കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ 'താരപ്രഭ' നല്‍കുന്ന അധികശ്രദ്ധ വയനാടിനുണ്ടെങ്കിലും കേരളപ്പിറവി മാസത്തില്‍ കേരളത്തില്‍ നടക്കുന്ന മൂന്നു തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ രാഷ്ട്രീയ ശ്രദ്ധ പാലക്കാട്ടേക്കാണ്. പ്രിയങ്കയുടെ വിജയത്തെക്കുറിച്ച് കാര്യമായ സംശയം ഇടതുമുന്നണിക്കോ ബി.ജെ.പിക്കോ പോലും ഇല്ല. എല്‍.ഡി.എഫ് മത്സരിപ്പിക്കുന്ന സി.പി.ഐയുടെ ശ്രദ്ധേയനായ നേതാവ് സത്യന്‍ മൊകേരിയെ അവിടെക്കൊണ്ടു നിര്‍ത്തണമായിരുന്നോ എന്ന ചോദ്യം ഫലത്തിനു പിറകേ വരാനുമുണ്ട്. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന് സോണിയ ഗാന്ധി വരുന്നു; സീതാറാം യച്ചൂരി ഇല്ലാത്തതിന്റെ നഷ്ടം പരിഹരിക്കാനാകില്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ട് ഇടതുപക്ഷം പരമാവധി ദേശീയ നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുന്നു, വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നെഹ്‌റു കുടുംബത്തില്‍നിന്നായതുകൊണ്ടും പാലക്കാട് പിടിക്കാമെന്ന പ്രതീക്ഷയുള്ളതുകൊണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും ഉള്‍പ്പെടെ വരാനുമുണ്ട് സാധ്യത. ചേലക്കര നിയമസഭാ നിയോജകമണ്ഡലം മൂന്നു പതിറ്റാണ്ടിലധികമായി ഇടതുമുന്നണിയുടെ കുത്തകയാണ്; അത് നിലനിര്‍ത്താനാകുമെന്ന് എല്‍.ഡി.എഫിന് ഉറച്ച പ്രതീക്ഷയുണ്ട്. എങ്കിലും രമ്യ ഹരിദാസിനെ നിര്‍ത്തി യു.ഡി.എഫ് ഇത്തവണ അധികപ്രതീക്ഷയോടെയാണ് മത്സരിക്കുന്നത്. മൂന്നില്‍ രണ്ടിടത്തും വനിതാ സ്ഥാനാര്‍ത്ഥികളാണ് കോണ്‍ഗ്രസ്സിന്റേത് എന്ന പ്രത്യേകതയുമുണ്ട്. ബി.ജെ.പിക്ക് മറ്റൊരു പാലക്കാടല്ല ചേലക്കര.
പാലക്കാട് കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത് യു.ഡി.എഫ് ആണ്; അതില്‍ രണ്ടിലും രണ്ടാം സ്ഥാനത്തെത്തിയത് ബി.ജെ.പി. 2011-ല്‍ ബി.ജെ.പിയെ മൂന്നാം സ്ഥാനത്താക്കിയ യു.ഡി.എഫ് 2016-ലും 2021-ലും എല്‍.ഡി.എഫിനെ മൂന്നാം സ്ഥാനത്താക്കിയാണ് വിജയിച്ചത്. പാലക്കാട് ലോക്സഭാ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനു വേറെ ഒരു നിയമസഭാ സീറ്റു പോലുമില്ല. യു.ഡി.എഫ് എന്ന നിലയില്‍ കണക്കാക്കിയാല്‍ മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് ജയിച്ച സീറ്റാണ് എന്നുമാത്രം; എന്‍. ഷംസുദ്ദീന്‍. പട്ടാമ്പിയില്‍ സി.പി.ഐ (മുഹമ്മദ് മുഹ്സിന്‍), ഷൊര്‍ണൂരിലും (പി. മാമ്മിക്കുട്ടി) ഒറ്റപ്പാലത്തും (കെ. പ്രേമകുമാര്‍) കോങ്ങാട്ടും (കെ. ശാന്തകുമാരി) മലമ്പുഴയിലും (കെ. പ്രഭാകരന്‍) സി.പി.ഐ.എം. അപ്രതീക്ഷിതമായി കോണ്‍ഗ്രസ് വരുത്തിവച്ച ഈ ഉപതെരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിച്ച്, വീണ്ടും ഒന്നാമതാവുക എന്ന വിജയലക്ഷ്യത്തിനപ്പുറം രാഷ്ട്രീയ പ്രാധാന്യമുണ്ട് എല്‍.ഡി.എഫിന് ഈ മത്സരത്തില്‍. നാലാമതും തോല്‍ക്കാതിരിക്കാനുള്ള ജാഗ്രതയും തയ്യാറെടുപ്പുകളും മുന്‍പെന്നത്തെക്കാളേറെയാണ്. സിറ്റിംഗ് സീറ്റല്ലാത്തതുകൊണ്ട് തോറ്റാല്‍ പറഞ്ഞുനില്‍ക്കാം. ജയിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും മുന്നണിയുടേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ജനപിന്തുണയുടെ ജയമായി മാറുകയും ചെയ്യും. രണ്ടാം സ്ഥാനത്തെങ്കിലും വന്നാല്‍പ്പോലുമുണ്ട് ചെറുതല്ലാത്ത പ്രാധാന്യം.
ജയിക്കാന്‍ ഇതിലും യോജിച്ച സാഹചര്യം വേറെ ഇല്ല എന്നാണ് നിലവിലെ രണ്ടാം സ്ഥാനക്കാരായ ബി.ജെ.പി കരുതുന്നത്. രണ്ടാം സ്ഥാനമെങ്കിലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുടെ പൂരമാണ് അവരെ കാത്തിരിക്കുന്നത്. 2011-ലും 2016-ലും 2021-ലും ഒരേ സ്ഥാനാര്‍ത്ഥിയിലൂടെ ജയിച്ച യു.ഡി.എഫ് ഇത്തവണത്തെ മാറ്റത്തില്‍ ജയിച്ചില്ലെങ്കില്‍ കേള്‍ക്കാന്‍ പോകുന്ന പഴികള്‍ മുന്നണിയുടേയും മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ്സിന്റേയും നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നത്ര മാരകമായിരിക്കും. വിജയം എളുപ്പമല്ലാതാക്കുന്ന ഉള്‍പ്പോരുകളില്‍ ഉലഞ്ഞാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍നിന്ന് എന്തിന് ടി.എന്‍. പ്രതാപനെ മാറ്റി എന്ന ചോദ്യത്തില്‍ തുടങ്ങി പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പിലിനെ എന്തിനു രാജിവയ്പ്പിച്ചു എന്നു വരെ നീളുന്ന ചോദ്യശരങ്ങള്‍ മുന്‍പേയുണ്ട്. തൃശൂരില്‍ പകരക്കാരനായ കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്താവുകയും ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജയിക്കുകയും ചെയ്തത് 'തൃശൂര്‍ ഡീല്‍' എന്ന പേരു വീഴാന്‍ ഇടയാക്കുകയും ചെയ്തു. പാലക്കാടും കൂടി ബി.ജെ.പി ജയിച്ചാല്‍ അത് 'തൃശൂര്‍-പാലക്കാട് ഡീല്‍' ആയിരുന്നു എന്ന ആരോപണം മറികടക്കുക എളുപ്പമാകില്ല. പക്ഷേ, ജയപ്രതീക്ഷയ്ക്കു മങ്ങല്‍ ഏല്പിച്ച് കോണ്‍ഗ്രസ്സിന്റെ ഡിജിറ്റല്‍ മീഡിയ വിഭാഗം മേധാവി ഡോ. പി. സരിന്‍ തന്നെ രാജിവച്ച് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി.
പ്രിയങ്ക വന്ന വഴി
വയനാട് ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് ജയിച്ചാലും എല്‍.ഡി.എഫ് ജയിച്ചാലും ലോക്സഭയിലെ ബലാബലത്തില്‍ പ്രത്യേകിച്ചു മാറ്റമൊന്നും ഉണ്ടാകില്ല. ഇനിയിപ്പോള്‍ ബി.ജെ.പി തന്നെ ജയിച്ചാലും അതുതന്നെയാണു സ്ഥിതി. ഇതുവരെ മത്സരിച്ചിട്ടില്ലാത്ത പ്രിയങ്ക ഗാന്ധിക്ക് ഒരു അരങ്ങേറ്റം; അത്രതന്നെ. അവരുടെ സാന്നിധ്യം ഇന്ത്യാമുന്നണിക്ക് അധികശക്തി നല്‍കുമോ എന്ന് കണ്ടറിയേണ്ട കാര്യവുമാണ്. പക്ഷേ, പ്രിയങ്ക ഇന്ത്യാമുന്നണി നേതൃത്വത്തിന്റെ ഭാഗമാണ് എന്നതിന്റെ പേരില്‍ ഇടതുപക്ഷം അവരോട് രാഷ്ട്രീയ വിട്ടുവീഴ്ചയൊന്നും ചെയ്യേണ്ടതില്ല എന്നതാണു സത്യം. കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും മുഖാമുഖം നില്‍ക്കുന്ന മുന്നണികളാണ്. തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം തന്നെ ഉണ്ടാവുക സ്വാഭാവികം. കേരളത്തിനു പുറത്ത് ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സീറ്റുകളിലൊന്നും മത്സരിക്കാതെയാണ് 2019-ലും 2024-ലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് ഇടതുപക്ഷത്തിനെതിരെ മത്സരിച്ചത്. അത് ദേശീയതലത്തിലെ ഫാസിസ്റ്റുവിരുദ്ധ കൂട്ടായ്മയുടെ രാഷ്ട്രീയ സ്പിരിറ്റിനു വിരുദ്ധമാണ് എന്ന വിമര്‍ശനത്തെ രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസ്സോ യു.ഡി.എഫോ വകവച്ചില്ല. 'രാഹുല്‍ തരംഗം' ഉപയോഗിച്ച് ഇടതുപക്ഷത്തിന്റെ പാര്‍ലമെന്റിലെ സാന്നിധ്യം കുറയ്ക്കാനാണ് ശ്രമിച്ചത്. 2019-ല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന് ഉണ്ടായ വലിയ തിരിച്ചടിക്ക് അമേഠിയില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ പലായനവും കാരണമായി മാറുകയും ചെയ്തു.
2024-ല്‍ ഇന്ത്യാമുന്നണി എന്ന മതേതര കൂട്ടായ്മ ഉണ്ടായി; ബി.ജെ.പി സര്‍ക്കാരിനെതിരേ രാജ്യവ്യാപകമായിത്തന്നെ വലിയ രോഷവും ഉയര്‍ന്നു. എന്നിട്ടും കാലങ്ങളായി കോണ്‍ഗ്രസ്, നെഹ്റു കുടുംബം ജയിച്ചുവന്ന അമേഠിയിലോ റായ്ബറേലിയിലോ പോലും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി മടിച്ചു. അമേഠിയില്‍ 2019-ല്‍ ജയിച്ചത് ബി.ജെ.പിയുടെ സ്മൃതി ഇറാനിയാണെന്നു വയ്ക്കാം. റായ്ബറേലി അപ്പോഴും കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. പക്ഷേ, മൂന്നാം ഘട്ടമായപ്പോള്‍ തെരഞ്ഞെടുപ്പു രംഗത്ത് പ്രകടമായ ബി.ജെ.പി വിരുദ്ധവും ഇന്ത്യാമുന്നണിക്ക് അനുകൂലവുമായ ട്രെന്‍ഡാണ് വയനാടിനു പുറമേ റായ്ബറേലിയില്‍ക്കൂടി മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ധൈര്യം നല്‍കിയത്. തുടക്കത്തില്‍ മോദിയുടെ ഗ്യാരണ്ടിയെക്കുറിച്ചു പറഞ്ഞിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതൃത്വം പരാജയത്തിന്റെ സൂചനകള്‍ കണ്ട് തുറന്ന വര്‍ഗ്ഗീയത പറയാന്‍ തുടങ്ങി. കാര്യങ്ങള്‍ മാറിമറിയുന്നു എന്ന ആ സൂചനകള്‍ റായ്ബറേലി സുരക്ഷിതമാണ് എന്ന പ്രതീതി കൂടിയാണ് കോണ്‍ഗ്രസ്സിനു നല്‍കിയത്. രണ്ടിടത്തും രാഹുല്‍ ജയിച്ചു. പക്ഷേ, 2019-ല്‍ പാര്‍ലമെന്റിലെത്താന്‍ സഹായിച്ച വയനാടിനെയല്ല റായ്ബറേലിയെയാണ് നിലനിര്‍ത്താന്‍ തീരുമാനിച്ചത്. വയനാട്ടില്‍നിന്നുള്ള ലോക്സഭാംഗത്വം രാജിവയ്ക്കുകയും ചെയ്തു. അങ്ങനെ കോണ്‍ഗ്രസ് ഉണ്ടാക്കിയ ഉപതെരഞ്ഞെടുപ്പാണ് വയനാട്ടിലേത്.
പാലക്കാട് 'ഇഷ്യു'
കോണ്‍ഗ്രസ്സും ബി.ജെ.പിയുമായുള്ള ഡീലിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് പി. സരിന്‍ പാര്‍ട്ടി വിട്ടത്. പാലക്കാട്ടെ മുന്‍ എം.എല്‍.എ ഷാഫി പറമ്പിലോ സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലോ അതിനു നേരിട്ടു മറുപടി പറയുന്നില്ല. ''ഞങ്ങള്‍ക്ക് ഡീല്‍ ഉണ്ട്, അത് പാലക്കാട്ടെ ജനങ്ങളുമായാണ്'' എന്നാണ് ഷാഫി പറമ്പില്‍ ആവര്‍ത്തിക്കുന്നത്. ഫലം വരുമ്പോള്‍ അത് വ്യക്തമാകും എന്നും പറയുന്നു. യഥാര്‍ത്ഥത്തില്‍ പാലക്കാട്ടുനിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചു കൊടുക്കാം എന്നൊരു 'ഡീല്‍' ഒന്നും കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ ഇല്ല എന്നതാണ് വസ്തുത. അങ്ങനെ മറ്റൊരു മുന്നണിയുടേയും പാര്‍ട്ടിയുടേയും സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചു കൊടുക്കാമെന്നു നേതൃതലത്തില്‍ ധാരണയുണ്ടാക്കി താഴേത്തട്ടില്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ്സിനെന്നല്ല ആര്‍ക്കും എളുപ്പമല്ലതാനും. പക്ഷേ, പാലക്കാട്ട് ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കിക്കൊടുക്കാം എന്ന അപ്രഖ്യാപിത ധാരണ കോണ്‍ഗ്രസ്സും ബി.ജെ.പിയുമായി ഉണ്ട് എന്നാണ് ആരോപണം ഉന്നയിക്കുന്നവരുടെ യഥാര്‍ത്ഥ വാദം. അതു പാലിച്ചിരിക്കുന്നു എന്നും അവര്‍ പറയുന്നു. പക്ഷേ, ബി.ജെ.പിക്കു മാത്രം ഗുണമുണ്ടാക്കുന്ന അത്തരമൊരു ധാരണയ്ക്ക് കോണ്‍ഗ്രസ് എന്തിനു നില്‍ക്കണം? 'ഡീല്‍' നടത്തിയ നേതാക്കള്‍ക്കു പ്രത്യുപകാരമെന്ത് തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ ചില സീറ്റുകളില്‍ സഹായിക്കാന്‍ മുന്‍കൂട്ടി നല്‍കുന്ന സഹായമാണ് ഇത് എന്നാണ് ഒരു വാദം. പക്ഷേ, തെളിവുകളുടെ പിന്‍ബലമില്ലാത്തതും എന്നാല്‍ രാഷ്ട്രീയമായി ശരിയാകാന്‍ ഇടയുള്ളതാണെന്നു തോന്നിക്കുന്നതുമാണ് ആ ആരോപണം. പത്തു വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷം അധികാരത്തില്‍ എത്തുമെന്ന് ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും തേടാനിടയുള്ള വഴികളില്‍ ഒന്ന് അതുമായിക്കൂടെന്നില്ല.
ടി.എന്‍. പ്രതാപനു തൃശൂരില്‍ സീറ്റ് നിഷേധിച്ചതും വടകരയില്‍നിന്ന് കെ. മുരളീധരനെ തൃശൂരിലേക്കു മാറ്റി മൂന്നാം സ്ഥാനക്കാരനാക്കിയതും ഷാഫി പറമ്പിലിനെ വടകരയില്‍ എം.പിയാക്കാന്‍ കൊണ്ടുവന്നതുമൊക്കെ കൃത്യമായി ഈ ഡീല്‍ ആരോപണത്തോടു ചേര്‍ന്നു വരുന്നുമുണ്ട്. തൃശൂര്‍ ഫലം അത് തെളിയിച്ചു; പാലക്കാടാണ് ഇനി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ മുസ്ലിങ്ങളില്ലാത്തതുകൊണ്ട് വടകരയില്‍ ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാനാണ് ഈ പാടൊക്കെപെട്ടതെന്ന ന്യായീകരണത്തിനുമില്ല നിലനില്‍പ്പ്. ഷാനിമോള്‍ ഉസ്മാനും ടി. സിദ്ദീഖുമൊക്കെ ഉണ്ടായിരുന്നു. 2019-ല്‍ 19 സീറ്റിലും യു.ഡി.എഫ് ജയിച്ചപ്പോള്‍ ഷാനിമോള്‍ ഉസ്മാനെ കാലുവാരിത്തോല്‍പ്പിച്ചു എന്ന വിമര്‍ശനമുള്ള ആലപ്പുഴയില്‍ അവര്‍ക്ക് സീറ്റ് നിഷേധിച്ചാണ് കെ.സി. വേണുഗോപാല്‍ വന്നത്. ടി. സിദ്ദീഖ് കല്‍പറ്റ എം.എല്‍.എയാണ്. ''പക്ഷേ, അവിടെ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ പക്ഷേ, ബി.ജെ.പിക്കു സാധ്യതയും പ്രതീക്ഷയുമില്ല. ഷാനിമോളോ സിദ്ദീഖോ വടകരയില്‍ മുരളീധരനു പകരം മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പിക്ക് പ്രതീക്ഷയുള്ള പാലക്കാട് ഒഴിവാകുമായിരുന്നില്ല. അതുകൊണ്ടാണ് ഷാഫി പറമ്പിലിനെത്തന്നെ മാറ്റിയത്'', ഇതാണ് പി. സരിന്‍ ഇപ്പോള്‍ പറയുന്നതും ലോക്സഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ത്തന്നെ ഇടതുമുന്നണി പറഞ്ഞതും. അതുകൊണ്ടാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിക്കു വേണ്ടി ഉണ്ടാക്കിയതാകുന്നത്. അത് നടക്കില്ല എന്നാണ് സ്വന്തം രാജിയിലൂടെ സരിനും സരിനെ ഏറ്റെടുത്തതിലൂടെ എല്‍.ഡി.എഫും പറയുന്നത്. ഇതാണ് ഇത്തവണ പാലക്കാടിനെ ഇഞ്ചോടിഞ്ച് രാഷ്ട്രീയ മത്സരം നടക്കുന്ന മണ്ഡലമാക്കുന്നത്. മൂന്നാം സ്ഥാനത്തുനിന്ന് ഇടതുമുന്നണി ഒന്നാമതെത്തുക എന്നാല്‍ ബി.ജെ.പി ജയിക്കുന്നില്ലാ എന്ന് ഉറപ്പുവരുത്തലാണ്. രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണെങ്കില്‍ അവര്‍ക്ക് 'സ്റ്റാറ്റസ്‌കോ' നിലനിര്‍ത്തി എന്ന് ആശ്വസിക്കാനാകില്ല. മറിച്ച്, സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തി എന്ന പഴി ഡല്‍ഹിയില്‍ നിന്നുള്‍പ്പെടെ കേള്‍ക്കേണ്ടിവരും. മൂന്നാമതായിപ്പോയാല്‍ സി. കൃഷ്ണകുമാറിന്റെ രാഷ്ട്രീയഭാവിയെത്തന്നെ അത് ബാധിക്കും. യു.ഡി.എഫ് രണ്ടാമതായാലും മൂന്നാമതായാലും വീഴ്ചയുടെ ആഘാതം ചെറുതാകില്ല. ഇനി, ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം പിഴച്ച് ബി.ജെ.പിയെങ്ങാനുമാണ് ജയിക്കുന്നതെങ്കില്‍ 'തൃശൂര്‍-വടകര-പാലക്കാട് കച്ചവടം' എന്ന രാഷ്ട്രീയ ഭൂകമ്പത്തിന്റെ പ്രഹരശേഷി തടുക്കാന്‍ വി.ഡി. സതീശന്റേയും കെ. സുധാകരന്റേയും നാവ് പോരാതെ വരും.
മാറ്റം വന്ന വഴി
1957-ലും 1960-ലും 1965-ലും കോണ്‍ഗ്രസ്സാണ് നിയമസഭയില്‍ പാലക്കാടിനെ പ്രതിനിധീകരിച്ചത്. 1967-ലും 1970-ലും സി.പി.ഐ.എം. 1977, 1980, 1982, 1987 പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടി (പി.എസ്.പി). ആ നാലു തവണയും പി.എസ്.പിയെ പ്രതിനിധീകരിച്ച സി.എം. സുന്ദരം 1981 ഡിസംബര്‍-1982 മാര്‍ച്ച് കാലയളവില്‍ രണ്ടര മാസവും അതുകഴിഞ്ഞ് 1982-1987-ലെ കെ. കരുണാകരന്‍ സര്‍ക്കാരില്‍ അഞ്ചു വര്‍ഷവും തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു. പിന്നീട് കോണ്‍ഗ്രസ്സായി, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി 1991-ലും മത്സരിച്ചു ജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പി.ഐ.എമ്മിലെ ടി.കെ. നൗഷാദിനായിരുന്നു 1996-ല്‍ ജയം. 2001-ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍ എ.കെ. ആന്റണി സര്‍ക്കാരില്‍ ധനമന്ത്രിയായി. 2006-ലും 2011-ലും സി.പി.ഐ.എം നേതാവ് കെ.കെ. ദിവാകരനു ജയം. 2011 ഷാഫി പറമ്പിലിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിച്ചു. പിന്നീടു വിട്ടുകൊടുത്തിട്ടുമില്ല. ഇതിനിടയിലാണ് യു.ഡി.എഫും എല്‍.ഡി.എഫും എന്ന നിലയില്‍നിന്ന് കാര്യങ്ങള്‍ മാറിത്തുടങ്ങിയത്. 2011-ല്‍ ആദ്യമായി ഷാഫി പറമ്പില്‍ 47641 വോട്ടുകള്‍ (42.41 ശതമാനം) നേടി ജയിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തു വന്നത് കെ.കെ. ദിവാകരനാണ്. അദ്ദേഹത്തിന് 40238 വോട്ടുകള്‍ (35.82 ശതമാനം) കിട്ടി. അന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സി. ഉദയഭാസ്‌കറിനു കിട്ടിയത് 19.86 ശതമാനം വോട്ടുകളാണ് (22317). പക്ഷേ, 2016-ല്‍ ശോഭാ സുരേന്ദ്രന്‍ ഇത് 29.08 ശതമാനം (40076) ആയി വര്‍ദ്ധിപ്പിച്ച് രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ്സും സി.പി.എമ്മും അല്ലാത്ത ഒരാള്‍ പാലക്കാട് രണ്ടാമതെത്തിയത് അന്നാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പ്രമുഖ സി.പി.ഐ.എം നേതാവ് എന്‍.എന്‍. കൃഷ്ണദാസ് 38675 വോട്ടുകളുമായി (28.07 ശതമാനം) മൂന്നാം സ്ഥാനത്ത്. ശോഭാ സുരേന്ദ്രനും കൃഷ്ണദാസും തമ്മിലുള്ള ഈ 1401 വോട്ടുകളുടെ വ്യത്യാസം തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍, അതായത് മെട്രോമാന്‍ ഇ. ശ്രീധരന്‍ മത്സരിച്ച 2021-ല്‍ 13787 ആയി ഉയര്‍ന്നു. ഇ. ശ്രീധരന് കിട്ടിയത് 50220 (35.34 ശതമാനം), സി.പി.ഐ.എമ്മിലെ സി.പി. പ്രമോദിനു കിട്ടിയത് 36433 (25.64 ശതമാനം). ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന വസ്തുത കൂടിയുണ്ട്: ഷാഫി പറമ്പിലും സി. ഉദയഭാസ്‌കറും തമ്മിലുള്ള വോട്ടു വ്യത്യാസം 25324 ആയിരുന്നെങ്കില്‍ ശോഭാ സുരേന്ദ്രനും ഷാഫിയുമായുള്ള വ്യത്യാസം 17483 ആയും ഇ. ശ്രീധരനുമായുള്ള വ്യത്യാസം 3859 ആയും കുറഞ്ഞുവന്നു. അതായത് യു.ഡി.എഫിന്റെ ഭൂരിപക്ഷം കുത്തനേ താഴേയ്ക്കാണ്; ബി.ജെ.പിക്കു കിട്ടുന്ന വോട്ടുകളുടെ എണ്ണവും ശതമാനവും മുകളിലേക്കും. ഷാഫി പറമ്പിലിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 54079 (38.06 ശതമാനം) വോട്ടുകള്‍ കിട്ടിയപ്പോള്‍ ഇ. ശ്രീധരന് 50220 (35.34 ശതമാനം) വോട്ടുകള്‍ കിട്ടി. ഇഞ്ചോടിഞ്ച് മത്സരമാണ് ശ്രീധരനും ഷാഫിയും തമ്മിലുണ്ടായത്.
ഇത്തവണ മത്സരിക്കുന്നത് ശ്രീധരനല്ലെങ്കില്‍പ്പോലും, രണ്ടു വര്‍ഷം മാത്രം കഴിഞ്ഞു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് യു.ഡി.എഫിനെ മറികടക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം കിട്ടുന്നത് ആ മത്സരത്തിന്റെ അനുഭവത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെയാണ് സി. കൃഷ്ണകുമാര്‍ പാലക്കാട് സീറ്റിനു വേണ്ടി ഇത്തവണ ആഞ്ഞുപിടിച്ചതും നേടിയെടുത്തതും. ആദ്യമായി ബി.ജെ.പിയെ രണ്ടാമതെത്തിച്ച ശോഭാ സുരേന്ദ്രന് തൊട്ടടുത്തു നടന്ന 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഈ നിയമസഭാ സീറ്റുള്‍പ്പെടുന്ന പാലക്കാട് ലോക്സഭാ സീറ്റ് നല്‍കിയിരുന്നില്ല; തൊട്ടുമുന്‍പ് 2014-ല്‍ അവിടെ മത്സരിച്ചത് ശോഭയായിട്ടുപോലും. അന്നും പകരം സീറ്റു പിടിച്ചത് സി. കൃഷ്ണകുമാര്‍. അദ്ദേഹം അന്ന് 2,18,556 വോട്ടുകള്‍ നേടി. എങ്കിലും ആകെ പോള്‍ ചെയ്തതില്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ടുകളുടെ ശതമാനക്കണക്ക് നോക്കിയാല്‍ 2014-ല്‍ ശോഭാ സുരേന്ദ്രനു കിട്ടിയതുമായി ചെറിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. 2014-ല്‍ 6.29 ശതമാനം (1,36,587), 2019-ല്‍ 6.44 ശതമാനം. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ പാലക്കാടുള്‍പ്പെടെ എല്ലായിടത്തും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി. രാജേഷ് രണ്ടാമതെത്തുകയും ചെയ്തു. യു.ഡി.എഫിലെ വി.കെ. ശ്രീകണ്ഠനാണ് ജയിച്ചത്. പാലക്കാട് നിയമസഭാമണ്ഡലത്തില്‍ എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം 2016-ലെ 1401-ല്‍ നിന്ന് 4123 ആയി ഉയര്‍ന്നു. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം 17483-ല്‍നിന്ന് 8462 ആയി കുറയുകയാണ് ചെയ്തത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ തന്നെയായിരുന്നു. സിറ്റിംഗ് എം.പി. വി.കെ. ശ്രീകണ്ഠന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി, എല്‍.ഡി.എഫില്‍നിന്ന് സി.പി.എം പി.ബി അംഗം എ. വിജയരാഘവന്‍. ബി.ജെ.പി 2019-ല്‍നിന്ന് 2.87 ശതമാനവും യു.ഡി.എഫ് 1.49 ശതമാനവും വോട്ട് വര്‍ദ്ധിപ്പിച്ചപ്പോള്‍ എല്‍.ഡി.എഫിന് 4.64 ശതമാനം കുറഞ്ഞു. പക്ഷേ, കിട്ടിയ വോട്ടുകളുടെ എണ്ണത്തില്‍ എല്‍.ഡി.എഫ് രണ്ടാമതെത്തി; സി. കൃഷ്ണകുമാര്‍ മൂന്നാമതും. നിയമസഭാമണ്ഡലങ്ങളില്‍ ബി.ജെ.പി രണ്ടാമതെത്തിയത് പാലക്കാട് മാത്രമാണ് എന്നതാണ് പ്രധാനം. യു.ഡി.എഫ് 52,779, എല്‍.ഡി.എഫ് 34,640, എന്‍.ഡി.എ 43,072. അതുവച്ചു നോക്കുമ്പോള്‍ നിലവില്‍ യു.ഡി.എഫ് ബി.ജെ.പിയെക്കാള്‍ 9,707 വോട്ടുകള്‍ക്കു മുന്നില്‍; എല്‍.ഡി.എഫ് ബി.ജെ.പിയെക്കാള്‍ 8432 വോട്ടുകള്‍ക്കു പിന്നില്‍.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം അതേവിധമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുക എന്നതിന് 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ വലിയ തോല്‍വിക്കു ശേഷം 2021-ല്‍ സംസ്ഥാനത്തു വീണ്ടും ഇടതുമുന്നണി അധികാരത്തിലെത്തിയതിന്റെ സമീപകാല ഉദാഹരണം മാത്രം മതി. പക്ഷേ, പാലക്കാട് നിയമസഭാമണ്ഡലത്തില്‍ ആ ന്യായം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ബി.ജെ.പി കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ വോട്ടു വര്‍ദ്ധിപ്പിച്ച് രണ്ടാം സ്ഥാനത്തു വന്നതും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തു തുടരുന്നതും കണക്കില്‍ മാത്രമല്ല, രാഷ്ട്രീയമായും പ്രധാനമാണ്. അവിടെയാണ്, യു.ഡി.എഫിനെ എല്‍.ഡി.എഫ് സഹായിച്ചിട്ടാണ് ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് ജയിച്ചത് എന്ന വാദത്തിന്റെ പ്രസക്തി. വോട്ടു കച്ചവടമായാണ് ബി.ജെ.പി ഇത് തെരഞ്ഞെടുപ്പുരംഗത്ത് ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, ബി.ജെ.പി ജയിക്കാതിരിക്കാന്‍ ഇടതുപക്ഷം കാണിച്ച രാഷ്ട്രീയ ജാഗ്രത എന്നാണ് മറുവാദം. ഇടതുപക്ഷം യു.ഡി.എഫിന് വോട്ടുകള്‍ മറിച്ചുനല്‍കി കച്ചവടം നടത്തുക എന്നത് ഒരുതരത്തിലുള്ള അളവുകോലിലും നില്‍ക്കുന്ന രാഷ്ട്രീയമല്ലതാനും. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ഘട്ടമാകുമ്പോള്‍ ആളുകള്‍ക്ക് ഏകദേശം മനസ്സിലാകും ആര്‍ക്കാണ് മുന്‍തൂക്കം, ആരാണ് ജയിക്കാന്‍ പോകുന്നത് എന്ന്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും അവസാന ഘട്ട ബലാബലം വന്നത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ്; 2016-ല്‍ ഷാഫിയും ശോഭയും തമ്മില്‍, 2021-ല്‍ ഷാഫിയും ശ്രീധരനും തമ്മില്‍. ശ്രീധരനാകട്ടെ, എം.എല്‍.എ ഓഫീസ് വരെ എടുത്ത് ആ തോന്നലിന് ആക്കം കൂട്ടുകയും ചെയ്തു. സംഘപരിവാറിന്റെ പ്രതിനിധി നിയമസഭയില്‍ എത്താതിരിക്കാന്‍ ആ സാഹചര്യത്തിലാണ് ഇടതുപക്ഷത്തുനിന്നുള്‍പ്പെടെ യു.ഡി.എഫിന് വോട്ടുകള്‍ പോയിരിക്കുക എന്ന വിലയിരുത്തലില്‍ കഴമ്പുണ്ട്. ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം കുത്തനേ കുറഞ്ഞതിലും ശോഭാ സുരേന്ദ്രന്റേയും ഇ. ശ്രീധരന്റേയും വ്യക്തിപ്രഭാവത്തിനു പുറമേ രാഷ്ട്രീയമായി ബി.ജെ.പി മണ്ഡലത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്റെ സൂചനയും പ്രകടം.
തുണയ്ക്കുമോ സരിന്‍ ഫാക്ടര്‍
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍നിന്ന് യുവനേതാവ് ഡോ. പി. സരിന്‍ രാജിവച്ചതും തങ്ങളുടെ സ്ഥാനാര്‍ത്ഥിയായതും എല്‍.ഡി.എഫിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. സരിന്റെ ആദ്യ റോഡ് ഷോ മുതല്‍ പ്രചാരണത്തില്‍ അത് പ്രകടം. നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേയും ലോക്സഭാ തെരഞ്ഞെടുപ്പിലേയും വോട്ടിന്റെ കണക്കില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ബി.ജെ.പിക്കും ആത്മവിശ്വാസത്തിനു കുറവൊട്ടുമില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ആശയക്കുഴപ്പം കോണ്‍ഗ്രസ്സിലെപ്പോലെ പരസ്യതര്‍ക്കമായില്ല എന്നതാണ് കാര്യം. സി.പി.എം തുടക്കത്തില്‍ പരിഗണിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളും ബി.ജെ.പി പരിഗണിച്ച സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനും സ്വന്തം പാര്‍ട്ടി തീരുമാനത്തിനപ്പുറം ഒരക്ഷരം പോലും പ്രതികരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. സി.പി.എമ്മില്‍ അത് സ്വാഭാവികമാണെങ്കിലും ബി.ജെ.പിക്കൊരു സാധ്യത ഉണ്ടെങ്കില്‍ ഒരു വാക്കുകൊണ്ടുപോലും അതിനു പോറലേല്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്വമാണ് ശോഭാ സുരേന്ദ്രന്‍ പ്രകടിപ്പിച്ചത്. ആലപ്പുഴ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2,99,648 വോട്ടുകള്‍ (2019-ലെക്കാള്‍ 11.06 ശതമാനം കൂടുതല്‍) നേടിയതിന്റെ 'താരത്തിളക്കത്തിന്' മങ്ങലേല്‍ക്കാതിരിക്കാനുള്ള ശ്രദ്ധ കൂടിയായി അത്. മൂന്നു തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ഒന്നാമതെത്തിയ യു.ഡി.എഫാണ് പ്രശ്നത്തില്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പൊട്ടിത്തെറിയില്‍ എല്‍.ഡി.എഫിന് കോണ്‍ഗ്രസ്സിനുള്ളില്‍നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെത്തന്നെ കിട്ടിയതാണ് പ്രശ്നമായത്. ഷാഫി പറമ്പിലിന്റെ തീരുമാനമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നില്‍ എന്നും അത് വി.ഡി. സതീശനും കെ. സുധാകരനും അംഗീകരിച്ചു എന്നുമാണ് യുവനേതാക്കളില്‍ നിന്നുയരുന്ന വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ്, മുന്‍ മണ്ഡലം പ്രസിഡന്റ് പി.ജി. വിമല്‍ എന്നിവരുടെ രാജി കോണ്‍ഗ്രസ്സിനെ ബാധിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നാണ് ഇനി കാണേണ്ടത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഷാഫി പറമ്പിലിനുമെതിരെ പി. സരിന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് കോണ്‍ഗ്രസ് എന്തു മറുപടി പറയുന്നു എന്നതും പ്രധാനം. നേരത്തേ മുന്‍ ഡി.സി.സി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടതും എല്‍.ഡി.എഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് മറ്റൊരു കണക്കുകൂട്ടല്‍.
പാലക്കാട് നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് പാലക്കാട് നിയമസഭാമണ്ഡലം. നഗരസഭാ ഭരണം ബി.ജെ.പിക്കാണ്. കണ്ണാടി ഗ്രാമപഞ്ചായത്ത് മാത്രമാണ് എല്‍.ഡി.എഫിന്. പിരായിരി, മാത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ യു.ഡി.എഫ്. നഗരസഭയില്‍ രണ്ടാം സ്ഥാനത്തെത്തി മുഖ്യപ്രതിപക്ഷമായത് യു.ഡി.എഫ്. എന്‍.ഡി.എ 28, യു.ഡി.എഫ് 14, എല്‍.ഡി.എഫ് 7, വെല്‍ഫെയര്‍ പാര്‍ട്ടി ഒന്ന്, സ്വതന്ത്രര്‍ രണ്ട് എന്നതാണ് കക്ഷിനില.
ചേലക്കര പിടിക്കുമോ രമ്യ
മൂന്നു പതിറ്റാണ്ടിലേറെയായി എല്‍.ഡി.എഫ് മാത്രം ജയിക്കുന്ന ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പു 'വരുത്തിവച്ചത്' എല്‍.ഡി.എഫ് തന്നെയാണ്. സി.പി.എമ്മിനു വേണമെങ്കില്‍ അത് ഒഴിവാക്കാമായിരുന്നു എന്നൊരു വാദമുണ്ട്. കെ. രാധാകൃഷ്ണനു പകരം മറ്റാരെയെങ്കിലും ആലത്തൂരില്‍നിന്നു ലോക്സഭയിലേക്കു മത്സരിപ്പിച്ചാല്‍ മതിയായിരുന്നല്ലോ എന്നാണ് വാദം. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കെ. ബിജുവിനെ തോല്‍പ്പിച്ച് ആലത്തൂര്‍ സീറ്റ് യു.ഡി.എഫിന്റേതാക്കി മാറ്റിയ രമ്യ ഹരിദാസിനെ തോല്‍പ്പിക്കാനാണ് ഇത്തവണ മന്ത്രി കെ. രാധാകൃഷ്ണനെ സി.പി.എം ഇറക്കിയത്. രാധാകൃഷ്ണന്‍ തന്നെ മത്സരിച്ചാലേ ആലത്തൂര്‍ തിരിച്ചുപിടിക്കാന്‍ കഴിയൂ എന്നായിരുന്നു തീരുമാനം. അതു ഫലം കണ്ടു; 20111 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയം. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനവും നിയമഭാംഗത്വവും രാജിവച്ചപ്പോഴാണ് ചേലക്കരയില്‍ ഒഴിവുവന്നത്. യു.ആര്‍. പ്രദീപിന്റെ പേരാണ് ആദ്യം മുതല്‍ കേട്ടത്. അദ്ദേഹം തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസ്സിലും രമ്യാ ഹരിദാസിന്റേതല്ലാത്ത പേരൊന്നും വന്നില്ല.
ബി.ജെ.പി സ്ഥാനാര്‍ത്ഥി ടി.എന്‍. സരസു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചേലക്കര ഉള്‍പ്പെട്ട ആലത്തൂരില്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്. പക്ഷേ, 1,88,230 വോട്ടുകള്‍ പിടിച്ച അവര്‍ 10.97 ശതമാനം വോട്ടുകളാണ് 2019-ല്‍ എന്‍.ഡി.എയുടെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിക്ക് അവിടെ കിട്ടിയതിനെക്കാള്‍ അധികം നേടിയത്. ഏഴില്‍ നാലു നിയമസഭാമണ്ഡലങ്ങളിലും രാധാകൃഷ്ണനായിരുന്നു മുന്നില്‍; അതിലൊന്ന് രാധാകൃഷ്ണന്‍ നിയമസഭയില്‍ പ്രതിനിധീകരിച്ച ചേലക്കരയാണുതാനും. അവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 5,173. രമ്യാ ഹരിദാസ് 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച 2019-ല്‍ ഏഴ് നിയമസഭാമണ്ഡലങ്ങളിലും മുന്നിലെത്തിയ യു.ഡി.എഫിനു ചേലക്കരയിലെ ഭൂരിപക്ഷം 23,695 വോട്ടുകളായിരുന്നു. എന്നാല്‍, 2021-ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ 39,400 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെ. രാധാകൃഷ്ണന്‍ വിജയിച്ചു. 2016-ല്‍ യു.ആര്‍. പ്രദീപിനു കിട്ടിയ 10,200-ന്റെ സ്ഥാനത്താണ് ഇത്. ആലത്തൂര്‍ തിരിച്ചുപിടിക്കാന്‍ രാധാകൃഷ്ണനെത്തന്നെ നിയോഗിച്ച സി.പി.എം തീരുമാനത്തിനുള്ള മറുപടി അതിലുണ്ട്. പ്രദീപ് കുമാറിന് ഈ ഉപതെരഞ്ഞെടുപ്പിലെ വിജയം നിര്‍ണ്ണായകമാകുന്നതും അതുകൊണ്ടുതന്നെ. 1991-ല്‍ എം.പി. താമി ജയിച്ച ശേഷം ചേലക്കര നിയോജകമണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ജയിച്ചിട്ടേയില്ല. 1996, 2001, 2006, 2011 കെ. രാധാകൃഷ്ണന്‍, 2016-ല്‍ യു.ആര്‍. പ്രദീപ്, 2021-ല്‍ വീണ്ടും രാധാകൃഷ്ണന്‍.
പി.വി. അന്‍വര്‍ എം.എല്‍.എ ഇടതുപക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ച് രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) കളത്തിലിറങ്ങിക്കളിക്കുന്നതിന്റെ നേട്ടവും കോട്ടവും ആര്‍ക്കാകും എന്ന് അന്‍വറിനുതന്നെ നിശ്ചയമില്ല. വയനാട്ടില്‍ യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്ടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ശേഷം അന്‍വര്‍ വച്ച ഉപാധികള്‍ എല്‍.ഡി.എഫും യു.ഡി.എഫും അവഗണിക്കുകയാണ്. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഇന്ത്യാമുന്നണി സ്ഥാനാര്‍ത്ഥിയായി കണ്ട് എല്‍.ഡി.എഫ് പിന്തുണയ്ക്കുക, ചേലക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് എല്‍.ഡി.എഫിനെ പിന്തുണയ്ക്കുക എന്നിവയായിരുന്നു ഉപാധികള്‍. കേരളത്തിന്റെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു വിധത്തിലും ചേര്‍ന്നുപോകാത്ത ഉപാധികള്‍ പരിഹാസമാണ് ഏറ്റുവാങ്ങിയത്.
പക്ഷേ, പാലക്കാട്ടെ ഡി.എം.കെ സ്ഥാനാര്‍ത്ഥി മിന്‍ഹാജ് മെദാര്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍ ചെറിയ പങ്കെങ്കിലും വഹിച്ചാല്‍ അത് ബി.ജെ.പിക്കാകും സഹായകമാവുക എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ചേലക്കരയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍.കെ. സുധീര്‍ ആണ് അന്‍വറിന്റെ സ്ഥാനാര്‍ത്ഥി. രണ്ടിടത്തും യു.ഡി.എഫിനെ ബാധിക്കില്ല എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നത്. അന്‍വര്‍ വച്ച ഒരുപാധിയും സ്വീകാര്യമല്ലെന്നും വേണമെങ്കില്‍ പിന്തുണച്ചാല്‍ മതി എന്നുമാണ് പ്രതികരണം. മാത്രമല്ല, വയനാട്ടില്‍ നിരുപാധിക പിന്തുണ ഇല്ലെങ്കില്‍ അവിടെ പ്രിയങ്ക ഗാന്ധി തോറ്റുപോകുമോ എന്ന പരിഹാസവും ഉണ്ടായി. എല്‍.ഡി.എഫ് നേതൃത്വം പി.വി. അന്‍വറിനു മറുപടി കൊടുക്കേണ്ട എന്ന തീരുമാനത്തിലാണ്. ഇനി വരാനുള്ളത് തെരഞ്ഞെടുപ്പും ഫലവും; അതിനു മുന്‍പ് രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ എന്തൊക്കെ സദുദ്ദേശ്യങ്ങളും ദുരുദ്ദേശ്യങ്ങളും കാണേണ്ടിവരുമെന്നു കൂടി കാത്തിരിക്കുകയാണ് കേരളം.
വട്ടിയൂര്‍ക്കാവ് അനുഭവം
മൂന്നാം സ്ഥാനത്തായിരുന്നവര്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ഒന്നാമത് എത്തിയതിന്റെ സമീപകാല അനുഭവം വട്ടിയൂര്‍ക്കാവ് കാണിച്ചുതന്നിട്ടുണ്ട്. അതും മൂന്നു വര്‍ഷത്തിനുള്ളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍. 2019-ല്‍ വടകരയില്‍നിന്ന് ലോക്സഭയിലേക്കു ജയിച്ച കെ. മുരളീധരന്‍ നിയമസഭാംഗത്വം രാജിവച്ചപ്പോഴാണ് വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. 2016-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനായിരുന്നു രണ്ടാമത്. 7,622 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് കെ. മുരളീധരനും കുമ്മനവും തമ്മില്‍; തൊട്ടുമുന്‍പത്തെ തെരഞ്ഞെടുപ്പിനെക്കാള്‍ 20.21 ശതമാനം വോട്ടുകള്‍ എന്‍.ഡി.എ അധികം നേടുകയും ചെയ്തു. ജയിച്ച യു.ഡി.എഫിന് 2011-നെക്കാള്‍ 12.38 ശതമാനവും മൂന്നാമതായ എല്‍.ഡി.എഫിന് 6.05 ശതമാനവും കുറവ്. പക്ഷേ, എന്‍.ഡി.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. സീമയും തമ്മിലുള്ള വോട്ടുവ്യത്യാസം 3259 മാത്രമായിരുന്നു.
തിരുവനന്തപുരം മേയര്‍ ആയിരുന്ന വി.കെ. പ്രശാന്തിനെയാണ് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. മേയര്‍ എന്ന നിലയില്‍ പ്രശാന്ത് നേടിയ ജനപ്രീതിയിലും പൊതുസ്വീകാര്യതയിലുമായിരുന്നു പ്രതീക്ഷ. നായര്‍ ഭൂരിപക്ഷം വിജയത്തെ സ്വാധീനിക്കാറുള്ള മണ്ഡലത്തില്‍ ആ സമുദായാംഗമല്ലാത്ത പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയ രാഷ്ട്രീയ ഇച്ഛാശക്തിയും വെല്ലുവിളി തന്നെയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സമുദായം മുഖ്യഘടകമാകുന്ന സ്ഥിതിയില്‍നിന്നുള്ള ആ മാറ്റം വിജയിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗമായി ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കുമ്പോഴാണ് രാജിവയ്പ്പിച്ച് മുന്‍ എം.എല്‍.എ കെ. മോഹന്‍ കുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. കുമ്മനത്തിന്റെ പേരാണ് ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ചതെങ്കിലും സ്ഥാനാര്‍ത്ഥിയായത് എസ്. സുരേഷ്. പരിഭവം മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കുമ്മനം പ്രകടിപ്പിച്ചു; എന്തുകൊണ്ടാണ് പട്ടികയില്‍ മാറ്റം വന്നതെന്ന് അറിയില്ല എന്നായിരുന്നു പ്രതികരണം. പക്ഷേ, പ്രചാരണച്ചുമതല അദ്ദേഹം തന്നെ ഏറ്റെടുത്തതോടെ ആ വിവാദം അപ്രസക്തമായി.
ഫലം വന്നപ്പോള്‍ 14,465 വോട്ടുകള്‍ക്ക് വി.കെ. പ്രശാന്തിനു വിജയം. എന്‍.ഡി.എ മൂന്നാം സ്ഥാനത്തേയ്ക്കു പോയി. കുമ്മനത്തിനു കിട്ടിയതിനെക്കാള്‍ 10.03 ശതമാനം കുറവ് വോട്ട് മാത്രമാണ് എസ്. സുരേഷിനു കിട്ടിയത്: 27,453. കെ. മോഹന്‍കുമാറിന് കെ. മുരളീധരനെക്കാള്‍ 5.23 ശതമാനം കുറവ്; 40,365. എല്‍.ഡി.എഫിന് 14.46 ശതമാനം വോട്ട് കൂടി: വി.കെ. പ്രശാന്തിന് കിട്ടിയത് 54,830 വോട്ടുകള്‍. പിന്നീട് 2021-ലെ തെരഞ്ഞെടുപ്പില്‍ പ്രശാന്തിന്റെ ഭൂരിപക്ഷം വര്‍ദ്ധിച്ച് 21,515 ആയി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായര്‍ മൂന്നാം സ്ഥാനത്തേയ്ക്കു പോവുകയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.വി. രാജേഷ് രണ്ടാം സ്ഥാനത്താവുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക