ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

മലബാറില്‍നിന്നാണ് സോളാര്‍ തട്ടിപ്പിന്റെ തുടക്കം. സോളാര്‍ വിവാദത്തിന്റേയും തുടര്‍ന്നു കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിന്റേയും തുടക്കവും മലബാറില്‍നിന്നു തന്നെയായിരുന്നു.
ടീം സോളാര്‍
തട്ടിപ്പിന്റെ തുടക്കം

കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും ചേര്‍ന്ന് ആരംഭിച്ച ടീം സോളാര്‍ കമ്പനിയുടെ തുടക്കം ഒരു രാഷ്ട്രീയ ക്രൈം ത്രില്ലര്‍ സിനിമാകഥപോലെയാണ്. ആദ്യം ലക്ഷ്മി നായര്‍ (പിന്നീട് സരിത എസ്. നായര്‍) എന്ന സ്ത്രീയും ബിജു രാധാകൃഷ്ണന്‍ എന്നൊരാളും ചേര്‍ന്ന് തിരുവനന്തപുരത്ത് ഒരു ധനകാര്യ കമ്പനി തുടങ്ങുന്നു. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടത് സര്‍ക്കാരാണ് അന്നു ഭരിക്കുന്നത്. സാമ്പത്തിക ഇടപാടില്‍ കുറേപ്പേരെ ഇരുവരും ചേര്‍ന്നുള്ള കമ്പനി വഞ്ചിക്കുന്നു. പരാതികളെത്തുടര്‍ന്ന് അതു അടച്ചുപൂട്ടി. പകരം ട്രിവാന്‍ഡ്രം ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ മറ്റൊരു കമ്പനി തുടങ്ങുന്നു. ആ കമ്പനിയുടെ മറവിലും പലരും സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നു. രണ്ട് കമ്പനികളുടെ പേരിലായി നിരവധി പൊലീസ് കേസുകള്‍ ഉണ്ടാകുന്നു. വന്‍തുക വായ്പ ശരിയാക്കി കൊടുക്കാം എന്നുള്ള വാഗ്ദാനം മുതല്‍ കാറ്റാടിപ്പാടം പദ്ധതിയില്‍ നിക്ഷേപം വരെ പലതരം ഇടപാടുകളുടെ പേരിലായിരുന്നു അക്കാലത്തെ തട്ടിപ്പ്. 7.2 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി 14 കേസുകളാണ് ഇടതു സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഒരു രൂപപോലും നിക്ഷേപകര്‍ക്കു വീണ്ടെടുത്തു കൊടുക്കാനോ കുറ്റവാളികളെ ശിക്ഷിക്കാനോ അന്ന് പൊലീസിനു കഴിഞ്ഞിരുന്നില്ല. ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ടത് നാരായണന്‍ നമ്പൂതിരി എന്നയാള്‍ക്കാണ് - 73 ലക്ഷം രൂപ. സലീം എന്നൊരാള്‍ക്ക് 40 ലക്ഷം രൂപ നഷ്ടമായി. ഈ കേസുകള്‍ നിലനില്‍ക്കുമ്പോഴാണ് അതേ പ്രതികള്‍ 2011-ല്‍ ടീം സോളാര്‍ കമ്പനി തുടങ്ങുന്നത്. ബിജു രാധാകൃഷ്ണന്റെ സ്ഥാപനത്തിലെ ജീവനക്കാരി മാത്രമാണ് താന്‍ എന്നതായിരുന്നു കേസിന്റെ തുടക്കത്തില്‍ സരിത എസ്. നായരുടെ നിലപാട്. പണം ഇടപാടുകളില്‍ തനിക്കു പങ്കില്ല. രേഖകളില്‍ ഒപ്പിട്ടത് ബിജു രാധാകൃഷ്ണനാണ് എന്നവര്‍ പറഞ്ഞുകൊണ്ടിരുന്നു. ഇതിനിടെ വി. എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ മാറി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പ്രതികള്‍ അവരുടെ തട്ടിപ്പുകള്‍ തുടര്‍ന്നു. സോളാര്‍ ഉള്‍പ്പെടെയുള്ള പാരമ്പര്യേതര വൈദ്യുതി ഉല്പാദനത്തിനു പ്ലാന്റ് സ്ഥാപിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പാരമ്പര്യേതര വൈദ്യുതി പദ്ധതിക്കായുള്ള അനര്‍ട്ടിന്റെ അംഗീകാരം വേണം. അതുപോലും ഇല്ലാത്ത ടീം സോളാര്‍ കമ്പനിയെ വിശ്വസിച്ച് പണം മുടക്കിയവര്‍ ശരിക്കും വഞ്ചിക്കപ്പെട്ടു. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റേയോ കേന്ദ്ര സര്‍ക്കാരിന്റേയോ ഒരു കടലാസ് കഷ്ണംപോലും കയ്യില്‍ ഇല്ലാത്തവര്‍ക്ക് എങ്ങനെ കാസര്‍കോട് മുതല്‍ പാറശാല വരെ തട്ടിപ്പ് നടത്താന്‍ കഴിഞ്ഞു? ഇത് അന്വേഷിക്കുന്നിടത്താണ് സര്‍ക്കാര്‍ ഇന്റലിജെന്‍സ് സംവിധാനത്തിന്റെ പരാജയം വെളിവാകുന്നത്.

ടീം സോളാര്‍
തട്ടിപ്പിന്റെ തുടക്കം
''അന്നു ഞാന്‍ ഒരാളുടെ ബ്ലാക്ക്‌മെയിലിങ്ങിനു വഴങ്ങിപ്പോയി''; ഉമ്മന്‍ ചാണ്ടി പറഞ്ഞു

ഫ്‌ലാഷ്ബാക്ക്

ഇനി അല്‍പ്പം പുരാവൃത്തം... പഠനത്തില്‍ അതിമിടുക്കിയായിരുന്നു സരിത എസ്. നായര്‍. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 600-ല്‍ 538 മാര്‍ക്ക്. അച്ഛന്റെ മരണത്തെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തെക്കൂടി നോക്കേണ്ട ചുമതല സരിതയിലായി. സരിത കോഴഞ്ചേരിയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നു. ആളുകളുമായി ഇടപെടാന്‍ മിടുക്കിയായ സരിതയുടെ സാമര്‍ത്ഥ്യംകൊണ്ട് മാത്രം സ്ഥാപനത്തിലേയ്ക്ക് ലക്ഷങ്ങളുടെ നിക്ഷേപം വന്നു. സ്ഥാപനം വളര്‍ന്നതോടെ ഉടമ സരിതയെ മാനേജരാക്കി. സരിതയ്ക്ക് പണമിടപാടില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. നിക്ഷേപ തുകയില്‍നിന്നു വേണ്ടപ്പെട്ട ചില ബിസിനസ്സുകാര്‍ക്ക് കൈവിട്ട് വായ്പ നല്‍കി കമ്പനി പ്രതിസന്ധിയിലായി. ബാങ്കിലെ നിക്ഷേപത്തുകയില്‍ ക്രമക്കേട് കാട്ടിയതിന്റെ പേരില്‍ സരിതയ്‌ക്കെതിരെ പൊലീസ് കേസ് ഉണ്ടായി. ഈ സമയത്തുതന്നെ ഇതേ സ്ഥാപനത്തിന്റെ കൊല്ലം ശാഖയുടെ മാനേജര്‍ ആയിരുന്നു ബിജു രാധാകൃഷ്ണന്‍. രണ്ടുപേരും സൗഹൃദത്തിലായി. ഇതിനിടെ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ബിജുവും കേസില്‍പ്പെട്ടു. അങ്ങനെ സ്ഥാപനത്തില്‍നിന്നു പുറത്തായ ഇരുവരും ചെങ്ങന്നൂരിലെ പാണ്ടനാട് ഒരു വീട് വാടകയ്‌ക്കെടുത്ത് 2009 ഡിസംബര്‍ മുതല്‍ അവിടെ താമസമായി. എ ഡി ബി യിലെ ഉദ്യോഗസ്ഥനായി സ്വയം പരിചയപ്പെടുത്തിയ ബിജു നാട്ടുകാരുമായി ബന്ധമില്ലാതെയാണ് അവിടെ താമസിച്ചത്. അവിടെ താമസിച്ചുകൊണ്ട് പലരുമായും അവര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിക്കൊണ്ടിരുന്നു. മിക്ക ദിവസവും ആ വീട്ടിലേയ്ക്ക് കാറുകള്‍ വന്നും പോയുമിരുന്നുവെന്നു സമീപവാസികള്‍ പറയുന്നു. അതില്‍ സര്‍ക്കാര്‍ ബോര്‍ഡ് വെച്ച വാഹനങ്ങളുമുണ്ടായിരുന്നു. ഇതിനിടെ കോലഞ്ചേരിയിലെ കേസുമായി ബന്ധപ്പെട്ട് ആറന്മുള പൊലീസ് പാണ്ടനാട് എത്തി സരിതയെ 2000 ജനുവരി 12-ന് അറസ്റ്റ് ചെയ്തു. സരിത എസ്. അപ്പോള്‍ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. കുളക്കട സ്വദേശിയാണ് ബിജു. ബിജുവിന്റെ അമ്മ റിട്ട. ഹെഡ്മിസ്ട്രസാണ്. ഡിഗ്രി കഴിഞ്ഞ് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പഠിക്കാന്‍ എന്നു പറഞ്ഞ് ഡല്‍ഹിക്കു പോയ ബിജു കുറേക്കാലം അവിടെ കറങ്ങിനടന്നശേഷം നാട്ടില്‍ മടങ്ങിയെത്തി. അക്കാലത്ത് മകനെ പഠിപ്പിക്കാന്‍ അധികവരുമാനം കണ്ടെത്താനായി ബിജുവിന്റെ അമ്മ വീട്ടില്‍ത്തന്നെ ഏതാനും വിദ്യാര്‍ത്ഥിനികളെ താമസിപ്പിച്ചു പെയിങ് ഗസ്റ്റ് സംവിധാനം തുടങ്ങിയിരുന്നു. അവിടെ താമസിക്കാന്‍ എത്തിയവരില്‍ ഒരാള്‍ കൊല്ലം സ്വദേശിനിയായ രശ്മി എന്ന പെണ്‍കുട്ടിയായിരുന്നു. ഡല്‍ഹിയില്‍നിന്നു മടങ്ങിയെത്തിയ ബിജു വീട്ടില്‍വച്ച് രശ്മിയെ പരിചയപ്പെടുന്നു. വൈകാതെ ബിജു രശ്മിയുമായി പ്രണയത്തിലായി. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ദാമ്പത്യബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ടായി.

സരിതയും ബിജു രാധാകൃഷ്ണനും
സരിതയും ബിജു രാധാകൃഷ്ണനും

എന്നാല്‍, സരിതയുമായി സൗഹൃദത്തില്‍ ആയതോടെ ബിജു രശ്മിയില്‍നിന്നകുന്നു. പുതിയ ബന്ധത്തിന്റെ പേരില്‍ ബിജുവും രശ്മിയും തമ്മില്‍ വഴക്കായി. ഒന്നിച്ചാണ് താമസിച്ചതെങ്കിലും ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി രശ്മി ബിജുവിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. ഒടുവില്‍ വിവാഹ രജിസ്‌ട്രേഷന് ബിജു സമ്മതിക്കുന്നു. രജിസ്‌ട്രേഷന്‍ നടത്താനിരുന്ന ദിവസം രാവിലെ തികച്ചും നാടകീയമായി രശ്മിയെ ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമിതമായി മദ്യം നല്‍കിയ ശേഷം ജ്യൂസില്‍ വിഷം കലര്‍ത്തി കൊന്നതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിന് എഫ്.ഐ.ആര്‍ ഇട്ടെങ്കിലും ബിജുവിനെ അറസ്റ്റ് ചെയ്യുകയോ കേസ് മുന്നോട്ടു പോവുകയോ ഉണ്ടായില്ല. വര്‍ഷങ്ങള്‍ക്കുശേഷം സോളാര്‍ കേസ് അന്വേഷിച്ച എ.ഡി.ജി.പി ഹേമചന്ദ്രനാണ് ബിജുവിനെതിരായ കൊലക്കേസ് വഴിമുട്ടിനില്‍ക്കുന്നത് കണ്ടെത്തിയത്. ഹേമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുകയും ബിജു പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്തു. സോളാര്‍ കേസ് ഉണ്ടായില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, രശ്മി വധക്കേസും തേഞ്ഞുമാഞ്ഞു പോകുമായിരുന്നു എന്നര്‍ത്ഥം.

തുടക്കം വടക്കുനിന്ന്

മലബാറില്‍നിന്നാണ് സോളാര്‍ തട്ടിപ്പിന്റെ തുടക്കം. സോളാര്‍ വിവാദത്തിന്റേയും തുടര്‍ന്നു കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിന്റേയും തുടക്കവും മലബാറില്‍നിന്നു തന്നെയായിരുന്നു.

തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ പുതുതായി എത്തിയ ഒരു സബ് ഇന്‍സ്‌പെക്ടറാണ് സോളാര്‍ വിവാദമാക്കിയ കഥയിലെ നായകന്‍. തലശ്ശേരിയിലേക്കുള്ള തന്റെ സ്ഥലംമാറ്റത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫായ ടെന്നി ജോപ്പനു പങ്കുള്ളതായി ഇടതുപക്ഷ ചായ്വുള്ള എസ്.ഐക്കു സംശയം. ഈ വിദ്വേഷം മനസ്സിലിരിക്കെയാണ് തലശ്ശേരി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ സരിത എസ്. നായര്‍ എതിര്‍കക്ഷിയായി ഒരു പരാതി ലഭിക്കുന്നത്. ടീം സോളാര്‍ കമ്പനിയുടെ പേരില്‍ ഒരാളുടെ കയ്യില്‍നിന്നു പണം വാങ്ങി തട്ടിപ്പ് നടത്തി എന്നതായിരുന്നു കേസ്. ഇതേക്കുറിച്ച് ചോദിക്കാനായി അന്ന് തലശ്ശേരിയില്‍ ഉണ്ടായിരുന്ന പ്രതിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുന്നു. ചോദ്യം ചെയ്യലിനിടയില്‍ എസ്.ഐ അവരുടെ ഫോണിലെ കോള്‍ ലിസ്റ്റ് പരിശോധിക്കുന്നു. കോള്‍ ലിസ്റ്റ് കണ്ട എസ്.ഐ ഞെട്ടിപ്പോയി. തന്റെ ശത്രു ടെന്നി ജോപ്പന്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിലും പുറത്തുമുള്ള അറിയപ്പെടുന്ന ചിലരുടെ നമ്പറുകളില്‍ തട്ടിപ്പുകാരി വിളിച്ചിരിക്കുന്നു. അതു കണ്ട എസ്.ഐയുടെ മനസ്സില്‍ പൂത്തിരി കത്തി. സി.പി.എമ്മിലെ ഒരു മുന്‍ മന്ത്രിയുമായി അടുപ്പമുള്ള എസ്.ഐ വിവരം കയ്യോടെ അദ്ദേഹത്തെ അറിയിക്കുന്നു. പാര്‍ട്ടി പത്രത്തിന്റെ തലശ്ശേരിയിലെ ലേഖകനെ വിളിക്കാനായിരുന്നു നേതാവിന്റെ മറുപടി. ഇതിന്റെ തുടര്‍ച്ചയായി തലശ്ശേരിയില്‍നിന്ന് സരിത എസ്. നായര്‍ എന്ന സ്ത്രീയുമായി മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധമുള്ളതായി പാര്‍ട്ടി പത്രത്തില്‍ തുടരെ വാര്‍ത്തകള്‍ വരുന്നു. ഇതേസമയം പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ സരിതയ്‌ക്കെതിരെ സോളാര്‍ സംബന്ധിച്ച മറ്റൊരു പരാതി എത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിച്ച് തന്നോട് മോശമായി പെരുമാറി എന്നു കാണിച്ച് കൊച്ചിയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ സരിത പരാതി കൊടുക്കുമെന്നു പ്രചാരണം ഉണ്ടാവുന്നു. സരിതയുമായി ബന്ധമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥന്‍ അവരുടെ മൊബൈലിലോ ലാപ്ടോപ്പിലോ തന്നെ കുടുക്കുന്ന നമ്പറോ ചാറ്റോ ഉണ്ടോ എന്നു ഭയപ്പെടുന്നതു സ്വാഭാവികം. അതോടെ സരിതയ്‌ക്കെതിരായ പരാതി കേസാക്കി സരിതയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഹരികൃഷ്ണനോട് ആവശ്യപ്പെടുന്നു. ചുരുക്കത്തില്‍ ഒരേസമയം തലശ്ശേരിയിലേയും പെരുമ്പാവൂരിലേയും പൊലീസ് സരിതയുടെ പിന്നാലെ ഓട്ടം തുടങ്ങുന്നു.

തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ പുതുതായി എത്തിയ ഒരു സബ് ഇന്‍സ്‌പെക്ടറാണ് സോളാര്‍ വിവാദമാക്കിയ കഥയിലെ നായകന്‍. തലശ്ശേരിയിലേക്കുള്ള തന്റെ സ്ഥലംമാറ്റത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫായ ടെന്നി ജോപ്പനു പങ്കുള്ളതായി ഇടതുപക്ഷ ചായ്വുള്ള എസ്.ഐക്കു സംശയം. ഈ വിദ്വേഷം മനസ്സിലിരിക്കെയാണ് തലശ്ശേരി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ സരിത എസ്. നായര്‍ എതിര്‍കക്ഷിയായി ഒരു പരാതി ലഭിക്കുന്നത്. ടീം സോളാര്‍ കമ്പനിയുടെ പേരില്‍ ഒരാളുടെ കയ്യില്‍നിന്നു പണം വാങ്ങി തട്ടിപ്പ് നടത്തി എന്നതായിരുന്നു കേസ്. ഇതേക്കുറിച്ച് ചോദിക്കാനായി അന്ന് തലശ്ശേരിയില്‍ ഉണ്ടായിരുന്ന പ്രതിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുന്നു. ചോദ്യം ചെയ്യലിനിടയില്‍ എസ്.ഐ അവരുടെ ഫോണിലെ കോള്‍ ലിസ്റ്റ് പരിശോധിക്കുന്നു. കോള്‍ ലിസ്റ്റ് കണ്ട എസ്.ഐ ഞെട്ടിപ്പോയി.

ഇതിനിടെ തലശ്ശേരിയില്‍നിന്നു മുങ്ങിയ പ്രതി എം.സി റോഡ് വഴി തിരുവനന്തപുരത്തേയ്ക്ക് നീങ്ങിയതായി രണ്ടുകൂട്ടര്‍ക്കും വിവരം ലഭിച്ചു. സരിതയെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്യാനായി തലശ്ശേരി പൊലീസും പെരുമ്പാവൂര്‍ പൊലീസും തലസ്ഥാനത്തേയ്ക്ക് തിരിക്കുന്നു. മത്സര ഓട്ടത്തില്‍ വിജയിച്ച പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി സരിതയെ തിരുവനന്തപുരത്ത് അവരുടെ വാടകവീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നു. അറസ്റ്റോടെ മാധ്യമങ്ങളുടെ ക്യാമറകണ്ണുകള്‍ ആദ്യമായി സരിത എസ്. നായരുടെ നേര്‍ക്കു തിരിയുന്നു. അവരുടെ ഉടുപ്പും നടപ്പും വേഷവിധാനവും വാചാലതയും എല്ലാം മാധ്യമങ്ങള്‍ക്കു വിരുന്നായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സരിതയെ റിമാന്‍ഡ് ചെയ്ത പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി സരിതയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും ലാപ്ടോപ്പുമായാണ് മടങ്ങിയത്; അവ ഉന്നത ഉദ്യോഗസ്ഥന്റെ കൈകളിലെത്തുന്നു. പരാതിക്കാരിയുടെ മൊബൈലില്‍ ഉണ്ടായിരുന്നതെന്നു കരുതപ്പെടുന്ന അവരുടെ ചില നഗ്‌നചിത്രങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതു പരാതിക്കാരിയുടെ വിശ്വാസ്യത തകര്‍ക്കാനായി ഉന്നത ഉദ്യോഗസ്ഥന്‍ മറ്റു ചിലരുമായി ഗൂഢാലോചന നടത്തി ചെയ്തതാണെന്ന് ആരോപണമുണ്ടായി. ഏതായാലും അതിനുശേഷമാണ് പരാതിക്കാരി ഉന്നത ഉദ്യോഗസ്ഥനെതിരെ തിരിഞ്ഞതും പരാതി നല്‍കിയതും.

2013 ജൂണ്‍ മൂന്ന് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സരിതയുടെ അറസ്റ്റ്. അതോടെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാമെന്നും കാറ്റാടി പ്ലാന്റുകളില്‍ നിക്ഷേപം നടത്താമെന്നും പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ കേസുകള്‍ ഒന്നിനു പുറകെ ഒന്നായി എത്തി.

ഒരു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തെ ഉലച്ച സോളാര്‍ വിവാദം ഇവിടെ തുടങ്ങി. പക്ഷേ, തുടക്കത്തില്‍ പത്രങ്ങളുടെ ഉള്‍പ്പേജില്‍ ഒതുങ്ങിയ ഒരു തട്ടിപ്പ് വാര്‍ത്ത അധികം വൈകാതെ വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തിയ വിവാദമായി വളരുകയായിരുന്നു. ക്രമേണ, മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രിമാരായ അടൂര്‍ പ്രകാശ്, അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി തുടങ്ങിയവരൊക്കെ ആരോപണവിധേയരായി.

ആദ്യം ഉന്നയിച്ച സാമ്പത്തിക തട്ടിപ്പ് കേസില്‍ കഴമ്പില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് അതിനെ ലൈംഗിക അപവാദമാക്കി മാറ്റി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പ്രതിപക്ഷം വേട്ടയാടുകയായിരുന്നു. ഒടുവില്‍ സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും മാറിമാറി അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനാവാതെ കേസ് തീര്‍ന്നു. കേസിന്റെ തുടക്കത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു: ''ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സത്യം ജയിക്കുമെന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്. ഞാനിപ്പോള്‍ പറഞ്ഞത് നിങ്ങള്‍ക്ക് എഴുതിവയ്ക്കാം. തെറ്റിപ്പോയെങ്കില്‍ അന്നു ചോദിക്കാം.'' ഒരിക്കലും കേസിനെ ഭയന്നില്ല. തനിക്കെതിരെക്കൂടി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായി കമ്മിഷനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ മേലങ്കി അഴിച്ചുവെച്ച് തുടര്‍ച്ചയായി 17 മണിക്കൂര്‍ കമ്മിഷനു മുന്നില്‍ ഇരുന്നു ചോദ്യങ്ങളെ നേരിട്ടു.

സോളാര്‍ കോസ് അന്വേഷിച്ച കമ്മീഷനു മുന്‍പില്‍ ഉമ്മന്‍ചാണ്ടി
സോളാര്‍ കോസ് അന്വേഷിച്ച കമ്മീഷനു മുന്‍പില്‍ ഉമ്മന്‍ചാണ്ടി

സോളാര്‍ ആരോപണങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ട് അതിന്റെ ബലത്തില്‍ 2016 അധികാരത്തിലേറിയ പിണറായി സര്‍ക്കാരിനു പ്രതിചേര്‍ത്തവരെ പ്രതിക്കൂട്ടില്‍ എത്തിക്കാന്‍പോലും കഴിഞ്ഞില്ല. സ്വന്തം പൊലീസ് പലകുറി അന്വേഷിച്ചിട്ടും ഒരു തെളിവും കിട്ടിയില്ല. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കൈവശമുണ്ടെന്ന് അന്ന് അവകാശപ്പെട്ടിരുന്നെങ്കിലും പരാതിക്കാരി അത് ഹാജരാക്കിയില്ല. തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കാന്‍ പ്രതിക്കു കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒടുവില്‍ 2021-ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ അതേ പിണറായി സര്‍ക്കാര്‍ അതേ കേസ് സി.ബി.ഐക്കു വിട്ടു.

പൊലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടി സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരായ ലൈംഗിക ആരോപണം സി.ബി.ഐക്കു വിട്ടുകൊണ്ടുള്ള തീരുമാനം വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്നു. ഒടുവില്‍ രണ്ടു വര്‍ഷം അന്വേഷിച്ചിട്ടും ആരോപണങ്ങള്‍ തെളിയിക്കാന്‍ ഒരു തുമ്പും കിട്ടാതെ കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ തീരുമാനിച്ചു.

മലബാര്‍ മേഖലയില്‍നിന്നു തട്ടിപ്പിനിരയായ ഡോക്ടര്‍മാരാണ് പൊലീസിനേയും ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളേയും ആദ്യം സമീപിച്ചത്. അവിടെയൊന്നും ഇതിനു രാഷ്ട്രീയ മാനം കൈവന്നില്ല.

എന്നാല്‍, തെക്കന്‍ ജില്ലകളില്‍ പെട്ടെന്നു രാഷ്ട്രീയ സ്വഭാവം കൈവന്നു. രാഷ്ട്രീയ സ്വഭാവം വന്നത് പ്രധാനമായും കോന്നി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മല്ലേലി ശ്രീധരന്‍ നായര്‍ പരാതിക്കാരനായ കേസിനാണ്. ഇതോടൊപ്പം ആറന്മുള പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബാബുരാജ് എന്ന എന്‍.ആര്‍.ഐയുടെ കേസും ഉണ്ടായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തട്ടിപ്പിന്റെ ഒരു സാമ്പിള്‍ ഇങ്ങനെ. പക്ഷേ, ഈ തട്ടിപ്പ് അരങ്ങേറുമ്പോള്‍ പ്രതികള്‍ ആര്‍.ബി. നായരും ലക്ഷ്മി നായരും ആയിരുന്നു. ടീം സോളാര്‍ കമ്പനിയുടെ ഒരു പരസ്യം പത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. അതുകണ്ട് മധ്യ തിരുവിതാംകൂറില്‍ ബാബുരാജ് എന്നൊരു എന്‍.ആര്‍.ഐ അതിലെ നമ്പറില്‍ വിളിക്കുന്നു. ഫോണെടുത്ത സ്ത്രീ ശബ്ദം ലക്ഷ്മി നായര്‍ എന്നു സ്വയം പരിചയപ്പെടുത്തുന്നു. ബാബു തന്റെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള സാധ്യത ആരായുന്നു. തുടര്‍ന്ന് ലക്ഷ്മി നായര്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച് 1,85,000 രൂപ ചെലവില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് അറിയിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള അനര്‍ട്ട് എന്ന സ്ഥാപനത്തിന്റെ അംഗീകാരം തങ്ങള്‍ക്കുണ്ടെന്നും അതുകൊണ്ട് 30,000 രൂപ അനര്‍ട്ട് വഴി സബ്‌സിഡി ലഭിക്കുമെന്നും അതിനു പുറമേ തങ്ങളുടെ വകയായി കാല്‍ ലക്ഷം രൂപയുടെ കൂടി സബ്‌സിഡി നല്‍കാമെന്നും ഉറപ്പ് നല്‍കുന്നു. സബ്‌സിഡി കഴിച്ചുള്ള തുകയായ 1,30,000 രൂപ ബാബു നല്‍കിയാല്‍ മതി. ടീം സോളാര്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയാണെന്ന് അവകാശപ്പെട്ട ലക്ഷ്മി ലാപ്ടോപ്പ് തുറന്ന് കമ്പനിയുടെ വെബ്‌സൈറ്റ് കാണിച്ചുകൊടുക്കുന്നു. വെബ്‌സൈറ്റ് അമേരിക്കയിലെ വെര്‍മോണ്ട് ആസ്ഥാനമായുള്ള ഒരു കമ്പനിയുടേതാണ്. യു.കെയിലും യു.എ.ഇയിലും ഇന്ത്യയിലും അതിന്റെ ശാഖകള്‍ ഉണ്ടെന്നും ഇന്ത്യയിലെ ശാഖയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താനെന്നും അറിയിക്കുന്നു. ഇന്ത്യയിലെ ഹെഡ് ഓഫീസ് ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ആണെന്നും ചെന്നൈ ത്യാഗരാജ നഗറിലും പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ശാഖകള്‍ ഉണ്ടെന്നും പറയുന്നു. വെബ്‌സൈറ്റില്‍ ടീം സോളാര്‍ കമ്പനിയുടെ, രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും പങ്കെടുത്ത, വിവിധ പരിപാടികളുടെ ഫോട്ടോ കാണിക്കുന്നു. തുടര്‍ന്നു താന്‍ കമ്പനിയുടെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആണെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ആര്‍.ബി. നായര്‍ ആണെന്നും പറയുന്നു. ഇന്ത്യയില്‍ തന്നെ റിന്യൂവല്‍ എനര്‍ജിയില്‍ ഡോക്ടറേറ്റ് ഉള്ള ഏക വ്യക്തിയാണത്രേ ഡോ. ആര്‍.ബി. നായര്‍. കമ്പനിയുടെ ഇന്ത്യയിലെ വാര്‍ഷിക ടേണ്‍ ഓവര്‍ 80 കോടി രൂപ. കമ്പനിയുടെ 40 ശതമാനം ഓഹരികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേതാണെന്നും ചില കേന്ദ്ര മന്ത്രിമാര്‍ക്കും വി.ഐ.പികള്‍ക്കും കമ്പനിയില്‍ നിക്ഷേപമുണ്ടെന്നും അറിയിക്കുന്നു. കമ്പനിയില്‍ നിക്ഷേപിച്ചാല്‍ 27 ശതമാനം റിട്ടേണ്‍ ലഭിക്കും. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുള്ള അഡ്വാന്‍സായി ലക്ഷ്മി നായര്‍ക്ക് ബാബു 60,000 രൂപ നല്‍കുന്നു. ലക്ഷ്മി നായര്‍ അതിനു രസീത് നല്‍കുന്നു.

സരിത താമസിച്ചിരുന്ന വാടക വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുന്നു
സരിത താമസിച്ചിരുന്ന വാടക വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുന്നു

രണ്ടു ദിവസം കഴിഞ്ഞ് അങ്ങാടിക്കല്‍ എസ്. എന്‍ജിനീയറിങ് എന്നു പരിചയപ്പെടുത്തി ഒരാള്‍ ഗുഡ്‌സ് ഓട്ടോയില്‍ ഏതാനും ഉപകരണങ്ങളും രണ്ട് ബാറ്ററിയുമായി അവിടെ എത്തി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുള്ള ഇന്‍വെര്‍ട്ടര്‍ ആണെന്ന് അറിയിക്കുന്നു. തുടര്‍ന്ന് ലക്ഷ്മി നായര്‍ വീട്ടിലെത്തി ബാക്കി തുക ചോദിക്കുന്നു. ബാബു എഴുപതിനായിരം രൂപ നീട്ടിയപ്പോള്‍ തല്‍ക്കാലം അനര്‍ട്ടിന്റെ സബ്‌സിഡി ലഭിക്കില്ലെന്നും അതുകൊണ്ട് ഒരു ലക്ഷം രൂപ കൂടി നല്‍കണമെന്നും പറയുന്നു. മറ്റു നിവൃത്തിയില്ലാതെ ബാബു ഒരു ലക്ഷം രൂപ നല്‍കുന്നു. പണം വാങ്ങിയതല്ലാതെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ പിന്നെ ആരും എത്തിയില്ല. ഏതാനും ദിവസം കഴിഞ്ഞ് ബാബു ടീം സോളാര്‍ കമ്പനിയുടെ ഓഫീസിലേക്കു വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തയാള്‍ പറഞ്ഞത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിദേശത്താണെന്നാണ്. ഇതിനിടെ നേരത്തെ ബാറ്ററി സ്ഥാപിച്ച എസ്. എന്‍ജിനീയറിങ്‌സില്‍നിന്നും ആളെത്തി അവിടെ സൂക്ഷിച്ചിരുന്ന ബാറ്ററികള്‍ എടുത്തുകൊണ്ടുപോയി. ഇക്കാര്യം ബാബു ടീം സോളാറിന്റെ ഓഫീസില്‍ അറിയിച്ചപ്പോള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.ബി. നായര്‍ വീട്ടില്‍ എത്തി. ചുവന്ന ബീക്കണ്‍ ഘടിപ്പിച്ച കാറിലാണ് അയാള്‍ എത്തിയത്. താന്‍ 1996 ബാച്ചിലെ ഐ.പി.എസ് ഓഫീസര്‍ ആണെന്നും നാദാപുരത്ത് എ.എസ്.പി ആയിരിക്കവെ സിവില്‍ സര്‍വ്വീസ് വിട്ട് സോളാര്‍ ഊര്‍ജ്ജ സാധ്യതകളെക്കുറിച്ച് പഠനം നടത്താന്‍ പോയതാണെന്നും പറയുന്നു. സോളാര്‍ എനര്‍ജിയില്‍ ലണ്ടനില്‍നിന്ന് പിഎച്ച്.ഡി എടുത്തതിനുശേഷം ഇപ്പോള്‍ ടീം സോളാര്‍ കമ്പനിയുമായി ചേര്‍ന്ന് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ വ്യാപൃതനായിരിക്കുകയാണ്. സോളാര്‍ എനര്‍ജി സംബന്ധിച്ച പ്രസിഡന്റിന്റെ സാങ്കേതിക ഉപദേഷ്ടാവാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനുമാണ്. കമ്പനിയിലെ ചീഫ് എക്‌സിക്യൂട്ടീവായ തന്റെ ശമ്പളം ഏഴ് ലക്ഷം രൂപ.

കുറച്ചുകൂടി ആധുനികമായ പ്ലാന്റ് സ്ഥാപിക്കുന്നതിനുവേണ്ടിയാണ് നേരത്തെ കൊണ്ടുവന്ന ബാറ്ററികള്‍ ലക്ഷ്മി നായര്‍ തിരികെ കൊണ്ടുപോയതെന്ന് ആര്‍.ബി. നായര്‍ വിശദീകരിച്ചു. എന്തായാലും ആര്‍.ബി. നായരുടെ ധാടിയിലും മോടിയിലും വാചാലതയിലും ബാബുവും കുടുംബവും വീണു. തനിക്കു നല്ല കൊഞ്ച് കറി ഇഷ്ടമാണെന്നും അടുത്തെങ്ങാനും കൊഞ്ച് കിട്ടാനുണ്ടോ എന്നും നായര്‍ അന്വേഷിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞ് ആര്‍.ബി. നായര്‍ വീണ്ടും ബാബുവിന്റെ വീട്ടിലെത്തി. നായര്‍ക്കുവേണ്ടി ദൂരെ എവിടെയോ നിന്നും കൊഞ്ച് വാങ്ങിക്കൊണ്ടുവന്നു കറിവെച്ച് ബാബുവും കുടുംബവും കാത്തിരുന്നു.

അമേരിക്കയില്‍ ദീര്‍ഘകാലം ജോലിചെയ്ത സമ്പാദ്യവുമായി ബാബുവും ഭാര്യയും നാട്ടില്‍ വന്നു താമസിക്കുകയാണെന്നു മനസ്സിലാക്കിയാണ് രണ്ടാമത്തെ സന്ദര്‍ശനം. സമ്പന്നനായ ബാബുവിന്റെ ആവശ്യം സമൂഹത്തില്‍ അംഗീകാരമുള്ള ഒരു പദവിയും മകനു ജോലിയും ആണെന്നും അയാള്‍ മനസ്സിലാക്കുന്നു. ടീം സോളാര്‍ കമ്പനി കൂടുതല്‍ നിക്ഷേപം സ്വീകരിച്ച് വികസിപ്പിക്കുകയാണെന്നും അതില്‍ നിക്ഷേപം നടത്തിയാല്‍ കമ്പനിയില്‍ മകന് എക്‌സിക്യൂട്ടീവ് പദവി നല്‍കാമെന്നും നായര്‍ അറിയിച്ചു. ആ മോഹന വാഗ്ദാനത്തില്‍ വീണ് ബാബു ഡിസംബറില്‍ 16.5 ലക്ഷം രൂപ ബാങ്കില്‍നിന്നു പിന്‍വലിച്ച് ടീം സോളാര്‍ കമ്പനിയില്‍ നിക്ഷേപിക്കുന്നു. തുടര്‍ന്നു കൂടുതല്‍ തുക നിക്ഷേപിച്ചാല്‍ 31 ശതമാനം പലിശ നല്‍കുമെന്ന വാഗ്ദാനത്തില്‍ ലക്ഷങ്ങള്‍ വേറെയും നിക്ഷേപിക്കുന്നു. ഇതിനെല്ലാം ഗ്യാരന്റിയായി ബാബുവിന്റെ കയ്യിലുള്ളത് ബിജുവും ലക്ഷ്മി നായരും നല്‍കിയ രസീതുകള്‍ മാത്രം.

ടീം സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്ത് കബളിക്കപ്പെട്ട പി.കെ സുബ്രഹ്മണ്യന്‍ സരിതയും ബിജു രാധാകൃഷ്ണനും നല്‍കിയ വണ്ടിചെക്കുകള്‍ പൊലീസിനെ കാണിക്കുന്നു
ടീം സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്ത് കബളിക്കപ്പെട്ട പി.കെ സുബ്രഹ്മണ്യന്‍ സരിതയും ബിജു രാധാകൃഷ്ണനും നല്‍കിയ വണ്ടിചെക്കുകള്‍ പൊലീസിനെ കാണിക്കുന്നു

ഇതിനിടെ ബാബുവിന്റെ സുഹൃത്തായ പ്രസാദ് എന്നൊരാളും ടീം സോളാര്‍ കെണിയില്‍പ്പെടുന്നു. ടീം സോളാറിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം നല്‍കി പ്രസാദില്‍നിന്നു 10 ലക്ഷം രൂപ വാങ്ങുന്നു. കേന്ദ്രമന്ത്രി ചിദംബരം ഉള്‍പ്പെടെയുള്ള ആളുകളുടെ സുഹൃത്തായി ഭാവിച്ച നായര്‍ അവിടെനിന്നുകൊണ്ടുതന്നെ ചിദംബരത്തെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നു. സംസാരത്തില്‍ ചിദംബരത്തെ ചിദംബരം അങ്കിള്‍ എന്നാണ് സംബോധന. തുടര്‍ന്ന് ചിദംബരത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് 21.4 ലക്ഷം രൂപ അടിയന്തരമായി നല്‍കേണ്ടതുണ്ടെന്നു പറഞ്ഞ് പത്തു ലക്ഷം രൂപ കൂടി ചോദിക്കുന്നു. നായരെ കണ്ണുമടച്ച് വിശ്വസിച്ച ബാബു പലരില്‍ നിന്നായി കടം വാങ്ങി ഒന്‍പത് ലക്ഷം രൂപ കൂടി നല്‍കുന്നു.

ഇവിടെയും അവസാനിക്കുന്നില്ല. മകനു കുറേക്കൂടെ ഉയര്‍ന്ന പദവി നല്‍കുന്നതിനുവേണ്ടി വീണ്ടും 10 ലക്ഷം രൂപയുടെ നിക്ഷേപം കൂടി വാങ്ങുന്നു. അടുത്ത ദിവസം ബാബുരാജിനു ടീം സോളാറിന്റെ ചെയര്‍മാന്‍ പദവി നല്‍കിക്കൊണ്ടുള്ള നിയമന ഉത്തരവ് നല്‍കുന്നു. ഉത്തരവില്‍ ടീം സോളാറിന്റെ ഗ്ലോബല്‍ ഓപ്പറേഷന്‍ മേധാവിയായ ഒരു പോള്‍ ഹിഡ്മാന്റെ ഒപ്പുമുണ്ട്. പുതിയ പദവിയില്‍ ചുമതലയേല്‍ക്കാനായി ഡല്‍ഹിയില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട് എന്നു പറഞ്ഞാണ് നായര്‍ പോയത്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആര്‍.ബി. നായര്‍ വീണ്ടും ബാബുവിനു ഫോണ്‍ ചെയ്തു. പത്തു ലക്ഷം രൂപ കൂടി അടിയന്തരമായി നല്‍കണമെന്നും അതു നല്‍കിയില്ലെങ്കില്‍ ഇതുവരെ നിക്ഷേപിച്ച പണമൊക്കെ വെള്ളത്തിലാകും എന്നുമായിരുന്നു അറിയിപ്പ്. തനിക്കിനിയും പണമൊന്നും ഉണ്ടാക്കാന്‍ നിവൃത്തിയില്ലെന്ന് അറിയിച്ച് ബാബു. ആരുടെയെങ്കിലും പക്കല്‍നിന്നു വായ്പ വാങ്ങാനും പലിശ താന്‍ നല്‍കാമെന്നും നായര്‍. ഒടുവില്‍ ആ വ്യവസ്ഥയില്‍ ബാങ്കില്‍നിന്നു വായ്പയെടുത്ത് ആ തുകയും എത്തിച്ചുകൊടുത്തു.

ഇതിനിടെ ഒരു ചാനലില്‍ ടീം സോളാറിനെക്കുറിച്ച് ഡോ. ആര്‍.ബി. നായരുടെ ഒരു ഇന്റര്‍വ്യൂ വരുന്നു. ഇന്റര്‍വ്യൂ കൂടി കണ്ടതോടെ ബാബുവിന്റെ വിശ്വാസവും പ്രതീക്ഷയും ഇരട്ടിച്ചു. ചുരുക്കത്തില്‍ പല തവണകളായി പല വാഗ്ദാനങ്ങള്‍ നല്‍കിയും പ്രലോഭിപ്പിച്ചും ബാബുവിന്റേയും കുടുംബത്തിന്റേയും പക്കല്‍നിന്ന് ആര്‍.ബി. നായരും ലക്ഷ്മി നായരും കൂടി തട്ടിയെടുത്തത് 1.19 കോടി രൂപ. ഡല്‍ഹിയില്‍ ചെയര്‍മാന്‍ പദവി സ്വപ്നം കണ്ട് ബാബു ഇരുന്നു. ഇനിയാണ് ആന്റി ക്ലൈമാക്‌സ്.

ഏതാനും ആഴ്ചകള്‍ കഴിഞ്ഞതോടെ ആര്‍.ബി. നായരേയും ലക്ഷ്മി നായരേയും ഫോണില്‍ കിട്ടാതെയായി. ഓഫീസില്‍ അന്വേഷിച്ചു ചെന്നാലും ഇരുവരും സ്ഥലത്തില്ല എന്ന മറുപടി.

ഇതിനിടെ ജനുവരി മധ്യത്തില്‍ ആര്‍.ബി. നായര്‍ നാടകീയമായി മൂന്നു കത്തുകളുമായി ബാബുവിന്റെ വീട്ടിലെത്തുന്നു. ഒന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുല്ലയ്ക്ക് എഴുതിയത്. ബാബുവിനെ റിന്യൂവബിള്‍ എനര്‍ജി ബോര്‍ഡിന്റെ ചെയര്‍മാനായും കെ.പി.സി.സി അംഗവുമായി കാബിനറ്റ് സ്‌പെഷ്യല്‍ കമ്മിറ്റി നിയമിച്ചതായി അറിയിച്ചുകൊണ്ടുള്ളതാണ് കത്ത്. കെ.പി.സി.സി അംഗമായി നിയമിക്കാന്‍ ക്യാബിനറ്റ് യോഗത്തിന് എന്ത് അധികാരം എന്ന സംശയംപോലും ഉണ്ടായില്ല. രണ്ടാമത്തെ കത്ത് കേന്ദ്ര റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഴുതിയത്. മൂന്നാമത്തേത് ശാസ്ത്രജ്ഞനായ ഡോ. ജി. പ്രസാദ് ആര്‍.ബി. നായര്‍ക്ക് എഴുതിയത്. സംസ്ഥാനത്ത് 533 മെഗാവാട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് 836 കോടി രൂപ അനുവദിച്ചു എന്ന് അറിയിക്കുന്നതാണ് മൂന്നാമത്തെ കത്ത്. ബാബു കത്തിന്റെ കോപ്പി ചോദിച്ചെങ്കിലും അതു നല്‍കാന്‍ നായര്‍ തയ്യാറായില്ല. എങ്കിലും കത്തു കണ്ട് ബാബുവിന്റെ കണ്ണ് മഞ്ഞളിച്ചു. പദ്ധതിയുടെ ഭാഗമായി ചെയര്‍മാന്‍ എന്ന നിലയില്‍ 836 കോടി രൂപ തന്റെ അക്കൗണ്ടിലേക്ക് വരുമെന്ന് നായര്‍ അദ്ദേഹത്തെ ധരിപ്പിച്ചത് അനുസരിച്ച് ആക്‌സിസ് ബാങ്കില്‍ പണം സ്വീകരിക്കാനായി ബാബു ഒരു അക്കൗണ്ടും ആരംഭിച്ചു. ഡല്‍ഹിയില്‍ പോയി ചാര്‍ജ് എടുക്കുന്നതിനു മുന്‍പായി മുഖ്യമന്ത്രിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുന്നുണ്ടെന്നും ആര്‍.ബി. നായര്‍ ബാബുവിനെ ധരിപ്പിച്ചു. യാത്രയ്ക്കുള്ള വിമാനടിക്കറ്റ് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ഏര്‍പ്പാടാക്കിയതായും അറിയിച്ചു.

ഡല്‍ഹിയില്‍ പോകാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനടിക്കറ്റ് എത്തുന്നതും കാത്ത് ബാബു ഇരിപ്പായി. എന്നാല്‍, ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ആരും ഒരു ടിക്കറ്റും അവിടെ ബുക്ക് ചെയ്തിട്ടില്ലെന്നു മനസ്സിലായി. തുടര്‍ന്ന് ടീം സോളാര്‍ കമ്പനിയുടെ ചിറ്റൂര്‍ റോഡിലെ ഓഫീസില്‍ അന്വേഷിച്ചു. ആര്‍.ബി. നായരേയും ലക്ഷ്മി നായരേയും കണ്ടുകിട്ടിയില്ല. ഒരു തവണ ലക്ഷ്മി നായരെ ഫോണില്‍ കിട്ടി. അപ്പോള്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉടനെ എത്തുമെന്നു മാത്രം അറിയിച്ചു. പക്ഷേ, ഒന്നും നടക്കുന്നില്ല. വീട്ടില്‍ സ്ഥാപിക്കുമെന്ന് ഉറപ്പു നല്‍കിയ സോളാര്‍ പ്ലാന്റിന്റെ പണിപോലും നടന്നില്ല. ബാബുവിന്റെ മനസ്സില്‍ ആദ്യമായി ടീം സോളാറിനെക്കുറിച്ച് സംശയം. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അമേരിക്കയിലോ ഇംഗ്ലണ്ടിലോ ടീം സോളാര്‍ എന്ന പേരില്‍ ഒരു കമ്പനിയും ഇല്ലെന്നു കണ്ടെത്തി. വ്യാജരേഖകള്‍ കാണിച്ച് തെറ്റിദ്ധരിപ്പിച്ചാണ് ഇരുവരും ചേര്‍ന്നു തന്റെ കയ്യില്‍നിന്ന് 1.19 കോടി രൂപ തട്ടിയെടുത്തത് എന്നും മനസ്സിലായി. തുടര്‍ന്ന് അദ്ദേഹം ആഭ്യന്തരമന്ത്രിക്കു നേരിട്ട് ഒരു പരാതി നല്‍കി. പരാതി ഡി.ജി.പി വഴി ക്രൈംബ്രാഞ്ച് എസ്.പിയുടെ അടുത്തെത്തി. തുടര്‍ന്ന് ആറന്മുള പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടെ ആര്‍.ബി. നായരും ലക്ഷ്മി നായരും അറസ്റ്റ് ചെയ്യപ്പെട്ടതായി വാര്‍ത്തകള്‍ വരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അവരുടെ പേരുകള്‍ ബിജു രാധാകൃഷ്ണന്‍ എന്നും സരിത എസ്. നായര്‍ എന്നുമായി മാറി എന്നുമാത്രം.

ബാബുവിനെ വഞ്ചിച്ച കേസില്‍ പത്തനംതിട്ട മജിസ്‌ട്രേട്ട് കോടതിയില്‍ നടന്ന വിചാരണയ്ക്കുശേഷം കോടതി പ്രതികള്‍ക്കു മൂന്നു വര്‍ഷം വീതം കഠിനതടവു ശിക്ഷ വിധിച്ചു. ഒന്നാംപ്രതി 75 ലക്ഷം രൂപയും രണ്ടാംപ്രതി 45 ലക്ഷം രൂപയും പരാതിക്കാരനു നല്‍കണം. കോടതിവിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. അപ്പീലിന്റെ ബലത്തില്‍ ഇരുവരും ജാമ്യത്തിലും.

ഇതിനിടെ സോളാര്‍ കേസുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരിയില്‍ ഒരു ചലച്ചിത്ര - സീരിയല്‍ നടി വാര്‍ത്തകളില്‍ നിറഞ്ഞു. നടിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടന്നു. മാര്‍ച്ചിനുശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസിനു കല്ലെറിഞ്ഞു. യു.എന്‍ അവാര്‍ഡ് നേടിയ ഉമ്മന്‍ ചാണ്ടിക്ക് അഭിവാദ്യമര്‍പ്പിച്ചു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും തല്ലിത്തകര്‍ത്തു.?

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com