മാനന്തവാടി നിയോജകമണ്ഡലത്തില്‍നിന്ന് ആദ്യമായി 2016-ല്‍ ജയിച്ച 14-ാം കേരള നിയമസഭയില്‍ എത്തുന്നതിനു മുന്‍പേ രണ്ടു പതിറ്റാണ്ടിലധികം കാലത്തെ പൊതുപ്രവര്‍ത്തന അനുഭവങ്ങളുണ്ട് ഒ.ആര്‍. കേളുവിന്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗവും പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു. ഒരേസമയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം കാട്ടിക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് മാനന്തവാടി ഏരിയ കമ്മിറ്റിയിലും വയനാട് ജില്ലാക്കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായി. ഇതൊക്കെയായിരിക്കുമ്പോഴും ആദിവാസി ക്ഷേമസമിതിക്ക് കേരളത്തിലെ ആദിവാസി സമൂഹത്തില്‍ കൃത്യമായ രാഷ്ട്രീയ ഇടമുണ്ടാക്കുന്നതില്‍ കഠിനാധ്വാനം ചെയ്തതിലെ വിജയം വേറിട്ടുതന്നെ അടയാളപ്പെടുത്തണം. ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് കേന്ദ്ര കമ്മിറ്റി അംഗം.''മന്ത്രിയായതുകൊണ്ട് പ്രത്യേകിച്ചു സന്തോഷമൊന്നുമില്ല. പാര്‍ട്ടി ഒരു ചുമതല തന്നു. അത് ഞാന്‍ നിര്‍വ്വഹിക്കുന്നു. ഇതു പാവപ്പെട്ടവരുടെ വകുപ്പാണ്. അതുകൊണ്ട് കുറേ കാര്യങ്ങള്‍ ചെയ്യണം എന്നാണ് വിചാരിക്കുന്നത്'' ഒ.ആര്‍. കേളു പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുകയുമാണ്; മന്ത്രി എന്ന നിലയില്‍ വളരെക്കുറച്ചു സമയം മാത്രമേ തന്റെ മുന്നിലുള്ളു എന്നത് പ്രധാനമാണ് എന്നു തുറന്നു പറഞ്ഞുകൊണ്ടുതന്നെ.
പഞ്ചായത്ത് ജനപ്രതിനിധി എന്നതുമുതലുള്ള രാഷ്ട്രീയ അനുഭവസമ്പത്ത് ഇപ്പോഴത്തെ ചുമതലയില്‍ എങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയും എന്നാണ് കരുതുന്നത്?
പാവപ്പെട്ടവരുടെ വകുപ്പാണ്. അവരുടെ ഭൂമി പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസം, വീട്, കുടിവെള്ളം, വൈദ്യുതി ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തിട്ട് നന്നായി ചെയ്യണം എന്ന ആഗ്രഹമുണ്ട്. അതിനുവേണ്ടി ഇപ്പോള്‍ ജില്ലാതല അവലോകനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പത്തു ജില്ലകള്‍ കഴിഞ്ഞു. അതു പൂര്‍ത്തിയാകുമ്പോള്‍ പൊതുവേ ഒരു ചിത്രം മനസ്സിലാകും. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നു വിചാരിക്കുന്നു. സമയമില്ലാത്തതാണ് ഒരു വിഷയമായി മുന്നില്‍ നില്‍ക്കുന്നത്. പിന്നെ, ജനപ്രതിനിധി എന്ന നിലയില്‍ ഗ്രാമപഞ്ചായത്ത് അംഗവും പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിട്ടാണ് എം.എല്‍.എയും ഇപ്പോള്‍ മന്ത്രിയുമായത് എന്നതുകൊണ്ട് കാര്യങ്ങള്‍ കുറേയൊക്കെ അറിയാം. അതു പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരേസമയം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നപ്പോഴും എം.എല്‍.എ എന്ന നിലയില്‍ കഴിഞ്ഞ എട്ടു വര്‍ഷവുമൊക്കെ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു എന്നാണ് കരുതുന്നത്. അതില്‍ സന്തോഷമുണ്ട്. മന്ത്രിയെന്ന നിലയിലും രണ്ടു വര്‍ഷമേ ഉള്ളൂവെങ്കിലും ചിലത് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
ഒരുവശത്ത് ഏറ്റവുമധികം സാമൂഹിക പരിഗണന കിട്ടുന്നു എന്നു പ്രചരിപ്പിക്കപ്പെടുന്ന വിഭാഗമാണ് കേരളത്തിലെ ദളിതരും ആദിവാസികളും. മറുവശത്ത് അവര്‍ക്കുവേണ്ടി ചെലവഴിക്കുന്ന ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതി എപ്പോഴുമുണ്ട്. മുന്‍പും പല മന്ത്രിമാരും പലവിധത്തില്‍ അഡ്രസ് ചെയ്യാന്‍ ശ്രമിച്ച ഈ വിഷയം സര്‍ക്കാരും താങ്കളും എങ്ങനെ അഭിമുഖീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
പട്ടികജാതി, വര്‍ഗ്ഗ-പിന്നാക്ക സമുദായക്ഷേമവകുപ്പിന് എല്ലാ സാമ്പത്തിക വര്‍ഷവും അനുവദിക്കുന്ന ബജറ്റ് വിഹിതം ഉപയോഗിക്കുമ്പോള്‍ ഒരു മുന്‍ഗണനാക്രമം വേണം. അതു പ്രധാനമാണ്. ആ മുന്‍ഗണന എന്നത് ഈ വിഭാഗങ്ങളുടെ ക്ഷേമപദ്ധതികള്‍ക്ക് ആയിരിക്കണം. കുടിവെള്ളം, വൈദ്യുതി, വീട്, സാനിട്ടേഷന്‍, ഉന്നതികളിലേയ്ക്കു പോകാനുള്ള വഴിസൗകര്യം, കുട്ടികളുടെ ലംപ്സം ഗ്രാന്റ്, സ്‌റ്റൈപ്പന്റ്, യൂണിഫോം, പാഠപുസ്തകം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഫസ്റ്റ് പ്രയോറിറ്റി. അതിനുശേഷം, രണ്ടാമത്തേത് അവര്‍ക്കു തൊഴിലും വരുമാനവും കിട്ടുന്ന കാര്യങ്ങള്‍. മൂന്നാമത്തേത്, അവരുടെ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍. ഇങ്ങനെ മൂന്നു തട്ടായിട്ടാണ് മുന്‍ഗണനാക്രമം കാണുന്നത്.
ഈ വിഭാഗങ്ങളെക്കൂടി ഉയര്‍ത്തിയെടുത്തെങ്കില്‍ മാത്രമേ യഥാര്‍ത്ഥ കേരള മോഡല്‍ പൂര്‍ണ്ണതയില്‍ എത്തുകയുള്ളൂ എന്നതില്‍ ആര്‍ക്കും പൊതുവേ സംശയമില്ല. സമൂഹത്തിലെ ഒരു വിഭാഗം വിവിധ പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയും നമ്മള്‍ കേരള മോഡലിനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യുന്നതിലെ വൈരുധ്യം എങ്ങനെ മറികടക്കും?
ആ കാര്യത്തില്‍ കേരളത്തെ മാത്രമല്ല, രാജ്യത്തെ മൊത്തത്തില്‍ എടുത്തുവേണം പറയാന്‍. ഈ വിഭാഗങ്ങളുടെ ഉയര്‍ച്ച സമ്പൂര്‍ണ്ണമാകുമ്പോള്‍ മാത്രമാണ് രാജ്യത്തിന്റെ ഉയര്‍ച്ച സമ്പൂര്‍ണ്ണമാകുന്നത് എന്ന അര്‍ത്ഥത്തില്‍ രാഷ്ട്രപിതാവ് തന്നെ പറഞ്ഞിട്ടുണ്ട്. കേരളം ആ കാര്യത്തില്‍ കുറേ പുരോഗതി കൈവരിച്ചു. അതു നേട്ടം തന്നെയാണ്. തള്ളിക്കളയാന്‍ കഴിയില്ല. പത്തറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ ദളിത്, ആദിവാസി സമൂഹത്തിന് ഉണ്ടായിരുന്ന അവസ്ഥയല്ലല്ലോ ഇന്ന്. ഇന്ന് പൊതുസമൂഹത്തിലെ മറ്റാരേയും പോലെത്തന്നെ അവര്‍ക്കും അംഗീകാരം കിട്ടുന്നു. അതൊരു നേട്ടമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യമെടുത്താല്‍, ആദിവാസി വിഭാഗത്തില്‍നിന്നു പത്താം ക്ലാസ് പാസായ ഒരാളെ മുന്‍പ് കിട്ടില്ലായിരുന്നു. പക്ഷേ, ഇന്ന് ഡിഗ്രിയും പി.ജിയും എടുത്തവരും ഡോക്ടറും എന്‍ജിനീയറും കളക്ടറുമൊക്കെയായി നിരവധിയാളുകള്‍ ഉന്നത വിദ്യാഭ്യാസവും മികച്ച ജോലിയും നേടിയിരിക്കുന്നു. ഈ വകുപ്പുതന്നെ ഉന്നതപഠനത്തിനും ജോലിക്കുമായി എണ്ണൂറോളം കുട്ടികളെ വിദേശത്തു വിട്ടിരിക്കുകയാണ്. അടിസ്ഥാന വിഭാഗത്തിന്റെ വലിയ മുന്നേറ്റത്തിനുവേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കേരളത്തിനു സാധിച്ചു. അത് അഭിമാനകരമാണ്. എന്നാല്‍, 100 ശതമാനവും പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ല എന്നതു ശരിയാണ്. ഒരു കാര്യത്തിലും അങ്ങനെയൊരു പൂര്‍ണ്ണതയുണ്ടാകില്ലല്ലോ. കാലാനുസൃതമായി പോരായ്മകള്‍ പരിഹരിച്ചു മുന്നോട്ടുപോവുകയാണ് ചെയ്യുന്നത്.
ദളിത്, ആദിവാസി വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്നു എന്ന അവകാശവാദത്തില്‍ സര്‍ക്കാരുകളും സമൂഹവും പിന്നിലല്ല. എന്നിട്ടും പിന്നാക്കാവസ്ഥ ബാക്കിയാണെങ്കില്‍ എന്താണ് അതിനു കാരണം?
അതായത്, കേരളം ഈ അടിസ്ഥാന വിഭാഗങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടും ഇപ്പോള്‍ നേരിടുന്ന ഒരു വിഷയം, ഇല്ലാ എന്നു നമ്മള്‍ എത്രയൊക്കെ പറഞ്ഞാലും ജാതിപരമായും മതപരമായുമുള്ള വിവേചനം നിലനില്‍ക്കുന്നു എന്നതാണ്. അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. അത് അങ്ങനെയായിരിക്കുമ്പോള്‍ത്തന്നെ, നമ്മുടെ രാജ്യത്ത് ജാതിയുടേയും മതത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും ഒരു സ്വത്വബോധം വളരുന്നു എന്നതാണ് ഞാന്‍ നിരീക്ഷിച്ചിട്ടുള്ളത്. ആ ഒരു സ്വത്വബോധം വളരുന്നത് ഈ സമൂഹത്തിനു ഗുണം ചെയ്യില്ല.
സ്വത്വരാഷ്ട്രീയമാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?
സ്വത്വരാഷ്ട്രീയമല്ല, സ്വത്വബോധം. അതിലേയ്ക്ക് നമ്മുടെ തദ്ദേശീയ ജനവിഭാഗം പോകുന്നു എന്നു പറഞ്ഞാല്‍ അതു പഴയതിലേക്കുള്ള തിരിച്ചുപോക്കാണ്. തിരിച്ചുപോക്ക് ഈ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കു ഗുണം ചെയ്യില്ല. സ്വത്വബോധത്തിലേയ്ക്കു തിരിച്ചുപോകാന്‍ അവര്‍ പറയുന്ന കാരണങ്ങളുടെ പേരില്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. രാജ്യത്ത് വളര്‍ന്നു വന്നിട്ടുള്ള ജാതിപരമായും മതപരമായും വിശ്വാസപരമായും മറ്റുമുള്ള വേര്‍തിരിവുകളുടെ അതിപ്രസരം കൊണ്ടാണ് അവര്‍ അങ്ങനെ ചിന്തിച്ചുപോകുന്നത്. ആത്യന്തികമായി അവര്‍ക്കതു ഗുണം ചെയ്യില്ല.
അത് അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടോ?
തീര്‍ച്ചയായും. അതിനുവേണ്ടിയാണ് സി.പി.ഐ.എമ്മിന്റെ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാരൊക്കെയായി അവരെ കൊണ്ടുവരുന്നത്. ബ്രാഞ്ച് കമ്മിറ്റി മുതല്‍ മുകളിലേയ്ക്ക് പാര്‍ട്ടിയുടെ എല്ലാ കമ്മിറ്റികളിലും ഈ വിഭാഗത്തില്‍നിന്നുള്ളവര്‍ വേണമെന്നു നിര്‍ബ്ബന്ധമാണ്. അവര്‍ക്ക് അംഗീകാരം കൊടുക്കുന്ന കാര്യത്തില്‍ വളരെ ശക്തമായ തീരുമാനമാണ് പാര്‍ട്ടി എടുത്തിരിക്കുന്നത്.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളോട് അവരുടെ പ്രതികരണം പൊതുവേ എങ്ങനെയാണ്?
പണ്ട് ബ്രിട്ടീഷുകാര്‍ അവരെ കോളനികളില്‍ ഒതുക്കിയതില്‍നിന്നു നമ്മള്‍ ഇപ്പോള്‍ അവരെ പുറത്തുകൊണ്ടുവരുന്നതേയുള്ളൂ. കോളനികള്‍ എന്ന പേര് തന്നെ ഒഴിവാക്കി കെ. രാധാകൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചത് അതിന്റെ ഭാഗമാണ്. അവര്‍ പൊതുസമൂഹത്തോടൊപ്പം ചേരുന്നതിനു വേണ്ടിയുള്ള, അവരെ ചേര്‍ക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകളുടെ ഭാഗമാണ് അത്. അങ്ങനെ ചേരുമ്പോള്‍ മാത്രമേ അവര്‍ വിദ്യാഭ്യാസപരമായും സാമൂഹികമായും സാംസ്‌കാരികമായും വളരുകയുള്ളൂ. അല്ലാതെ അവരെ കോളനികളില്‍ തളച്ചിടുന്നത് തുടരാന്‍ കഴിയില്ല. അവര്‍ക്കു വളര്‍ച്ചയുണ്ടാകില്ല. പരിശോധിച്ചാല്‍ അതു മനസ്സിലാകും. അതില്‍നിന്ന് അവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ വിജയമാണ് വലിയ മുന്നേറ്റം അവര്‍ക്കിടയില്‍ ഉണ്ടാക്കിയത്.
പട്ടികജാതി, വര്‍ഗ്ഗ ഫണ്ട് വിനിയോഗത്തിലെ സോഷ്യല്‍ ഓഡിറ്റ് ഏതു സ്ഥിതിയിലാണ്, എന്താണ് ഫണ്ട് വിനിയോഗത്തില്‍ സംഭവിക്കുന്നത്?
ഫണ്ട് നിശ്ചിത സമയത്തിനുള്ളില്‍ വിനിയോഗിക്കാന്‍ പലപ്പോഴും നമുക്കു സാധിക്കുന്നില്ല. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നതിന്റെകൂടി അനുഭവത്തില്‍നിന്നു പറയുകയാണ്; ഫണ്ട് വിനിയോഗം തീരുമാനിക്കുമ്പോള്‍ത്തന്നെ, അതായത് പദ്ധതി തയാറാക്കുമ്പോള്‍ത്തന്നെ അതിന്റെ പ്രായോഗികത ഉറപ്പു വരുത്തണം. ഏതു പദ്ധതിയുടേയും ഫീസിബിലിറ്റി മുന്‍കൂട്ടിക്കണ്ട് ആവിഷ്‌കരിക്കുമ്പോള്‍ മാത്രമാണ് നമുക്കു പെട്ടെന്ന് അതു നടപ്പാക്കാനും പെട്ടെന്ന് ആ ഫണ്ട് ചെലവഴിക്കാനും സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ ഉദ്ദേശിച്ച രീതിയില്‍ വരില്ല. ഉദാഹരണത്തിന്, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഇപ്പോള്‍ ഏറ്റവുമധികം കൊടുക്കുന്ന ഭവനപദ്ധതിയുടെ കാര്യം. നേരിട്ടു ഗുണഭോക്താവിനാണ് ഭവനപദ്ധതി കൊടുക്കുന്നത്. അവരുടെ പക്കല്‍ വേറെ മൂലധനം ഉണ്ടാകില്ലല്ലോ. അതുകൊണ്ടുതന്നെ സമയബന്ധിതമായി അതു പൂര്‍ത്തീകരിക്കാനും പറ്റില്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം പതിനായിരക്കണക്കിനു വീടുകള്‍ കൊടുക്കുമ്പോള്‍ അതു സമയബന്ധിതമായിട്ട് തീര്‍ന്നില്ലെങ്കില്‍ സ്വാഭാവികമായും 100 ശതമാനം ഫണ്ട് ചെലവഴിക്കപ്പെടില്ല. അതൊരു വിഷയമാണ്. മറ്റൊന്ന്, നമ്മള്‍ ഏതെങ്കിലുമൊരു ഉന്നതിയിലേക്ക് അല്ലെങ്കില്‍ ഒരു സങ്കേതത്തിലേക്ക് റോഡ് ഉണ്ടാക്കാന്‍ വിഹിതം നീക്കിവെച്ച് പദ്ധതിയുമായി അങ്ങോട്ട് ചെല്ലുമ്പോള്‍ ഒരുപക്ഷേ, വനംവകുപ്പിന്റെ അനുമതി കിട്ടിയിട്ടുണ്ടാകില്ല. അല്ലെങ്കില്‍ ആ ഭൂമി കൈവശം വെച്ചിരിക്കുന്ന ആള്‍ വിട്ടുതരാന്‍ സമ്മതിച്ചിട്ടുണ്ടാകില്ല. അങ്ങനെ സമയത്തു നടപ്പാക്കാന്‍ കഴിയാതെ ആ ഫണ്ട് ലാപ്സാകും. ഇങ്ങനെയാണ് പലപ്പോഴും ഫണ്ട് വിനിയോഗിക്കപ്പെടാതെ പോകുന്നത്.
പട്ടികവിഭാഗ ഫണ്ട് വിനിയോഗത്തില്‍ അഴിമതിയുടെ ഘടകം എത്രത്തോളമുണ്ട്. പല തലങ്ങളില്‍ ജനപ്രതിനിധിയായിരുന്ന ആള്‍ എന്ന നിലയിലെക്കൂടി അനുഭവം എന്താണ്?
ചൂഷണം ഇപ്പോഴും നടക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ വിഭാഗങ്ങള്‍ക്കു കൊടുക്കുന്ന പല പദ്ധതികളും നടപ്പാക്കുമ്പോള്‍ ചൂഷണങ്ങള്‍ നടക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അതില്ല എന്നു പറയാന്‍ സാധിക്കില്ല. പക്ഷേ, ഗണ്യമായി കുറഞ്ഞു. പല കാരണങ്ങളുമുണ്ട്. സ്‌നേഹത്തിന്റെ ഭാഷയില്‍ ചൂഷണം ചെയ്യുന്ന രീതിയുണ്ട്, മദ്യം വാങ്ങിക്കൊടുത്ത് ചൂഷണം ചെയ്യുന്നുണ്ട്, പല പ്രലോഭനങ്ങളില്‍ കുടുക്കി ചൂഷണം ചെയ്യുന്നുണ്ട്. ഇക്കാലഘട്ടത്തിലും ചൂഷണത്തിനു വിധേയരാകുന്നത് അങ്ങനെയാണ്. ആദിവാസികളില്‍ ഭൂരിഭാഗവും കളങ്കമില്ലാത്ത ആളുകളാണ്. അതുകൊണ്ടുതന്നെ അവരെ ചൂഷണം ചെയ്യാന്‍ വേഗം കഴിയും. തെറ്റിദ്ധരിപ്പിച്ചും ചൂഷണം ചെയ്യുന്നുണ്ട്.
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ സംവിധാനങ്ങള്‍ ഏറ്റവും കുറച്ചു ലഭിക്കുന്നത് എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കാണ്. ഒന്നാമതായി, അവരുടെ പ്രദേശത്ത് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉണ്ടാവില്ല. കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണും ടാബും ലാപ്ടോപ്പും മറ്റും എത്തിക്കാനുള്ള ശ്രമങ്ങളുടെ സ്ഥിതി എന്താണ്?
ആദിവാസി സമൂഹം മറ്റുള്ളവരെപ്പോലെത്തന്നെ സ്മാര്‍ട്ട്ഫോണും ഇന്റര്‍നെറ്റും വൈഫൈ സൗകര്യങ്ങളുമൊക്കെ ഉപയോഗിക്കുന്നവരാണ്. കൊവിഡ് സമയത്ത് നാലരക്കോടിയോളം രൂപയുടെ ടാബാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൊടുത്തത്. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും വ്യാപകമാക്കി. ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പാക്കാന്‍ ഒരു പദ്ധതി തന്നെ നടപ്പാക്കി. ഇ ഹെല്‍ത്തിനുവേണ്ടി ഈ സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവവുമുണ്ട്.
താങ്കള്‍ കൃത്യമായി ഉന്നതി, സങ്കേതം എന്നൊക്കെത്തന്നെയാണ് പറയുന്നത്. കോളനികളില്‍ നിന്നുള്ള ഈ വലിയ മാറ്റം എത്രത്തോളം ഇതിനകം പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്?
ഏറെക്കാലമായി കോളനി എന്നാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. അതു മാറാന്‍ കുറച്ചു സമയമെടുക്കും. അറിയാതെ പറഞ്ഞുപോകുന്നതാണ് പലരും. എങ്കിലും മാറ്റമുണ്ട്; ബോധപൂര്‍വ്വം മാറ്റാന്‍ ശ്രമിക്കുകയും വേണം. സര്‍ക്കാരിന്റെ ആശയവിനിമയങ്ങളിലൊക്കെ പൂര്‍ണ്ണമായിത്തന്നെ മാറ്റം വന്നു. മാധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരുമൊക്കെ അതൊരു ക്യാംപെയ്ന്‍ ആയിത്തന്നെ ഏറ്റെടുക്കണം. ദൃശ്യമാധ്യമങ്ങളൊക്കെ ഇപ്പോഴും കോളനി എന്നുതന്നെയാണ് മിക്കപ്പോഴും പറയുന്നത്. പറഞ്ഞുപോകുന്നതായിരിക്കും. മാറണം; മാറും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് കൊടുത്ത ഒരു വകുപ്പാണ് എസ്.സി, എസ്.ടി. എന്നാല്‍, ചെലവഴിക്കുന്ന പണം പ്രയോജനം ചെയ്യുന്നുണ്ടോ, അതു തൃപ്തികരമാണോ?
വകുപ്പിന്റെ ആകെ അലോക്കേഷന്റെ 45 ശതമാനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നമ്മള്‍ നല്‍കുന്നത്. ഇപ്പോഴത്തെ അവലോകനത്തില്‍ വ്യക്തമാകുന്നത് അതിന്റെ വിനിയോഗം പരമാവധി 60 ശതമാനം വരെയാണ് എന്നാണ്; ജില്ലകളിലെ ശരാശരി ഒരു 80, 90 ശതമാനം എത്തുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അങ്ങനെയാകാനുള്ള കാരണം നേരത്തെ പറഞ്ഞല്ലോ. പദ്ധതിയുടെ ഫീസിബിലിറ്റിയുമായിക്കൂടി ബന്ധപ്പെട്ട കാര്യമാണ് ഇത്. നിര്‍ബ്ബന്ധമായും പദ്ധതി വയ്ക്കുമ്പോള്‍ പ്രായോഗികത പരിശോധിക്കുകതന്നെ വേണം.
അതോടൊപ്പം തന്നെ, ഉദ്യോഗസ്ഥ തലത്തിലെ അഴിമതി, അനാസ്ഥ ഈ വിഭാഗങ്ങളോടുള്ള മനോഭാവം മാറാത്തത് ഇതൊക്കെ ഘടകങ്ങളാകുന്നില്ലേ?
അതു ഞാന്‍ പരിശോധിച്ചു. എസ്.സി, എസ്.ടി വകുപ്പു നേരിട്ടു നടത്തുന്ന പദ്ധതികളില്‍ പുരോഗതിയുണ്ട് എന്നാണ് മനസ്സിലാകുന്നത്. 90 ശതമാനം വരെയാണ് വിനിയോഗം. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടത്തുന്നതിലാണ് 60 ശതമാനം. പിന്നെ, മെല്ലെപ്പോക്ക് നയമുണ്ട്. അത് ഇവരുടെ ഒരു രീതിയാണ്. എന്തായാലും പഴയതില്‍നിന്നൊക്കെ മാറ്റമുണ്ട്. ജില്ലാതല അവലോകനങ്ങള്‍ പൂര്‍ത്തിയായ ശേഷം തദ്ദേശ സ്വയംഭരണ മന്ത്രിയുമായിക്കൂടി ചര്‍ച്ച ചെയ്ത് ഈ സ്ഥിതി പരിഹരിക്കാനാണ് ആലോചിക്കുന്നത്. ആസൂത്രണ ബോര്‍ഡുമായും കൂടിയാലോചന ഉദ്ദേശിക്കുന്നുണ്ട്. ഈ കാര്യത്തിലെ തുടര്‍ ഇടപെടലുകള്‍ വകുപ്പിന്റെയൊരു പ്രഥമ മുന്‍ഗണന തന്നെയായി മാറുകയാണ്. അവലോകനം ഇവിടെ അവസാനിക്കുന്നില്ല. എല്ലാ മാസവും തുടരും. ഇനിയുള്ള അവലോകനങ്ങള്‍ ഓണ്‍ലൈനിലായിരിക്കും എന്നുമാത്രം. എസ്.സി, എസ്.ടി, പിന്നാക്ക സമുദായ ക്ഷേമ വകുപ്പുകളിലെ മുഴുവന്‍ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതാണ് ഇപ്പോഴത്തേയും പിന്നീടുമുള്ള അവലോകനങ്ങള്‍. സര്‍ക്കാരിന്റെ മറ്റു വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമുണ്ടാകും. ജില്ലാതല അവലോകനം നടത്തുമ്പോള്‍ മൂന്നു വകുപ്പുകളിലേയും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടും. അതുവെച്ചിട്ടാണ് തുടര്‍ന്നുള്ള അവലോകനങ്ങളില്‍ പുരോഗതി വിലയിരുത്തുക. അപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ ശ്രദ്ധയും ജാഗ്രതയുമുണ്ടാകും. അവര്‍ക്ക് ഉത്സാഹമുണ്ടാകും, കാര്യങ്ങള്‍ ചെയ്യാന്‍. അവരെ നമ്മള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും. അവര്‍ക്കു ചിലപ്പോള്‍ നിയമപരമായ ചില തടസ്സങ്ങളുണ്ടാകും. ആ കാര്യങ്ങള്‍ അവര്‍ക്ക് ഇങ്ങോട്ടും പറയാന്‍ സാധിക്കും. ഗവണ്‍മെന്റ് തലത്തില്‍ അതു പരിഹരിക്കാന്‍ ശ്രമമുണ്ടാകും. അതോടെ കാര്യങ്ങള്‍ അവര്‍ക്കു നിര്‍വ്വഹിക്കാന്‍ കഴിയും.
ചരിത്രപരമായ കാരണങ്ങളാല്‍ ചില വിഭാഗങ്ങള്‍ക്കു സാമൂഹിക പിന്നാക്കാവസ്ഥ ഉണ്ടായതുകൊണ്ടാണ് സംവരണം നടപ്പാക്കിയത്. പക്ഷേ, കേരളത്തില്‍ സര്‍ക്കാരിന്റെ മിക്ക വകുപ്പുകളിലും എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗങ്ങള്‍ക്കുണ്ടായ സംവരണനഷ്ടം ഒരു യാഥാര്‍ത്ഥ്യമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ സംവരണത്തോടു മുഖം തിരിച്ചുതന്നെ നില്‍ക്കുകയും ചെയ്യുന്നു. ഇത് എങ്ങനെയാണ് പരിഹരിക്കുക?
സങ്കീര്‍ണ്ണമായ ഒരു വിഷയമാണ് സംവരണം. ഗവണ്‍മെന്റ് തലത്തില്‍ പി.എസ്.സി നിയമനത്തില്‍ സംവരണമുണ്ട്, ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കു സംവരണമുണ്ട്. സംവരണം പാലിച്ചുകൊണ്ടും സംവരണ വിഭാഗങ്ങള്‍ക്കു നീതി ഉറപ്പാക്കിക്കൊണ്ടും മാത്രമാണ് ഗവണ്‍മെന്റിന്റെ എല്ലാ തലങ്ങളിലുമുള്ള പ്രവര്‍ത്തനങ്ങള്‍. താങ്കള്‍ പറഞ്ഞതുപോലെ, സ്വകാര്യമേഖല ഇപ്പോഴും സംവരണത്തിനെതിരാണ്. അവിടെയും സംവരണം വേണമെന്നാണ് പാര്‍ട്ടിയുടേയും വകുപ്പിന്റേയും കാഴ്ചപ്പാട്. എന്നാല്‍, അതു നടപ്പാക്കുമ്പോള്‍ കേരളത്തില്‍ ഉണ്ടാകുന്ന പല വിഷയങ്ങളുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും സാംസ്‌കാരികവുമൊക്കെയായ വിഷയങ്ങള്‍. അതു വളരെ സംയമനത്തോടെയും തന്മയത്വത്തോടെയും നടപ്പാക്കേണ്ട കാര്യമാണ്. വിഷയം സങ്കീര്‍ണ്ണമായതുകൊണ്ടാണ് കേരളത്തിലെ ഇപ്പോഴത്തെ ഗവണ്‍മെന്റ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്. അങ്ങനെയാണ് 500 ബീറ്റ് പൊലീസ് ഓഫീസര്‍മാരെ ഒറ്റയടിക്കു നിയമിക്കാന്‍ കഴിഞ്ഞത്. 340 പാരാമെഡിക്കല്‍ ജീവനക്കാരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കാന്‍ കഴിഞ്ഞു. 175 പേരെ എക്സൈസില്‍ നിയമിച്ചു. ഇതുകൊണ്ടൊന്നും സ്വകാര്യമേഖലയിലെ സംവരണത്തിന്റെ ആവശ്യകത ഇല്ലാതാകുന്നില്ല. അവിടെക്കൂടി സംവരണം യാഥാര്‍ത്ഥ്യമായാലേ സംവരണ വിഭാഗങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒപ്പമെത്താന്‍ കഴിയുകയുള്ളൂ.
എസ്.സി, എസ്.ടി വകുപ്പിനു കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് മുന്‍പുതന്നെ താങ്കള്‍ക്കു വ്യക്തതയുണ്ടല്ലോ. മന്ത്രിയായി ചുമതലയേറ്റ പിന്നാലെ അവിടെപ്പോവുകയും ചെയ്തു. എസ്.സി, എസ്.ടി വകുപ്പിനു കീഴിലുള്ള ഏക മെഡിക്കല്‍ കോളേജായിട്ടും തുടങ്ങി പത്തു വര്‍ഷമായിട്ടും ആ സ്ഥാപനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്താണ് ഇനി ചെയ്യാന്‍ പോകുന്നത്. അദ്ധ്യാപകേതര ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ നീളുന്നത്, ഡയറക്ടറുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികള്‍, നിര്‍മ്മാണ പ്രവര്‍ത്തനം നീണ്ടുപോകുന്നത്. ഇതെല്ലാം എങ്ങനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്?
പാലക്കാട് മെഡിക്കല്‍ കോളേജിനു നല്‍കുന്ന പ്രാധാന്യം കൊണ്ടുതന്നെയാണ് മന്ത്രിയായ ഉടനെത്തന്നെ അവിടെ പോയത്. കേരളത്തിലെ മറ്റ് ഏതു മെഡിക്കല്‍ കോളേജുകളുടേയും നിലവാരത്തിലേയ്ക്ക് ഉയരാന്‍ കഴിയുന്ന സുസജ്ജമായ മെഡിക്കല്‍ കോളേജാണ് അതും. പക്ഷേ, യു.ഡി.എഫ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കിയതില്‍ ചില പോരായ്മകളുണ്ട് എന്നാണ് മനസ്സിലായത്. ഒന്നാമതായി, സൊസൈറ്റി ആക്റ്റ് പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റൊന്ന്, പൂര്‍ണ്ണമായും പട്ടികജാതി വകുപ്പിന്റെ ഫണ്ടാണ് അതിനുവേണ്ടി ഉപയോഗിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളും പരിഹരിക്കേണ്ട പ്രശ്‌നങ്ങളുമുണ്ട്. മെഡിക്കല്‍ കോളേജില്‍ പഠിപ്പിക്കുന്നവരെല്ലാം പട്ടികജാതിക്കാരാകണം എന്നത് നടപ്പുള്ള കാര്യമല്ല; നഴ്സുമാരെല്ലാം പട്ടികജാതിക്കാരാകണം എന്നതും പ്രായോഗികമല്ല.
ഈ പറയുന്നതുപോലെയുള്ള വ്യവസ്ഥകളുണ്ടോ?
ഇല്ല. പക്ഷേ, അങ്ങനെ ചില ചോദ്യം ചെയ്യലുകളും മറ്റും അവിടെ ഉണ്ടായിട്ടുണ്ട്. പ്രായോഗികമല്ലാത്ത കാര്യം പറഞ്ഞാണ് പ്രതിഷേധം. വിദ്യാര്‍ത്ഥി പ്രവേശനത്തിലെ സംവരണംപോലെ അദ്ധ്യാപകരും പാരാമെഡിക്കല്‍ സ്റ്റാഫുമൊക്കെ മുഴുവനും എസ്.സി, എസ്.ടി ആകണം എന്നു പറഞ്ഞാല്‍ അത്രയ്ക്ക് ആളുകളെ കിട്ടാന്‍ തന്നെയുണ്ടോ? പിന്നെ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ചെലവും ശമ്പളവും പട്ടികജാതി വികസന ഫണ്ടില്‍നിന്നു കൊടുക്കുമ്പോള്‍ സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ അവിടെ നടപ്പാകുന്നില്ല. അതൊക്കെ പരിഹരിക്കേണ്ടതുണ്ട്. അതൊക്കെ മനസ്സില്‍വെച്ചാണ് അവിടെപ്പോയത്. പക്ഷേ, തുടര്‍നടപടികളിലേക്കു കടക്കുന്നതിനു മുന്‍പ് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേയ്ക്ക് പൂര്‍ണ്ണ ശ്രദ്ധ കൊടുക്കേണ്ടിവന്നു. പക്ഷേ, മെഡിക്കല്‍ കോളേജിലേയ്ക്ക് വീണ്ടും ശ്രദ്ധ കൊടുക്കും. എങ്ങനെയെങ്കിലും നല്ല രീതിയിലാക്കണം.
നോണ്‍ ടീച്ചിംഗ് സ്റ്റാഫിന്റെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് അവരുടെ പ്രതിനിധികള്‍ നിവേദനം തന്നിരുന്നു. സര്‍ക്കാരിന് ആ കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്. അവരെ സ്ഥിരപ്പെടുത്തുമ്പോള്‍ അതു സര്‍വ്വീസ് ചട്ടങ്ങള്‍ ബാധകമാകുന്ന വിധമായിരിക്കണം; അവര്‍ക്ക് ഇപ്പോഴും ഭാവിയിലും എല്ലാ ആനുകൂല്യങ്ങളും കിട്ടുന്നവിധമായിരിക്കണം. സൊസൈറ്റിയുടെ കീഴില്‍ ജീവനക്കാരായി സ്ഥിരപ്പെടുത്തിയാല്‍ ഭാവിയിലേക്കുള്ള ആനുകൂല്യങ്ങള്‍ അവര്‍ കൊടുക്കുമോ? അവര്‍ പെന്‍ഷന്‍ കൊടുക്കുമോ? പി.എഫ് കൊടുക്കുമോ? ജീവനക്കാര്‍ പറയുന്നത് ശരിയാണ്, അവരെ സ്ഥിരപ്പെടുത്തണം. അതു സംശയമില്ലാത്ത കാര്യമാണ്. സ്ഥിരപ്പെടുത്തുമ്പോള്‍ അതു കുറ്റമറ്റ രീതിയിലിയില്‍ ആയിരിക്കണം എന്നാണ് സര്‍ക്കാര്‍ കാണുന്നത്. ആ ജീവനക്കാരെ സമ്മതിക്കുക തന്നെ വേണം. ഇത്രയും വര്‍ഷങ്ങളായിട്ടും സ്ഥിരനിയമനം കിട്ടാതിരുന്നിട്ടും അവര്‍ ജോലി ചെയ്യുകയല്ലേ. സ്ഥിരപ്പെടുമോ ഇല്ലേ എന്നതില്‍ ഒരുറപ്പുമില്ലാത്ത അവസ്ഥയിലും അവര്‍ അവിടെ ജോലിചെയ്തു. പിന്നെ, സ്ഥിരപ്പെടുത്തിയവര്‍ക്ക് വലിയ ശമ്പളം കൊടുത്തുകൊണ്ടിരിക്കുന്നത് പട്ടികജാതി വകുപ്പിന്റെ ഫണ്ടില്‍നിന്നാണ്. ഒരു മെഡിക്കല്‍ കോളേജിലെ മുന്നൂറോളം ജീവനക്കാരുടെ ശമ്പളം, ആശുപത്രിയിലെ മരുന്നുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയതെല്ലാം ഓരോ സാമ്പത്തിക വര്‍ഷത്തിലും ഒരു ഹെഡ്ഡില്‍നിന്നു മാത്രം എടുക്കണം. ആ ഒരു മെഡിക്കല്‍ കോളേജിനുവേണ്ടി മാത്രം എസ്.സി ഫണ്ട് ഉപയോഗിക്കുമ്പോള്‍ മറ്റു മേഖലകളില്‍ എസ്.സി വിഭാഗത്തിന്റെ എന്തെല്ലാം കാര്യങ്ങള്‍ നടക്കാതെപോകും. അതായത്, നമുക്ക് ബജറ്റ് വിഹിതമായി കിട്ടുന്ന ഫണ്ടിന്റെ സിംഹഭാഗവും മെഡിക്കല്‍ കോളേജിനുവേണ്ടി മാത്രം ചെലവഴിക്കേണ്ടിവരുന്ന കാര്യമാണ് പറയുന്നത്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന യു.ഡി.എഫ് സര്‍ക്കാരാണല്ലോ 2014-ല്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത്. അന്നത് കുറച്ചുകൂടി ദീര്‍ഘവീക്ഷണത്തോടെ ചെയ്യേണ്ടിയിരുന്നു. പിന്നെ, പത്ത് വര്‍ഷംകൊണ്ട് ഇത്രയുമൊക്കെ എത്തിക്കുന്നതില്‍ അവിടുത്തെ എല്ലാ വിഭാഗം ജീവനക്കാരും വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അതില്‍ സ്ഥിരനിയമനം കിട്ടിയവരെന്നോ കിട്ടാത്തവരെന്നോ ഉള്ള വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. ഇത്ര കുറഞ്ഞകാലം കൊണ്ട് ഇത്രയുമെത്തിച്ചത് വലിയ പുരോഗതി തന്നെയാണ്
ഇത് എങ്ങനെ പരിഹരിക്കാം എന്നാണ് ഉദ്ദേശിക്കുന്നത്?
മറ്റു മെഡിക്കല്‍ കോളേജുകളെപ്പോലെത്തന്നെ ഇതും ആരോഗ്യവകുപ്പില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കീഴിലാക്കുന്നതിനെക്കുറിച്ചാണ് മുന്‍പ് ആലോചന വന്നത്. അതാണ് ശരി. പക്ഷേ, വിദ്യാര്‍ത്ഥി പ്രവേശനത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണം സംബന്ധിച്ച ഈ മെഡിക്കല്‍ കോളേജിന്റെ ലക്ഷ്യം അട്ടിമറിക്കപ്പെടാന്‍ പാടില്ല. അത് ഇപ്പോഴത്തെപ്പോലെ തന്നെ നടക്കണം. അക്കാര്യത്തില്‍ നിയമഭേദഗതി വേണ്ടിവരും. ഈ മെഡിക്കല്‍ കോളേജ് മുഖേന പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങളില്‍നിന്നു കൂടുതല്‍ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരുമൊക്കെ കേരളത്തില്‍ ഉണ്ടാവുക എന്ന ലക്ഷ്യം നിയമഭേദഗതിയിലൂടെ സംരക്ഷിച്ചു കൊണ്ടുമാത്രമേ ഡി.എം.ഇയ്ക്കു കീഴിലേയ്ക്ക് മാറ്റുകയുള്ളൂ. അതിനു രാഷ്ട്രീയ തീരുമാനവും നിയമപരമായ തുടര്‍നടപടികളുമാണ് വേണ്ടത്. അതുണ്ടാകും. അതുമായി ബന്ധപ്പെട്ട ഫയലുകളൊക്കെ നേരത്തേ നീങ്ങിയിട്ടുണ്ട്. എ.കെ. ബാലന്‍ ഈ വകുപ്പിന്റെ മന്ത്രിയായിരുന്നപ്പോള്‍ത്തന്നെ തീരുമാനമെടുത്തിരുന്നു എന്നാണ് മനസ്സിലാകുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന യു.ഡി.എഫ് സര്‍ക്കാരാണല്ലോ 2014-ല്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത്. അന്നത് കുറച്ചുകൂടി ദീര്‍ഘവീക്ഷണത്തോടെ ചെയ്യേണ്ടിയിരുന്നു. പിന്നെ, പത്ത് വര്‍ഷംകൊണ്ട് ഇത്രയുമൊക്കെ എത്തിക്കുന്നതില്‍ അവിടുത്തെ എല്ലാ വിഭാഗം ജീവനക്കാരും വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അതില്‍ സ്ഥിരനിയമനം കിട്ടിയവരെന്നോ കിട്ടാത്തവരെന്നോ ഉള്ള വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. ഇത്ര കുറഞ്ഞകാലം കൊണ്ട് ഇത്രയുമെത്തിച്ചത് വലിയ പുരോഗതി തന്നെയാണ്.
അട്ടപ്പാടിയിലെ ആദിവാസി ജീവിതം ഏറെ മെച്ചപ്പെടുകയും പോഷകാഹാരക്കുറവു മൂലമുള്ള ശിശുമരണങ്ങള്‍ അവസാനിക്കുകയും ചെയ്തുവെന്നാണ് പൊതുചിത്രം. പക്ഷേ, അവരുടെ ജീവിതം എത്രയോ അധികം ഇനിയും മാറാനുണ്ട്. സര്‍ക്കാരിനെന്താണ് പദ്ധതി?
ഗ്രാമപഞ്ചായത്ത് അംഗമായിരിക്കുമ്പോള്‍ മുതല്‍ പലവട്ടം പോയിട്ടുള്ള സ്ഥലമാണ് അട്ടപ്പാടി. ആ നാടിനെ പറഞ്ഞുപറഞ്ഞ് മോശമാക്കരുത് എന്നാണ് എനിക്കു പൊതുസമൂഹത്തോട് പറയാനുള്ളത്. അട്ടപ്പാടി വളരെ മോശമാണ്, അവിടുത്തെ ആദിവാസികള്‍ വളരെ മോശമാണ്, അവിടുത്ത ആദിവാസി സ്ത്രീകള്‍ മോശമാണ് എന്നു പറഞ്ഞു പ്രചരിപ്പിക്കുന്ന രീതിയിലേയ്ക്ക്, അട്ടപ്പാടി എന്തോ കേരളത്തിലെ ആന്‍ഡമാന്‍ നിക്കോബാര്‍ ആണ് എന്ന തരത്തിലാക്കുകയാണ്. ഇങ്ങനെ വക്രീകരിച്ചു കൊണ്ടുപോവുകയാണ്. അതു ശരിയല്ല. കേരളത്തിലെ മറ്റ് ആളുകളും അവിടുത്തെ ആളുകളും ഒരുപോലെ തന്നെയാണ് ജീവിക്കുന്നത്. എല്ലാവരും കരുതുന്നത് അവര്‍ മില്ലറ്റ് മാത്രമേ കഴിക്കുകയുള്ളൂ എന്നാണ്. അതല്ല ശരി. എല്ലാവരും കഴിക്കുന്നതുതന്നെയാണ് അവരും കഴിക്കുന്നത്. പൊറോട്ട കഴിക്കുന്നു, കോഴിയിറച്ചി കഴിക്കുന്നു. അവരുടെ വീടുകളിലൊക്കെ ഞാന്‍ പോയിട്ടുണ്ട്. അവരുടെ ജീവിതം മോശമാണ് എന്നു പറയാന്‍ കഴിയില്ല. അവിടെയാണല്ലോ അഹാഡ്സ് (അട്ടപ്പാടി ഹില്‍സ് ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി) 3000 കോടിയുടെ പദ്ധതി നടപ്പാക്കിയത്. പക്ഷേ, ഇതൊക്കെയാണെങ്കിലും അവിടെ ഒരു പോരായ്മ നിലനില്‍ക്കുന്നുണ്ട്. ആ പോരായ്മ ഏറ്റവും പ്രധാനപ്പെട്ടതാണ്. അവര്‍ക്കു തനതായ ഒരു വരുമാനമുണ്ടാക്കാന്‍ സ്ഥിരമായ ഒരു തൊഴില്‍ ഇല്ല. സ്ഥിരമായിട്ടുള്ള ഒരു തൊഴില്‍ ഉണ്ടെങ്കിലല്ലേ സ്ഥിരമായ വരുമാനം ഉണ്ടാവുകയുള്ളൂ. അതു വലിയ ഒരു പോരായ്മ തന്നെയാണ്. ബാക്കിയെല്ലാം സാധാരണ ആളുകളെപ്പോലെത്തന്നെയാണ് അവരുടെ ജീവിത രീതികളും മറ്റും.
പിന്നെ, ശിശുമരണം അട്ടപ്പാടിയില്‍ മാത്രമേയുള്ളോ? കേരളത്തിലെ മൊത്തം ശിശുമരണത്തിന്റെ കണക്ക് ആരെങ്കിലും എടുത്തിട്ടുണ്ടോ? ജനറല്‍ വിഭാഗത്തിലെ കണക്കെടുത്തിട്ടുണ്ടോ; അതിനേക്കുറിച്ചു ഡിസ്‌കഷന്‍ വേണ്ടേ. ജനറല്‍ വിഭാഗത്തില്‍ ഓരോ വര്‍ഷവും ശരാശരി എത്ര കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ട് എന്ന കണക്കുണ്ടെങ്കില്‍ പറയട്ടെ. അതെടുത്താല്‍ അട്ടപ്പാടിയില്‍ കുറവായിരിക്കും. രാഷ്ട്രീയമായോ അല്ലെങ്കില്‍ മറ്റ് എന്തൊക്കെയോ ലക്ഷ്യങ്ങളോടെ അട്ടപ്പാടിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അവിടുത്തെ ആദിവാസികള്‍ തീരെ വിവരമില്ലാത്തരും എപ്പോഴും ചൂഷണത്തിനു വിധേയരാകുന്നവരുമാണ് എന്നാണ് പറഞ്ഞുകൊണ്ടുപോകുന്നത്. കഴിഞ്ഞ തവണ ഞാന്‍ എസ്.സി, എസ്.ടി ക്ഷേമം സംബന്ധിച്ച നിയമസഭാസമിതിയുടെ അധ്യക്ഷനായിരുന്നപ്പോള്‍ ഞങ്ങള്‍ അവിടെ പോയിരുന്നു. നിരവധി വീടുകളില്‍ പോയപ്പോള്‍ ഒരു ജീപ്പും ഒരു കാറും ടൂവീലറും നാലഞ്ചു പശുക്കളുമുള്ള ഒരു വീട്ടിലും പോയി. പക്ഷേ, കമ്യൂണിറ്റി കിച്ചണ്‍ ഉള്ളതുകൊണ്ട് ആ വീട്ടിലുള്ളവരും ഭക്ഷണം കഴിക്കുന്നത് അവിടെനിന്നാണ്. കമ്യൂണിറ്റി കിച്ചണ്‍ അട്ടപ്പാടിയില്‍ നടപ്പാക്കുന്നതിന്റെ അടിസ്ഥാനം അവര്‍ക്കു ഭക്ഷണമില്ല, മൂന്നു നേരം ഭക്ഷണം കൊടുക്കണം എന്നാണ്. സത്യത്തില്‍ അതു ശരിയാണോ. അവര്‍ക്കു തൊഴിലും വരുമാനവുമുണ്ടാക്കി അതില്‍നിന്നു ഭക്ഷണം കഴിച്ചു ജീവിക്കാന്‍ പ്രാപ്തമാക്കുകയാണ് വേണ്ടത്. അതിനുപകരം, നിങ്ങള്‍ ഇങ്ങു പോന്നാല്‍ മതി; മൂന്നു നേരം ഭക്ഷണം വച്ചു തരാം എന്നതിലേയ്ക്ക് ആ വിഭാഗത്തെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന നമ്മളല്ലേ തെറ്റുകാര്‍? എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഈ പറയുന്നത്. നമ്മളെല്ലാവരും അങ്ങനെയാണോ ജീവിക്കുന്നത്. അധ്വാനിച്ചു വരുമാനമുണ്ടാക്കി സ്വയംപര്യാപ്തതയിലേയ്ക്ക് പോകാനല്ലേ ശ്രമിക്കുന്നത്. അതിലേയ്ക്ക് അവരെ കൊണ്ടുവരുന്നതിനു പകരം വര്‍ഷങ്ങളോളം കമ്യൂണിറ്റി കിച്ചണ്‍ നടത്തി ഭക്ഷണം കൊടുക്കുകയാണ്. ഞാന്‍ എല്ലാവരോടും ചോദിക്കാറുള്ള ചോദ്യമാണിത്. അവരും വളരണം. അതാണ് നമ്മള്‍ അവരെ പഠിപ്പിക്കേണ്ടത്. പിന്നെ, അട്ടപ്പാടിയില്‍ ചൂഷണം നടക്കുന്നുണ്ട്. അതു മറ്റു രീതിയിലാണ്. തനതായ തൊഴില്‍ മേഖല അവിടെ ഇല്ലാത്തതുകൊണ്ട് അവിടെ ഗവണ്‍മെന്റ് വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതില്‍ ചൂഷണങ്ങള്‍ നടക്കുന്നുണ്ട് എന്നതു ശരിയാണ്.
കേരളം യഥാര്‍ത്ഥത്തില്‍ ഒരു ദളിത് സൗഹൃദ സംസ്ഥാനമാണോ. പട്ടികജാതി, വര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരമുള്ള പരാതികളില്‍ കേസെടുക്കുന്നതിന്റേയും കുറ്റക്കാരെ ശിക്ഷിക്കുന്നതിന്റെ നിരക്ക് വളരെ കുറവാണ്. ഇതു ശ്രദ്ധയിലുണ്ടോ?
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എം.എല്‍.എ ആകുന്നതിനും മുന്‍പുതന്നെ അത്തരം കേസുകളില്‍ ഇടപെട്ടിട്ടുമുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലെപ്പോലെയൊന്നും വ്യാപകമായി ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ ഇല്ല. അതു നടക്കുകയുമില്ലല്ലോ. പൊതുവേ സമൂഹത്തിലുള്ള അതിക്രമങ്ങള്‍പോലെ ഈ വിഭാഗങ്ങള്‍ക്കെതിരെ ഇല്ല. ജനറല്‍ മേഖലയില്‍ നടക്കുന്ന ലൈംഗിക ചൂഷണം, കായികമായ മര്‍ദനങ്ങള്‍ തുടങ്ങിയതൊക്കെ നാലിലൊന്നുപോലും ഈ മേഖലയില്‍ ഇല്ല. അതു കൃത്യമായി നിരീക്ഷിച്ചാല്‍ മനസ്സിലാകും. അതു നമ്മള്‍ നേടിയെടുത്ത സാമൂഹിക നവോത്ഥാനത്തിന്റേയുമൊക്കെ തുടര്‍ച്ചയാണ്. ആ ഒരു ബോധത്തില്‍ത്തന്നെയാണ് കേരളം ഇപ്പോഴുമുള്ളത്. ഇവര്‍ സംരക്ഷിക്കപ്പെടേണ്ട ആളുകള്‍ തന്നെയാണ് എന്ന ബോധം. പക്ഷേ, ഉണ്ടാകുന്ന സംഭവങ്ങളില്‍ ഇടപെടാറുണ്ട്. വിഷയമുണ്ടായി കേസായി കോടതിയില്‍ എത്തുമ്പോള്‍ ഈ അക്രമിക്കു പേടിയാകും. പിന്നീട് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കുന്ന രീതി കാണാറുണ്ട്. ഇവരുടെ മനസ്സ് നിഷ്‌കളങ്കമായതുകൊണ്ട് അതു സാധിക്കുകയും ചെയ്യും. എനിക്കുതന്നെ അത്തരം അനുഭവങ്ങളുണ്ട്. നമ്മള്‍ ഇടപെട്ട് കേസെടുപ്പിച്ച് മുന്നോട്ടു പോകുമ്പോള്‍ അവര്‍ ഒത്തുതീര്‍പ്പാക്കിക്കളഞ്ഞു. അതേസമയം, എന്തിലും ഏതിലും ജാതി പറയുന്നവരും ജാതീയമായി ആക്ഷേപിക്കുന്നവരുമുണ്ട്. അത്തരക്കാരെ നിയമത്തിനു മുന്നില്‍നിന്നു രക്ഷപ്പെടാന്‍ അനുവദിക്കാതിരിക്കാനുള്ള ജാഗ്രത എല്ലാവര്‍ക്കും വേണം.
വയനാട് ജില്ലയില്‍നിന്നുള്ള ജനപ്രതിനിധിയാണല്ലോ. കേരളം മുന്‍പ് കണ്ടിട്ടില്ലാത്തത്ര വലിയൊരു ഉരുള്‍പൊട്ടല്‍ ദുരന്തം നമ്മള്‍ അഭിമുഖീകരിച്ചു. അതുമായി ബന്ധപ്പെട്ട പുനരധിവാസം ഉള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന മന്ത്രിസഭാ ഉപസമിതി അംഗം എന്ന നിലയില്‍ ആ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിശദീകരിക്കും?
ഇപ്പോഴും പൂര്‍ണ്ണമായി ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലാത്തവിധം വലിയ ദുരന്തമാണ് ഉണ്ടായത്. മൂന്നു പതിറ്റാണ്ടോളമായി ആ മേഖല ഉള്‍പ്പെടുന്ന വയനാട് ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഒരാള്‍ എന്ന നിലയിലാണ് പറയുന്നത്. വല്ലാത്ത ഒരു ദുരന്തമായിപ്പോയി. മനുഷ്യത്വത്തിന്റെ ഒരു കണികയെങ്കിലുമുള്ളവര്‍ കരഞ്ഞുപോകും അവിടെയൊന്നു പോയി നിന്നാല്‍ത്തന്നെ. നൂറോളമാളുകളെ ഇപ്പോഴും കാണാനില്ല. എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകള്‍. മേലേ നോക്കിയാല്‍ ആകാശം, താഴെ ദുരന്തഭൂമി എന്നതാണ് അവസ്ഥ. പക്ഷേ, അത്ര വലിയ ദുരന്തമായിട്ടും കേരളം അതു കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിക്കാതിരിക്കാനാകില്ല. എല്ലാവരും ഒറ്റക്കെട്ടായി നിന്നു. രാഷ്ട്രീയം മറന്ന്, ജാതിയും മതവും വിശ്വാസവുമെല്ലാം മറന്നു ചേര്‍ന്നുനിന്നു. സംഭവമുണ്ടായതറിഞ്ഞ് രാത്രി രണ്ടു മണിക്കുതന്നെ ജില്ലാ കളക്ടറും അടുത്തുള്ള നാട്ടുകാരും അവിടെ എത്തി. അവിടെ തുടങ്ങുന്നു രക്ഷാപ്രവര്‍ത്തനം. നേരെ വെളുക്കുമ്പോഴേയ്ക്കും നാല് മന്ത്രിമാര്‍ എത്തുന്നു, പട്ടാളം എത്തുന്നു, എന്‍.ഡി.ആര്‍.എഫും യുവജന സംഘടനാ പ്രവര്‍ത്തകരും എന്നുവേണ്ട എല്ലാവരും ഒറ്റക്കൈയായി സാഹസികമായിത്തന്നെ സഹജീവികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ആ ദൃശ്യങ്ങള്‍ എല്ലാക്കാലത്തേയ്ക്കും ആ കൂട്ടായ്മയുടെ സാക്ഷ്യമാണ്. 24 മണിക്കൂറിനുള്ളില്‍ ബെയ്ലി പാലം നിര്‍മ്മിച്ചു. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമുള്‍പ്പെടെ നിരന്തരം കാര്യങ്ങള്‍ തിരക്കുകയും ഏകോപന പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്തു. എല്ലാ മന്ത്രിമാരും അവിടെ വന്നു. ഉപസമിതി ഇപ്പോഴും ആ ഉത്തരവാദിത്വത്തില്‍ത്തന്നെയാണുള്ളത്. 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. അതത്രയും കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിച്ചത്.
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആംബുലന്‍സുകള്‍ എത്തിയിരുന്നു. അത്രയധികം ആംബുലന്‍സുകള്‍ വേണ്ടിവന്നു. എല്ലാ മൃതദേഹങ്ങളും കൂടി ഒന്നിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നില്ലല്ലോ. ഒരാളെ കിട്ടിയാല്‍ ജീവനുണ്ടോ ഇല്ലേ എന്ന് ഉറപ്പിക്കാന്‍ നില്‍ക്കാതെ വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സിലേയ്ക്ക് കയറ്റി പായുകയാണ്. പട്ടാളവണ്ടികള്‍ക്ക് ഉള്‍പ്പെടെ ഡീസലടിച്ചതിന്റെ പണമാണ് കൊടുത്തത്. അതുതന്നെ മുഴുവനും കൊടുത്തിട്ടില്ല.
അവരുടെ പുനരധിവാസം കൂടി സമയബന്ധിതമായി നടപ്പാക്കുകയാണ് വേണ്ടത്, അല്ലേ?
അതെ. തല്‍ക്കാലത്തേയ്ക്ക് ആളുകളെ വാടകവീടുകളെടുത്തു മാറ്റി. വാടകയും സാമ്പത്തിക സഹായവും മൂന്നു മാസത്തേയ്ക്കുള്ള ഭക്ഷ്യോല്പന്ന കിറ്റും ആവശ്യമായ പാത്രങ്ങളും അത്യാവശ്യം ഫര്‍ണിച്ചറുകളുമെല്ലാം നല്‍കുന്നു. ഏറ്റക്കുറച്ചിലുകളുണ്ടാകാം. 100 ശതമാനം സാറ്റിസ്ഫൈഡൊന്നുമല്ല നമ്മള്‍. പക്ഷേ, പരമാവധി നന്നായിത്തന്നെ എല്ലാം ചെയ്യുന്നു. നേരിട്ട് അക്കൗണ്ട് വഴിയാണ് പണം നല്‍കിയത്. ചെറിയ പിഴവുകള്‍ ഉണ്ടാകാം എന്നതു നിഷേധിക്കുന്നില്ല. അത് ഒരു പരാതിയായി അവരാരും ഉന്നയിക്കുന്നുമില്ല. ഇനി, സ്ഥിരതാമസത്തിനുള്ള സംവിധാനമുണ്ടാകണം എന്ന് അവര്‍ ആഗ്രഹിക്കുന്നു. അതുണ്ടാകണം. ഗവണ്‍മെന്റും അക്കാര്യത്തില്‍ അവരുടെ അതേ മനസ്സോടെയാണ് നില്‍ക്കുന്നത്. രണ്ടു സ്ഥലങ്ങള്‍ കണ്ടെത്തി. അത് എടുക്കാനുള്ള നടപടിക്രമത്തിലേക്കാണ് പോകുന്നത്. അതിനൊപ്പം തന്നെ അവിടെ ഉണ്ടാക്കാന്‍ പോകുന്ന വീടുകളുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാവുകയാണ്.
പക്ഷേ, ഇപ്പോള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ വളരെ വിഷമിപ്പിക്കുന്നതാണ്. മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ ഇത്ര ചെലവാക്കി എന്നൊക്കെ പറഞ്ഞ് ആ പ്രവര്‍ത്തനങ്ങളെയാകെ സംശയത്തിലാക്കാനാണ് ശ്രമം. മുഖ്യമന്ത്രിതന്നെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ആകെ അവിടെ കൊടുത്തത് ഡീസല്‍ അടിച്ചതിന്റെ പണം മാത്രമാണ്. ആംബുലന്‍സുകളുള്‍പ്പെടെ എത്രയധികം വാഹനങ്ങള്‍ ഓടിയതാണ്. അറിയാമോ, കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആംബുലന്‍സുകള്‍ എത്തിയിരുന്നു. അത്രയധികം ആംബുലന്‍സുകള്‍ വേണ്ടിവന്നു. എല്ലാ മൃതദേഹങ്ങളും കൂടി ഒന്നിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നില്ലല്ലോ. ഒരാളെ കിട്ടിയാല്‍ ജീവനുണ്ടോ ഇല്ലേ എന്ന് ഉറപ്പിക്കാന്‍ നില്‍ക്കാതെ വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സിലേയ്ക്ക് കയറ്റി പായുകയാണ്. പട്ടാളവണ്ടികള്‍ക്ക് ഉള്‍പ്പെടെ ഡീസലടിച്ചതിന്റെ പണമാണ് കൊടുത്തത്. അതുതന്നെ മുഴുവനും കൊടുത്തിട്ടില്ല. അല്ലാതെ ഒരു ബില്ലും അവിടെ ആര്‍ക്കും കൊടുത്തിട്ടില്ല. ഇതാണ് സത്യം. പത്തിരുപത്തിയാറ് ദിവസം അവിടെ നിന്ന മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍ ഈ ദുരിതാശ്വാസത്തിന്റെ പണത്തില്‍നിന്ന് ഒരു നേരത്തെ ചോറ് പോലും കഴിച്ചിട്ടില്ല. എന്റെ കാര്യം പറഞ്ഞാല്‍ കട്ടന്‍ ചായയും ബിസ്‌കറ്റും മാത്രമായിരുന്നു ഭക്ഷണം. അല്ലാതെയുള്ള വല്ലതും കഴിച്ചത് ഗസ്റ്റ് ഗൗസില്‍ ചെന്നിട്ട് സ്വന്തം കയ്യിലെ കാശെടുത്തു മാത്രമാണ്. അല്ലെങ്കില്‍ രാത്രി വൈകി വീട്ടിലെത്തിയിട്ടാണ് കഴിച്ചിരുന്നത്.
കോടികള്‍ ചെലവഴിച്ചു എന്നു പ്രചരിപ്പിച്ചവര്‍ അതു കിട്ടിയ ആരെക്കൊണ്ടെങ്കിലും കൂടി പറയിക്കേണ്ടേ? അങ്ങനെ ഇല്ലല്ലോ. പ്രധാനമന്ത്രി വന്നു. അദ്ദേഹം സമയമെടുത്തു തന്നെയാണ് കാര്യങ്ങള്‍ നോക്കിക്കണ്ടത്. സന്തോഷമുണ്ട്. രാവിലെ വന്നിട്ടു വൈകുന്നേരമാണല്ലോ തിരിച്ചു പോയത്. അത്രയും സമയമെടുത്ത് ദുരന്തബാധിത പ്രദേശങ്ങള്‍ കണ്ടു, ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി, ഡിസ്‌കഷന്‍ നടത്തി ഇതെല്ലാം ചെയ്തു. അദ്ദേഹത്തിനു ബോധ്യപ്പെടാത്ത വിഷയമല്ല. എന്നിട്ടും എന്താണ് തന്നത്. അല്ലെങ്കില്‍ പറയുക, ദാ, പ്രാഥമികമായി ഇത്ര കോടി രൂപ അനുവദിക്കുന്നു; അടിയന്തര സഹായം. ബാക്കി പിന്നീട് നോക്കാം. അതുപോലും ചെയ്തില്ലല്ലോ. അതൊരു പിശകാണ്. രണ്ടാമത്തെ പിശക് എന്നു പറയുന്നത്, തെറ്റിദ്ധാരണ പരത്തി നമ്മുടെ നാടിന് ഒരു പത്തു രൂപ ആരെങ്കിലും തരുന്നതുപോലും ഇല്ലാതാക്കുന്ന പരിപാടിയാണ്. സോറി പറഞ്ഞാല്‍ തീരുന്നതാണോ ആ തെറ്റ്? ഈ രാജ്യത്തോടും സമൂഹത്തോടും ചെയ്ത അങ്ങേയറ്റത്തെ തെറ്റായേ കാണാന്‍ കഴിയുകയുള്ളൂ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക