രാപ്പകലില്ലാതെ ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടും കിട്ടുന്ന കൂലി മനസ്സിനുപകരം കണ്ണുകളാണ് നിറയ്ക്കുന്നതെങ്കില്‍ നല്ല നാലു വാക്കുകള്‍ക്കും ആ കണ്ണീരു തുടയ്ക്കാനാകും. അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്റ്റിവിസ്റ്റ് എന്ന പൂര്‍ണ്ണരൂപം അറിഞ്ഞാലും ഇല്ലെങ്കിലും ആശ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ അറിയുന്നവരും അനുഭവിക്കുന്നവരും നല്ലതേ പറയൂ; നേരിട്ടായാലും അവരെക്കുറിച്ച് മറ്റുള്ളവരോടു പറയുമ്പോഴായാലും.
കുറഞ്ഞ പ്രതിഫലത്തിന്റെ നിസ്സഹായതയെ മറികടക്കാന്‍ കരുത്തുനല്‍കുന്ന ബലമുണ്ട് ഈ നല്ല വാക്കുകള്‍ക്ക്. പക്ഷേ, പണത്തിനു പണംതന്നെ വേണം. ചെയ്യുന്ന ജോലികൊണ്ട് ജീവിക്കാനാകുമെന്നുകൂടി ഉറപ്പാക്കാനാണ് കേരളത്തിലെ ആശാ പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. അതിനോട് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ച രീതിയുടെ ഒരുവശം മാത്രമാണ് പുറത്തുവന്നത്. ആരോഗ്യ ഡയറക്ടറേറ്റിനു മുന്നില്‍ ഫെബ്രുവരി ആറിനും ഏഴിനും സമരം ചെയ്ത ആശാ പ്രവര്‍ത്തകര്‍ സര്‍ക്കാരില്‍നിന്നു ചില കാര്യങ്ങളില്‍ ഉറപ്പുനേടിയാണ് പിരിഞ്ഞുപോയത്. പക്ഷേ, ഫെബ്രുവരി 10 മുതല്‍ മറ്റൊരു വിഭാഗം ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി. സമരം അവസാനിപ്പിച്ചവരും സമരം തുടരുന്നവരും വയ്ക്കുന്ന ആവശ്യങ്ങള്‍ ഒന്നു തന്നെയാണ്; ചെറിയ വ്യത്യാസങ്ങളൊഴിച്ചാല്‍. അതിനേക്കാള്‍ വലിയൊരു വ്യത്യാസം സര്‍ക്കാരിന്റെ പ്രതികരണത്തിലും മാധ്യമ ശ്രദ്ധയിലുമുണ്ടായി. സര്‍ക്കാരിനേയും ഇടതുമുന്നണിയുടെ രാഷ്ട്രീയ നേതൃത്വത്തേയും അനുകൂലിക്കുന്നവരുടെ സമരവും എതിര്‍ക്കുന്നവരുടെ സമരവും എന്ന സമീപനത്തിലെ വ്യത്യാസം. കേരള ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) ആണ് ഡി.എച്ച്.എസ്സിനു മുന്നില്‍ സമരം ചെയ്തത്. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷനാണ് സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിനു നേതൃത്വം നല്‍കുന്നത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന സംഘടന എന്നാണ് അവകാശവാദമെങ്കിലും എസ്.യു.സി.ഐ ആണ് അസോസിയേഷനു പിന്നില്‍. നേരിട്ടു പറയുന്നില്ലെന്നു മാത്രം. മുന്നിലും പിന്നിലും നില്‍ക്കുന്ന നേതാക്കള്‍ മുതല്‍ അവര്‍ ഉയര്‍ത്തുന്ന ബാനറുകളുടേയും പ്ലക്കാര്‍ഡുകളുടേയും ശൈലിയും നിറവും വരെ എസ്.യു.സി.ഐ സാന്നിധ്യം വ്യക്തമാക്കുന്നുണ്ട്. ആ സമരത്തെ അഭിവാദ്യം ചെയ്യാന്‍ എത്തുന്നവരുടെ രാഷ്ട്രീയവും ഇടതുവിരുദ്ധമാണ്. അതുകൊണ്ടാകണം, കുത്തിത്തിരിപ്പുകാര്‍ എന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിശേഷിപ്പിച്ചത്; സമരം ചെയ്യുന്ന ആശമാരെയല്ല, നേതൃത്വം കൊടുക്കുന്നവരെ. അതു പക്ഷേ, വേണ്ടാത്ത വര്‍ത്തമാനമായിരുന്നു. സി.ഐ.ടി.യു നേതൃത്വത്തിലുള്ള ഫെഡറേഷനോടു പ്രതികരിച്ച അതേ ഉത്തരവാദിത്വവും നല്‍കിയ അതേ ഉറപ്പുകളും അസോസിയേഷനും നല്‍കുന്നതില്‍നിന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ തടയുന്നത് എന്താണെന്നും മനസ്സിലാകുന്നില്ല. ഒരേ വിഷയത്തില്‍ ഒന്നിലധികം സംഘടനകള്‍ സമരം ചെയ്യുന്നതും സര്‍ക്കാരനുകൂലികള്‍ സമരം നിര്‍ത്തിയിട്ടും സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ സമരം തുടരുന്നതും ഇതാദ്യമല്ല.
മാത്രമല്ല, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിലും സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിലും കേരളം മികച്ച ഇടം നേടിയെന്ന വാദം പുതിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നിരിക്കുമ്പോള്‍ എതിര്‍ദിശയിലേയ്ക്ക് ചര്‍ച്ചകളെ കൊണ്ടുപോകുന്നതിനു മന്ത്രിമാര്‍ തന്നെ കാരണക്കാരാവുകയും ചെയ്തു. സമരത്തിന്റെ ഒന്‍പതാം ദിവസമായ ഫെബ്രുവരി 18-ന് ഇതെഴുതുമ്പോള്‍ പ്രമുഖ ദിനപത്രങ്ങളുടെ മുഖപ്രസംഗം ആശമാരുടെ സമരമാണ്.
500 രൂപ ഉത്സവബത്തയിലാണ് 2007-ല്‍ ആശമാര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2011-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഒടുവിലത്തെ ബജറ്റിലാണ് 300 രൂപ ഓണറേറിയം നിശ്ചയിച്ചത്. പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അത് 500 ആക്കി. 2016-ല്‍ ആ സര്‍ക്കാര്‍ പോകുമ്പോള്‍ ഘട്ടംഘട്ടമായി 1000 രൂപയിലേയ്ക്ക് എത്തിയിരുന്നു. അത് എട്ട് മാസം കുടിശ്ശികയുമായിരുന്നു. ആ കുടിശ്ശിക ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ തീര്‍ത്തു. പ്രതിഫലം വര്‍ദ്ധിപ്പിച്ചു.
ഇപ്പോഴത് 7000 രൂപ ഓണറേറിയം വരെ എത്തി; 17 വര്‍ഷംകൊണ്ട് അത്രയേ എത്തിയുള്ളൂ. പക്ഷേ, 2007-ല്‍ നിന്ന് 2016 വരെയുള്ള ഒന്‍പത് വര്‍ഷംകൊണ്ട് 1000 രൂപ മാത്രമായി വര്‍ദ്ധിച്ചിടത്തുനിന്ന് 2016 മുതല്‍ 2025 വരെയുള്ള ഒന്‍പതു വര്‍ഷംകൊണ്ട് ഏഴായിരമായി എന്ന മാറ്റമുണ്ട്. 7000 രൂപയ്ക്കു പുറമേ ചില ഇന്‍സെന്റീവുകള്‍, കേന്ദ്ര സര്‍ക്കാരിന്റെ 3000 രൂപ, കേന്ദ്രത്തിന്റെ ചില ഇന്‍സെന്റീവുകള്‍ എല്ലാം ചേര്‍ത്ത് ശരാശരി ഒരു ആശയ്ക്ക് കിട്ടുന്നത് 13,200 രൂപയാണ്. ഇതില്‍ കൂടുതല്‍ കിട്ടുന്ന വളരെക്കുറച്ചു പേരും ഇതിലും കുറവ് കിട്ടുന്ന ബഹുഭൂരിപക്ഷവുമാണ് ഉള്ളത്.
ഈ ഓണറേറിയവും ഇന്‍സെന്റീവുകളും കിട്ടുന്നതിനു ചില മാനദണ്ഡങ്ങളും ഉപാധികളുമുണ്ട്. അതിലേയ്ക്ക് പോകുമ്പോഴാണ് 'ചതി' മനസ്സിലാകുന്നത്. ഉപാധികളില്ലാതെ ജോലിക്ക് കൃത്യം കൂലി നല്‍കണമെന്നും അത് ഇപ്പോഴത്തേതില്‍നിന്ന് ഉയര്‍ത്തണമെന്നുമാണ് സമരം നിര്‍ത്തിയവരുടേയും തുടരുന്നവരുടേയും പ്രധാന ആവശ്യം. 26153 ആശാ പ്രവര്‍ത്തകരുണ്ട് എന്നാണ് ഒടുവിലത്തെ കണക്ക്.
യോജിപ്പുകളും വിയോജിപ്പുകളും
''ഓണറേറിയം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ഞങ്ങള്‍ നടത്തിയ സമരത്തിലെ ഒരു ആവശ്യം. 10 ഉപാധിവെച്ചിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം തരുന്നത്. അതില്‍ ഏതെങ്കിലും ചെയ്യാതിരുന്നാല്‍ 700 രൂപ കുറയ്ക്കും. അതു മാറ്റി ഉപാധിരഹിത ഓണറേറിയം വേണം എന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാരിനു തീരുമാനമെടുക്കാന്‍ നടപടിക്രമങ്ങളിലെ താമസം വരുമെന്നാണ് ആരോഗ്യമന്ത്രിയും ഡി.എച്ച്.എസ്സും എന്‍.എച്ച്.എം ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ വ്യക്തമാക്കിയത്'' കേരള ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് എം.ബി. പ്രഭാവതി വിശദീകരിക്കുന്നു.
''ഒരു ദിവസം എന്‍.എച്ച്.എം ഡയറക്ടറേറ്റില്‍നിന്നു ചര്‍ച്ചയ്ക്കു വിളിച്ചു. പ്രത്യേകിച്ചു ഫലമൊന്നുമുണ്ടായില്ല. 15-ന് ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചു. അവര്‍ കാര്യങ്ങള്‍ പഠിക്കാതേയും സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള ഫോര്‍മുലയില്ലാതേയുമാണ് എത്തിയത്. സമരം പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നും മാത്രമാണ് പറയാനുണ്ടായിരുന്നത്; കേന്ദ്രം പണം തരുന്നില്ല എന്നും പറഞ്ഞു'' കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ബിന്ദു എം.എ. പറയുന്നു.
കേരളത്തിന്റെ ഓണറേറിയം രണ്ടു മാസവും കേന്ദ്രത്തിന്റേത് നാലു മാസവും നിലവില്‍ കുടിശ്ശികയാണ്. എല്ലാംകൂടി ചേര്‍ത്ത് ചിലപ്പോള്‍ ഒന്നിച്ചുകിട്ടും, ഒന്നിച്ചുകിട്ടാത്ത സന്ദര്‍ഭങ്ങളുമുണ്ട്. ഈ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുകയും മാസശമ്പളം എന്ന നിലയില്‍ വര്‍ദ്ധിപ്പിച്ച് മാസാദ്യം നിശ്ചിത ദിവസം കിട്ടുകയും വേണം എന്നതില്‍ സംഘടനാ വ്യത്യാസമില്ലാതെ യോജിപ്പാണ്. ''കിട്ടുന്നത് എത്രയായാലും കൃത്യമായി കിട്ടുക.'' കുറഞ്ഞ മാസ ശമ്പളം 15000 എങ്കിലുമാക്കണം എന്ന് ഫെഡറേഷനും 21000 രൂപ വേണമെന്ന് അസോസിയേഷനും ആവശ്യപ്പെടുന്നു. വിരമിക്കല്‍ പ്രായവും വിരമിക്കുമ്പോള്‍ നല്‍കുന്ന നിശ്ചിത തുകയും പ്രതിമാസ പെന്‍ഷനുമാണ് മറ്റൊരു പ്രധാന കാര്യം. 62 വയസ്സില്‍ വിരമിക്കണമെന്നും അങ്ങനെ വിരമിക്കുന്നവര്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന കേന്ദ്രസര്‍ക്കാര്‍ തരുന്ന 25,000 രൂപ നല്‍കുമെന്നും 2022 മാര്‍ച്ചില്‍ ഉത്തരവ് ഇറങ്ങിയിരുന്നു. അതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. അത് മരവിപ്പിച്ചിരിക്കുകയാണ് എന്നാണ് ആരോഗ്യ മന്ത്രി ചര്‍ച്ചകളില്‍ പറഞ്ഞത്. എന്നാല്‍, നിലവില്‍ വിരമിക്കല്‍ പ്രായം നിശ്ചയിച്ചിരിക്കുന്നത് ആ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എന്നു വിവരാവകാശ നിയമപ്രകാരം മറുപടി കിട്ടിയതായി ബിന്ദു എം.എ. പറയുന്നു. വിരമിക്കല്‍ പ്രായം 65 വയസ്സായി ഏകീകരിക്കുകയും വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ നല്‍കുകയും പ്രതിമാസ പെന്‍ഷനായി 5000 രൂപ വീതം നല്‍കുകയും ചെയ്യണം എന്ന ആവശ്യങ്ങളിലും സംഘടനകള്‍ക്ക് യോജിപ്പാണ്.
45 വയസ്സോ അതിനു മുകളിലോ ഉള്ളവരായിരിക്കണം, വിവാഹിതരായിരിക്കണം എന്നാണ് ഇവരെ എടുത്തപ്പോഴത്തെ മാനദണ്ഡം, പക്ഷേ, വിരമിക്കുന്നതിനു പ്രത്യേക പ്രായമോ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു മാനദണ്ഡങ്ങളോ ഇല്ല. 68 വയസ്സായവര്‍ വരെയുണ്ട് ഇപ്പോള്‍.
ബഹുഭൂരിഭാഗം ആശാ പ്രവര്‍ത്തകരും ഇതു മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്. പ്രത്യേകിച്ചും ജീവിതപങ്കാളിക്ക് ജോലി ചെയ്യാന്‍ കഴിയാത്ത രോഗമോ മറ്റോ ഉള്ളവരും ഭര്‍ത്താവ് മരിച്ചവരും. മുന്‍പത്തെപ്പോലെ മറ്റു ജോലികള്‍ക്ക് കൂടി പോകാവുന്ന വിധമല്ല ഇപ്പോള്‍ ആശാ പ്രവര്‍ത്തകരുടെ ജോലി. മുഴുവന്‍ സമയ ജോലിയാണ്.
കുഷ്ഠരോഗികളുണ്ടോ എന്നു കണ്ടെത്താനുള്ള അശ്വമേധം ദേശീയ ദൗത്യം, ജീവിതശൈലി രോഗങ്ങളുള്ളവരെ അറിയാനുള്ള സര്‍വ്വേ ഇതിനൊക്കെ ഒന്നുകില്‍ ഒരു പൈസയും കിട്ടില്ല. അല്ലെങ്കില്‍ തുച്ഛമായ പ്രതിഫലം. 30 വയസ്സു കഴിഞ്ഞവരുടെ ഈ 'ശൈലി സര്‍വ്വേ'യ്ക്ക് 63 ചോദ്യങ്ങളാണുള്ളത്.
സ്വന്തം ഫോണിലാണ് ഈ ചോദ്യങ്ങളുടെ മുഴുവന്‍ ഉത്തരങ്ങള്‍ ശേഖരിക്കുന്നത്. 20 മിനിറ്റെങ്കിലുമെടുക്കും ഒരാളുടെ വിവരങ്ങള്‍ എടുക്കാന്‍. അത് ഇപ്പോള്‍ രണ്ടാം ഘട്ടത്തിലാണ്. വര്‍ഷത്തിലൊരിക്കല്‍ എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഫലത്തില്‍ ആറു മാസത്തിലൊരിക്കല്‍ എന്ന തരത്തിലായി.
ആദ്യം ഒരാളുടെ വിവരശേഖരണത്തിന് അഞ്ചു രൂപയാണ് കൊടുത്തത്. ചിലപ്പോള്‍ ഒരാളെ കാണാന്‍ പലവട്ടം പോകേണ്ടിവരും. അവരുടെ വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് ആധാര്‍ നമ്പര്‍ ചേര്‍ക്കുമ്പോള്‍ ഒ.ടി.പി വരും. പ്രായമുള്ളവരും സാധാരണ ചെറിയ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുമൊക്കെ ചിലപ്പോള്‍ ഒ.ടി.പി നമ്പര്‍ നോക്കി പറയാന്‍ കഴിയണമെന്നില്ല; വീട്ടില്‍ മറ്റാരെങ്കിലും എപ്പോഴും ഉണ്ടാകണമെന്നുമില്ല. മാത്രമല്ല, ആധാര്‍ അപ്ഡേറ്റ് ചെയ്യാത്തവരും അന്നത്തെ ഫോണ്‍ നമ്പര്‍ ഇപ്പോള്‍ ഇല്ലാത്തവരുമൊക്കെ ഉണ്ടായിരിക്കും. അതു ബുദ്ധിമുട്ടാകും, തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ല. ഒ.ടി.പി സംവിധാനം മാറ്റണം എന്ന ഫെഡറേഷന്റെ സമരത്തിലെ ആവശ്യം എല്ലാവരുടേതുമായിരുന്നു. ചര്‍ച്ചയെത്തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ അതു മാറ്റി.
ശൈലി സര്‍വ്വേ മാത്രം നടത്തി റിപ്പോര്‍ട്ട് കൊടുത്താല്‍ മതിയെന്നും അശ്വമേധം സര്‍വ്വേ ഓണറേറിയത്തിനു മാനദണ്ഡമാക്കില്ല എന്നും ചര്‍ച്ചയില്‍ ഉറപ്പുകിട്ടി. രണ്ടാഴ്ചയ്ക്കുള്ളില്‍ മറ്റു കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാം എന്നാണ് ഫെബ്രുവരി ഏഴിലെ ചര്‍ച്ചയില്‍ പറഞ്ഞത്. സത്യത്തില്‍ അവിടെ നില്‍ക്കുകയാണ് കാര്യങ്ങള്‍.
ആശമാരെ പ്രവര്‍ത്തനസജ്ജരാക്കാനാണ് മാനദണ്ഡങ്ങള്‍ വച്ചത്. ഇപ്പോള്‍ എല്ലാവരും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്, ആരോഗ്യമേഖലയുടെ അടിത്തട്ടിലെ പല ജോലികളും ആശമാരാണ് ചെയ്യുന്നത്. അതുകൊണ്ട് ഇനി ഉപാധികളില്ലാതെ എല്ലാവര്‍ക്കും 7000 രൂപ വീതം കിട്ടണം. ഇതിനോട് സര്‍ക്കാരിനു തത്ത്വത്തില്‍ യോജിപ്പാണ്. ഏപ്രില്‍ ഒന്നു മുതല്‍ അതു നടപ്പില്‍ വരുത്താമെന്നും തല്‍ക്കാലം അഞ്ച് മാനദണ്ഡങ്ങളെങ്കിലും പാലിക്കുന്നവര്‍ക്ക് ഓണറേറിയം കൊടുക്കാമെന്നുമാണ് ചര്‍ച്ചയില്‍ അറിയിച്ചത്. അതായത് ഈ ജനുവരി മുതല്‍ അഞ്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഓണറേറിയം കിട്ടും. അത് അനുകൂല ഫലമാണ്.
തോന്നുന്ന ജോലികളൊക്കെ ചെയ്യിക്കുന്ന വിധത്തില്‍ ജില്ലാതലത്തില്‍ ഇറങ്ങുന്ന ഉത്തരവുകളുണ്ട്. അതു പറ്റില്ലെന്നും ഏകീകൃത സ്വഭാവം വേണമെന്നും ആവശ്യപ്പെട്ടു. എന്തൊക്കെയാണോ ആശയുടെ ജോലികള്‍ അതു മാത്രമേ ചെയ്യാന്‍ പറ്റൂ. അതിനു സര്‍ക്കാര്‍ സമിതി രൂപീകരിച്ച് 20 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വേണ്ടതു ചെയ്യും. ഏപ്രില്‍ ഒന്നു മുതല്‍ അതു നടപ്പാക്കാമെന്നും ഉറപ്പ് തന്നു. അശ്വമേധം സര്‍വ്വേയിലെ ചോദ്യങ്ങള്‍ പലതും ശൈലി സര്‍വ്വേയില്‍ വരുന്നതുകൊണ്ട് ശൈലി സര്‍വ്വേയ്ക്കു പുറമേ അശ്വമേധവും കൂടി വേണ്ട എന്നും സമ്മതിച്ചു. പെന്‍ഷന്‍ പ്രായത്തിന്റെ കാര്യത്തിലും ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതും ഒരു മന്ത്രിക്കു മാത്രമായി തീരുമാനിക്കാന്‍ കഴിയില്ല എന്നത് അംഗീകരിക്കുന്നു. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കും എന്ന പ്രതീക്ഷയാണുള്ളത്. സര്‍ക്കാരിനു ഫണ്ട് വേണമല്ലോ. ഇപ്പോഴത്തെ ബജറ്റില്‍ സാമൂഹിക പെന്‍ഷനുകളൊന്നും വര്‍ദ്ധിപ്പിച്ചിട്ടില്ലല്ലോ. കേന്ദ്രം കേരളത്തോട് നിഷേധാത്മക സമീപനം തുടരുന്നതും നമ്മള്‍ കണക്കിലെടുക്കണം.
മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് കഴിഞ്ഞ ഒക്ടോബറില്‍ ഒരു ഉത്തരവ് വന്നിരുന്നു. അത് ആ മാസം തന്നെ നടപ്പാക്കിയപ്പോള്‍ പലര്‍ക്കും വലിയ തോതില്‍ ഓണറേറിയം കുറഞ്ഞു. കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തിരുന്നു. 13,200 എന്ന് എന്‍.എച്ച്.എം പറയുന്നത് ശരാശരി കണക്കാണ്. അതില്‍ കൂടുതലും കുറഞ്ഞതും കിട്ടുന്നവരുണ്ട്. ഉദാഹരണത്തിന്, ആയുര്‍വ്വേദ ആശുപത്രികളില്‍ ഡ്യൂട്ടിയുള്ള, ഓരോ പഞ്ചായത്തിലേയും അഞ്ച് വീതം ആശമാര്‍ക്ക് 1000 രൂപ വീതം അതിനു പ്രത്യേകം കിട്ടുന്നുണ്ട്. അതെല്ലാം കൂട്ടിയാണ് ഈ കണക്ക്. കോര്‍പറേഷന്‍ പരിധിയിലൊക്കെ മാസം 15000, 16000 രൂപ വരെയൊക്കെ കിട്ടുന്നവരുമുണ്ട്.
നിലവിലെ കുടിശ്ശിക തീര്‍ക്കാന്‍ ഉത്തരവായി എന്നാണ് മനസ്സിലാകുന്നത്. ഉടനെ കിട്ടും. സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തോട് യോജിപ്പില്ല. ഇന്ത്യയിലെ 10 ലക്ഷത്തോളം ആശമാര്‍ക്കുവേണ്ടിയാണ് സമരം എന്നാണ് പറയുന്നത്. അത് പാര്‍ലമെന്റിനു മുന്നിലാണ് നടത്തേണ്ടത്. സ്ത്രീപക്ഷ സമീപനവും നീതിബോധവുമുള്ള ഗവണ്‍മെന്റാണ് കേരളം ഭരിക്കുന്നത്. കൂടുതല്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാവുകതന്നെ ചെയ്യും എന്നാണ് പ്രതീക്ഷ. ഉദാഹരണത്തിന്, ശൈലി സര്‍വ്വേയ്ക്ക് കേന്ദ്രവും കേരളവും കൂടി 2000 രൂപ ഇന്‍സന്റീവ് തരും. വൈകാതെ അതു യാഥാര്‍ത്ഥ്യമാകും എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഓണറേറിയം കിട്ടാന്‍ ഞങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 10 ദിവസം രാപ്പകല്‍ സമരം നടത്തേണ്ടിവന്നിരുന്നു.
സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത് മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന ഓണറേറിയമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആശാ പദ്ധതി പ്രകാരമാണ് ആശാ വര്‍ക്കര്‍മാരെ 2007 മുതല്‍ നിയമിച്ചത്. അവരെ ഏതെങ്കിലും സ്ഥാപനത്തില്‍ സ്ഥിരം ജോലിയായല്ല നിയമിക്കുന്നത്. വിവിധ സ്‌കീമുകള്‍ പ്രകാരമുള്ള ആരോഗ്യസേവനത്തിനായാണ് അവരെ നിയോഗിക്കുന്നത്. അതിനാല്‍ അവര്‍ക്കു സ്ഥിരം ശമ്പളമല്ല നല്‍കുന്നത്. മറിച്ച് ആരോഗ്യസേവനങ്ങള്‍ക്കുള്ള ഇന്‍സെന്റീവായിട്ടാണ് ഓരോ മാസവും നല്‍കുന്നത്. ആശാ വര്‍ക്കര്‍മാര്‍ക്ക് 7000 രൂപ മാത്രമാണ് കിട്ടുന്നതെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. അതു തികച്ചും അടിസ്ഥാനരഹിതമാണ്. ടെലഫോണ്‍ അലവന്‍സ് ഉള്‍പ്പെടെ 13,200 രൂപ വരെ ആശാ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മാത്രം മാസംതോറും 7000 രൂപയാണ് ഓണറേറിയം നല്‍കുന്നത്. 2016-നു മുന്‍പ് ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ മാത്രം ആയിരുന്നു. അതിന് ശേഷം ഘട്ടംഘട്ടമായാണ് പ്രതിമാസ ഓണറേറിയം 7000 രൂപ വരെ വര്‍ദ്ധിപ്പിച്ചത്. ഏറ്റവും അവസാനമായി 2023 ഡിസംബറില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 1000 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഈ 7000 രൂപ കൂടാതെ 60:40 എന്ന രീതിയില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് 3000 രൂപ പ്രതിമാസ നിശ്ചിത ഇന്‍സെന്റീവും നല്‍കുന്നുണ്ട്. ഇതുകൂടാതെ ഓരോ ആശ പ്രവര്‍ത്തകയും ചെയ്യുന്ന സേവനങ്ങള്‍ക്കനുസരിച്ച് വിവിധ സ്‌കീമുകളിലൂടെ 3000 രൂപ വരെ മറ്റ് ഇന്‍സെന്റീവുകളും ലഭിക്കും. ഇതുകൂടാതെ ആശമാര്‍ക്ക് പ്രതിമാസം 200 രൂപ ടെലിഫോണ്‍ അലവന്‍സും നല്‍കിവരുന്നുണ്ട്. എല്ലാംകൂടി നന്നായി സേവനം നടത്തുന്നവര്‍ക്ക് 13200 രൂപവരെ പ്രതിമാസം ലഭിക്കുന്നു. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവും ഓണറേറിയവും കൃത്യമായി ലഭിക്കാന്‍ ആശാ സോഫ്റ്റുവെയര്‍ വഴി അതത് ആശമാരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നല്‍കിവരുന്നത്. 2023-'24 സാമ്പത്തിക വര്‍ഷത്തില്‍ ആശമാര്‍ക്കുള്ള കേന്ദ്രവിഹിതം ലഭിക്കാതെയിരുന്നിട്ട് കൂടി എല്ലാമാസവും കൃത്യമായി ആശമാരുടെ ഇന്‍സെന്റീവുകള്‍ സംസ്ഥാന വിഹിതം ഉപയോഗിച്ച് വിതരണം ചെയ്തിരുന്നു. ആശമാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കാനായി ആരോഗ്യ വകുപ്പ്മന്ത്രി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ബാക്കിയുള്ള രണ്ട് മാസത്തെ ഓണറേറിയം നല്‍കാനുള്ള ഉത്തരവിറങ്ങിയിട്ടുണ്ട്. അത് എത്രയും വേഗം നല്‍കാനുള്ള നടപടിയും സ്വീകരിച്ചുവരുന്നു. ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണ്. അതേസമയം കര്‍ണാടകയും മഹാരാഷ്ട്രയും 5000 രൂപയും മധ്യപ്രദേശും പശ്ചിമ ബംഗാളും 6000 രൂപയുമാണ് നല്‍കുന്നത്.
എന്‍.എച്ച്.എം
ആശമാര്‍ക്കു നിശ്ചയിച്ചിരിക്കുന്നതല്ലാത്ത ജോലികള്‍ ചെയ്യിക്കാതിരിക്കുക; പഞ്ചായത്തിനു കീഴിലാണ് പ്രാഥമികാരോഗ്യകേന്ദ്രം എന്നതുകൊണ്ട് അവിടെ ഒരുപാടു ജോലികള്‍ ആശമാര്‍ ചെയ്യേണ്ടിവരുന്നു. അതിനു മാറ്റം വേണം. ശൈലി സര്‍വ്വേ ആയാലും അശ്വമേധം സര്‍വ്വേ ആയാലും അതിനൊന്നും വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കാന്‍ സ്മാര്‍ട്ട് ഫോണോ ലാപ്ടോപ്പോ ഒന്നും കൊടുക്കുന്നില്ല. ഈ വിവരങ്ങള്‍ മുഴുവന്‍ ശേഖരിച്ചുവെച്ചിരിക്കുന്നത് സ്വന്തം ഫോണിലാണ്. മിക്കവരുടേയും ഫോണ്‍ ഹാംഗ് ആയിട്ട് വ്യക്തിപരമായ ഉപയോഗംപോലും ബുദ്ധിമുട്ടായിരിക്കുകയാണ്. അതുകൊണ്ട് വിവരശേഖരണത്തിന് സ്മാര്‍ട്ട് ഫോണോ ലാപ്ടോപ്പോ ടാബോ കൊടുക്കണം. നിലവിലെ 200 രൂപ ഫോണ്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കണം. പഞ്ചായത്ത് അവലോകനത്തില്‍ കൃത്യമായി പങ്കെടുത്തില്ലെങ്കില്‍ ബാക്കി ഒന്‍പത് മാനദണ്ഡങ്ങളും പാലിച്ചിട്ടും പ്രതിഫലം വെട്ടിക്കുറച്ച സംഭവങ്ങളുണ്ട്. ജോലികളെല്ലാം ചെയ്തു റിപ്പോര്‍ട്ടും കൊടുത്തു. പക്ഷേ, യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നു. ഈ പത്തും പൂര്‍ത്തീകരിക്കുക എന്നത് വലിയ ടാസ്‌കാണ്. അതു മിക്കവര്‍ക്കും നടക്കില്ല. അതുകൊണ്ട് 7000 കിട്ടുന്നവര്‍ വളരെച്ചുരുക്കമാണ്. ഗര്‍ഭിണികളേയും കുട്ടികളേയും സര്‍ക്കാരാശുപത്രിയില്‍ എത്തിക്കുക, 60 വയസ്സിനു മുകളിലുള്ള, ഒറ്റയ്ക്കു താമസിക്കുന്നവരെ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവരാണ് ആശമാര്‍. ബംഗാള്‍ 2020 മുതല്‍ വിരമിക്കല്‍ ആനുകൂല്യമായി മൂന്ന് ലക്ഷവും നിലവില്‍ അഞ്ച് ലക്ഷവും കൊടുക്കുന്നുണ്ട്. 60 മുതല്‍ 65 വയസ്സുവരെ ഏതു പ്രായത്തില്‍ പിരിഞ്ഞുപോയാലും ഇതിന് അര്‍ഹരാണ്. പതിനായിരത്തില്‍ താഴെ മാത്രമാണ് സംസ്ഥാന സര്‍ക്കാരില്‍നിന്നു കിട്ടുന്നത്. അതാകട്ടെ, ഒന്നിച്ചു കിട്ടുകയുമില്ല. ഓണറേറിയത്തിന്റെ കുടിശ്ശിക തീര്‍ക്കുമ്പോഴും ഒന്നിച്ചു തീര്‍ത്തുകൊടുക്കില്ല. ആളുകള്‍ക്കു വേണ്ടവിധം പ്രയോജനപ്പെടാതെ പോകുന്നു. കേന്ദ്രമാനദണ്ഡങ്ങളും വിചിത്രവും കാലത്തിനു ചേരാത്തതുമാണ്. ഒരു ഗര്‍ഭിണിയെ കണ്ടെത്തി അവരുടെ പ്രസവംവരെയുള്ള കാര്യങ്ങളില്‍ തുടര്‍ശ്രദ്ധ നല്‍കുന്ന ആശയ്ക്ക് 40 രൂപ കൊടുക്കും. പക്ഷേ, ആ ഗര്‍ഭിണി പ്രൈവറ്റ് ആശുപത്രിയില്‍ പോയാല്‍ ആശയുടെ 200 വെട്ടും. മലേറിയ രോഗിയെ കണ്ടെത്തിയാല്‍ 15 രൂപ, ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തുടങ്ങിയാല്‍ 50 രൂപ. 17 വര്‍ഷം മുന്‍പ് നിശ്ചയിച്ച ഇന്‍സെന്റീവുകളാണ് കേന്ദ്രം തുടരുന്നത്. അതു പരിഷ്‌കരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ആശാ വര്‍ക്കര്‍മാര്‍ ജോലി ചെയ്യുന്നത് സംസ്ഥാനത്തിനു വേണ്ടിയാണ്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കണം. ആദ്യം 500 ആയിരുന്നു. 17 വര്‍ഷം കൊണ്ടാണ് 7000 രൂപയായത് എന്നോര്‍ക്കണം. കഴിഞ്ഞ വര്‍ഷത്തെ 7000 രൂപ കൊണ്ടുപോലും ഇന്ന് അതേവിധം ജീവിക്കാന്‍ കഴിയില്ലല്ലോ. ജീവിതാവശ്യങ്ങളും ജീവിതനിലവാരവും വര്‍ധിക്കുന്നതിനനുസരിച്ചല്ല വര്‍ധനവുണ്ടായിട്ടുള്ളത്. 232 രൂപയാണ് ഒരു ദിവസം കിട്ടുന്നത്. അതിനിടെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്തതിന് ആശാ പ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. സമരം പൊളിക്കാന്‍ ഇതുകൊണ്ടൊക്കെ സാധിക്കുമെന്നാണ് ഇടതുമുന്നണിയും സര്‍ക്കാരും കരുതുന്നത്
ബിന്ദു എം.എ. സെക്രട്ടറി, കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍
ആശമാരെ പ്രവര്‍ത്തനസജ്ജരാക്കാനാണ് മാനദണ്ഡങ്ങള്‍ വച്ചത്. ഇപ്പോള്‍ എല്ലാവരും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്, ആരോഗ്യമേഖലയുടെ അടിത്തട്ടിലെ പല ജോലികളും ആശമാരാണ് ചെയ്യുന്നത്. അതുകൊണ്ട് ഇനി ഉപാധികളില്ലാതെ എല്ലാവര്‍ക്കും 7000 രൂപ വീതം കിട്ടണം. ഇതിനോട് സര്‍ക്കാരിനു തത്ത്വത്തില്‍ യോജിപ്പാണ്. ഏപ്രില്‍ ഒന്നു മുതല്‍ അതു നടപ്പില്‍ വരുത്താമെന്നും തല്‍ക്കാലം അഞ്ച് മാനദണ്ഡങ്ങളെങ്കിലും പാലിക്കുന്നവര്‍ക്ക് ഓണറേറിയം കൊടുക്കാമെന്നുമാണ് ചര്‍ച്ചയില്‍ അറിയിച്ചത്. അതായത് ഈ ജനുവരി മുതല്‍ അഞ്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഓണറേറിയം കിട്ടും. അത് അനുകൂല ഫലമാണ്. തോന്നുന്ന ജോലികളൊക്കെ ചെയ്യിക്കുന്ന വിധത്തില്‍ ജില്ലാതലത്തില്‍ ഇറങ്ങുന്ന ഉത്തരവുകളുണ്ട്. അതു പറ്റില്ലെന്നും ഏകീകൃത സ്വഭാവം വേണമെന്നും ആവശ്യപ്പെട്ടു. എന്തൊക്കെയാണോ ആശയുടെ ജോലികള്‍ അതു മാത്രമേ ചെയ്യാന്‍ പറ്റൂ. അതിനു സര്‍ക്കാര്‍ സമിതി രൂപീകരിച്ച് 20 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വേണ്ടതു ചെയ്യും. ഏപ്രില്‍ ഒന്നു മുതല്‍ അതു നടപ്പാക്കാമെന്നും ഉറപ്പ് തന്നു. അശ്വമേധം സര്‍വ്വേയിലെ ചോദ്യങ്ങള്‍ പലതും ശൈലി സര്‍വ്വേയില്‍ വരുന്നതുകൊണ്ട് ശൈലി സര്‍വ്വേയ്ക്കു പുറമേ അശ്വമേധവും കൂടി വേണ്ട എന്നും സമ്മതിച്ചു. പെന്‍ഷന്‍ പ്രായത്തിന്റെ കാര്യത്തിലും ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതും ഒരു മന്ത്രിക്കു മാത്രമായി തീരുമാനിക്കാന്‍ കഴിയില്ല എന്നത് അംഗീകരിക്കുന്നു. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കും എന്ന പ്രതീക്ഷയാണുള്ളത്. സര്‍ക്കാരിനു ഫണ്ട് വേണമല്ലോ. ഇപ്പോഴത്തെ ബജറ്റില്‍ സാമൂഹിക പെന്‍ഷനുകളൊന്നും വര്‍ദ്ധിപ്പിച്ചിട്ടില്ലല്ലോ. കേന്ദ്രം കേരളത്തോട് നിഷേധാത്മക സമീപനം തുടരുന്നതും നമ്മള്‍ കണക്കിലെടുക്കണം. മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് കഴിഞ്ഞ ഒക്ടോബറില്‍ ഒരു ഉത്തരവ് വന്നിരുന്നു. അത് ആ മാസം തന്നെ നടപ്പാക്കിയപ്പോള്‍ പലര്‍ക്കും വലിയ തോതില്‍ ഓണറേറിയം കുറഞ്ഞു. കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തിരുന്നു. 13,200 എന്ന് എന്‍.എച്ച്.എം പറയുന്നത് ശരാശരി കണക്കാണ്. അതില്‍ കൂടുതലും കുറഞ്ഞതും കിട്ടുന്നവരുണ്ട്. ഉദാഹരണത്തിന്, ആയുര്‍വ്വേദ ആശുപത്രികളില്‍ ഡ്യൂട്ടിയുള്ള, ഓരോ പഞ്ചായത്തിലേയും അഞ്ച് വീതം ആശമാര്‍ക്ക് 1000 രൂപ വീതം അതിനു പ്രത്യേകം കിട്ടുന്നുണ്ട്. അതെല്ലാം കൂട്ടിയാണ് ഈ കണക്ക്. കോര്‍പറേഷന്‍ പരിധിയിലൊക്കെ മാസം 15000, 16000 രൂപ വരെയൊക്കെ കിട്ടുന്നവരുമുണ്ട്. നിലവിലെ കുടിശ്ശിക തീര്‍ക്കാന്‍ ഉത്തരവായി എന്നാണ് മനസ്സിലാകുന്നത്. ഉടനെ കിട്ടും. സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തോട് യോജിപ്പില്ല. ഇന്ത്യയിലെ 10 ലക്ഷത്തോളം ആശമാര്‍ക്കുവേണ്ടിയാണ് സമരം എന്നാണ് പറയുന്നത്. അത് പാര്‍ലമെന്റിനു മുന്നിലാണ് നടത്തേണ്ടത്. സ്ത്രീപക്ഷ സമീപനവും നീതിബോധവുമുള്ള ഗവണ്‍മെന്റാണ് കേരളം ഭരിക്കുന്നത്. കൂടുതല്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാവുകതന്നെ ചെയ്യും എന്നാണ് പ്രതീക്ഷ. ഉദാഹരണത്തിന്, ശൈലി സര്‍വ്വേയ്ക്ക് കേന്ദ്രവും കേരളവും കൂടി 2000 രൂപ ഇന്‍സന്റീവ് തരും. വൈകാതെ അതു യാഥാര്‍ത്ഥ്യമാകും എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഓണറേറിയം കിട്ടാന്‍ ഞങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 10 ദിവസം രാപ്പകല്‍ സമരം നടത്തേണ്ടിവന്നിരുന്നു.
എം.ബി. പ്രഭാവതി കേരള ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സി.ഐ.ടി.യു)
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക