ചീമേനി ആണവനിലയം; ആശങ്കയും സമരവും

ചീമേനി ആണവനിലയം; ആശങ്കയും സമരവും
Updated on

ണവനിലയങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ കേരളം വേദിയായിട്ടുണ്ട്. എറണാകുളത്തും കണ്ണൂരും കാസര്‍കോടും ആണവനിലയങ്ങള്‍ക്കായി വിവിധ കാലങ്ങളില്‍ പദ്ധതി ഉണ്ടാവുകയും ബഹുജന സമരങ്ങളും പ്രതിരോധവും ഇതിനെതിരെ നടക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതികളൊന്നും യാഥാര്‍ത്ഥ്യമാകാതിരിക്കാന്‍ ഇത്തരം ജനകീയ സമരങ്ങളും ഒരു കാരണമായിരുന്നു. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ആണവനിലയത്തിന്റെ പ്രാധാന്യവും ദോഷവും ഊര്‍ജ്ജ പ്രതിസന്ധിയും മറ്റ് വൈദ്യുതോല്പാദന മാര്‍ഗ്ഗങ്ങളും ചര്‍ച്ചയിലേക്ക് കൊണ്ടുവരാനും ആളുകളെ ബോധവല്‍ക്കരിക്കാനും അറിവുണ്ടാക്കാനും പ്രതിരോധിക്കാനും ഓരോ കാലഘട്ടത്തിലും ഈ സമരക്കൂട്ടായ്മയിലൂടെയും ചര്‍ച്ചകളിലൂടെയും കഴിഞ്ഞിട്ടുമുണ്ട്.

പൊതുസമൂഹത്തിലുണ്ടാകുന്ന ചര്‍ച്ചകള്‍ക്കപ്പുറം പദ്ധതിപ്രദേശത്തെ ജനങ്ങള്‍ സമരം ചെയ്തും ആശങ്കപ്പെട്ടും ഓഫീസുകള്‍ കയറിയിറങ്ങിയും നേതാക്കളേയും ഉദ്യോഗസ്ഥരേയും കണ്ടും ജീവിക്കാന്‍ വിധിക്കപ്പെടുന്നു എന്നതാണ് ഇത്തരം പദ്ധതികളിലെ ഏറ്റവും വലിയ ദുരന്തം. പദ്ധതി വരാന്‍പോകുന്ന പ്രദേശത്തെ മനുഷ്യരുടെ ജീവിതത്തേയും സ്വപ്നങ്ങളേയും തീരുമാനങ്ങളേയും ഭാവിപരിപാടികളേയുമെല്ലാം മാറ്റിമറിക്കാനോ മാറ്റിവെയ്ക്കാനോ കെല്പുള്ളതാണ് ഇത്തരം പദ്ധതികളും അതിനെത്തുടര്‍ന്ന് അവര്‍ക്ക് നടത്തേണ്ടിവരുന്ന പോരാട്ടങ്ങളും. ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങള്‍ ജനങ്ങളെ ആശങ്കപ്പെടുത്തിയും ഭയപ്പെടുത്തിയും സമരം ചെയ്യിച്ചും മുന്നോട്ടുപോകുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വവും ഇന്നും മാറ്റമില്ലാതെ തുടരുന്നു.

കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കുന്നു എന്ന തരത്തിലാണ് ഏറ്റവും പുതിയ ചര്‍ച്ചകള്‍. പദ്ധതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളോ റിപ്പോര്‍ട്ടുകളോ സാധ്യതകളോ മറ്റ് വിശദാംശങ്ങളോ ഒന്നും ഔദ്യോഗികതലത്തില്‍നിന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. മറ്റെല്ലാ പദ്ധതികളിലും സംഭവിക്കുന്നപോലെത്തന്നെ ചീമേനിയിലെ ജനങ്ങള്‍ക്കോ സമരസമിതിക്കോ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആധികാരികമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ഇതുവരെ കിട്ടിയിട്ടില്ല. പത്രവാര്‍ത്തകളുടേയും രാഷ്ട്രീയക്കാരുടേയും ചില ഉദ്യോഗസ്ഥരുടേയും പ്രസ്താവനകളിലും പ്രസംഗങ്ങളിലും ഉള്ള വരികളുമാണ് ഇവര്‍ക്ക് മുന്നിലുള്ളത്. ജനജീവിതത്തെ പലതരത്തില്‍ ബാധിക്കുന്ന ഒരു വമ്പന്‍ പദ്ധതി വരുമ്പോള്‍ പരമാവധി ദുരൂഹമായി അതിനെ നിലനിര്‍ത്താനും ആളുകളെ ആശങ്കപ്പെടുത്താനും മുതിരുന്നതാണ് പൊതുവെ കണ്ടുവരുന്ന രീതി. ചീമേനിയിലും അത് ആവര്‍ത്തിക്കുന്നു. ജനങ്ങളോട് സംസാരിക്കുകയും പദ്ധതികള്‍ സുതാര്യമാവുകയും ചെയ്യുക എന്നത് ജനാധിപത്യ സംവിധാനത്തില്‍ നടപ്പാകേണ്ടതെങ്കിലും ഇന്നും അതുണ്ടാകുന്നില്ല.

1992ല്‍ ബഹുജനമാര്‍ച്ച് എംടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
1992ല്‍ ബഹുജനമാര്‍ച്ച് എംടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

സമരങ്ങളുടെ ചീമേനി

പ്ലാന്റേഷന്‍ കോര്‍പറേഷന്റെ 2300 ഏക്കറിലധികം ഭൂമി ചീമേനിയിലുണ്ട്. പി.സി.കെയുടെ കശുമാവിന്‍ തോട്ടമായിരുന്നു ചീമേനിയില്‍ പ്രധാനമായും ഉണ്ടായിരുന്നത്. ഇവിടുത്തെ കീടനാശിനി പ്രയോഗം കാരണം എന്‍ഡോസള്‍ഫാന്‍ ബാധിതരുള്ള സ്ഥലം കൂടിയാണ് ചീമേനി. കുടിയൊഴിപ്പിക്കലും ഏറ്റെടുക്കലും അധികമില്ലാതെത്തന്നെ സര്‍ക്കാരിന് ഭൂമി ലഭ്യമാകും എന്നതാണ് ചീമേനി ഇത്തരം പദ്ധതികള്‍ക്കു പരിഗണിക്കപ്പടാന്‍ കാരണം. താപനിലയം, മാലിന്യസംസ്‌കരണ പ്ലാന്റ്, ഐ.ടി. പാര്‍ക്ക്, സോളാര്‍ പാര്‍ക്ക് തുടങ്ങി നിരവധി പദ്ധതികള്‍ ചീമേനിയില്‍ പ്രഖ്യാപിക്കപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ നടക്കുകയും അനുബന്ധമായി സമരങ്ങളും പ്രതിഷേധങ്ങളും നടക്കുകയും ചെയ്തിട്ടുണ്ട്. ഐ.ടി. പാര്‍ക്ക് ഏറെ പ്രതീക്ഷയോടെ കാസര്‍കോടുകാര്‍ കണ്ടിരുന്നെങ്കിലും ഇതുവരെ പദ്ധതി നടപ്പായില്ല. 2010-ല്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തറക്കല്ലിട്ട പദ്ധതി, നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ നിലച്ചു. 100 ഏക്കറായിരുന്നു പദ്ധതിപ്രദേശം. അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞ പ്രദേശമായതിനാല്‍ ഐ.ടി. കമ്പനികളെ ആകര്‍ഷിക്കാന്‍ കഴിയില്ല എന്ന കാരണത്താലാണ് പദ്ധതി മുന്നോട്ടുപോകാതിരുന്നത്. സ്ഥലം ഏറ്റെടുത്ത് സര്‍ക്കാരിന്റെ വമ്പന്‍ പ്രൊജക്ടുകളിലൊന്നായി ആഘോഷിക്കപ്പെട്ട് കോടികള്‍ മുടക്കി പണിതുടങ്ങി കാലങ്ങള്‍ക്കു ശേഷമാണ് ഈ ചിന്ത ഉണ്ടായത്. ഐ.ടി. പാര്‍ക്കിനായി കണ്ടെത്തിയ സ്ഥലത്ത് വ്യവസായ പാര്‍ക്ക് തുടങ്ങാനുള്ള പണിയായിരുന്നു പിന്നീട് നടന്നത്. അതും പിന്നീടെങ്ങുമെത്തിയില്ല. 475 ഏക്കറില്‍ സോളാര്‍പാര്‍ക്ക് പദ്ധതിയും ഇതേ അവസ്ഥയിലാണ്.

താപനിലയം, മാലിന്യസംസ്‌കരണ പ്ലാന്റ് തുടങ്ങിയ പദ്ധതികള്‍ക്കെതിരെ നിരന്തരമായ സമരത്തിലായിരുന്നു ചീമേനിയിലെ ജനത. 2010 അവസാനമാണ് താപവൈദ്യുതനിലയം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചത്. എല്‍.എന്‍.ജി. പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന പദ്ധതിക്ക് 14,000 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ് കണക്കാക്കിയത്. 2014-2015-ല്‍ ആദ്യഘട്ടം കമ്മിഷന്‍ ചെയ്യുമെന്നും അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി സര്‍ക്കാരും കെ.എസ്.ഇ.ബിയും കെ.എസ്.ഐ.ഡി.സിയും ഉള്‍പ്പെടുന്ന പ്രത്യേക കമ്പനി രൂപീകരിക്കും തുടങ്ങിയ വിവരങ്ങളും അന്ന് പുറത്തുവിട്ടിരുന്നു. വാര്‍ത്ത പുറത്തുവന്ന നാള്‍ തൊട്ട് ചീമേനി സമരത്തിലായിരുന്നു. ധര്‍ണ്ണയും പ്രതിഷേധവും മാര്‍ച്ചും ലഘുലേഖ വിതരണവും ഒക്കെയായി സമരങ്ങളിലൂടെയായിരുന്നു പിന്നീടുള്ള കാലം ഇവരുടെ ജീവിതം. നാല് വര്‍ഷത്തോളം ചീമേനിക്കാര്‍ സമരം ചെയ്തു. പദ്ധതിക്കായി ചീമേനിയില്‍ ഓഫീസ് തുടങ്ങിയെങ്കിലും പിന്നീട് മുന്നോട്ടുപോയില്ല. ശക്തമായ എതിര്‍പ്പുകള്‍ കാരണം സമവായ ചര്‍ച്ചകള്‍ നടക്കുന്നില്ല എന്ന് പിന്നീട് വന്ന വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. പദ്ധതി ഉപേക്ഷിച്ചോ ഇല്ലയോ എന്നത് ഇപ്പോഴും ജനങ്ങളെ അറിയിച്ചിട്ടില്ല. പുതിയ തീരുമാനങ്ങളൊന്നും കാണാത്തതുകൊണ്ട് സമരവും പതുക്കെ പതുക്കെ നിന്നു.

2023-ലാണ് കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ മാലിന്യം സംസ്‌കരിക്കുന്നതിന് ചീമേനിയില്‍ പ്ലാന്റ് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതിനെതിരെ അന്നുതൊട്ട് വലിയ ജനകീയ സമരങ്ങളാണ് ചീമേനിയില്‍ നടന്നുവന്നത്. സമരങ്ങളുടെ തുടര്‍ച്ചപോലെ ആണവനിലയത്തിനെതിരെയുള്ള സമരത്തിലേക്ക് ഇവിടുത്തെ ജനത കടന്നിരിക്കുകയാണ്.

പദ്ധതിക്കെതിരേ  നടന്ന കണ്‍വെന്‍ഷനില്‍ കൂടംകുളം സമരനേതാവ് എസ്.പി. ഉദയകുമാര്‍ സംസാരിക്കുന്നു
പദ്ധതിക്കെതിരേ നടന്ന കണ്‍വെന്‍ഷനില്‍ കൂടംകുളം സമരനേതാവ് എസ്.പി. ഉദയകുമാര്‍ സംസാരിക്കുന്നു

ദുരൂഹമായ തീരുമാനങ്ങള്‍

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ കെ.എസ്.ഇ.ബി. സി.എം.ഡി. ബിജു പ്രഭാകര്‍ കേരളത്തിലെ വൈദ്യുതിക്ഷാമവുമായി ബന്ധപ്പെട്ട് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ആണവനിലയത്തെക്കുറിച്ച് പരാമര്‍ശം ഉണ്ടായത്.

എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല എന്നായിരുന്നു അതിനുശേഷം വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞത്. എന്നാല്‍, അതിരപ്പിള്ളിയുടേയും ചീമേനിയുടേയും സാധ്യത പഠിക്കാന്‍ കെ.എസ്.ഇ.ബി. ബാംഗ്ലൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിനെ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഡിസംബറില്‍ കേന്ദ്ര ഊര്‍ജ്ജമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ തിരുവനന്തപുരത്ത് പറഞ്ഞത്, ഭൂമി ഏറ്റെടുത്ത് നല്‍കുകയാണെങ്കില്‍ ആണവനിലയത്തിനുള്ള സഹായങ്ങള്‍ കേന്ദ്രം നല്‍കുമെന്നും ചീമേനി അനുകൂലമായ സ്ഥലം ആണെന്നുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. അതിരപ്പിള്ളി ടൂറിസം സ്പോട്ടായതിനാല്‍ പദ്ധതിക്ക് അനുകൂലമല്ലെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥലം ഉള്ളതിനാല്‍ ചീമേനിയിലേക്ക് ചര്‍ച്ച എത്തുകയായിരുന്നു. എന്നാല്‍, സമരസമിതിയുമായോ ജനങ്ങളുമായോ ഒരുതരത്തിലുള്ള ആശയവിനിമയവും ഉദ്യോഗസ്ഥ തലത്തിലോ സര്‍ക്കാര്‍ തലത്തിലോ ഇതുവരെ നടത്തിയിട്ടില്ല. സര്‍ക്കാരിന്റെ അടുത്ത നടപടിയെന്താകും എന്ന ആകുലതയിലാണ് ജനങ്ങള്‍.

ആണവസമരങ്ങള്‍ കേരളത്തില്‍

1970-കളില്‍ തന്നെ സൈലന്റ്വാലി പദ്ധതിക്കെതിരെ കേരളത്തില്‍ നടന്നത് വലിയ പ്രതിരോധ സമരങ്ങളായിരുന്നു. അതുണ്ടാക്കിയ അറിവും ആത്മവിശ്വാസവും കേരളസമൂഹത്തില്‍ ചെറുതല്ല. ഇതിനു പിന്നാലെ എഴുപതുകളുടെ അവസാനത്തിലാണ് എറണാകുളം ജില്ലയിലെ ഭൂതത്താന്‍ക്കെട്ടില്‍ ആണവനിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരുന്നത്. അതുകൊണ്ടുതന്നെ സമരത്തിന് ആളുകള്‍ സജ്ജരാകാനും പദ്ധതിയുടെ ദോഷങ്ങള്‍ എളുപ്പത്തില്‍ ജനങ്ങള്‍ക്കു മനസ്സിലാക്കാനും കൃത്യമായ പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്യാനും ആ സമരത്തിനു കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമില്‍ ആണവനിലയം വരുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ സംഘടിക്കുന്നതും സമരത്തിനിറങ്ങുന്നതും 1990-ലാണ്. കേരളത്തിലെ സാംസ്‌കാരിക സാഹിത്യപ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും ശക്തമായ പ്രതിഷേധമൊരുക്കാനും അന്ന് കഴിഞ്ഞിരുന്നു. 1986-ല്‍ ചെര്‍ണോബില്‍ ആണവദുരന്തമുണ്ടായതും കേരളത്തില്‍ ആണവനിലയങ്ങളുടെ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാക്കിയ കാലം കൂടിയായിരുന്നു അത്. അതുകൊണ്ട് തന്നെ ഭൂതത്താന്‍കെട്ടിനേക്കാള്‍ വലിയ രീതിയിലുള്ള പാരിസ്ഥിതിക സമരത്തിനാണ് പെരിങ്ങോമില്‍ തുടക്കമായത്. പെരിങ്ങോമില്‍നിന്ന് കിലോമീറ്ററുകളുടെ ദൂരമേ ഉള്ളൂ ചീമേനിയിലേക്ക്. പെരിങ്ങോം ആണവനിലയത്തിനെതിരെ മുന്‍നിരയില്‍ സമരം നടത്തിയവരില്‍ ചിലര്‍ ചീമേനി സമരസമിതിയിലും ഉണ്ട്. ആശങ്കയോടെയുള്ള സമരങ്ങളിലൂടെയാണ് ഇവിടുത്തെ ജനങ്ങളുടെ ജീവിതം മുന്നോട്ടു പോകുന്നത്.

വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ചീമേനിയില്‍ ഒരു കണ്‍വെന്‍ഷന്‍ നടത്തുകയും അതില്‍വെച്ച് ഒരു സമരസമിതിക്കു രൂപം കൊടുക്കുകയും ചെയ്തതായി സമരസമിതി ജോയിന്റ് കണ്‍വീനര്‍ സുഭാഷ് ചീമേനി പറയുന്നു. ''കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ജനപ്രതിനിധികളെ ഈ മാസം അവസാനത്തോടെ കാണാനും ആണവനിലയത്തിന്റെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്ന ലഘുലേഖകള്‍ വീടുകള്‍ തോറും വിതരണം ചെയ്യാനുമാണ് സമരസമിതി ആലോചിക്കുന്നത്. സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കനുസരിച്ച് പ്രത്യക്ഷസമരപരിപാടികളിലേക്ക് കടക്കും. ചീമേനിയെ പ്രതിനിധാനം ചെയ്യുന്ന എം.പിയോ എം.എല്‍.എയോ ഇതുവരെ ഒരു പ്രതിഷേധക്കുറിപ്പ് ഇറക്കിയതായി അറിയില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് വൈദ്യുതിമന്ത്രി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടില്ല എന്ന് പറയുന്നത്. സര്‍ക്കാര്‍ അറിയാതെ കെ.എസ്.ഇ.ബിക്കു മാത്രം ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലല്ലോ.

സമരസമിതി കണ്‍വെന്‍ഷനില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിച്ചിരുന്നെങ്കിലും സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ആരും എത്തിയിരുന്നില്ല. ഭരണത്തിലുള്ളതുകൊണ്ടായിരിക്കാം. ഇത്രയും കാലത്തിനിടയ്ക്ക് ഞങ്ങളുടെ കുട്ടികള്‍ക്കു വരുമാനം കിട്ടുന്നതോ ഗുണം കിട്ടുന്നതോ ആയ ഒരു പദ്ധതിയും ചീമേനിയില്‍ വന്നിട്ടില്ല. ഞങ്ങള്‍ക്ക് എപ്പോഴും വരുന്നത് ഇങ്ങനെയുള്ള പദ്ധതികളാണ്. അതുകൊണ്ടുതന്നെ ഞങ്ങളെപ്പോഴും ആശങ്കയിലുമാണ്. കേരളത്തില്‍ കടുത്ത വൈദ്യുതപ്രതിസന്ധിയാണെന്നും പ്ലാന്റ് വന്നാല്‍ അത് പരിഹരിക്കപ്പെടും എന്നുമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വാദം. ഇതിന്റെ കെടുതികള്‍ ആരും പറയുന്നില്ല. കേരളത്തിലെ അഞ്ച് താപനിലയങ്ങളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കില്‍ എന്തുകൊണ്ട് ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കുന്നില്ല. സോളാര്‍ പ്ലാന്റിനുവേണ്ടി ഇവിടെ ഏറ്റെടുത്ത ഭൂമിയില്‍ ഇതുവരെ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ഇതെല്ലാം പരിഹരിച്ചിട്ടല്ലേ പ്രതിസന്ധി തീര്‍ക്കേണ്ടത്. പ്രസരണവിതരണ നഷ്ടവും പരിഹരിക്കുന്നില്ല. ഇതൊരു പ്രാദേശിക വിഷയമായിട്ടുമല്ല സമരസമിതി കാണുന്നത്''- സുഭാഷ് ചീമേനി പറയുന്നു.

വര്‍ഷങ്ങളെടുക്കും ഒരു പദ്ധതി യാഥാര്‍ത്ഥ്യമായി വരാന്‍. തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയം മുപ്പത് വര്‍ഷത്തോളമെടുത്താണ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഇക്കാലയളവില്‍ ആ ചുറ്റിലുമുള്ള മനുഷ്യരുടെ ജീവിതം സമരങ്ങളുടെ ചരിത്രം കൂടിയാണ്. വന്‍തോതിലുള്ള സമരങ്ങള്‍ നടന്നെങ്കിലും അതിനെയെല്ലാം അവഗണിച്ചുകൊണ്ട് കൂടംകുളത്ത് ആണവവൈദ്യുതിനിലയം പ്രവര്‍ത്തനം തുടങ്ങി. വെടിവെയ്പും മരണവും വരെ നടന്ന പ്രതിഷേധമായിരുന്നു കൂടംകുളത്തേത്. ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ച പ്രതിഷേധവും സമരവുമായിരുന്നെങ്കിലും റഷ്യന്‍ സഹായത്തോടെയുള്ള പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2016-ല്‍ ഉദ്ഘാടനം ചെയ്തത്. ഊര്‍ജ്ജ പ്രതിസന്ധിക്കു പരിഹാരമാകാന്‍ ന്യൂക്ലിയര്‍ എനര്‍ജി പര്യാപ്തമല്ലെന്നും ചെലവേറിയതും സുരക്ഷിതമല്ലാത്തതും നിലനില്‍ക്കാത്തതുമായ പദ്ധതിയാണ് ആണവനിലയങ്ങളെന്നും ആധികാരികമായി പഠിക്കപ്പെട്ടിട്ടുള്ളതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ ഇക്കാര്യത്തില്‍ ഒരിക്കലും അനുകൂലമാവാറില്ല. ഭരിക്കുന്ന സമയത്ത് അനുകൂലമാവുകയും പ്രതിപക്ഷത്താവുമ്പോള്‍ സമരത്തിനിറങ്ങുകയും ചെയ്യുന്നതാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും രീതി. ജീവിക്കാനുള്ള സമയം സമരം ചെയ്തു തീര്‍ക്കേണ്ടത് എപ്പോഴും സാധാരണ മനുഷ്യരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com