''ഫോട്ടോഗ്രഫി ജീവിതത്തില്‍ രാഷ്ട്രീയക്കാരുടേയും പൊലീസിന്റേയും തല്ലുകൊണ്ടിട്ടുണ്ട്. തല്ലിയവര്‍ പിന്നെ സുഹൃത്തുക്കളായി''

ഫോട്ടോഗ്രാഫി ജീവിതം: കെ.കെ. സന്തോഷിന്റെ അനുഭവങ്ങൾ
കെ.കെ. സന്തോഷ്
കെ.കെ. സന്തോഷ്

മാതൃഭൂമി സീനിയര്‍ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ കെ.കെ. സന്തോഷിന്റെ ഗുരു അച്ഛന്‍ തന്നെയായിരുന്നു. കിളിയന്‍കണ്ടി ഗംഗാധരന്‍ കോഴിക്കോട്ടെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായിരുന്നു. ''വീട്ടില്‍ ക്യാമറയുണ്ടായിരുന്നു; അച്ഛന് സ്റ്റുഡിയോയും. അവധി ദിവസങ്ങളിലൊക്കെ രാവിലെ ഒന്‍പതു മണിക്ക് സ്റ്റുഡിയോ തുറക്കുന്നതു മുതല്‍ അടയ്ക്കും വരെ അവിടെയായിരുന്നു. ഫോട്ടോ എടുക്കുന്നത് മാത്രമല്ല, കെമിക്കലൊക്കെ സ്വന്തമായി മിക്‌സ് ചെയ്ത്, അത് ഡവലപ് ചെയ്ത് പ്രിന്റ് എടുക്കുന്നതുവരെ കണ്ടുപഠിച്ചു.''

ഡിഗ്രിക്ക് കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്സ് കോളേജില്‍ പഠിക്കുന്ന കാലത്ത് പത്രഫോട്ടോഗ്രാഫറാകണമെന്ന് ആഗ്രഹമുദിച്ചത് . അതിനു കാരണക്കാരന്‍ മലയാള മനോരമയിലെ മുതിര്‍ന്ന ഫോട്ടോഗ്രാഫറായിരുന്ന കെ. അരവിന്ദാക്ഷനായിരുന്നു. ''വളരെ ഒതുങ്ങിയ പ്രകൃതക്കാരനായിരുന്ന അരവിയേട്ടന്‍ അച്ഛന്റെ സുഹൃത്തായിരുന്നു. അദ്ദേഹം സ്റ്റുഡിയോയില്‍ വന്നിരുന്ന്, ഫോട്ടോയെടുക്കാന്‍ പോയതിന്റെ അനുഭവങ്ങള്‍ രസകരമായി പറയും. കോളേജിലെ ചില പരിപാടികളുടെ പടമെടുക്കാന്‍ അദ്ദേഹം തന്റെ കയ്യിലുള്ള വിലകൂടിയ ക്യാമറ വരെ എനിക്ക് തരുമായിരുന്നു.''

1993-ല്‍ തൃശൂര്‍ യൂണിറ്റില്‍നിന്നാണ് കെ.കെ. സന്തോഷിന്റെ മാതൃഭൂമി ജീവിതത്തിന്റെ തുടക്കം. ഒപ്പം ഷാജു ജോണ്‍, ബി. ചന്ദ്രകുമാര്‍, കെ.ജി. സന്തോഷ് എന്നിവരും ആ ബാച്ചില്‍ നിയമിക്കപ്പെട്ടു. കൃഷ്ണദാസായിരുന്നു ന്യൂസ് എഡിറ്റര്‍; കെ. പ്രഭാകരന്‍ ബ്യൂറോ ചീഫും. വീടിന്റെ അന്തരീക്ഷം തന്നെ ഓഫീസിലും. അവിടെ പൊതുവില്‍ 'സാര്‍' വിളിയില്ല: എം.ഡി, ന്യൂസ് എഡിറ്റര്‍ എന്നിവരെ മാത്രം ചിലര്‍ 'സാര്‍' എന്നു വിളിക്കും. അല്ലാത്തവരെല്ലാം ഏട്ടന്മാരാണ്. ന്യൂസ് എഡിറ്റര്‍, ഓഫീസിലെ അക്കാലത്തെ പ്യൂണിനെ 'അയ്യപ്പേട്ടാ' എന്നാണ് വിളിച്ചിരുന്നത്. ജോലി ഏറെ രസകരമായിരുന്നു. രാത്രി 12 മണിക്ക് ആദ്യ എഡിഷന്‍ പത്രം വായിച്ചു കഴിഞ്ഞാണ് വീട്ടില്‍ പോവുക.

കെ.കെ. സന്തോഷ്
''ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം മതങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു; '' മാധവിക്കുട്ടി അന്ന് പറഞ്ഞു

''വാര്‍ത്താച്ചിത്രം എന്താണെന്ന് എന്നെ പഠിപ്പിച്ചത് സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ വി.എസ്. ഷൈനാണ്. ധര്‍ണ്ണയോ സത്യഗ്രഹമോ ഉണ്ടാവുമ്പോള്‍ ജനക്കൂട്ടം ഒന്നിച്ച് മുദ്രാവാക്യം വിളിക്കുന്ന ചിത്രമെടുത്താല്‍ അതില്‍ എക്‌സ്പ്രഷനും ആക്ഷനുമുണ്ടാവും. അത് ഒന്നാംപേജ് ചിത്രമാക്കാം. ആക്ഷനില്ലാത്ത ചിത്രങ്ങള്‍ ലോക്കല്‍ പേജിലേ വരൂ എന്ന പാഠം പഠിപ്പിച്ചത് അദ്ദേഹമാണ്.''

യാദൃച്ഛികമായി, അങ്ങനെയുള്ള ഒരു ആക്ഷന്‍ ചിത്രം സന്തോഷിനു കിട്ടി. ഗുരുവായൂരില്‍ പുഷ്-പുള്‍ ട്രെയിന്‍ ഉദ്ഘാടനത്തിന്റെ ചിത്രങ്ങളെടുത്ത ശേഷം പി.ആര്‍.ഡിയുടെ ജീപ്പില്‍ പത്രക്കാര്‍ തൃശൂരിലേയ്ക്ക് മടങ്ങുകയായിരുന്നു. ആ വാഹനത്തെ പല പ്രാവശ്യം ഓവര്‍ടേക്ക് ചെയ്ത ഒരു കാര്‍ പേരാമംഗലത്ത് എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. രണ്ടു വാഹനങ്ങളുടേയും മുന്‍ വാതിലുകള്‍ തുറന്ന് യാത്രക്കാര്‍ തെറിച്ചുവീണു. പെട്ടെന്നു ക്യാമറ ക്ലിക്ക് ചെയ്തു. വീണുകിടക്കുന്ന രണ്ടു പേര്‍ക്കിടയില്‍നിന്ന് ഒരാള്‍ എണീക്കാന്‍ ശ്രമിക്കുന്ന ചിത്രം, ''ഒന്നു കൈപിടിച്ചുയര്‍ത്താന്‍'' എന്ന അടിക്കുറിപ്പോടെ പത്രത്തില്‍ വന്നു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ പുരസ്‌കാരം ആ ഫോട്ടോയ്ക്കു ലഭിച്ചു. സന്തോഷിന്റെ ആദ്യ അവാര്‍ഡ്. അപകടത്തില്‍ പരിക്കേറ്റ ഒരാളേയും ജീപ്പില്‍ കയറ്റിയാണ് അന്നു തങ്ങള്‍ തൃശൂരിലെത്തിയതെന്നും സന്തോഷ് ഓര്‍ക്കുന്നു.

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ചില ഉള്‍വിളികളുണ്ടാകാറുണ്ട്. 1995-ല്‍ തൃശൂരില്‍ നാഷണല്‍ വെയ്റ്റ് ലിഫ്റ്റിങ്ങ് മത്സരങ്ങള്‍ നടക്കുമ്പോള്‍ മിനുസമുള്ള തറ പ്രശ്‌നമുണ്ടാക്കുന്നതായി തോന്നി. ക്യാമറയുമായി ജാഗരൂകനായി ഇരുന്നു. ഭാരമുയര്‍ത്തവേ, ഒരു മത്സരാര്‍ത്ഥി തെന്നി. അയാളുടെ കാല്‍മുട്ടിലേയ്ക്ക് ബാര്‍ പതിക്കുന്ന നിമിഷമാണ് ക്യാമറയില്‍ പതിഞ്ഞത്. ആ ചിത്രം ശ്രദ്ധ പിടിച്ചുപറ്റി.

ഒന്നു കൈപിടിച്ചുയർത്താൻ ... തൃശൂരിനടുത്ത പേരാമംഗലത്തുണ്ടായ കാർ അപകടം
ഒന്നു കൈപിടിച്ചുയർത്താൻ ... തൃശൂരിനടുത്ത പേരാമംഗലത്തുണ്ടായ കാർ അപകടം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ നാഷണല്‍ യൂത്ത് ഫുട്ബോള്‍ നടന്നപ്പോള്‍, ഇതുപോലുള്ള രണ്ടുമൂന്ന് ആക്ഷന്‍ ചിത്രങ്ങള്‍ കിട്ടിയതും വഴിത്തിരിവായി. മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ ചുമതല വഹിച്ചിരുന്ന ഒ.ആര്‍. രാമചന്ദ്രന് ഈ ചിത്രങ്ങള്‍ ഇഷ്ടമായി. അങ്ങനെ കായികമത്സരങ്ങള്‍ കവര്‍ ചെയ്യാന്‍ ധാരാളം അവസരങ്ങള്‍ കിട്ടി. പാകിസ്താനില്‍ നടന്ന സാഫ് ഗെയിംസ്, ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ്, സന്തോഷ് ട്രോഫി മത്സരങ്ങള്‍ തുടങ്ങി നിരവധി ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളുടെ ചിത്രങ്ങളെടുത്തു.

ബംഗളൂരുവില്‍ 1997-ല്‍ നടന്ന നാഷണല്‍ ഗെയിംസ് കവര്‍ ചെയ്തത് ഒറ്റയ്ക്കായിരുന്നു. പ്രിവ്യൂ ഇല്ലാത്ത ഡിജിറ്റല്‍ ക്യാമറ. മോഡം ടു മോഡം സംവിധാനത്തിലാണ് ഫോട്ടോ അയയ്ക്കുക. അതിന് കോഴിക്കോട് നിന്ന് ഒരു എന്‍ജിനീയര്‍ കൂടെയുണ്ടായിരുന്നു. ഒരു ദിവസം, അയയ്ക്കാനുള്ള ചിത്രങ്ങള്‍ നല്‍കിക്കഴിഞ്ഞ് ചായ കുടിക്കാനായി, ഹൈ പോയിന്റ് ബില്‍ഡിങ്ങിലെ പത്താം നിലയിലുള്ള മാതൃഭൂമി ഓഫീസില്‍നിന്നു ലിഫ്റ്റില്‍ കയറി. ഏഴാം നിലയില്‍ വന്നുനിന്ന ലിഫ്റ്റ് അനങ്ങുന്നില്ല. ദേഹം ഐസ് പോലെ മരവിച്ചു. ഓപ്പറേറ്റര്‍ക്ക് ഇരിക്കാനുള്ള സ്റ്റൂളില്‍ ഇരുന്ന്, ഇടവിട്ട് കോളിംഗ് ബെല്‍ അടിച്ചുതുടങ്ങി. മരിക്കുകയില്ലെന്നു സ്വയം ബോധ്യപ്പെടുത്തി, ലിഫ്റ്റ് തുറക്കാന്‍ കാത്തിരുന്നത് ഒന്നര - രണ്ടു മണിക്കൂര്‍. യാദൃച്ഛികമായി അതുവഴി പോയ മാതൃഭൂമിയുടെ ബാംഗ്ലൂര്‍ ലേഖകന്‍ സി.എം. വിനോദ് കുമാര്‍ ഓഫീസില്‍ രാത്രി ലൈറ്റ് കണ്ട്, സംഭവം അന്വേഷിക്കാന്‍ എത്തി. ലിഫ്റ്റ് കേടാണെന്നറിഞ്ഞു. അതില്‍ ആരോ കുടുങ്ങിയിട്ടുണ്ട് എന്നു മനസ്സിലാക്കി മുകളിലെത്തിയപ്പോള്‍ അദ്ദേഹം കോളിംഗ് ബെല്‍ കേട്ടു. ''ചായ കുടിക്കാന്‍ പോയ ഞാന്‍ തിരികെ എത്തിയിട്ടില്ലെന്ന് അറിഞ്ഞ് സെക്യൂരിറ്റിക്കാരെ കൊണ്ടുവന്നു. അങ്ങനെ രക്ഷപ്പെട്ടു.''

2011 ഏപ്രിലില്‍ സത്യസായി ബാബ മരിച്ചപ്പോള്‍ പുട്ടപര്‍ത്തിയില്‍ പോയി. മരണവിവരമറിഞ്ഞു പൊട്ടിക്കരയുന്ന നിരവധി പേര്‍. ഒരാള്‍ പ്രശസ്ത ഗായിക പി. സുശീല. പിന്നെ, അമിതാഹ്ലാദം പ്രകടിപ്പിക്കുകയോ ദുഃഖിക്കുകയോ ചെയ്തു കണ്ടിട്ടില്ലാത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തോറ്റാലും ജയിച്ചാലും നൂറിന് ഔട്ട് ആയാലും സെഞ്ചുറി തന്നെ അടിച്ചാലുമൊക്കെ സച്ചിന്റെ മുഖഭാവം ഒരേ മട്ടിലാണ്. പക്ഷേ, സായിബാബ മരിച്ച ദിവസം ഭാര്യ അഞ്ജലിയോടൊപ്പം വന്ന സച്ചിന്‍ വിതുമ്പുകയായിരുന്നു. സച്ചിനുണ്ടായ ടെന്നിസ് എല്‍ബോ മാറ്റിക്കൊടുത്തത് സായിബാബയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. വിതുമ്പുന്ന സച്ചിന്റെ ചിത്രവും ആശ്വസിപ്പിക്കുന്ന അഞ്ജലിയുടെ ചിത്രവും കിട്ടി.

എം.ടി കൊച്ചുമകൻ മാധവിനൊപ്പം. സന്തോഷ് എടുത്ത ചിത്രം
എം.ടി കൊച്ചുമകൻ മാധവിനൊപ്പം. സന്തോഷ് എടുത്ത ചിത്രം KK Santhosh

പിന്നീടൊരിക്കല്‍, തന്റെ ചിത്രം എടുക്കുന്നത് സച്ചിന്‍ വിലക്കിയ അനുഭവവുമുണ്ട്, സന്തോഷിന്. അത് ബംഗളൂരുവില്‍ നടന്ന ഇന്തോ-ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടെസ്റ്റ് മാച്ചിനിടയിലായിരുന്നു. അദ്ദേഹം ഗ്യാലറിയില്‍നിന്ന് താഴേയ്ക്ക് ക്രിക്കറ്റ് ബാറ്റ് ഇട്ടുകൊടുക്കുന്നതിന്റെ ചിത്രം എടുക്കാന്‍ തുനിഞ്ഞപ്പോള്‍ ''നോ... നോ'' എന്നു പറഞ്ഞു തടഞ്ഞു. ''ഇത്തരം ചിത്രങ്ങള്‍ക്കു പത്രങ്ങള്‍ നല്‍കുന്ന അടിക്കുറിപ്പുകള്‍ എങ്ങനെയാകുമെന്ന ആശങ്ക കാരണമാകാം അദ്ദേഹം തടഞ്ഞത്.'' അദ്ദേഹത്തെപ്പോലുള്ള ക്രിക്കറ്റ് താരങ്ങളെ മുഷിപ്പിക്കരുതെന്നും ഇഷ്ടക്കേടുണ്ടായാല്‍ പിന്നെ സഹകരിക്കില്ലെന്നും കൂടെയുണ്ടായിരുന്ന ഒരു മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ഉപദേശിച്ചു.''

എങ്കിലും ക്രിക്കറ്റ് താരങ്ങളുടെ ചില ഓഫ് - ബീറ്റ് ചിത്രങ്ങള്‍ സന്തോഷിന്റെ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. സൗരവ് ഗാംഗുലി കോട്ടുവായിടുന്ന കൗതുകചിത്രമാണ് അതിലൊന്ന്. എട്ടു പേര്‍ കൊല്ലപ്പെട്ട, 2004-ലെ മാറാട് കലാപത്തിന്റെ ചിത്രങ്ങളെടുത്തത് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്. കൊല്ലപ്പെട്ടവരിലൊരാള്‍ ആര്‍ട്സ് കോളേജില്‍ ഒപ്പം പഠിച്ച ബാബുരാജായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് - നാല് മാസമായ അയാളുടെ അനുജനും കൊല്ലപ്പെട്ടിരുന്നു. ഫോട്ടോകളെടുത്തപ്പോള്‍ അത് അറിഞ്ഞിരുന്നില്ല. മറ്റൊരു സഹപാഠിയായിരുന്നു അത് അറിയിച്ചത്. അത് വലിയ ഷോക്കായി. ''അക്രമസംഭവത്തിനു മുന്‍പ് അവിടെ പോയപ്പോള്‍ ഞാന്‍ ബാബുരാജിനെ കണ്ടിരുന്നു. എന്തെങ്കിലുമുണ്ടെങ്കില്‍ വിളിച്ചുപറയാന്‍ എന്റെ വിസിറ്റിങ്ങ് കാര്‍ഡും നല്‍കിയിരുന്നു.'' കലാപത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കളക്ട്രേറ്റ് മാര്‍ച്ച് നടന്നപ്പോള്‍ ബാബുരാജിന്റെ ഭാര്യയും അതില്‍ പങ്കെടുത്തു. കണ്ണീരൊലിക്കുന്ന അവരുടെ ക്ലോസപ്പ് ചിത്രം പത്രത്തില്‍ വന്നു. അതു സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. പ്രശ്‌നം ആളിക്കത്തിക്കാന്‍ അത് ഇടയാക്കുമെന്നു ചിലര്‍ വിമര്‍ശനം ഉന്നയിച്ചതും സന്തോഷ് അനുസ്മരിച്ചു.

2006-ലാണ് സന്തോഷിന് ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചത്. മുറിച്ചുമാറ്റിയ മരത്തില്‍നിന്നു കൂടോടെ വീണ എരണ്ട പക്ഷിക്കുഞ്ഞുങ്ങളുടെ നൊമ്പരച്ചിത്രം. കോഴിക്കോട് നഗരത്തിലെ എരഞ്ഞിപ്പാലത്ത് റോഡ് വികസിപ്പിക്കാനായി നിറയെ കിളികളുള്ള മരം മുറിച്ചുമാറ്റാന്‍ പോകുന്നു എന്നറിയിച്ച് ഒരു വായനക്കാരന്‍ പത്രാധിപര്‍ക്ക് പോസ്റ്റ് കാര്‍ഡയച്ചു. ''അന്നത്തെ ബ്യൂറോ ചീഫ് സി.പി. വിജയകൃഷ്ണന്‍, ഇത് അന്വേഷിക്കാനായി റിപ്പോര്‍ട്ടര്‍ എ.കെ. ശ്രീജിത്തിനേയും എന്നേയും അയച്ചു. ഞങ്ങളെത്തിയ ദിവസം ആ മരം മുറിച്ചില്ല. ചാറ്റല്‍ മഴ പെയ്തപ്പോള്‍ അതില്‍നിന്ന് എരണ്ട പക്ഷികള്‍ പുറത്തുവന്ന് മഴകൊള്ളുന്നത് കണ്ടു.'' മരം മുറിക്കാന്‍ ആളെത്തിയാലുടന്‍ തന്നെ അറിയിക്കണമെന്ന് തൊട്ടടുത്തുള്ള ഒരു കടക്കാരനെ ചുമതലപ്പെടുത്തി സന്തോഷ് മടങ്ങി.

നിസ്സഹായതയുടെ നിലവിളി;റോഡ് വികസനത്തിനായി കോഴിക്കോട് എരഞ്ഞിപ്പാലത്ത് മരം  മുറിച്ചപ്പോൾ(2006). കെ.കെ

സന്തോഷിന് ആദ്യമായി സംസ്ഥാന സർക്കാർ പുരസ്കാരം നേടിക്കൊടുത്ത ചിത്രം
നിസ്സഹായതയുടെ നിലവിളി;റോഡ് വികസനത്തിനായി കോഴിക്കോട് എരഞ്ഞിപ്പാലത്ത് മരം മുറിച്ചപ്പോൾ(2006). കെ.കെ സന്തോഷിന് ആദ്യമായി സംസ്ഥാന സർക്കാർ പുരസ്കാരം നേടിക്കൊടുത്ത ചിത്രം

ജൂണ്‍ അഞ്ചിനു പരിസ്ഥിതി ദിനത്തില്‍ത്തന്നെ മരം വെട്ടിമാറ്റാന്‍ ആളെത്തി. മറ്റു പത്രങ്ങളിലെ ഫോട്ടോഗ്രാഫര്‍മാരുമുണ്ടായിരുന്നു, അവിടെ. ''അവര്‍ ഫോട്ടോകളെടുത്ത് തിരിച്ചുപോയി. ഞാന്‍ മാറി, കാത്തുനിന്നു. കുറേക്കഴിഞ്ഞപ്പോള്‍ ഒരു പക്ഷിക്കൂട് താഴെവീണു ചിതറി. അതില്‍നിന്ന് എരണ്ടക്കുഞ്ഞുങ്ങള്‍ തലപൊന്തി നോക്കുന്ന ചിത്രം കിട്ടി. അതിന് അടിക്കുറിപ്പെഴുതിയതും സന്തോഷായിരുന്നു. മുന്‍പ് വായിച്ച, എന്‍. മോഹനന്റെ 'ശേഷപത്രം' എന്ന കഥ ഓര്‍മ്മയില്‍ വന്നു. അതില്‍നിന്നാണ് 'നിസ്സഹായതയുടെ നിലവിളി' എടുത്തത്.

ഏറ്റവും നല്ല വാര്‍ത്താച്ചിത്രത്തിനുള്ള 2022-ലെ സംസ്ഥാന അവാര്‍ഡും കെ.കെ. സന്തോഷിനു കിട്ടി. അംഗപരിമിതര്‍ക്കായുള്ള ഫുട്ബാള്‍ ടീമിന്റെ ക്യാപ്റ്റനായ പേരാമ്പ്ര കുട്ടോത്തെ വൈശാഖ്, ക്രെച്ചസ് കുത്തി രണ്ടുകാലും അന്തരീക്ഷത്തിലേക്കുയര്‍ത്തി പന്തടിക്കുന്ന ചിത്രം. പരിശീലനത്തിനിടയില്‍ പകര്‍ത്തിയതായിരുന്നു, അത്. 13-ാം വയസില്‍ അപകടത്തില്‍ ഒരു കാല്‍ നഷ്ടമായ വൈശാഖ് വെപ്പുകാലുമായി ഫുട്ബാള്‍ മാത്രമല്ല, ബാസ്‌കറ്റ്ബാളും കളിക്കും. ഡിസംബര്‍ മൂന്നിന് ലോക വികലാംഗദിനത്തിലായിരുന്നു ചിത്രം പത്രത്തില്‍ വന്നത്.

ആദ്യത്തെ രണ്ടു വര്‍ഷം ഒഴികെ ഇക്കാലമത്രയും സന്തോഷ് പ്രവര്‍ത്തിക്കുന്നത് കോഴിക്കോട്ടാണ്. പല പത്രാധിപന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും മറ്റു ഫോട്ടോഗ്രാഫര്‍മാരെപ്പോലെത്തന്നെ, സന്തോഷിനും ഏറെ ഇഷ്ടം കെ. ഗോപാലകൃഷ്ണനെ. ''അതൊരു സുവര്‍ണ്ണകാലഘട്ടമായിരുന്നു. അന്ന് ഒന്നാം പേജില്‍ എട്ട് കോളം വരെയൊക്കെ ചിത്രങ്ങള്‍ നല്‍കിയിരുന്നു. ''എന്താ, ഇന്ന് ചിത്രങ്ങളൊന്നുമില്ലേ?'' എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. അദ്ദേഹത്തിനു മുന്‍പ്, ചിത്രങ്ങള്‍കൊണ്ട് പത്രത്തില്‍ മാജിക്ക് കാണിച്ചയാള്‍ ന്യൂസ് എഡിറ്റര്‍ ടി. വേണുക്കുറുപ്പായിരുന്നു. രാജന്‍ പൊതുവാളിന്റെയൊക്കെ ഫോട്ടോകള്‍ നിറച്ച് അദ്ദേഹമിറക്കിയ പത്രത്തെ 'ചിത്രഭൂമി' എന്നു ചിലര്‍ വിശേഷിപ്പിച്ചിരുന്നു.''

കെ. ഗോപാലകൃഷ്ണന്‍ ഒന്നാംപേജില്‍ നല്‍കിയ ഒരു ചിത്രം കോഴിക്കോട് മെഡിക്കല്‍ കോളേജിനു മുന്നില്‍ നടന്ന ഒരു ധര്‍ണ്ണയില്‍നിന്ന് സന്തോഷ് എടുത്തതായിരുന്നു. കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്കായി പ്രത്യേക വാര്‍ഡ് വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ധര്‍ണ്ണ നടത്തുമ്പോള്‍ കൂടെവന്ന ഒരു കുട്ടി, ഫോട്ടോ എടുക്കുന്നതുപോലെ വിരലുകള്‍ കൂട്ടിവെച്ച് അതിനകത്തുകൂടി പുറത്തേയ്ക്ക് നോക്കുന്ന ചിത്രം, 'കനിവിന്റെ കണ്ണു തുറക്കാന്‍' എന്ന അടിക്കുറിപ്പോടെയാണ് അതു പ്രസിദ്ധീകരിക്കപ്പെട്ടത്.

കെ.കെ. സന്തോഷ്
''വല്ലാത്ത ഓമനത്തമുള്ള അവളുടെ മുഖത്ത് ക്യാമറ പതിപ്പിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി''
മധുരനൊമ്പരമീ മാതൃത്വം:കോഴിക്കോട് വെസ്റ്റ് ഹില്ലിൽ നിന്നെടുത്ത ചിത്രം
മധുരനൊമ്പരമീ മാതൃത്വം:കോഴിക്കോട് വെസ്റ്റ് ഹില്ലിൽ നിന്നെടുത്ത ചിത്രം

കെ.കെ. സന്തോഷിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്ന്, കൈക്കുഞ്ഞുങ്ങളെ മാറാപ്പിലിട്ട് നടന്നുനീങ്ങുന്ന അഞ്ചു നാടോടി സ്ത്രീകളുടേതാണ്. ഗോപാലകൃഷ്ണന്‍ പത്രാധിപരായിരിക്കെ തുടങ്ങിയ 'നഗരം' സപ്ലിമെന്റിന്റെ ആദ്യ ലക്കത്തില്‍ കൊടുക്കാന്‍ ആകര്‍ഷകമായൊരു ചിത്രം തേടി അലഞ്ഞപ്പോള്‍, വെസ്റ്റ് ഹില്ലില്‍നിന്നായിരുന്നു ആ ദൃശ്യം പകര്‍ത്തിയത്. അതിനു 'മധുരനൊമ്പരമീ മാതൃത്വം' എന്ന് അടിക്കുറിപ്പ് നല്‍കിയത് സബ് എഡിറ്ററായിരുന്ന ടി.ആര്‍. രമ്യയായിരുന്നുവെന്നും സന്തോഷ് ഓര്‍ക്കുന്നു. ''ചിത്രങ്ങള്‍ മനസ്സില്‍ കോറിയിടുന്നതില്‍ അടിക്കുറിപ്പുകള്‍ക്കും വലിയ പങ്കുണ്ട്.''

മൂന്ന് ദശാബ്ദം കടക്കുന്ന ഫോട്ടോഗ്രഫി ജീവിതത്തില്‍ രാഷ്ട്രീയക്കാരുടേയും പൊലീസിന്റേയും തല്ലുകൊണ്ടിട്ടുണ്ട്. 1996-ല്‍ കോണ്‍ഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടയില്‍ തല്ലിയവര്‍ പിന്നെ സുഹൃത്തുക്കളായി. ''മറ്റൊരിക്കല്‍, സമരക്കാര്‍ക്കു നേരെ പൊലീസ് കല്ലെറിഞ്ഞതിന്റ പടമെടുത്തപ്പോള്‍ ക്യാമറ തല്ലിപ്പൊളിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. പൊലീസുകാര്‍ക്കിടയിലും ക്രിമിനലുകളുണ്ട്. പക്ഷേ, ഇതൊക്കെ ജോലിയുടെ ഭാഗമായതുകൊണ്ട് കാര്യമാക്കുന്നില്ല.''

വീണുകിട്ടുന്ന അപൂര്‍വ്വ മുഹൂര്‍ത്തങ്ങളെ ചരിത്രത്തില്‍ ആലേഖനം ചെയ്യാന്‍ ജാഗരൂകതയോടെ തുറന്നുവച്ചിരിക്കുന്നു സന്തോഷിന്റെ ക്യാമറ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com