പരിശോധിക്കണം,പൊലീസുകാരുടെ മാനസികാരോഗ്യവും

പൊലീസുദ്യോഗസ്ഥരുടെ മാനസികാരോഗ്യം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്നുള്‍പ്പെടെ 9 ശുപാര്‍ശകള്‍ അടങ്ങുന്നതാണ് ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്
പരിശോധിക്കണം,പൊലീസുകാരുടെ മാനസികാരോഗ്യവും

കേരളത്തിലെ പൊലീസുകാര്‍ ജോലിയില്‍നിന്നു സ്വയം വിരമിച്ച് പുറത്തുപോകുന്നത് സ്വന്തം സംരംഭങ്ങള്‍ തുടങ്ങാന്‍ കൂടി; വിദേശത്ത് ജോലി 'തേടി'പ്പോവുകയാണ് മറ്റൊരു ലക്ഷ്യം. മേലുദ്യോ ഗസ്ഥരുടെ മോശം ഇടപെടലും അതുള്‍പ്പെടെയുള്ള ജോലി സമ്മര്‍ദ്ദങ്ങളുമാണ് പൊലീസുകാരുടെ ആത്മഹത്യയ്ക്കും സ്വയം വിരമിക്കലിനും മറ്റും കാരണങ്ങളെന്നു വ്യാപകമായി പ്രചരിക്കുമ്പോഴാണ് ആഭ്യന്തരവകുപ്പിന്റെ ഈ ഔദ്യോഗിക വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തരവകുപ്പ് നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സമര്‍പ്പിച്ചു. പൊലീസുദ്യോഗസ്ഥരുടെ മാനസികാരോഗ്യം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം എന്നതുള്‍പ്പെടെ ഒന്‍പത് ശുപാര്‍ശകള്‍ ഉള്‍പ്പെടുന്നതാണ് റിപ്പോര്‍ട്ട്.

2019 ജനുവരി ഒന്നു മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെ പൊലീസില്‍ ഉണ്ടായ സ്വയം വിരമിക്കലിനെ(വി.ആര്‍.എസ്)ക്കുറിച്ച് പഠിച്ചുകഴിഞ്ഞ നവംബര്‍ 14-നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആരോഗ്യപ്രശ്‌നങ്ങള്‍, ജോലി സമ്മര്‍ദ്ദം, കുടുംബപ്രശ്‌നങ്ങള്‍, മേലുദ്യോഗസ്ഥരില്‍ നിന്നുള്ള മോശം ഇടപെടല്‍ എന്നിവയും വി.ആര്‍.എസ് വാങ്ങിപ്പോകുന്നതിനു കാരണങ്ങളാകുന്നുണ്ട്.

ഈ കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ 169 പൊലീസുകാര്‍ വി.ആര്‍.എസ്സിന് അപേക്ഷിച്ചു. അതില്‍ 148 പേര്‍ സര്‍വ്വീസ് കാലാവധി അവസാനിക്കുന്നതിനു മുന്‍പ് സ്വയം വിരമിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ വി.ആര്‍.എസ് എടുത്ത പൊലീസ് ജില്ലകള്‍ കോഴിക്കോട് സിറ്റി, മലപ്പുറം, ഇടുക്കി, കോട്ടയം, എറണാകുളം സിറ്റി എന്നിവയാണ്. തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട പൊലീസ് ജില്ലകളില്‍ താരതമ്യേന കുറവ്. കോഴിക്കോട് സിറ്റിയില്‍ വിരമിച്ചവര്‍ 21, മലപ്പുറം 16, ഇടുക്കി 13, കോട്ടയത്ത് 12, എറണാകുളം സിറ്റി 11.

പൊലീസ് ജീവിതം മതിയാക്കി നേരത്തെ യൂണിഫോം ഊരിയവരില്‍ നാലുപേര്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വ്വീസ് ബാക്കിയുള്ളവരാണ്. അതാണ് ഏറ്റവും നേരത്തെയുള്ള സ്വയം വിരമിക്കല്‍. 16 പേര്‍ക്ക് പത്തു വര്‍ഷത്തിലധികമുണ്ട് സര്‍വ്വീസ്, അഞ്ചുവര്‍ഷത്തില്‍ താഴെ സര്‍വ്വീസ് ബാക്കിയുള്ളവരാണ് കാലാവധി തികയാന്‍ കാത്തുനില്‍ക്കാതെ പിരിഞ്ഞവരില്‍ കൂടുതലും: 128 പേര്‍. വനിതാ പൊലീസുകാരില്‍ മൂന്നു പേര്‍ മാത്രമാണ് വി.ആര്‍.എസ് എടുത്തത്. ബാക്കി മുഴുവന്‍ പുരുഷന്മാര്‍. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (ഇന്‍സ്പെക്ടര്‍) റാങ്ക് മുതല്‍ താഴേയ്ക്കാണ് സ്വയം വിരമിച്ചവര്‍. സിവില്‍ പൊലീസ് ഓഫീസര്‍ (സി.പി.ഒ) 13, സീനിയര്‍ സി.പി.ഒ 42, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതലയുള്ള ഇന്‍സ്പെക്ടര്‍മാര്‍ രണ്ട്, സബ് ഇന്‍സ്പെക്ടര്‍ (എസ്.ഐ) അല്ലെങ്കില്‍ ഗ്രേഡ് എസ്.ഐമാര്‍ 47, എ.എസ്.ഐ, ഗ്രേഡ് എ.എസ്.ഐമാര്‍ 44. വിവിധ ജില്ലകളിലായി സി.പി.ഒ, എസ്.സി.പി.ഒ റാങ്കിലുള്ള 67 പേരും ഓഫീസര്‍ തസ്തികയിലുള്ള 102 പേരും വി.ആര്‍.എസ്സിന് അപേക്ഷ നല്‍കിയവരിലുണ്ട്.

2019-ല്‍ 14 പേര്‍, 2020-ല്‍ 15, 2021-ല്‍ 27, 2022-ല്‍ 32, 2023 സെപ്റ്റംബര്‍ 30 വരെ 60 പേര്‍. 2023-ല്‍ സെപ്റ്റംബര്‍ 30 വരെ മാത്രം 81 പേര്‍ വി.ആര്‍.എസ്സിന് അപേക്ഷിച്ചു

ഈ കാലയളവിലെ 148 സ്വയം വിരമിക്കലുകളില്‍ 35 ശതമാനം (52 പേര്‍) ആരോഗ്യപ്രശ്‌നങ്ങള്‍കൊണ്ടും 24 ശതമാനം (36 പേര്‍) ജോലിയിലെ സമ്മര്‍ദ്ദം കാരണവും 16 ശതമാനം (25 പേര്‍) കുടുംബപ്രശ്‌നങ്ങളുടെ പേരിലുമാണ് അതു ചെയ്തത്. ബാക്കി 23 ശതമാനം (35 പേര്‍) വിദേശ ജോലി തേടി പോയവരും സ്വയം സംരംഭം തുടങ്ങിയവരും പൊലീസ് ജോലിയോടുള്ള അതൃപ്തികൊണ്ടുമാണ് നിയമപാലകരായി തുടരേണ്ട എന്നു തീരുമാനിച്ചത്.

2019-ല്‍ 14 പേര്‍, 2020-ല്‍ 15, 2021-ല്‍ 27, 2022-ല്‍ 32, 2023 സെപ്റ്റംബര്‍ 30 വരെ 60 പേര്‍. 2023-ല്‍ സെപ്റ്റംബര്‍ 30 വരെ മാത്രം 81 പേര്‍ വി.ആര്‍.എസ്സിന് അപേക്ഷിച്ചു എന്നതു കാണിക്കുന്നത് ഈ പ്രവണത കൂടിക്കൂടി വരുന്നു എന്നുതന്നെ. ഇവരില്‍ 60 പേര്‍ക്ക് വിരമിക്കാന്‍ അനുമതി നല്‍കി. റിപ്പോര്‍ട്ട് സമര്‍പ്പിച്ച 2023 നവംബര്‍ 14-നുശേഷം ആറു മാസത്തിനിടെ സ്വാഭാവികമായും കൂടുതല്‍ അപേക്ഷകളില്‍ തീര്‍പ്പുണ്ടാവുകയും പുതിയ അപേക്ഷകള്‍ വരികയും ചെയ്തിട്ടുണ്ടാകും.

പ്രശ്‌നങ്ങള്‍ പറയാന്‍ വേദി വേണം

പൊതുജനങ്ങള്‍ അവരുടെ ഏതു പ്രശ്‌നവും പരിഹരിക്കാന്‍ ആദ്യം സമീപിക്കുന്നത് പൊലീസിനെയാണെങ്കിലും ചില പൊലീസുദ്യോഗസ്ഥരുടെ മോശം പെരുമാറ്റംകൊണ്ട് പൊതുജനങ്ങളില്‍നിന്നു പൊലീസിന് ഏറെ പഴി കേള്‍ക്കാറുണ്ടെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനു പുറമേ, പല ഭാഗങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ജോലിഭാരം, അച്ചടക്ക നടപടികള്‍ക്കു വിധേയരായേക്കാം എന്ന ആശങ്ക, ആരോഗ്യപ്രശ്‌നങ്ങള്‍, കുടുംബപരമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ജോലി വിട്ടു പോകാന്‍ പൊലീസുദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നു എന്നാണ് നിരീക്ഷണം. പൊലീസുദ്യോഗസ്ഥര്‍ക്ക് ഇങ്ങനെ സ്വയം പിരിഞ്ഞുപോകാനുള്ള പ്രവണത കൂടിവരുന്ന സാഹചര്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതാണെന്ന ശുപാര്‍ശയോടെയാണ് റിപ്പോര്‍ട്ട്. ഈ 'കൊഴിഞ്ഞുപോക്ക്' കുറയ്ക്കാന്‍ ഒന്‍പത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമുണ്ട്. പൊലീസ് സേനയുടെ അംഗബലം വര്‍ദ്ധിപ്പിക്കണം എന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് തിരുവനന്തപുരത്ത് എസ്.എ. പി ക്യാമ്പില്‍ ഇപ്പോള്‍ ഹാറ്റ്സ് (ഹെല്‍പ് ആന്റ് അസിസ്റ്റന്‍സ് റ്റു ടാക്ക്ള്‍ സ്ട്രെസ്സ്) എന്ന പേരില്‍ ഒരു സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് എല്ലാ ജില്ലകളിലും തുടങ്ങുന്നത് ഉചിതമായിരിക്കും. പൊലീസുദ്യോഗസ്ഥരുടെ മാനസികാരോഗ്യം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. ജോലിസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തി മതിയായ വിശ്രമം ഉറപ്പു വരുത്തണം. ജോലി സംബന്ധമായ പരാതികളും വ്യക്തിപരമായ വിഷമങ്ങളും അവതരിപ്പിക്കാന്‍ നിലവിലെ മെന്ററിംഗ് സംവിധാനം ശക്തിപ്പെടുത്തണം എന്നു നിര്‍ദ്ദേശിക്കുന്നതിനു പുറമേ പൊലീസുദ്യോഗസ്ഥര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ വേദി ഒരുക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. അര്‍ഹവും അനുവദനീയവുമായ അവധികള്‍ പരമാവധി ലഭിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ആനുകൂല്യങ്ങള്‍, ആകര്‍ഷകമായ സേവനവേതന വ്യവസ്ഥകള്‍ എന്നിവ ഉപയോഗിച്ച് പൊലീസ് ജോലി ആകര്‍ഷകമാക്കുന്നതും പരിഗണിക്കണം. നിലവിലെ ചികിത്സാ ആനുകൂല്യങ്ങളെക്കുറിച്ച് പൊലീസുദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആകര്‍ഷകമായ ചികിത്സാ ആനുകൂല്യങ്ങള്‍ അവതരിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

പരിശോധിക്കണം,പൊലീസുകാരുടെ മാനസികാരോഗ്യവും
പൊലീസ് വാഹനത്തിന്റെ സൈറൺ അനുകരിച്ച് പക്ഷികൾ; ഉടനെ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യൽമീഡിയ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com