ഹാന്‍വീവില്‍ ശമ്പളം മുടങ്ങുന്നത് പതിവായിട്ട് 9 വര്‍ഷം; അറുപതോളം ഷോറൂമുകള്‍ പൂട്ടി; 200ലധികം ജീവനക്കാരെയും കുറച്ചു

ഹാന്‍വീവില്‍ ശമ്പളം മുടങ്ങുന്നത് പതിവായിട്ട് 9 വര്‍ഷം; അറുപതോളം ഷോറൂമുകള്‍ പൂട്ടി; 200ലധികം ജീവനക്കാരെയും കുറച്ചു
Updated on

ടുത്തിടെ ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ നടി അനന്യ ഷാന്‍ഭാഗ് കൈത്തറി വസ്ത്രം ധരിച്ചെത്തിയതില്‍ അതിന്റെ ഡിസൈനറായ പൂര്‍ണിമ ഇന്ദ്രജിത്തിനേയും അവരുടെ പ്രാണ എന്ന സ്വകാര്യ ഡിസൈനിങ് സ്ഥാപനത്തേയും പ്രകീര്‍ത്തിച്ചുകൊണ്ട് വ്യവസായമന്ത്രി പി. രാജീവും മുഖ്യമന്ത്രി പിണറായി വിജയനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. നമ്മുടെ കൈത്തറി, ലോകവേദികളില്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതിലുള്ള ആഹ്ലാദവും അഭിമാനവുമാണ് അവര്‍ പങ്കുവെച്ചത്. മാര്‍ച്ച് ആദ്യവാരം ഇവര്‍ ഈ കുറിപ്പിടുമ്പോള്‍ കേരളത്തില്‍ സര്‍ക്കാറിനു കീഴിലുള്ള കൈത്തറി തൊഴിലാളികളും ജീവനക്കാരും ശമ്പളമില്ലാത്ത ആറാംമാസത്തിലേയ്ക്ക് കടക്കുകയായിരുന്നു.

ശമ്പളം കിട്ടാത്ത തൊഴിലാളികളും ജീവനക്കാരും ലാഭകരമല്ലാതെ അടച്ചുപൂട്ടുന്ന സ്ഥാപനങ്ങള്‍, പുതിയ ജീവനക്കാരെ നിയമിക്കാതെ തൊഴിലാളികളുടെ എണ്ണം കുറക്കുകയും അധികഭാരം ഏല്പിക്കലും വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യം നല്‍കാതിരിക്കുക- കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷനു കീഴില്‍ നടക്കുന്നത് കൈത്തറിയേയും തൊഴിലാളികളേയും ഒരുതരത്തിലും മുന്നോട്ട് നയിക്കുന്ന കാര്യങ്ങളല്ല. സര്‍ക്കാറിനു കീഴിലുള്ള കൈത്തറിയുടെ അവസ്ഥ ഇത്ര പരിതാപകരമാക്കുന്നവര്‍ തന്നെയാണ് സ്വകാര്യ ഡിസൈനിങ് കമ്പനികളുടെ വിജയത്തില്‍ ആഹ്ലാദം പങ്കുവെയ്ക്കുന്നതും. ഭൂരിഭാഗം ജീവനക്കാരും തൊഴിലാളികളും സി.ഐ.ടി.യുവിനു കീഴിലുള്ളവരായതിനാല്‍ ഇവരുടെ പ്രതിഷേധവും സമരങ്ങളും പാര്‍ട്ടിക്കും സര്‍ക്കാരിനും ബുദ്ധിമുട്ടുവരാത്ത തരത്തിലാണ് എന്നതും വിചിത്രമാണ്. എന്നാല്‍, സംയുക്ത സമരസമിതി ശക്തമായ പ്രതിഷേധസമരങ്ങളുമായി മുന്നോട്ട് പോകുകയാണ്.

2016 മുതലാണ് ശമ്പളം മുടങ്ങുന്നത് ഹാന്‍വീവില്‍ പതിവായിത്തുടങ്ങിയത്. കുടിശ്ശികയുടെ മാസങ്ങള്‍ കൂടുമ്പോള്‍ ജീവനക്കാര്‍ സമരത്തിനിറങ്ങും. സംഘടനയോ സര്‍ക്കാറോ നടത്തുന്ന ഒത്തുതീര്‍പ്പില്‍ ഇവര്‍ പിന്‍വാങ്ങും. വീണ്ടും ഇത് ആവര്‍ത്തിക്കും. നാനൂറിലധികം ജീവനക്കാരുണ്ടായിരുന്നത് 160-ആയും നൂറിലധികം ഷോറൂമുകള്‍ ഉണ്ടായിരുന്നത് നാല്‍പ്പതായും ഇക്കാലയളവില്‍ ചുരുങ്ങിയിട്ടുണ്ട്. കൈത്തറിയില്‍ അഭിമാനം കൊള്ളുന്ന അതേ സമയത്ത് തന്നെയാണ് അവഗണിക്കപ്പെടുന്ന വ്യവസായമായി കൈത്തറി മാറുന്നതും ദുരിതത്തിലാവുന്ന തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നതും.

തൊഴിലിനു കൂലിയില്ല

കൈത്തറിയെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമായി 1971-ലാണ് കണ്ണൂര്‍ ആസ്ഥാനമായി കേരള കൈത്തറി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രവര്‍ത്തനമാരംഭിച്ചത്. പല പദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും ഈ വ്യവസായത്തെ ലാഭകരമാക്കാനോ നവീകരിക്കാനോ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനോ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

തുച്ഛമായ വേതനത്തിനു ജോലി ചെയ്യേണ്ടിവരുന്ന ആശാവര്‍ക്കര്‍മാര്‍ നിവൃത്തിയില്ലാത്ത ഒരു ഘട്ടത്തിലാണ് സമരവുമായി തെരുവിലേയ്ക്ക് ഇറങ്ങിയത്. തുച്ഛവേതനത്തിനു തൊഴിലെടുക്കേണ്ടി വരുന്ന ഒരു വലിയ വിഭാഗം തൊഴിലാളികളെക്കുറിച്ചുള്ള ചര്‍ച്ചകളും അവരെ അപഹസിക്കുന്ന തരത്തിലുള്ള ഭരണകക്ഷി-പാര്‍ട്ടി നിലപാടുകളും ഏറെക്കണ്ട നാളുകളിലൂടെയാണ് കേരളം കടന്നുപോകുന്നത്. ആശാവര്‍ക്കര്‍മാരെപ്പോലെത്തന്നെ തുച്ഛമായ വേതനം കൃത്യമായി കിട്ടാത്ത മറ്റു സ്ഥാപനങ്ങളും ഉണ്ടെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഹാന്‍വീവ് ജീവനക്കാര്‍ നടത്തുന്ന സമരം. കൈത്തറി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും സ്ത്രീതൊഴിലാളികളുമാണ്. ഹാന്‍വീവില്‍ 2016 വരെ ശമ്പളം മുടങ്ങാതെ കിട്ടിയിരുന്നതായി ജീവനക്കാരും സമരസമിതി ഭാരവാഹികളും പറയുന്നു. പിന്നീടിങ്ങോട്ട് പലതരത്തിലുള്ള വാഗ്ദാനങ്ങളും പദ്ധതികളും പഠനങ്ങളും പ്രഖ്യാപിക്കപ്പെട്ടെങ്കിലും കൈത്തറിവികസന കോര്‍പ്പറേഷനേയോ അതിനു കീഴിലുള്ള തൊഴിലാളികളുടെ ജീവിതത്തേയോ മുന്നോട്ട് നയിക്കാന്‍ ഇതൊന്നും ഉതകിയില്ല. ഹാന്‍വീവില്‍ മാത്രം രണ്ടായിരത്തിലധികം തൊഴിലാളികളും നാനൂറിലധികം ജീവനക്കാരും ഉണ്ടായിരുന്നത് ഇപ്പോള്‍ 1600 നെയ്ത്ത് തൊഴിലാളികളും 150 ജീവനക്കാരുമായി കുറഞ്ഞു. വില്പന ഷോറൂമുകള്‍, പ്രൊസസ്സിങ് യൂണിറ്റ്, ഡൈ ഹൗസ്, പ്രൊഡക്ഷന്‍ സെന്ററുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും തൊഴിലാളികളുമാണ് കഷ്ടത്തിലാവുന്നത്. നഷ്ടത്തിന്റെ പേരില്‍ ജീവനക്കാരുടെ എണ്ണം കുറച്ചാലേ ശമ്പളപരിഷ്‌കരണത്തെക്കുറിച്ച് ആലോചിക്കാന്‍ കഴിയൂ എന്ന നിലപാട് സര്‍ക്കാര്‍ എടുത്തതോടെയാണ് തസ്തികകള്‍ വെട്ടിക്കുറച്ചും പുതിയ നിയമനങ്ങള്‍ നടത്താതേയും ജീവനക്കാരെ നാനൂറില്‍നിന്നു നൂറ്റിയന്‍പതിലേക്ക് എത്തിച്ചത്. അദ്ധ്വാനഭാരം കൂടുകയും ശമ്പളം മുടങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് പക്ഷേ, പിന്നീടും ഉണ്ടായത്.

ഓരോ സമരങ്ങളുടേയും ഒടുവില്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ കാണും. അയ്യായിരം, ആറായിരം രൂപയുടെ ഗഡുക്കളായൊക്കെ ശമ്പളം വിതരണം ചെയ്യുന്ന രീതിയുമുണ്ട്. 2024 സെപ്തംബര്‍ മുതല്‍ ശമ്പളമേയില്ല. ആറുമാസമായി ശമ്പളം ഇല്ലാതെ ജോലിചെയ്യേണ്ടുന്ന ഗതികേടിലാണ് ജീവനക്കാരും കൈത്തറി തൊഴിലാളികളും. 2004-നുശേഷം ശമ്പള പരിഷ്‌കരണവും ഹാന്‍വീവില്‍ നടന്നിട്ടില്ല. അതിനുശേഷം വന്ന മൂന്ന് ശമ്പള പരിഷ്‌കണത്തിന്റേയും ആനുകൂല്യം ഹാന്‍വീവ് ജീവനക്കാര്‍ക്കു ലഭിച്ചില്ല.

കേരളത്തിന്റെ തനതു സംസ്‌കാരവും പെരുമയും എടുത്തുകാട്ടാന്‍ കൈത്തറിയെ കൂട്ടുപിടിക്കുമ്പോഴും തുച്ഛമായ വേതനമാണ് കൈത്തറിത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ദിവസേന അറുന്നൂറു രൂപയോളം വരുമാനമുണ്ടാക്കാന്‍ കേരളത്തിലെ കൈത്തറിത്തൊഴിലാളികള്‍ക്ക് ഇപ്പോള്‍ കഴിയുന്നുണ്ട് എന്നാണ് മന്ത്രി പി. രാജീവ് പറയുന്നത്. മാസത്തില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് തൊഴില്‍ ഉണ്ടാവുന്നത്. അറുന്നൂറു രൂപവെച്ച് കൂട്ടിയാല്‍ത്തന്നെ പതിനായിരം രൂപയില്‍ താഴെയാണ് ഭൂരിഭാഗം തൊഴിലാളികള്‍ക്കും കിട്ടുന്ന മാസവരുമാനം. കുറഞ്ഞ ശമ്പളമുള്ള ജീവനക്കാരും ഹാന്‍വീവിലുണ്ട്. വിരമിച്ച തൊഴിലാളികള്‍ക്കുള്ള ആനുകൂല്യവും നല്‍കാതെ മുടങ്ങിയിരിക്കുകയാണ്. വിരമിച്ച് നാലും അഞ്ചും വര്‍ഷമായവര്‍ക്കുപോലും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല.

ഇവരൊക്കെ എങ്ങനെ ജീവിക്കുന്നു, എങ്ങനെ മുന്നോട്ട് പോകുന്നു എന്നത് ഉദ്യോഗസ്ഥ- ഭരണതലത്തിലുള്ളവര്‍ക്ക് ഒരു വിഷയമേ ആവുന്നില്ല എന്നതാണ് വസ്തുത. ഇതേ മന:സ്ഥിതിയിലാണ് ഏറ്റവും കൂടുതല്‍ ഓണറേറിയം കൊടുക്കുന്നത്, ഏഴായിരം രൂപ കൊടുക്കുന്ന കേരളത്തിലാണ് എന്ന വാദമുയര്‍ത്തി ആശാവര്‍ക്കര്‍മാരുടെ സമരത്തിനെ നേരിടുന്നതും. ലക്ഷങ്ങള്‍ക്കു പുറത്ത് മാസവരുമാനം കിട്ടുന്ന ഉദ്യോഗസ്ഥ-ഭരണവര്‍ഗത്തിന് ആറായിരവും ഏഴായിരവും കിട്ടുന്നവരുടേയും അതുതന്നെ മാസങ്ങളായി മുടങ്ങി ഒരു വരുമാനവും ഇല്ലാതെ ജീവിക്കേണ്ടിവരികയും ചെയ്യുന്നവരുടെ ജീവിതം എങ്ങനെയായിരിക്കും സങ്കല്പിക്കാന്‍ കഴിയുക. പട്ടിണിയായാലും പരാതി പറഞ്ഞാല്‍ പാര്‍ട്ടിക്കോ സര്‍ക്കാറിനോ എതിരായി പോകുമോ എന്ന ഭയത്താല്‍ ഈ പ്രശ്‌നങ്ങളൊന്നും ഒരു പരിധിവരെ പുറത്ത് പറയാതെ സഹിക്കുന്ന മനുഷ്യരേയും നമ്മള്‍ ഇവരില്‍ കണ്ടുമുട്ടും.

സമരങ്ങള്‍, ആവശ്യങ്ങള്‍

കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു ഏറ്റവും ഒടുവില്‍ സമരം നടന്നത്. ഫെബ്രുവരി അവസാനവാരം സെക്രട്ടേറിയറ്റ് പടിക്കലും ഇവര്‍ സമരം നടത്തി. കേരള സ്റ്റേറ്റ് ഹാന്റ്ലൂം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു), ലേബര്‍ യൂണിയന്‍ (എ.ഐ.ടി.യു.സി), സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സംയുക്ത സമര സമിതി സമരം നടത്തിയത്.

ശമ്പള കുടിശ്ശിക അനുവദിക്കുക, ശമ്പളം കൃത്യസമയത്ത് വിതരണം ചെയ്യുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, വിരമിച്ചവരുടെ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കണ്ണൂര്‍ ഹാന്‍വീവ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തിയ സമിതി പിന്നീടാണ് സെക്രട്ടേറിയറ്റിനു മുന്നിലേയ്ക്കും സമരം വ്യാപിപ്പിച്ചത്. എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനാണ് ധര്‍ണ ഉദ്ഘാടനം ചെയ്തത്.

ഒരു പരമ്പരാഗത വ്യവസായം എന്ന നിലയില്‍ സംരക്ഷിത വ്യവസായമായി കൈത്തറി മേഖലയെ പരിഗണിക്കേണ്ടതുണ്ടെന്ന് സംയുക്ത സമരസമിതി ചെയര്‍മാനും കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ സി.പി. സന്തോഷ് കുമാര്‍ പറയുന്നു. നിരന്തരമായ ഇടപെടലുകളെത്തുടര്‍ന്ന് ഒന്നരമാസത്തെ ശമ്പളം കഴിഞ്ഞ ദിവസം അനുവദിച്ചിട്ടുണ്ട്.

കേരള ഗാര്‍മെന്റ്സ് എന്ന പൊതുമേഖല സ്ഥാപനം പൂട്ടിപ്പോയത് നമുക്കു മുന്നിലുണ്ട്. മുന്നൂറ്റിയന്‍പതോളം സ്ത്രീതൊഴിലാളികള്‍ ജോലി ചെയ്തിരുന്ന, വിദേശങ്ങളിലേക്കുള്‍പ്പെടെ കൈത്തറി വസ്ത്രങ്ങള്‍ കയറ്റി അയച്ചിരുന്ന സ്ഥാപനമായിരുന്നു. വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ആ സ്ഥാപനം പതിനഞ്ച് വര്‍ഷം മുന്‍പാണ് പ്രതിസന്ധി രൂക്ഷമായി അടച്ചുപൂട്ടിയത്.

2016 മുതലാണ് ഹാന്‍വീവില്‍ പ്രശ്‌നം രൂക്ഷമായത്. കൈത്തറിക്ക് ഉത്സവ സീസണില്‍ കേന്ദ്ര സര്‍ക്കാറിന്റെ പത്ത് ശതമാനവും കേരള സര്‍ക്കാറിന്റെ 20 ശതമാനവും കിഴിവ് ലഭിച്ചു കൊണ്ടിരുന്നത് ആശ്വാസമായിരുന്നു. കേന്ദ്രത്തിന്റെ 10 ശതമാനം നിര്‍ത്തലാക്കിയത് പ്രതിസന്ധി കൂട്ടി. അസംസ്‌കൃത സാധനങ്ങളുടെ വിലവര്‍ദ്ധന കൈത്തറി ഉല്പന്നങ്ങളുടെ വില കൂട്ടാനും നിര്‍ബന്ധിതമായതോടെ പ്രതിസന്ധിയും കൂടി. സ്‌കൂള്‍ യൂണിഫോം പദ്ധതി വന്നപ്പോള്‍ അതിലേയ്ക്ക് കൂടുതല്‍ ശ്രദ്ധിച്ചതോടെ മറ്റ് ഉല്പന്നങ്ങളും പുറകോട്ട് പോയി. ഇതെല്ലാം ഈ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ജി.എസ്.ടി കൂടി ബാധകമാക്കിയതോടെ ഭാരം കൂടി. തുടര്‍ച്ചയായ സമരങ്ങള്‍ ഉണ്ടാവുമ്പോള്‍ മാനേജ്മെന്റും സര്‍ക്കാറും ശ്രദ്ധിക്കുകയും ചര്‍ച്ച നടത്തുകയും ചെറിയ പരിഹാരങ്ങള്‍ കാണുകയും ചെയ്യും. റിബേറ്റിനത്തില്‍ കിട്ടാനുള്ള തുക യഥാസമയം കിട്ടിയാല്‍ തന്നെ പിടിച്ചുനില്‍ക്കാനാവും. സ്‌കൂള്‍ യൂണിഫോം പദ്ധതിയില്‍ തുക കൂട്ടുകയും ചെയ്താല്‍ കൂടുതല്‍ സഹായകരമാകും -സി.പി. സന്തോഷ് കുമാര്‍ പറയുന്നു.

2016 വരെ അവസാന പ്രവൃത്തി ദിവസം ശമ്പളം ലഭിച്ചുകൊണ്ടിരുന്ന ജീവനക്കാര്‍ക്കു കഴിഞ്ഞ എട്ടു വര്‍ഷമായി ചുരുക്കം ചില മാസങ്ങളില്‍ മാത്രമാണ് കൃത്യമായി ശമ്പളം ലഭിച്ചതെന്നു സ്വതന്ത്ര തൊഴിലാളി യൂണിയന്‍ ദേശീയ വൈസ് പ്രസിഡന്റും കേരള ഹാന്റ്ലൂം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റുമായ എം.എ. കരീം പറയുന്നു: ''ഈ സാമ്പത്തിക വര്‍ഷം തന്നെ എസ്.ടി.യു രണ്ട് പ്രതിഷേധ ധര്‍ണകള്‍ നടത്തിയിട്ടുണ്ട്. അതിനു പുറമെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലും സമരം നടത്തി. സ്ഥാപനത്തിന്റെ കോടികള്‍ വിലമതിക്കുന്ന കെട്ടിടവും സ്ഥലവും പുരാവസ്തു വകുപ്പിനു നല്‍കിയതും ഹാന്‍വീവിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ശമ്പളം മുടങ്ങുന്നതോടെ പട്ടിണിയിലേയ്ക്കും വായ്പാ തിരിച്ചടവുകള്‍ മുടങ്ങി ആത്മഹത്യയിലേയ്ക്കും ജീവനക്കാരെ തള്ളിവിടുന്ന സമീപനമാണ് മാനേജ്മെന്റ് കാണിക്കുന്നത്. പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും മാനേജ്മെന്റോ സര്‍ക്കാരോ പ്രശ്‌നത്തിനു പരിഹാരം കാണുന്നില്ല'' -അദ്ദേഹം പറയുന്നു.

കൂടുതല്‍ സമരങ്ങളിലേയ്ക്കു പോകുമെന്ന മുന്നറിയിപ്പാണ് സംയുക്ത സമരസമിതി പങ്കുവെയ്ക്കുന്നത്. എന്നാല്‍, മുന്‍കാലങ്ങളിലെന്നപോലെ താല്‍ക്കാലികമായ പരിഹാരവുമായി തന്നെയാണ് ഇത്തവണയും സര്‍ക്കാരും മാനേജ്മെന്റും മുന്നോട്ട് പോകുന്നത്. അതിന്റെ സൂചനയാണ് ആറു മാസത്തെ കുടിശ്ശികയില്‍ ഒന്നരമാസത്തെ ശമ്പളം അനുവദിച്ച സര്‍ക്കാര്‍ നിലപാട്. ശാശ്വതമായ പരിഹാരവും തൊഴില്‍ പ്രശ്‌നത്തെ കൃത്യമായ ചെലവുകളും അഭിസംബോധന കൈത്തറിയെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com