ജീവന്‍ വേണോ ജീവിതം വേണോ' ?

ജീവന്‍ വേണോ ജീവിതം വേണോ' ?
Updated on

കത്തിന്റെ ഏതറ്റത്തു പോയാലും നിങ്ങള്‍ക്ക് ഒരു മലയാളിയെ കണ്ടുമുട്ടാമെന്നു പറയുന്നത് ഒരു അതിശയോക്തിയല്ല. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയവര്‍ അവിടെ ചായപ്പീടിക നടത്തുന്ന മലയാളിയെ കണ്ട് അമ്പരന്നുപോയി എന്നു പറയുന്നത് തീര്‍ച്ചയായും ഒരു കെട്ടുകഥയാണ്. പക്ഷേ, അതു ഒരു യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കുന്നുണ്ട്. തന്റേയും തന്നെ ആശ്രയിച്ചു ജീവിക്കുന്നവരുടേയും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനും കഴിയുന്നത്ര ക്ഷേമത്തോടെ ജീവിക്കുന്നതിനും ലോകത്തിന്റെ ഏതറ്റം വരേയും പോകാനുള്ള സന്നദ്ധത മലയാളിക്കുണ്ട് എന്ന വസ്തുതയെ. യു.എസിലും യൂറോപ്പിലുമുള്ള വികസിത രാജ്യങ്ങളിലെ പൗരന്മാര്‍ പൊതുവെ ലോകം മുഴുവന്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍, ആ യാത്രകള്‍ ഉല്ലാസത്തിനും അറിവിനും വേണ്ടിയുള്ളതാണെങ്കില്‍ മലയാളി സഞ്ചരിക്കുന്നത് പൊതുവെ അവന്റെ ഉപജീവനാവശ്യത്തെ മുന്‍നിര്‍ത്തിയാണ്.

20-ാം നൂറ്റാണ്ടിന്റെ ആരംഭകാലത്തുതന്നെ കേരളീയര്‍ തൊഴിലന്വേഷിച്ച് അന്യനാടുകളിലേയ്ക്ക് പോകുന്ന പതിവ് ആരംഭിച്ചിരുന്നു. ബര്‍മയിലും സിലോണിലും മലേഷ്യയിലും അവര്‍ അക്കാലത്ത് തൊഴില്‍ തേടി ചെന്നെത്തി. കേരളത്തിലെ ആകെ കുടുംബങ്ങളില്‍ പകുതിയിലധികവും അച്ഛനേയോ മകനേയോ ഒക്കെ ബര്‍മയിലേയ്ക്കും സിലോണിലേയ്ക്കും പറഞ്ഞയച്ചു. സ്വാതന്ത്ര്യാനന്തരം കേരളത്തിലേയും ഇന്ത്യയിലെത്തന്നെയും തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി കര്‍ഷകരെ ബ്രസീലിലേയ്ക്ക് കുടിയേറാന്‍ പ്രേരിപ്പിക്കണമെന്ന നിര്‍ദ്ദേശം ഇന്‍ഡോ-ബ്രസീലിയന്‍ ഫ്രണ്ട്ഷിപ്പ് സംഘടനയും സംഘടനയുടെ സെക്രട്ടറി മാത്യു പൈലിത്താനവും മുന്നോട്ടുവെയ്ക്കുകയും ഇന്ത്യന്‍ ഭരണാധികാരികള്‍ അത് ഗൗരവപൂര്‍വ്വം പരിഗണിക്കുകയും ചെയ്തിരുന്നു. മുംബൈ, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ വ്യവസായനഗരങ്ങളില്‍ തൊഴില്‍ തേടിയെത്തിയ മലയാളികള്‍ അവിടങ്ങളില്‍ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഗണ്യമായ സ്വാധീനം ചെലുത്താനും തുടങ്ങിയിരുന്നു. മുംബൈയുടെ വാണിജ്യ-സാമൂഹിക മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന ഗുജറാത്തികള്‍ക്കെതിരെയുള്ള വികാരത്തില്‍നിന്നും ഉരുവംകൊണ്ട ശിവസേന പിന്നീട് 'മദ്രാസ്സികള്‍'ക്കെതിരെ തിരിഞ്ഞ കഥയും ചരിത്രത്തിലുണ്ട്. കരിക്കുവെട്ടിയും വഴിയോര കച്ചവടത്തിലേര്‍പ്പെട്ടും വ്യവസായശാലകളില്‍ കണക്കെഴുതിയും ഷോര്‍ട്ട്ഹാന്‍ഡില്‍ എഴുതിയെടുത്തും യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചും മലയാളികള്‍ ജീവിച്ചുപോന്നു. '70-കളോടെ വന്‍തോതില്‍ എണ്ണ നിക്ഷേപം കണ്ടെത്തിയ ഗള്‍ഫ് രാജ്യങ്ങളിലേക്കായി മലയാളിയുടെ ഉപജീവനം അന്വേഷിച്ചുള്ള യാത്ര. ഇപ്പോഴത് കാനഡ, ജര്‍മനി, ഇസ്രയേല്‍ തുടങ്ങി മറ്റു പല രാജ്യങ്ങളിലേയ്ക്കുമായി. രാജ്യാതിര്‍ത്തികളെ സാമ്പത്തികമായും സാമൂഹികമായും തുറന്നിട്ട നവലിബറല്‍ നയങ്ങളുടെ കാലത്ത് മൂലധനം മാത്രമല്ല, അദ്ധ്വാനശക്തിയും അനായാസേന പുതിയ പുതിയ ഇടങ്ങള്‍ തേടാനാരംഭിച്ചതോടെ തൊഴിലന്വേഷിച്ചെത്തി പ്രവാസജീവിതം നയിക്കുന്നവരില്‍ മലയാളിക്കുള്ള പ്രാമുഖ്യം പതുക്കെ നഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ട്. എന്നാലും ഉപജീവനം തേടി അന്യനാടുകളിലേയ്ക്ക് പോകുന്ന മലയാളിയുടെ ശീലം പഴയകാലത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടേയുള്ളൂ.

ഇങ്ങനെ അന്യദേശങ്ങളിലായാല്‍പോലും തൊഴിലെടുത്ത് കുടുംബത്തിന്റേയും തന്റേയും അതിജീവനം ഉറപ്പാക്കാനുള്ള മലയാളിയുടെ തീവ്രമായ ആഗ്രഹം പല അപകടങ്ങളിലും കൊണ്ടുപോയെത്തിച്ചു. വിസാ തട്ടിപ്പ്, വിദേശങ്ങളില്‍ അടിമവേല ചെയ്യേണ്ടിവരുന്നത്, ശാരീരികമായ ചൂഷണം, കാരാഗൃഹവാസം തുടങ്ങിയവയ്ക്ക് മലയാളികള്‍ ഇരയാകുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പോകെപ്പോകെ വിദേശങ്ങളില്‍ തൊഴില്‍ തേടി എത്തുന്നവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഒരു വാര്‍ത്തയല്ലാതായി മാറിക്കഴിഞ്ഞു. റഷ്യയില്‍ തൊഴില്‍ തേടി പോകുകയും ചതിക്കപ്പെട്ട് യുദ്ധമുഖത്തേയ്ക്ക് വലിച്ചെറിയപ്പെടുകയും അവിടെവെച്ച് മരണമടയുകയോ പരുക്കുപറ്റുകയോ ചെയ്ത മലയാളി യുവാക്കളുടെ കഥ മലയാളി പ്രവാസജീവിതത്തിന്റെ ദുരന്തപൂര്‍ണ്ണമായ അദ്ധ്യായങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ്. റഷ്യന്‍-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി ഇന്ത്യക്കാരാണ് റഷ്യയ്ക്കുവേണ്ടി യുദ്ധം ചെയ്യുന്ന കൂലിപ്പട്ടാളത്തില്‍ ചേരാന്‍ നിര്‍ബ്ബന്ധിതരായത്. ഒരാളും യുദ്ധത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചുപോയവരല്ല. റിക്രൂട്ടര്‍മാരുടെ ചതിയില്‍പ്പെട്ട് കുടുങ്ങിപ്പോയവരാണ്. കുടുംബത്തിന്റെ വിശപ്പടക്കാന്‍ ഒരു നല്ല തൊഴില്‍ അന്വേഷിച്ചുപോയവരാണ്. അതില്‍ രണ്ടു മലയാളി യുവാക്കള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തൊഴിലില്ലായ്മയും ജാതി വിവേചനങ്ങളും സാമൂഹിക അസമത്വങ്ങളും തൊഴില്‍-വിദ്യാഭ്യാസ മേഖലകളിലെ പ്രശ്‌നങ്ങളും നിമിത്തം ഇന്ത്യയില്‍നിന്നും മറ്റു രാജ്യങ്ങളിലേയ്ക്കു കുടിയേറുന്നവരുടെ എണ്ണം ദിനേനയെന്നോണം വര്‍ദ്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ തേടി അന്യദേശങ്ങളിലേയ്ക്കു പോയ മനുഷ്യരുടെ സാമൂഹികമായും സാമ്പത്തികമായും ഉള്ള സുരക്ഷിതത്വം ഒരു പ്രധാന ചോദ്യമാണെന്ന വസ്തുത ഗവണ്‍മെന്റുകള്‍ കണക്കിലെടുത്തേ തീരൂ. ജീവിതം മെച്ചപ്പെടുത്താമെന്ന പേരില്‍ നിര്‍ബ്ബന്ധിത തൊഴിലിലേയ്ക്കും അടിമത്തത്തിലേയ്ക്കുമാണ് പലപ്പോഴും ഏജന്‍സികള്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് എന്ന ആക്ഷേപം വ്യാപകമാണ്. യുക്രെയ്നെതിരായ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ കൂലിപ്പട്ടാളത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മലയാളി യുവാക്കളുടെ അവസ്ഥ പൊതുസമൂഹം ഇനിയും വേണ്ടത്ര ചര്‍ച്ച ചെയ്തിട്ടില്ല.

തൃശൂര്‍ ജില്ലയിലെ ആമ്പല്ലൂര്‍ കല്ലൂര്‍ നായരങ്ങാടി കാങ്കില്‍ സന്ദീപ് ചന്ദ്രന്‍ 2024 ഓഗസ്റ്റില്‍ കൊല്ലപ്പെട്ടപ്പോഴാണ് റഷ്യയിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ അവരെ രക്ഷപ്പെടുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാനായി ഗവണ്‍മെന്റിനെ സമീപിക്കുന്നത്. വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഗവണ്‍മെന്റ് ഉറപ്പു നല്‍കിയതായും വാര്‍ത്തകള്‍ വന്നിരുന്നു. രാജ്യാന്തരതലത്തില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്‌നമായതിനാല്‍ നടപടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും പ്രധാനമന്ത്രി റഷ്യന്‍ സന്ദര്‍ശനവേളയില്‍ ഇക്കാര്യം റഷ്യന്‍ പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഏതാനും പേരെ നാട്ടിലേയ്ക്ക് തിരിച്ചയച്ചു. എന്നാല്‍, ഇപ്പോഴും കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍നിന്നും നിരവധിപേര്‍ റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നു. മിക്കവരും യുദ്ധമുഖത്തുമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അത്തരത്തില്‍ തൊഴില്‍ തേടിപ്പോയ തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് ജനുവരി രണ്ടാംവാരം പുറത്തുവന്നത്. ഭാര്യയും അഞ്ചുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടെയുള്ള ഒരു കുടുംബത്തെ പോറ്റാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ആ ചെറുപ്പക്കാരന്‍ കൊല്ലപ്പെടുന്നത്. സ്വന്തം കുഞ്ഞിനെ കയ്യിലെടുത്ത് ഒന്ന് ഓമനിക്കാന്‍പോലുമാകാതെ ബിനില്‍ മരിച്ചു.

ബിനിലിന്റേയും സന്ദീപിന്റേയും മരണങ്ങള്‍

2024 ഏപ്രില്‍ രണ്ടിനാണ് റഷ്യയില്‍ ക്യാന്റീന്‍ ജോലിക്കെന്നു പറഞ്ഞ് തൃശൂര്‍ കല്ലൂര്‍ നായരങ്ങാടി സ്വദേശി സന്ദീപ് ചന്ദ്രന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും യാത്ര തിരിക്കുന്നത്. നാട്ടില്‍ ഇലക്ട്രീഷ്യനായി പണിയെടുത്തിരുന്നയാളായിരുന്നു ആ 36-കാരന്‍. വിദേശത്ത് ഒരു മികച്ച തൊഴില്‍ നേടാനായ ഏതൊരാളേയും പോലെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും റഷ്യയിലേയ്ക്കു പറക്കുമ്പോള്‍ സന്ദീപിനുമുണ്ടായിരുന്നു. പക്ഷേ, സന്ദീപിനെ അവിടെ കാത്തിരുന്നത് മരണമായിരുന്നു. റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സന്ദീപ് നിര്‍ബ്ബന്ധിക്കപ്പെട്ടു. അങ്ങനെ ശരാശരി മലയാളിക്ക് ഒട്ടും പരിചിതമല്ലാത്ത യുദ്ധമുഖത്തേയ്ക്ക് ആ യുവാവ് വലിച്ചെറിയപ്പെട്ടു. സന്ദീപ് യുദ്ധമുഖത്ത് കൊല്ലപ്പെട്ടു എന്ന അപ്രതീക്ഷിത വാര്‍ത്തയാണ് ഏറെ വൈകാതെ കുടുംബത്തിലേയ്‌ക്കെത്തിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 15-നായിരുന്നു യുക്രെയ്ന്‍ ഷെല്ലാക്രമണത്തില്‍ സന്ദീപ് കൊല്ലപ്പെട്ട വാര്‍ത്ത നാട്ടിലെത്തുന്നത്. ഒടുവില്‍ അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമമിട്ട് 2024 സെപ്റ്റംബര്‍ 28-ന് സന്ദീപിനെ അവസാനമായി കാണാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനുമായി സന്ദീപിന്റെ മൃതദേഹം 45 ദിവസങ്ങള്‍ക്കുശേഷമാണ് നാട്ടിലെത്തുന്നത്. റഷ്യയില്‍ ക്യാന്റീന്‍ ജോലിക്കെന്നു പറഞ്ഞാണ് ചാലക്കുടിയിലുള്ള ഒരു ഏജന്റ് വഴി സന്ദീപ് റഷ്യയിലേയ്ക്കു പോകുന്നത്. വിസ ശരിയാക്കുന്നതിനും മറ്റുമായി രണ്ടര ലക്ഷം രൂപയും അവര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് സഹോദരന്‍ സംഗീത് പറയുന്നു.

''ഗവണ്‍മെന്റ് ക്യാന്റീനിലെ ജോലിയാണ് ചെയ്യേണ്ടത് എന്നു പറഞ്ഞതുകൊണ്ടാണ് സന്ദീപ് കരാര്‍ ഒപ്പിട്ടത്. എന്നാല്‍, അവിടെ എത്തിയപ്പോഴാണ് സൈനിക ക്യാന്റീന്‍ ആണെന്ന് അറിയുന്നത്. ഓഗസ്റ്റ് ഒന്നിനാണ് സന്ദീപ് മരിച്ചത്. എന്നാല്‍, ഓഗസ്റ്റ് 15-നാണ് ഈ വിവരം ഞങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് കലക്ടറുമായും മറ്റും ബന്ധപ്പെട്ടു'' -സംഗീത് പറഞ്ഞു. ആഴ്ചകളേറെ കഴിഞ്ഞാണ് സന്ദീപിന്റെ ഭൗതികശരീരം തന്നെ നാട്ടിലെത്തുന്നത്.

ഏറെ ദരിദ്രമായ കുടുംബമാണ് സന്ദീപിന്റേത്. പരുക്കുപറ്റി തൊഴില്‍ ചെയ്യാന്‍ വയ്യാത്ത അവസ്ഥയിലുള്ള സന്ദീപിന്റെ അച്ഛന്‍ ചന്ദ്രനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം പൂര്‍ണ്ണമായും സംഗീതിന്റെ ചുമതലയിലായി. പണിതീരാത്ത വീടും ആലംബമില്ലാത്ത കുറേ മനുഷ്യരും.

സന്ദീപ് കൊല്ലപ്പെ ട്ടതിനുശേഷം റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ നിര്‍ബ്ബന്ധിച്ചു ചേര്‍ക്കപ്പെട്ട മലയാളികളടക്കമുള്ള മറ്റു യുവാക്കളെ തിരികെ നാട്ടിലെത്തിക്കാന്‍ മുറവിളി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കൊടകര സ്വദേശി സന്തോഷും അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനും പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും ഉള്‍പ്പെടെ ചിലര്‍ തിരികെ നാട്ടിലെത്തി. യുദ്ധമുഖത്തെ ഭീകരാനുഭവങ്ങളില്‍ നിന്നായിരുന്നു അവരുടെ എല്ലാവരുടേയും മടക്കം. എന്നാല്‍, കഴിഞ്ഞയാഴ്ച യുക്രെയ്ന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിനിലും പരുക്കുപറ്റിയ കുറാഞ്ചേരി സ്വദേശി ജെയ്നും ഉള്‍പ്പെടെയുള്ള കുറേപ്പേരെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഇവരെ തിരികെ എത്തിക്കുന്നതിന് ഇന്ത്യന്‍ എംബസി ഇടപെടണമെന്ന് ഇവരുടെ കുടുംബങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. 2024 ഏപ്രില്‍ നാലിന് റഷ്യയിലേയ്ക്ക് പോയതാണ് ബിനിലും ജെയിനും. ഇരുവരുടേയും ഫോണും പാസ്പോര്‍ട്ടും നഷ്ടമായതിനെത്തുടര്‍ന്ന് കുടുംബങ്ങളുമായി ഒന്നോ രണ്ടോ തവണ മാത്രമാണ് ബന്ധം പുലര്‍ത്താനായത്. ഡിസംബറില്‍ മറ്റൊരാളുടെ ഫോണ്‍ വാങ്ങി അവരയച്ച സന്ദേശത്തില്‍ ഇരുവരോടും റഷ്യന്‍ സൈന്യത്തിനുവേണ്ടി യുദ്ധമുഖത്തേയ്ക്കു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇനി വീട്ടിലേയ്ക്കു വിളിക്കാന്‍ കഴിയില്ലെന്നും കരച്ചിലോടെ അവര്‍ പറഞ്ഞതായി കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. പുതുവര്‍ഷദിനം വീഡിയോ കോള്‍ മുഖാന്തിരം വീണ്ടും കുടുംബവുമായി സംസാരിച്ച ബിനില്‍ ഇനി തമ്മില്‍ കാണാന്‍ കഴിഞ്ഞില്ലേക്കില്ലെന്ന് നിരാശയോടെ പറഞ്ഞത് കുടുംബാംഗങ്ങള്‍ ഏറെ സങ്കടത്തോടെയാണ് ഓര്‍ക്കുന്നത്. ജനുവരി 13-ന് ബിനില്‍ ബാബുവിന്റെ മരണം സ്ഥിരീകരിച്ച വാര്‍ത്തയാണ് പിന്നീട് കുടുംബാംഗങ്ങളെ തേടിയെത്തിയത്. ജെയ്ന്‍ പരുക്കേറ്റ് ആശുപത്രിയിലാണെന്നും വിവരം കിട്ടി. റഷ്യന്‍ അധിനിവേശ യുക്രെയ്നില്‍ യുക്രെയ്ന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഇരുവര്‍ക്കും പരുക്കേല്‍ക്കുകയും ബിനില്‍ മരിക്കുകയും ചെയ്തു.

''ഒരു ബന്ധു വഴിയാണ് ഏപ്രില്‍ നാലിന് ബന്ധുക്കള്‍ തന്നെയായ ബിനിലും ജെയ്‌നും റഷ്യയിലേയ്ക്ക് പോകുന്നത്. ആദ്യം പറഞ്ഞത് പോളണ്ടിലേയ്ക്കാണെന്നാണ്. വിസയുടെ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ജോലി റഷ്യയിലാണെന്നു പറയുന്നത്. കൂലിപ്പട്ടാളത്തില്‍ പരിശീലനം നല്‍കുമെന്നും പറഞ്ഞു. ആദ്യം യുദ്ധഭൂമിയിലേയ്ക്ക് നേരിട്ട് ഭക്ഷണം എത്തിക്കാനും ട്രഞ്ച് നിര്‍മ്മിക്കാനും നിയോഗിക്കുമെന്നായി. ഒമാനില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നയാളായിരുന്നു ബിനില്‍. അവിടത്തെ ജോലിതന്നെയാണ് റഷ്യയിലും എന്നു തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയത്'' -ബിനിലിന്റെ സഹോദരന്‍ ലിബിന്‍ പറയുന്നു. ബിനിലിന്റെ ഭൗതികശരീരം ഇനിയും വിട്ടുകിട്ടാത്തതിനാല്‍ പ്രിയപ്പെട്ടവനെ ഒരു നോക്കു കാണാനുള്ള നീണ്ട കാത്തിരിപ്പിലാണ് ബിനിലിന്റെ ഭാര്യ ജോയ്‌സിയും മകനും മറ്റു കുടുംബാംഗങ്ങളും.

മെച്ചപ്പെട്ട ജോലിക്കുവേണ്ടിയുള്ള അന്വേഷണത്തിനിടയില്‍ ബിനിലിനേയും ജെയ്നിനേയും പോലെ ചതിയില്‍പ്പെട്ടവരാണ് സന്തോഷും പ്രിന്‍സ് സെബാസ്റ്റ്യനും ഡേവിഡ് മുത്തപ്പനുമെല്ലാം. ഇതിനിടയില്‍ ബിനില്‍ ഉള്‍പ്പെടെയുള്ളവരെ റഷ്യന്‍ കൂലിപ്പട്ടാളത്തിലേയ്ക്ക് അനധികൃത റിക്രൂട്ടിംഗ് നടത്തിയ കേസിലെ മുഖ്യപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാലക്കുടി റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഓഫീസ് കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തിയിരുന്ന സുമേഷ് ആന്റണി, സിബി, സന്ദീപ് തോമസ് എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ബിനിലിന്റെ ഭാര്യ കുട്ടനെല്ലൂര്‍ തോലത്ത് ജോയ്‌സി, മോസ്‌കോവിലെ ആശുപത്രിയില്‍ കഴിയുന്ന ജെയ്ന്‍ കുര്യന്റെ പിതാവ് കുര്യന്‍ മാത്യു എന്നിവരുടെ പരാതിയിലാണ് പൊലീസ് നടപടി.

യുദ്ധമുഖത്തെ ദുരിതപര്‍വ്വം

രണ്ടുപേര്‍ ഉള്‍പ്പെടുന്ന മൂന്നു സംഘങ്ങളായിട്ടായിരുന്നു റഷ്യയിലേയ്ക്കുള്ള ഇവരുടെ യാത്ര. സന്ദീപും കൊല്ലം സ്വദേശി സിബിയും ഏപ്രില്‍ രണ്ടിനും തൃശൂര്‍ സ്വദേശികളായ ജെയ്ന്‍, ബിനില്‍ എന്നിവര്‍ ഏപ്രില്‍ നാലിനും കൊടകര സ്വദേശി സന്തോഷ്, നെടുമ്പാശ്ശേരി സ്വദേശി റെനില്‍ എന്നിവര്‍ ഏപ്രില്‍ ആറിനുമാണ് റഷ്യയിലേയ്ക്കു പോകുന്നത്. പ്രതിമാസം രണ്ട് ലക്ഷം രൂപയായിരുന്നു ഓരോരുത്തര്‍ക്കും ശമ്പളം വാഗ്ദാനം ചെയ്തത്. ''സന്ദീപ് ഇങ്ങോട്ട് വിളിക്കാതിരുന്നപ്പോള്‍ ഒപ്പം യാത്രതിരിച്ചവരുടെ നമ്പറുകളിലേയ്ക്കു വിളിച്ചുനോക്കിയിരുന്നു'' -സംഗീത് പറയുന്നു. റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് യുക്രെയ്നെതിരെയുള്ള യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിര്‍ബ്ബന്ധിതരാകുകയും പിന്നീട് നാട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്ത 70 ഇന്ത്യക്കാരില്‍ ഒരാളാണ് തൃശൂര്‍ കൊടകര സ്വദേശി സന്തോഷ്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനാല്‍ ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് സന്തോഷ് ഏജന്റിനെ പരിചയപ്പെടുന്നത്. അയാളില്‍നിന്നും റഷ്യയിലെ മിലിട്ടറി ക്യാന്റീനിലെ ജോലിയെക്കുറിച്ച് അറിഞ്ഞ സന്തോഷ് ബന്ധുക്കളില്‍നിന്നു കടംവാങ്ങിയും മറ്റും വിസയുടെ ആദ്യ ഗഡുവായ 80,000 രൂപ അയാളെ ഏല്പിക്കുകയും ചെയ്തു.

''10-15 ലക്ഷം രൂപയുടെ കടമുണ്ട്. അതു കൊടുത്തുതീര്‍ക്കണമെങ്കില്‍ വിദേശത്തൊരു ജോലി കൂടിയേ തീരൂ. റഷ്യയിലെ മറ്റ് ഒഴിവുകള്‍ക്ക് 3.5 ലക്ഷം വരെ കൊടുക്കേണ്ടിവരുമെന്നും ക്യാന്റീന്‍ ജോലിയാണെങ്കില്‍ അത്ര പൈസയൊന്നും കൊടുക്കേണ്ടെന്നുമാണ് ഏജന്റ് എന്നോട് പറഞ്ഞത്. ഈ ജോലിക്ക് ആകെ 2.5 ലക്ഷമാണ് ആവശ്യപ്പെട്ടത്. 80,000 ആദ്യം കൊടുത്തിട്ട് ബാക്കി റഷ്യയിലെത്തിയതിനു ശേഷം കൊടുത്താല്‍ മതിയെന്നും പറഞ്ഞു'' -സന്തോഷ് പറയുന്നു.

''മിലിട്ടറി ക്യാന്റീനിലാണ് ജോലി. കൂടാതെ ആര്‍മി ക്യാമ്പിലെ ഇലക്ട്രിക്കല്‍, പ്ലംബിങ്ങ് ജോലികളും ഉണ്ടാകും. ഇങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. അതിനാല്‍ ആര്‍മിയില്‍ ചേരേണ്ടിവരും. രണ്ടു രണ്ടരയാഴ്ച നീളുന്ന ട്രെയ്‌നിംഗ് ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. സുരക്ഷാകാര്യങ്ങള്‍ ഉണ്ടായതുകൊണ്ട് ഡ്രോണ്‍ അറ്റാക്ക് ഒക്കെ വരുമ്പോള്‍ അതിനെ തടയാനും മറ്റുമായിട്ടാണ് ഇത്തരത്തിലൊരു പരിശീലനം എന്നും പറഞ്ഞു. റഷ്യയില്‍ എത്തിയതിനുശേഷം ഒന്നു വിശ്രമിക്കാന്‍പോലും അനുവാദമുണ്ടായില്ല. പെട്ടെന്നുതന്നെ ആര്‍മി ക്യാമ്പിലേയ്ക്ക് പോകേണ്ടിവന്നു'' എന്ന് സന്തോഷ് പറയുന്നു. മോസ്‌കോയില്‍നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള തുള ആര്‍മി ക്യാംപിലേയ്ക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെവെച്ച് സന്ദീപിനേയും സിബിനേയും മറ്റുള്ളവരേയും സന്തോഷ് കണ്ടുമുട്ടി. ''ഇന്ത്യന്‍ പാസ്പോര്‍ട്ട് വാങ്ങിവെയ്ക്കുകയും റഷ്യന്‍ പാസ്പോര്‍ട്ട് എടുക്കാന്‍ നിര്‍ദ്ദേശിക്കുകയുമാണ് അവര്‍ ആദ്യം ചെയ്തത്. ആര്‍മിയില്‍ ചേരണമെങ്കില്‍ റഷ്യന്‍ പാസ്പോര്‍ട്ട് നിര്‍ബ്ബന്ധമാണ്. ആദ്യം ഒരു മാസത്തോളം അവിടെ കഴിഞ്ഞു. അതിനുശേഷം റോസ്‌തോവിലുള്ള ആര്‍മി ക്യാമ്പിലേയ്ക്കു മാറ്റി. കര്‍ശനമായ സൈനിക പരിശീലനം നേടാന്‍ ഞങ്ങളെ അവര്‍ നിര്‍ബ്ബന്ധിച്ചു. 20 ദിവസത്തെ പരിശീലനത്തിനു ശേഷം ഞങ്ങളെ നുഹാന്‍സ് എന്ന ആര്‍മി ക്യാംപിലേയ്ക്കു മാറ്റി. പിന്നീട് 70 ദിവസം അവിടെ കഴിഞ്ഞു. 7000 റൂബിള്‍ ആദ്യം ശമ്പളമായി കിട്ടി. പിന്നീട് 17,000-വും പിന്നീട് 40,000-വും കിട്ടി. ചൈന ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍നിന്നുള്ള ആളുകള്‍ അവിടെ ഉണ്ടായിരുന്നു. ഇതിനിടയില്‍ രണ്ടാഴ്ച മാത്രമാണ് മറ്റു ജോലികള്‍ ചെയ്യാനായത്. ആ സമയത്തുമാത്രം തോക്കും മറ്റു സൈനികോപകരണങ്ങളും ഉപയോഗിക്കേണ്ടിവന്നില്ല'' -സന്തോഷ് പറഞ്ഞു. അതിനിടയ്ക്ക് റഷ്യന്‍ സിം കാര്‍ഡ് സംഘടിപ്പിച്ച് സന്തോഷ് വീട്ടിലേയ്ക്കു വിളിച്ചു. ''സന്ദീപിന്റെ കൂടെ പോയ ഈജിപ്തുകാരില്‍ കുറച്ചുപേര്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അങ്ങനെയാണ് സന്ദീപിന്റെ വിവരങ്ങള്‍ അറിഞ്ഞിരുന്നത്. ആ സമയത്താണ് സന്ദീപ് വാട്‌സ്ആപ്പില്‍ ശബ്ദസന്ദേശം അയക്കുന്നത്. പരിശീലനം പൂര്‍ത്തിയാതുകൊണ്ടുതന്നെ ജെയ്നിനും ബിനിലിനും ഭക്ഷണവും വെള്ളവും എത്തിക്കുന്ന ജോലിയും തനിക്ക് സെക്യൂരിറ്റി ജോലിയും ശരിയായി'' എന്നാണ് സന്ദീപ് പറഞ്ഞത്. എന്നാല്‍, പിന്നീട് സന്ദീപിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പിന്നീട് സന്ദീപിന്റെ കൂടെയുള്ള ഈജിപ്തുകാരന് അപകടം പറ്റിയെന്നും ഞങ്ങള്‍ അറിഞ്ഞു. പേടി ഒന്നുകൂടി വര്‍ദ്ധിച്ചു. അപ്പോഴാണ് റഷ്യയിലെ ഏജന്റായ സന്ദീപ് സാര്‍ മുഖാന്തിരമാണ് സന്ദീപ് ചന്ദ്രനേയും മറ്റുള്ളവരേയും യുക്രെയ്ന്‍ ബോര്‍ഡറിലാണ് പോസ്റ്റ് ചെയ്തതെന്ന് അറിയുന്നത്. പിന്നീട് സന്ദീപ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയും നടുക്കത്തോടെ ഞങ്ങള്‍ കേട്ടു. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ അവര്‍ക്ക് സന്ദീപിന്റെ ട്രൂപ്പുമായി ബന്ധമില്ലെന്ന മറുപടിയാണ് ഞങ്ങളുടെ കമാന്ററില്‍നിന്നും ലഭിച്ചത്. സിബിന്റെ കൂടെയുണ്ടായിരുന്ന രഞ്ജിത്തിനെയാണ് പിന്നീട് വിളിച്ചത്. സന്ദീപിന്റെ സംഭവം സത്യമാണെന്ന് അവന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ നാട്ടിലെ ഏജന്റിനെ വിളിച്ചു. അയാള്‍ ഞങ്ങളെ ആശ്വസിപ്പിക്കുകയും വേറെ ജോലിയിലേയ്ക്ക് മാറ്റം വാങ്ങിത്തരാമെന്നും പറഞ്ഞു.''

സന്ദീപ് കൊല്ലപ്പെട്ട വാര്‍ത്ത വന്നതിനു തൊട്ടുപിറകെ സന്തോഷ് ഉള്‍പ്പെടെയുള്ളവരെ ബോര്‍ഡറിലേയ്ക്കു മാറ്റാനുള്ള ഉത്തരവുണ്ടായി, അതോടെ അവര്‍ക്കു പേടി വര്‍ദ്ധിച്ചു. തോക്കടക്കം എല്ലാ സാധനങ്ങളും എടുക്കാനുള്ള ഉത്തരവും ഉണ്ടായി. ആ സമയത്താണ് ഇന്ത്യന്‍ എംബസി വാര്‍ത്തകളിലൂടെ കാര്യങ്ങള്‍ അറിഞ്ഞ് ഇടപെടുന്നത്. എംബസി ഉദ്യോഗസ്ഥര്‍ സന്തോഷിനേയും മറ്റും വിളിച്ചു സംസാരിച്ചു. അവര്‍ സൈനിക ക്യാംപുകളില്‍ കുടുങ്ങിപ്പോയവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ''അതിര്‍ത്തിയിലേയ്ക്കു മാറ്റിയപ്പോള്‍ ബഹൂതി ബാച്ചിലായിരുന്നു ഞങ്ങള്‍. ബോര്‍ഡറിലേയ്ക്കുള്ള യാത്രാമദ്ധ്യേ വഴിയിലെല്ലാം യുദ്ധത്തിന്റെ ഭീകരത ദൃശ്യമായിരുന്നു. തകര്‍ന്ന വീടുകളും വാഹനങ്ങളും കെട്ടിടാവശിഷ്ടങ്ങളും വഴിയാകെ നിറഞ്ഞിരുന്നു. ബോര്‍ഡറിലെ ക്യാമ്പിലെത്തിയതിനു ശേഷം വിശ്രമിക്കാനാണ് ഞങ്ങളോട് ആവശ്യപ്പെട്ടത്. കാരണം പിറ്റേ ദിവസം വാര്‍ ഫ്രണ്ടിലേയ്ക്ക് പോകേണ്ടിവരും. അതു കേട്ടപ്പോള്‍ ആകെ ടെന്‍ഷനായി. ഇടിഞ്ഞുവീഴാറായ ഒരു കെട്ടിടത്തിലെ ഒരു മുറിയിലായിരുന്നു താമസം. ഒന്നുകില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെടും, അല്ലെങ്കില്‍ ഇതിന്റെയൊക്കെ കുലുക്കത്തില്‍ കെട്ടിടം ഇടിഞ്ഞു വീണു മരിക്കും എന്ന സ്ഥിതിയിലായിരുന്നു ഞങ്ങള്‍'' -സന്തോഷ് നടുക്കത്തോടെ ഓര്‍ക്കുന്നു. മുന്‍പ് ഒരുമിച്ച് ക്യാമ്പിലുണ്ടായിരുന്ന അമേരിക്കയിലും സെനഗലിലുമുള്ള രണ്ടുപേരെ സന്തോഷ് അവിടെവെച്ചു കണ്ടു. കൂടെയുണ്ടായിരുന്ന ചൈനക്കാര്‍ എല്ലാവരും കൊല്ലപ്പെട്ടുവെന്ന് അവര്‍ സന്തോഷിനോട് പറഞ്ഞു. ''പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്നും ഡ്രോണ്‍ ആക്രമണം ഉണ്ടാവുമെന്നും ഞങ്ങള്‍ക്കു മുന്നറിയിപ്പും നല്‍കി. അവിടെവെച്ചാണ് ഞങ്ങള്‍ മാധ്യമങ്ങള്‍ക്ക് വീഡിയോ അയച്ചുകൊടുത്തത്. അതിനുശേഷമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് നടപടികള്‍ വേഗത്തിലായി. പിറ്റേ ദിവസം തൊട്ട് ഞങ്ങള്‍ക്ക് മെഡിക്കല്‍ ഇവാക്വേഷന്‍ ആയിരുന്നു. ഇവാക്വേഷന്‍ ഏറെ അപകടം പിടിച്ച പണിയാണ്. യുദ്ധത്തിനിടെ പരുക്കേറ്റ് കിടക്കുന്ന സൈനികരെ അവിടെപ്പോയി എടുത്തുകൊണ്ടുവരണം. ഒരാഴ്ചയില്‍ ഒരുമിച്ചാണ് ഭക്ഷണവും വെള്ളവുമൊക്കെ കൊണ്ടുവരാറ്. പത്തു ദിവസം കൂടുമ്പോഴാണ് കുളിച്ചിരുന്നത്. അപ്പുറത്തുള്ള കുഴികളാണ് ബാത്ത്‌റൂമായി ഉപയോഗിച്ചത്. യുക്രെയ്നിലെ ബക്മത്ത് എന്ന യുദ്ധമുഖത്തേയ്ക്ക് ക്യാമ്പില്‍നിന്നും വെറും മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമാണ് ഉള്ളത്. അപ്പുറത്ത് മിസൈല്‍ വന്നു പതിക്കുമ്പോഴൊക്കെ ഞങ്ങളുടെ കെട്ടിടം കുലുങ്ങും'' -സന്തോഷ് പറയുന്നു. യുദ്ധം പുരോഗമിച്ചുകൊണ്ടിരിക്കേയാണ് തങ്ങളെ തിരിച്ച് വിളിക്കാനുള്ള ഇന്ത്യന്‍ എംബസിയുടെ ഓര്‍ഡര്‍ വരുന്നതെന്ന് സന്തോഷ് പറയുന്നു. സന്തോഷ്, റെനില്‍, സിബി എന്നിവരെ കൂടാതെ ആറ് ഹിന്ദിക്കാരും രണ്ട് തമിഴരും അടക്കം ആകെ 11 പേരെ എംബസി വണ്ടിയില്‍ നേരെ റോസ്‌തോവിലുള്ള ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി. ആറു ദിവസം ആശുപത്രിയില്‍ വിശ്രമം. അവിടെയെത്തിയപ്പോഴാണ് നല്ലപോലെയൊന്ന് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞതെന്നും സന്തോഷ് ഓര്‍ക്കുന്നു. ''എഴുന്നേറ്റു നടക്കാന്‍പോലും കഴിയാത്തത്ര ക്ഷീണമായിരുന്നു. പിന്നീട് മോസ്‌കോയിലെ എംബസിയിലെത്തി റഷ്യന്‍ പാസ്പോര്‍ട്ട് എല്ലാം ക്യാന്‍സലാക്കി. എംബസിയാണ് ടിക്കറ്റ് എടുത്തുകൊടുത്തത്. പുലര്‍ച്ചെ നാല് മണിക്ക് ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തി. അവിടെ സി.ബി.ഐ ഉദ്യോഗസ്ഥരുടെ നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലുമുണ്ടായി. അവര്‍ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അതുകഴിഞ്ഞ് നെടുമ്പാശ്ശേരിയിലെത്തി'' ഇപ്പോഴും ഊണിലും ഉറക്കത്തിലും തലച്ചോറിലും ഹൃദയത്തിലും പ്രതിദ്ധ്വനിച്ചുകൊണ്ടിരിക്കുന്നു യുദ്ധമുഖത്തെ ദുരനുഭവങ്ങളുമായി നാട്ടില്‍ ഉപജീവനത്തിനായി പഴയ തൊഴിലില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് താനെന്നും സന്തോഷ് പറയുന്നു.

റഷ്യയില്‍നിന്നും ഏകദേശം 70 പേരാണ് ഇത്തരത്തില്‍ റഷ്യന്‍ കൂലിപ്പട്ടാളത്തിലെ 'സേവന'ത്തില്‍നിന്നും രക്ഷപ്പെട്ട് പരുക്കുകളോടെയും അല്ലാതെയുമൊക്കെയായി നാട്ടില്‍ തിരിച്ചെത്തിയിട്ടുള്ളത്. തൃശൂരിനു പുറമേ അഞ്ചുതെങ്ങായിരുന്നു റഷ്യയിലേയ്ക്കു മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിന്റെ മറ്റൊരു പ്രധാന കേന്ദ്രം. ഇന്ത്യയില്‍ എമ്പാടും ദരിദ്ര, ഇടത്തരം ജനവിഭാഗങ്ങളില്‍നിന്നും നിരവധി യുവാക്കള്‍ ഇത്തരത്തില്‍ മനുഷ്യക്കടത്തു മുഖാന്തിരം പല നിലയ്ക്കും ചൂഷണത്തിനു വിധേയമാകുന്നുണ്ട്. കേരളത്തിനു പുറമേ തമിഴ്നാട്, ഹൈദരാബാദ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും റഷ്യന്‍ കൂലിപ്പട്ടാളത്തിലേയ്ക്ക് യുവാക്കളുടെ റിക്രൂട്ട്‌മെന്റ് ഉണ്ടായിട്ടുണ്ട്. ഈ യുവാക്കളില്‍ കുറച്ചുപേര്‍ യുദ്ധമുഖത്ത് കൊല്ലപ്പെടുകയും ചെയ്തു. യുദ്ധമുന്നണിയിലേയ്ക്ക് നിയോഗിക്കപ്പെട്ടവരില്‍ ചിലര്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് ആ ജോലി ഏറ്റെടുത്തതെങ്കില്‍ മറ്റു ചിലര്‍ ഏജന്റുമാരാല്‍ ചതിക്കപ്പെട്ടവരാണ്. ഇന്ത്യന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുകയും റഷ്യന്‍ ആര്‍മിക്കുവേണ്ടി പൊരുതേണ്ടിവരികയും അവിടെവെച്ച് കഴിഞ്ഞവര്‍ഷം കൊല്ലപ്പെടുകയും ചെയ്ത അമൃത്‌സര്‍ സ്വദേശിയായ തേജ്പാല്‍ സിംഗ് എന്ന 30-കാരനെപ്പോലെ. ഗുജറാത്തിലെ സൂറത്തില്‍നിന്നുള്ള അശ്വിന്‍ഭായ് മന്‍ഗൂക്യ, തെലങ്കാനയില്‍നിന്നുള്ള മുഹമ്മദ് അസ്ഫാന്‍, ഹാമില്‍ മന്‍ഗൂക്യ, ഹര്യാനയില്‍നിന്നുള്ള രവി മൗന്‍ എന്നിവരും കഴിഞ്ഞ വര്‍ഷം യുക്രെയ്ന്‍ ആക്രമണത്തില്‍ റഷ്യന്‍ കൂലിപ്പട്ടാളത്തിനുവേണ്ടി പൊരുതുന്നതിനിടയില്‍ കൊല്ലപ്പെട്ടു. നാട്ടിലെ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും മികച്ച വേതനത്തേയും ആനുകൂല്യങ്ങളേയും സംബന്ധിച്ച പ്രതീക്ഷകളുമാണ് നമ്മുടെ നാട്ടിലെ യുവാക്കളെ റഷ്യയില്‍ ഒരു തൊഴില്‍ എന്ന ലക്ഷ്യത്തിനു പിറകെ പോകാന്‍ പ്രേരിപ്പിക്കുന്നത്. തെക്കനേഷ്യയില്‍ നേപ്പാളില്‍നിന്നും ശ്രീലങ്കയില്‍നിന്നുമൊക്കെ റഷ്യയിലേയ്ക്ക് കൂലിപ്പടയാളികളായി ചെറുപ്പക്കാര്‍ പോകുന്നുണ്ട്.

റഷ്യയ്ക്കുവേണ്ടി പൊരുതാന്‍ വിദേശികളെ നിയോഗിക്കാമെന്ന ഉത്തരവില്‍ രണ്ടുവര്‍ഷം മുന്‍പേ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുത്ചിന്‍ ഒപ്പുവെച്ചതോടെയാണ് റഷ്യന്‍ സൈന്യത്തിലേയ്ക്കുള്ള വാതില്‍ തുറക്കുന്നത്. നൂറിലധികം ഇന്ത്യക്കാര്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേരാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ട് സൈന്യത്തില്‍ ചേര്‍ക്കുന്നവര്‍ക്ക് ആറുമാസത്തെ 'നിര്‍ബ്ബന്ധിത സേവന'ത്തിനു ശേഷമേ പിരിഞ്ഞുപോകാനാകൂ. ഈ കാലയളവില്‍ ലീവും മറ്റൊഴിവുകളുമില്ല. കാനഡ വിസാ നിയമങ്ങള്‍ കര്‍ശനമാക്കിയതിനുശേഷം ഹരിയാനയില്‍നിന്നും പഞ്ചാബില്‍ നിന്നുമുള്ള യുവാക്കള്‍ എളുപ്പത്തില്‍ റഷ്യയിലേയ്ക്കുള്ള റിക്രൂട്ടര്‍മാരുടെ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുണ്ട്. ഈ രണ്ടു സംസ്ഥാനങ്ങളിലും വര്‍ദ്ധിച്ച തോതിലുള്ള തൊഴിലില്ലായ്മ ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com