മെക് സെവന്‍ വ്യായാമ കൂട്ടായ്മയെക്കുറിച്ചുള്ള ചര്‍ച്ച കേരളം അവസാനിപ്പിച്ചു എന്ന തോന്നല്‍ താല്‍ക്കാലികമാകാനാണിട. അങ്ങനെയങ്ങ് അടക്കാന്‍ കഴിയാത്ത ഭൂതത്തെയാണ് ചര്‍ച്ച തുടങ്ങിവെച്ചവര്‍ തുറന്നുവിട്ടത് എന്നതുതന്നെ കാരണം. കാന്തപുരം വിഭാഗം സമസ്ത തുടങ്ങുകയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ഏറ്റുപിടിക്കുകയും ചെയ്തതോടെ ഉണ്ടായ കോലാഹലത്തിന്റെ അമ്പരപ്പില്‍ അവര്‍ വിമര്‍ശനം നിര്‍ത്തിവെച്ചിരിക്കുന്നു എന്ന പ്രതീതിയുണ്ടായി എന്നേയുള്ളൂ. അതില്‍ത്തന്നെയുള്ള ഒരു പ്രധാന പ്രശ്‌നം, പറഞ്ഞത് അബദ്ധമാണ് എന്നല്ല രണ്ടു കൂട്ടരും സ്വയം വിലയിരുത്തുന്നത്; പറഞ്ഞതില്‍ ചിലത് ഒഴിവാക്കാമായിരുന്നു എന്നേയുള്ളൂ. പക്ഷേ, വിഭാഗീയ ലക്ഷ്യങ്ങളോടെ അത് ഏറ്റെടുത്തവര്‍ക്ക് നേരിട്ടും പരോക്ഷവുമായ കാര്യപരിപാടികളുണ്ട്; ആളുകള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയവും സംഘടനാപരവുമായ നേട്ടമുണ്ടാക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിലാണ് അത് ചെന്നു ചേരുന്നത്. സംഘപരിവാറിന്റെ മുസ്ലിംവിരുദ്ധ അജണ്ട മാത്രമല്ല, മുസ്ലിം സമുദായത്തിലെ ഉള്‍പ്പോരുകള്‍ കൂടിയാണ് ഇതില്‍ ഇരപിടിക്കുന്നത്. കാന്തപുരം വിഭാഗവും സി.പി.എമ്മും പറഞ്ഞതിന്റെ ചുവടുപിടിച്ച് മാധ്യമ വിചാരണയ്ക്കും ദേശീയ അന്വേഷണ ഏജന്‍സിയുടെ ഉള്‍പ്പെടെ ഇടപെടലിനും സംഘപരിവാര്‍ ശ്രമിച്ചത് സ്വാഭാവികം. അവര്‍ക്കു മുന്നിലേക്ക് ലക്ഷണമൊത്ത ഒരു വിഷയം ഇട്ടുകൊടുക്കുകയാണ് ചെയ്തത്. പക്ഷേ, തങ്ങളല്ലാത്തവരെയെല്ലാം ശത്രുപക്ഷത്തു കാണുന്ന മുസ്ലിം സമുദായ സംഘടനകളുടെ പോരിലാണ് മെക് സെവന്‍ വിവാദം ആദ്യം പിറന്നത്. ഡിസംബര്‍ നാലിന് കാന്തപുരം വിഭാഗത്തിലെ യുവനേതാവും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദലി കിനാലൂര്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ അതുണ്ട്; ഡിസംബര്‍ 10-ന് കിനാലൂര്‍ നല്‍കിയ വിശദീകരണ പോസ്റ്റില്‍ ഇതു കുറച്ചുകൂടി മറനീക്കുകയും ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ അത് ഏറ്റെടുത്തപ്പോള്‍ മതരാഷ്ട്രവാദികളുടേയും തീവ്രവാദികളുടേയും സാന്നിധ്യം കൂടി കയ്യില്‍നിന്ന് ഇട്ടു. കാന്തപുരം സമസ്തയുടെ മുതിര്‍ന്ന നേതാവും പ്രഭാഷകനുമായ പേരോട് അബ്ദുറഹിമാന്‍ സഖാഫിക്കും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ മകനും സംഘടനയില്‍ രണ്ടാമനുമായ അബ്ദുല്‍ ഹക്കീം അസ്ഹരിക്കും മെക് സെവനിലെ സ്ത്രീ സാന്നിധ്യമാണ് ഇഷ്ടപ്പെടാതിരുന്നത്. അതായത് കിനാലൂര്‍ കണ്ട മെക് സെവന്‍ മുജാഹിദ് ആശയക്കാരനായ മുന്‍ സൈനികന്‍ പി. സലാഹുദ്ദീന്‍ നയിക്കുന്നതും ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെ സഹകരിക്കുന്നതുമായ സംശയിക്കേണ്ട കൂട്ടായ്മയാണെങ്കില്‍ പി. മോഹനന്‍ കണ്ടപ്പോള്‍ നിരോധിത പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൂടി ഉള്‍പ്പെട്ടതും അവര്‍ അഡ്മിന്മാരായ വാട്സാപ്പ് ഗ്രൂപ്പുകള്‍ ഉള്ളതുമായി; പേരോടും അബ്ദുല്‍ ഹക്കീം അസ്ഹരിയും സ്ത്രീകളെ പൊതുരംഗത്ത് 'പ്രദര്‍ശിപ്പിക്കുന്നതിലെ' 'അനിസ്ലാമികത'യാണ് കണ്ടത്. മൂന്നു വിധത്തില്‍ കണ്ടവര്‍ക്കും മെക് സെവന്‍ മുസ്ലിം കൂട്ടായ്മയാണ് എന്നതില്‍ സംശയമുണ്ടായിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വവും അണികളും സുന്നിയാണോ മുജാഹിദാണോ ജമാഅത്തെ ഇസ്ലാമിയാണോ എന്നതില്‍ കിനാലൂര്‍ ഉല്‍ക്കണ്ഠപ്പെടാത്തത് അവ മുസ്ലിം കൂട്ടായ്മകളല്ലാത്തതുകൊണ്ടാണ് എന്നുറപ്പ്. ഡി.വൈ.എഫ്.ഐയിലോ യൂത്ത് കോണ്‍ഗ്രസ്സിലോ മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചേര്‍ന്നാല്‍ അവര്‍ മാനസാന്തരപ്പെട്ടു എന്നല്ലാതെ ഡി.വൈ.എഫ്.ഐയോ യൂത്ത് കോണ്‍ഗ്രസ്സോ തീവ്രവാദ സംഘടനയായി എന്ന് മോഹനന്‍ പറയില്ലെന്നും ഉറപ്പ്. ഈ സംഘടനകളിലൊക്കെയുള്ള സ്ത്രീനേതാക്കളേയും പ്രവര്‍ത്തകരേയും പൊതുവേദിയില്‍നിന്നു മാറ്റിനിര്‍ത്തണമെന്ന് പേരോടോ അസ്ഹരിയോ പറയാത്തതും അത് അവരുടെ പരിധിക്കു പുറത്തുള്ളവയായതുകൊണ്ടാണ്. അങ്ങനെയാണ് മെക് സെവന്‍ ഒരു മുസ്ലിം കൂട്ടായ്മയായി മുദ്രകുത്തപ്പെട്ടത്.
മറുവശത്ത്, കൗമാരം കഴിഞ്ഞവര്‍ മുതല്‍ വാര്‍ദ്ധക്യത്തിലെത്തിയവര്‍ക്കു വരെ മനസ്സും ശരീരവും സ്വസ്ഥമാക്കാന്‍ ഒരേതരം 'മള്‍ട്ടി എക്സര്‍സൈസ് കോമ്പിനേഷന്‍' (ഏഴ് വെല്‍നെസ്സ് ഇനങ്ങളുടെ 21 കൈവഴികള്‍ ചേര്‍ത്തത്) തയ്യാറാക്കി നടപ്പാക്കുന്ന മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ സ്വദേശിയായ മുന്‍ സൈനികന്‍ പി. സലാഹുദ്ദീനും കൂട്ടുകാരും അപ്രതീക്ഷിതമായി കിട്ടിയ നെഗറ്റീവ് പബ്ലിസിറ്റിയും പബ്ലിസിറ്റി തന്നെയാണ് എന്ന ആഹ്ലാദത്തില്‍ മുഴുകുന്നതാണ് കണ്ടത്. മെക് സെവന്‍ കൂട്ടായ്മ വര്‍ഗ്ഗീയമാണെന്നു വരുത്താന്‍ ശ്രമിച്ചതിനോടു യോജിക്കാത്തവരും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വ്യായാമ പ്രചാരണത്തിലും വേണ്ടേ ഉത്തരവാദിത്വം എന്ന ചോദ്യമാണ് ഒന്നാമത്തേത്. പഠിച്ച വ്യായാമ മുറകള്‍ക്കൊരു പ്രൊഫഷണല്‍ ചിട്ടയുണ്ടാക്കി ആളുകള്‍ക്ക് സൗജന്യമായി പകര്‍ന്നുനല്‍കാനുള്ള പി. സലാഹുദ്ദീന്റെ സ്വാതന്ത്ര്യം വരെ കാര്യങ്ങള്‍ ശരിയാണ്. അതിലേയ്ക്ക് എങ്ങനെയാണ് 'ബ്രാന്‍ഡ് അംബാസിഡറും' രാഷ്ട്രീയ സംഘടനകള്‍പോലെ യൂണിറ്റുകളും ഉണ്ടാകുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ ആരും ചോദിച്ചുപോകും. ചോദ്യത്തില്‍ നിറം കലര്‍ന്നപ്പോഴാണ് പ്രശ്‌നമായത്.
ബോധ്യം വരേണ്ടതാര്‍ക്ക്?
''ഇതില്‍ ഒരു സംഘടനയ്ക്കും പങ്കില്ല. ഞാന്‍ സ്വന്തം നിലയില്‍ രൂപപ്പെടുത്തിയതാണ്. പിന്നീട് ഇതുമായി സഹകരിക്കുന്നവരുമായി ചേര്‍ന്ന് ട്രസ്റ്റ് ആക്റ്റ് പ്രകാരം ഈ മൊഡ്യൂള്‍ റജിസ്റ്റര്‍ ചെയ്തു. എയറോബിക്‌സ്, യോഗ തുടങ്ങി ഏഴ് വ്യത്യസ്ത ഫിറ്റ്നസ് രീതികള്‍ സംയോജിപ്പിച്ച് 21 വ്യായാമ മുറകളടങ്ങുന്ന ഇതില്‍ ആര്‍ക്കും പങ്കെടുക്കാം. റജിസ്ട്രേഷന്‍ ഫോമോ ഫീസോ ഇല്ല. ആര്‍ക്കും എവിടെയും തുടങ്ങാം. ഇപ്പോള്‍ ഗള്‍ഫിലും ബ്രൂണൈയിലും പോലും ഇതു നടക്കുന്നുണ്ട്'' പി. സലാഹുദ്ദീന്‍ പറയുന്നു.
കണ്ണൂര്‍ തളിപ്പറമ്പില്‍ പൊതുപരിപാടിയിലെ പ്രസംഗത്തിലാണ് പി. മോഹനന്‍ മെക് സെവനെക്കുറിച്ച് ആദ്യം പരസ്യവിമര്‍ശനം ഉന്നയിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദവുമായി ചേര്‍ത്ത് കടുത്ത ആരോപണമാണ് ഉയര്‍ത്തിയത്. ''കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും പതിവായി ഈ കൂട്ടായ്മയുടെ വ്യായാമ പരിപാടികള്‍ അതിരാവിലെ നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞു. സൂക്ഷ്മമായി അന്വേഷിച്ചപ്പോള്‍ മനസ്സിലായത് തീവ്രവാദ ബന്ധമാണ്. അവരുടെ വാട്സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍ സ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടുകാരാണ്'' എന്നായിരുന്നു മോഹനന്‍ പറഞ്ഞതിന്റെ സാരം. അതിവേഗം കത്തിപ്പിടിച്ചെങ്കിലും സി.പി.എം സംസ്ഥാന നേതൃത്വമോ കോഴിക്കോട് ജില്ലയിലെത്തന്നെ മറ്റു നേതാക്കളോ പി. മോഹനന് പരസ്യ പിന്തുണയുമായി എത്തിയില്ല. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലെ സി.പി.എം ഗ്രൂപ്പുകളും ഏറെക്കുറേ നിശ്ശബ്ദത പാലിച്ചു. പക്ഷേ, ഉന്നത നേതൃതലത്തില്‍ ഈ ദിവസങ്ങളില്‍ നടന്നത് വലിയ ആശയവിനിമയമായിരുന്നു. മെക് സെവന്‍ ഏതെങ്കിലും സമുദായത്തേയോ അതിലെ അംഗങ്ങള്‍ ഏതെങ്കിലും സംഘടനയേയോ മാത്രമായി പ്രതിനിധീകരിക്കുന്നില്ല എന്ന തരം പ്രതികരണങ്ങള്‍ പ്രചരിച്ചു. അതില്‍ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വലിയ പങ്കാണ് വഹിച്ചത്. അതോടെയാണ് പി. മോഹനന്‍ മാറ്റിപ്പറഞ്ഞത്. പാര്‍ട്ടി നേതൃത്വം, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ അതില്‍ ഉണ്ടായി എന്നാണ് വ്യക്തമാകുന്നത്. സി.പി.എം പ്രവര്‍ത്തകര്‍ വരെ ഉള്‍പ്പെട്ട വ്യായാമ കൂട്ടായ്മയെ വേണ്ടത്ര വസ്തുതകളുടെ പിന്തുണയില്ലാതെ സംശയനിഴലിലാക്കിയത് ഒഴിവാക്കാമായിരുന്നു എന്ന വാദത്തിനാണ് സി.പി.എമ്മില്‍ മേല്‍ക്കൈ. തന്റെ വിമര്‍ശനം മെക് സെവനെതിരെ അല്ലെന്നാണ് മോഹനന്‍ കുമ്പസാരിച്ചത്. മാത്രമല്ല, വിമര്‍ശനത്തില്‍ സംഘപരിവാറിനെക്കൂടി ഉള്‍പ്പെടുത്തി. ആളുകള്‍ മതത്തിനും ജാതിക്കുമപ്പുറത്ത് ഒത്തുകൂടുന്നിടത്ത് ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, സംഘപരിവാര്‍ തുടങ്ങിയ മതരാഷ്ട്രവാദികള്‍ നുഴഞ്ഞുകയറുന്നു, ഇത്തരം കൂട്ടായ്മകളെ അവര്‍ അവരുടെ ഗൂഢ അജണ്ട നടപ്പാക്കാന്‍ ഉപയോഗിക്കുന്നത് നാടിന്റെ മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്തും; ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് താനുദ്ദേശിച്ചത്. ജീവിതശൈലീ രോഗങ്ങള്‍ക്കെതിരായി തുടങ്ങിയ വ്യായാമക്കൂട്ടായ്മ എന്നാണ് തിരുത്തല്‍ പ്രസംഗത്തില്‍ മോഹനന്‍ മെക് സെവനെ വിശേഷിപ്പിച്ചത്.
സ്ത്രീകളാണോ പ്രശ്‌നം?
മെക് സെവനെതിരെ അല്ല തങ്ങളുടേയും നിലപാടെന്നും സ്ത്രീകളെ പൊതുസ്ഥലത്ത് 'പ്രദര്‍ശിപ്പിക്കുന്നതിനെ'യാണ് വിമര്‍ശിച്ചത് എന്നും അബ്ദുല്‍ ഹക്കീം അസ്ഹരി തന്നെ വ്യക്തമാക്കിയതോടെ സംശയമുന്നയിച്ചവരൊക്കെ അതു വിട്ടു എന്ന തോന്നലുണ്ടായി. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞ് അവരുടെ മറ്റൊരു നേതാവ് റഹ്മത്തുല്ലാ സഖാഫി എളമരം എഴുതിയ ലേഖനം മെക് സെവനെ വിടാന്‍ ഉദ്ദേശിക്കുന്നില്ല എന്ന സൂചനയാണ് നല്‍കിയത്. ''മെക് സെവന്റെ ഭാഗമായി സ്ത്രീകളെ അന്യപുരുഷന്മാരോടൊപ്പം നിര്‍ത്തി എക്‌സര്‍സൈസ് ചെയ്യിക്കുന്ന വീഡിയോകള്‍ പുറത്തുവരാന്‍ തുടങ്ങി. ചിലയിടങ്ങളില്‍ ഇതിന്റെ പേരില്‍ കുടുംബസംഗമങ്ങളും ഉല്ലാസയാത്രകളും ആരംഭിച്ചു. ചിലയിടങ്ങളില്‍നിന്നു നിങ്ങള്‍ എല്ലാ ആദര്‍ശങ്ങളും മാറ്റിവെച്ച് പരസ്പരം സലാം പറയുക തുടങ്ങിയ മതോപദേശങ്ങളും കേള്‍ക്കാനിടയായി. സ്വാഭാവികമായും മെക് സെവന്‍ പദ്ധതിയെ ആരോ ഹൈജാക്ക് ചെയ്യുന്നുണ്ടോ എന്ന സംശയം ഉയര്‍ന്നു'' എന്ന് മെക് സെവന്റെ രീതികളെ കടന്നാക്രമിക്കുന്നതാണ് ''സ്വത്വം വിഷയമാകുമ്പോള്‍ അധരവ്യായാമം മതിയോ?'' എന്ന തലക്കെട്ടില്‍ സിറാജ് ദിനപത്രത്തില്‍ എഴുതിയ ലേഖനം. മെക് സെവനിലെ സ്ത്രീ സാന്നിധ്യത്തിലെ അസഹിഷ്ണുത പ്രകടം. ''പാരമ്പര്യ മുസ്ലിം വിശ്വാസികള്‍ സ്ത്രീകളെ ഇത്തരം പൊതുവേദികളിലെ പ്രദര്‍ശന വസ്തുക്കളാക്കുന്നതിനെതിരെ ശക്തമായ നിലപാട് നേരത്തേയുള്ളവരാണ്'' എന്ന് അദ്ദേഹം വാദിക്കുന്നു. മുജാഹിദ് വിഭാഗത്തിലെ പണ്ഡിതന്മാര്‍പോലും അവരുടെ ജുമുഅ പ്രസംഗങ്ങളില്‍ വരെ ഇതിനെതിരെ ആഞ്ഞടിച്ചു എന്നും ലേഖനത്തില്‍ പറയുന്നു. മുജാഹിദ് വിഭാഗങ്ങളുമായി കടുത്ത ഭിന്നതയുള്ള സുന്നി സംഘടനയുടെ നേതാവ് സ്വന്തം വാദം ന്യായീകരിക്കാന്‍ മുജാഹിദ് വാദത്തേയും കൂട്ടുപിടിക്കും എന്നതിനു തെളിവായി മാറി, അത്. ''നവംബര്‍ 29-ന് മുജാഹിദ് നേതാവ് കെ.വി. അബ്ദുലത്തീഫ് മൗലവി ജുമുഅ പ്രസംഗത്തില്‍ പറഞ്ഞത്, സ്ത്രീകളുടെ ഈ തുള്ളലും ചാട്ടവും പൈശാചികമാണെന്നാണ്'' -എളമരം ഉദ്ധരിക്കുന്നു. മാത്രമല്ല, ഇ.കെ. വിഭാഗം സമസ്ത നേതാവ് ബഷീര്‍ ഫൈസി ദേശമംഗലവും ഈ പ്രവണതയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് ഫേസ്ബുക്കില്‍ എഴുതിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതായത്, സ്ത്രീകളുടെ 'ചാട്ട'ത്തിനെതിരെ ആരുമായും കൈകോര്‍ക്കുമ്പോള്‍ മുജാഹിദ്, ഇ.കെ., എ.പി. വ്യത്യാസങ്ങള്‍ മാറ്റിവയ്ക്കുന്നു.
ആരുടെ അജണ്ട?
''മലബാര്‍ ജില്ലകളില്‍ സമീപകാലത്താണ് നാട്‌തോറും മെക് സെവന്‍ എന്ന പേരില്‍ പ്രഭാത വ്യായാമ പരിപാടി ആരംഭിച്ചത്. വളരെ കുറച്ചുകാലം കൊണ്ടുതന്നെ ഒട്ടേറെ ഗ്രാമങ്ങളിലേയ്ക്ക് അതു വ്യാപിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ അതിന്റെ ഭാഗമാണ്'' എന്നു പറഞ്ഞാണ് കിനാലൂര്‍ മെക് സെവന്‍ വിമര്‍ശനം തുടങ്ങിവച്ചത്. ''ഒരേ സ്വഭാവത്തിലുള്ള ഒരു പ്രോഗ്രാം ഒരേ കാലയളവില്‍ വിവിധ നാടുകളില്‍ പ്രയോഗവല്‍ക്കരിക്കണമെങ്കില്‍ അതിനു പിറകില്‍ ഒരു സംഘടനാ സംവിധാനം പ്രവര്‍ത്തിക്കണം എന്നത് സാമാന്യബുദ്ധിക്ക് മനസ്സിലാക്കാവുന്ന കാര്യമാണ്. മെക് സെവന്‍ നിയന്ത്രിക്കുന്നത് ഏതു സംഘടനയാണ്? എന്റെ ഊഹം മലബാര്‍ ജില്ലകളില്‍ വേരുള്ള സംഘടനയാകണം അതെന്നാണ്'' എന്നും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ വിളിച്ച് അറിയിച്ചിട്ട് താന്‍ അന്വേഷിച്ചു എന്നൊക്കെ പി. മോഹനന്‍ പറയുന്നുണ്ടെങ്കിലും ഈ പോസ്റ്റാണ് അദ്ദേഹത്തിന്റേയും സ്രോതസ്സ്. അന്വേഷിച്ചതും ആ വഴിക്കാണ്. ''നിര്‍ദ്ദോഷമാണ് കാര്യങ്ങളെങ്കില്‍ എന്തിനാണ് ഈ സംഘടന മറഞ്ഞിരിക്കുന്നത്? ഇതു ഞങ്ങളുടെ പരിപാടിയാണ്, ഞങ്ങള്‍ ആവിഷ്‌കരിച്ചതാണ് എന്നു പറഞ്ഞു വെളിപ്പെടാന്‍ ധൈര്യം കാണിക്കാത്തതെന്ത്?'' എന്നൊക്കെ ചോദിച്ച് സംശയത്തിന്റേയും ദുരൂഹതയുടേയും ആഴം കിനാലൂര്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അത്ര ലളിതമല്ല പ്രഭാതത്തിലെ കാര്യപരിപാടി എന്ന് ഉറപ്പിച്ചാണ് ആദ്യത്തെ ആ പോസ്റ്റ് അവസാനിപ്പിച്ചത്.
ഒരാഴ്ച കഴിഞ്ഞാണ് വിമര്‍ശനത്തിലെ 'സംഘടനാ താല്പര്യം' കുറച്ചുകൂടി വ്യക്തമായത്. ''സജീവ വഹാബിയും മുജാഹിദ് പള്ളിയുടെ പ്രധാന പ്രവര്‍ത്തകനുമായ സലാഹുദ്ദീന്‍ ആണ് മെക് സെവന്‍ സ്ഥാപകന്‍'' എന്ന് അടുത്ത പോസ്റ്റില്‍ കൃത്യമായി പറഞ്ഞു. ''ഞങ്ങള്‍ക്ക് മുന്‍പിലും പിറകിലും ആരുമില്ല'' എന്നാണ് മറുപടി. ''പിന്നെ എങ്ങനെയാണ് സുന്നിവിരുദ്ധമായ ഉള്ളടക്കം ഇതില്‍ കടന്നുകൂടിയത്'' എന്ന ചോദ്യം അവിടെത്തന്നെ നില്‍ക്കുന്നു എന്നുകൂടി അതില്‍ പറഞ്ഞു. വ്യായാമത്തില്‍ എന്താണ് സുന്നിവിരുദ്ധമായ ഉള്ളടക്കം എന്ന സംശയം കേള്‍ക്കുന്നവര്‍ക്കുണ്ടാകുന്നത് സ്വാഭാവികം. സ്ത്രീകളുടെ പങ്കാളിത്തവും മെക് സെവനില്‍ പങ്കെടുക്കുന്ന മുസ്ലിങ്ങള്‍ പരസ്പരം 'അസ്സലാമു അലൈക്കും' എന്ന് അഭിവാദ്യം ചെയ്യുന്നതുമാണ് സുന്നിവിരുദ്ധം. സ്ത്രീകളെ പൊതുവേദിയില്‍ കണ്ടുകൂടാ എന്നത് സുന്നികളുടെ പ്രഖ്യാപിത നിലപാടാണ്. അതാണ് അവരുടെ ഇസ്ലാമിലെ സ്ത്രീപക്ഷം. സമുദായത്തിലെ ചില വിഭാഗങ്ങളെ അഭിവാദ്യം ചെയ്യാനോ അവരുടെ അഭിവാദ്യം സ്വീകരിക്കാനോ പാടില്ലെന്ന തീവ്ര നിലപാടാണ് സുന്നികളുടേത്.
പക്ഷേ, കിനാലൂരിനു മാത്രമല്ല, പേരോടിനും സംഘടനയ്ക്കുള്ളില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നു. ഒരു കാര്യവുമില്ലാതെ ആളുകളെ തമ്മില്‍ അകറ്റുന്ന ഇടപെടല്‍ വേണ്ട എന്നു മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും ഒരേ സ്വരത്തില്‍ പറഞ്ഞു എന്നാണ് വ്യക്തമാകുന്നത്. അതോടെയാണ് ഹക്കീം അസ്ഹരി നിലപാട് വ്യക്തമാക്കിയത്.
അവിടെനിന്ന ചര്‍ച്ചയാണ് ഡിസംബര്‍ 19-ന് സിറാജ് ലേഖനത്തിലൂടെ വീണ്ടും തുടങ്ങിയത്. സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള അസഹിഷ്ണുത നിറഞ്ഞുനില്‍ക്കുന്നതുകൊണ്ട് ആ ലേഖനം പൊതുവെ സുന്നി നേതൃതലത്തില്‍ സ്വീകാര്യമാവുകയും ചെയ്തു. സ്ത്രീകള്‍ പൊതുവേദിയില്‍ വന്നാലെന്താണ് കുഴപ്പം, അവര്‍ക്ക് പരസ്യമായി വ്യായാമം ചെയ്തുകൂടേ എന്ന ചോദ്യം സമുദായത്തിലെ ഒരു സംഘടനയില്‍നിന്നും ഉയരില്ലെന്ന് അവര്‍ക്കുറപ്പുണ്ട്. അക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയും മുജാഹിദുമെല്ലാം ഒന്നാണ്. പിന്നെ ചോദിക്കാനിടയുള്ളത് വി.പി. സുഹ്റയെപ്പോലെ നിരന്തരം സമുദായത്തിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഇടപെട്ടുകൊണ്ടിരിക്കുന്നവരാണ്. അവരെ അവഗണിക്കുന്നു എന്നു വരുത്തിയാണ് മുസ്ലിം നേതൃത്വത്തിനു ശീലം.
അനുകൂലിച്ചും സംശയിച്ചും എതിര്‍ത്തും
''പല തലങ്ങളില്‍ ഒരുപാട് സംഘാടനങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ട്. അതിലൊന്നും ആരെയും സംശയിക്കുന്നില്ല. അങ്ങനെയൊരു സാഹചര്യവുമില്ല'', കോഴിക്കോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഖാദര്‍ പാലാഴി പറയുന്നു.
റെഡ്ക്രോസ്, ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഒക്കെ ഉദാഹരണം. അറിയുന്നതും അറിയപ്പെടാത്തതുമായ നിരവരി സര്‍ക്കാരിതര സന്നദ്ധസംഘടനകളുമുണ്ട്. ആദ്യം ഇവര്‍ക്കൊക്കെ ഒരു പരിമിതി മേഖലയിലെ താല്പര്യങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. പേരില്‍ത്തന്നെ മതചിഹ്നം ഉണ്ടെങ്കിലും റെഡ്ക്രോസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ലോകം മുഴുവന്‍ സ്വീകരിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ അവര്‍ക്ക് റെഡ് ക്രസന്റ് എന്നു പേര് മാറ്റേണ്ടിവന്നെങ്കിലും ഇന്ത്യയെപ്പോലെ മതേതര രാജ്യത്ത് അവര്‍ക്ക് ഒരുതരം നിയന്ത്രണങ്ങളുമില്ല. അങ്ങനെത്തന്നെയാണ് വേണ്ടതും.
അതേസമയം, മുസ്ലിം പേരുള്ള ആരെങ്കിലുമാണ് ഇത്തരം സംഘാടനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതെങ്കില്‍ സംശയത്തോടെ കാണുന്നു. പി. സലാഹുദ്ദീന്റെ കാര്യം തന്നെ നോക്കിയാല്‍ പാരമ്പര്യമായി മുജാഹിദ് ആശയക്കാരായ കുടുംബത്തില്‍നിന്നുള്ള ആളാണെന്ന് എന്നോടു നേരിട്ടു പറഞ്ഞ വിവരമുണ്ട്. പിന്നീട് കൂടുതല്‍ പുറത്തു വന്നപ്പോള്‍ ചെറുപ്പത്തിലൊക്കെ എസ്.എഫ്.ഐയില്‍ ഉണ്ടായിരുന്നു എന്നു മനസ്സിലായി. എന്തുതന്നെയായാലും മുസ്ലിം പേരുള്ളയാള്‍ അയാളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ ശ്രമിക്കേണ്ട സ്ഥിതിയാണ്; ''ഞാന്‍ ലീഗല്ല, ജമാഅത്തെ ഇസ്ലാമിയല്ല; കോണ്‍ഗ്രസ്സാണ്, കമ്യൂണിസ്റ്റ് കുടുംബമാണ്.'' ഇത് മുസ്ലിം നേരിടുന്ന സ്വത്വപ്രതിസന്ധിയാണ്. അതാണ് യഥാര്‍ത്ഥത്തില്‍ ഇതിലും സംഭവിച്ചിരിക്കുന്നത്. ഒരു മാസ്സ് ആകുമ്പോള്‍ പലതരം ആള്‍ക്കാരുമുണ്ടാകും. സി.പി.എമ്മില്‍പ്പോലും എസ്.ഡി.പി.ഐയോട് മാനസിക അടുപ്പമുള്ള ആളുകള്‍ ഉണ്ടാകാനിടയുണ്ടല്ലോ. മെക് സെവന്റെ സംഘാടനത്തില്‍ എവിടെയെങ്കിലും എസ്.ഡി.പി.ഐക്കാരും ജമാഅത്തുകാരും ഉണ്ടെങ്കില്‍ത്തന്നെ സാമൂഹിക ജീവിതത്തില്‍ അവര്‍ക്കും ഒരു ഇടമുണ്ട്. കോഴിക്കോട്ടെ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളിലൊരാളായ കെ.ടി. കുഞ്ഞിക്കണ്ണന്‍ ഒരുകാലത്ത് റാഡിക്കല്‍ കമ്യൂണിസ്റ്റ് ആയിരുന്നല്ലോ.
മറ്റൊരു കാര്യം, മുസ്ലിം സമുദായത്തിലെ ചെറിയ വിഭാഗങ്ങളായ ജമാഅത്തെ ഇസ്ലാമിക്കാരനും പോപ്പുലര്‍ ഫ്രണ്ടുകാരനും നേതൃത്വം കൊടുക്കുന്ന ഒരു കൂട്ടായ്മ വന്നാല്‍പ്പോലും ആളുകളെല്ലാം അതിലേയ്ക്ക് ചെന്നു ചേരില്ല. എന്റെ നാട്ടില്‍ 14 ജമാഅത്തെ ഇസ്ലാമിക്കാരാണുള്ളത്. ആയിരത്തോളം മുസ്ലിം കുടുംബങ്ങളുള്ള പ്രദേശത്ത് അവരുടെ നേതൃത്വം ഒരിക്കലും വിജയിക്കില്ല. ഇവിടെ ഒരു സംരംഭത്തിനു മുന്നില്‍ ലീഗോ സി.പി.എമ്മോ ഒക്കെയാണെങ്കിലേ ആളുകള്‍ വിശ്വസിക്കൂ. മറ്റവരെ എപ്പോഴും സംശയത്തോടെയാണ് കാണുക. ലീഗുകാരോ കോണ്‍ഗ്രസ്സുകാരോ ഒക്കെ സംഘടിപ്പിക്കുന്നതിന്റെ കൂടെ അവരും വന്നു ചേര്‍ന്നിരിക്കാം. അത്രമാത്രമേ ഇതില്‍ ഉണ്ടായിട്ടുള്ളൂ.''
എന്നാല്‍, ജമാഅത്തെ ഇസ്ലാമിയേയും മെക് സെവനേയും നേരിട്ടു കാണുന്ന തങ്ങള്‍ക്കു സംശയങ്ങളുണ്ടെന്ന് കോഴിക്കോട്ടെ സാമൂഹിക പ്രവര്‍ത്തക നസീമ ഖാദര്‍ പറയുന്നു. ''ഇതൊരു സ്ലോ പോയിസണ്‍ ആണെന്നാണ് തോന്നിയിട്ടുള്ളത്. സാവധാനമായിരിക്കും അപകടം വന്നെത്തുക. അതുകൊണ്ട് ആരെങ്കിലും തിരുത്തിപ്പറഞ്ഞതുകൊണ്ട് ആശങ്ക തീരില്ല. കാത്തിരുന്നു കാണുക എന്ന നയമേ സ്വീകരിക്കാന്‍ പറ്റുകയുള്ളൂ. ഇന്നലെ വരെ സാധാരണപോലെ ജീവിച്ച സ്ത്രീകള്‍ ജമാഅത്തെ ഇസ്ലാമിക്ക് കൂടുതല്‍ സ്വാധീനമുള്ള സ്ഥലങ്ങളില്‍ ഇതിന്റെ ഭാഗമാകുമ്പോള്‍ പെട്ടെന്ന് ഫുള്‍ മഫ്തയൊക്കെ ഇട്ട് മെക് സെവനില്‍ പങ്കെടുക്കുന്നത് കാണുന്നു'' -അവര്‍ പറയുന്നു.
''മെക് സെവന്‍ വെറുമൊരു വ്യായാമ കൂട്ടായ്മ മാത്രമല്ല; അതിനുമപ്പുറത്ത് എന്തോ അതിനു പിന്നിലുണ്ട്. ആരെങ്കിലും തുടങ്ങി വയ്ക്കുന്നതിലേയ്ക്ക് ചെന്നു കയറി സ്വന്തമാക്കാന്‍ വലിയ മിടുക്കുള്ളവരാണ് ജമാഅത്തെ ഇസ്ലാമി. സിജി(സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ)യുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. കരിയര്‍ പരിശീലനവുമൊക്കെയായി ബന്ധപ്പെട്ട് എത്ര നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണത്. ഇപ്പോള്‍ എന്തായി മാറ്റി? ജമാഅത്തെ ഇസ്ലാമിയുടെ നുഴഞ്ഞുകയറ്റത്തോടെയാണ് ഈ മാറ്റമുണ്ടായത്.''
മെക് സെവന്‍ അത്ര നിഷ്‌കളങ്കമായ കൂട്ടായ്മയാണെന്നു കരുതാനാകില്ലെന്നും ആര്‍.എസ്.എസ് ഹിന്ദു സ്ത്രീകള്‍ക്കിടയിലേക്കു കടന്നുകയറാനും അവരെ വര്‍ഗ്ഗീയമായി പ്രത്യേകം സംഘടിപ്പിക്കാനും ശ്രമിക്കുന്നതുപോലെത്തന്നെയാണ് മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നതെന്നും നസീമ ഖാദര്‍ പറയുന്നു.
വിവാദങ്ങളില്‍നിന്ന് വിവാദങ്ങളിലേയ്ക്കും അവിടെനിന്നു പിന്‍വലിയലിലേയ്ക്കും എത്തിനില്‍ക്കുന്ന മെക് സെവന്‍ ഫിറ്റ്നസ് പരിപാടിയെ വാസ്തവത്തിനും വാസ്തവവിരുദ്ധതയ്ക്കും നടുവില്‍പ്പെട്ട് മത, രാഷ്ട്രീയ താല്പര്യത്തിനനുസരിച്ച് വളച്ചൊടിക്കുകയാണെന്നു സാമൂഹിക പ്രവര്‍ത്തക ഡോ. ജാന്‍സി ജോസ് പറയുന്നു. ''ഈ ആരോഗ്യപരിപാടിയുടെ ആരംഭം കുറിച്ച ആളിന്റെ മതം ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നതാണ് സത്യം. ചിലര്‍ അതിനെ മതം വളര്‍ത്താനുള്ള വഴിയായും മറ്റു ചിലര്‍ മത തീവ്രവാദത്തിനുള്ള വഴിയായും ഏറ്റെടുക്കുകയോ ആരോപിക്കുകയോ ചെയ്യുന്നുണ്ട്. മെക് സെവനില്‍ എന്തു സംഭവിച്ചു, എന്തു സംഭവിക്കുന്നു എന്നത് കൃത്യതയോടെ അന്വേഷിച്ചു കണ്ടെത്തണം.
ഒരു ഫിറ്റ്നസ് പ്രോഗ്രാം എന്ന നിലയ്ക്ക് മെക് സെവനെ ഉദ്ദേശ്യശുദ്ധിയോടെ മുന്നോട്ടു കൊണ്ടുപോയാല്‍, കൃത്യമായ ഫലം തരുന്ന, ആരോഗ്യമുള്ള ഒരു ജനതയെ പ്രദാനം ചെയ്യുന്ന ഒരു പരിപാടിയായി ഇതു മാറും. ആ നിലയിലാണ് പല രാഷ്ട്രീയ നേതാക്കളും പരിപാടിയെ സ്വാഗതം ചെയ്തതും പിന്തുണച്ചതും എന്നാണ് മനസ്സിലാക്കേണ്ടത്. മതവും രാഷ്ട്രീയവും കലര്‍ത്തുമ്പോള്‍ മലീമസമാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
കൃത്യമായ അജണ്ടയോടെ തുടങ്ങിയതല്ലെങ്കിലും പലയിടങ്ങളിലെ ചേരിതിരിവും സ്ത്രീപുരുഷ തിരിവും മതസംരക്ഷണവുമൊക്കെ കണ്ടറിയുമ്പോള്‍ ഇതിന്റെ പോക്ക് എങ്ങോട്ടാണ് എന്ന് ആശങ്കപ്പെടേണ്ടതുണ്ട്. സര്‍ക്കാര്‍ തലത്തില്‍ത്തന്നെ ആശങ്ക ദൂരീകരിക്കാന്‍ അന്വേഷണം വരികയും സര്‍ക്കാര്‍ ഏറ്റെടുത്തു നടപ്പിലാക്കുകയും വേണം
മുട്ടനാടുകളെക്കൊണ്ട് പോരടിപ്പിച്ച് രക്തം കുടിക്കുന്ന കുറുക്കന്മാരാവുകയാണ് മത അധികാര രാഷ്ട്രീയങ്ങള്‍. ജനങ്ങള്‍ ഇതു തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഈ കള്ളനാണയങ്ങള്‍ ഉപേക്ഷിച്ച് സ്വതന്ത്രരാകുന്ന ആളുകള്‍ കേരളത്തില്‍ ഏറിവരുന്നുണ്ട്. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന തന്ത്രം ജനങ്ങള്‍ക്ക് മെക് സെവന്റെ മത അധികാര പോര്‍വിളിയിലൂടെ മനസ്സിലായിട്ടുണ്ട്. മാറിനിന്നു നിരീക്ഷിക്കുകയും ഉചിതമായത് കൈക്കൊള്ളുകയും ചെയ്യുന്ന പ്രബുദ്ധത ജനം കൈവരിക്കുകതന്നെ ചെയ്യും.
ശുദ്ധവായു കിട്ടാത്ത വെളിച്ചം കാണാത്ത, ആകാശം കാണാത്ത സ്ത്രീകള്‍ക്കിത് ഒരു തുറവുതന്നെയാണ്. സ്വന്തം ശരീരവും ആരോഗ്യവും സംരക്ഷിക്കണമെന്ന ബോധവും തുറന്ന വിഹായസ്സിലേയ്ക്കുള്ള ചലനവുമാണ് സ്ത്രീകള്‍ക്കിത് സമ്മാനിക്കുന്നത്. ഇത്തരം ചലനങ്ങള്‍ക്കു മുന്നില്‍ മത, അധികാര, സ്ത്രീവിരുദ്ധ പ്രസ്ഥാനങ്ങള്‍ ഭയന്നു വിറളിപിടിക്കുന്നത് നാം മുന്‍പേയും കണ്ടിട്ടുണ്ട്. സ്ത്രീകള്‍ ഏറ്റെടുക്കുകയും പെണ്‍രാഷ്ട്രീയ തലത്തില്‍ നടപ്പിലാക്കി കൊണ്ടുപോവുകയും ചെയ്യേണ്ട ഒന്നാണ്. അജണ്ട വെച്ചു ഹൈജാക്ക് ചെയ്യുന്നവരേയും കുളം ''കലക്കികളേയും അകറ്റി നിര്‍ത്തി, മെക് സെവന്‍ പ്രയോഗത്തില്‍ വരുത്തേണ്ടതുണ്ട്'' -ഡോ. ജാന്‍സി ജോസ് അഭിപ്രായപ്പെടുന്നു.
ഏതായാലും ചില ചോദ്യങ്ങള്‍ പല തലങ്ങളില്‍ സജീവമാണ്. 2012-ല്‍ തുടങ്ങിയെന്നു പറയുന്ന മെക് സെവന്‍ ഇത്രകാലവും മാധ്യമങ്ങളുടേയും പൊലീസിലെ സ്പെഷ്യല്‍ ബ്രാഞ്ചിന്റേയും ശ്രദ്ധയില്‍പ്പെടാതെ എവിടെയായിരുന്നു? നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റേയും നിരോധനമില്ലാത്ത ജമാഅത്തെ ഇസ്ലാമിയുടേയും രാഷ്ട്രീയവുമായി മെക് സെവനെ ചേര്‍ത്തുകെട്ടിയതിലെ രാഷ്ട്രീയം യാദൃച്ഛികമാണോ?
ചിലര്‍ പെട്ടെന്ന് മെക് സെവനെതിരെ സംസാരിച്ച സാഹചര്യം എന്താണ്? കേന്ദ്ര അന്വേഷണ ഏജന്‍സി എന്‍.ഐ.എ മെക് സെവനെക്കുറിച്ച് അന്വേഷണം തുടങ്ങി എന്ന സ്ഥിരീകരണമില്ലാത്ത വിവരം പ്രചരിപ്പിച്ചവര്‍ക്ക് ആരോടാണ് പ്രതിബദ്ധത?
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക