
സ്പോര്‍ട്സ് ഫോട്ടോഗ്രാഫിയില്‍ അന്താരാഷ്ട്ര പ്രശസ്തനാണ് എ.കെ. ബിജുരാജ്. രണ്ട് ഘട്ടമായി പതിന്നാല് വര്‍ഷത്തോളം മാതൃഭൂമി പത്രത്തില്‍ പ്രവര്‍ത്തിച്ചു. അതിനിടയില്‍, പത്തു വര്‍ഷം ഖത്തറില്‍. നിശ്ചല ഛായാഗ്രഹണത്തില്‍നിന്ന് ചലനചിത്രങ്ങളിലേക്ക് വളര്‍ന്ന, വിസ്മയകരമായ മാധ്യമജീവിതം.
1997 മുതല്‍ 2008 വരെ മാതൃഭൂമിയില്‍ ഉണ്ടായിരുന്ന ആദ്യകാലം വലിയ ജീവിതാനുഭവമാണ് തന്നതെന്ന് ബിജുരാജ് പറയുന്നു. മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞ ശേഷമാണ് ഫോട്ടോഗ്രഫിയിലേക്ക് വരുന്നത്. പഠിക്കുമ്പോള്‍ തന്നെ സായാഹ്ന ദിനപത്രമായ 'തളിപ്പറമ്പ് ടൈംസി'ന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റായി ജോലി ചെയ്തിരുന്നു. കുറച്ചുകാലം പാരലല്‍ കോളേജ് അദ്ധ്യാപകനുമായി.
''1994-ലെ കൂത്തുപറമ്പ് വെടിവെയ്പില്‍ മധുരാജ് എടുത്ത ഫോട്ടോകള്‍ മാതൃഭൂമിയില്‍ കണ്ടാണ് ഈ രംഗത്തേക്ക് വന്നത്. അല്ലായിരുന്നുവെങ്കില്‍ ഞാനൊരു പത്രപ്രവര്‍ത്തകനാകുമായിരുന്നു.''
തൊഴില്‍ എന്നതിലുപരി ഒരു പാഷന്‍ ആയാണ് ഫോട്ടോഗ്രാഫിയെ കാണുന്നത്. ഒട്ടും സമയനിഷ്ഠയില്ലാത്ത പ്രവര്‍ത്തനരംഗം. ഫോട്ടോഗ്രാഫിയെ അത്രയധികം ഇഷ്ടപ്പെടുന്നവര്‍ക്കു മാത്രമേ നിലനില്‍ക്കാന്‍ പറ്റൂ.
അഭിമാനകരവും സങ്കടകരവുമായ ഒട്ടേറെ സംഭവങ്ങളിലൂടെ കടന്നുപോയി. മാതൃഭൂമിയില്‍ ജോലിചെയ്യുന്ന കാലത്ത്, ഗൗരിയമ്മ സി.പി. ഐ (എം) വിട്ട്, യു.ഡി.എഫ് മന്ത്രിയായി അമ്പലപ്പുഴ അമ്പലത്തില്‍ തുലാഭാരത്തിന് വന്ന ചിത്രമെടുക്കാന്‍ കഴിഞ്ഞു. ആരെയും അറിയിക്കാതെ, പുലര്‍ച്ചെ നാലരയ്ക്കാണ് വന്നത്. പടം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് അവര്‍ പറഞ്ഞു. പക്ഷേ, അന്നത്തെ എഡിറ്റര്‍ കെ. ഗോപാലകൃഷ്ണന്‍ അത് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു; 'കണ്ണന് മുന്നില്‍ ഗൗരിയമ്മയ്ക്ക് തുലാഭാരം' എന്ന ക്യാപ്ഷനോടെ.
കോഴിക്കോട് ബ്യൂറോയില്‍ ജോലി ചെയ്യവേ, ഒരു ദിവസം പൊലീസിന്റെ ഫോണ്‍ കോള്‍. ബൈക്ക് മോഷണത്തിന് കുറച്ചുപേരെ പിടിച്ചിട്ടുണ്ട്. അവരുടെ പടമെടുക്കണം. മലയാള മനോരമ അടക്കം എല്ലാ മാധ്യമങ്ങളില്‍നിന്നുള്ളവരുമുണ്ടായിരുന്നു. ബൈക്ക് മോഷ്ടിച്ചിട്ടില്ല; പടം എടുക്കരുതെന്ന് പയ്യന്‍ കരഞ്ഞപേക്ഷിച്ചു. പക്ഷേ, പൊലീസ് വിട്ടില്ല. പയ്യന്റെ പടം പത്രങ്ങളില്‍ വന്നു. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ആ പയ്യനെ കോഴിക്കോട് കടപ്പുറത്ത് കണ്ടുമുട്ടി. എന്നെ ഓര്‍മ്മയുണ്ടോ എന്ന് പയ്യന്‍ ചോദിച്ചു.
''നിങ്ങളുടെ മുഖം ഞാന്‍ മറക്കില്ല... നിങ്ങള്‍ ഒരു ചിത്രമെടുത്തിട്ടുണ്ടായിരുന്നു. എന്നെ ആ കേസില്‍നിന്ന് വെറുതെ വിട്ടു. എന്റെ ജീവിതം മുഴുവന്‍ ആ ഒറ്റപ്പടം കൊണ്ട് നഷ്ടപ്പെട്ടു.'' മാര്‍ക്സ് എന്നായിരുന്നു അച്ഛന്‍ അവനിട്ട പേര്. പ്രണയിനിയുമായി അടുത്ത ദിവസം നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി; വീട്ടില്‍നിന്ന് പുറത്തായി. അവനെ പൊലീസ് വെറുതെ വിട്ടത് ആരുമറിഞ്ഞിരുന്നില്ല.
''ജോലിയോട് തന്നെ വിരോധം തോന്നിയ നിമിഷമായിരുന്നു, അത്. മനോവിഷമം ഗോപാലകൃഷ്ണന്‍ സാറിനോട് പറഞ്ഞു: ''ഇനി ഇങ്ങനെയൊരു പടമെടുക്കാന്‍ ഞാന്‍ പോവില്ല.'' വെറുതെ വിട്ട വിവരം ഉള്‍പ്പെടുത്തി പയ്യന്റെ പടം കൊടുക്കാം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ, അവനെ തേടിപ്പിടിച്ചപ്പോള്‍ തൊഴുതുകൊണ്ട് അവന്‍ പറഞ്ഞു: ഉപദ്രവിക്കരുത്. അന്നാണ് ഏറ്റവും സങ്കടമനുഭവിച്ചത്.''
അപകടത്തില്‍ മരിച്ചവരുടെ വീടുകളിലെത്തി പടമെടുക്കുന്നത് വിഷമകരമായ അനുഭവമാണ്. മിക്കപ്പോഴും വീട്ടുകാര്‍ മരണവിവരം അറിഞ്ഞിട്ടുണ്ടാകില്ല. മാധ്യമജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു സമ്മാനം ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്, ബിജുരാജ്. ഒരു പട്ടാളക്കാരന്‍ അയച്ച കത്തും നൂറു രൂപയുമാണത്. അതിനു പിന്നില്‍ ഹൃദയം നുറുക്കുന്ന ജീവിതാനുഭവമുണ്ട്. ആലപ്പുഴ ബ്യൂറോയില്‍ ജോലിചെയ്യുമ്പോള്‍, ഗൃഹലക്ഷ്മിക്കായി രണ്ടു സ്ത്രീകളുടെ ഫോട്ടോകളെടുക്കാന്‍ പോയതായിരുന്നു. 97 വയസ്സുള്ള രണ്ട് ഇരട്ടകള്‍, ക്ലാരമ്മയും മറിയമ്മയും. അവരിലൊരാള്‍ വിവാഹിതയായിരുന്നുവെങ്കിലും വേര്‍പിരിയാനാകാത്തതിനാല്‍ തിരിച്ചെത്തി. രണ്ടാളും ചേര്‍ന്ന് ഒരു ആണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്തി വലുതാക്കി. വീടും സ്വത്തും അയാളുടെ പേരില്‍ എഴുതിവച്ചു. ജോലികിട്ടി വിവാഹിതനായി ലണ്ടനില്‍ താമസമാക്കിയ ദത്തുമകന്‍ ഒരുനാള്‍ നാട്ടിലെത്തി, എല്ലാം വിറ്റ് തിരിച്ചുപോയതോടെ വൃദ്ധരായ അമ്മമാര്‍ അനാഥരായി.
തൊട്ടടുത്ത വീട്ടുകാര്‍ അവരുടെ ഉപേക്ഷിക്കപ്പെട്ട പശുത്തൊഴുത്തില്‍ അവര്‍ക്ക് അഭയം കൊടുത്തു. ''ഞാന്‍ ചെല്ലുമ്പോള്‍ ഓരോന്ന് എണ്ണിയെണ്ണിപ്പറഞ്ഞ് അവര്‍ കരയുകയായിരുന്നു. പടമെടുക്കാനേ തോന്നിയില്ല. പോരാന്‍ നേരത്ത് ഞാനവര്‍ക്ക് കുറച്ച് കാശ് കൊടുത്തു. ക്യാമറ തോളില്‍ തൂക്കി ഞാന്‍ ബൈക്കില്‍ കയറാനൊരുങ്ങവേ, ആ വീട്ടിലെ സ്ത്രീ അവരോട് എത്ര കാശ് കിട്ടിയെന്ന് രഹസ്യമായി ചോദിച്ചപ്പോള്‍ അവര്‍ പൊട്ടിച്ചിരിച്ചു. ആ ഫോട്ടോ ഞാനെടുത്തു.''
പത്രാധിപര്‍ കെ. ഗോപാലകൃഷ്ണന്‍ അത് പത്രത്തിന്റെ ഒന്നാം പേജില്‍ വലിയ വലുപ്പത്തില്‍ കൊടുത്തു. അദ്ദേഹം രാത്രി ബ്യൂറോയില്‍ വിളിച്ച് അഭിനന്ദിച്ചു. ഏതാനും ദിവസം കഴിഞ്ഞ്, 'ബിജുരാജ്, മാതൃഭൂമി, കോഴിക്കോട്' എന്ന പേരില്‍ കിട്ടിയ ഒരു കത്ത് ആലപ്പുഴയ്ക്ക് അയച്ചുതന്നു. ''ആ ചിത്രം കണ്ട് അഭിനന്ദനം അറിയിച്ചുകൊണ്ട് ഒരു പട്ടാളക്കാരന്‍ അയച്ചതായിരുന്നു, അത്. പെന്‍ഷനില്‍ നിന്നുള്ള 101 രൂപയും വച്ചിരുന്നു. ഇന്നും ഞാനത് സൂക്ഷിച്ചുവച്ചിട്ടുണ്ട്.''
ആ ഫോട്ടോ വരച്ചെടുത്ത് സ്വര്‍ണ്ണക്കടകളുടെ പരസ്യത്തില്‍പോലും ചിലര്‍ ഉപയോഗിച്ചു. ദുബായിലും അത് കണ്ടതായി ചിലര്‍ അറിയിച്ചിട്ടുണ്ട്.
''എനിക്കേറ്റവും ഇഷ്ടമുള്ള പത്രാധിപര്‍ കെ. ഗോപാലകൃഷ്ണനായിരുന്നു. ഫോട്ടോ എടുക്കാന്‍ അയയ്ക്കുമ്പോള്‍ അതിന്റെ സാദ്ധ്യതകളെക്കുറിച്ച് സൂചനകള്‍ നല്‍കുമായിരുന്നു. നല്ല ചിത്രങ്ങള്‍ കിട്ടിയാല്‍ മെയില്‍ ചെയ്ത്, തന്നെ വിളിച്ചുപറയണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഏറ്റവും നല്ല ചിത്രങ്ങള്‍ക്കു മാസംതോറും ക്യാഷ് അവാര്‍ഡും നല്‍കിയിരുന്നു.''
കോഴിക്കോട് ആഴ്ചവട്ടത്ത് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ വഴക്കില്‍ സുരേഷ് എന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ ഓമനിച്ചുവളര്‍ത്തിയ മുന്നു എന്ന തത്തയുടെ രണ്ടു കാലും ഛേദിക്കപ്പെട്ടു. അറ്റുപോയ ഒരു കാല്‍ കൊത്തിപ്പിടിച്ച് നില്‍ക്കുന്ന മുന്നുവിന്റെ ചിത്രം വലിയ നൊമ്പരമായി. മേനകാ ഗാന്ധി ഇതില്‍ ഇടപെട്ടു.
ബിജുരാജെടുത്ത മറ്റൊരു ചിത്രവും വലിയ നൊമ്പരക്കാഴ്ചയായി. പട്ടിപ്പിടുത്തക്കാര്‍ കൊന്ന തെരുവുനായയുടെ മുലകുടിക്കുന്ന, കണ്ണുപോലും വിരിയാത്ത ആറു കുഞ്ഞുങ്ങളുടെ ചിത്രവും മേനകാ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെട്ടു. തെരുവുനായ്ക്കളെ കൊല്ലരുത്, വന്ധീകരിച്ചാല്‍ മതി എന്ന നിര്‍ദ്ദേശം അതെത്തുടര്‍ന്നാണുണ്ടായത്. അങ്ങനെ, ഒട്ടേറെ അനുഭവങ്ങള്‍.
വാര്‍ദ്ധക്യത്തിന്റെ വിവിധ മുഖങ്ങള്‍ ഒപ്പിയെടുത്ത 101 ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തിയതും അക്കാലത്താണ്. വി.എസ്. അച്യുതാനന്ദന്‍, തകഴി, കാത്ത തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരുടേയും ചിത്രങ്ങള്‍ അതിലുണ്ടായിരുന്നു. വൃദ്ധജന സംരക്ഷണകേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ അവസ്ഥ നൊമ്പരപ്പെടുത്തുന്നതാണ്.
നല്ല നിലയിലുള്ള മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരേയും അവിടെ കണ്ടു. അവരുടെ സങ്കടങ്ങള്‍ വീഡിയോയിലും എടുത്തു. 'സ്മൃതി; സാന്ത്വനം പകര്‍ന്ന്, ഒടുവില്‍' എന്ന് പേരിട്ട ഈ ഫോട്ടോപ്രദര്‍ശന പരമ്പര 2001-ല്‍ ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജില്‍ ഉദ്ഘാടനം ചെയ്തത് കാത്തയും ഭാരതി തമ്പുരാട്ടിയും ചേര്‍ന്നായിരുന്നു. അവര്‍ അന്നായിരുന്നു, ആദ്യമായി പരസ്പരം കണ്ടത്. ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി നല്‍കിയത് കവിതാശകലങ്ങളായിരുന്നു. പിന്നീട് 300 ഓളം സ്ഥലങ്ങളില്‍ പ്രദര്‍ശനം നടത്തി. അച്ഛനമ്മമാരെ സംരക്ഷിക്കാതെ, ഉപേക്ഷിക്കുന്നതിനെതിരെ ചെറുപ്പക്കാരില്‍ അവബോധമുണ്ടാക്കുന്നതിനായി ഒരു ഡോക്യുമെന്ററിയും ചെയ്തു.
മാധവിക്കുട്ടിയും കവര്‍സ്റ്റോറിയും
കെ. ശ്രീകുമാര്‍ വാരാന്തപ്പതിപ്പിന്റെ ചുമതല വഹിക്കുന്ന കാലത്ത് എ.കെ. ബിജുരാജിന്റെ ഒട്ടേറെ കവര്‍സ്റ്റോറികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മതംമാറ്റത്തിനു ശേഷം തനിക്ക് എല്ലാ മതങ്ങളും മടുത്തുവെന്നതടക്കം ഒട്ടേറെ തുറന്നുപറച്ചിലുകളടങ്ങിയ, മാധവിക്കുട്ടിയുമായുള്ള അഭിമുഖം വലിയ കോളിളക്കം സൃഷ്ടിച്ചു. ''അവരുമായി നല്ല പരിചയമുണ്ടായിരുന്നു. ഒരിക്കല്‍ കൊച്ചിയിലെ ഫ്‌ലാറ്റില്‍ കാണാന്‍ ചെന്നപ്പോള്‍, 'വീരന്റെ പത്രം' കൊടുക്കുന്നെങ്കില്‍, തനിക്കു കുറച്ചുകാര്യങ്ങള്‍ പറയാനുണ്ടെന്നായി അവര്‍. സുന്ദരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി തനിക്ക്, 'കാവ്യാ മാധവന്‍ ഇടുന്ന പൗഡര്‍' വാങ്ങിക്കൊണ്ടുവരണമെന്നും പറഞ്ഞു.'' രാത്രി പാവക്കുട്ടികളെ കെട്ടിപ്പിടിച്ചാണ് ഉറങ്ങുന്നതെന്ന് പറഞ്ഞു. അവ കയ്യില്‍ വച്ച് ഫോട്ടോ എടുത്തു.
എന്തും തുറന്നുപറയുമെന്നതിനാല്‍, കൂടെ കരുതിയിരുന്ന മൈക്രോകാസറ്റ് റിക്കാര്‍ഡര്‍ ഓണ്‍ ചെയ്തുവച്ചാണ് അവരുമായി സംസാരിച്ചത്. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം മതങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടതിനെപ്പറ്റി, ഇസ്മായില്‍ മര്‍ചന്റുമായുണ്ടായ പരാജയപ്പെട്ട പ്രണയബന്ധത്തെപ്പറ്റിയൊക്കെ അവര്‍ പറഞ്ഞു. ''താന്‍ മരിച്ചുകഴിഞ്ഞ ശേഷം മാത്രമേ കൊടുക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയോടെ മറ്റു ചില കാര്യങ്ങളും അവര്‍ പറഞ്ഞു. മൂന്നു കാസറ്റ് മുഴുവനും ആ ശബ്ദലേഖനങ്ങളുണ്ട്.''
ലേഖനം പുറത്തിറങ്ങും മുന്‍പ് അതിന്റെ കോപ്പി അവര്‍ക്കയച്ചുകൊടുത്തു. അത് വായിച്ച്, ക്ഷോഭിച്ച് അവര്‍ വിളിച്ചു. അപ്പോള്‍ വാരാന്ത്യപ്പതിപ്പിന്റെ അച്ചടി നടക്കുകയായിരുന്നു. ''എന്റെ പേരെഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്ന് അവര്‍ പറഞ്ഞു.'' പത്രാധിപര്‍ കെ. ഗോപാലകൃഷ്ണനെ കണ്ടു പ്രശ്നം അവതരിപ്പിച്ചപ്പോള്‍, എഴുതിയ കാര്യങ്ങളുടെ മുഴുവന്‍ റെക്കാര്‍ഡിങ്ങുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഉണ്ടെന്ന് ബോദ്ധ്യമായതോടെ അദ്ദേഹം അനുമതി നല്‍കി. ''അത് പ്രസിദ്ധീകരിക്കപ്പെട്ടതോടെ മതസംഘടനകളില്‍നിന്ന് ഭീഷണികളുണ്ടായി. താനങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും നാണിയമ്മയോട് സംസാരിച്ചാണ് ഞാന്‍ ലേഖനം എഴുതിയതെന്നും വരെ അവര്‍ പറഞ്ഞു.''
മാധവിക്കുട്ടി മരിച്ച ശേഷവും ആ അഭിമുഖത്തിലെ മാറ്റിവച്ച ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ''പലരും അതിനു നിര്‍ബ്ബന്ധിച്ചിരുന്നു. ഞാനതിപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. സാധാരണ ജീവിതത്തില്‍ എല്ലാ ദൗര്‍ബല്യങ്ങളുമുള്ള സ്ത്രീയായിരുന്ന അവര്‍ എഴുതാനിരിക്കുമ്പോള്‍ മറ്റൊരു സ്ത്രീയായിരുന്നു-തെയ്യം കെട്ടിയാടുമ്പോള്‍ ആള്‍ ദൈവമാകുന്നതു പോലെ.'' മാധവിക്കുട്ടിയോട് എന്നും ബഹുമാനവും സ്നേഹവുമുണ്ട്. തന്റെ സഹായിയായ ചിരുതേയി എന്ന ജാനുവമ്മയെ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന അവരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുത്തു. രണ്ടു മുത്തശ്ശിമാരെ കഥാപാത്രങ്ങളാക്കി ജയരാജ് ചെയ്ത 'ആനന്ദഭൈരവി'യില്‍ അങ്ങനെ ജാനുവമ്മ വേഷമിട്ടു. ആലപ്പുഴ അര്‍ത്തുങ്കലില്‍ നടന്ന ഒരു കൊലപാതകക്കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചപ്പോള്‍, അവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുണ്ടകളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ദുരനുഭവവും ബിജുരാജിനുണ്ട്.
ഒട്ടേറെ വര്‍ഷങ്ങളില്‍, ശബരിമല ഉത്സവകാലം മുഴുവന്‍ അവിടെ താമസിച്ച് ഫോട്ടോയെടുത്തതാണ് മറക്കാനാവാത്ത മറ്റൊരനുഭവം. ഫോട്ടോകളുടെ നെഗറ്റീവ് സൂക്ഷ്മതയോടെ മുറിച്ചെടുത്ത്, കറുത്ത കടലാസില്‍ പൊതിഞ്ഞ്, കവറിലാക്കി മിക്ക ദിവസവും രണ്ടു പ്രാവശ്യം മലയിറങ്ങി പമ്പയിലെത്തിയായിരുന്നു, കെ.എസ്.ആര്‍.ടി.സി ബസ് വഴി ഓഫീസിലേക്ക് അയച്ചുകൊടുത്തിരുന്നത്. ''മല കയറിയ എണ്ണം നോക്കിയാല്‍ ഗുരുസ്വാമിയാകേണ്ടതാണ്.''
മാധ്യമരംഗത്ത് ഫോട്ടോഗ്രാഫിയിലാണ് വളരെവേഗം മാറ്റങ്ങള്‍ വന്നത്. 2005 ആയപ്പോഴേക്കും സങ്കേതങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലായി. 2008-ല്‍ ബിജുരാജ് മാതൃഭൂമി വിട്ടു. ആലോചി ച്ചെടുത്ത തീരുമാനമായിരുന്നു, അത്- സ്പോര്‍ട്സ് ഫോട്ടോഗ്രാഫിയില്‍ സ്‌പെഷ്യലൈസ് ചെയ്യാന്‍ വേണ്ടി. ''അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്പോര്‍ട്സ് ഫോട്ടോഗ്രാഫി പോലെ മറ്റൊന്നില്ല.'' ഫിഫ ഖത്തര്‍ ലോക കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനു മുന്നോടിയായി സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ അവിടെ നിന്ന് ആരംഭിച്ച ആദ്യ സ്പോര്‍ട്സ് വാരികയായ 'ദോഹ സ്റ്റേഡിയം പ്ലസി'ല്‍ ചേര്‍ന്നു. അത് ഇംഗ്ലീഷിലുള്ള പ്രസിദ്ധീകരണമായിരുന്നു. ഇക്കാലത്ത് തന്നെ ഇ.ക്യൂ. ഇമേജസ്, ഗെറ്റി ഇമേജസ്, റോയിട്ടേഴ്സ്, അനഡോളു ഏജന്‍സി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ സ്ട്രിങ്ങറായും പ്രവര്‍ത്തിച്ചു. അന്ന് ലോകമെമ്പാടുമുള്ള പത്രങ്ങളില്‍ ബൈലൈനോടെ ധാരാളം ഫോട്ടോകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം യാത്ര ചെയ്തു. ധാരാളം അന്താരാഷ്ട്ര മത്സരങ്ങളുടെ ചിത്രങ്ങളെടുത്തു.
2015-ലെ ഫിഫ ലോക കപ്പിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ തെരഞ്ഞെടുക്കാന്‍ സുപ്രീം കമ്മിറ്റി നടത്തിയ അന്താരാഷ്ട്ര മത്സരത്തില്‍ ഏറ്റവും നല്ല ഫോട്ടോഗ്രഫറിനുള്ള ഒന്നാം സമ്മാനം ലഭിച്ചു. രണ്ടു കാലുമില്ലാത്ത അമേരിക്കക്കാരന്‍ റീഗാസ് വുഡ്സ്, അക്കൊല്ലം ദോഹയില്‍ നടന്ന ശാരീരിക വൈകല്യമുള്ളവരുടെ ലോക അത്ലറ്റിക്സില്‍ ലോങ്ങ്ജമ്പില്‍ ഒന്നാമതെത്തുന്ന ചിത്രമായിരുന്നു, അത്. നാനൂറിലധികം ചിത്രങ്ങളില്‍ നിന്നായിരുന്നു ബിജുരാജിന്റെ ചിത്രം ഒന്നാമതെത്തിയത്. അങ്ങനെ ഫിഫയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറുമായി. ഖത്തര്‍ ഒളിംമ്പിക്സ് കമ്മിറ്റിയുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
2011-ല്‍ ദോഹയില്‍ നടന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിന്റേയും 2022-ല്‍ പൂണെയില്‍ നടന്ന വിമന്‍സ് ഏഷ്യന്‍ കപ്പിന്റേയും ഔദ്യോഗിക ഫോട്ടോഗ്രഫറുമായി. ഖത്തറിലുള്ളപ്പോള്‍ 135 ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളുടെ ചിത്രങ്ങളെടുത്തു.
മുല്ലപ്പൂവിപ്ലവത്തിന്റെ നാട്ടില്‍
2011 ജനുവരിയില്‍ ഈജിപ്തില്‍ മുല്ലപ്പൂ വിപ്ലവം നടക്കുന്ന സമയത്തായിരുന്നു രാജ്യത്തിന്റെ വടക്കേ അറ്റത്തുള്ള ഉള്‍ഗാദ ദ്വീപില്‍ ലോക വോളിബാള്‍ കപ്പ് കവര്‍ ചെയ്യാന്‍ പോയത്. അക്രമം ഭയന്ന് ആരും കെയ്റോയില്‍ വിമാനമിറങ്ങില്ല. ''തിരിച്ചു വരുമ്പോള്‍ മുല്ലപ്പൂ വിപ്ലവകാരികളെ കാണണമെന്നു തോന്നി. ജീവനോടെ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തതിനാല്‍ കൂടെയുള്ളവരൊക്കെ വിലക്കി. ഞാന്‍ വീട്ടില്‍പോലും അറിയിച്ചില്ല.'' തലസ്ഥാനത്തെ ഹോട്ടലുകളെല്ലാം വിജനമായിരുന്നു. പ്രക്ഷോഭവേദിയായ തഹ്റീര്‍ സ്‌ക്വയറില്‍ പോകുന്നതിനു മുന്‍പ് ഒരു ടവറിന്റെ മുകളില്‍ കയറി ജനക്കൂട്ടത്തെ കണ്ടു.
മാധ്യമപ്രവര്‍ത്തകര്‍ക്കൊന്നും അവിടെ പ്രവേശനമുണ്ടായിരുന്നില്ല. തൊട്ടു മുന്‍പ് അല്‍ ജസീറയുടെ രണ്ട് ജീവനക്കാര്‍ വെടിയേറ്റ് മരിച്ചിരുന്നു. അവരുടെ ആസ്ഥാനമായ ഖത്തറില്‍ നിന്നാണെന്നറിഞ്ഞാല്‍ കൂടുതല്‍ അപകടം ചെയ്യും. അതിനാല്‍ സര്‍ക്കാര്‍ ഐ.ഡി കാര്‍ഡടങ്ങിയ ബാഗ് ഹോട്ടലില്‍ വച്ച്, ഒരു ടൂറിസ്റ്റിനെപ്പോലെ ക്യാമറ മാത്രമെടുത്ത്, ടെഹ്റി സ്‌ക്വയര്‍ കാണാന്‍ പോയി.
അവിടെ എത്തുന്നതിന് മുന്‍പ് പ്രക്ഷോഭകാരികളുടെ പരിശോധനയുണ്ട്. ഇന്ത്യയില്‍ നിന്നാണെന്ന് അവരോട് പറഞ്ഞു. പാസ്പോര്‍ട്ട് നോക്കി, അവര്‍ ഉറപ്പു വരുത്തിയ ശേഷം 'അമിതാഭ് ബച്ചന്റെ നാട്ടുകാരനല്ലേ' എന്ന് ചോദിച്ചു. അതേ, എന്ന് പറഞ്ഞപ്പോള്‍ കിട്ടിയ സ്വീകരണം അമ്പരപ്പിക്കുന്നതായിരുന്നു. ''നിങ്ങളെ ഇവിടെ ആരും ഒന്നും ചെയ്യില്ല. എവിടെയും സ്വതന്ത്രമായി നടക്കാം,'' അവര്‍ പറഞ്ഞു. ഒരിക്കല്‍പോലും കാണാത്ത ബച്ചന്‍ അങ്ങനെ രക്ഷകനായി.
സംഘര്‍ഷഭരിതമായിരുന്നു അന്തരീക്ഷം. വെള്ളിയാഴ്ചകളില്‍ പട്ടാളമിറങ്ങി ജനങ്ങളെ മുട്ടിനു താഴെ വെടിവച്ചു വീഴ്ത്തും. അന്ന് വെള്ളിയാഴ്ചയായിരുന്നു. പ്രക്ഷോഭകാരികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നുണ്ടായിരുന്നു. വെടിവയ്പില്‍ ഒരു കാല്‍ നഷ്ടമായ ഒരു യുവാവും അവിടെയുണ്ടായിരുന്നു. ''അവരെന്നെ കൊണ്ടുനടന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ടെന്റില്‍ ഞാന്‍ താമസിച്ചു. അതിന്റെയൊക്കെ ചിത്രങ്ങളെടുത്തു.''
സ്‌ക്വയര്‍ മുഴുവന്‍ ചുറ്റാനുള്ള വലുപ്പമുള്ള ഒരു ബാനറില്‍ സന്ദര്‍ശകര്‍ വിവിധ ഭാഷകളില്‍ സന്ദേശങ്ങളെഴുതുകയും ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്നത് കണ്ടു. ''എന്തെങ്കിലും എഴുതണമെന്ന് പറഞ്ഞപ്പോള്‍, 'ഇന്ത്യയെപ്പോലെ ഈജിപ്ത് ഒരു സ്വതന്ത്ര രാജ്യമായി മാറട്ടെ' എന്ന് എഴുതി. ആ വിദ്യാര്‍ത്ഥികള്‍ എന്നെ സുരക്ഷിതമായി ഹോട്ടലില്‍ കൊണ്ടുവിട്ടു.'' സമരസ്മാരകമായ ആ ബാനര്‍ ഇന്ന് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
ആ ഫോട്ടോകള്‍ ഓര്‍ക്കുട്ടില്‍ ഇട്ടിരുന്നു. ''ഞാന്‍ അവരോടൊപ്പം ഇരിക്കുന്ന ചിത്രം മുല്ലപ്പൂ വിപ്ലവത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മലയാള മനോരമ പ്രസിദ്ധീകരിച്ചു. ഒപ്പം, എന്റെ അനുഭവങ്ങളെക്കുറിച്ചുള്ള ലേഖനവും'' ക്യാമറ കൈയില്‍ ഉണ്ടാവുമ്പോഴുള്ള അനുഭവം ഒന്ന് വേറെതന്നെയെന്ന് ബിജു രാജ് മനസ്സ് തുറന്നു. ഒരിക്കല്‍ ഫിഫാ ലോകകപ്പ് യോഗ്യതാമത്സരം കവര്‍ ചെയ്യാനായി പോകവേ, ഒമാനില്‍ വിമാനമിറങ്ങി കണക്ഷന്‍ ഫ്‌ലൈറ്റില്‍ കയറും മുന്‍പ്, സുഹൃത്തുക്കളെ കാണാന്‍ പുറത്തിറങ്ങി. പക്ഷേ, അകത്തു കയറാന്‍ അനുമതി നിഷേധിക്കപ്പെട്ടു. ഫോട്ടോഗ്രാഫറാണെന്നും കവറേജിനു പോവുകയാണന്നും പറഞ്ഞപ്പോള്‍, കാറില്‍ കയറ്റി വിമാനം പുറപ്പെടുന്നതിനു തൊട്ടുമുന്‍പ് എത്തിച്ച അനുഭവവുമുണ്ട്.
സിനിമയും സ്വപ്നങ്ങളും
ഒരു സംഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളാണ്- ുലമസ ാീാലിെേ -സ്റ്റില്‍ ഫോട്ടോഗ്രാഫിയുടെ കരുത്ത്. അതുകൊണ്ടാണ് എത്ര ലൈവ് ടെലികാസ്റ്റ് കണ്ടാലും അതെക്കുറിച്ചുള്ള ന്യൂസ് ഫോട്ടോ ശ്രദ്ധേയമാകുന്നത്. ''സിനിമയും എനിക്ക് പാഷനാണ്. സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ പറയാന്‍ പറ്റാത്ത, അതുകൊണ്ടു മതിയാവാത്ത കാര്യങ്ങള്‍ വരുമ്പോഴാണ് സിനിമയെന്ന മാധ്യമം തെരഞ്ഞെടുക്കുന്നത്. അതാണെന്റെ സങ്കല്പം.''
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിനിമാനിര്‍മ്മാണത്തില്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിജുരാജിനു വിദഗ്ദ്ധ പരിശീലനം കിട്ടി. അവര്‍ നടത്തിയ ഒരു മത്സരമായിരുന്നു അതിനു വഴിയൊരുക്കിയത്. നറുക്കെടുത്ത് കിട്ടുന്ന ഒരു വസ്തുവിനെ (പെന്‍സില്‍, കേക്ക്, പെട്ടി...) കഥാപാത്രമാക്കി 12 മണിക്കൂറിനുള്ളില്‍ ഒരു സിനിമ നിര്‍മ്മിച്ച് നല്‍കണം. അതില്‍ വിജയിച്ചു. സര്‍ക്കാര്‍ ഗ്രാന്റ് നല്‍കി സ്ത്രീകള്‍ സംവിധാനം ചെയ്ത അഞ്ചു അറബി സിനിമകളില്‍ അഞ്ചുപേര്‍ അസിസ്റ്റന്റുമാരായപ്പോള്‍, അതിലൊരാള്‍ ബിജുരാജായിരുന്നു. മുന്‍ തീരുമാനപ്രകാരം 2018-ല്‍ ബിജുരാജ് കേരളത്തില്‍ മടങ്ങിയെത്തി.
സിനിമാസ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സുഹൃത്തായ പ്രശസ്ത സംവിധായകന്‍ ജയരാജിനൊപ്പം ചേര്‍ന്നു. ''അതൊരു വലിയ സ്‌കൂളാണ്.'' ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ 'ഭയാനക'ത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് തുടക്കം. പിന്നെ ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. എം.ടി. വാസുദേവന്‍ നായരുടെ കഥയെ ആസ്പദമാക്കി അദ്ദേഹം ചെയ്ത 'സ്വര്‍ഗ്ഗം തുറക്കുന്ന സമയം' (നെടുമുടി വേണു അഭിനയിച്ച അവസാനത്തെ സിനിമ), എം.ടിയുടെ കഥയെ ആസ്പദമാക്കി മകള്‍ അശ്വതി സംവിധാനം ചെയ്ത 'വില്പന', മനോജ് സംവിധാനം ചെയ്ത പേരിടാത്ത ഒരു ഹോളിവുഡ് സിനിമ എന്നിവയില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു.
ജയരാജുമായി അടുത്ത ബന്ധമുണ്ട്. പുലര്‍ച്ചെയൊക്കെ വിളിച്ച്, 'അടുത്ത ദിവസം മുതല്‍ നമുക്കൊരു സിനിമ ചെയ്താലോ' എന്നു ചോദിച്ച അനുഭവങ്ങളുണ്ട്. അദ്ദേഹത്തിനു വലിയ മുന്നൊരുക്കങ്ങളൊന്നുമുണ്ടാവില്ല. 'ഹാസ്യ'ത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങും മുന്‍പ് സ്‌ക്രിപ്റ്റ് കൈമാറി. അപ്പോഴേക്കും മഴക്കാലമായി. തകഴിയുടെ 'കയറി'ലെ ഒരു കഥാപാത്രത്തെ ആസ്പദമാക്കി സിനിമ ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നത് അപ്പോള്‍ ഓര്‍ത്തു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പോസ്റ്റുമാന്റെ കഥ. ''എങ്കില്‍ പിന്നെ ആ പോസ്റ്റുമാന്റെ കഥ ചെയ്തൂടെ എന്ന് ഞാന്‍ ചോദിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ അത് ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചൂ.'' അതാണു 'ഭയാനകം' (2018).
'പ്രകൃതി പലപ്പോഴും അപ്രതീക്ഷിതമായി ജയരാജിന്റെ സിനിമയില്‍ കടന്നുവരുകയാണ് ചെയ്യുന്നത്. 'മകള്‍ക്ക്' സിനിമയില്‍ നായകന്‍ (സുരേഷ് ഗോപി) കുട്ടിയെ എടുത്തുകൊണ്ട് വരുന്ന ഗാനരംഗത്തില്‍ മഴ പെയ്തു. അപ്പോള്‍ അതുകൂടി അതില്‍ ഉള്‍പ്പെടുത്തി സീന്‍ ക്രിയേറ്റ് ചെയ്തു.''
കോവിഡ് കാലത്ത്, 'അവള്‍' ഉള്‍പ്പെടെ ആറ് ചെറിയ ചിത്രങ്ങള്‍ ജയരാജ് ചെയ്തു. 'അവളി'ല്‍ വീട്ടുജോലിക്കാരിയാണ് നായിക. ''പണമല്ല, മനസ്സാണ് വേണ്ടത്. അങ്ങനെയെങ്കില്‍ ഏതുസമയത്തും സിനിമ ചെയ്യാന്‍ കഴിയും.''
മാതൃഭൂമിയിലെ രണ്ടാമൂഴത്തില്‍ കോഴിക്കോട് ഡെസ്‌കില്‍ ഫോട്ടോ കോ-ഓര്‍ഡിനേറ്ററായി 2021 വരെ ബിജുരാജ് പ്രവര്‍ത്തിച്ചു. ഫോട്ടോഗ്രാഫര്‍മാര്‍ അയയ്ക്കുന്ന ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമായിരുന്നു ജോലി. ''അത് വലിയ റിസ്‌കുള്ള ഒന്നായിരുന്നു. അടുത്ത ദിവസം രാവിലെ മറ്റു പത്രങ്ങള്‍ കാണും വരെ ഉറക്കം വരില്ല.''
സ്വതന്ത്രമായി ജീവിക്കാന്‍ വേണ്ടിയാണ് മാതൃഭൂമി വിട്ടത്. ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രങ്ങളുടെ ക്രിയേറ്റീവ് ഡയറക്ടറാണ്. ഐ.എസ്.എല്‍, എ.എഫ്.സി ഫുട്‌ബോള്‍ മത്സരങ്ങളുടെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍മാരിലൊരാളാണ്. പിന്നെ, അദ്ധ്യാപനം, യാത്രകള്‍, സിനിമ.
സ്വന്തം കഥയില്‍ ഒരു ഫീച്ചര്‍ ഫിലിം ചെയ്യുകയാണ് അടുത്ത ലക്ഷ്യം. അത് ഉടന്‍ തന്നെ സാക്ഷാല്‍കരിക്കപ്പെടുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് എ.കെ ബിജുരാജ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates