മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നതിന്റെ സന്തോഷങ്ങള്‍

നാലു പതിറ്റാണ്ടു നീളുന്ന സാമൂഹ്യ പ്രവര്‍ത്തനകാലവും കഠിന പാതകള്‍ താണ്ടിയ ജീവിതത്തേയും ഓര്‍ത്തെടുക്കുകയാണ് മേഴ്‌സി അലക്‌സാണ്ടര്‍
മേഴ്സി അലക്സാണ്ടര്‍
മേഴ്സി അലക്സാണ്ടര്‍ഫോട്ടോ:വിന്‍സെന്റ് പുളിക്കല്‍ /എക്‌സ്പ്രസ്‌

ത്സ്യത്തൊഴിലാളികളായ അലക്സാണ്ടറുടേയും വിക്ടോറിയയുടേയും മകള്‍ മേഴ്സിയോട് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാന്‍ ആരും പറഞ്ഞു ചെയ്യിച്ചതല്ല; അനവധി സമരാനുഭവങ്ങളുടെ തീപ്പന്തമായി സ്വന്തം ജീവിതം മാറുമെന്ന് മേഴ്സി അലക്സാണ്ടര്‍ പ്രതീക്ഷിച്ചിരുന്നുമില്ല. പക്ഷേ, സംഭവിച്ചത് അങ്ങനെയാണ്. തിരുവനന്തപുരത്തെ തീരദേശ ഗ്രാമങ്ങളിലൊന്നായ മരിയനാടു നിന്ന് തീരഗ്രാമങ്ങളിലാകെയും പുറത്തും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചു തുടങ്ങിയ പത്തിരുപതു വയസ്സുള്ള ഒരു പെണ്‍കുട്ടി ആ നാടിന് ഏറ്റവും പ്രിയപ്പെട്ടവരിലൊരാളായി മാറിയിട്ടു കാലം കുറേയായി. മത്സ്യത്തൊഴിലാളികളുടെ (സ്ത്രീകളുടെ പ്രത്യേകിച്ചും) നല്ല ജീവിതത്തിനു വേണ്ടിത്തന്നെയാണ് ഈ അറുപത്തിയേഴാം വയസ്സിലും മേഴ്സിയുടെ പ്രവര്‍ത്തനങ്ങള്‍. എല്ലാ മനുഷ്യരുടേയും നീതിക്കുവേണ്ടിയും ജീവിക്കുന്ന പ്രകൃതിക്കുവേണ്ടിയും അവര്‍ നടത്തുന്ന ഇടപെടലുകളെല്ലാം അതിന്റെ തുടര്‍ച്ച.

നാല് പതിറ്റാണ്ടിലധികമായ സാമൂഹിക പ്രവര്‍ത്തനത്തിന് പിന്തുണയും അംഗീകാരവും എളുപ്പത്തിലങ്ങ് വന്നുചേര്‍ന്നതല്ല. ''കുടുംബത്തില്‍ ഭയങ്കര എതിര്‍പ്പൊക്കെ ഉണ്ടായിരുന്നു എന്റെ ഈ പ്രവര്‍ത്തനങ്ങളോട്; ഭയങ്കര പ്രശ്നമുണ്ടായിരുന്നു. അതിനെയൊക്കെ അതിജീവിക്കാന്‍ കഴിഞ്ഞു. സഹപ്രവര്‍ത്തകരെയെല്ലാം ഞാന്‍ വീട്ടില്‍ കൊണ്ടുപോകുമായിരുന്നു. യൂണിയന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പുരുഷന്മാരെയായാലും വീട്ടില്‍ കൊണ്ടുപോകും, വീട്ടുകാര്‍ക്കൊക്കെ പരിചയപ്പെടുത്തും. ഞാന്‍ അവരുടെ കൂടെയൊക്കെയല്ലേ യാത്ര ചെയ്യുന്നത്. പക്ഷേ, വിവാഹം കഴിക്കാതെ ഒരു പെണ്‍കുട്ടി ഇങ്ങനെ നടക്കുമ്പോള്‍ നാട്ടില്‍ പലതും പറയും, ആ സമയത്തൊക്കെ'' - മേഴ്സി ആ കാലം ഓര്‍ക്കുന്നു. ''ചിലപ്പോള്‍ രാത്രിയിലായിരിക്കും ഇറങ്ങുന്നത്; ചിലപ്പോള്‍ ഇറങ്ങുന്ന സ്ഥലത്തു നിന്ന് ആയിരിക്കില്ല അടുത്ത ബസ് കയറുന്നത്. ലാസ്റ്റ് ബസിനൊക്കെയായിരിക്കും വീട്ടില്‍ വരുന്നത്. കാരണം, ഒരു ഗ്രാമത്തിലെ മീറ്റിംഗ് കഴിഞ്ഞ് അടുത്ത ഗ്രാമത്തിലേക്കു പോകും. ചിലപ്പോള്‍ രണ്ടു ദിവസമൊന്നും വീട്ടില്‍ വരില്ല; അഞ്ചുതെങ്ങില്‍ പോയാല്‍ അവിടെ, പുല്ലുവിളയില്‍ പോയാല്‍ അവിടെ താമസിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളുണ്ടാകും.'' പക്ഷേ, പെണ്ണിനെ പ്രസവിച്ചതിന് അമ്മ കേട്ടതൊക്കെ ഓര്‍മ്മയുള്ളതുകൊണ്ട് പ്രവര്‍ത്തിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല എന്ന് അവര്‍ പറയുന്നു. പെണ്ണായി ജീവിക്കണമെങ്കില്‍ ഇതിനൊരു മാറ്റമുണ്ടാകണം എന്നു ചിന്തിച്ചു. ''നമ്മുടെ കുടുംബങ്ങളില്‍ പെണ്ണിന് എപ്പോഴുമൊരു അവഗണനയാണല്ലോ. ഒരു മുന്‍ഗണന ഒരിക്കലും കിട്ടുന്നില്ല. അതു കിട്ടുന്ന ഒരു സമൂഹം ഉണ്ടാകണമെന്നുള്ള ആഗ്രഹത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.''

മേഴ്സി അലക്സാണ്ടര്‍ 
ജീവിതപങ്കാളി ക്രിസ്റ്റഫറിനൊപ്പം
മേഴ്സി അലക്സാണ്ടര്‍ ജീവിതപങ്കാളി ക്രിസ്റ്റഫറിനൊപ്പം

കെന്നഡി എന്നു വിളിപ്പേരുള്ള ജീവിതപങ്കാളി ക്രിസ്റ്റഫര്‍ മുഴുവന്‍സമയ സി.പി.എം പ്രവര്‍ത്തകന്‍, മകള്‍ നന്ദു നിയമ അദ്ധ്യാപിക. സ്ത്രീധനം കൊടുത്തുള്ള വിവാഹത്തിനൊന്നും എന്നെ കിട്ടില്ല എന്ന് നേരത്തേത്തന്നെ പറഞ്ഞിരുന്ന കാര്യം മേഴ്സി അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. ആര്‍ഭാടത്തിനും നില്‍ക്കില്ല എന്നും പറഞ്ഞിരുന്നു. വീട്ടില്‍ കുറച്ച് സ്ഥലമുണ്ടായിരുന്നതും കുടുംബവീടുണ്ടായിരുന്നതും മൂത്ത ചേച്ചിയെ കെട്ടിച്ചയച്ചപ്പോള്‍ കൊടുത്തു. ''ഞങ്ങള്‍ പൈസയൊന്നും കൊടുക്കില്ല; വീടും സ്ഥലവും കൊടുക്കും. രണ്ടാമത് വെച്ച വീട് രണ്ടാമത്തെ ചേച്ചിയെ കെട്ടിച്ചപ്പോള്‍ കൊടുത്തു. പിന്നെ എനിക്ക് വേണമെങ്കില്‍ അമ്മയുടെ കുടുംബത്തിലുള്ള ഒരേക്കര്‍ സ്ഥലത്തുനിന്ന് എടുക്കണം. അത് അമ്മയുടെ ചേച്ചിയുടെ പേരിലാണ്. അമ്മയുടെ ചേച്ചി ഭിന്നശേഷി വ്യക്തിയായിരുന്നതുകൊണ്ട് കല്യാണം കഴിച്ചില്ല. അതില്‍നിന്ന് ഇങ്ങോട്ട് വീതം വാങ്ങിക്കണം. അതു വാങ്ങിച്ച് എനിക്കു വേണ്ട എന്ന് ഞാന്‍ പറഞ്ഞു. സ്ത്രീധനം കൊടുക്കണ്ട; ആര്‍ഭാട വിവാഹവും വേണ്ട; പിന്നെ, എന്റെ ഈ പ്രവര്‍ത്തനത്തെ അംഗീകരിക്കുന്ന ഒരാളെയല്ലാതെ വിവാഹം ചെയ്യുകയുമില്ല എന്ന് പറഞ്ഞു.''

എതിര്‍പ്പൊക്കെ പതുക്കെപ്പതുക്കെ മാറി. പ്രവര്‍ത്തിക്കുന്നത് സ്ത്രീകള്‍ക്കും പ്രത്യേകിച്ച് മത്സ്യത്തൊഴിലാളി സമൂഹത്തിനും വേണ്ടിയാണ് എന്നുള്ളത് വലിയ അംഗീകാരമായി. ''അമ്മ ആദ്യമേ സപ്പോര്‍ട്ടാണ്. പൈസയൊക്കെ തരുന്നത് അമ്മയല്ലേ. വണ്ടിക്കൂലിക്ക് പൈസ വേണ്ടേ? അതൊക്കെ തരുന്നത് അമ്മ തന്നെയാണ്. പിന്നെ, ക്രമേണ സഹോദരങ്ങളൊക്കെ ഈ സംഘടനാ പ്രവര്‍ത്തനത്തിന് ഇറങ്ങി; ചേച്ചി ഇറങ്ങി. അങ്ങനെ ഓരോരുത്തര്‍ വന്നുകഴിഞ്ഞപ്പോള്‍ വീട്ടിലും പിന്നെ നാട്ടിലും അംഗീകാരമായി. നാട്ടില്‍ ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരുപാട് ഗ്രൂപ്പുകള്‍ വന്നു. മറ്റു ഗ്രാമങ്ങളില്‍ പോയപ്പോള്‍ അവിടെയും വലിയ പിന്തുണയായി. ഈ പ്രായത്തില്‍ ഒരു പെണ്‍കുട്ടി ഇങ്ങനെ ഓടിനടന്നു പ്രവര്‍ത്തിക്കുന്നു എന്ന അര്‍ത്ഥത്തില്‍ അതൊരു വലിയ അംഗീകാരമായി മാറി'' - വിഷമിപ്പിച്ച കാലം സന്തോഷത്തിന്റേയും അഭിമാനത്തിന്റേതുമായി മാറിയതിനേക്കുറിച്ച് അവര്‍ പറഞ്ഞു.

സഖിമാരും ഞാനും

സ്ത്രീപക്ഷ സാമൂഹിക പ്രവര്‍ത്തനത്തിനും ഇടപെടലുകള്‍ക്കും പേരുകേട്ട തിരുവനന്തപുരത്തെ 'സഖി'യുടെ തുടക്കം മുതല്‍ മേഴ്സി അലക്സാണ്ടര്‍ അതിന്റെ ഭാഗമാണ്. 1996-ലാണ് സഖി തുടങ്ങുന്നത്. 1999-ല്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തു. അന്നു മുതല്‍ മെമ്പറും ട്രഷററുമൊക്കെയായിരുന്നു. ഏലിയാമ്മ വിജയന് കിട്ടിയ ഒരു ഫെല്ലോഷിപ്പായിട്ടാണ് സഖി വിമന്‍സ് റിസോഴ്സ് സെന്റര്‍ തുടങ്ങുന്നത്. കേരളത്തില്‍ അന്ന് സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു വിഭവകേന്ദ്രം ഒന്നുമില്ലായിരുന്നു. മക്കാര്‍ത്ത് ഫൗണ്ടേഷനില്‍നിന്ന് മൂന്നുവര്‍ഷത്തേക്ക് വ്യക്തിപരമായി കിട്ടിയ ഫെല്ലോഷിപ്പ് സംഘടനയാക്കി മാറ്റി. ലൈബ്രറിയും റിസോഴ്സ് സെന്ററുമായി. ന്യൂസ് ലെറ്റര്‍ തുടങ്ങി. ജനകീയാസൂത്രണ പ്രസ്ഥാനവുമായി സഹകരിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികള്‍ക്കുവേണ്ടി പരിശീലന പരിപാടികള്‍ ആരംഭിച്ചു. കൂടുതലും ജെന്ററുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുന്നതിനുവേണ്ടിയുള്ള പരിശീലനങ്ങളും ജെന്റര്‍ ട്രെയിനിംഗ്. ജനകീയാസൂത്രണ പ്രസ്ഥാനം വനിതാ ഘടക പദ്ധതികളുടെ ഭാഗമായി 10 ശതമാനം ഫണ്ട് സ്ത്രീകള്‍ക്ക് മാറ്റിവച്ചു. പക്ഷേ, തുടക്കത്തില്‍ അത് എന്തിനുവേണ്ടി ചെലവഴിക്കണം എന്നറിയില്ലായിരുന്നു. ''വനിതാ കോഴി, വനിതാ ആട്, വനിതാ കക്കൂസ്, വനിതാ റോഡ്'' അങ്ങനെയൊക്കെയാണ് ചെയ്തിരുന്നത്. പക്ഷേ, സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ ആരംഭിക്കണം എന്നായിരുന്നു ജനകീയാസൂത്രണത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കം. അങ്ങനെ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനുവേണ്ടി പദവി പഠനം നടത്തി. സഖി ആദ്യമായിട്ട് കാപ്ടെക് എന്ന സംഘടനയുമായി ചേര്‍ന്ന് നാലു പഞ്ചായത്തുകളില്‍ സ്ത്രീപദവി പഠനം നടത്തി. ആ പഠനത്തിന്റെ പശ്ചാത്തലത്തില്‍ കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍) സഖിയുമായി സഹകരിച്ച് കൂടുതല്‍ പഞ്ചായത്തുകളിലേക്ക് സ്ത്രീപദവി പഠനം വ്യാപിപ്പിക്കുകയും ചെയ്തു.

ഏലിയാമ്മ വിജയന്
ഏലിയാമ്മ വിജയന്

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ ശക്തമായി. കൂടുതല്‍ സ്ത്രീകള്‍ പൊതുരംഗത്ത് വന്നു. പക്ഷേ, തീരുമാനമെടുക്കുന്ന വേദികളിലൊന്നും അപ്പോഴും സ്ത്രീകളില്ല. പ്രാദേശിക സംവിധാനത്തില്‍ സ്ത്രീകള്‍ ഉണ്ട്. പക്ഷേ, നിയമസഭയിലോ പാര്‍ലമെന്റിലോ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ്. ഒരു ശതമാനമോ രണ്ട് ശതമാനമോ ഒക്കെയാണ്. സ്ത്രീകള്‍ക്ക് അത്തരത്തിലുള്ള രാഷ്ട്രീയ അവബോധം ഉണ്ടാക്കിയെടുത്തുകൂടി വേണം മാറ്റം വരുത്താന്‍. അതിനു പറ്റിയ വേദി പഞ്ചായത്തുകളാണ്. അതിന് നമ്മള്‍ റിസോഴ്സ് ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അതിനോടൊപ്പം കൗമാര പ്രായത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി ജീവിത നൈപുണ്യ വിദ്യാഭ്യാസ പരിപാടി പഞ്ചായത്തുകളുമായി സഹകരിച്ചുകൊണ്ട് ചെയ്യാന്‍ തുടങ്ങി. ഒരു പഞ്ചായത്തില്‍ മൂന്നും നാലും സെന്ററുകള്‍ ഉണ്ടാക്കി ക്ലാസ്സ് കൊടുക്കുന്ന രീതിയില്‍ അതിനുവേണ്ടി ഒരു മോഡ്യൂള്‍ ഉണ്ടാക്കി. വിരിയുന്ന മുകുളങ്ങള്‍. സ്‌കൂളില്‍ അദ്ധ്യാപകര്‍ അത് ഉപയോഗിച്ചുകൊണ്ടാണ് പരിശീലന പരിപാടികള്‍ നടത്തിയത്. ആദ്യം പെണ്‍കുട്ടികള്‍ക്ക്; പെണ്‍കുട്ടികള്‍ക്കു മാത്രം ചെയ്തിട്ട് പ്രയോജനമില്ലാത്തതുകൊണ്ട് ആണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം കൊടുക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് എടുത്തുകൊണ്ട് അവര്‍ക്ക് ജീവിത നൈപുണ്യ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പരിശീലന പരിപാടി നടത്തി.

''കുഞ്ഞിനെ ഒന്‍പതു മാസം ഗര്‍ഭാവസ്ഥയില്‍ ചുമന്ന്, പ്രസവിച്ച് അതിനുവേണ്ടിയുള്ള പരിചരണം കൊടുത്ത് പരിപാലിച്ച് അതിന് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയാക്കുന്നത് സ്ത്രീയാണ്. അതേപ്പോലെ വീട്ടിലും പ്രായമായവരെയൊക്കെ നോക്കുന്നത് സ്ത്രീകളാണ്. ആ സ്ത്രീകളെ അത്തരത്തില്‍ പ്രകൃതിയെ സംരക്ഷിക്കാനും പരിപാലിക്കാനും പ്രാപ്തരാക്കുന്ന ഒരു പരിശീലന പരിപാടി കൊണ്ടുവന്നു. ലിംഗനീതിയെക്കുറിച്ചുള്ള അവബോധത്തിനൊപ്പം സ്ത്രീകള്‍ക്ക് ഈ അവബോധം കൂടി കിട്ടിയാല്‍ ഒരു കുടുംബത്തിനുള്ളിലാകെ ആ അവബോധം കിട്ടും. അങ്ങനെ കുട്ടികള്‍ക്കും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പരിശീലനങ്ങള്‍, പ്ലാസ്റ്റിക്കിന് എതിരായിട്ടുള്ള ബദലുകള്‍ ഇങ്ങനെയുള്ളതൊക്കെ പരിശീലനത്തിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചു. ഇത് 1996-ല്‍ തുടങ്ങി ഇപ്പഴും തുടരുന്നു.''

മേഴ്സി അലക്സാണ്ടര്‍
കോണ്‍ഗ്രസ്സുകാര്‍ എന്നെ കമ്യൂണിസ്റ്റാക്കി

സ്ത്രീപക്ഷ കാഴ്ചപ്പാട് ഉള്ളവരാണ് സഖിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. മികച്ച സാമൂഹിക അവബോധവും ഉള്ളവരായിരുന്നു സഖിയിലെ അന്നത്തെ തലമുറ. മത്സ്യത്തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിച്ച അനുഭവത്തിന്റെ പശ്ചാത്തലം ഉപകാരപ്പെട്ടു എന്നതാണ് ശരി. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയില്‍ പല പ്രശ്നങ്ങളുമുണ്ട്. പരമ്പരാഗതമേഖലയില്‍ ജോലി ചെയ്യുന്നവരോ വീട്ടുജോലി ചെയ്യുന്നവരോ ആയിരുന്നാലും തെരുവുകച്ചവടക്കാര്‍ ആയിരുന്നാലും മത്സ്യക്കച്ചവടം ചെയ്യുന്നവരായാലും ഹോം നേഴ്സായിട്ട് പോകുന്നവരായാലും ഇവര്‍ക്ക് ഒരു സംഘടനാരൂപം ഒന്നുമുണ്ടായിരുന്നില്ല. ഇവരെല്ലാം ചൂഷണം നേരിടുന്നുണ്ടായിരുന്നു. ഒരു സംഘടനാരൂപം ഉണ്ടാക്കി അവരെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍കരിക്കുക, അതോടൊപ്പം തന്നെ ജോലിക്കാരെ ആവശ്യമുള്ളവര്‍ സ്ഥാപനത്തില്‍ വന്ന് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ മാത്രമേ ആളെ എടുക്കാന്‍ പറ്റുകയുള്ളൂ, അതിന് രജിസ്ട്രേഷന്‍ ഫീസ്, ജോലിക്ക് സ്ത്രീകളെ കൊടുത്തുകഴിഞ്ഞാല്‍ സ്ഥാപനമായാലും വീടുകളായാലും അവിടെ ഇടയ്ക്കു പോയി നോക്കുക തുടങ്ങിയതൊക്കെ ചെയ്യുന്ന സേവ എന്ന സംഘടന ഇതിനിടെ തീരമേഖലയില്‍ തുടങ്ങിയിരുന്നു. ഈ അനുഭവത്തിന്റെ പശ്ചാത്തലം പിന്നീടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനപ്പെട്ടു.

ജീവിതം തുടങ്ങുന്നു

മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പശ്ചാത്തലം ജീവിതത്തിലെ എല്ലാ ഇടപെടലുകളേയും സ്വാധീനിച്ചുവെന്ന് മേഴ്സി അലക്സാണ്ടര്‍ പറയുന്നു. അച്ഛനും അമ്മയും മത്സ്യത്തൊഴിലാളികള്‍. അച്ഛന്‍ മത്സ്യം പിടിക്കാന്‍ പോകും, അമ്മ ചന്തയില്‍ മീന്‍ വില്‍ക്കാന്‍ പോകും. എട്ടു മക്കളില്‍ മൂന്നാമത്തേത്. ആദ്യത്തെ മൂന്നു പേര്‍ പെണ്‍കുട്ടികള്‍ ബാക്കി 5 ആണ്‍കുട്ടികള്‍. ''പെണ്‍കുട്ടികളായി ജനിക്കുന്നതുതന്നെ വലിയ പ്രശ്നമായിരുന്നു. അന്നൊക്കെ ഞങ്ങള്‍ക്കിടയില്‍ പ്രസവം കഴിഞ്ഞ് 40 ദിവസം പുറത്തിറങ്ങാന്‍ പാടില്ല. 40-ന്റെയന്ന് അമ്മ കുഞ്ഞിനേയുംകൊണ്ട് പള്ളിയില്‍ പോയി അച്ചന്‍ ആശീര്‍വദിച്ചതിനു ശേഷമേ പുറത്തുപോകാറുള്ളൂ. പിന്നെയേ തൊഴിലെടുക്കാന്‍ ഒക്കെ പോകാന്‍ പറ്റൂ. നാല്‍പ്പതിന്റെ അന്ന് ഒരു ഞായറാഴ്ച പള്ളിയില്‍ ഒക്കെ പോയിട്ട് അമ്മയുടെ വീട്ടിലേക്ക് പോയപ്പോള്‍ അമ്മയുടെ ഒരു ചേച്ചി ചോദിച്ചു, നീ പെണ്ണിനെ പ്രസവിച്ച് വന്നാല്‍ ഇവിടെ എന്തെങ്കിലും സമ്പാദിച്ച് വച്ചിട്ടുണ്ടോ? അമ്മ പറഞ്ഞ് ഞാന്‍ കേട്ടതാണ്. അത് അമ്മയ്ക്ക് ഭയങ്കര വിഷമമായി. അമ്മ എന്നെ എടുത്തിട്ട് തിരിച്ചു വീട്ടിലേയ്ക്ക് വന്നു. അമ്മ ഇത് ഇങ്ങനെ ഇടയ്ക്കിടയ്ക്ക് പറയുന്നതു കേട്ടാണ് വളര്‍ന്നത്. അപ്പോള്‍ ഞാന്‍ ഓര്‍ത്തു ഞാനൊരു പെണ്ണായി ജനിച്ചതുകൊണ്ടാണല്ലോ എന്റെയമ്മ അതു കേള്‍ക്കേണ്ടിവന്നത്. എനിക്കു ശേഷം എല്ലാം ആണ്‍കുട്ടികളായതിനാല്‍ ആ പ്രശ്നം ഇല്ലല്ലോ. അമ്മ ചന്തയില്‍ രാവിലെ പോകും, എന്തെങ്കിലും ഭക്ഷണമുണ്ടാക്കിവെച്ചിട്ട്. അച്ഛന്റെ ഒരു ചിറ്റമ്മയുണ്ട്, അവര്‍ക്ക് നടക്കാന്‍ കഴിയില്ല. ചിറ്റമ്മ ഇഴഞ്ഞ് വീട്ടിലെ എല്ലാ ജോലിയും ചെയ്യും. എല്ലാം അടുത്തടുത്തുവെച്ച് കൊടുത്താല്‍ മതി. ആ അമ്മാമ്മയാണ് വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്തുകൊണ്ടിരുന്നത്. നമ്മള്‍ കുട്ടികള്‍ സ്‌കൂളില്‍ പോകും. പോയാലും പോയില്ലെങ്കിലും ആരും അതൊന്നും അന്വേഷിക്കത്തില്ല. കാരണം അച്ഛനും കടലില്‍ പോയിട്ടു വന്ന് വലയുടേയും മറ്റും പണികളൊക്കെ കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ വൈകുന്നേരമാകും. അമ്മ ചന്തയില്‍നിന്ന് വരുമ്പോള്‍ രാത്രിയാകും. അപ്പോള്‍പ്പിന്നെ ഞങ്ങള്‍ സ്‌കൂളില്‍ പോകുന്നതൊന്നും അത്ര കാര്യമല്ല. അന്നത്തെ മത്സ്യത്തൊഴിലാളി മേഖലയിലെ ഒരു പ്രശ്നമായിരുന്നു ഇതൊക്കെ. അങ്ങനെ ഞാന്‍ പത്താം ക്ലാസ്സ് ആയിനില്‍ക്കുന്ന സമയത്താണ് മരിയനാട് എന്ന പുതിയൊരു ഗ്രാമം ഉണ്ടാകുന്നത്. തിരുവനന്തപുരം രൂപതയ്ക്കു തദ്ദേശീയനായ ഒരു ബിഷപ്പ് ഉണ്ടായി. പീറ്റര്‍ ബര്‍ണാഡ് പെരേര. അദ്ദേഹം മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ജില്ലയുടെ തെക്കന്‍ ഭാഗത്തുനിന്നും വടക്കന്‍ ഭാഗത്തുനിന്നും മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് ഒരു പുതിയ ഗ്രാമം സൃഷ്ടിച്ചു. അന്ന് മരിയനാട് കോളനി എന്നാണ് പറയുന്നത്. 1960 കാലഘട്ടത്തിലാണ്. അവിടെ സ്ത്രീകള്‍ക്കു വേണ്ടി മഹിളാസമാജം, അതുപോലെ അമ്മമാര്‍ ചന്തയില്‍ പോകുമ്പോള്‍ കുട്ടികളെ നോക്കാന്‍ വേണ്ടി നേഴ്സറി, മത്സ്യത്തൊഴിലാളി സഹകരണ സംഘം, ഭവനനിര്‍മ്മാണ സഹകരണ സംഘം, അങ്ങനെയുള്ള പല പരീക്ഷണങ്ങളും അവിടെ നടക്കുന്നുണ്ടായിരുന്നു. 1970 കാലഘട്ടമായപ്പോഴേക്കും മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നുള്ള പത്താംക്ലാസ്സ് തോറ്റ പെണ്‍കുട്ടികളെ എടുത്തുകൊണ്ട് ആറുമാസത്തെ നഴ്സറി പരിശീലനം മരിയനാട് നടത്തുന്നുണ്ടായിരുന്നു. ആദ്യത്തെ ബാച്ചില്‍ ഞങ്ങളുടെ അടുത്തുള്ള ഒരു ചേച്ചി ആ പരിശീലനത്തില്‍ പങ്കെടുത്ത് നഴ്സറി സ്‌കൂള്‍ തുടങ്ങി.''

ബിഷപ്പ്  ബര്‍ണാഡ് പെരേര.
ബിഷപ്പ് ബര്‍ണാഡ് പെരേര.

''ഞാന്‍ ഈ പത്താം ക്ലാസ്സ് വരെ എത്തുന്നു എന്നു പറയുന്നതുതന്നെ വലിയൊരു സംഘര്‍ഷത്തിലൂടെയാണ്. കാരണം മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഗവണ്‍മെന്റ് സ്‌കൂളുകളില്‍നിന്നു കിട്ടുന്നത് നല്ല പെരുമാറ്റമാണെങ്കിലും പ്രൈവറ്റ് സ്‌കൂളുകളില്‍, പ്രത്യേകിച്ച് കോണ്‍വെന്റ് സ്‌കൂളുകളില്‍ ഒക്കെ ചെല്ലുമ്പോള്‍ വലിയ പരിഗണനയൊന്നും കിട്ടത്തില്ല. എല്ലാവരും പഠിക്കാന്‍ പോകുന്നു. എല്ലാവര്‍ക്കും കുട കാണില്ല, എല്ലാവര്‍ക്കും ബസ്‌കൂലി തന്ന് സ്‌കൂളില്‍ വിടാന്‍ കഴിയില്ല. നമ്മള്‍ മഴനനഞ്ഞൊക്കെ പോകും. അതേപ്പോലെത്തന്നെ നമുക്ക് ബുക്കുകള്‍ കാണത്തില്ല. ചിലപ്പോള്‍ ഹോംവര്‍ക്ക് ചെയ്യില്ല. അന്ന് ലൈറ്റ് ഇല്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഇരുന്നാണ് ഹോംവര്‍ക്ക് ചെയ്യുക. അങ്ങനെ കുറെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ 8-ാം ക്ലാസ്സില്‍ പോയത് ഒരു കോണ്‍വെന്റ് സ്‌കൂളിലാണ്. നമുക്കൊരു പരിഗണനയും ഇല്ല. മീന്‍ മണം എന്നു പറഞ്ഞ് ഏറ്റവും പുറകിലിരുത്തും. അതേസമയം ഏഴാം സ്റ്റാന്‍ഡേര്‍ഡ് വരെ പഠിച്ച സ്‌കൂളിലാണെങ്കില്‍ എനിക്ക് ഭയങ്കര അംഗീകാരമാണ്. എന്റെ കഴിവുകള്‍ക്ക് അംഗീകാരം ഉണ്ടായിരുന്നു; അത് പള്ളിവക സ്‌കൂള്‍ ആയിരുന്നു. നാലാം ക്ലാസ്സ് വരെ സര്‍ക്കാര്‍ സ്‌കൂള്‍. അത് കഴിഞ്ഞ് പള്ളിവക സ്‌കൂള്‍. എന്നാലും അവിടുത്തെ അദ്ധ്യാപകര്‍ നമ്മുടെ കഴിവുകളെ പ്രോല്‍സാഹിപ്പിക്കുമായിരുന്നു. ഇവിടെ നമുക്കൊരു അവഗണന പോലെയാണ്. ആ സ്‌കൂളില്‍ പോകാനും തോന്നില്ല. മഴനനഞ്ഞ് ചെന്നാല്‍ നമ്മളെ പുറത്ത് നിര്‍ത്തും. അല്ലെങ്കില്‍ ഒരു യൂണിഫോം നമ്മളവിടെ കൊണ്ടുവയ്ക്കണം. ആകെ രണ്ട് യൂണിഫോമാണ് ഉള്ളത്. ഒന്ന് ഇട്ടിട്ടുവരും. ഒന്ന് വീട്ടില്‍ നനച്ചിടും. ദിവസവും ഇടണമല്ലോ അപ്പോള്‍ ഇവിടെ കൊണ്ടുവയ്ക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ ഒന്‍പതിലായപ്പോള്‍ ആ സ്‌കൂളില്‍ ഞാനിനി പഠിക്കില്ല എന്നു പറഞ്ഞു. എന്നും വീട്ടില്‍നിന്ന് ആളെ വിളിച്ചുകൊണ്ടുവരാന്‍ പറയും. അമ്മയ്ക്ക് എന്നും ചന്തയില്‍ പോയല്ലേ പറ്റൂ. അച്ഛന് കടലിലും. വീട്ടില്‍ വേറെ ആരും ഇല്ല വരാന്‍. അപ്പോഴേക്കും പഠനം അവിടെ നിര്‍ത്തിയിട്ട് ഞങ്ങളുടെ അടുത്ത് കണിയാപുരം മുസ്ലിം ഹൈസ്‌കൂളില്‍ 10-ാം ക്ലാസ്സില്‍ പോയി ഇരുന്നു. പക്ഷേ, ടി.സി. വാങ്ങി കൊടുക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ പറ്റിയില്ല. അങ്ങനെ ഞാന്‍ നില്‍ക്കുന്ന സമയത്താണ് ആ ചേച്ചി പറഞ്ഞത്, ''ഇങ്ങനെ ഒരു ട്രെയിനിംഗ് ഉണ്ട്. പള്ളിയില്‍നിന്ന് ഒരു കത്ത് വാങ്ങി കൊണ്ടുപോയാല്‍ നിനക്ക് കിട്ടും.'' അപ്പോള്‍ എനിക്ക് 18 വയസ്സ് ആയിട്ടില്ല 16 വയസ്സേ ഉള്ളൂ. ''നീ സാരിയൊക്കെ ഉടുത്തു പോയാല്‍ ആള്‍ വലിപ്പമുള്ളതുകൊണ്ട് നിന്നെ ട്രെയിനിംഗിന് എടുക്കും.'' അവിടെനിന്ന് മൂന്ന് പേര്‍ പള്ളിയിലെ അച്ചനില്‍നിന്ന് കത്ത് വാങ്ങി പോയി. രണ്ട് പേരെ എടുത്തു. അതില്‍ ഒന്ന് എന്നെയായിരുന്നു. ആറ് മാസത്തെ ട്രെയിനിംഗ്. അവിടെ താമസിച്ചുകൊണ്ടാണ്. ആ ട്രെയിനിംഗ് സാമൂഹിക മേഖലയെക്കുറിച്ചുള്ള ഒരു വിശകലനത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കിത്തരുന്നതായിരുന്നു. ആരോഗ്യമേഖല, വിദ്യാഭ്യാസമേഖല, തൊഴില്‍മേഖല അങ്ങനെ ഏതു മേഖലയെക്കുറിച്ചായിരുന്നാലും നമ്മുടെ സംസ്ഥാനത്തെക്കുറിച്ചായാലും ഒരു സാമൂഹ്യ വിശകലനം. അങ്ങനെ ഒരു പരിശീലനം ആയിരുന്നു. സാമൂഹിക സേവനം നടത്താന്‍ വേണ്ടിയുള്ള ഒരു പരിശീലിപ്പിക്കല്‍. കാരണം പെണ്‍കുട്ടികള്‍ക്ക് /യുവതികള്‍ക്ക് പരിശീലനം കൊടുത്താല്‍ അവര് ബാക്കിയുള്ള സ്ത്രീകളെയൊക്കെ സംഘടിപ്പിച്ച് പരിശീലന ക്ലാസ്സുകള്‍ കൊടുക്കുകയും ചെയ്യും. ആ തരത്തിലാണ് ആ പരിശീലനം നടത്തിയത്. അവിടെത്തന്നെ പ്രായോഗിക പരിശീലനവും തരും. അവിടെ നേഴ്സറിയും ക്രഷും ഉണ്ട്, സഹകരണ സംഘവും ക്ലിനിക്കും ഉണ്ട്. അങ്ങനെ എല്ലാ സ്ഥലത്തും പോയി പ്രാക്ടിക്കലായിട്ട് നമുക്ക് ചെയ്യാം. രാവിലെ മുതല്‍ ഉച്ചവരെ ക്ലാസ്സും ഉച്ച മുതല്‍ പ്രാക്ടിക്കലിനും പോകാം. ചില ദിവസം ഡിസ്പെന്‍സറിയില്‍ രാവിലെ തന്നെ പോകാം.''

മേഴ്സി അലക്സാണ്ടര്‍
മേഴ്സി അലക്സാണ്ടര്‍ഫോട്ടോ:വിന്‍സെന്റ് പുളിക്കല്‍ /എക്‌സ്പ്രസ്‌

അതൊക്കെ നല്ല അനുഭവങ്ങളായിരുന്നു. സ്വന്തമായി പാചകം ചെയ്യണം, ക്ലീനിംഗ് ജോലികള്‍ ചെയ്യണം. അപ്പോള്‍ സൂപ്പര്‍വിഷന്‍ ചെയ്യാന്‍ ഈ ട്രെയിനിംഗ് നടത്തുന്നവര്‍ ആഴ്ചതോറും എല്ലാവരുടേയും പ്രകടനങ്ങള്‍ വിലയിരുത്തി മാര്‍ക്കുകള്‍ എഴുതും. ''നമുക്കവിടെ സ്ഥലം തന്നിട്ടുണ്ട്. അവിടെ കൃഷി ചെയ്യാം. കൃഷി ചെയ്യുന്ന സാധനങ്ങള്‍ നമ്മുടെ കിച്ചനിലേക്ക് എടുത്തു കഴിഞ്ഞാല്‍ വിലയും തരും. അതൊരു നല്ല അനുഭവമായിരുന്നു. ഒരു കുടുംബത്തിനുള്ളില്‍ എങ്ങനെ ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാം എന്ന പരിശീലനം. വീട്ടിലാണെങ്കില്‍ നമ്മള്‍ പാചകമൊന്നും അങ്ങനെ ചെയ്യാറില്ല. ഇവിടെ അതൊരു പുതിയ അനുഭവമായിരുന്നു രാവിലെ എഴുന്നേറ്റ് ഓരോരുത്തരും അവര്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട ജോലികള്‍ ചെയ്യണം. അങ്ങനെ പലതരത്തിലുള്ള അനുഭവം. ആ പരിശീലനം കഴിഞ്ഞ് 6 മാസം കഴിഞ്ഞപ്പോള്‍ ആ ബാച്ചിലെ ബെസ്റ്റ് സ്റ്റുഡന്റ് ഞാനായിരുന്നു. അവിടെത്തന്നെ തയ്യല്‍ ക്ലാസ്സും വലയുണ്ടാക്കുന്ന ഒരു യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഒരു വനിതാകേന്ദ്രം പോലെ. പരിശീലനം കഴിഞ്ഞപ്പോള്‍ എനിക്ക് അവിടെയുള്ളവര്‍ക്ക് അക്ഷരം പഠിപ്പിച്ചുകൊടുക്കുന്ന ജോലി തന്നു. അവരെ മറ്റു കാര്യങ്ങളില്‍ സഹായിക്കാന്‍ പറഞ്ഞ് എന്നെ അവിടെത്തന്നെ നിര്‍ത്തി. 35 രൂപ ശമ്പളമുള്ള ചുമതലയായിരുന്നു അത്; 1976 കാലത്ത്.

അനുഭവങ്ങള്‍ അറിവുകള്‍

വലിയ അനുഭവങ്ങളുടെ കാലമായിരുന്നു അത്. മറ്റു ഗ്രാമങ്ങള്‍ ഒക്കെ പോയി കാണാം. അതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു. ഞങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ക്ക് ഇഷ്ടം പോലെ സ്ഥലം ഉണ്ട്. കിണറുണ്ട്. സ്വന്തം നല്ല വീടുണ്ട്. തെക്കന്‍ ഭാഗത്തൊക്കെ പോകുമ്പോള്‍ കണ്ടത് പന്നിയും കുട്ടികളും ഒരുമിച്ച് റോഡിലിരുന്ന് വെള്ളം കുടിക്കുന്നത്, കുട്ടികള്‍ കഴിക്കുന്ന പാത്രത്തില്‍നിന്നുതന്നെ പന്നി വന്ന് കഴിക്കുന്നത്, ഇങ്ങനെയുള്ള ഒരു അന്തരീക്ഷമായിരുന്നു. നടക്കാന്‍ സ്ഥലമില്ലാത്തവിധം ആളുകള്‍ തിങ്ങിഞെരിഞ്ഞ് താമസിക്കുന്ന ഇടങ്ങള്‍. അതൊക്കെ കാണുമ്പോള്‍, ഇങ്ങനെയൊക്കെ മനുഷ്യര്‍ ജീവിക്കുന്നത് കാണുമ്പോള്‍ വലിയ വിഷമമാണ്. ട്രെയിനിംഗ് കിട്ടിയവര്‍ എല്ലാവരും ഗ്രാമങ്ങളില്‍ മഹിളാസമാജങ്ങള്‍ ഉണ്ടാക്കി. മഹിളാ സമാജങ്ങളിലെ സ്ത്രീകള്‍ ചന്തയില്‍ മത്സ്യം വില്‍ക്കാന്‍ പോകുന്ന സ്ത്രീകളാണ്. അവരുടെ കുട്ടികളാണ് നേഴ്സറികളിലുള്ളത്. 1978 ആയപ്പോഴേക്കും തിരുവനന്തപുരം സിറ്റി കേന്ദ്രീകരിച്ചുകൊണ്ട് പ്രോഗ്രാംസ് ഓഫ് കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതിന്റെ ഭാഗമായി മഹിളാസമാജങ്ങളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ദിവസത്തെ സെമിനാര്‍ വെച്ചു. 1978 ഡിസംബര്‍ 30-നായിരുന്നു. അന്ന് അതില്‍ പങ്കെടുത്ത സ്ത്രീകളൊക്കെ അവരുടെ പല ബുദ്ധിമുട്ടുകള്‍ പറഞ്ഞതില്‍ പ്രധാനം കച്ചവടത്തിനു പോകുമ്പോഴത്തെ യാത്രാബുദ്ധിമുട്ടായിരുന്നു. മീനില്‍ നിന്നുള്ള വെള്ളം ഒലിച്ചിറങ്ങുന്ന കുട്ടയും തലയില്‍ വച്ച് വീടുകളിലും ചന്തകളിലും പോയി വിറ്റിട്ട് തിരിച്ചുവരുമ്പോള്‍ ഉച്ച കഴിയും. വീണ്ടും വൈകുന്നേരം ചന്തയ്ക്ക് പോകണം. യാത്രാസൗകര്യം കിട്ടുകയാണെങ്കില്‍ വീടുകളില്‍നിന്ന് രാവിലെ 9-ന് ഇറങ്ങി 10 മണിക്ക് ചന്തയില്‍ എത്തും. 12 മണിക്ക് തിരിച്ച് ആ ബസില്‍ത്തന്നെ വീട്ടിലേയ്ക്കു വരാം. പിന്നെ ഉച്ചയ്ക്കുശേഷം നാലുമണിക്ക് പോയാല്‍ മതി. ആറുമണിയാകുമ്പോള്‍ ചന്ത പിരിയും, നേരത്തേ വീട്ടിലെത്താം. അപ്പോള്‍ അവരുടെ പ്രധാന ആവശ്യം യാത്രാസൗകര്യമായിരുന്നു. രണ്ടാമത്തേത് ചന്തയില്‍ അടിസ്ഥാന സൗകര്യം വേണം. വെള്ളമില്ല, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യമില്ല, ഷെഡ്ഡുകള്‍ ഇല്ല. അവര്‍ക്ക് വീടൊക്കെയുണ്ടെങ്കിലും പുറമ്പോക്ക് ഭൂമിയായിരുന്നു; പട്ടയമില്ല. ഈ മൂന്ന് ആവശ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് അവര്‍ പറഞ്ഞു. ഇത് ഞങ്ങള്‍ക്ക് നേടിയെടുക്കണം. എത്ര സ്ത്രീകള്‍ ചന്തയില്‍ പോകുന്നുവെന്നറിയണം, ഏതൊക്കെ ചന്തകളാണ്? ചന്തകളുടെ സമയം, പട്ടയമില്ലാത്തവര്‍ എത്ര പേരുണ്ട്? ചന്തയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്തൊക്കെയാണ് ഉള്ളത്? ഇതിനെ പറ്റിയൊക്കെ ഒരു പഠനം നടത്തണമെന്ന് പറഞ്ഞു. അങ്ങനെ ഒരു പഠനം നടത്തി. 1978-1979 ആയപ്പോള്‍ ആ പഠനം ഒരു റിപ്പോര്‍ട്ടാക്കി. എല്ലാ സ്ഥലത്തും ഇത്തരം സ്ത്രീകളെ സംഘടിപ്പിക്കാന്‍ തുടങ്ങി. എല്ലാ സ്ഥലത്തും സ്ത്രീകളുടെ ഗ്രൂപ്പുകളെ വിളിച്ചുകൂട്ടി. ആ സമയത്ത് മത്സ്യത്തൊഴിലാളി വനിതാസംഘടന എന്ന ഗ്രൂപ്പുണ്ടാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്‍ബലം ഇല്ലാതെ. ഗ്രാമങ്ങളിലൊക്കെ അവരുടെ മീറ്റിംഗ് വിളിച്ചുകൂട്ടി. അന്ന് പള്ളികളില്‍ പോയി അച്ചന്‍മാര്‍ക്ക് എഴുതിക്കൊടുത്താല്‍ അവരത് അനൗണ്‍സ് ചെയ്യും. മത്സ്യക്കച്ചവടം ചെയ്യുന്ന സ്ത്രീകളുടെ മീറ്റിംഗ് ഉണ്ട്. പള്ളി കഴിയുമ്പോള്‍ എല്ലാവരും കൂടണമെന്ന് പറയും. അപ്പോള്‍ ഈ കച്ചവടം ചെയ്യുന്ന സ്ത്രീകള്‍ മുഴുവന്‍ അവിടെ കൂടും. നമ്മള്‍ ഈ കാര്യങ്ങള്‍ സംസാരിക്കും. അപ്പോള്‍ അവര്‍ക്ക് വളരെ ആവേശമാകും. അവര്‍ ഉടനെത്തന്നെ അടുത്ത മീറ്റിംഗിനുള്ള ദിവസം പറയും. പഠനം നടത്താന്‍ അവരൊക്കെയാണ് നമ്മളെ സഹായിച്ചത്. 1980 ആയപ്പോള്‍ ഇത് നിവേദനമാക്കി സര്‍ക്കാരിന് നല്‍കി. സി.എച്ച്. മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക മന്ത്രിസഭയാണ് ഭരിക്കുന്നത്. മുഖ്യമന്ത്രിയെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞു, മണക്കുന്ന സാധനങ്ങള്‍ ഒന്നും ബസില്‍ കൊണ്ടുപോകാന്‍ പറ്റില്ല. നിങ്ങള്‍ക്ക് കുട്ടികളുടെ പ്രശ്നമാണെങ്കില്‍ ഗ്രാമങ്ങളിലൊക്കെ നമുക്ക് ക്രഷുകള്‍ തുടങ്ങാം. ആരോഗ്യപ്രശ്നമാണെങ്കില്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ അവിടെ തുടങ്ങാം. സബ് സെന്ററുകള്‍ ഒക്കെ ഉണ്ടാക്കാം, അല്ലാതെ ബസില്‍ മണക്കുന്ന സാധനങ്ങള്‍ കൊണ്ടുപോകാന്‍ പറ്റില്ല. ഞങ്ങള്‍ സ്ത്രീകളുമൊക്കെയായി ഈ പ്രശ്നം ചര്‍ച്ച ചെയ്തപ്പോള്‍ നമുക്ക് സമരം ചെയ്യാമെന്ന് പറഞ്ഞു.

മോഴ്‌സി അലക്‌സാണ്ടര്‍ പ്രക്ഷോഭരംഗത്ത് (ഫയല്‍ചിത്രം)
മോഴ്‌സി അലക്‌സാണ്ടര്‍ പ്രക്ഷോഭരംഗത്ത് (ഫയല്‍ചിത്രം)

അഞ്ചുതെങ്ങ് കേന്ദ്രമാക്കി ഒരു ഐ.ആര്‍.സി പദ്ധതി- മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ട് കൊടുക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ ഒരു പദ്ധതി- ഉണ്ട്. ബോട്ട് കിട്ടിക്കഴിഞ്ഞ് അതൊന്നും പ്രവര്‍ത്തിക്കുന്നില്ല. അത് ഭയങ്കര കളിപ്പീരായിരുന്നു. കോണ്‍ട്രാക്ടര്‍മാര്‍ കളിപ്പിച്ചു. ബോട്ട് കിട്ടിയവര്‍ക്ക് ജപ്തിനടപടികളായി. അവരുടെ വസ്തുക്കള്‍ ജാമ്യം വെച്ചിട്ടാണ് ബോട്ട് എടുത്തത്. ബോട്ട് പ്രവര്‍ത്തിച്ചതും ഇല്ല, വായ്പ തിരിച്ചടയ്ക്കാനും പറ്റിയില്ല. ജപ്തി നോട്ടീസ് വന്നു കഴിഞ്ഞപ്പോഴേക്കും അവര്‍ ഫാദര്‍ കോച്ചേരിയോട് ഈ ബോട്ട് കിട്ടിയവര്‍ ചെന്നുകണ്ട് പരാതി പറഞ്ഞു. അഞ്ചുതെങ്ങ് ബോട്ട് വര്‍ക്കേഴ്സ് യൂണിയന്‍ രൂപീകരിക്കുകയും ജപ്തിനടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് പറഞ്ഞുകൊണ്ട് സമരമൊക്കെ തുടങ്ങുകയും ചെയ്തു. സമരത്തിനിടയില്‍ നിരാഹാരം പ്രഖ്യാപിച്ചപ്പോള്‍ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു. വെച്ച ഡിമാന്റുകള്‍ അംഗീകരിച്ച് തൊഴിലാളികളുടെ കടം എഴുതിത്തള്ളാമെന്ന് തീരുമാനിച്ചു. ഈ വിഷയത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുകയും അവരെ സസ്പെന്റ് ചെയ്യുകയുമുണ്ടായി. അങ്ങനെ ആ സമരം വിജയിച്ചു. പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം അവര്‍ സംഘടിച്ചപ്പോള്‍ ആവശ്യം നേടിയെടുക്കാന്‍ പറ്റി. അപ്പോള്‍ സ്ത്രീകളും ഇങ്ങനെ സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്തു, സെക്രട്ടേറിയറ്റ് നടയില്‍. ഫിഷറീസ് കോര്‍പറേഷന്‍ ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളി ക്ഷേമ കോര്‍പറേഷന്‍. അതിന്റെ മുന്നിലൊക്കെ സമരം ചെയ്തു. ഇതിന്റെയൊക്കെ ഫലമായി 1980-ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഈ സ്ത്രീകള്‍ക്ക് സെപ്ഷ്യല്‍ ബസ് അനുവദിച്ചു.

ഞങ്ങളും മനുഷ്യരാണ്

ഇ.കെ. നായനാര്‍ സര്‍ക്കാരാണ് വനിതാ സ്പെഷ്യല്‍ ബസ് അനുവദിക്കുന്നത്. 1981-ല്‍. ബസ് ഒക്കെ ശരിയായെങ്കിലും പ്രവര്‍ത്തനം തുടങ്ങിയില്ല. മൂന്ന് സ്പെഷ്യല്‍ ബസാണ്. സിറ്റി മേഖലയില്‍ പരീക്ഷണമാണെന്ന് പറഞ്ഞ് ഓണാഘോഷത്തിന്റെ ഭാഗമായി ബസുകള്‍ അലങ്കരിച്ച് കൊണ്ടുവന്നു. തങ്ങളുടെ ആവശ്യത്തിന് അനുവദിച്ച ബസ് തങ്ങള്‍ക്കു നല്‍കാതെ അലങ്കരിച്ച് ഓണാഘോഷത്തിന് കൊണ്ടുവന്നത് സ്ത്രീകള്‍ക്ക് വിഷമമായി. അവര്‍ ഒരു പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധമായപ്പോള്‍ ഇവര്‍ക്ക് ബസ് അനുവദിച്ചു; അതോടൊപ്പം 50 രൂപയുടെ പാസ്സും അനുവദിച്ചു. പൂന്തുറയില്‍നിന്ന് ഒരു ബസ് സിറ്റിയിലേക്ക് വന്നിട്ട് ഇവര്‍ പാളയം മാര്‍ക്കറ്റില്‍ പോയി മീനൊക്കെ എടുത്തിട്ട് വിവിധ ചന്തകളിലേക്ക് പോകുന്നു. ഓരോ ചന്തകളിലേക്ക് പോകുന്നവരും ബസില്‍ കയറും. തിരിച്ച് ചന്തയില്‍നിന്ന് വീട്ടിലേയ്ക്ക് പോകും. ഉച്ചയ്ക്ക് ശേഷമുള്ള ചന്തയ്ക്ക് ആ ബസ് തന്നെ തിരിച്ച് വരും. 50 രൂപ പാസ്സ് ഒരു മാസത്തേക്കാണ്. അങ്ങനെ അഞ്ചുതെങ്ങ്, വിഴിഞ്ഞം, ചില ഗ്രാമങ്ങളിലേക്കുകൂടി ഈ ബസ് നീട്ടി. സ്ത്രീകള്‍ക്ക് ഇത് വളരെ സഹായകരമായി. കുറേ വര്‍ഷങ്ങള്‍ അതങ്ങനെ പോയി. നീണ്ടകരയില്‍ പോയി മത്സ്യം കൊണ്ടുവരികയും വില്‍ക്കുകയും ചെയ്തു. നഷ്ടമാണെന്ന് പറഞ്ഞ് പിന്നീട് എ.കെ. ആന്റണി സര്‍ക്കാര്‍ നിര്‍ത്തി. നഷ്ടമെന്ന് പറയുന്നതില്‍ കാര്യമില്ല. മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക കാര്യങ്ങളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഏറ്റവും പ്രയോജനകരമായിട്ടുള്ള കാര്യമാണ്. തീരത്ത് മത്സ്യം കിട്ടാത്ത ഒരു സാഹചര്യം ഉണ്ടായി. മത്സ്യസമ്പത്ത് കുറഞ്ഞു. സ്വന്തം ഗ്രാമങ്ങളില്‍നിന്ന് മത്സ്യം കിട്ടാതെ വന്നപ്പോള്‍ മറ്റു ഗ്രാമങ്ങളില്‍പ്പോയി മീനെടുക്കാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ സ്വന്തമായിട്ട് വണ്ടിയെടുത്തു ഗ്രൂപ്പായിട്ട് പോകാന്‍ തുടങ്ങി. ഇപ്പോള്‍ വിഴിഞ്ഞത്ത് മീന്‍ എടുക്കാന്‍ പോകും, തൂത്തുക്കുടിയില്‍ പോകും, കുളച്ചലില്‍ പോകും. ഇങ്ങനെ മിനിലോറിയില്‍ രാത്രി പോയി അവിടെ താമസിച്ച് മീന്‍ കൊണ്ടുവരാന്‍ തുടങ്ങി. നീണ്ടകര ബസ് മാത്രം നിര്‍ത്തിയില്ല. പാസ്സിന് വില കൂട്ടി. വില കൂട്ടിയപ്പോള്‍ സ്ത്രീകള്‍ പാസ്സ് എടുക്കാതെ വന്നു. പിന്നെ ബസ് നിര്‍ത്തി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ വനിതാ സ്പെഷ്യല്‍ ബസ്, പൈസയൊന്നും വാങ്ങാതെ സര്‍വ്വീസ് നടത്തിത്തുടങ്ങി. വിഴിഞ്ഞത്തു നിന്നും പൂന്തുറയില്‍ നിന്നും മൂന്ന് ബസ് ഉണ്ട്. മുപ്പതോളം സ്ത്രീകള്‍ക്ക് യാത്ര ചെയ്യാം. അത് വളരെ സൗകര്യമായി.

ഇ.കെ. നായനാര്‍,എ.കെ. ആന്റണി, പിണറായി വിജയന്‍
ഇ.കെ. നായനാര്‍,എ.കെ. ആന്റണി, പിണറായി വിജയന്‍

മത്സ്യത്തൊഴിലാളി സ്ത്രീകളെ സംഘടിപ്പിച്ച് നമ്മള്‍ ഇത് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ വേണ്ടിയുള്ള സമരങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം ജില്ല മത്സ്യത്തൊഴിലാളി യൂണിയന്‍ രൂപംകൊണ്ടു. മത്സ്യസമ്പത്ത് സംരക്ഷിക്കണം, ട്രോളിംഗ് ബോട്ടുകളുടെ പ്രവര്‍ത്തനം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് 1981-ല്‍ ഒരു വലിയ സമരം തിരുവനന്തപുരത്ത് രൂപംകൊണ്ടു. പിന്നെയത് കൊല്ലത്തു തുടങ്ങി; 1984 ആയപ്പോള്‍ കോഴിക്കോടും ആലപ്പുഴയിലും എല്ലാ ജില്ലകളിലും ആ സമരം തുടങ്ങി. അങ്ങനെ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ രൂപംകൊണ്ടു. അതില്‍ 1996 വരെ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായിരുന്നു. പിന്നെ നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറത്തിന്റെ സെക്രട്ടറിയും വനിതാഗ്രൂപ്പിന്റെ നാഷണല്‍ കണ്‍വീനറും അതിന്റെ സംസ്ഥാന കണ്‍വീനറും ആയിരുന്നു. അങ്ങനെയുള്ള സമരങ്ങളിലൂടെ, സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയാണ് നമ്മള്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നത്.

അന്ന് ആ സമയത്ത് കേരളത്തില്‍നിന്ന് ഒരുപാട് പെണ്‍കുട്ടികളെ അന്യസംസ്ഥാനത്തെ മത്സ്യസംസ്‌ക്കരണ ഫാക്ടറികളിലേക്ക് ജോലിക്കു കൊണ്ടുപോകുന്നുണ്ട്. അതിനേക്കുറിച്ചു ഞങ്ങള്‍ ഒരു പഠനം നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ കേരളത്തില്‍നിന്നുള്ള പെണ്‍കുട്ടികള്‍ ജോലി ചെയ്യുകയും വളരെ കഷ്ടതകള്‍ അനുഭവിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത താമസം, മിനിമം വേതനം ഇല്ല, മീന്‍ എപ്പോള്‍ എത്തുന്നുവോ അപ്പോള്‍ അവരെ വിളിച്ചുണര്‍ത്തി ജോലി ചെയ്യിക്കും. കമ്പനിയുടെ മുകളിലാണ് ഇവരുടെ ഹോസ്റ്റല്‍- താമസിക്കാനുള്ള സൗകര്യം. ഒരുപാട് അപകടങ്ങള്‍ ഉണ്ടാകുന്നത് പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണ് ഇത് പഠിക്കാന്‍ തുടങ്ങിയത്. ഇവിടെ അന്തര്‍സംസ്ഥാന കരാര്‍ തൊഴിലാളി നിയമമുണ്ട്. അതൊന്നും നടപ്പിലാക്കുന്നില്ല. ഇവിടുത്തെ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ഇതൊന്നും അന്വേഷിക്കുന്നില്ല. ഇഷ്ടം പോലെ കോണ്‍ട്രാക്ടര്‍മാര്‍ ഇവിടെനിന്ന് പെണ്‍കുട്ടികളെ/യുവതികളെ കൊണ്ടുപോകുന്നുണ്ട്. ജനറല്‍ കംപാര്‍ട്ട്മെന്റിലും ബസിലും ഒക്കെ ചാള അടുക്കുന്നതുപോലെ കൊണ്ടുപോകുന്നു. ഒരു പൊതുവിചാരണ കൊച്ചിയില്‍വെച്ച് നടത്തി പൊതുജനങ്ങളുടേയും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ ഇവിടെ ആ നിയമം നടപ്പിലാക്കാന്‍ തുടങ്ങി. കുടിയേറ്റക്കരാര്‍ നിയമം നടപ്പിലാക്കാന്‍ തുടങ്ങിയത് കോണ്‍ട്രാക്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കൊണ്ടുപോകുന്ന തൊഴിലാളികള്‍ക്ക് ഇവിടെ ലൈസന്‍സ് എടുക്കണമെന്നും ലൈസന്‍സുള്ള കോണ്‍ട്രാക്ടര്‍മാര്‍ മാത്രമേ തൊഴിലാളികളെ കൊണ്ടുപോകാന്‍ പാടുള്ളൂ എന്നും ഒക്കെയുള്ള നിയമം ഇവിടെ കര്‍ശനമായി നടത്താന്‍ തുടങ്ങി. രഹസ്യമായി കൊണ്ടുപോകുന്നത് അറിഞ്ഞാല്‍ പിടിക്കുക, ട്രെയിനില്‍ കൊണ്ടുപോകുന്നത് അറിഞ്ഞാല്‍ റെയില്‍വേ പൊലീസിന് നിര്‍ദ്ദേശം കൊടുത്തുകഴിഞ്ഞാല്‍ അവരെ പിടിക്കുക, അങ്ങനെയുള്ള ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടന്നതിന്റെ ഭാഗമായിട്ട് മത്സ്യസംസ്‌ക്കരണ മേഖലയില്‍ കുടിയേറ്റക്കരാര്‍ നിയമം ഫലപ്രദമായി നടപ്പില്‍വരുത്താന്‍ കഴിഞ്ഞു. ഇവര്‍ക്ക് മിനിമം വേതനമായി. ഓവര്‍ടൈം കിട്ടാന്‍ തുടങ്ങി. അടിസ്ഥാന സൗകര്യങ്ങളുള്ള താമസസ്ഥലം ഒക്കെ ലഭ്യമായിത്തുടങ്ങി. മലയാളി കോണ്‍ട്രാക്ടര്‍മാരാണ് തൊഴിലാളികളെ കൊണ്ടുപോകുന്നത്.

മേഴ്സി അലക്സാണ്ടര്‍
മേഴ്സി അലക്സാണ്ടര്‍ഫോട്ടോ:വിന്‍സെന്റ് പുളിക്കല്‍ /എക്‌സ്പ്രസ്‌

പൊരുതിയാല്‍ ജയിക്കാം

ഈ മൂവ്മെന്റുകളുടെ ഭാഗമായി മാറുന്നതിന് ഇടതുപക്ഷ കുടുംബപശ്ചാത്തലം എന്നെ സഹായിച്ചു. 1981-ല്‍ ഇവിടെ എയര്‍പോര്‍ട്ട് പിക്കറ്റ് ചെയ്തു. 1981-ലെ ട്രോളിംഗ് നിരോധന സമരത്തിന് വിമാനങ്ങളൊക്കെ താമസിപ്പിച്ചു. യാത്രക്കാര്‍ക്ക് കയറാന്‍ പറ്റിയില്ല. അതൊക്കെ വളരെ വലിയ വാര്‍ത്തയായി. അതുപോലെ വി.എസ്.എസ്.സി-ഐ.എസ്.ആര്‍.ഒ ബസുകള്‍ തടഞ്ഞു. റെയില്‍വേ സ്തംഭിപ്പിച്ചു. ആ സമരങ്ങളില്‍ ഒന്നും തന്നെ ഒരു പൊലീസും ഒരു തൊഴിലാളിയുടെ ദേഹത്തുപോലും തൊട്ടിട്ടില്ല. ഒരു കയ്യേറ്റവും നടന്നില്ല. അതേസമയം 1984-ലെ സമരത്തില്‍ ഞങ്ങളില്‍ 16 പേര് ജയിലില്‍ പോകേണ്ടിവന്നു. അന്ന് ട്രോളിംഗ് നിരോധനനിയമം നടപ്പിലാക്കുന്നില്ല. ഞങ്ങള്‍ ഫിഷറീസ് ഡയറക്ടറെ ഘെരാവോ ചെയ്തപ്പോള്‍ അറസ്റ്റ് ചെയ്ത് 7 ദിവസത്തേയ്ക്ക് ജയിലിലിട്ടു. ജയിലിലിട്ട് ആറാം ദിവസമായപ്പോഴേക്കും ഇവിടെ പ്രശ്നമായി. ഞങ്ങള്‍ 9 സ്ത്രീകള്‍ സ്ത്രീകളുടെ സെല്ലിലും ബാക്കി പുരുഷന്‍മാര്‍ അട്ടക്കുളങ്ങര സബ് ജയിലിലുമായിരുന്നു. ഞങ്ങളുടെ കൂടെ മൂന്നു കന്യാസ്ത്രീകള്‍ ഉണ്ടായിരുന്നു. ഈ കന്യാസ്ത്രീകള്‍ പാലായിലും കുട്ടനാടുമുള്ള പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നുള്ളവരും കേരളാ കോണ്‍ഗ്രസ്സിന്റേയും ആളുകളായിരുന്നു. അവരുടെ കുടുംബക്കാര്‍ അച്ഛനും സഹോദരങ്ങളുമൊക്കെ ഇവിടെ വന്ന് വലിയ സമ്മര്‍ദ്ദമുണ്ടാക്കി. ലോനപ്പന്‍ നമ്പാടന്‍ അന്ന് വലതുപക്ഷത്തുനിന്ന് മാറി ഇടതുപക്ഷത്തിന്റെ കൂടെയായിരുന്നു. നമ്പാടന്‍ മാഷ് അഞ്ചാമത്തെ ദിവസം ഞങ്ങളെ കാണാന്‍ ജയിലില്‍ വന്നു. പിന്നീട് പത്രസമ്മേളനം നടത്തി. കന്യാസ്ത്രീകളേയും സാമൂഹ്യപ്രവര്‍ത്തകരായ വനിതകളേയും പിടിച്ച് കൊള്ളക്കാരുടേയും വേശ്യകളുടേയും കൂടെ ഇട്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞു. 7-ാം ദിവസം ഞങ്ങളെ കോടതിയില്‍ ഹാജരാക്കണമെന്നാണ്. ആറാം ദിവസം ഞങ്ങളെ വിളിച്ചിട്ട് പറഞ്ഞു നിങ്ങളെയൊക്കെ വെറുതെ വിട്ടിരിക്കുന്നു. ഞങ്ങള്‍ പുറത്ത് വരുമ്പോള്‍ സബ്ബ്ജയിലില്‍ ഉണ്ടായിരുന്ന പുരുഷന്‍മാരും ഉണ്ട്. ഞങ്ങള്‍ എല്ലാവരും കൂടി കൂടിയാലോചിച്ചപ്പോള്‍ മനസ്സിലായി അവരീ സമരം പൊളിക്കാനാണ് ശ്രമിക്കുന്നതെന്ന്. ഞങ്ങള്‍ സമരം തുടരുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന്റെ പടിക്കല്‍ നിരാഹാരം തുടങ്ങാന്‍ തീരുമാനിച്ചു. സംഘടനാതലത്തില്‍ ചര്‍ച്ചയൊക്കെ നടന്നു. പ്രായമായവരെ ഒക്കെ ഒഴിവാക്കി ഞങ്ങള്‍ പതിനൊന്നു പേര്‍ നിരാഹാരം കിടക്കാന്‍ തീരുമാനിച്ചു. സിസ്റ്റര്‍ ഫിലമെന്‍ മേരി 22 ദിവസം നിരാഹാരം കിടന്നു. ഡിമാന്റുകള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം പ്രഖ്യാപിച്ചു. ഞങ്ങളൊക്കെ ഒന്‍പത്, പത്ത് ദിവസമൊക്കെ ആയപ്പോള്‍ ബാക്കി എല്ലാവരേയും മാറ്റി ഒരാള്‍ മാത്രം നിരാഹാരം തുടര്‍ന്നു. 1984-ലെ സമരത്തില്‍ ഭയങ്കരമായി ലാത്തിച്ചാര്‍ജ് നടന്നു. തിരുവനന്തപുരത്തുതന്നെ പല സ്ഥലത്ത്. കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിക്കറ്റ് ചെയ്തു. അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. കേരളത്തില്‍ ഈ സമരം നടന്ന ഇടങ്ങളിലെല്ലാം ഇത്തരത്തില്‍ സംഭവങ്ങള്‍ നടന്നു. അന്ന് കരുണാകരന്‍ സര്‍ക്കാരായിരുന്നു. ട്രോളിംഗ് നിരോധനം കൊണ്ടുവന്നില്ല, സമരങ്ങളില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ മര്‍ദ്ദിച്ച സാഹചര്യത്തില്‍ 1987-ലെ ഇലക്ഷനില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാനുള്ള ഒരു തീരുമാനം എടുത്തു. ആളുകള്‍ക്കിടയില്‍ ഇത്തരത്തില്‍ അവബോധം വന്നപ്പോള്‍ ആളുകള്‍ തന്നെ സ്വയം മാറിയിട്ടുണ്ട്. അതുവരെ തീരപ്രദേശത്ത് കോണ്‍ഗ്രസ്സിന് വലിയ സ്വാധീനം ഉണ്ടായിരുന്ന മേഖലകളില്‍ പതുക്കെ പതുക്കെ ഇടതുപക്ഷത്തിന് ഒരു ഹോള്‍ഡ് വന്നു. 1984-ലെ സമരത്തില്‍ ഇടതുപക്ഷ മത്സ്യത്തൊഴിലാളി സംഘടനകള്‍ ഒക്കെത്തന്നെ ഈ ആവശ്യങ്ങളുടെ കൂടെ ചേര്‍ന്നുകൊണ്ട് ഒരു സംയുക്ത സമരസമിതി എന്ന രീതിയില്‍ സമരമൊക്കെ നടത്തി.

തങ്കമണിയുടെ വിലാപം

1986-ലാണ് ഇടുക്കിയിലെ കുപ്രസിദ്ധമായ തങ്കമണി പ്രശ്നം ഉണ്ടാകുന്നത്. ഒരു പ്രൈവറ്റ് ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തില്‍ പൊലീസ് വീടുകയറി സ്ത്രീകളെ മാനഭംഗപ്പെടുത്തി. ആ സമയത്ത് മേഴ്സി അലക്സാണ്ടറും സംഘവും അവിടെ പോയി. അവിടുത്തെ സ്ത്രീകളുമായിട്ടൊക്കെ ചര്‍ച്ച ചെയ്തു. ''ഞങ്ങള് അവിടെ എത്തുമ്പോള്‍ ആരുമില്ല. വിജനമായി കിടക്കുകയാണ്. ബസിറങ്ങി നടക്കുമ്പോള്‍ കണ്ട ചായക്കടയില്‍ ചെന്ന് സംസാരിച്ചപ്പോള്‍ അവര്‍ കാര്യങ്ങളൊക്കെ പറഞ്ഞു. കടയുടെ ഉടമസ്ഥന്റെ ഭാര്യ സാവിത്രി ഞങ്ങളുടെ കൂടെ വന്ന് വീടൊക്കെ കാണിച്ചുതന്നു. ചിന്നമ്മ എന്നൊരാളുടെ വീട്ടില്‍ പോയി സംസാരിച്ചപ്പോള്‍ എന്റെ മകളെ പൊലീസുകാരന്‍ കയറിപ്പിടിച്ചപ്പോള്‍ ഞാന്‍ വാക്കത്തി എടുത്ത് വെട്ടി എന്നു പറഞ്ഞു. അവിടെനിന്ന് തന്നെ ഒരു ആക്ഷന്‍ കൗണ്‍സില്‍ ഉണ്ടാക്കി. അവിടെനിന്ന് ഒരു കാല്‍നട പ്രചരണ ജാഥ തുടങ്ങിയിട്ടുണ്ടായിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവര്‍ ആ ജാഥ തുടങ്ങിയിരുന്നു. ഞങ്ങള്‍ ചോദിച്ചു: ''എന്തുകൊണ്ട് നിങ്ങള്‍ക്ക് തിരുവനന്തപുരത്ത് വന്നുകൂടാ. തിരുവനന്തപുരത്തെ സ്ത്രീകളോട് ഇതൊക്കെ സംസാരിച്ചുകൂടെ?'' അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലല്ലോ. ഓഫീസിലെ ലാന്റ്‌ഫോണ്‍ നമ്പര്‍ കൊടുത്തു. സ്ഥലമൊക്കെ പറഞ്ഞുകൊടുത്തു. ഇവിടെ അവര് വന്നാല്‍ ഇവിടുത്തെ സ്ത്രീസംഘടനകളെയൊക്കെ കൂട്ടാം. എല്ലാ സ്ത്രീ സംഘടനകളേയും കൂട്ടീട്ട് അവിടെ നടന്ന സംഭവങ്ങള്‍ എന്താണെന്ന് വിവരിക്കാം. വളരെ ഭയാനകമാണ് ഞങ്ങള്‍ അവിടെ ചെല്ലുമ്പോഴത്തെ അവസ്ഥ. പുരുഷന്‍മാര്‍ ആരും വീട്ടിലില്ല. നാടുവിട്ടു. സ്ത്രീകള്‍ മാത്രമേയുള്ളൂ. പൊലീസിന്റെ നരനായാട്ടായിരുന്നു. അതുകൊണ്ട് ഞങ്ങളവരോട് പറഞ്ഞു, നിങ്ങളിത് സംസാരിക്കണം. എന്താണ് നടന്നതെന്ന് കേരളം അറിയണം. അവിടെനിന്ന് വന്നതിനു ശേഷം ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ത്രീ സംഘടനകളുടെ ഒരു മീറ്റിംഗ് വിളിച്ചു. കോണ്‍ഗ്രസ്സിന്റെ ഒഴിച്ച് എല്ലാ സംഘടനകളും വന്നു. ഡോ. റേച്ചല്‍ മത്തായി ഉണ്ട്. അവര്‍ അന്ന് ജനസംഘത്തിന്റെ ആളായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍, കേരള മഹിളാസംഘം പ്രതിനിധികള്‍, കേരള കോണ്‍ഗ്രസ്സിന്റെ പൊന്നമ്മ നാരായണന്‍, അങ്ങനെ കുറെ സ്ത്രീകള്‍ വന്നു. തങ്കമണിയില്‍നിന്ന് രണ്ട് സ്ത്രീകള്‍ വന്നു - സാവിത്രിയും ചിന്നമ്മയും. പ്രസംഗിക്കാനൊന്നും അറിയില്ല എന്ന് അവര്‍ പറഞ്ഞു. നിങ്ങള്‍ പ്രസംഗിക്കുകയൊന്നും വേണ്ട അവിടെ നടന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ മാത്രം മതി എന്ന് പറഞ്ഞു. രണ്ട് പേരും അവിടെ നടന്നതൊക്കെ പറഞ്ഞു. ഞങ്ങള്‍ ഇവിടെ ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ചെയര്‍പേഴ്സണ്‍ ആയിട്ട് ജെ. ശാരദാമ്മയെ തിരഞ്ഞെടുത്തു. അവര്‍ അന്നു മഹിളാ അസോസിയേഷന്റെ ജില്ലാ പ്രസിഡന്റാണ്. കണ്‍വീനറായി ഞാനും. ഞങ്ങള്‍ക്ക് അന്ന് സ്ത്രീസംഘടനയൊന്നും ഇല്ല. തീരദേശ മഹിളാവേദി എന്നൊരു പേര് പെട്ടെന്ന് പറഞ്ഞു. തീരദേശ മഹിളാവേദി അന്നവിടെ വെച്ച് രൂപംകൊള്ളുകയാണ്. അന്ന് 26 വയസ്സേ ഉള്ളൂ എനിക്ക്. എല്ലാവരും ഓരോ സംഘടനയെ പ്രതിനിധീകരിച്ചാണ് അവിടെ വന്നത്. നമുക്ക് അങ്ങനെയൊന്നും ഇല്ലാത്തതിനാല്‍ ഞാനവിടെ ഇരുന്ന് അങ്ങനെയൊരു പേരിട്ടു. അത് എല്ലാവരും അംഗീകരിച്ചു. അവിടെ വെച്ച് തന്നെ നമ്മള്‍ സംഘടനയുടെ നേതൃത്വത്തില്‍ പല പരിപാടികളും ആസൂത്രണം ചെയ്തു. തങ്കമണിയിലെ സ്ത്രീകള്‍ പല ഗ്രൂപ്പുകളില്‍ പോയി സംസാരിക്കേണ്ടതുണ്ട്. അവരെ അതിന് തയ്യാറാക്കി എടുക്കണം. ഇവര്‍ പൊതുസ്ഥലങ്ങളിലൊന്നും സംസാരിച്ചിട്ടില്ല. ഇവിടെ സംസാരിച്ച് കഴിഞ്ഞപ്പോള്‍ അവര്‍ക്കൊരു ആവേശമൊക്കെ വന്നു. തിരുവനന്തപുരത്തിന്റെ മുക്കിലും മൂലയിലും കൊണ്ടുപോയി ഈ സംഘടനകള്‍ തന്നെ യോഗങ്ങള്‍ സംഘടിപ്പിച്ച് ഇവരെക്കൊണ്ട് കാര്യങ്ങള്‍ വിശദീകരിപ്പിച്ചു.

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജാഥ എത്തുന്നതിനു മുന്‍പ് ഇവിടുത്തെ ഇടതുപക്ഷ സംഘടനകള്‍ ഒക്കെക്കൂടി ആ ജാഥയെ സ്വീകരിക്കാന്‍ ഒരു കമ്മിറ്റി ഉണ്ടാക്കി. കമ്മിറ്റി ഉണ്ടാക്കുമ്പോള്‍ ഞങ്ങളെ വിളിച്ചു. ഈ വിഷയത്തില്‍ ശാരദാമ്മ ചെയര്‍പേഴ്സണും ഞാന്‍ കണ്‍വീനറുമായി ഒരു കമ്മിറ്റി ഉണ്ടാക്കിയതറിഞ്ഞ് നേതാക്കള്‍ക്ക് അത്ഭുതം. ഒരു ആനയും ആട്ടിന്‍കുട്ടിയും എന്ന രീതിയില്‍. ഞാനാണെങ്കില്‍ ആദ്യമായിട്ടാണ് രാഷ്ട്രീയ സംഘടനയുടെ പരിപാടിയിലൊക്കെ പോകുന്നത്.

തുടരുന്ന തീക്കാറ്റുകള്‍

കാട്ടായിക്കോണം ശ്രീധറൊക്കെയാണ് അന്ന് ഇവിടെ ഇടതുപക്ഷത്തിന്റെ പ്രധാന നേതാക്കള്‍. ആ ജാഥയെ സ്വീകരിക്കാന്‍ ഞങ്ങള്‍ ഒരുപാടു പേരെ പങ്കെടുപ്പിക്കുകയൊക്കെ ചെയ്തു. 1987-ലെ തെരഞ്ഞെടുപ്പില്‍ ഓരോ ഇടത്തേയും ചുമതലകള്‍ വീതിക്കുമ്പോള്‍ ഞാന്‍ കോവളം നോക്കാമെന്നു പറഞ്ഞു. ഞാന്‍ ഈ വിഴിഞ്ഞം, പൂവാര്‍ മേഖലയെടുത്തു. എന്താണെന്നു വച്ചാല്‍, എന്തെങ്കിലും ആവശ്യമുള്ള ഒരു മേഖല; ഏറ്റവും പ്രശ്നസങ്കീര്‍ണ്ണമായ പ്രദേശമാണ്. അതേസമയം നല്ല, കരുത്തരായ മത്സ്യത്തൊഴിലാളികളുള്ള പ്രദേശവുമാണ്. പക്ഷേ, അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ല. ഇവരെ സംഘടിപ്പിക്കുക എന്നത് എന്റെയൊരു പ്രധാന ലക്ഷ്യമായിരുന്നു. അതായത്, നഴ്സറി ടീച്ചറായിരുന്ന ഞാന്‍ അതുവിട്ടു, പിന്നെ ട്രേഡ് യൂണിയന്‍ രംഗത്തു പ്രവര്‍ത്തിച്ചു.

നിരാഹാരസമരവും ജയില്‍വാസവുമൊക്കെയായി ട്രോളിംഗ് നിരോധനം നേടിയെടുത്തു, ബസ് കിട്ടി. തങ്കമണി അടക്കമുള്ള സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു. ഡോ. എ.കെ. ജയശ്രീയുടെ നേതൃത്വത്തില്‍ പ്രചോദന എന്നൊരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ജയശ്രീ അന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയാണ്. പീഡനങ്ങള്‍ അനുഭവിച്ച പെണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ആ കേസ് ജയശ്രീ ഏറ്റെടുക്കുകയും നമ്മളോടു വന്ന് ചര്‍ച്ച ചെയ്യുകയും പ്രതികളെ അറസ്റ്റു ചെയ്യാത്തതിനെതിരേ ഞങ്ങള്‍ ആ വീടുകള്‍ക്കു മുന്നില്‍പ്പോയി പ്രതിഷേധിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അത്തരം പ്രശ്നങ്ങള്‍ ഒരുപാട് കൂടിവന്ന സമയത്താണ് പുല്ലുവിളയില്‍ 1987 അവസാനം ഒരു സംഭവമുണ്ടായത്. ഭാര്യയെ കൊന്ന് വഴിയില്‍ കൊണ്ടിട്ടിട്ട് പ്രേതബാധയാണ് എന്ന് ഭര്‍ത്താവ് പറഞ്ഞു. ഭാര്യയെ കാണാനില്ല എന്നു പറഞ്ഞ് ഒരു വെളുപ്പിനേ ഭര്‍ത്താവ് അന്വേഷിച്ചു നടക്കുമ്പോള്‍, മത്സ്യത്തൊഴിലാളികളും കൂടെച്ചേര്‍ന്ന് അന്വേഷിച്ചു, വഴിയില്‍ത്തന്നെ ഒരിടത്ത് മരിച്ചനിലയില്‍ കിടക്കുന്നതു കണ്ടു. പ്രാഥമികാവശ്യത്തിനോ മറ്റോ ഇറങ്ങിയപ്പോള്‍ ബാധയടിച്ചതാണ് എന്നു പറഞ്ഞ് പള്ളീലെ അച്ചനെ വിളിച്ച്, ആരെയൊക്കെയോ കൊണ്ടുവന്നു കാണിച്ചു. അന്നുതന്നെ പള്ളിയില്‍ അടക്കം ചെയ്തു. പിറ്റേ ദിവസമായപ്പോള്‍ കുളിപ്പിച്ച സ്ത്രീകള്‍ പറഞ്ഞു, കഴുത്തില്‍ പാടുണ്ടായിരുന്നു, വയറ്റിലൊരു റോപ്പ് വയര്‍ കെട്ടിയിരുന്നു. അങ്ങനെ ബന്ധുക്കള്‍ നമ്മുടെ അടുത്തു വന്നു. പൊലീസില്‍ പരാതി കൊടുക്കാന്‍ പറഞ്ഞതനുസരിച്ച് അവര്‍ കൊടുത്തു. മേരി കൊലക്കേസ് അന്വേഷണം നടത്തി തെളിയിക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളെയൊക്കെ വിളിച്ചുചേര്‍ത്ത് ഒരു ആക്ഷന്‍ കൗണ്‍സിലുമുണ്ടാക്കി. വായ് മൂടിക്കെട്ടി പ്രതിഷേധമൊക്കെ ആദ്യഘട്ടമായി നടത്തി. പൊലീസ് അന്വേഷണം നടത്തി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തണം എന്ന് ഞങ്ങള്‍ ആഭ്യന്തരമന്ത്രിക്ക് നിവേദനം കൊടുത്തു. പള്ളിയില്‍ അടക്കിയ മൃതദേഹം പുറത്തെടുത്താല്‍ എതിര്‍പ്പുണ്ടാകുമെന്ന് സര്‍ക്കാരിനു പേടി. എതിര്‍പ്പൊന്നുമില്ലെന്നും നാട്ടുകാര്‍ മുഴുവന്‍ ഇതിന് പിന്തുണ തരുമെന്നും ഞങ്ങള്‍ പറഞ്ഞു. അങ്ങനെ 16 ദിവസം കഴിഞ്ഞ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടു. ഭാഗ്യനാഥന്‍ നാടാര്‍ ആയിരുന്നു എസ്.പി. അദ്ദേഹത്തെയൊക്കെ കണ്ട് ബോധ്യപ്പെടുത്തിയപ്പോള്‍ അവര്‍ക്കെല്ലാം കാര്യം മനസ്സിലായി. സെമിത്തേരിയില്‍നിന്ന് മൃതദേഹം പുറത്തെടുക്കാന്‍ രൂപതയുടെ അനുവാദമൊക്കെ വാങ്ങി രാവിലെ ആറുമണിക്ക് സ്ത്രീകള്‍ മാത്രം സെമിത്തേരിയങ്ങ് വളഞ്ഞു. പുരുഷന്മാരെയാരെയും കയറ്റിയില്ല. ഒന്‍പതു മണിക്ക് പൊലീസ് വന്നു. എസ്.പി ചോദിച്ചു, സംഘര്‍ഷമുണ്ടാകുമോ വെടിവയ്പിനു തയ്യാറായി വരേണ്ടിവരുമോ? ഒന്നും വേണ്ടെന്നു ഞങ്ങള്‍ പറഞ്ഞു. എതിര്‍പ്പുള്ള പുരുഷന്മാര്‍ മാത്രം ഇവിടെ നില്‍ക്കാനും ബാക്കിയുള്ളവര്‍ പിരിഞ്ഞുപോകാനും സാറൊരു അനൗണ്‍സ്മെന്റ് നടത്തിയാല്‍ മതി എന്ന് പറഞ്ഞു. അദ്ദേഹം അങ്ങനെ അനൗണ്‍സ് ചെയ്തു. നോക്കിയപ്പോള്‍ നാലോ അഞ്ചോ പേരൊഴികെ എല്ലാവരും പോയി. ഇവരെ പൊലീസ് തൂക്കിയെടുത്ത് വണ്ടിയിലിട്ടു കൊണ്ടുപോയി. അങ്ങനെ കുഴിതോണ്ടി മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം ചെയ്തു. സ്ത്രീകള്‍ തന്നെ അകത്തുനിന്ന് അവര്‍ക്ക് സൗകര്യമൊക്കെ ചെയ്തുകൊടുത്തു. റിപ്പോര്‍ട്ട് വന്നപ്പോള്‍ കൊലപാതകമാണ്, കഴുത്തു ഞെരിച്ചു കൊന്നതാണ്. പിന്നെ. പ്രതിയെ അറസ്റ്റു ചെയ്തു. മത്സ്യത്തൊഴിലാളികളല്ലേ, സാക്ഷികളെയൊക്കെ മാറ്റാം എന്നാണ് അവര്‍ വിചാരിച്ചത്. പക്ഷേ, അവര്‍ ഉറച്ചുനിന്നു. അടുത്തിടെ അന്തരിച്ച സെലിന്‍ വില്‍ഫ്രഡ് ആയിരുന്നു പ്രതിഭാഗം അഭിഭാഷക. ആന്റണി രാജു അന്ന് അവരുടെ ജൂനിയറാണ്. ഇവരെന്തൊക്കെ ശ്രമിച്ചിട്ടും സാക്ഷികളാരും മാറ്റിപ്പറയുന്നില്ല. എന്റെ പേര് ചോദിക്കാന്‍ ആന്റണി രാജു പതിയെ സെലിന്‍ വില്‍ഫ്രഡിനോട് പറഞ്ഞു. മേഴ്സിയെ അറിയാമോന്നു ചോദിച്ചു, ഞങ്ങള്‍ക്കറിഞ്ഞുകൂടാ എന്ന് അവര്‍ പറഞ്ഞു. വാദം നടക്കുന്നതുകൊണ്ട് ഞാന്‍ പുറത്തുണ്ടായിരുന്നു. ജനലില്‍ക്കൂടി എന്ന ചൂണ്ടി ആ നില്‍ക്കുന്നതല്ലേ മേഴ്സി അവരെ അറിയുമോ എന്നു ചോദിച്ചു. ആ, ഞങ്ങള്‍ക്കറിയില്ല എന്ന് പറഞ്ഞു. കേസ് ജീവപര്യന്തം ശിക്ഷിച്ചു.

ഇപ്പോഴും സ്ത്രീകള്‍ നമ്മളെ സമീപിക്കുകയും പിന്തുണ തേടുകയുമൊക്കെ ചെയ്യുന്നു. കഴിഞ്ഞ ദിവസം വലിയ തുറയില്‍ അച്ഛന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരട്ട ജീവപര്യന്തം വാങ്ങിക്കൊടുക്കാന്‍ സാധിച്ചു. നമ്മുടെ അടുത്തുവരുമ്പോള്‍ അവര്‍ക്കു സൗജന്യ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി മുഖേന നിയമസേവനം ഉറപ്പാക്കും. അവരുടെ കയ്യില്‍ പണമൊന്നും ഉണ്ടാകില്ല. ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ കുട്ടികളുമായി ഓടി രക്ഷപ്പെടുന്ന സ്ത്രീകളുണ്ട്, പ്രായമായ മാതാപിതാക്കളെ നോക്കാത്ത മക്കളുടെ എണ്ണം കൂടിവരുന്നു, അത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

അതുകഴിഞ്ഞ് കുട്ടികള്‍ക്കു നേരേയുള്ള അതിക്രമക്കേസുകളൊക്കെ വന്നു. ഞങ്ങള്‍ പിന്തുണ കൊടുക്കുകയും കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള വലിയ ഇടപെടലുകള്‍ നടത്തുകയും ചെയ്തു. തീരപ്രദേശത്ത് അങ്ങനെ ഒരുപാടു കേസുകള്‍ നമ്മള്‍ ഏറ്റെടുത്തു. ട്രേഡ് യൂണിയന്റെ ഉള്ളില്‍ നിന്നുകൊണ്ടാണ് ഇത്തരം കേസുകള്‍ ഏറ്റെടുക്കാനും നീതി ഉറപ്പാക്കാനുമൊക്കെയുള്ള അവസരങ്ങളുണ്ടായത്. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴും സ്ത്രീകള്‍ നമ്മളെ സമീപിക്കുകയും പിന്തുണ തേടുകയുമൊക്കെ ചെയ്യുന്നു. കഴിഞ്ഞ ദിവസം വലിയ തുറയില്‍ അച്ഛന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരട്ട ജീവപര്യന്തം വാങ്ങിക്കൊടുക്കാന്‍ സാധിച്ചു. നമ്മുടെ അടുത്തുവരുമ്പോള്‍ അവര്‍ക്കു സൗജന്യ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി മുഖേന നിയമസേവനം ഉറപ്പാക്കും. അവരുടെ കയ്യില്‍ പണമൊന്നും ഉണ്ടാകില്ല. ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ കുട്ടികളുമായി ഓടി രക്ഷപ്പെടുന്ന സ്ത്രീകളുണ്ട്, പ്രായമായ മാതാപിതാക്കളെ നോക്കാത്ത മക്കളുടെ എണ്ണം കൂടിവരുന്നു, അത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

കാലം മാറുമ്പോള്‍

സ്ത്രീവിരുദ്ധമായി പരസ്യമായി നിലപാടെടുക്കാനും പ്രവര്‍ത്തിക്കാനും ആളുകള്‍ക്ക് മടിയില്ലാത്ത ഒരു സാഹചര്യം കേരളത്തില്‍ മുമ്പെന്നത്തേക്കാള്‍ രൂപപ്പെട്ടിട്ടുണ്ട്. കാരണം, നമ്മുടെ സമൂഹം പുരുഷാധിപത്യപരമായിത്തന്നെ തുടരുകയാണ്. സ്ത്രീകള്‍ അതിനെതിരെ എത്ര ശക്തമായി മുന്നോട്ടു വന്നാലും അവരെ അടിച്ചമര്‍ത്തുകയും സ്ത്രീകളെത്തന്നെ അതിന് ഉപയോഗിക്കുകയും ചെയ്യും. അത് കൂടിവരുന്നുണ്ട്. മറ്റു പല സംസ്ഥാനങ്ങളേക്കാള്‍ കേരളത്തില്‍ പുരുഷാധിപത്യ പ്രവണതകള്‍ കൂടുതലാണ്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളായാലും അത്തരത്തിലുള്ള ഒരു അവബോധം കൊടുക്കുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും സാംസ്‌കാരിക സംഘടനകളും തൊഴിലാളി പ്രസ്ഥാനങ്ങളുമൊന്നും സ്വന്തം അണികള്‍ക്ക് അത്തരത്തിലുള്ള അവബോധം കൊടുക്കാന്‍ തയ്യാറാകാത്തത് ഒരു വലിയ പ്രശ്നമാണ്. ഞങ്ങള്‍ സ്ത്രീകളെക്കൊണ്ട് ഇവര്‍ക്ക് ഒരു പരിധി കഴിഞ്ഞ് ബോധവല്‍ക്കരണം കൊടുക്കാന്‍ പറ്റില്ല. അത് തൊഴിലാളി പ്രസ്ഥാനങ്ങളൊക്കെ ചെയ്യേണ്ടതാണ്. സ്ത്രീകള്‍ക്കു മാത്രമാണ് അവബോധം കൊടുക്കുന്നത്. ജെന്‍ഡര്‍ പഠിപ്പിക്കുന്നത് സ്ത്രീകളെയാണ്, അതിക്രമങ്ങള്‍ നേരിടുമ്പോള്‍ എന്തുചെയ്യണം എന്ന് പഠിപ്പിക്കുന്നത് സ്ത്രീകളെയാണ്. കുടുംബത്തിനുള്ളില്‍, ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും വളര്‍ത്തുന്നിടത്താണ് അത് പഠിപ്പിക്കേണ്ടത്. അച്ഛനും അമ്മയും ഒരുപോലെ ഉത്തരവാദിത്വങ്ങള്‍ പങ്കുവച്ച് കാണിച്ചുകൊടുക്കണം. എത്ര കഴിവുള്ള സ്ത്രീയാണെങ്കിലും കുടുംബത്തിലെ ഉത്തരവാദിത്വം കഴിഞ്ഞേ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അവര്‍ക്ക് ഇറങ്ങാന്‍ പറ്റുന്നുള്ളു. അല്ലാതെ ഇറങ്ങുന്നവരെ തന്റേടിയാണ് എന്നൊക്കെ പറയും. പല കാര്യങ്ങളിലും എനിക്ക് എന്റേതായ സ്വാതന്ത്ര്യമുണ്ട്, തീരുമാനങ്ങളെടുക്കാന്‍.

ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത് സി.പി.എംകാരനെയാണ്. ഞങ്ങള്‍ തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ്, നമ്മള്‍ തമ്മില്‍ സ്വന്തമായി ചില നിയമങ്ങളും വച്ചാണ് ജീവിച്ചു തുടങ്ങിയത്. എന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാനും കൈകടത്താന്‍ പാടില്ല. അതേപോലെത്തന്നെ, സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയണം. ഉദാഹരണത്തിന് നീലന്റെ കേസ് വന്നു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി കോവളം നിയോജകമണ്ഡലത്തില്‍ നീലനെ നിര്‍ത്താന്‍ തീരുമാനിച്ചു. ഞാനുള്‍പ്പെടെ അതിനെ എതിര്‍ത്തു. കുഞ്ഞാലിക്കുട്ടിക്കെതിരെ ആണെങ്കിലും രാഷ്ട്രീയം അല്ല നോക്കുന്നത്. സ്ത്രീപീഡനക്കേസില്‍ ആരോപണവിധേയനായ വ്യക്തി എന്ന നിലയ്ക്കാണല്ലോ. അങ്ങനെയുള്ളവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം കൊടുക്കരുത്. ഇടുക്കിയില്‍ പോയി പി.ജെ. കുര്യനെതിരെ പ്രവര്‍ത്തിച്ച് അയാളെ തോല്‍പ്പിച്ചു. കേരള സ്ത്രീവേദി അവിടെ മുഴുവന്‍ പ്രചാരണം നടത്തി. ആരോപണവിധേയനാണ്, മാറ്റി നിര്‍ത്തണം എന്ന് സോണിയാ ഗാന്ധിയോടൊക്കെ ആവശ്യപ്പെട്ടതാണ്. അതുപോലെ ഇവിടെ നീലനേയും മാറ്റിനിര്‍ത്തണം എന്ന് ആവശ്യപ്പെട്ടു. അന്ന് സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിനോടും ഇവിടെത്തന്നെ വി.എസ്. അച്യുതാനന്ദനോടുമൊക്കെ ആവശ്യപ്പെട്ടു. പക്ഷേ, വേറൊരു ഘടകകക്ഷിയുടെ സ്ഥാനാര്‍ത്ഥിയാണ് എന്നാണ് പറഞ്ഞത്. പക്ഷേ, എല്‍.ഡി.എഫിനു തീരുമാനമെടുക്കാമല്ലോ. അന്ന് ഞങ്ങള്‍ നീലനെതിരെ ക്യാംപെയ്ന്‍ നടത്തി. വിഴിഞ്ഞം സമരത്തിലും എനിക്ക് എന്റേതായ നിലപാടുണ്ട്. ഞാന്‍ മത്സ്യത്തൊഴിലാളികളോടൊപ്പമായിരുന്നു. പാര്‍ട്ടിക്ക് വേറൊരു സ്റ്റാന്റായിരിക്കാം. പക്ഷേ, ഞാന്‍ മത്സ്യത്തൊഴിലാളി സമൂഹത്തില്‍ ഉള്‍പ്പെട്ട ആളാണ്. എന്റെ നിലപാട് അവര്‍ക്കൊപ്പമാണ്.

''കേരളത്തില്‍ സ്ത്രീകള്‍ക്കിടയില്‍ മുന്‍പത്തേക്കാള്‍ വര്‍ഗ്ഗീയതയുടെ സ്വാധീനം ഉണ്ടാകുന്നുണ്ട് എന്നു തോന്നുന്നുണ്ട്.'' മേഴ്സി അലക്സാണ്ടര്‍ പറയുന്നു - ''ശബരിമല സമരം കണ്ടതാണല്ലോ. ക്രിസ്ത്യാനികളുടെ ഇടയിലാണെങ്കില്‍ കൃപാസനം എന്നൊക്കെപ്പറഞ്ഞ് ആളുകളെ കൊണ്ടുപോയി ഭക്തിയിലങ്ങ് ലയിപ്പിക്കുകയാണ്, അതില്‍ അവരെ തളച്ചിടുകയാണ്. അവര്‍ക്ക് ആലോചിക്കാന്‍ അവസരം കൊടുക്കുന്നില്ല. എന്തുകൊണ്ടാണ് എനിക്ക് ഈ അവസ്ഥ എന്നും ഇതു മാറ്റാന്‍ എന്റെ പങ്ക് എന്താണ് എന്നും ചിന്തിക്കാന്‍ അവസരമുണ്ടാകുന്നില്ല. ഹിന്ദു വര്‍ഗ്ഗീയത, ക്രിസ്ത്യന്‍ വര്‍ഗ്ഗീയത, മുസ്ലി വര്‍ഗ്ഗീയത ഇതെല്ലാം കൂടിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുരാഷ്ട്രത്തെക്കുറിച്ചാണല്ലോ ഇപ്പോള്‍ പറയുന്നത്. എല്ലാ മതങ്ങളും സാഹോദര്യത്തോടെ ജീവിച്ചിരുന്ന രാജ്യമാണ്. അവിടെനിന്ന് ഒരു വിഭാഗത്തിന്റെ മാത്രം രാജ്യമാക്കി മാറ്റാനാണ് ശ്രമം. സെക്കുലര്‍ സ്വഭാവമുള്ള സ്ത്രീപക്ഷ സംഘടനകളുടെ ഉത്തരവാദിത്വം കൂടിയ കാലമാണ്. ഞാനത് ഞങ്ങളുടെ കൂട്ടായ്മകളിലൊക്കെ പറയാറുണ്ട്. കുട്ടികളോടുമൊക്കെ പറയുന്നുണ്ട്. നമ്മള്‍ ഒരു മതേതര രാഷ്ട്രമാണ്. എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കണം. മതത്തിന്റെ പേരില്‍ ആളുകളെ മാറ്റിനിര്‍ത്തരുത്. ആരും ആരെയും മാറ്റിനിര്‍ത്താതെ, ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനും പരസ്പരം ആഹാരം ഉള്‍പ്പെടെ പങ്കുവച്ചാണ് നമ്മുടെയൊക്കെ കുട്ടിക്കാലത്തും പിന്നീടും വളര്‍ന്നത്. പണ്ടും പ്രേമിച്ചു കല്യാണം കഴിച്ചിട്ടില്ലേ? പക്ഷേ, ഇപ്പോള്‍ പല മതങ്ങളിലുള്ളവര്‍ പ്രേമിച്ചാല്‍ ലൗ ജിഹാദ് ആയി. ആളുകള്‍ക്കിടയില്‍ ധ്രുവീകരണം ഉണ്ടാക്കുകയാണ്.''

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലയ്ക്കാത്ത ശബ്ദങ്ങള്‍

''വിഴിഞ്ഞം സമരം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഫണ്ട് ഒക്കെ കട്ട് ചെയ്തു. അതുകൊണ്ട് ഞങ്ങള്‍ക്ക് ഫണ്ട് ഇല്ല. ജെന്‍ഡറില്‍ സര്‍ക്കാരിന്റെ അക്രഡിറ്റഡ് ഏജന്‍സി സഖിയാണ്. ചില പഞ്ചായത്തുകളൊക്കെ ഫണ്ട് വയ്ക്കുന്നുണ്ട്; ഞങ്ങള്‍ പദവി പഠനം നടത്തിക്കൊടുക്കുന്നുണ്ട്. പിന്നെ, വയലന്‍സ് കേസുകള്‍ നമുക്കു വരുന്നുണ്ട്; ഏറ്റെടുത്തു ചെയ്തുകൊടുക്കുന്നുണ്ട്. ഇപ്പോള്‍ ആര്‍.എം ഇന്ത്യ എന്ന കമ്പനിയുടെ ഒരു വര്‍ഷത്തേയ്ക്കുള്ള സി.എസ്.ആര്‍ ഫണ്ട് കിട്ടി. അതുപയോഗിച്ചാണ് കെല്‍സയുമായി ചേര്‍ന്ന് ശലഭക്കൂട് പരിപാടി തുടങ്ങുന്നത്. പോക്സോ കേസുകളില്‍ ഒരുപാടു കുട്ടികള്‍ വരുന്നുണ്ട്, ഗാര്‍ഹിക അതിക്രമം നേരിടുന്ന സ്ത്രീകള്‍ കോടതിയില്‍ വരുമ്പോള്‍ കുട്ടികളേയും കൊണ്ടുവരുന്നുണ്ട്. അവരൊക്കെ കോടതി മുറ്റത്തിങ്ങനെ നടക്കുകയല്ലേ. ആ കുട്ടികള്‍ക്ക് വന്നിരിക്കാനും കളിക്കാനും അവരുടെ മൊഴിയെടുക്കാനുമൊക്കെയൊരു സ്ഥലം. മൊഴി വീഡിയോ കോണ്‍ഫറന്‍സ് വഴി എടുക്കാം. കോടതിയില്‍ പ്രതി അപ്പുറത്ത് ഒരു മറയ്ക്കപ്പുറത്ത് നില്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് പറയാന്‍ പറ്റില്ല. ഒരു പരീക്ഷണമായിട്ട് നമ്മള്‍ ചെയ്തതാണ്, ശലഭക്കൂട്. പിന്നെ, അതിക്രമങ്ങള്‍ക്കെതിരേയും ഈ പറഞ്ഞതുപോലെ വര്‍ഗ്ഗീയതയ്ക്കെതിരേയും ഉള്‍പ്പെടെ ഇടപെട്ട് സംസാരിക്കുന്നുണ്ട്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പീഡനങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല, കൂടിവരുന്നു. ഐ.സി അംഗങ്ങളെ കൊടുക്കുന്ന ഏജന്‍സിയാണ് സഖി. വിവരാവകാശ നിയമപ്രകാരം കണക്കെടുത്തപ്പോള്‍ മനസ്സിലായത് പൊതുമേഖലയില്‍ത്തന്നെ പല ഇടത്തും ഐ.സി പ്രവര്‍ത്തിക്കുന്നില്ല എന്നാണ്. ഫണ്ടുപോലും മാറ്റിവയ്ക്കുന്നില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇതാണ് സ്ഥിതിയെങ്കില്‍ പ്രൈവറ്റ് സ്ഥാപനങ്ങളിലെ സ്ഥിതി കൂടുതല്‍ മോശമായിരിക്കുമല്ലോ. സര്‍ക്കാര്‍ ഒരു ഉത്തരവിറക്കും. വിമന്‍ ആന്റ് ചൈല്‍ഡ് ഡിപ്പാര്‍ട്ടുമെന്റ് അതങ്ങോട്ടു കൈമാറും. അതല്ലാതെ ഒരു നടപടിയുമെടുക്കുന്നില്ല. പല ഇടത്തും പുരുഷന്മാരാണ് ഐ.സി ചെയര്‍പേഴ്സണ്‍. മിക്കപ്പോഴും പരാതി ഉണ്ടാകുമ്പോള്‍ തട്ടിക്കൂട്ടുന്നതാണ്. എല്‍.സി.സിയും കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. തീരുമാനങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് അവബോധം ഇല്ല. എല്ലാ സ്ഥാപനങ്ങളിലേയും മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്റേണല്‍ കമ്മിറ്റിയെക്കുറിച്ച് അവബോധം ഉണ്ടാകണം. അതൊക്കെ ഉണ്ടായാല്‍ മാത്രമേ കാര്യമുള്ളു. കുടുംബശ്രീ ഇപ്പോള്‍ എല്ലാ ജില്ലകളിലേയും അവരുടെ ജീവനക്കാര്‍ക്ക് സഖി വഴി അവബോധം നല്‍കുന്നുണ്ട്.''

സന്തോഷത്തിന്റെ അര്‍ത്ഥവ്യത്യാസങ്ങള്‍

വ്യക്തിപരമായ ജീവിതത്തില്‍ സംതൃപ്തയാണ് - മേഴ്സി അലക്സാണ്ടര്‍ പറയുന്നു. ''സ്വന്തമായി തെരഞ്ഞെടുത്ത ആളാണ് ജീവിതപങ്കാളി. സ്ത്രീധനം കൊടുക്കുകയോ ആര്‍ഭാടമായി വിവാഹം നടത്തുകയോ താലികെട്ടുകയോ ഒന്നും ചെയ്തില്ല. താലിയില്‍ കുടുക്കേണ്ടതല്ല ജീവിതം എന്ന് രണ്ടുപേരും കൂടി തീരുമാനിച്ചു. കുടുംബജീവിതത്തില്‍ സംതൃപ്തയാണ്. പക്ഷേ, ഞാന്‍ കടന്നുവന്ന വഴികള്‍ നോക്കുമ്പോള്‍ എന്റെ പ്രവര്‍ത്തനമേഖലയില്‍ ഞാന്‍ അത്ര സംതൃപ്തയല്ല. മത്സ്യമേഖലയുടെ അവസ്ഥ നോക്കുകയാണെങ്കില്‍, വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. മത്സ്യസമ്പത്തില്ല. പിന്നെ, എല്ലാവരും വികസനം എന്നു പറയുന്നത് വന്‍കിട ഹാര്‍ബറുകളും വന്‍കിട പദ്ധതികളുമൊക്കെയാണ്. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനം. ഞാനൊക്കെ മത്സ്യമേഖലയില്‍ ജനിച്ച് ജീവിച്ചുവളര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയ ആളാണ്. ഞങ്ങളുടെ തൊഴിലും തൊഴിലിടവുമാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്'' മേഴ്സി അലക്സാണ്ടര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.