
ദിവസങ്ങള്‍ക്കു മുന്‍പ് കാസര്‍കോട് നീലേശ്വരത്തിനടുത്തെ പീലിക്കോട് രയരമംഗലം ഭഗവതിക്ഷേത്രത്തില്‍ ഒരു 'ആചാരലംഘന'മുണ്ടായി. അമ്പലത്തിന്റെ ശ്രീകോവിലിനു മുന്നില്‍ പ്രാര്‍ത്ഥിക്കാനുള്ള അവകാശം എല്ലാ ജാതികള്‍ക്കും വേണമെന്നാവശ്യപ്പെട്ടായിരുന്നു ഈ ക്ഷേത്രപ്രവേശന പ്രതിഷേധം. വിവിധ പാര്‍ട്ടികളുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ജനകീയസമിതിയുണ്ടാക്കി ഇക്കഴിഞ്ഞ വിഷു സംക്രമദിവസം നാലമ്പലത്തിനകത്ത് കയറി ശ്രീകോവിലിനു മുന്നില്‍നിന്നു തൊഴുതു. 21-ാം നൂറ്റാണ്ടില്‍ ഇതിലൊക്കെ എന്താണിത്ര പുതുമ എന്നു തോന്നുന്നുണ്ടാകും. സംഭവത്തിനുശേഷം ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയതിന്റേയും ശ്രീകോവില്‍ അശുദ്ധമാക്കിയതിന്റേയും പേരില്‍ സമിതിയുടെ അംഗങ്ങള്‍ക്കെതിരെ ക്ഷേത്രം ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തെ തുടര്‍ന്ന് പ്രായശ്ചിത്ത പരിഹാരത്തിന് ദേവപ്രശ്‌നവും നടത്തി. പൂര്‍വാചാരം തുടരണമെന്ന് ദേവപ്രശ്‌നത്തില്‍ 'തെളിയുക'യും നാലമ്പലത്തിനകത്ത് കയറിയത് ആചാരലംഘനമാണെന്നു വിലയിരുത്തുകയും ചെയ്തു.
ജാതിയെക്കുറിച്ചും ജാതിവിരുദ്ധ മുന്നേറ്റങ്ങളെക്കുറിച്ചുമുള്ള സമകാലിക കേരളസമൂഹത്തിലെ ചര്‍ച്ചകള്‍ എവിടെ എത്തിനില്‍ക്കുന്നു എന്നതിന് ഉദാഹരണമാണ് പീലിക്കോട് രയരമംഗലം ക്ഷേത്രത്തിലെ സംഭവം. ശ്രീകോവിലിനു മുന്നില്‍നിന്നു തൊഴാന്‍ അവകാശം വേണമെന്ന് ആവശ്യപ്പെട്ട് ആചാരലംഘനം നടത്തിയത് ദളിത് വിഭാഗങ്ങളല്ല, നായര്‍ ഉള്‍പ്പെടെയുള്ള ജാതികളില്‍പ്പെട്ടവരാണ്. ഇതില്‍ എല്ലാ ജാതിയില്‍പ്പെട്ടവരുമുണ്ടെന്നാണ് സമിതി അവകാശപ്പെടുന്നത്. വൈക്കം ക്ഷേത്രപ്രവേശനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലും കേരളത്തിലിപ്പോഴും നായരാദി സമൂഹങ്ങള്‍ക്കു കയറാന്‍ പറ്റാത്ത ക്ഷേത്രങ്ങളുണ്ടെന്നത് അത്ഭുതമായി തോന്നാം. എന്നാല്‍, മലബാര്‍ മേഖലയില്‍ ഇതൊരു യാഥാര്‍ത്ഥ്യമായി ഇപ്പോഴും നിലനില്‍ക്കുന്നു. രയരമംഗലത്തെ ആചാരലംഘനവും ക്ഷേത്രപ്രവേശനവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും പുതിയ ചര്‍ച്ചകള്‍ക്കു തുടക്കമിടുകയാണ്.
പണ്ടുകാലത്തേതുപോലെത്തന്നെ, ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച വിവേചനം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരം എന്ന നിലയില്‍ അവതരിപ്പിച്ച് ന്യായീകരിക്കുകയാണ് ക്ഷേത്രം ഭാരവാഹികളും മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഉദ്യോഗസ്ഥരും. എന്നാല്‍, ജാതിവിവേചനം തന്നെയാണ് ഏറെക്കാലം ആചാരം എന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ടതും അതിനെതിരെയുള്ള സമരങ്ങളാണ് ക്ഷേത്രപ്രവേശന വിളംബരംപോലുള്ള സാമൂഹ്യപരിഷ്‌കാരങ്ങളിലേയ്ക്ക് നയിച്ചതുമെന്ന കാര്യം ഇവിടെ മറന്നുപോകുന്നു. പ്രാചീനമായ ആചാരത്തിന്റെ ഭാഗമാണ് എന്ന വാദമുയരുമ്പോള്‍ പിന്നാക്ക വിഭാഗങ്ങളുള്‍പ്പെടെയുള്ളവര്‍ അതിനെ പിന്തുണച്ചെത്തുകയും ചെയ്യും. ആചാരങ്ങള്‍ ജാതിബന്ധമാണ് എന്ന തിരിച്ചറിവിലല്ല രയരമംഗലം ക്ഷേത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കുന്നത്.
മാറ്റത്തിനായി ജനമിറങ്ങുന്നു
കാസര്‍കോട് ഹോസ്ദുര്‍ഗ് താലൂക്കിലെ പീലിക്കോട് പഞ്ചായത്തിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള രയരമംഗലം ഭഗവതിക്ഷേത്രം. മുന്‍പ് ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനകത്തേക്കുപോലും എല്ലാ ജാതിയിലും പെട്ടവര്‍ക്ക് കയറാനാകുമായിരുന്നില്ല. ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷമാണ് വിവിധ ജാതിയിലുള്ളവര്‍ക്ക് ക്ഷേത്രമതില്‍ക്കെട്ടിനകത്തേയ്ക്ക് കയറാന്‍ അനുവാദം ലഭിച്ചത്. അതുവരെ ക്ഷേത്രത്തിലേയ്ക്ക് പിന്നാക്ക വിഭാഗങ്ങള്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല. ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശനമുണ്ടെങ്കിലും ഇപ്പോഴും നാലമ്പലത്തിനകത്ത് എല്ലാ ജാതിക്കാര്‍ക്കും ഇവിടെ കയറാനാകില്ല. മറ്റു ക്ഷേത്രങ്ങളിലുള്ളതുപോലെ ശ്രീകോവിലിനു മുന്നില്‍നിന്നു തൊഴാനുള്ള സാഹചര്യവും ഇല്ല.
നാലമ്പലത്തിനു പുറത്താണ് തൊഴാനുള്ള സൗകര്യം. ബ്രാഹ്മണര്‍, മാരാര്‍, വാര്യര്‍ എന്നിവര്‍ക്കാണ് സ്ഥിരമായി ശ്രീകോവിലുള്ള നാലമ്പലത്തിനകത്ത് കയറാനാകുന്നത്. ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഉണ്ടാകുമ്പോള്‍ നായര്‍, മണിയാണി വിഭാഗങ്ങള്‍ക്കും കയറാം. അല്ലാത്തപ്പോള്‍ വിലക്കാണ്. ഈ വിവേചനത്തിനെതിരെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ സമിതിയുണ്ടാക്കി ഇക്കഴിഞ്ഞ വിഷുസംക്രാന്തിക്ക് ഒരുകൂട്ടം ആളുകള്‍ നാലമ്പലത്തിനകത്തു കടന്ന് ശ്രീകോവിലിനു മുന്നില്‍ തൊഴുതത്.
നാലമ്പലത്തിനകത്ത് ബ്രാഹ്മണര്‍, മാരാര്‍, വാര്യര്‍ എന്നീ സമുദായങ്ങള്‍ക്ക് പ്രവേശനം ഉള്ളത് ആചാരവുമായി ബന്ധപ്പെട്ടാണെന്നും ഇത് ജാതിപരമായ വിവേചനമല്ലെന്നുമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. പൂജ, വാദ്യം, പൂകെട്ടല്‍ തുടങ്ങിയ ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരാണ് ബ്രാഹ്മണരും വാര്യരും മാരാരും. ഉത്സവസമയത്ത് ഉപക്ഷേത്രങ്ങളുമായി ബന്ധമുള്ള നായര്‍, മണിയാണി സമുദായങ്ങള്‍ക്കും വിവിധ ചടങ്ങുകള്‍ ഉണ്ട്. അതിനാല്‍ ആ സമയത്ത് അവര്‍ക്കു കയറാം. ജാതി മേല്‍ക്കോയ്മ ഉറപ്പിക്കുന്നതാണ് ക്ഷേത്രത്തിലെ ഓരോ ആചാരങ്ങളും. ചടങ്ങുകളില്‍ തന്നെ ഓരോ ജാതിക്കും ഓരോ ജോലികളാണ് ഉള്ളത്.
അതേസമയം ജാതിശ്രേണിയില്‍ പിന്നാക്കം നില്‍ക്കുന്നവരുടെ ചടങ്ങുകള്‍ വരുമ്പോള്‍ ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തേയ്ക്കു മാറും. ഉത്സവവുമായി ബന്ധപ്പെട്ട് നാലമ്പലത്തിനു പുറത്ത് ചെത്തിവൃത്തിയാക്കുന്ന കൂവപ്പണി ചെയ്യുന്നത് തീയ്യരാണ്. നിലമൊരുക്കുന്നത് കുശവസമുദായമാണ്. പന്തലിന് ആവശ്യമായ തൂണുകള്‍ ഉണ്ടാക്കുന്നത് ആശാരിമാരാണ്. പന്തല്‍ കെട്ടുന്നത് മണിയാണി സമുദായമാണ്. പുത്തരി അടിയന്തിരത്തിന് കതിര് കൊണ്ടുവരുന്നത് പുലയ സമുദായത്തില്‍പ്പെട്ടവരാണ്. ക്ഷേത്രത്തിനു പുറത്താണ് ഇവര്‍ കതിര് കൊണ്ട് വെക്കേണ്ടത്. നിശ്ചിത സമയം കഴിഞ്ഞാണ് കതിര് അവിടെനിന്ന് എടുക്കുന്നതും. എന്നാല്‍ ക്ഷേത്രത്തിനകത്ത് വരുന്ന ഒരു ചടങ്ങിലും ഈ വിഭാഗങ്ങള്‍ക്കു പങ്കാളിത്തമില്ല.
നാലമ്പലത്തിനകത്തേയ്ക്ക് മേല്‍ജാതിയില്‍പ്പെട്ടവര്‍ക്ക് മാത്രമുള്ള പ്രവേശനം എല്ലാ ജാതിക്കാര്‍ക്കും വേണം എന്നാവശ്യപ്പെട്ടാണ് ജനകീയസമിതി രൂപീകരിച്ചത്. ദേവസ്വം മന്ത്രി, എം.എല്‍.എ., എം.പി., മലബാര്‍ ദേവസ്വം ബോര്‍ഡ്, ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, തന്ത്രി, ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് ആദ്യഘട്ടത്തില്‍ നിവേദനം നല്‍കി. പീലിക്കോട് കോതോളി നിനവ് പുരുഷ സ്വയംസഹായ സംഘം 2024 ഡിസംബറില്‍ അവതരിപ്പിച്ച പ്രമേയമാണ് പിന്നീട് ജനകീയകമ്മിറ്റിയുടെ രൂപീകരണത്തിലേക്കും തുടര്‍നടപടികളിലേയ്ക്കും എത്തിയത്.
നിവേദനത്തില്‍ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടാകാത്തതിനാലാണ് വിഷുത്തലേന്ന് ജനകീയസമിതിയുടെ നേതൃത്വത്തില്‍ 16 പേരടങ്ങുന്ന സംഘം നാലമ്പലത്തിനകത്ത് കയറി ശ്രീകോവിലിനു മുന്നില്‍നിന്നു തൊഴുതത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ വശത്തുള്ള വാതില്‍ വഴിയാണ് നാട്ടുകാര്‍ നാലമ്പലത്തിനകത്ത് പ്രവേശിച്ചത്. പിറ്റേ ദിവസം സ്ത്രീകളടക്കം കൂടുതല്‍ പേര്‍ ക്ഷേത്രത്തിലേയ്ക്ക് കയറാന്‍ എത്തിയെങ്കിലും ആ വാതില്‍ ക്ഷേത്രകമ്മിറ്റി അടച്ചിട്ടു.
സംഘര്‍ഷസാഹചര്യം ഒഴിവാക്കാനായി ബലപ്രയോഗത്തിലൂടെ കയറാന്‍ ജനകീയ സമിതിയും തയ്യാറായില്ല. സമന്വയത്തിലൂടെ ക്ഷേത്രപ്രവേശനം സാധ്യമാക്കാം എന്നതാണ് നാട്ടുകാരുടെ നിലപാട്. വരുംദിവസങ്ങളില്‍ ക്ഷേത്രത്തിനകത്തേയ്ക്ക് കൂടുതല്‍ ആളുകള്‍ പ്രവേശിക്കുമെന്നും നിലവിലുള്ള ജാതീയമായ ആചാരങ്ങള്‍ പതുക്കെ ഇല്ലായ്മ ചെയ്യുമെന്നുമാണ് ജനകീയസമിതി ഭാരവാഹികള്‍ പറയുന്നത്.
പ്രശ്‌നപരിഹാരത്തിനു ദേവപ്രശ്‌നം
വളരെ പുരാതനമായ രയരമംഗലം ക്ഷേത്രം ബ്രാഹ്മണ കുടുംബമായ കാളക്കാട്ടില്ലത്തിന്റേതായിരുന്നു. പിന്നീട് മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. കാളക്കാട്ട് കുടുംബത്തില്‍നിന്നുള്ളയാളാണ് ക്ഷേത്രം തന്ത്രിയാവുന്നത്. ആചാരാനുഷ്ഠാനങ്ങളില്‍ തന്ത്രി കുടുംബത്തിന് ഇപ്പോഴും വിശേഷ അധികാരം ഇവിടെയുണ്ട്. ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തെങ്കിലും ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് അവസാനവാക്ക് പറയേണ്ടത് കാളക്കാട്ട് തന്ത്രിയാണെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. വിവിധ ജാതികളില്‍പ്പെട്ടവരുടെ നിരവധി ഉപക്ഷേത്രങ്ങളും കാവുകളും രയരമംഗലം ഭദ്രകാളിക്ഷേത്രത്തിനു കീഴിലുണ്ട്. നാലമ്പലത്തിനകത്ത് മറ്റു ജാതിക്കാര്‍ കയറിയതിനെത്തുടര്‍ന്ന് ക്ഷേത്രചടങ്ങുകളില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് ചില ഉപക്ഷേത്രങ്ങള്‍ തീരുമാനെമടുത്തിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ടവരും അതൃപ്തി പ്രകടിപ്പിച്ചു. പതിവുപോലെ ആചാരത്തിന്റെ പേരിലുള്ള വൈകാരികതയില്‍ വിശ്വസിക്കുന്നവരും ഇതിനൊപ്പം ചേര്‍ന്നു. അങ്ങനെയാണ് ദേവപ്രശ്‌നംവെച്ച് പരിഹാരം കാണാന്‍ തീരുമാനിക്കുന്നത്. തന്ത്രിയുടെ മേല്‍നോട്ടത്തിലായിരുന്നു ദേവപ്രശ്‌നം. ജനാധിപത്യപരവും ഭരണഘടനാപരവുമായ ഒരാവശ്യം ഉന്നയിച്ചതിനെ ദേവപ്രശ്‌നത്തിലൂടെ മറികടക്കുകയാണ് രയരമംഗലം ഭഗവതിക്ഷേത്രം. ആളുകള്‍ കയറിയത് തെറ്റാണെന്നും നിലവിലുള്ള സ്ഥിതി തുടരുന്നതാണ് ദേവഹിതമെന്നുമാണ് ദേവപ്രശ്‌നത്തിലെ വിധി.
ശ്രീകോവിലും നാലമ്പലവും തമ്മില്‍ ബന്ധിപ്പിക്കുന്നത് ചെറിയ ഒരു ഇടവഴിയാണ്. പാട്ടുകൊട്ടിലും മണ്ഡപവും ചേര്‍ന്ന ഭാഗമാണിത്. പാട്ടുത്സവം നടക്കുന്നത് ഈ പാട്ടുകൊട്ടിലിനകത്താണ്. എഴുന്നള്ളിപ്പിനുള്ള ആയുധങ്ങള്‍ സൂക്ഷിക്കുന്നതും ഇവിടെയാണ്. നാലമ്പലത്തില്‍നിന്ന് ശ്രീകോവിലിലേയ്ക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നതിന് കാരണമായി ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത് ഇക്കാരണമാണ്. പാട്ടുകൊട്ടില്‍ മുറിച്ച് കടന്നുകൂടാ എന്നതാണ് ആചാരമെന്ന് ഭാരവാഹികള്‍ പറയുന്നു. അതുകൊണ്ടാണ് നാലമ്പലത്തിനു പുറത്തുവെച്ച് തൊഴുന്നത്. എന്നാല്‍, പാട്ടുകൊട്ടില്‍ ചില ജാതികള്‍ മാത്രം മുറിച്ചുകടന്നുകൂടാ എന്നാണ് ഇതിന്റെ ശരിയായ അര്‍ത്ഥം. നാട്ടുകാരില്‍നിന്നു പണം പിരിച്ചെടുത്താണ് ക്ഷേത്രനവീകരണം അടുത്തിടെ നടത്തിയത്.
''ജാതിയുടെ അടിസ്ഥാനത്തിലാണ് ഇവിടെയുള്ള ചടങ്ങുകളും ആചാരങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളതെന്നും കൃത്യമായ ജാതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് ആ സംവിധാനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്'' എന്നും ജനകീയസമിതി ചെയര്‍മാനും ഐ.ടി പ്രൊഫഷണലുമായ കെ.വി. ഉമേഷ് പറയുന്നു.
ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് ഓരോ ജാതിക്കും കൃത്യമായ അകലം നിശ്ചയിച്ച് തന്നെയാണ് ചടങ്ങുകള്‍ നടക്കുന്നത്. പൊതുദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് നാലമ്പലം വരെ ഇപ്പോള്‍ ദര്‍ശനം ഉള്ളത്. നാലമ്പലം വരെ എല്ലാ ജാതിക്കാര്‍ക്കും കയറാം. അതിനകത്തേയ്ക്ക് കയറാന്‍ അനുവാദവുമില്ല. ഇതു മാറണം. ശ്രീകോവിനു മുന്നില്‍നിന്നു തൊഴുന്നത് സാധ്യമാകണം എന്നാണ് ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടത്. ചടങ്ങുകളുമായി ബന്ധപ്പെട്ട ജാതിവിവേചനത്തെ കാര്യമായി ഉയര്‍ത്തിക്കാണിച്ചിട്ടില്ല ഇതുവരെ. മുന്‍പ് ഒരു കലശാട്ടത്തിനാണ് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശനം ലഭിച്ചത്. ഇത്തവണത്തെ കലശാട്ടത്തിന് നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനം വേണം എന്ന ചര്‍ച്ച പൊതുവിടങ്ങളില്‍ നേരത്തേത്തന്നെ സജീവമായിരുന്നു. അതാണ് ജനകീയസമിതി ഏറ്റെടുത്തതും. വരുംദിവസങ്ങളിലും നാട്ടുകാര്‍ നാലമ്പലത്തിലേക്ക് പ്രവേശിക്കും- ഉമേഷ് പറയുന്നു.
പൂര്‍വാചാരം തുടരാനാണ് പ്രശ്‌നവിധിയില്‍ കണ്ടതെന്നും ആചാരങ്ങള്‍ ലംഘിക്കാന്‍ പാടില്ലെന്നുമാണ് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.വി. രവീന്ദ്രന്‍ പറയുന്നത്. ''എല്ലാ സമുദായങ്ങളും ഇവിടെ ചെയ്തുപോരുന്ന അവരവരുടെ ഉത്തരവാദിത്വങ്ങള്‍ അതുപോലെ തുടരണം. ജാതീയത എന്നത് വെറുതെ ഉണ്ടാക്കിയതാണ്. നാലമ്പലത്തിനകത്ത് ഒരാള്‍ക്കും പ്രവേശനം ഇല്ല. ചടങ്ങുകള്‍ ചെയ്യുന്ന നമ്പൂതിരി, മാരാര്‍, വാര്യര്‍ എന്നിവരാണ് നിത്യം എന്ന രീതിയില്‍ കയറുന്നത്. വിശേഷസമയങ്ങളില്‍ ഓരോ ഉപക്ഷേത്രത്തിന്റെ എഴുന്നള്ളത്ത് വരുന്നതിന്റെ ഭാഗമായി അവര്‍ ചെയ്തുപോരേണ്ട ചില ചടങ്ങുകളുണ്ട്. അത് മാത്രമാണ് നാലമ്പലത്തിനകത്ത് മറ്റുള്ളവര്‍ കയറുന്നു എന്നു പറയുന്ന സന്ദര്‍ഭം. അത് തൊഴാനല്ല. അവരവര്‍ ചെയ്തുപോരേണ്ട ചില ചടങ്ങുകള്‍ ചെയ്ത് അപ്പോള്‍ തന്നെ പുറത്തിറങ്ങിപ്പോവുന്ന സംവിധാനമാണ് നിലവില്‍. സമൂഹത്തിലെ ഒരു വിഭാഗം ആളുകള്‍ അതിനകത്ത് കയറി തൊഴുന്നു എന്നാണ് പ്രചാരണം. അത് ശരിയല്ല. ഒരാള് പോലും അതിനകത്ത് കയറി തൊഴുന്നില്ല. ഓരോ ജാതിക്കും കൃത്യമായ ചടങ്ങുകള്‍ ഇവിടെയുണ്ട്. നിറയുത്സവത്തിന് നിറയ്ക്ക് ആവശ്യമായ കതിര് കൊണ്ടുവരുന്നത് ഹരിജന്‍ സമുദായമാണ്. അത്ര വിശേഷപ്പെട്ട രീതിയിലാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നത്''- രവീന്ദ്രന്‍ പറയുന്നു.
ക്ഷേത്രപ്രവേശനം: ഓരോര്‍മിപ്പിക്കല്‍ കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയതായിരുന്നു തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1936 നവംബര്‍ 12-നു പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരം. തിരുവിതാംകൂറില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിനായി നടന്ന വിവിധ സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും ഒടുവിലാണ് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത്. ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍നിന്ന് ദര്‍ശനം നടത്താന്‍ സ്വാതന്ത്ര്യം നല്‍കുന്നതായിരുന്നു വിളംബരം. ''ജനനത്താലോ മതവിശ്വാസത്താലോ ഹിന്ദുവായ ഏതൊരാള്‍ക്കും നമ്മുടെ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ല'' എന്നാണ് ക്ഷേത്രപ്രവേശന വിളംബരത്തില്‍ പറയുന്നത്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യന്‍കാളി, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങി നിരവധി പേര്‍ നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയായിരുന്നു ക്ഷേത്രപ്രവേശനം. വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലൂടെ എല്ലാ ജാതിക്കാര്‍ക്കും നടക്കാനുള്ള അവകാശത്തിനായി 1924-ല്‍ നടന്ന വൈക്കം സത്യാഗ്രഹമടക്കം പല കാരണങ്ങളുണ്ട് ക്ഷേത്രപ്രവേശനം സാധ്യമായതിനു പിന്നില്‍. കേരളത്തിന്റെ സാമൂഹ്യചരിത്രം കൂടിയാണ് അയിത്തത്തിനെതിരെയുള്ള ഈ പോരാട്ടങ്ങള്‍. അക്കാലത്തും ജാതിവിവേചനങ്ങളെല്ലാം ആചാരത്തിന്റെ പേരില്‍ തന്നെയായിരുന്നു. നൂറ്റാണ്ടിനിപ്പുറവും അയിത്തമല്ല ആചാരമാണ് എന്ന ന്യായത്തിലുറച്ച് ജാതിവിവേചനം തുടരുകയും അതിനെതിരെ പ്രതിഷേധിക്കേണ്ടിവരുന്നതും വിചിത്രമായി തോന്നാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ