ആശുപത്രി വരാന്തയിലെ ആരോഗ്യസംരക്ഷണം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും ഈ കാഴ്ചയുണ്ട്. എന്തുകൊണ്ടായിരിക്കാം വര്‍ഷങ്ങളായിട്ടും 'നിലത്തു കിടക്കുന്ന രോഗികള്‍' നമ്മുടെ ആരോഗ്യസംവിധാനത്തിന് ഒരു പ്രശ്‌നമായി തോന്നാതിരിക്കുന്നത്. അതിലൊരു മനുഷ്യാവകാശ ലംഘനമുണ്ടെന്നും പരിഹരിക്കപ്പെടണമെന്നും ചര്‍ച്ചകള്‍ വരാത്തത്.
kozhikode medical college
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി വരാന്തയിലെ രോഗികള്‍ photo: e gokul/Express

ര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ വരാന്തയില്‍ കിടക്കുന്നത് കണ്ടിട്ടുണ്ടോ? കണ്ടുകാണും. കാരണം അതൊരു പുതിയ കാര്യമല്ല. തുണിയും പായയും വിരിച്ച് ആശുപത്രി വരാന്തകളില്‍, അഡ്മിറ്റായ രോഗികളും കൂട്ടിരിപ്പുകാരും കിടക്കുന്നത് വര്‍ഷങ്ങളായി കണ്ടുവരുന്ന കാഴ്ചയാണ്. ഇപ്പോഴും അതു കാണാം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും ഈ കാഴ്ചയുണ്ട്. എന്തുകൊണ്ടായിരിക്കാം വര്‍ഷങ്ങളായിട്ടും 'നിലത്തു കിടക്കുന്ന രോഗികള്‍' നമ്മുടെ ആരോഗ്യസംവിധാനത്തിന് ഒരു പ്രശ്‌നമായി തോന്നാതിരിക്കുന്നത്. അതിലൊരു മനുഷ്യാവകാശ ലംഘനമുണ്ടെന്നും പരിഹരിക്കപ്പെടണമെന്നും ചര്‍ച്ചകള്‍ വരാത്തത്. കണ്ടും അനുഭവിച്ചും സ്വാഭാവികമായി പോകുന്ന ചില അനീതികളുടെ കൂട്ടത്തിലാണ് ഇതും. ചികിത്സ തേടിയെത്തുന്ന നിസ്സഹായരായ മനുഷ്യര്‍ക്ക് ഇതൊക്കെ മതി എന്ന അധികൃതരുടെ തീരുമാനം ഇനിയെങ്കിലും മാറ്റേണ്ടതല്ലേ? മൊത്തം രോഗികളില്‍ 60 ശതമാനത്തോളം പൊതുജനാരോഗ്യ സംവിധാനങ്ങളെ ഉപയോഗിക്കുന്നു എന്നാണ് സര്‍ക്കാര്‍ തന്നെ പറയുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വരാന്തയില്‍ നിറയെ രോഗികളാണ്. പനിപോലെ ഏതെങ്കിലും സമയത്ത് രോഗികള്‍ പെട്ടെന്നു കൂടിയതുകൊണ്ടായിരിക്കും ഇങ്ങനെ എന്നു കരുതരുത്. കാരണം ഈ അവസ്ഥ മിക്കപ്പോഴും ഉള്ളതാണ്. രോഗികളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമൊന്നും ഈയടുത്ത ദിവസങ്ങളില്‍ ഉണ്ടായിട്ടില്ല എന്ന് ആശുപത്രി അധികൃതര്‍ തന്നെ പറയുന്നു. നീണ്ട വരാന്തയുടെ ഇരുവശത്തും തുണിയും പായയും ന്യൂസ് പേപ്പറും വിരിച്ച് രോഗികളും കൂട്ടിരിപ്പുകാരും കിടക്കുന്നത് നമുക്കു കാണാം. വരാന്തയുടെ അരികില്‍ നീളനെയാണ് രോഗികളുടെ കിടപ്പ്. ഇങ്ങനെ രണ്ട് രോഗികളുടെ തലഭാഗം വരുന്നയിടത്ത് രണ്ട് പേര്‍ക്കുമുള്ള മരുന്നു കയറ്റാനുള്ള സ്റ്റാന്‍ഡ്. ഇതിനിടയില്‍ കൂട്ടിരിപ്പുകാരും സ്ഥലം കണ്ടെത്തണം. ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്ന വഴികൂടിയാണിത്. രോഗികളെ തട്ടാതെ പോകാന്‍ അവരും അവരുടെ ചവിട്ടുകൊള്ളാതിരിക്കാന്‍ രോഗിയും ശ്രദ്ധിക്കണം. ഡോക്ടര്‍മാരും നഴ്സുമാരും വരാന്തയില്‍ തന്നെയാണ് ഇവരെ നോക്കുന്നതും.

kozhikode medical college
കാടും മനുഷ്യരും: സംഘര്‍ഷങ്ങള്‍ എങ്ങനെ ഇല്ലാതാക്കും?

വയനാട്ടില്‍ നിന്നെത്തിയ രോഗിയും രണ്ട് കൂട്ടിരിപ്പുകാരും അവരുടെ ദുരിതം സംസാരിച്ചു. രണ്ടാംദിവസമാണ് വരാന്തയിലെ കിടപ്പ്. സ്റ്റാന്‍ഡില്‍നിന്നു മരുന്നു കൈത്തണ്ടയിലേയ്ക്ക് കയറ്റി കൊണ്ടിരിക്കുന്നു. നിസ്സഹായനായ ഒരു മനുഷ്യന്‍. ഇന്നലെ രാത്രി മരുന്നുതീര്‍ന്ന് സമയത്ത് സൂചി അഴിച്ചുമാറ്റാത്തതിനാല്‍ കിടക്കുന്നതിന് അടുത്ത് വീണ ചോരപ്പാടുകള്‍ ബന്ധുവായ കൂട്ടിരിപ്പുകാരന്‍ കാണിച്ചുതന്നു. ഇതിനിടയില്‍ വാര്‍ഡ് ഒഴിയുന്നുണ്ടോ എന്ന് ഇടയ്ക്ക് പോയി നോക്കുന്നുണ്ട് ചിലര്‍. ഒന്നും സംസാരിക്കാനാവാത്തത്ര നിസ്സഹായതയാണ് ആ വരാന്തയില്‍. ഈ ദുരിതത്തിനെതിരെ കഴിഞ്ഞവര്‍ഷം മനുഷ്യാവകാശ കമ്മിഷന്‍ കേസെടുക്കുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പുതിയ കെട്ടിട നിര്‍മ്മാണവും കൂടുതല്‍ ബെഡുകള്‍ സജ്ജീകരിക്കുന്നതും അന്ന് അധികൃതര്‍ പറഞ്ഞെങ്കിലും പ്രശ്‌നം ഇന്നും തുടരുകയാണ്.

ഈ അവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ട ആരോട് ചോദിച്ചാലും ആദ്യം പറയുന്ന ഉത്തരം രോഗികളുടെ എണ്ണക്കൂടുതലാണ്. രോഗികളുടെ എണ്ണം കൂടുമ്പോള്‍ മറ്റെന്തു ചെയ്യാന്‍ പറ്റും എന്നാണ്. കുറച്ചുകൂടി കടന്നു പറയുന്നവരുമുണ്ട്, സ്വകാര്യ ആശുപത്രികളേക്കാള്‍ മെച്ചപ്പെട്ട ചികിത്സ കിട്ടുന്നു എന്നതിനാല്‍ അത്രയും രോഗികള്‍ സര്‍ക്കാര്‍ ആശുപത്രി തേടിയെത്തുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന്. ചികിത്സ തേടിയെത്തുന്നവരെ പരമാവധി കഷ്ടപ്പെടുത്തി രോഗികളുടെ എണ്ണം കുറയ്ക്കുക എന്നതാണോ ഇതിനുള്ള പോംവഴി. സര്‍ക്കാര്‍ സംവിധാനമാണെങ്കില്‍ കുറച്ചു കഷ്ടപ്പെടേണ്ടിവരും എന്ന ഔദാര്യ മനോഭാവം അധികൃതര്‍ക്കും പൊതുസമൂഹത്തില്‍ത്തന്നെ ഒരു വിഭാഗത്തിനും ഉണ്ട്. മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്വവും പൗരന്റെ അവകാശവുമാണ്. ഇതെങ്ങനെ പരിഹരിക്കാം എന്നതിനു ഗൗരവതരമായ ആലോചനകള്‍ വേണം.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1700-ഓളം രോഗികള്‍ എന്നതാണ് ഒരു ദിവസത്തെ ഏകദേശ കണക്ക്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലാണ് രോഗികള്‍ക്ക് ബെഡ് കിട്ടാത്ത അവസ്ഥ കൂടുതല്‍. 300 ബെഡാണ് മെഡിസിന്‍ വാര്‍ഡിലുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നുള്ള രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്നുണ്ട്. ഈ ജില്ലകളില്‍ സര്‍ക്കാര്‍ തലത്തില്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്തതിനാലാണ് കോഴിക്കോട്ടേയ്ക്ക് ആളുകള്‍ക്കു വരേണ്ടിവരുന്നത്. പ്രാഥമികതലത്തില്‍ ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച ആരോഗ്യസംവിധാനങ്ങള്‍ ഉണ്ടെങ്കിലേ രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ബെഡ് ഒഴിവില്ല എന്ന പതിവ് മറുപടി എത്ര വര്‍ഷം പറഞ്ഞുകൊണ്ടിരിക്കും.

ക്യൂവിലാവുന്ന രോഗി

വെറുതെ കിട്ടുന്നതല്ലേ കുറച്ച് കാത്തിരിക്കൂ എന്ന മനോഭാവം പൗരബോധമുള്ള ഒരു സമൂഹത്തിനും സംവിധാനത്തിനും ചേരുന്നതല്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗി ഭൂരിഭാഗം സമയവും ചെലവഴിക്കേണ്ടിവരുന്നത് ക്യൂവിലാണ്. ഒ.പി ടിക്കറ്റെടുക്കാനും ഡോക്ടറെ കാണാനും മരുന്നു വാങ്ങാനും മറ്റു പരിശോധനകള്‍ക്കും മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കണം. മണിക്കൂറുകള്‍ ക്യൂ നിന്ന് എത്തുന്ന ഒരു രോഗിക്ക് മുന്നോ നാലോ മിനിറ്റാണ് ഒരു ഡോക്ടറുടെ അടുത്തു ചെലവഴിക്കാന്‍ കഴിയുന്നത്. അതുകഴിഞ്ഞു മറ്റു പരിശോധനയ്‌ക്കോ മരുന്നു വാങ്ങാനോ വീണ്ടും ക്യൂവിലേക്ക്.

കൂടുതല്‍ ജീവനക്കാരേയും ഡോക്ടര്‍മാരേയും നിയമിക്കുന്നതിലൂടെ ഈ പ്രശ്‌നം കുറെയധികം പരിഹരിക്കപ്പെടും. എത്ര രോഗികള്‍ വന്നാലും പരിശോധിക്കേണ്ട ബാധ്യത ഡോക്ടര്‍ക്കും മറ്റു സേവനങ്ങള്‍ ചെയ്യേണ്ട ബാധ്യത ജീവനക്കാര്‍ക്കും ഏല്പിച്ചു കൊടുത്തതുപോലെയാണ്. അധിക ജോലിഭാരമാണ് പല സര്‍ക്കാര്‍ ആശുപത്രികളിലും കാണാന്‍ കഴിയുന്നത്. പുറത്ത് നീണ്ട ക്യൂവും തിരക്കും വരാന്തയിലെ അഡ്മിറ്റും ഒക്കെ കാണിക്കുന്നത് അതിനനുസരിച്ച് ബുദ്ധിമുട്ടി ജോലി ചെയ്യേണ്ടിവരുന്ന ഡോക്ടര്‍മാരേയും ജീവനക്കാരേയും കൂടിയാണ്. ഒരേസമയം രോഗിയോടും ഡോക്ടറോടും മറ്റു ജീവനക്കാരോടും കാണിക്കുന്ന അനീതിയും മനുഷ്യാവകാശ ലംഘനവുമാണിത്.

ആരോഗ്യസംരക്ഷണവും ആരോഗ്യനികുതിയും

സമഗ്രമായ ഒരു പ്ലാനിലൂടെയേ നിലവില്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. വലിയ തോതിലുള്ള മുതല്‍മുടക്ക് ആരോഗ്യമേഖലയ്ക്ക് ആവശ്യമുണ്ടെന്നും ഹെല്‍ത്ത് ടാക്‌സ് ഏര്‍പ്പെടുത്തി പരിഹാരം കാണണമെന്നുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രൊഫസറും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ ഡോ. കെ.പി. അരവിന്ദന്റെ അഭിപ്രായം. ''കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതിനൊപ്പം ഡോക്ടര്‍മാരുടേയും മറ്റു ജീവനക്കാരുടേയും എണ്ണം കൂട്ടണം. അതിനെ ഫിനാന്‍സ് ചെയ്യാന്‍ ഒരു മെക്കാനിസം ആവശ്യമാണ്. ഒരു നിശ്ചിത തുക ബജറ്റ് വഴിയോ മറ്റോ താല്‍ക്കാലികമായി ഉപയോഗിക്കുന്നതിനു പകരം ടാക്‌സ് സിസ്റ്റം പ്രാക്ടിക്കലായി നടപ്പാക്കണം. അവരവരുടെ വരുമാനത്തിന് അനുസരിച്ച് എല്ലാവരും ടാക്‌സ് കൊടുക്കുന്ന സംവിധാനം ഉണ്ടാവണം. ഇവിടെ ഇത് എത്രത്തോളം പ്രായോഗികമാണ് എന്നറിയില്ല. കാരണം അങ്ങനെയൊന്ന് നടപ്പാക്കുന്ന സര്‍ക്കാരിനെതിരെ വലിയ തോതിലുള്ള സമരവും വിമര്‍ശനവും ഉണ്ടാവാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യസംവിധാനം മെച്ചപ്പെട്ടതുകൊണ്ടാണ് രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളെ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. പണ്ടൊക്കെ പാവപ്പെട്ട രോഗികളായിരുന്നു സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയിരുന്നതെങ്കില്‍ ഇന്ന് മിഡില്‍ക്ലാസ് ആളുകളും എത്തുന്നുണ്ട്. ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി ശാശ്വതമായ പരിഹാരം കാണാന്‍ കഴിയണം'' -ഡോ. കെ.പി. അരവിന്ദന്‍ പറയുന്നു.

രോഗികള്‍ വരാന്തയില്‍ കിടക്കേണ്ടിവരുന്നത് തീര്‍ച്ചയായും അഡ്രസ് ചെയ്യപ്പെടേണ്ട ഒരു വിഷയമാണെന്നും ബെഡിന്റെ എണ്ണം കൂട്ടുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണവും കൂട്ടാന്‍ സാധിക്കണമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എന്‍. സുരേഷ് പറയുന്നു: ''നമ്മുടെ ജീവനക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതില്‍ എത്രയോ കൂടുതലാണ് ഒ.പിയില്‍ എത്തുന്ന രോഗികള്‍. പുതിയ കെട്ടിടങ്ങളും ബെഡുകളും മാത്രം വന്നതുകൊണ്ട് ഈ വിഷയം പരിഹരിക്കപ്പെടില്ല. പൊതുജനാരോഗ്യ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അതുകൊണ്ടുതന്നെ ഈ രംഗത്തേയ്ക്കുള്ള നിക്ഷേപം ഉണ്ടായേ പറ്റൂ. ബജറ്റില്‍ നീക്കിയിരിപ്പ് കൂട്ടണം. ആരോഗ്യരംഗത്ത് ഒരു കോംപ്രമൈസിനു സാധ്യതയില്ല. സ്‌കൂളുകളില്‍ കുട്ടികള്‍ കൂടുമ്പോള്‍ ഡിവിഷന്‍ കൂടും, ടീച്ചറും പുതുതായി വരും. പക്ഷേ, ആശുപത്രികളില്‍ അങ്ങനെ ഒരു സംവിധാനം ഇല്ല. ഒരു ഡോക്ടര്‍ എത്ര രോഗികളെ കാണണം എന്നത് എവിടെയും നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. ഒരു ദിവസം വരുന്ന രോഗികള്‍ എത്രയാണെങ്കിലും അവരെ നോക്കണം. അതാണ് അവസ്ഥ. അങ്ങനെ വരുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ കോംപ്രമൈസ് ചെയ്യപ്പെടും. ഡോക്ടറുടേയും രോഗിയുടേയും അവകാശം ഇവിടെ ഹനിക്കപ്പെടുകയാണ്. മെച്ചപ്പെട്ട പരിചരണവും ചികിത്സയും എല്ലാവരുടേയും അവകാശമാണ് എന്ന ബോധ്യം വേണം. ഈയൊരാവശ്യം പൊതുജനങ്ങളില്‍നിന്നുതന്നെ ഉയര്‍ന്നുവരണം'' -ഡോ. ടി.എന്‍. സുരേഷ് പറയുന്നു. രോഗികളെ പ്രാദേശികമായി ഫലപ്രദമായി ചികിത്സിക്കാന്‍ സംവിധാനമൊരുക്കിയാലേ ഈ സ്ഥിതിക്ക് മാറ്റം വരികയുള്ളൂ എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം മുന്‍ മേധാവിയും ഗ്രന്ഥകര്‍ത്താവുമായ ഡോ. പി.കെ. ശശിധരന്‍ അഭിപ്രായപ്പെടുന്നത്.

''ആരോഗ്യസംരക്ഷണം എന്നത് ആശുപത്രിയും ഡോക്ടര്‍മാരും എന്ന രീതിയിലാണ് ഇവിടെ കാണുന്നത്. അത് അങ്ങനെ കാണരുത്. സുരക്ഷിതമായ കുടിവെള്ളം, മാലിന്യസംസ്‌കരണം, പരിസരശുചിത്വം, മികച്ച ജീവിതശൈലി ഇതൊക്കെ പഠിപ്പിച്ച് രോഗാതുരത കുറക്കണം. രോഗികളുടെ എണ്ണം ഇന്നു വളരെ കൂടുതലാണ്. ഇക്കാര്യങ്ങള്‍ പഠിപ്പിച്ച് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ കഴിയണം. ഒപ്പം പ്രാഥമിക തലത്തില്‍ പരിശീലനം നേടിയ ജനറല്‍ പ്രാക്ടീഷണര്‍മാരും ഉണ്ടാവണം. ലോകത്ത് എല്ലായിടത്തും ഏറ്റവും പ്രധാനം ഇത്തരം ഫാമിലി ഡോക്ടര്‍മാരാണ്. ഇന്ത്യയില്‍ അതില്ല. എം.ബി.ബി.എസ് മാത്രമുള്ള ഡോക്ടര്‍മാരല്ല വേണ്ടത്. ജനങ്ങള്‍ക്കു വിശ്വാസം ഉണ്ടാവണം. നല്ല ഡോക്ടര്‍ എന്നത് സ്‌പെഷ്യലിസ്റ്റ് ഡോക്ടറല്ല. മികച്ച ജനറല്‍ പ്രാക്ടീഷണര്‍മാരാണ് നമുക്കു വേണ്ടത്. ശാസ്ത്രീയമായി ആരോഗ്യസംരക്ഷണവും രോഗ ചികിത്സയും ചെയ്യാന്‍ കഴിവുള്ള ഡോക്ടര്‍മാരുടെ എണ്ണം കൂട്ടുക മാത്രമേ വഴിയുള്ളൂ.

2007-ല്‍ ഞാന്‍ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2021-ലാണ് മെഡിക്കല്‍ കോളേജില്‍ ഒരു ഫാമിലി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വന്നത്. ഇപ്പോഴും അതേപടി നില്‍ക്കുകയാണ്, ഒരു സൗകര്യവും ഇല്ലാതെ.

രോഗികള്‍ കൂടുമ്പോള്‍ മനുഷ്യവകാശലംഘനം സംഭവിക്കുക സ്വാഭാവികമാണ്. ആളുകളുടെ എണ്ണം കുറച്ചാലെ മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കാനാവൂ. ഇതു ശരിയാക്കാതെ മുകളില്‍ കൊണ്ടുപോയി വളംവെച്ചിട്ട് കാര്യമില്ല. പരിശീലനം കിട്ടിയ ഫാമിലി ഡോക്ടര്‍മാരെ താഴെത്തട്ടില്‍ വിന്യസിച്ച് കൊണ്ടുമാത്രമേ നമ്മുടെ സിസ്റ്റത്തെ നന്നാക്കാന്‍ പറ്റുള്ളൂ. കൂടുതല്‍ ബെഡ് ഉണ്ടാക്കുന്നതല്ല പരിഹാരം. പെട്ടെന്നു ചെയ്യുന്ന പരിഹാരങ്ങള്‍ നിലനില്‍ക്കില്ല. സ്ഥിരമായ പരിഹാരമാണ് വേണ്ടത്. ഈ കാര്യങ്ങള്‍ നടപ്പാക്കാന്‍ നല്ല വിഷനുള്ള ഭരണാധികാരികളും വേണം'' -ഡോ. പി.കെ. ശശിധരന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com