പക്ഷികളുടെ പറുദീസയില്‍

പക്ഷികളുടെ പറുദീസയാണ് മന്യാര. മുന്നോറോളം ഇനം പക്ഷികള്‍ മന്യാരയ്ക്ക് സ്വന്തമായുണ്ടത്രേ. ഇതിന്റെ കൂടെ സ്ഥിരം വിരുന്നുകാരായ ധാരാളം നാടോടിപ്പക്ഷികളുമുണ്ട്.
പക്ഷികളുടെ പറുദീസയില്‍

ഫാരിയെന്നാല്‍ ആനയേയും സിംഹത്തേയും കാണലല്ലെന്ന് ഒരുപാട് തവണ റഷീദ് ഞങ്ങളെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഒരു 15 മിനിറ്റോളമായിട്ടും മൃഗങ്ങളെയൊന്നും കാണാതായപ്പോള്‍ ഒരു ജന്തുവിനേയും കാണാനില്ലല്ലോ എന്നു ഞങ്ങള്‍ മുരണ്ടു. ഏതാനും ബബൂണുകളേയും പരിചിതരല്ലാത്ത പക്ഷികളേയും കണ്ടെങ്കിലും ഞങ്ങള്‍ തൃപ്തരല്ല. റഷീദ് ഓരത്ത് വണ്ടി നിര്‍ത്തി. മരക്കൊമ്പത്ത് സിംഹത്തെ കണ്ടിട്ടാണെന്നു ഞങ്ങള്‍ കരുതി. പക്ഷേ, റഷീദ് ചൂണ്ടുന്നത് മരത്തിന്റെ തുഞ്ചത്തിരിക്കുന്ന മാര്‍ഷ്യല്‍ ഈഗിളിലേയ്ക്കാണ്. അലസമായിട്ടുള്ള ആ ഇരിപ്പിലും അവന്റെ ശക്തിയും ശൗര്യവും വെളിപ്പെടുന്നുണ്ട്. സബ് സഹാറന്‍ ആഫ്രിക്കയിലാണ് ഈ പറക്കും ശക്തന്‍ കാണപ്പെടുന്നത്. ശക്തനൊക്കെയെങ്കിലും മാര്‍ഷ്യലിപ്പോള്‍ വംശനാശഭീഷണിയിലാണ്.

പക്ഷികളുടെ പറുദീസയാണ് മന്യാര. മുന്നോറോളം ഇനം പക്ഷികള്‍ മന്യാരയ്ക്ക് സ്വന്തമായുണ്ടത്രേ. ഇതിന്റെ കൂടെ സ്ഥിരം വിരുന്നുകാരായ ധാരാളം നാടോടിപ്പക്ഷികളുമുണ്ട്. ബ്ലാക്ക് ഹെറോണുകള്‍, പലയിനം വേഴാമ്പലുകള്‍, ബീ ഈറ്ററുകള്‍, തവിക്കൊക്കുകളുമായി സ്പൂണ്‍ ബില്ലുകള്‍ എന്നിവയാണ് ധാരാളം കാണപ്പെടുന്ന പക്ഷികള്‍. പിന്നെ മന്യാരയുടെ താരങ്ങളായ ഫ്‌ലെമിംഗോകള്‍. റഷീദ് പറയുന്നത്, പക്ഷികളെ വകവെയ്ക്കാത്ത സഫാരിക്കാരനുപോലും ഒരന്‍പതിനം പറവകളെയെങ്കിലും കാണേണ്ടിവരുമെന്ന്. പക്ഷിശാസ്ത്രത്തില്‍ ജ്ഞാനമോ താല്പര്യമോ തനിക്കില്ലെന്നു കഴിഞ്ഞ ദിവസങ്ങളില്‍ റഷീദ് തെളിയിച്ചിട്ടുള്ളതാണ്. ആ റഷീദാണിപ്പോള്‍ കിളിപ്പാട്ട് പാടുന്നത്.

മരക്കൂട്ടങ്ങള്‍ക്കിടയിലെ ഒരു വന്‍ ചിതല്‍പുറ്റിനു മുന്‍പിലായിരുന്നു റഷീദ് ക്രൂയിസറിന്റെ അടുത്ത സ്‌റ്റോപ്പ്. ഞങ്ങളേക്കാള്‍ പൊക്കവും സഫാരിവണ്ടിയോളം വീതിയുമുള്ള ഒരു ഭീമന്‍ പുറ്റ്. തരംഗീറിയെപ്പോലെ വലിയ ചിതല്‍കൊട്ടാരങ്ങളുടെ സമുച്ചയങ്ങള്‍ ഇവിടെയുമുണ്ട്. ഇവയുടെ വലുപ്പവും സാങ്കേതികമേന്മയും ഘടനാപരമായ സങ്കീര്‍ണ്ണതയും നേരിട്ടറിയുമ്പോഴാണ് ചിതല്‍ക്കുഞ്ഞന്മാരുടെ വാസ്തുവിദ്യാ വൈഭവത്തിനു മുന്നില്‍ ഞങ്ങള്‍ ശിരസ്സ് കുനിക്കുന്നത്. സംഘബലമാണ് ചിതലുകളുടെ ചാലകശക്തി. പുറ്റിനെച്ചൂണ്ടി റഷീദ് ചിതല്‍പ്പുസ്തകം തുറക്കുന്നു. പിന്നെയുള്ള അഞ്ചുമിനിട്ട് റഷീദിന്റെ ബോംബിങ്ങായിരുന്നു. വിജ്ഞാനത്തിന്റെ അഗ്‌നിവര്‍ഷം. ഞങ്ങളുടെ അജ്ഞാനത്തേയും അഹംഭാവത്തേയും അവ പൊള്ളിച്ചു. റഷീദിനെ അപ്പോഴൊന്നും പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നില്ല. ഒരു ഗൈഡിന്റെ ഗീര്‍വ്വാണമാകാമല്ലോ.

പിന്നീട് ചിതലുകളെപ്പറ്റി വായിച്ചപ്പോളാണ് കേട്ടതിനേക്കാള്‍ അത്ഭുതകരവും രസകരവുമാണ് ചിതല്‍പ്പുരാണം എന്നു മനസ്സിലായത്. ഈ ഗംഭീരങ്ങളായ മണ്‍സൗധങ്ങളുടെ ശില്പികള്‍ മിക്കവാറും അന്ധരാണ്. കോളണികളില്‍ രാജാക്കന്മാര്‍ക്കും രാജ്ഞിമാര്‍ക്കുമാണ് അല്പമെങ്കിലും കാഴ്ചവിഷയമുള്ളത്. പണിക്കാരും പടയാളികളും പൂര്‍ണ്ണമായും അന്ധരാണ്. ചിലര്‍ ജനിക്കുന്നതേ കണ്ണുകളില്ലാതെയാണ്. അങ്ങനെയൊക്കെയാണെങ്കിലും പരിസ്ഥിതി സൗഹൃദ ഗൃഹനിര്‍മ്മാണത്തില്‍ മിടുക്കരാണിവര്‍. അത്ഭുപ്പെട്ടു തുടങ്ങുന്നേയുള്ളു നമ്മള്‍. ഉയര്‍ന്നുകാണുന്ന കൊട്ടാരപ്പുറ്റുകളിലല്ല ഈ ചിതലുകളുടെ താമസം.

ലക്ഷക്കണക്കിന് അണികളുള്ള ചിതലന്‍ കോളണി കഴിയുന്നത് പുറ്റിനടിയിലുള്ള ഭൂഗര്‍ഭസങ്കേതങ്ങളിലാണ്. അപ്പോള്‍ പിന്നെന്തിനിവര്‍ ഇത്രയും മെനക്കെട്ട് ഇത്രയും വലിയ, വഴികളും ചാലുകളും ഉള്‍പ്പിരിവുകളുമായി ഇത്രയും സങ്കീര്‍ണ്ണമായ കോട്ട കെട്ടുന്നു? പുറ്റിനോളം പോന്ന വലിയ ചോദ്യമാണിത്. ചിതല്‍പ്പുറ്റുകളെക്കുറിച്ച് ഇന്നത്തെ ശാസ്ത്രത്തിനു മെച്ചപ്പെട്ട ബോധ്യങ്ങളുണ്ട്. ചിതലുകളുടെ ജീവനത്തിനാവശ്യമായി തണുപ്പും ഈര്‍പ്പവും ഒരുക്കുകയാണ് പുറ്റുകളുടെ ഒരു ധര്‍മ്മം. വരണ്ട കാലാവസ്ഥകളുള്ള ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ ഇതു പ്രധാനമാണ്. പുററുകള്‍ക്കുള്ളില്‍ ടെര്‍മ്മറ്റോമൈസസ് എന്ന പൂപ്പലിനെ പോറ്റിവളര്‍ത്തുന്നുണ്ട് ചിതലുകള്‍. തടികളില്‍നിന്നും ചെടികളില്‍നിന്നും ചിതലുകള്‍ക്കാവശ്യമായ ഭക്ഷണം തയ്യാറാക്കുന്നത് ഈ ഷെഫുകളാണ്. ഈ പൂപ്പലുകളല്ലാതെ മറ്റൊന്നിനും പുറ്റിലേയ്ക്കു പ്രവേശനമില്ല. ഏറിയാല്‍ നാലുമിനിറ്റ്, അതിനുള്ളില്‍ അതിക്രമിയെ മണ്ണുണ്ടകള്‍ വര്‍ഷിച്ച് മൂടിക്കളയും പടയാളിച്ചിതലുകള്‍. ഈ പ്രതിരോധത്തിനുള്ള സമയവും സൗകര്യവും ഒരുക്കുകയെന്നതും പുറ്റിന്റെ സങ്കീര്‍ണ്ണതയിലെ സൂത്രമാണ്.

പിന്നെയും പിന്നെയും പുറ്റുകള്‍. പലതും ഉപേക്ഷിക്കപ്പെട്ടവയാവാം എന്ന് റഷീദ്. മരങ്ങള്‍ക്കിടയില്‍ പുറ്റുകളാണോ അതോ, പുറ്റുകള്‍ക്കിടയില്‍ മരങ്ങളാണോ എന്നു ശങ്കയായിത്തുടങ്ങി. ത്രസിപ്പിക്കുന്ന മൃഗദര്‍ശനങ്ങളൊന്നും സംഭവിക്കുന്നില്ല. റഷീദാകട്ടെ, പക്ഷി പുറ്റ്മരം അച്ചുതണ്ടില്‍ ചാരി ഗീര്‍വ്വാണിക്കുകയാണ്. ഞങ്ങള്‍ക്കു കുറേശ്ശേ നിരാശയായിത്തുടങ്ങി. സഫാരിയുടെ അവസാന ദിവസം ശുഷ്‌കമാവുകയാണോ? ചില കുരങ്ങന്മാര്‍ മരച്ചില്ലകളില്‍ അര്‍മ്മാദിക്കുന്നുണ്ട്. ഏതാനും ഗിനിഫോളുകള്‍ താഴെ തത്തിത്തത്തിനടക്കുന്നുണ്ട്. ബബൂണുകള്‍ കൂട്ടംകൂടി ബഹളം വെച്ച് ഞങ്ങളുടെ വഴി തടയാന്‍ ശ്രമിക്കുന്നുണ്ട്. വനത്തിനും വാനത്തിനുമിടയില്‍ ചിറകുവിടര്‍ത്തി നീങ്ങുന്നുണ്ട് ചില വലിയ പക്ഷികള്‍. കൃത്യതയില്ലാത്ത ഒരുപാടു ശബ്ദങ്ങള്‍ മരങ്ങള്‍ക്കിടയില്‍നിന്നു ചാടുന്നുണ്ട്. അത്രതന്നെ. കാടങ്ങങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്. പക്ഷേ, ഞങ്ങളാശിക്കുന്ന കാഴ്ചകളൊന്നും വന്നുനിറയുന്നില്ല.

അത്തിക്കൊമ്പിലിരിക്കുന്ന ഒരു കുരങ്ങനിലാണ് റഷീദിന്റെ ഇപ്പോഴത്തെ കൗതുകം. ഒറ്റക്കൊരുവന്‍. വെര്‍വറ്റ് വിഭാഗത്തില്‍പ്പെട്ട ഒരു വാനരന്‍. കറുത്ത മുഖവും കറുപ്പില്‍ മുക്കിയ വാലറ്റവുമായി സുന്ദരന്മാരാണ് വെര്‍വറ്റുകള്‍. കാല്‍പ്പാദങ്ങള്‍, കൈത്തലങ്ങള്‍, ചെവികള്‍ എന്നിവയും ശ്യാമവര്‍ണ്ണത്തിലാണ്. ശരീരം മൂടുന്ന തെളിച്ചമുള്ള ചാരരോമങ്ങളും അവനു ചാരുത കൂട്ടുന്നുണ്ട്. തവിട്ട് കണ്ണുകള്‍ക്കു കരയിടുന്ന വെളുപ്പും കറുത്ത മുഖത്തിനു ചുറ്റും തിങ്ങിനില്‍ക്കുന്ന സില്‍വര്‍ ഗ്രേ നിറമുള്ള രോമങ്ങളും വെര്‍വറ്റിനു വശ്യമായ ഓമനത്തം നല്‍കുന്നുണ്ട്. സബ് സഹാറന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍കാട്ടിലും നാട്ടിലുംഏറ്റവും അധികം കാണപ്പെടുന്ന കുരങ്ങുവര്‍ഗ്ഗമാണിവര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ എത്ര വെര്‍വറ്റുകളെയാണ് ഞങ്ങള്‍ കണ്ടത്! അതുകൊണ്ട് ഇവനില്‍ റഷീദ് കാണിക്കുന്ന കൗതുകം ഞങ്ങള്‍ക്കു മനസ്സിലാകുന്നില്ല. വെര്‍വറ്റുകള്‍ കൂട്ടത്തോടെ കഴിയുന്നവരാണ്. ഇവന്‍ ഒറ്റയ്ക്കാണ്. ഒരുപക്ഷേ, കൂട്ടത്തില്‍നിന്നു ചാട്ടം പിഴച്ചു പോന്നവനാകാം. തന്റെ അത്തിമര സാമ്രാജ്യത്തിലങ്ങനെ ഞെളിഞ്ഞിരിക്കുകയാണ് അവന്‍. കാലുകളകറ്റിവെച്ച് തന്റെ ലൗകിക/ലൈംഗിക സ്വത്തുക്കളൊക്കെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതാണ് റഷീദ് അടുത്ത അഞ്ചുമിനിറ്റില്‍ വിവരിക്കാന്‍ പോകുന്ന കൗതുകം.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി എത്രയോ വെര്‍വറ്റുകളെ കണ്ടെങ്കിലും ഞങ്ങള്‍ ശ്രദ്ധിക്കാതെ പോയ, റഷീദ് സൂചിപ്പിക്കാതെ പോയ കൗതുകം. വെര്‍വറ്റിന്റെ കറുത്ത മുഖത്തോളം ക്യൂട്ടാണ് കാലുകള്‍ക്കിടയില്‍ അവന്‍ വെളിപ്പെടുത്തുന്ന നീലവൃഷണങ്ങള്‍. Black face, blue balls എന്നൊരു വിവരണം തന്നെയുണ്ട് വെര്‍വറ്റുകള്‍ക്ക്. വെര്‍വറ്റുകളുടെ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് കറുത്തരോമങ്ങളും പിങ്ക് മുഖവുമായിട്ടാണ്. നാലാം മാസത്തിലാണ് കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരുടെ നിറങ്ങളണിയുന്നത്. നാല്‍പ്പതോളം അംഗബലമുള്ള ട്രൂപ്പുകളില്‍ (സംഘം) എല്ലാവരുടേയും ഓമനകളായി അവര്‍ വളരുന്നു. പ്രായപൂര്‍ത്തിയാവുന്നതോടെ ആണ്‍കുരങ്ങന്‍ ഇണയെത്തേടി തന്റെ സംഘം ഉപേക്ഷിച്ചു പോകേണ്ടിവരുന്നു, ഒറ്റയ്ക്ക്. ഈ ഏകാന്തയാത്രയിലാണ് പല വെര്‍വറ്റുകളും മാംസഭുക്കുകള്‍ക്ക് ഇരയാകുന്നത്. ഇണചേരല്‍ കാലമാവുമ്പോള്‍ ഇവരുടെ വൃഷണങ്ങള്‍ നീലനിറത്തില്‍ ജ്വലിച്ചുനില്‍ക്കും. റഷീദ് വാനരവൃഷണ വിജ്ഞാനകോശം തുറന്നു. നീലയിലെ കടുപ്പം കുരങ്ങന്റെ സംഘത്തിലെ സ്ഥാനത്തേയും സൂചിപ്പിക്കും. മുന്തിയ വൃഷണങ്ങള്‍ക്കു നീല കൂടും. പിഗ്മെന്റുകളുടെ രസതന്ത്രമല്ല നീലയ്ക്കു കാരണം. അത് ഫിസിക്‌സാണ്. വൃഷണപ്രദേശത്ത് പ്രത്യേക രീതിയില്‍ നിരത്തപ്പെടുന്ന രോമരാജികളില്‍ വെളിച്ചത്തിന്റെ ടിന്‍ഡാല്‍ കേളിയാണ് നീലയാവുന്നത്. അത്തിമരക്കൊമ്പിലെ, ഹൃദയം പൂത്ത കുരങ്ങന്‍ കാലുകള്‍ കൂടുതല്‍ അകറ്റിവെച്ച് നീലപ്രദര്‍ശനം തുടര്‍ന്നു. കാമാവേശത്താല്‍ നീലിച്ച വൃഷണങ്ങളുമായി സംഘം വിട്ടിറങ്ങിയ ഏകാന്തനു ഞങ്ങള്‍ രതിമംഗളങ്ങള്‍ നേര്‍ന്നു. നല്ലൊരിണയേയും രസകരമായ ദീര്‍ഘജീവിതവും നിനക്കുണ്ടാവട്ടെ. സൂക്ഷിക്കുക, ഇരയാകാതെ നോക്കുക. വന്‍ വിടവിന്റെ ചെരുവുകളിലെ ഏറ്റവും മനോഹരമായ വനദൃശ്യത്തിനു സമാന്തരമായാണ് ഞങ്ങളിപ്പോള്‍ നീങ്ങുന്നത്. ശതക്കണക്കിനം മരങ്ങളെ കുത്തനെ അട്ടിയിട്ട് വിടവിലെ ചെരിവിനെ നിറച്ചിരിക്കുകയാണ്. പച്ചയുടെ കൊതിപ്പിക്കുന്ന ഷെയ്ഡുകളുടെ വിന്യാസമാണിത്. സഫാരിയുടെ ആദ്യരാത്രി ഞങ്ങള്‍ തങ്ങിയ മന്യാര വൈല്‍ഡ് ലൈഫ് ലോഡ്ജ് റിഫ്ടിന്റെ തുഞ്ചത്ത് കാണാം.

ഫ്ളമിംഗോകള്‍
ഫ്ളമിംഗോകള്‍
പക്ഷികളുടെ പറുദീസയില്‍
''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''

വിഷം മുക്കിയ ദേശിയപതാകകള്‍

റിഫ്ടില്‍നിന്നു വിട്ട് തടാക ഭാഗത്തേയ്ക്കു നീങ്ങുകയാണിപ്പോള്‍. അക്കേഷ്യകളും കുറ്റിച്ചെടികളും നിറഞ്ഞു വാഴുന്നു. 'അധികം ഫ്‌ലെമിംഗോകളെ നമുക്കു കാണാന്‍ കിട്ടിയില്ലെന്നുവരും. അവയുടെ സീസണായിട്ടില്ല. ക്ഷമിക്കണം.' മന്യാരയിലേക്ക് കയറിയപ്പോഴേ തുടങ്ങിയതാണ് റഷീദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍. ഓരോ തവണയും ഞങ്ങള്‍ നിരാശയുടെ ചതുപ്പിലേക്കു താണുപോകുകയാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ മാസങ്ങളിലാണ് മന്യാരയില്‍ ഫ്‌ലെമിംഗോകള്‍ പെയ്തിറങ്ങുന്നത്. പിങ്ക് മഴയുടെ കാലം. കൂടെ ഞാറപ്പക്ഷികളും വിവിധയിനം കൊറ്റികളും തടാകത്തിലെത്തും. ന്യൂനപക്ഷത്തായി മരാബുസ്‌റ്റോര്‍ക്കുകളും ഗ്രെ ഹെറോണുകളും മഞ്ഞക്കൊക്കന്‍ കൊറ്റികളും സ്പൂണ്‍ ബില്ലുകളും അണിനിരക്കും. ജനുവരിഫെബ്രുവരി മാസങ്ങളാവുമ്പോള്‍ തടാകക്കിളികളുടെ എണ്ണം പതിനായിരക്കണക്കില്‍നിന്നു ദശലക്ഷങ്ങളാവും. മന്യരത്തടാകം പിങ്ക് പുതച്ച് പക്ഷിപ്പാതാളമാകും. ഡിസംബര്‍ അവസാന വാരത്തിലാണ് ഞങ്ങളുടെ ഈ സഫാരി. ജനുവരിയിലേക്ക് ഏതാനും ദിവസങ്ങള്‍ മാത്രം. എന്നിട്ടാണ് ഫ്‌ലെമിംഗോകള്‍ കാര്യമായിട്ടൊന്നും ഉണ്ടാവില്ലെന്ന് റഷീദ്. അമ്മയും മിനിയുമൊക്കെ മുനിഞ്ഞിരിപ്പായി.

ഈ ഭാഗത്ത് അക്കേഷ്യക്കൊമ്പുകളിലും കുറ്റിച്ചെടികളിലും ടാന്‍സാനിയയുടെ കൊടി ധാരാളമായി തൂക്കിയിട്ടുണ്ട്. സെരങ്കട്ടിയിലോ ഗോരംഗോരോയിലോ കണ്ടിട്ടില്ലാത്ത പരിപാടി. മന്യാര പാര്‍ക്കില്‍ കയറിയപ്പോള്‍തന്നെ അവിടവിടെ കൊടികള്‍ കണ്ടിരുന്നു. ദേശസ്‌നേഹത്തിന്റെ പാറിപ്പറക്കല്‍ എന്നു കരുതി. ഈ ഭാഗത്തിപ്പോള്‍ തലങ്ങും വിലങ്ങും കുത്തനേയും തോന്നിയപോലെ കെട്ടിയിരിക്കുന്നു. ഇന്ത്യയിലാണെങ്കില്‍ ദേശീയവാര്‍ത്തയ്ക്കും അന്തിച്ചര്‍ച്ചയ്ക്കും ഉള്ള ഇരയാണ്. റഷീദിനോട് ചോദിച്ചുഇതെന്താപ്പോ സംഗതി. റഷീദ് ചിരിച്ചു. അതു കൊടിയൊന്നുമല്ല. ട്‌സെട്‌സെ കീടങ്ങളെ കാച്ചാന്‍ വിഷം തേച്ചിട്ടിരിക്കുകയാണ്. ഞങ്ങള്‍ അന്തംവിട്ടിരുന്നു. കടുപ്പവും തിളക്കവും ഉള്ള നിറങ്ങള്‍ ഈ കീടങ്ങളെ ആകര്‍ഷിക്കുന്നു, പ്രത്യേകിച്ച് നീല, കറുപ്പ് നിറങ്ങള്‍. ഈ നിറങ്ങളാകട്ടെ, ടാന്‍സാനിയന്‍ കൊടിയില്‍ വേണ്ടുവോളമുണ്ട്. കീടനാശിനിയില്‍ മുക്കിയിട്ടിരിക്കുന്ന കൊടിക്കെണികളാണ് ഈ കാണുന്നത്. ഇന്ത്യയില്‍ ദേശദ്രോഹത്തിന് അകത്തു കിടന്നേനേ.

കൊടിയിലെ പച്ചനിറം ദേശത്തിലെ പച്ചത്തഴപ്പിനേയും കാര്‍ഷിക സമൃദ്ധിയേയും നീലത്രികോണം ഇന്ത്യന്‍ സമുദ്രത്തേയും തടാകങ്ങളേയും സൂചിപ്പിക്കുന്നു. കോണോട് കോണുള്ള കറുത്തവര സ്വാഹിലി വംശത്തിനുള്ളതാണ്. കറുത്തവരയെ അതിരിടുന്ന സുവര്‍ണ്ണ രേഖകള്‍ ധാതുസമ്പത്തിന്റെ പ്രതീകമാണ്. മന്യാരയില്‍ ദേശീയപതാകയുടെ ദൗത്യം തൂങ്ങിക്കിടന്ന് കീടങ്ങളെ പിടിക്കുകയാണ്! ടാര്‍ജറ്റുകളും ട്രാപ്പുകളുമാണ് ട്‌സെട്‌സെകളെ പിടിക്കാനും നശിപ്പിക്കാനുമുള്ള സംവിധാനങ്ങള്‍. കീടനാശിനി തേച്ച ടാന്‍സാനിയന്‍ കൊടി ടാര്‍ജറ്റാണ്. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ പല രീതികളിലും ആകൃതിയിലുമുള്ള കെണിപ്പണികള്‍ട്രാപ്പുകള്‍ട്‌സെട്‌സെകളെ ചതിച്ചുകൊല്ലാന്‍ തയ്യാറാണ്. കോടിക്കണക്കിന് ആളുകളും അവയുടെ വളര്‍ത്തുമൃഗങ്ങളും ഈ ഈച്ചകളുടെ ആക്രമണത്തിനു കീഴടങ്ങിക്കൊണ്ടിരുന്ന ദുരവസ്ഥയില്‍നിന്ന് ആഫ്രിക്കയെ കരകയറ്റിയത് ഈ നിസ്സാര പരിപാടികളാണ്. ഈച്ചകളുടെ സാന്ദ്രത കുറഞ്ഞാല്‍ സ്റ്റെറൈല്‍ ഇന്‍സെക്റ്റ് ടെക്നിക്കിന് സാധ്യതയായി. റേഡിയേഷന്‍ വഴി വന്ധ്യംകരിക്കപ്പെട്ട ആണീച്ചക്കൂട്ടത്തെ ട്‌സെട്‌സെകളുടെ കോളണികളിലേക്കു കടത്തിവിടും. അവ പെണ്ണീച്ചകളുമയി ഇണചേരുന്നു. പെണ്ണീച്ച ജീവിതത്തില്‍ ഒറ്റത്തവണയേ ഇണചേരൂ. ആ ഇണചേരലാണ് നമ്മുടെ ഷണ്ഡന്മാര്‍ നിഷ്ഫലമാക്കുന്നത്. വംശം പതിയെ കുറ്റിയറ്റുപോകുന്നു.

ട്‌സെട്‌സെ എന്ന വാക്കിനു ചില തെക്കനാഫ്രിക്കന്‍ ഭാഷകളില്‍ ഈച്ച എന്നര്‍ത്ഥമുണ്ട്. അതുകൊണ്ട് പൊതുവെ ട്‌സെട്‌സെ ഫ്‌ലൈ എന്നിപ്പോള്‍ പ്രയോഗിക്കാറില്ല. ഗ്ലോസ്സിന ജനുസ്സില്‍ മുപ്പതില്‍പ്പരം ഉപവിഭാഗങ്ങളായാണ് ഈ കൊലയാളിക്കൂട്ടം വാഴുന്നത്. മൂന്നു തരക്കാരാണ് താരങ്ങള്‍. സാവന്നകളില്‍ സമൃദ്ധമായ സാവന്ന ഫ്‌ലൈസ് , കാടുകളിലെ ശല്യക്കാരനായി ഫോറസ്റ്റ് ഫ്‌ലൈസ്, പിന്നെ നദീതടങ്ങളിലെ റിവറൈന്‍ ഫ്‌ലൈസ്. രണ്ടു തരം യമകിങ്കരന്മാരെയാണ് ഇവര്‍ മനുഷ്യശരീരത്തിലേക്കു കുത്തിക്കേററുന്നത് . 95 ശതമാനത്തിലേറെ കേസുകളും ആദ്യവിഭാഗത്തിലെ വെസ്റ്റ് ആഫ്രിക്കന്‍ ട്രിപ്പാനോസോമിയാസിസ് ആണ്. ഈസ്റ്റ് ആഫ്രിക്കന്‍ തരം അപൂര്‍വ്വമാണ്. നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണം സുനിശ്ചിതം. പനി, തലവേദന, സന്ധിവേദന എന്നിങ്ങനെ നിസ്സാരമായിത്തുടങ്ങി മനുഷ്യനെ ഉറക്കിയുറക്കി മരണത്തിനൊരുക്കുന്നതാണ് രീതി. വെസ്റ്റാഫ്രിക്കന്‍ ഇനത്തില്‍ മൂന്നു കൊല്ലവും ഈസ്റ്റാഫ്രിക്കന്‍ തരത്തില്‍ ഏതാനും മാസങ്ങളുമാണ് മരണത്തിലേക്കുള്ള ദൂരം. വാക്‌സിനേഷനുകളില്ല. പ്രതിരോധം മാത്രം, ട്‌സെട്‌സെകളുടെ കടിയേല്‍ക്കാതെ നോക്കുക. അവിടെയാണ് ഞങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നത്. തരംഗീറിയില്‍നിന്നും സെരങ്കട്ടിയില്‍നിന്നും ട്‌സെട്‌സെ ദംശനമേറ്റിരിക്കുന്നു. കാനനക്കാഴ്ചകള്‍ കൊണ്ട് പണിപ്പെട്ടു മൂടിയിട്ടിരുന്ന പ്രാണഭയം ഇപ്പോള്‍ മുക്രയിട്ടെണീറ്റു. ഇനിയൊരു സഫാരിക്ക് ഞങ്ങളുണ്ടാവുമോ? ഞാന്‍ റഷീദിനോട് സങ്കടപ്പെട്ടു.

അങ്ങനെ ഭയപ്പെടേണ്ട. 2007 മുതല്‍ നടത്തിയ തീവ്രശ്രമങ്ങള്‍ ടാന്‍സാനിയന്‍ വനങ്ങളിലെ ട്‌സെട്‌സെ സാന്നിധ്യം കുറച്ചിട്ടുണ്ട്. ബാക്കിയുള്ള ട്‌സെട്‌സെകളില്‍ രോഗാണുക്കള്‍ കാര്യമായി സ്‌റ്റോക്കുമില്ല. അപൂര്‍വ്വം കേസുകളാണ് സഫാരിക്കാര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ളത്. പൊതുവെ രോഗാണുവ്യാപനം വളരെ കുറവാണ്. സാന്‍സിബാര്‍പോലുള്ള തുരുത്തുകള്‍ ട്‌സെട്‌സെ മുക്തമായിക്കഴിഞ്ഞു. (റഷീദിന്റെ സാന്ത്വനത്തില്‍ തൂങ്ങിയാണ് ബാക്കി സഫാരി ഞാന്‍ പൂര്‍ത്തിയാക്കിയത്).

പക്ഷികളുടെ പറുദീസയില്‍
''കിളികളുടെ കൂകലുകളുണ്ട്. അരുവിയില്‍ ഊളിയിട്ടു കളിക്കുന്ന ഹിപ്പോകളുടെ മുക്രയിടലുകളുണ്ട്. മരക്കൊമ്പുകളിലിരുന്നു കാറ്റ് പാടുന്ന സ്വച്ഛരാഗങ്ങളുണ്ട്''
സഫാരി വാഹനം
സഫാരി വാഹനം
കാടിന്റെ കടുപ്പം നേര്‍ത്തുതുടങ്ങി. മന്യാര തടാകത്തിനും തീരത്തിനും വേണ്ടി മരങ്ങള്‍ വനമൊഴിഞ്ഞുകൊടുക്കുന്നു. വഴിയോരത്തെ മരങ്ങള്‍ക്കിടയിലൂടെ ദൂരെ തീരത്തിന്റെ മണല്‍ നിറവും തടാകത്തിന്റെ ജലനിറവും അതിനുമപ്പുറത്തെ മലനിരകളും മരപ്പച്ചയും ആകാശനീലയും അവ്യക്തമായി കാണാം. പിങ്കിന്റെ ലാഞ്ഛനപോലുമില്ല. അപ്പോള്‍ നമ്മുടെ ഫ്‌ലെമിംഗോസ്?

മതിവരാത്ത പക്ഷിക്കാഴ്ചകള്‍

ഞങ്ങളുടെ പ്രാണഭയ ചിന്തകളെ ചവിട്ടിമെതിക്കാനായി അപ്പോളൊരു ആനക്കൂട്ടം അക്കേഷ്യക്കൊമ്പുകളേയും കുറ്റിമരങ്ങളേയും തള്ളിമാറ്റിക്കൊണ്ട് ഇറങ്ങിവന്നു. ഞങ്ങള്‍ എല്ലാം മറന്ന് ഉഷാറായി. മന്യാരയിലെ ആദ്യത്തെ ബിഗ് സൈറ്റിങ്ങ്. സഫാരിപ്പാതയോട് ചേര്‍ന്ന പുല്‍ക്കാട്ടില്‍ അവര്‍ മേഞ്ഞുതുടങ്ങി. ഞങ്ങളഞ്ചു പേര്‍ തൊട്ടപ്പുറത്ത് 'സന്തോഷം കൊണ്ട് ഞങ്ങള്‍ക്കിരിക്കാന്‍ വയ്യാത്തതുകൊണ്ട്' സീറ്റില്‍ കയറിനില്‍ക്കുന്നതൊന്നും അവര്‍ മൈന്‍ഡ് ചെയ്യുന്നേയില്ല. പുല്ലു പറിക്കുന്നു, കാലിലടിച്ചു പൊടികളയുന്നു, ശാപ്പിടുന്നു. തീറ്റ തന്നെ തീറ്റ. കഴിഞ്ഞ ദിവസങ്ങളില്‍ എത്രയോ ആനക്കൂട്ടങ്ങളെ കണ്ടിരിക്കുന്നു. ഇതിലും വലിയ സംഘങ്ങള്‍. എന്നിട്ടും ആറാനകള്‍ പുല്ലുമേയുന്നതും കണ്ട് രസിച്ചിരിക്കയാണ് ഞങ്ങള്‍. ആനകളെ കണ്ടു മടുക്കുന്നേയില്ല. അമ്മുവിനും മിനിക്കും ആനപ്പടങ്ങള്‍ മതിയാവുന്നില്ല. പക്ഷേ, കൂട്ടത്തിലെ ഏതാനും ആനകള്‍ക്കു ഞങ്ങളെ മടുത്തു. നാലു പേര്‍ അക്കേഷ്യകളുടെ മറവിലേയ്ക്കു കയറിപ്പോയി. രണ്ടു പേര്‍ തീറ്റ തുടര്‍ന്നു. അതിലൊരുത്തന്‍ അവിടത്തെ ഭീമന്‍ പാറക്കല്ലില്‍ തുമ്പിക്കൈ ഉരച്ചു തുടങ്ങി. പിന്നെ കടിതീര്‍ക്കല്‍ കഴുത്തിലായി. കല്ലിനൊരു വശത്തു ചേര്‍ന്നുനിന്നു കഴുത്തു നീട്ടി ഉരയ്ക്കലോടുരക്കല്‍. ആനക്കടി കൂട്ടാനയ്ക്കും പകര്‍ന്നു കിട്ടി. മൂപ്പര് കല്ലിലുരസി രസിച്ചത് ആസനമായിരുന്നു. രസമുള്ള കാഴ്ചയായിരുന്നു ആ മൂടുരയ്ക്കല്‍. 'ആനച്ചൊറിക്കല്ല്' അമ്മു ആ പാറക്കെട്ടിനു പേരിട്ടു. പേരുവിളിയില്‍ ഞങ്ങളുടെ തിക്കുറിശ്ശിച്ചേച്ചിയാണ് അമ്മു. പടമെടുത്ത് പടമെടുത്ത് ക്യാമറയ്ക്കും ചൊറിഞ്ഞുതുടങ്ങി. മതി, പോകാം പോകാം, സമയം പോകുന്നു. റഷീദിനും ചൊറിഞ്ഞുതുടങ്ങി. ക്ഷുഭിതനായ ക്രൂയിസര്‍ തടാകത്തിലേക്ക് ഓടുന്നു.

കാടിന്റെ കടുപ്പം നേര്‍ത്തുതുടങ്ങി. മന്യാര തടാകത്തിനും തീരത്തിനും വേണ്ടി മരങ്ങള്‍ വനമൊഴിഞ്ഞുകൊടുക്കുന്നു. വഴിയോരത്തെ മരങ്ങള്‍ക്കിടയിലൂടെ ദൂരെ തീരത്തിന്റെ മണല്‍ നിറവും തടാകത്തിന്റെ ജലനിറവും അതിനുമപ്പുറത്തെ മലനിരകളും മരപ്പച്ചയും ആകാശനീലയും അവ്യക്തമായി കാണാം. പിങ്കിന്റെ ലാഞ്ഛനപോലുമില്ല. അപ്പോള്‍ നമ്മുടെ ഫ്‌ലെമിംഗോസ്?

സീസണല്ലാത്തതുകൊണ്ട് പിങ്കികള്‍ കുറവായിരിക്കുമെന്നു വീണ്ടും റഷീദ്. സാരല്യ, ഉള്ളത് കണ്ടു പോകാമെന്ന് അമ്മ ആശ്വസിപ്പിക്കുന്നു. കാട്ടിലെ ചെറിയൊരു അരുവിയെ മരപ്പാലത്തിലൂടെ കടന്ന്, ഗിനി ഫോളുകളുടെ പരേഡും കണ്ട്, ബബൂണുകളുടെ വഴി തടയലവഗണിച്ച് റഷീദ് ഞങ്ങളെ തടാകത്തിലേക്ക് കൊണ്ടുപോവുകയാണ്. മഴക്കാലമല്ലാത്തതുകൊണ്ട് തടാകത്തേക്കാള്‍ സാന്നിധ്യമുള്ളത് തീരത്തിനാണ്. അവിടെ ജിറാഫുകള്‍ തലയുയര്‍ത്തി നടക്കുന്നുണ്ട്. സീബ്രകളും ഗസല്ലെകളുമുണ്ട്. അവിടെയും ബബൂണുകളുടെ പറ്റങ്ങളുണ്ട്. കാണുമായിരിക്കും എന്ന് റഷീദ് ആശ്വസിപ്പിച്ച വാട്ടര്‍ബക്കോ ബുഷ് ബക്കോ ഹാജരായിട്ടില്ല.

തടാകത്തിനടുത്തേയ്ക്ക് വണ്ടിയെത്തുന്നു. കാടും തടാകവും മുഖാമുഖം നില്‍ക്കുന്നു. അവര്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ ചില കുറ്റിച്ചെടികളും വീതിയേറിയ മണല്‍ത്തീരവും അതിര്‍ത്തി വരയ്ക്കുന്നു. മണല്‍ത്തിട്ടയില്‍ കാടിനോട് സമാന്തരമായി നീങ്ങുന്ന വന്‍ ബബൂണ്‍ കൂട്ടത്തെ (ട്രൂപ്പ്) അമ്മുവിനു തീരെ പിടിച്ചിട്ടില്ല. തറയില്‍ കുത്തിയിരുന്നിരുന്നു രോമം കൊഴിഞ്ഞു തഴമ്പിച്ച വലിയ പൃഷ്ഠമാണ് ബബൂണുകള്‍ക്ക്. പെണ്‍ബബൂണുകളില്‍ ഇണചേരല്‍ക്കാലമാവുമ്പോള്‍ ചന്തികള്‍ പതിവിലും ചുവന്നുതുടുത്തു തുളുമ്പും. കുരങ്ങുകുലത്തിലെ കൂറ്റന്‍മാരാണ് ബബൂണുകള്‍. ആഫ്രിക്കയുടേയും അറേബ്യന്‍ പെനിന്‍സുലയുടേയും എക്‌സ്‌ക്ലൂസീവ് വാനന്മാരാണ് ഇവര്‍. അഞ്ചോളം ഉപവിഭാഗങ്ങളുണ്ട് ബബൂണുകളില്‍. അതില്‍ ഒലീവ് ബബൂണുകളാണ് എണ്ണത്തില്‍ കൂടുതല്‍. വലുപ്പത്തിലും ഇവര്‍ കേമന്മാരാണ്. ടാന്‍സാനിയയിലെമ്പാടും ഇക്കൂട്ടരെ കാണാം, നാട്ടിലും കാട്ടിലും. ഇന്ത്യയിലെവിടെയും കാണുന്ന തവിട്ടു കുരങ്ങനെപ്പോലെ. രോമസമൃദ്ധമാണ് ബബൂണിന്റെ ശരീരം. ദൂരക്കാഴ്ചയില്‍ നരച്ച പച്ചനിറമാണ് (ഒലീവ്) ഒലീവ് ബബൂണുകളുടെ രോമക്കുപ്പായത്തിന്. അടുത്തുകണ്ടാല്‍ ഈ കുപ്പായത്തില്‍ തവിട്ടും മഞ്ഞയും കറുപ്പുമൊക്കെ തെളിഞ്ഞുവരും, പ്രത്യേകിച്ചും സൂര്യപ്രകാശം മുത്തമിടുമ്പോള്‍. മുഖത്തെ രോമക്കാട് കൂടുതല്‍ നിബിഡമാണ്. മുഖത്തിന്റെ ഇരുവശത്തും കുഞ്ചിരോമക്കെട്ടായി അതുയര്‍ന്നു നില്‍ക്കും. ഏഷ്യയിലേയും ആഫ്രിക്കയിലേയും വാനരന്മാര്‍ പഴയ ലോകക്കാരാണ്. 40 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരുടെ മുന്‍തലമുറകളില്‍നിന്നു പിരിഞ്ഞകന്ന് അമേരിക്കന്‍ കരയില്‍ ചെന്നെത്തുകയും അവിടെ ഒറ്റപ്പെട്ട്, മറ്റു ജനിതകാധിനിവേശങ്ങളൊന്നുമില്ലാതെ പരിണമിച്ചുണ്ടായവരാണ് പുതുലോകക്കാര്‍. ആമസോണ്‍ മഴക്കാടുകളാണ് ഇവരുടെ അധിവാസപ്രദേശം. അങ്ങനെ കുരങ്ങന്മാര്‍ രണ്ടു ലോകങ്ങളില്‍ രണ്ടു തരക്കാരായി കഴിയുന്നു. ബബൂണുകള്‍ തീര്‍ച്ചയായും പഴയ ലോകക്കാരാണ്. അവരുടെ മൂക്കുകള്‍ നീണ്ടതും താഴേയ്ക്ക് തുറക്കുന്നവയുമാണ്. വാലുകളുണ്ടെങ്കിലും അവയ്ക്കു മരക്കൊമ്പുകളില്‍ തൂങ്ങിക്കിടക്കാനാവില്ല. തറനിലയില്‍തന്നെയാണ് മിക്കവാറും ജീവിതം.

വിശ്രമിക്കാനോ ഭക്ഷണത്തിനായോ മരം കയറും. പുത്തന്‍ ലോകക്കാര്‍ മരവാസികളാണ്. ചില്ലകളിലും വസ്തുക്കളിലും പിടിക്കാനുള്ള കഴിവുണ്ട് ഇവരുടെ വാലിന് . ഇവരുടെ മൂക്ക് പരന്നതും മൂക്കോട്ടകള്‍ വശങ്ങളിലേക്കു തുറക്കുന്നവയുമാണ്. സിംഹത്തിന്റേതിനു തുല്യമാണ് ബബൂണിന്റെ ദന്തശക്തി. (പുതുലോകക്കുരങ്ങന് നാല് പല്ല് കൂടം) ഭയപ്പെടുമ്പോള്‍ അവന്‍ പ്രതിരോധിക്കുന്നത് ഈ പല്ലുകളൊക്കെ കാണിച്ച് അലറിയാണ്. നല്ല തിണ്ണമിടുക്കുണ്ടെങ്കിലും എണ്ണത്തിന്റെ ശക്തി ബബൂണുകള്‍ക്കറിയാം. ട്രൂപ്പുകള്‍ എന്നറിയപ്പെടുന്ന ഇവരുടെ സംഘങ്ങളില്‍ അഞ്ചു മുതല്‍ മുന്നൂറില്‍പ്പരം അംഗങ്ങളുണ്ടാവാം. പക്ഷേ, അമ്മുവിന്റെ ക്ലോസ് എന്‍കൗണ്ടേഴ്‌സ് എല്ലാം ഒറ്റക്കുരങ്ങന്മാരായിട്ടായിരുന്നു മന്യാര ലോഡ്ജിലും സെരങ്കട്ടിക്കാട്ടിലും. ഇതുവരെയുള്ള സഫാരിക്കിടയില്‍ ഞങ്ങള്‍ വലിയ കൂട്ടങ്ങളെ കണ്ടിട്ടില്ല. ഇപ്പോളിതാ ബബൂണുകളുടെ നൂറിനു മീതെ വരുന്ന ട്രൂപ്പ് തടാകക്കരയിലൂടെ റോഡിനു ചേര്‍ന്നു നീങ്ങുന്നു, എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന മട്ടില്‍. ബബൂണ്‍ സംഘത്തില്‍ തഴമ്പിച്ച് വിളറിയ ആണ്‍ചന്തികളും ചുവന്നുതുടുത്ത പെണ്‍ചന്തികളും നിരന്നുകാണാം. ഏതാനും വാനരശിശുക്കള്‍ അമ്മപ്പുറത്താണ് സഫാരി. അടിവയറ്റില്‍ അള്ളിപ്പിടിച്ചു കിടക്കുന്ന ശീലം ബബൂണുണ്ണികള്‍ക്കു കുറവാണ്. സംഘം കേറിവന്നു വഴി തടയുമോ എന്ന് റഷീദിനു ഭയമുണ്ടായിരുന്നു. മന്യാര പാര്‍ക്കില്‍ ഇവരുടെ 'രാസ്താ രോഖോ' എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമത്രെ. ഏതായാലും നമ്മുടെ സംഘം അത്തരം കച്ചറക്കൊന്നും നില്‍ക്കാതെ മരപ്പച്ചപ്പരപ്പിന്റെ മറവിലൂടെ വഴിമാറിയൊഴിഞ്ഞു പോയി.

തടാകത്തിനു നേരെയുള്ള പിക്‌നിക് സ്‌പോട്ടില്‍ റഷീദിന്റെ ക്രൂയിസര്‍ തളര്‍ന്നുനിന്നു. ദൂരെ പരന്നുനിറയുന്ന തടാകം. കരയില്‍നിന്നു തടാകത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന മരപ്പാലങ്ങള്‍ക്കറ്റത്ത് ഏതാനും സഞ്ചാരികള്‍. അവര്‍ക്കു മുന്‍പില്‍ ഫ്‌ലെമിംഗോകളുടെ പിങ്ക് കടല്‍ ഇളകിമറിയുന്നു. അമ്മ ഉഷാറായി. റഷീദിന് ആശ്വാസമായി. ഭക്ഷണാനന്തരം തടാകം എന്നായിരുന്നു റഷീദിന്റെ നിശ്ചയം. അമ്മ സമ്മതിച്ചില്ല. ഫ്‌ലെമിംഗോകളുടെ തടാകപ്പരപ്പ് അമ്മയെ വിളിച്ചുകഴിഞ്ഞിരുന്നു. സൂപ്പര്‍ മാമ ഹക്കുണ മറ്റാറ്റ ഇത്തവണ റഷീദിനു മുന്‍പ് അമ്മയാണ് പാടിയത്. ഇങ്ങു വാ റഷീദേ, എന്നെ പിടിച്ചിറക്ക് എന്നാണിപ്പോള്‍ ആ പാട്ടിനര്‍ത്ഥം. റഷീദിനതു മനസ്സിലായി. മറ്റൊരു ഹക്കുണ മറ്റാറ്റയില്‍ പിടിച്ച് അമ്മയെ താഴെയിറക്കി. ഫ്‌ലെമിംഗോകളെക്കുറിച്ച് എന്തോ പറഞ്ഞു തുടങ്ങിയ റഷീദിനെ അമ്മ ഗൗനിച്ചില്ല. അതൊക്കെ പിന്നെ എന്നും പറഞ്ഞ് അമ്മ തടാകത്തിലേയ്ക്കു നടന്നുതുടങ്ങി. കല്ലും ചരലും വഴുക്കുന്ന പുല്ലുനിറഞ്ഞ വഴി അമ്മയെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അമ്മു കൂടെച്ചെന്നു. തടാകത്തിലേക്കുള്ള തടിപ്പാലത്തിലേക്കു കയറി നടന്നു തുടങ്ങിയപ്പോഴാണ് കൂളിംഗ് ഗ്ലാസ് വെച്ചില്ലെന്ന് അമ്മ ഓര്‍ത്തത്. അതെടുക്കാന്‍ അമ്മു തിരിച്ചു പോന്നു. അനങ്ങരുത്, നടക്കരുത്, തിരിയരുത് എന്നൊക്കെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് അമ്മു പോന്നത്. കൂളിംഗ് ഗ്ലാസ്സുകളും ക്യാമറകളുമൊക്കെയെടുത്ത് ഞങ്ങള്‍ തടാകത്തിലേക്കു വന്നപ്പോഴേക്കും അമ്മ അമ്മുവിന്റെ ലക്ഷ്മണന്‍ വരകള്‍ മായിച്ച് കുറേദൂരം നടന്നുകഴിഞ്ഞിരുന്നു. ഇപ്പോള്‍ കൂട്ടിനാളു വേണ്ട, കുത്തിപ്പിടിക്കാന്‍ വടിയും വേണ്ട. നടപ്പാലത്തിന്റെ കൈവരിയില്‍ പിടിച്ച് ഫ്‌ലെമിംഗോകളുടെ കൂട്ടത്തിലേക്കു വെച്ചുപിടിക്കുകയാണ്.

സീസണല്ലെന്നു കരുതിയാകാം ഫ്‌ലെമിംഗോ സ്‌നേഹികള്‍ കുറവാണ്. പത്തോ പന്ത്രണ്ട് പേര്‍ മാത്രം. ഫ്‌ലെമിംഗോകള്‍ അമ്മയെ നിരാശപ്പെടുത്തിയില്ല. പതിനായിരക്കണക്കിനു പിങ്കിക്കിളികള്‍ അമ്മയ്ക്കായി ഹാജരായിരുന്നു. അതൊരു കാഴ്ചയായിരുന്നു. നീണ്ട കാലുകള്‍ നീളന്‍ നിഴലില്‍ ചവുട്ടിയും കഴുത്തു വളച്ചിറക്കി നിഴല്‍ക്കൊക്കിലുരുമിയും ആ മനോഹരദൃശ്യത്തെ ഇരട്ടിപ്പിക്കുന്നുണ്ട് ഫ്‌ലെമിംഗോകള്‍. ഒറ്റയ്ക്കും തെറ്റയ്ക്കും പറന്നുയര്‍ന്നു ചിലര്‍ വിടര്‍ന്ന ചിറകിലെ സമൃദ്ധമായ പിങ്ക്‌നിറവും അരികുകളിലെ കറുപ്പുരാശിയും ചേരുന്ന സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നു. അമ്മുവും അമ്മയും പടമെടുപ്പിന്റെ തിരക്കിലാണ്. രണ്ടുപേരും കറമ്പന്‍ കണ്ണടയൊക്കെ വെച്ച് സ്‌റ്റൈലായിരിക്കുന്നു. ഫ്‌ലെമിംഗോകളെ പശ്ചാത്തലത്തിലിട്ട് സെല്‍ഫികളുടെ കൂമ്പാരം തീര്‍ക്കുന്നുണ്ടവര്‍. ഗാലറിപ്പാലത്തിന്റെ കൈവരികളില്‍ ചാഞ്ഞും ചെരിഞ്ഞു നിന്ന് ഡി.എസ്.എല്ലാറിന്റെ മെമ്മറിയും നിറയ്ക്കുന്നുണ്ടവര്‍, മിനിയുടെ സഹായത്തോടെ. അമ്മയാണോ അമ്മുവാണോ ചെറുപ്പം എന്നാലോചിച്ച് കലപില കൂട്ടുകയാണ് ഫ്‌ലെമിംഗോകള്‍.

നിറക്കാര്‍ക്കിടയില്‍ നിറമില്ലാത്ത വെളുത്തും നരച്ചും അപൂര്‍വ്വമായ് കറുത്തും നിറത്തില്‍ കൊക്കുകള്‍ കൂട്ടം കൂട്ടമായിട്ടുണ്ട്. ചില ഫ്‌ലെമിംഗോകള്‍ പിങ്ക് തേച്ചു തുടങ്ങിയിട്ടേയുള്ളൂ, അവിടവിടെ ചില തേപ്പുകള്‍ അലങ്കോലമായിട്ടുമുണ്ട്. ഫ്‌ലെമിംഗോ പ്രദേശത്തിനിടയിലും അപ്പുറമിപ്പുറത്തും ധാരാളം മറ്റു പക്ഷികളുണ്ട്. ചതുപ്പു കോഴികള്‍, ജക്കാനകള്‍, ചതുപ്പിനോട് ചേര്‍ന്നുള്ള പുല്‍ത്തട്ടുകളില്‍ കൊത്തിത്തത്തി നടക്കുന്ന നീളന്‍ കൊക്കുകളുള്ള റൂഫസ് ബെല്ലീഡ് ഹെറോണുകള്‍. (തടാകം കണ്ടു മടങ്ങുമ്പോള്‍ റഷീദ് പിന്നെയും കിളികളെ ഞങ്ങളുടെ വലയിലാക്കി. പുള്ളിക്കുപ്പായമുള്ള ഒരു കിങ്ഫിഷര്‍. പാം നട്ട് വള്‍ച്ചര്‍ (എന്താ പേര്!). ഒരു കറമ്പന്‍ ഹോണ്‍ ബില്‍, അവന്റെ തലപ്പൂടയും കൊക്കും വെള്ളിനിറമായതിനാല്‍ പേര് സില്‍വര്‍ ചീക്ക്ഡ് ഹോണ്‍ബില്‍.) ആറ് തരം ഫ്‌ലെമിംഗോസ് ആണുള്ളത്. അതില്‍, ലെസ്സര്‍, ഗ്രേയ്റ്റര്‍ ഫ്‌ലെമിംഗോകളേ ആഫ്രിക്കയിലുള്ളൂ. ബാക്കി നാലും അമേരിക്കക്കാരാണ്. കുരങ്ങന്മാര്‍ക്കിടയിലെപ്പോലെ ഓള്‍ഡ് വേള്‍ഡ് /ന്യൂ വേള്‍ഡ് തരംതിരിവ് ഇവര്‍ക്കിടയിലുമുണ്ട്. മന്യാരത്തടാകത്തില്‍ പ്രധാനമായും ലെസ്സര്‍ ഫ്‌ലെമിംഗോസാണ്. അത്യാവശ്യം വലുപ്പമുണ്ടെങ്കിലും കുലത്തിലെ കുള്ളന്മാരാണിവര്‍. ലെസ്സര്‍മാരുടെ കൊക്ക് കറുത്തുമിനുങ്ങിയിരിക്കും. ഗ്രെയ്റ്റര്‍ ഫ്‌ലെമിംഗോകളുടെ കൊക്കിന്റെ തുമ്പത്തിത്തിരി കറുപ്പുണ്ടായാലായി. പൊതുവെ മങ്ങിയ വെളുപ്പാണ് അവരുടെ കൊക്കുകള്‍ക്ക്. പിങ്ക് നിറം കൂടുതല്‍ പുരണ്ടു കാണുന്നത് ലെസ്സര്‍മാരിലാണ്. മൊത്തത്തില്‍ ചന്തം ലെസ്സറിനു തന്നെ. ആ ചന്തമാണ് ബേബിയമ്മയ്ക്ക് മുന്നില്‍ പരന്നുപതയുന്നത്.

ലെസ്സര്‍ ഫ്‌ലെമിംഗോകള്‍ ആഫ്രിക്കയുടെ മാത്രം ഇനമാണ്. ഗ്രെയ്റ്റര്‍ വിഭാഗം ഇവിടെയും ഏഷ്യയിലും യൂറോപ്പിലും ധാരാളമായിട്ടുണ്ട്. ഇന്ത്യയില്‍ ഗുജറാത്തിന്റെ ആസ്ഥാന പക്ഷിയാണ് ഗ്രെയ്റ്റര്‍ ഫ്‌ലെമിംഗോ. ഇനിയും പതിനായിരക്കണക്കിന് ഫ്‌ലെമിംഗോകള്‍ വന്നുകൂടിയാല്‍ എന്തായിരിക്കും ചന്തമെന്ന് അന്തിച്ചുനില്‍ക്കുകയാണ് അമ്മ. കരയോടുചേര്‍ന്ന ചതുപ്പിലും വെള്ളക്കെട്ടിലും ചെളിക്കുളി ആസ്വദിക്കുന്ന ഹിപ്പോകളെയൊന്നും അമ്മ ശ്രദ്ധിക്കുന്നേയില്ല. മിനിയും അമ്മുവും 'വിത്ത് ഹിപ്പോ' സെല്‍ഫികള്‍ക്കായി നീങ്ങിയപ്പോള്‍ ഞാന്‍ അമ്മയ്ക്കു കൂട്ട് നിന്നു. ഫ്‌ലെമിംഗോകളെ എനിക്കും മതിയായിട്ടില്ലായിരുന്നു. ഇവരൊക്കെ എവിടുന്നാണ് വരുന്നത്. ദൂരദേശങ്ങളില്‍നിന്നാണോ? എല്ലാവര്‍ക്കും ഒരുപോലെ കളറില്ലല്ലോ? എന്താണിവരുടെ തീറ്റി?അങ്ങനെ ഒരു കൂട്ടം ചോദ്യങ്ങളുമായി നില്‍പ്പാണ് അമ്മ. ഞാന്‍ പെട്ടു. ദേശാന്തരഗമന സ്വഭാവമില്ലാത്തവരാണിവര്‍. ഇവിടെ തീറ്റ കുറഞ്ഞാല്‍ അപ്പുറത്തെ ക്ഷാരത്തടാകത്തിലേക്ക്. അവിടെ കുറഞ്ഞാല്‍ ഇപ്പുറത്തേയ്ക്ക്. അത്രയൊക്കയേയുള്ളൂ പ്രവാസഗമനം. അത്രയൊക്കെ ഞാന്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ഫ്‌ലെമിംഗോദൂതനായി റഷീദെത്തി. അമ്മയുടെ ചോദ്യങ്ങളില്‍ റഷീദ് ചൊടിക്കുന്നതായി നടിച്ചു. ഇതൊക്കെ പറഞ്ഞുതരാനല്ലേ സൂപ്പര്‍ മാമയോട് നില്‍ക്കാന്‍ പറഞ്ഞത്. അതൊക്കെ പിന്നെ എന്നും പറഞ്ഞ് ഇങ്ങോട്ട് ഓടിപ്പോന്നതല്ലേ? അല്ലാതെ. റഷീദിന്റെ ലക്ചറൊക്കെ തിരിച്ചു പോകുമ്പം ആവലോ. വേഗം വന്നാല്‍ കൂടുതല്‍ കളികളെ കൂടുതല്‍ നേരം കാണാം. അമ്മ ബേബിച്ചിരിയോടെ പറഞ്ഞു. മലയാളത്തവും അമ്മത്തവും തഴുകുന്ന അമ്മയുടെ ഫങ്ഷണല്‍ ഇംഗ്ലീഷും കുട്ടിത്തം തുളുമ്പുന്ന റഷീദിന്റെ അസംസ്‌കൃത ഇംഗ്ലീഷും നല്ല ഇണക്കത്തിലായിരിക്കുന്നു.

മന്യാര തടാകക്കരയില്‍
മന്യാര തടാകക്കരയില്‍

കാഷാരത്തടാകങ്ങളിലെ ഫ്‌ളെമിംഗോകള്‍

ഉപ്പുവെള്ളമുള്ള ക്ഷാരത്തടാകങ്ങളിലാണ് ഫ്‌ലെമിംഗോസ് ധാരാളമായി കാണപ്പെടുന്നത്. ഗോരംഗോരോയിലെ മഗാദി, കെനിയയോടു ചേര്‍ന്നുള്ള നാട്രോണ്‍ തടാകം, എംപക്കായ് ക്രേറ്ററിലുള്ള മോമേലത്തടാകം, കെനിയയിലെ ബോഗോറിയ, പിന്നെ ഈ മന്യാരത്തടാകം. ഇത്രയുമാണ് ഫ്‌ലെമിംഗോകള്‍ക്ക് ഇഷ്ടപ്പെട്ട വാസസ്ഥലങ്ങള്‍. എന്തിനാണ് ഇവര്‍ ഇത്തരം തടാകങ്ങളില്‍ തമ്പടിക്കുന്നതെന്നറിയോ? അമ്മ ബേബിച്ചിരി ചിരിച്ചു. ഇതു കേള്‍ക്ക്. ഇങ്ങോട്ട് വാ എന്ന് ഹിപ്പോ കൂട്ടത്തില്‍നിന്ന് അമ്മുവിനേയും മിനിയേയും തിരിച്ചു വിളിച്ചു. രണ്ടു കാര്യങ്ങളാണ്. ആല്‍ക്കലൈന്‍ ജലത്തില്‍ സുലഭമായ ബ്ലൂ ഗ്രീന്‍ ആല്‍ഗേ,ബ്രൈന്‍ ഷ്രിമ്പ് സൂക്ഷ്മ സസ്യങ്ങള്‍, ചെറു ജലകീടങ്ങള്‍ എന്നിവയാണ് ഫ്‌ലെമിംഗോകളുടെ ഇഷ്ടഭോജ്യങ്ങള്‍. പലപ്പോഴും ജലത്തിന്റെ ഉയര്‍ന്ന ലവണാംശം മറ്റു മൃഗങ്ങളെ തടാകത്തില്‍ നിന്നകറ്റിനിര്‍ത്തും. അങ്ങനെ പല ശത്രുമൃഗങ്ങള്‍ക്കും അപ്രാപ്യമാവുന്നു ഫ്‌ലെമിംഗോകള്‍. ഇനി ഇവരുടെ നിറം. ഇറ്റ് ഈസ് നോട്ട് ഗോഡ് ഗിവണ്‍. ഇറ്റ് ഈസ് ഫുഡ് ഗിവണ്‍ റഷീദ് കുസൃതിച്ചിരിയുമായി തുടരുന്നു. ഫ്‌ലെമിംഗോകള്‍ ഭക്ഷിക്കുന്ന ആല്‍ഗേയും ഷ്രിമ്പുമാണ് അവരുടെ കരോട്ടിനോയ്ഡ് പിഗ്മെന്റുകള്‍ പകര്‍ന്നുകൊടുത്ത് തൂവലുകള്‍ക്ക് പിങ്ക് കളര്‍ തേയ്ക്കുന്നത്.

ഫ്‌ലെമെന്‍കോ എന്ന സ്പാനിഷ് വാക്കില്‍നിന്നാണ് ഫ്‌ലെമിംഗോ ഉണ്ടാകുന്നത്. ഫ്ളെയിം കളേര്‍ഡ് എന്നര്‍ത്ഥം. കൊത്തിത്തിന്നലല്ല, അരിച്ചു കഴിക്കലാണ് ഇവരുടെ രീതി. നീണ്ട കഴുത്തു വളച്ചു താഴ്ത്തി, കൊക്ക് വെള്ളത്തിനടിയില്‍ മലര്‍ത്തിവെയ്ക്കും. കൊക്കിലുള്ള ജൈവ അരിപ്പ ലവണജലം അരിച്ചുകളയുന്നു. അരിപ്പയില്‍ തങ്ങുന്ന ആല്‍ഗയേയും മറ്റും ശാപ്പിടുന്നു. ചിലപ്പോഴൊക്കെ തടാകത്തിലെ ലവണാംശം സഹിക്കാവുന്നതിലും മേലെയാവും. പ്രത്യേകിച്ചും കടുത്ത വേനലില്‍ തടാകം മെലിയുമ്പോള്‍. അപ്പോള്‍ സമീപത്തുള്ള ചൂടു നീരുറവകളില്‍നിന്നുപോലും ഫ്‌ലെമിംഗോകള്‍ വെള്ളമടിക്കുമത്രേ. നല്ല അസ്സല്‍ പൊള്ളുന്ന ചൂടുവെള്ളം. അങ്ങനെയുമൊരു കഴിവുണ്ടവര്‍ക്ക്. ആല്‍ഗെയും തിന്നു കഴിയുന്ന ഈ സാത്വികന്മാര്‍ക്കു ശത്രുക്കളേറെയാണ്. മരാബു കൊക്കുകള്‍, കഴുകന്മാര്‍, പരുന്തുകള്‍, ഹൈനകള്‍നീണ്ട ലിസ്റ്റാണ്. ഗതികെട്ടുപോയാല്‍ ബബൂണുകള്‍പോലും വെള്ളത്തിലിറങ്ങി ഇവയെ പിടിക്കും.

നാട്രോണ്‍ തടാകവും എറ്റോഷ ഉപ്പുപാടവുമാണ് കിഴക്കനാഫ്രിക്കയിലെ പ്രജനന കേന്ദ്രങ്ങള്‍. വടക്കന്‍ ടാന്‍സാനിയായില്‍ കെനിയയോട് ചേര്‍ന്നാണ് നാട്രോണ്‍ തടാകം. അരുഷയില്‍നിന്ന് ആറോളം കിലോമീറ്റര്‍ അകലെ, ഗ്രേറ്റ് റിഫ്ട് വാലിയില്‍. വേനല്‍ കനക്കുമ്പോള്‍ നാട്രോണ്‍ തടാകം ചുവന്നുതുടുക്കും. പി.എച്ച് ഉയരുന്ന ക്ഷാരനീരില്‍ പുളയ്ക്കുന്ന സയനോബാക്ടീരിയയാണ് പ്രകാശസംശ്ലേഷണംവഴി തടാകത്തെ ചുവപ്പിക്കുന്നത്. 910.5 റേഞ്ചിലാണ് തടാകത്തിന്റെ ക്ഷാരക്കൊഴുപ്പ്. പലപ്പോഴും 140 ഡിഗ്രിച്ചൂടും. കാലുകളിലെ സ്‌പെഷ്യല്‍ തുകല്‍ത്തൊലി ഫ്‌ലെമിംഗോകള്‍ക്ക് ഈ മാരകത്തടാകത്തിലെ ജീവിതം സാധ്യമാക്കുന്നു. പിന്നെ ചിലയിനം തിലാപ്പിയ മത്സ്യങ്ങള്‍ക്കും കഴിഞ്ഞുകൂടാം. അറിഞ്ഞോ അറിയാതേയോ തടാകത്തിലെത്തുന്ന മറ്റു പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഉടന്‍ മരണമാണ് വിധി. പിന്നെ സോഡിയം കാര്‍ബണേറ്റ് പരലുകള്‍ അടിഞ്ഞുകൂടി ആ ശവശരീരങ്ങള്‍ സംരക്ഷിക്കപ്പെടും. തടാകത്തില്‍ ജലനിരപ്പ് അനുകൂലമാവുമ്പോള്‍ ഫ്‌ലെമിംഗോകള്‍ പ്രജനനത്തിനായി തടാകത്തിലെത്തും. സോഡപ്പരലുകളുടെ കുഞ്ഞുദ്വീപുകളില്‍ ഉണ്ണികളെ വിരിയിച്ചെടുക്കും. മരണത്തടാകത്തിന്റെ സംരക്ഷണത്തില്‍ ശത്രുഭയമില്ലാതെ അവര്‍ വളരും. വളര്‍ന്നു പറക്കമുറ്റുമ്പോള്‍ മന്യാരയിലേക്കും മറ്റു സോഡത്തടാകങ്ങളിലേക്കും പറക്കും. ലോകത്തിലേക്കുള്ള ഫ്‌ലെമിംഗോകളില്‍ 75 ശതമാനവും പിറക്കുന്നത് നാട്രോണ്‍ തടാകത്തിലാണ്.

ധാതുസമ്പന്നമായ നാട്രോണില്‍ വമ്പന്‍ കമ്പനികള്‍ എത്തിയിട്ടുണ്ട്. അതിലൊന്ന് നമ്മുടെ ടാറ്റാ കെമിക്കല്‍സ് ആണ്. ഇവിടത്തെ ജലത്തില്‍നിന്ന് സോഡാ ആഷ് ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഫ്‌ലെമിംഗോകളുടെ പ്രധാന പ്രജനന കേന്ദ്രത്തിന്റെ അന്ത്യമായിരിക്കും അത്. തല്‍കാലം ഞങ്ങളൊക്കെക്കൂടി തടഞ്ഞുനിര്‍ത്തിയിട്ടുണ്ടെന്നാണ് റഷീദ് പറയുന്നത്. ശരിയാണ്, ഒരുപാട് പ്രാദേശിക സംഘടനകള്‍ നാട്രോണിന്റെ സംരക്ഷണത്തിനു കൈകോര്‍ക്കുന്നുണ്ട്. ആശൃറ ഘശളല കിലേൃിമശേീിമഹ എന്ന അന്താരാഷ്ട്ര കൂട്ടായ്മ വേശിസ ുശിസ, ടമ്‌ല അളൃശരമ' െളഹമാശിഴീ െഎന്നൊരു കാംപയിനുമായി സജീവമാണ്.

റഷീദ് അമ്മയുടെ കൈപിടിച്ച് തടാകപ്പാലത്തില്‍ നിന്നിറക്കുന്നതിനിടയിലാണ് ഒരാരവം ഉയര്‍ന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ കണ്ണുകളും ക്യാമറകളും ആകാശത്തിലേക്കു തിരിഞ്ഞിരിക്കുന്നു. പടമെടുക്ക്, വീഡിയോ പിടിക്ക് എന്നൊക്കെ മിനിയും അമ്മയും അലറുന്നു. നൂറുകണക്കിനു ഫ്‌ലെമിംഗോകള്‍ പറന്നുയര്‍ന്നിരിക്കുന്നു. അവരുടെ ചിറകുകള്‍ക്കടിയിലെ കറുപ്പ് അനാവൃതമായിരിക്കുന്നു. പറന്നു പറന്ന് പല രൂപങ്ങളില്‍ അവര്‍ നിറയുന്നു. ഞങ്ങളുടെ മനസ്സ് തുള്ളിപ്പോയ സമയങ്ങളായിരുന്നു അത്. ഫ്‌ലെമിംഗോത്തിരക്കു കുറഞ്ഞേക്കാമെന്ന സങ്കടത്തില്‍നിന്ന് അപൂര്‍വ്വ കാഴ്ചയനുഭവിക്കുന്ന അത്യാഹ്ലാദത്തിലേക്കാണ് മനസ്സുകള്‍ പറന്നുയരുന്നത്. വാക്കുകള്‍ക്കു വരച്ചെടുക്കാവുന്നതിനപ്പുറമായിരുന്നു ആ ആകാശക്കാഴ്ചയുടെ സൗന്ദര്യം. പിക്‌നിക് ഏരിയയിലേക്ക് ഭക്ഷണത്തിനു നീങ്ങുമ്പോഴും ഞങ്ങള്‍ ഇടയ്ക്ക് തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. ആകാശനൃത്തം ഫ്‌ലെമിംഗോകള്‍ വീണ്ടും അവതരിപ്പിച്ചാലോ!

സെരെങ്കട്ടി ക്യാമ്പിനോട് വിടപറയുന്ന ലേഖകനും പത്നിയും
സെരെങ്കട്ടി ക്യാമ്പിനോട് വിടപറയുന്ന ലേഖകനും പത്നിയും

കാടിറങ്ങി മടങ്ങുമ്പോള്‍

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ റഷീദിക്കയോട് അമ്മു ഒരു ചോദ്യംഫ്‌ലെമിംഗോകള്‍ ഒറ്റക്കാലില്‍ നില്‍ക്കുന്നതെന്തിനാണ്? റഷീദിനെ ഉത്തരംമുട്ടിക്കുന്ന ആ കുസൃതിച്ചോദ്യത്തിന് റഷീദിന്റെ തര്‍ക്കുത്തരം പ്രതീക്ഷിച്ചു ഞങ്ങള്‍. പക്ഷേ, റഷീദിനു പക്കാ മറുപടിയുണ്ടായിരുന്നു. മാംസപേശികളുടെ അതീക്ഷീണം ഒഴിവാക്കാനാണ് ഒറ്റക്കാലില്‍ നില്‍പ്പ്. ഒരു കാല്‍ കഴയ്ക്കുമ്പോള്‍ മറ്റേകാല്‍ കുത്തി നില്‍പ്പ് തുടരും. ഫ്‌ലെമിംഗോയുടെ ലിഗ്‌മെന്റുകളും ടെന്‍ഡുകളും കാലിനെ ആ നില്‍പ്പില്‍ പൂട്ടിട്ട് നിര്‍ത്തും. അങ്ങനെ നില്‍പ്പിന്റെ ആയാസം കുറയ്ക്കും. രണ്ടു കാലുകളിങ്ങനെ ലോക്കാവുന്നതിനേക്കാള്‍ നില്‍പ്പിനു സുരക്ഷിതത്വവും സ്ഥിരതയും ഒറ്റക്കാല്‍ പൂട്ടാണ്. ഫ്‌ലെമിംഗോകള്‍ മാത്രമല്ല 'ഒറ്റക്കാല്‍' പ്രയോക്താക്കള്‍. ഒരുപാട് മറ്റ് പക്ഷികള്‍ ഇങ്ങനെ നില്‍ക്കുന്നുണ്ട്. താറാവും അരയന്നവുമൊക്കെ ഒറ്റക്കാലില്‍ ഉറങ്ങുന്നതു കണ്ടിട്ടില്ലേ? ഫ്‌ലെമിംഗോകളുടേയും കൊറ്റികളുടേയും നീളന്‍കാലുകള്‍ കാരണം അതു കൂടുതല്‍ പ്രകടമാവുന്നു എന്നേയുള്ളൂ. നീളം ക്യൂവില്‍ നില്‍ക്കുന്ന ആളുകളെ നോക്കൂ. മിക്കവരും ഒറ്റക്കാലിലായിരിക്കും. മറ്റേക്കാല്‍ മടക്കി സാധ്യമാവുന്ന എവിടെയെങ്കിലും താങ്ങിനിര്‍ത്തിയിട്ടുണ്ടാവും. നാട്ടിലെത്തുമ്പോള്‍ ബിവറേജിനു മുന്നിലെ ക്യൂ ഒന്നു ശ്രദ്ധിക്കണം.

ഇവിടെ ഇനി കാണാനുള്ളത് തടാകത്തിലേക്ക് ഒഴുകിയിറങ്ങുന്ന ഒരു ചൂടുറവയാണ്‌വേലൃാമഹ ുെൃശിഴ. പേര്മാജി മോട്ടോ കുബ്വാ . പൊള്ളുന്ന വെള്ളം. 60-65 ഡിഗ്രിയൊക്കെയുണ്ടാവും. സഞ്ചാരികള്‍ ഈ ചൂടുവെള്ളത്തില്‍ മുട്ട പുഴുങ്ങിയെടുക്കാറുണ്ടത്രേ. പഴയ അഗ്‌നിപര്‍വ്വതങ്ങളുടെ ഇപ്പോഴും തിളയ്ക്കുന്ന ഉള്ളറകളാണ് ഈ അരുവികളെ ചൂടാക്കുന്നത്. പി. എച്ചും കൂടുതലായിരിക്കും. നീര്‍ച്ചാലിന്റെ പൊള്ളും തീരങ്ങളില്‍ ചിലതരം പൂപ്പലുകളും നിലംപറ്റിപ്പടരുന്ന കരുത്തന്‍ പുല്ലുകളും മാത്രമാണ് വളരുന്നത്. മണി മൂന്നു കഴിഞ്ഞിരിക്കുന്നു. തിരിച്ചുപോകാമെന്നായി റഷീദും അമ്മയും. ഏതായാലും ഫ്‌ലെമിംഗോകള്‍ അമ്മയെ നിരാശപ്പെടുത്തിയില്ല. റഷീദിനത് ആശ്വാസമായി. ക്രൂയിസറിനെ പിക്‌നിക് ഏരിയയില്‍ നിന്നിറക്കി വരുമ്പോഴാണ് തടാകത്തില്‍ ഒരു വന്‍ യുദ്ധമാരംഭിക്കുന്നത്. തടാകപ്പാലത്തിനു വലത്തായി രണ്ടു ഹിപ്പോകള്‍ വായ കോര്‍ത്തു നില്‍ക്കുന്നു. ഹിപ്പോ പോണ്ട് എന്നാണത്രേ തടാകത്തിന്റെ ഈ ചതുപ്പുഭാഗം അറിയപ്പെടുന്നത്. സംഘത്തിന്റെ നേതൃത്വത്തിനായിട്ടോ ചെളിക്കുണ്ടിന്റേയോ ചതുപ്പിന്റേയോ അവകാശത്തിനായിട്ടോ ആകാം ഈ പോര്.

ചിലപ്പോള്‍ ഒരു സുന്ദരിപ്പെണ്ണിനുവേണ്ടി രണ്ട് ആണുങ്ങള്‍ ഏറ്റുമുട്ടും. മിക്കവാറും വായ മലര്‍ക്കെത്തുറന്നു കാണിക്കലാണ് ശക്തിപ്രകടനം. വല്ലാതെ വാ തുറക്കുന്നവനാണ് ശക്തിമാന്‍. ശത്രുവിന് അതംഗീകരിച്ചു തിരിച്ചുപോകാം. അല്ലെങ്കില്‍ പല്ലുകളും കാലുകളും വെച്ച് പൊരുതാം. അതില്‍ ദുര്‍ബ്ബലനു മരിക്കാം. ഒരു ഹിപ്പോ കൊല്ലപ്പെടുന്നത് മിക്കപ്പോഴും മറ്റൊരു ഹിപ്പോപൊട്ടാമസിനാലാണ്. മറ്റു മൃഗങ്ങള്‍ക്ക് ആരോഗ്യവാനായ ഹിപ്പോയെ കൊല്ലാന്‍ കഴിയില്ല. നമ്മുടെ പോരാളികള്‍ പക്ഷേ, സംഘട്ടനത്തിലേക്കു കടക്കുന്നില്ല. വായും പിളര്‍ന്നു നില്‍പ്പാണ്. ഭയങ്കര പരാക്രമികളാണ് ഹിപ്പോകള്‍. വെള്ളത്തിനു പുറത്താണെങ്കില്‍ പ്രത്യേകിച്ചും. കൊതുകുകള്‍ കഴിഞ്ഞാല്‍ തെക്കനാഫ്രിക്കയില്‍ കൂടുതല്‍ ആളുകളെ കൊല്ലുന്നത് ഹിപ്പോകളാണത്രെ! ഹിപ്പോകള്‍ ബുള്ളറ്റ് പ്രൂഫാണെന്ന് റഷീദ് പറയുന്നു. സത്യമാണോ ആവോ? ഹിപ്പോകളെ കൊല്ലണമെങ്കില്‍ വയറ്റില്‍ വെടിവെക്കണമത്രെ.

തടാകത്തിലേക്കു ജലപാനത്തിനെത്തിയിട്ടുണ്ട് ഒരു കൂട്ടം വില്‍ഡ് ബീസ്റ്റുകള്‍. ലേയ്ക്ക് മന്യാര ഒരു ഉപ്പുരസത്തടാകമാണെങ്കിലും അവിടത്തെ മൃഗങ്ങളുടെ ഭാഗ്യത്തിന്, അവരുടെ 'വെള്ളം കുടി' മുടക്കുന്നത്ര ഉപ്പ് പ്രകൃതി തടാകജലത്തില്‍ കലക്കിയില്ല. അതുകൊണ്ട് ധാരാളം മൃഗങ്ങള്‍ ജലപാനത്തിനെത്തുന്ന വാട്ടര്‍ ഹോളാണ് ഈ തടാകം. മന്യാരത്തടാകത്തില്‍നിന്നു കാടിനെ തിരിച്ചുപിടിച്ച് തടാകത്തടം കയറിവരുന്ന അക്കേഷ്യമരപ്രദേശത്ത് ഇംപാലകളുടെ പെരും കൂട്ടങ്ങള്‍ സായാഹ്നമാഘോഷിക്കുന്നു. കൊമ്പുകോര്‍ക്കുന്ന ഇംപാല പുരുഷന്മാരുടെ പിരിയന്‍ കൊമ്പുകളുടെ കൂര്‍ത്തമുനകള്‍. ഇവരെന്തിനാണ് കൊമ്പോട് കൊമ്പുകുത്തിക്കളിക്കുന്നത്, പോരാണെങ്കില്‍ പള്ളയ്ക്കിട്ടൊരു കുത്തു കൊടുത്താല്‍ പോരേ? മൃഗങ്ങള്‍ക്കും യുദ്ധത്തില്‍ നിയമങ്ങളുണ്ടായിരിക്കാം. അവരതു പാലിക്കുന്നതായിരിക്കാം. തൊട്ടടുത്തു മേയുന്നുണ്ട് ധാരാളം പെണ്‍ ഇംപാലകള്‍. അവരീ കുത്തുപേരൊന്നും ശ്രദ്ധിക്കുന്നില്ല. ജയിച്ചവനെ ശ്രദ്ധിച്ചാല്‍ മതിയല്ലോ.

മഴ പെയ്‌തേക്കാം എന്നൊരു പ്രതീതിയിലാണിപ്പോള്‍ കാട്. വെളിച്ചം വല്ലാതെ മങ്ങിയിരിക്കുന്നു. സെരങ്കട്ടിയിലൊരു ദിവസം ചെറിയൊരു ചാറ്റല്‍ മഴയുണ്ടായതാണ്. ആഫ്രിക്കന്‍ തനിമയുള്ള കാട്ടുമഴ ഇതുവരെയുണ്ടായില്ല. അതിനാണാവോ? കിളികളൊക്കെ നേരത്തെ മരംപറ്റിയെന്നു തോന്നുന്നു. ഇലപടര്‍പ്പുകളില്‍ മന്യാര ബാന്‍ഡ് സിംഫണി തുടങ്ങിയിട്ടുണ്ട്. മടക്കത്തില്‍ റഷീദ് കുറേ കിളികളെ ഞങ്ങളുടെ വലയിലാക്കി. പുള്ളിക്കുപ്പായമുള്ള ഒരു കിങ്ഫിഷര്‍. പാം നട്ട് വള്‍ച്ചര്‍ (എന്താ പേര്!). ഒരു കറമ്പന്‍ ഹോണ്‍ ബില്‍. അവന്റെ തലപ്പൂടയും കൊക്കും വെള്ളി നിറമായതിനാല്‍ പേര് സില്‍വര്‍ ചീക്ക്ഡ് ഹോണ്‍ബില്‍. ഇവരുടെ ചാര്‍ച്ചക്കാര്‍ നാലുപേര്‍ താഴെ തത്തിത്തത്തിനടക്കുന്നുണ്ട്. സതേണ്‍ ഗ്രൗണ്ട് ഹോണ്‍ബില്ലുകള്‍. മറ്റു വേഴാമ്പലുകളെപ്പോലെയല്ല, മണ്ണുവിട്ട് കാര്യമായ പറക്കലില്ല ഇവര്‍ക്ക്. വേഴാമ്പല്‍ കുലത്തിലെ അതികായരാണിവര്‍. ഒരു ടര്‍ക്കിക്കോഴിയോളം വലുപ്പമുണ്ടാകും. കടും കറുപ്പ് തൂവലുകള്‍, മഞ്ഞക്കണ്ണുകള്‍, കണ്ണിനു ചുറ്റും ചുവപ്പെഴുത്ത്, കരിക്കൊക്ക്, കഴുത്തില്‍നിന്നു തൂങ്ങുന്ന ഗളസ്തനം. ആണ്‍പക്ഷികളില്‍ ഇതു ചെഞ്ചുവപ്പായിരിക്കും. ഇണചേരും കാലമാവുമ്പോള്‍ ഇവരിതു കൂടുതല്‍ ചുവപ്പിക്കുകയും വായു നിറച്ചു വീര്‍പ്പിക്കുകയും ചെയ്യും. പെണ്‍പക്ഷിയുടെ ഗളസ്തനത്തിനു വയലറ്റ് നിറമാണ്. നമ്മുടെ പറമ്പിക്കുളം വേഴാമ്പലിനോളം വര്‍ണ്ണവെറിയനല്ലെങ്കിലും ഇവരും സാമാന്യം സൗന്ദര്യമുള്ളവരാണ്. മറ്റു ഹോണ്‍ബില്ലുകളില്‍നിന്നു വിത്യസ്തമായി ഇവര്‍ പഴങ്ങളേക്കാള്‍ ശാപ്പിടുന്നത് ചെറുകീടങ്ങളേയും ചെറിയ സസ്തനികളേയുമാണ്. കടും കറുപ്പു തൂവലുകളും കഴുത്തിലെ കടും ചുവപ്പു തൊങ്ങലുകളും ഡാകിനി സ്‌റ്റൈല്‍ നടത്തവുംകൊണ്ട് ഇവര്‍ ദുര്‍ഭൂതങ്ങളുടെ കൂടായും ദുരന്തങ്ങളുടെ ദൂതായും മരണത്തിന്റെ വിതരണക്കാരനായും കരുതി വെറുക്കപ്പെടുന്നു.

മരംകേറിസിംഹങ്ങളെ കാണാമെന്ന പ്രതീക്ഷ ഞങ്ങള്‍ ഉപേക്ഷിച്ചു. ഈ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ സിംഹങ്ങള്‍ മരത്തില്‍ കയറി വെയില്‍ കായാനിടയില്ല. അപ്പോള്‍ സഫാരി അവസാനിക്കുകയാണ്. യാത്രയിലെ അവസാനത്തെ കാടിനോട് വിട പറയുകയാണ്. ഇനി മസായിച്ചന്തയിലേക്ക്. മഴസൂചനകളൊന്നും ഗൗനിക്കാതെ റോഡില്‍ വിലസുകയാണ് ഒരുപറ്റം ബബൂണുകള്‍. ഇരുപത്തഞ്ചോളം പേരുള്ള ട്രൂപ്പ് (േൃീീു). മുന്നോട്ട് നീങ്ങാനോ വഴിയില്‍നിന്നു മാറാനോ ഒരുദ്ദേശ്യവുമില്ല. ഏതൊക്കെയോ കായ്കള്‍ കൊറിക്കുന്നു. കെട്ടിമറിയുന്നു. ഓടുന്നു. ചാടുന്നു. വണ്ടിയുടെ മുന്‍പിലും പിമ്പിലും അവരങ്ങനെ വിലസുകയാണ്. ഞങ്ങളുടെ കാട്, നിങ്ങളവിടെ നില്‍ക്ക് എന്ന മട്ട്. ശരിക്കും ഒരു വഴിതടയല്‍. വണ്ടി വല്ലാതെ ഇരപ്പിച്ചും മുന്നോട്ടു പിന്നോട്ടും എടുത്തും റഷീദ് അവരെ വിരട്ടി.

നോ രക്ഷ. റഷീദ് കീഴടങ്ങി. വണ്ടി ഓഫാക്കിയിട്ടു. ഈ തല്ലിപ്പൊളികള്‍ യെല്ലോ ബബൂണുകളാണ്. വെറുതെയിരിക്കുന്ന സമയം കളയേണ്ടെന്നു കരുതി റഷീദ് ഗൈഡ് വേഷത്തിലേയ്ക്കു മാറുകയാണ്. ഇവരുടെ ശരീരത്തിനു കുറച്ചു മഞ്ഞച്ഛവിയുണ്ട്. ഒലീവിനോളം വലിപ്പമില്ല. കഴുത്തിലെ കുഞ്ചിരോമക്കെട്ടും കുറവാണ്. രണ്ടു കൂട്ടരും

സാവന്നപ്രിയരാണ്. റഷീദ് ഇത്രയൊക്കെ വിസ്തരിച്ചിട്ടും തല്ലിപ്പൊളികള്‍ ഒലീവ് ബബൂണുകളാണെന്നാണ് ഞങ്ങള്‍ക്കു തോന്നിയത്. ഏതായാലും അവര്‍ വഴിയൊഴിയാന്‍ തുടങ്ങിയിട്ടുണ്ട്. റഷീദ് വഴി തിരിച്ചുപിടിച്ച് മന്യാരയുടെ കവാടത്തിലേക്ക് ഓടിപ്പോന്നു. ഉച്ചവെയിലില്‍ അകത്തേക്കു കടക്കുമ്പോള്‍ മുഴുക്കല്ലുകളില്‍ മുഷിഞ്ഞുനിന്ന കവാടക്കമാനമിപ്പോള്‍ പോക്കുവെയിലുടുത്ത് മിനുങ്ങിയിരിക്കുന്നു.

മന്യാരയില്‍നിന്നൊരു ചെറുകുതിപ്പില്‍ ക്രൂയിസര്‍ മസായി മാര്‍ക്കറ്റിലെത്തി. സെന്‍ട്രല്‍ മസായി മാര്‍ക്കറ്റ്. ആഫ്രിക്കയുടെ സോ കോള്‍ഡ് പ്രാകൃതപ്രകൃതത്തിന്റെ പ്രത്യേക സൗന്ദര്യം മസായിച്ചന്തയ്ക്കുമുണ്ട്. ടാന്‍സാനിയയിലെ മിക്ക ഗോത്രങ്ങളില്‍ പെട്ടവരും ചന്തയിലുണ്ടാവും, വില്‍പ്പനക്കാരായിട്ടും സഹായികളായിട്ടും വെറുംനോക്കികളായിട്ടും. കാട്ടിലുള്ള വൈവിധ്യം നാട്ടിലുമുണ്ട്. വര്‍ണ്ണങ്ങളുടെ കൂമ്പാരങ്ങളാണ് ഷുക്കകളും മറ്റും വില്‍ക്കുന്ന ചെറുകടകള്‍. ആഫ്രിക്കന്‍ പ്രിന്റുകള്‍ എന്നവകാശപ്പെട്ട് വിചിത്ര ഡിസൈനുകളില്‍ ഡ്രസ്സുകളും തുണിത്തരങ്ങളും വില്‍ക്കപ്പെടുന്നു. സമീപത്തുള്ള മതിലുകളിലും ബാനറുകളിലും കടച്ചുമരുകളിലും തനത് ആഫ്രിക്കന്‍ ഗോത്ര 'ഗ്രാഫിറ്റി'കളാണ്. തൊട്ടപ്പുറത്തെ പുതു പഴപച്ചക്കറി മാര്‍ക്കറ്റില്‍ പഴങ്ങളുടേയും മസായിത്തരകുപ്പായങ്ങളുടേയും നിറങ്ങള്‍ തിരക്കുകൂട്ടുന്നു. മാക്കോണ്ട ശില്പങ്ങള്‍ ഈ തിരക്കുകള്‍ക്കിടയിലും സ്ഥലം കണ്ടെത്തി നിരന്നിരിക്കുണ്ട്. മുമ്പൊക്കെ ദാറുസ്സലാമിലെ തുണിമില്ലുകളില്‍നിന്നാണ് തുണിത്തരങ്ങള്‍ എത്തിയിരുന്നത്. കാട്ടിലും നാട്ടിലുമായി പരമ്പരാഗത ഗോത്രകര്‍ഷകര്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും നല്‍കിപ്പോവുന്നു. ഇന്നെല്ലാം മാറിയിരിക്കുന്നുവെന്ന് റഷീദ് സങ്കടപ്പെടുന്നു. തുണിവിപണി നിറയെ ചൈനയാണ്. ഫ്രഷ് ഫ്രൂട്ട്‌സു പോലും പുറം രാജ്യങ്ങളില്‍നിന്നാണത്രെ. മക്കോണ്ടകള്‍ മാത്രം അടുത്ത ഗ്രാമങ്ങളിലെ ദരിദ്രശില്പികളില്‍നിന്നു വരുന്നു. സഫാരിയിറങ്ങി വരുന്നവരെല്ലാം ഇവിടെ ചന്തയിലൊരു ബ്രേയ്‌ക്കെടുക്കും. ഡ്രൈവര്‍മാരുടേയോ സഫാരിക്കമ്പനിക്കാരുടേയോ ഗൂഢാസൂത്രണമല്ല ഈ മാര്‍ക്കറ്റ് സന്ദര്‍ശനം. ഇവര്‍ക്കു കമ്മിഷന്‍

കൊടുക്കാന്‍ മാത്രം സമ്പന്നമല്ല ഇവിടത്തെ കച്ചവടം. മസായിച്ചന്ത അനുഭവിക്കാനായിട്ട് തന്നെയാണ് സഞ്ചാരികള്‍ ഇവിടെയിറങ്ങുന്നത്. പിന്നെ മസായിയുടെ സൗഹൃദം വിലയിലുമുണ്ട്. ദിവസങ്ങളോളം മൃഗങ്ങളുമായി കാട്ടില്‍ കഴിഞ്ഞവര്‍ക്കു നാട്ടുശീലങ്ങളുമായി വീണ്ടും പൊരുത്തപ്പെടാനുള്ള ഇടത്താവളം എന്നാണ് മസായിച്ചന്തയെ റഷീദ് ഡിഫൈന്‍ ചെയ്യുന്നത്. സഫാരിയുടെ ആദ്യദിനം മുതല്‍ തപ്പിതടന്ന ഷുക്ക ഇവിടെനിന്നു വാങ്ങിച്ചു. ചുവപ്പില്‍ കറുത്ത കള്ളികളുമായൊരു സൊയമ്പന്‍ ഷുക്ക. ദാറുസ്സലാം നിര്‍മ്മിതിയാണോന്നറിയില്ല. ഏതായാലും മെയ്ഡ് ഇന്‍ ചൈന എഴുത്തില്ല. അമ്മയ്ക്കു സന്തോഷമായി. പഴച്ചന്തയില്‍നിന്ന് ആഫ്രിക്കയോളം വലുപ്പമുള്ള ഏതാനും മാങ്ങകളും വാങ്ങിയാണ് ഞങ്ങള്‍ ചന്ത വിട്ടത്. അരുഷയിലേക്കു മടങ്ങുമ്പോള്‍ ആര്‍ക്കും തിരക്കില്ല. റഷീദിന് അടുത്ത മൂന്നു ദിവസത്തേക്ക് ഓട്ടമില്ല. ഞങ്ങള്‍ തിരിച്ചു പറക്കുന്നത് നാളെയേയുള്ളൂ. അങ്ങനെ അലസരായി അരുഷയിലെ വീട്ടിലേക്കെത്തിയപ്പോള്‍ ഏഴു മണിയായിരുന്നു. വീടിന്റെ വലിയ ഗേറ്റ് തുറന്നിട്ട്, വരാന്തയില്‍ വലിച്ചിട്ട കസേരയില്‍ ഷാഡി അസ്വസ്ഥനായിരിക്കുന്നു. അഞ്ചു മണി മുതലങ്ങനെ കാത്തിരിക്കുകയായിരുന്നത്രേ, പാവം.

സൂപ്പര്‍ മാമ ഹക്കുണ മറ്റാറ്റ റഷീദ് പാടി. റഷീദില്‍ കയ്യില്‍ താങ്ങി അമ്മ ക്രൂയിസറില്‍ നിന്നിറങ്ങി. റഷീദിന്റെ ഈണം പാളുന്നതും വാക്കുകള്‍ വിക്കുന്നതും ഞങ്ങള്‍ തിരിച്ചറിഞ്ഞു. കീഴ്ത്താടി കിടുകിടെ വിറച്ചു. അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. മിനിയുടേയും എന്റേയും കണ്ണുകളും നനഞ്ഞു. വിടപറയുന്ന അമ്മയും മകനുമായി അവര്‍ പരസ്പരം നോക്കിനിന്നു. കെട്ടിപ്പിടിച്ചു. റഷീദും ഷാഡിയും കൂടി സാധനങ്ങളിറക്കിവെച്ചു. ഷാഡിയുടെ കസേരയില്‍ അമ്മയെയിരുത്തി. ആഫ്രിക്കയിലെത്തിയിട്ട് അപ്പോഴാദ്യമായി അമ്മയുടെ മുഖത്ത് ക്ഷീണത്തിന്റെ ഇരുള്‍ വീണു. റഷീദിന് ഉദാരമായിത്തന്നെ ടിപ്പ് കൊടുത്തു. റഷീദ് ഓരോരുത്തരോടും യാത്ര പറഞ്ഞു, അമ്മയുടെ അടുത്തു ചെന്നുനിന്നു. അന്തരീക്ഷം കനത്തുനിന്നു.

അപ്പോള്‍ ബെസ്റ്റ് നിതംബം സമ്മാനം ആര്‍ക്കാണ്? ഒരു നിറകുടം വീണുടയുമ്പോലെയായിരുന്നു അമ്മുവിന്റെ ആ നിതംബോച്ചാരണം. ഒരു ചിരിക്കെട്ടപ്പോള്‍ അഴിഞ്ഞുവീണു. റഷീദും ചിരിച്ചു. കാര്യമറിയാതെ ഷാഡിയും ചിരിച്ചു. സമ്മാനം റഷീദ് ഇക്ക പ്രഖ്യാപിക്കട്ടെയെന്നായി. റഷീദിന്റെ കിഴ്ത്താടിയൊന്നു വിറച്ചു. മുഖം നിറയെ നാണം പരന്നു. നിഷ്‌കളങ്കനായ കുഞ്ഞിനെപ്പോല്‍ പരുങ്ങിനിന്നു. പിന്നെ ആ തീരുമാനം പുറത്തു വിട്ടു. സീബ്രാ... സീബ്രാ സീബ്രാ... ഞങ്ങളെല്ലാവരും തീരുമാനം ശരിവെച്ചു. സെരങ്കട്ടിയിലേയും ഗോരംഗോരോയിലേയും മന്യാരയിലേയും തരംഗീറിയിലേയും സീബ്രകളപ്പോള്‍ ഉറക്കെച്ചിരിച്ചു. നിലത്തു കിടന്നുരുണ്ടു. എഴുന്നേറ്റു തുള്ളിക്കളിച്ചു. പിന്നെ നിതംബങ്ങള്‍ക്കിടയിലൂടെ മനോഹരമായ വാല്‍ താഴെയിട്ട് നിതംബാസക്തരായി നില്‍ക്കുന്ന ഞങ്ങള്‍ക്കു മുന്നിലൂടെ തങ്ങളുടെ വരയാര്‍ന്ന സൗന്ദര്യവുമായി കുളമ്പടിച്ചു നീങ്ങി. റഷീദിന്റെ ക്രൂയിസര്‍ കുതിര നാടന്‍ മട്ടിലൊന്ന് മുരണ്ട് ഗേയ്റ്റിലേക്ക് മണ്ടി. ഗേയ്റ്റില്‍ വണ്ടി നിര്‍ത്തി തല പുറത്തേക്കിട്ട് റഷീദ് പാടി. സൂപ്പര്‍ മാമ ഹക്കുണ മറ്റാറ്റ സഫാരിക്കഥകള്‍ കേട്ട് ഷാഡി കുറച്ചുസമയം ഞങ്ങള്‍ക്കൊപ്പമിരുന്നു. പിന്നെ നാളെ വരാമെന്നു പറഞ്ഞ് എഴുന്നേറ്റു. ഷാഡി പുറത്തേക്കും ഞങ്ങള്‍ അകത്തേക്കും നീങ്ങുന്നതിനിടെ അമ്മ രണ്ടു കാര്യങ്ങള്‍ പറഞ്ഞു:

റഷീദൊരു പാവാ. നല്ല സ്‌നേഹോള്ളാനാ അവന്‍. നല്ലതു വരട്ടെ.

ഒരു രണ്ടു ദിവസങ്ങള്‍ കൂടി കാട്ടില്‍ കഴിഞ്ഞാല്‍ നമ്മള്‍ സിംഹങ്ങള്‍ക്കൊപ്പം ഇറങ്ങി നടന്നേനേ.

ആറു ദിവസത്തെ സഫാരിയുടെ ചുരുക്കെഴുത്തായിരുന്നു അത്.

(അവസാനിച്ചു.)

പക്ഷികളുടെ പറുദീസയില്‍
''പലവര്‍ണ്ണ ഇഴകളിട്ട കമ്പളംപോലെ ഗോരംഗോരോ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, അതില്‍ നീങ്ങുന്ന മൃഗസംഘങ്ങള്‍''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.