കര്‍ശോനി നഷ്ടലിപി വീണ്ടെടുക്കുമ്പോള്‍

സുറിയാനി ഭാഷയില്‍ കര്‍ശോനിയെന്ന ഒരു എഴുത്തുരീതി കേരളത്തിലുണ്ടായിരുന്നു. കേരളചരിത്രത്തിലേക്കു വെളിച്ചം വീശുന്ന അനേകം കൃതികള്‍ പതിനേഴാം നൂറ്റാണ്ടില്‍ ഈ ലിപിയില്‍ എഴുതപ്പെട്ടു. ഒരു നഷ്ടലിപിയുടെ ചരിത്രവും അത് വീണ്ടെടുക്കുന്നതിനു പിന്നിലെ ഗവേഷണപ്രവര്‍ത്തനങ്ങളും തേടുന്നു ലേഖകന്‍
പാമ്പക്കുടയിലെ കല്ലില്‍ കൊത്തിയ കര്‍ശോന്‍ ലിപിയും അതിന്റെ പരിഭാഷയും
പാമ്പക്കുടയിലെ കല്ലില്‍ കൊത്തിയ കര്‍ശോന്‍ ലിപിയും അതിന്റെ പരിഭാഷയുംകടപ്പാട്-ഫാ.ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്

ലയാളഭാഷ സുറിയാനിലിപിയില്‍ എഴുതുന്ന രീതിയാണ് കര്‍ശോനി. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ കുറഞ്ഞപക്ഷം പതിനേഴാം നൂറ്റാണ്ട് മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ടുവരെ ഇത് ഉപയോഗിച്ചിരുന്നതിന് തെളിവുകളുണ്ട്. എന്നാല്‍, ഈ സമ്പ്രദായത്തിന് അതിലും പഴക്കമുണ്ടെന്ന് ചരിത്രകാരന്മാര്‍ ഉറപ്പിച്ചു പറയുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അറബിഭാഷ സുറിയാനിലിപിയില്‍ എഴുതുന്ന രീതിയാണ് യഥാര്‍ത്ഥത്തില്‍ 'ഖര്‍ഷൂനി' എന്നറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ടില്‍, പൂര്‍ണ്ണവികാസം പ്രാപിച്ചിട്ടില്ലാഞ്ഞ അറബിഭാഷയുടെ പശ്ചാത്തലത്തില്‍ വികസിച്ച ഈ രീതി, മെസപ്പൊട്ടോമിയയിലെ സുറിയാനി ആരാധനാഭാഷയായ ക്രിസ്ത്യാനികള്‍ക്കിടയിലാണ് നിലനിന്നത്. 'വലിക്കുക' എന്നര്‍ത്ഥം വരുന്ന 'ഗ്രാഷാ' എന്ന പദത്തില്‍നിന്നാണ് ഖര്‍ഷൂനിയെന്ന നാമമുണ്ടായത്. ബൈബിളിലെ പഴയനിയമത്തിലെ മോശയുടെ മകനായ ഗര്‍ഷോന്റെ പേരില്‍നിന്നാണ് ഇതിന്റെ ഉത്ഭവമെന്നും ഒരു വാദമുണ്ട്. പ്രശസ്ത സുറിയാനി പണ്ഡിതനായ ജോര്‍ജ് കിറാസ്, ഒരു ഭാഷയുടെ ലിപി ഉപയോഗിച്ച് മറ്റൊരു ഭാഷ എഴുതുന്നതിനെ പൊതുവായി വിശേഷിപ്പിക്കാന്‍ 'ഖര്‍ഷൂണോഗ്രഫി' എന്ന പദം ഉപയോഗിച്ചുതുടങ്ങി. അറബിക്കു പുറമേ പേര്‍ഷ്യന്‍, തുര്‍ക്കിഷ്, സോഗ്ഡിയന്‍, കുര്‍ദ്, മലയാളം ഭാഷകള്‍ ഖര്‍ഷൂനിയിലെഴുതപ്പെടുന്നു. ഇതില്‍ മലയാളം ഉപയോഗിക്കുന്ന രീതി വിശേഷമായി 'കര്‍ശോനി' എന്നറിയപ്പെടുന്നു.

സുറിയാനി ഭാഷയിലെ 22 അക്ഷരങ്ങള്‍ക്കു പുറമേ, അവയാല്‍ രേഖപ്പെടുത്താനാകാത്ത ശബ്ദങ്ങള്‍ക്ക് അന്ന് നിലനിന്നിരുന്ന ഏഴെട്ട് മലയാള അക്ഷരങ്ങളും ഏതാനും ചിഹ്നങ്ങളുംകൂടി ഉള്‍പ്പെടുത്തിയാണ് ആദ്യകാല മലയാള കര്‍ശോനി സമ്പ്രദായം രൂപപ്പെട്ടത്. കര്‍ശനമായ ഒരു അക്ഷരമാലാക്രമം ഇല്ലാതിരുന്നതിനാല്‍ കടമെടുത്ത അക്ഷരങ്ങളുടേയും അക്ഷരസമ്മിശ്രണങ്ങളുടേയും സംഖ്യ കാലക്രമത്തില്‍ വര്‍ദ്ധിച്ചുപോന്നു. കര്‍ശോനിയില്‍ ഉപയോഗിച്ചിരുന്ന സുറിയാനിയുടെ സ്വഭാവം കാലക്രമത്തില്‍ കിഴക്കനില്‍നിന്നും പടിഞ്ഞാറനിലേക്ക് മാറുന്നത് സെന്‍ട്രല്‍ യൂറോപ്യന്‍ യൂനിവേഴ്‌സിറ്റിയിലെ അദ്ധ്യാപകനും ഗവേഷകനുമായ ഇസ്ത്വാന്‍ പെഴ്‌സലിന്റെ പഠനത്തില്‍ കാണാം. മെസ്സേജിങ് ആപ്ലിക്കേഷനുകള്‍ പ്രചാരം നല്‍കിയ 'മംഗ്ലീഷ്' എന്ന രീതിയോട് ഇതിനെ ഒരു പരിധിവരെ ഉപമിക്കാം. മലയാളം അറബിലിപിയിലെഴുതിയ 'അറബിമലയാള'ത്തോടാണ് കര്‍ശോനിക്ക് കൂടുതല്‍ സമാനതകള്‍. എന്നാല്‍, അറബി അക്ഷരമാല മാത്രം ഉപയോഗിച്ച അറബിമലയാളത്തില്‍നിന്നും വ്യത്യസ്തമായി, കടമെടുത്ത മലയാളയക്ഷരങ്ങള്‍കൂടി ഉള്‍പ്പെടുന്ന ഒരു സമ്മിശ്ര സ്‌ക്രിപ്റ്റാണ് കര്‍ശോനി.

സുറിയാനിയിലെ 22 അക്ഷരങ്ങള്‍ക്കു പുറമെ കര്‍ശോനി ഉപയോഗിക്കുന്ന 11 അക്ഷരങ്ങളില്‍ എട്ടെണ്ണവും മലയാളലിപിയുടെ പൂര്‍വ്വരൂപങ്ങളിലൊന്നായ വട്ടെഴുത്തില്‍നിന്നുള്ളതാണ്. എഴുത്തച്ഛന്റെ മലയാളം (ഗ്രന്ഥലിപി) പ്രചരിക്കുന്നതിനും മുന്‍പേ കര്‍ശോനി രൂപംപ്രാപിച്ചു എന്നതിന് തെളിവായി ജോസ്‌കുട്ടി എബ്രഹാം ഈ വസ്തുതയെ കാണുന്നു.

ചരിത്രം

കര്‍ശോനിക്ക് എത്ര വര്‍ഷം പഴക്കമുണ്ടെന്ന ചോദ്യത്തിന് തര്‍ക്കമില്ലാത്ത ഒരുത്തരം ഇനിയുമുണ്ടായിട്ടില്ല. കേരളവുമായി ബന്ധപ്പെട്ട സുറിയാനി രേഖകളെ കാറ്റലോഗ് ചെയ്ത ജെ.പി.എം വാന്‍ ഡെര്‍ പ്ലോ കര്‍ശോനിയില്‍ താന്‍ കണ്ട ഏറ്റവും പഴയ കയ്യെഴുത്തുരേഖയെ അടിസ്ഥാനമാക്കി കര്‍ശോനിക്ക് പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്കപ്പുറം പഴക്കമില്ലെന്നാണ് പറഞ്ഞത്. അക്കാലത്ത് മലബാര്‍ തീരത്ത് വന്ന മാറാനൈറ്റുകളുടെ സ്വാധീനത്തിലാണ് ഈ ലിപി ഉത്ഭവിച്ചതെന്ന് അദ്ദേഹം പറയുന്നു. പാശ്ചാത്യസുറിയാനി പാരമ്പര്യത്തില്‍നിന്ന് റോമന്‍ കത്തോലിക്കാസഭയിലേക്ക് എത്തിയ മെസപ്പൊട്ടോമിയന്‍ സമൂഹമാണ് മാരനൈറ്റുകള്‍. എന്നാല്‍, പ്രശസ്ത സുറിയാനി പണ്ഡിതനും കോട്ടയം 'സീറി'യിലെ ഗവേഷകനുമായ ഫാ. ഡോ. തോമസ് കൂനമ്മാക്കല്‍ ഇതിനോട് യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 1599ലെ ഉദയംപേരൂര്‍ സുന്നഹദോസിനെത്തുടര്‍ന്ന് നസ്രാണികളുടെ ധാരാളം ഗ്രന്ഥങ്ങള്‍ നശിപ്പിക്കപ്പെട്ടതിനാല്‍, ലഭ്യമായ ഈ രേഖകളെ അടിസ്ഥാനപ്പെടുത്തിയുള്ള പഴക്കനിര്‍ണ്ണയം കൃത്യമായ ഫലം നല്‍കുകയില്ല.

കര്‍ശോനിക്ക് പതിനാറാം നൂറ്റാണ്ടിലുമധികം പഴക്കമുണ്ടെന്നു പറയാന്‍ രണ്ട് വാദങ്ങള്‍ അദ്ദേഹം മുന്‍പോട്ടുവയ്ക്കുന്നു. ഒന്ന്, റോമന്‍ ആരാധനാരീതികള്‍ പ്രാദേശിക െ്രെകസ്തവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനാകളുടെ (തീരുമാനങ്ങളുടെ) 'മലയായ്മ'യിലും 'കര്‍ശോനി'ലുമുള്ള പകര്‍പ്പില്‍ പങ്കെടുത്തവര്‍ ഒപ്പിടണം എന്ന് അതില്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. രണ്ട്, ഈ സംഭവം നടക്കുന്ന പതിനാറാം നൂറ്റാണ്ടില്‍ മാരനൈറ്റുകള്‍ കേരളത്തില്‍ എത്തിയിട്ടേയില്ല. പതിനേഴാം നൂറ്റാണ്ടില്‍ എത്തിയവര്‍ക്കാകട്ടെ, ഇങ്ങനെയൊരു പ്രസ്ഥാനം സ്ഥാപിക്കാന്‍ തക്ക സ്വാധീനം റോമാസുറിയാനിക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നുമില്ല. മാരനൈറ്റുകള്‍ ഉപയോഗിച്ചിരുന്ന പടിഞ്ഞാറന്‍ സുറിയാനി കര്‍ശോനിയില്‍ ഉപയോഗിക്കുന്നേയില്ല എന്നുള്ളതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ട വസ്തുതയാണ് അദ്ദേഹം പറയുന്നു. കിഴക്കന്‍ സുറിയാനിയിലെ അക്ഷരങ്ങളും ചിഹ്നങ്ങളുമാണ് കര്‍ശോനി രീതിയില്‍ കാണാനാകുന്നത്. യു.സി. കോളേജ് റിട്ടയേര്‍ഡ് അദ്ധ്യാപകനും കര്‍ശോനി ഗവേഷകനുമായ ഡോ. വി.പി. മാര്‍ക്കോസ്, കര്‍ശോനി ഭാഷാപ്രചാരകനും ഗവേഷകനുമായ ജോസ്‌കുട്ടി എബ്രഹാം എന്നിവരും ഈ വാദത്തോട് യോജിക്കുന്നു. കര്‍ശോനി ഉപയോഗിച്ചുകൊണ്ടിരുന്ന ഓര്‍ത്തഡോക്‌സ് സുറിയാനിക്കാരുമായാകട്ടെ മാരനൈറ്റുകള്‍ക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നുമില്ല.

സുറിയാനിയിലെ 22 അക്ഷരങ്ങള്‍ക്കു പുറമെ കര്‍ശോനി ഉപയോഗിക്കുന്ന 11 അക്ഷരങ്ങളില്‍ എട്ടെണ്ണവും മലയാളലിപിയുടെ പൂര്‍വ്വരൂപങ്ങളിലൊന്നായ വട്ടെഴുത്തില്‍നിന്നുള്ളതാണ്. എഴുത്തച്ഛന്റെ മലയാളം (ഗ്രന്ഥലിപി) പ്രചരിക്കുന്നതിനും മുന്‍പേ കര്‍ശോനി രൂപംപ്രാപിച്ചു എന്നതിന് തെളിവായി ജോസ്‌കുട്ടി എബ്രഹാം ഈ വസ്തുതയെ കാണുന്നു. 18, 19 നൂറ്റാണ്ടുകളിലെ കര്‍ശോനില്‍ മാത്രമാണ് ആര്യന്‍ എഴുത്തില്‍നിന്നുള്ള മൂന്ന് അക്ഷരങ്ങള്‍ കാണാനാകുന്നത് എന്നും അദ്ദേഹം പറയുന്നു.

കര്‍ശോനിയിലെ സുറിയാനി-ഇതര അക്ഷരങ്ങള്‍
കര്‍ശോനിയിലെ സുറിയാനി-ഇതര അക്ഷരങ്ങള്‍
മൊബൈല്‍ ഉപകരണങ്ങളില്‍ ടൈപ്പ് ചെയ്യാന്‍ സൗകര്യപ്രദം ഇംഗ്ലീഷ് അക്ഷരമാലയും ആശയവിനിമയത്തിന് നമ്മള്‍ ഉപയോഗിക്കുന്ന ഭാഷ മലയാളവും ആയതാണല്ലോ 'മംഗ്ലീഷ്' രീതി ഉത്ഭവിക്കാനുള്ള പ്രധാന കാരണം.

മലയാളഭാഷയും വ്യാകരണവും സുറിയാനി വായനയും എഴുത്തും ഒരേപോലെ അറിയാവുന്നവര്‍ക്കുമാത്രം പ്രയോജനപ്പെടുന്ന ഈ രീതി എന്തിനായി രൂപപ്പെടുത്തി എന്നതും പല മറുപടികളുള്ള ചോദ്യമാണ്. വട്ടെഴുത്തിന്റെ പോരായ്മകളെ പരിഹരിക്കാനുള്ള ഉപാധിയായിരുന്നു കര്‍ശോനി എന്നാണ് ഫാ. ഡോ. തോമസ് കൂനമ്മാക്കല്‍ പറയുന്നത്. മലയാളത്തിലെ ശബ്ദങ്ങളെ പ്രതിനിധീകരിക്കാന്‍ വട്ടെഴുത്ത് അക്ഷരങ്ങള്‍ക്കുണ്ടായിരുന്ന അപര്യാപ്തത, അക്ഷരമാലയുടെ സങ്കീര്‍ണ്ണത, വ്യക്തതക്കുറവ് എന്നിവ മറികടക്കാന്‍ കര്‍ശോനി ഉപകരിച്ചു. ആധുനിക മലയാള ലിപി വന്നപ്പോഴും അതിലെ 51 അക്ഷരങ്ങള്‍ക്കു പകരം 30 അക്ഷരങ്ങള്‍ എന്ന സൗകര്യം ഇത് പ്രദാനം ചെയ്തു. മലയാളഭാഷയുടെ സൗകര്യപ്രദമായ ഒരു അനുരൂപീകരണമായും വായനയെ സുഖകരമാക്കുംവിധം ഇരുഭാഷകളുടേയും അതിരുകളെ മറികടക്കുന്ന പ്രക്രിയയായും അദ്ദേഹം ഇതിനെ കാണുന്നു. ഏഴാം നൂറ്റാണ്ടില്‍ മെസപ്പൊട്ടോമിയയില്‍നിന്നും എത്തിയ സുറിയാനി മതപണ്ഡിതര്‍ തദ്ദേശീയരായ സഹപ്രവര്‍ത്തകരോട് ചേര്‍ന്ന്, രണ്ട് കൂട്ടര്‍ക്കും ഉപകാരപ്രദമാകാനാണ് ഈ ഭാഷ സൃഷ്ടിച്ചതെന്ന് അദ്ദേഹം കരുതുന്നു. കോട്ടയം പഴയസെമിനാരി മുന്‍ പ്രിന്‍സിപ്പാലും പ്രമുഖ സുറിയാനി വിദഗ്ധനുമായ ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, കര്‍ശോനിയുടെ ഉത്ഭവകാരണത്തില്‍ സംശയം പ്രകടിപ്പിക്കുന്നുവെങ്കിലും കേരളത്തിലുണ്ടായിരുന്ന പരദേശി പുരോഹിതരുമായി തദ്ദേശീയര്‍ ആശയവിനിമയം നടത്താനുപയോഗിച്ച ലിഖിത മാധ്യമമായിരുന്നിരിക്കാം ഇതെന്ന് അഭിപ്രായപ്പെടുന്നു. ഈ വിദേശീയര്‍ക്ക് പ്രയോഗത്തിലൂടെ മലയാളം കേള്‍വിയിലും സംസാരത്തിലും പരിചിതവും എഴുത്തിലും വായനയിലും അപരിചിതവും ആയിരുന്നിരിക്കാം. സീറിയിലെ അദ്ധ്യാപകനായ ഫാ. ഡോ. രാജു പാറക്കോട്ടിനും സമാന അഭിപ്രായമാണുള്ളത്.

എന്നാല്‍, ഈ കാലഘട്ടത്തില്‍ നിലവിലിരുന്ന മലയാള ഗദ്യത്തിന് സുറിയാനിയിലും ഇതര ഭാഷകളിലുമുള്ള ക്ലിഷ്ടമായ വേദശാസ്ത്ര പ്രയോഗങ്ങളെ ഉള്‍ക്കൊള്ളാനാവാത്തതുകൊണ്ടും അന്നത്തെ മലയാള ഗദ്യത്തിന്റെ ദുര്‍ബലതകൊണ്ടും കത്തനാര്‍മാര്‍ക്ക് മലയാളം വാമൊഴിപോലെ സുറിയാനി വരമൊഴി സ്വാധീനമായിരുന്നതുകൊണ്ടുമാണ് കര്‍ശോനി ഇടംപിടിച്ചതെന്നാണ് ചില ചരിത്രകാരന്മാരുടെ വാദം.

ഡോ. മാര്‍ക്കോസ് ഇവയോടൊപ്പം മറ്റ് ചില കാരണങ്ങളും കൂട്ടിച്ചേര്‍ക്കുന്നു. ആരാധനാസാഹിത്യത്തില്‍ ഉപയോഗിച്ചിരുന്ന സുറിയാനി പൊതുവെ ദൈവികഭാഷ എന്ന നിലയിലാണ് വീക്ഷിക്കപ്പെട്ടിരുന്നത്. ആരാധനാസാഹിത്യത്തിന്റെ വിശുദ്ധി സൂക്ഷിക്കാന്‍ അതുമായി ബന്ധപ്പെട്ട എഴുത്തുകളെല്ലാം സുറിയാനിയില്‍തന്നെ വേണമെന്ന ഒരു നിര്‍ബന്ധം ഉടലെടുത്തിരിക്കാം. ബ്രാഹ്മണമതത്തില്‍ സംസ്‌കൃതം എങ്ങനെ പൗരോഹിത്യാധികാരത്തിന്റെ ചിഹ്നമായി മാറിയോ, അതേപോലെ കേരളെ്രെകസ്തവര്‍ക്കിടയില്‍ സുറിയാനി മാറിയിട്ടുണ്ടാകാം. സുറിയാനിയില്‍ ഉള്ളടക്കപ്പെട്ട ഈ വിശുദ്ധിസങ്കല്പവും മേല്‍ക്കോയ്മയുമാകാം ആരാധനാസംബന്ധകാര്യങ്ങളില്‍, മലയാളം ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍പോലും സുറിയാനിലിപിയുള്ള കര്‍ശോനി ഉപയോഗിക്കാന്‍ ഇടയാക്കിയത്. പാമ്പാക്കുട കോനാട്ട് ആര്‍ക്കൈവ്‌സിലുള്ള നിരവധി കര്‍ശോന്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്നും ഈ ഭാഷയുടെ അവസാനകാലത്തില്‍പോലും ആരാധനാക്രമങ്ങളില്‍, കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശോനിയില്‍ എഴുതിക്കാണുന്നുണ്ടെന്ന് ഫാ. ഡോ. ജോണ്‍സ് എബ്രഹാമും സാക്ഷീകരിക്കുന്നു.

മൊബൈല്‍ ഉപകരണങ്ങളില്‍ ടൈപ്പ് ചെയ്യാന്‍ സൗകര്യപ്രദം ഇംഗ്ലീഷ് അക്ഷരമാലയും ആശയവിനിമയത്തിന് നമ്മള്‍ ഉപയോഗിക്കുന്ന ഭാഷ മലയാളവും ആയതാണല്ലോ 'മംഗ്ലീഷ്' രീതി ഉത്ഭവിക്കാനുള്ള പ്രധാന കാരണം. സങ്കീര്‍ണ്ണമായ മലയാള ലിപിയെക്കാള്‍ പുതിയ തലമുറയ്ക്കിഷ്ടം ലളിതമായ ഇംഗ്ലീഷ് ലിപിയാണ്. ഇപ്രകാരം സുറിയാനി ക്രിസ്ത്യാനി കത്തനാര്‍മാരുടെ (പുരോഹിതരുടെ) പരിശീലനം സുറിയാനിയിലും ദൈനംദിന ആശയവിനിമയം മലയാളത്തിലുമായതാണ് കര്‍ശോന്‍ ഭാഷയുടെ ഉപയോഗത്തിനു കാരണമായതെന്ന് ജോസ്‌കുട്ടി എബ്രഹാം പറയുന്നു. കുറ്റമറ്റ ഒരു മലയാളം ലിപി (ഗ്രന്ഥ) രൂപംപ്രാപിച്ചുവെങ്കിലും അത് ദീര്‍ഘകാലം വരേണ്യവര്‍ഗ്ഗത്തില്‍ മാത്രമാണ് നിലനിന്നത്. സംസ്‌കൃതപദങ്ങളാല്‍ സമ്പന്നമായ സാഹിത്യഭാഷ കൈകാര്യം ചെയ്യാനാണ് ഇത് ഉപയോഗിച്ചിരുന്നത്. എന്നാല്‍, സാധാരണക്കാരുടെയിടയില്‍/നിത്യജീവിതത്തില്‍ ഉപയോഗിച്ചുപോന്നത് കുറേക്കൂടി ലളിതമായ മലയാളമാണ്. സാക്ഷരതയിലെ ഈ അന്തരം, ലളിതമലയാളവും ലഭ്യമായിരുന്നവയില്‍ സൗകര്യപ്രദമായിരുന്ന സുറിയാനി ലിപിയും ചേര്‍ത്ത് കര്‍ശോനിയിലെഴുതുന്ന രീതി പിന്തുടരാന്‍ ഇടയാക്കി എന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഭാഷയുടെ പ്രതാപകാലവും അന്ത്യവും

ഉദയംപേരൂരോടെ അനവധി കര്‍ശോന്‍ രേഖകള്‍ നശിപ്പിക്കപ്പെട്ടു എന്നു വിശ്വസിച്ചാല്‍തന്നെയും വിപുലമായ സാഹിത്യശേഖരമാണ് പില്‍ക്കാലത്തും ഈ സമ്പ്രദായത്തിലുണ്ടായത്. ഇന്നത്തെ ഓര്‍ത്തഡോക്‌സ്/യാക്കോബായ വിഭാഗം പതിനേഴാം നൂറ്റാണ്ടില്‍ത്തന്നെ ആരാധനാഭാഷയായി കിഴക്കന്‍ സുറിയാനിക്കു പകരം പടിഞ്ഞാറന്‍ ഉപയോഗിച്ചു തുടങ്ങിയെങ്കിലും രചനകളില്‍ കര്‍ശോനി പിന്തുടര്‍ന്നു. കത്തോലിക്കാസഭയുടെ കൈവശമായി മാന്നാനത്തും ഓര്‍ത്തഡോക്‌സ് സഭയുടെ കൈവശമായി പഴയ സെമിനാരിയിലും കര്‍ശോനിയിലുള്ള ധാരാളം കയ്യെഴുത്തുപ്രതികളും പകര്‍പ്പുകളും സംരക്ഷിച്ചുപോരുന്നു. ഫാ. ഡോ. ജോണ്‍സ് എബ്രഹാമിന്റെ സംരക്ഷണയില്‍ പാമ്പാക്കുടയിലും കര്‍ശോനിയിലുള്ള രചനകളുണ്ട്. ആരാധനാഭാഷയായി എല്ലാ സഭകളും സാക്ഷാല്‍ സുറിയാനിതന്നെയാണ് ഉപയോഗിച്ചുപോന്നതെന്നും മതസംബന്ധിയായ മറ്റ് രചനകളിലാണ് കര്‍ശോനി ഉപയോഗിച്ചിരുന്നതെന്നും ഫാ. രാജു പാറക്കോട്ടില്‍ പറയുന്നു. എഴുത്തുകള്‍, കര്‍മ്മങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, (മത)പഠനത്തിനുള്ള രചനകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. 1800കളുടെ ആദ്യപകുതിയില്‍ കോനാട്ട് അബ്രഹാം മല്‍പ്പാന്‍ ഒന്നാമന്‍ പൂര്‍ണ്ണമായും കര്‍ശോനിയിലെഴുതിയ ഒരു പ്രസംഗപുസ്തകം കോനാട്ട് ആര്‍ക്കൈവ്‌സിലുണ്ട്. ഫാ. തോമസ് കൂനമ്മാക്കലിന്റെ കൈവശം 17/18 നൂറ്റാണ്ടുകളിലായി എഴുതപ്പെട്ട ഒരു കര്‍ശോന്‍ നിഘണ്ഡുവും വ്യാകരണഗ്രന്ഥവുമുണ്ട്. ഇവയെല്ലാം അക്കാലങ്ങളില്‍ ഈ ലിപിക്കുണ്ടായിരുന്ന വളര്‍ച്ചയിലേക്ക് വിരല്‍ചൂണ്ടുന്നു.

ഒരുകാലത്ത് ഇത്രമാത്രം പ്രചാരവും വളര്‍ച്ചയുമുണ്ടായിരുന്ന ഒരു ലിപിരീതി നിന്നുപോകുവാനുള്ള കാരണമായി മിക്ക പണ്ഡിതരും പറയുന്നത് അച്ചടിയുടെ വ്യാപനമാണ്. ദിനംപ്രതി സംസ്‌കൃതവാക്കുകള്‍ കടമെടുത്ത് വികസിച്ചുകൊണ്ടിരുന്ന മലയാളഭാഷയ്ക്കും സമ്പന്നമായിക്കൊണ്ടിരുന്ന മലയാള സാഹിത്യത്തിനും കൂടുതല്‍ ഉചിതം ഗ്രന്ഥലിപി അഥവാ ആര്യന്‍ എഴുത്തുതന്നെയായിരുന്നു. ആവശ്യമായ എല്ലാ ശബ്ദങ്ങളേയും പ്രതിനിധീകരിക്കാന്‍ അതിനേ സാധിച്ചുള്ളൂ. ജോസ്‌കുട്ടി എബ്രഹാമിന്റെ അഭിപ്രായത്തില്‍ ഭരണകൂടവും വരേണ്യ ലിപിയായ ആര്യന്‍ എഴുത്താണ് പ്രോത്സാഹിപ്പിച്ചത്. കേരളത്തില്‍ വിദ്യാഭ്യാസത്തിന്റെ മുഖ്യ പ്രചാരകര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മിഷനറിമാരും ഗ്രന്ഥലിപിയില്‍ താല്പര്യമുള്ളവരായിരുന്നു. മാറുന്ന ഭാഷാസംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശോനിയുടെ അപര്യാപ്തതകള്‍ അതിനെ അന്ത്യത്തിലേക്ക് നയിച്ചു എന്നു കരുതാം. പത്തൊന്‍പതാം നൂറ്റാണ്ടോടെ ഈ പ്രസ്ഥാനം നിന്നുപോയെന്ന് പൊതുവെ കരുതപ്പെടുന്നു. എന്നാല്‍, ഫാ. ഡോ. ജോണ്‍സ് എബ്രഹാം ഈ വാദത്തോട് യോജിക്കുന്നില്ല. 1927ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ പിതാമഹന്‍ കോനാട്ട് മാത്തന്‍ മല്‍പ്പാന്‍വരെ കര്‍ശോനി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍, അതിന്റെ ഉപയോഗം ഏതാനും വാക്കുകളിലേക്ക് ചുരുങ്ങിയിരുന്നു.

മാന്നാനത്ത് സൂക്ഷിച്ചിരിക്കുന്ന ഒരു കര്‍ശോന്‍ രേക
മാന്നാനത്ത് സൂക്ഷിച്ചിരിക്കുന്ന ഒരു കര്‍ശോന്‍ രേക

മരിക്കാനനുവദിക്കില്ല ഈ ഭാഷയെ

കേരളത്തില്‍ത്തന്നെ കര്‍ശോനിയില്‍ ഇന്ന് ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. 'സീറി' (സെന്റ് എഫ്രേം എക്യുമിനിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്)യില്‍ മഹാത്മാഗാന്ധി സര്‍വകലാശാല നടത്തുന്ന എം.എ. സുറിയാനി പദ്ധതിയുടെ സിലബസ്സില്‍, കേരളത്തിലെ സുറിയാനി ഭാഷയുടെ ചരിത്രത്തില്‍ മലയാളം കര്‍ശോന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോ. വി.പി. മാര്‍ക്കോസ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 2010ല്‍ തന്റെ ഗവേഷണം പൂര്‍ത്തിയാക്കിയത് 'കര്‍ശോന്‍: ഒരു ഭാഷാശാസ്ത്ര വിലയിരുത്തല്‍' എന്ന വിഷയത്തിലാണ്. ഇന്ന് അദ്ദേഹത്തിന്റെ ഗൈഡന്‍സില്‍ ഗവേഷകയായ ലിജി പി.ജെ. ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനകളുടെ കര്‍ശോന്‍ പകര്‍പ്പ് പഠനവിധേയമാക്കിവരുന്നു.

ജോസ്‌കുട്ടി എബ്രഹാമിന്റേയും മറ്റും നേതൃത്വത്തില്‍ 'ഹെന്ദോ അക്കാദമി' ഏതാനും വര്‍ഷങ്ങളായി പൊതുജനങ്ങള്‍ക്ക് കര്‍ശോനിയില്‍ പരിശീലനം നല്‍കുന്നു. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദമുള്ള ജോസ്‌കുട്ടി ഫിനാന്‍സ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. കിഴക്കന്‍ സുറിയാനി പഠിപ്പിക്കുന്നതിനായി ഫാ. ഡോ. തോമസ് കൂനമ്മാക്കല്‍ 2012ല്‍ തുടങ്ങിയതാണ് ഹെന്ദോ അക്കാദമി. കര്‍ശോനി ഭാഷയുടെ അഭ്യുദയകാംക്ഷികളുടെ ഈ കൂട്ടായ്മ, നിരവധി രചനകള്‍ ഈ രീതിയില്‍ നിര്‍വ്വഹിച്ചുപോരുന്നു. മുന്‍പുണ്ടായിരുന്ന 33 അക്ഷരങ്ങള്‍ക്കു പുറമേ 'ദ്ധ' എന്ന അക്ഷരത്തിനു തത്തുല്യമായ പുതിയ ഒരു ചിഹ്നവും മറ്റ് ചില മാറ്റങ്ങളുമായി കര്‍ശോനിയെ സമ്പുഷ്ടമാക്കുകയാണ് ഈ സംഘം. പെഴ്‌സല്‍ വികസിപ്പിച്ച 'ഗര്‍ഷൂനി മലയാളം' ഫോണ്ടിന്റെ ചില്ലറ കുറവുകള്‍ തീര്‍ത്ത് പുതിയതൊന്ന് വികസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇങ്ങനെയുള്ള പ്രയത്‌നങ്ങളിലൂടെ മരണത്തെ അതിജീവിക്കുകയാണ് കര്‍ശോനി എന്ന ലിപിപ്രസ്ഥാനം.

ഇസ്ത്വാന്‍ പെഴ്സല്‍
ഇസ്ത്വാന്‍ പെഴ്സല്‍
ഗവേഷണത്തിന്റെ സാമ്പത്തികസഹായം ഉപയോഗിച്ച് കര്‍ശോനി ഡി.റ്റി.പിയില്‍ ഉപയോഗിക്കാന്‍ തക്കവിധം 'ഗര്‍ഷൂനി മലയാളം' എന്ന ഫോണ്ടും അദ്ദേഹം വികസിപ്പിച്ചു.

സുറിയാനി മലയാളം തേടിയെത്തിയ ഒരു ഹംഗറിക്കാരന്‍

ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള പ്രസിദ്ധമായ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസ്സറായ ഇസ്ത്വാന്‍ പെഴ്‌സല്‍ 2000ത്തിലാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സാഹിത്യത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത്. അറിയപ്പെടുന്ന സുറിയാനി പണ്ഡിതനായ പെഴ്‌സലിന് ഇംഗ്ലീഷ്, ഫ്രെഞ്ച്, ഗ്രീക്ക്, റഷ്യന്‍ ഭാഷകളിലും പ്രാവീണ്യമുണ്ട്. മധ്യപൂര്‍വ്വദേശങ്ങളിലുള്ളതിലും സുറിയാനിരേഖകള്‍, വിശേഷിച്ച് 16, 17 നൂറ്റാണ്ടുകളിലേത്, കേരളത്തിലാണുള്ളതെന്ന് തിരിച്ചറിഞ്ഞ പെഴ്‌സല്‍, അവയുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചു. ആയിരത്തിയിരുന്നൂറില്‍ അധികം സുറിയാനി കയ്യെഴുത്തുപ്രതികള്‍ ഇദ്ദേഹത്തിന്റെ ശ്രമഫലമായി ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞു. ഓലകളിലും പഴയ കടലാസ്സുകളിലുമായി നശിക്കാന്‍ തുടങ്ങിയിരുന്ന പല രേഖകളും ഇപ്രകാരം അമരത്വം നേടി. ഇതിനായി മലയാളഭാഷയും വട്ടെഴുത്തും അദ്ദേഹം പഠിച്ചെടുത്തു. 2005 മുതല്‍ 2009 വരെ കൂടുതല്‍ സമയം ഇന്ത്യയില്‍ താമസിച്ച് ഗവേഷണസംഘത്തെ നയിച്ചു.

ബൈസന്റൈന്‍ ചരിത്രത്തിലും ആദിമകാല െ്രെകസ്തവതയിലും പാണ്ഡിത്യമുള്ള പെഴ്‌സല്‍ ഹംഗേറിയന്‍ അക്കാദമി ഓഫ് സയന്‍സസില്‍നിന്നുമാണ് ഡോക്ടറേറ്റ് നേടിയത്. ഡയനീഷ്യസ് അരപ്പഗൈറ്റ് എന്ന രണ്ടാം നൂറ്റാണ്ടിലെ െ്രെകസ്തവ ചരിത്രപുരുഷനിലും ക്രിസ്ത്യന്‍ പ്ലേറ്റോണിസ്റ്റ് തത്ത്വശാസ്ത്രത്തിലുമായിരുന്നു ആദ്യകാല ഗവേഷണങ്ങള്‍. 2004 മുതല്‍ അഞ്ച് വര്‍ഷം ജര്‍മനിയിലെ ടൂബിങ്‌ഗെന്‍ സര്‍വ്വകലാശാലയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

ഗവേഷണത്തിന്റെ സാമ്പത്തികസഹായം ഉപയോഗിച്ച് കര്‍ശോനി ഡി.റ്റി.പിയില്‍ ഉപയോഗിക്കാന്‍ തക്കവിധം 'ഗര്‍ഷൂനി മലയാളം' എന്ന ഫോണ്ടും അദ്ദേഹം വികസിപ്പിച്ചു. പഴയ മലയാള ലിപി ഉപയോഗിക്കുന്ന 'രചന' ഫോണ്ടും അറബി മലയാളം കീബോഡുമടക്കം പതിനൊന്ന് ഫോണ്ടുകളുടെ കീബോര്‍ഡുകള്‍ നിര്‍മ്മിച്ച കെ.എച്ച്. ഹുസൈനാണ് ഇതിന് സഹായിച്ചത്.

പതിമൂന്നാം നൂറ്റാണ്ടിലെ അബ്ദീശോയുടെ കാനോന്‍, പതിന്നാലാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലെ ബാര്‍ എബ്രായയുടെ കാനോന്‍ എന്നിവയുടെ ഏറ്റവും പഴക്കമുള്ള കോപ്പികളടക്കം വിദേശത്തുനിന്നെത്തിയതും ഇവിടെ എഴുതപ്പെട്ടതുമായ നിരവധി അമൂല്യരേഖകളുടെ ഡിജിറ്റൈസേഷന്‍, ചരിത്രപഠനത്തിനു ചെയ്ത ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്. കര്‍ശോനിയുടെ പഴക്കം പതിനേഴാം നൂറ്റാണ്ടിന്‍നിന്നും പതിനാറാം നൂറ്റാണ്ടിലേക്ക് പുതുക്കി നിര്‍ണ്ണയിക്കുന്നതില്‍ ഇത് ഉപകരിച്ചു. ഈ ലിപിയില്‍ ലഭ്യമായ ഉള്ളടക്കങ്ങളെ ഗൗരവതരമായി പഠിച്ചുതുടങ്ങിയത് പെഴ്‌സലാണ്. ഇന്ന് കാണുന്ന രീതിയില്‍ കര്‍ശോന്‍ ലോകശ്രദ്ധയുള്ള ഒരു പഠനവിഷയമാക്കി മാറിയതിനു കാരണം അദ്ദേഹമാണെന്നതില്‍ തര്‍ക്കമില്ല.

'യൂറോപ്യന്മാര്‍ നമ്മെ അവരുടെ ചരിത്രങ്ങളില്‍ അപരിഷ്‌കൃതരായും മോശക്കാരായും ചിത്രീകരിച്ചു പോന്നപ്പോള്‍, ആ ചരിത്രങ്ങള്‍ പലതും ഇവിടെ നമ്മുടേതായ ആംഗിളില്‍ രേഖപ്പെടുത്തപ്പെടുന്നുണ്ടായിരുന്നു. അവ കണ്ടെത്തി, പഠിച്ച്, അവയെപ്പറ്റി പെഴ്‌സല്‍ ലേഖനങ്ങളെഴുതി. കര്‍ശോന്‍ സംരക്ഷണത്തിന് അദ്ദേഹമെടുത്ത പ്രയത്‌നം സമാനതകളില്ലാത്തതാണ്. അതിന് അദ്ദേഹം അഭിനന്ദനമര്‍ഹിക്കുന്നു' ജോസ്‌കുട്ടി പറയുന്നു.

പാമ്പക്കുടയിലെ കല്ലില്‍ കൊത്തിയ കര്‍ശോന്‍ ലിപിയും അതിന്റെ പരിഭാഷയും
എന്തുകൊണ്ട് ബംഗാളി ഭാഷാ സാഹിത്യത്തോടും ഭാവുകത്വത്തോടും മലയാളിക്കു കൂടുതല്‍ പ്രിയം തോന്നി? 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com