
കേന്ദ്ര സര്‍ക്കാര്‍ രണ്ടുവട്ടം ആര്‍. മനോഹരനെ പിരിച്ചുവിട്ടത് കമ്യൂണിസ്റ്റാണെന്നതുകൊണ്ടാണ്. കമ്യൂണിസ്റ്റു പാര്‍ട്ടി രണ്ടുവട്ടം മാറ്റിനിര്‍ത്തിയത് ചെയ്യാത്ത തെറ്റിനും ആരോ ആരുടേയോ പ്രസ്സില്‍ അച്ചടിച്ച പാര്‍ട്ടിവിരുദ്ധ നോട്ടീസിന്റെ പാപഭാരം ചുമത്തിയും. ഇതാണ് അഡ്വ. ആര്‍. മനോഹരന്‍ എന്ന 76 കഴിഞ്ഞ കായംകുളംകാരന്റെ ജീവിതകഥയുടെ ഒറ്റവരി. കഥ കഴിഞ്ഞിട്ടില്ല. ആലപ്പുഴ ജില്ലയില്‍ കായംകുളത്ത് കൃഷ്ണപുരം പഞ്ചായത്ത് ഒന്നാംവാര്‍ഡിലാണ് പത്ത് വര്‍ഷം മുന്‍പ് പ്രാക്ടീസ് നിര്‍ത്തിയ ഈ അഭിഭാഷകനുള്ളത്. മുന്‍ പ്രവാസി, മുന്‍ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥന്‍, മുന്‍ സൈനികന്‍. പക്ഷേ, മുന്‍ കമ്യൂണിസ്റ്റല്ല; 20 വയസ്സില്‍ ഡല്‍ഹിയില്‍ സൈനികനാകുന്നതിനു മുന്‍പേ കമ്യൂണിസ്റ്റുകാരനായിരുന്നു, ഇന്നും അതെ. പാര്‍ട്ടിയിലില്ല, പ്രസ്ഥാനത്തിലുണ്ട്; പ്രകടനങ്ങളില്‍ ഇല്ല, ജീവിതത്തിലുണ്ട്; വാക്കിലും നോക്കിലുമുണ്ട്.
2024 ഓഗസ്റ്റ് 14-ന് കാസര്‍കോട് തലപ്പാടിയില്‍നിന്നു തുടങ്ങി നവംബര്‍ 14-ന് തിരുവനന്തപുരം കളിയിക്കാവിളയില്‍ അവസാനിച്ച 89 ദിവസത്തെ 1067 കിലോമീറ്റര്‍ നടപ്പ് കേരളം കണ്ടതാണ്; കുറേയൊക്കെ കണ്ടില്ലെന്നു നടിച്ചതുമാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ പിരിച്ചുവിടപ്പെട്ട കേന്ദ്ര സര്‍വീസ് ജീവനക്കാരെ പുനരധിവസിപ്പിക്കുക എന്നതായിരുന്നു ആ നടപ്പിന്റെ മുദ്രാവാക്യം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലൂടെയും കടന്നുവന്നു.
സമ്പത്തും പ്രതാപവുമൊക്കെ കയ്യെത്തും ദൂരെയുണ്ടായിരുന്നിട്ടും മനോഹരന്റെ ജീവിതത്തുടക്കവും തുടര്‍ച്ചയും മിക്കപ്പോഴും മനോഹരമായിരുന്നില്ല. സങ്കടക്കാലങ്ങളെക്കുറിച്ചെല്ലാം പതറാതേയും മനക്കരുത്തോടേയും പറയാന്‍ കഴിയുന്ന 76-ന്റെ പ്രസരിപ്പില്‍ അദ്ദേഹം പറയുന്ന ഓരോ വാക്കും സത്യസന്ധം. അതു കേള്‍ക്കുമ്പോഴറിയാം. കാലം മിടിക്കുന്ന ജീവിതമാണിത്.
അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കൃഷ്ണപുരം ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു അച്ഛന്‍ കുമ്പളത്തു രാമകൃഷ്ണപ്പിള്ള. ഡ്രോയിംഗും ഡ്രില്ലും പഠിപ്പിച്ചിരുന്ന അദ്ധ്യാപകനായിരുന്നു. പഴയ ഒരു നായര്‍ തറവാടിന്റെ തുടര്‍ച്ചയിലായിരുന്നു ഞങ്ങളുടെ കുടുംബം. അച്ഛന്‍ ആദ്യകാലത്തു തന്നെ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ആകൃഷ്ടനായി. ഒരുപക്ഷേ, പുതുപ്പള്ളി രാഘവന്‍ അതിനു നിമിത്തമായിട്ടുണ്ട്. അവര്‍ ഒരുമിച്ചു പഠിച്ചതാണ്. പുതുപ്പള്ളി രാഘവനും ഞങ്ങളുടെ വീടുമായി വലിയ ബന്ധമായിരുന്നു. ജന്മിത്തത്തിനെതിരായ സമരം ഞങ്ങളുടെ പ്രദേശത്തും നടന്നു. അതിലൂടെയാണ് അച്ഛന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയിലേയ്ക്ക് കടന്നത്. അതിനുമുന്‍പുതന്നെ, കായംകുളത്ത് പ്രസിദ്ധമായ നാവികസമരം, ജന്മിത്തത്തിനെതിരായ സമരം, നാടുവാഴിത്തത്തിനെതിരായ സമരം, അതിന്റെ തുടര്‍ച്ചയില്‍ കുടികിടപ്പു സമരങ്ങള്‍ വരെ ഉണ്ടായി. അച്ഛന്റെ 96 സെന്റ് സ്ഥലത്ത് നാല് കുടികിടപ്പുകാര്‍ ഉണ്ടായിരുന്നു. കുടികിടപ്പുകാരുടെ ഭൂമിയുടെ അവകാശം അവര്‍ക്കു നല്‍കിയ പ്രഖ്യാപനം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസം അവിടെ 13 വീടുകള്‍ വന്നു. ഞങ്ങള്‍ പിന്നെ അങ്ങോട്ടു പോയിട്ടില്ല. വേറെയുമുണ്ട് അങ്ങനെ. അതൊക്കെ ചെയ്യാനുള്ള മനസ്സ് അച്ഛനുണ്ടായിരുന്നു.
ആ കാലഘട്ടത്തിന്റേതായ കുറവുകളും അച്ഛനുണ്ടായിരുന്നു. പറയാതിരിക്കാന്‍ കഴിയില്ല. അന്ന് പ്രധാനമായും കാരണവന്മാരാണ് തറവാടുകള്‍ ഭരിച്ചിരുന്നത്. മരുമക്കത്തായത്തില്‍ കാരണവന്മാര്‍ക്കായിരുന്നല്ലോ സ്ഥാനം. വീട്ടിലേയ്ക്ക് വധുവായി വരുന്ന സ്ത്രീകളെയൊക്കെ യഥാര്‍ത്ഥത്തില്‍ സ്വത്തുമായി ബന്ധപ്പെട്ട് അപ്പച്ചി, അച്ഛന്റെ പെങ്ങള്‍ ഇവിടുന്നങ്ങ് പറഞ്ഞുവിടുമായിരുന്നു. ഒരാള്‍ ഇവിടുന്ന് അങ്ങനെ പോയിക്കഴിഞ്ഞാല്‍ അവരുടെ കുറേ സ്വത്തുക്കള്‍ അപ്പച്ചിയുടെ മക്കളില്‍ ആരുടെയെങ്കിലും പേര്‍ക്ക് മാറ്റും. അങ്ങനെ അച്ഛന് അഞ്ച് കല്ല്യാണം കഴിക്കേണ്ടിവന്നു. അഞ്ചാമത്തെ കല്ല്യാണത്തിലെ മൂത്ത മകനാണ് ഞാന്‍. ആദ്യത്തെ കല്ല്യാണത്തിലെ മകള്‍ രാജമ്മക്കുഞ്ഞമ്മ; അവരുടെ കൊച്ചുമകനാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ മനു ബാലചന്ദ്രന്‍. അതായത് എന്റെ മൂത്ത സഹോദരിയുടെ മകന്‍ ഡോ. ബാലചന്ദ്രന്റെ മകന്‍.
അനാഥത്വത്തിന്റെ കാലം
എന്റെ അമ്മയേയും ഇവിടുന്ന് ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നു. അതില്‍ ഏറ്റവും ദുഃഖകരമായ ചില സന്ദര്‍ഭങ്ങളുണ്ട്: എന്നെ എട്ടുമാസം ഗര്‍ഭിണി ആയിരിക്കുമ്പോള്‍ അമ്മയ്ക്കു വിഷം കൊടുക്കാന്‍ അച്ഛന്റെ ബന്ധുക്കള്‍ തീരുമാനിച്ചു. അച്ഛന്റെ ഒരു അനിയത്തി, അതായത് ടി.പി. ശ്രീനിവാസന്റെ അമ്മാവി, അവര്‍ ഇതു മനസ്സിലാക്കി വെളുപ്പാന്‍കാലത്ത് വന്ന് അമ്മയെ ഇവിടുന്ന് കൂട്ടിക്കൊണ്ടുപോയി. എന്നെ പ്രസവിച്ചതിനുശേഷം പോലും അച്ഛന്‍ കാണാന്‍ വന്നില്ല. എനിക്ക് ഒരു വയസ്സായപ്പോഴാണ് കാണാന്‍ വരുന്നത്. അപ്പച്ചിക്ക് അങ്ങനെയൊരു സ്വാധീനമാണ് അച്ഛനില്‍ ഉണ്ടായിരുന്നത്. ആ പശ്ചാത്തലത്തില്‍ അമ്മ ഒരുപാട് പീഡനങ്ങള്‍ക്കു വിധേയയായി. എനിക്ക് ഏഴു വയസ്സുള്ളപ്പോള്‍ അമ്മയ്ക്ക് മാനസികരോഗം വന്നു. അന്നു മാനസികരോഗം വന്നാല്‍ 'നടതള്ളുക' എന്നതാണ്. അമ്മയെ നേരെ തിരുവനന്തപുരത്ത് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. ഞാനപ്പോള്‍ ഒന്നാം ക്ലാസിലാണ്. പത്തില്‍ പഠിക്കുമ്പോള്‍ അവിടെനിന്ന് ഒരു കത്ത് വന്നു, പോസ്റ്റ് കാര്‍ഡില്‍. പങ്കജാക്ഷിയമ്മയുടെ നില ഗുരുതരമാണ്, ഒന്നുകില്‍ വന്നു കൂട്ടിക്കൊണ്ടു പോകണം. അല്ലെങ്കില്‍ ഇവിടെത്തന്നെ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനാവശ്യമായ സമ്മതപത്രം തരണം. സുഹൃത്തായ പഞ്ചായത്ത് മെമ്പര്‍ പണിക്കവീട്ടില്‍ കുമാരനേയും കൂട്ടി, അദ്ദേഹത്തിന്റെ ഹെറാള്‍ഡ് കാറില്‍ മറ്റു സഖാക്കളുമായി അച്ഛന്‍ തിരുവനന്തപുരത്തു ചെന്ന് അമ്മയെ കൂട്ടിക്കൊണ്ടു വന്നു. ഇതിനിടയില്‍ അച്ഛന്‍ ഊളമ്പാറയില്‍ പോയിട്ടുണ്ടോ, അമ്മയെ കണ്ടിരുന്നോ എന്നറിയില്ല. എന്റെ ഓര്‍മയിലുള്ളത് ഈ സംഭവമാണ്. എന്റെ അനാഥത്വത്തിന്റെ കാലമായിരുന്നു അത്.
അമ്മയെ കൊണ്ടുവന്ന്, വീടിന്റെ മുന്നില്‍ പായയില്‍ വെള്ള വിരിച്ച് അതില്‍ കിടത്തുകയാണ് ചെയ്തത്. അമ്മേടെ പല്ലുകളൊക്കെ പൊങ്ങിനിന്നിരുന്നു, കണ്ണുകളൊക്കെ വല്ലാതായി. മരിച്ചുകൊണ്ടിരിക്കുന്ന ഒരാളെ കൊണ്ടുവന്ന് ഇറക്കുന്നതുപോലെയായിരുന്നു. 1964-ലാണ്. അച്ഛന്റെ അടുത്ത സുഹൃത്ത് കൂടിയായ കൊച്ചേപ്പ് കണിയാര്‍ വീട്ടില്‍ വന്ന് അച്ഛനോട് ചോദിച്ചു, ഞാനൊന്നു നോക്കിക്കോട്ടെ? (ഞാന്‍ എന്നല്ല, അടിയന്‍ എന്നാണ്. അച്ഛന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയിലൊക്കെയാണെങ്കിലും തമ്പുരാനേ എന്നു വിളിക്കുന്നവര്‍ അപ്പോഴും ഉണ്ടായിരുന്നു). അച്ഛന്‍ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. രാത്രിയാണ്. അദ്ദേഹം പുറത്തിറങ്ങി അവിടുത്തെ ആളുകളോട് ചോദിച്ചു, നാളെ രാവിലെയാകുമ്പോഴേയ്ക്ക് എനിക്കിവിടെ ഒരു കുളം വെട്ടിത്തരാന്‍ നിങ്ങള്‍ക്കു പറ്റുമോ? 'തന്‍വെള്ളം' വേണം. അവര്‍ കുറേയാളുകളെക്കൂടി കൂട്ടി, പെട്രോമാക്‌സൊക്കെ കൊണ്ടുവച്ച് കുളം കുഴിച്ചു. അതിനുനേരെ പടിഞ്ഞാട്ട് ചെറിയ പന്തലുണ്ടാക്കി അമ്മയെ അങ്ങോട്ടാക്കി ധാര തുടങ്ങി. 41 ദിവസത്തെ ധാരയ്ക്കുശേഷം ഉത്സവംപോലെയാണ് പന്തല്‍ പൊളിച്ചത്. അമ്മയ്ക്കുണ്ടായ മാറ്റം വളരെ വലുതായിരുന്നു. ഒരു 20 കിലോയില്‍ താഴെ തൂക്കമുണ്ടായിരുന്ന ആള്‍ 50 കിലോയ്ക്കു മുകളിലായി. അമ്മയെ രക്ഷപ്പെടുത്തി. 41 കഴിഞ്ഞപ്പോഴും ചില മാനസിക പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും അമ്മ രൂപവതിയായിരുന്നു.
അതിനു മുന്‍പ്, ആദ്യഘട്ടത്തില്‍ മാനസികരോഗം മൂര്‍ഛിച്ച് അമ്മ ഇവിടുന്ന് ഇറങ്ങിപ്പോയി, ഊളമ്പാറയിലേയ്ക്ക് മാറ്റുന്നതിനും മുന്‍പ്. രാജപ്പന്‍ ചെട്ടിയാര്‍ എന്ന സി.പി.ഐ പ്രവര്‍ത്തകനായ ഒരു അദ്ധ്യാപകനുണ്ടായിരുന്നു ഇവിടെ. കലാകാരനും വായനശാലാ സെക്രട്ടറിയുമൊക്കെയായിരുന്നു. നാടകനടന്‍; നല്ല ഭംഗിയായി ചൂളംകുത്തും. വേറെ ഒരു ഭാഗവതരുണ്ടായിരുന്നു. സംഗീത നാടക അക്കാദമിയുടെ അംഗീകാരമൊക്കെ കിട്ടിയ ആളാണ്. ഇവരെല്ലാം കൂടി രാത്രിയില്‍ പാര്‍ട്ടിയാപ്പീസില്‍ പോയി തിരിച്ചുവരുമ്പോള്‍ ഒരു യുവതി നടന്നു വരുന്നു, ഒരു ലോറി വന്നു നിര്‍ത്തി അവരെ ബലം പ്രയോഗിച്ച് കയറ്റാന്‍ ശ്രമിക്കുന്നു. അപ്പോഴേയ്ക്കും ഈ ആളുകള്‍ ഓടി എത്തി. ഇത് നമ്മുടെ രാമകൃഷ്ണപ്പിള്ള സാറിന്റെ ഭാര്യയല്ലേ എന്നു പറയുമ്പോഴേയ്ക്കും ലോറിയിലുള്ളവര്‍ രക്ഷപ്പെട്ടു.
എന്റെ മനസ്സില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി രൂപപ്പെട്ടതിന്റെ രണ്ടു കാരണങ്ങളാണ് ഇവ. ഈ രക്ഷപ്പെടുത്തലും ഒറ്റരാത്രികൊണ്ട് അവര്‍ കുളം കുത്തിയതും. അതൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു കരുത്താണ്. നേരെ ഇളയ സഹോദരിക്ക് തളര്‍വാതംപോലെ വന്നു. അച്ഛന്റെ വീട്ടുകാര്‍ ഞങ്ങളെയൊക്കെ ശത്രുക്കളായിട്ടാണ് അപ്പോഴും കണ്ടത്. ഞങ്ങളിവിടെനിന്ന് എങ്ങനെയെങ്കിലും പോയാല്‍ മതി എന്നായിരുന്നു അവര്‍ക്ക്. ഇക്കാലത്ത് അതൊക്കെ മാറി. കാലം അതൊക്കെ മാറ്റി. എനിക്കും അവരോട് വൈരാഗ്യമോ ഒന്നുമില്ല. പക്ഷേ, കുട്ടിക്കാലത്തുടനീളം അവരൊക്കെ എന്നെ കാണുമ്പോള്‍ ചോദിക്കുമായിരുന്നു, എടാ, നിന്റമ്മേടെ പ്രാന്ത് മാറിയോ? നിന്റമ്മ ഊളമ്പാറേത്തന്നെ ആണോടാ? ഇത് മാനസികമായി എന്നെ പീഡിപ്പിക്കുകയായിരുന്നു, യഥാര്‍ത്ഥത്തില്‍. ഒറ്റപ്പെടലായിരുന്നു എവിടെയും; സ്‌കൂളിലും നാട്ടിലും ബന്ധുക്കളുടെയടുത്തുമെല്ലാം. രണ്ട് പെങ്ങന്മാരെ അയല്‍പ്പക്കത്തെ രണ്ടു സ്ത്രീകളാണ് നോക്കിയത്. വളര്‍ന്നപ്പോള്‍ ഞാന്‍ എന്റച്ഛന്‍ മുഖേനയുള്ള ബന്ധുക്കളെയൊക്കെ ചേര്‍ത്തുപിടിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്; എനിക്കറിയാവുന്നവരെയൊക്കെ. എന്നെ അടുത്തു വിളിച്ച് പലരെക്കുറിച്ചും അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ട്. ഞാന്‍ അതൊക്കെ മനസ്സിലാവുന്ന ആളാണെന്ന് അച്ഛന്‍ മനസ്സിലാക്കിയതുകൊണ്ടാണത്. എന്റെ അമ്മയെ രക്ഷപ്പെടുത്തിയതും സഹോദരിമാരെ രക്ഷപ്പെടുത്തിയതുമൊക്കെ കമ്യൂണിസ്റ്റു പാര്‍ട്ടിയാണ് എന്നത് എന്റെ മനസ്സിലുണ്ടായിരുന്നു, എല്ലാക്കാലത്തും. അച്ഛന് വലിയ കരുത്തായിരുന്നു പാര്‍ട്ടി. നമ്മുടെ കൂടെയുണ്ട് എന്ന ധൈര്യം. ഞങ്ങളുടെ നാട്ടില്‍, പ്രത്യേകിച്ചും കൃഷ്ണപുരം പഞ്ചായത്തില്‍ അടുത്തകാലം വരെ അങ്ങനെയായിരുന്നു പാര്‍ട്ടി. ഈ പഞ്ചായത്തിലെ പാര്‍ട്ടിയില്‍ ഒറ്റയാളും കള്ള് കുടിക്കില്ല. രാത്രി മുഴുവന്‍ കമ്മിറ്റിയും ചര്‍ച്ചയുമൊക്കെയായി ഏതെങ്കിലും സഖാവിന്റെ വീട്ടില്‍ കൂടിയിട്ട് അന്നു ചര്‍ച്ച ചെയ്തു തീര്‍ന്നില്ലെങ്കില്‍ പിറ്റേന്നും ചര്‍ച്ച ചെയ്യുന്ന കമ്യൂണിസ്റ്റുകാരെയാണ് ഞാന്‍ കണ്ടുവളര്‍ന്നത്. ഈ പ്രദേശത്ത് എന്തു മീറ്റിംഗ് ഉണ്ടെങ്കിലും അച്ഛനായിരിക്കും അധ്യക്ഷന്‍, ഗുരുദേവ ജയന്തി ഉള്‍പ്പെടെ എന്തിനും. അച്ഛന്‍ എന്തെങ്കിലും പ്രസംഗിച്ചു ഞാന്‍ കേട്ടിട്ടില്ല. ആമുഖത്തില്‍ ഞാനൊന്നും പറയുന്നില്ല; എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഉപസംഹാരത്തില്‍ പറഞ്ഞുകൊള്ളാം എന്നു പറയും. പക്ഷേ, ഉപസംഹാരത്തിലൊന്നും പറയാതെ സൗഹാര്‍ദത്തില്‍ അച്ഛന്‍ കമ്മിറ്റി പിരിച്ചുവിടും. അച്ഛനെ എല്ലാവര്‍ക്കും ബഹുമാനമായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് പരിഭവമില്ല
1964-ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍ന്ന ശേഷം സി.പി.എമ്മിലാണ് അച്ഛന്‍ ഉറച്ചുനിന്നത്. പക്ഷേ, പാര്‍ട്ടിയുടെ ഒരു ഘടകത്തിലും പ്രവര്‍ത്തിച്ചില്ല. 1980 ഓഗസ്റ്റ് 21-നാണ് അച്ഛന്‍ മരിക്കുന്നത്. അതുവരെയും പാര്‍ട്ടി മെമ്പറായിരുന്നു. ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പോകാതിരുന്നിട്ടും 1969-ല്‍ അച്ഛനു കഠിനമായ മര്‍ദനമേറ്റു. രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ രാജിവെച്ച ശേഷമുള്ള രാഷ്ട്രപതിഭരണകാലമായിരുന്നു. അന്നത്തെ പ്രശസ്തമായ ട്രാന്‍സ്പോര്‍ട്ട് സമരത്തില്‍ രണ്ടാംകുറ്റി എന്ന സ്ഥലത്ത് തൊഴിലാളികള്‍ റോഡില്‍ തടി പിടിച്ചിട്ടു. അച്ഛന്‍ ഇതൊന്നുമറിയാതെ വീട്ടില്‍ കിടക്കുകയായിരുന്നു. സമരത്തെ നേരിടാന്‍ മധ്യപ്രദേശ് പൊലീസിനെയൊക്കെ ഇറക്കിയിരുന്നു. അവര്‍ ഇവിടെ വന്ന് അച്ഛനെ അറസ്റ്റ് ചെയ്തു. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കുന്നതുവരെ അച്ഛനെ മര്‍ദിച്ചു. അദ്ദേഹം നല്ല കായികാഭ്യാസിയായിരുന്നു. എന്നിട്ടും ആ മര്‍ദനം അച്ഛനെ ബാധിച്ചു. 72-ാം വയസ്സില്‍ മരിച്ചു.
എന്റെ സ്വഭാവരൂപീകരണത്തിലുള്‍പ്പെടെ പാര്‍ട്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്റെ മക്കള്‍ ഇങ്ങനെ സന്തോഷമായി ജീവിക്കുന്നതിലും ഒരുപക്ഷേ, അതിനു പങ്കുണ്ട്.
ജീവിതത്തില്‍ ഞാന്‍ വളരെ സംതൃപ്തനാണ്. എനിക്ക് എല്ലാം കിട്ടി. എനിക്ക് ഒരു പരാതിയുമില്ല. കമ്യൂണിസ്റ്റു പാര്‍ട്ടി എന്നോട് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നൊന്നും ഒരു പരാതിയുമില്ല. ഒരുപാട് തിക്താനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, എനിക്ക് പരാതിയില്ല. ജീവിതത്തെ സംബന്ധിച്ചിടത്തോളം ഒന്ന് അധികം പൂജ്യം സമം ഒന്ന് എന്ന ഒരു സമവാക്യം ഞാന്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഒന്ന് എന്നത് ഒരു പ്രസ്ഥാനമാണ്. അതിനോട് പൂജ്യമായിട്ടുള്ള മനോഹരന്‍ ചേര്‍ന്നുനിന്നപ്പോള്‍ ഒരു ഒന്ന് ഉണ്ടായി. അതൊരു സഖാവ് മനോഹരനാകാം, വക്കീല്‍ മനോഹരനാകാം. ഏതായാലും മനോഹരന്‍ എന്ന ഈ വ്യക്തി കമ്യൂണിസ്റ്റു പാര്‍ട്ടിയെ സ്‌നേഹിക്കുന്നു. അത് അന്നുമുണ്ട്, ഇന്നുമുണ്ട്, എന്നുമുണ്ടാകും. അതുകൊണ്ടുതന്നെയാണ് കൊടിയൊന്നും മാറ്റിപ്പിടിക്കാത്തത്. ഒന്നും ചെയ്യാന്‍ കഴിയില്ല. ഇപ്പോഴും കമ്യൂണിസ്റ്റു പാര്‍ട്ടിയെക്കുറിച്ച് വലിയ പ്രതീക്ഷയാണ്. കാരണം, വര്‍ഗസമരമില്ലാതെ ഒരു കാരണവശാലും ഭൂമിയില്‍ ഒരു മുന്നേറ്റവും ഉണ്ടാകില്ല. നമ്മള്‍ സംസാരിക്കുന്നതിനിടയില്‍ ആശയപരമായ ഒരു സമരം നടക്കുന്നുണ്ട്, നമ്മുടെ ഇരിപ്പിനിടയില്‍ ഒരു സമരം നടക്കുന്നുണ്ട്, നമ്മുടെ കാഴ്ചയെ മറയ്ക്കുന്ന പലതും ഇതിനിടയില്‍ കടന്നുവന്നു എന്നു വരാം, അതുമൊരു സമരമാണ്. അല്ലെങ്കില്‍ കൂടുതല്‍ തുറന്നു കാണേണ്ട പലതും കടന്നുവന്നുവെന്നു വരാം. അതും ഒരു സമരമാണ്. സാമൂഹിക മാറ്റത്തിനായുള്ള സമരങ്ങളില്ലാതെ പുരോഗതിയില്ല. എത്ര തടഞ്ഞുനിര്‍ത്തിക്കഴിഞ്ഞാലും സമരങ്ങള്‍ ഉണ്ടാകും. ആത്യന്തികമായി പുരോഗതിയുടെ പ്രത്യയശാസ്ത്രം എന്നത് അധ്വാനത്തിന്റെ റിസല്‍റ്റാണ്. അധ്വാനമില്ലെങ്കില്‍ പുരോഗതിയില്ലല്ലോ. അധ്വാനം വിറ്റ് ഉപജീവനം കഴിക്കുന്ന തൊഴിലാളിയില്ലെങ്കില്‍ ഈ തെളിച്ചമെന്തെങ്കിലുമുണ്ടോ? ഈ വെളിച്ചമുണ്ടോ? ഇതൊന്നുമില്ല.
ഞാന്‍ പാര്‍ട്ടിയുടെയൊരു റിസള്‍ട്ടാണ് എന്നാണെന്റെ വിശ്വാസം, അഭിമാനത്തോടെ അത് വിശ്വസിക്കുന്നു. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് എന്നെ രൂപപ്പെടുത്തിയത് എന്നു പറയുന്നത്. അത്രയും വലിയ പ്രതിബദ്ധതയുണ്ട് പാര്‍ട്ടിയോട്. കമ്യൂണിസ്റ്റു പാര്‍ട്ടി എനിക്ക് തീരെ സ്ഥാനമാനങ്ങളൊന്നും തന്നില്ല എന്നു ഞാന്‍ പറയില്ല. ഞാന്‍ നിയമബിരുദമൊക്കെയെടുത്ത് ഇവിടെ വന്നപ്പോള്‍ എന്നെ കെ.സി.ടി(കേരള കോ ഓപ്പറേറ്റീവ് ട്രാന്‍സ്പോര്‍ട്ട്)യുടെ പ്രസിഡന്റാക്കി, രണ്ടു തവണ. 63 വര്‍ഷം മുന്‍പ് സി.പി.ഐ.എം രൂപീകരിച്ച പ്രശസ്തമായ സഹകരണ ഗതാഗത സര്‍വീസാണല്ലോ. അന്ന് 22 റൂട്ട് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്, 28 സര്‍വീസുണ്ട്. 32 ബസുകള്‍, വളരെ വിലപിടിപ്പുള്ള രണ്ട് സ്ഥലങ്ങള്‍, മുന്നൂറിലധികം തൊഴിലാളികള്‍. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ മാത്രം 13 പേരുണ്ടായിരുന്നു, പല തലങ്ങളിലെ ജനപ്രതിനിധികള്‍. ഒന്‍പത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ ഉണ്ടായിരുന്നു. കെ.സി.ടിയില്‍ പാര്‍ട്ടിയുടെ ഒരു ലോക്കല്‍ കമ്മിറ്റി ഉണ്ടായിരുന്നു. അതൊരു കാലം. ഇപ്പോഴതെല്ലാം പോയി. രാമകൃഷ്ണന്‍ നായര്‍ എന്നൊരു സെക്രട്ടറിയുണ്ടായിരുന്നു അന്ന്. പി. സുധാകരനായിരുന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറി. ഇവര്‍ രണ്ടുപേരും വലിയ പിന്തുണയാണ് തന്നത്. അതിന്റെ ഫലമായി ഒരു എന്‍ജിനീയറിംഗ് കോളേജ് തുടങ്ങാന്‍ ശ്രമിച്ചു. സ്ഥലമെടുപ്പ് ഉള്‍പ്പെടെ അതിനു വേണ്ടത് ചെയ്തു. അപ്പോഴാണ് വി. കേശവന്‍ സെക്രട്ടറിയായത്. എന്‍ജിനീയറിംഗ് കോളേജോ? കുറേ ഉട്ടോപ്യന്‍ കാര്യങ്ങളുമായി നടക്കുകയാണ്, ഇതൊന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജോലിയല്ല എന്നു പറഞ്ഞ് ആ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പിച്ചു. കെ.സി.ടിക്ക് നാല് കോഴ്സുകളുള്‍പ്പെടെ ഐ.ടി.ഐയും അനുവദിച്ചു. ഇവര്‍ തുടങ്ങിയില്ല. ഇതേ ചോദ്യം ചോദിച്ചാണ് തടഞ്ഞത്. രാമകൃഷ്ണന്‍ നായരും വി. കേശവനും വി.എസ്സിന്റെ ആളുകളായിരുന്നു. പി. സുധാകരന്‍ മറുപക്ഷമായിരുന്നു. പക്ഷേ, രണ്ടു പക്ഷമായിട്ടും ഈ കാര്യങ്ങളില്‍ ഒന്നിച്ചുനിന്നു.
സമരവും പ്രണയവും
പ്രീഡിഗ്രി തോറ്റിട്ട് പോളിടെക്നിക്കില്‍ ചേര്‍ന്നപ്പോഴാണ് കെ.എസ്.എഫുമായി അടുക്കുന്നത്. പി.ടി. റഷീദ് എന്നൊരു സുഹൃത്തുണ്ടായിരുന്നു. പിന്നീട് അഡ്വക്കേറ്റായി. അദ്ദേഹം ജോയിന്റ് സെക്രട്ടറിയായിരുന്നു. റഷീദ് സ്വാധീനിച്ചിട്ടുണ്ട് അക്കാലത്തെ സംഘടനാ പ്രവര്‍ത്തനത്തില്‍. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ സ്വഭാവത്തെക്കുറിച്ച് ദിവസങ്ങളോളം കിട്ടുന്ന സമയത്തെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ട് അക്കാലത്ത്. റഷീദ്, ജയപ്രകാശ്, ബോസ്, ഗോപാലകൃഷ്ണന്‍, പിന്നീട് വി.എസ്സിന്റെ സെക്രട്ടറിയായിരുന്ന ശശിധരന്‍ ഞങ്ങളൊക്കെക്കൂടെ കായംകുളത്തെ ഇപ്പോഴത്തെ ഹൈവേയിലെ പാലത്തില്‍ കൂടും; അന്ന് ആ പാലം ഉപയോഗിക്കാതെ കിടക്കുകയാണ്. ഇതാണ് ചര്‍ച്ച. വായിക്കുകയും പഠിക്കുകയും ചര്‍ച്ച ചെയ്യുകയുമാണ് അന്നത്തെ പ്രധാന ഇഷ്ടങ്ങള്‍. റഷീദിന്റെ വീടുമായും വലിയ അടുപ്പമായിരുന്നു. ഒരുപാട് ഉള്‍ക്കാഴ്ചകള്‍ തന്നു ആ സ്‌നേഹവും അടുപ്പവും. റസൂല്‍ പൂക്കുട്ടിയുടെ കുടുംബത്തിന്റെ കാര്യമാണ്. അവിടുത്തെ മക്കളേപ്പോലെത്തന്നെയാണ് ഞങ്ങളേയും അവരൊക്കെ കണ്ടത്. നല്ല ഭക്ഷണത്തിനുവേണ്ടി കൊതിച്ചിരുന്ന ആ കാലത്ത് അവര്‍ സ്‌നേഹവും നല്ല ഭക്ഷണവും തന്നു.
കല്ലുമല ഐ.ടി.ഐയിലെ കുട്ടികള്‍ 1965-ലെ ഭക്ഷ്യക്ഷാമത്തിനെതിരെ നടത്തിയ സമരത്തിലാണ് ഞാനാദ്യം പങ്കെടുത്തത്. അവര്‍ പഠിപ്പുമുടക്കിയിട്ട് ബിഷപ്പ് മൂര്‍ കോളേജില്‍ വന്നു. ഞങ്ങളും ഇറങ്ങിപ്പോയി സമരത്തില്‍ പങ്കെടുത്തു. മാരകമായിട്ടല്ലെങ്കിലും പൊലീസിന്റെ ചെറിയ ലാത്തിയടികളൊക്കെ കിട്ടി. അതേസമയത്തുതന്നെ പന്തളത്ത്, ചേരിക്കല്‍ എന്ന സ്ഥലത്ത് മുന്‍ എം.എല്‍.എ ടി.കെ. കുമാരന്റേയും പി.കെ. കുഞ്ഞച്ചന്റേയും മറ്റും നേതൃത്വത്തില്‍ നടന്ന സമരത്തിലൂടെയാണ് സജീവമാകുന്നത്.
കുട്ടിക്കാലം മുതലേ ഒരു പ്രേമമുണ്ടായിരുന്നു. അച്ഛന്റെ ബന്ധുകൂടിയായ ലളിത എന്ന പെണ്‍കുട്ടി. അവരാണ് എന്റെ ജീവിതപങ്കാളിയായത്. അവര്‍ അഞ്ചു പെണ്‍കുട്ടികളാണ്. എല്ലാവര്‍ക്കും ആ കുടുംബം നല്ല വിദ്യാഭ്യാസം നല്‍കി. ലളിത കീര്‍ത്തിമതിയായ അദ്ധ്യാപികയായതുപോലെ സഹോദരിമാരും ഉയര്‍ന്ന നിലയില്‍ത്തന്നെ എത്തി. ഞങ്ങളുടെ വിവാഹത്തോട് എന്റെ വീട്ടില്‍ വലിയ എതിര്‍പ്പായിരുന്നു. അന്നാണ് ഞാന്‍ ബാംഗ്ലൂരിലേക്കു പോയതും പട്ടാളത്തില്‍ ചേര്‍ന്നതും. പോളിടെക്നിക്ക് കഴിഞ്ഞ് കെ.എസ്.എഫൊക്കെ താഴ്ത്തുവെച്ചിട്ടാണ് പോയത്. 1969-ല്‍ പട്ടാളത്തില്‍ ചേര്‍ന്നു, 1971 സെപ്റ്റംബര്‍ 21-നു ജന്മദിനത്തില്‍ പിരിച്ചുവിട്ടു. കമ്യൂണിസ്റ്റാണ് എന്ന പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. ഒരു വര്‍ഷവും 11 മാസവും അവിടെ ജോലി ചെയ്തു. പിരിച്ചുവിടുന്നതിനു തൊട്ടുമുന്‍പ് എനിക്കു വെസ്റ്റേണ്‍ കമാന്റിന്റെ സ്പെഷല്‍ കമ്മിഷന്‍ കിട്ടിയിരുന്നു. ഞാന്‍ അതിലേയ്ക്ക് പോകേണ്ട സമയമാണ്. ലഫ്. കേണല്‍ മാഥൂര്‍ എന്നെ വീണ്ടും വിളിപ്പിച്ചപ്പോള്‍ ഞാന്‍ കരുതിയത് അതിന്റെ കാര്യങ്ങള്‍ക്കായിരിക്കും എന്നാണ്. പക്ഷേ, അദ്ദേഹം വളരെ നിരാശനായിരുന്നു. എന്നോട് വലിയ വാത്സല്യം കാണിച്ചിരുന്ന ആളാണ്. വലിയ ഷോക്കായിരുന്നു ആ പിരിച്ചുവിടല്‍. വലിയ വിഷമത്തിലായിരുന്നു മടക്കം. കയ്യിലൊരു ട്രങ്കുമായി രാത്രി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി. ഒന്നര മണിയോ മറ്റോ ആയി വീട്ടിലെത്തുമ്പോള്‍. ആ സമയത്ത് വന്നുകയറുമ്പോള്‍ ആ പഴയ വീടിന്റെ തിണ്ണയിലെ കസേരയില്‍ അച്ഛന്‍ ബീഡി വലിച്ചുകൊണ്ട് കിടക്കുകയാണ്. മുഖത്തു നല്ല സങ്കടമുണ്ട്. അതിന്റെ പശ്ചാത്തലമൊന്നും അന്നെനിക്ക് അറിയില്ല. 21 വയസ്സേയുള്ളൂ. ഇതിനിടയ്ക്ക് സഹോദരിയുടെ കല്ല്യാണം കഴിഞ്ഞിരുന്നു. സര്‍വേയറായിരുന്നു വരന്‍. വലിയ തറവാട്ടുകാരുമൊക്കെയാണ്. പക്ഷേ, പന്തലില്‍ വെച്ചാണ് കാണുന്നത്. അവള്‍ക്കൊരു ഷോക്കായി അത്. അത് അവളെ രോഗത്തിലേയ്ക്കാണ് എത്തിച്ചത്. അമ്മയുടെ തുടര്‍ച്ച. ഇതിനിടയില്‍ അമ്മയ്ക്ക് വീണ്ടും അസുഖം വന്നു. രണ്ടുപേരും രണ്ടു മുറികളില്‍ പൂട്ടിയിടപ്പെട്ട അവസ്ഥ.
അങ്ങനെ ചികിത്സകളുമൊക്കെയായി ഞങ്ങളുടെ ഭൂമി ഒട്ടുമിക്കതും അന്യാധീനപ്പെട്ടു. 500 രൂപയുടേയും 1000 രൂപയുടേയും 2000 രൂപയുടേയുമൊക്കെ ഒറ്റി വര്‍ഷങ്ങളോളം തുടര്‍ന്നത് അറിയാം. 100 രൂപ വാങ്ങിയിരുന്നതിന്റെ പേരില്‍ എട്ടു വര്‍ഷക്കാലം തേങ്ങ വെട്ടിയിരുന്നയാളെ അറിയാം. അന്നത്തെ അവസ്ഥ മുതലെടുത്ത് കബളിപ്പിച്ചു പലരും. അച്ഛന്‍ അഭിമാനിയായിരുന്നു, ആരോടും പറഞ്ഞില്ല. ഞാന്‍ വരുമ്പോള്‍ അന്തരീക്ഷം ഇതാണ്. സ്വാഭാവികമായും തകര്‍ന്നുപോയി. പിന്നെ, കെ.എസ്.വൈ.എഫുമൊക്കെയായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, താലൂക്ക് പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗമൊക്കെയായി. വീട്ടിലെ സ്ഥിതി വളരെ മോശമായിരുന്നു. ഞാന്‍ ട്യൂട്ടോറിയലില്‍ പഠിപ്പിച്ചു, പരസ്യ ബോര്‍ഡുകള്‍ എഴുതി, അങ്ങനെയൊക്കെ ഭക്ഷണത്തിനുള്ള വക ഉറപ്പാക്കിയിരുന്നു. പല സുഹൃത്തുക്കളും വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. 1968-ല്‍ വിരമിച്ച അച്ഛനു പെന്‍ഷനായി 100 രൂപയാണ് കിട്ടിയിരുന്നത്. പക്ഷേ, അച്ഛന്റെ അമ്മ 2015-ല്‍ മരിക്കുമ്പോള്‍ 14000 രൂപ ഫാമിലി പെന്‍ഷനുണ്ട്.
നാട്ടില്‍ അധികം നില്‍ക്കാതെ ബോംബെയില്‍ പോയി. അവിടെ ടെസ്റ്റ് എഴുതിയാണ് ഇന്‍കം ടാക്‌സ് വകുപ്പില്‍ ജോലി കിട്ടിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം കാരണം ഒരു വര്‍ഷം തികയ്ക്കാന്‍ കഴിഞ്ഞില്ല; പിരിച്ചുവിട്ടു. അവിടെത്തന്നെനിന്നു പല ജോലികളും ചെയ്തു, കുറേക്കാലം. അതൊക്കെ ജീവിതത്തില്‍ വലിയ പ്രചോദനം നല്‍കി. പക്ഷേ, പിരിച്ചുവിടപ്പെട്ടതിന്റെ ആഘാതത്തെ മറികടക്കാന്‍ പറ്റാത്ത പലരുമുണ്ടായിരുന്നു. ഒരുമിച്ച് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ അവരിലൊരാള്‍ ട്രെയിനില്‍നിന്നു ചാടി. എന്നെപ്പോലെ ഒരു ചെറുപ്പക്കാരന്‍. അയാളെക്കുറിച്ച് പിന്നീട് ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. ചില ആളുകള്‍ മാനസിക രോഗത്തിലേയ്ക്കു വീണുപോയി, കുടുംബത്തോടെ ആത്മഹത്യ ചെയ്തവരുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ പിന്നീട് എഴുതിയ പല കത്തുകളും എന്റെ കയ്യിലുണ്ട്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ബന്ധത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പിരിച്ചുവിട്ടവരുടെ കാര്യത്തില്‍ ദേശീയതലത്തില്‍ ശക്തമായ ഇടപെടലിനു പാര്‍ട്ടി ശ്രമിച്ചതായി അറിയില്ല. സി.ഐ.ടി.യുവിന്റെ അഖിലേന്ത്യാ നേതാവും പിന്നീട് പാര്‍ട്ടി പി.ബി അംഗവുമൊക്കെയായ പാന്ഥെ ബോംബെയില്‍ വന്നപ്പോള്‍ നേരിട്ടു കണ്ട് വിശദമായി പറഞ്ഞു. അദ്ദേഹം കേട്ടതല്ലാതെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. പക്ഷേ, കേരളത്തിലെ പാര്‍ട്ടിയുടെ സര്‍ക്കാര്‍ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ത്തലാക്കി.
പ്രതികരിക്കാതെ രാഷ്ട്രീയക്കാര്‍
കാസര്‍കോട്, തിരുവനന്തപുരം ഏകാംഗ യാത്രയില്‍ എല്ലാ കളക്ട്രേറ്റുകളുടേയും മുന്നില്‍ ഓരോ മണിക്കൂര്‍ നിന്നു. എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളുടേയും ജില്ലാ കമ്മിറ്റി ഓഫീസുകളില്‍ പോയി. നിരാശാജനകമായ അനുഭവങ്ങളാണ് പലയിടത്തുനിന്നും കിട്ടിയത്. പക്ഷേ, ഈ യാത്രകൊണ്ട് പല ധാരണകളും മാറി. ഉദാഹരണത്തിന്, കണ്ണൂരിനെക്കുറിച്ച് വളരെ മോശം അഭിപ്രായമാണ് ഉണ്ടായിരുന്നത്. അവര്‍ കുറേ അപരിഷ്‌കൃതരായ ആളുകളാണ് എന്നായിരുന്നു ധാരണ. പക്ഷേ, കണ്ണൂര്‍ ജില്ല മറ്റേത് ജില്ലയെക്കാള്‍ ഒരു 30 വര്‍ഷമെങ്കിലും അഡ്വാന്‍സ്ഡാണ് എന്നു മനസ്സിലായി; അവരുടെ സൗന്ദര്യബോധത്തില്‍, സ്വഭാവരീതിയിലൊക്കെ നിഷ്‌കളങ്കതയുള്ള കൂര്‍മബുദ്ധികളാണ്.
ആ യാത്രയ്ക്കു മുന്‍പും ശേഷവും കേരളത്തിലെ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും മാറി വന്ന മുഖ്യമന്ത്രിമാര്‍ക്കുമൊക്കെ നിവേദനങ്ങള്‍ കൊടുത്തിട്ടുണ്ട്. രാഷ്ട്രപതിമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും കൊടുത്തിട്ടുണ്ട്. ഒരിടത്തുനിന്നും പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ ഒരു പ്രതികരണം കിട്ടി: ''താങ്കള്‍ക്ക് മതിയായ സര്‍വീസ് ഇല്ലാത്തതുകൊണ്ട് ആവശ്യം പരിഗണിക്കാന്‍ കഴിയില്ല.'' ഞാന്‍ ഉന്നയിച്ച ഇഷ്യു അല്ല അഡ്രസ് ചെയ്തിരിക്കുന്നത്. ഒരു ദിവസമെങ്കിലും ജോലി ചെയ്താല്‍ ആ ആള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും കൊടുക്കണം എന്ന നിലപാടുള്ള രാഷ്ട്രീയ മുന്നണിയുടെ സര്‍ക്കാരാണ്. ഈ കാര്യത്തില്‍ രാഷ്ട്രീയ തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. കേരള നിയമസഭ ഈ വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ഇങ്ങനെ പിരിച്ചുവിടപ്പെട്ട നൂറിലധികം ആളുകള്‍ കേരളത്തില്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ് എന്റെ കണക്ക്. പക്ഷേ, അവരുടെയൊന്നും കയ്യില്‍ രേഖയില്ല. എന്റെ കയ്യില്‍ മാത്രമാണുള്ളത്. ഒരു കൂട്ടായ്മ ഉണ്ടാക്കാനുള്ള നടപടികളൊക്കെ തുടങ്ങിവെച്ചിരുന്നു, പക്ഷേ, അത് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.
പാര്‍ട്ടി എന്നെ രണ്ടു തവണ പുറത്താക്കി. അതിനിടെ 1977 സെപ്റ്റംബര്‍ 11-നു ഞാന്‍ കല്ല്യാണം കഴിച്ചു. സെപ്റ്റംബര്‍ 15-നു നടക്കാനിരിക്കുന്ന കെ.എസ്.ഇ.ബി സമരത്തിനു മുന്നോടിയായി 12-നു ഞാനുള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. 18 ദിവസം മാവേലിക്കര സബ്ജയിലില്‍ റിമാന്റിലായിരുന്നു. അടിയന്തരാവസ്ഥാ നിരോധനത്തിലും അറസ്റ്റുണ്ടായിരുന്നു. കെ.സി.ടി ജീവനക്കാരനായിരുന്നു അന്ന്. ഇ.കെ. നായനാര്‍, പുത്തലത്ത് നാരായണന്‍ തുടങ്ങിയവരുടെ മൂവ്മെന്റ് രജിസ്റ്റര്‍ സൂക്ഷിക്കാന്‍ പാര്‍ട്ടി ഏല്പിച്ചിരുന്നു. അവര്‍ എവിടെയാണ് എന്ന വിവരമുള്‍പ്പെടുന്ന ആ രജിസ്റ്റര്‍ സ്വീകരിക്കാന്‍ കെ.സി.ടി ഓഫീസിലെ ആരും തയ്യാറായില്ല. ആ രാത്രി അവര്‍ നന്നായി മര്‍ദിച്ചു. പിന്നീടാണ് വിവാഹവും കെ.എസ്.ഇ.ബി സമരവും അറസ്റ്റും. അതു ലളിതയെ വലിയ മാനസിക ആഘാതത്തിലാക്കി. അതില്‍നിന്നു തിരിച്ചുകൊണ്ടുവരാന്‍ എട്ടു മാസത്തെ ചികിത്സ വേണ്ടിവന്നു.
പാവുമ്പ പത്മനാഭന്‍, മലയില്‍ വാസുദേവനും നയിച്ചിരുന്ന എസ്.എഫ് ജില്ലാ കമ്മിറ്റിയാണ് കേരളത്തില്‍ ഏറ്റവും സജീവമായിരുന്നത്. ചുള്ളിക്കടമ്പ് സഹകരണസംഘത്തിന്റെ പ്രസിഡന്റായിരുന്ന, പിന്നീട് ഏരിയാ സെക്രട്ടറിയൊക്കെയായ ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ 68 ലക്ഷം രൂപയുടെ അഴിമതി ആരോപണം വന്നു. ബാങ്ക് സെക്രട്ടറി ആത്മഹത്യ ചെയ്തു. ആ വിഷയത്തില്‍ പാവുമ്പ പത്മനാഭന്‍ നോട്ടീസടിച്ചു. എന്റെ പ്രസ്സിലാണ് അച്ചടിച്ചത്. ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നോട്ടീസടിച്ചു എന്നു പറഞ്ഞ് എന്നോട് ഒരു വിശദീകരണവും ചോദിക്കാതെ പുറത്താക്കി. ജി. സുധാകരനായിരുന്നു ജില്ലാ സെക്രട്ടറി. രണ്ടു തവണ പുറത്താക്കുമ്പോഴും അദ്ദേഹമായിരുന്നു സെക്രട്ടറി. വ്യക്തിപരമായി നല്ല അടുപ്പമുണ്ടായിരുന്ന ആളാണ്. എന്നിട്ടും എന്തോ ഒന്ന് അദ്ദേഹത്തിന്റെ മനസ്സില്‍ കിടന്നു. ആദ്യത്തെ നടപടി കഴിഞ്ഞു പാര്‍ട്ടിയില്‍ തിരിച്ചുവന്നു.
സജീവമായി നില്‍ക്കുന്നതിനിടയില്‍ 2012 മാര്‍ച്ചിലാണ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊല്ലുന്നത്. അതു തെറ്റാണെന്ന പരസ്യനിലപാട് ഞാന്‍ സ്വീകരിച്ചു. അന്ന് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗമാണ്. മാത്രമല്ല, കെ.സി.ടി പ്രസിഡന്റ് എന്ന നിലയില്‍ ഒരു ജില്ലാക്കമ്മിറ്റി അംഗത്തിന്റെ അംഗീകാരമുണ്ട്. നാല് ജില്ലകളിലാണല്ലോ പ്രവര്‍ത്തനം. ഈ നാല് ജില്ലാക്കമ്മിറ്റികളുമായുള്ള നിരന്തര ബന്ധങ്ങളുണ്ടായിരുന്നു. പുറത്താക്കിയത് വേറെ കാരണം പറഞ്ഞിട്ടാണ്. എനിക്ക് ഒരു പ്രസ്സുണ്ടായിരുന്നു. കുമ്പളത്ത് ഓഫ്സെറ്റ്. തുടക്കത്തില്‍ പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും പിന്നീട് സാമാന്യം ഭേദപ്പെട്ട നിലയിലായിരുന്നു. 2012 കാലത്ത് സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ സ്ഥലമൊക്കെ വിറ്റ് വേറൊരു സ്ഥലത്തേയ്ക്ക് മാറി. അന്നതിന് നഗരസഭ അനുമതി നിഷേധിച്ചു. മെഷീന്‍ തുരുമ്പുപിടിക്കാന്‍ തുടങ്ങിയപ്പോള്‍ കിട്ടിയ വിലയ്ക്കു വിറ്റു. അതൊരു കഥ. ഏതായാലും ടി.പിയുടെ വധത്തിന്റെ തുടര്‍ച്ചയായി ആരോ അതിനെതിരെ ഇവിടെ പ്രാദേശികമായി നോട്ടീസ് അടിച്ചു. അത് പോളിമാസ്റ്റര്‍ പ്രിന്റിംഗ് ആയിരുന്നു. അതിനുള്ള സൗകര്യം എന്റെ പ്രസ്സില്‍ ഉണ്ടായിരുന്നില്ല. അവിടെ പ്ലേറ്റ് പ്രിന്റിംഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ആ നോട്ടീസ് എന്റെ പ്രസ്സിലാണ് അടിച്ചതെന്നു പറഞ്ഞ് എന്നോട് വിശദീകരണംപോലും ചോദിക്കാതെ പുറത്താക്കി. എന്റെ പ്രസ്സിലാണ് അച്ചടിച്ചത് എന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുണ്ടാക്കി. കോശി അലക്‌സായിരുന്നു കമ്മിഷന്‍.
അദ്ദേഹത്തെ ജില്ലാക്കമ്മിറ്റിയില്‍ പിറ്റേത്തവണ ഉള്‍പ്പെടുത്തുകയും ചെയ്തു. ഏരിയാ സെക്രട്ടറി കെ.എച്ച്. ബാബുജാന്‍ മിണ്ടിയില്ല. എന്റെ പ്രസ്സില്‍ ഇല്ലാത്ത സൗകര്യം ഉപയോഗിച്ച് അച്ചടിച്ച നോട്ടീസ് എന്റെ പ്രസ്സിലാണ് അച്ചടിച്ചത് എന്ന നിലനില്‍ക്കാത്ത 'കണ്ടെത്തലിന്റെ' പേരിലാണ് എന്നെ പുറത്താക്കിയത്. പുറത്താണ് ഇപ്പോള്‍. ഇതേ ബാബുജാനും ഇപ്പോഴത്തെ സെക്രട്ടറിയും പാര്‍ട്ടിയിലേയ്ക്ക് തിരിച്ചുചെല്ലണമെന്ന് ഈയിടെ എന്നോട് പറഞ്ഞു. ഈ പാര്‍ട്ടിക്കകത്ത് എന്റെ സ്വപ്നങ്ങളും പ്രതീക്ഷയും സമ്പത്തും പാരമ്പര്യവും വിശ്വാസപ്രമാണങ്ങളുമുണ്ട്. ഇത് എന്റെ പാര്‍ട്ടിയാണ്. അതുകൊണ്ട് ഞാനവിടെത്തന്നെയാണുള്ളത് എന്നു പറഞ്ഞു. പിന്നെ, അംഗത്വത്തിന്റെ കാര്യം. എന്റെ വായടപ്പിക്കാന്‍ വേണ്ടി ഒരംഗത്വം എനിക്കുവേണ്ട എന്നു പറഞ്ഞു. മഹേന്ദ്രന്‍ എന്ന ജില്ലാ സെക്രട്ടേറിയറ്റംഗം വീട്ടില്‍ വന്നു ചോദിച്ചു, പാര്‍ട്ടി എന്തെങ്കിലും ചുമതലകള്‍ ഏല്പിച്ചാല്‍ സഖാവ് സ്വീകരിക്കുമോ? എന്റെ ആത്മാഭിമാനത്തിനു മുറിവേല്‍ക്കാത്ത, എന്നെ നിശ്ശബ്ദനാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടല്ലാത്ത ഏതു ചുമതലയും ഏല്‍ക്കും എന്നു പറഞ്ഞു.
അതുകൊണ്ട്, അവര്‍ എന്നെ ക്ഷണിക്കാതിരിക്കുന്നൊന്നുമില്ല. സി.പി.എമ്മിന്റെ പാര്‍ട്ടി പിരിപാടിയാണ് ശരി എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതില്‍നിന്ന് അവര്‍ ഒരുപാട് മാറിപ്പോയിട്ടുണ്ട് എന്ന സത്യം തുറന്നു പറഞ്ഞുകൊണ്ടാണ് ഇതും പറയുന്നത്.
അതിജീവിച്ച് മുന്നോട്ട്
മൂത്തമകനുണ്ടായത് 1979 മേയിലാണ്. 1980-ല്‍ ഞാന്‍ ഒമാനിലേയ്ക്കു പോയി. യാദൃച്ഛികമായി കിട്ടിയതാണ്. സെയില്‍സ് മാനേജരായി തുടങ്ങി, മാനേജരായി. ഒരു വര്‍ഷം കഴിഞ്ഞ് ഇവിടെനിന്ന് അവധിയെടുത്ത് ലളിതയും അങ്ങോട്ടു വന്നു. അവിടെ സ്‌കൂളില്‍ ചേര്‍ന്നു. അവിടെ തുടര്‍ച്ചയായി അഞ്ചുവര്‍ഷം മികച്ച അദ്ധ്യാപികയായി. ഭാര്യ എന്നതിലുമധികം ആരാധനയായിരുന്നു എനിക്ക്. 20 വര്‍ഷം രോഗിയായി കിടന്നു. '96-ല്‍ നാട്ടിലേയ്ക്ക് മടങ്ങിവന്നു. വീണ്ടും എന്‍.എസ്.എസ് സ്‌കൂളില്‍ ചേര്‍ന്നു. 2004-ല്‍ വിരമിച്ചു. കുട്ടികള്‍ക്കു വീട്ടില്‍ സൗജന്യമായി ട്യൂഷന്‍ കൊടുത്തു.
34-ാമത്തെ വയസ്സില്‍ ഒമാനില്‍ വെച്ചുതന്നെ പ്രമേഹം തുടങ്ങിയിരുന്നു. അവിടെ ഒന്നു വീണു, കാലില്‍ ഒടിവുണ്ടായി. അതാണ് തുടക്കം. സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് ബാധിച്ചു. ഇവിടെ വന്നിട്ട് ബാലരാമപുരത്തെ സിദ്ധവൈദ്യന്റെ ചികിത്സയിലായിരുന്നു. അങ്ങനെ പൂര്‍ണമായും രോഗം മാറി. പിന്നീട് ആര്‍ത്രൈറ്റിസ് വന്നു. അതു ഗുരുതരസ്ഥിതിയിലേയ്ക്കു മാറി. കാല്‍മുട്ടുകളേയും കൈമുട്ടുകളേയും വിരലുകളേയുമൊക്കെ വളരെ മോശമായി ബാധിച്ചു. ആയുര്‍വേദ ആശുപത്രിയില്‍ ഏഴ് മാസം കിടന്നു. ഓസ്റ്റ്യോപ്രൊസിസ് ബാധിച്ച് എല്ലുകളെല്ലാം പൊടിഞ്ഞു കറുത്തിരിക്കുകയായിരുന്നു. പിന്നെ അമൃതയില്‍ പോയി. ഗാള്‍ ബ്ലാഡര്‍ നീക്കേണ്ടി വന്നു. അതായിരുന്നു ആദ്യ ശസ്ത്രക്രിയ. അതുകഴിഞ്ഞ് ഒന്നു വീണു. തോളെല്ലിനു ശസ്ത്രക്രിയ വേണ്ടിവന്നു. അതിനുശേഷം ബൈപ്പാസ് ശസ്ത്രക്രിയ വേണ്ടിവന്നു. അതു കുറച്ചു ക്രിട്ടിക്കലായിരുന്നു. ഡോ. ജോസ് ചാക്കോ പെരിയപുറമാണ് ചെയ്തത്. വിജയകരമായിരുന്നു. കോട്ടക്കല്‍ ആയുര്‍വേദ വൈദ്യശാലയില്‍ ഏഴ് വര്‍ഷം ചികിത്സയിലായിരുന്നു. 56 യാത്രകള്‍ കോട്ടക്കലിലേക്കു മാത്രം നടത്തിയിട്ടുണ്ട്. ഡോ. പി.കെ. വാര്യരാണ് ചികിത്സിച്ചത്. ഇതെല്ലാം കഴിഞ്ഞ് കുളിമുറിയില്‍ വീണു. നട്ടെല്ലിനു ക്ഷതമുണ്ടായി. അതിനും വലിയൊരു ശസ്ത്രക്രിയ വേണ്ടിവന്നു. എന്റെ അമ്മയെ 95 വയസ്സുവരെ ഒരു ബുദ്ധിമുട്ടുമില്ലാതെ പരിചരിച്ചത് ലളിതയാണ്. അമ്മ പെന്‍ഷന്‍ കിട്ടിയാല്‍ ലളിതയ്‌ക്കേ കൊടുക്കുമായിരുന്നുള്ളൂ. അത്രയ്ക്ക് സ്‌നേഹമായിരുന്നു.
അതിനിടെ എന്റെ കൈയ്ക്ക് വേദനയായി ചങ്ങനാശേരി അംബാ ആശുപത്രിയില്‍ കിടന്നു. അതുകഴിഞ്ഞാണ് ലളിതയുടെ നട്ടെല്ലിന് തിരുവനന്തപുരത്ത് കിംസില്‍ ശസ്ത്രക്രിയ വേണ്ടി വന്നത്. ശസ്ത്രക്രിയ വിജയമായിരുന്നു. പക്ഷേ, അവിടെനിന്നൊരു അപൂര്‍വ ബാക്റ്റീരിയ ബാധിച്ചു. മാരകമായി വന്‍കുടലിനെ ബാധിക്കുന്ന ബാക്റ്റീരിയയാണത്. അതോടെ ലളിത കിടപ്പിലായി. കിംസുമായി ഞാന്‍ കുറേ എഴുത്തുകുത്തുകളൊക്കെ നടത്തി. അവര്‍ ഇതൊന്നും അംഗീകരിക്കുന്നുണ്ടായിരുന്നില്ല. ഒരു ഡോക്ടറും നമുക്കനുകൂലമായി മൊഴി കൊടുക്കാന്‍ തയ്യാറായില്ല. അനുഭവംകൊണ്ട് ലോകത്തിലെ വലിയ ഭീകരസംഘടനകളിലൊന്നായി ഐ.എം.എയെ ഞാന്‍ മനസ്സിലാക്കി. അവരുമായി നടത്തിയ എല്ലാ ആശയവിനിമയങ്ങളുടേയും രേഖകള്‍ എന്റെ കയ്യിലുണ്ട്. 2024 മെയ് ഏഴിന് ലളിത പോയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക