ബിജെ.പി സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യര്‍ സി.പി.എമ്മുമായി നടത്തിയ ചര്‍ച്ച വിജയിക്കാതെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഏതുവിധമാണ് പ്രതിഫലിക്കുക എന്ന് ദിവസങ്ങള്‍ക്കകം അറിയാം. കോണ്‍ഗ്രസ് ഡിജിറ്റല്‍ മാധ്യമവിഭാഗത്തെ കേരളത്തില്‍ നയിച്ചിരുന്ന ഡോ. പി. സരിന്‍ സി.പി.എമ്മില്‍ ചേര്‍ന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായതിന്റെ ഫലം കൂടിയാണ് അറിയാന്‍ പോകുന്നത്. പാര്‍ട്ടി വിട്ടു പാര്‍ട്ടി മാറുന്നതും അതിന്റെ ഗുണദോഷഫലങ്ങളും ദേശീയ രാഷ്ട്രീയത്തിലും കേരളത്തിലും ഇതാദ്യമല്ല.
അബ്ദുല്ലക്കുട്ടിയുടെ അത്ഭുതപ്രവൃത്തികള്‍
ഇതുപോലൊരു നിയമസഭാ ഉപതെരഞ്ഞെടുപ്പിലാണ് എ.പി. അബ്ദുല്ലക്കുട്ടിയെ കണ്ണൂരിലെ കോണ്‍ഗ്രസ് ആവേശത്തോടെ സ്വീകരിച്ചാനയിച്ചത്. ഇനി തങ്ങളിലൊരാളാണ് അബ്ദുല്ലക്കുട്ടി എന്ന് അവര്‍ പറഞ്ഞുനടക്കുകയും പാണക്കാട് തങ്ങളുടെ അനുഗ്രഹം വാങ്ങിക്കൊടുക്കുകയും ചെയ്തു; ഇപ്പോള്‍ ബി.ജെ.പി വിട്ടുവന്ന സന്ദീപ് വാര്യരുടെ കാര്യത്തിലെപ്പോലെ. കൃത്യം പതിനഞ്ചു കൊല്ലം മുന്‍പാണത്. മയ്യില്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന മുന്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടിയെ സി.പി.എം പുറത്താക്കിയത് 2009-ല്‍. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചയായ വിജയം അവസാനിപ്പിച്ച് അബ്ദുല്ലക്കുട്ടിയെ ജയിപ്പിച്ചെടുത്തത് അതിനും പത്തുകൊല്ലം മുന്‍പ്, 1999-ല്‍. 'അത്ഭുതക്കുട്ടി' എന്നാണ് അന്ന് മാധ്യമങ്ങള്‍ ആ ചെറുപ്പക്കാരനെ വിളിച്ചത്. യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമൊക്കെയായി സി.പി.എം രാഷ്ട്രീയമായി വളര്‍ത്തിക്കൊണ്ടുവന്ന, യുവനേതാക്കളുടെ നിരയിലെ ശ്രദ്ധേയന്‍. പക്ഷേ, പിന്നെ അബ്ദുല്ലക്കുട്ടി സ്വയം 'അത്ഭുതങ്ങള്‍' പ്രവര്‍ത്തിക്കുന്നവനായി മാറി; കേരള രാഷ്ട്രീയത്തില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത 'അത്ഭുതങ്ങള്‍': സി.പി.എമ്മില്‍നിന്ന് കോണ്‍ഗ്രസ്സില്‍, കോണ്‍ഗ്രസ്സില്‍നിന്ന് ബി.ജെ.പിയില്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002-ലെ ഗുജറാത്ത് വംശഹത്യയുടെ പേരില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട നരേന്ദ്ര മോദിയുടെ വികസന സങ്കല്പങ്ങളോടുള്ള ആരാധനയാണ് സി.പി.എമ്മില്‍നിന്നു പുറത്തേക്കുള്ള വഴിയായത്. പക്ഷേ, പോയത് നേരേ കോണ്‍ഗ്രസ്സിലേക്ക്. 2009 മുതല്‍ 2011 വരെയും 2011-2016ലും കണ്ണൂരില്‍നിന്ന് കോണ്‍ഗ്രസ് എം.എല്‍.എ. 2009-ല്‍ കെ. സുധാകരന്‍ ലോക്സഭാംഗമായപ്പോള്‍ രാജിവച്ച ഒഴിവിലുണ്ടായ ഉപതെരഞ്ഞടുപ്പിലാണ് ആദ്യം മത്സരിച്ചത്. 2014-ല്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ ശുചിത്വഭാരത മിഷന്‍, ഉജ്ജ്വല്‍ യോജന പോലുള്ള പരിപാടികളെ പരസ്യമായി പ്രകീര്‍ത്തിച്ചതോടെ 2019 ജൂണില്‍ കോണ്‍ഗ്രസ്സില്‍നിന്നു പുറത്ത്; ആ മാസം തന്നെ ഡല്‍ഹിയില്‍ നരേന്ദ്ര മോദിയുമായും അമിത്ഷായുമായും കൂടിക്കാഴ്ച നടത്തുകയും ബി.ജെ.പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദയില്‍നിന്ന് അംഗത്വം സ്വീകരിക്കുകയും ചെയ്തു. ആദ്യം സംസ്ഥാന വൈസ് പ്രസിഡന്റാക്കി. 2020 സെപ്റ്റംബറില്‍ ദേശീയ ഉപാധ്യക്ഷനുമാക്കി. ഇപ്പോള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍.
സെല്‍വരാജിന്റെ ചതി, കോണ്‍ഗ്രസ്സിന്റേയും
അബ്ദുല്ലക്കുട്ടി സി.പി.എമ്മില്‍ത്തന്നെ ആയിരുന്നെങ്കില്‍ പാര്‍ട്ടിയിലും പാര്‍ലമെന്ററി പദവികളിലും എവിടെയൊക്കെ എത്തുമായിരുന്നു എന്നു വേണമെങ്കിലൊരു ചോദ്യമിടാം. പക്ഷേ, അതില്‍ രാഷ്ട്രീയമായി കാര്യമൊന്നുമില്ല. അങ്ങനെയായിരുന്നെങ്കില്‍ എന്താകുമായിരുന്നു, ഇങ്ങനെയായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ ''സി.പി.എമ്മിനെ വഞ്ചിച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നില്ലായിരുന്നെങ്കില്‍ ആര്‍. സെല്‍വരാജ് രാഷ്ട്രീയ ശൂന്യതയിലേക്കു പോകുമായിരുന്നോ'' എന്ന ചോദ്യത്തിനു വലിപ്പം കൂടുതലാണ്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച സെല്‍വരാജ് രാജിവച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; മാസങ്ങള്‍ക്കു മുന്‍പ് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ജയിച്ചിടത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു. നേരിയ ഭൂരിപക്ഷത്തിന്റെ തുലാസിലായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചുനിര്‍ത്താനുള്ള കോണ്‍ഗ്രസ്സിന്റെ നെട്ടോട്ടത്തിന് ഉത്തരം നല്‍കുകയാണ് സെല്‍വരാജ് ചെയ്തത്. ഉപതെരഞ്ഞെടുപ്പില്‍ 6334 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. പക്ഷേ, രാഷ്ട്രീയ വഞ്ചനയുടെ വലിയ പ്രതീകമായി വിശേഷിപ്പിക്കപ്പെട്ടു. 2016-ലും 2021-ലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായെങ്കിലും രണ്ടു തവണയും തോറ്റു. 2016-ല്‍ 9543 ആയിരുന്ന എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ കെ. ആന്‍സലന്റെ ഭൂരിപക്ഷം 2021-ല്‍ 14262 ആയി ഉയര്‍ന്നു. സെല്‍വരാജിനെ ഇപ്പോള്‍ തലസ്ഥാനത്തെ കോണ്‍ഗ്രസ്-യു.ഡി.എഫ് വേദികളിലും കാണാറില്ല. സി.പി.എം വിട്ടു വന്നയാള്‍ എന്ന അവകാശവാദത്തോടെ ഒരു തെരഞ്ഞെടുപ്പുവേദിയിലും കോണ്‍ഗ്രസ് സെല്‍വരാജിനെ പരിചയപ്പെടുത്തുന്നുമില്ല.
വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയായിരുന്നു സെല്‍വരാജിന്റേയും രാഷ്ട്രീയ വളര്‍ച്ച. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍. സുന്ദരന്‍ നാടാര്‍ക്കെതിരേ 2006-ല്‍ പാറശാലയിലായിരുന്നു ആദ്യ ജയം. സി.പി.എം പാറശാല ഏരിയാ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗവും കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമൊക്കെയായിരുന്നു.
ചെറിയാന് ഫിലിപ്പിന്റെ സജീവ വിശ്രമകാലം
ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സില്‍ നിന്നിറങ്ങിയത് കണ്ണീരോടെയാണ്. രണ്ടു പതിറ്റാണ്ട് സി.പി.എം സഹയാത്രികനും കോണ്‍ഗ്രസ്സിന്റെ വിമര്‍ശകനുമായിരുന്നിട്ടും തിരിച്ചുചെന്ന് വീണ്ടും അകത്തെ ആളായി മാറിയ അപൂര്‍വ്വ വ്യക്തിത്വം. ഇന്നത്തെയത്ര ദൃശ്യമാധ്യമങ്ങള്‍ ഇല്ലാതിരുന്ന 2001-ലും ചെറിയാന്റെ കണ്ണീര്‍ ദൃശ്യമാധ്യമങ്ങളിലൂടെ മലയാളികള്‍ കണ്ടു. കോണ്‍ഗ്രസ് ചെറിയാന് ഒരു ഷുവര്‍ സീറ്റു നല്‍കി ജയിപ്പിച്ചെടുക്കാന്‍ തയ്യാറാകാത്തതിലെ സങ്കടം സ്വാഭാവികമായിരുന്നു; ചെറിയാന്‍ ഏറെ സ്നേഹവും ആദരവും നല്‍കിയ എ.കെ. ആന്റണി കേരളത്തിലെ കോണ്‍ഗ്രസ്സിലും ഹൈക്കമാന്റിലും അവസാന വാക്കായിരുന്ന കാലത്ത് പ്രത്യേകിച്ചും. കേരള യൂണിവേഴ്സിറ്റി യൂണിയന്‍ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, നേതാവും കെ.പി.സി.സി സെക്രട്ടറി എന്നതിനൊക്കെയപ്പുറം കോണ്‍ഗ്രസ്സിലെ ബുദ്ധിജീവി കൂടിയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. പരന്നവായനയും കനമുള്ള രാഷ്ട്രീയമെഴുത്തുമുള്ള കോണ്‍ഗ്രസ്സുകാരന്‍. എം.എല്‍.എയായി രണ്ടു ടേമോ പത്തു വര്‍ഷമോ തികച്ചവര്‍ക്ക് ടിക്കറ്റ് നല്‍കരുത് എന്ന കോണ്‍ഗ്രസ്സില്‍ നടക്കാത്ത കാര്യം ആവശ്യപ്പെട്ടതോടെയാണ് ചെറിയാന്‍ അനഭിമതനായത്. അതിനുമുന്‍പ്, 1991-ല്‍ കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രമുഖ സി.പി.എം നേതാവ് ടി.കെ. രാമകൃഷ്ണനോട് തോറ്റത് വെറും 2682 വോട്ടുകള്‍ക്കാണ്. കോണ്‍ഗ്രസ്സില്‍നിന്നു പുറത്തുവന്ന് ഇടതു സ്വതന്ത്രനായി ആദ്യം മത്സരിച്ചത് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ. തോല്‍വിയായിരുന്നു സ്വാഭാവിക ഫലം. 2006-ല്‍ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിലും 2011-ല്‍ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവിലും മത്സരിച്ചു. രണ്ടിടത്തും ജയിക്കാനായില്ല. സി.പി.എം പക്ഷേ, ചെറിയാനെ അവഗണിക്കുകയോ കൈവിടുകയോ ചെയ്തില്ല. ഇതേ കാലത്തുതന്നെ കൈരളി ടിവിയില്‍ 'ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പ്രതിവാര രാഷ്ട്രീയപ്രഭാഷണ പംക്തി കൊടുത്തു, 2006-2011 കാലയളവിലെ വി.എസ് സര്‍ക്കാര്‍ കെ.ടി.ഡി.സി ചെയര്‍മാനാക്കി. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ നവകേരള മിഷന്റെ കോര്‍ഡിനേറ്ററാക്കി. പക്ഷേ, മൂന്നു വര്‍ഷം മുന്‍പ്- 2021 ഒക്ടോബറില്‍- അദ്ദേഹത്തിന് കോണ്‍ഗ്രസ്സിലേക്കു തിരിച്ചുപോകാനുള്ള വിളി വരികയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. നിലവില്‍ കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം അധ്യക്ഷനും രാഷ്ട്രീയ കാര്യസമിതി അംഗവും എ.ഐ.സി.സി അംഗവുമായി വിശ്രമജീവിതം നയിക്കുന്നു. എ.കെ. ആന്റണി തന്റെ പൊളിറ്റിക്കല്‍ മെന്റര്‍ ആണ് എന്ന ചെറിയാന്റെ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായിരുന്നു; കൊണ്ടുനടന്ന് പദവികളും പരിഗണനയും നല്‍കിയത് സി.പി.എം; പക്ഷേ, പ്രകീര്‍ത്തനം ആന്റണിക്ക് എന്ന വിമര്‍ശനമുണ്ടായി.
സിന്ധു ജോയിക്ക് ഒന്നുകൂടി ആലോചിക്കാമായിരുന്നു
ചെറിയാനു ശേഷം പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയത് സി.പി.എമ്മിന്റെ അന്നത്തെ പെണ്‍സിംഹമായിരുന്ന സിന്ധു ജോയിയെയാണ്, 2006-ല്‍. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും കോണ്‍ഗ്രസ്സിനുമുണ്ടായ വന്‍ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ രാജിവയ്ക്കേണ്ടി വന്ന എ.കെ. ആന്റണിക്കു പകരം മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയോട്. അതായത് മുഖ്യമന്ത്രി എന്ന നിലയില്‍ ആദ്യമായി ഉമ്മന്‍ ചാണ്ടി മത്സരിച്ചത് സിന്ധു ജോയിയോടാണ് എന്നും പറയാം. 19863 വോട്ടുകള്‍ മാത്രമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് കേന്ദ്രമന്ത്രി കെ.വി. തോമസിനെതിരെ മത്സരിക്കാനും സി.പി.എം നിയോഗിച്ചത് സിന്ധുവിനെ.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റും സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ച സിന്ധു ജോയിയാണ് അപ്രതീക്ഷിത പാര്‍ട്ടി മാറ്റംകൊണ്ട് കേരളത്തെ അമ്പരപ്പിച്ചവരിലൊരാള്‍. സംസ്ഥാന യുവജന കമ്മിഷന്റെ ആദ്യ അധ്യക്ഷ. സി.പി.എം അവഗണിക്കുന്നു എന്ന് പരിഭവിച്ച് 2011-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സിന്ധു ജോയി ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചതിന് അദ്ദേഹത്തോട് ക്ഷമാപണം നടത്തിയതും വാര്‍ത്താ തലക്കെട്ടില്‍ വന്നു. പക്ഷേ, കോണ്‍ഗ്രസ്സില്‍ അവര്‍ സജീവമാകുന്നത് കണ്ടില്ല. പദവികളിലും വന്നില്ല. വ്യക്തിജീവിതത്തിലെ സന്തോഷങ്ങള്‍ക്കും സജീവ രാഷ്ട്രീയത്തില്‍നിന്നു മാറിനില്‍ക്കുന്നതിനുമാണ് പിന്നീട് പ്രാധാന്യം നല്‍കിയത്. ഉന്നത വിദ്യാഭ്യാസവും സമരമുഖങ്ങളിലെ ധീരമായ സാന്നിധ്യവുംകൊണ്ട് കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന പ്രവര്‍ത്തകര്‍ക്ക് ഇടക്കാലത്ത് പ്രതീക്ഷയായി മാറിയ സിന്ധുവിന് പാര്‍ട്ടി മാറ്റം രാഷ്ട്രീയ അബദ്ധമായോ എന്ന് പറയേണ്ടത് അവര്‍ തന്നെയാണ്.
ആഞ്ചലോസാണ്താരം
സി.പി.എം നേതാവും ആലപ്പുഴ എം.പിയുമായിരുന്ന ടി.ജെ. ആഞ്ചലോസ് ഇപ്പോള്‍ സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. പാര്‍ട്ടി വിട്ടു വേറെ പാര്‍ട്ടിയില്‍ പോകുന്നത് സാധാരണമാണെങ്കിലും ഒരേ മുന്നണിക്കുള്ളില്‍ത്തന്നെയുള്ള പാര്‍ട്ടിയിലേക്കു പോകുന്നതും അങ്ങനെ സ്വീകരിക്കുന്നതും കുറവാണ്. അതില്‍നിന്നു വ്യത്യസ്തമായി സി.പി.എമ്മില്‍നിന്നു പുറത്താക്കിയ, അവരുടെ എം.പിയും എം.എല്‍.എയുമായിരുന്ന ആളെ സി.പി.ഐ എടുത്തത് ആഞ്ചലോസിന്റെ കാര്യത്തില്‍ മാത്രം അപൂര്‍വമായി സംഭവിച്ച കാര്യമാണ്. ആ നേതാവ് പിന്നീട് ജില്ലാസെക്രട്ടറി വരെയായതാകട്ടെ, ആഞ്ചലോസിന്റെ കാര്യത്തില്‍ മാത്രമുണ്ടായതുമാണ്. സി.പി.എം, സി.പി.ഐ നേതാക്കള്‍ തമ്മിലെ സ്വാഭാവിക ബന്ധം ആഞ്ചലോസും ആലപ്പുഴയിലെ സി.പി.എം നേതാക്കളും തമ്മിലുണ്ടുതാനും. സി.പി.ഐ ജില്ലാസെക്രട്ടറിയെ മാറ്റിനിര്‍ത്തി ജില്ലയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമല്ലതാനും. സി.പി.എം രൂക്ഷമായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് ആഞ്ചലോസിനു പുറത്തുപോകേണ്ടിവന്നത് എന്നതും ഇതുമായി ചേര്‍ത്തുകാണേണ്ടതാണ്.
1991-ല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍വച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോണ്‍ഗ്രസ്സിന് അനുകൂലമായി ഉണ്ടാക്കിയ സഹതാപതരംഗത്തില്‍ കേരളത്തിലെ 17 സീറ്റിലും യു.ഡി.എഫിനു ജയം നല്‍കി. പക്ഷേ, സിറ്റിംഗ് എം.പിയായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമനെ ടി.ജെ. ആഞ്ചലോസ് തോല്‍പ്പിച്ചു. 1987-1991 കാലയളവില്‍ മാരാരിക്കുളം നിയമസഭാ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്ന, നേരത്തേ എസ്.എഫ്.ഐ നേതാവും കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനുമായിരുന്ന ആഞ്ചലോസിനെ അപ്രതീക്ഷിതമായാണ് രണ്ടുവട്ടവും സ്ഥാനാര്‍ത്ഥിയാക്കിയത്. 1996-ലെ തെരഞ്ഞെടുപ്പില്‍ ആഞ്ചലോസിനു പകരം കെ.എസ്. മനോജിനെ ഇടതു സ്വതന്ത്രനായി ലോക്സഭയിലേക്ക് മത്സരിപ്പിക്കുകയാണ് ചെയ്തത്. അപ്പോഴേയ്ക്കും പാര്‍ട്ടിയും ആഞ്ചലോസും തമ്മില്‍ ചില പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. അത് ആഞ്ചലോസിനെ പുറത്താക്കുന്നതില്‍ എത്തുകയും ചെയ്തു. സി.പി.ഐ അദ്ദേഹത്തെ സ്വീകരിക്കുന്നതില്‍ സി.പി.എമ്മിന് എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ, അത് മറികടന്ന് ആഞ്ചലോസിനെ തങ്ങളുടെ ഭാഗമാക്കാനാണ് സി.പി.ഐ തീരുമാനിച്ചത്.
ഇന്നിപ്പോള്‍, കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ശ്രദ്ധേയ പോരാട്ടങ്ങളുടെ മുന്‍നിരയിലുള്ള പുന്നപ്ര-വയലാറിന്റെ ജില്ലയില്‍ ഭിന്നതകള്‍ മാറ്റിവച്ച് സി.പി.ഐയും സി.പി.എമ്മും ഇടതുമുന്നണിയെ നയിക്കുന്നതില്‍ ടി.ജെ. ആഞ്ചലോസിന്റെ പങ്കും ഇപ്പോള്‍ ഏറെ വലുതാണ്.
രാമന്‍നായരും രാധാകൃഷ്ണനും പ്രമീളാദേവിയും എവിടെ?
കോണ്‍ഗ്രസ്സില്‍നിന്ന് പല കാലങ്ങളിലായി പദവികള്‍ നേടുകയും എന്നാല്‍ താഴേത്തട്ടില്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകരായിരിക്കുകയോ സാധാരണ പ്രവര്‍ത്തകരുമായി ബന്ധമുണ്ടായിരിക്കുകയോ ചെയ്യാത്ത പലരും യു.ഡി.എഫ് സര്‍ക്കാരുകള്‍ കൊടുത്ത പദവികളില്‍ ഇരുന്നിട്ടുണ്ട്. അവരില്‍ ചിലര്‍ അതേ പദവികളുടെ ബലത്തില്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്ന പേരില്‍ ബി.ജെ.പിയിലേക്കു പോയിട്ടുമുണ്ട്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്‍ നായര്‍, കാലടി സര്‍വകലാശാല വൈസ് ചാന്‍സിലറും പിന്നീട് പി.എസ്.സി ചെയര്‍മാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സംസ്ഥാന വനിതാകമ്മിഷന്‍ അംഗമായിരുന്ന ജെ. പ്രമീളാദേവി എന്നിവര്‍ ഉദാഹരണം. ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നടന്ന ബി.ജെ.പി സമരം ഉദ്ഘാടനം ചെയ്തതിനാണ് കെ.പി.സി.സി നിര്‍വാഹകസമിതി അംഗമായിരുന്ന രാമന്‍ നായരെ 2018 സെപ്റ്റംബറില്‍ കോണ്‍ഗ്രസ് പുറത്താക്കിയത്. ഒക്ടോബര്‍ അവസാനം അന്നത്തെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍നിന്ന് അംഗത്വം സ്വീകരിക്കുകയും ചെയ്തു. നവംബറില്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാക്കിയ രാമന്‍ നായര്‍ ഇപ്പോള്‍ സജീവമായി രംഗത്തില്ല. രാമന്‍ നായര്‍ക്കൊപ്പമാണ് പ്രമീളാദേവിയും ബി.ജെ.പിയില്‍ പോയത്. അവരേയും വൈസ് പ്രസിഡന്റാക്കി. പക്ഷേ, ഇപ്പോള്‍ ബി.ജെ.പി സമരങ്ങളിലോ സമ്മേളനങ്ങളിലോ ഉള്‍പ്പെടെ ഒരു വേദികളിലും കാണാറില്ല. കെ.എസ്. രാധാകൃഷ്ണന്‍ 2019 മാര്‍ച്ചിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തൊട്ടുപിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും 2024-ല്‍ എറണാകുളത്തും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി. ഇപ്പോള്‍ അദ്ദേഹവും സജീവല്ല.
കെ.പി. അനില്‍കുമാറും പി.എസ്. പ്രശാന്തും പോയ വഴി
കോണ്‍ഗ്രസ്സില്‍നിന്ന് സി.പി.എമ്മിലേക്കു പോയ നേതാക്കള്‍ക്ക് പാര്‍ട്ടിയിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും മാന്യമായ പരിഗണനയാണ് കിട്ടിയത്. പക്ഷേ, അവരില്‍ ഒരാളെങ്കിലും മറ്റൊരാളെക്കൂടിയെങ്കിലും കൊണ്ടുവന്നതായി സി.പി.എമ്മിനോ അവര്‍ക്കോ വാദമില്ല. മഹിളാ കോണ്‍ഗ്രസ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഷാഹിദ കമാല്‍ 2016-ലാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. 2009-ല്‍ കാസര്‍കോട് ലോക്സഭാ സീറ്റിലും 2011-ല്‍ ചടയമംഗലം നിയമസഭാ സീറ്റിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ജയിച്ചില്ല. 2017-ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അവരെ സംസ്ഥാന വനിതാ കമ്മിഷന്‍ അംഗമാക്കി. കൊല്ലം ജില്ലയിലെ പാര്‍ട്ടിയില്‍ പ്രാദേശികമായി കമ്മിറ്റിയിലും ഉള്‍പ്പെടുത്തി.
ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമെതിരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ രൂക്ഷമായി വിമര്‍ശിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.പി. അനില്‍കുമാര്‍ 2021 സെപ്റ്റംബറില്‍ സി.പി.എമ്മില്‍ ചേര്‍ന്നത്. വാര്‍ത്താസമ്മേളനത്തിനു പിന്നാലെ അനില്‍കുമാറിനെ പുറത്താക്കി കെ.പി.സി.സി അറിയിപ്പ് വന്നെങ്കിലും അതിനു മുന്‍പ് അനില്‍കുമാര്‍ രാജിക്കത്ത് സുധാകരന് അയച്ചിരുന്നു എന്നാണ് പറഞ്ഞത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റാകാന്‍ ശ്രമിച്ചു നടക്കാതെ പോയ അനില്‍കുമാറിനെ സി.പി.എം പിന്നീട് കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന തൊഴില്‍വകുപ്പിനു കീഴിലുള്ള ഒ.ഡി.ഇ.പി.സി (ഓവര്‍സീസ് ഡെവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ്) ചെയര്‍മാനുമാക്കി. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററില്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചുവന്ന ഷാള്‍ നല്‍കി സ്വീകരിച്ച അനില്‍കുമാര്‍ പിന്നീട് സി.പി.എമ്മിന്റെ ഏതെങ്കിലും രാഷ്ട്രീയവേദികളില്‍ ശ്രദ്ധേയ സാന്നിധ്യമായി കണ്ടിട്ടില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ കെ.പി.സി.സി സെക്രട്ടറി പി.എസ്. പ്രശാന്ത് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജി.ആര്‍. അനിലിനോട് തോറ്റ പ്രശാന്ത്, തന്നെ തോല്‍പ്പിക്കാന്‍ ഡി.സി.സി പ്രസിഡന്റും മുന്‍ നെടുമങ്ങാട് എം.എല്‍.എയുമായ പാലോട് രവിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നതായി ആരോപിച്ചിരുന്നു. ഈ ആരോപണം പരസ്യമായി ഉന്നയിക്കുകയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്ത് അയയ്ക്കുകയും ചെയ്തു. ഇതിന്റെ പിന്നാലെ കോണ്‍ഗ്രസ് പുറത്താക്കിയ പ്രശാന്ത് 2021 സെപ്റ്റംബറിലാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. എല്‍.ഡി.എഫ് കണ്‍വീനറായിരുന്ന സി.പി.എം പി.ബി അംഗം എ. വിജയരാഘവനൊപ്പം വാര്‍ത്താസമ്മേളനത്തിലാണ് പ്രശാന്തിന്റെ സി.പി.എം പ്രവേശം പ്രഖ്യാപിച്ചത്. വൈകാതെ കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റാക്കി. 2023 നവംബറിലാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റത്.
റോസക്കുട്ടിയുടെ മാറ്റം
കോണ്‍ഗ്രസ് നേതൃത്വം സ്ത്രീകളെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു എന്ന് ആരോപിച്ച് എ.ഐ.സി.സി അംഗവും കെ.പി.സി.സി വൈസ് പ്രസിഡന്റും സുല്‍ത്താന്‍ ബത്തേരി മുന്‍ എം.എല്‍.എയുമായിരുന്ന കെ.സി. റോസക്കുട്ടി ടീച്ചര്‍ രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നത് 2021 മാര്‍ച്ചിലാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ്സിനേറ്റ കനത്ത പ്രഹരങ്ങളിലൊന്നായിരുന്നു അവരുടെ രാജി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായിരുന്ന ലതികാ സുഭാഷിന് തല മുണ്ഡനം ചെയ്ത് കോണ്‍ഗ്രസ് വിടേണ്ടിവന്നതുകൂടി ചൂണ്ടിക്കാട്ടിയായിരുന്നു ഈ തീരുമാനം അവര്‍ പ്രഖ്യാപിച്ചത്. കൊല്ലം സീറ്റിലേക്ക് പരിഗണിച്ച ബിന്ദു കൃഷ്ണയ്ക്ക് മാധ്യമങ്ങള്‍ക്കു മുന്നില്‍ കരയേണ്ടിവന്നതും കോണ്‍ഗ്രസ്സിന്റെ സ്ത്രീവിരുദ്ധ സമീപനത്തിന് തെളിവായി ചൂണ്ടിക്കാട്ടി. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ അധ്യക്ഷയായി എല്‍.ഡി.എഫ് സര്‍ക്കാര്‍ അവരെ നിയമിച്ചു. മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വനിതാകമ്മിഷന്‍ അധ്യക്ഷയായിരുന്നു കെ.സി. റോസക്കുട്ടി. 1991-1996 കാലയളവിലാണ് എം.എല്‍.എ ആയത്.
കണ്ണന്താനത്തിന്റെ നോട്ടങ്ങള്‍
ഐ.എ.എസ് രാജിവച്ച് സി.പി.എം സ്വതന്ത്രനായി നിയമസഭയിലേക്കു മത്സരിച്ചു ജയിച്ച അല്‍ഫോന്‍സ് കണ്ണന്താനം പിന്നീട് 'മോദി തരംഗ'ത്തിന്റെ ആകര്‍ഷണത്തില്‍പ്പെട്ട് ബി.ജെ.പിയില്‍ ചേര്‍ന്നവരിലൊരാളാണ്. ബി.ജെ.പി അദ്ദേഹത്തെ രാജസ്ഥാനില്‍നിന്ന് രാജ്യസഭയില്‍ എത്തിച്ചു. ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന രണ്ടു വര്‍ഷം, 2017 സെപ്റ്റംബര്‍ മൂന്നു മുതല്‍ 2019 മെയ് 24 വരെ കേന്ദ്ര സഹമന്ത്രിയുമാക്കി. 2006-2011 കാലയളവിലെ പന്ത്രണ്ടാം കേരള നിയമസഭയില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് കണ്ണന്താനം എം.എല്‍.എ ആയത്. നിയമസഭാ കാലാവധി അവസാനിക്കാനിരിക്കെ രാജിവച്ച്, തൊട്ടുപിറകേ 2011 മാര്‍ച്ചില്‍ത്തന്നെ ബി.ജെ.പിയില്‍ ചേരുകയായിരുന്നു, രണ്ടാമതൊരു വട്ടം കൂടി നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം തയ്യാറാകില്ല എന്നു മനസ്സിലാക്കിയതിലെ നിരാശ തീര്‍ക്കാന്‍ കൂടിയാണ് കണ്ണന്താനം പാര്‍ട്ടി മാറിയത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തുനിന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. കണ്ണന്താനം ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നിശ്ശബ്ദനാണ്.
ജലീല്‍ നിന്നതും വന്നതും നിന്നതും
മുസ്ലിം ലീഗിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയാണ് കെ.ടി. ജലീല്‍ നേതൃത്വവുമായി കോര്‍ത്തതെങ്കിലും യൂത്ത് ലീഗ് നേതൃപദവിയില്‍ തന്റെ അര്‍ഹതയും യോഗ്യതയും മറികടന്ന് വിധേയരെ നിയമിക്കാനുള്ള നീക്കമാണ് അദ്ദേഹത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ലീഗിനെ ഹൈജാക്ക് ചെയ്ത പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗിലെ മറ്റു നേതാക്കള്‍ ഒന്നടങ്കം കുരുങ്ങിയപ്പോള്‍ കെ.ടി. ജലീല്‍ വ്യത്യസ്തനായി, ചോദ്യം ചെയ്യുന്ന യുവശബ്ദമായി. എം.കെ. മുനീറിനു ശേഷം യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആകേണ്ടിയിരുന്ന ജലീലിനെ അതിനോടുള്ള പകതീര്‍ക്കാന്‍ ദേശീയ തലത്തില്‍ യൂത്ത് ലീഗുണ്ടാക്കാന്‍ അഖിലേന്ത്യാ കണ്‍വീനറാക്കുകയാണ് ചെയ്തത്. അതൊരു നാടുകടത്തലാണ് എന്ന് ബോധ്യമുണ്ടായിരുന്നതുകൊണ്ട് ജലീല്‍ പിന്നെ ലീഗില്‍ നിന്നില്ല.
കുഞ്ഞാലിക്കുട്ടി തുടര്‍ച്ചയായി നിയമസഭയിലേക്കു ജയിച്ചിരുന്ന മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് 2006-ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനെതിരെ സി.പി.എം ജലീലിനെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി. 8781 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജലീല്‍ കുഞ്ഞാലിക്കുട്ടിയെ തറപറ്റിച്ചു. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ വലിയ തിരിച്ചടികളിലൊന്ന്. അത്, ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെ ബാനറില്‍ പി.എം.എസ്.ഒ കോളേജ് യൂണിയന്‍ ചെയര്‍മാനായി പാര്‍ലമെന്ററി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ജലീലിന്റെ രാഷ്ട്രീയ ജീവിതത്തില്‍ പുതിയ തുടക്കവുമായി. മണ്ഡലപുനര്‍നിര്‍ണ്ണയത്തില്‍ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായതോടെ 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ തവനൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് ജയിച്ചു. 2016-ല്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരില്‍ ആദ്യം തദ്ദേശസ്വയംഭരണ വകുപ്പിന്റേയും പിന്നീട് ഉന്നത വിദ്യാഭ്യാസവകുപ്പിന്റേയും ചുമതലയുള്ള മന്ത്രിയായി. ബന്ധു നിയമനവുമായി ബന്ധപ്പെട്ട പരാതിയില്‍ ലോകായുക്തവിധി എതിരായതിനെത്തുടര്‍ന്ന് കെ.ടി. ജലീല്‍ രാജിവയ്ക്കേണ്ടിവന്നു. അപ്പോഴേയ്ക്കും 2021-ലെ തെരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്ന കാവല്‍ മന്ത്രിസഭയിലെ അംഗമായിരുന്നു. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ സ്വര്‍ണ്ണക്കള്ളക്കടത്ത് വിവാദത്തില്‍ കെ.ടി. ജലീലിനേയും കുരുക്കാനുള്ള ശ്രമങ്ങളുണ്ടായി. വിവിധ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചു; മന്ത്രി ജലീലിനെ ചോദ്യം ചെയ്തു. പക്ഷേ, അദ്ദേഹത്തിനെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ല. അതിനുശേഷമായിരുന്നു ജലീലിന്റെ നാലാം വിജയം.
നിലമ്പൂരില്‍നിന്ന് രണ്ടാം തവണയും ഇടതുമുന്നണി സ്വതന്ത്രനായി ജയിച്ച പി.വി. അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച് രംഗത്തുവന്നപ്പോള്‍ കെ.ടി. ജലീലും അതിനൊപ്പം ചേരുമെന്ന വലിയ പ്രചരണം ഉണ്ടായി. എന്നാല്‍ ജലീല്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമൊപ്പം ഉറച്ചുനില്‍ക്കുകയാണുണ്ടായത്. അത് തുടരുന്നു.
ഇടതുപക്ഷവുമായി അടുക്കുന്നതിലും സി.പി.എം നേതൃത്വവുമായും മുഖ്യമന്ത്രിയുമായും ലീഗ് നേതൃത്വത്തിന്റെ മധ്യസ്ഥതയില്ലാതെ ആശയവിനിമയം നടത്തുന്നതിലും ഒരു വിഭാഗം മുസ്ലിം സമുദായ സംഘടനകള്‍ക്കും നേതാക്കള്‍ക്കും കെ.ടി. ജലീല്‍ പാലമായി മാറിയ രണ്ടു പതിറ്റാണ്ടാണ് കടന്നുപോകുന്നത്. അത് ഒരേസമയം സി.പി.എമ്മിനും ലീഗുമായി മാത്രം അടുപ്പമുണ്ടായിരുന്ന ഒരു വിഭാഗം മുസ്ലിം സമുദായനേതൃത്വത്തിനും ജലീല്‍ കൂടുതല്‍ വിശ്വസ്തനായി മാറാന്‍ ഇടയാക്കി. അതേസമയം, പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഉപേക്ഷിച്ച സിമി ബന്ധം ജലീലിനെതിരെ ഇപ്പോഴും ആയുധമാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ മടിക്കാറില്ല. അതിനെതിരെ ജലീലിന് കവചമായി നില്‍ക്കാന്‍ സി.പി.എം എപ്പോഴും തയ്യാറാകുന്നുമുണ്ട്.
പത്മജയും അനില്‍ ആന്റണിയും കോണ്‍ഗ്രസ്സുകാരായിരുന്നു
മുന്‍ മുഖ്യമന്ത്രിയും കേരളത്തില്‍ ദീര്‍ഘകാലം കോണ്‍ഗ്രസ്സിന്റെ അവസാന വാക്കുമായിരുന്ന കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് ദേശീയതലത്തില്‍ത്തന്നെ ബി.ജെ.പിക്ക് പ്രചാരണമാക്കി മാറ്റാന്‍ കഴിഞ്ഞു. പക്ഷേ, അതിനപ്പുറം കേരളത്തിലോ പുറത്തോ ബി.ജെ.പി വേദികളിലെ രാഷ്ട്രീയ സാന്നിധ്യമാകുന്നില്ല പത്മജ; സമൂഹമാധ്യമങ്ങളില്‍ സ്ഥിരമായി കോണ്‍ഗ്രസ്സിനെതിരെ പോസ്റ്റുകള്‍ ഇടുന്നതില്‍ ഒതുങ്ങുന്നു അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം. കോണ്‍ഗ്രസ്സിലായിരുന്നപ്പോഴും സമരമുഖങ്ങളിലോ സാധാരണ നേതാക്കളുടെ ദൈനംദിന നെട്ടോട്ടങ്ങളിലോ പത്മജയെ കേരളം കണ്ടിട്ടില്ല; 1996-ല്‍ കോണ്‍ഗ്രസ്സില്‍ അംഗത്വമെടുത്തതു മുതല്‍ 2024-ല്‍ ബി.ജെ.പിയിലേക്കു പോകുന്നതുവരെ; കെ.പി.സി.സി ഭാരവാഹിയും രാഷ്ട്രീയകാര്യസമിതി അംഗവുമായിരിക്കുമ്പോഴും.
2001-ല്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിനൊപ്പം കെ. കരുണാകരനെ പ്രീണിപ്പിക്കുന്നതിന് കെ. മുരളീധരനെ കെ.പി.സി.സി പ്രസിഡന്റാക്കിയതിനൊപ്പം പത്മജയെ കെ.ടി.ഡി.സി ചെയര്‍പേഴ്സണും ആക്കി. കോണ്‍ഗ്രസ്സിന് കേരളത്തില്‍ ഒരൊറ്റ പാര്‍ലമെന്റ് സീറ്റില്‍പ്പോലും ജയിക്കാന്‍ കഴിയാതിരുന്ന 2004-ലെ പൊതുതെരഞ്ഞെടുപ്പില്‍ പത്മജ മുകുന്ദപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. 2016-ലും 2021-ലും തൃശൂര്‍ നിയമസഭാ സീറ്റില്‍ മത്സരിച്ചു, ജയിച്ചില്ല. മൂന്നു വട്ടം സ്ഥാനാര്‍ത്ഥിയാക്കിയതും കെ.ടി.ഡി.സി അധ്യക്ഷയാക്കിയതും മാത്രമല്ല, പാര്‍ട്ടിയില്‍ വിവിധ പദവികള്‍ നല്‍കിയും പത്മജയെ കോണ്‍ഗ്രസ് നേതൃത്വം എപ്പോഴും പരിഗണിച്ചുപോന്നു. 2004 മുതല്‍ കെ.പി.സി.സിയിലും 2021 മുതല്‍ നിര്‍വാഹകസമിതിയിലും 2024 മുതല്‍ രാഷ്ട്രീയകാര്യ സമിതിയിലും 2023 മുതല്‍ എ.ഐ.സി.സിയിലും അംഗം. 2018-ല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി, 2020-ല്‍ വൈസ് പ്രസിഡന്റ്, 2019-2021 കാലയളവില്‍ തൃശൂര്‍ ഡി.സി.സി പ്രസിഡന്റിന്റെ ചുമതല, ഐ.എന്‍.ടി.യു.സി ദേശീയ നിര്‍വാഹകസമിതിഅംഗം തുടങ്ങി നിരവധി പദവികള്‍.
പക്ഷേ, തന്നോടും പിതാവിനോടും കോണ്‍ഗ്രസ് നീതികാണിച്ചില്ല എന്ന പരാതിക്ക് അന്നുമിന്നും കുറവില്ലതാനും.
ലതികാ സുഭാഷിന്റെ പടിയിറക്കം
കേരളത്തിലെ കോണ്‍ഗ്രസ്സിനെ മാത്രമല്ല, മുഴുവന്‍ രാഷ്ട്രീയ നേതൃത്വങ്ങളേയും ഞെട്ടിച്ച പടിയിറക്കമായിരുന്നു ലതികാ സുഭാഷിന്റേത്. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നില്‍ മാധ്യമങ്ങളെ സാക്ഷിയാക്കി തല മുണ്ഡനം ചെയ്താണ് അവര്‍ പ്രതിഷേധിച്ചത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന ലതികയ്ക്ക് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാന്യമായ ഒരു പരിഗണനയും നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാത്തതായിരുന്നു കാരണം.
പിന്നീട് എന്‍.സി.പിയില്‍ ചേര്‍ന്ന സംസ്ഥാന വൈസ് പ്രസിഡന്റും കേരള വനം വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണുമാണ്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദനെതിരെ മലമ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.
2000-ല്‍ കോട്ടയം ജില്ലാപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി. അതിനു ശേഷം ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോട്ടയം ജില്ലയില്‍ ലതികയുടെ പേരും കോണ്‍ഗ്രസ്സിന്റെ പരിഗണനാ പട്ടികയില്‍ വരാറുണ്ടായിരുന്നെങ്കിലും പ്രഖ്യാപനം വരുമ്പോള്‍ വേറെ ആരെങ്കിലുമായിരിക്കും സ്ഥാനാര്‍ത്ഥി. പക്ഷേ, അവരുടെ നാടായ ഏറ്റുമാനൂര്‍ നിയോജകമണ്ഡലം 2021-ല്‍ കോണ്‍ഗ്രസ് അപ്രതീക്ഷിതമായി പി.ജെ. ജോസഫിന്റെ സ്ഥാനാര്‍ത്ഥിക്കു കൊടുത്തതോടെയാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. കാലങ്ങളായി യു.ഡി.എഫില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനായിരുന്നു ഏറ്റുമാനൂര്‍. പക്ഷേ, 2011-ലേയും 2016-ലേയും തെരഞ്ഞെടുപ്പില്‍ അവര്‍ തോറ്റു; വിജയിച്ചത് എല്‍.ഡി.എഫാണ്. പിന്നീട് ആ പാര്‍ട്ടി എല്‍.ഡി.എഫില്‍ പോയതോടെ സീറ്റ് ഒഴിവുവന്നു. അതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുകയും വേണം എന്ന ആവശ്യമുയര്‍ന്നു. സ്വാഭാവികമായും താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ലതിക പ്രതീക്ഷിച്ചു. ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച മറ്റു ചില നേതാക്കളുമുണ്ടായിരുന്നെങ്കിലും ലതികാ സുഭാഷ് മത്സരിക്കട്ടെ എന്ന പൊതുധാരണ രൂപപ്പെട്ടു വന്നിരുന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ എന്നതുകൂടി കണക്കിലെടുത്തായിരുന്നു അത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മഹിളാ കോണ്‍ഗ്രസ്സിന് 20 ശതമാനം സംവരണം വേണമെന്ന് കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ ലതികാ സുഭാഷിന് ഏറ്റുമാനൂര്‍ എന്നല്ല ഒരു സീറ്റുമുണ്ടായിരുന്നില്ല. പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രേഷണം കട്ട് ചെയ്ത് മാധ്യമങ്ങള്‍ ലതികയുടെ പ്രതിഷേധത്തിലേക്ക് പോകുന്ന കാഴ്ചയാണ് കേരളം കണ്ടത്.
എന്‍.സി.പിയില്‍ സമീപകാലത്തുണ്ടായ 'എം.എല്‍.എമാരെ വിലയ്ക്കുവാങ്ങല്‍' വിവാദത്തില്‍ തോമസ് കെ. തോമസ് എം.എല്‍.എയ്ക്കെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിച്ച മൂന്നംഗ കമ്മിഷനില്‍ ലതികയും ഉള്‍പ്പെട്ടിരുന്നു.
പൊതുപ്രവര്‍ത്തനത്തെ വരുമാനമാര്‍ഗ്ഗമായി കാണാന്‍ ഒരിക്കലും തയ്യാറാകാതിരുന്ന മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ ആരംഭിച്ച 'ലതികാസ് കിച്ചണ്‍' സംരംഭവും ഏത്തക്കായ ഉപ്പേരി വിശേഷങ്ങളുമായും അവര്‍ രാഷ്ട്രീയത്തിലും സംരംഭകത്വത്തിലും സജീവം.
മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയും ഉന്നത കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത് 2023 ഏപ്രില്‍ ആദ്യമാണ്. അനില്‍ കോണ്‍ഗ്രസ് വിട്ടു എന്ന വാര്‍ത്ത വന്നപ്പോഴാണ് അദ്ദേഹം കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്നു എന്ന് പലരും അറിയുന്നതു തന്നെ. കേരളത്തിലെ കോണ്‍ഗ്രസ് സമൂഹമാധ്യമ സംഘത്തിന്റെ ഏകോപനച്ചുമതല നിര്‍വഹിച്ചിരുന്നു. ആ ചുമതലയില്‍നിന്നു രാജിവയ്ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെടുത്തി 2002-ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ബി.ബി.സിയില്‍ വന്ന ഡോക്യുമെന്ററിയെ പരസ്യമായി വിമര്‍ശിച്ച് ശ്രദ്ധ നേടുകയും ചെയ്ത പിന്നാലെയായിരുന്നു ബി.ജെ.പി പ്രവേശനം. ''ഇന്ത്യയ്ക്കെതിരായ മുന്‍വിധിയുടെ ദീര്‍ഘകാല ചരിത്രമുള്ള ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ചാനല്‍'' എന്നാണ് ബി.ബി.സിയെ അനില്‍ ആന്റണി വിമര്‍ശിച്ചത്.
ബി.ജെ.പി ദേശീയ വക്താവായി നിയമിച്ച അനില്‍ ആന്റണിയെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി. പക്ഷേ, മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. പിന്നീട് അനില്‍ ആന്റണി നിശ്ശബ്ദനാണ്. കേരളത്തിലോ ദേശീയതലത്തിലോ ബി.ജെ.പി വേദികളില്‍ അനിലിന്റെ സാന്നിധ്യമില്ല. മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയാക്കും എന്ന പ്രചാരണത്തോടെയാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. തോറ്റ ശേഷം രാജ്യസഭാംഗത്വം നല്‍കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന അഭ്യൂഹം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക