ബിരുദപഠനം ഇനി നാലു വര്‍ഷം; ആശങ്കകളും അനിശ്ചിതത്വവും

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ കേരളത്തിലെ കോളജുകളില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ധാരാളം സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്നു.
ബിരുദപഠനം ഇനി നാലു വര്‍ഷം; 
ആശങ്കകളും അനിശ്ചിതത്വവും
TP SOORAJ.The New Indian Express KOZHIKODE.09744613052

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് സുപ്രധാനമായ മാറ്റങ്ങള്‍ക്ക് തുടക്കമാവുകയാണ് ഈ അധ്യയന വര്‍ഷം. നിലവിലുള്ള മൂന്നു വര്‍ഷ സമ്പ്രദായത്തില്‍നിന്നു ബിരുദപഠനം നാലു വര്‍ഷമായും ബിരുദങ്ങള്‍ മൂന്നുതരമായും മാറുന്നുവെന്നതാണ് പ്രധാനം. ഡിഗ്രി, ഡിഗ്രി ഓണേഴ്സ്, ഡിഗ്രി ഓണേഴ്സ് വിത്ത് റിസര്‍ച്ച് എന്നിങ്ങനെയാണ് ഇനി ബിരുദം നേടുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍. ജൂലായ് മാസത്തോടെ പുതിയ മാറ്റങ്ങള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സര്‍വ്വകലാശാലകളും കോളേജുകളും. ഒപ്പം ബിരുദം നാലു വര്‍ഷത്തിലേയ്ക്ക് മാറുമ്പോള്‍ നിരവധി ആശങ്കകളും അനിശ്ചിതത്വവും നിലനില്‍ക്കുന്നുമുണ്ട്.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ മാര്‍ഗ്ഗരേഖ അനുസരിച്ചുള്ള പരിശീലന പരിപാടികള്‍ക്കും സെമിനാറുകള്‍ക്കുമപ്പുറം സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് സംഭവിക്കുന്ന കാതലായ ഈ മാറ്റത്തെക്കുറിച്ച് അര്‍ഹിക്കുന്ന രീതിയിലുള്ള പൊതുചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. വളരെ തിടുക്കത്തിലാണ് നാലു വര്‍ഷ ബിരുദത്തിലേയ്ക്ക് മാറാനുള്ള തീരുമാനം. എന്ത്, എങ്ങനെ എന്നു മനസ്സിലാക്കാനുള്ള സമയം പോലും കിട്ടുന്നതിനു മുന്‍പ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കു പ്രവേശന നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സിലബസ് പോലും തയ്യാറാവാത്ത പ്രോഗ്രാമുകളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പോകെപ്പോകെ കാര്യങ്ങള്‍ പരിഹരിക്കപ്പെടും എന്ന നിലപാടിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പും സര്‍വ്വകലാശാലകളും. ഇതിനിടയില്‍ വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും അദ്ധ്യാപകരുടേയും കോളേജ് മാനേജ്മെന്റുകളുടേയും അഭിപ്രായങ്ങള്‍ കാര്യമായി പുറത്തുവന്നിട്ടുമില്ല.

മൂന്നു വര്‍ഷത്തിലും നാലു വര്‍ഷത്തിലും പൂര്‍ത്തിയാക്കാവുന്ന രണ്ടുതരം ഡിഗ്രി പ്രോഗ്രാമുകള്‍ അര്‍ത്ഥശൂന്യമാണെന്നും അനാവശ്യമായ സങ്കീര്‍ണ്ണതകള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കുമെന്നുമായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍.
പ്രഭാത് പട്നായിക്
പ്രഭാത് പട്നായിക്

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പ്രഭാത് പട്നായ്ക് കമ്മിറ്റി

2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും നാലു വര്‍ഷ ബിരുദം നടപ്പാക്കുന്നത്. 1986-ലേതാണ് ഇന്ത്യയില്‍ ഇതുവരെ തുടര്‍ന്നുവന്ന വിദ്യാഭ്യാസ നയം. 35 വര്‍ഷത്തിനുശേഷമാണ് പുതിയ വിദ്യാഭ്യാസ നയം വരുന്നത്.

2020-ല്‍ പുതിയ വിദ്യാഭ്യാസ നയം വന്നപ്പോള്‍ തന്നെ സംസ്ഥാന സാഹചര്യത്തില്‍ അതിന്റെ സാധ്യതകളും പ്രശ്‌നങ്ങളും മനസ്സിലാക്കാനായി കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സാമ്പത്തിക ശാസ്ത്രജ്ഞനും കേരള ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാദ്ധ്യക്ഷനുമായ പ്രഭാത് പട്നായ്ക് ചെയര്‍മാനായി ആറംഗ പഠനസമിതി രൂപീകരിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, ഡോ. ഗംഗന്‍ പ്രതാപ്, കവി സച്ചിദാനന്ദന്‍, ഡോ. കുംകും റോയ്, ഡോ. രാജന്‍ വറുഗീസ് എന്നിവരായിരുന്നു അംഗങ്ങള്‍. 2020 നവംബറില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നാലു വര്‍ഷ ഡിഗ്രിക്ക് അനുകൂലമായിരുന്നില്ല പ്രഭാത് പട്നായ്ക് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

മൂന്നു വര്‍ഷത്തിലും നാലു വര്‍ഷത്തിലും പൂര്‍ത്തിയാക്കാവുന്ന രണ്ടുതരം ഡിഗ്രി പ്രോഗ്രാമുകള്‍ അര്‍ത്ഥശൂന്യമാണെന്നും അനാവശ്യമായ സങ്കീര്‍ണ്ണതകള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കുമെന്നുമായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍. നിലവിലുള്ള മൂന്നു വര്‍ഷ ഡിഗ്രി മാറ്റാന്‍ പ്രത്യേകിച്ച് കാരണങ്ങളില്ലെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെയും ഒരു വര്‍ഷം അധികം ചേര്‍ക്കാതെ തന്നെ പരിഹരിക്കാവുന്നതേ ഉള്ളൂ എന്നുമായിരുന്നു റിപ്പോര്‍ട്ട് വിലയിരുത്തിയത്.

''മുതലാളിത്ത സാമ്പത്തികവ്യവസ്ഥയ്ക്ക് ആവശ്യമായ തൊഴില്‍ വിപണിയിലേയ്ക്ക് തൊഴിലാളികളെ സംഭാവന ചെയ്യുകയാണ് പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നതെന്നാ''യിരുന്നു പ്രഭാത് പട്നായ്കിന്റെ വിലയിരുത്തല്‍. വിദ്യാഭ്യാസ രംഗത്തെ സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങളെ അവഗണിച്ചാണ് ദേശീയ വിദ്യാഭ്യാസ നയം ഉണ്ടാക്കിയതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിനെക്കുറിച്ചുള്ള ബൂര്‍ഷ്വ സങ്കല്പങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അക്കാലത്ത് ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പല കോണുകളില്‍നിന്നും വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നിരുന്നു.

ബിരുദപഠനം ഇനി നാലു വര്‍ഷം; 
ആശങ്കകളും അനിശ്ചിതത്വവും
കേരളം കൂട്ട ആത്മഹത്യകളുടെ മുനമ്പ്?

ശ്യാം ബി മേനോന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതോടെ നേരത്തെയുള്ള നിലപാടിനു വിരുദ്ധമായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാന ഘടനയെ ഉള്‍ക്കൊണ്ടുകൊണ്ട് നാലു വര്‍ഷ ബിരുദം ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമായി. ഇതിനു മുന്നോടിയായി ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ശ്യാം ബി. മേനോന്റെ നേതൃത്വത്തിലുള്ള എഴംഗ കമ്മിഷനെ നിയമിച്ചു. ഐ.ഐ.ടി മദ്രാസിലെ പ്രൊഫ. ടി. പ്രദീപ്, എം.ജി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വി.സി എം.വി. നാരായണന്‍, മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രൊഫ. ആര്‍. രാമകുമാര്‍, ജെ.എന്‍.യുവിലെ പ്രൊഫ. അയിഷ കിദ്വായ്, കണ്ണൂര്‍ സര്‍വ്വകലാശാല പി.വി.സി ഡോ. സാബു അബ്ദുള്‍ ഹമീദ് എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍.

ഇതോടൊപ്പം തന്നെ സര്‍വ്വകലാശാല നിയമപരിഷ്‌കരണത്തിനായി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് മുന്‍ വൈസ് ചാന്‍സലര്‍ എന്‍.കെ. ജയകുമാര്‍ ചെയര്‍മാനായുള്ള കമ്മിഷനേയും പരീക്ഷാ സമ്പ്രദായം പരിഷ്‌കരിക്കാനായി എം.ജി യൂണിവേഴ്സിറ്റി പി.വി.സി ആയിരുന്ന ഡോ. സി.ടി. അരവിന്ദകുമാര്‍ ചെയര്‍മാനായ കമ്മിഷനേയും നിയമിച്ചിരുന്നു. 2022 സെപ്തംബറില്‍ ശ്യാം ബി മേനോന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നാലു വര്‍ഷ ബിരുദം നടപ്പാക്കാനായിരുന്നു കമ്മിഷന്‍ ശുപാര്‍ശ. 2022 ഫെബ്രുവരിയില്‍ സംസ്ഥാന ബജറ്റിനു മുന്‍പായി കമ്മിഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനായുള്ള ഫണ്ട് ആ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിരുന്നു. നാലു വര്‍ഷ ഡിഗ്രി ഉള്‍പ്പെടെ നാഷണല്‍ എജുക്കേഷന്‍ പോളിസി നിര്‍ദ്ദേശിക്കുന്ന പല കാര്യങ്ങളും ഈ റിപ്പോര്‍ട്ടിലുമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തില്‍നിന്നു വ്യതിചലിച്ചുള്ള കാര്യങ്ങളുമുണ്ട്.

റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നേളജി ആന്റ് എന്‍വയേണ്‍മെന്റ് മുന്‍ വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയാണ് കേരളത്തില്‍ ഈ വര്‍ഷം നടപ്പാക്കാന്‍ പോകുന്ന നാലു വര്‍ഷ ഡിഗ്രിയുടെ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.

TP SOORAJ.The New Indian Express KOZHIKODE.09744613052
നിലവില്‍ മൂന്നു വര്‍ഷ ഡിഗ്രി, രണ്ട് വര്‍ഷ പി.ജി എന്നതാണ് അക്കാദമിക് രീതി. ഈ അധ്യയന വര്‍ഷം മുതല്‍ ബിരുദം നാലു വര്‍ഷമായി മാറുന്നു. ഇതില്‍ മൂന്നാം വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് കോഴ്സ് അവസാനിപ്പിച്ച് ബിരുദം നേടി പുറത്തിറങ്ങാനും സൗകര്യമുണ്ടാവും. അതുകഴിഞ്ഞ് നിലവിലുള്ളതുപോലെ തുടര്‍ന്ന് രണ്ട് വര്‍ഷം പി.ജി പഠിക്കാം.

കാതലായ മാറ്റങ്ങള്‍

പഠനരീതിയിലും പാഠ്യവിഷയങ്ങളുടെ തിരഞ്ഞെടുപ്പിലും പഠനമികവ് വിലയിരുത്തലിലും വലിയ മാറ്റങ്ങളാണ് നാലു വര്‍ഷ ബിരുദം വിഭാവനം ചെയ്യുന്നത്.

നിലവില്‍ മൂന്നു വര്‍ഷ ഡിഗ്രി, രണ്ട് വര്‍ഷ പി.ജി എന്നതാണ് അക്കാദമിക് രീതി. ഈ അധ്യയന വര്‍ഷം മുതല്‍ ബിരുദം നാലു വര്‍ഷമായി മാറുന്നു. ഇതില്‍ മൂന്നാം വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് കോഴ്സ് അവസാനിപ്പിച്ച് ബിരുദം നേടി പുറത്തിറങ്ങാനും സൗകര്യമുണ്ടാവും. അതുകഴിഞ്ഞ് നിലവിലുള്ളതുപോലെ തുടര്‍ന്ന് രണ്ട് വര്‍ഷം പി.ജി പഠിക്കാം. നാല് വര്‍ഷ ബിരുദത്തില്‍ നാലാം വര്‍ഷം രണ്ട് തരം സര്‍ട്ടിഫിക്കറ്റുകളുണ്ടാകും. ഡിഗ്രി ഓണേഴ്സും ഓണേഴ്സ് വിത്ത് റിസര്‍ച്ചും. ഡിഗ്രി ഓണേഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷം പി.ജി പഠിച്ചാല്‍ മതിയാകും. റിസര്‍ച്ച് ഓറിയന്റഡ് ആയിട്ടുള്ള ഓണേഴ്സ് വിത്ത് റിസര്‍ച്ച് കോഴ്സ് പഠിക്കുന്നയാള്‍ക്ക് പി.ജി ഇല്ലാതെ തന്നെ നേരിട്ട് പിഎച്ച്.ഡിക്ക് അഡ്മിഷന്‍ നേടാം. മൂന്നു വര്‍ഷ ഡിഗ്രിക്ക് കുറഞ്ഞത് 133 ക്രെഡിറ്റ് സ്‌കോറും നാലു വര്‍ഷത്തിനു 177 ക്രെഡിറ്റ് സ്‌കോറും ലഭിച്ചാലേ പാസ്സാകൂ. ഇതിനു പുറമെ കോഴ്സുകളും മാര്‍ക്കു സംബന്ധിച്ച മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കുകയും വേണം.

വിദ്യാര്‍ത്ഥികള്‍ക്കു പഠനമേഖലകള്‍ തിരഞ്ഞെടുക്കുന്നതിനു കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ട് എന്നതാണ് ഇതിന്റെ മേന്മ. ഒരു പഠനമേഖലയില്‍ ബിരുദം നേടാന്‍ ലക്ഷ്യമിടുമ്പോള്‍ത്തന്നെ മറ്റൊരു വിഷയം കൂടി പഠിക്കാന്‍ സൗകര്യമുണ്ട്. മേജര്‍, മൈനര്‍ എന്നിങ്ങനെയാണ് ഇതിനെ തരംതിരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ബി.എസ്.സി കെമിസ്ട്രി മേജര്‍ വിത്ത് ഇംഗ്ലീഷ് മൈനര്‍ എന്നൊരു ബിരുദം സാധ്യമാണ്.

ഒരു വിഷയത്തിന് ഒപ്പം പഠിക്കാനുള്ള മറ്റു വിഷയങ്ങളും വിദ്യാര്‍ത്ഥിയുടെ താല്പര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് കെമിസ്ട്രി ബിരുദം പഠിക്കുന്നയാള്‍ക്കു സാഹിത്യത്തില്‍ താല്പര്യമുണ്ടെങ്കില്‍ അതുകൂടി പഠിക്കാനുള്ള അവസരം ഉണ്ടാകും. ഒരു വിഷയം ഡിഗ്രിക്ക് തിരഞ്ഞെടുത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയുടെ മറ്റ് അഭിരുചികള്‍ ഉപേക്ഷിക്കേണ്ടിവരുന്നില്ല. പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ നിര്‍ബ്ബന്ധിത ഇന്റേണ്‍ഷിപ്പും അപ്രന്റീഷിപ്പും ഉണ്ട്. ഇന്റേണ്‍ഷിപ്പിനും ക്രെഡിറ്റുണ്ടാവും.

സര്‍വ്വകലാശാല അംഗീകരിച്ച പോര്‍ട്ടലുകളില്‍നിന്ന് ഓണ്‍ലൈന്‍ കോഴ്സുകള്‍ പഠിച്ചും ക്രെഡിറ്റ് നേടാം. 12 ക്രെഡിറ്റ് വരെ ഇങ്ങനെ ഓണ്‍ലൈന്‍ കോഴ്സുകള്‍ വഴി നേടാം.

ഇന്‍ട്രൊഡക്ടറി കോഴ്സ്, ഫൗണ്ടേഷന്‍ കോഴ്സ്, ഇന്റര്‍മീഡിയറ്റ് ലെവല്‍, ഹയര്‍ ലെവല്‍, അഡ്വാന്‍സ്ഡ് എന്ന രീതിയിലാണ് ബിരുദ പ്രോഗ്രാമുകളിലെ കോഴ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഒരു വര്‍ഷം കഴിഞ്ഞ് മേജര്‍ വിഷയങ്ങളില്‍ മാറ്റം വരുത്താന്‍ വിദ്യാര്‍തഥിക്കു തോന്നുന്നുവെങ്കില്‍ അതിനുള്ള സൗകര്യമുണ്ട്. ഇങ്ങനെ മാറിവരുന്നവര്‍ക്കായി 10 ശതമാനം കൂടുതല്‍ സീറ്റുകള്‍ കോളേജുകള്‍ അധികമായി കണ്ടെത്തണം.

വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു വിഷയങ്ങളിലേക്കു മാറാന്‍ സൗകര്യമുള്ളതുപോലെത്തന്നെ മറ്റു കോളേജുകളിലേക്കോ യൂണിവേഴ്സിറ്റികളിലേക്കോ പഠനത്തിനിടയില്‍ മാറാന്‍ സാധിക്കും. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് നടപ്പാക്കുന്നതോടെ ഒരു വിദ്യാര്‍ത്ഥി ഏതെങ്കിലും സ്ഥാപനത്തില്‍ നേടുന്ന ക്രെഡിറ്റുകള്‍ ഡിജിറ്റലായി അതിലേയ്ക്ക് രേഖപ്പെടുത്താനും വേറൊരു സ്ഥാപനത്തിലേയ്ക്ക് കൈമാറ്റം ചെയ്യാനും കഴിയും. ഇതു വിദ്യാര്‍ത്ഥിയുടെ ഒരു സ്ഥാപനത്തില്‍നിന്നു മറ്റൊരു സ്ഥാപനത്തിലേക്കുള്ള മാറ്റം എളുപ്പമാക്കും. പഠനമേഖലയോ ഡിപ്പാര്‍ട്ട്മെന്റുകളോ കോളേജോ യൂണിവേഴ്സിറ്റിയോ മാറിയാലും ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനം വഴി വിദ്യാര്‍ത്ഥിയുടെ ഇതുവരെയുള്ള ക്രെഡിറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ഇതു സഹായിക്കും. ഇതോടൊപ്പം എടുത്തുപറയേണ്ടതാണ് വിദ്യാര്‍ത്ഥികള്‍ക്കു നൈപുണിയും തൊഴില്‍ശേഷിയും വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള സ്‌കില്‍ എന്‍ഹാന്‍സ്മെന്റ് കോഴ്സുകള്‍.

പഠനം കൂടുതല്‍ വിദ്യാര്‍ത്ഥി കേന്ദ്രിതമാക്കുകയും പ്രോഗ്രാമുകളും കോഴ്സുകളും തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയും ഗവേഷണ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതിലുമാണ് പുതിയ സംവിധാനത്തിന്റെ ഊന്നല്‍. പാഠപുസ്തക കേന്ദ്രിത പഠനരീതിയില്‍നിന്നു വിദ്യാര്‍ത്ഥികളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ സാധ്യമാക്കുന്ന തരത്തില്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട് പുതിയ രീതി. ഈ സംവിധാനത്തില്‍ അധ്യാപകര്‍ക്കു പുതിയ കോഴ്സുകള്‍ ഡിസൈന്‍ ചെയ്ത് സര്‍വ്വകലാശാലയുടെ അനുമതിയോടെ കുട്ടികളെ പഠിപ്പിക്കാനാവും. കാലാനുസൃതമായ മാറ്റങ്ങള്‍ പഠനവിഷയത്തില്‍ ഉള്‍പ്പെടുത്താന്‍ ഇതു സഹായിക്കും.

BP DEEPU-TVM
നിലവില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുതന്നെ ഇതേക്കുറിച്ച് കാര്യമായ ധാരണ ഉണ്ടായിട്ടില്ല. ഇത് അധ്യാപക സമൂഹത്തിനിടയില്‍ വ്യാപകമായ മൗനം ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ അതില്‍ വരുന്ന മാറ്റങ്ങളെ സാമൂഹ്യമായ പശ്ചാത്തലത്തില്‍ വിലയിരുത്തിയുള്ള ചര്‍ച്ചകള്‍ അനിവാര്യമാണ്.

ആശങ്കകള്‍ അനിശ്ചിതത്വങ്ങള്‍

ഉന്നത വിദ്യാഭ്യാസരംഗത്ത് ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന സമൂലമായ പരിവര്‍ത്തനമാണ് നാലു വര്‍ഷ ബിരുദത്തിലൂടെ ലക്ഷ്യമിടുന്നതെങ്കിലും ഇതു സംബന്ധിച്ച ക്രിയാത്മകമോ വിമര്‍ശനാത്മകമോ ആയ ചര്‍ച്ചകള്‍ പൊതുസമൂഹത്തിലും അക്കാദമിക് സമൂഹത്തിലും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയിലോ കാര്യമായി ഉണ്ടായിട്ടില്ല. നിലവില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുതന്നെ ഇതേക്കുറിച്ച് കാര്യമായ ധാരണ ഉണ്ടായിട്ടില്ല. ഇത് അധ്യാപക സമൂഹത്തിനിടയില്‍ വ്യാപകമായ മൗനം ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ അതില്‍ വരുന്ന മാറ്റങ്ങളെ സാമൂഹ്യമായ പശ്ചാത്തലത്തില്‍ വിലയിരുത്തിയുള്ള ചര്‍ച്ചകള്‍ അനിവാര്യമാണ്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തിലും യൂണിവേഴ്സിറ്റികളുടേയും നേതൃത്വത്തിലും കോളേജ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നടത്തുന്ന പരിശീലന ക്ലാസുകളിലും സെമിനാറുകളിലും ലഭ്യമാകുന്ന വിവരങ്ങളാണ് നിലവില്‍ ഇതു സംബന്ധിച്ച് പൊതുസമൂഹത്തിനും ഉള്ളത്. അതില്‍ തന്നെ വിമര്‍ശനബുദ്ധിയോടെയുള്ള വിലയിരുത്തലുകളോ ആശങ്കകളും അനിശ്ചിതത്വങ്ങളും പരിഹരിക്കുന്ന ഇടപെടലുകളോ ബിരുദ പ്രവേശന നടപടി തുടങ്ങിയിട്ടും ഉണ്ടായിട്ടില്ല.

വിദ്യാര്‍ത്ഥികള്‍ക്കു നാലു വര്‍ഷ ബിരുദത്തിന്റെ സങ്കീര്‍ണ്ണമായ തലങ്ങള്‍ മനസ്സിലാക്കുന്ന തരത്തിലുള്ള കൈപുസ്തകംപോലെയുള്ള കാര്യങ്ങള്‍ തയ്യാറാക്കാന്‍ കോളേജുകള്‍ക്കോ സര്‍വ്വകലാശാലകള്‍ക്കോ കഴിഞ്ഞിട്ടില്ല. സര്‍വ്വകലാശാലകള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന പത്രകുറിപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയം. കോഴ്സുകളോ മേജറോ മാറുമ്പോഴുണ്ടാകുന്ന ഫീസ് ഘടനയിലുണ്ടാകുന്ന മാറ്റം പോലുള്ള കാര്യങ്ങളെപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്കു ധാരണയില്ല. നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ നടപ്പാക്കുമ്പോള്‍, പ്രതിവര്‍ഷം 12 ശതമാനത്തോളം ഫീസ് വര്‍ദ്ധന നടത്താം എന്ന് ശ്യാം ബി. മേനോന്‍ കമ്മിഷന്റെ ശുപാര്‍ശകളിലുണ്ട്. ഇതനുസരിച്ച് ഈ വര്‍ഷം 12 ശതമാനം ഫീസ് വര്‍ദ്ധന നടപ്പാക്കാനുള്ള തീരുമാനവും വന്നുകഴിഞ്ഞു. ഓരോ വര്‍ഷവും കോഴ്സ് ഫീസ് കൂടും എന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ കാര്യമായ അറിവില്ല.

ഇഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാം എന്നു പറയുന്നുണ്ടെങ്കിലും നിലവില്‍ പല കോളേജുകളേയും സംബന്ധിച്ച് അതിനുള്ള സൗകര്യങ്ങള്‍ പരിമിതമാണ്. പല കോളേജുകളിലും പരിമിതമായ എണ്ണം കോഴ്സുകള്‍ മാത്രമാണുള്ളത്. നിലവിലുള്ള ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റത്തില്‍ത്തന്നെ ഈ സൗകര്യമുണ്ടായിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് അതിന്റെ ഗുണം ലഭിച്ചിരുന്നില്ല.

കോഴ്സുകള്‍ മാറുമ്പോള്‍ കോളേജുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് തലത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും അധികജോലി ഭാരവും ആശയക്കുഴപ്പങ്ങളും ഇതുവരെ കണക്കിലെടുത്തിട്ടില്ല. ഓണ്‍ലൈന്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും മൂല്യനിര്‍ണ്ണയത്തെക്കുറിച്ചും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടുമില്ല. ഏതൊക്കെ കോഴ്സിന് ഏതൊക്കെ ഓണ്‍ലൈന്‍ കോഴ്സാവാം എന്നതിനെക്കുറിച്ച് ഇനിയും വ്യക്തതയില്ല. കോളേജുകള്‍ മാറാം എന്നത് ഒറ്റനോട്ടത്തില്‍ ആകര്‍ഷകമായി തോന്നുമെങ്കിലും പ്രായോഗിക തലത്തിലെ നൂലാമാലകള്‍ കണക്കിലെടുത്താല്‍ ഇതും എത്രത്തോളം നടപ്പാവുമെന്ന കാര്യം സംശയമാണ്.

ഇതിനെല്ലാമപ്പുറത്ത് ഒരു വര്‍ഷം അധികം പഠിക്കേണ്ടിവരുന്നതിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും അതിന്റെ സാമൂഹ്യമായ തലങ്ങളെക്കുറിച്ചും കാര്യമായ ചര്‍ച്ചയുണ്ടായില്ല. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി ബിരുദം നേടി പോകാന്‍ അവസരമുണ്ട് എന്നു പറയുമ്പോഴും ഏതേത് വിഭാഗങ്ങളാണ് ഇതില്‍നിന്നു പുറത്തുപോകുന്നത് എന്നറിയുമ്പോഴേ സാമൂഹ്യനീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുകയുള്ളൂ. ഇക്കാര്യം സര്‍ക്കാറിന്റെ നയങ്ങളോ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടുകളോ പരിഗണിച്ചിട്ടുമില്ല.

ബിരുദം നാലു വര്‍ഷമാവുമ്പോള്‍ കോളേജുകള്‍ പുതിയ കെട്ടിടവും ക്ലാസ്‌റൂമും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന നൂതന കോഴ്സുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അധ്യാപക നിയമനവും അനുബന്ധ സൗകര്യമൊരുക്കലും വേണ്ടിവരും. ഇതു ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചെറുകിട, ഇടത്തരം കോളേജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കും.

ദേശീയ വിദ്യാഭ്യാസ നയത്തിലെ പല ശുപാര്‍ശകളും പരിഷ്‌കാരങ്ങളും സ്വകാര്യ സര്‍വ്വകലാശാലകളേയും സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും അവര്‍ക്കനുകൂലമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണെന്ന് നേരത്തെത്തന്നെ വിദ്യാഭ്യാസ വിദഗ്ദ്ധര്‍ വിലയിരുത്തിയിട്ടുള്ളതാണ്. ഇത്തരം പരിഷ്‌കാരങ്ങള്‍ ആലോചനകളില്ലാതെ നടപ്പാക്കുന്നത് കേരളംപോലെ പൊതുവിദ്യാഭ്യാസം ശക്തമായി നില്‍ക്കുന്ന സമൂഹത്തില്‍ എന്തുതരം മാറ്റങ്ങളാണ് ഉണ്ടാക്കുക എന്നു വരുംനാളുകളില്‍ കൂടുതല്‍ വ്യക്തമാകും.

വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് നാലു വര്‍ഷ ബിരുദം നടപ്പാക്കുന്നതെന്നും സിലബസുകളൊന്നും തയ്യാറാക്കി യൂണിവേഴ്സിറ്റി വെബ്സൈററില്‍ ഇതുവരെ അപ്ലോഡ് ചെയ്തിട്ടില്ലെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് പറയുന്നു: ''കുട്ടികള്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ എന്നു പറയപ്പെടുന്നുണ്ടെങ്കിലും നിലവില്‍ അവരുടെ കോളേജില്‍ ലഭ്യമായ അധ്യാപകരുടേയും കോഴ്സുകളുടേയും അടിസ്ഥാനത്തില്‍ മാത്രമേ തിരഞ്ഞെടുക്കാന്‍ കഴിയുകയുള്ളൂ. മറ്റൊന്ന് ഇന്റേണ്‍ഷിപ്പിന്റെ കാര്യമാണ്. ബിരുദത്തിന് എത്തുന്ന ഇത്രയധികം കുട്ടികള്‍ക്ക് കേരളം പോലൊരു സംസ്ഥാനത്ത് എവിടെയാണ് ഇന്റേണ്‍ഷിപ്പ് സാധ്യമാവുക എന്നു മനസ്സിലാവുന്നില്ല. മൂന്നു വര്‍ഷം കഴിഞ്ഞ് 75 ശതമാനം മാര്‍ക്കുണ്ടെങ്കിലെ നാലാം വര്‍ഷത്തിലേയ്ക്ക് പ്രവേശനമുള്ളൂ എന്നാണ് പറയുന്നത്. അവിടെ റിസര്‍വേഷന്‍ പാലിക്കുന്നുമില്ല. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ അവിടെ വെച്ച് പുറത്തായി പോകുന്ന അവസ്ഥയുണ്ടാകും. നാലു വര്‍ഷത്തേയ്ക്കുള്ള സാമ്പത്തിക ബാധ്യതയും വലുതാണ്.

ഫീസ് കൊടുത്തു പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ ഒരു വര്‍ഷം കൂടി എന്നത് ഇവര്‍ക്ക് ബാധ്യതയാകും. പല സംശയങ്ങളും ചോദിച്ചാല്‍ വ്യക്തമായ ഒരു ഉത്തരം ഉണ്ടാവുന്നില്ല. എന്റെ അഭിപ്രായത്തില്‍ ഇതിന്റെ സങ്കീര്‍ണ്ണതകള്‍കൊണ്ട് കൂടുതല്‍ കുട്ടികളും കേരളത്തിനു പുറത്തുപോയി പഠിക്കാനുള്ള സാധ്യതയാണ് കാണുന്നത്'' -ഡോ. റഷീദ് അഹമ്മദ് പറയുന്നു.

''നാലു വര്‍ഷ ഡിഗ്രി, വിദ്യാര്‍ത്ഥികള്‍ക്കു ഗുണകരമാണെന്നും എന്നാല്‍, അതു നടപ്പാക്കുന്ന സര്‍വ്വകലാശാലയുടെ രീതിയില്‍ ആശങ്കയുണ്ടെന്നും'' കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗവും അക്കാദമിക് കൗണ്‍സില്‍ അംഗവുമായ ഡോ. ഷിനോ പി. ജോസ് പറയുന്നു. ''സിലബസില്‍ കടുത്ത രാഷ്ട്രീയവല്‍ക്കരണം നടക്കുന്ന സാഹചര്യം നിലവിലുണ്ട്. അമിത രാഷ്ട്രീയവല്‍ക്കരണം സിലബസിലടക്കം സര്‍വ്വകലാശാല കൈക്കൊള്ളുന്നത് മാറ്റി നിര്‍ത്തിയാല്‍ നല്ല മാറ്റമാണ് വിദ്യാര്‍ത്ഥികള്‍ക്കു ലഭ്യമാവുന്നത്. സിലബസ് കാണാതെ അപേക്ഷ കൊടുക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ളത്'' -ഡോ. ഷിനോ പി. ജോസ് പറയുന്നു.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, അധ്യാപകരുടെ ലഭ്യതയില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി കോളേജുകളും ഇതിനോട് പിന്തിരിഞ്ഞു നില്‍ക്കുകയായിരുന്നു. അതേസമയം മൂന്നു വര്‍ഷം കൊണ്ട് മൂന്ന് മേജറില്‍ ബിരുദം നേടാന്‍ അവസരമുള്ള സംവിധാനത്തിലേയ്ക്ക് കര്‍ണാടക മാറുകയാണ്.

നാലു വര്‍ഷ ബിരുദം നിര്‍ത്തലാക്കുന്ന കര്‍ണാടക

ദേശീയ വിദ്യാഭ്യാസ നയം ആദ്യം നടപ്പാക്കിയ സംസ്ഥാനമായിരുന്നു കര്‍ണാടക. ഇതിന്റെ ഭാഗമായി 2021 മുതല്‍ നാലുവര്‍ഷ ബിരുദവും അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കി. എന്നാല്‍, ഈ അധ്യയന വര്‍ഷം മുതല്‍ നാലു വര്‍ഷ ബിരുദം നിര്‍ത്തി പഴയതുപോലെ മൂന്നു വര്‍ഷത്തിലേയ്ക്ക് തിരിച്ചുപോകുകയാണ് കര്‍ണാടക.

സ്റ്റേറ്റ് എജുക്കേഷന്‍ പോളിസി കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. വ്യത്യസ്ത സാമൂഹ്യ സാമ്പത്തിക പശ്ചാത്തലത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം, സാമൂഹ്യനീതി, തുല്യ അവസരം എന്നിവ ഉറപ്പാക്കിയും സംസ്ഥാനത്തെ മൊത്തത്തിലുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ താല്പര്യങ്ങളെ സംരക്ഷിച്ചും വിദ്യാഭ്യാസ മേഖലയിലെ ചരിത്രപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലുമാണ് ഈ തീരുമാനം എന്നാണ് കര്‍ണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

നാലു വര്‍ഷ ബിരുദം നടപ്പിലാക്കുമ്പോള്‍ പറഞ്ഞത് ആഗോള വിദ്യാഭ്യാസ നിലവാരത്തിനോട് കിടപിടിക്കുന്ന തരത്തില്‍ ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിത്തീര്‍ക്കുകയും ഇന്ത്യയില്‍ നാലു വര്‍ഷം പഠിക്കുന്നവര്‍ക്കു പല വിദേശ രാജ്യങ്ങളിലും ഒരു വര്‍ഷം കൊണ്ട് മാസ്റ്റേഴ്സ് നേടാം എന്ന സാധ്യത ഉണ്ടെന്നുമായിരുന്നു. എന്നാല്‍, നാലു വര്‍ഷ ബിരുദം സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന എസ്.സി/എസ്.ടി, വിഭാഗങ്ങള്‍, സത്രീകള്‍, ദരിദ്ര വിഭാഗങ്ങള്‍, ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള കടന്നുവരവിനെ കാര്യമായി തടസ്സപ്പെടുത്തുന്നു എന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, അധ്യാപകരുടെ ലഭ്യതയില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി കോളേജുകളും ഇതിനോട് പിന്തിരിഞ്ഞു നില്‍ക്കുകയായിരുന്നു. അതേസമയം മൂന്നു വര്‍ഷം കൊണ്ട് മൂന്ന് മേജറില്‍ ബിരുദം നേടാന്‍ അവസരമുള്ള സംവിധാനത്തിലേയ്ക്ക് കര്‍ണാടക മാറുകയാണ്.

ബിരുദപഠനം ഇനി നാലു വര്‍ഷം; 
ആശങ്കകളും അനിശ്ചിതത്വവും
കാലടിയില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 2024 മുതല്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com