ആദിവാസികളുടെ ഭൂസമരം എന്തുകൊണ്ട് നിലമ്പൂരില്‍ രാഷ്ട്രീയചര്‍ച്ചയായില്ല? ഈ തെരഞ്ഞെടുപ്പ് ആര്‍ക്ക് വേണ്ടി?

Image of tribal land struggle in front of Malappuram Collectorate
മലപ്പുറം കളക്ട്രേറ്റിനു മുന്നിലെ ആദിവാസി ഭൂസമരംSamakalika Malayalam
Updated on
5 min read

ജൂണ്‍ ആദ്യവാരം സ്‌കൂള്‍ തുറക്കുന്ന സമയത്ത് നിലമ്പൂര്‍ ആദിവാസി ഊരിലെ കുട്ടികള്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് ഒരു കത്തെഴുതി: ''കുറച്ച് ദിവസങ്ങളായി ഇവിടെ പെരുമഴയാണ്. വീടിനുള്ളിലൂടെ വെള്ളം ഇറങ്ങുന്നുണ്ട്. മഴക്കാലത്ത് അമ്മമാരെ കെട്ടിപ്പിടിച്ചാണ് ഞങ്ങള്‍ ഉറങ്ങാറ്. പക്ഷേ, ഈ മഴക്കാലത്ത് അമ്മമാര്‍ ഞങ്ങളുടെ കൂടെയില്ല. സ്വന്തമായി വീടുണ്ടാക്കാനും കൃഷിചെയ്യാനും വേണ്ടി ഭൂമിക്കായി സമരം ചെയ്യാന്‍ പോയതാണ്. ഞങ്ങളെന്തിനാ ഇതിനൊക്കെവേണ്ടി സമരം ചെയ്യുന്നത്. സ്‌കൂളിലെ കൂട്ടുകാര്‍ക്കൊക്കെ ചോരാത്ത വീടും മുറ്റവും തൊടിയുമുണ്ടല്ലോ. ഞങ്ങള്‍ക്കെന്താ ഇല്ലാത്തെ. കഴിഞ്ഞ വര്‍ഷവും അമ്മ സമരത്തിനു പോയിരുന്നു. ഒരുപാട് ദിവസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്. അന്നും മഴയായിരുന്നു. അന്നും ഞങ്ങള്‍ ഒറ്റയ്ക്കായിരുന്നു.

ഞങ്ങള്‍ എല്ലാവരും കുറച്ച് ദിവസങ്ങളായി വിശന്നിരിക്കുകയാണ്. സങ്കടപ്പെട്ടിരിക്കുകയാണ്. അമ്മമാര്‍ വീട്ടിലില്ലെങ്കില്‍ ഞങ്ങളെങ്ങനെ സ്‌കൂളില്‍ പോകും. സമാധാനമായി എങ്ങനെ പഠിക്കും. പേടിയില്ലാതെ എങ്ങനെ ഉറങ്ങും. നല്‍കാമെന്നേറ്റ ഭൂമി നല്‍കി സമരം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു തരണം. ഞങ്ങളുടെ സങ്കടത്തിനൊപ്പം നില്‍ക്കണം. വിശ്വസ്തതയോടെ...''

ഇതാണ് കത്തിന്റെ ചുരുക്കരൂപം. പള്ളിക്കുത്ത് എ.എല്‍.പി.എസിലെ നാലാംക്ലാസുകാരി ദിയ, ഇടിവണ്ണ ജി.എല്‍.പി.എസിലെ അഞ്ചാംക്ലാസുകാരന്‍ സുമിത്ത്, ആറാംക്ലാസുകാരി സുമിത, എട്ടാംക്ലാസുകാരി ഗീതു, അകമ്പാടം ജി.എച്ച്.എസ്.എസിലെ പത്താംക്ലാസുകാരന്‍ ജിതിന്‍, എരിഞ്ഞിമങ്ങാട് ജി.യു.പി.എസിലെ എഴാംക്ലാസുകാരി സോന കൃഷ്ണ എന്നീ കുട്ടികളാണ് വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതിയത്. ഇവരുടെ അമ്മമാര്‍ മലപ്പുറം കളക്ടറേറ്റിനു മുന്നില്‍ കഴിഞ്ഞ 25 ദിവസമായി ഭൂമിക്കായുള്ള സമരത്തിലാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാനോ സമരം തീര്‍ക്കാനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകാത്തതിനാല്‍ ഇനിയും എത്രനാള്‍ ഇവിടെ സമരമിരിക്കേണ്ടിവരും എന്നും നിശ്ചയമില്ല. കാരണം ഒരു വര്‍ഷത്തോളം നീണ്ടുനിന്നതായിരുന്നു നിലമ്പൂര്‍ ആദിവാസി ഭൂസമരസമിതിയുടെ ആദ്യഘട്ട സമരം.

ഉപതെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് നിലമ്പൂര്‍. പലസ്തീനും ഗാസയും തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാവുന്നുണ്ട് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍. പക്ഷേ, കളക്ടറേറ്റിനു മുന്നില്‍ നടക്കുന്ന സമരത്തെക്കുറിച്ചോ ആദിവാസി ഭൂമിയെക്കുറിച്ചോ എവിടേയും കാര്യമായ ചര്‍ച്ചകള്‍ കണ്ടില്ല. ജൂണ്‍ 19-നാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുന്‍പേ സമരമിരിക്കുന്നുണ്ട് നിലമ്പൂരിലെ ആദിവാസികളിവിടെ. അന്നും മുഖ്യധാരാ രാഷ്ട്രീയ നേതാക്കളാരും ഇതുവഴി വന്നിരുന്നില്ല. സ്ഥാനാര്‍ത്ഥികളാരും എത്താത്ത സമരപ്പന്തലില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച് പിന്തുണ നല്‍കിയിരുന്നു.

Image of tribal land struggle in front of Malappuram Collectorate
മലപ്പുറം കളക്ട്രേറ്റിനു മുന്നിലെ ആദിവാസി ഭൂ സമരപ്പന്തലില്‍ നിന്ന്Samakalika Malayalam

തുടരുന്ന ഭൂസമരം

അബിന്‍ ജോസഫ് തിരക്കഥയെഴുതി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന സിനിമ അടുത്തിടെ ചര്‍ച്ചയായിരുന്നു. മുത്തങ്ങ സമരത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമ സ്‌ക്രീനില്‍ കണ്ട് കണ്ണുകള്‍ നിറഞ്ഞവരുണ്ട്. മുത്തങ്ങ ഭൂസമരം 2003-ല്‍ ആയതിനാല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് സി.പി.എം നേതാക്കളും മന്ത്രിമാരുമടക്കം സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു. ഭൂരഹിതരായ ആദിവാസിയുടെ ദുരിതത്തോട് സ്‌ക്രീനില്‍ കണ്ട് ഐക്യപ്പെട്ടവര്‍ നിലമ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന യഥാര്‍ത്ഥ ഭൂസമരം കാണുന്നില്ല. ഭൂമിക്കു വേണ്ടിയുള്ള പോരാട്ടം കേരളത്തില്‍ എപ്പോഴും നടക്കുന്നുണ്ട്. നിലമ്പൂരിലെ പോരാട്ടവും വര്‍ഷങ്ങളായി നടക്കുന്നതാണ്. ഭൂരഹിതരായ ആദിവാസികള്‍ 2018-ല്‍ വനത്തിനുള്ളില്‍ കുടില്‍കെട്ടി സമരം നടത്തിയിരുന്നു. ചാലിയാര്‍ പെരുവമ്പാടത്തായിരുന്നു സമരം. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി അവരെ വനത്തില്‍നിന്ന് ഇറക്കിക്കൊണ്ടുവരികയായിരുന്നു. ഭൂമി നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും കാര്യമായ ചലനം പിന്നീടുണ്ടായില്ല. അതിനുമുന്‍പും ശേഷവും നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നിലമ്പൂരിലെ ട്രൈബല്‍ സെറ്റില്‍മെന്റുകളില്‍ ഉണ്ടായിട്ടുണ്ട്.

2023-ല്‍ നിലമ്പൂരിലെ ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്മെന്റ് പ്രൊജക്ട് (ഐ.ടി.ഡി.പി) ഓഫീസിനു മുന്നില്‍ നടന്നത് കേരളത്തിലെത്തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരങ്ങളിലൊന്നായിരുന്നു. 314 ദിവസമാണ് ആ സമരം നീണ്ടുനിന്നത്. 60 കുടുംബങ്ങള്‍ അന്ന് രാപ്പകല്‍ സമരം നടത്തി. ഇതിനിടയില്‍ പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന തരത്തിലേയ്ക്ക് ഒരു ചര്‍ച്ചയും നീങ്ങിയില്ല. ഓരോ കുടുംബത്തിനും കുറഞ്ഞത് 50 സെന്റ് ഭൂമി എന്നതായിരുന്നു സമരത്തില്‍ ഉന്നയിച്ച പ്രധാന ആവശ്യം. ഒടുവില്‍ 2024 മാര്‍ച്ച് 18-ന് ഈ ആവശ്യം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിഗണിച്ചു.

ഓരോ കുടുംബത്തിനും 50 സെന്റ് ഭൂമി ആറുമാസത്തിനകം നല്‍കണം. കണ്ണംകണ്ടിലും നെല്ലിപ്പൊയിലിലും ഇതിനായി സ്ഥലം കണ്ടെത്തണം. സമരമിരുന്ന 60 കുടുംബങ്ങളുടെ അപേക്ഷ നിലമ്പൂര്‍ ഐ.ടി.ഡി.പി വഴി സ്വീകരിക്കാനുള്ള നടപടിയുണ്ടാകണം. 50 സെന്റ് വീതമുള്ള പ്ലോട്ടുകളായി തിരിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ വേഗത്തിലാക്കണം. സര്‍വേ പ്രവൃത്തികളില്‍ സമരസമിതിയുടെ സാന്നിധ്യം അനുവദിക്കണം. ഈ ആവശ്യങ്ങളാണ് ഗുണഭോക്തൃ തിരിച്ചറിയല്‍ കമ്മിറ്റിയുടെ മുന്‍പാകെ സമര്‍പ്പിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് കളക്ടര്‍ അന്ന് ഉറപ്പ് നല്‍കിയത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയായില്ല. വീണ്ടും സമരത്തിലേയ്ക്ക് പോകേണ്ടിവരുമെന്ന് ജില്ലാ കളക്ടറെ അറിയിച്ചതിനെത്തുടര്‍ന്ന് മൂന്ന് മാസത്തെ സാവകാശം കൂടി അദ്ദേഹം ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഡിസംബറില്‍ വീണ്ടും ചര്‍ച്ച നടത്തിയപ്പോള്‍ പട്ടയവിതരണം 2024 ഡിസംബര്‍ 31-ന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഒപ്പിട്ട് നല്‍കി. ഈ വ്യവസ്ഥ വീണ്ടും ലംഘിക്കപ്പെട്ടു.

പട്ടയവിതരണം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ സമയവും കഴിഞ്ഞ് നാല് മാസം കഴിഞ്ഞപ്പോള്‍ സമരസമിതി വീണ്ടും കളക്ടറെ കണ്ടെങ്കിലും കൂടുതല്‍ സമയം കൂട്ടി ചോദിക്കുകയാണ് പിന്നെയും ഉണ്ടായത്. ഇതംഗീകരിക്കാന്‍ ഭൂസമരസമിതി തയ്യാറായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറേറ്റിനു മുന്നില്‍ ഭൂമിക്കായി വീണ്ടും രാപ്പകല്‍ സമരം നടത്താന്‍ ഇവര്‍ നിര്‍ബന്ധിതരായത്. മെയ് 20-ന് സമരം തുടങ്ങി.

Image of land struggle in front of Malappuram Collectorate
ആദിവാസി ഭൂസമരം Samakalika Malayalam

ചോരാത്ത വീടും ജീവിക്കാന്‍ നിലവും

ഭൂരഹിതരായ പട്ടിക വിഭാഗക്കാര്‍ക്ക് ഭൂമി ഉറപ്പാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന 2009-ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് നിലമ്പൂര്‍ ആദിവാസി ഭൂസമരസമിതി ആവശ്യപ്പെടുന്നത്. 50 സെന്റാണ് ആവശ്യപ്പെട്ടതെങ്കിലും 2023-ല്‍ സമരം നടക്കുന്ന ഘട്ടത്തില്‍ പത്തും ഇരുപതും സെന്റ് ഭൂമി ചില കുടുംബങ്ങള്‍ക്കു പതിച്ചു നല്‍കിയിരുന്നു. വീട് വെക്കാനും കൃഷി ചെയ്യാനും ജീവിത ചുറ്റുപാടൊരുക്കാനും ഉതകുന്ന രീതിയില്‍ ഭൂമി വേണമെന്ന ആവശ്യം അട്ടിമറിച്ചായിരുന്നു ഈ വിതരണം. ഉദ്യോഗസ്ഥ- രാഷ്ട്രീയ തലത്തില്‍ ആളുകളെ സമ്മര്‍ദത്തിലാക്കിയാണ് ഇതിനു സമ്മതിപ്പിച്ചതെന്നു സമരത്തിനു നേതൃത്വം നല്‍കുന്ന ബിന്ദു വൈലശ്ശേരി പറയുന്നു. സമരത്തിനു പോയാല്‍ ഇതുംകൂടി കിട്ടില്ലെന്നു ഭയപ്പെടുത്തിയാണ് ആദിവാസി കുടുംബങ്ങളെ സമ്മതിപ്പിച്ചതെന്ന് ബിന്ദു പറയുന്നു. ഭൂസമരം എന്നു കേള്‍ക്കുമ്പോഴെ അഞ്ചോ പത്തോ സെന്റ് ഭൂമി ഒരു വീട് വെക്കാന്‍ മാത്രം നല്‍കിയാല്‍ മതി എന്ന തരത്തിലാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചിന്തിക്കുന്നത്. സ്വന്തമായി കൃഷിചെയ്ത് സ്വയംപര്യാപ്തരായി ജീവിക്കാനുള്ള സാഹചര്യം ഗോത്രവിഭാഗങ്ങള്‍ക്ക് ഒരിക്കലും നല്‍കുന്നില്ല. പലപ്പോഴും കൃഷി ചെയ്യാന്‍ പറ്റാത്ത ഭൂമിയാണ് നല്‍കുന്നതും. എസ്റ്റേറ്റുകളിലും തോട്ടങ്ങളിലും കുറഞ്ഞകൂലിയില്‍ പണിയെടുക്കേണ്ടിവരുന്നതാണ് ഭൂരിഭാഗം ആദിവാസികളുടേയും ജീവിതം.

നിലമ്പൂര്‍ മണ്ഡലത്തില്‍ മാത്രം 171 ആദിവാസി സെറ്റില്‍മെന്റുകളുണ്ട്. നിലമ്പൂര്‍ താലൂക്കില്‍ 14013 പട്ടികവര്‍ഗക്കാരുണ്ട്. ഇപ്പോള്‍ സമരത്തിലുള്ളവരില്‍ അന്‍പതോളം കുടുംബങ്ങള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍പ്പെട്ടവരാണ്. പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ് സമരമിരിക്കുന്നത്. ''വോട്ട് വാങ്ങാനെത്തുന്നവര്‍ എം.എല്‍.എയും മന്ത്രിയും ആകും. പിന്നീട് ഞങ്ങളെ തിരിഞ്ഞ് നോക്കില്ല. കയറിക്കിടക്കാന്‍ ചോരാത്ത ഒരു വീടാണ് ഞങ്ങളുടെ ആവശ്യം. ഇത്രയും ദിവസമായി കളക്ടറേറ്റിനു മുന്നില്‍ കിടക്കുന്നു. ഞങ്ങളെങ്ങനെ ജീവിക്കുന്നു എന്ന് ആരും തിരിഞ്ഞുനോക്കുന്നില്ല. എന്തിനാണ് ഞങ്ങള്‍ വോട്ട് ചെയ്യുന്നത്'' -സമരമിരിക്കുന്ന എണ്‍പതുകാരി നീലി ചോദിക്കുന്നു.

Image of Ayinoor Vasu
ഗ്രോ വാസുSamakalika Malayalam

തൊണ്ണൂറ്റിയേഴിലും സമരമിരിക്കുന്ന ഗ്രോ വാസു

97 വയസ്സായി മനുഷ്യാവകാശ പ്രവര്‍ത്തകനും തൊഴിലാളി നേതാവുമായ അയിനൂര്‍ വാസു എന്ന ഗ്രോ വാസുവിന്. നിലമ്പൂരില്‍ ആദിവാസി ഭൂസമരസമിതി നടത്തുന്ന സമരത്തില്‍ മഴയേയും തണുപ്പിനേയും നോക്കാതെ അദ്ദേഹവും സമരമിരിക്കുന്നുണ്ട്. നാവ് ശബ്ദിക്കുന്ന കാലത്തോളം മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുമെന്ന അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ വെറും വാക്കുകളല്ല. രണ്ട് തവണ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ആദ്യഘട്ട സമരം നടക്കുമ്പോള്‍ കളക്ടറുമായുള്ള ഒത്തുതീര്‍പ്പില്‍ സാക്ഷിയായിരുന്നു ഗ്രോ വാസു. അതു ലംഘിക്കപ്പെട്ട് രണ്ടാംഘട്ട സമരത്തിലേയ്ക്ക് സമരസമിതി പ്രവേശിച്ചതോടെ അദ്ദേഹവും മലപ്പുറത്തെത്തി സമരത്തില്‍ ചേരുകയായിരുന്നു. അദ്ദേഹം സമരമിരുന്നിട്ടും ഇത്രയും ദിവസമായിട്ടും ഉദ്യോഗസ്ഥരാരും ഒരു തവണപോലും തുടര്‍ നടപടികള്‍ക്കായി ശ്രമിച്ചിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും അവഗണിച്ചു. വിവിധ സംഘടനകളും സച്ചിദാനന്ദനടക്കമുള്ള നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്.

''ഒരു വര്‍ഷത്തോളം പട്ടിണിസമരം നടത്തി നേടിയെടുത്ത കരാറാണ്. അതു നടപ്പാക്കാനുള്ള ബാധ്യത ഉദ്യോഗസ്ഥര്‍ക്കില്ലേ?''എന്നാണ് സമരത്തിനു നേതൃത്വം കൊടുക്കുന്ന ബിന്ദു വൈലശ്ശേരി ചോദിക്കുന്നത്. ''മൂന്ന് പ്രാവശ്യം സമയം നീട്ടി ചോദിച്ചു. ഞങ്ങള്‍ അതു സമ്മതിച്ചു. പക്ഷേ, കാര്യങ്ങളൊന്നും മുന്നോട്ട് പോയില്ല. പിന്നെയും സമയം നീട്ടി ചോദിച്ചപ്പോഴാണ് സമരം പ്രഖ്യാപിച്ച് ഇറങ്ങിപ്പോരേണ്ടിവന്നത്. സമരം തുടങ്ങി ഇതുവരെ ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയിട്ടില്ല'' -ബിന്ദു പറയുന്നു.

നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലാണ് ബിന്ദു. കുട്ടിക്കാലം തൊട്ടേ കാണുന്ന കഷ്ടപ്പാടും അനുഭവങ്ങളുമാണ് അവകാശപ്പോരാട്ടങ്ങള്‍ക്കായി ബിന്ദുവിനെ മാറ്റിയത്. 2005-ല്‍ വനാവകാശനിയമം നടപ്പിലാക്കിയതിനുശേഷം നിരവധി സമരങ്ങളില്‍ ബിന്ദു പങ്കെടുത്തു. വനാവകാശം അനുവദിച്ച് കിട്ടാന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്തു. വിവിധ ജില്ലകളിലെ ഫോറസ്റ്റ് ഓഫീസുകളിലേയ്ക്ക് നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു. നിലമ്പൂരിലെ ആദിവാസികളുടെ പോരാട്ടത്തിനൊപ്പം ബിന്ദു നിന്നു. 2023-ല്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിനു മുന്നില്‍ ബിന്ദു നടത്തിയ സമരം യഥാര്‍ത്ഥത്തില്‍ പട്ടിണിസമരം തന്നെയായിരുന്നു. 314 ദിവസമായിരുന്നു അന്ന് സമരമിരുന്നത്.

ആദ്യത്തെ 16 ദിവസം വെള്ളം മാത്രം കുടിച്ചായിരുന്നു സമരം. ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിലേയ്ക്ക് മാറ്റി. അവിടേയും നിരാഹാരം തുടര്‍ന്നു. ആരോഗ്യസ്ഥിതി തീരെ മോശമായതോടെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ചായ, കഞ്ഞിവെള്ളംപോലെയുള്ള പാനീയങ്ങള്‍ മാത്രം കുടിച്ചാണ് 314 ദിവസം തള്ളിനീക്കിയത്. ഇതിനിടയില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ഗോത്രവിഭാഗത്തിന് അനുകൂലമായ തരത്തിലായിരുന്നില്ല ഒത്തുതീര്‍പ്പ് വ്യവസ്ഥകളൊന്നും. അതുകൊണ്ടുതന്നെ ഓരോ തവണയും ചര്‍ച്ച പരാജയപ്പെട്ടു. ബിന്ദുവിന്റെ ആരോഗ്യസ്ഥിതി തീരെ മോശമായതോടെയാണ് 50 സെന്റ് ഭൂമി എന്നത് അംഗീകരിക്കപ്പെട്ടത്. പക്ഷേ, ആ വ്യവസ്ഥകളാണ് വളരെ നിസ്സാരമായി നടപ്പിലാക്കാതിരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞത്. അതിനെത്തുടര്‍ന്നാണ് ബിന്ദു വൈലശ്ശേരി വീണ്ടും സമരം ഏറ്റെടുത്തത്.

സമരമിരിക്കുക എന്നത് അധികൃതര്‍ കാണുന്നതുപോലെ നിസ്സാരമായ കാര്യമല്ല. പല കാര്യങ്ങളും വിട്ടെറിഞ്ഞാണ് ഓരോ മനുഷ്യരും നാളെയെങ്കിലും നന്നായി ജീവിക്കാം എന്ന പ്രതീക്ഷയോടെ സമരമിരിക്കുന്നത്. സമരത്തിന്റെ പേരില്‍ പണിക്കു പോകാന്‍ പറ്റാതായതോടെ മിക്ക വീടുകളും പട്ടിണിയിലാണ്. അരക്ഷിതമായ അവസ്ഥയിലാണ് അവരുടെ കുഞ്ഞുങ്ങള്‍ ഊരുകളില്‍ താമസിക്കുന്നത്. ആ കുഞ്ഞുങ്ങളുടെ പഠനനിലവാരം ഉയര്‍ത്താന്‍ എന്തൊക്കെ പദ്ധതികള്‍ കൊണ്ടുവന്നാലും എങ്ങനെയാണ് കഴിയുക. അടിസ്ഥാന പ്രശ്‌നം എന്തെന്ന് മനസ്സിലാക്കി പരിഹരിക്കാനുള്ള നടപടികള്‍ ഒരിക്കലും ഉണ്ടാവുന്നില്ല.

ആദിവാസി വിഭാഗങ്ങളുടെ ഭൂമി പ്രശ്‌നം എന്തുകൊണ്ടായിരിക്കും സര്‍ക്കാറുകള്‍ക്ക് പരിഹരിക്കാന്‍ പറ്റാത്തത്. നിലമ്പൂരിലെ കുട്ടികളുടെ കത്തില്‍ പറയുന്നതുപോലെ ജീവിക്കാന്‍വേണ്ടി ജീവിതകാലം മുഴുവന്‍ സമരം നടത്തേണ്ടിവരുന്നത് എന്തുകൊണ്ടാണ്? അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും സര്‍ക്കാറുകള്‍ പരാജയപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. നല്‍കാന്‍ ഭൂമിയില്ലാത്തതല്ല കാരണമെന്ന് വിവിധ ഘട്ടങ്ങളിലായുള്ള പല കണക്കുകളിലൂടേയും വ്യക്തമാണ്. അധികാരം ജനജീവിതത്തെ സുഗമമാക്കാന്‍ ഉപയോഗിക്കണമെന്ന പ്രാഥമിക പാഠം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മറക്കുന്നു. വീണ്ടും തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് നാട്.

തെരഞ്ഞെടുപ്പിന്റെ തിരക്കായതുകൊണ്ടാണ് പരിഗണിക്കാന്‍ പറ്റാത്തതെന്നാണ് ലഭിക്കുന്ന വിവരമെന്ന് സമരസമിതി പ്രവര്‍ത്തകനായ അകമ്പാടത്തെ ബാലന്‍ പറയുന്നു. ഉപതിരഞ്ഞെടുപ്പിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരാനുണ്ട്. തെരഞ്ഞെടുപ്പിന്റെ തിരക്കുണ്ട്. പക്ഷേ, ആര്‍ക്കുവേണ്ടിയാണ് തെരഞ്ഞെടുപ്പ് എന്നതുമാത്രം ചര്‍ച്ചയാവുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com