നഷ്ടക്കണക്കുകള്‍ വിളമ്പുന്ന ഇന്ത്യന്‍ കോഫീഹൗസ്

നഷ്ടക്കണക്കുകള്‍ വിളമ്പുന്ന ഇന്ത്യന്‍ കോഫീഹൗസ്
Updated on

റ്റനോട്ടത്തില്‍: മുപ്പത്തിയേഴ് കോടി രൂപയിലധികം നഷ്ടം, ജീവനക്കാരില്‍നിന്നു പിരിച്ചെടുത്തിട്ടും അടയ്ക്കാതെ പി.എഫ്. കുടിശ്ശിക 20 കോടി, പിരിഞ്ഞുപോകുന്നവരുടെ ഗ്രാറ്റുവിറ്റി, വാര്‍ദ്ധക്യകാല വേതനം, ഡെത്ത് ആന്റ് റിട്ടേണ്‍മെന്റ് ബെനിഫിറ്റ് തുടങ്ങിയതൊന്നും കൊടുക്കുന്നില്ല. അത് നിയമവിരുദ്ധമായി നിക്ഷേപമാക്കുന്നു. വിരമിച്ചുപോകുന്നവര്‍ക്ക് യാത്രയയപ്പ് സമയത്ത് സഹപ്രവര്‍ത്തകരുടെ സമ്മാനമായി കൊടുത്തിരുന്ന സ്വര്‍ണമാലയും ഇപ്പോഴില്ല. ജീവനക്കാരില്‍നിന്ന് അതിനു സമാഹരിക്കുന്ന പണവും നിക്ഷേപമാക്കി മാറ്റുന്നു. ഇതെല്ലാം കൂടി ഒന്നര ലക്ഷം രൂപയുണ്ടാകും. നിക്ഷേപത്തിന് പലിശ എട്ടു ശതമാനം. അതിന്റെ ആകര്‍ഷണത്തില്‍ ആളുകള്‍ ഈ തുക നിക്ഷേപമാക്കാന്‍ സമ്മതിക്കും. സഹകരണ ബാങ്കുകള്‍ കൊടുക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശനിരക്കിനെക്കാള്‍ കൂടുതലാണിത്; നിയമവിരുദ്ധവും. നിക്ഷേപത്തുക ആരെങ്കിലും തിരിച്ചുചോദിച്ചാല്‍ കുടുങ്ങും. കാശുണ്ടാകില്ല. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എവിടുന്ന് പണം കൊടുക്കാനാണ്. ചിലര്‍ക്ക് കിട്ടിയാലായി. കയ്യൂക്കുള്ളവര്‍ക്ക് സംഘടിപ്പിച്ചുകൊടുക്കും. അല്ലാത്തവര്‍ നിക്ഷേപം പുതുക്കിവയ്ക്കാന്‍ നിര്‍ബന്ധിതരാകും. ഇങ്ങനെ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഇല്ല താനും. അതുകൊണ്ടാണ് നിയമവിരുദ്ധ നിക്ഷേപമാകുന്നത്.

65 വര്‍ഷം പിന്നിട്ട 4277-ാം നമ്പര്‍ ഇന്ത്യ കോഫീ ബോര്‍ഡ് തൊഴിലാളി സഹകരണസംഘത്തിന്റെ ഇന്നത്ത സ്ഥിതി ഇതാണ്. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഇന്ത്യന്‍ കോഫീ ഹൗസുകള്‍ നടത്തുന്ന സംഘമാണിത്.

തൊഴിലാളികളുടെ സ്ഥാപനം എന്ന പേരിലാണ് കോഫീ ഹൗസ് ഇപ്പോഴും നിലനിന്നു പോകുന്നത്. അങ്ങനെയാണ് കേരളം കാണുന്നതും. പക്ഷേ, ഇങ്ങനെ അധികകാലം മുന്നോട്ടുപോകാനാകില്ല എന്നതാണ് യഥാര്‍ത്ഥ സ്ഥിതി. നഷ്ടവും ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും ആളുകളുടെ വിശ്വാസം നഷ്ടപ്പെടുന്നതുമെല്ലാം ചേര്‍ന്ന് തൃശൂര്‍ സംഘം പൂട്ടലിന്റെ വക്കിലാണ്. നിരവധി ശാഖകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പുതുതായി തുടങ്ങുന്നവയില്‍ത്തന്നെ ഭൂരിഭാഗവും നിലനിര്‍ത്താന്‍ കഴിയുന്നുമില്ല. ജീവനക്കാരെ നിയമിക്കാന്‍ തൊഴിലാളി യൂണിയന്‍ സമ്മതിക്കുന്നില്ല എന്ന നിലനില്‍ക്കാത്ത ന്യായമാണ് ഭരണസമിതിയുടേത്. കോടതി ഇടപെടലാണ് കാരണം എന്നത് മറച്ചുവയ്ക്കുകയും ചെയ്യുന്നു. പാലക്കാട് മുതല്‍ വടക്കോട്ട് കോഫീ ഹൗസുകള്‍ നടത്തുന്ന മലബാര്‍ സംഘത്തെക്കാള്‍ കൂടുതല്‍ ജീവനക്കാര്‍ ഉണ്ടായിട്ടും നഷ്ടം. സംഘത്തിന്റെ ഈ വിലാപത്തില്‍ കഴമ്പില്ലെന്നും പിടിപ്പുകേടാണ് കാരണമെന്നും ഭരണനിര്‍വ്വഹണ വകുപ്പായ വ്യവസായ വകുപ്പിനും ഇപ്പോള്‍ നന്നായി അറിയാം. ഇനിയും നിയമനങ്ങള്‍ക്ക് അനുമതി കിട്ടിയാല്‍ കോഴ വാങ്ങാനും സ്വന്തം വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കാനും അത് പ്രയോജനപ്പെടുത്താം എന്നാണ് ഭരണസമിതി കരുതുന്നതെന്ന് ഇന്ത്യന്‍ കോഫീ ഹൗസ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) വിമര്‍ശിക്കുന്നു. 2005 മുതല്‍ എത്ര പേര്‍ ജോലിക്ക് കയറി എന്നും അവരില്‍ എത്രപേര്‍ ഇപ്പോഴും തുടരുന്നുണ്ട് എന്നും ചോദിച്ചാല്‍ ഭരണസമിതി അനുകൂലികള്‍ക്ക് ഉത്തരംമുട്ടും. കോഫീ ഹൗസിന്റെ ചരിത്രത്തില്‍ ആദ്യമായി 2019-ല്‍ സ്ത്രീകളെ നിയമിച്ചിരുന്നു. അതുവരെ രണ്ടായിരത്തിലധികം പേര്‍ 2005-നു ശേഷം ചേര്‍ന്നു. അതില്‍ 600-ല്‍ താഴെ ആളുകള്‍ മാത്രമേ ഇപ്പോഴുള്ളു. ബാക്കിയുള്ളവര്‍ ജോലി നിര്‍ത്തിപ്പോയി. കുറഞ്ഞ ശമ്പളവും മോശം തൊഴില്‍ സാഹചര്യവുമാണ് കാരണം. ഇതിനു പുറമേ കുറച്ചുപേരെ പിരിച്ചുവിടുകയും ചെയ്തു. നിലവില്‍ പത്താം തീയതിയോടെയെങ്കിലും ശമ്പളം കിട്ടുന്നത് ജീവനക്കാരുടെ യൂണിയനുകളുടെ നിരന്തര ഇടപെടല്‍ കാരണമാണ്. ഈ പ്രതിപക്ഷ സ്വരം കൂടി ഇല്ലെങ്കില്‍ ജീവനക്കാരുടെ നില കൂടുതല്‍ പരുങ്ങലിലാകും.

കാലം സാക്ഷി, ചരിത്രം സാക്ഷി

ഇനി ഇതൊന്നു ശ്രദ്ധിക്കൂ: ''മിക്കപ്പോഴും യാത്രാച്ചെലവു പോലുമില്ലായിരുന്നു. ആരോടും കാശ് ചോദിക്കാന്‍ വയ്യ. തൊഴിലാളി കോഫീ ഹൗസ് ഉണ്ടാകും എന്നു പോലും പലര്‍ക്കും അഭിപ്രായമില്ല. അപ്പോള്‍, യൂണിയന്‍ സെക്രട്ടറിക്ക് യാത്രയ്ക്കു കാശില്ലെന്നു വന്നാലോ. എല്ലാവരുടേയും ആത്മവിശ്വാസം തകരും. അതുകൊണ്ട് ഞാന്‍ ആരുടേയും മുന്നില്‍ കൈനീട്ടിയില്ല. പലപ്പോഴും നാഴികകള്‍ നടന്നിട്ടുണ്ട്, പട്ടിണിയില്‍ കഴിഞ്ഞിട്ടുണ്ട്. കാര്യം മനസ്സിലാക്കി ചിലരൊക്കെ ഭക്ഷണവും കാശും തന്നിട്ടുമുണ്ട്. അതുണ്ടായാലും ഇല്ലെങ്കിലും ഒരു ദിവസവും വെറുതേ കളയാതെ ഞാന്‍ അലഞ്ഞു. അന്ന്, ഇതൊന്നും നടക്കില്ലെന്നു പറഞ്ഞവരുണ്ട്, ഗുണദോഷിച്ചവരുണ്ട്. കുറ്റപ്പെടുത്തിയവരുണ്ട്. കളിയാക്കിയവരുണ്ട്. എന്തിനേറെ പറയണം, കണ്ടപ്പോള്‍ വഴിമാറിപ്പോയവര്‍ പോലുമുണ്ട്'', ഇന്ത്യന്‍ കോഫീ ബോര്‍ഡിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ സഹകരണസംഘമുണ്ടാക്കാന്‍ 65 വര്‍ഷം മുന്‍പ് പെടാപ്പാടുപെട്ടതിന്റെ ഈ തീവ്രാനുഭവം നടയ്ക്കല്‍ പരമേശ്വരന്‍ പിള്ള എന്ന എന്‍.എസ്. പരമേശ്വരന്‍ പിള്ളയുടേതാണ്. കേരളത്തില്‍ ഇന്ത്യന്‍ കോഫീ ഹൗസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനു നേതൃത്വം നല്‍കിയ ഒന്നാമന്മാരില്‍പ്പെട്ട അദ്ദേഹം എഴുതിയ, 'കോഫീഹൗസിന്റെ കഥ' എന്ന പുസ്തകത്തിന്റെ അവതാരിക എഴുതിയത് വാക്കുകള്‍ സൂക്ഷിച്ചുമാത്രം ഉപയോഗിച്ച എം.ടി. വാസുദേവന്‍ നായര്‍. ''അറിയപ്പെടാത്ത ഒരു സംഘം തൊഴിലാളികളുടെ സമരങ്ങളുടേയും ഉല്‍ക്കണ്ഠകളുടേയും വിജയങ്ങളുടേയും കഥ'' എന്നാണ് എം.ടി വിശേഷിപ്പിച്ചത്.

പക്ഷേ, ഇന്ത്യന്‍ കോഫീ ഹൗസ് പ്രസ്ഥാനത്തിന്റെ എഴുതപ്പെട്ട ഒരേയൊരു ആധികാരിക ചരിത്രരേഖയില്‍ പറയുന്ന അതേ വിജയങ്ങള്‍ക്ക് ഇതു തിരിച്ചടിയുടെ കാലമാണ്; ഏറെപ്പേരെ ഉല്‍ക്കണ്ഠപ്പെടുത്തുന്നുണ്ടത്. അതില്‍നിന്ന് പുതിയ സമരങ്ങള്‍ രൂപപ്പെടുന്നുണ്ട്. ഇന്ത്യന്‍ കോഫീ ഹൗസ് ശൃംഖല നഷ്ടത്തിലും തകര്‍ച്ചയിലുമാണ്. ജീവനക്കാര്‍ പ്രതിസന്ധിയിലും വിഷമത്തിലും. പക്ഷേ, ഭരണസമിതിക്ക് പ്രത്യേകിച്ച് കൂസലൊന്നുമില്ലതാനും. കണ്ണൂര്‍ മുതല്‍ കാസര്‍കോടു വരെ കോഫീ ഹൗസ് പ്രസ്ഥാനം പ്രതാപത്തോടെ തല ഉയര്‍ത്തിത്തന്നെ പ്രവര്‍ത്തിക്കുന്നു. ലാഭത്തിലാണ്, വളര്‍ച്ചയിലുമാണ്. ജീവനക്കാര്‍ സന്തോഷത്തിലും ആത്മവിശ്വാസത്തിലും.

തൊഴിലാളികള്‍ക്കുവേണ്ടി തൊഴിലാളികള്‍ കെട്ടിപ്പടുത്ത് എല്ലാവരുടേതുമാക്കി മാറ്റിയ വേറിട്ടൊരു മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണിത്. ഒരിടത്ത് അത് മികവോടെ നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ത്തന്നെ മറ്റൊരിടത്ത് നശിച്ചുപോകുന്നതിന്റെ സൂചനകള്‍. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കു മറുപടി മലബാര്‍ സൊസൈറ്റിയും തൃശൂര്‍ സൊസൈറ്റിയും ഭരിക്കുന്നവരുടെ രീതികളിലെ വ്യത്യാസത്തിലുണ്ട്. രണ്ടിടത്തേയും ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ മുതല്‍ ജീവനക്കാരുടെ പ്രതിനിധികളുടെ നേര്‍സാക്ഷ്യം വരെയുണ്ട് മുന്നില്‍. മലബാറില്‍ സി.ഐ.ടി.യു നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയനും തൃശൂരില്‍ പ്രത്യേകിച്ചു പ്രഖ്യാപിത രാഷ്ട്രീയ ചായ്വ് ഇല്ലാത്ത സഹകരണവേദിയുമാണ് ഭരണസമിതിയെ നയിക്കുന്നത്. തൃശൂര്‍ സൊസൈറ്റി സംഘപരിവാര്‍ അനുകൂല രാഷ്ട്രീയമുള്ളവരുടെ പിടിയിലായി എന്ന് വിമര്‍ശനമുണ്ടെങ്കില്‍ ഏതെങ്കിലും സംഘപരിവാര്‍ സംഘടനയുമായി നേരിട്ടു ബന്ധമുള്ളവരാരുമല്ല നയിക്കുന്നത്. ഞങ്ങള്‍ ആര്‍.എസ്.എസ്സാണ് എന്നൊക്കെ പറഞ്ഞുനടക്കുന്നവരുടെ ആര്‍.എസ്.എസ് രാഷ്ട്രീയം മാത്രമേ സൊസൈറ്റിക്കുള്ളു. മറ്റു വിവിധ പാര്‍ട്ടി അനുഭാവികളുമുണ്ട് ഭരണസമിതിയില്‍. പക്ഷേ, പിടിപ്പുകേടിനും കാര്യക്ഷമതയില്ലായ്മയ്ക്കും അതിന്റെയൊക്കെ അടിത്തറയായി മാറുന്ന, ഈ പ്രസ്ഥാനത്തോടുള്ള ആത്മാര്‍ത്ഥതക്കുറവിനും രാഷ്ട്രീയ വ്യത്യാസമില്ല. മറുവശത്ത്, കോഫീ ഹൗസുകളുടെ നല്ല കാലം തിരിച്ചുപിടിക്കാന്‍ പ്രതിപക്ഷ പ്രവര്‍ത്തനം നടത്തുന്നത് പ്രധാനമായും സി.ഐ.ടി.യു നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയനാണ്.

അവിഭക്ത ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പിന്നീട് സി.പി.എമ്മിന്റേയും ഉന്നത നേതാവായിരുന്ന എ.കെ. ഗോപാലനാണ് തൃശൂര്‍ കോഫീ ഹൗസിനു തുടക്കമിട്ടത്, 1958 മാര്‍ച്ച് 8-ന്. എ.കെ.ജി എന്ന മൂന്നക്ഷരത്തിന്റെ മാന്ത്രിക പ്രഭാവലയത്തെ ദുരുപയോഗം ചെയ്യുക കൂടിയാണ് കോഫീ ഹൗസിനെ തകര്‍ക്കുന്നവര്‍.

വ്യവസായവകുപ്പിന് കീഴില്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത്, എറണാകുളം ആസ്ഥാനമായി കോഫീ ഹൗസ് തുടങ്ങാനുള്ള ശ്രമങ്ങള്‍ വ്യവസായവകുപ്പ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം നടന്നില്ല. തുടര്‍ന്നാണ് തൃശൂര്‍ ആസ്ഥാനമായി, സഹകരണവകുപ്പിനു കീഴില്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് കോഫീ ഹൗസ് തുടങ്ങിയത്. അതില്‍ അന്നത്തെ സഹകരണമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ വലിയ തോതിലുള്ള പിന്തുണ തൊഴിലാളികളെ സഹായിച്ചു. തൃശൂര്‍ സൊസൈറ്റിയുണ്ടാക്കി അഞ്ചുമാസം കഴിഞ്ഞാണ് മലബാര്‍ സൊസൈറ്റി യാഥാര്‍ത്ഥ്യമായത്. ആസ്ഥാനം പാലക്കാടായിരുന്നു. കേരളത്തിനാകെ അന്ന് ഒരു സഹകരണനിയമം ഇല്ലായിരുന്നു. പഴയ തിരുക്കൊച്ചി പ്രദേശത്ത് ഒരു നിയമം, പഴയ മലബാറില്‍ മറ്റൊന്ന്. അതുകൊണ്ടാണ് രണ്ടു സംഘം ഉണ്ടാക്കേണ്ടിവന്നത്. ടി.കെ. കൃഷ്ണന്‍ എം.എല്‍.എ പ്രസിഡന്റും എന്‍.എസ്. പരമേശ്വരന്‍ പിള്ള സെക്രട്ടറിയുമായിത്തന്നെയാണ് മലബാര്‍ സംഘത്തിന്റേയും താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ചത്. പിന്നീട് ടി.പി. രാഘവന് യൂണിയന്റെ കേന്ദ്ര സംഘാടകസമിതി മലബാര്‍സംഘത്തെ നയിക്കാനുള്ള ചുമതല നല്‍കി. അഡ്വ. എ.വി. കുഞ്ഞിക്കൃഷ്ണന്‍ പ്രസിഡന്റും ടി.പി. രാഘവന്‍ സെക്രട്ടറിയും ടി.കെ. കൃഷ്ണനും എന്‍.എസ്. പരമേശ്വരന്‍ പിള്ളയും ഉള്‍പ്പെടെ കമ്മിറ്റി അംഗങ്ങളുമായി സ്ഥിരം കമ്മിറ്റിയുണ്ടാക്കി. 1958 ഓഗസ്റ്റില്‍ തലശ്ശേരിയിലാണ് മലബാര്‍ സംഘത്തിന്റെ ആദ്യ കോഫീ ഹൗസ് തുടങ്ങിയത്. അതോടെ ആസ്ഥാനം തലശ്ശേരിക്കു മാറി. ഇപ്പോള്‍ കണ്ണൂരാണ് ആസ്ഥാനം.

സംഭവിക്കുന്നതെന്തെന്നാല്‍:

തൃശൂര്‍സംഘം ഭരണസമിതിയിലേക്ക് 2022 നവംബറില്‍ നടന്ന ഒടുവിലത്തെ തെരഞ്ഞെടുപ്പില്‍ വളരെക്കുറച്ച് വോട്ടുകള്‍ക്കു മാത്രം തോറ്റ ഇന്ത്യന്‍ കോഫീ ഹൗസ് സംരക്ഷണസമിതി പ്രകടനപത്രികയില്‍ പറഞ്ഞ ഒരു കാര്യമുണ്ട്: കോടികളുടെ ബാധ്യതയില്‍ നില്‍ക്കുന്ന സംഘത്തിന്റെ ബാധ്യതകള്‍ കുറച്ചുകൊണ്ടുവരുന്നതിന് സംഘത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ജയിച്ചത് അവരല്ലെങ്കിലും ജയിച്ചവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ സഹായത്തിന് ശ്രമിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. പക്ഷേ, സഹകരണവേദി അതിനു ശ്രമിച്ചില്ല. നിയമവിരുദ്ധ നിയമനങ്ങള്‍ വിലക്കിയും ക്രമക്കേടുകളില്‍ അന്വേഷണം വേണമെന്ന ആവശ്യം തള്ളാതേയും ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കു മുന്‍പ് ഭരണസമിതി കോടതിയോടു പറഞ്ഞ സ്വന്തം വാദത്തിലുണ്ട് അവരതിനു ശ്രമിക്കാതിരുന്നതിനു മറുപടി. ''ഇത് സര്‍ക്കാരിന്റെ സഹായം വാങ്ങാത്ത സംഘമാണ്. തൊഴിലാളിസംഘത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അംഗീകരിക്കാന്‍ പറ്റില്ല.'' സര്‍ക്കാരിന്റെ സഹായം വാങ്ങിയാലും ഇല്ലെങ്കിലും സഹകരണസ്ഥാപനത്തില്‍ ഇടപെടാനും അന്വേഷിക്കാനും സര്‍ക്കാരിന് നിയമപരമായി സാധിക്കുകതന്നെ ചെയ്യും എന്ന് കോടതി പറഞ്ഞുകൊടുത്തു. അന്വേഷണവുമുണ്ടായി. അതിന്റെ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവരാനിരിക്കുകയാണ്.

2022 ഓഗസ്റ്റ് 24-നാണ് നിയമവിരുദ്ധ നിയമനങ്ങള്‍ വിലക്കി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധി വരുന്നത്. ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ സെറിന്‍ സേതു, രാജേഷ് എം. എന്നിവര്‍ സംസ്ഥാന സഹകരണവകുപ്പിനേയും രജിസ്ട്രാര്‍ കൂടിയായ തൃശൂരിലെ ജില്ലാ വ്യവസായകേന്ദ്രം ജനറല്‍മാനേജരേയും ഇന്ത്യാ കോഫീ ബോര്‍ഡ് വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയേയും എതിര്‍കക്ഷികളാക്കിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സമാനസ്വഭാവമുള്ള വെവ്വേറെ ഹര്‍ജികള്‍ കോടതി ഒന്നിച്ചുകേട്ട് വിധി പറയുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ കോഫീ ഹൗസില്‍ ജോലിചെയ്യുന്ന ജീവനക്കാരില്‍ ആരുടെയെങ്കിലും ശുപാര്‍ശയുള്ളവരെ മാത്രമേ നിയമിക്കൂ എന്ന് 2015-ല്‍ ഇന്ത്യാ കോഫീ ബോര്‍ഡ് വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുറപ്പെടുവിച്ച സര്‍ക്കുലറിനെതിരേയായിരുന്നു ഹര്‍ജി. ആ സര്‍ക്കുലര്‍ കാരണം ജോലി നിഷേധിക്കപ്പെട്ടു എന്നാണ് സെറിനും രാജേഷും പരാതിപ്പെട്ടത്. അഴിമതി ലക്ഷ്യം വച്ചുള്ളതാണ് ഈ ശുപാര്‍ശാരീതിയെന്നും ശുപാര്‍ശ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പല ജീവനക്കാരേയും സമീപിച്ചെങ്കിലും അവരെല്ലാം അതിന് വലിയ തുക ചോദിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുകയും ചെയ്തു. അത്തരം നിയമവിരുദ്ധ ആവശ്യം അംഗീകരിച്ച് ജോലി നേടാന്‍ കഴിയാത്തതുകൊണ്ട് ജോലി നിഷേധിക്കപ്പെടുകയാണുണ്ടായത്. ഇത്തരത്തിലുള്ള മുഴുവന്‍ നിയമനങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നായിരുന്നു ആവശ്യം. ആശ്രിതനിയമനം എന്ന പേരിലാണ് ജീവനക്കാര്‍ക്ക് ശുപാര്‍ശയ്ക്ക് അവസരം തുടക്കത്തില്‍ കൊടുത്തത്. പക്ഷേ, പിന്നീട് നിയമവിരുദ്ധമായി പണം വാങ്ങി ആളുകളെ ശുപാര്‍ശ ചെയ്യുന്ന ചില സംഭവങ്ങളെങ്കിലും പുറത്തുവന്നു. ലക്ഷങ്ങള്‍ കൊടുത്ത് കയറിയവരുണ്ട്. ഭരണസമിതിക്ക് വേണ്ടപ്പെട്ടവര്‍ക്ക് ഈ അവസരം പലവട്ടം കൊടുക്കുകയും ചെയ്യാറുണ്ട്. വ്യവസായ ഡയറക്ടറുടെ അനുമതിയോടെ മാത്രമേ നിയമിക്കാവൂ എന്ന നിര്‍ദേശം മുന്‍പേ ഉള്ളതാണ്.

പുതിയതായി നിയമിക്കപ്പെടുന്നവര്‍ കോഫീ ഹൗസിനു പറ്റിയവിധം മികവുള്ളവരായിരിക്കും എന്നുറപ്പാക്കാനാണ് നിലവിലെ ജീവനക്കാരുടെ ശുപാര്‍ശ മാനദണ്ഡമാക്കുന്നത് എന്ന് ന്യായീകരിക്കുകയാണ് സംഘം ചെയ്തത്. ഈ സര്‍ക്കുലറിലെ ഇതേ മാനദണ്ഡം ഹൈക്കോടതിയിലെത്തന്നെ മറ്റൊരു ജഡ്ജി 2019 ഡിസംബറിലെ വിധിയില്‍ ശരിവച്ചിട്ടുണ്ട് എന്നും അതുകൊണ്ട് ഇപ്പോള്‍ ഇതില്‍ ഇടപെടേണ്ട കാര്യമില്ല എന്നുമായിരുന്നു വാദം.

എന്നാല്‍, 2015-ലെ സര്‍ക്കുലറിന്റെ ഉള്ളടക്കത്തിനെതിരേയായിരുന്നു കോടതിയുടെ നിരീക്ഷണം. സൊസൈറ്റിക്കു കീഴിലെ സ്ഥാപനത്തില്‍ ജോലിക്ക് അപേക്ഷിക്കാന്‍ വ്യക്തികള്‍ക്കു മുന്നില്‍ വ്യവസ്ഥകള്‍ വയ്ക്കുക മാത്രമല്ല, ശുപാര്‍ശകള്‍ നല്‍കാന്‍ നിലവിലെ ജീവനക്കാര്‍ക്ക് യുക്തിരഹിതമായ അധികാരങ്ങള്‍ നല്‍കുകയും ചെയ്യുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി ഇത്തരം നിയമനങ്ങള്‍ക്ക് അനുകൂലമായി വിധിച്ചിട്ടുണ്ട് എന്നത് പരിഗണിക്കുന്നു. എങ്കിലും ജോലി കിട്ടാതെ കോടതിയെ സമീപിച്ചവരുടെ വാദങ്ങള്‍ നിലനില്‍ക്കുകതന്നെ ചെയ്യും. അതുകൊണ്ട് 2015-ലെ സര്‍ക്കുലറിന്റെ ബലത്തില്‍ ഇനി നിയമനങ്ങള്‍ നടത്താന്‍ പാടില്ല. 2019-ലെ വിധിയിലെ നിര്‍ദ്ദേശങ്ങള്‍ അതില്‍ അനുവദിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ പാലിക്കുന്നുണ്ടെന്ന് രജിസ്ട്രാര്‍ ഉറപ്പാക്കുകയും വേണം. ആ സമയപരിധിക്കുള്ളില്‍ നടത്തിയ നിയമനങ്ങളെക്കുറിച്ച് അന്വേഷിച്ച് അതിലെ നിയമസാധുത ഉറപ്പുവരുത്തണം. ഹര്‍ജിക്കാരേയും മറ്റു തല്പരകക്ഷികളേയും കേള്‍ക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അഴിമതി തടയുന്നതിന് എന്തെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിക്കേണ്ടതുണ്ടോ എന്ന കാര്യത്തിലും രജിസ്ട്രാര്‍ കൂടിയായ ജനറല്‍മാനേജര്‍ തീരുമാനമെടുക്കണം. രജിസ്ട്രാറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും.

ഇതുവരെ നടന്ന ശുപാര്‍ശാനിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളാതിരുന്ന സാഹചര്യത്തിലാണ് ആഴ്ചകള്‍ക്കു മുന്‍പ് 'സിക്സ്റ്റിഫൈവ് എന്‍ക്വയറി' ഉണ്ടായത്. വ്യവസായ-സഹകരണവകുപ്പുകളുടെ സംയുക്ത പരിശോധനയായിരുന്നു ഇത്. അന്വേഷണവുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് കഴിഞ്ഞ ഡിസംബറില്‍ നോട്ടീസ് കിട്ടിയപ്പോള്‍ അതിനെതിരേ ഹൈക്കോടതിയെ സമീപിക്കുകയാണ് ഭരണസമിതി ചെയ്തത്. തങ്ങള്‍ ഈ അന്വേഷണത്തിന്റെ പരിധിയില്‍ വരില്ല എന്ന വാദം അപ്പോഴാണ് ഉന്നയിച്ചത്. അങ്ങനെ രണ്ടുമാസം നീട്ടിക്കൊണ്ടുപോകാന്‍ സാധിച്ചു. അന്വേഷണത്തിനു തടസ്സമില്ല എന്ന് പിന്നീട് വിധി വന്നതിന്റെ അടിസ്ഥാനത്തില്‍ ഹെഡ് ഓഫീസില്‍ വിശദമായ പരിശോധന നടന്നു. സെന്‍ട്രലൈസ്ഡ് പര്‍ച്ചേസുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ക്രമക്കേടുകളുടെ നീണ്ട നിരയാണ് പ്രാഥമികാന്വേഷണത്തില്‍ത്തന്നെ വിജിലന്‍സിനു ബോധ്യപ്പെട്ടത്. ഏതോ ഒരു കടയില്‍നിന്ന് ഇഷ്ടപ്രകാരം സാധനങ്ങള്‍ വാങ്ങി തങ്ങളുടെ താല്പര്യപ്രകാരം ബില്ലുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഓമനപ്പേരാണ് ഇവിടെ 'സെന്‍ട്രലൈസ്ഡ് പര്‍ച്ചേസ്'. ഇന്ത്യന്‍ കോഫീ ഹൗസില്‍ നടക്കുന്നതെന്ത് എന്ന അനൗപചാരിക അന്വേഷണം ചെന്നെത്തിക്കുന്ന ചില വിവരങ്ങളുണ്ട്. ആ വിവരങ്ങള്‍ ആധികാരികവുമാണ്: ഇതുവരെയുള്ള ആകെ നഷ്ടം 37.57 കോടി. കഴിഞ്ഞ വര്‍ഷം മാത്രം 2.26 കോടി നഷ്ടം. ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയുകയും വിലനിലവാരം ഉയരുകയും ചെയ്തു. മലബാര്‍ സംഘത്തിലെ സ്ഥിതി നേരേ തിരിച്ചാണ്. അവര്‍ 660 ജീവനക്കാരെ വച്ചാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 83 കോടി രൂപ വിറ്റുവരവ് ഉണ്ടാക്കിയത്; തൃശൂര്‍ സംഘമാകട്ടെ, 1620 പേരെ വച്ച് 120 കോടിയുടെ വിറ്റുവരവുണ്ടാക്കി; നഷ്ടത്തില്‍ തുടരുകയും ചെയ്യുന്നു.

വര്‍ഷങ്ങളായി വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചുവന്ന സഹകരണ വേദി ഇത്തവണ നേരിയ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ജീവനക്കാര്‍ മടുത്തതുതന്നെ കാരണം. നിലവില്‍ അഞ്ചു വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ പുതിയ നിയമഭേദഗതിയനുസരിച്ച് ഇനി മൂന്നു വര്‍ഷമായിരിക്കും കാലാവധി.

ജീവനക്കാര്‍ക്കു ജീവിക്കണം

തൃശൂര്‍ ആസ്ഥാനമായി അയ്യന്തോള്‍ സൊസൈറ്റി എന്ന പേരില്‍ ഒരു സഹകരണസംഘമുണ്ട്. സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ക്കുവേണ്ടിയുള്ള ഈ സൊസൈറ്റിയില്‍നിന്നാണ് കോഫീ ഹൗസ് ജീവനക്കാര്‍ക്ക് ഏറ്റവുമധികം വായ്പകള്‍ കൊടുത്തിട്ടുള്ളത്. ഒരുതരത്തിലുള്ള ഈടും ആവശ്യമില്ല. സാലറി സര്‍ട്ടിഫിക്കറ്റും ആള്‍ ജാമ്യവും മതി. അവിടെ ഇപ്പോള്‍ കോടികള്‍ വായ്പാകുടിശ്ശികയുണ്ട്. വായ്പയെടുത്തവര്‍ക്ക് ഗഡു അടയ്ക്കാന്‍ നിര്‍വാഹമില്ലാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ അവരുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ആ മാസത്തെ ഗഡു അടയ്ക്കുന്നതില്‍നിന്ന് താല്‍ക്കാലിക ഇളവ് നല്‍കും. പക്ഷേ, പിന്നീട് അടയ്ക്കുന്നതില്‍നിന്ന് ഒരു രൂപ പോലും മുതലിലേക്കു പോകില്ല, പലിശയിലേക്കാണ് പോവുക. ശമ്പളം ദൈനംദിന ജീവിതാവശ്യങ്ങള്‍ക്കു തികയാതെ വരുമ്പോള്‍ ജീവനക്കാര്‍ വായ്പക്കുരുക്കില്‍പ്പെട്ടു വലയുകയാണ്. കൊവിഡ് കാലത്ത് രണ്ടു വര്‍ഷത്തോളം മുഴുവന്‍ ശമ്പളം ഒരിക്കല്‍പ്പോലും കൊടുത്തില്ല. അങ്ങനെ ജീവനക്കാരുടെ വായ്പ വന്‍തോതില്‍ കുടിശ്ശികയായി.

കൊവിഡ് കാലത്ത് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങളനുസരിച്ച് തുറന്നുപ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, ജീവനക്കാര്‍ക്കു കൊടുത്തത് അടിസ്ഥാന ശമ്പളം മാത്രമാണ്; അത് വളരെ തുച്ഛമാണുതാനും. മറ്റു പല സ്ഥാപനങ്ങളിലേയും ഡി.എ ആണ് കോഫീ ഹൗസ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം. ലേബര്‍ ഓഫീസര്‍ക്ക് ജീവനക്കാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ ലേബര്‍ ഉദ്യോഗസ്ഥരോട് ഭരണസമിതി പ്രതിനിധി പറഞ്ഞത് അടിസ്ഥാന ശമ്പളം കൊടുക്കുന്നുണ്ട് എന്നാണ്. പക്ഷേ, തുക അറിഞ്ഞപ്പോള്‍ ലേബര്‍ ഓഫീസറും മറ്റും ഞെട്ടി. അടിസ്ഥാന ശമ്പളം തുടങ്ങുന്നത് 2000 രൂപയില്‍ നിന്നാണ്. ഏറ്റവും കൂടിയത് 11,320. 40 വര്‍ഷം സര്‍വീസുള്ളയാള്‍ക്കാണ് 11,320 രൂപ.

കുടുംബത്തില്‍ ഒരാള്‍ക്കുമാത്രം വരുമാനമുള്ള കോഫീ ഹൗസ് ജീവനക്കാരുടെ ജീവിതദുരിതങ്ങള്‍ എണ്ണിയാല്‍ തീരില്ല. അഭിമാനംകൊണ്ട് അവര്‍ പുറത്തുപറയുന്നില്ലെന്നേയുള്ളു. പക്ഷേ, അവരെ ചേര്‍ത്തുപിടിക്കേണ്ട ഭരണസമിതിക്ക് അവരെക്കുറിച്ച് യാതൊരു ഉല്‍ക്കണ്ഠയുമില്ല. കിട്ടുന്ന സമയത്ത് കാറ്ററിംഗ് ജോലി ചെയ്യുന്നവര്‍ മുതല്‍ ഓട്ടോ ഓടിക്കുന്നവരും വീടുകളില്‍ പത്രം ഇടുന്നവര്‍ വരെയുണ്ട് കോഫീ ഹൗസ് കുടുംബത്തില്‍.

കോഫീ ബോര്‍ഡില്‍നിന്ന് ജോലി നഷ്ടപ്പെട്ട് കോഫീ ഹൗസിന്റെ ഭാഗമായി മാറിയ തൊഴിലാളികളുടെ നിലനില്‍പ്പിന്റെ മാനുഷികപ്രശ്നമായിരുന്നു തുടക്കക്കാലത്ത് നിയമനത്തിന് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കാതിരുന്നത്. പക്ഷേ, പിന്നീടത് അശാസ്ത്രീയവും സംവരണവിരുദ്ധവുമൊക്കെയായ കീഴ്വഴക്കമായി മാറി. പ്രൊബേഷന്റെ മറവില്‍ ആദ്യത്തെ 18 മാസം നല്‍കുന്ന ശമ്പളം പതിനായിരം രൂപയില്‍ താഴെ മാത്രമാണ്. അതുകഴിഞ്ഞ് സ്ഥിരനിയമനം ആയാല്‍പ്പോലും വലിയ വര്‍ദ്ധനവ് ഉണ്ടാകുന്നില്ല. ആയിരമോ രണ്ടായിരമോ ഒക്കെയാണ് കൂടുക. പിന്നീട് വാര്‍ഷിക ശമ്പളവര്‍ദ്ധനവുണ്ടായാലും ഇത്രയൊക്കെത്തന്നെയേ കൂടുകയുള്ളു. 40 വര്‍ഷമായി ജോലി ചെയ്യുന്നയാള്‍ക്ക് 52000 രൂപയാണ് ശമ്പളം. അതാണ് തൃശൂര്‍ സംഘത്തിലെ ഏറ്റവും വലിയ ശമ്പളം.

മലബാറില്‍ ഇതിന്റെ ഇരട്ടി ശമ്പളമുണ്ട്. അവിടെ തുടക്കം 15,400 രൂപയാണ്. മാത്രമല്ല, എട്ടു മണിക്കൂര്‍ ജോലി എന്നത് കൃത്യമായി പാലിക്കുന്നുമുണ്ട്. ഇവിടെ ജനറല്‍ വര്‍ക്കറായി കയറുന്നയാള്‍ 12 മണിക്കൂറോളം ജോലി ചെയ്യേണ്ടിവരും, എന്തു ജോലിയും ചെയ്യുകയും വേണം. സ്ഥാനക്കയറ്റത്തിനു മാനേജ്മെന്റ് തന്നെ നടത്തുന്ന പരീക്ഷയുണ്ട്. അത് നടത്തിയിട്ട് കാലങ്ങളായി. നിലവിലെ പ്രസിഡന്റുള്‍പ്പെടെ ചിലര്‍ ട്രെയിനിങ്ങ് കാലമുള്‍പ്പെടെ നാല് വര്‍ഷമായപ്പോഴേയ്ക്കും പരീക്ഷ എഴുതിയവരാണ്. ഗുണിക്കാനും കൂട്ടാനും അറിയാമോ എന്ന് പരിശോധിക്കുന്നതാണ് പരീക്ഷ. ആ പരീക്ഷയുടെ റാങ്ക്ലിസ്റ്റ് അനുസരിച്ച് ക്ലറിക്കല്‍ തസ്തികയിലേക്ക് കയറ്റം നല്‍കും. ക്ലറിക്കല്‍ തസ്തികയില്‍ പത്ത് വര്‍ഷം കഴിഞ്ഞാല്‍ മാനേജരാക്കണം എന്നാണ്. പതിനെട്ടും ഇരുപതും വര്‍ഷമായിട്ടും പരീക്ഷ എഴുതാന്‍ പോലും അവസരം കിട്ടാത്തവരുണ്ട്. ഏഴു വര്‍ഷമായവര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം കൊടുക്കണം എന്നാണ് വ്യവസ്ഥ.

തുടക്കത്തിലെ നഷ്ടത്തില്‍നിന്ന് ക്രമേണ ലാഭത്തിലേക്കു വരികയും ജീവനക്കാര്‍ക്ക് മാന്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കുകയും ചെയ്ത തൃശൂര്‍ സംഘം ഏതാനും വര്‍ഷങ്ങളായാണ് വലിയ നഷ്ടത്തിലേക്കു വീണുതുടങ്ങിയത്. ഘട്ടം ഘട്ടമായി ജീവനക്കാര്‍ക്ക് തൊഴിലാളിസംഘം നല്‍കിയ ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങുകയും ചെയ്തു. സംഘത്തിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംരക്ഷണ മുന്നണി പ്രസിദ്ധീകരിച്ച പ്രകടനപത്രികയിലൂടെ ഒന്നുപോയാല്‍ത്തന്നെ അതു വ്യക്തമാകും.

സംഘം ജീവനക്കാര്‍ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിന്നും എടുത്തിട്ടുള്ള വായ്പ നിലവില്‍ വന്‍ കുടിശ്ശികയാവുകയും ചിലത് കോടതി വ്യവഹാരങ്ങള്‍ വരെ എത്തുകയും ചെയ്തത് പ്രകടനപത്രികയില്‍ പരാമര്‍ശിക്കുന്ന സ്ഥിതിയുണ്ടായി. ''ഇതിനൊരു പരിഹാരമെന്ന നിലയില്‍ ബന്ധപ്പെട്ട ധനകാര്യസ്ഥാപനങ്ങളിലെ അധികാരികളുമായുള്ള ധാരണയില്‍ വായ്പകള്‍ പുതുക്കി, പിഴപ്പലിശയില്‍നിന്നും ഒഴിവാക്കുന്നതിനും വ്യവഹാരങ്ങളില്‍നിന്നും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും'' എന്ന് വാഗ്ദാനം ചെയ്യേണ്ടിയും വന്നു. ജീവനക്കാര്‍ ചെന്നുപെട്ടിരിക്കുന്ന നിസ്സഹായതയുടെ വ്യക്തമായ സൂചന തന്നെയായി അത്. ഇ.എസ്.ഐ പരിധിയില്‍നിന്ന് ഒഴിവാകുന്ന ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നതിനായി സര്‍ക്കാരിന്റെ മെഡിസെപ്പ് മാതൃകയില്‍ മെഡിക്കല്‍ പോളിസികള്‍ നടപ്പിലാക്കുമെന്നും കൊവിഡ് കാലത്ത് ജീവനക്കാര്‍ക്ക് ശമ്പളക്കണക്കില്‍ നഷ്ടപ്പെട്ട പണം ഘട്ടംഘട്ടമായി തിരികെ നല്‍കുമെന്നതടക്കമായിരുന്നു വാഗ്ദാനങ്ങള്‍. അതായത്, സാധാരണനിലയില്‍ത്തന്നെ ജീവനക്കാര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങളും സേവനങ്ങളും അവര്‍ക്ക് ഇപ്പോള്‍ കിട്ടുന്നില്ല. അതുകൊണ്ടാണ് അവ തെരഞ്ഞെടുപ്പ് വാഗ്ദാനമാക്കേണ്ടിവന്നത്. വിരമിക്കുന്നവര്‍ക്ക് എത്രയും വേഗം ആനുകൂല്യങ്ങള്‍, പിടിച്ചുവച്ച ഒന്നര ലക്ഷം ഉടന്‍ മടക്കിനല്‍കും, കാപ്പിപ്പൊടി പൊതുമാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ നടപടി, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ 4 മേഖലകളാക്കി തിരിച്ച് സെന്‍ട്രലൈസ്ഡ് പര്‍ച്ചേസ്, സെന്‍ട്രലൈസ്ഡ് കിച്ചണ്‍, സ്പെഷ്യല്‍ അലവന്‍സിലും ഗ്രേഡ് അലവന്‍സിലും മാറ്റങ്ങള്‍, പി.എഫ്, പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുന്നതിനും അതുവഴി സ്ഥലത്തിന്റെ പി.എഫ് എക്സംപ്ഷന്‍ നഷ്ടപ്പെടാതിരിക്കുന്നതിനും സര്‍ക്കാര്‍ സഹായത്തോടെ നടപടി അങ്ങനെ നിരവധി കാര്യങ്ങളിലെ അനിശ്ചിതാവസ്ഥ വ്യക്തമാക്കുന്നതായിരുന്നു പ്രകടനപത്രിക. ഡ്യൂട്ടിക്കിടയിലെ ജീവനക്കാരുടെ ലഹരി ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തലാക്കുമെന്നും ജീവനക്കാരുടെ അച്ചടക്കം തിരികെ കൊണ്ടുവരുമെന്നും കൂടി പറയേണ്ടിവന്നു. കോഫീ ഹൗസുകളെ ഇപ്പോള്‍ ഏത് അവസ്ഥയിലാക്കി മാറ്റിയിരിക്കുന്നു എന്നതിന്റെ സംസാരിക്കുന്ന തെളിവായി അതു മാറി.

ഇടപെടലുകള്‍

നഷ്ടം മൂലം പൂട്ടിയ സ്ഥാപനത്തെ തൊഴിലാളികള്‍ ലാഭത്തിലേക്കു കൊണ്ടുവന്നതിന്റെ ഇതിഹാസ സമാനമായ ചരിത്രമാണ് ഇന്ത്യന്‍ കോഫീ ഹൗസുകളുടേത്. അവിടെ നിന്നാണ് ഇപ്പോഴത്തെ തിരിച്ചുപോക്ക്. നേരത്തേ, കോടതി ഇടപെടലിനെത്തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണം വന്നപ്പോള്‍ അതിനെതിരേ നടന്ന പ്രതിഷേധത്തെ അഭിവാദ്യം ചെയ്യാന്‍ കാപ്പിക്കുരു വില്‍ക്കുന്നയാള്‍ വന്ന അനുഭവമുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. 2017 മാര്‍ച്ച്-ജൂലൈ കാലയളവില്‍ മൂന്നു മാസമാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണമുണ്ടായത്. സഹകരണവേദിയുടെ ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടപ്പോഴായിരുന്നു അത്. ഇപ്പോഴത്തെ പ്രസിഡന്റ് എസ്.എസ്. അനില്‍കുമാറാണ് അന്ന് സെക്രട്ടറി. അഴിമതിയെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന് തൃശൂരില്‍ വ്യവസായവകുപ്പിലെ ജനറല്‍മാനേജര്‍ തസ്തികയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് പിരിച്ചുവിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണസമിതി കോടതിയെ സമീപിച്ചു. പിരിച്ചുവിടാനുളള അധികാരം വ്യവസായ ഡയറക്ടര്‍ക്കു മാത്രമാണെന്നും ജനറല്‍മാനേജരുടെ ഉത്തരവ് നിലനില്‍ക്കില്ലെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. പിരിച്ചുവിടല്‍ റദ്ദാക്കുകയും ഭരണസമിതി തിരിച്ചുവരികയും ചെയ്തു. നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടുമൊരു പിരിച്ചുവിടലിന് സര്‍ക്കാര്‍ തയ്യാറായില്ല.

ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അഭിപ്രായം പറയുന്നവര്‍ക്കുപോലും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്ന വിധം പേടിപ്പിക്കലിന്റെ അന്തരീക്ഷം ഉണ്ടാക്കുന്നതിലാണ് ഭരണസമിതി മിടുക്കു കാണിക്കുന്നത്. തൃശൂരിലെ ആസ്ഥാനത്തു ചെന്നു നേരിട്ടു വിശദീകരണം നല്‍കാനാണ് ആവശ്യപ്പെടുക. എങ്കിലും ഇതിനെയൊക്കെ മറികടന്ന് മാനേജര്‍ തസ്തികയിലുള്ളവര്‍പോലും അഭിപ്രായങ്ങള്‍ തുറന്നുപറയുന്നുമുണ്ട്. കുറേ വര്‍ഷങ്ങളായി സ്വന്തം ആളുകളെ തിരുകിക്കയറ്റിയിട്ടും അതേ ജീവനക്കാരില്‍ വലിയൊരു വിഭാഗം ഇവരെക്കൊണ്ട് പൊറുതിമുട്ടിയതാണ് കാരണം. നാല്‍പ്പതോളം സ്ത്രീകളുള്‍പ്പെടെ നിലവിലെ 1520 ജീവനക്കാരില്‍ മുഴുവന്‍ പേരും വോട്ടുള്ളവരാണ്.

1980-1982 കാലയളവില്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ തൃശൂര്‍ സംഘം ഭരിച്ചിരുന്നു. നിയമനങ്ങള്‍ സുതാര്യമായി നടന്നത് ആ കാലത്താണെന്ന് മുന്‍കാല ജീവനക്കാര്‍ പറയുന്നു. സഹകരണ ജനാധിപത്യമുന്നണിയും സഹകരണവേദിയും തമ്മിലുള്ള മത്സരമായി പിന്നീടത് മാറി. സഹകരണവേദി അധികാരത്തിലെത്തിയപ്പോള്‍ അവരെ എതിര്‍ത്തവര്‍ക്കെതിരേ ഉണ്ടായ വ്യാപക അക്രമങ്ങളുടെ തുടര്‍ച്ചയായാണ് സഹകരണ ജനാധിപത്യമുന്നണി പിരിച്ചുവിട്ടത്. 2012-ലായിരുന്നു അത്. അതിനുശേഷമാണ് 2013-ല്‍ ട്രേഡ് യൂണിയന്‍ രൂപീകരിച്ച് സി.ഐ.ടി.യു രംഗത്തു വന്നത്.

കാലം കറങ്ങിവന്നപ്പോള്‍

രാജ്യത്ത് കോഫീ ഹൗസുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ 1957 മേയില്‍ കോഫീ ബോര്‍ഡ് എടുത്ത തീരുമാനം 1950-കളുടെ തുടക്കം മുതല്‍ കോഫീ ബോര്‍ഡും കേന്ദ്രസര്‍ക്കാരും സ്വീകരിച്ച നയംമാറ്റത്തിന്റെ തുടര്‍ച്ചയായിരുന്നു. സ്വകാര്യമേഖലയ്ക്കു കൈമാറുക അല്ലെങ്കില്‍ പിരിച്ചുവിടുക എന്ന നയം. അങ്ങനെ കോഫീ ഹൗസുകള്‍ പൂട്ടിയപ്പോള്‍ 1016 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 43 കോഫീ ഹൗസുകളും മൂന്നു ഡിപ്പോകളും നാലു കോഫീ വാനുകളുമാണ് ഉണ്ടായിരുന്നത്.

ഇന്ത്യാ കോഫീ ബോര്‍ഡ് ലേബര്‍ യൂണിയന്‍ എന്ന പേരില്‍ രഹസ്യമായി രൂപീകരിച്ച യൂണിയനാണ് പിന്നീട് ഇന്ത്യന്‍ കോഫീ ഹൗസുകളില്‍ രാജ്യമാകെ വലിയ ശക്തിയും തൊഴിലാളികളുടെ പ്രതീക്ഷയുമായത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും യൂണിയന്‍ ആ കാലത്ത് തന്റേടം കാണിച്ചു. കോഫീ ഹൗസുകളില്‍ ഉള്‍പ്പെടെ തൊഴിലാളിക്ക് ഒരു വിലയുമില്ലാതിരുന്ന ആ കാലത്തെക്കുറിച്ച് അനുഭവസ്ഥന്‍ എഴുതിയത് വായിക്കുകയും ഇപ്പോള്‍ തൃശൂര്‍ സംഘത്തിലെ തൊഴിലാളികളുടേയും അവസ്ഥയെക്കുറിച്ച് അവര്‍ തന്നെ പറയുന്നത് കേള്‍ക്കുകയും ചെയ്യുമ്പോള്‍, കാലം കറങ്ങിത്തിരിഞ്ഞു വന്ന് വീണ്ടും തൊഴിലാളികളെ അടിമകളാക്കി എന്നാണ് മനസ്സിലാവുക. നാല്‍പ്പതുകളിലെ കാര്യം ഇങ്ങനെയാണ്: പുലര്‍ച്ചെ മുതല്‍ പാതിരാവരെയായിരുന്നു ജോലി. പതിന്നാലു മുതല്‍ പതിനെട്ടു വരെ മണിക്കൂര്‍. വിശ്രമസമയമില്ല. ആഴ്ചയവധിയില്ല. ശമ്പളം തീരെക്കുറവ്. 'അനുസരണക്കേട്' കാട്ടിയാല്‍ സ്ഥലം മാറ്റും. അല്ലെങ്കില്‍ എന്തെങ്കിലും പറഞ്ഞ് ജോലി കളയും.

ഈ നിലയില്‍നിന്നാണ് ആഴ്ചയവധി, പ്രോവിഡന്റ് ഫണ്ട്, സര്‍ക്കാര്‍ ഒഴിവുകള്‍, ഫാക്ടറീസ് ആക്റ്റ് പ്രകാരമുള്ള നഷ്ടപരിഹാരം, എട്ട് മണിക്കൂര്‍ ജോലി ഇതൊക്കെ നടപ്പായത്. പക്ഷേ, ഇന്നിപ്പോള്‍, 2025-ല്‍ 12 മണിക്കൂറിലധികം ജോലിയും വളരെ മോശം ശമ്പളവും അതിലും മോശം പെരുമാറ്റവുംകൊണ്ട് കോഫീ ഹൗസ് ജീവനക്കാര്‍ അടിമകളെപ്പോലെ അനുഭവിക്കുന്നു എന്നതാണ് സത്യം. പ്രോവിഡന്റ് ഫണ്ട് വിഹിതം ജീവനക്കാരില്‍നിന്നു പിരിക്കുന്നുണ്ട്; പക്ഷേ, തൊഴിലുടമയുടെ വിഹിതം കൂടി ചേര്‍ത്ത് പി.എഫില്‍ അടയ്ക്കാറില്ല. അങ്ങനെ കൂടിക്കൂടിയാണ് 20 കോടിയായി മാറിയത്. 1948 ഒക്ടോബറില്‍ യൂണിയന്റെ ഒന്നാം സമ്മേളനം അംഗീകരിച്ച അവകാശപത്രികയിലേതിനു സമാനമായ നിസ്സഹായാവസ്ഥ 2025-ലും കാണാം. ജീവനക്കാരുടെ ദുരിതം നിറഞ്ഞ സാഹചര്യങ്ങളും ഈ നിസ്സഹായതയുമാണ് ഇന്ത്യന്‍ കോഫീ ഹൗസുകള്‍ മാറിപ്പോയതിന്റെ ഏറ്റവും വലിയ തെളിവ്.

ഗവണ്‍മെന്റ് ഗ്യാരണ്ടിയോടുകൂടി വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിന്നും കുറഞ്ഞ പലിശയില്‍ വായ്പ, വ്യവസായ സഹകരണസംഘങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുന്ന സാമ്പത്തിക സഹായം ലഭിക്കുന്നതിനു നടപടി, ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ നിയമാനുസൃതമായി പരിഷ്‌കരിക്കുക, മൊത്തം ശമ്പളത്തിന്റെ 25 ശതമാനം വര്‍ദ്ധനവ് വരുത്തി പുതിയ ശമ്പളസ്‌കെയില്‍, കുറഞ്ഞ ശമ്പളം 16000 രൂപ ലഭിക്കത്തക്കവിധം ശമ്പളപരിഷ്‌കരണം, വിരമിക്കുന്ന തൊഴിലാളികളുടെ തുടര്‍ജീവിതത്തിന് ആശ്വാസമെന്ന നിലയില്‍ പെന്‍ഷന്‍ സ്‌കീം, വിരമിക്കല്‍ പ്രായം 60 തുടങ്ങിയവ ഇപ്പോഴും കോഫീ ഹൗസ് ജീവനക്കാരുടെ ആവശ്യങ്ങളില്‍പ്പെട്ടതാണ്. ശ്രദ്ധിക്കുക, കുറഞ്ഞ ശമ്പളം 16000 രൂപ ലഭിക്കത്തക്കവിധം ശമ്പളപരിഷ്‌കരണത്തെക്കുറിച്ചാണ് കോഫീ ഹൗസുകള്‍ക്കും ഐക്യകേരളത്തിനും വയസ്സ് 68 ആയ ഈ കാലത്ത് അവര്‍ സംസാരിക്കേണ്ടിവരുന്നത്.

കോഫീ ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനിച്ച് ഒരു മാസത്തിനകം, സമരം ചെയ്താല്‍ വിജയിക്കുമോ സംശയം ഉയര്‍ന്നുതുടങ്ങിയപ്പോള്‍ത്തന്നെ എ.കെ.ജിയാണ് ആ നിര്‍ദ്ദേശം വച്ചത്: കോഫീ ഹൗസുകള്‍ തൊഴിലാളികള്‍ ഏറ്റെടുത്തു നടത്തണം. 1957 ജൂണ്‍ 25-ലെ ആ തീരുമാനത്തില്‍നിന്നാണ് പിന്നീട് അത്ഭുതകരമായ ഇന്ത്യന്‍ കോഫീ ഹൗസ് മുന്നേറ്റമുണ്ടായത്.

ഇന്ത്യന്‍ കോഫീ ഹൗസുകളിലെ ജനകീയ വിഭവങ്ങള്‍ ഒരു ദിവസം പെട്ടെന്നുണ്ടായതല്ല എന്നതുപോലെത്തന്നെ ജനകീയ സംസ്‌കാരവും പെട്ടെന്നുണ്ടായതല്ല. അതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ തീരുമാനവും സാമൂഹിക പ്രതിബദ്ധതയും ഉണ്ടായിരുന്നു. തൃശൂര്‍ സംഘവും മലബാര്‍ സംഘവും പ്രവര്‍ത്തനം തുടങ്ങിയ ശേഷം 1959 ജനുവരി 25-ന് സംഘം പ്രതിനിധികള്‍ കോഴിക്കോട്ട് യോഗം ചേര്‍ന്നു. സംഘത്തിന്റെ സാമ്പത്തിക ഭദ്രത നോക്കി മാത്രമേ വേതനം നിശ്ചയിക്കാന്‍ പാടുള്ളു എന്നതായിരുന്നു പ്രധാനപ്പെട്ട ഒന്നാമത്തെ തീരുമാനം. കോഫീ ഹൗസിനെ ജനകീയമാക്കാനും തീരുമാനിച്ചു. അങ്ങനെയാണ് രാജ്യത്ത് കോഫീ ഹൗസുകളുടെ മെനുവില്‍നിന്ന് ബ്രിട്ടീഷ് ഭരണകാലത്തെ കൊളോണിയല്‍ വി.ഐ.പി വിഭവങ്ങള്‍ മാറ്റിയതും സാധാരണക്കാര്‍ക്ക് ഇഷ്ടമാകുന്ന വിഭവങ്ങള്‍ ചേര്‍ത്തതും. അത് പുതിയ രുചി അനുഭവങ്ങളുടെകൂടി തുടക്കമായി മാറി. ഹോട്ട് കോഫീ, കോള്‍ഡ് കോഫീ, കോള്‍ഡ് കോഫീ വിത്ത് ക്രീം, കോഫീ ഐസ്‌ക്രീം തുടങ്ങിയ മുപ്പതോളം വിഭവങ്ങള്‍ മാത്രമല്ല, നാടന്‍ ഭക്ഷണസാധനങ്ങളായ മസാലദോശ, നെയ്‌റോസ്റ്റ്, ചപ്പാത്തി, പൂരിമസാല, ഇഡ്ഡലി, ഉഴുന്നുവട, ഏത്തപ്പഴം, പഴംപൊരി, പഴം പുഴുങ്ങിയത് തുടങ്ങിയവയും കിട്ടുമെന്നായി. കോഫീ ബോര്‍ഡിന്റെ കാലത്തെ 'ഇന്ത്യാ കോഫീ ഹൗസ്' എന്ന പേര് ഇന്ത്യന്‍ കോഫീ ഹൗസ് എന്നാക്കി മാറ്റി. പണക്കാരുടെ കേന്ദ്രം എന്നതില്‍നിന്ന് കോഫീ ഹൗസുകള്‍ ഇടത്തരക്കാരുടെ സ്ഥലമായി മാറി.

ആ മാറ്റം വിഭവങ്ങളുടെ പട്ടികയിലെ മാറ്റം മാത്രമായിരുന്നില്ല. പേരിലെ ഭേദഗതി മാത്രവുമായിരുന്നില്ല. പക്ഷേ, കേരളത്തിന്റെ തലമുറകളെ സ്വാധീനിച്ച ഒരു ഭക്ഷണ സാംസ്‌കാരിക മുന്നേറ്റത്തിന്റെ കൊടിയെടുത്ത് മുന്നില്‍ കയറി നിന്നിട്ട് പിന്നിലേക്കു നടക്കുകയാണ് തൃശൂര്‍ സംഘത്തെ ഇപ്പോള്‍ നയിക്കുന്നവര്‍. അതു ചെറുത്തു തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന തൊഴിലാളികളുടെതന്നെ പുതിയ കുതിപ്പിലാണ് കേരളം പ്രതീക്ഷവയ്ക്കുന്നത്.

സംഘത്തിന്റെ 2024 വരെയുള്ള നഷ്ടം 38 കോടി രൂപയാണ്. 2025 മാര്‍ച്ച് അവസാനിക്കുമ്പോള്‍ നഷ്ടം ഏകദേശം 45 കോടിക്കടുത്ത് വന്നേക്കും. 47 ബ്രാഞ്ചുകളില്‍ 34 എണ്ണവും ഭീമമായ നഷ്ടത്തിലാണ് ബാക്കി 13 ബ്രാഞ്ചുകളില്‍ പലതും നേരിയ ലാഭത്തില്‍ മാത്രമാണ്. ജീവനക്കാരുടെ ഇ.പി.എഫ് പെന്‍ഷന്‍ സ്‌കീമിലേക്ക് 2022 ഏപ്രില്‍ കഴിഞ്ഞുള്ള വിഹിതം അടച്ചിട്ടില്ല. അത് 7 കോടിയിലധികവും എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ 26 കോടിയും കുടിശ്ശിക. ഗ്രാറ്റുവിറ്റി ഫണ്ട് 15 കോടിയും ജീവനക്കാരുടെ ശമ്പളത്തില്‍ വസൂല്‍ ചെയ്യുന്ന ക്ഷേമഫണ്ടുകളിലുമായി 7 കോടിയും കുടിശ്ശികയായി തുടരുന്നു. 8 വര്‍ഷമായി മിനിമം ബോണസും ലഭിച്ചുകൊണ്ടിരുന്ന മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നില്ല. വേജസ് ആക്ട് അനുസരിച്ചുള്ള മിനിമം വേതനം ലഭിക്കാത്തവരാണ് ഭൂരിഭാഗം ജീവനക്കാരും. ശമ്പളത്തില്‍ റിക്കവറി ചെയ്യുന്ന ലോണ്‍സംഖ്യ യഥാസമയം നല്‍കാതെ തിരിമറി നടത്തുന്നതിനാല്‍ ജീവനക്കാര്‍ ഭീമമായ പിഴപ്പലിശ നല്‍കേണ്ടിവരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിന്റെ പേരില്‍ കോഫീ ഹൗസ് വഴി വിറ്റഴിക്കുന്ന ഭക്ഷണപാനീയങ്ങളുടെ വിലയില്‍ 30 ശതമാനം വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. അതേ വിലവര്‍ദ്ധനവില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി ഉപജീവനം നടത്തുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ നാമമാത്രമായ വര്‍ദ്ധനവ് മാത്രമേ നല്‍കിയിട്ടുള്ളൂ. റിട്ടയര്‍ ചെയ്തവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് അവ നല്‍കുമ്പോള്‍ ഭീമമായ തുക നിര്‍ബന്ധിച്ച് സംഘത്തില്‍ ഫിക്സഡ് ഡിപ്പോസിറ്റായി വാങ്ങുന്നു. 30 ശതമാനം വിലവര്‍ദ്ധനവ് നടപ്പിലാക്കുന്നതിന് മുന്‍പ് 147 കോടി ടേണോവര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 120 കോടിയില്‍ താഴെയാണ് വാര്‍ഷിക വിറ്റുവരവ് ലഭിക്കുന്നത്. തുടര്‍ച്ചയായി സംഘം ഭരിക്കുന്ന ബിജെപി - കോണ്‍ഗ്രസ് കൂട്ടുകെട്ട് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമാണ് സംഘത്തിനെ നാശത്തിന്റെ വക്കില്‍ എത്തിച്ചത്. മിനിമം വേജസ് പോലും ലഭിക്കാത്തതിനാല്‍ വളരെയേറെ ജീവനക്കാര്‍ മറ്റ് ജോലികള്‍ തേടിപ്പോയി. മറ്റുള്ളവര്‍ ഇവിടത്തെ കഠിനജോലി കഴിഞ്ഞുള്ള സമയം പുറമേ മറ്റ് തൊഴിലുകള്‍ കൂടി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. വര്‍ഷങ്ങളായി തേയ്മാനം (Dipriciation) കുറക്കാതെ വ്യാജമായ കണക്കിലൂടെ കാണിച്ചിരിക്കുന്ന ആസ്തിക്കും മുകളില്‍ ബാധ്യതയിലാണ് സംഘം. പി.എഫിലെ നീക്കിയിരിപ്പ് നിയമാനുസൃത ബോണ്ടുകളില്‍ നിക്ഷേപിക്കുന്നില്ല എന്ന് മാത്രമല്ല, നിക്ഷേപിച്ചിരുന്ന ബോണ്ടുകള്‍ കാലാവധി പൂര്‍ത്തിയാകാതെ പിന്‍വലിച്ചതും പിന്‍വലിക്കാന്‍ ശ്രമിക്കുന്നതും എക്സംപറ്റഡ് ട്രസ്റ്റായി നടത്തിവരുന്ന ഇ.പി.എഫ് ട്രസ്റ്റിന് വന്‍നഷ്ടം വരുത്തി. നിലവില്‍ ധനലക്ഷ്മി ബാങ്കിലുള്ള കൂടിയ പലിശയുടെ കോടികളുടെ ലോണിന് പകരം, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നിവിടങ്ങളില്‍നിന്നുള്ള സബ്സിഡി ലോണ്‍ നേടിയെടുക്കാനും ഈ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. ഇതില്‍നിന്നും സംഘത്തിന് കരകയറാന്‍ കഴിയും എന്നുതന്നെയാണ് യൂണിയന്‍ വിശ്വസിക്കുന്നത്. അതിന് ശക്തമായ നടപടികള്‍ ആവശ്യമാണ്. ഒന്നാമതായി, സംഘത്തില്‍ ഇന്ന് നടക്കുന്ന നാനാതരത്തിലുള്ള അഴിമതി ഇല്ലാതാകണം. അഴിമതി മാത്രം ലക്ഷ്യംവെച്ച് ഭരണസമിതി നടത്തുന്ന പര്‍ച്ചേസിങ്ങ് അവസാനിപ്പിക്കുക, പര്‍ച്ചേസിങ്ങിനായി സഹകരണ നിയമപ്രകാരമുള്ള നടപടികളിലൂടെ ടെണ്ടര്‍ വിളിക്കുക. സംഘം ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്വെയറിലെ അപാകതകള്‍ മൂലം ഉണ്ടാകുന്ന വരുമാന ചോര്‍ച്ചയും പണാപഹരണവും പരിഹരിക്കുക. ആധുനിക സൗകര്യങ്ങളോടെ ജില്ലാടിസ്ഥാനത്തില്‍ സെന്‍ട്രലൈസ്ഡ് കിച്ചണ്‍ സ്ഥാപിച്ച് ജീവനക്കാരുടെ അദ്ധ്വാനഭാരം കുറച്ചും ആഹാരസാധനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിച്ചും പുതുതലമുറ കസ്റ്റമേഴ്സിനെ ആകര്‍ഷിക്കണം. അതിനൊത്ത വിഭവങ്ങള്‍ ആരംഭിക്കുകയും വേണം. യന്ത്രവല്‍കരണത്തിലൂടെയും മറ്റും ബ്രാഞ്ചില്‍ അധികമാകുന്ന ജീവനക്കാരെ ഉപയോഗിച്ച് മികച്ച വ്യാപാരം ലഭിക്കുന്ന സ്ഥലങ്ങളില്‍ പുതിയ ബ്രാഞ്ചുകള്‍ തുറക്കുകയും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചുകളെ ലാഭത്തില്‍ എത്തിക്കാനുള്ള നടപടിക്കൊപ്പം മാറ്റി സ്ഥാപിക്കേണ്ടതായ ബ്രാഞ്ചുകളെ മാറ്റി സ്ഥാപിക്കുകയും ചെയ്യണം. സംഘം പാക്ക് ചെയ്ത്, കോഫീ ഹൗസ് മുഖേന മാത്രം നല്‍കിവരുന്ന കോഫീ പൗഡര്‍ വൈവിധ്യമാര്‍ന്ന ഇനങ്ങളും കൂട്ടിച്ചേര്‍ത്ത് ഓപ്പണ്‍ മാര്‍ക്കറ്റ് വഴിയും ഓണ്‍ലൈനിലും വില്‍ക്കണം. റെഡി റ്റു ഈറ്റ് വിഭവങ്ങളും ബേക്കറി ഇനങ്ങളും പോലുള്ളവ വഴി പുതിയ മേഖലകളില്‍ സംഘത്തിന് സ്വന്തമായി വ്യാപാരശൃംഖല വിപുലമാക്കാനാവും. കമ്മിഷന്‍ മാത്രം ലക്ഷ്യമാക്കി ടെണ്ടര്‍ ഇല്ലാതെ സ്വകാര്യ പ്ലാന്റുകളില്‍ നിറച്ച് ഇപ്പോള്‍ ബ്രാഞ്ചുകളില്‍ മാത്രം വിറ്റുവരുന്ന കുപ്പിവെള്ളം സ്വന്തമായി പ്ലാന്റ് സ്ഥാപിച്ച് ഗുണനിലവാരത്തോടെ നിര്‍മിച്ച് ഓപ്പണ്‍ മാര്‍ക്കറ്റില്‍ കൂടിയും വില്‍ക്കണം. ഇതിനൊക്കെ ആവശ്യമായ സാങ്കേതിക സാമ്പത്തിക കാര്യങ്ങളില്‍, സംഘം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യവസായ വകുപ്പിന്റെ സഹായം തേടണം. ഇതിന് കഴിവും പ്രാപ്തിയുമുള്ള ജീവനക്കാരെ പക്ഷപാതമില്ലാതെ ഉപയോഗപ്പെടുത്തണം. എന്തിലും ഏതിലും കമ്മിഷന്‍ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയും ചോര്‍ച്ചകള്‍ പൂര്‍ണമായും തടഞ്ഞുകൊണ്ടും മേല്‍പറഞ്ഞ കാര്യങ്ങള്‍ നടപ്പില്‍ വരുത്തി വരുമാനവും ലാഭവും വര്‍ദ്ധിപ്പിച്ച്, ബാധ്യതകള്‍ നീക്കി നിലവിലുള്ള ജീവനക്കാര്‍ക്ക് അര്‍ഹമായ ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കാനാവും. മികച്ച ശമ്പളത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും എന്ന് യൂണിയന് ഉറപ്പുണ്ട്.

സി.കെ. രാജേഷ്, ജനറല്‍ സെക്രട്ടറി ഇന്ത്യന്‍ കോഫീ ഹൗസ് എംപ്ലോയിസ് യൂണിയന്‍ (സി.ഐ.ടി.യു)

1998 മുതല്‍ 2005 വരെ നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ 2005-ല്‍ നടപ്പുവര്‍ഷ ലാഭത്തിലേക്ക് എത്തിച്ചത് ഞങ്ങളുടെ നേതൃത്വത്തിലുള്ള ഭരണസമിതി തന്നെയാണ്. 2017 വരെ അതാതു വര്‍ഷങ്ങളില്‍ ലാഭത്തിലായിരുന്നു. ശമ്പളം ഉള്‍പ്പെടെ ആ കാലയളവില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. നാലേമുക്കാല്‍ കോടിയായിരുന്ന അറ്റനഷ്ടം രണ്ടേകാല്‍ കോടിയിലേക്ക് എത്തിക്കാനും ആ സമയത്ത് സാധിച്ചു. 2017-ല്‍ ഞങ്ങളെ പിരിച്ചുവിട്ടുകൊണ്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം വന്നു. അതാണ് ഈ സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കം വച്ചത്. 2017 ഫെബ്രുവരി 25-ന്, ഒരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ, ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും തരാതെ ഇതെല്ലാം തന്നുവെന്ന് വ്യാജമായി ചമച്ചുകൊണ്ട് പിന്‍വാതിലിലൂടെയാണ് അഡ്മിനിസ്ട്രേറ്റര്‍ കടന്നുവന്നത്. ഞങ്ങള്‍ അതിനെതിരേ കോടതിയില്‍ പോയി, അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ഉപരോധസമരം നടത്തി. 67 വര്‍ഷത്തിനിടെ അതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കമുണ്ടായിട്ടില്ല. 2017 ജൂണില്‍ ഞങ്ങള്‍ക്ക് അനുകൂലമായി വിധി വന്നു. പിരിച്ചുവിട്ട നടപടി കോടതി റദ്ദ് ചെയ്തു. ജൂലൈ 11-നാണ് ഞങ്ങള്‍ക്ക് തിരിച്ചു കൈമാറിയത്. അപ്പോഴേയ്ക്കും ഒരു കാര്യം സംഭവിച്ചിരുന്നു. 2017 ജൂലൈ 1 മുതലാണ് രാജ്യത്ത് ജി.എസ്.ടി നടപ്പായത്. അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലിരിക്കെ ജി.എസ്.ടി നടപ്പാക്കിയില്ല. സോഫ്റ്റ്വെയറിലും ബ്രാഞ്ചുകളിലെ കണക്കുകളിലും ഉള്‍പ്പെടെ മാറ്റം വരുത്തി മാത്രമേ അത് പറ്റുകയുള്ളു. ഞങ്ങള്‍ തിരിച്ചുവന്ന ശേഷമാണ് ആ നടപടികള്‍ തുടങ്ങിയത്. ഓഗസ്റ്റ് 1 മുതലാണ് കസ്റ്റമറില്‍നിന്ന് ജി.എസ്.ടി വാങ്ങിത്തുടങ്ങിയത്. അപ്പോഴേയ്ക്കും ജൂലൈയിലെ കച്ചവടത്തിന്റെ 12 ശതമാനം, ഏകദേശം ഒരു കോടി ഇരുപത്തിനാലു ലക്ഷത്തോളം രൂപ പിരിക്കാത്ത സംഖ്യ ജി.എസ്.ടിയായി അടയ്ക്കേണ്ടിവന്നു. സംഘത്തിന്റെ സാമ്പത്തിക അടിത്തറ ഇളകുന്നത് അവിടം മുതലാണ്. അതില്‍നിന്നു കരകയറി വന്നപ്പോള്‍ 2018-ലും 2019-ലും പ്രളയം വന്നു. അത് സാരമായി ബാധിച്ചു. ഏഴ് ബ്രാഞ്ചുകള്‍ ആഴ്ചകളോളം അടച്ചിടേണ്ടി വന്നു. മൊത്തത്തിലുള്ള വ്യാപാരത്തേയും കാര്യമായി ബാധിച്ചു. പിന്നെ, 2020-ല്‍ കൊവിഡ് വന്നു. അതുണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഒരു ദിവസം ഹര്‍ത്താല്‍ മൂലം അടച്ചിടേണ്ടി വന്നാല്‍പോലും ഞങ്ങള്‍ ഞെട്ടും. കാരണം, മുപ്പത്തിയഞ്ചു ലക്ഷത്തോളം രൂപയുടെ വ്യാപാരം ഒരു ദിവസം പോകും. ആ സ്ഥാനത്താണ് 2020-ലും 2021-ലുമായി ഏഴ് മാസത്തോളം ബ്രാഞ്ചുകള്‍ അടഞ്ഞുകിടന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ്. പിന്നീട് പാര്‍സല്‍ സംവിധാനം മാത്രമായി കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു. അങ്ങനെ, 130 കോടി രൂപയുടെയെങ്കിലും കച്ചവടം നഷ്ടപ്പെട്ടു എന്നാണ് വിലയിരുത്തുന്നത്. വില വര്‍ദ്ധനവൊന്നും കണക്കിലെടുക്കാതെ തൊട്ടടുത്ത വര്‍ഷങ്ങളിലെ കച്ചവടവുമായി താരതമ്യം ചെയ്യുമ്പോഴത്തെ കണക്കാണ്. പക്ഷേ, ഒരു രൂപയുടെപോലും സഹായം ഒരു ഭാഗത്തുനിന്നും കിട്ടിയിട്ടില്ല. ഏഴു മാസം അടഞ്ഞുകിടന്നപ്പോഴും ജീവനക്കാര്‍ പട്ടിണിയാകരുത് എന്നതുകൊണ്ട് അവരുടെ അടിസ്ഥാന ശമ്പളം കൊടുത്തു. പിന്നീട് ശമ്പളം കൂട്ടിക്കൊണ്ടുവന്നു. 2023 മാര്‍ച്ചിലാണ് പൂര്‍ണ ശമ്പളത്തിലേക്കു തിരിച്ചുവന്നത്. കച്ചവടമില്ലാതിരുന്നപ്പോള്‍ നാമമാത്ര ശമ്പളമെങ്കിലും കൊടുത്തതും 130 കോടിയോളം രൂപയുടെ കച്ചവടം നടക്കാതെ പോയതുമൊക്കെ യാഥാര്‍ത്ഥ്യമാണ്. 50 ശതമാനത്തിലധികം ലാഭമുള്ള സ്ഥാപനമാണ്. 130 കോടിയുടെ 50 ശതമാനം കൂട്ടിയാല്‍പോലും 65 കോടി രൂപ ആ ഇനത്തില്‍ നഷ്ടമാണ്. അതുകഴിഞ്ഞ്, സര്‍ക്കാരില്‍നിന്ന് പത്തുകോടി വായ്പയ്ക്ക് ശ്രമിച്ചെങ്കിലും കിട്ടിയില്ല. കെ.എസ്.ഐ.ഡി.സിയേയും കെ.എഫ്.സിയേയും കേരള ബാങ്കിനേയുമൊക്കെ സമീപിച്ചു. ആരും വായ്പ തന്നില്ല. സംഘത്തിന്റെ ബാങ്ക് ഇടപാടുകള്‍ നടത്തുന്ന എസ്.ബി.ഐ, ധനലക്ഷ്മി, ആക്സിസ് ബാങ്കുകളും വായ്പ തരാന്‍ തയ്യാറായില്ല. ഇപ്പോള്‍ ഞങ്ങളെ കുറ്റം പറയുന്ന യൂണിയന്‍ എല്ലായിടത്തും ചെന്ന് പറഞ്ഞത് ഒരു കാരണവശാലും ഇവര്‍ക്ക് വായ്പ കൊടുക്കരുത് എന്നാണ്. അവര്‍ സ്വന്തം ലെറ്റര്‍ഹെഡ്ഡില്‍ അങ്ങനെ ആവശ്യപ്പെട്ടതിന്റെ തെളിവുണ്ട്. മാത്രമല്ല, സംസ്ഥാന നേതാക്കളെക്കൊണ്ട് സമ്മര്‍ദം ചെലുത്തുകയും ചെയ്തു. യൂണിയന്റെ സഹായം കിട്ടിയില്ലെങ്കിലും ഉപദ്രവമില്ലായിരുന്നെങ്കില്‍ ഇതിനെക്കാള്‍ കുറച്ചുകൂടി നല്ല നിലയിലേക്ക് എത്തുമായിരുന്നു. ഇങ്ങനെയൊക്കെയായിട്ടും ശമ്പളം ഒരു മാസം പോലും കുടിശ്ശികയില്ല. നിലവില്‍ പത്താം തീയതിയാകുന്നുണ്ട് ശമ്പളം കൊടുക്കാന്‍. ജി.എസ്.ടി രണ്ടരക്കോടിയോളം കുടിശ്ശികയുണ്ടായിരുന്നത് മുഴുവന്‍ തീര്‍ത്തു. ആകെയുള്ളത് പി.എഫിലാണ്; അവിടെ വലിയൊരു തുക കുടിശ്ശികയുണ്ട്. ഒരു വായ്പ കിട്ടിയാല്‍ തീരാവുന്ന പ്രശ്നമേയുള്ളു. വായ്പ അടച്ചുതീര്‍ക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. പിന്നെ, ഭീമമായ പലിശയും പിഴപ്പലിശയുമൊക്കെയാണ് വരുന്നത്. സര്‍ക്കാര്‍ പറഞ്ഞിട്ട് അടച്ചിട്ട കാലത്തെപ്പോലും പി.എഫിന് പിഴപ്പലിശ ഒഴിവാക്കിത്തരുന്നില്ല; 18 ശതമാനമാണ്. ഞങ്ങള്‍ വ്യവസായമന്ത്രിയെ സമീപിച്ച് കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. വകുപ്പും മന്ത്രിയുടെ ഓഫീസും ഇടപെട്ടുതന്നെ നിയമനാധികാരം പുന:സ്ഥാപിക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. 2025-2026-നെ ഞങ്ങള്‍ ശുഭപ്രതീക്ഷയോടെയാണ് കാണുന്നത്. നഷ്ടമൊക്കെ കുറയും. ഇതിനെക്കാള്‍ വലിയ പ്രതിസന്ധിയിലേക്കു പോയപ്പോഴും ആരുടേയും സഹായമില്ലാതെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. '65 എന്‍ക്വയറി'യുമായി ബന്ധപ്പെട്ട് ചോദിച്ച രണ്ടു പ്രധാന കാര്യങ്ങളില്‍ ഒന്ന്, ക്വട്ടേഷനൊന്നുമില്ലാതെ സെന്‍ട്രലൈസ്ഡ് പര്‍ച്ചേസ് നടത്തി എന്ന പരാതിയെക്കുറിച്ചാണ്. യഥാര്‍ത്ഥത്തില്‍, സംഘത്തില്‍ സെന്‍ട്രലൈസ്ഡ് പര്‍ച്ചേസ് ആരംഭിച്ചിട്ടില്ല. അതാണ് വാസ്തവം. സാധനങ്ങള്‍ വാങ്ങിക്കൊണ്ടിരുന്ന ഒരു കടയില്‍നിന്നുതന്നെ എല്ലാ ബ്രാഞ്ചുകളും വാങ്ങാനുള്ള നിര്‍ദേശം കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. അതിന്റെ ബില്‍ തുക ഹെഡോഫീസില്‍ നിന്നു കൊടുക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളു. നേരത്തേ ബ്രാഞ്ചുകളില്‍നിന്നുതന്നെയാണ് കൊടുത്തിരുന്നത്. പേടിഎമ്മും കാര്‍ഡ് സൈ്വപ്പിങ്ങും വ്യാപകമായതോടെ വലിയൊരു തുക നേരിട്ട് ഹെഡോഫീസ് അക്കൗണ്ടിലേക്കാണ് വരുന്നത്. അതുകൊണ്ട് സാധനങ്ങള്‍ വാങ്ങാന്‍ കാശെടുത്തു കൊടുക്കുന്നതിന് ബ്രാഞ്ചുകളില്‍ ഉണ്ടാകണമെന്നില്ല. അതാണൊരു പ്രധാന കാരണം. അത് സെന്‍ട്രലൈസ്ഡ് പര്‍ച്ചേസ് അല്ല. സാധനങ്ങള്‍ ഒന്നിച്ചു വാങ്ങി ശേഖരിച്ചിട്ട് ബ്രാഞ്ചുകളിലേക്ക് എത്തിക്കുമ്പോഴാണ് സെന്‍ട്രലൈസ്ഡ് പര്‍ച്ചേസ് ആവുക. അതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്; അതിലേക്ക് എത്തേണ്ട സാഹചര്യം വരുന്നുമുണ്ട്. മറ്റൊന്ന്, ബ്രാഞ്ചുകളിലെ ബില്ലിംഗിനുള്ള കംപ്യൂട്ടര്‍ ക്വട്ടേഷന്‍ ഇല്ലാതെ വാങ്ങി എന്നതാണ്. അതു ചെയ്തിട്ടില്ല. ബില്ലിംഗ് മെഷീനാണ് ബ്രാഞ്ചുകളില്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. അതിന്റെ അപ്ഡേഷന്‍ മാത്രമേ നടത്തിയിട്ടുള്ളു. കഴിഞ്ഞ കമ്മിറ്റി ചെയ്തത് ഞങ്ങള്‍ പൂര്‍ത്തിയാക്കുകയാണുണ്ടായത്. മലബാര്‍ സംഘത്തിന്റെ ലാഭത്തെക്കുറിച്ചു പറഞ്ഞാല്‍, അവരുടെ വ്യാപാരവും മറ്റും രഹസ്യസ്വഭാവത്തിലാണ് പോകുന്നത്. അതിനെക്കുറിച്ച് ഞങ്ങള്‍ക്കൊരു വ്യക്തതയില്ല. പിന്നെ, കൊവിഡിനു മുന്‍പുള്ള പ്രശ്നങ്ങള്‍ അവര്‍ക്കില്ലായിരുന്നു. പിരിച്ചുവിടല്‍, അഡ്മിനിസ്ട്രേറ്റര്‍ ഭരണം, സമരം അതുമായി ബന്ധപ്പെട്ട അരക്ഷിതാവസ്ഥ ഇതൊന്നുമില്ലായിരുന്നു. പ്രളയവും അവരെ വലുതായി ബാധിച്ചിട്ടില്ല. കൊവിഡാണ് അവരെ ബാധിച്ചത്. ആ സമയത്ത് ഞങ്ങളെക്കാള്‍ മോശം അവസ്ഥയിലായിരുന്നു അവര്‍. ഞങ്ങളും അവരും ഒരുപോലെ വായ്പയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. അവര്‍ സഹകരണവകുപ്പിലും ഞങ്ങള്‍ വ്യവസായവകുപ്പിലുമാണ് കൊടുത്തതെന്നു മാത്രം. ആദ്യം അവരുടെ അപേക്ഷയും നിരസിച്ചതായി അറിയാം. പിന്നീട്, അവര്‍ക്ക് പത്ത് കോടി കിട്ടിയതായാണ് വിവരം. എന്റെ പക്കല്‍ തെളിവൊന്നുമില്ല. യൂണിയനാണ് അവിടെ ഭരിക്കുന്നത്. സര്‍ക്കാര്‍ സഹായം കിട്ടിയിരിക്കാം. ഞങ്ങള്‍ക്കെതിരെ നിരന്തരം പരാതികളാണ്. ഈ പരാതികളിലൊന്നും ഒരു നടപടിയും എടുക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം, ആ പരാതികളെല്ലാം വ്യാജമാണ്. സംഘത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കെങ്കിലും എതിരെ ഒരു നടപടി വന്നാല്‍ ഡിപ്പാര്‍ട്ടുമെന്റുകളെക്കൊണ്ടാണ് ഞങ്ങളെ ക്രൂശിക്കുന്നത്. ഒരു ദിവസം തന്നെ 28 ബ്രാഞ്ചുകളില്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി എന്നു പറയുമ്പോള്‍തന്നെ ചിന്തിക്കാമല്ലോ. രാഷ്ട്രീയ സ്വാധീനം വച്ച് ചെയ്യിക്കുന്നതാണ്. യൂണിയന്‍ സ്ഥാപനത്തെ രക്ഷിക്കാനാകണം. സഹായിച്ചില്ലെങ്കിലും യൂണിയന്‍ ഉപദ്രവിക്കാതിരുന്നാല്‍ സംഘത്തിന് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നുതന്നെയാണ് ആവര്‍ത്തിച്ചു പറയാനുള്ളത്.

എസ്.എസ്. അനില്‍കുമാര്‍ (പ്രസിഡന്റ്, ഭരണസമിതി)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com