കോഴിക്കോട് ദേവഗിരി കോളേജിലെ നവീകരിച്ച ലൈബ്രറി പ്രവര്‍ത്തനം തുടങ്ങി. പുതുതലമുറയുടെ ആവശ്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസരിച്ച് മുഖംമാറിയ പുസ്തകാലയം എഴുത്തുകാരനും പുസ്തകപ്രേമിയുമായ ശശി തരൂര്‍ ആണ് ഉദ്ഘാടനം ചെയ്തത്. ലോകത്തെ പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും ലൈബ്രറികള്‍ സന്ദര്‍ശിക്കുകയും ഒക്കെ ചെയ്ത തരൂരിനെപ്പോലും അതിശയിപ്പിക്കുന്ന തരത്തിലാണ് അതിന്റെ രൂപകല്പന. ലൈബ്രറി സന്ദര്‍ശിക്കുകയും അവിടെ ചെലവഴിക്കുകയും ചെയ്തതിനുശേഷം അദ്ദേഹം എഴുതി: ''ജീവിതത്തില്‍ ഞാന്‍ കയറിയിട്ടുള്ളതില്‍വെച്ച് ഏറ്റവും മനോഹരമായ ലൈബ്രറി. അറിവന്വേഷണങ്ങളേയും വായനകളേയും സമ്പന്നമാക്കാനുതകുന്ന, പുസ്തകങ്ങളുടേയും ആശയങ്ങളുടേയും ഭാവനയുടേയും ഇടം''. ശശി തരൂരിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നതാണ് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ ലൈബ്രറി.
42000 ചതുരശ്ര അടി വലുപ്പത്തിലുള്ള അതിമനോഹരമായ ഒരു കെട്ടിടം. നാലു നിലകളിലായി 72,000 പുസ്തകങ്ങള്‍, 1700 മുതലുള്ള പലതരം രേഖകള്‍, പഴയ മാസികകളുടേയും ആനുകാലികങ്ങളുടേയും പതിപ്പുകള്‍, കൂട്ടായി ചര്‍ച്ച ചെയ്യാനും ഒറ്റയ്ക്കിരുന്ന് വായിക്കാനും ഒക്കെ പ്രത്യേകം ഇടങ്ങള്‍, ഗവേഷകര്‍ക്കായി പ്രത്യേകം ക്യൂബിക്കിളുകള്‍, സര്‍ഗ്ഗാത്മകമായ എഴുത്തിനായി പ്രത്യേകയിടം. നിലത്തോ കോണിപ്പടിയിലോ കസേരയിലോ സോഫയിലോ ഇരിക്കാം. കിടന്നുവായിക്കണമെങ്കില്‍ അങ്ങനേയും ആകാം. എവിടെയാണ് എങ്ങനെയാണ് വായിക്കാനും എഴുതാനും ഒരാള്‍ക്ക് തോന്നുന്നത് അത് ഇവിടെയുണ്ടാകും. പ്രകൃതിവെളിച്ചം പരമാവധി ഉള്ളിലേക്കെത്തിക്കുന്ന തരത്തില്‍ നിര്‍മ്മാണം. എഴുത്തിനേയും വായനയേയും അറിവുല്പാദനത്തേയും പരിപോഷിപ്പിക്കുന്ന ഇടം.
ന്യൂജെന്‍ കാലത്തിന്റെ അഭിരുചികള്‍ക്കും താല്പര്യങ്ങള്‍ക്കും അനുസരിച്ച് പുസ്തകപ്പുരകളും അതിന്റെ ഇടങ്ങളും മാറുകയാണ്. ദേവഗിരി കോളേജിലെ ലൈബ്രറി കാണുന്ന ആരും ചോദിച്ചുപോകുന്ന ചോദ്യമുണ്ട്. ആരാണ് ഇത് രൂപകല്പന ചെയ്തത് എന്ന്. ഫാദര്‍ ഡോ. ജോണ്‍ നീലങ്കാവിലാണ് ഈ ലൈബ്രറിയുടെ രൂപകല്പനയ്ക്ക് പിന്നില്‍. ബെംഗളൂരു ധര്‍മ്മാരാം വിദ്യാക്ഷേത്രം ലൈബ്രേറിയനും ഫാക്കല്‍റ്റിയുമായ ഫാ. ജോണ്‍ ഇതിനകം 105 ലൈബ്രറികള്‍ക്ക് പുതുരൂപവും ഭാവവും നല്‍കിക്കഴിഞ്ഞു. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക, പശ്ചിമബംഗാള്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഫാ. ജോണിന്റെ ആശയത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും ലൈബ്രറികള്‍ ഒരുങ്ങിയിട്ടുണ്ട്.
ദേവഗിരി കോളേജിനു മുന്‍പേത്തന്നെ എം.ജി. യൂണിവേഴ്സിറ്റി, എറണാകുളം മഹാരാജാസ് കോളേജ്, രാജഗിരി കോളേജ്, പ്രോവിഡന്‍സ് കോളേജ് കോഴിക്കോട്, സി.എം.എസ് കോളേജ് കോട്ടയം, ബി.സി.എം. കോളേജ് കോട്ടയം, സെന്റ് തോമസ് കോളേജ് തൃശൂര്‍ തുടങ്ങി നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികള്‍ ഫാ. ജോണിന്റെ നിര്‍ദ്ദേശമനുസരിച്ച് രൂപകല്പന ചെയ്തവയാണ്. കോഴിക്കോട് ഐ.ഐ.എം, മെഡിക്കല്‍ കോളേജ്, മമ്പാട് എം.ഇ.എസ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് തുടങ്ങി നിരവധി പ്രോജക്ടുകള്‍ നടക്കുന്നുമുണ്ട്.
വായനയുടെ അന്തരീക്ഷം
ബെംഗളൂരു ഡി.വി.കെയില്‍ അസിസ്റ്റന്റ് ലൈബ്രേറിയനായിരുന്ന കാലത്താണ് ലൈബ്രറി സ്പേസ് മാനേജ്മെന്റിനെക്കുറിച്ച് ഫാ. ജോണ്‍ ആലോചിക്കുന്നത്. ലൈബ്രറിയുടെ നവീകരണം നടന്നുകൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു. കൂടുതല്‍ വായിച്ചും യാത്ര ചെയ്തും മറ്റ് ലൈബ്രറികള്‍ സന്ദര്‍ശിച്ചും ലൈബ്രേറിയന്മാരുമായി സംവദിച്ചും പുതിയ ലൈബ്രറി സങ്കല്പം ഉണ്ടാക്കിയെടുക്കാന്‍ ഫാദറിനു കഴിഞ്ഞു. ആ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഡി.വി.കെ ലൈബ്രറി രൂപമാറ്റം വരുത്തിയത്. 45000 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വലുപ്പമുള്ളതാണ് ഡി.വി.കെ സെന്‍ട്രല്‍ ലൈബ്രറി. ലൈബ്രറി പ്ലാനിങ്ങിലെ ഫാ. ജോണിന്റെ ആദ്യത്തെ പ്രോജക്ടാണ് 2001-ല്‍ ഡി.വി.കെയില്‍ ചെയ്തത് എന്നു പറയാം. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ നിരവധി പേര്‍ ലൈബ്രറി സന്ദര്‍ശിക്കാനെത്തി. മികച്ച അഭിപ്രായങ്ങളുണ്ടായി. അതുപോലെ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ച സ്ഥാപനങ്ങള്‍ ഏറെ. അങ്ങനെയാണ് ഫാ. ജോണ്‍ കൂടുതല്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ലൈബ്രറികള്‍ ഒരുക്കാന്‍ തുടങ്ങിയത്. 25 വര്‍ഷമായെങ്കിലും ഇന്നും ഒരു മോഡല്‍ ലൈബ്രറി എന്ന നിലയില്‍ ഫാദര്‍ വന്ന് കാണാന്‍ ആവശ്യപ്പെടുന്നതും ഡി.വി.കെ ലൈബ്രറിയാണ്. സ്വന്തം കണ്‍സള്‍ട്ടന്‍സിയിലൊരുങ്ങിയ ലൈബ്രറിയിലെ ലൈബ്രേറിയനാണ് ഫാദറിപ്പോഴും. ലൈബ്രറി സയന്‍സിലെ പോസ്റ്റ് ഗ്രാജ്വേഷന് ശേഷം ലൈബ്രറി സ്പേസ് മാനേജ്മെന്റില്‍ തന്നെയാണ് പിഎച്ച്.ഡിയും പൂര്‍ത്തിയാക്കിയത്.
പുസ്തകങ്ങളും ഇരിപ്പിടങ്ങളും മാത്രമല്ല ലൈബ്രറി എന്ന് ഫാദര്‍ ജോണ്‍ പറയുന്നു. പഴയതുപോലെ പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന ഇടം മാത്രമല്ല ഇദ്ദേഹം രൂപകല്പന ചെയ്യുന്ന ലൈബ്രറികള്‍. നൂറ്റമ്പതോളം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് തന്റെ ലൈബ്രറി സങ്കല്പം എന്ന് അദ്ദേഹം പറയുന്നു. ''സ്പേസ് തന്നെ ഒരു സിസ്റ്റമാക്കി മാറ്റുകയാണ് ലൈബ്രറിയില്‍. അതിന്റെ അന്തരീക്ഷം, എനര്‍ജി, അവിടെ വരുന്ന ആളുകള്‍ക്കുണ്ടാകുന്ന ഫീലിങ്ങ്, വ്യത്യസ്തമായ ലേണിങ്ങ് സ്പേസ് അങ്ങനെ പല കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ പൊതുവെ തനിയെ വായിക്കുന്നവര്‍ കുറവാണ്. അവര്‍ക്ക് വട്ടം കൂടിയിരുന്നോ ചര്‍ച്ച ചെയ്തോ ഒക്കെയായിരിക്കും താല്പര്യം. അതിന് ലൈബ്രറി സയന്‍സില്‍ കൊളാബെറേറ്റീവ് ലേണിങ്ങ് എന്നാണ് പറയുന്നത്. പി.ജി.യിലേക്കെത്തുമ്പോള്‍ ഇങ്ങനെ വായിക്കുന്നവര്‍ക്ക് പുറമെ വലിയ ശല്യങ്ങളൊന്നുമില്ലാതെ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ടാകും. റിസര്‍ച്ചേഴ്സും സ്റ്റാഫും ഒക്കെ കൂടുതലും ഒറ്റയ്ക്ക് ശല്യപ്പെടുത്തലുകള്‍ ഒന്നുമില്ലാതെ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. ഇവരെയെല്ലാം ഉള്‍കൊള്ളുന്ന വ്യത്യസ്തമായ സ്പേസുകള്‍ ഉണ്ടാക്കിയെടുക്കണം. കാഴ്ച പരിമിതിയുള്ളവര്‍ക്കുള്ള ഇടം, അംഗപരിമിതിയുള്ളവര്‍ക്ക് ഇടം, സൈലന്റ് സ്പേസ്, നോണ്‍ സൈലന്റ് സ്പേസ്, സര്‍വ്വീസുകള്‍, പ്രകൃതിയില്‍നിന്നുള്ള വെളിച്ചം അങ്ങനെ പല കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കണം.
പണ്ടത്തെ ലൈബ്രറിയുടെ കാഴ്ചപ്പാടില്‍നിന്ന് വലിയ മാറ്റങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. പുസ്തകങ്ങളുടെ കളക്ഷനിലായിരുന്നു മുന്‍പ് ശ്രദ്ധ. ഇന്നത് മാറി. മനുഷ്യരെ കൂടുതല്‍ ഉള്‍കൊള്ളുന്നതായിരിക്കണം ലൈബ്രറി. പണ്ടത്തെ ലൈബ്രറികള്‍ കൂടുതല്‍ പുസ്തകങ്ങളെ ഉള്‍കൊള്ളിക്കുന്നതിലായിരുന്നു ഊന്നല്‍ കൊടുത്തത്. അതുകൊണ്ടുതന്നെ ആളുകള്‍ കയറാന്‍ മടിക്കുന്ന സ്ഥലമായിരുന്നു പലതും. അതില്‍നിന്ന് മാറി വായനാസൗഹൃദവും ഗവേഷണ സൗഹൃദവുമായ അന്തരീക്ഷമാണ് ഉണ്ടാക്കിയെടുക്കുന്നത്. സ്‌കാന്‍ ചെയ്യാനോ പ്രിന്റെടുക്കാനോ ബൈന്‍ഡ് ചെയ്യാനോ ട്രാന്‍സ്ലേറ്റ് ചെയ്യാനോ ഒന്നും ബുദ്ധിമുട്ടുണ്ടാവില്ല. വായിക്കാന്‍ മാത്രമല്ല, അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരുപാട് കാര്യങ്ങള്‍ ചേരുന്ന ഒരു ഹബ്ബാവണം ലൈബ്രറികള്‍.
അത്തരം ഒരു അന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍ തന്നെ അതിലേക്ക് വരേണ്ടവര്‍ അവിടെയെത്തും. റിസര്‍ച്ചിനും വായനയ്ക്കും എത്തുന്നവര്‍ക്ക് കയറാനും പഠിക്കാനും ആര്‍ട്ടിക്കിള്‍ എഴുതാനും പുസ്തകം എഴുതാനും പ്രതിഫലിപ്പിക്കാനും തോന്നണം. ആ അന്തരീക്ഷം സൃഷ്ടിച്ചെടുക്കലാണ് ലൈബ്രറികള്‍. എന്റെ ലൈബ്രറിയില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ഇരിക്കുന്നവരുണ്ട്. അവര്‍ അവരുടേതായ ഒരു ആവാസവ്യവസ്ഥ അവിടെ ഉണ്ടാക്കിയെടുക്കും. ചില പ്രത്യേക ഇരിപ്പിടങ്ങള്‍, ചില കോര്‍ണറുകള്‍, അവരെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ഒക്കെ കണ്ടെത്തി അവര്‍ വര്‍ക്ക് ചെയ്യും. അത്തരം ആവാസവ്യവസ്ഥകളെ സപ്പോര്‍ട്ട് ചെയ്ത് അറിവിന്റെ ഉല്പാദനം നടത്തിച്ച് അതിലൂടെ നമ്മുടെ സമൂഹത്തെ അറിവിലേക്കുയര്‍ത്തുക എന്നതാണ് ലൈബ്രറിയിലൂടെ നടക്കേണ്ടത്- ഫാ. ജോണ്‍ നീലങ്കാവില്‍ പറയുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികളാണ് ഫാ. ജോണ്‍ കൂടുതലായും ചെയ്തതെങ്കിലും ചാലക്കുടി കാര്‍മല്‍ സ്‌കൂളില്‍ കെ.ജി. ലൈബ്രറിയും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. മരങ്ങളും കിളികളും മൃഗങ്ങളും അവയുടെ ശബ്ദങ്ങളും ഉള്‍കൊള്ളുന്ന ഒരു ഫാന്റസി വേള്‍ഡാണ് കുട്ടികള്‍ക്കായി അദ്ദേഹം ഒരുക്കിയ ലൈബ്രറി.
കേരളം വലിയ ലൈബ്രറി സംസ്‌കാരമുള്ള നാടാണെങ്കിലും ഇപ്പോള്‍ അത് കുറഞ്ഞുവരുന്നതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. ''കാലോചിതമായ പരിഷ്‌കാരങ്ങള്‍ ലൈബ്രറി രംഗത്ത് നടക്കുന്നില്ല. ഫര്‍ണിച്ചര്‍ മാറ്റുന്നതോ പുതിയ കെട്ടിടം ഉണ്ടാക്കുന്നതോ മാത്രമല്ല മാറ്റം. ലൈബ്രറി നവീകരിക്കണം എന്നു പറയുമ്പോള്‍ പൊതുവെ നടക്കുന്നത് ഇങ്ങനെയാണ്. അതല്ല ചെയ്യേണ്ടത്.
അതിനപ്പുറമാണ് വായനയ്ക്കുള്ള അന്തരീക്ഷം ഒരുക്കുക എന്നത്. ഒരു ലൈബ്രറി ഇല്ല എന്ന് പറയുന്നത് ഒരു കുറവ് തന്നെയാണ്. എന്നാല്‍ അതിനെക്കാള്‍ അപകടമാണ് മോശമായ ഒരു ലൈബ്രറി ഉണ്ടാകുന്നത്''- ഫാ. ജോണ്‍ നീലങ്കാവില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക