറയാമെങ്കിലും കേവല ഭൂരിപക്ഷമില്ല.
‘ദൈവം നിയോഗിച്ച മോദി’;
ജനത്തെ വിശ്വസിച്ച് രാഹുല്‍:
ഈ തെരഞ്ഞെടുപ്പിലെ മറക്കരുതാത്ത ചില കാഴ്ചകള്‍

21 സംസ്ഥാനങ്ങളിലെ 102 നിയോജകമണ്ഡലങ്ങളില്‍ ഏപ്രില്‍ 19-നു നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് 16-നു പ്രഖ്യാപിക്കുന്നതിനു മുന്‍പേത്തന്നെ രാജ്യം പൊതു തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിലേയ്ക്ക് മാറിയിരുന്നു. പക്ഷേ, ഭരണമാറ്റം ആഗ്രഹിക്കുന്നവര്‍ക്കു വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ല. ഭരണത്തുടര്‍ച്ച ഉറപ്പു പറഞ്ഞവര്‍ക്ക് ആത്മവിശ്വാസം കൂടുതലുമായിരുന്നു. പോകെപ്പോകെ സ്ഥിതിയും ഗതിയും മാറി.

വിഷയങ്ങള്‍ മാറിവന്നത് മുന്‍കാലങ്ങളിലേക്കാള്‍ വേഗത്തിലും രാജ്യത്തിന്റെയാകെ ശ്രദ്ധ നേടിയുമാണ്. ദൈവം ഒരു ലക്ഷ്യത്തിനുവേണ്ടി തന്നെ അയച്ചിരിക്കുകയാണെന്ന് തനിക്കു ബോധ്യമുണ്ട് എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണ് ഈ തെരഞ്ഞെടുപ്പു കാലത്തെ ഏറ്റവും കനപ്പെട്ട പ്രസ്താവന. അതു മോദിയുടെ നിലവിട്ട വര്‍ത്തമാനമാണ് എന്നു വിശ്വസിക്കുന്നവര്‍ ഉണ്ടെങ്കിലും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രസ്താവനയാണ് എന്ന നിരീക്ഷണവുമുണ്ട്. ''ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ എനിക്കു പ്രവര്‍ത്തിക്കാനുണ്ട്. അതുകൊണ്ടാണ് എന്നെ ഞാന്‍ സമ്പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിച്ചിരിക്കുന്നത്'', മെയ് 25-ന് എന്‍.ഡി.ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. ''പരമാത്മാവ് അദ്ദേഹത്തിന്റെ കളികള്‍ വെളിപ്പെടുത്താറില്ല, ജോലികള്‍ ഏല്‍പ്പിക്കുകയേ ഉള്ളൂ. അടുത്തത് എന്താണെന്നു ചോദിക്കുന്നതിന് എനിക്ക് അദ്ദേഹത്തെ നേരിട്ടു ബന്ധപ്പെടാന്‍ കഴിയില്ല'' -മോദി പറഞ്ഞു.

400 സീറ്റുകള്‍ നേടി മൂന്നാമതും എന്‍.ഡി.എ അധികാരത്തില്‍ വരുമെന്ന് ആദ്യം പറഞ്ഞത് പ്രധാനമന്ത്രിയാണ്. ഇത്തവണയും മറ്റാരുമല്ല പ്രധാനമന്ത്രി എന്ന് ബി.ജെ.പി നേതൃത്വം മാസങ്ങള്‍ക്കു മുന്‍പേ തീരുമാനിക്കുകയും മോദി തന്നെ അതു പറയുകയും ചെയ്തിരുന്നു. 2014 മുതല്‍ രാജ്യം ഭരിക്കുന്ന രണ്ടു മോദി സര്‍ക്കാരുകള്‍ രാജ്യത്തിനുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളും ഇനി ചെയ്യാന്‍ പോകുന്നവയെക്കുറിച്ചുള്ള വാഗ്ദാനങ്ങളും ഉള്‍പ്പെട്ട 'മോദി ഗ്യാരണ്ടി' ആയിരുന്നു തുടക്കത്തില്‍ പ്രധാനമന്ത്രി മുതല്‍ താഴേയ്ക്ക് മുഴുവന്‍ ബി.ജെ.പി-എന്‍.ഡി.എ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നാവില്‍. മോദിയുടെ ഗ്യാരണ്ടി എന്നത് ജനത്തേക്കൊണ്ട് മോദി തന്നെ പൊതുയോഗങ്ങളില്‍ ഏറ്റുവിളിപ്പിച്ചു. പക്ഷേ, മൂന്നാം ഘട്ടമായപ്പോഴേയ്ക്കും അതിനു പെട്ടെന്നു മാറ്റം വന്നു. മോദി ഗ്യാരണ്ടിയെക്കുറിച്ച് പ്രാദേശിക നേതാക്കള്‍ പ്രചാരണ യോഗങ്ങളിലോ മറ്റോ പറഞ്ഞാലായി.

പകരം, മോദി തന്നെ പുതിയ ഒരു പ്രചാരണ വിഷയമെടുത്തിട്ടു: കോണ്‍ഗ്രസ്സും ഇന്ത്യാ മുന്നണിയും വന്നാല്‍ മുസ്ലിം പ്രീണനമായിരിക്കും അവരുടെ മുഖ്യ കാര്യപരിപാടി എന്നായിരുന്നു അതിന്റെ ആകെത്തുക. സംഗതി വിവാദമാവുകയും തെരഞ്ഞെടുപ്പു കമ്മിഷനു കോണ്‍ഗ്രസ്സും സി.പി.എമ്മും പരാതി നല്‍കുകയും ചെയ്തു. പക്ഷേ, രാജസ്ഥാനില്‍ തുടങ്ങിയ ആ പ്രചാരണതന്ത്രം മോദി ആവര്‍ത്തിക്കുക തന്നെയാണ് ചെയ്തത്. പെട്ടെന്ന് ഇടപെട്ടു വിലക്കേണ്ട സാമുദായിക വിഭജനലക്ഷ്യം അതില്‍ ഉണ്ടായിട്ടും കമ്മിഷന്‍ ഇടപെട്ടില്ല. പിന്നീട് വിശദീകരണം ചോദിച്ച് നോട്ടീസ് നല്‍കിയതാകട്ടെ, മോദിക്കല്ല ബി.ജെ.പി പ്രസിഡന്റ് ജെ.പി. നദ്ദയ്ക്കായിരുന്നുതാനും. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ ബി.ജെ.പി നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും നോട്ടീസ് നല്‍കി. മുസ്ലിങ്ങളെയല്ല ഉദ്ദേശിച്ചത് എന്ന് പ്രധാനമന്ത്രി പിന്നീട് ചാനല്‍ അഭിമുഖത്തില്‍ തിരുത്തി; അങ്ങനെയൊരു വ്യാഖ്യാനം വന്നതു തന്നെ ഞെട്ടിച്ചു എന്നും പറഞ്ഞു. ഹിന്ദു-മുസ്ലിം രാഷ്ട്രീയം പറയേണ്ടിവരുന്ന ദിവസം താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നുകൂടി അദ്ദേഹം വികാരാധീനനായി. സ്വന്തം നിയോജകമണ്ഡലമായ വാരാണസിയുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ വീഡിയോയിലും ഇത് ആവര്‍ത്തിച്ചു. പക്ഷേ, അടുത്ത ദിവസം പൊതുയോഗത്തില്‍ കോണ്‍ഗ്രസ്സിന്റെ 'മുസ്ലിം പക്ഷപാത'ത്തെക്കുറിച്ച് വീണ്ടും പറഞ്ഞു.

ഒരുവശത്ത് ഗ്യാരണ്ടിയില്‍നിന്നു വിഭജന രാഷ്ട്രീയത്തിലേയ്ക്ക് മാറുമ്പോള്‍ത്തന്നെ സമാന്തരമായി പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് കടന്നകൈ പ്രയോഗങ്ങളും തുടങ്ങി. കോണ്‍ഗ്രസ്സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ മദ്യനയക്കേസില്‍ അറസ്റ്റു ചെയ്തതുമൊക്കെ അതിന്റെ ഭാഗം. 50 ദിവസം ജയിലില്‍ കഴിഞ്ഞു ജാമ്യം നേടി പുറത്തുവന്ന കെജ്രിവാള്‍ പുതിയ തരംഗമായി മാറി. അമിത് ഷായെ ഒരു വര്‍ഷം കഴിഞ്ഞു പ്രധാനമന്ത്രിയാക്കാനാണ് മോദി വോട്ടു ചോദിക്കുന്നത് എന്ന കെജ്രിവാളിന്റെ 'വെളിപ്പെടുത്തല്‍' അപാര പ്രഹരശേഷിയുള്ളതായിരുന്നു. ബി.ജെ.പിയുടെ കീഴ്വഴക്കമനുസരിച്ച്, 75 തികയുന്ന മോദി മാറുമെന്ന് അതുവരെ ഒരു പ്രധാന പ്രതിപക്ഷ നേതാവും വിചാരിച്ചിരുന്നുപോലുമില്ല. ബി.ജെ.പിക്കുള്ളിലും യോഗി ആദിത്യനാഥ് - അമിത് ഷാ പോരിന്റെ എരിതീയില്‍ ഒഴിച്ച എണ്ണയായി ആ പ്രസ്താവന. രണ്ടുപേരും ഇതു നിഷേധിച്ചെങ്കിലും പ്രചാരണവിഷയങ്ങളില്‍ പൊടുന്നനെയുണ്ടായ ഈ ട്വിസ്റ്റും കെജ്രിവാള്‍ പുതിയ അജന്‍ഡ സെറ്റ് ചെയ്തതും സമര്‍ത്ഥമായി മറികടക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞില്ല. അങ്ങനെ അഞ്ച് ഘട്ടങ്ങളും പിന്നിട്ട് ആറാമത്തെ ഘട്ടത്തിലേയ്ക്ക് കടക്കുമ്പോഴാണ് ആരും പ്രതീക്ഷിക്കാത്ത ആ കാര്യം പറഞ്ഞ് പ്രധാനമന്ത്രി ലോകത്തെത്തന്നെ ഞെട്ടിച്ചത്: തന്നെ ദൈവം അയച്ചതാണ് എന്ന് മോദി പറയുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് യു.പിയിലെ മറ്റൊരു ബി.ജെ.പി നേതാവ് ഒരു കാര്യം പറഞ്ഞിരുന്നു; ഭഗവാന്മാരെല്ലാം മോദിയുടെ ആരാധകരാണ്. എന്തൊക്കെയോ പറയുന്നു എന്നു തോന്നാം.

അമിത് ഷായെ ഒരു വര്‍ഷം കഴിഞ്ഞു പ്രധാനമന്ത്രിയാക്കാനാണ് മോദി വോട്ടു ചോദിക്കുന്നത് എന്ന കെജ്രിവാളിന്റെ 'വെളിപ്പെടുത്തല്‍' അപാര പ്രഹരശേഷിയുള്ളതായിരുന്നു. ബി.ജെ.പിയുടെ കീഴ്വഴക്കമനുസരിച്ച്, 75 തികയുന്ന മോദി മാറുമെന്ന് അതുവരെ ഒരു പ്രധാന പ്രതിപക്ഷ നേതാവും വിചാരിച്ചിരുന്നുപോലുമില്ല.
ANI

അതേസമയം, ജനാധിപത്യം സംരക്ഷിക്കാനാണ് ഈ പോരാട്ടം എന്നു താന്‍ മത്സരിക്കുന്ന കേരളം ഉള്‍പ്പെട്ട രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ തലേന്നു പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു: ''ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കും ആര്‍.എസ്.എസ്സിനും എതിരെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഇന്ത്യാസഖ്യം പോരാടുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും മണിപ്പൂര്‍ മുതല്‍ മഹാരാഷ്ട്ര വരെയും സഞ്ചരിച്ച് ജനങ്ങള്‍ക്കു പറയാനുള്ളത് കേട്ടാണ് കോണ്‍ഗ്രസ് പ്രകടനപത്രിക തയ്യാറാക്കിയത്. സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍ അടക്കമുള്ളവര്‍ക്ക് ഗ്യാരണ്ടി നല്‍കുന്ന വിപ്ലവകരമായ പ്രകടനപത്രികയാണ് കോണ്‍ഗ്രസ്സിന്റേത്.''

Manish Swarup

മോദിയുടെ വിദ്വേഷ പ്രസംഗങ്ങള്‍

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ വിദ്വേഷ, വിവാദഭാഗം ഇങ്ങനെ: ''അവരുടെ സര്‍ക്കാരുണ്ടായിരുന്നപ്പോള്‍ രാജ്യത്തിന്റെ സമ്പത്തില്‍ ആദ്യ അധികാരം മുസ്ലിങ്ങള്‍ക്കാണ് എന്നു പറഞ്ഞിരുന്നു. അതിനര്‍ത്ഥം ഈ സമ്പത്ത് പിടിച്ചെടുത്ത് ആര്‍ക്ക് നല്‍കുമെന്നാണ്? ആര്‍ക്കാണോ കൂടുതല്‍ കുട്ടികളുള്ളത് അവര്‍ക്കു നല്‍കും. നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കും. നിങ്ങളുടെ അധ്വാനത്തിന്റെ ഫലം നുഴഞ്ഞുകയറ്റക്കാര്‍ക്കു കൊടുക്കണോ? . ഈ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ അമ്മപെങ്ങന്മാരുടെ സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നു പറയുന്നു. മുസ്ലിങ്ങള്‍ക്കാണ് സമ്പത്തില്‍ അധികാരം എന്ന് മന്‍മോഹന്‍ സിംഗ്ജിയുടെ സര്‍ക്കാര്‍ പറഞ്ഞതു പ്രകാരം വിതരണം ചെയ്യും. ഈ അര്‍ബന്‍ നക്‌സല്‍ ചിന്താഗതി അമ്മപെങ്ങന്മാരുടെ കെട്ടുതാലിവരെ ബാക്കിവയ്ക്കില്ല.''

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്തു വീതം വയ്ക്കുമെന്ന വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിക്കു കത്തയച്ചത് ശ്രദ്ധേയമായി. ''ആദ്യഘട്ടത്തിലെ മോശം പ്രകടനം താങ്കളേയും ബി.ജെ.പിയുടെ മറ്റു നേതാക്കളേയും ഈ രീതിയില്‍ സംസാരിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു'' -ഖാര്‍ഗെ പറഞ്ഞു. ''താങ്കള്‍ ചില ദിവസങ്ങളായി പ്രസംഗങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയില്‍ എനിക്ക് അത്ഭുതമോ ഞെട്ടലോ ഇല്ല'' എന്നും ഖാര്‍ഗെ പറഞ്ഞു. ''കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ വിശദീകരിക്കുന്നതിനു താങ്കളുമായി മുഖാമുഖം നടത്താന്‍ സന്തോഷമേയുള്ളൂ. അങ്ങനെയെങ്കിലും തെറ്റായ പരാമര്‍ശങ്ങള്‍ നിര്‍ത്തുമല്ലോ. പ്രകടനപത്രികയില്‍നിന്നു കുറച്ചു മാത്രമെടുത്ത് വര്‍ഗ്ഗീയ ചേരിതിരിവിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പക്ഷേ, ഇത്തരത്തില്‍ സംസാരിക്കുന്നതിലൂടെ പദവിയുടെ പെരുമയെ താങ്കള്‍ ഇടിച്ചുതാഴ്ത്തുകയാണ്. തോല്‍ക്കുമെന്ന ഭയത്തില്‍ പ്രധാനമന്ത്രി ഇത്തരം ഭാഷ ഉപയോഗിച്ചല്ലോ എന്ന്, തെരഞ്ഞെടുപ്പെല്ലാം അവസാനിച്ചു കഴിയുമ്പോള്‍ ജനം ഓര്‍മ്മിക്കും'' -കത്തിലെ വരികള്‍ ഇങ്ങനെ.

ജീവിതത്തില്‍ ഒരിക്കല്‍പ്പോലും താലിമാലയെ ബഹുമാനിക്കാത്തയാളാണ് അതിനെക്കുറിച്ചു സംസാരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്. ''കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്ക് വര്‍ഗ്ഗീയനിറം നല്‍കി തെരഞ്ഞെടുപ്പു പ്രചാരണത്തെ മറ്റൊരു ദിശയിലേയ്ക്കു നയിക്കാനാണ് മോദിയുടെ ശ്രമം. 400 സീറ്റുറപ്പ്, മോദിയുടെ ഗ്യാരണ്ടി തുടങ്ങിയ ആഹ്വാനങ്ങള്‍ ഇപ്പോള്‍ അദ്ദേഹം നടത്തുന്നില്ല; മറിച്ച്, വിദ്വേഷത്തിന്റെ ഭാഷയാണ് ഉപയോഗിക്കുന്നത്.''

ഒരു രാജ്യം ഒരു ഭാഷ ഒരു മതം എന്ന നയം നടപ്പാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു എന്നു കേരളത്തില്‍ കോട്ടയത്തും തമിഴ്ഭാഷയേയും സംസ്‌കാരത്തേയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോയമ്പത്തൂരിലും പ്രസംഗിച്ചതിനാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി പരാതി നല്‍കിയത്. അതിനാണ് ഖാര്‍ഗെയ്ക്കു നോട്ടീസ്. ദളിതനായതുകൊണ്ട് രാമക്ഷേത്ര സമര്‍പ്പണച്ചടങ്ങളില്‍ തന്നെ ക്ഷണിച്ചില്ല എന്ന് ഖാര്‍ഗെ പരിതപിച്ചതു വേറെ പരാതിക്കും നോട്ടീസിനും കാരണമായി. നോട്ടീസൊക്കെ ഒരുവശത്ത് വരികയും വാര്‍ത്തയാവുകയും ചെയ്‌തെങ്കിലും മോദി 'ഗ്യാരണ്ടി' വിട്ടുള്ള പ്രസംഗങ്ങള്‍ തുടരുകതന്നെ ചെയ്തു: ''ഇന്ദിരാഗാന്ധിയുടെ പാരമ്പര്യ സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ പാരമ്പര്യ സ്വത്തിന്മേലുള്ള നികുതി രാജീവ് ഗാന്ധി സര്‍ക്കാര്‍ ഒഴിവാക്കി, ഇപ്പോള്‍ തിരിച്ചുകൊണ്ടു വരാന്‍ ശ്രമിക്കുന്നു; കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്തില്‍ പകുതിയും പിടിച്ചെടുത്ത് വീതം വയ്ക്കും...''

മെയ് 14-നാണ് വാരാണസിയില്‍ വെച്ച് ചാനല്‍ അഭിമുഖത്തില്‍ മോദി പറഞ്ഞതിങ്ങനെ''ഹിന്ദു, മുസ്ലിം വേര്‍തിരിവോടെ എന്നു സംസാരിക്കുന്നോ അന്നു ഞാന്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ അര്‍ഹനല്ലാതാകും.'' എന്നാല്‍, പിറ്റേന്ന് മഹാരാഷ്ട്രയിലെ നാസിക്കില്‍ പറഞ്ഞത് അതിനു നേരെ എതിര്: ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വെവ്വേറെ ബജറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആഗ്രഹം.

വാരാണസിയിലെ അഭിമുഖത്തില്‍നിന്ന്: ''സമുദായം തിരിച്ച് ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല. ഇത് എന്റെ ദൃഢനിശ്ചയമാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഹിന്ദു, മുസ്ലിം ഭിന്നത സൃഷ്ടിക്കുകയാണ് എന്ന വിമര്‍ശനങ്ങള്‍ എന്നെ ഞെട്ടിച്ചു. കൂടുതല്‍ കുട്ടികളുള്ളവര്‍ എന്നു പറയുമ്പോള്‍ എങ്ങനെയാണ് അത് മുസ്ലിങ്ങള്‍ക്ക് എതിരാവുക? അതു പാവപ്പെട്ട കുടുംബങ്ങളായിക്കൂടെ? ദാരിദ്ര്യമുള്ളിടത്ത് കുട്ടികളുടെ എണ്ണം കൂടാറുണ്ട്. നന്നായി വളര്‍ത്താന്‍ കഴിയുമെങ്കില്‍ എത്ര കുട്ടികള്‍ വേണമെങ്കിലുമാകാം.

നാസിക്കിലെ പൊതുയോഗത്തില്‍: ഇന്ത്യയുടെ ബജറ്റിന്റെ 15 ശതമാനം മുസ്ലിങ്ങള്‍ക്കു നല്‍കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വെവ്വേറെ ബജറ്റുകള്‍ വേണം എന്നാണ് അവരുടെ ആഗ്രഹം. രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികള്‍ മുസ്ലിങ്ങളാണ് എന്നായിരുന്നു യു.പി.എ സര്‍ക്കാരിന്റെ നിലപാട്. കോണ്‍ഗ്രസ്സിനു കേന്ദ്രഭരണം കിട്ടിയാല്‍ കര്‍ണാടകത്തിലെപ്പോലെ ഒ.ബി.സി സംവരണം കവര്‍ന്നെടുത്ത് മുസ്ലിങ്ങള്‍ക്കു നല്‍കും.

ഏപ്രില്‍ 21-ന് രാജസ്ഥാന്‍ (കൂടുതല്‍ മക്കളുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്ക് സ്വത്തു വീതംവെച്ചു നല്‍കുന്നതിനെപ്പറ്റി), 22-ന് യു.പിയിലെ അലിഗഢ് (സ്ത്രീകളുടെ താലിമാലപോലും പൊട്ടിച്ചു മറ്റുള്ളവര്‍ക്കു നല്‍കുന്നതിനെപ്പറ്റി), 30-ന് കര്‍ണാടകയിലെ ബാഗല്‍കോട്ട് (ഒ.ബി.സി സംവരണപ്പട്ടികയില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി), മെയ് ഒന്നിന് ഗുജറാത്തിലെ ബനാസ്‌കാണ്ഡേ (മുസ്ലിം സംവരണത്തിനു കോണ്‍ഗ്രസ് ഇന്ത്യയുടെ ഭരണഘടന മാറ്റുമെന്ന്), മെയ് നാലിന് ഝാര്‍ഖണ്ഡിലെ ഛായ്ബാസ (കോണ്‍ഗ്രസ് സര്‍ക്കാര്‍ മറ്റുള്ളവരുടെ സ്വത്ത് പിടിച്ചെടുത്ത് 'വോട്ട് ജിഹാദ്' നടത്തുന്നവര്‍ക്കു വിതരണം ചെയ്യുമെന്ന്) മെയ് ഏഴിന് മധ്യപ്രദേശിലെ ധര്‍ (കോണ്‍ഗ്രസ് വന്നാല്‍ ക്രിക്കറ്റ് ടീമിലും ന്യൂനപക്ഷങ്ങള്‍ക്കു മുന്‍ഗണന കിട്ടുമെന്ന്) എന്നിവിടങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ പരാമര്‍ശങ്ങളുടെ ആവര്‍ത്തനമാണ് നടത്തിയത്.

നാസിക്കില്‍ മോദി പ്രസംഗിക്കുമ്പോള്‍ കര്‍ഷകര്‍ പ്രതിഷേധ മുദ്രാവാക്യം വിളിച്ചത് ബി.ജെ.പിയെ ഞെട്ടിച്ചു. അല്‍പ്പസമയം മോദിക്ക് പ്രസംഗം നിര്‍ത്തേണ്ടിവന്നു. ഉള്ളി കയറ്റുമതി നിരോധിച്ചതായിരുന്നു പ്രതിഷേധ കാരണം.

ഭക്ഷണത്തിന്റെ രാഷ്ട്രീയം

ഗംഗാനദിയില്‍ മുങ്ങിക്കുളിച്ച്, പ്രാര്‍ത്ഥിച്ചാണ് മെയ് 15-ന് മോദി വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. കേന്ദ്രമന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും അടക്കം വലിയ നേതൃനിര മോദിക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ഓരോ ബൂത്തിലും 370 വോട്ടുകള്‍ വീതം അധികം ഉറപ്പു വരുത്തണമെന്ന് പിന്നീട് ചേര്‍ന്ന കണ്‍വന്‍ഷനില്‍ മോദി പ്രവര്‍ത്തകരോടു നിര്‍ദ്ദേശിച്ചു. കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് എടുത്തുകളഞ്ഞതിന്റെ ആഘോഷമായാണ് ഈ സംഖ്യ. ജൂണ്‍ 13-നും 14-നും ഇറ്റലിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം പങ്കെടുക്കും എന്നു പ്രഖ്യാപിച്ചാണ് മോദി വാരാണസി വിട്ടത്.

ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രാമനവമി ദിനത്തില്‍ മീന്‍ കഴിച്ചു എന്ന ആരോപണവും ഈ ദിവസങ്ങളില്‍ മോദി ഉന്നയിച്ചു. ഇഷ്ടഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ബി.ജെ.പിയും മോദിയും ഇടപെടുന്നതിനെ തെരഞ്ഞെടുപ്പു പൊതു യോഗത്തില്‍ പരിഹസിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പ്രധാനമന്ത്രിക്കു വേണമെങ്കില്‍ അദ്ദേഹം ഇഷ്ടപ്പെടുന്ന ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ താന്‍ തയ്യാറാണ് എന്നു പറഞ്ഞത് ശ്രദ്ധ നേടി. ''എനിക്ക് സസ്യഭക്ഷണംപോലെ മീന്‍ കറിയും ഇഷ്ടമാണ്. ഹിന്ദുക്കളുടെ ഇടയിലെ വിവിധ വിഭാഗങ്ങളില്‍ ഭക്ഷണ വൈവിധ്യമുണ്ട്. എന്ത് ആഹാരം കഴിക്കണം എന്നു പറയാന്‍ ബി.ജെ.പിക്ക് എന്തവകാശം?'' -മമത ചോദിച്ചു.

ഗൗതം അദാനി, മുകേഷ് അംബാനി, അമിത്ഷാ
ഗൗതം അദാനി, മുകേഷ് അംബാനി, അമിത്ഷാ

അദാനിയും അംബാനിയും

ബി.ജെ.പിക്കും പ്രധാനമന്ത്രി മോദിക്കുമെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന അദാനി, അംബാനി ബന്ധവും വിധേയത്വവും കോണ്‍ഗ്രസ്സിനെതിരെ മോദി തന്നെ തിരിച്ചിട്ടത് ഈ തെരഞ്ഞെടുപ്പു കാലത്ത് രാജ്യം കണ്ടു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം അദാനി, അംബാനി ബന്ധം രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നില്ല എന്നാണ് ഒരു കണ്ടെത്തല്‍. ഈ രണ്ടു വ്യവസായികളില്‍നിന്നും ലോറി നിറയെ കള്ളപ്പണം കിട്ടിയിട്ടുണ്ടോ എന്നുപോലും മോദി ചോദിച്ചു. സ്വന്തം സുഹൃത്തുക്കള്‍ക്കെതിരെപ്പോലും മോദി തിരിഞ്ഞത് തോല്‍വി ഭയം ബാധിച്ചതുകൊണ്ടാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. പ്രധാനമന്ത്രിക്കു പേടിയാണോ എന്നു ചോദിച്ച് രാഹുല്‍ ഗാന്ധി മെയ് എട്ടിനു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്ത വീഡിയോ വൈറലുമായി. ''അടച്ചിട്ട മുറിയിലിരുന്നാണ് താങ്കള്‍ സാധാരണ അദാനി അംബാനി അദാനി എന്നൊക്കെ പറയാറുള്ളത്. ഇതാദ്യമായി രണ്ടു പേരുകളും നിങ്ങള്‍ പൊതു ഇടത്തില്‍ പറഞ്ഞു. ലോറിയിലാണ് പണം കൊടുക്കുന്നത് എന്നും താങ്കള്‍ക്ക് അറിയാം അല്ലേ? ഒരു കാര്യം ചെയ്യൂ; ഇ.ഡിയേയും സി.ബി.ഐയേയും അവരുടെ അടുത്തേയ്ക്ക് അയയ്ക്കൂ, അന്വേഷണവും നടത്തൂ, വേഗം.''

കോണ്‍ഗ്രസ്സിനെതിരെ നരേന്ദ്ര മോദി ഉന്നയിച്ച 'അദാനി, അംബാനി ആരോപണം' രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. ആ ആരോപണത്തിനു തുടര്‍ച്ച ഉണ്ടായില്ലെങ്കിലും അന്നത്തെ വാക്കുകള്‍ കടുപ്പമുള്ളതായിരുന്നു: ''തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ്സിന്റെ രാജകുമാരന്‍ അവരെ വിമര്‍ശിക്കുന്നതു നിര്‍ത്തി. എന്തായിരുന്നു ഡീല്‍? എന്തോ കുഴപ്പമുണ്ട്. അഞ്ചു വര്‍ഷം അവരെ ചീത്ത വിളിക്കുന്നു, പെട്ടെന്ന് അതു നിര്‍ത്തുന്നു'' -മോദി പറഞ്ഞു. ഈ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ മറ്റു നേതാക്കളും രൂക്ഷമായാണ് പ്രതികരിച്ചത്. കസേര ഇളകുന്നതുകൊണ്ടാണ് സ്വന്തം സുഹൃത്തുക്കള്‍ക്കെതിരായ ആക്രമണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇതിനിടെ, ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും കിട്ടേണ്ട ആനുകൂല്യങ്ങള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് മുസ്ലിങ്ങള്‍ക്കു കൊടുക്കുന്നു എന്ന് ആക്ഷേപിച്ച് സമൂഹമാധ്യമമായ എക്‌സില്‍ ബി.ജെ.പി വീഡിയോ പോസ്റ്റുചെയ്തു. ഇതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയെങ്കിലും അഞ്ചു ദിവസംകൊണ്ട് നിരവധിയാളുകള്‍ കണ്ടശേഷമാണ് അതു മാറ്റാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ എക്‌സിനു നിര്‍ദ്ദേശം നല്‍കിയത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം കിട്ടിയത്. മെയ് നാലിനു പോസ്റ്റുചെയ്ത വീഡിയോ എട്ടു വരെ 'ഓടി.' അതിനുശേഷം ജെ.പി. നദ്ദയ്ക്കും ബി.ജെ.പി ഐ.ടി വിഭാഗം മേധാവി അമിത് മാളവ്യയ്ക്കും ബംഗളൂരു പൊലീസ് നോട്ടീസ് അയയ്ക്കുകയും ചെയ്തു.

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍, സുക്ബീര്‍ സിങ് സന്ദു, ഗ്യാനേഷ് കുമാര്‍
ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍, സുക്ബീര്‍ സിങ് സന്ദു, ഗ്യാനേഷ് കുമാര്‍ -

കമ്മിഷന്‍ കണ്ടു, കണ്ടില്ല

വിദ്വേഷ പ്രസംഗങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി എന്നു കണ്ടെത്തിയ തെരഞ്ഞെടുപ്പു കമ്മിഷന്‍ ബി.ജെ.പിയോട് പറഞ്ഞു, മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തരുത്. രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധത്തില്‍ പരസ്പര വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്ന പ്രചാരണം അരുതെന്ന് കോണ്‍ഗ്രസ്സിനോടും പറഞ്ഞു. രണ്ടു പാര്‍ട്ടികളുടേയും താരപ്രചാരകര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നും ബി.ജെ.പി അധ്യക്ഷനും കോണ്‍ഗ്രസ് അധ്യക്ഷനും നല്‍കിയ വിശദീകരണം നിലനില്‍ക്കില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കുകയും ചെയ്തു. പക്ഷേ, നടപടി മാത്രം ഇല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ പരാതികള്‍ തീര്‍പ്പാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ രീതി ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഒന്നാമതായി, പരാതികള്‍ തീര്‍പ്പാക്കാന്‍ ആറാംഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്നതിന്റെ തലേന്നു വരെ, അതായത് മെയ് 22 വരെ കമ്മിഷന്‍ വെച്ചു താമസിപ്പിച്ചു. മോദിയുടെ പ്രസംഗങ്ങളിലെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതിയിലുള്‍പ്പെടെ ഹര്‍ജികളുണ്ടായിരുന്നു. എന്നാല്‍, കമ്മിഷന്‍ ഉചിതമായ നടപടിയെടുക്കും എന്ന ഉറപ്പു കിട്ടിയതുകൊണ്ട് കോടതികള്‍ ഇടപെട്ടില്ല. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച ദേശീയ നേതാക്കളെ കമ്മിഷന്‍ പേരിനൊന്നു താക്കീതു ചെയ്തു പോലുമില്ല. പ്രാദേശിക നേതാക്കളില്‍ ചിലര്‍ക്ക് പ്രചാരണവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. മോദിയോടും രാഹുലിനോടും വിശദീകരണം ചോദിച്ചുമില്ല. തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബി.ആര്‍.എസ് നേതാവുമായ കെ. ചന്ദ്രശേഖര രാവു, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല, ബംഗാളിലെ ബി.ജെ.പി നേതാവും സ്ഥാനാര്‍ത്ഥിയുമായ അഭിജിത് ഗംഗോപാധ്യായ എന്നിവര്‍ക്കാണ് വിലക്ക്.

കോണ്‍ഗ്രസ്സിനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് റാവുവിനും ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടിയുമായ ഹേമമാലിനിയെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് സുര്‍ജേ വാലയ്ക്കും 48 മണിക്കൂര്‍ പ്രചാരണാനുമതി വിലക്കി; ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അധിക്ഷേപിച്ചതിനാണ് ഗംഗോപാധ്യയ്ക്ക് 24 മണിക്കൂര്‍ വിലക്ക്. അത്രതന്നെ. പ്രധാനമന്ത്രിയുടെ പദവിക്കു ചേരാത്തതെന്നും സാമുദായിക വിഭജനം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്ന പ്രസംഗങ്ങള്‍ കമ്മിഷന്‍ കേട്ടഭാവം നടിച്ചില്ല.

അധീര്‍, മമത, തേജസ്വി
അധീര്‍, മമത, തേജസ്വി

പോരിന്റെ രൂപങ്ങള്‍

ഇങ്ങനെ ആരോപണങ്ങളും ഇലക്ഷന്‍ കമ്മിഷനിലും കോടതികളിലും പരാതിയും വിശ്വാസ്യതാ തകര്‍ച്ചയുമെല്ലാം നേരിടുമ്പോഴാണ് ഭുവനേശ്വറില്‍ മെയ് 21-ന് മോദി വാര്‍ത്താ ഏജന്‍സിക്ക് അഭിമുഖം നല്‍കിയത്. രാഷ്ട്രീയ ജീവിതത്തില്‍ താന്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ ആരോപണം 250 ജോഡി വസ്ത്രങ്ങളുണ്ട് എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമര്‍സിംഗ് ചൗധരിയുടെ പഴയ ആരോപണത്തെക്കുറിച്ചായിരുന്നു പരാമര്‍ശം. എന്‍.ഡി.എയ്ക്ക് ഉജ്ജ്വല വിജയമുണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് ഒരിക്കലും ബി.ജെ.പി എതിരായിരുന്നില്ലെന്നും ഭരണഘടന തിരുത്തുമെന്നതും സംവരണം എടുത്തുകളയുമെന്നതും വെറും ആരോപണങ്ങള്‍ മാത്രമായി മോദി പുച്ഛിച്ചു. അതേ ദിവസം തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുള്ളതും മതവൈരമുണ്ടാക്കുന്നതുമായ ബി.ജെ.പി പരസ്യങ്ങള്‍ കൊല്‍ക്കൊത്ത ഹൈക്കോടതി വിലക്കിയത്. തെരഞ്ഞെടുപ്പു കമ്മിഷനു പരാതി കൊടുത്തിട്ടും നടപടിയുണ്ടാകാതിരുന്നപ്പോഴാണ് തൃണമൂല്‍ കോടതിയില്‍ പോയത്.

ബംഗാള്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന സംഭവവും അതേ ദിവസങ്ങളിലുണ്ടായി. മമതാ ബാനര്‍ജിക്കെതിരെ പരസ്യവിമര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശാസിച്ചു. അതിനോടുള്ള രോഷം ബംഗാളിലെ കോണ്‍ഗ്രസ്സുകാര്‍ തീര്‍ത്തത് ബംഗാള്‍ പി.സി.സി ആസ്ഥാനത്തിനു മുന്നിലെ പോസ്റ്ററില്‍ ഖാര്‍ഗെയുടെ ചിത്രത്തില്‍ കരി ഓയിലോ മറ്റോ ഒഴിച്ചാണ്. സംഭവത്തില്‍ പി.സി.സിയോട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിശദീകരണവും തേടി. തൃണമൂല്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നേക്കുമെന്നും മമതയെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നുമാണ് ചൗധരി പറഞ്ഞത്.

സോണിയയും രാഹുലും
സോണിയയും രാഹുലുംManish Swarup

കോണ്‍ഗ്രസ് വന്നാല്‍ രാമക്ഷേത്രത്തില്‍ ബുള്‍ഡോസര്‍ കയറ്റും എന്ന മാരകമായ പ്രസ്താവന മോദി നടത്തിയത് മെയ് 17-ന് ആണ്. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയായി സോണിയ ഗാന്ധി അവതരിപ്പിച്ച അതേ ദിവസം. ''എന്റെ മകനെ നിങ്ങളെ ഏല്‍പ്പിക്കുന്നു, എന്നെ സ്‌നേഹിച്ചതുപോലെ അവനേയും സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണം'' എന്ന് എന്തോ അനന്തരാവകാശം ഏല്‍പ്പിക്കുന്ന മട്ടിലാണ് സോണിയ റായ്ബറേലിയിലെ ജനങ്ങളോട് പറഞ്ഞത്.

കോണ്‍ഗ്രസ്സും സമാജ്വാദി പാര്‍ട്ടിയും അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രത്തില്‍ ബുള്‍ഡോസര്‍ കയറ്റുമെന്നും രാംലല്ല വിഗ്രഹത്തെ അവര്‍ ടെന്റിനുള്ളിലാക്കുമെന്നും യു.പിയിലെ ബാരാബങ്കില്‍ പൊതുയോഗത്തിലാണ് മോദി പറഞ്ഞത്. മറ്റൊന്നുകൂടി പറഞ്ഞു, എവിടെയാണ് ബുള്‍ഡോസര്‍ കയറ്റേണ്ടതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു പഠിക്കണം. കോണ്‍ഗ്രസ്സും എസ്.പിയും അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്തിന്റെ ഒരു പങ്ക് 'വോട്ട് ജിഹാദ്' നടത്തുന്നവര്‍ക്ക് സമ്മാനിക്കും എന്ന് ഹാമിര്‍പൂരില്‍ മോദി ആവര്‍ത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ജനങ്ങളുടെ സമ്പത്തിന്റെ എക്‌സ്റേ എടുത്ത് 'വോട്ട് ജിഹാദി'കള്‍ക്കു നല്‍കുമെന്ന് മുംബൈയിലെ റാലിയില്‍ മോദി ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് പ്രകടനപത്രികയെ മാവോയിസ്റ്റ് പ്രകടനപത്രിക എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അതേസമയം, രാമക്ഷേത്രത്തിന് കോണ്‍ഗ്രസ് 'ബാബറി പൂട്ടിടും' എന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി വാദിച്ചു. രാമക്ഷേത്രത്തിന് കോണ്‍ഗ്രസ് ബാബറി പൂട്ട് ഇടാതിരിക്കാനും ജമ്മു കശ്മീരിനു പ്രത്യേക പദവി പുനഃസ്ഥാപിക്കാതിരിക്കാനും എന്‍.ഡി.എയെ 400 സീറ്റ് നല്‍കി വിജയിപ്പിക്കണം എന്ന് മധ്യപ്രദേശിലെ വിവിധ പൊതുയോഗങ്ങളില്‍ മെയ് ഏഴിന് മോദി പ്രസംഗിച്ചിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തിനാണ് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മോദി നിഷേധിച്ചത്.

യോഗി
യോഗി

75 വയസ്സിന്റെ ഷോക്ക്

ബി.ജെ.പിയിലെ വിരമിക്കല്‍ പ്രായം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നതില്‍ അരവിന്ദ് കെജ്രിവാള്‍ വിജയിച്ചപ്പോള്‍ ബി.ജെ.പിക്കു ശരിക്കു വെട്ടിലാകുന്നതാണ് കണ്ടത്. മെയ് 11-ന് ഡല്‍ഹിയിലെ പൊതുസമ്മേളനത്തില്‍ ഈ വിഷയം എടുത്തിട്ട് വാര്‍ത്താ തലക്കെട്ടുകള്‍ നേടിയ കെജ്രിവാള്‍ പിറ്റേന്നും അത് ആവര്‍ത്തിച്ചു. വിശദീകരണം നല്‍കി അമിത് ഷാ തന്നെ ഇറങ്ങുന്നതാണ് പിന്നെ കണ്ടത്. ബി.ജെ.പിയുടെ ഭരണഘടനയില്‍ 75 വയസ്സ് എന്ന പ്രായപരിധി ഇല്ലെന്നും പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ ആശയക്കുഴപ്പമില്ലെന്നുമാണ് അമിത് ഷാ പറഞ്ഞത്. പ്രതിപക്ഷം തോല്‍വി ഉറപ്പിച്ചതിന്റെ സൂചനയാണ് ഇത്തരമൊരു പ്രചാരണം എന്നാണ് യോഗി ആദിത്യനാഥ് പ്രതികരിച്ചത്.

നാലാംഘട്ട തെരഞ്ഞെടുപ്പിന്റെ തലേന്നാണ് കെജ്രിവാള്‍ വെടിപൊട്ടിച്ചത്. ജയിച്ചാലും മോദി അടുത്ത വര്‍ഷം വരെ മാത്രമേ പ്രധാനമന്ത്രിയായിരിക്കൂ, 75 വയസ്സ് പിന്നിടുന്ന അദ്ദേഹം സ്ഥാനമൊഴിഞ്ഞ് അമിത് ഷായെ പ്രധാനമന്ത്രിയാക്കും -കെജ്രിവാള്‍ പറഞ്ഞു. ഇതു യാഥാര്‍ത്ഥ്യമാക്കാന്‍ യോഗി ആദിത്യനാഥിനെ ഒതുക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായും കൂട്ടിച്ചേര്‍ത്തു. മോദി 75-ാം വയസ്സില്‍ വിരമിക്കാന്‍ തയ്യാറാണോ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തലേന്നു ചോദിച്ചിരുന്നു.

തലേന്ന്. മെയ് 10-നാണ് കെജ്രിവാളിനു കോടതി ജാമ്യം അനുവദിച്ചത്. മദ്യനയക്കേസ് അന്വേഷണം 2022 ഓഗസ്റ്റ് മുതല്‍ ഉണ്ടെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിലെ അസ്വാഭാവികത കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിന്റെ സാധുതതന്നെ കോടതിക്കു മുന്നില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്താണ് ഇടക്കാല ജാമ്യം കോടതി തന്നെ സ്വമേധയാ പരിഗണിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ വര്‍ഷത്തെ ഏറ്റവും പ്രധാന സംഭവം പൊതു തെരഞ്ഞെടുപ്പാണ്, അടുത്ത അഞ്ച് വര്‍ഷം രാജ്യം ആര് ഭരിക്കണമെന്ന് രാജ്യത്തെ 97 കോടി വോട്ടര്‍മാര്‍ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത് -കോടതി ഓര്‍മ്മിപ്പിച്ചു.

എ.പി. ഷാ, എന്‍.റാം,മദന്‍ ലോകൂര്‍
എ.പി. ഷാ, എന്‍.റാം,മദന്‍ ലോകൂര്‍

പോളിംഗ് ശതമാനത്തിലെ സത്യം

കെജ്രിവാളിനു ജാമ്യം കിട്ടിയ മെയ് 10-നു തന്നെയാണ് മോദിയുമായി സംവാദത്തിനുള്ള സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധി ബി.ജെ.പിയെ രാഷ്ട്രീയമായി മറ്റൊരു വെട്ടിലാക്കിയത്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ പി. ലോക്കൂര്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.പി. ഷാ, മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാം എന്നിവരാണ് മോദിയേയും രാഹുലിനേയും പൊതുസംവാദത്തിനു ക്ഷണിച്ചത്.

അതിനിടെ പ്രതിപക്ഷവും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനും തമ്മിലുണ്ടായ സംവാദം ശ്രദ്ധ നേടി. ഓരോ ഘട്ട തെരഞ്ഞെടുപ്പിലേയും പോളിംഗ് ശതമാനം സംബന്ധിച്ച കൃത്യ വിവരങ്ങള്‍ വെളിപ്പെടുത്താത്തത്, പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികളിലെ മൃദുസമീപനവും ഇരട്ടത്താപ്പും ഉള്‍പ്പെടെയാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട്, കമ്മിഷന്റെ വിശ്വാസ്യതയില്‍ തന്നെ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യാ സഖ്യത്തിലെ നേതാക്കള്‍ക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അയച്ച കത്ത് കമ്മിഷനെ ചൊടിപ്പിച്ചു. കടുത്ത ഭാഷയിലുള്ള പ്രതികരണക്കത്ത് കമ്മിഷന്‍ സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യാ സഖ്യം നേതാക്കള്‍ക്കു കാണാന്‍ സമയം അനുവദിച്ച കമ്മിഷന്‍ ആ സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പാണ് പ്രതികരണം പുറത്തുവിട്ടത്. നേതാക്കള്‍ക്കുള്ള കത്ത് ഖാര്‍ഗെ എക്‌സില്‍ പോസ്റ്റുചെയ്തതാണ് പ്രകോപനം.

ആദ്യത്തെ രണ്ടു ഘട്ടങ്ങളിലേയും അന്തിമ പോളിംഗ് ശതമാനം കമ്മിഷന്‍ പുറത്തുവിട്ടത് വൈകിയാണ്. ഒന്നാംഘട്ടത്തിന്റെ 11 ദിവസം കഴിഞ്ഞും രണ്ടാംഘട്ടത്തിന്റെ നാലു ദിവസം കഴിഞ്ഞും. വൈകി പ്രസിദ്ധീകരിച്ച കണക്കും നേരത്തേ വന്ന കണക്കും തമ്മില്‍ അഞ്ചു ശതമാനത്തോളം വ്യത്യാസം. 24 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഈ വര്‍ദ്ധന എല്ലാ മണ്ഡലങ്ങളിലും ഉണ്ടായോ അതോ ബി.ജെ.പി ശക്തമായ പ്രകടനം കാഴ്ചവെച്ച മണ്ഡലങ്ങളില്‍ മാത്രമേയുള്ളോ എന്ന് അറിയാന്‍ കഴിയുമായിരുന്നു എന്ന് ഇന്ത്യാ മുന്നണി പറഞ്ഞു. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തില്‍ ജെ.പി. നദ്ദയ്ക്ക് കമ്മിഷന്‍ നോട്ടീസ് കൊടുത്തിട്ടും മോദി അത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നു നേതാക്കള്‍ കമ്മിഷനോട് പറഞ്ഞു. ശക്തമായ നടപടി സ്വീകരിച്ച് ഇതു തടഞ്ഞില്ലെങ്കില്‍ ജനാധിപത്യത്തിന്റെ കെട്ടുറപ്പിനു കടുത്ത ആഘാതം സൃഷ്ടിക്കും.

എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷന്റെ കത്ത് പക്ഷപാതപരമായ ഉള്ളടക്കമുള്ളതാണെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി. സുഗമവും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനു തടസ്സം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വോട്ടിംഗ് വിവരങ്ങള്‍ വോട്ടര്‍ ടേണൗട്ട് ആപ്പില്‍ തത്സമയം ലഭിച്ചിരുന്നു എന്നും ബൂത്ത് തിരിച്ചുള്ള വിവരങ്ങള്‍ വോട്ടിംഗ് തീരുമ്പോള്‍ ബൂത്ത് ഏജന്റുമാര്‍ക്ക് ലഭ്യമാക്കുന്നുണ്ട് എന്നും കമ്മിഷന്‍ വിശദീകരിച്ചു. എങ്കിലും പ്രതിപക്ഷത്തിന്റെ ഇടപെടലിനു ഫലമുണ്ടായി. മെയ് 25-നു കമ്മിഷന്‍ അഞ്ചു ഘട്ടങ്ങളിലേയും പോളിംഗിന്റെ അന്തിമവിവരം പുറത്തുവിട്ടു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ അതില്‍ ഇടപെടുന്നില്ല എന്നാണ് കോടതി പറഞ്ഞത്. പിന്നാലെയാണ് കമ്മിഷന്റെ നടപടി.

‘ദൈവം നിയോഗിച്ച മോദി’;
ജനത്തെ വിശ്വസിച്ച് രാഹുല്‍:
ഈ തെരഞ്ഞെടുപ്പിലെ മറക്കരുതാത്ത ചില കാഴ്ചകള്‍
ആര്‍ക്കാണ് ഗ്യാരണ്ടി?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com