
മുരളി ഗോപി കഥയും തിരക്കഥയുമെഴുതി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാലും മഞ്ജുവാര്യരും പ്രധാന കഥാപാത്രങ്ങളാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചലച്ചിത്രമായ 'എംപുരാന്‍' (ലൂസിഫറിന്റെ രണ്ടാം ഭാഗം) മുന്‍നിര്‍ത്തി സംവാദങ്ങള്‍ സജീവമാകുന്ന സവിശേഷ സന്ദര്‍ഭമാണിത്. ഗോധ്ര, ഗുജറാത്ത് വംശഹത്യകളെ പരോക്ഷമായി ആവിഷ്‌കരിക്കുന്നു എന്നതിനാല്‍ സിനിമയില്‍നിന്നും അത്തരം ഭാഗങ്ങള്‍ വെട്ടിമാറ്റി പ്രദര്‍ശിപ്പിക്കണമെന്നാണ് സംഘപരിവാര്‍ അനുകൂലസംഘടനകളുടെ ആവശ്യം. സെന്‍സര്‍ബോര്‍ഡില്‍ കേന്ദ്ര ഭരണാനുകൂലികളായവര്‍ ഉണ്ടായിരുന്നിട്ടും ഇത്തരം രംഗങ്ങളും സംഭാഷണങ്ങളും എങ്ങനെ തിരിച്ചറിയാതെ പോയി എന്ന വിമര്‍ശനവും ബി.ജെ.പിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. ചില നേതാക്കള്‍ സിനിമ ബഹിഷ്‌കരിക്കണമെന്നും മറ്റു ചിലര്‍ കാണണമെന്നും വാദിച്ചുകൊണ്ടിരിക്കുന്നു. ഇടതുപക്ഷ, കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട സിനിമയാണെങ്കിലും അതിനെതിരെ നില്‍ക്കുന്നതിനുപകരം ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ വാളെടുക്കുന്ന സംഘപരിവാറിന് പ്രതിരോധമായാണ് ഈ പാര്‍ട്ടികളുടെ ഭാഗത്തുനിന്നുണ്ടായ അഭിപ്രായങ്ങളില്‍നിന്നും മനസ്സിലാക്കാവുന്നത്. പുരോഗമന കലാസാഹിത്യസംഘം ഉള്‍പ്പെടെ ചില സംഘടനകളും കുറച്ച് കോണ്‍ഗ്രസുകാരും സംഘപരിവാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സിനിമയുടെ സാങ്കേതിക മേന്മയെക്കുറിച്ചും ആഖ്യാനത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കപ്പുറം സിനിമ ഉയര്‍ത്തുന്ന രാഷ്ട്രീയത്തെക്കുറിച്ചുള്ള അനുകൂലവും പ്രതികൂലവുമായ വാദങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. അധികാരം എങ്ങനെയാണ് വ്യക്തികളേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും ഫാസിസത്തിലേയ്ക്കും സമഗ്രാധിപത്യത്തിലേയ്ക്കും നയിക്കുന്നത് എന്ന സൂക്ഷ്മ രാഷ്ട്രീയപാഠമാണ് എംപുരാന്റെ കാതല്‍.
നവഫാസിസ്റ്റ് നവലിബറല്‍ കോര്‍പറേറ്റ് ഭരണകൂടം അധികാരത്തിലിരിക്കുന്ന ഇന്ത്യയില്‍നിന്നും അവരെ പുറത്താക്കുന്നതിന് സിനിമയിലെപ്പോലെ ഒറ്റപ്പെട്ട പോരാട്ടങ്ങളിലൂടെ സാധിക്കുമോ എന്ന മറുചോദ്യവും വിവാദങ്ങള്‍ക്കിടയില്‍ ഉയരുന്നുണ്ട്. പ്രത്യക്ഷത്തിലും പരോക്ഷമായും രാഷ്ട്രീയം പറയുന്ന സിനിമയാണിത്. ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി നില്‍ക്കാതെ ഇന്ത്യന്‍ ബഹുസ്വരതയെ ഉയര്‍ത്തിപ്പിടിക്കാനുള്ള എളിയശ്രമം എംപുരാന്‍ നടത്തുന്നുണ്ട്. 2002-ല്‍ നടന്ന ഗുജറാത്ത് വംശഹത്യയെ മുന്‍നിര്‍ത്തി മലയാളത്തില്‍ ഇതിനുമുന്‍പും സിനിമകള്‍ ഉണ്ടായിട്ടുണ്ട്. കഥാവശേഷന്‍(2004), വിലാപങ്ങള്‍ക്കപ്പുറം (2008), ഭൂമിയുടെ അവകാശികള്‍ (2012) എന്നിവയാണ് ആ സിനിമകള്‍. പ്രമുഖ ചലച്ചിത്രകാരനായ ടി.വി. ചന്ദ്രനാണ് ഈ സിനിമകളെല്ലാം സംവിധാനം ചെയ്തത്. അന്ന് ഉണ്ടാകാത്ത വിവാദങ്ങള്‍ ഇന്ന് ഉയരുന്നത് സംഘപരിവാര്‍ രാഷ്ട്രീയം എത്രമാത്രം ഫാസിസവല്‍കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്.
കച്ചവടസിനിമയുടെ ചേരുവകളും നിരന്തരം മാറുന്ന സാങ്കേതികവിദ്യയുടെ സാധ്യതകളും ഉപയോഗപ്പെടുത്തി മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള ശ്രമമാണ് എംപുരാന്‍ നടത്തുന്നത്. ലോക സാമ്പത്തിക ബന്ധങ്ങളും അതിന്റെ ഭാഗമായ ഇടപാടുകളും ആഗോള തലത്തില്‍ വളരുന്ന മയക്കുമരുന്ന് മാഫിയകളുടേയും അവിശുദ്ധ രാഷ്ട്രസഖ്യങ്ങളുടേയും ഗ്യാങ്ങുകളുടേയും മതതീവ്രവാദത്തിന്റേയും മുംബൈ അധോലോകത്തിന്റേയുമെല്ലാം കാഴ്ചയിലൂടെ എംപുരാന്‍ കടന്നുപോകുന്നുണ്ട്. ഇന്ത്യയിലെത്തുമ്പോള്‍ അത് ഗോധ്രയിലേയ്ക്കും ഗുജറാത്ത് വംശഹത്യയിലേയ്ക്കും നീങ്ങുന്നു. ഒപ്പം ഇന്ത്യന്‍ ഭരണകൂടത്തിന്റെ ചങ്ങാത്ത മുതലാളിത്തമെല്ലാം സിനിമ വിമര്‍ശനവിധേയമാക്കുന്നുണ്ട്. ഇന്ത്യന്‍ മതേതരത്വത്തിനും ജനാധിപത്യത്തിനുമേല്‍ക്കുന്ന മുറിവുകളും ഭരണകൂടത്തെ കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്നതെങ്ങനെയെന്നും അതിലൂടെ അവര്‍ വിഭവങ്ങള്‍ക്കുമേല്‍ അധികാരം സ്ഥാപിക്കുന്നതെങ്ങനെയാണെന്നുമുള്ള വിഷയങ്ങള്‍ എംപുരാന്‍ പ്രശ്നവല്‍കരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയും ബി.ജെ.പിയുടെ വളര്‍ച്ചയും ഇവരുടെ ഹിന്ദുത്വ അജണ്ടയുമെല്ലാം പരോക്ഷമായി സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ലോകവും ഇന്ത്യയും കേരളവുമെല്ലാം ചേരുന്ന ദൃശ്യഭൂപടമാണ് എംപുരാന്റെ സവിശേഷത. തൊണ്ണൂറുകളിലെ താരാധിപത്യ സിനിമകളുടെ വിജയത്തിന്റെ ഫോര്‍മുലയായ നായകനായ മോഹന്‍ലാലിനെ അത്തരമൊരു പരിവേഷത്തിലേയ്ക്ക് വീണ്ടും ഉയര്‍ത്താനുള്ള ശ്രമമാണ് എംപുരാനിലുള്ളത്. 'ദേവാസുരം', 'ആറാംതമ്പുരാന്‍' സിനിമകളിലൂടെ കേരളത്തിലെ സവര്‍ണതമ്പുരാനായി ഉയര്‍ത്തപ്പെട്ട മോഹന്‍ലാല്‍ ലൂസിഫറിലൂടെ സ്റ്റീഫന്‍ നെടുമ്പള്ളിയായി എംപുരാനില്‍ ഖുറേഷി അബ്രാമായും മാറുന്നു. ആഗോളതലത്തിലുള്ള ബന്ധങ്ങളാണ് ഖുറേഷി അബ്രാമിനുള്ളത്. ചെകുത്താനും ലോകരക്ഷകനുമായി മാറുകയാണ് ഖുറേഷി അബ്രാം. ഇയാള്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് നന്മയുടെ പ്രതിരൂപമായി മാറുന്നത്. മതതീവ്രവാദത്തിലേയ്ക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തില്‍നിന്നും സയദിനെ (പൃഥ്വിരാജ്) രക്ഷിക്കുന്നതും ഖുറേഷി അബ്രാമാണ്. മുഖ്യധാരയിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും വിമര്‍ശിക്കുന്നുണ്ടെങ്കിലും സംഘപരിവാറിന് കൂടുതല്‍ പരുക്കേല്‍ക്കുന്ന തരത്തിലാണ് സിനിമയുടെ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ രാഷ്ട്രീയമായി ഒതുക്കുന്നതിന് കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേയ്ക്ക് വരുന്നതും എംപുരാനില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിനെ നേരിട്ട് വിമര്‍ശിക്കുന്നു എന്നതിനാലാകും സംഘപരിവാര്‍ ശക്തികള്‍ ഈ സിനിമയ്ക്കെതിരെ ശക്തമായി രംഗത്തുവന്നത്.
കേരളവും രാഷ്ട്രീയ സമവാക്യങ്ങളുടെ മാറ്റവും ആര്‍.പി.ഐ.എം, സി.പി.എമ്മിനേയും ഐ.യു.എഫ് കോണ്‍ഗ്രസിനേയും അഖണ്ഡശക്തി മോര്‍ച്ച ബി.ജെ.പി ഉള്‍പ്പെടുന്ന സംഘപരിവാര്‍ ശക്തികളേയും പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയെയാണ് പി.കെ. രാംദാസ്, പ്രിയദര്‍ശിനി രാംദാസ്, ജതിന്‍ രാംദാസ് എന്നിവര്‍ പ്രതിനിധീകരിക്കുന്നത്. മുപ്പത്തഞ്ച് സീറ്റ് കിട്ടിയാല്‍ ഞങ്ങള്‍ അധികാരത്തില്‍ വരും എന്നുപറയുന്ന സജനചന്ദ്രന്‍ (സുരാജ് വെഞ്ഞാറുമൂട്) കേരളത്തിലെ ബി.ജെ.പിയുടെ പ്രതിനിധിയാണ്. കേരളത്തിലെ പ്രമുഖ പ്രസ്ഥാനങ്ങളെന്ന നിലയില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും വിമര്‍ശനത്തിനു വിധേയമാകുന്ന നിരവധി സീനുകള്‍ എംപുരാനിലുണ്ട്. ആ വിമര്‍ശനങ്ങള്‍ ഇന്ത്യയില്‍നിന്നും വ്യത്യസ്തമായി കേരളം മതസൗഹാര്‍ദത്തിന് മാതൃകയാണെന്ന് പറയുന്നതിനുകൂടിയാണ്. കേരളസ്റ്റോറിയെപ്പോലെയും കശ്മീര്‍ ഫയല്‍സിനെപ്പോലെയുമുള്ള പ്രൊപ്പോഗാന്‍ഡ സിനിമകള്‍ക്ക് ബദലാകുന്നതിനുള്ള വിമര്‍ശനമായും ഇതിനെ കാണാവുന്നതാണ്.
രാഷ്ട്രീയഭേദമെന്യേ വിമര്‍ശനം
കേരളത്തിലെ ഇടതുരാഷ്ട്രീയത്തെ വിമര്‍ശിക്കുന്നതിന് പാര്‍ട്ടി സമ്മേളന ഭാഗമായി അവതരിപ്പിച്ച മെഗാ തിരുവാതിരയെ സിനിമയില്‍ പുനരാവിഷ്‌കരിക്കുന്നു. നവലിബറല്‍ നയങ്ങളിലേയ്ക്ക് നടന്നടുക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കൂടിയിരുന്നു സംസാരിക്കുമ്പോള്‍ അവര്‍ കഴിക്കുന്നത് പരിപ്പുവടയും കട്ടന്‍ചായയുമാണ്. കോണ്‍ഗ്രസിന്റെ നയംമാറ്റങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് എംപുരാനില്‍ അവതരിപ്പിക്കുന്നത്. ആദര്‍ശരാഷ്ട്രീയത്തിന് ഉടമയും ഐ.യു.എഫിന്റെ പ്രവര്‍ത്തകനും മുഖ്യമന്ത്രിയുമാണ് പി.കെ. രാംദാസ് (സച്ചിന്‍ഖേദ്കര്‍). അദ്ദേഹം മരിച്ചതോടെ മകന്‍ ജതിന്‍ രാംദാസ് (ടൊവിനോ തോമസ്) മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുകയാണ്. അതോടെ പി.കെ. രാംദാസിന്റെ വളര്‍ത്തുമകനും പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനുമായ സ്റ്റീഫന്‍ നാടുവിടുകയാണ്. ജീവിതത്തില്‍ ഒരു ആദര്‍ശത്തിനും വിലകല്പിക്കാത്ത ജതിന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയും അഖണ്ഡ ശക്തിമോര്‍ച്ചയുമായി അവിശുദ്ധ രാഷ്ട്രീയ സഖ്യത്തിന് നേതൃത്വം നല്‍കുകയുമാണ്. ഗുജറാത്തില്‍ മുസ്ലിം വംശഹത്യയുടെ മുഖ്യസംഘാടകനായ ബല്‍രാജ് പട്ടേല്‍/ബാബാ ബജറംഗിയുമായിച്ചേര്‍ന്നാണ് (അഭിമന്യു സിംഗ്) ജതിന്റെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തുടക്കമിടുന്നത്. ഇയാളുടെ സഹോദരന്‍ മുന്നയും (സുഗന്ദ് ഗോയല്‍) സഹായത്തിന് ഒപ്പമുണ്ട്. കോണ്‍ഗ്രസിന്റെ മാറുന്ന മുഖമാണ് രജിനിലൂടെ പുറത്തുവരുന്നത്. കോണ്‍ഗ്രസിന്റെ മുഖമാണ്. ഭാവികേരളത്തില്‍ കോണ്‍ഗ്രസിലൂടെ എത്തുന്ന സംഘപരിവാര രാഷ്ട്രീയത്തിന്റെ സൂചനകളും ഇതിലൂടെ വായിച്ചെടുക്കാം. നെടുമ്പള്ളിയില്‍ ഒരു വിവാദ അണക്കെട്ട് നിര്‍മിക്കുന്നതിനെതിരെ രാംദാസിന്റെ മകള്‍ പ്രിയദര്‍ശിനി രാംദാസ് (മഞ്ജുവാര്യര്‍) എന്ന ഐ.യു.എഫ് പ്രവര്‍ത്തക പ്രതിഷേധിക്കുന്നു; അച്ഛനെപ്പോലെ ആദര്‍ശ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നു. അതിന്റെ പേരില്‍ ആക്രമണം നേരിടുന്ന ഇവര്‍ ഇ.ഡിയുടെ അന്വേഷണത്തിനും ഇരയാകുന്നുണ്ട്. കോണ്‍ഗ്രസില്‍ ഇന്നും ഇത്തരം പ്രവര്‍ത്തകര്‍ ധാരാളമുണ്ടെന്ന ഓര്‍മപ്പെടുത്തലാണ് പ്രിയദര്‍ശിനിയിലൂടെ അവതരിപ്പിക്കുന്നത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നടന്ന വംശഹത്യയുടെ അവതരണം സിനിമയില്‍ ഒട്ടൊക്കെ യാഥാര്‍ത്ഥ്യമായി അവതരിപ്പിക്കുന്നു എന്നതാണ് സംഘപരിവാറിനെ ഭയപ്പെടുത്തുന്നതും പ്രതികാരത്തിലേയ്ക്ക് നയിക്കുന്നതും. ബല്‍രാജ് പട്ടേല്‍/ബാബാ ബജറംഗിയുടെ (അഭിമന്യു സിംഗ്) നേതൃത്വത്തിലാണ് ഭീകരമായ വംശഹത്യ നടക്കുന്നത്. തന്റെ കുടുംബവും നാട്ടുകാരുമെല്ലാം മരണത്തിന് കീഴടങ്ങിയപ്പോള്‍ സയദ് (പൃഥ്വിരാജ്) അവിടെനിന്നും രക്ഷപ്പെടുകയാണ്. ഈ സമയത്ത് കുട്ടികളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന ഒരു ഗ്രൂപ്പിന്റെ കൈകളിള്‍ സയദ് അകപ്പെടുന്നു. കുട്ടികളെ പരിശീലനത്തിനായി പാകിസ്താനിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍, അവരുടെ വാഹനവ്യൂഹത്തെ ഖുറേഷി അബ്രാമും സംഘവും രക്ഷപ്പെടുത്തുകയാണ്. അബ്രാം സയദിനെ തന്റെ നിയന്ത്രണത്തിലാക്കുകയും പ്രതികാരം ചെയ്യാന്‍ സഹായിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു. ഒടുവില്‍ ഇരുവരും ചേര്‍ന്ന് ബാബാ ബജറംഗിയെ വധിക്കുന്നു. തന്റെ അച്ഛനും അമ്മയും സഹോദരങ്ങളും ഒരുകൂട്ടം ജനതയും കണ്‍മുന്‍പില്‍ പിടഞ്ഞുമരിക്കുന്നത് കാണുന്നതിലൂടെയാണ് പ്രതികാരം എന്നതിലേയ്ക്ക് സയദ് എത്തുന്നത്. ഇത്തരം രംഗങ്ങള്‍ ചിത്രീകരിച്ചതാണ് സംഘപരിവാറിനെ പ്രകോപിതരാക്കുന്നത്. ഇത് ചരിത്രത്തില്‍ നടന്നതാണെന്നും അതില്‍ തങ്ങള്‍ക്ക് ഖേദമുണ്ടെന്നും വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ പലരും വെളിപ്പെടുത്തിയിട്ടുള്ളതാണ്. സംഘപരിവാര്‍ പോലുള്ള ഭരണകൂടശക്തികളെ ചെറുത്തു തോല്‍പിക്കണമെങ്കില്‍ ഒറ്റയാള്‍ സമരങ്ങളിലൂടെയും ചെറുകൂട്ടങ്ങളിലൂടെയും സാധ്യമല്ലെന്ന് മാവോയിസ്റ്റുകളുടെ ഉള്‍പ്പെടെ അനുഭവങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എംപുരാന്‍ പോലുള്ള ഒരു ത്രില്ലര്‍ സിനിമയെ വിശകലനം ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ആഴത്തില്‍ പരിശോധിക്കേണ്ടതില്ല. എന്നാല്‍ കച്ചവടസിനിമ ആയിരിക്കുമ്പോള്‍ തന്നെ സൂക്ഷ്മമായ രാഷ്ട്രീയ ചിന്തകള്‍ എംപുരാനില്‍ കണ്ടെത്താനാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക