ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാനാകുമോ?

എന്തൊക്കെയാണ് ഈ ആശയത്തിന് അനുകൂലമായും എതിരായും ഉയരുന്ന വാദഗതികള്‍?
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാനാകുമോ?
Anupam Nath
Published on
Updated on

രു പരമാധികാര രാഷ്ട്രത്തില്‍ പൊതുജനത്തിനു ജനാധിപത്യം ആഘോഷിക്കാന്‍ ലഭിക്കുന്ന സന്ദര്‍ഭമാണ് തെരഞ്ഞെടുപ്പുകള്‍ എന്നു പറയാറുണ്ട്. തീര്‍ച്ചയായും ചെലവ് കൂടിയ ഒരു ഏര്‍പ്പാടുതന്നെ. ചെലവ് കൂടിയ ഒരു സംവിധാനം എന്നതിനെക്കാള്‍ തെരഞ്ഞെടുപ്പിനു നാം പ്രാധാന്യം കൊടുക്കുന്നതിനുള്ള കാരണം അത് പൗരനു ഭരണഘടന നല്‍കിയ പരമപ്രധാനമായ ഒരവകാശം ആചരിക്കുന്നതിനുള്ള മുഹൂര്‍ത്തമാണ് എന്നതാണ്. മര്‍മ്മവിദ്യയിലെ നിര്‍ണ്ണായകമായ ഒരു അടവുപോലെ അത് ജനത്തിന്റെ നിര്‍ണ്ണായകമായ ഒരു നീക്കത്തിനായി ഒരുക്കപ്പെടുന്ന സന്ദര്‍ഭമാണ്. ജനേച്ഛയെ മാനിക്കാത്തവരെ അടക്കി ഒരു മൂലയ്ക്കിരുത്താനും അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവരെ ചുമതലകളേല്പിച്ച് സ്ഥാനങ്ങളിലിരുത്താനും സാധാരണ മനുഷ്യര്‍ക്കു കിട്ടുന്ന ഒരു അവസരം. നിത്യജീവിതത്തിന്റെ ബദ്ധപ്പാടുകള്‍ക്കിടയിലും പ്രയാസങ്ങള്‍ക്കിടയിലും രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കിടയില്‍ സദാ ഇടപെട്ടുകൊണ്ടിരിക്കാന്‍ സാധാരണ മനുഷ്യര്‍ക്ക് കഴിയാറില്ല. എന്നാല്‍, തെരഞ്ഞെടുപ്പുകള്‍ ഇത്തരം ഇടപെടലുകള്‍ക്ക് അവസരം നല്‍കുന്നു. വലിയ വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ രാജ്യത്തെ പൗരന്മാര്‍ തീര്‍പ്പുകല്‍പ്പിക്കുന്നു. രാഷ്ട്രത്തിന്റെ പരമാധികാരം എന്നാല്‍, ജനങ്ങളുടെ പരമാധികാരം എന്ന് അര്‍ത്ഥമാകുന്നത് അങ്ങനെയാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പ് ചെലവ് ഒരു ഉല്‍ക്കണ്ഠയായിട്ട് ഭരണത്തിന്റെ ഒരു ശ്രേണിയിലും അനുഭവപ്പെടാറില്ല. എന്നാല്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം ഉന്നയിക്കപ്പെടുന്നതിനുള്ള മുഖ്യയുക്തി തന്നെ തെരഞ്ഞെടുപ്പ് ചെലവ് എന്നതാണ്. ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടേയും മുന്നണിയുടേയും തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി ഈ ആശയം മുന്നോട്ടുവെയ്ക്കപ്പെടുന്നത് 2019-ലാണ്. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പു ചെലവുകള്‍ ചുരുക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് നടപ്പാക്കാന്‍ ഇപ്പോള്‍ യൂണിയന്‍ ഗവണ്‍മെന്റ് ഒരുമ്പെടുന്നത്? എന്തൊക്കെയാണ് ഈ ആശയത്തിന് അനുകൂലമായും എതിരായും ഉയരുന്ന വാദഗതികള്‍?

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കുന്നതിനുള്ള യൂണിയന്‍ ഗവണ്‍മെന്റിന്റെ നിർദ്ദേശത്തെക്കുറിച്ച് പഠിക്കുന്നതിനു മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ ഒരു പാനലിനെ ഗവണ്‍മെന്റ് നിയോഗിച്ചിരുന്നു

ചെലവു ചുരുക്കുലിന് പരിഷ്കാരം

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ ലക്ഷ്യമിടുന്ന ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്ക് 2024 സെപ്തംബര്‍ 18-നാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരമാകുന്നത്. തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കുന്നതിനും ഭരണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും എന്ന വാദമുയര്‍ത്തിയാണ് ഈയൊരു സംവിധാനം നിലവില്‍ വരുന്നതിനെ ഗവണ്‍മെന്റ് അനുകൂലിക്കുന്നത്. എന്നാല്‍, രാജ്യത്തെമ്പാടും ഈ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുക എന്ന ആശയം നടപ്പാക്കുന്നതിനു നിരവധി വെല്ലുവിളികളുണ്ട്. അവയില്‍ ഭരണഘടനാ ഭേദഗതികൾ, ലോജിസ്റ്റിക് പ്രശ്നങ്ങൾ, പ്രാദേശിക പ്രാതിനിധ്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ എതിർപ്പുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കുന്നതിനുള്ള യൂണിയന്‍ ഗവണ്‍മെന്റിന്റെ നിർദ്ദേശത്തെക്കുറിച്ച് പഠിക്കുന്നതിനു മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ ഒരു പാനലിനെ ഗവണ്‍മെന്റ് നിയോഗിച്ചിരുന്നു. 191 ദിവസമെടുത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിനു സെപ്തംബര്‍ 18-നാണ് യൂണിയന്‍ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയത്. രാജ്യത്ത് ഒരേസമയം നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ നടത്തണമെന്ന നിർദ്ദേശം നടപ്പാക്കാനാണ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് രാം നാഥ് കോവിന്ദ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍, 39 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ തേടി. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദ്ദേശം നടപ്പാക്കേണ്ടതാണെന്ന് പാനലിനു ബോദ്ധ്യപ്പെട്ടിട്ടുണ്ടെങ്കിലും കാലാകാലങ്ങളില്‍ നടക്കുന്ന വ്യത്യസ്ത തലങ്ങളിലുള്ള തെരഞ്ഞെടുപ്പുകളെ ഏകകാലികമാക്കി പുന:ക്രമീകരിക്കുന്നതിനു സുസ്ഥിരവും നിയമപരവുമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2023 സെപ്തംബറിലാണ് കോവിന്ദ് പാനലിനു രൂപമാകുന്നത്. മാര്‍ച്ചില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ സമിതി രാജ്യത്ത് ഒരേസമയം വോട്ടെടുപ്പ് വേണമെന്ന ആശയം ഐകകണ്ഠ്യേന അംഗീകരിച്ചുവെന്നും പറയുന്നുണ്ട്. പൊതുജനങ്ങളില്‍നിന്നും 21,000-ത്തിലധികം നിർദ്ദേശങ്ങളാണ് ഇക്കാര്യത്തില്‍ ലഭിച്ചത്. മൊത്തം നിർദ്ദേശങ്ങളിൽ, ഏകദേശം 81 ശതമാനം പേർ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്ക് അനുകൂല നിലപാടെടുത്തുവെന്നും യൂണിയന്‍ ഗവണ്‍മെന്റ് അവകാശപ്പെടുന്നു.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദ്ദേശം എന്തുകൊണ്ടാണ് യൂണിയന്‍ ഗവണ്‍മെന്റ് മുന്നോട്ടുവെയ്ക്കുന്നതെന്ന് രാംനാഥ് കോവിന്ദ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത് സംബന്ധിച്ച് അറിയിക്കുന്ന സന്ദര്‍ഭത്തില്‍ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് വിശദീകരിച്ചത്. എന്തെല്ലാം വെല്ലുവിളികളാണ് ഈ ആശയം നടപ്പാക്കുന്ന വേളയില്‍ ഉയര്‍ന്നുവരാവുന്നത് എന്നതു സംബന്ധിച്ച് അപ്പോള്‍ പരാമർശിക്കുകയും ചെയ്തു. 2019-ലെ ബി.ജെ.പിയുടെ പ്രകടനപത്രികയിലെ നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിർദ്ദേശം. ഈ സംവിധാനത്തിന് ഇപ്പോഴും നിരവധി വെല്ലുവിളികളുണ്ട്. ഈ വെല്ലുവിളികൾ ആശയപരവും സാമ്പത്തികവും ഭരണഘടനാപരവും ലോജിസ്റ്റിക്കലും കൂടിയാണ്. ഇന്ത്യപോലെ ഭൂപ്രകൃതിയിലും സംസ്കാരത്തിലും വൈവിദ്ധ്യപൂര്‍ണ്ണമായ, വിശാലമായ ഒരു രാജ്യത്ത് ഇങ്ങനെയൊരു നിർദ്ദേശം നടപ്പാക്കാന്‍ വലിയ പ്രയത്നം ആവശ്യമായി വരുമെന്നത് ഉറപ്പാണ്.

അര്‍ജുന്‍ റാം മേഘ്‍വാള്‍ പാർലമെന്റില്‍ പറഞ്ഞത് ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതുകൊണ്ടുള്ള മുഖ്യനേട്ടം സാമ്പത്തികലാഭം എന്നതാണ്. ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന പദ്ധതി യഥാർത്ഥത്തിൽ ഓരോ വർഷവും സുരക്ഷാസേനയേയും തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥരേയും വിന്യസിക്കുന്നതിനുള്ള ചെലവില്‍ ഗണ്യമായ കുറവ് സാദ്ധ്യമാക്കുന്നുണ്ട്. ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിധ പ്രദേശങ്ങളിലായി 3.4 ലക്ഷം കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരേയാണ് വിന്യസിക്കേണ്ടിവന്നത്. ആകെ 1.35 ലക്ഷം കോടി ചെലവാക്കേണ്ടിവരികയും ചെയ്തു. ഇതിനു പുറമേയാണ് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചരണച്ചെലവ്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പായാല്‍ ഓരോ രാഷ്ട്രീയ പാർട്ടിയും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ചെലവിടുന്നതിനുള്ള തുകയിലും കാര്യമായ കുറവുവരുമെന്ന് യൂണിയന്‍ ഗവണ്‍മെന്റ് അവകാശപ്പെടുന്നു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉന്നതസമിതി റിപ്പോര്‍ട്ട് അധ്യക്ഷന്‍  റാംനാഥ് കോവിന്ദ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നല്‍കുന്നു
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉന്നതസമിതി റിപ്പോര്‍ട്ട് അധ്യക്ഷന്‍ റാംനാഥ് കോവിന്ദ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നല്‍കുന്നു

ഉത്പാദനപരമല്ലാത്ത തെരഞ്ഞെടുപ്പുകള്‍

ഗവണ്‍മെന്റുകള്‍ ക്ഷേമത്തിനും പൊതുജനസേവനത്തിനുമായി പണം ചെലവിടുന്നത് ഉല്പാദനപരമല്ലെന്നും അത്തരത്തിലുണ്ടാകുന്ന ചെലവുകള്‍ കുറച്ചുകുറച്ചുകൊണ്ടുവരണമെന്നും സേവനരംഗം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കണമെന്നുമൊക്കെയുള്ള ധനകാര്യയുക്തിയാണ് നവലിബറലിസം മുന്നോട്ടുവെയ്ക്കുന്നത്. ’90-കള്‍ മുതല്‍ മാറിമാറിവരുന്ന ഗവണ്‍മെന്റുകള്‍ രാജ്യത്തു ഇത് നടപ്പാക്കിവരുന്നു. ഇതോടെ ക്രമസമാധാനം, ആഭ്യന്തരസുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലൊതുങ്ങണം ഗവണ്‍മെന്റിന്റെ ഇടപെടലുകളും ചുമതലകളും എന്ന കാഴ്ചപ്പാട് വ്യാപകമാകുകയും ഭരണസംവിധാനത്തില്‍ ഇതിനനുസൃതമായി ഒരഴിച്ചുപണി അനിവാര്യമാണ് എന്ന വാദമുയരുകുയും ചെയ്തു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ പലപ്പോഴായി നിയമനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി എക്സിക്യൂട്ടീവ് ശ്രേണികള്‍ ഇതിന് അനുസൃതമായി പുന: ക്രമീകരിക്കാന്‍ മുതിര്‍ന്നിട്ടുണ്ട്. സൂക്ഷ്മപരിശോധനയില്‍ മോദിയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ ഗവണ്‍മെന്റ് അഗ്നിവീര്‍ പദ്ധതി മുഖേനയും ഇപ്പോള്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യം നടപ്പാക്കാന്‍ ശ്രമിക്കുന്നതു വഴിയും ഒന്നാമതായി മുന്നോട്ടുവെയ്ക്കുന്നത് ഈ ധനകാര്യയുക്തിയാണ് എന്നുവേണം പറയാന്‍. രാജ്യസുരക്ഷയും ജനാധിപത്യവുമൊക്കെ ആ യുക്തിക്കു മുന്‍പാകെ അനാവശ്യച്ചെലവുകളായി വിലയിരുത്തപ്പെടുന്നു.

യഥാര്‍ത്ഥത്തില്‍, ഒരേസമയം തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യ സ്വതന്ത്രമായപ്പോൾ നാം ഉണ്ടാക്കിയ ഭരണഘടനാ പദ്ധതിയുടെ ഭാഗമായിട്ടേ വന്നിട്ടില്ല. ഈ ഭരണഘടനാ പദ്ധതിയാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടന തീരുമാനിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുള്ളത്. ഭരണഘടനാ അസംബ്ലി ഭരണഘടനയുടെ അടിയന്തര വ്യവസ്ഥകളിന്മേല്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകളെ പിരിച്ചുവിടാനുള്ള അധികാരം ഇന്ത്യൻ രാഷ്ട്രപതിക്കു നൽകുന്ന അസാധാരണമായ അധികാരങ്ങൾ ചർച്ച ചെയ്തപ്പോഴും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പരാമര്‍ശമേ ഉണ്ടായിട്ടില്ല.

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തണമെന്നല്ല, യഥാസമയം തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ഭരണഘടനാ നിര്‍ദ്ദേശം. അഞ്ചുവര്‍ഷമാണ് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിസഭകളുടെ കാലാവധി. ഭരണഘടനയിൽ നിർദ്ദേശിക്കുന്ന കാരണങ്ങളാൽ കാലാവധി പൂര്‍ത്തീകരിക്കാതേയും സഭ പിരിച്ചുവിടാം. അത്തരത്തില്‍ പിരിച്ചുവിടപ്പെട്ടാല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുകയും പുതിയ സഭ രൂപീകരിക്കുകയും വേണ്ടതാണ്. ചിലപ്പോള്‍ ലോക്‌സഭതന്നെ പിരിച്ചുവിടേണ്ടതായ അവസ്ഥയുണ്ടാകാം. അങ്ങനെ ഉണ്ടായിട്ടുണ്ട്. അപ്പോഴും ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവരും. അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന പുതിയ സഭയുടെ കാലാവധിയും അഞ്ചു വർഷമാണ്. എന്തായാലും 1950-ൽ ഒരു റിപ്പബ്ലിക്ക് എന്ന നിലയിലേയ്ക്ക് വേണ്ടത്ര വളര്‍ന്നിട്ടില്ലാത്ത കാലത്തുപോലും ‘ഒരേസമയം തെരഞ്ഞെടുപ്പ’ എന്ന ആശയം യുക്തിസഹമോ വിവേകപൂർണ്ണമോ നമ്മുടെ ജനാധിപത്യഘടനയുമായി പൊരുത്തപ്പെടുന്നതോ ആയി തോന്നിയില്ലെന്നു ന്യായമായും പറയാം. ഒരേസമയം തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നത് സംബന്ധിച്ച് ഗൗരവമായ ആലോചനകള്‍ നടക്കുന്നു എന്നതിനു ആദ്യ സൂചനകൾ 2017-ലെ റിപ്പബ്ലിക് ദിനത്തലേന്ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി നടത്തിയ പ്രസംഗത്തിൽനിന്നാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനുവേണ്ടി സംസാരിച്ച മുഖര്‍ജി “തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള ക്രിയാത്മക സംവാദം” വേണമെന്നും “സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ ദശകങ്ങളിൽ നിലവിലുണ്ടായിരുന്ന ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ എന്ന സമ്പ്രദായത്തിലേക്കു തിരിച്ചുപോകണം” എന്നും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, “രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിനു വിപരീതമായി, പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള രണ്ടാം ഗവണ്‍മെന്റ് തെരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് ഈ അധികാരം തട്ടിയെടുക്കുകയും പ്രശ്നം പരിശോധിക്കാൻ ഒരു ഉന്നതതല സമിതിയെ നിയമിക്കുകയുമാണ് ഉണ്ടായത്. ഇതോടെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്ന ആശയം തന്നെ അപകടത്തിലായിരിക്കുകയാണ് എന്നു പ്രതിപക്ഷപാര്‍ട്ടികളും ഭരണഘടനാവിദഗ്ദ്ധരും ആരോപിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍, ഗവൺമെന്റ് രൂപീകരിച്ച ഒരു കമ്മിറ്റിക്കാണ് രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അടിസ്ഥാന കാര്യങ്ങൾ പരിഷ്കരിക്കാനുള്ള അധികാരം നല്‍കപ്പെട്ടിട്ടുള്ളത് എന്നത് ഉല്‍ക്കണ്ഠാജനകമാണ്.

Dar Yasin

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാത്തിനു പ്രഹരമേല്പിക്കലാകും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നത്. പാർലമെന്ററി ജനാധിപത്യത്തെ കുഴിച്ചുമൂടി പ്രസിഡൻഷ്യൽ രീതിയിലേക്കുള്ള പരിവർത്തനത്തിന്റെ തുടക്കമാണ് ‘ഒരു രാഷ്ടം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം. ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന ഒരു ജനാധിപത്യത്തിൽ ഈ ആശയം എത്ര വേഗത്തിൽ ഉപേക്ഷിക്കപ്പെടുന്നുവോ അത്രയും നല്ലതെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം മുഖപ്രസംഗമെഴുതിയത്. ഒരു ദേശരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യന്‍ റിപ്പബ്ലിക് സ്ഥാപിക്കപ്പെടുമ്പോള്‍ ഉണ്ടായ കാഴ്ചപ്പാടിന് എതിരാണ് ഇതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാർലമെന്ററി ഫെഡറൽ സംവിധാനങ്ങൾക്ക് വിരുദ്ധമാണ് പ്രസിഡന്‍ഷ്യല്‍, യൂണിറ്ററി സങ്കല്പങ്ങള്‍. ഗവൺമെന്റുകളില്‍ തെരഞ്ഞെടുത്ത പ്രതിനിധികളാല്‍ അര്‍പ്പിക്കപ്പെട്ട ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുമ്പോഴെല്ലാം തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പു ചെലവുകളുടെ പേരില്‍ കലണ്ടര്‍ നിശ്ചയിക്കാന്‍ മുതിരുന്നത് ജനാധികാരത്തെ അട്ടിമറിക്കലാണ്. ഒരു ഫെഡറല്‍ സംവിധാനത്തില്‍ സംവിധാനത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് ഇടങ്ങളാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഭരണഘടനാപരമായി ഇരുകൂട്ടര്‍ക്കും കൃത്യമായ അധികാരപരിധിയും ഇടപെടലുകള്‍ക്കുള്ള അവകാശങ്ങളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഒരുമിച്ചല്ല, സമാന്തരമായാണ് നടക്കുക. ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന പക്ഷം പ്രാദേശികാധികാരങ്ങളും പ്രാദേശിക പ്രശ്നങ്ങളും പ്രാദേശികത തന്നെയും അവഗണിക്കപ്പെടുകയും കേന്ദ്രവുമായി ബന്ധപ്പെട്ടുയരുന്ന സംവാദങ്ങള്‍ക്കു മേല്‍ക്കൈ ഉണ്ടാകുകയും ചെയ്യും. ഒരേ സമയം തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുക പൊതുസംവാദത്തിന്റെ ഈ ഫെഡറൽ സ്വഭാവമാണ്.

1967 വരെ ഒരേസമയം തെരഞ്ഞെടുപ്പ് നടന്നിരുന്നു; ഇപ്പോഴെന്തുകൊണ്ട് ആയിക്കൂടാ എന്നതാണ് ഈ ആശയത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന ഒരു വാദം. ഇത് വാസ്തവവിരുദ്ധമാണ്. കേരളം തന്നെ ഉദാഹരണം. 1957-ൽ ലോക്‌സഭയ്ക്കൊപ്പമാണ് സംസ്ഥാന നിയമസഭയിലേയ്ക്കും വോട്ടെടുപ്പ്‌ നടക്കുന്നത്. വിമോചനസമര കോലാഹലങ്ങളെ മുന്‍നിര്‍ത്തി കേന്ദ്രം 356-ാം വകുപ്പ് പ്രയോഗിച്ചു. 1959-ല്‍ മന്ത്രിസഭ പിരിച്ചുവിട്ടു. എന്നാല്‍, ലോക്‌സഭ അഞ്ചുവർഷം പൂർത്തിയാക്കി. ഒരുമിച്ച് തെരഞ്ഞെടുപ്പുകളാകാം എന്ന ആശയം ആര്‍ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അന്നേ അതു നടന്നില്ല. 1960-ൽത്തന്നെ നിയമസഭയിലേയ്ക്ക് വീണ്ടും തെരഞ്ഞെടുപ്പു നടത്തേണ്ടിവന്നു. ഭരണഘടനാപരമായ നിര്‍ബ്ബന്ധിതാവസ്ഥകളായിരുന്നു കാരണം. ആ സഭ അഞ്ചുവർഷം പൂർത്തിയാക്കുന്നത് 1965-ലാണ്. എന്നാല്‍, അടുത്ത ലോക്‌സഭാ വോട്ടെടുപ്പ് നടക്കണമെങ്കില്‍ രണ്ടു വർഷം കൂടി കാത്തിരിക്കണമായിരുന്നു. 1965-ൽ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുപ്പുണ്ടായി. ആർക്കും മന്ത്രിസഭയുണ്ടാക്കാനായില്ല. അതിനാല്‍ നിയമസഭ പിരിച്ചുവിടേണ്ടിവന്നു. 1967-ൽ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പു നടന്നു. സപ്തകക്ഷി മുന്നണി കേരളത്തില്‍ മന്ത്രിസഭ രൂപീകരിച്ചു. 32 മാസത്തെ ഭരണത്തിനുശേഷം മന്ത്രിസഭ വീണു. അങ്ങനെ നിയമസഭ നാലാം വർഷം പിരിച്ചുവിട്ടു. 1970-ല്‍ സംസ്ഥാന നിയമസഭയിലേക്കു തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ലോകസഭയിലേക്ക് പിന്നീട് തെരഞ്ഞെടുപ്പ് നടക്കുന്നത് 1971-ലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com