പാഠം രണ്ട്: നിലമ്പൂര്‍ മോഡല്‍

Image of photo
നിലമ്പൂരില്‍ പ്രചരണത്തിനിടെ ആര്യാടന്‍ ഷൗക്കത്ത് സമകാലിക മലയാളം വാരിക
Updated on
3 min read

നിലമ്പൂരില്‍ ജയിച്ചത് ആര്യാടന്‍ ഷൗക്കത്താണ്. മതേതര പുരോഗമന ജനാധിപത്യ രാഷ്ട്രീയത്തിന്റെ കേരള മോഡലായി മുന്നില്‍ വെക്കാവുന്ന സ്ഥാനാര്‍ത്ഥിത്വവും വിജയവുമാണ് ആര്യാടന്‍ ഷൗക്കത്തിന്റേത്. എല്ലാ വിഭാഗം ആളുകളുടേയും വോട്ടുറപ്പിക്കാനും വിവിധ ചിന്താധാരകളുടെ സമ്മതി നേടാനും അദ്ദേഹത്തിനു കഴിഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

പലവഴിയും പിന്‍വഴിയും രാഷ്ട്രീയ നേതൃത്വത്തിലേക്കും അധികാരത്തിലേക്കും ആളുകള്‍ എത്തുന്ന കാലത്ത് പടിപടിയായുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ആര്യാടന്‍ ഷൗക്കത്ത് നിയമസഭയില്‍ എത്തുന്നതും. പഞ്ചായത്തിലും നഗരസഭയിലും പ്രവര്‍ത്തിച്ചതിന്റെ ജനകീയ അടിത്തറ തന്നെയായിരിക്കും അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ടും. കലയും രാഷ്ട്രീയവും സാമൂഹ്യമാറ്റത്തിനുവേണ്ടിയാണെന്ന് വിശ്വസിക്കുകയും തന്റെ രാഷ്ട്രീയ- സിനിമാ ജീവിതത്തിലൂടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുമുണ്ട് അദ്ദേഹം.

ആര്യാടന്റെ മകന്‍

കോണ്‍ഗ്രസ്സിലെ അതികായനായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനായിട്ടും ഷൗക്കത്ത് രാഷ്ട്രീയം പഠിച്ചതും പ്രവര്‍ത്തിച്ചു തുടങ്ങിയതും പ്രാദേശികതലത്തില്‍നിന്നാണ്. സ്‌കൂളിലെ പ്രവര്‍ത്തനത്തില്‍നിന്നു തുടങ്ങി കെ.എസ്.യു നിലമ്പൂര്‍ താലൂക്ക് സെക്രട്ടറിയായാണ് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, മലപ്പുറം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നീ ചുമതലകളിലേക്കും അദ്ദേഹം എത്തി. കോണ്‍ഗ്രസ്സിന്റെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

2005-ലാണ് നിലമ്പൂര്‍ പഞ്ചായത്തിലേക്ക് മത്സരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ആര്യാടന്‍ ഷൗക്കത്ത് എത്തുന്നത്. സി.പി.എമ്മിന്റെ സിറ്റിംഗ് വാര്‍ഡില്‍ മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായി. നിലമ്പൂരില്‍ പിന്നീടുണ്ടായത് മാറ്റത്തിന്റെ കാലമായിരുന്നു. ഒരു പഞ്ചായത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നും സാമൂഹ്യമായ ഇടപെടലിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഏതൊക്കെ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നും കാണിച്ചു കൊടുക്കാന്‍ ഇക്കാലത്ത് നിലമ്പൂര്‍ പഞ്ചായത്തിനു കഴിഞ്ഞു. 2010-ല്‍ പഞ്ചായത്ത് നഗരസഭയായപ്പോള്‍ ആദ്യ ചെയര്‍മാനായി ഷൗക്കത്ത്. 2005 മുതല്‍ 2015 വരെയുള്ള പത്ത് വര്‍ഷക്കാലം സാമൂഹ്യമായ ഉന്നമനം നിലമ്പൂരുകാര്‍ അറിഞ്ഞു.

സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടമായിരുന്നു എടുത്ത് പറയേണ്ടത്. സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികളും കുടുംബങ്ങളും അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കു പരിഹാരം കാണാനാണ് സ്ത്രീധന രഹിത ഗ്രാമം എന്ന പദ്ധതി കൊണ്ടുവന്നത്. ഒറ്റ പദ്ധതികൊണ്ട് മാത്രം സാമൂഹ്യമായ മാറ്റം ഒരു കാര്യത്തില്‍ നടപ്പാക്കാനാവില്ല എന്ന അദ്ദേഹത്തിന്റെ ബോധ്യമാണ് ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ-തൊഴില്‍ പദ്ധതികളും കൂടി നടപ്പിലാക്കിയത്. ചെറുപ്രായത്തില്‍ വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം ഇല്ലാതാകുന്നതിനെ മറികടക്കാന്‍ സ്വയംതൊഴിലും വരുമാനവും കണ്ടെത്തി സ്വന്തം കാലില്‍ നില്‍ക്കാന്‍ ആളുകളെ പ്രാപ്തരാക്കാന്‍ വിവിധ പദ്ധതികള്‍ നിലമ്പൂരില്‍ ആവിഷ്‌കരിച്ചു. ജ്യോതിര്‍ഗമയ പദ്ധതിയിലൂടെ എല്ലാവര്‍ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കിയ ഇന്ത്യയിലെ ആദ്യ പഞ്ചായത്താക്കി നിലമ്പൂരിനെ മാറ്റി. 40 വയസ്സുവരെയുള്ള എല്ലാവര്‍ക്കും പത്താംക്ലാസ് വിദ്യാഭ്യാസം ഉറപ്പാക്കിയ സമീക്ഷ പദ്ധതി, സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ നല്‍കാനായി വഴികാട്ടി എന്ന പദ്ധതി, ആദിവാസി ദളിത് സമൂഹങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒപ്പത്തിനൊപ്പം, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലണ്ടില്‍നിന്നുള്ള അധ്യാപകരെ കൊണ്ടുവന്ന സദ്ഗമയ, ഭവനരഹിതര്‍ക്കായി 1000 വീട്, വിശപ്പ്രഹിത ഗ്രാമം, കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും സൗജന്യചികിത്സയും മരുന്നും ഉറപ്പാക്കിയ പദ്ധതികള്‍ അങ്ങനെ ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ച നിരവധി പ്രവര്‍ത്തനങ്ങളായിരുന്നു നിലമ്പൂരില്‍ നടന്നത്. ദേശീയ സാക്ഷരത മിഷന്‍ പുരസ്‌കാരം, യുനിസെഫ് ബാലസൗഹൃദ നഗരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നിലമ്പൂരിനു കിട്ടി. യാഥാസ്ഥിതികരായ ആളുകളുടേയും സംഘടനകളുടേയും എതിര്‍പ്പുകളും ആര്യാടന്‍ ഷൗക്കത്തിനെതിരെ ഉണ്ടായി. പ്രത്യേകിച്ചും മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹപ്രായവും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമായിരുന്നു വിമര്‍ശനം.

കലയും രാഷ്ട്രീയവും സംസ്‌കാരവും

സിനിമ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമാണ് ആര്യാടന്‍ ഷൗക്കത്ത്. 'പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം' എന്നീ സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. നിര്‍മാണവും ഏറ്റെടുത്തു. ചുറ്റും അറിഞ്ഞതും അനുഭവിച്ചതുമായ ജീവിതം തന്നെയാണ് ഷൗക്കത്ത് സിനിമയിലൂടെയും പറഞ്ഞത്. സ്ത്രീധനവും മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും തീവ്രവാദവും എല്ലാമായിരുന്നു സിനിമയില്‍ വിഷയമായത്. സമുദായത്തിലെ ഒരു വിഭാഗം ആളുകളുടെ അസംതൃപ്തിയും അദ്ദേഹത്തിന് ആ സമയങ്ങളില്‍ നേരിടേണ്ടിവന്നു. ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത് 2003-ല്‍ പുറത്തിറങ്ങിയ 'പാഠം ഒന്ന് ഒരു വിലാപം' നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ്. മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ്, മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ആദ്യ ചിത്രത്തിലൂടെത്തന്നെ ലഭിച്ചു. ഈ ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും മീര ജാസ്മിനു ലഭിച്ചത്.

പൃഥ്വിരാജും ഭാവനയും പ്രധാന വേഷത്തിലഭിനയിച്ച് ജയരാജ് സംവിധാനം ചെയ്ത 'ദൈവനാമത്തില്‍' ആയിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ രണ്ടാമത്തെ ചിത്രം. ബാബ്റി മസ്ജിദിന്റേയും ഗുജറാത്ത് കലാപത്തിന്റേയും പശ്ചാത്തലത്തില്‍ മുസ്ലിം സമുദായത്തിന്റെ കഥ പറഞ്ഞ സിനിമയായിരുന്നു 2005-ല്‍ പുറത്തിറങ്ങിയ 'ദൈവനാമത്തില്‍.' മികച്ച ദേശീയോദ്ഗ്രഥന സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ചിത്രം നേടി. ഗുജറാത്ത് കലാപത്തിന്റെ ഇരയായ മലയാളി മുസ്ലിം പെണ്‍കുട്ടിയുടെ കഥ പറയുന്ന 'വിലാപങ്ങള്‍ക്കപ്പുറം' ടി.വി. ചന്ദ്രന്‍ തന്നെയാണ് സംവിധാനം ചെയ്തത്. മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡിനു പുറമെ മികച്ച നടിക്കുള്ള അവാര്‍ഡ് പ്രിയങ്ക നായര്‍ക്കും മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് കുമാര്‍ എടപ്പാളിനും ചിത്രത്തിലൂടെ ലഭിച്ചു. സിനിമാ പ്രവര്‍ത്തനത്തിനൊപ്പം സംസ്‌കാര സാഹിതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം കലാ ജാഥകളും സാംസ്‌കാരിക പരിപാടികളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു.

1987 മുതല്‍ 2016 വരെ തുടര്‍ച്ചയായി നിലമ്പൂരിന്റെ എം.എല്‍.എ ആര്യാടന്‍ മുഹമ്മദായിരുന്നു. നാല് തവണ മന്ത്രിയുമായി. എന്നാല്‍, ആ ആനുകൂല്യത്തിലൂടെയായിരുന്നില്ല മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ രാഷ്ട്രീയ ജീവിതം. മുസ്ലിംലീഗിനെ വെല്ലുവിളിച്ച്, കോണ്‍ഗ്രസ്സിന്റെ കുത്തക മണ്ഡലമാക്കി നിലമ്പൂരിനെ മാറ്റിയ ആര്യാടന്‍ മുഹമ്മദിന്റെ പിന്‍ഗാമിയായി 2016-ല്‍ നിലമ്പൂരില്‍ മത്സരിച്ചെങ്കിലും ഷൗക്കത്ത് പരാജയപ്പെട്ടു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഷൗക്കത്തിനു പ്രതികൂലമായിരുന്നു. ആര്യാടന്‍ മുഹമ്മദില്‍ തുടങ്ങിയ മുസ്ലിംലീഗിന്റെ നിസഹകരണം പ്രധാന കാരണമായി. പി.വി. അന്‍വറെന്ന മുന്‍ കോണ്‍ഗ്രസ്സുകാരനെ എല്‍.ഡി.എഫ് സ്വതന്ത്രനായി സി.പി.എം പരീക്ഷിച്ചതും ആ തെരഞ്ഞെടുപ്പിലായിരുന്നു. 11504 വോട്ടിനായിരുന്നു പി.വി. അന്‍വറിനോട് പരാജയപ്പെട്ടത്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ വി.വി. പ്രകാശാണ് മത്സരിച്ചത്. പി.വി. അന്‍വറിനോട് 2700 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. അന്‍വര്‍ സി.പി.എമ്മിനോട് ഇടഞ്ഞ് എം.എല്‍.എ സ്ഥാനം രാജിവെച്ചതോടെയാണ് പത്ത് മാസം കാലാവധിയുള്ള നിയമസഭയിലേക്ക് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇത്തവണ സാഹചര്യങ്ങളെല്ലാം ആര്യാടന്‍ ഷൗക്കത്തിന് അനുകൂലമായിരുന്നു. അസ്വാരസ്യങ്ങളെല്ലാം പരിഹരിച്ച് മുസ്ലിംലീഗ് പ്രചരണരംഗത്ത് മുന്നിട്ട് നിന്നത് ഷൗക്കത്തിനു തുണയായി. പി.വി. അന്‍വര്‍ മത്സരിച്ചിട്ടും 11077 വോട്ടിന് സി.പി.എമ്മിലെ എം. സ്വരാജിനെ അദ്ദേഹത്തിനു പരാജയപ്പെടുത്താനായി. 77737 വോട്ടാണ് ആര്യാടന്‍ ഷൗക്കത്തിനു കിട്ടിയത്.

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോലെ തെരഞ്ഞെടുപ്പില്‍ മതം പ്രചരണ വിഷയമാകുന്ന പ്രവണത നിലമ്പൂരിലും ആവര്‍ത്തിക്കപ്പെട്ടിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യു.ഡി.എഫിനു ലഭിച്ചതോടെ വര്‍ഗീയശക്തികളുടെ വോട്ട് എന്ന പ്രചരണം സി.പി.എമ്മിന്റെ ഭാഗത്തുനിന്നുമുണ്ടായി. ആര്‍.എസ്.എസ് ബന്ധത്തെക്കുറിച്ചുള്ള പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയും ഹിന്ദുമഹാസഭയുടെ പിന്തുണയും പി.ഡി.പിയുടെ സി.പി.എം സഹകരണവും എല്ലാം തെരഞ്ഞെടുപ്പില്‍ മതപരമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. മതപരമായ ധ്രുവീകരണത്തിനു ശ്രമം നടന്നെങ്കിലും നിലമ്പൂരിലെ വോട്ടര്‍മാര്‍ അതിനെ തള്ളിക്കളഞ്ഞു എന്നതാണ് ഫലം സൂചിപ്പിക്കുന്നത്. 19760 വോട്ട് സ്വതന്ത്രനായ പി.വി. അന്‍വര്‍ നേടിയിട്ടും പതിനൊന്നായിരത്തിലധികം ഭൂരിപക്ഷത്തിന് ആര്യാടന്‍ ഷൗക്കത്തിനു ജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എല്ലാ വിഭാഗം ആളുകളുടേയും സംഘടനകളുടേയും വോട്ട് സമാഹരിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിനു കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. നിലമ്പൂരിലെ ഈ തെരഞ്ഞെടുപ്പ് വിജയവും കാണിക്കുന്നത് മതേതര പുരോഗമന ചിന്തയുടെ വിജയം കൂടിയാണ്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള മണ്ഡലമാണ് നിലമ്പൂര്‍. കുരുളായി പഞ്ചായത്തിലൊഴികെ ബാക്കിയെല്ലായിടത്തും ആര്യാടന്‍ ഷൗക്കത്തിനു ലീഡ് നേടാനായി. സി.പി.എം ഭരിക്കുന്ന നിലമ്പൂര്‍ നഗരസഭയും അമരമ്പലവും പോത്തുകല്ലും ഉള്‍പ്പെടെ വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ എന്നിവിടങ്ങളിലെല്ലാം ഷൗക്കത്തിനായിരുന്നു ലീഡ്. ജനങ്ങള്‍ക്കിടയില്‍ പ്രാദേശികതലത്തില്‍ പ്രവര്‍ത്തിച്ചു തെളിഞ്ഞതാണ് ആര്യാടന്‍ ഷൗക്കത്തിന്റെ ആത്മവിശ്വാസം. കലയും രാഷ്ട്രീയവും സംസ്‌കാരവും ഒന്നിക്കുന്ന പുരോഗമന മതേതര മുഖമായി ആര്യാടന്‍ ഇനി നിയമസഭയിലേക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com