വിസ്മൃതിയിലേക്ക് മറയാനൊരുങ്ങി മാദിക ഭാഷ

വിസ്മൃതിയിലേക്ക് മറയാനൊരുങ്ങി മാദിക ഭാഷ
Updated on

രു ഭാഷ മരിക്കുമ്പോള്‍,

മരിച്ചവര്‍ വീണ്ടും മരിക്കുന്നു

-ഷെല്‍ എസ്പ്മാര്‍ക്ക്

വേനലിലും നീരൊഴുക്കുള്ള ഒരു തോടാണ് കൊടക്കാട് ഗ്രാമത്തിന്റെ അതിര്‍ത്തി. കണ്ണൂര്‍ കരിവള്ളൂരിലൂടെ ഈ അതിരുകടന്നാല്‍ കാസര്‍കോടായി. അവിടെനിന്ന് കൂക്കാനം ഓലാട്ടു കോളനിയിലേയ്ക്ക് ഒരു കുന്നുകയറണം. നടന്നുചെല്ലുമ്പോള്‍ വലതുഭാഗത്ത് വെങ്കട്ടരമണന്റെ ഒരമ്പലം. കണ്ടുപരിചയിച്ച അമ്പലങ്ങള്‍പോലെയല്ല, ഒരു ചെറിയ കോവില്‍. സമീപത്തെ പണിതീരാത്ത വീടിന്റെ മുറ്റത്തേയ്ക്ക് കയറിച്ചെല്ലുമ്പോള്‍ ഉമ്മറത്തെ കസേരയില്‍ ആരെയോ കാത്തിരിക്കുംമട്ടില്‍ ഒരു വയോവൃദ്ധന്‍ കൈപ്പടം നെറ്റിക്കു കുറുകെ വിടര്‍ത്തി കനപ്പിച്ചു നോക്കി.

കുമ്മായം വാങ്ങാനെത്തുന്ന ഒരാളെയാണ് അദ്ദേഹം പ്രതീക്ഷിച്ചതെന്നു വൈകാതെ മനസ്സിലായി. അതിനു കാരണമുണ്ട്. കക്ക നീറ്റി കുമ്മായമുണ്ടാക്കുന്നതാണ് തൊഴില്‍.

''ഒന്നുകണ്ട് സംസാരിക്കാന്‍ വന്നതാണ്'' -നാട്ടുകാരായ അരവിന്ദനും മുരളീധരന്‍ മാഷും പറഞ്ഞതോടെ കാര്യം തിരിഞ്ഞു.

അയാളതു കേട്ട് ശബ്ദമില്ലാതെ ചിരിച്ചുകൊണ്ട് ചോദിച്ചു:

''നീ എല്ലിന്ത ബറവത്...

നാന്‍ എന്ത ഹേള്‍ ബേക്കാ യ്ത്തു...

ഈ ഭാഷേ കേളിദ്ദാഹി നിന്‍കെ ഹൊത്തായിത്തോ?''

(നിങ്ങള്‍ എവിടെനിന്നു വരുന്നു? ഞാന്‍ എന്താണ് പറയേണ്ടത്? ഈ ഭാഷ കേട്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകുമോ?)

നാരായണേട്ടന്‍ എന്നു നാട്ടുകാര്‍ വിളിക്കുന്ന പി.കെ. നാരായണന് തൊണ്ണൂറടുത്തു. കൃത്യമായ പ്രായം അതല്ല. അത് അദ്ദേഹത്തിനും അറിവില്ല. അദ്ദേഹം മാദികഭാഷയില്‍ സംസാരിക്കുമ്പോള്‍, ചക്ലിയ സമുദായത്തിന്റെ ഭാഷാചരിത്രം വായ്‌മൊഴിയിലൂടെ രേഖപ്പെടുകയാണ്.

കക്കനീറ്റിയെടുത്ത കുമ്മായം തലച്ചുമടായി വീടുകളില്‍ കൊണ്ടുനടന്നു വിറ്റാണ് നാരായണന്റെ ജീവിതം.

''നന്‍ കൈ നോട്... സുണ്ണ ഒട്ടി ബാച്ചി നന്‍ കൈ ചൂളി എല്ലാ ഹോഗിത്തു''

(എന്റെ കൈ നോക്ക്... കുമ്മായം വാരിയിട്ട് കയ്യിന്റെ തോലെല്ലാം പോയി).

കൈവിടര്‍ത്തിക്കാട്ടി തൊലിയപ്പാടെ അടര്‍ന്നുപോയെന്നു നാരായണന്‍. ഇപ്പോഴും ആ പണി ചെയ്തുവേണം ദിവസങ്ങള്‍ മുന്നോട്ടിഴയ്ക്കാന്‍.

''നാനു രാജപുത്രീ നു മാദിക ഭാഷ മാത്താ ഡിത്തേവ...

നാനു രാജപുത്രീനു ഗൂഡിനല്ലിസുണ്ണ ഒട്ടി ജീവിത്തേവ''

(ഞാനും രാജപുത്രിയും മാദിക ഭാഷ സംസാരിക്കും... ഞാനും രാജപുത്രിയും ചൂളയില്‍ കുമ്മായമുണ്ടാക്കി ജീവിക്കുന്നു).

ചേട്ടന്റെ മകള്‍ രാജപുത്രിയാണ് കുമ്മായ നിര്‍മ്മാണത്തിനു സഹായം. ചൂളയില്‍ ഒറ്റയ്ക്ക് പണിയാനുള്ള ആരോഗ്യസ്ഥിതിയില്ല. രാജപുത്രിയും മാദികഭാഷ സംസാരിക്കും. നാരായണനെ കണ്ട ദിവസം അവര്‍ ബന്ധുവീട്ടിലായിരുന്നു.

മാദികഭാഷ

ചക്ലിയരുടെ തനതു ഭാഷയാണ് മാദിക. തെലുങ്ക്, തുളു, തമിഴ്, മലയാളം ഭാഷകളുടെ സങ്കരം. ലിപിയില്ലാത്തതിനാല്‍ എഴുത്തിന്റെ ചരിത്രമില്ല. ആദിമ ചക്ലിയ ജനത മലയാളവുമായി ചേര്‍ത്ത് ഈ ഭാഷ രൂപപ്പെടുത്തുകയായിരുന്നു. കന്നട ഭാഷയുടെ ആദ്യരൂപമായ ഹവ്യക കന്നടയുടെ സ്വാധീനം മാദികയ്ക്കുണ്ട്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് ചക്ലിയര്‍ ഒതുക്കപ്പെട്ടതിനാല്‍ മാദിക പുറംലോകവുമായി കലര്‍ന്നിട്ടില്ല.

മാലിങ്കന്റേയും ഇങ്കിട്ടിയുടേയും നാലുമക്കളില്‍ ഇന്നു ജീവിച്ചിരിക്കുന്നത് നാരായണനും സഹോദരി മാധവിയും മാത്രം. നാരായണനും രാജപുത്രിയും ഒരേവീട്ടിലാണ് താമസം. ബന്ധുക്കള്‍ക്കാര്‍ക്കും ഈ ഭാഷ ഇവരെപ്പോലെ വശമില്ല. പൂര്‍വ്വികരില്‍നിന്നും കേട്ടുപഠിച്ചതാണ് മാദിക. പുതിയ തലമുറയിലുള്ളവര്‍ മാദികഭാഷയില്‍ സംസാരിക്കാറില്ല. ജാതിവിവേചനങ്ങളുടെ ലോകത്ത് പുതുതലമുറ തനതുഭാഷയില്‍നിന്നകന്നു പോയതാകാം.

മുപ്പതോളം ചക്ലിയ കുടുംബങ്ങള്‍ കൊടക്കാടുണ്ട്. ഒരുകാലത്ത് ധാരാളമായി ഉണ്ടായിരുന്ന ഭൂമി പലര്‍ക്കും കൈമോശം വന്നു. നാരായണന്‍ വര്‍ഷങ്ങളായി ഇവിടെയാണ് താമസം. ചെറിയ കുടിലായിരുന്നു. സര്‍ക്കാര്‍ സഹായത്തോടെയായിരുന്നു വീട് നിര്‍മ്മാണം.

ജീവിതം, തൊഴില്‍

''നാനു മൂറു ഹെണ്ണനെ മധുവേ മാഡ്‌ത്തേ''

(ഞാന്‍ മൂന്നു പെണ്ണുങ്ങളെ കല്യാണം കഴിച്ചു).

''നാനു മൂറു ഹെണ്ണനെ ഒഴിവു മാഡ്‌തേ''

(ഞാന്‍ അവരെ മൂന്നു പേരേയും ഒഴിവാക്കി).

''മധുവെ കെളിതി ഹോഗിത്താകിരെ ഹെണ്‍മക്കളികെ സ്വന്തം മനയല്ലി അവകാശ ഇല്ല'' (കല്യാണത്തിനുശേഷം പെണ്‍മക്കള്‍ക്ക് സ്വന്തം വീട്ടില്‍ അവകാശമില്ല). ''ഗണ്ടമനയല്ലി അവകാശ ഉണ്‍ട്''

(ഭര്‍ത്താവിന്റെ വീട്ടില്‍ അവകാശമുണ്ട്).

നാരായണന്‍ മൂന്നു കല്ല്യാണം കഴിച്ചു. ശ്യാമള, മായി, തമ്പായി ഭാര്യമാരുടെ പേരുകള്‍ ഓര്‍മ്മയുണ്ട്. പക്ഷേ, അവരൊന്നും എവിടെയെന്നറിയില്ല. ഒരു നിശ്ചിതകാലം മാത്രമേ അവര്‍ കൂടെയുണ്ടായിരുന്നുള്ളൂ. ഒരു ബന്ധത്തിലും കുട്ടികളുമില്ല. പിന്നെയുള്ള കാലം ഏകാന്തജീവിതം. പഴയകാലത്ത് ചക്ലിയ സമുദായത്തില്‍ പെണ്‍മക്കള്‍ക്ക് കല്ല്യാണത്തിനുശേഷം സ്വന്തം വീട്ടിലല്ല, ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു അവകാശമെന്ന് നാരായണന്‍ പറഞ്ഞു.

ഒരു കുമ്മായച്ചൂള വീടിനു പിറകിലുണ്ട്. അതാണ് തൊഴിലിടം. മണ്ണുകൊണ്ട് നിര്‍മ്മിച്ച ചെറിയ കിണറിന്റെ വ്യാസമുള്ള ആ ചൂളയിലാണ് കക്ക നീറ്റുന്നത്. കക്ക ശേഖരിക്കലാണ് ആദ്യപണി. വീടുകളിലും കായല്‍ക്കരകളിലുമൊക്കെ അലഞ്ഞുതിരിഞ്ഞ് കക്ക പെറുക്കും. അതു തലച്ചുമടായി കൊണ്ടുവരും. ചൂളയില്‍ ഏറ്റവും താഴെ ഓട് പാകിയിട്ടുണ്ട്. അതിനുമുകളില്‍ ചകിരി നിറയ്ക്കും. പിന്നീട് കായ്ച്ചിപ്പിയെന്നു വിളിപ്പേരുള്ള ചിരട്ട നിരത്തും. അതിനുംമീതെ ഇച്ചുളിയെന്നു വിളിക്കുന്ന കക്കകളും. ഒരു ദിവസം നിറച്ചശേഷം പിറ്റേന്നു രാവിലെ തീ കൊടുക്കും. അത് വൈകുന്നേരം വരെ നീറിനില്‍ക്കും. വൈകിട്ടോടെ മൂടും. വാതിലുകള്‍പോലെ നാലുദിക്കിലുമായി ചൂളയ്ക്ക് നാല് ദ്വാരങ്ങളുണ്ട്. ആ വഴി കത്തിപ്പൊടിഞ്ഞ കുമ്മായം പുറത്തേയ്ക്ക് വരും. ഇത് തലച്ചുമടായി കൊണ്ടുനടന്നു വില്‍ക്കും. കുട്ടയ്ക്ക് 150 രൂപ വില കിട്ടും.

''നാവ്ഗേ ഈഗ കെല്‍ സമാട കൂടതില്ല''

(ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒന്നും വയ്യ).

''നനക്ക് ആകല്ല് വരെ ഈ കെല സ മാഡ്ത്തേവേ''

(നമുക്ക് കഴിയുന്നതുവരെ ഈ പണിയെടുത്ത് ജീവിക്കും).

''അഹേത്ത്‌നങ്കേ ഈ കെലസ നടിയതില്ല''

(കുമ്മായപ്പണി പഴയപോലെ നടക്കുന്നില്ല).

''ഈ കൊലിസിഗേ ചെലവു ജാസ്തി ബര്‍ത്തിദേ... ദുഡ്‌സ്ബറവ് കൊമ്മി''

(ഇതിന് പണച്ചെലവ് കൂടുതലാണ്... വരുമാനം കുറവാണ്).

-നാരായണന്‍ പറഞ്ഞു.

ചകിരിയും ചിരട്ടയും കക്കയും വാങ്ങാന്‍ കാശില്ലാത്തതിനാല്‍ ഇപ്പോള്‍ പണി കുറച്ച് മുടക്കത്തിലാണ്. ആറു കുട്ട കക്കകള്‍ വേണം ചൂള നിറയ്ക്കാന്‍. രണ്ടുകുട്ട മാത്രമേ ഇപ്പോള്‍ ശേഖരിക്കാനായിട്ടുള്ളൂ. മുന്‍പ് ചൂളയ്ക്ക് മേല്‍മൂടിയില്ലായിരുന്നു. മഴക്കാലം പ്രതിസന്ധി തീര്‍ത്തു. നാട്ടുകാരിലൊരാള്‍ പണിഞ്ഞുകൊടുത്ത മേല്‍ക്കൂരയുടെ തണലിലാണ് ഇപ്പോള്‍ ചൂള നിന്നു കത്തുന്നത്. പ്രായം ശരീരത്തെ ബാധിച്ചതിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും അധ്വാനിച്ചു ജീവിക്കുന്നതിന്റെ അഭിമാനബോധം നാരായണനുണ്ട്.

ചക്ലിയരുടെ ചരിത്രം, ആചാരം, വിശ്വാസങ്ങള്‍

കര്‍ണാടകയും ആന്ധ്രാ പ്രദേശുമാണ് ചക്ലിയരുടെ ആദിമദേശങ്ങള്‍. ചാതുര്‍വര്‍ണ്യം പൂര്‍വ്വികരെ മലഞ്ചെരിവുകളിലേയ്ക്ക് അകറ്റിയതിനാല്‍ ഇന്നും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലാണ് ഇവര്‍. അന്നത്തെ സേനകളില്‍ ഇവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നെന്നു ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. തെലുങ്ക് നാടന്‍ പാട്ടുകളെ അവലംബിച്ചാണ് ഈ നിഗമനം. ടിപ്പുവിന്റെ പടയോട്ടകാലത്താകാം കാസര്‍കോടേയ്ക്ക് ഇവരെത്തിയതെന്നു പറയപ്പെടുന്നു. ആദിജാംബവരെന്നും മഡിഗകള്‍ അറിയപ്പെടുന്നു. 16-ാം നൂറ്റാണ്ടു മുതല്‍ 18-ാം നൂറ്റാണ്ടിന്റെ മധ്യകാലത്തിനിപ്പുറം വരെ കര്‍ണാടകയുടെ ദക്ഷിണഭാഗത്തെ ഭരണാധികാരികളായിരുന്ന ഇക്കേരി നായ്ക്കന്മാരുടെ കാലത്ത് നീലേശ്വരം വരെ ഇവര്‍ വന്നിരുന്നുവെന്നും മിത്തുകളില്‍ സൂചനയുണ്ട്. കാസര്‍കോട് ജില്ലയില്‍ ഹോസ്ദുര്‍ഗ്, പൊവ്വാല്‍, മട്ടലായി, ചന്ദ്രഗിരി, ബേക്കല്‍ ഫോര്‍ട്ട് പ്രദേശങ്ങളിലും ചക്ലിയര്‍ വസിക്കുന്നു.

പഴയകാലത്ത് മാടുകളുടെ മാംസമായിരുന്നു പ്രധാന ഭക്ഷണം. മാടുകളുടെ തോലുരിഞ്ഞ് ശേഖരിക്കുന്ന തൊഴിലും ചെയ്തുപോന്നു. ചക്ല, ചെകിള, പുറംതോട് എന്നൊക്കെ വിളിക്കപ്പെട്ടിരുന്നതിനാലാണ് ചക്ലിയര്‍ എന്ന പേര് വന്നതെന്നു പറയപ്പെടുന്നു. ചക്കിയെന്നും ചങ്കരനെന്നുമൊക്കെ വിളിക്കപ്പെട്ട് ചക്ലിയന്‍ എന്ന പേര് ഉറയ്ക്കുകയായിരുന്നുവെന്ന് ചക്ലിയരുടെ ജീവിതവും സംസ്‌കാരവും എന്ന വിഷയത്തില്‍ പഠനം നടത്തിയ ഡോ. എന്‍.പി. വിജയന്‍ എഴുതിയിട്ടുണ്ട്.

തിരുപ്പതി വെങ്കടരമണനാണ് ഇവരുടെ ധര്‍മ്മദൈവം. ഏഴ് താവഴി/ഇല്ലങ്ങളാണ് ഇവര്‍ക്കുണ്ടായിരുന്നത്. കര്‍ശനമായ നിയമങ്ങളും ഇല്ലങ്ങള്‍ പാലിച്ചുപോന്നു. ഓരോ ഇല്ലത്തിനും ഓരോ മൂപ്പന്‍ ഉണ്ടായിരുന്നു. ഇല്ലത്തിലെ ഏറ്റവും മുതിര്‍ന്ന പുരുഷനായിരുന്നു ഈ സ്ഥാനം. പഴയ കാലത്ത് ഏഴ് ഇല്ലങ്ങളും ആഴ്ചയില്‍ ഒരിക്കല്‍ ഒത്തുകൂടി പൂജ നടത്തിയിരുന്നു. ആദി ഭൈരവ അമ്മനാവരെ കാവല്‍ദേവതയായും ഇവര്‍ ആരാധിച്ചു. ശിവ-പാര്‍വ്വതി സങ്കല്പമാണ് ഇതിനുപിന്നില്‍. സാമൂഹികമായും ജാതീയമായും അടിച്ചമര്‍ത്തപ്പെടുമ്പോളും ഹിന്ദുമതവിശ്വാസികളായി തുടര്‍ന്നു ഇവര്‍ .

''നാവു തിരുപ്പതി ശ്രീ വെങ്കിട്ടറമണ ദേവരെ ആരാധിച്ചു ബര്‍ത്തേവു''

(ഞങ്ങള്‍ തിരുപ്പതി വെങ്കിട്ട റമണ ദേവരെ ആരാധിക്കുന്നു).

''നന്‍ തന്തെ കൊട്ടി ജാഗെ അല്ലി ദേവസ്ഥാന കെട്ടീത്തു''

(എന്റെ അച്ഛന്‍ കൊടുത്ത സ്ഥലത്താണ് അമ്പലം കെട്ടിയത്).

-വീടിനു സമീപത്തുള്ള അമ്പലം ചൂണ്ടിക്കാട്ടി നാരായണന്‍ പറഞ്ഞു.

ക്ഷേത്രത്തിലെ പൂജാരി ദര്‍ശനപത്ര എന്നാണറിയപ്പെടുന്നത്. പ്രധാന വഴിപാട് 'ഹണ്ണുക്കായി' ആണ്. ഹണ്ണു എന്നാല്‍, പഴവും കായ എന്നത് തേങ്ങയും.

മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ചക്ലിയര്‍ സമുദായത്തിലെ മുഴുവന്‍ പേരും ദൈവ വിശ്വാസം മുറുക്കെപ്പിടിക്കുന്നു. ദൈവവിശ്വാസത്തിന്റെ കാര്യത്തിലും ക്ഷേത്ര നടത്തിപ്പുകാര്യത്തിലും വിട്ടുവീഴ്ചകള്‍ക്ക് ഇവര്‍ തയ്യാറല്ല.

വാര്‍ദ്ധക്യം ശരീരത്തിലേയ്ക്ക് പടര്‍ന്നെങ്കിലും ചൂളയില്‍ പണിയെടുത്തു ജീവിക്കാനുള്ള ആവേശവും അഭിമാനബോധവും നാരായണനില്‍ ഇന്നും കെട്ടിട്ടില്ല. കക്ക കിട്ടിയാല്‍ തീയും പുകച്ച് ഒരു പകല്‍നീളെ ചൂളയ്ക്ക് ചുവട്ടിലിരിക്കാന്‍ ഈ വയോവൃദ്ധന്‍ തയ്യാറാണ്. വിഭവാധികാരങ്ങളുടെ പുറത്ത് അന്നന്നത്തെ ജീവിതം കടക്കാന്‍ കഷ്ടപ്പെടുന്ന അനേകായിരങ്ങളുടെ പ്രതിനിധി മാത്രമാണ് നാരായണനും. നാളെയെക്കുറിച്ച് ചോദിച്ചാല്‍ ഇന്നത്തെ ദിവസം കഴിയാന്‍ ഇനിയും കുറേനേരം കൂടിയുണ്ടല്ലോയെന്നു സംശയിക്കുന്നവരില്‍ ഒരാള്‍.

ഭാഷയ്ക്കുവേണ്ടി സര്‍വ്വകലാശാലയും ഇന്‍സ്റ്റിറ്റ്യൂട്ടും പഠനകേന്ദ്രങ്ങളുമുള്ള സംസ്ഥാനത്ത് മാദിക ഭാഷാചരിത്രത്തിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടിട്ടുണ്ടോ? ഭാഷയുടേയും സാഹിത്യത്തിന്റേയും പേരില്‍ ഉത്സവങ്ങള്‍ അരങ്ങേറുന്ന ശ്രേഷ്ഠഭാഷക്കാലത്ത് ഈ ചോദ്യം ഉയരേണ്ടതുണ്ട്. മാദികഭാഷയ്ക്ക് ഒരു താളമുണ്ട്. വാക്കുകളുടെ കയറ്റിറക്കങ്ങളില്‍ നാടന്‍പാട്ടുപോലെ അതു കേട്ടുനില്‍ക്കാനാകും. ഈ ഭാഷ അറിയുന്ന മുതിര്‍ന്നവര്‍ ചക്ലിയര്‍ സമുദായത്തിലുണ്ടെങ്കിലും അവരുടെ തലമുറ കടന്നുപോകുന്നതോടെ മാദിക ഭാഷയും ഇല്ലാതാകും. ചില വംശങ്ങള്‍ ഇല്ലാതായിപ്പോകുന്നതുപോലെ ഒരു ഭാഷയും നമുക്കു മുന്നില്‍ മറയാനൊരുങ്ങുമ്പോഴും തലമുറകള്‍ കൈമാറി കിട്ടിയ നിധിപോലെ സ്വന്തം ഭാഷയെ നാരായണന്‍ ശ്വാസത്തോടു ചേര്‍ത്തുപിടിക്കുന്നു.

നീണ്ടനേരത്തെ സംസാരത്തിനുശേഷം മടങ്ങുമ്പോള്‍ നാരായണന്‍ ചോദിച്ചു:

''എനി നീവു ഏക വറവത്?''

(ഇനി നിങ്ങള്‍ എപ്പോള്‍ വരും?)

കാസര്‍കോഡിന്റേയും കണ്ണൂരിന്റേയും അതിര്‍ത്തിയിലെ നിലയ്ക്കാറായ നീരൊഴുക്ക് മുറിച്ച് കടക്കുമ്പോളും പതറിയ ആ ശബ്ദം ഞങ്ങളെ പിന്തുടര്‍ന്നു.

മുപ്പതോളം ചക്ലിയ കുടുംബങ്ങള്‍ ഈ ഗ്രാമത്തിലുണ്ട്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവരാണ് പഴയ തലമുറക്കാര്‍. ചെങ്കല്‍വെട്ട് പണി ചെയ്യുന്ന കുറേപ്പേരുണ്ട്. എന്നാല്‍, ഇക്കാലത്ത് ആ മേഖലയില്‍ തൊഴില്‍ കുറഞ്ഞു. കെട്ടിട നിര്‍മ്മാണമേഖലയില്‍ പണി ചെയ്യുന്നവരുമുണ്ട്. സര്‍ക്കാര്‍ ജോലിക്കാര്‍ കുറവ്. പുതിയ തലമുറ മികച്ച വിദ്യാഭ്യാസം നേടിയിട്ടുണ്ട്. നഴ്‌സിങ്ങ്, ഗള്‍ഫ് മേഖലകളിലും ജോലി നേടിയവര്‍ ഈ ഗ്രാമത്തിലുണ്ട്. ജാതീയമായി വിവേചനം അനുഭവിക്കുന്നുണ്ടെങ്കിലും മുന്‍കാലത്തെ അപേക്ഷിച്ച് നിയമപരിരക്ഷ ജീവിതാവസ്ഥ കുറച്ച് മെച്ചപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഇവര്‍ വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിക്കുന്നവരാണ്. സര്‍ക്കാരില്‍നിന്നുള്ള ക്ഷേമപദ്ധതികളൊന്നും പലരും അറിയുന്നില്ലെന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നുണ്ട്. പൊതുസമൂഹത്തിന്റെ ഭാഷ പ്രായമായവര്‍ ഉപയോഗിക്കാറില്ല. അവര്‍ മാദികയിലാണ് സംസാരം. അവരുടെ എണ്ണം കുറഞ്ഞുവരുന്നു.

അരവിന്ദന്‍ കൂക്കാനം സാമൂഹിക പ്രവര്‍ത്തകന്‍

ചെരുപ്പ് നിര്‍മ്മിച്ചും കക്കനീറ്റിയുമാണ് ചക്ലിയ സമുദായക്കാര്‍ ജീവിച്ചത്. കുണ്ടുപൊയിലിലെ കെ.പി. നാരായണന്റെ അച്ഛന്‍ മാലിങ്കന്‍ വിദഗ്ദ്ധനായ ചെരുപ്പുകുത്തിയും മികച്ച കര്‍ഷകനുമായിരുന്നു. പണ്ടുകാലത്ത് മാലിങ്കനും സഹോദരന്‍ തിമ്മനും നെറ്റി വിയര്‍ത്തുണ്ടാക്കിയ നെല്ല് പൊതിക്കെട്ടുകളാക്കി കുടിലില്‍ സൂക്ഷിച്ചു. രാത്രിയില്‍ പാവങ്ങളുടെ നെല്ലുപൊതികള്‍ മോഷ്ടിക്കുന്നതിന് മേലേക്കിടയിലെ പല വമ്പന്മാര്‍ക്കും നാണമുണ്ടായിരുന്നില്ല. മാദികരുടെ ഇത്തിരി മണ്ണും കവര്‍ന്നെടുത്ത് അവരെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്കൊതുക്കി. മാലിങ്കന്‍, തിമ്മന്‍, മായി, ഇങ്കിട്ടി, ചെഞ്ചമ്മ, മുള്ളന്‍, കെണിയന്‍, കെണിച്ചി, അണ്ണക്കുഞ്ഞി, സണ്ണക്ക... കാലങ്ങള്‍ കഴിഞ്ഞതോടെ ഈ നാട്ടില്‍ മാദികഭാഷ സംസാരിക്കുന്ന ഒരു തലമുറ കടന്നുപോയി. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ നാരായണന്റെ തലമുറ ഇപ്പോഴും കഷ്ടപ്പെടുന്നു. ചൂളയില്‍ കക്ക നീറ്റി കുമ്മായമുണ്ടാക്കി മറ്റുള്ളവരുടെ ജീവിതം വെളുപ്പിക്കാന്‍ നീറിപ്പുകഞ്ഞവര്‍ അരികുകളിലേക്ക് ഒതുക്കപ്പെട്ടു. ജീവിതം അടിത്തട്ടിലായ മനുഷ്യരും അവരുടെ ഭാഷയും സംസ്‌കാരവും കണ്‍മുന്‍പില്‍ നിന്നു മാഞ്ഞുപോകുമ്പോള്‍ ആ ജീവിതത്തെ അറിയാന്‍, കൈപിടിച്ചുയര്‍ത്താന്‍, പകര്‍ത്തിവയ്ക്കാന്‍ നമുക്കും ബാധ്യതയില്ലേ

മുരളീധരന്‍ കരിവെള്ളൂര്‍ എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com