കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരയായ പെണ്‍കുട്ടിക്ക് പെട്ടെന്ന് അസുഖം കൂടി. ചികിത്സയ്ക്ക് മംഗലാപുരത്തേക്ക് തിരിച്ചു. കാസര്‍കോട് ജില്ലയില്‍ ചികിത്സാസൗകര്യം ഇല്ലാത്തതിനാലാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നത്. ആറരലക്ഷം രൂപയാണ് 15 ദിവസത്തെ ചികിത്സയുടെ ബില്‍. കുടുംബത്തിനു താങ്ങാന്‍ പറ്റുന്നതായിരുന്നില്ല ആ തുക. കടം വാങ്ങിയും പണയം വെച്ചും മൂന്നുലക്ഷം രൂപ കുടുംബം സംഘടിപ്പിച്ച് ആശുപത്രിയില്‍ അടച്ചു. ബാക്കി തുക ജനുവരിയില്‍ അടച്ചുതീര്‍ത്തോളാം എന്ന എഗ്രിമെന്റില്‍ ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലെത്തി.
ആശുപത്രിയില്‍ കടം പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യേണ്ട അവസ്ഥ വന്ന ഈ പെണ്‍കുട്ടി എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റ്റില്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതപ്പെട്ടയാളാണ് എന്നതോര്‍ക്കണം. ആജീവനാന്ത സൗജന്യചികിത്സ ഉറപ്പാക്കണം എന്നതായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, ഇതാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സര്‍ക്കാര്‍ ഉറപ്പാക്കുന്ന സൗജന്യചികിത്സയുടെ ഉദാഹരണം.
6727 പേരാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തിന്റെ ഇരകളായി വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരായി സര്‍ക്കാര്‍ തന്നെ കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെടുത്തിയവര്‍. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ഫിസിയോതെറാപ്പിപോലെയുള്ള ചികിത്സകളേ ആവശ്യമുള്ളൂ എന്ന തരത്തിലാണ് പൊതുവെയുള്ള സര്‍ക്കാര്‍, ഉദ്യോഗസ്ഥ മനോഭാവം. എന്നാല്‍, മാരകമായ അസുഖങ്ങളും ചെലവേvറിയ ചികിത്സകളും മരുന്നുകളും ആവശ്യമുള്ള നിരവധി രോഗികള്‍ കാസര്‍കോടുണ്ട്.
മികച്ച ആശുപത്രികളോ ചികിത്സാ സൗകര്യങ്ങളോ കാസര്‍കോട് ജില്ലയില്‍ ഇല്ലാത്തതിനാല്‍ അയല്‍സംസ്ഥാനമായ കര്‍ണാടകയെ ആണ് ഇവരില്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത്. കൃത്യമായ മെഡിക്കല്‍ പരിശോധനകളോ ചികിത്സയോ മരുന്നുവിതരണമോ വീടുകളിലെത്തിയുള്ള പരിശോധനയോ വാഹനസൗകര്യമോ ഒന്നും ഈ രോഗികള്‍ക്കു ലഭിക്കുന്നില്ല. രോഗികളും എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളും വര്‍ഷങ്ങളായി ഇക്കാര്യം ആവശ്യപ്പെടുന്നതാണ്. ചികിത്സ ലഭ്യമാക്കുന്നുണ്ട് എന്ന് സംസ്ഥാന സര്‍ക്കാരും. ഒടുവില്‍ സുപ്രീംകോടതി തന്നെ കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയെ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി. അവരുടെ റിപ്പോര്‍ട്ടും ചികിത്സാസൗകര്യങ്ങള്‍ ലഭ്യമല്ല എന്ന നിലവിലെ രൂക്ഷമായ സ്ഥിതി ചൂണ്ടിക്കാട്ടുന്നത് തന്നെയായിരുന്നു.
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നുണ്ട് എന്നു പറഞ്ഞ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ റിപ്പോര്‍ട്ടിനേയും സര്‍ക്കാര്‍ തള്ളുകയാണ്. നിലവില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ച് പരിഗണിക്കുന്ന കേസില്‍ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ കൂടുതല്‍ സമയം ചോദിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
മരുന്നില്ല, ചികിത്സയില്ല
പാലിയേറ്റീവ് പരിചരണകേന്ദ്രം എന്ന 2010-ലെ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം പാലിക്കപ്പെടാത്തതിനെത്തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മയായ സെര്‍വ്വ് (കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ റൈറ്റ്സ് വിക്ടിം കളക്ടീവ്) സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ ചികിത്സാസൗകര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടത്. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ചികിത്സ ലഭ്യമാവുന്നില്ല എന്ന് ചുണ്ടിക്കാട്ടിയതിനെ മതിയായ ചികിത്സാസൗകര്യങ്ങള്‍ രോഗികള്‍ക്ക് ഒരുക്കിയിട്ടുണ്ടെന്നും ലഭിക്കുന്നുണ്ടെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് നിജസ്ഥിതി അറിയാന്‍ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയെ ചുമതലപ്പെടുത്തിയത്.
27 പഞ്ചായത്തുകളില്‍പ്പെട്ടവര്‍ ആദ്യഘട്ടത്തില്‍ രോഗികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് എന്‍ഡോസള്‍ഫാന്‍ നേരിട്ട് ബാധിച്ച 11 പഞ്ചായത്തുകള്‍ മാത്രമായി അത് ചുരുങ്ങി. കയ്യൂര്‍-ചീമേനി, കള്ളാര്‍, പനത്തടി, അജാനൂര്‍, പുല്ലൂര്‍-പെരിയ, മൂളിയാര്‍, ബദിയടുക്ക, കാറഡുക്ക, ബെള്ളൂര്‍, എന്‍മകജെ, കുമ്പടാജെ എന്നീ പഞ്ചായത്തുകളെയാണ് എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളായി കണ്ടെത്തിയത്. 11 പഞ്ചായത്തുകളിലേയും ചികിത്സാസൗകര്യങ്ങളും പാലിയേറ്റീവ്, തെറാപ്പി സെന്ററുകളും ഒപ്പം ജില്ലയിലെ ജനറല്‍, താലൂക്ക് ആശുപത്രി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ഫാമിലി ഹെല്‍ത്ത് സെന്റര്‍, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവയെല്ലാം സന്ദര്‍ശിച്ചാണ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 618 രോഗികളില്‍ 30 പേര്‍ കിടപ്പുരോഗികളാണെന്നും ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ 148 പേര്‍ ഇക്കാലയളവില്‍ മരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. നിര്‍ബന്ധമായും ഫിസിയോ തെറാപ്പി ആവശ്യമുള്ള 30 പേര്‍ ഉണ്ടെന്നും ഫിസിയോ തെറാപ്പിയും പാലിയേറ്റീവ് കെയറും കാര്യമായി നടക്കുന്നില്ലെന്നുമാണ് സൊസൈറ്റി കണ്ടെത്തിയത്. എന്‍ഡോസള്‍ഫാന്‍ ബാധിതമായ ഓരോ പഞ്ചായത്തിലും വിശദമായ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പനത്തടി പഞ്ചായത്തില്‍ 407 രോഗികളില്‍ 67 പേര്‍ മരിച്ചതായും നിലവിലുള്ള 340 രോഗികളില്‍ 49 കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 110 പേര്‍ ഗുരുതരമായ രോഗങ്ങള്‍ നേരിടുന്നവരാണ്. പുല്ലൂര്‍ പെരിയയില്‍ 657 രോഗികളില്‍ 92 പേര്‍ മരിച്ചു. കാറഡുക്കയില്‍ 468 പേരില്‍ 55 രോഗികള്‍ മരിച്ചതായും ബദിയഡുക്കയില്‍ 465 പേരില്‍ 89 മരിച്ചതായും എന്‍മകജെയില്‍ 535 പേരില്‍ 129 രോഗികള്‍ മരിച്ചതായും പെര്‍ളയില്‍ 513 പേരില്‍ 82 പേര്‍ മരിച്ചതായും കണ്ടെത്തി. പെര്‍ളയില്‍ 96 പേര്‍ കാന്‍സര്‍ രോഗികളാണ്. പട്ടികയിലുള്‍പ്പെട്ടവരില്‍ പതിനൊന്ന് പഞ്ചായത്തുകളിലെ ആയിരത്തോളം രോഗികള്‍ ഇതുവരെ മരണപ്പെട്ടു.
താലൂക്ക് ആശുപത്രികളില്‍പ്പോലും പ്രാഥമിക ചികിത്സ മാത്രമാണെന്നും ഐ.സി.യു, ഡയാലിസിസ് യൂണിറ്റുകളും വിദഗ്ദ്ധ ഡോക്ടര്‍മാരും ഇല്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജില്ലാ ആശുപത്രിയിലും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അഭാവവും ചികിത്സാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ജീവനക്കാരുടെ കുറവുമുണ്ട്.
ഉക്കിനഡുക്കയില്‍ സ്ഥാപിച്ച മെഡിക്കല്‍ കോളേജാണ് മറ്റൊരു കാഴ്ച. ഒരു പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ നടക്കുന്നതുപോലെ ഒ.പി. വിഭാഗം മാത്രം പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജാണ് കാസര്‍കോടുള്ളത്. 91 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകേണ്ടിടത്ത് 15 ഡോക്ടര്‍മാരാണ് ഇവിടെ ഉള്ളത്. ചികിത്സാ ഉപകരണങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ ഒ.പി. ചികിത്സ മാത്രമാണ് ഈ ഡോക്ടര്‍മാര്‍ക്ക് ചെയ്യാനാവുന്നത്.
എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ ഏറ്റവും അത്യാവശ്യമാണ് പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍. എന്നാല്‍, രോഗികള്‍ക്ക് ആവശ്യമായ മതിയായ സൗകര്യങ്ങളും ജീവനക്കാരുമുള്ള സെന്റര്‍ എന്നത് ഇത്രയും വര്‍ഷമായിട്ടും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഫിസിയോതെറാപ്പി യൂണിറ്റുകളും രോഗികള്‍ക്ക് ആനുപാതികമായ തരത്തിലോ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്ന തരത്തിലോ അല്ല നിലവിലുള്ളത്. വീട്ടിലെത്തി ഫിസിയോതെറാപ്പി എന്നത് പേരിനു മാത്രമായി ഒതുങ്ങുന്നതും ആവശ്യക്കാര്‍ക്കെല്ലാം ലഭ്യമാവുന്ന തരത്തിലുള്ളതുമല്ല. പോകുന്ന വീടുകളില്‍ത്തന്നെ മാസത്തില്‍ ഒരു തവണ മാത്രമാണ് എത്താന്‍ പറ്റുന്നത്. ജീവനക്കാരുടേയും ഉപകരണങ്ങളുടേയും പരിമിതി പരിഹരിക്കാനുള്ള ആലോചനകള്‍ ഉണ്ടായിട്ടില്ല. ചില രോഗികള്‍ക്ക് സ്ഥിരമായ ഫിസിയോതെറാപ്പികൊണ്ട് നല്ല മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ജില്ലാ ആശുപത്രിയിലെ കേന്ദ്രത്തിലേക്ക് ദിവസേന ആളുകള്‍ക്ക് വന്നുപോകുക എന്നതും പ്രാവര്‍ത്തികമല്ല.
എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ 17 ആശുപത്രികളെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നു. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും കാസര്‍കോട് ജനറല്‍ ആശുപത്രിയുമാണ് ഈ പട്ടികയിലുള്ളത്. സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളില്ലാത്ത ആശുപത്രികളാണ് ഇവ രണ്ടും എന്നതാണ് ഡി.എല്‍.എസ്.എ റിപ്പോര്‍ട്ടില്‍ പറയുന്നത്. അയല്‍സംസ്ഥാനമായ കര്‍ണാടകത്തിലെ യേനപ്പോയ മെഡിക്കല്‍ കോളേജും കസ്തൂര്‍ബ മെഡിക്കല്‍ കോളേജുമാണ് സര്‍ക്കാര്‍ ലിസ്റ്റിലുള്ള മറ്റ് രണ്ട് ആശുപത്രികള്‍. കാസര്‍കോട്ടെ രോഗികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും ഇവിടെയാണ്. കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളേജാണ് മറ്റൊന്ന്. ഇവിടങ്ങളിലേക്കെല്ലാം 100 കിലോമീറ്ററോളം സഞ്ചരിച്ച് വേണം രോഗികള്‍ക്ക് എത്തിപ്പെടാന്‍. സൗജന്യ വാഹനസൗകര്യം എന്നത് മിക്കപ്പോഴും രോഗികള്‍ക്ക് കിട്ടാക്കനിയാണ്. ഇത്രയും ദൂരേയ്ക്കുള്ള യാത്രാച്ചെലവ് ഓര്‍ത്തുതന്നെ ചികിത്സിയ്ക്കു പോകാന്‍ മടിക്കുന്നവരുണ്ട്.
നിയമത്തിന്റെ വഴിയില്‍
1999-ല്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മ കാഞ്ഞങ്ങാട് മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയെത്തുടര്‍ന്നാണ് 2000-ത്തില്‍ കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം നിരോധിക്കുന്നത്. 2011-ല്‍ ഡി.വൈ.എഫ്.ഐ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ചത്. തീക്ഷ്ണമായ സമരങ്ങളും നിയമപോരാട്ടങ്ങളുമായിരുന്നു തുടര്‍ന്നും കാസര്‍കോട് നടന്നത്. 2010-ല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരവും ചികിത്സയും ഉറപ്പാക്കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ഉണ്ടായി. 2017-ല്‍ ഈ ഉത്തരവ് പ്രകാരമുള്ള തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അഞ്ച് ലക്ഷം രൂപ വീതം ആശ്വാസധനം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനെതിരെ 2019-ല്‍ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യേണ്ടിവന്നു. തുടര്‍ന്ന് ഹര്‍ജിക്കാരായ നാല് പേര്‍ക്കു മാത്രം അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കി. മുഴുവന്‍ ഇരകള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സെര്‍വ്വ് കളക്ടീവിന്റെ നേതൃത്വത്തില്‍ 2020-ല്‍ വീണ്ടും കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. നാലാഴ്ചത്തെ സമയം ചോദിച്ച സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പഴയതുപോലെ പരാതിക്കാരായ എട്ടുപേര്‍ക്കു മാത്രം തുക നല്‍കി. ഇതിനെതിരെ സുപ്രീംകോടതി അതിരൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. വിധി നടപ്പാക്കാതെ ആളുകളെ പിന്നെയും നിയമനടപടികള്‍ക്കു പിന്നാലെ നടത്തിച്ചതിനെതിരേയും കോടതി വിമര്‍ശിച്ചു. നിയമനടപടികളുടെ ചെലവിലേക്കായി പരാതിക്കാരായ എട്ട് പേര്‍ക്കും 50000 രൂപ വീതം അധികം നല്‍കാനും 2022-ല്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനു ശേഷമാണ് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവനാളുകള്‍ക്കും തുക നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. പാലിയേറ്റീവ് ആശുപത്രിക്കായുള്ള സെര്‍വ്വ് കളക്ടീവ് നല്‍കിയ പരാതി കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
പുനരധിവാസം
ബോവിക്കാനം മൂളിയാറിലാണ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസകേന്ദ്രം. 2014-ല്‍ പദ്ധതിക്ക് തുടക്കമിടുമ്പോള്‍ 24 ഏക്കറില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം എന്നതായിരുന്നു പദ്ധതി. രോഗികള്‍ക്കു താമസിച്ച് ചികിത്സയും പരിചരണവും പുതിയൊരു ജീവിതവും ഉറപ്പാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പത്ത് വര്‍ഷത്തോളമെടുത്ത് പദ്ധതി പൂര്‍ത്തിയായപ്പോള്‍ തെറാപ്പി സെന്റര്‍ മാത്രമായി അത് മാറി. ഫിസിയോ, സ്പീച്ച്, സൈക്കോ തെറാപ്പികളാണ് ഇവിടെ നടക്കുന്നത്. ബോവിക്കാനത്തേക്ക് മറ്റിടങ്ങളില്‍നിന്ന് ആളുകള്‍ക്ക് എത്തിപ്പെടാനുള്ള യാത്രാബുദ്ധിമുട്ടും ചെലവും വേറെയാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതരുള്ള വീടുകളിലെല്ലാം മുതിര്‍ന്ന ഒരാള്‍ രോഗിയെ നോക്കാന്‍ മുഴുവന്‍ സമയം കൂടെ വേണം. അതുകൊണ്ടുതന്നെ അവര്‍ക്ക് തൊഴിലെടുക്കാനുള്ള സാഹചര്യം ഇല്ല. ഇത്തരം കുടുംബങ്ങളിലെ സാമ്പത്തിക പ്രയാസത്തിന്റെ പ്രധാന കാരണം കൂടിയാണിത്. ഇതിനു പുറമെയാണ് ചികിത്സാച്ചെലവും അതിനുവേണ്ടിയുള്ള യാത്രകളും. രോഗിയെപ്പോലെത്തന്നെ ജീവിതകാലം മുഴുവന്‍ അവര്‍ക്കുവേണ്ടി വീടിനുള്ളിലായിപ്പോകുന്ന സ്ത്രീകളെ ഇവിടെ കാണാം.
ഒരുകാലത്ത് ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി, യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകള്‍ അവര്‍ക്ക് പറ്റാവുന്ന രീതിയിലുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു. അവരൊന്നും ഇപ്പോള്‍ അനങ്ങാറില്ലെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു. ''ഇങ്ങനെയൊരു വിഷയം പോലും അവര്‍ക്ക് മുന്നിലില്ല. ഡി.വൈ.എഫ്.ഐ ആണല്ലോ കോടതിയില്‍ അക്കാലത്ത് പോയത്. കോടതി അനുവദിച്ച അവകാശങ്ങള്‍ക്കായി സമരം ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ പണം അനാവശ്യമായി ചോര്‍ത്തുന്നു എന്ന രീതിയില്‍ വൃത്തികെട്ട പ്രചരണങ്ങള്‍ നടത്തുന്നവരുണ്ട്. പട്ടികയില്‍ അനര്‍ഹരുണ്ട് എന്ന് ഇപ്പോഴും പറയുന്നവരുണ്ട്. ഇരകളെല്ലാവരും കാഴ്ചയില്‍ രോഗികളാണെന്നു തോന്നിക്കുന്നവരാവണമെന്നില്ല. അത് മനസ്സിലാക്കേണ്ടേ. അഞ്ച് ലക്ഷം രൂപ കുറേപേര്‍ക്ക് ആശ്വാസമാണ്. പക്ഷേ, അതിന്റെ എത്രയോ മടങ്ങ് കൊടുത്താലും തീരാത്ത ദുരിതങ്ങളും സാമ്പത്തിക ബാധ്യതയും അനുഭവിക്കുന്നവര്‍ നമുക്ക് മുന്നിലുണ്ട്.
പുനരധിവാസ കേന്ദ്രമാണ് ആവശ്യപ്പെട്ട മറ്റൊരു കാര്യം. കിടപ്പിലായ രോഗികളുള്ള നൂറ് കുടുംബങ്ങളെയെങ്കിലും പുനരധിവസിപ്പിക്കുക എന്നതായിരുന്നു നമ്മള്‍ ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടത്. പക്ഷേ, ഇപ്പോള്‍ അവിടെ പോയി നോക്കിയാല്‍ അറിയാം. തെറാപ്പിയാണ് അവിടെ കൊടുക്കുന്നത്. തെറാപ്പി കേന്ദ്രമാണോ പുനരധിവാസം. സര്‍ഗ്ഗാത്മകതയുള്ള രാഷ്ട്രീയക്കാര്‍ പല കാര്യങ്ങളിലും നമുക്ക് ആവശ്യമുണ്ട്. പകല്‍വീട് പോലെയുള്ള ഒരു സംവിധാനമെങ്കിലും ഒരുക്കിക്കൂടേ. രോഗികളുടെ രക്ഷിതാക്കള്‍ക്ക് അവിടെത്തന്നെ തൊഴിലും ചെയ്യാന്‍ പറ്റുന്ന രീതി സജ്ജീകരിച്ചുകൂടേ. പഞ്ചായത്തുകള്‍ തോറും നടത്താവുന്ന കാര്യമാണെങ്കിലും അക്കാര്യങ്ങള്‍ക്കൊന്നും പ്രാധാന്യം കൊടുക്കുന്നില്ല''- കുഞ്ഞിക്കൃഷ്ണന്‍ അമ്പലത്തറ പറയുന്നു.
അര്‍ഹരായ എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ട്രിബ്യൂണല്‍ വേണമെന്ന 2010-ലെ നിര്‍ദ്ദേശവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഒരു ജുഡീഷ്യല്‍ കമ്മിഷനെവെച്ച് ട്രിബ്യൂണല്‍ എന്ന ആവശ്യം തള്ളിക്കളയുകയാണ് സംസ്ഥാന സര്‍ക്കാര്‍ അന്ന് ചെയ്തത്.
സെര്‍വ്വ് കൂട്ടായ്മ നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ മുഴുവന്‍ ഇരകള്‍ക്കും ആശ്വാസധനം എത്തിക്കാന്‍ സാധിച്ചത് നീണ്ടകാലത്തെ സമരത്തിന്റെ ആദ്യഘട്ട വിജയമാണെന്ന് സെര്‍വ്വ് കളക്ടീവ് അഡൈ്വസിങ് മെമ്പറും എഴുത്തുകാരനുമായ എം.എ. റഹ്മാന്‍ പറയുന്നു: ''അഞ്ചുലക്ഷം ആശ്വാസധനം ലഭിച്ചത് ഇനി നഷ്ടപരിഹാരത്തിന് ട്രിബ്യൂണലിലേക്കുള്ള ഒരു വഴിയാണ് തുറന്നത്. സര്‍ക്കാരുകളുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളെക്കാള്‍ നിയമത്തിന്റെ വഴിയിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണം കൂടിയാണിത്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മയായ സെര്‍വ്വ് രൂപീകരിച്ചതും ഈ ലക്ഷ്യത്തിനു വേണ്ടിയാണ്.
കിടപ്പ് രോഗികളായ കാസര്‍കോട്ടെ ഇരകള്‍ക്ക് തിരുവനന്തപുരവും മംഗലാപുരവും അടക്കമുള്ള സ്ഥലങ്ങളിലെ ആശുപത്രികളെയാണ് എംപാനല്‍ ചെയ്തത്. അതൊന്നും ആരെയും അലോസരപ്പെടുത്തിയില്ല. പാലിയേറ്റീവ് കെയര്‍ ആശുപത്രി അവരുടെ മൗലികാവകാശമാണ്. മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചതാണ് ഇക്കാര്യം. ഇതില്‍ സെര്‍വ്വ് കളക്ടീവ് കോടതിയെ സമീപിച്ചതിലാണ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. പാലിയേറ്റീവ് കെയര്‍ ആശുപത്രിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് സെര്‍വ്വ് ഇപ്പോള്‍''- എം.എ. റഹ്മാന്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക