
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ തോട്ടംതൊഴിലാളിയായിരുന്ന രാധ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ദാരുണമായിരുന്നു. പ്രിയദര്‍ശിനി എസ്റ്റേറ്റിനു സമീപം കാപ്പി പറിക്കുന്നതിനിടയിലാണ് രാധ ആക്രമിക്കപ്പെട്ടത്. കടുവയുടെ ഭീതിയിലായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ ഈ പ്രദേശം. കുടുംബത്തിന്റെ സങ്കടകരമായ അവസ്ഥയ്ക്ക് പുറമെ നാട്ടുകാരുടെ പ്രതിഷേധവും ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടുള്ള രോഷപ്രകടനവും പ്രദേശത്തെ സംഘര്‍ഷത്തിലാക്കി. കടുവയെ പിടികൂടാനുള്ള ശ്രമങ്ങളും വനംവകുപ്പുദ്യോഗസ്ഥരുടെ മറ്റ് ഇടപെടലുകളും ഇതിനൊപ്പം തുടര്‍ന്നു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുകയും വെടിവെച്ചുകൊല്ലാനുള്ള അനുമതിയും ഉണ്ടായിരുന്നു. പക്ഷേ, കഴുത്തിനു പരിക്കേറ്റ് മരിച്ച നിലയില്‍ കടുവയെ കണ്ടെത്തിയതോടെ പ്രദേശം ആശ്വാസത്തിലേയ്ക്കു മാറി. പതുക്കെ പ്രതിഷേധങ്ങളും ഉദ്യോഗസ്ഥ ഇടപെടലുകളും ഇല്ലാതാവും. ജനം വീണ്ടും സാധാരണ ജീവിതത്തിലേക്കു മാറും.
രാധയുടെ മരണത്തിനു മുന്‍പ് നിലമ്പൂരില്‍ കരുളായി വനത്തില്‍ പൂച്ചപ്പാറ മണിയും ഒരാഴ്ചയ്ക്കു ശേഷം ഉച്ചക്കുളം ഊരിലെ സരോജിനിയും കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു. മണിയുടെ മരണത്തിനുശേഷമുണ്ടായ പ്രതിഷേധം വലിയ രാഷ്ട്രീയ പോരിലേക്കും നീങ്ങിയിരുന്നു. നിലമ്പൂര്‍ എം.എല്‍.എയായിരുന്ന പി.വി. അന്‍വറിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫീസിലേയ്ക്കു നടന്ന മാര്‍ച്ചും സംഘര്‍ഷവും പി.വി. അന്‍വറിന്റെ അറസ്റ്റിലേയ്ക്ക് നീങ്ങിയിരുന്നു. അദ്ദേഹം എം.എല്‍.എ സ്ഥാനം രാജിവെയ്ക്കുന്നതും ഈ സമയത്താണ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദുരന്തം നടന്നുകഴിഞ്ഞ ശേഷമുള്ള പ്രതിഷേധവും ഇടപെടലും പ്രഖ്യാപനവുമാണ് കേരളത്തില്‍ നമ്മള്‍ കാണുന്നത്. പ്രതിഷേധം, ഉദ്യോഗസ്ഥരുടെ ജാഗ്രതയോടെയുള്ള ഇടപെടല്‍, പ്രതിഷേധത്തെ തണുപ്പിക്കാന്‍ ഉതകുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍, പ്രതിപക്ഷ പിന്തുണ, മൃഗങ്ങള്‍ക്കും മനുഷ്യനും വേണ്ടിയുള്ള ചര്‍ച്ചകള്‍ അങ്ങനെ. ജീവനെടുത്തവരുടെ കുടുംബത്തിന്റെ വേദന ഇതുകൊണ്ട് മായ്ക്കാവുന്നതല്ല. അടുത്ത ഒരു ദുരന്തത്തെ ഇല്ലാതാക്കാനും ദുരന്തശേഷം ആവര്‍ത്തിക്കുന്ന ഈ സംഭവങ്ങള്‍ക്കു കഴിയില്ല. വനത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന മനുഷ്യരുടെ ജീവിതത്തിലേക്ക് വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ നമ്മള്‍ ഭാവിയിലും കാണണം. മനുഷ്യനും മൃഗങ്ങള്‍ക്കും ഒരുപോലെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന നിലവിലെ സാഹചര്യത്തില്‍നിന്ന് ഇതിനെ എങ്ങനെ മറികടക്കാം എന്ന ആഴമേറിയ ചര്‍ച്ചയും തീരുമാനങ്ങളും നടപ്പാക്കലുമാണ് മാര്‍ഗ്ഗം. ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യമാവരുത് ഇതിന്റെ മാനദണ്ഡം. മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ നിരന്തരമെന്നോണം നടക്കുന്ന കേരളത്തില്‍ നിരന്തരം തന്നെ ഇത്തരം ഒരു സിസ്റ്റവും പ്രവര്‍ത്തിക്കേണ്ടതുണ്ട്.
വനംവകുപ്പിന്റെ കണക്ക് പ്രകാരം 2017 മുതല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ വന്യജീവി ആക്രമണത്തില്‍ കേരളത്തില്‍ മരിച്ചത് 808 പേരാണ്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേരാണ്. വര്‍ഷത്തില്‍ ഒരാള്‍ കേരളത്തില്‍ കടുവയുടെ ആക്രമണത്തിനിരയാകുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. 171 പേരാണ് ഇക്കാലയളവില്‍ ആനയുടെ ആക്രമണത്തില്‍ മരിച്ചത്. മരണത്തിനു പുറമെ പരിക്കേറ്റവരും ജീവനോപാധിയായ കൃഷിനാശം സംഭവിച്ചവരുമായി നിരവധി മനുഷ്യരുണ്ട്.
നിയമസഭയില്‍ 2024 ഡിസംബര്‍ 31-ന് സജീവ് ജോസഫിന്റെ ചോദ്യത്തിന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നല്‍കിയ മറുപടിയില്‍ 2016 മുതല്‍ അരലക്ഷത്തിലധികം വന്യജീവി അക്രമങ്ങളാണ് കേരളത്തിലുണ്ടായത്. 2016 മുതല്‍ 2023 വരെ 7492 പേര്‍ക്ക് വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 55839 വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് 909 പേര്‍ക്ക്. ജീവന്‍ നഷ്ടപ്പെട്ടതും പരിക്കേറ്റതും കൃഷി നശിച്ചതുമായ 6773 പേര്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കാനുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. പുതിയ കണക്കുകള്‍കൂടി വരുമ്പോള്‍ എണ്ണം ഇനിയും കൂടും.
പ്രതിവിധികള്‍ക്കുള്ള ചര്‍ച്ചകള്‍ എന്നും എങ്ങുമെത്താത്ത തരത്തില്‍ വൈകാരികമാവുകയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍നിന്നു മാറേണ്ടതുണ്ട്. വനം കയ്യേറി ആളുകള്‍ താമസിക്കുന്നതുകൊണ്ടാണെന്നും മൃഗങ്ങളുടെ വിഹാരകേന്ദ്രങ്ങളിലെ മനുഷ്യ ഇടപെടലാണ് വന്യജീവികളെ പ്രകോപിപ്പിക്കുന്നത് എന്ന വാദവും മൃഗങ്ങളെ വെടിവെച്ചുകൊല്ലുക മനുഷ്യനാണ് പ്രാധാന്യം എന്ന വാദവും മനുഷ്യ- വന്യമൃഗ സംഘര്‍ഷങ്ങളില്‍ എല്ലാ കാലത്തുമുണ്ടായിട്ടുള്ള രണ്ട് തരം തീവ്ര നിലപാടുകളാണ്. ഈ നിലപാടുകള്‍ ഉയര്‍ത്തിയുള്ള ചര്‍ച്ചകള്‍ കര്‍ഷകരും ആദിവാസികളും തോട്ടം തൊഴിലാളികളുമായ മനുഷ്യരുടെ ജീവിതത്തിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്തുന്നതല്ല എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. മനുഷ്യരെ മാറ്റിപ്പാര്‍പ്പിക്കുക, മൃഗങ്ങളെ വെടിവെച്ചുകൊല്ലുക എന്ന തരത്തിലുള്ള തീവ്ര ചര്‍ച്ചകള്‍ ഉദ്യോഗസ്ഥ തലത്തിലേയും രാഷ്ട്രീയതലത്തിലേയും പല ഉത്തരവാദിത്വങ്ങളേയും മറയ്ക്കാനുതകുന്നത് കൂടിയാണ്. സംഘര്‍ഷങ്ങളുണ്ടാവുന്ന സ്ഥലങ്ങള്‍ തിരിച്ചറിയുക, കടുവ, ആന പോലുള്ള ജീവികളെ നിരന്തരമായി നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കുക, ഓരോ പ്രദേശത്തിനും അനുസരിച്ചുള്ള മൃഗങ്ങളുടെ വരവിനെ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവുക, കാടിനോട് ചേര്‍ന്നു ജീവിക്കുന്ന മനുഷ്യര്‍ക്ക് നിരന്തരമായ ബോധവല്‍ക്കരണവും പുതിയ വിവരങ്ങള്‍ കൈമാറുകയും കാടിനുള്ളിലെ സാഹചര്യങ്ങളെക്കുറിച്ച് നിരന്തരമായ ആശയവിനിമയങ്ങള്‍ ഉണ്ടാവുകയും ചെയ്യേണ്ടതാണ്. സെന്നപോലെയുള്ള അധിനിവേശ സസ്യങ്ങള്‍ മൂടിക്കഴിഞ്ഞ വനമേഖലയില്‍ മൃഗങ്ങളുടെ ജീവിതവും ഭക്ഷണലഭ്യതയും മനുഷ്യന്റെ ഇടപെടലുകള്‍ ഏതു തരത്തിലാണ് അവരെ ബാധിച്ചത് എന്നതും നിരന്തരമായി നിരീക്ഷിക്കുകയും ആഴത്തില്‍ പഠിക്കുകയും അതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ വനത്തിലും പുറത്തും നടത്തേണ്ടതുമുണ്ട്. സംഘര്‍ഷങ്ങളും വന്യജീവി ആക്രമണങ്ങളും ഇനിയും ഉണ്ടാവാം. ഉപരിപ്ലവ ചര്‍ച്ചകള്‍ക്കപ്പുറം ദീര്‍ഘകാഴ്ചപ്പാടുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവണം.
മനുഷ്യരുടെ സഹിഷ്ണുതയും കുറയുന്നു
സോണി ആര്‍.കെ.
(എന്‍വയേണ്‍മെന്റല്‍ സോഷ്യോളജിസ്റ്റ്)
നാട്ടിലിറങ്ങി ആളുകളെ പിടിക്കുന്നത് കടുവകളുടെ കാര്യത്തില്‍ വളരെ അപൂര്‍വ്വമായി നടക്കുന്ന ഒന്നാണ്. വേട്ടയാടാന്‍ പറ്റാത്തതരത്തില്‍ ആരോഗ്യം കുറഞ്ഞ കടുവകളാണ് നാട്ടിലിറങ്ങി ആടിനെയൊക്കെ പിടിക്കുന്നത്. മനുഷ്യരെ ആക്രമിക്കുന്നത് വളരെ കുറവാണ്. ഇതിന്റെ മുന്നില്‍പ്പെടുന്നവരുടെ കാര്യമല്ല, ഭക്ഷണത്തിനുവേണ്ടി ആക്രമിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. വേട്ടയാടി പിടിക്കുന്നതാണ് അതിന്റെ രീതി.
വനത്തിന്റെ ആരോഗ്യം മാറിക്കൊണ്ടിരിക്കുന്നുണ്ട്. നമുക്കറിയില്ല കാടിനുള്ളില്‍ എന്താണ് അവസ്ഥ എന്നത്. അത്തരം പഠനങ്ങളില്ല. വ്യക്തിഗതമായ ചില പഠനങ്ങളല്ലാതെ സമഗ്രമായ ഒരു പഠനം കേരളത്തിലെ കാടുകളെക്കുറിച്ച് നമുക്കില്ല. വൈല്‍ഡ് ലൈഫ് ഇക്കോളജിയുടെ ബേസിക് എന്നത് ട്രാക്കിങ്, ട്രെയ്സിങ്, മോണിറ്ററിങ്ങാണ്. പ്രത്യേകിച്ച് കടുവ, പുലി പോലെയുള്ളവയെ. വനംവകുപ്പ് വളരെ ഊര്‍ജ്ജിതമായി ഇതില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറേക്കാലമായി പന്നിയിറങ്ങുന്നു, മയിലുകളുടെ എണ്ണം കൂടുന്നു തുടങ്ങി നിരന്തരമായി ഇത്തരം സംഘര്‍ഷങ്ങളെക്കുറിച്ച് നമ്മള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്. പക്ഷേ, നമുക്കിപ്പോഴും അതിന്റെ യഥാര്‍ത്ഥ ഡാറ്റ അറിയില്ല.
ഒരു സംഘര്‍ഷം ഉണ്ടാവുമ്പോള്‍ വനംവകുപ്പ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, അതല്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ട്രാക്കിങ്ങിനു പുറമെ മൃഗങ്ങളുടെ ഭക്ഷണത്തിന്റെ കാര്യവും നിരീക്ഷിക്കണം. താല്‍ക്കാലികമായിട്ടല്ല അതു വേണ്ടത്. നിരന്തരമായി ഡാറ്റ ഉണ്ടാക്കിയെടുക്കണം. കെ.എഫ്.ആര്‍.ഐ പോലുള്ള സ്ഥാപനങ്ങള്‍ക്ക് അതില്‍ സഹകരിക്കാന്‍ പറ്റും. ഇത് ഉണ്ടാക്കിയെടുത്താല്‍ ഇതിന്റെ സഞ്ചാരം നമുക്കു ട്രാക്കു ചെയ്യാം ഒപ്പം അതിന്റെ ഇരകളെക്കുറിച്ചും മനസ്സിലാക്കി ഇടപെടാന്‍ പറ്റും. വൈല്‍ഡ് ലൈഫ് ഇക്കോളജി മാനേജ്മെന്റിന്റെ ഭാഗത്തുനിന്നു ചെയ്യാന്‍ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണത്.
കഴിഞ്ഞ കുറച്ചു കാലമായി വന്യജീവികളോടുള്ള മനുഷ്യന്റെ സഹിഷ്ണുത വല്ലാതെ കുറഞ്ഞിട്ടുണ്ട്. അതിന് അവര്‍ക്കു വ്യക്തമായ കാരണങ്ങളുണ്ടാവാം. പക്ഷേ, കമ്യൂണിറ്റി ലെവലിലുള്ള വളരെ ശക്തമായ ഇടപെടലുകള്‍ ആവശ്യമുണ്ട്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിനും എന്‍.ജി.ഒകള്‍ക്കും ഇടപെട്ട് ഇതു തുടങ്ങാം. ഇവരുടെ സഹായത്തോടെ കമ്യൂണിറ്റിക്കു വ്യക്തമായ അവബോധം ഉണ്ടാക്കണം. പ്രത്യേകിച്ച് ആനയുടേയും കടുവയുടേയും കാര്യത്തില്‍. ഇതെങ്ങനെ വരും എവിടെയാണ് വരാന്‍ സാധ്യത എങ്ങനെ ഇടപെടും എങ്ങനെ ഇതില്‍നിന്നു മാറി നില്‍ക്കാം എന്നീ കാര്യങ്ങള്‍.
ചില കൃഷികള്‍ ചില പ്രദേശത്ത് മൃഗങ്ങളെ ആകര്‍ഷിക്കുന്നതായിരിക്കും. പക്ഷേ, കര്‍ഷകര്‍ക്ക് അത് ഉപേക്ഷിക്കാനും പല കാരണങ്ങള്‍കൊണ്ട് പറ്റില്ല. അങ്ങനെ വരുന്ന സമയത്ത് മറ്റു വിളകള്‍ അവിടെ കൃഷി ചെയ്യിക്കാനും അതിന് ഉണ്ടാവുന്ന നഷ്ടം നികത്താനും അധികൃതര്‍ക്കു കഴിയണം. ഇതുപോലെയുള്ള ഉത്തരവാദിത്വങ്ങളില്‍നിന്നു മാറിനിന്നുകൊണ്ട് വൈകാരികമായ ഇടപെടലിലൂടെ ഇതു പരിഹരിക്കാന്‍ കഴിയില്ല. നമുക്ക് ഇനിയും സംഘര്‍ഷം കൂടാനെ സാധ്യതയുള്ളൂ. പ്രശ്‌നം ഉണ്ടായതിനുശേഷം അതിനെ അഡ്രസ് ചെയ്യുന്ന പരിപാടിയുമായി അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ല.
കൃത്യമായ പഠനം വേണം; പരിഹാരവും
അനൂപ് എന്‍.ആര്‍.
(പരിസ്ഥിതി വന്യജീവി ഗവേഷകന്‍,
അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇക്കോളജി ആന്റ് ദി എന്‍വയേണ്‍മെന്റ്)
മനുഷ്യനും വന്യജീവിയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കാരണങ്ങളെ മനസ്സിലാക്കി ഇടപെടലുകള്‍ നടത്തുക എന്നത് പ്രധാനമാണ്.
കാടിന്റെ ആരോഗ്യം പ്രധാനമാണ്. 2008-'09 കാലത്തൊക്കെ വയനാട്ടിലെ കാടുകളില്‍ മുളകളുണ്ടായിരുന്നു ധാരാളം. അതു പോയതിനുശേഷം പിന്നീടത് തിരിച്ചുവന്നിട്ടില്ല. ആനയെപ്പോലുള്ള ജീവികളെ ഇതു ബാധിച്ചിട്ടുണ്ട്. കാടിന്റെ മൈക്രോ ക്ലൈമറ്റില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. സെന്ന പോലുള്ള അധിനിവേശ സസ്യങ്ങള്‍ മറ്റു സസ്യങ്ങളെ വളരുന്നത് തടയുന്നുണ്ട്. ഇതു ജീവികളെ ബാധിക്കുന്നുമുണ്ട്.
വന്യജീവി ആക്രമണം ഭാവിയിലും കൂടാനാണ് സാധ്യത. കര്‍ഷകര്‍ക്ക് ഇതു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അവരുടെ ജീവിതത്തിനെ ഇതു ബാധിച്ചിട്ടുണ്ട്. മൃഗങ്ങളെപ്പോലെത്തന്നെ പ്രധാനമാണ് ഗ്രാമങ്ങളില്‍ കൃഷിചെയ്ത് അതിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍. അതിനെ നമ്മള്‍ അഡ്രസ് ചെയ്യണം.
ഒരു പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കുന്ന എത്ര ആനകളുണ്ട് എന്നു മനസ്സിലാക്കണം. നമുക്കു നിലവില്‍ അത് അറിയില്ല. മറ്റൊരു ഉദാഹരണം പറഞ്ഞാല്‍ സെന്ന എത്ര പ്രദേശത്ത് വ്യാപിച്ചിട്ടുണ്ടെന്നും അതിന്റെ പാരിസ്ഥിതിക ആഘാതം എന്താണ് എന്നും നമുക്കറിയില്ല. അതും ഇത്തരം മനുഷ്യരുമായുണ്ടാകുന്ന സംഘര്‍ഷവും തമ്മില്‍ ബന്ധമുണ്ടോ എന്നു നമുക്കറിയില്ല. ഇത്തരം ഡേറ്റകള്‍ നമുക്കു വേണ്ടതുണ്ട്.
വനംവകുപ്പില്‍ സാധാരണക്കാരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വനസംരക്ഷണത്തിന്റെ രീതിയിലേയ്ക്ക് അതിന്റെ ഘടന മാറണം. നമ്മളുപയോഗിക്കുന്ന പ്രതിരോധത്തിനെ മറികടക്കാന്‍ ആനകള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, നമ്മളിപ്പോഴും പണ്ട് ഉപയോഗിക്കുന്ന രീതികള്‍ തന്നെയാണ് തുടരുന്നത്. അതിനപ്പുറത്തേയ്ക്ക് ചിന്തിക്കണം. ഓരോ സ്ഥലത്തും അതു വ്യത്യാസം വരുത്തേണ്ടതുണ്ട്. കൃത്യമായ മോണിറ്ററിങ് സംവിധാനം വേണം. കാടിനകത്തും കാടിനോട് ചേര്‍ന്നും വര്‍ഷം മുഴുവന്‍ മോണിറ്റര്‍ ചെയ്യാം. ഒരു സംഘര്‍ഷ സ്ഥലത്ത് എങ്ങനെയാണ് ആളുകള്‍ ഇടപെടേണ്ടത് എന്നതും പ്രധാനമാണ്.
വിദഗ്ദ്ധരായ ആളുകളെ ഉള്‍പ്പെടുത്തി റിസര്‍ച്ച് ടീമിനെ ഉണ്ടാക്കുകയും ഇതിനെ പഠിക്കാനും തുടര്‍ച്ചയായി മോണിറ്റര്‍ ചെയ്യാനും ഇത്തരം പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യാനും ഈ ടീമിനു കഴിയുകയും ചെയ്യേണ്ടതുണ്ട്. അതു വലിയ മാറ്റമുണ്ടാക്കും. എന്താണ് കാട്ടില്‍ നടക്കുന്നത് മൃഗങ്ങളുടെ സ്വഭാവത്തിലെ വ്യത്യാസം അതിനു സംഘര്‍ഷവുമായുള്ള ബന്ധം അതൊക്കെ അന്വേഷിക്കണം.
അതു സമയമെടുത്തു പഠിക്കേണ്ടതുണ്ട്. അതിലൂടെയേ കൃത്യമായ പരിഹാരം സാധ്യമാവുകയുള്ളൂ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക