
2024 നവംബര്‍ 26 രാവിലെ കോഴിക്കോട് നടക്കാവ് പൊലീസിന് ഡാന്‍സാഫില്‍നിന്ന് (ഡിസ്ട്രിക്റ്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ്) ഒരു വിവരം കിട്ടി: ''മയക്കുമരുന്നു കൈവശംവച്ചിരിക്കുന്നു എന്ന സംശയത്തില്‍ രണ്ടുപേരെ ഞങ്ങള്‍ തടഞ്ഞുവെച്ചിട്ടുണ്ട്. ചക്കോരത്തുകുളത്തെ വെസ്റ്റ് വേ ഹോട്ടലിനു മുന്നിലാണ്. ഉടന്‍ എത്തുക.'' ഡാന്‍സാഫ് എസ്.ഐ അബ്ദുറഹിമാനില്‍നിന്നു കിട്ടിയ വിവരത്തിന്റെ വിശ്വാസ്യതയില്‍ സംശയമില്ലാതിരുന്ന എസ്.ഐ എന്‍. ലീല അത് സ്റ്റേഷന്‍ ജിഡിയില്‍ രേഖപ്പെടുത്തി. മയക്കുമരുന്നു നിരോധന നിയമപ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കി മേലുദ്യോഗസ്ഥനെ അറിയിച്ചു. എന്നിട്ട് ലീലയും എസ്.സി.പി.ഒമാരായ അനീഷ് ബാബു, ഷിജിത്ത്, സജീഷ് എന്നിവരും സ്ഥലത്തെത്തി. ഇത്തരം അന്വേഷണങ്ങളുടെ ഭാഗമായ ഇന്‍വെസ്റ്റിഗേഷന്‍ കിറ്റുമായാണ് പോയത്. ഹോട്ടലിന്റെ മുന്‍വശത്തെ ഗേറ്റിന്റെ വടക്കുഭാഗത്തുള്ള ഇടവഴിക്കു സമീപം ഡാന്‍സാഫ് സംഘം രണ്ടുപേരെ തടഞ്ഞുവെച്ചിട്ടുണ്ടായിരുന്നു. അബ്ദുറഹിമാനു പുറമേ എസ്.സി.പി.ഒ അനീഷും സി.പി.ഒ ലതീഷും ഉള്‍പ്പെട്ടതായിരുന്നു സംഘം. കുടുംബം നോക്കാന്‍ കണ്ടെയ്നര്‍ ലോറിപ്പണിക്കു കോഴിക്കോട്ടെത്തിയ കണ്ണൂര്‍ വാരത്തെ നാല്‍പ്പത്തിയാറുകാരന്‍ മണികണ്ഠനും കാസര്‍കോട് ചേരമ്പച്ചാലിലെ നാല്‍പ്പത്തിയൊന്‍പതുകാരന്‍ ബിജു മാത്യുവും അങ്ങനെയാണ് അറസ്റ്റിലാകുന്നത്. മണികണ്ഠന്റെ പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന കല്‍ക്കണ്ടപ്പൊടി തലേന്നു രാത്രി താമസിച്ച ലോഡ്ജ് റൂമില്‍വെച്ച് കഴിച്ചതിന്റെ ബാക്കിയായിരുന്നു. പൊലീസ് പരിശോധനയില്‍ അത് എം.ഡി.എം.എ ആയി; കേസായി, റിമാന്റിലായി. പക്ഷേ, പിടിച്ചത് മയക്കുമരുന്നല്ല എന്നും കല്‍ക്കണ്ടപ്പൊടിയാണെന്നും പിടിയിലായവര്‍ പറഞ്ഞപ്പോള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ (എഫ്.എസ്.എല്‍) പരിശോധനാഫലം വേഗത്തില്‍ വാങ്ങി സംശയം തീര്‍ക്കാനുള്ള ഉത്തരവാദിത്ത്വം പൊലീസിനുണ്ടായിരുന്നു. അങ്ങനെയൊരു ശ്രമം അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. തിരുവനന്തപുരത്തെ എഫ്.എസ്.എല്‍ ആസ്ഥാനത്തും രണ്ടു മേഖലാ ലാബുകളിലും 19 മൊബൈല്‍ ഫോറന്‍സിക് ലാബുകളിലും പരിശോധനാ സൗകര്യമുണ്ട്. പക്ഷേ, എല്ലായിടത്തും കാര്യമായ ജോലിത്തിരക്കുമുണ്ട്. അന്വേഷണോദ്യോഗസ്ഥര്‍ പ്രത്യേക താല്‍പ്പര്യമെടുത്താല്‍ മാത്രമാണ് റിപ്പോര്‍ട്ട് വേഗത്തില്‍ കിട്ടുക. അങ്ങനെയൊരു താല്പര്യമുണ്ടാകണമെങ്കില്‍ നിരപരാധികള്‍ കുടുങ്ങരുത് എന്ന നീതിബോധം അന്വേഷണോദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം. പല കേസുകളിലേയും പോലെ ഈ കേസിലും അതുണ്ടായില്ല.
എംഡിഎംഎ കാണുന്നത് ആദ്യമായിട്ടല്ലാത്ത ഡാന്‍സാഫുകാര്‍ക്ക് അത് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാനാകുമായിരുന്നു. അവരും എം.ഡി.എം.എയുമായി രണ്ടു 'പ്രതികളെ' കിട്ടിയ ആവേശത്തിലായിരുന്നു. സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി പരിശോധനയ്ക്ക് അയച്ച സാമ്പിളിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കണം എന്ന നിയമവും പാലിച്ചില്ല. അഞ്ചു മാസമായപ്പോഴേയ്ക്കും ആ റിപ്പോര്‍ട്ട് വന്നു. ഇവരുടെ കേസിലെ തൊണ്ടി മയക്കുമരുന്നുമല്ല, ഒരു തരത്തിലുള്ള ലഹരി വസ്തുവുമല്ല എന്നായിരുന്നു കണ്ടെത്തല്‍. അതുകൊണ്ടുമാത്രം കോടതി അവരെ കുറ്റമുക്തരാക്കി. നിരപരാധികളെ കള്ളക്കേസില്‍പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. പക്ഷേ, ബിജു മാത്യുവിന്റെ പ്രായമായ അമ്മ ആ ദിവസങ്ങളില്‍ തിന്ന തീയുടെ പൊള്ളല്‍ മറക്കില്ല. മണികണ്ഠന്റെ മകളുടെ നഴ്സിംഗ് പഠനം മുടങ്ങിയതിനും ഭാര്യയും രണ്ടു മക്കളും കരയാന്‍ കണ്ണീരുപോലുമില്ലാതെ അഞ്ചു മാസം കഴിഞ്ഞതിനും പരിഹാരമില്ല.
നിയമപ്രകാരം, ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യത്തിലാകണം ദേഹപരിശോധന എന്നതുകൊണ്ട് മണികണ്ഠനേയും ബിജുവിനേയും അവരുടെ ആ അവകാശം പറഞ്ഞു ബോധ്യപ്പെടുത്തി എന്നാണ് ഈ കേസിലെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പൊലീസ് വലിയ കാര്യംപോലെ പറയുന്നത്. കസ്റ്റംസ് ഓഫീസര്‍ ഗോപിനാഥന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. മണികണ്ഠന്റെ പാന്റ്സിന്റെ പോക്കറ്റില്‍നിന്നു പ്ലാസ്റ്റിക് കവറില്‍ വെള്ള നിറത്തില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു കിട്ടിയെന്നും അത് എം.ഡി.എം.എ ആണെന്നും താനും ബിജു മാത്യുവും കൂടി വില്‍പ്പനയ്ക്കു കൊണ്ടുവന്നതാണെന്നും മണികണ്ഠന്‍ സമ്മതിച്ചു എന്നുമാണ് ലീല എസ്.ഐയുടെ എഫ്.ഐ.ആര്‍. ''സാക്ഷികളുടെ സാന്നിധ്യത്തില്‍ കവര്‍ തുറന്നു പരിശോധിച്ചപ്പോള്‍ എം.ഡി.എം.എ ആണെന്ന് ഉത്തമബോധ്യം വന്നു, അത് സാക്ഷികളേയും സഹപ്രവര്‍ത്തകരേയും ബോധ്യപ്പെടുത്തി. 61.340 ഗ്രാമാണ് എം.ഡി.എം.എയുടെ തൂക്കമെന്നും ബോധ്യപ്പെട്ടു. ബിജുവിന്റെ പോക്കറ്റില്‍നിന്നു ഫോണും ഡ്രൈവിംഗ് ലൈസന്‍സും മറ്റുമാണ് കിട്ടിയത്. കോഴിക്കോട് നഗരത്തില്‍ വില്‍പ്പനയ്ക്കാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നു ചോദ്യം ചെയ്യലില്‍ രണ്ടുപേരും സമ്മതിച്ചു. ഇന്‍വെസ്റ്റിഗേഷന്‍ കിറ്റില്‍നിന്നെടുത്ത കാലി സിപ്പ് ലോക്ക് കവറിലേക്ക് അതു മാറ്റിയിട്ട് തൂക്കിയപ്പോള്‍ 59.180 ഗ്രാം. കവറിന്റെ തൂക്കമായ 0.940 ഗ്രാം കുറച്ച് 58.240 ഗ്രാം. നിയമവിരുദ്ധ മയക്കുമരുന്നു കൈവശം വെച്ച കുറ്റത്തിന് രണ്ടുപേര്‍ക്കുമെതിരെ എന്‍.ഡി.പി.എസ് ആക്റ്റ് പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തു. ബീച്ച് ആശുപത്രിയില്‍ ദേഹപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ മണികണ്ഠന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അവിടെ വെച്ചു പ്രാഥമിക ചികിത്സയും പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കുകയും ചെയ്തു'' -എഫ്.ഐ.ആര്‍ വിശദീകരിക്കുന്നു. മയക്കുമരുന്നാണ് കയ്യിലെന്നും അതു വില്‍ക്കാന്‍ വന്നതാണെന്നും രണ്ടുപേരും പറഞ്ഞു എന്ന് സംശയമൊന്നുമില്ലാതെയാണ് എഴുതി വെച്ചിരിക്കുന്നത്. ഇല്ലാത്ത മയക്കുമരുന്നിനു കൊടുക്കാത്ത കുറ്റസമ്മതമൊഴി. സത്യം വ്യക്തമാവുകയും എഫ്.ഐ.ആറില്‍ പറഞ്ഞത് ശരിയല്ലെന്ന് ഉറപ്പാവുകയും ചെയ്തു.
ഓര്‍ക്കാപ്പുറത്ത് പ്രതികള്‍
ഞങ്ങള്‍ ബിജു മാത്യുവിനോടു സംസാരിച്ചു. നടന്ന കാര്യങ്ങളെക്കുറിച്ച് അമ്മയുടെ സാന്നിധ്യത്തില്‍ വലിയ സങ്കടത്തോടെയാണ് ആ ചെറുപ്പക്കാരന്‍ സംസാരിച്ചത്; ചെയ്യാത്ത കുറ്റത്തിന്, മയക്കുമരുന്നു കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞതും കുടുംബത്തിനുണ്ടായ വേദനിപ്പിക്കുന്ന അനുഭവങ്ങളും മാനസികമായി തകര്‍ത്ത കൂട്ടുകാരന്‍ മണികണ്ഠനു വേണ്ടിക്കൂടി. ജാമ്യമില്ലാത്ത കേസാണ് എന്ന് അഭിഭാഷകരും പറഞ്ഞതുകൊണ്ട് ജാമ്യാപേക്ഷ കൊടുത്തിരുന്നില്ല. 151-ാം ദിവസം ലാബ് റിപ്പോര്‍ട്ട് വന്നപ്പോള്‍ പറഞ്ഞിരിക്കുന്നത് തൊണ്ടിമുതലില്‍ മയക്കുമരുന്നിന്റെ അംശംപോലുമില്ല എന്നാണ്. ''അതുകൊണ്ട് വെറുതേ വിട്ടിരിക്കുന്നു എന്ന് കോടതി അറിയിച്ചു. മോചന ഉത്തരവ് ജയില്‍ സൂപ്രണ്ടിനു മെയില്‍ വന്നു. എം.ഡി.എം.എ ആണെന്നു ഞങ്ങള്‍ സമ്മതിച്ചു എന്നു പൊലീസ് എഫ്.ഐ. ആറില്‍ എഴുതിയിരിക്കുന്നത് നുണയാണ്.''
മണികണ്ഠനും ബിജുവും നേരത്തെ മുതല്‍ സുഹൃത്തുക്കളാണ്. ഒന്നിച്ച് കണ്ടെയ്നര്‍ ലോറിയില്‍ ജോലി ചെയ്തിട്ടുണ്ട്. ഇടയ്ക്ക് മണികണ്ഠന്‍ ഗള്‍ഫില്‍ പോയി. പക്ഷേ, അവിടുത്തെ ജോലി ശരിയാകാതിരുന്നതുകൊണ്ട് തിരിച്ചുപോന്നു. ബിജു കുറച്ചുകാലം തിരുവല്ലയില്‍ ഒരു വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു. ശമ്പളം കുറവായതുകൊണ്ട് വേണ്ടെന്നുവെച്ച് നില്‍ക്കുമ്പോഴാണ് മണികണ്ഠനും തിരിച്ചുവരുന്നത്. ഇരുവരും മിക്കപ്പോഴും സംസാരിക്കുകയും പരസ്പരം വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരു മാസത്തോളം സ്വന്തം പറമ്പിലെ പണികളുമായി ബിജുവും മംഗലാപുരത്തെ ഒരു ഹോട്ടലില്‍ ജോലിയുമായി മണികണ്ഠനും കഴിഞ്ഞു. ഹോട്ടല്‍ ജോലി വലിയ കഷ്ടപ്പാടായിരുന്നു. ബിജുവിന്റെ പണികള്‍ കഴിഞ്ഞപ്പോള്‍ മണികണ്ഠന്‍ വിളിച്ചു. കോഴിക്കോട് കണ്ടെയ്നര്‍ ലോറിയില്‍ ഡ്രൈവര്‍മാരായി പോകാനുള്ള അവസരം വന്നതും ഒന്നിച്ചുപോകാന്‍ തീരുമാനിക്കുന്നതും അങ്ങനെയാണ്. മണികണ്ഠന്‍ മംഗലാപുരത്തുനിന്ന് നേരെ കാഞ്ഞങ്ങാട് എത്തി. രണ്ടുപേരും കൂടി മലബാര്‍ എക്‌സ്പ്രസില്‍ കോഴിക്കോട്ടേയ്ക്കും പോയി. ജീവിതം മാറ്റിയ യാത്ര. നടക്കാവിലെ ലോഡ്ജില്‍ മുറിയെടുത്തു. കുറേക്കാലം കൂടി നേരില്‍ക്കണ്ട സുഹൃത്തുക്കള്‍ ഒന്നിച്ചായപ്പോള്‍ ഒരു കുപ്പി വാങ്ങി. പക്ഷേ, തൊട്ടുകൂട്ടാന്‍ ഒന്നും വാങ്ങിയുമില്ല. വീട്ടില്‍ കൊണ്ടുപോകാന്‍ മണികണ്ഠന്‍ വാങ്ങിയ കല്‍ക്കണ്ടപ്പൊടിയില്‍നിന്നു കുറച്ചെടുത്തു. ബാക്കി അവിടിരുന്നു. പിറ്റേന്നു രാവിലെ ബിജുവാണ് മണികണ്ഠനോട് പറഞ്ഞത്, അതെടുത്ത് പോക്കറ്റില്‍ വെച്ചോ എന്ന്. രാവിലെ ചായ കുടിക്കാന്‍ പോകുമ്പോള്‍ പാന്റ്സിന്റെ പോക്കറ്റില്‍ അതുണ്ട്. ചെറിയ ഹോട്ടലുകളൊന്നും കണ്ടില്ല. കുറച്ചുദൂരം നടന്നുനോക്കി. പിന്നെ തിരിച്ചുനടന്നു. റോഡ് ക്രോസ് ചെയ്താല്‍ ഒരു കടയുണ്ട്. അങ്ങോട്ടു പോകണോ എന്ന് ആലോചിക്കുമ്പോഴാണ് സ്ഥലത്ത് നിരീക്ഷിച്ചുനിന്ന ഡാന്‍സാഫ് സംഘത്തിനു സംശയം തോന്നിയത്. അങ്ങോട്ടു നടന്നു, പിന്നെ ഇങ്ങോട്ടു നടക്കുന്നു, റോഡ് ക്രോസ് ചെയ്യണോ എന്നു സംശയിക്കുന്നു. മൊത്തത്തില്‍ സംശയകരമായ ചലനങ്ങളാണ് ഇവരുടേത് എന്നുതന്നെ അവര്‍ ഉറപ്പിച്ചിട്ടുണ്ടാകണം; ആരെയോ അന്വേഷിച്ചു നടക്കുകയാണ് എന്ന തോന്നലുണ്ടായിരിക്കണം എന്ന് ബിജുതന്നെ പറയുന്നു. എവിടെനിന്നാണ് വന്നതെന്നും എന്തിനാണ് വന്നതെന്നുമൊക്കെ ചോദിച്ചു. കാര്യം പറഞ്ഞപ്പോള്‍ കയ്യിലെന്താണുള്ളതെന്നു ചോദിച്ചു. തെറ്റുകാരല്ലെന്ന ഉറപ്പില്‍ പരിശോധനയ്ക്കു വിധേയരാകുമ്പോഴേയ്ക്കും കല്‍ക്കണ്ടപ്പൊടി പാക്കറ്റ് കണ്ടെടുക്കുകയും കൈകളില്‍ വിലങ്ങ് വയ്ക്കുകയും ചെയ്തു കഴിഞ്ഞിരുന്നു.
''എം.ഡി.എം.എ എന്താണെന്നും അതു കാറ്റടിച്ചാല്‍ അലിഞ്ഞുപോകുമെന്നുമൊക്കെ മനസ്സിലായത് പിന്നീടാണ്. ജയിലില്‍വെച്ച് പലരും പറഞ്ഞപ്പോള്‍. ഞങ്ങളത് രണ്ടു മണിക്കൂറോളം തുറന്നുവെച്ച് ഉപയോഗിച്ചു. ഒന്നുമുണ്ടായില്ല. അതേ സാധനം തന്നെയാണ് പിറ്റേന്നു സംശയത്തിന്റെ പേരില്‍ പിടിച്ചെടുത്ത് എം.ഡി.എം.എ ആണെന്നു പറഞ്ഞ് കേസെടുത്തതും അറസ്റ്റു ചെയ്തതും. സംഗതി കണ്ട് നാട്ടുകാരും കൂടി. കല്‍ക്കണ്ടപ്പൊടിയാണെന്നും ഉണ്ടായത് എന്താണെന്നും പറഞ്ഞെങ്കിലും അപ്പോഴേയ്ക്കും നടക്കാവ് പൊലീസിനെ വിളിച്ചു വരുത്തി മയക്കുമരുന്നു കേസില്‍ പ്രതികളാക്കാന്‍ നടപടികള്‍ തുടങ്ങിയിരുന്നു. ഡാന്‍സാഫ് സ്‌ക്വാഡാണെന്നും രക്ഷപ്പെടാനൊന്നും ശ്രമിക്കേണ്ടെന്നും ആദ്യം തന്നെ അവര്‍ പറഞ്ഞു. അപ്പോഴും ഞങ്ങള്‍ക്കു പേടിയില്ലായിരുന്നു. എന്തിനു പേടിക്കണം. ഞങ്ങളുടെ കയ്യില്‍ നിയമവിരുദ്ധമായി ഒന്നുമില്ലല്ലോ'' എന്ന് ബിജു. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കഴിയും എന്നുതന്നെയാണ് അപ്പോഴും പ്രതീക്ഷിച്ചത്. രണ്ടു പേരും ഡ്രൈവര്‍മാരാണെന്നും ജോലിക്കുവേണ്ടി വന്നതാണെന്നും കല്‍ക്കണ്ടപ്പൊടി വന്ന വഴിയുമെല്ലാം വിശദീകരിച്ചു. അവര്‍ക്കു പരിശോധിച്ചു നോക്കി മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. പക്ഷേ, അതൊന്നുമല്ല സംഭവിച്ചത്. കയ്യില്‍ വിലങ്ങ് വെച്ചതോടെ മനസ്സറിയാത്ത കാര്യത്തില്‍ കുടുങ്ങി എന്നു മനസ്സിലായി.
ടെന്‍ഷന്‍ കൂടിയിട്ട് മണികണ്ഠന് ഫിറ്റ്സ് പോലെ വന്നു. ആളുകള്‍ ഫോട്ടോയും വീഡിയോയുമൊക്കെ എടുക്കുന്നുണ്ട്. കുറച്ചു സമയംകൊണ്ട് എന്തൊക്കെയോ നടന്നു, ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാത്തവിധം. മണികണ്ഠനേയും കൊണ്ട് പൊലീസുകാരില്‍ ചിലര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു പോയി. ബിജുവിനെ വടകരയിലെ പ്രത്യേക എന്‍.ഡി.പി.എസ് കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജില്ലാ ജയിലിലേയ്ക്ക്. എട്ടൊന്‍പതു ദിവസം കഴിഞ്ഞാണ് മണികണ്ഠനെ ആശുപത്രിയില്‍നിന്നു ജയിലിലേയ്ക്കു കൊണ്ടുവന്നത്. ജയിലില്‍ വെച്ചും വാര്‍ഡന്മാരോടും മറ്റും കെഞ്ചിപ്പറഞ്ഞു, ഞങ്ങള്‍ മയക്കുമരുന്ന് കച്ചവടം ചെയ്യാനൊന്നും പോയതല്ല. ഉപയോഗിക്കുകയുമില്ല. ഇത് കള്ളക്കേസാണ്. ലാബ് റിപ്പോര്‍ട്ട് വന്നുകഴിയുമ്പോള്‍ നിങ്ങള്‍ക്കു പോകാന്‍ പറ്റും. അത് വേഗം വരും എന്നാണ് അവര്‍ പറഞ്ഞത്. 90 ദിവസംകൊണ്ട് ലാബ് റിപ്പോര്‍ട്ട് വരുമെന്നു പ്രതീക്ഷിച്ചിരുന്നിട്ട് വന്നില്ല. അതിനിടെ പതിമൂന്നാമത്തെ ദിവസം നടക്കാവ് പൊലീസ് രണ്ടുപേരെയും കസ്റ്റഡിയില്‍ വാങ്ങി. അപ്പോഴും രണ്ടുപേരും മാറിമാറി പറഞ്ഞു. സാറേ, അത് കല്‍ക്കണ്ടമാണ്. അവര്‍ അപ്പോഴും റിപ്പോര്‍ട്ടൊന്നു വേഗം വരുത്താന്‍ ശ്രമിച്ചില്ല. പ്രത്യേക എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റിനോടും പറഞ്ഞു, ഞങ്ങള്‍ നിരപരാധികളാണ്, ആ ലാബ് റിപ്പോര്‍ട്ടൊന്നു വേഗം വരുത്തിത്തരാമോ സാര്‍? അതൊക്കെ വരേണ്ട സമയത്തു വന്നോളും എന്നാണ് അദ്ദേഹം പറഞ്ഞത്.
ബിജു മാത്യുവിന് പ്രായമായ അമ്മ മാത്രമേയുള്ളൂ. വാര്‍ത്തകള്‍ കണ്ട് ആരോ വീട്ടില്‍ ചെന്നു പറഞ്ഞാണ് അവര്‍ അറിഞ്ഞത്. അന്നു മുതല്‍ അമ്മ മകനെ പുറത്തിറക്കാന്‍ നെട്ടോട്ടത്തിലായിരുന്നു. കാല്‍മുട്ടു വേദന കാരണം നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. വടി കുത്തിയാണ് നടപ്പ്. ഒരു തവണ മാത്രമേ ജയിലില്‍ മകനെ കാണാന്‍ പോയുള്ളൂ. വയ്യാത്ത അമ്മ വരരുതെന്ന് ബിജു തന്നെയാണ് വിലക്കിയത്. പക്ഷേ, അവര്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല. പല വക്കീലന്മാരേയും കണ്ടു. രക്ഷയില്ല എന്നാണ് അവരെല്ലാം പറഞ്ഞത്. ''മണികണ്ഠന്റെ കുടുംബത്തിലെ കാര്യം തീരെ പരിതാപകരമായിരുന്നു'' -ബിജു പറയുന്നു. നാലു സെന്റ് സ്ഥലം മാത്രമുള്ള അവര്‍ക്ക് പഞ്ചായത്ത് വെച്ചുകൊടുത്ത വീടാണുള്ളത്. രണ്ടു മക്കളില്‍ മൂത്തയാളായ മകളുടെ നഴ്സിംഗ് പഠനം മണികണ്ഠന്‍ ജയിലിലായപ്പോള്‍ മുടങ്ങി. ഭാര്യ വീട്ടുജോലികള്‍ ചെയ്താണ് ആ അഞ്ചു മാസം കുടുംബം കൊണ്ടുനടന്നത്. മകന്‍ ഏഴിലാണ് പഠിക്കുന്നത്.
സംശയിച്ചതും പിടിച്ചതും പൊലീസിന്റെ ഡ്യൂട്ടിയാണ് എന്നു കരുതി ആശ്വസിക്കാന്‍ ബിജുവും മണികണ്ഠനും തയ്യാറാണ്. പക്ഷേ, കല്‍ക്കണ്ടമാണെന്നു ഞങ്ങള്‍ പറഞ്ഞപ്പോള്‍ അതു മുഖവിലയ്‌ക്കെടുത്ത് ലാബ് റിപ്പോര്‍ട്ട് വേഗത്തിലാക്കണമായിരുന്നു. എങ്കില്‍ രണ്ടു നിരപരാധികളും അവരുടെ കുടുംബങ്ങളും ഈ ദുരിതകാലത്തിലൂടെ കടന്നുപോകേണ്ടിവരില്ലായിരുന്നു. പൊലീസിനെതിരെ കോടതിയില്‍ പോകണമെന്നുതന്നെയാണ് ആലോചിക്കുന്നത്.
ആശ്വാസമെത്തുന്നു
മണികണ്ഠന്റേയും ബിജുവിന്റേയും ജയിലനുഭവങ്ങളിലേക്കും ആ കാലത്ത് അവരുടെ കുടുംബം കടന്നുപോയ വേദന നിറഞ്ഞ അനുഭവങ്ങളിലേക്കും പോയാല്‍ പറഞ്ഞു തീരില്ല, അത്രയ്ക്കുണ്ടത്. പക്ഷേ, എല്ലാ സാധാരണ മനുഷ്യരേയും പോലെ ഇപ്പോള്‍ ആശ്വാസത്തിനാണ് അവരും ആദ്യ പരിഗണന നല്‍കുന്നത്. നിരപരാധിത്വം തെളിഞ്ഞല്ലോ എന്ന ആശ്വാസം. തങ്ങളുടേതല്ലാത്ത കുറ്റത്തിന് രണ്ടു കുടുംബങ്ങളും കുറേ ആളുകളും നീറിയതില്‍ പശ്ചാത്താപമൊന്നുമില്ലാത്തതുകൊണ്ടാകണം പൊലീസില്‍നിന്ന് ആരും ഒരു നോട്ടം കൊണ്ടുപോലും ആശ്വസിപ്പിക്കാന്‍ ആ വഴി പോയില്ല. എന്‍.ഡി.പി.എസ് നിയമ (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റ്) പ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്ന വടകരയിലെ പ്രത്യേക കോടതിയുടെ 2025 ഏപ്രില്‍ 24-ലെ ഉത്തരവിലൂടെ ഒന്നു പോകണം. ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത (ബി.എന്‍.എസ്.എസ്) പ്രകാരം ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവാണത്; അറസ്റ്റിലായി കൃത്യം അഞ്ചു മാസമായപ്പോഴത്തെ ജാമ്യം. എന്‍.ഡി.പി.എസ് നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടവരാണ് പ്രതികള്‍ എന്ന സ്വാഭാവിക ആമുഖത്തെക്കുറിച്ചല്ല പറയുന്നത്. വിധിയിലെ ഉപസംഹാര വാചകങ്ങളെക്കുറിച്ചാണ്. '58.240 ഗ്രാം എം.ഡി.എം.എ ഇവരില്‍നിന്നു കണ്ടെടുത്തു എന്ന് ആരോപിച്ചാണ് അറസ്റ്റു ചെയ്തത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 2025 ഏപ്രില്‍ 21-ലെ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് പ്രകാരം ആ സാമ്പിളില്‍ ഏതെങ്കിലും മയക്കുമരുന്നോ ലഹരിവസ്തുക്കളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആയതിനാല്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്നു മോചിപ്പിക്കുന്നു.''
കോടതി ഉത്തരവ് പ്രകാരം ജാമ്യം നല്‍കി 50000 രൂപയുടെ വീതം സ്വന്തം ജാമ്യ ഉത്തരവില്‍ വിട്ടയച്ച ഇവര്‍ക്കുമേല്‍ ചുമത്തിയ കള്ളക്കേസിനേയോ എം.ഡി.എം.എയാണെന്നു കരുതി പിടിച്ചെടുത്ത വസ്തു അടിയന്തര പരിശോധന നടത്തി വസ്തുത കണ്ടെത്താന്‍ പൊലീസ് ശ്രമിക്കാതിരുന്നതിനേക്കുറിച്ചോ അവര്‍ക്കു നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തേയും ഉണ്ടായ അപമാനത്തേയും കുറിച്ചോ ഒരു വാക്കുപോലുമില്ല.
തങ്ങള്‍ നിരപരാധികളാണെന്നും പൊലീസ് പറയുന്നതൊന്നുമല്ല തങ്ങളില്‍നിന്നു പിടിച്ചെടുത്തതെന്നുമാണ് ഹര്‍ജിക്കാര്‍ പറയുന്നത് എന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തങ്ങളെ തെറ്റായാണ് ഈ കേസില്‍പ്പെടുത്തിയിരിക്കുന്നത് എന്ന് അവര്‍ പറയുന്നതായും പറയുന്നു. ഇവരെ അറസ്റ്റുചെയ്ത പൊലീസ് ഓഫീസര്‍ ചോദ്യം ചെയ്യുകയും അന്വേഷണത്തിന്റെ പ്രധാന ഭാഗം പൂര്‍ത്തിയാക്കുകയും ചെയ്തു. അവരാണ് അവരുടെ കുടുംബങ്ങളുടെ ഏക ആശ്രയം. മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. ജാമ്യം കിട്ടിയില്ലെങ്കില്‍ കുടുംബങ്ങള്‍ വലിയ ബുദ്ധിമുട്ടിലാകും.
എന്നാല്‍, ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് അന്വേഷണോദ്യോഗസ്ഥര്‍ നല്‍കിയ വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നത്, വന്‍തോതിലുള്ള മയക്കുമരുന്നാണ് പിടിച്ചതെന്നും ജാമ്യം കൊടുത്താല്‍ അവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും സമാന കുറ്റകൃത്യം തുടരുകയും ചെയ്യും എന്നുമാണ്. അവര്‍ മുങ്ങാനും സാധ്യതയുണ്ട്. അതായത്, ലാബ് റിപ്പോര്‍ട്ട് വന്ന ശേഷം കോടതിക്കു മുന്നിലെത്തിയ ജാമ്യാപേക്ഷയുടെ സമയത്തും ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല, മുന്‍പത്തെ നിലപാടില്‍ത്തന്നെ നിന്നുകൊണ്ട് ഇവര്‍ കുറ്റക്കാരാണെന്നു സ്ഥാപിക്കാനാണ് പൊലീസ് ശ്രമിച്ചത്.
ആരാണ് കുറ്റക്കാര്‍
യഥാര്‍ത്ഥത്തില്‍, എഫ്.എസ്.എല്‍ പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജയില്‍ സൂപ്രണ്ടിന്റെ മുന്നില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, മണികണ്ഠനും ബിജു മാത്യുവും അഞ്ചാം മാസവും ജയില്‍മോചിതരാകുമായിരുന്നില്ല. അത്ര ഉദാസീനമായും ഉത്തരവാദിത്വമില്ലാതെയുമാണ് പൊലീസ് ആ പരിശോധനയെ കണ്ടത്. കുറ്റക്കാരാണെന്ന് പൊലീസ് തീരുമാനിച്ചാല്‍പ്പിന്നെ കുറ്റക്കാര്‍ തന്നെ എന്ന രീതി. അങ്ങനെയെങ്കില്‍ സമാനമായ എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നും ഇപ്പോഴും ഉണ്ടാകുന്നുണ്ടാകാം എന്നുമുള്ള ആശങ്ക സ്വാഭാവികം. കേരളം ഏറെ ജാഗ്രതയോടെ നടത്തുന്ന മയക്കുമരുന്നിനും ലഹരിക്കുമെതിരായ ക്യാപെയ്ന്റെ കാമ്പും കരുത്തും ചോര്‍ത്തിക്കളയുന്ന വിധമുള്ള അനാസ്ഥ. കുറ്റം ചെയ്യാത്തവരുടെ വാക്കുകളും കുറ്റവാളികളുടെ വാക്കുകള്‍പോലെത്തന്നെ പൊലീസും നീതിപീഠവും അവിശ്വസിച്ചാല്‍പ്പിന്നെ നീതി തേടി എവിടെപ്പോകും എന്ന വേവലാതിക്ക് ഉത്തരമില്ലാത്ത സ്ഥിതി. ഏപ്രില്‍ 21-നു പരിശോധനാ റിപ്പോര്‍ട്ട് വന്നതിലും പൊലീസിന്റെ ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടായിരുന്നില്ല. അത് അതിന്റെ വഴിക്കു വന്നു. അത്രതന്നെ. രണ്ടുപേരും റിമാന്‍ഡിലായിരുന്നതുകൊണ്ട് ആ റിപ്പോര്‍ട്ടിന്റെ പ്രതികള്‍ക്കുള്ള പകര്‍പ്പ് പോയത് ജയിലിലേക്കാണ്. അങ്ങനെയാണ് അതുകൂടി ചേര്‍ത്ത് ജാമ്യാപേക്ഷ കൊടുത്തതും കോടതി അവരെ മോചിപ്പിച്ചതും.
കഴിഞ്ഞ മാസം 28-നാണ് അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ ജയ്സിംഗ് കുളത്തൂര്‍ ഈ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത്. കല്‍ക്കണ്ടപ്പൊടി എം.ഡി.എം.എ ആണെന്നു വരുത്തി നിരപരാധികളെ കള്ളക്കേസില്‍ ജയിലിലാക്കിയ സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി എന്നു തെളിഞ്ഞാല്‍ ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ താമസം കൂടാതെ നടപടി സ്വീകരിക്കണമെന്ന മാനദണ്ഡം ഈ സംഭവത്തില്‍ ഇതുവരെ പാലിച്ചിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. നിരപരാധികളെ വ്യാജ മയക്കുമരുന്നു കേസില്‍ പ്രതിയാക്കിയത് നിസ്സാരമായി കാണാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും സൂചിപ്പിച്ചിരുന്നു. സംഭവത്തില്‍ ഉത്തര മേഖല ഐ.ജി പ്രതികരിച്ചിട്ടുമില്ല.
ഈ പരാതിക്കു പിന്നാലെ, സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോടു നിര്‍ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പക്ഷേ, തുടര്‍ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates