മണിച്ചനെ തകര്‍ത്തതു ഞാന്‍

മണിച്ചനെ തകര്‍ത്തതു ഞാന്‍
Updated on

.കെ. നായനാരുടെ നേതൃത്വത്തിലുള്ള 1996-2001-ലെ ഇടതുമുന്നണി സര്‍ക്കാരിനു കാലാവധി കഴിയാന്‍ ആറു മാസത്തോളം മാത്രമുണ്ടായിരിക്കെയാണ് കല്ലുവാതുക്കല്‍ മദ്യദുരന്തം ഉണ്ടായത്. പിന്നീടു നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ മുഖ്യ പ്രചാരണ വിഷയങ്ങളിലൊന്നായി അതു മാറി; 100 സീറ്റുകള്‍ നേടിയാണ് 2001 മേയില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയത്. മണിച്ചന്റെ ഗോഡൗണില്‍നിന്നു പൊലീസിനു കിട്ടിയ മാസപ്പടി ഡയറിയിലെ പേരുകള്‍ ഭരണത്തെ പിടിച്ചുകുലുക്കി. രാഷ്ട്രീയ പ്രാധാന്യം കൂടിവന്നതോടെ പ്രതികള്‍ക്കു ജാമ്യം കിട്ടാത്ത വിധം 90 ദിവസത്തിനുള്ളില്‍ത്തന്നെ കുറ്റപത്രം സമര്‍പ്പിച്ചാണ് പൊലീസ് കല്ലുവാതുക്കല്‍ കേസില്‍ ജാഗ്രത കാണിച്ചത്. തൊട്ടുമുന്‍പത്തെ എ.കെ. ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചതോടെ കള്ള് ഷാപ്പുകള്‍ ലേലത്തില്‍ പിടിച്ചാണ് ചിറയിന്‍കീഴിലെ ചെറുകിട മദ്യവില്‍പ്പനക്കാരനായിരുന്ന മണിച്ചന്‍ അബ്കാരി പ്രമുഖനായി വളര്‍ന്നത്. അക്കാലത്ത് എല്ലാ പാര്‍ട്ടികളുടേയും പ്രിയപ്പെട്ട ആളായിരുന്നു മണിച്ചന്‍. മദ്യദുരന്തക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ മണിച്ചന്‍ ഫ്രീലാന്‍സ് എന്ന മധ്യാഹ്ന പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് താന്‍ സഹായിച്ച പല നേതാക്കളുടേയും പേരുകള്‍ വെളിപ്പെടുത്തിയത്. പത്രത്തിന്റെ എഡിറ്റര്‍ തിരുവല്ലം ഭാസിയാണ് ആ ഇന്റര്‍വ്യൂ ചെയ്തത്. 2004 മുതല്‍ ഓസ്ട്രേലിയയില്‍ മാധ്യമപ്രവര്‍ത്തകനായ ഭാസിക്ക് ആ അഭിമുഖത്തേയും അതുണ്ടാക്കിയ പ്രത്യാഘാതത്തേയും കുറിച്ച് ഇപ്പോഴുള്ളത് പശ്ചാത്താപം. ''ഞാന്‍ ആ അഭിമുഖം ചെയ്തതാണ് അയാളുടെ ജീവിതം തകരാന്‍ ഇടയാക്കിയത്. അന്നത്തെ വെളിപ്പെടുത്തലുകള്‍ മണിച്ചന്‍ നടത്തിയിരുന്നില്ലെങ്കില്‍ ആ കേസിന് മറ്റൊരു മാനം വരുമായിരുന്നില്ല. വേറെ മാധ്യമങ്ങളെത്തേടി മണിച്ചന്‍ പോകാനും ഇടയില്ലായിരുന്നു. ഞാന്‍ അങ്ങോട്ടുവെച്ച ഓഫറിലാണ് ആ അഭിമുഖത്തിന് മണിച്ചന്‍ തയ്യാറായത്'' -തിരുവല്ലം ഭാസി പറയുന്നു. കല്ലുവാതുക്കല്‍ ദുരന്തത്തിലെ യഥാര്‍ത്ഥ പ്രതി മണിച്ചനല്ല എന്നുകൂടി ഇപ്പോഴും വിശ്വസിക്കുന്നതുകൊണ്ടാണ് തനിക്ക് ഇത്രയ്ക്കു കുറ്റബോധമെന്നും ഭാസി വിശദീകരിക്കുന്നു.

31 പേരുടെ മരണത്തിന് ഇടയാക്കിയ 2000 ഒക്ടോബര്‍ 21-ലെ കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മണിച്ചന്‍ മോചിതനായി 2022 ഒക്ടോബര്‍ മുതല്‍ തിരുവനന്തപുരത്തുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലെ 'ആസാദി കാ അമൃത മഹോത്സവം' ആണ് മണിച്ചനും ശിക്ഷാ ഇളവിന് ഇടയാക്കിയത്. നിരവധി ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെടാന്‍ കാരണമായ, നിരവധി കുടുംബങ്ങളെ തകര്‍ത്ത കല്ലുവാതുക്കല്‍ കേരളത്തിലെ വലിയ മദ്യദുരന്തങ്ങളിലൊന്നാണ്. മണിച്ചന്റെ പ്രധാന കൂട്ടുപ്രതികളില്‍ ഒരാളായി ശിക്ഷിക്കപ്പെട്ട ഹൈറുന്നിസയുടെ ഷാപ്പില്‍ വിറ്റ മദ്യമാണ് ദുരന്തത്തിനു കാരണമായത്. അവര്‍ക്കു മദ്യം വിതണം ചെയ്തത് മണിച്ചനാണ് എന്ന മൊഴി അതിപ്രധാനമായി. ജീവപര്യന്തം തടവും 30.45 ലക്ഷം രൂപയുമാണ് മണിച്ചനു കോടതി വിധിച്ച ശിക്ഷ. അന്വേഷണസംഘത്തെ നയിച്ചിരുന്ന ഐ.ജി സിബി മാത്യൂസിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി എന്ന കേസില്‍ പിന്നീട് നാല് വര്‍ഷത്തെ ശിക്ഷയുമുണ്ടായി. മണിച്ചന്‍ എന്ന പി.കെ. ചന്ദ്രന്‍, ഭാര്യ, മണിച്ചന്റെ മൂന്ന് അനിയന്മാര്‍ എന്നിവരുള്‍പ്പെടെ 26 പ്രതികളാണ് മദ്യദുരന്തക്കേസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഹൈറുന്നിസ ജയില്‍വാസത്തിനിടെ കരള്‍രോഗ ബാധിതയായി മരിച്ചു.

വെളിപ്പെടുത്തലും കോളിളക്കവും

ഒളിവില്‍ വെച്ച് മണിച്ചനെ കണ്ടതും ആ അഭിമുഖവും അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. ഇന്നത്തെയത്ര ദൃശ്യമാധ്യമങ്ങള്‍ ഇല്ലാതിരുന്ന കാലം; ദൂരദര്‍ശനു പുറമേ ഏഷ്യാനെറ്റാണ് പ്രധാനമായുമുള്ളത്, പിന്നെ സൂര്യ ടിവിയും. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടങ്ങിവരുന്നതേയുള്ളൂ. ഭാസിക്കു കിട്ടിയ എക്‌സ്‌ക്ലൂസീവ് അഭിമുഖം അദ്ദേഹം ഏഷ്യാനെറ്റിനുകൂടി കൊടുത്തു. ഭാസിയുടെ 40 വര്‍ഷത്തെ മാധ്യമജീവിതത്തില്‍ ഏറ്റവും ശ്രദ്ധേയമായ റിപ്പോര്‍ട്ടും അതേസമയം പിന്നീട് ഏറ്റവുമധികം വിഷമവും പശ്ചാത്താപവുമുണ്ടാക്കിയ സ്റ്റോറിയും അതുതന്നെയാണ്. ആ കാലവും അനുഭവവും പറയുന്നതില്‍ കേരളത്തിന് അറിയാനും മനസ്സിലാക്കാനും ചിലതുണ്ട്; അത് താനല്ലാതെ ആര് പറയുമെന്നും ഇപ്പോഴല്ലെങ്കില്‍പ്പിന്നെ എപ്പോള്‍ എന്നും ഭാസി ചോദിക്കുന്നു. ''തികച്ചും യാദൃച്ഛികമായാണ് മണിച്ചനെ കാണുന്നതും പരിചയപ്പെടുന്നതും. മദ്യദുരന്തം കഴിഞ്ഞ ഒരു മാസത്തോളമായിട്ടുണ്ടാകും. മണിച്ചനേയും കൂടെയുള്ളവരേയും തിരഞ്ഞ് പൊലീസ് പരക്കം പായുകയാണ്; എല്ലാവരും ഒളിവിലും. മണിച്ചന്‍ ദുബായിലേയ്ക്കു കടന്നു, കള്ള പാസ്പോര്‍ട്ടെടുത്ത് ജപ്പാനിലെത്തി എന്നൊക്കെ പത്രങ്ങളില്‍ വാര്‍ത്തകള്‍ വരുന്ന സമയമാണ്. മുഖ്യധാരാ പത്രങ്ങള്‍ ഉള്‍പ്പെടെ സ്വന്തം ഭാവനയ്ക്കനുസരിച്ച് കഥകള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നു.''

വഴുതയ്ക്കാട്ടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കാണാന്‍ ഭാസി പോയത് ഒരു വൈകുന്നേരമാണ്. അവിടെവെച്ച് തിരുവല്ലം സുരേന്ദ്രന്‍ എന്ന അബ്കാരി കോണ്‍ട്രാക്ടറെ കണ്ടു. നാട്ടുകാരും പരിചയക്കാരുമാണ്. അയാള്‍ മണിച്ചന്റെ സുഹൃത്താണെന്നും അറിയാം. ''നിങ്ങളുടെ സുഹൃത്തല്ലേ വാര്‍ത്തകളില്‍ നിറയെ. അയാള്‍ക്കെന്താണ് പറയാനുള്ളതെന്നു നിങ്ങള്‍ ഇടപെട്ട് പത്രങ്ങള്‍ക്കൊന്നു പറഞ്ഞുകൊടുക്കാത്തതെന്താ'' എന്നു ഞാന്‍ ചോദിച്ചു, ഭാസി പറയുന്നു. ആരു ചെയ്യും, ഏതു പത്രം കൊടുക്കും എന്ന ആശങ്കയും സന്ദേഹവുമാണ് സുരേന്ദ്രന്‍ പ്രകടിപ്പിച്ചത്. ''ഞങ്ങളുടേത് ഒരു ചെറിയ പത്രമാണ്; പക്ഷേ, പറയാന്‍ മണിച്ചന്‍ തയ്യാറാണെങ്കില്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കാം എന്നു ഞാന്‍ പറഞ്ഞു.'' തലസ്ഥാനത്തെ കുറേ ആളുകളും ഭരണ, രാഷ്ട്രീയ, ഉദ്യോഗസ്ഥ തലപ്പത്തിരിക്കുന്നവരും കാണാതിരിക്കില്ല എന്നും പറഞ്ഞു. എങ്കില്‍ മണിച്ചനുമായി സംസാരിച്ചിട്ടു വിളിക്കാം എന്ന് സുരേന്ദ്രന്‍ പറഞ്ഞു. കുറച്ചുനേരം കൂടി സംസാരിച്ചു നില്‍ക്കുമ്പോള്‍ സുരേന്ദ്രന്‍ മറ്റൊന്നുകൂടി ചെയ്തു. കുറച്ചപ്പുറത്ത് ഒരു കസേരയിലിരിക്കുന്ന ആളെ ചൂണ്ടി മണിച്ചനാണ് ആ ഇരിക്കുന്നതെന്നു വെളിപ്പെടുത്തി. അതൊരു വല്ലാത്ത അത്ഭുതമായിരുന്നു. പൊലീസ് നാടെങ്ങും തിരയുന്ന, മാധ്യമങ്ങള്‍ അപസര്‍പ്പക കഥകള്‍ മെനഞ്ഞുകൊണ്ടിരിക്കുന്ന കുറ്റവാളി ക്ഷീണിതനും ഓടിയോടി മടുത്തവനുമായി അവിടിരിക്കുന്നു. സുരേന്ദ്രന്‍ മണിച്ചനു ഭാസിയെ പരിചയപ്പെടുത്തി, കാര്യം പറഞ്ഞു. കുറച്ചുനേരം ആലോചിച്ചിട്ടാണ് മണിച്ചന്‍ മറുപടി പറഞ്ഞത്. അങ്ങനെ, അന്നു രാത്രി വൈകി കൈമനത്തെ ഫ്രീലാന്‍സ് ഓഫീസില്‍വെച്ചു സംസാരിക്കാമെന്നു തീരുമാനിച്ചു. ''താങ്കളെ ഞാന്‍ വിശ്വസിക്കുകയാണ്. ദയവായി പൊലീസൊന്നും അറിയാന്‍ ഇടവരരുതേ എന്നായിരുന്നു അഭ്യര്‍ത്ഥന. അക്കാര്യം ഞാന്‍ ഉറപ്പു കൊടുത്തു. ഞാനോ എനിക്കൊപ്പമുള്ളവരോ മുഖേന പൊലീസിനോ മറ്റ് അധികൃതര്‍ക്കോ ഒറ്റുകൊടുക്കില്ല. പക്ഷേ, താങ്കള്‍ സംസാരിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് കുറച്ചുകൂടി ആളുകളില്‍ എത്തുന്നവിധത്തില്‍ അതു ചെയ്യുന്നതല്ലേ നല്ലത് എന്നു ചോദിച്ചു. അത് മണിച്ചന്‍ സമ്മതിച്ചപ്പോള്‍ ഞാന്‍ ഏഷ്യാനെറ്റ് എഡിറ്റര്‍ കെ.പി. മോഹനനെ വിളിച്ചുപറഞ്ഞു. മണിച്ചന്‍ വിദേശത്താണെന്നും മറ്റും മറ്റെല്ലാവരേയുംപോലെ വിശ്വസിച്ചിരുന്ന കെ.പി. മോഹനന് തിരുവനന്തപുരത്തുവെച്ച് അതേ ആളുമായി ഒരു അഭിമുഖം ഇന്നു രാത്രി നടക്കുമെന്നു പറഞ്ഞപ്പോള്‍ അമ്പരപ്പായിരുന്നു. കാര്യം അറിഞ്ഞപ്പോള്‍ ഒരു ജേണലിസ്റ്റ് എന്ന നിലയില്‍ എന്നെപ്പോലെത്തന്നെ അദ്ദേഹവും ആവേശഭരിതനായി.''

പിറ്റേന്ന് ഉച്ചയ്ക്ക് 12-ന് അഭിമുഖവുമായി ഫ്രീലാന്‍സ് ഇറങ്ങിക്കഴിഞ്ഞ് ഒരു മണിയുടെ വാര്‍ത്തയില്‍ മാത്രമേ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുകയുള്ളു എന്നു സമ്മതിക്കുകയും ചെയ്തു. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത, ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനായി പിന്നീട് വളര്‍ന്ന കെ. അജിത്തിന്റെ പേരും ക്യാമറ പേഴ്‌സണ്‍ തെരുവിയത്തിന്റെ പേരും സജസ്റ്റ് ചെയ്തതും ഭാസി തന്നെയായിരുന്നു. പത്രം മണിച്ചന്റെ അഭിമുഖത്തിലെ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള പ്രധാന വാര്‍ത്തയുമായി ഉച്ചയ്ക്കു മുന്‍പുതന്നെ ഇറങ്ങി. ഒരു മണിയുടെ ബുള്ളറ്റിനിലാണ് വന്നതെങ്കിലും ഏഷ്യാനെറ്റ് അതിനു മുന്‍പുതന്നെ മണിച്ചന്റെ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തെക്കുറിച്ച് ഫ്‌ലാഷ് ന്യൂസ് കൊടുത്തു.

അഭിമുഖം വന്നതോടെ കോളിളക്കമായി. ഫ്രീലാന്‍സ് ഓഫീസ് പൊലീസ് റെയ്ഡ് ചെയ്തു; ജീവനക്കാരിലൊരാളാണ് അവിടെ അപ്പോള്‍ ഉണ്ടായിരുന്നത്. അയാളെ പിടിച്ചുകൊണ്ടുപോയി, ഭാസിയെ തിരക്കി പൊലീസ് പാഞ്ഞു. ''ഒളിവിലുള്ള ആള്‍ ക്യാമറയ്ക്കു മുന്നില്‍ വന്നിരുന്ന് തുറന്നു പറഞ്ഞിട്ടും ഏഷ്യാനെറ്റിലേയ്ക്ക് പൊലീസ് തിരിഞ്ഞുനോക്കിയുമില്ല. നാലഞ്ചു പൊലീസ് വാഹനങ്ങളിലായി വലിയ പടയാണ് ഫ്രീലാന്‍സില്‍ വന്നത്. മണിച്ചനില്‍നിന്നു മാസപ്പടി വാങ്ങിയവരുടെ ഏകദേശ വിവരങ്ങളൊക്കെ അയാളിലൂടെത്തന്നെ പത്രത്തില്‍ വന്നതായിരുന്നു പ്രകോപനം. ഒട്ടുമിക്ക പാര്‍ട്ടികളിലും പെട്ടവരുടെ പേരുകള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അതില്‍ കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരുമുണ്ടായിരുന്നു. പക്ഷേ, അന്നു ഭരണത്തിലുള്ള പാര്‍ട്ടിയുടെ ചില ആളുകളെ അതു കൂടുതലായി അലോസരപ്പെടുത്തി. എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശവുമുണ്ടായി എന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. കൊച്ചു പത്രമായ ഞങ്ങളെ മാത്രമാണ് വേട്ടയാടിയത്. എനിക്കെതിരെ കേസെടുത്തു, പ്രസ് അക്രഡിറ്റേഷന്‍ റദ്ദാക്കുകയും പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ ലിസ്റ്റില്‍നിന്നു നീക്കുകയും ചെയ്തു. സര്‍ക്കാര്‍ പരസ്യങ്ങള്‍ കിട്ടാതെ വന്നു. പക്ഷേ, എന്നെ അറസ്റ്റു ചെയ്യില്ല എന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി ഡി.ജി.പിയില്‍നിന്ന് ഉറപ്പുവാങ്ങി. ചില മാധ്യമ സുഹൃത്തുക്കള്‍ അക്കാര്യത്തില്‍ എന്നെ സഹായിക്കുകയും ചെയ്തു. കെ. സുധാകരന്‍ നിയമസഭയില്‍ സബ്മിഷന്‍ കൊണ്ടുവന്നു. ഗവണ്‍മെന്റിനെ അനുകൂലിക്കുന്ന പത്രങ്ങള്‍ എനിക്കെതിരേയും എഴുതി. അടുത്ത ദിവസം മുതല്‍ ഈ വെളിപ്പെടുത്തലുകളുടെ തുടര്‍പരമ്പരകള്‍ മറ്റെല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചു തുടങ്ങി. അവര്‍ക്കാര്‍ക്കും ഞങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളൊന്നും ഉണ്ടായില്ല. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് സ്റ്റാര്‍ ന്യൂസിന്റെ കേരള ലേഖകന്‍ തിരുവനന്തപുരത്തുവെച്ച് മണിച്ചന്റെ മാനേജര്‍ ബാലചന്ദ്രനെ ഇന്റര്‍വ്യൂ ചെയ്തു. വഴുതയ്ക്കാട്ട് സ്റ്റാര്‍ ന്യൂസ് ഓഫീസില്‍നിന്ന് ഇന്റര്‍വ്യൂ കഴിഞ്ഞ് ഇറങ്ങിയ ഉടനെ ബാലചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ആ അഭിമുഖത്തിലും മണിച്ചന്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. പക്ഷേ, സ്റ്റാര്‍ ന്യൂസിനെതിരെ പ്രശ്‌നമൊന്നുമുണ്ടായില്ല.'' ഏതായാലും പിറ്റേന്നുതന്നെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ കെ. കരുണാകരനാണ് ഉദ്ഘാടനം ചെയ്തത്. എം.വി. രാഘവനും കെ.എം. മാണിയും പന്തളം സുധാകരനും കെ. മുരളീധരനുമൊക്കെ പങ്കെടുത്തു.

മണിച്ചന്‍
മണിച്ചന്‍

ആരാണ് കുറ്റവാളി?

അഭിമുഖം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മണിച്ചന്‍ പൊലീസിനു കീഴടങ്ങി. നാഗര്‍കോവിലില്‍ നിന്നാണ് പൊലീസ് മണിച്ചനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഒരു അബ്കാരി ലോബിയുടെ നേതൃത്വത്തില്‍ മണിച്ചനെതിരായ വാര്‍ത്തകള്‍ കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് ഭാസി വിശദീകരിക്കുന്നത്. ആ അബ്കാരി ലോബിയുടെ ചില ആളുകളെ അറിയാം എന്നും അദ്ദേഹം പറയുന്നു. പക്ഷേ, പൊതുബോധം മണിച്ചനെതിരായിരുന്നു. മണിച്ചന്‍ രാജ്യം വിട്ടു എന്നു വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ തിരുവനന്തപുരത്തും സമീപത്തുമായി ഉണ്ട്. സുരക്ഷിതനുമായിരുന്നു. ''ഞാനാരേയും കൊന്നിട്ടില്ല, വ്യാജമദ്യം വിറ്റിട്ടുമില്ല'' എന്നായിരുന്നു മണിച്ചന്റെ വാദം. ''കര്‍ണാടകയില്‍ നിന്നുള്‍പ്പെടെ സ്പിരിറ്റ് ഇവിടെ കൊണ്ടുവന്നു വിറ്റിട്ടുണ്ട്. പക്ഷേ, അതു വളരെ സുരക്ഷിതമായാണ് ചെയ്തിട്ടുള്ളത്. വീട്ടില്‍ കോണ്‍ക്രീറ്റ് ഉള്ളറകളുണ്ടാക്കി അതിലാണ് സ്പിരിറ്റ് സൂക്ഷിച്ചത്. കൊടുക്കുന്നത് മദ്യമാണെന്നും അതു മറ്റുള്ളവര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ കഴിയുന്ന വിധത്തിലല്ല കൈകാര്യം ചെയ്യേണ്ടത് എന്നും തികഞ്ഞ ബോധ്യമുണ്ടായിരുന്നു. എല്ലാ ദിവസവും പുറത്തു പോകുന്ന മദ്യത്തിന്റെ അളവെടുത്ത് അതില്‍നിന്നു താന്‍ തന്നെ കുടിച്ചുനോക്കിയിട്ടാണ് പുറത്തേയ്ക്ക് കൊടുത്തിരുന്നത്. അതില്‍ മായം ചേര്‍ക്കേണ്ട ആവശ്യമില്ല'' -മണിച്ചന്റെ അന്നത്തെ ന്യായീകരണം ഇങ്ങനെയായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ അതു തെളിയും എന്ന വിശ്വാസത്തിലാണ് മണിച്ചന്‍ നാടുവിടാതെ ഒളിവില്‍ത്തന്നെ കഴിഞ്ഞത്. വാര്‍ത്തകളും ബഹളങ്ങളും ഒന്ന് അടങ്ങിയിട്ട് പൊലീസിനു പിടികൊടുക്കാനായിരുന്നു ആലോചന. പക്ഷേ, വാര്‍ത്തകള്‍ ഓരോ ദിവസവും മണിച്ചനുമേല്‍ കൂടുതല്‍ക്കൂടുതല്‍ കുരുക്കുകളായി മാറിക്കൊണ്ടിരുന്നു. വീട് തുറന്ന് രഹസ്യ അറകള്‍ കണ്ടെത്തിയതോടെ കേസ് കൂടുതല്‍ വലുതായി. അതോടെ കേസ് മണിച്ചനിലേയ്ക്കു മാത്രമായി കേന്ദ്രീകരിച്ചുവെന്നും അല്ലെങ്കില്‍ കേസിനു കുറേക്കൂടി വ്യാപ്തി വരുമായിരുന്നു എന്നും വാദമുണ്ട്. ഓരോ ദിവസം കഴിയുന്തോറും മണിച്ചനെ അറസ്റ്റുചെയ്യാത്തതിനു സര്‍ക്കാരും പൊലീസും പഴി കേട്ടുകൊണ്ടിരുന്നു. അതിനിടയിലാണ് അഭിമുഖം വരുന്നതും പിന്നീട് മണിച്ചന്‍ പിടികൊടുത്തതും.

31 പേരുടെ മരണത്തിന് ഇടയാക്കിയ മദ്യത്തില്‍ വിഷം ചേര്‍ത്തതില്‍ മണിച്ചനു നേരിട്ടു പങ്കുള്ളതായി ഇപ്പോഴും തെളിഞ്ഞിട്ടില്ല എന്നാണ് ഭാസിയുടെ നിലപാട്. ജുഡീഷ്യല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വി.പി. മോഹന്‍കുമാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് ഇതിനു തെളിവായി ചൂണ്ടിക്കാണിക്കുന്നത്. അഭിമുഖത്തെത്തുടര്‍ന്ന് ഫ്രീലാന്‍സ് ഓഫീസ് പൊലീസ് റെയ്ഡ് ചെയ്യുകയും വേട്ടയാടുകയും ചെയ്തതുകൊണ്ട് ഭാസി ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ സാക്ഷിയായി മൊഴി കൊടുത്തിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇനിയും പുറത്തുവന്നിട്ടില്ല എന്ന വാദത്തിലുറച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

''എ.കെ. ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിക്കുന്നതോടെയാണ് മണിച്ചന്റെ രാജയോഗം തെളിയുന്നത്. ചിറയിന്‍കീഴിലെ ചെറിയൊരു ചാരായം വാറ്റുകാരനും വില്‍പ്പനക്കാരനും മാത്രമായിരുന്നു മണിച്ചന്‍. ചാരായനിരോധനം വന്നതോടെ കള്ളുഷാപ്പുകള്‍ തുടങ്ങി. ഒന്നിനു പിറകെ ഒന്നായി പല റേഞ്ചുകള്‍ പിടിച്ചു. ചാരായം നിരോധിച്ചതോടെ കള്ളിനു പ്രിയം കൂടി. പക്ഷേ, കേരളത്തിലോ സമീപ പ്രദേശങ്ങളിലോ അത്രയ്ക്കുള്ള കള്ള് ഉല്പാദിപ്പിക്കുന്നുമുണ്ടായിരുന്നില്ല. ഉള്ളതിലുമധികം കള്ളാണ് റേഞ്ച് ലേലം ചെയ്തു കൊടുക്കുന്നത്. ഇത് എവിടെ നിന്നാണ് എന്ന് ആരും ചോദിച്ചില്ല. ചാരായനിരോധനത്തെ പ്രകീര്‍ത്തിച്ചപ്പോഴും മദ്യനിരോധനമല്ല നിലവിലുള്ളതെന്നും കള്ളില്‍ മായം ചേര്‍ത്ത് ഉള്ളതിലും അധികമാക്കി വില്‍ക്കും എന്നും ചൂണ്ടിക്കാണിക്കപ്പെട്ടില്ല'' -ഭാസി ചൂണ്ടിക്കാണിക്കുന്നു.

ആവശ്യക്കാര്‍ക്ക് കള്ള് കൊടുക്കാന്‍ കള്ളില്‍ സ്പിരിറ്റ് ചേര്‍ത്തു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേയ്ക്ക് സ്പിരിറ്റ് ഒഴുകി. പലരും നിയമപരമായും നിയമവിരുദ്ധമായും സ്പിരിറ്റ് കടത്തി. എക്‌സൈസിനും പൊലീസിനും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും അതില്‍ കൃത്യമായ അറിവുണ്ടായിരുന്നു, പങ്കും. മണിച്ചനും സഹോദരങ്ങളും മാനേജരും ജയിലിലായതോടെ സഹോദരിയാണ് കേസ് നടത്തിയത്. മണിച്ചന്റെ നിരപരാധിത്വം തെളിയിക്കാനായിരുന്നു ശ്രമം.

''പിന്നീട് മണിച്ചന്റെ മാസപ്പടി ഡയറിയൊക്കെ പുറത്തുവന്നു. പക്ഷേ, അതിലൊക്കെ എത്രത്തോളം എഴുതിവയ്ക്കും. അതിലുമപ്പുറമായിരുന്നു യഥാര്‍ത്ഥ സ്ഥിതി. കുറേ കാര്യങ്ങള്‍ കുറേ സ്ഥലത്ത് എഴുതിവയ്ക്കും. ഉദാഹരണത്തിന്, എനിക്കറിയാവുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മകളുടെ കല്യാണത്തിന് അദ്ദേഹം മകള്‍ക്കു കൊടുക്കാമെന്നു പറഞ്ഞ സ്വര്‍ണ്ണം വളരെക്കൂടുതലായിരുന്നു. അത്രയും വാങ്ങാന്‍ കഴിഞ്ഞില്ല. മണിച്ചനാണ് അദ്ദേഹത്തിനു വേണ്ട സ്വര്‍ണ്ണം മുഴുവന്‍ ചിറയിന്‍കീഴിലെ ജൂവലറിയില്‍നിന്ന് ഏര്‍പ്പാട് ചെയ്തത്. ആ പണം മണിച്ചനാണ് കൊടുത്തത്. ഈ സ്വര്‍ണ്ണം വാങ്ങിയത് ആര്‍ക്കുവേണ്ടിയാണ് എന്ന അന്വേഷണം പിന്നീട് കേസ് വന്നപ്പോള്‍ ഉണ്ടായില്ല. പല നടിമാരുടേയുമൊക്കെ പേരുകളാണ് പ്രചരിച്ചത്. മണിച്ചന്‍ ധാരാളം പേരെ പ്രത്യുപകാരം പ്രതീക്ഷിച്ചും അല്ലാതേയും സഹായിച്ചു. അത് പിന്നീട്, മണിച്ചന്‍ അനു ഭവിച്ചത് എങ്ങനെയെന്നു വെച്ചാല്‍, ഉള്ള കുറേ വസ്തുക്കള്‍ പൊലീസ് കണ്ടുകെട്ടുകയൊക്കെ ചെയ്തതോടെ കേസ് നടത്താന്‍ പണമില്ലാതെ വന്നു. സഹായിക്കാന്‍ ആരുമില്ല. മണിച്ചന്‍ സഹായിച്ച അബ്കാരികള്‍പോലും ആ കാലത്ത് മണിച്ചന്റെ ബന്ധുക്കളോ വക്കീലോ വിളിച്ചാല്‍ സംസാരിക്കാന്‍പോലും തയ്യാറാകുമായിരുന്നില്ല. അപൂര്‍വ്വം ചിലര്‍ മാത്രമാണ് മറഞ്ഞുനിന്നുകൊണ്ടെങ്കിലും സഹായിച്ചത്. അങ്ങനെ ചിലര്‍ സഹായിച്ചതുകൊണ്ടാണ് ആ കേസ് അത്രയും കാലം മണിച്ചന്റെ സഹോദരി നടത്തിയത്.

വിനയായി മാറിയ സഹായം

''എതിര്‍ ശബ്ദമില്ലാതെ എല്ലാ മാധ്യമങ്ങളും അയാള്‍ക്കെതിരെ വാര്‍ത്തകള്‍ കൊടുക്കുന്നതിനിടയില്‍ മണിച്ചനു പറയാനുള്ളത് പറയാന്‍ അവസരം കൊടുക്കുക എന്നതാണ് അപ്പോള്‍ ചിന്തിച്ചത്. യഥാര്‍ത്ഥ വിഷയത്തില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് പൊലീസും എക്‌സൈസും ശ്രമിക്കുന്നതെന്നു കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മനസ്സിലാകുന്നുമുണ്ടായിരുന്നു. മാത്രമല്ല, ആ സമയത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആളെ മറ്റാര്‍ക്കും കിട്ടാതിരിക്കുമ്പോള്‍ ഇന്റര്‍വ്യൂ ചെയ്ത് വാര്‍ത്തയാക്കുന്നതിലെ ത്രില്ലും. പക്ഷേ, ആ ഇന്റര്‍വ്യൂവിലെ വെളിപ്പെടുത്തലുകളും അതില്‍ പറഞ്ഞ പ്രമുഖരുടെ പേരുകളുമാണ് മണിച്ചന്റെ ജീവിതം മാരകമായി തകര്‍ത്തുകളഞ്ഞത്. അയാളുടെ ജീവിതം തകര്‍ത്തതില്‍ മനപ്പൂര്‍വ്വമല്ലെങ്കിലും ഞാനും ഒരു പങ്കാളിയായി. അതു മനസ്സാക്ഷിയെ ഇത്ര കാലവും വേദനിപ്പിച്ചുകൊണ്ടാണിരുന്നത്. ചെയ്യാന്‍ പാടില്ലാത്ത ഒരു പ്രവൃത്തി ചെയ്തു എന്നു സ്വയം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. കേരളത്തിലും പുറത്തും ഏറെ സെന്‍സേഷണലായി മാറിയ, ഒരു സ്റ്റോറിയുടെ ഭാഗമായി മാറിയ ഒരു മാധ്യമപ്രവര്‍ത്തകനും ഈ വിധം കുറ്റബോധം കൊണ്ടു നടന്നിട്ടുണ്ടാകില്ല. ദീര്‍ഘകാലം പരോള്‍പോലുമില്ലാതെ ജയിലില്‍ കഴിഞ്ഞു. ആകെ 22 വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ചു. ജീവിതം തകര്‍ന്നുതരിപ്പണമായി. അതെല്ലാം ആ അഭിമുഖത്തിന്റെ പേരിലാണ് എന്നതാണ് എന്റെ വിഷമം. മണിച്ചന്‍ സ്പിരിറ്റ് നിയമവിരുദ്ധമായി എത്തിച്ചതിനും വിറ്റതിനും കേസുണ്ടാകാം. പക്ഷേ, മദ്യദുരന്തവുമായി ബന്ധപ്പെടുത്തി മണിച്ചനെ കുടുക്കിയതിനു പിന്നില്‍ വലിയ ഇടപെടലുകളുണ്ട്. സാക്ഷികളെയടക്കം പിന്നീട് ഉണ്ടാക്കിയതാണ്. ആ അഭിമുഖത്തില്‍ വളരെ കൃത്യമായി പറഞ്ഞ ചില പേരുകാര്‍ക്ക് ഭരണത്തിന്റെ ഉന്നതങ്ങളില്‍ ഉണ്ടായിരുന്ന ബന്ധം ചെറുതായിരുന്നില്ല. അവരുടെ പ്രതികാരം വളരെ ശക്തമായിരുന്നു. പിന്നീട് എല്ലാം വ്യക്തമായിക്കഴിഞ്ഞ സ്ഥിതിക്ക്, അന്നു ഭരിച്ചിരുന്ന പാര്‍ട്ടിക്ക് ആ വെളിപ്പെടുത്തലുകള്‍ ഉണ്ടാക്കിയ ഡാമേജ് മറച്ചുവെച്ചിട്ടു കാര്യമില്ല. അപ്പോഴും പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം അത് അതേവിധം അറിഞ്ഞിരിക്കണമെന്നില്ല എന്നാണ് അന്നും ഇന്നും തോന്നിയിട്ടുള്ളത്. പക്ഷേ, പാര്‍ട്ടിക്കകത്തു പല ആളുകളുമുണ്ട്; അവര്‍ക്ക് പല താല്പര്യങ്ങളും കാണുമല്ലോ. അത്തരക്കാര്‍ ഇപ്പോഴും എല്ലാ പാര്‍ട്ടികളിലുമുണ്ട്. പാര്‍ട്ടിയുടെ കെയറോഫില്‍ പാര്‍ട്ടിക്ക് അതീതരായി ജീവിക്കുന്ന ആളുകളുണ്ട്. 'അവതാരങ്ങളെ'ക്കുറിച്ച് പിണറായി വിജയന്‍ 2016-ല്‍ ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ പറഞ്ഞിരുന്നല്ലോ.''

''എന്റെ കുറ്റബോധം, ഞാന്‍ ആ അഭിമുഖം ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ്. മറ്റാര്‍ക്കും കിട്ടാത്ത ഒരു അഭിമുഖം ഞാന്‍ ചെയ്തു; ഏത് ജേണലിസ്റ്റായാലും ചെയ്യും. വാസ്തവത്തില്‍, മണിച്ചന്‍ തകര്‍ന്നുനില്‍ക്കുമ്പോഴാണ് ഞാന്‍ കാണുന്നത്. അതുവരെ മണിച്ചനെ എനിക്കറിയില്ല, അയാള്‍ക്ക് എന്നെയും അറിയില്ല. തലസ്ഥാന നഗരത്തില്‍ ഒരു കൊച്ചു പത്രം നടത്തുന്ന എനിക്ക് ചിറയിന്‍കീഴിലുള്ള മണിച്ചനുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടേണ്ട കാര്യമുണ്ടായിട്ടില്ല.

മണിച്ചന്‍ ജയിലില്‍നിന്നു പുറത്തുവരുന്നതിന് ഒരു വര്‍ഷം മുന്‍പ് പരോളില്‍ ഇറങ്ങിയപ്പോള്‍ ചെന്നു കണ്ടിരുന്നു. മണിച്ചനുമൊന്നിച്ചുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അത് വാര്‍ത്തയായി. മണിച്ചന്‍ ഇപ്പോള്‍ നടത്തുന്ന ജ്യൂസ് കടയില്‍ ചെന്നാണ് കണ്ടത്. മണിച്ചനു വേണ്ടി വീണ്ടും ഭരണകന്ദ്രങ്ങള്‍ ഉണരുന്നു, വഴിവിട്ട് പരോള്‍ എന്ന തരത്തില്‍ വാര്‍ത്ത വന്നു, ഫലത്തില്‍ അതും മണിച്ചന് എതിരായ വാര്‍ത്തയായിരുന്നു. ഞാന്‍ ചെന്നു കണ്ടതുപോലും മണിച്ചനു വിനയായി.

എന്റെ ഈ പരസ്യ മാപ്പു പറച്ചില്‍കൊണ്ട് തീരുന്നതല്ല മണിച്ചനുണ്ടായ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും എന്നറിയാം. പക്ഷേ, വേറെ എന്തു ചെയ്യാന്‍ പറ്റും. അന്ന് എനിക്കു വേണമെങ്കില്‍ ആ വാര്‍ത്ത കൊടുക്കാതിരിക്കാമായിരുന്നു.''

മണിച്ചന്‍ വളരെ നിഷ്‌കളങ്കമായി കള്ളുകച്ചവടം നടത്തിയിരുന്ന അബ്കാരി കോണ്‍ട്രാക്ടറായിരുന്നു എന്നൊന്നുമല്ല താന്‍ പറയുന്നത് എന്ന് ഭാസി വിശദീകരിക്കുന്നു. ''ഈ മേഖലയില്‍ നടക്കുന്ന എല്ലാ കള്ളത്തരങ്ങളും മണിച്ചനും ചെയ്തിട്ടുണ്ടാകും. അതല്ലാതെ അയാള്‍ വ്യാജമദ്യം കൊടുത്ത് ആളുകളെ കൊല്ലാന്‍ തയ്യാറാകുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.''

ഒടുവില്‍ മണിച്ചനും അതു ചോദിച്ചു

ആറ്റിങ്ങല്‍ ബസ് സ്റ്റാന്റിനടുത്ത് മണിച്ചന്റെ ബന്ധുക്കള്‍ ആരോ ജ്യൂസ് കട നടത്തുന്നുണ്ട്. ജയിലില്‍നിന്നു വന്ന ശേഷം പകലൊക്കെ അവിടെയാണ് മിക്കപ്പോഴും ഉണ്ടാവുക. ഇത്തവണ വന്നപ്പോഴും അവിടെ ചെന്നു കണ്ടു. ''എന്നെ കണ്ടപ്പോഴേ ആദ്യം ചോദിച്ചത്, ഇത്രയും കാലം അകത്തിട്ടത് പോരെ എന്നാണ്. സ്‌നേഹത്തോടെ, ചിരിച്ചുകൊണ്ടാണ് ചോദ്യമെങ്കിലും അത് എന്നെ അങ്ങേയറ്റം വേദനിപ്പിച്ചു. സഹായിക്കാന്‍ ആരും തയ്യാറാകാതിരുന്ന ഘട്ടത്തില്‍ സദുദ്ദേശത്തോടെയാണ് ഞാന്‍ ആ അഭിമുഖം ചെയ്തത് എന്ന് മണിച്ചന് അറിയാം. പക്ഷേ, ആ അഭിമുഖവും അതില്‍ പറഞ്ഞ കാര്യങ്ങളുമാണ് തനിക്കു പിന്നീടുണ്ടായ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും കാരണമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഞാന്‍ മറ്റു രണ്ടു മാധ്യമ പ്രവര്‍ത്തകരുമായി സബ് ജയിലില്‍ പോയി കണ്ടതിന്റെ പേരില്‍ മണിച്ചന് അവിടെ അനുവദിച്ചിരുന്ന നാമമാത്ര സ്വാതന്ത്ര്യവും നിര്‍ത്തിയിരുന്നു. റിമാന്‍ഡ് കാലത്തായിരുന്നു അത്.

''മണിച്ചന്‍ ശിക്ഷ അനുഭവിച്ചു പുറത്തുവന്നു, മണിച്ചന്റെ കുടുംബം അനുഭവിക്കേണ്ടതൊക്കെ അനുഭവിച്ചു. കഷ്ടപ്പാടുകളുടെ അങ്ങേയറ്റം കഷ്ടപ്പെട്ടു; നഷ്ടപ്പെടേണ്ടതൊക്കെ നഷ്ടപ്പെട്ടും കഴിഞ്ഞു. ജീവിതത്തിലെ ആരോഗ്യമുള്ള കാലത്തിന്റെ വലിയൊരു ഭാഗം ജയിലില്‍ കഴിഞ്ഞു. ഈ തുറന്നു പറച്ചില്‍കൊണ്ട് എനിക്കോ അയാള്‍ക്കോ ഇനിയെന്തു പ്രത്യാഘാതമുണ്ടാകാനാണ്. പക്ഷേ, എത്രയോ നിരപരാധികള്‍ പലവിധത്തില്‍ ക്രൂശിക്കപ്പെടുന്നുണ്ട്, ഇപ്പോഴും. അവര്‍ നിരപരാധിയാണെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്യുന്നു. പക്ഷേ, അവരും അവരുടെ കുടുംബവും അനുഭവിക്കുന്ന വേദനയും ബുദ്ധിമുട്ടുകളും ചെറുതല്ല. മാധ്യമങ്ങള്‍ ഇങ്ങനെ ഒരു അതിരുമില്ലാതെ, യാതൊരുവിധ സ്വയംനിയന്ത്രണവുമില്ലാതെ പെരുമാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഞാന്‍ ഇത്രയെങ്കിലും പറയുകയും കുറച്ചു പേരിലേക്കെങ്കിലും അത് എത്തുകയും ചെയ്താല്‍ എനിക്കു ലഭിക്കുന്ന ആശ്വാസവും സന്തോഷവും മാത്രമാണ് ഈ തുറന്നുപറച്ചിലിനു കാരണം'' -തിരുവല്ലം ഭാസിയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com