2023 ഫെബ്രുവരി 27 നാണ് ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന ഷീല സണ്ണിയെ ബാഗിലും സ്‌കൂട്ടറിലും എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ സൂക്ഷിച്ച കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തില്‍ അവ വ്യാജ സ്റ്റാമ്പുകളെന്നു തെളിഞ്ഞു. അപ്പോഴേയ്ക്കും രണ്ടരമാസം നീണ്ട ജയില്‍വാസം അവര്‍ അനുഭവിക്കേണ്ടിവന്നു. സമൂഹത്തിലും ജീവിതത്തിലും ഒറ്റപ്പെട്ട സന്ദര്‍ഭങ്ങള്‍ അവരെ പിടിച്ചുലച്ചു. തുടരന്വേഷണത്തില്‍ ഷീലയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസിനു പങ്കുണ്ടെന്ന് എക്‌സൈസ് കണ്ടെത്തി. ഹൈക്കോടതിയില്‍ കഴിഞ്ഞവര്‍ഷം അവര്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചു. കേസന്വേഷിക്കുന്ന എക്‌സൈസ് സംഘം കുടുക്കാനും മാനസികമായി പീഡിപ്പിക്കാനും ശ്രമിക്കുന്നുവെന്ന് ലിവിയ കോടതിയില്‍ ആരോപിച്ചു.
തുടര്‍ന്ന് ലിവിയയെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണസംഘത്തിനു കോടതി നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് അവരുടെ സുഹൃത്ത് തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിലേയ്ക്ക് അന്വേഷണമെത്തി. ഷീല സണ്ണിയുടെ കൈവശം മയക്കുമരുന്നുണ്ടെന്നു വിളിച്ചറിയിച്ചത് നാരായണദാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഈ കേസ് സംബന്ധിച്ച് പ്രതികളും എക്‌സ്സൈസ് ഉദ്യോഗസ്ഥനും തമ്മില്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അത് ശരിവയ്ക്കുന്ന നിലയിലായിരുന്നു പിന്നീട് നടന്ന സംഭവങ്ങള്‍. വ്യാജകേസ് ചമയ്ക്കാന്‍ കൂട്ടുനിന്നെന്ന കണ്ടെത്തലില്‍, ഈ കേസന്വേഷിച്ച ചാലക്കുടി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സതീശനെ എക്സൈസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തു. കേസിനാസ്പദമായ സംഭവം നടന്ന ഫെബ്രുവരി 27-ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ. സതീശന്‍ നാരായണദാസിനേയും കൂട്ടി ഷീല സണ്ണിയുടെ ബ്യൂട്ടിപാര്‍ലര്‍ പരിസരത്ത് എത്തിയതായും ഇവര്‍ തമ്മില്‍ നേരത്തെ ഫോണ്‍ സംഭാഷണം നടത്തിയതായും എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിലുണ്ടെന്ന്, നഷ്ടപരിഹാര കേസില്‍ ഷീലയുടെ അഭിഭാഷകനായ അഡ്വ. സഞ്ജു ശിവന്‍ പറഞ്ഞു. 72 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. യഥാര്‍ത്ഥ സംഭവവും എക്സൈസ് മഹസറും തമ്മില്‍ ബന്ധമില്ല. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തതില്‍ ഉള്‍പ്പെടെ പിഴവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''തെറ്റായ ആരോപണങ്ങള്‍ ജീവിതം നശിപ്പിക്കും. അവ ഉന്നയിക്കുന്നവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഇത്തരം കേസുകളിലെ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്ത് അന്വേഷണത്തിനു വിധേയമാക്കണം. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ശിക്ഷകള്‍ക്കു പുറമേ നിയമപ്രകാരം ഇരകള്‍ക്കു പരമാവധി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണം.'' 2025 ജനുവരി 28-ന് നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നടത്തിയ
പ്രസ്തുത പരാമര്‍ശം ഷീല സണ്ണി നേരിട്ട ദുരനുഭവങ്ങളിലേയ്ക്കു വിരല്‍ചൂണ്ടുന്നതായിരുന്നു. ഏഴു ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥര്‍ നാരായണദാസിനെ അറസ്റ്റ് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. ഇതാണ് ഇതുവരെ നടന്നതിന്റെ രത്‌നച്ചുരുക്കം.
നാട്ടില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ചെന്നൈയില്‍ ഒരു കുടുംബത്തോടൊപ്പം കുട്ടിയെ പരിചരിക്കുന്ന തൊഴില്‍ ചെയ്തു ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ ഷീല. ചെയ്യാത്ത കുറ്റത്തിനു ജയില്‍വാസം അനുഭവിക്കേണ്ടിവന്ന അവരുടെ ജീവിതം നമ്മുടെ നീതിന്യായ വ്യവസ്ഥയെക്കുറിച്ചും കുറ്റാരോപണങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഒരു നിമിഷംകൊണ്ട് ജീവിതം ഇരുള്‍വിഴുങ്ങിയ ആ കാലത്തെക്കുറിച്ച് ഷീല സണ്ണി സംസാരിക്കുന്നു:
2016-ല്‍ ചാലക്കുടി നോര്‍ത്തിലാണ് ഷീ സ്‌റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ തുറന്നത്. ത്രെഡിംഗ് ചെയറും ഫേഷ്യല്‍ ബെഡ്ഡും മാത്രമുള്ള ഒരു മുറിയായിരുന്നു പാര്‍ലര്‍. ടെയ്ലറിങ്ങിന് ഒരു ചേച്ചിയും കൂടെക്കൂടി. മാസവാടക 5000 രൂപ. ഒരു ബ്യൂട്ടിപാര്‍ലറില്‍ എട്ടു വര്‍ഷം ജോലി ചെയ്ത പരിചയം ഉണ്ടായിരുന്നു. ഹോട്ടല്‍ വെയ്റ്ററായും സെക്യൂരിറ്റിയായും ഭര്‍ത്താവ് സണ്ണി ജോലി ചെയ്തിട്ടുണ്ട്. ഒരു മകനും മകളുമാണ് ഞങ്ങള്‍ക്ക്. ഒരുമിച്ചായിരുന്നു താമസം. 2022-ല്‍ മകന്റെ കല്ല്യാണം. കല്ല്യാണാലോചന വന്നപ്പോള്‍ അവന്‍ ലോണെടുത്ത് വീടുവെച്ചു. അതുവരെ വാടകവീട്ടിലായിരുന്നു വാസം. കല്ല്യാണം കഴിഞ്ഞ് മകന്‍ ചാലക്കുടിയില്‍ മൊബൈല്‍ ഷോപ്പ് തുടങ്ങി. കൊറോണക്കാലത്ത് മകളുടെ വിവാഹം നടന്നു. കടുത്ത സാമ്പത്തിക ബാധ്യതകള്‍ ഉള്ളതിനാല്‍ ഇറ്റലിയിലേയ്ക്ക് ഹോം കെയര്‍ ജോലിക്കു പോകാന്‍ ഞാന്‍ രണ്ടുവട്ടം ശ്രമിച്ചു. അതൊന്നും ശരിയായില്ല. ആ വകയില്‍ ഒരു ലക്ഷം രൂപയുടെ ബാധ്യത തലയിലായി. രാവിലെ എട്ടു മണിക്ക് പാര്‍ലറില്‍ എത്തും. രാത്രി എട്ടു മണിയോടെ തിരികെ വീട്ടിലും. ഇതിനിടയില്‍ കുറച്ചുനേരം മകളെ അയച്ച വീട്ടില്‍ കയറി കുഞ്ഞിനെ കളിപ്പിക്കും. അതായിരുന്നു എന്റെ ചെറിയ ലോകം.
അവര്‍ വന്നു; 'തെളിവുകള്‍' കണ്ടെടുത്തു
അന്ന് ഒരു തിങ്കളാഴ്ചയായിരുന്നു. നൊയമ്പുകാലമായതിനാല്‍ പാര്‍ലറില്‍ തീരെ തിരക്കില്ല. ഒരു ത്രെഡ്ഡ് വര്‍ക്ക് മാത്രം. ഉച്ചഭക്ഷണം കഴിഞ്ഞ് മൊബൈല്‍ നോക്കി ഒന്നുമയങ്ങി. പെട്ടെന്നു കുറേപ്പേര്‍ മുറിക്കുള്ളിലേയ്ക്ക് കയറിവരുന്ന ഒച്ച കേട്ട് ഞെട്ടിയുണര്‍ന്നു. അവര്‍ എക്‌സൈസുകാരാണെന്ന് എനിക്കു മനസ്സിലായില്ല. രണ്ടു പേര്‍ക്കേ യൂണിഫോമുണ്ടായിരുന്നുള്ളൂ.
''ഷീലാ സണ്ണിയല്ലേ, ഇവിടെ നിങ്ങള്‍ക്കു മയക്കുമരുന്നിന്റെ ബിസിനസ്സാണെന്ന് ഞങ്ങള്‍ക്കു വിവരം കിട്ടി.
നിങ്ങളുടെ വണ്ടിയിലും ബാഗിലും മയക്കുമരുന്നുണ്ട്. പരിശോധിക്കണം.'' അവരിലൊരാള്‍ ശബ്ദമുയര്‍ത്തി പറഞ്ഞ് എന്റെ ഫോണ്‍ വാങ്ങിവെച്ചു.
ഞാന്‍ പേടിച്ച് ബാഗ് എടുത്തുകൊടുത്തു. ഉള്ളറയില്‍ ചെറിയ ഹോള്‍ അവര്‍ കണ്ടെത്തി. ഞാനത് ശ്രദ്ധിച്ചിരുന്നില്ല. അതില്‍നിന്ന് ഒരു ചെറിയ പൊതി അവര്‍ വലിച്ചെടുത്തു. അതു പരിശോധിച്ച് എല്‍.എസ്.ഡി സ്റ്റാമ്പാണെന്നു പരസ്പരം പറഞ്ഞു. എന്താണെന്ന് എനിക്കു മനസ്സിലായില്ല.
''നിങ്ങള്‍ക്കിതിന്റെ
ബിസിനസ്സാണല്ലേ. നിങ്ങളുടെ വണ്ടിയിലും സാധനമുണ്ട്. പരിശോധിക്കണം'' -മറ്റൊരാള്‍ പറഞ്ഞു. ഫോണ്‍ തന്നു മകനെ ഉടനെ വിളിക്കാന്‍ പറഞ്ഞു. ഞാനവനെ വിളിച്ച് കാര്യം പറഞ്ഞു. അപ്പോഴേയ്ക്ക് കേട്ടറിഞ്ഞ് പാര്‍ലറിനു ചുറ്റും ആളുകള്‍ തടിച്ചുകൂടി. അരമണിക്കൂറിനകം മകന്‍ വന്നു. അവനും കാര്യത്തിന്റെ ഗൗരവം തിരിഞ്ഞില്ല. എക്‌സൈസ് സംഘം പാര്‍ലറിനു താഴെ വണ്ടി പരിശോധിക്കാന്‍ പോയി. ഇന്‍ഷ്വറന്‍സ് പേപ്പറിന്റെ കവറില്‍ അടച്ച നിലയില്‍ വീണ്ടും സ്റ്റാമ്പുകള്‍ കണ്ടെത്തി. ഒന്നും മനസ്സിലാകാതെ ഞാന്‍ നടുങ്ങിപ്പോയി.
''മമ്മി ഇന്നെവിടെയാണ് പോയത്?''- അവിടെയെത്തിയ മകന്‍ ചോദിച്ചു. ഞാനെങ്ങും പോയിരുന്നില്ല എന്നതാണ് സത്യം. എന്നിട്ടും ഞാന്‍ വെറുതേ ഓര്‍ത്തു, എവിടെയെങ്കിലും പോയിരുന്നോ?
ഉത്തരമറിയാത്ത ചോദ്യങ്ങള്‍
മയക്കുമരുന്ന് സ്റ്റാമ്പ് രൂപത്തില്‍ ഉണ്ടെന്നു ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ദാഹിച്ചു, തൊണ്ടവരണ്ടു. കുറെ വെള്ളം കുടിച്ചു. അറസ്റ്റായിരുന്നു അടുത്ത നടപടി. ജീവനില്ലാത്ത മനുഷ്യശരീരം പോലെയായി ഞാന്‍. ശ്വാസം മാത്രമുണ്ട്. പക്ഷേ, ചലിക്കാനാകുന്നില്ല. ചുറ്റും മുഴങ്ങുന്ന സംഭാഷണം കേട്ടിട്ടും അര്‍ത്ഥം തിരിയുന്നില്ല. ആരെയെങ്കിലും സംശയമുണ്ടോന്ന് അവരിലൊരാള്‍ ചോദിച്ചു. സംശയിക്കാന്‍ എനിക്കാരാണുള്ളത്. അങ്ങനെപോലും ഒരാളുടേയും മുഖം മനസ്സിലുണ്ടായിരുന്നില്ല.
''പിന്നെങ്ങനെ സ്റ്റാമ്പ് നിങ്ങടെ ബാഗിലെത്തി. ഒരു മാസം മുന്‍പേ പരാതി കിട്ടിയതാണ്. അന്നുമുതല്‍ നിങ്ങള്‍ നിരീക്ഷണത്തിലായിരുന്നു.'' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതുകേട്ട് ഞാന്‍ വിറച്ചുപോയി. എന്നെ ജീപ്പില്‍ കയറ്റുമ്പോള്‍ കെട്ടിടത്തിനു മുന്നില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. എല്ലാ ദിവസവും സമാധാനത്തോടെ കയറിവന്നിരുന്ന ഒരിടത്തുനിന്നു ജീപ്പില്‍ കുറ്റവാളിയായി കൊണ്ടുപോകുന്നു. ചാലക്കുടി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലേയ്ക്ക് ജീപ്പ് ചെന്നുനിന്നു. അവിടെ എന്നെ പകര്‍ത്താന്‍ ചാനലുകാരുടേയും പത്രക്കാരുടേയും ഭയങ്കര ബഹളം. ഒരു ഓഫീസര്‍ ചെവിയില്‍ പറഞ്ഞു: ''മുഖം മറച്ചുപിടിക്കൂ.'' അങ്ങനെ ചിന്തിക്കാനുള്ള ബോധംപോലും എനിക്കപ്പോഴില്ലായിരുന്നു. അവിടെനിന്ന് ചാലക്കുടി ഗവണ്‍മെന്റ് ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി. പ്രഷര്‍ ഇല്ലാതിരുന്ന എനിക്ക് പരിശോധനയില്‍ ഹൈ ബി.പി രേഖപ്പെടുത്തി. മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയെങ്കിലും അത് മജിസ്‌ട്രേട്ടാണെന്ന് എനിക്കു മനസ്സിലായില്ല. മനസ്സ് അത്രമേല്‍ കൈവിട്ടുപോയിരുന്നു. രാത്രി ഒന്‍പതുമണിയായി.
വീട്ടില്‍പോയി എന്റെ വസ്ത്രങ്ങള്‍ എടുത്തുകൊണ്ടുവരാന്‍ അവര്‍ മകനോട് പറഞ്ഞു. ആരെയെങ്കിലും സംശയമുണ്ടോന്ന് മജിസ്‌ട്രേറ്റിന്റെ മുന്‍പാകേയും ചോദിച്ചെങ്കിലും മറുപടി പറയാനാകാതെ ഞാന്‍ വിറങ്ങലിച്ചു.
രാത്രി പതിനൊന്നരയോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് എന്നെ കൊണ്ടുപോയി. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ജയില്‍ ഞാന്‍ ആദ്യമായി കണ്ടു. അടിപിടി കേസില്‍പ്പെട്ട സ്ത്രീയും ഒപ്പമുണ്ടായിരുന്നു. ജയില്‍വാസികള്‍ ഉറക്കം പിടിച്ചിരുന്നു. ഒരു വലിയ ഹാള്‍ പോലെയുളള ജയില്‍. അപ്പുറത്തും ഇപ്പുറത്തും അനേകം കട്ടിലുകള്‍. ഞങ്ങള്‍ക്ക് ഒരു കട്ടിലേയുള്ളൂ. ഒരാള്‍ കട്ടിലിലും ഒരാള്‍ താഴെയും കിടക്കാന്‍ പറഞ്ഞിട്ട് ജീവനക്കാരി പോയി. രാത്രി ഒരുപോള കണ്ണടച്ചില്ല. കണ്ണടയ്ക്കുമ്പോളേക്കും ഉള്ളില്‍ ഭയം നിറഞ്ഞു. എങ്ങനെയെങ്കിലും മരിച്ചാല്‍ മതിയെന്നു തോന്നി. ഇരുന്നു നേരം വെളുപ്പിച്ചു. രാവിലെ അന്തേവാസികള്‍ക്കു ചായ കൊടുക്കുന്നുണ്ടായിരുന്നു. അവിടെ മൂലയ്ക്ക് ഒന്നര വയസ്സുള്ള കുട്ടിയെ മടിയില്‍വെച്ച് സ്ത്രീ ഇരിക്കുന്നതു കണ്ടു. അവരെ കണ്ടപ്പോള്‍ മകളേയും കുഞ്ഞിനേയും ഓര്‍മ്മവന്നു. മകള്‍ രണ്ടാമതും ഗര്‍ഭിണിയായിരുന്നു. പെട്ടെന്ന് എനിക്കു സങ്കടം സഹിക്കാന്‍ വയ്യാതായി. ഒരു മൂലയിലേയ്ക്ക് ഓടിപ്പോയിരുന്നു പൊട്ടിക്കരഞ്ഞു. അതുകണ്ട് തലേദിവസം കൂടെയുണ്ടായിരുന്ന സ്ത്രീ ചായ എടുത്തുതന്നു കരയേണ്ടെന്നു പറഞ്ഞു. ഞാനതു കുടിച്ചില്ല. അങ്ങനെ ആദ്യ ദിവസം കഴിഞ്ഞു. ബുധനാഴ്ച ഭര്‍ത്താവും മരുമകനും കൂട്ടുകാരനും വന്നു. അവരെ കണ്ടപ്പോള്‍ സമാധാനമായി.
''മമ്മി ഇതു ചെയ്യില്ലെന്ന് എല്ലാവര്‍ക്കുമറിയാം. മമ്മിയെ നേരിട്ടറിയുന്നവരൊന്നും ഇതു വിശ്വസിക്കില്ല. തിങ്കളാഴ്ച എവിടെയെങ്കിലും പോയിരുന്നോ?'' -മരുമകന്‍ ചോദിച്ചു. ഓര്‍മ്മയില്‍ പരതിയിട്ടും ഒന്നും പറയാനില്ലായിരുന്നു. ചാനലുകളിലെല്ലാം എന്റെ മുഖമാണ് കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു. മകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സ് നീറുകയായിരുന്നു. ഒരു കുറ്റവും ചെയ്യാത്തതുകൊണ്ടാകാം മനസ്സില്‍ ചെറിയ ധൈര്യം പതുക്കെ വന്നു.
''ദൈവത്തിനിഷ്ടമാണെങ്കില്‍ ഇവിടെനിന്നു പുറത്തിറക്കട്ടെ. അല്ലെങ്കില്‍ ജീവിതകാലം മുഴുവനും ഇവിടെ കഴിയാം. നിങ്ങള്‍ വിഷമിക്കണ്ട. മരിക്കാനൊന്നും ഞാന്‍ പോകുന്നില്ല.'' മടങ്ങുമ്പോള്‍ അവരോട് അതുവരെയില്ലാത്ത ധൈര്യത്തോടെ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് മകനും മരുമകളും വന്നു. കേസിന്റെ കാര്യത്തിനായി ആദ്യം മകന്‍ ഒരു വക്കീലിനെ ഏര്‍പ്പാടാക്കിയിരുന്നു. ജാമ്യത്തിന് അയാള്‍ ശ്രമിക്കാത്തതിനാല്‍ പിന്നീട് വക്കീലിനെ മാറ്റി. മരുമകന്റെ കൂട്ടുകാരന്‍ അഡ്വ. നിഫിനായിരുന്നു അഭിഭാഷകന്‍.
ഇതിനിടെ ഭര്‍ത്താവ് തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിക്കും എക്‌സൈസ് കമ്മിഷണര്‍ക്കും പരാതി കൊടുത്തു. മജു സാര്‍ അടക്കം രണ്ട് ഓഫീസര്‍മാര്‍ അന്വേഷണത്തിനായി വന്നു.
''സാര്‍ എന്റെ ഫോണും ബാങ്ക് അക്കൗണ്ടും ചെക്ക് ചെയ്താല്‍ മതിയല്ലോ ഞാന്‍ കുറ്റവാളിയല്ലെന്നു മനസ്സിലാകാന്‍.'' അന്ന് എന്റെ ബാങ്ക് അക്കൗണ്ടില്‍ 136 രൂപയായിരുന്നു ബാലന്‍സ്. പഴ്‌സിലാകട്ടെ 900 രൂപയും.
ഓരോ വട്ടവും ചോദ്യം ചെയ്യുമ്പോഴാണ് മാനസികമായി തകര്‍ന്നത്. ചെയ്യാത്ത കുറ്റത്തിനു ഞാന്‍ എന്തു പറഞ്ഞാലാണ് ഉത്തരമാകുക? അവര്‍ കുത്തിക്കുത്തി ചോദിക്കും. അങ്ങനെ ഒരു ഘട്ടമെത്തിയപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു: ഞാന്‍ കുടുങ്ങി, ഇനി രക്ഷയില്ല... ഇനിയൊരിക്കലും പുറംലോകം കാണില്ല.
ഒന്നരാടം വീട്ടിലേയ്ക്ക് ഫോണ്‍ വിളിക്കാന്‍ പറ്റും. അപ്പോഴെല്ലാം മോളെ വിളിച്ച് കരയും. അവള്‍ പറയും: ''ഞങ്ങള്‍ക്ക് മമ്മി മാത്രമേയുള്ളൂ, വിഷമിക്കാതിരിക്ക്. എല്ലാം പഴയപോലെയാകും.''
ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന പേടിയുണ്ടായിരുന്നു മകള്‍ക്ക്. ജയിലില്‍ ലൈബ്രറിയുണ്ടായിരുന്നു. കുറച്ചൊക്കെ വായിക്കുന്ന ശീലമുണ്ട്. ഒരു ദിവസം 'ആടുജീവിതം' വായിച്ചു. നജീബ് അനുഭവിച്ച കഷ്ടപ്പാട് വെച്ചുനോക്കുമ്പോള്‍ എത്ര ചെറുതാണ് എന്റെ ഗതികേടെന്നും ചിന്തിച്ചു. ഞായറാഴ്ചകളില്‍ സിസ്റ്റര്‍മാര്‍ പ്രാര്‍ത്ഥിക്കാന്‍ വരും. എനിക്കു വെറുതെയിരിക്കാന്‍ മടിയായിരുന്നു. എന്തെങ്കിലും പണി ചെയ്യാന്‍ കൂടാമെന്നു പറഞ്ഞു. അവിടെ ഞങ്ങള്‍ ചക്കയൊക്കെ ഇട്ട് മുറിച്ച് വൃത്തിയാക്കി പാചകം ചെയ്തു. പിന്നീട് അടുക്കളയില്‍ സഹായത്തിനു ഞാനും കൂടി. ജയിലില്‍ ഒരാളും മര്യാദവിട്ട് എന്നോട് പെരുമാറിയില്ല.
ജാമ്യം കിട്ടി മടങ്ങുമ്പോള്‍
72-ാം ദിവസം, മേയ് 10-നു ജാമ്യം കിട്ടി. മകളുടെ വീട്ടിലേയ്ക്കാണ് പോയത്. പുറത്തേയ്ക്ക് ഇറങ്ങാന്‍ തോന്നിയില്ല. വീട്ടില്‍ത്തന്നെ കഴിഞ്ഞുകൂടി. കേസിനെത്തുടര്‍ന്ന് പാര്‍ലറിന്റെ കെട്ടിടം ഒഴിയേണ്ടിവന്നിരുന്നു. അതു വലിയ സങ്കടമായി. മകളാകട്ടെ, മൊബൈല്‍ ഫോണ്‍ കുറേ ദിവസത്തേയ്ക്ക് തന്നില്ല. എന്നെക്കുറിച്ച് വന്ന വാര്‍ത്തകള്‍ ഞാന്‍ കാണരുതെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. ജൂണില്‍ മകള്‍ പ്രസവിച്ചു. അതേമാസം 29-ന് സ്റ്റാമ്പ് പരിശോധിച്ച് റിസല്‍ട്ട് വന്നു. സ്റ്റാമ്പ് ഒറിജിനലല്ല. ഈ വിവരം വക്കീലാണ് വിളിച്ചുപറഞ്ഞത്. എന്തുകൊണ്ടാണ് റിസള്‍ട്ട് പുറത്തെത്താന്‍ അത്രയും ദിവസം വൈകിയതെന്നും എനിക്കു മനസ്സിലായില്ല.
വീടു വിട്ടാല്‍ പാര്‍ലര്‍, പാര്‍ലര്‍ വിട്ടാല്‍ വീട് അങ്ങനെ ഒരു ചെറിയ ലോകമായിരുന്നു എന്റേത്. ഞാന്‍ തെറ്റുകാരിയല്ലെന്ന് അടുപ്പമുള്ളവര്‍ക്കറിയാം. അതൊന്നുമല്ല വിഷമം. അടുപ്പം പുലര്‍ത്തിയിരുന്ന ചിലര്‍ ഈ സംഭവത്തിനുശേഷം എന്നോട് മിണ്ടിയിട്ടില്ല. വിളിച്ചുപോലും ചോദിച്ചില്ല. അവരൊക്കെ എന്താകും കരുതുന്നത്? ഞാന്‍ കുറ്റം ചെയ്തന്നോ?
എനിക്ക് അതിജീവിക്കണമായിരുന്നു. മലപ്പുറത്തെ സന്നദ്ധസംഘടനയായ തണലിന്റെ പിന്തുണയോടെ 2023 ഓഗസ്റ്റ് രണ്ടിനു പഴയ കെട്ടിടത്തിനു സമീപത്ത് പുതിയ പാര്‍ലര്‍ തുറന്നു. പഴയതിനു പകരം പുതിയ ചെയറും അനുബന്ധ സാമഗ്രികളുമൊക്കെ വാങ്ങിയെങ്കിലും കസ്റ്റമേഴ്‌സ് അവിടേയ്ക്കു വന്നില്ല. ഓരോ ദിവസവും പ്രതീക്ഷയോടെ കാത്തിരുന്നു. വൈകുന്നേരങ്ങളില്‍ നിരാശ മൂടി തളര്‍ന്നു. കുറേപ്പേരുടെ കയ്യില്‍നിന്നു ഞാന്‍ പണം കടം വാങ്ങിയിരുന്നു. ആഡംബര ജീവിതം നയിച്ച ആളല്ല ഞാന്‍. മകളുടെ കല്ല്യാണം, ഇറ്റലിക്കു പോകാനുള്ള ശ്രമം അങ്ങനെ 12 ലക്ഷം രൂപയുടെ കടം. ഓരോ ദിവസം കഴിയുംതോറും അത് പെരുകിക്കൊണ്ടേയിരുന്നു. ഞാന്‍ കടംവാങ്ങിയവരെല്ലാം എന്നെപ്പോലെ പാവപ്പെട്ടവരായിരുന്നു. ബാധ്യത തീര്‍ക്കാതെ ഇനി മുന്നോട്ടുപോകാന്‍ വയ്യെന്നായി. ഒരു വര്‍ഷം പാര്‍ലര്‍ പ്രവര്‍ത്തിച്ചെങ്കിലും ഇങ്ങനെ നഷ്ടത്തില്‍ തുടരാനാകില്ലെന്നു മനസ്സിലായി. നമ്മള്‍ തെറ്റു ചെയ്തിട്ടില്ലെങ്കിലും സമൂഹത്തിനു മുന്നില്‍ കിട്ടിയ ചീത്തപ്പേര് അത്ര പെട്ടെന്നൊന്നും മായില്ല. നേരില്‍ കണ്ടാല്‍പോലും പലരും മിണ്ടാതെയായി. അങ്ങനെ പാര്‍ലര്‍ 2024 സെപ്റ്റംബറില്‍ മറ്റൊരാള്‍ക്കു കൈമാറി. അതിനുശേഷം ഇറ്റലിയിലേയ്ക്ക് പോകാന്‍ ശ്രമിച്ചെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടു. ഖത്തറിലേയ്ക്ക് പോകാനും ശ്രമിച്ചു. ശമ്പളം കുറവായതിനാല്‍ അതു വേണ്ടെന്നുവെച്ചു.
സ്റ്റാമ്പ് വ്യാജമാണെന്നു തെളിഞ്ഞതിന്റെ പിറ്റേയാഴ്ച ഹൈക്കോടതി എന്നെ കുറ്റവിമുക്തയാക്കി. പിടിച്ചെടുത്ത വണ്ടിയും ഫോണും (ഒരു മാസത്തിനുശേഷം) തിരിച്ചുതന്നു. ഇതിനു പിന്നില്‍ നടന്നതെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മകന്‍ വിളിച്ചിട്ട് കുറേയായി. മരുമകളുടെ അനിയത്തി കേസില്‍ പെട്ടതാകാം കാരണം. ലിവിയ മുന്‍കൂര്‍ ജാമ്യം എടുത്തു. അഡ്വ. ആളൂരാണ് വക്കീല്‍.
ജയിലില്‍വെച്ച് ചോദ്യം ചെയ്യുമ്പോള്‍ ബാംഗ്‌ളൂരില്‍ ആരെയെങ്കിലും പരിചയമുണ്ടോന്നു ചോദിച്ചു. ഇത്തരം സ്റ്റാമ്പുകള്‍ അവിടെ സുലഭമാണെന്നറിഞ്ഞായിരുന്നു ആ ചോദ്യം. ബാംഗ്ളൂരില്‍ ജോലി നോക്കിയ മരുമകളുടെ അനിയത്തിയുടെ പേര് അപ്പോഴാണ് ഞാന്‍ പറഞ്ഞത്. മറ്റു ചില വിവരങ്ങളും ഞാന്‍ ഓര്‍ത്തെടുത്തു പറഞ്ഞു.
സംഭവത്തിന്റെ തലേന്ന് 2023 ഫെബ്രുവരി 26-ന് ലിവിയ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു. അങ്കമാലി മറ്റൂരാണ് അവരുടെ വീട്. എന്റെ ഭര്‍ത്താവ് ആ ദിവസം വടക്കാഞ്ചേരിയില്‍ പോയിരിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് കുടുംബശ്രീയുടെ യോഗത്തിനു ഞാനും പോയി. മരുമകളും അനുജത്തിയും എന്റെ സ്‌കൂട്ടറില്‍ വൈകിട്ട് 5.45-ന് ചാലക്കുടിയിലെ മകന്റെ മൊബൈല്‍ ഷോപ്പിലേയ്ക്കു പോയി. രാത്രി ഒന്‍പതുമണിയോടെയാണ് അവര്‍ തിരികെയെത്തിയത്. അവരുടെ അമ്മയേയും അപ്പനേയും കൂട്ടി അവരുടെ കാറിലാണ് വന്നത്. ഭക്ഷണമൊക്കെ കഴിച്ച് അന്നു രാത്രി പതിനൊന്നുമണിയോടെ അവര്‍ മടങ്ങിപ്പോയി. എന്റെ സ്‌കൂട്ടര്‍ അന്നേദിവസം മറ്റാരും ഉപയോഗിച്ചിരുന്നില്ല.
ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് നാരായണദാസ് എക്‌സൈസിന് എന്റെ കൈവശം എല്‍.എസ്.ഡി സ്റ്റാമ്പുകളുണ്ടെന്ന വിവരം അറിയിച്ചത്. മരുമകളുടെ അനിയത്തിയുടെ പരിചയക്കാരനാണ് ഇയാളെന്ന് എക്‌സൈസ് വൈകാതെ കണ്ടെത്തി. ഇതുവരേയും അവര്‍ക്ക് ഇയാളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനു പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോന്നുപോലും എനിക്കറിയില്ല. എനിക്ക് സ്വത്തില്ല, സ്വന്തമായി വീടില്ല, ഇങ്ങനെയൊരാളെ കുടുംബത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ആരെങ്കിലും ആഗ്രഹിച്ചിരുന്നോ? പറഞ്ഞാല്‍ മതിയായിരുന്നു, ഞാന്‍ ഒഴിഞ്ഞുപോയേനല്ലോ.
മകന്‍ പണിത വീട്ടിലല്ല ഞാനും ഭര്‍ത്താവും ഇപ്പോള്‍ താമസം. ചാലക്കുടിയില്‍ വാടകവീടെടുത്തു. കേസിനും മറ്റു കാര്യങ്ങള്‍ക്കുമായി ഓടിനടന്ന് അദ്ദേഹത്തിന്റെ മുട്ടു തേഞ്ഞ് വയ്യാതായി. ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് ചെന്നൈയിലെത്തിയത്. കുറച്ചുനാള്‍ നാട്ടില്‍നിന്നു മാറിനില്‍ക്കാനും തോന്നി. ഇവിടെ ഒരു ഡേകെയറിലായിരുന്നു ജോലി. ഇപ്പോള്‍ അഞ്ചു മാസമായി മലയാളി കുടുംബത്തില്‍ അഞ്ചു വയസ്സുള്ള കുട്ടിയെ നോക്കുന്നു. ബാധ്യതകള്‍ ഓരോന്നായി തീര്‍ക്കണം. അന്തസ്സോടെ തല ഉയര്‍ത്തിപ്പിടിച്ച് ജീവിക്കണം. ശമ്പളം കിട്ടുന്ന തുകകൊണ്ട് കടം വീട്ടിക്കൊണ്ടിരിക്കുകയാണ്.
റിസല്‍ട്ട് വരാന്‍ എന്തുകൊണ്ട് വൈകി?
സ്റ്റാമ്പുകള്‍ വ്യാജമാണെന്നു കണ്ടെത്തിയിട്ടും റിസല്‍ട്ട് പുറത്തുവരാന്‍ എന്തുകൊണ്ടാകും വൈകിയത്? ഉത്തരം എനിക്കറിയില്ല. മാനനഷ്ടക്കേസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇനിയൊരാള്‍ക്കും ഈ ദുരനുഭവം ഉണ്ടാകരുത്. മനസ്സിന്റെ ധൈര്യംകൊണ്ട് ഞാന്‍ പിടിച്ചുനിന്നു. എന്നിട്ടും പലവട്ടം തകര്‍ന്നുതരിപ്പണമായി. കണ്ണടച്ചാലും കണ്ണുതുറന്നാലും ഇരുട്ടായിരുന്നു. ഒരു ദുര്‍ബ്ബലയായിരുന്നെങ്കില്‍ ഈ ഭൂമിയില്‍ ഞാനുണ്ടാകുമായിരുന്നില്ല. സത്യം ഒരിക്കല്‍ പുറത്തുവരും. ദൈവം എന്റെ കാര്യത്തില്‍ ഇടപെട്ടുവെന്നു ഞാന്‍ വിശ്വസിക്കുന്നു. തെറ്റുകാരിയല്ലെന്നറിഞ്ഞിട്ടും തെറ്റിദ്ധരിക്കപ്പെടുന്നതോളം സങ്കടം വേറെയുണ്ടോ? തളര്‍ന്നുവീണിട്ടും ഒരുവാക്കുപോലും പറയാത്തവരുണ്ട്. മുറിവില്‍ ഉപ്പ് തേച്ചവരുമുണ്ട്. ഒരിക്കല്‍ കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ കണ്ടാല്‍ മിണ്ടാതെയായി. ചിലര്‍ ചേര്‍ത്തുപിടിക്കുന്നുണ്ട്. നടന്നതെല്ലാം മറക്കാന്‍ ശ്രമിച്ചാലും, അത്രവേഗം മായില്ല. രാത്രിയില്‍ അലയടിക്കുന്ന കടലിനു മുന്നില്‍ നില്‍ക്കുംപോലെയാണ് ഓര്‍മ്മകള്‍. കാലം കടന്നുപോകുംതോറും ഇരുട്ട് കുറഞ്ഞുവരുന്നുണ്ട്. പക്ഷേ, സത്യം എന്നു തെളിയും.
ഷീല സണ്ണിയുടെ ദുരനുഭവം മറ്റൊരാള്‍ക്കും ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മുടെ നിയമസംവിധാനം മാറിയേ തീരൂ. ഒരു എക്‌സൈസ് ഇന്‍സ്പെക്ടര്‍ വിചാരിച്ചാല്‍ ഏതൊരു പൗരനെയും എന്‍.ഡി.പി.എസ് ആക്ട് (The Narcotic Drugs and Psychotropic Substances Act പ്രകാരം മാസങ്ങള്‍ ജയിലില്‍ ഇടാനാകുമെന്നതിന്റെ തെളിവാണ് ഈ കേസ്. ആധുനികമായ നിയമസംവിധാനങ്ങള്‍ വെറും എഴുത്തില്‍ മാത്രം ഒതുങ്ങുന്നു. ഷീല സണ്ണിയില്‍നിന്നും രാസലഹരി കണ്ടെടുത്ത സമയം ആ സ്റ്റാമ്പുകള്‍ പരിശോധിക്കാനുള്ള ടെസ്റ്റിംഗ് കിറ്റുകള്‍ എക്‌സൈസ് വകുപ്പിന്റെ കൈവശം ഇല്ലായിരുന്നു. മാത്രവുമല്ല, യഥാര്‍ത്ഥ സംഭവങ്ങള്‍ മറച്ചുവെച്ച് കളവായ മഹസ്സര്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി, ഷീലാ സണ്ണിക്കെതിരെ വ്യാജമായ രേഖകള്‍ ഉണ്ടാക്കി ജയിലിലാക്കുകയായിരുന്നു. അതിനാലാണ് 72 ദിവസം നിയമവിരുദ്ധ ജയില്‍വാസം അനുഭവിക്കേണ്ടിവന്നത്. രാസപരിശോധന ഫലം വന്നിട്ടും എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് മനപ്പൂര്‍വ്വം അത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്. ഇക്കാലത്തിനിടെ ഒരു പെറ്റി കേസ് പോലുമില്ലാത്ത വീട്ടമ്മയെ ജയിലില്‍ കടത്തിയതും യഥാര്‍ത്ഥ കുറ്റവാളികളെ ഇതുവരെ അറസ്റ്റ് ചെയ്യാതിരിക്കുന്നതും നഗ്‌നമായ നീതിനിഷേധമാണ്. Justice delayed is justice denied.
അഡ്വ. സഞ്ചു ശിവന്‍, കേരള ഹൈക്കോടതി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക