
വിക്ടര്‍ ജോര്‍ജ് എടുത്ത ഫോട്ടോ അച്ചടിച്ചു വരുന്ന ദിവസങ്ങളില്‍ പത്രം മടക്കി കിടക്കയ്ക്ക് അടിയില്‍ സൂക്ഷിച്ചുവയ്ക്കുമായിരുന്നു, കോട്ടയത്തിനടുത്ത് കുറുമ്പനാടം സ്വദേശിയായ റിജോ ജോസഫ് എന്ന കൗമാരക്കാരന്‍. പില്‍ക്കാലത്ത് അദ്ദേഹം മലയാള മനോരമയില്‍ പിക്ചര്‍ എഡിറ്ററായത് നിയോഗം.
ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍, മീഡിയ വില്ലേജിന്റെ ആദ്യ ബാച്ചില്‍ റിജോ ചേര്‍ന്നത് വീഡിയോ പ്രൊഡക്ഷനും സിനിമോട്ടോഗ്രാഫിയും പഠിക്കാന്‍. കൂടെയുണ്ടായിരുന്നവരെല്ലാം സിനിമാസംവിധാനം പഠിക്കാന്‍ പോയപ്പോള്‍ ക്യാമറയും വീഡിയോഗ്രാഫിയുമായിരുന്നു റിജോ തിരഞ്ഞെടുത്തത്. പ്രൊഫ. ജോണ്‍ ശങ്കരമംഗലവും സിനിമോട്ടോഗ്രാഫര്‍ സാജന്‍ കളത്തിലുമൊക്കെയാണ് ക്ലാസ്സുകള്‍ എടുത്തിരുന്നത്. പഠനത്തിനിടയില്‍ തന്നെ റിജോ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് 'ഇന്‍ക്യുബേറ്റര്‍' എന്ന പേരില്‍ ഒരു ഡിസൈനിങ്ങ് സ്ഥാപനം ആരംഭിച്ചു.
പിന്നീട് മനോരമയില്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍മാരെ നിയമിക്കുന്നതിനുള്ള അറിയിപ്പ് വന്നപ്പോള്‍ അപേക്ഷിച്ചു.
''അന്ന് ടെസ്റ്റിന് പോകാന്‍ സ്വന്തം ക്യാമറ ഉണ്ടായിരുന്നില്ല. എബി എന്ന സുഹൃത്തിന്റെ ക്യാമറയാണ് കിട്ടിയത്. ലൈറ്റ് മീറ്ററും ബാറ്ററിയുമില്ലാത്ത ക്യാമറ. ടെസ്റ്റിന് തൊട്ടുമുന്‍പ് എബിച്ചന്‍ വന്ന് ബാറ്ററി വാങ്ങി ഇട്ട് തന്നു. മറ്റുള്ളവര്‍ വലിയ ഒരുക്കത്തോടെയാണ് വന്നത്. മനോരമയിലെ പിക്ചര്‍ എഡിറ്ററായിരുന്ന എം.കെ. വര്‍ഗീസ് സാര്‍ നിര്‍ദ്ദേശങ്ങള്‍ തന്നു. പഴയതും ചെറുതുമായ ക്യാമറയായതിനാല്‍ ആരും കാണാതിരിക്കാന്‍ മേശയ്ക്ക് കീഴില്‍ വച്ചാണ് ലോഡ് ചെയ്തത്.''
ടെസ്റ്റ് ജയിച്ച്, 2002 ജൂലൈയില്‍ മനോരമയില്‍ ജോലിക്ക് ചേര്‍ന്നു. സംക്രാന്തി എന്ന സ്ഥലത്ത് നടക്കുന്ന കര്‍ക്കിടക വാണിഭം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി. ''ചീഫ് ഫോട്ടോഗ്രാഫറായിരുന്ന റോബര്‍ട്ട് വിനോദ് ഡിജിറ്റല്‍ ക്യാമറയുമായി ചിത്രങ്ങള്‍ എടുത്തിരുന്നു. ഓഫീസിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എനിക്ക് പടം കിട്ടിയില്ല. നീ എടുത്ത പടം കൊടുക്കാം'' എന്ന്. ഞാന്‍ ചിത്രം ഡവലപ്പ് ചെയ്ത്, പ്രിന്റ് എടുത്തു. പിന്നീടാണ് അറിഞ്ഞത്, റോബര്‍ട്ട് എനിക്ക് അവസരം തന്നതാണെന്ന്.'' അതായിരുന്നു - പത്രത്തില്‍ അച്ചടിക്കപ്പെട്ട റിജോയുടെ ആദ്യ ചിത്രം.
മൂന്നു മാസത്തിനുശേഷം റിജോയെ തിരുവനന്തപുരത്തേക്ക് അയച്ചു. ''എന്റെ കരിയര്‍ മാറ്റിമറിച്ച സ്ഥലം. കേരളത്തിലെ തന്നെ അതിപ്രഗത്ഭനായ ഫോട്ടോജേണലിസ്റ്റ് ബി. ജയചന്ദ്രന്‍ ചേട്ടന്‍, ഒരു അപ്പന്‍ എങ്ങനെയാണോ അതുപോലെ എന്നെ നോക്കി; ഒരു ഗുരു എങ്ങനെയാണോ അതുപോലെ പഠിപ്പിച്ചു. ജയേട്ടന്റെ ഓരോ ചലനവും കണ്ടുപഠിക്കണം. സെക്രട്ടറിയേറ്റിന്റെ മുന്നില്‍ പടമെടുക്കാന്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. പടം എടുക്കാന്‍ നമ്മള്‍ ആലോചിക്കുമ്പോഴേക്കും പടമെടുത്ത് ക്യാമറ തിരിച്ചു ബാഗില്‍ വച്ചിരിക്കും. അത്ര ഫാസ്റ്റായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആള്‍. വാര്‍ത്തകളുടെ വലുപ്പച്ചെറുപ്പം നോക്കാതെ പാഞ്ഞെത്തും. ഒരു പരിപാടിയും അദ്ദേഹം അറിയാതെ പോകില്ല. അത്തരം ഒരു സ്‌കൂളിലാണ് ഞാന്‍ ന്യൂസ് ഫോട്ടോഗ്രാഫി പഠിച്ചത്. രാഷ്ട്രീയ ചിത്രങ്ങളെടുക്കാന്‍ പഠിക്കുന്നതിന് ഇതിലും വലിയൊരു ഗുരു വേറേ ഉണ്ടാവില്ല.''
സ്വന്തമായി എടുത്ത പടമടിച്ച പത്രം വരുമ്പോള്‍ ഇന്നും ആവേശമാണ്. ഒരു അസംബ്ലി ഇലക്ഷന്‍ കാലം. തലശ്ശേരി ചൊക്ലിയിലെ ഒരു ബൂത്തില്‍ വലിയ സംഘര്‍ഷം നടക്കുന്നു. കള്ളവോട്ടിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം. അത് അറിഞ്ഞെത്തിയപ്പോള്‍ത്തന്നെ ജനലില്‍ക്കൂടി രണ്ട് ചിത്രങ്ങള്‍ എടുത്തു. അകത്ത് കയറിയ ഉടന്‍ അമ്പതോളം പേരുടെ സംഘം വളഞ്ഞു. പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും അവര്‍ ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു. ഷര്‍ട്ട് കീറിക്കളഞ്ഞു. ''താഴേക്കിട്ട് ചവിട്ടാന്‍ കാലുയര്‍ത്തിയ ഉടന്‍ മൈതാനത്തിനപ്പുറത്തെ വീട്ടില്‍നിന്ന് പ്രായമുള്ള ഒരു ഉമ്മ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച് വീടിനുള്ളിലേക്ക് കയറ്റി അടുക്കള വാതിലിലൂടെ പുറത്തിറക്കിവിട്ടു. ഓടി താഴെ എത്തി, കൂടെ വന്ന റിപ്പോര്‍ട്ടര്‍ സുകുമാരന്‍ ചേട്ടനൊപ്പം വണ്ടിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.''
നിമിഷങ്ങളുടെ
ക്ലിക്ക്
മനോരമയുടെ പുതിയ യൂണിറ്റ് തുടങ്ങുന്ന സമയത്താണ് പത്തനംതിട്ടയില്‍ ജോലി ചെയ്തത്. ഇപ്പോള്‍ ചീഫ് ഫോട്ടോഗ്രാഫറായ സമീര്‍ എ. അഹമ്മദുമൊത്ത് മനോഹരമായ ടീം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതാണ് നല്ല ഓര്‍മ്മ. ''സമീറും ഞാനും എടുക്കുന്ന പടങ്ങള്‍ പരസ്പരം കൈമാറുകയും സെലക്ഷന്‍ നടത്തുകയും ചെയ്യുമായിരുന്നു. ക്യാപ്ഷന്‍ നല്‍കുന്നതും അപ്രകാരം തന്നെ. ശബരിമലയിലേതാണ് ഏറ്റവും നന്നായി എന്‍ജോയ് ചെയ്ത, രസകരമായ ഡ്യൂട്ടി.'' പിന്നീട് ജന്മനാടായ കോട്ടയത്തേക്ക് സ്ഥലംമാറ്റം കിട്ടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആദ്യകാലത്ത് അവാര്‍ഡുകള്‍ ഒന്നും കിട്ടിയിരുന്നില്ല. ''പക്ഷേ, കോട്ടയത്ത് വന്നശേഷം അവാര്‍ഡുകളുടെ പെരുമഴക്കാലമായിരുന്നു എന്നുപറയാം. ആഗ്രഹിച്ചതിലും ഏറെ അവാര്‍ഡുകള്‍ ലഭിച്ചു. ഇനി അവാര്‍ഡ് കിട്ടിയില്ലെങ്കില്‍പോലും സങ്കടമില്ല,'' റിജോ പറയുന്നു. പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, റെഡ്ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി, കേരള സര്‍ക്കാര്‍, സംസ്ഥാന വനിതാ കമ്മിഷന്‍, തിരുവനന്തപുരം പ്രസ് ക്ലബ്ബ്, കേരള മീഡിയ അക്കാദമി തുടങ്ങിയവയുടെയൊക്കെ അവാര്‍ഡുകള്‍.
''വാര്‍ത്താചിത്രങ്ങള്‍ കിട്ടണമെങ്കില്‍ സംഭവം നടക്കുന്ന സമയത്തും സാഹചര്യത്തിലും നമ്മള്‍ ഉണ്ടായിരിക്കണം. കൃത്യമായ സമയത്ത് എടുക്കുന്ന ക്ലിക്ക് - ദൈവാനുഗ്രഹം എന്നാണ് ഞാന്‍ അതിനെ പറയുന്നത്. ആ സമയത്ത് ആ സ്ഥലത്ത് എന്നെ എത്തിക്കുകയും കൃത്യനിമിഷത്തില്‍ ക്ലിക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതിനെ മറ്റെന്തു വിളിക്കാന്‍.''
കോട്ടയം കുമ്മനത്ത് മട പൊട്ടി, മീനുകള്‍ ഉയരത്തില്‍ ചാടുന്നതായുള്ള വിവരം, മനോരമയുടെ ഫ്രണ്ട് ഓഫീസില്‍ നിന്നാണ് കിട്ടിയത്. അല്പം നേരത്തെ ഓഫീസിലെത്തിയതായിരുന്നു, അന്ന് റിജോ. കുമ്മനത്തുനിന്ന് ആരോ ഫോണില്‍ വിളിച്ചു പറഞ്ഞതാണ്. സംഭവസ്ഥലത്തെത്തുമ്പോള്‍ ആറിനു കുറുകെ കെട്ടിയ തെങ്ങിന്‍തടിയുടെ മട പൊട്ടി മീനുകള്‍ ഒഴുക്കിനെതിരെ ചാടുന്നതാണ് കണ്ടത്. പടമെടുത്തു തിരിച്ചുപോരും വഴി അവിടേക്ക് ഒന്നുകൂടി പോകണം എന്ന ഉള്‍വിളി ഉണ്ടായി. കുറച്ചുകൂടെ നല്ല ചിത്രം കിട്ടുമെന്നൊരു തോന്നല്‍. ആദ്യം കണ്ട കാഴ്ചയല്ല പിന്നീട് അവിടെ പോകുമ്പോള്‍ കണ്ടത്. മടയൊരുക്കാന്‍ പുഴയില്‍ കുഴിച്ചിട്ട തെങ്ങിന്‍കുറ്റികളില്‍ മുഴുവന്‍ ആളുകള്‍ നിരന്നിരിക്കുന്നു. ചാടിവരുന്ന മീനുകളെ കോരുവലയില്‍ പിടിക്കുന്ന ആളുകളും അവരെ സഹായിക്കാന്‍ നില്‍ക്കുന്നവരും. ചാടിവരുന്ന മീനുകളെ പിടിച്ച് ചാക്കിലേക്ക് ഇടുകയാണ് ചിലര്‍. അന്ന് മോണോപോഡ് എടുത്തിട്ടില്ല. 200-400 ടെലി ലെന്‍സിട്ട ക്യാമറയുമായി ഒരു ഇലട്രിക് പോസ്റ്റില്‍ ചാരിനിന്നാണ് പടമെടുപ്പ്. പെട്ടെന്നാണ് വ്യൂ പോയിന്റില്‍ എന്തോ ഒരു വലിയ സാധനം വലത്തുനിന്ന് ഇടത്തേക്ക് പറന്നുപോയതായി തോന്നിയത്. ചൂണ്ടുവിരല്‍ ട്രിഗറില്‍ ആഞ്ഞമര്‍ന്നു; അഞ്ചു ഫ്രെയിമുകളിലായി പടം കിട്ടി. നോക്കുമ്പോള്‍, അവിശ്വസനീയമായ ഒരു ചിത്രം. നാല് കിലോ വരുന്ന വലിയ മീന്‍ പറന്നു പോകുന്നു! അതിനെ വലയിലേക്ക് പിടിക്കുന്ന സീക്വന്‍സ് ഫോട്ടോയാണ് കിട്ടിയത്. കൃത്യം എക്സ്പോഷറിലുള്ള പെര്‍ഫക്ട് ചിത്രമാണ് കിട്ടിയിരിക്കുന്നത്. സഹായിക്കാന്‍ നില്‍ക്കുന്ന ആള്‍ മീനിനെ ചാക്കിലേക്ക് ഇട്ടുകൊടുക്കുന്നു, കിട്ടാത്തവര്‍ കൊതിയോടെ നോക്കുന്നു. അതു കഴിഞ്ഞ് ഇവര്‍ നടന്നുവരുമ്പോള്‍, ഈ മീന്‍ ചാക്കിനകത്തുനിന്ന് തിരിച്ചു വെള്ളത്തിലേക്ക് ചാടിപ്പോകുന്നു. ആ പടമെടുത്ത് സന്തോഷത്തോടെ ഡ്രൈവര്‍ സുരേഷിനോട് 'പോകാം' എന്നു പറഞ്ഞ് വണ്ടിയില്‍ കയറി. ഡ്രൈവര്‍ ആരോടോ ഫോണില്‍ സംസാരിക്കുകയാണ്; ''വലിയ അപകടമാണ്, എല്ലാവരേയും അവിടുന്നു മാറ്റണം'' എന്നൊക്കെ പറയുന്നുണ്ട്. അങ്ങനെ പറഞ്ഞത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍, ''ഇനി ആരും വന്ന് ഫോട്ടോ എടുക്കരുതല്ലോ. അതിനാല്‍ പൊലീസിനോടു വിളിച്ചുപറയുകയായിരുന്നു'' എന്നായിരുന്നു മറുപടി!
ആ ചിത്രത്തിന് കൊടുത്ത ക്യാച്ച് ലൈന്‍ 'ആയുഷ് മീന്‍ ഭവ:' എന്നായിരുന്നു. ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ചിത്രം ക്ലിക്കായി. യു. എസ്. കോണ്‍സുലേറ്റിന്റെ പരിസ്ഥിതി അവാര്‍ഡ് അടക്കം എട്ട് അവാര്‍ഡുകള്‍ ആ ഫോട്ടോയ്ക്ക് ലഭിച്ചു.
പ്രളയസമയത്തെ
'രക്ഷാ'ചിത്രം
ചെറുതോണി അണക്കെട്ട് തുറക്കുന്ന സമയത്തെ ചിത്രവും റിജോയ്ക്ക് നിരവധി അവാര്‍ഡുകള്‍ നേടിക്കൊടുത്തു. ഒരു കുഞ്ഞിനേയും പിടിച്ചുകൊണ്ട് ഒരാള്‍ പാലത്തിലൂടെ ഓടുന്ന ചിത്രം. ''ദൈവാനുഗ്രഹം എന്നു തന്നെയാണ് അതിനെപ്പറ്റി പറയാനുള്ളത്.''
ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ കിട്ടിയതാണ് ചിത്രം. മലയാള മനോരമയുടെ മറ്റൊരു ഫോട്ടോഗ്രാഫര്‍, അരവിന്ദ് ബാല, പാലത്തിന്റെ ചിത്രം എടുക്കാന്‍ അവിടെയുണ്ടായിരുന്നു. വെള്ളം കുത്തിയൊലിച്ചു വരുമ്പോള്‍ പാലം ഒലിച്ചുപോകാന്‍ പോലും സാധ്യതയുണ്ട് എന്ന ആശങ്കയില്‍ നില്‍ക്കുകയാണ്. പല മാധ്യമങ്ങളിലേയും ഫോട്ടോഗ്രാഫര്‍മാര്‍ ചുറ്റിനുമുണ്ട്.
തന്റെ ക്യാമറയ്ക്ക് ഒരു പ്രശ്നമുണ്ടെന്ന് പെട്ടെന്നാണ് അരവിന്ദ് വിളിച്ചുപറഞ്ഞത്. ഷട്ടര്‍ തുറക്കാന്‍ 10 മിനിറ്റ് സമയം മാത്രമാണ് ബാക്കി. ''പാലത്തിനടുത്തുള്ള കെട്ടിടത്തിലേയ്ക്ക് ഓടിയെത്തി. പക്ഷേ, എനിക്ക് മുകളിലേയ്ക്ക് കയറാന്‍ പറ്റുന്നില്ല. കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അജയന്‍ ക്യാമറയും പിടിച്ചു നിന്ന എന്നെ വലിച്ചുകയറ്റി. അപ്പോഴേക്കും അരവിന്ദിന്റെ ക്യാമറ ശരിയായി പ്രവര്‍ത്തിച്ചു തുടങ്ങി. അതു കഴിഞ്ഞ് നോക്കുമ്പോഴാണ് എന്‍.ഡി.ആര്‍.എഫ് അംഗം കുടയുമായി, കയ്യില്‍ ഒരു കുഞ്ഞിനേയും പിടിച്ചുകൊണ്ട് ഓടുന്നത് കാണുന്നത്. അഞ്ചാറുപേര്‍ കൂടെ ഓടുന്നുണ്ട്.''
ഡാം തുറന്നു വെള്ളം വിടുന്നതിന് തൊട്ടു മുന്‍പാണ് ഇവര്‍ പാലത്തില്‍ക്കൂടി ഓടുന്നത്. ഡാം തുറക്കുന്നതായുള്ള അനൗണ്‍സ്മെന്റിന്റെ ഇടയിലാണ് ഇതെല്ലാം സംഭവിച്ചത്. ഡാം തുറന്നതോടെ അവിടെ മുഴുവന്‍ വെള്ളം നിറഞ്ഞു. രോഗാവസ്ഥയിലായിരുന്ന കുഞ്ഞിനേയും കൊണ്ട് ആശുപത്രിയില്‍ പോകാനാണ് അവര്‍ ഓടിയതെന്നു പിന്നീടറിഞ്ഞു. വളരെ പ്രാധാന്യത്തോടെ ചിത്രം ഒന്നാം പേജില്‍ അടിച്ചുവന്നു. പ്രളയത്തിന്റെ മുഖമുദ്രയായി ആ ചിത്രം മാറി. ചിത്രം ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും നിരന്തരം വരുന്നുണ്ട്. ''അരവിന്ദിന്റെ ക്യാമറയിലും ഇതേ ചിത്രം പതിഞ്ഞിരുന്നു. എന്നാല്‍ ക്വാളിറ്റി കൂടുതലുണ്ടായിരുന്നത് എന്റെ ക്യാമറയിലെ ചിത്രത്തിനായതിനാല്‍ അതു കൊടുത്താല്‍ മതിയെന്ന് അരവിന്ദ് തന്നെയാണ് പറഞ്ഞത്, അതാണ് മനോരമയിലെ ടീം വര്‍ക്ക്.''
''മാത്സ് എനിക്ക് ഈസിയാ ടീച്ചറേ'' എന്ന ക്യാച്ച് ലൈനോടെ മനോരമയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ചിത്രം ഏറെ ശ്രദ്ധനേടി. 104 വയസ് പ്രായമുള്ള കുട്ടിയമ്മയുടെ ചിരി വലിയ ഹിറ്റായി. അതിന്റെ കഥ ഇങ്ങനെ: കോട്ടയം തിരുവഞ്ചൂര്‍ കുന്നുംപുറം അങ്കണവാടിയില്‍ അവര്‍ സാക്ഷരതാപരീക്ഷ എഴുതാന്‍ വരുന്ന കാര്യം അവിടുത്തെ ഒരു ടീച്ചര്‍ പറഞ്ഞാണ് അറിഞ്ഞത്. കുട്ടിയമ്മയെ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിക്കുന്നതിന്റെ ചിത്രമെടുത്തു. പക്ഷേ, ഒന്നര മണിക്കൂര്‍ ക്ഷമയോടെ കാത്തുനിന്നു. ''കണക്കിന് അമ്മയ്ക്ക് ഫുള്‍ മാര്‍ക്കാണ്'' എന്ന് സാക്ഷരതാപ്രേരക് റഹ്ന അറിയിച്ചപ്പോള്‍, പല്ലില്ലാത്ത മോണ കാട്ടിയുള്ള കുട്ടിയമ്മയുടെ ചിരി ക്ലിക്കായി! ആ ക്ലിക്ക് റിജോയ്ക്ക് നേടിക്കൊടുത്തതും ഫുള്‍ മാര്‍ക്ക്. സംസ്ഥാന വനിതാ കമ്മിഷന്റെ അവാര്‍ഡും കുട്ടിയമ്മയുടെ ചിത്രത്തിനായിരുന്നു. ഭൂട്ടാനിലെ സന്തോഷനിലവാരം അനുഭവിച്ചറിഞ്ഞ് പകര്‍ത്തിയ അനുഭവവുമുണ്ട് റിജോയ്ക്ക്. ഹാപ്പിനെസ്സ് ഇന്‍ഡക്സില്‍ രാജ്യം ഒന്നാം സ്ഥാനത്ത് എത്തിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി. ചിരിയോടെ ആളുകള്‍ നമ്മെ സ്വീകരിക്കുന്ന സ്ഥലം. അപരിചിതരെ അങ്ങനെ ആളുകള്‍ സ്വീകരിക്കുന്ന രീതി ആകര്‍ഷിച്ചു. അവിടെ സ്ത്രീകള്‍ക്ക് രാത്രിയും സുരക്ഷിതമായി നടക്കാം. മനോഹരമായ അന്തരീക്ഷം. മോഷണമൊന്നുമില്ല. ഇതെല്ലാം സത്യമാണോ എന്നു പരീക്ഷിക്കാന്‍ ബാഗ് ഒരു സ്ഥലത്തിട്ട് മാറി നിന്നു. എന്നാല്‍ ആരും അത് എടുത്തുകൊണ്ട് പോയില്ല. അഞ്ചുദിവസം നീണ്ട പരമ്പരയായി വാര്‍ത്തയും ചിത്രങ്ങളും കൊടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ