തോറ്റവരുടെ യുദ്ധം- സലിന്‍ മാങ്കുഴിയുടെ കഥ

പദ്മിനി ടീച്ചര്‍ ബ്ലാക്ക് ബോര്‍ഡില്‍ അലാവുദ്ദീന്‍ ഖില്‍ജി എന്നെഴുതി അടിയില്‍ വരച്ചതും ചോക്ക് രണ്ടായി പിളര്‍ന്നു നിലത്തുവീണു.
തോറ്റവരുടെ യുദ്ധം- സലിന്‍ മാങ്കുഴിയുടെ കഥ

ദ്മിനി ടീച്ചര്‍ ബ്ലാക്ക് ബോര്‍ഡില്‍ അലാവുദ്ദീന്‍ ഖില്‍ജി എന്നെഴുതി അടിയില്‍ വരച്ചതും ചോക്ക് രണ്ടായി പിളര്‍ന്നു നിലത്തുവീണു. ചതിയില്‍ കൊല്ലപ്പെട്ട രാജാവിനെപ്പോലെ വിളറി വെളുത്ത് നിലത്തുകിടന്ന ചോക്കിന്റെ വലിയ കഷണം പദ്മിനി ടീച്ചര്‍ കുനിഞ്ഞെടുത്തു. അറ്റുമാറിയ ശിരസ്സുപോലെ ചെറിയ കഷണം ബോര്‍ഡിനു താഴെ കിടന്നു. യുദ്ധത്തില്‍ തോറ്റ പോരാളികളുടേയും ചതിയില്‍ മരിച്ച രാജാക്കന്മാരുടേയും അനവധി ശിരസ്സുകള്‍ അവിടെയുണ്ടായിരുന്നു.

പതിവിനു വിപരീതമായി എവിടെനിന്ന് ആരംഭിക്കണമെന്ന് പദ്മിനി ടീച്ചര്‍ക്ക് ആശയക്കുഴപ്പമുണ്ടായി. അവസാന പിരീഡിന്റെ ആലസ്യത്തോടെയിരുന്ന കുട്ടികളോട് അച്ഛനില്ലാതെ വളര്‍ന്ന അലാവുദ്ദീന്റെ ഏകാന്ത ബാല്യം പറഞ്ഞു കണ്ണു നനയിപ്പിക്കാം. പക്ഷേ, അലാവുദ്ദീന്‍ മാതുലനെ കൊല്ലുന്ന വിവരം അറിയുമ്പോഴോ?

മകനെപ്പോലെ വളര്‍ത്തി വലുതാക്കി ഭരണാവകാശം നല്‍കിയ മാതുലന്റെ പ്രേതം കൊല്ലപ്പരീക്ഷയ്ക്ക് കുട്ടികളെ ഭയപ്പെടുത്തും. പിന്നെങ്ങനെ അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിക്കും. കുട്ടികള്‍ കലപില കൂട്ടി. 'അധാര്‍മ്മികത എങ്ങനെ നാശം വിതയ്ക്കും' എന്ന ഗുണപാഠം പറഞ്ഞു തുടങ്ങിയാലോ? ഏയ് അത് ശരിയാവില്ല. യുദ്ധവിജയങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്ന അലാവുദ്ദീന്റെ ഹീറോയിസത്തിന് അതു മങ്ങലേല്പിക്കും. 

പദ്മാവതിയുടെ പ്രതിബിംബം കണ്ണാടിയില്‍ കണ്ട്, അതുവരെയുള്ളതെല്ലാം മറന്ന അലാവുദ്ദീന്‍ ഖില്‍ജിയെ റൊമാന്റിക് ചാരുതയോടെ അവതരിപ്പിച്ചാലോ? ഉടവാള്‍ പൂവമ്പ് പോലെ നിലത്തൂന്നി വിസ്മയത്തോടെ മിഴിനട്ടുനില്‍ക്കുന്ന ആ സുന്ദര നിമിഷം തുടക്കത്തിനു നല്ലതുതന്നെ. പദ്മിനി ടീച്ചര്‍ നെടുവീര്‍പ്പോടെ ചിന്തിച്ചു.
ചരിത്രം നോണ്‍ ലീനിയറായി പഠിപ്പിക്കാനാണ് ടീച്ചര്‍ക്കിഷ്ടം. ചക്രവര്‍ത്തിമാരുടെ പോരാട്ടവിജയത്തിന്റെ ആവേശത്തില്‍ ആദ്യക്ലാസ്സ് ആരംഭിക്കും. കൂര്‍ത്ത നിശ്ശബ്ദതയുടെ സസ്പെന്‍സില്‍ ക്ലാസ്സ് അവസാനിപ്പിച്ച് ടീച്ചര്‍ പുസ്തകം മടക്കുമ്പോള്‍ കുട്ടികള്‍ ഒരു ത്രില്ലര്‍ സിനിമയുടെ ഞെട്ടിക്കുന്ന തുടക്കം കണ്ടിട്ടെന്നപോലെ ശ്വാസമടക്കിയിരിക്കും.

ആയുധങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദവും കുതിരക്കുളമ്പടിയും വിജയകാഹളങ്ങളും ഒരു ബോളിവുഡ് ചരിത്ര സിനിമയിലെന്നതുപോലെ കുട്ടികളെ നേരില്‍ ആസ്വദിപ്പിക്കുംവിധമായിരിക്കും രണ്ടാം ദിവസത്തെ ക്ലാസ്സ് ടീച്ചര്‍ ഹാഫ്വേയില്‍ ഓപ്പണ്‍ ചെയ്യുന്നത്.

വിജയലഹരിയില്‍ നില്‍ക്കുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ ആര്‍പ്പുവിളിയില്‍നിന്നും ക്ലാസ്സ് ആരംഭിച്ചാലോ? ടീച്ചര്‍ വീണ്ടും സംശയിച്ചു.
''നീണ്ട മുഖം, മയക്കുന്ന കണ്ണുകള്‍, കവിളിലേക്ക് അധികം പടരാത്ത വെട്ടിയൊതുക്കിയ താടി, താടിയിലേക്ക് ഒഴുകിച്ചേരുന്ന മീശ, പ്രണയനായകനെപ്പോലെയായിരുന്നു അലാവുദ്ദീന്‍ ഖില്‍ജി.'' ഒടുവില്‍ പദ്മിനി ടീച്ചര്‍ ഇങ്ങനെയൊരാമുഖം പറഞ്ഞപ്പോള്‍ നറേഷനില്‍ നിന്നാരംഭിക്കുന്ന ഒരു സിനിമ കാണാനുള്ള കൗതുകത്തോടെ കുട്ടികള്‍ മിഴിച്ചിരുന്നു. ആമുഖം കഴിഞ്ഞ് ടീച്ചര്‍ തീര്‍ത്ത പിന്‍ഡ്രോപ്പ് സൈലന്‍സില്‍ ബ്ലാക്ക് ബോര്‍ഡില്‍ ടൈറ്റിലുകള്‍ തെളിഞ്ഞു. പ്രധാന യുദ്ധങ്ങള്‍, പരിഷ്‌കാരങ്ങള്‍, എതിരിട്ടു തോറ്റ ശത്രുരാജ്യങ്ങള്‍, രാജാക്കന്മാര്‍... അക്ഷരംപ്രതി കുട്ടികള്‍ അതു വായിച്ചു. ജന്മാന്തര പ്രണയത്തോടെ ടീച്ചര്‍ മന്ദഹസിച്ചതും ബല്ലടിച്ചതും ഒരുമിച്ചായിരുന്നു.
യുദ്ധം ചെയ്തു തളര്‍ന്ന സൈനികരെപ്പോലെ കുട്ടികള്‍ പുസ്തകസഞ്ചികളെടുത്തു പുറത്തേക്ക് നടന്നു. ടീച്ചര്‍ ബ്ലാക്ക് ബോര്‍ഡ് മെല്ലെ മായ്ചു. ഡെസ്റ്ററില്‍നിന്നു പറന്ന പൊടി ഉടലറ്റ ശിരസ്സുകള്‍ക്കു മേല്‍ വെള്ള പുതച്ചു. ക്ലാസ്സ് വിട്ടിറങ്ങാന്‍ തുടങ്ങിയപ്പോഴാണ് അവസാന ബഞ്ചില്‍ ജനാലയോട് ചേര്‍ന്ന വശത്ത് താടിക്ക് കയ്യും കൊടുത്തു മന്ദഹസിച്ചിരിക്കുന്ന തലപ്പാവണിഞ്ഞയാളെ ടീച്ചര്‍ കാണുന്നത്.
''ആരാ?''
മനോഹരമായ ഒരു ചിരിയായിരുന്നു മറുപടി.
''ആരാ, മനസ്സിലായില്ല?''
ടീച്ചര്‍ കുറച്ചുകൂടി അടുത്തേക്ക് ചെന്നു ചോദിച്ചു.
''ഉസ് സവാല്‍കാ ജവാബ് ഖുദ് ഠൂഡ്നേ വാലാ ഏക് പഥിക്'' (1)
അയാള്‍ മന്ദഹാസം മായ്ക്കാതെ പറഞ്ഞു.
''ബംഗാളിയാണോ'' പദ്മിനി ടീച്ചര്‍ സംശയിച്ചു. പക്ഷേ, പണിക്ക് വന്ന ആളിന്റെ മട്ടും ഭാവവും വേഷവുമല്ല. ''ലേബര്‍ സപ്ലൈ നടത്തുന്ന കോണ്‍ട്രാക്ടറാണോ?''
''ആപ് കോന്‍ ഹെ?''
അയാള്‍ രണ്ട് ഷോള്‍ഡറും ഉയര്‍ത്തി അര്‍ദ്ധനിമീലിതനായി കൈമലര്‍ത്തി അറിയില്ലെന്ന് കാട്ടി.
''ഈ ഹിന്ദിക്കാരനെ താനെവിടെയാ മുന്‍പ് കണ്ടിട്ടുള്ളത്.'' പദ്നിമി ടീച്ചര്‍ ഓര്‍മ്മയില്‍ പരതിയെങ്കിലും തെളിഞ്ഞില്ല.
''ആപ് മലയാളം ജാന്‍തേഹേ'' (2) 
അറിയാമെന്നയാള്‍ തലകുലുക്കി.
''തുല്യതാ ക്ലാസ്സില്‍ ചേരാന്‍ വന്നതാണോ?'' ചോദ്യം കേട്ട് അയാള്‍ ഉറക്കെ ചിരിച്ചു.
തന്നെ പരിഹസിച്ച് ചിരിക്കുകയാണെന്നു തോന്നിയപ്പോഴുണ്ടായ ദേഷ്യത്തോടെ പദ്മിനി ടീച്ചര്‍ പുസ്തകവും എടുത്തു പുറത്തേക്ക് നടന്നു.
ചെറുകര ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ രണ്ടാം നിലയിലെ നീണ്ട ഇടനാഴിയിലൂടെ സ്റ്റാഫ് റൂമിലേക്ക് നടന്നപ്പോഴും ടീച്ചര്‍ ചിന്തിച്ചത് ആ ഹിന്ദിക്കാരനെ താനെവിടെ വെച്ചാ മുമ്പ് കണ്ടിട്ടുള്ളതെന്നായിരുന്നു. ടീച്ചറുടെ നടത്തയുടെ വേഗത കുറഞ്ഞു. മനസ്സ് അഗ്‌നികുണ്ഡം പോലെ നീറിപ്പുകഞ്ഞു.
ചിത്തോറിന്റെ കവാടം തകര്‍ത്ത് പരാക്രമിയായ അലാവുദ്ദീന്‍ ഖില്‍ജി സൈന്യത്തോടൊപ്പം ഇരച്ചുകയറി. ചെറുത്തുനില്പുകളെ ഛേദിച്ച് വെള്ളക്കുതിരപ്പുറത്ത് വിജയത്തിന്റെ ഉടവാള്‍ ഉയര്‍ത്തി ആ സുല്‍ത്താന്‍ കൊടുങ്കാറ്റായി വന്നപ്പോള്‍ അന്തപ്പുരത്തിന്റെ കിളിവാതിലിനു നേരെ തിരിച്ചുവച്ച വലിയ നിലക്കണ്ണാടിയില്‍ നോക്കി പിടയ്ക്കുന്ന മനസ്സോടെ പദ്മാവതി നിന്നു. 
ഇടനാഴിയില്‍നിന്ന അലാവുദ്ദീന്‍ ഖില്‍ജിയും അന്തപ്പുരത്തില്‍നിന്ന പദ്മാവതിയും നിലക്കണ്ണാടിയില്‍ പ്രതിഫലിച്ച പ്രതിബിംബം പരസ്പരം കണ്ടു. ആ കാഴ്ചയുടെ സായൂജ്യത്തോടെ പദ്മാവതി അഗ്‌നികുണ്ഡത്തില്‍ സ്വയം സമര്‍പ്പിച്ചു. വിജയങ്ങളെ അതിരറ്റ് പ്രണയിച്ച സുല്‍ത്താന്‍ ദുഃഖത്തോടെ ഇടനാഴിയില്‍ നിന്നു.
പദ്മിനി ടീച്ചര്‍ സ്റ്റാഫ് റൂമില്‍നിന്നു ബാഗെടുത്തു തന്റെ മഞ്ഞ സ്‌കൂട്ടിയില്‍ കയറി ഹെല്‍മറ്റ് ധരിക്കാന്‍ തുടങ്ങിയപ്പോള്‍ മിന്നായം പോലെ വന്ന ഓര്‍മ്മ ഉള്ളില്‍ കുത്തിവലിച്ചു.
''നീണ്ട മുഖം, മയക്കുന്ന കണ്ണുകള്‍, കവിളിലേക്ക് അധികം പടരാത്ത വെട്ടി ഒതുക്കിയ താടി... ദൈവമേ'' പിടയ്ക്കുന്ന മനസ്സോടെ ടീച്ചര്‍ മുകളിലത്തെ നിലയിലേക്കോടി. താഴേക്കിറങ്ങി വന്ന ശങ്കരദേവന്‍ സാര്‍ ചോദിച്ചു:
''എന്താ ടീച്ചറേ?''
''പുസ്തകം ക്ലാസ്സില്‍ വച്ചു മറന്നു.'' പെട്ടെന്നു വന്ന കള്ളം പറഞ്ഞ് വേഗത്തിലോടി പത്ത് ബിയില്‍ എത്തി കിതപ്പോടെ നാലുപാടും നോക്കി.
''പോയോ?''
ഇടനാഴിയിലും ചുറ്റുവട്ടത്തും നോക്കി, ആളെ കാണാനേയില്ല.
''ശ്ശെ.''
ചെറുകരയില്‍നിന്നും ചിത്തൂരിലേക്ക് സ്‌കൂട്ടി ഓടിച്ചു പോയപ്പോഴും വീട്ടിലെത്തി ഫാനിന്റെ സ്പീഡ് കൂട്ടി കിടന്നപ്പോഴും രാത്രിയില്‍ മോളെ ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിച്ചപ്പോഴും പദ്മിനി ടീച്ചറുടെ മനസ്സ് നിറയെ ആ രൂപം തന്നെയായിരുന്നു.
കാല്‍വരെയുള്ള കിന്നരി വച്ച വര്‍ണ്ണാഭമായ പട്ടുവസ്ത്രവും തലപ്പാവും ധരിച്ച് താടി തലോടി തന്നെ നോക്കി ചിരിച്ചിരുന്ന ആളോട് ''ആരാ?'' എന്നു ചോദിച്ചത് ഇഷ്ടപ്പെട്ടു കാണില്ലേ?
രാത്രി ഏറെ നേരം ടീച്ചര്‍ നെടുവീര്‍പ്പോടെ ഉറങ്ങാതെ കിടന്നു.
അലക്‌സാണ്ടറെപ്പോലെ ലോകം കീഴടക്കിവരുന്ന ചക്രവര്‍ത്തിയെ കാണാനാഗ്രഹിച്ച് മനസ്സ് കിളിവാതിലിനു നേരെ പിടിച്ചു പദ്മിനി ടീച്ചര്‍ കിടന്നു. 
വിവാഹത്തിനു ശേഷമാണ് പദ്മിനി ടീച്ചര്‍ ഓര്‍മ്മകളേയും സംഭവങ്ങളേയും ഇഴമുറിയാതെ ദൃശ്യങ്ങളായി കാണാന്‍ ശീലിച്ചത്. ആദ്യരാത്രിയില്‍ ഒരു സംവിധായകന്റെ മുന്നില്‍ നവാഗത എഴുത്തുകാരന്‍ കഥ പറയുന്നതുപോലെ ഗിരീഷ് താനെഴുതി വച്ചിരിക്കുന്ന മൂന്ന് സിനിമാക്കഥകള്‍ ഭാവതീവ്രതയോടെ പദ്മിനിയുടെ മുന്നില്‍ അവതരിപ്പിച്ചു. സുഖദുഃഖ സമ്മിശ്രമായ ആ കഥകള്‍ ശുഭപര്യവസായിയായിരുന്നു. പുതിയ അന്തരീക്ഷത്തിന്റെ പകപ്പോടെ കേട്ടതാണെങ്കിലും പദ്മിനി ചില സംശയങ്ങള്‍ ചോദിച്ചു.
എത്രയോ സംവിധായകരോട് താന്‍ കഥ പറഞ്ഞിട്ടുണ്ട്. അവരൊക്കെ ഓരോന്ന് പറഞ്ഞ് തന്നെ ഒഴിവാക്കിയതല്ലാതെ ഇങ്ങനെ കാതലായ സംശയം ചോദിച്ചിട്ടില്ല. അദ്ഭുതത്തോടെ പദ്മിനിയെ നോക്കി ഗിരീഷ് ചോദിച്ചു:
''ഏത് കഥയാ കൂടുതല്‍ ഇഷ്ടപ്പെട്ടത്?''
''ആ ഫോറന്‍സിക് ഡോക്ടറുടെ, പക്ഷേ...'' അര്‍ദ്ധവിരാമത്തില്‍ പദ്മിനി നിര്‍ത്തി.
''എന്താ, പറയൂ''
''ക്ലൈമാക്‌സില്‍നിന്നു കഥ തുടങ്ങാന്‍ പറ്റുമോ? തുടക്ക ഭാഗത്ത് നല്ല ക്ലൈമാക്‌സ് ഉള്ളതുപോലെ'' ഗിരീഷ് വീണ്ടും അദ്ഭുതപ്പെട്ടു.
പി.ജി. പരീക്ഷ കഴിഞ്ഞയുടനെ സിനിമയെന്നു പറഞ്ഞിറങ്ങിയതാണ്. കാണാത്ത നടന്‍മാരില്ല, സംവിധായകരില്ല. ആര്‍ക്കും തന്റെ കഥകള്‍ ഇഷ്ടപ്പെടുന്നില്ല. ഇഷ്ടമാകാത്തതിന്റെ കാരണം ആര്‍ക്കും പറയാനും സാധിക്കുന്നില്ല. ഒരു കഥ പോലും സിനിമയാക്കാനാവാതെ പിന്‍വാങ്ങിയ മനസ്സോടെ ഗിരീഷ് അച്ഛന്റെ മെഡിക്കല്‍ സ്റ്റോര്‍ ഏറ്റെടുത്തു.
''തുടക്കത്തില്‍നിന്ന് ഒടുക്കം, ഒടുക്കത്തില്‍നിന്ന് തുടക്കം, അല്ലേ?'' ഗിരീഷ് ചോദിച്ചു.


''അയ്യോ... ഞാന്‍ പറഞ്ഞെന്നേയുള്ളു. ആദ്യമായിട്ടാ സിനിമാക്കഥ കേള്‍ക്കുന്നത്.''
ഗിരീഷ് ആദ്യരാത്രിയുടെ അവശേഷിച്ച സമയം പാഴാക്കാതെ പേനയും പേപ്പറും എടുത്ത് എഴുതാനാരംഭിച്ചു. കട്ടിലില്‍ കാല്‍കുത്തി, ചുവരിനോട് ചേര്‍ത്തുവച്ച തലയിണയില്‍ ചാരി, പദ്മിനി മുറിയിലെ വലിയ നിലക്കണ്ണാടിയിലൂടെ ഗിരീഷിന്റെ പ്രതിബിംബത്തെ നോക്കിയിരുന്നു.
പദ്മിനി ടീച്ചര്‍ മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് വീണു. 
പാലത്തിന്റെ മേല്‍ പായുന്ന ഒരു ട്രെയിനിന്റെ ശബ്ദം അകലെനിന്നു കാറ്റിലൂടെ വന്ന് ആ പരിസരം ചുറ്റി അകന്നുപോയി.
സ്‌കൂളിലേക്ക് പോകാനുള്ള തിടുക്കത്തില്‍ നനഞ്ഞ മുടി ചീകി നിലക്കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോഴാണ് പദ്മിനി ടീച്ചര്‍ അയണ്‍ബോക്‌സ് ഓണ്‍ ചെയ്ത് വച്ചിരിക്കുന്ന കാര്യം ഓര്‍ത്തത്. രാവിലെ ഉണര്‍ന്നാല്‍ സ്‌കൂളിലേക്കിറങ്ങും വരെ നിന്നു തിരിയാന്‍ സമയമില്ലാതെ ഓട്ടമാണ്. അതിനിടയില്‍ മോള്‍ക്ക് മുടിചീകി റിബണ്‍ കെട്ടിക്കൊടുക്കണം. ടിഫിന്‍ ബോക്‌സും വാട്ടര്‍ ബോട്ടിലും പുസ്തകവും ബാഗില്‍ യഥാസ്ഥാനത്തു വച്ച് സ്‌കൂള്‍ വാന്‍ വരുന്നതുവരെ ഗേറ്റിന് പുറത്ത് കൂട്ടുനില്‍ക്കണം. 'ആറാം ക്ലാസ്സിലെ നഴ്സറി വാവ'യെന്നാണ് ടീച്ചര്‍ മോളെ കളിയാക്കി വിളിക്കുന്നത്. 
സാരിയും ബ്ലൗസും തേയ്ക്കാന്‍ തിടുക്കപ്പെട്ട് ചെന്ന പദ്മിനി ടീച്ചര്‍ ഞെട്ടിപ്പോയി. വായില്‍ കൈവച്ചു പെട്ടെന്നു വന്ന ചിരിയടക്കിയിട്ടും അടങ്ങാതെ ചോദിച്ചു.
''എന്റെ മാഷേ ഇതെന്തായീ കാട്ടുന്നത്''
സാരി തേച്ച് വച്ചിട്ട് ബ്ലൗസിന്റെ കപ്പ് ഒതുക്കി നിന്ന അലാവുദ്ദീന്‍ ഖില്‍ജി മധുരമായി ചിരിച്ചു.
''ഇതെവിടെയായിരുന്നു ഇതുവരെ. ഇന്നലെ ഞാനവിടെയെല്ലാം നോക്കി.''
അയാള്‍ സാരിയും ബ്ലൗസും ചൂടോടെ പദ്മിനിയുടെ കയ്യിലേക്ക് വച്ചു കൊടുത്തു. പദ്മിനി ചിരിച്ചുകൊണ്ടു ഡ്രസ്സ് ചെയ്യാനായി പോയി.
നിലക്കണ്ണാടിയുടെ മുന്നില്‍നിന്നു സാരിയുടെ ഞൊറിയെടുത്തു നിന്നപ്പോള്‍ കണ്ണാടിയില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ പ്രതിബിംബം പ്രതിഫലിച്ചു.
''മാഷേ...'' പദ്മിനി സാരിത്തലപ്പ് ചുറ്റിക്കൊണ്ട് നീട്ടിവിളിച്ചു. അയാള്‍ അവളുടെ മുഖത്തു നോക്കി സ്വയം മറന്നുനില്‍ക്കുകയാണ്. കുസൃതിച്ചിരിയോടെ പദ്മിനി നിലക്കണ്ണാടിയുടെ മുന്നില്‍നിന്നും തെന്നി മാറി. അയാള്‍ നിന്ന നില്പില്‍ മാഞ്ഞുപോയി. 
സ്‌കൂളിലേക്ക് പോകാനായി വീട് പൂട്ടിയിറങ്ങി സ്‌കൂട്ടി സ്റ്റാര്‍ട്ട് ചെയ്തതും അലാവുദ്ദീന്‍ ഖില്‍ജി ഓടിക്കിതച്ച് വന്നു പിന്നില്‍ കയറി ഒരു വശത്തേക്ക് കാലിട്ടിരുന്നു. സ്‌കൂട്ടി ചെറുതായൊന്നു ചരിഞ്ഞു. പദ്മിനി ടീച്ചര്‍ കാല്‍ നിലത്തു കുത്തി ബാലന്‍സ് ചെയ്തിട്ട് വണ്ടി മുന്നോട്ടെടുത്തു.
വിശാലമായ പാടത്തിനു സമാന്തരമായുള്ള ടാറിട്ട പാതയിലൂടെ ഓടിയ സ്‌കൂട്ടിയുടെ പിന്നില്‍ പതിമൂന്നാം നൂറ്റാണ്ടിലെ വസ്ത്രവും തലപ്പാവും ധരിച്ച് ഉടവാളുമേന്തിയിരുന്ന അലാവുദ്ദീന്‍ ഖില്‍ജി ഗിരീഷിന്റെ ആദ്യ സിനിമയിലെ ഗാനരംഗത്തെ ഓര്‍മ്മിപ്പിച്ചു. നായകന്റെ ബൈക്കിനു പിന്നില്‍ ഭരതനാട്യ വേഷമണിഞ്ഞ നായിക സഞ്ചരിച്ചത് ഇതേ റോഡിലൂടെയായിരുന്നു. സിനിമ കണ്ടപ്പോഴാണ് ഈ പാടത്തിനും അതിന്റെ പശ്ചാത്തലത്തിലെ പച്ചമരങ്ങള്‍ക്കും ഇത്രയും ഭംഗിയുണ്ടെന്ന് അതിശയത്തോടെ പദ്മിനി മനസ്സിലാക്കിയത്.
''അച്ഛന്റെ ആദ്യ സിനിമ കാണാന്‍ 'അജന്ത' തിയേറ്ററില്‍ പോയപ്പോള്‍ നീയെന്റെ വയറ്റില്‍ മൂന്നാം മാസത്തിന്റെ കോലാഹലം നടത്തുകയായിരുന്നു.'' പദ്മിനി ഇടയ്ക്കിടയ്ക്ക് മോളോട് ഫ്‌ലാഷ്ബാക്ക് പറയും.
''അന്നു തുടങ്ങിയ ബഹളമാ, ഒരു സെക്കന്റ് മിണ്ടാതിരിക്കില്ല. പാവം കുട്ടി.''
മോളെ മടിയില്‍ കിടത്തി മെല്ലെ മുടിയില്‍ തലോടി പദ്മിനി കഥ പറയും.
''ആദ്യ സിനിമയുടെ ആദ്യഷോ കാണാനിരുന്നപ്പോഴും തലേ ദിവസവും നിന്റെ അച്ഛന്റെ ടെന്‍ഷന്‍ കാണണമായിരുന്നു. മൂന്നാല് ദിവസം കഴിഞ്ഞാ സിനിമയ്ക്ക് തിരക്ക് കൂടിയത്. തിരക്കെന്നു പറഞ്ഞാല്‍ തിയേറ്ററുകളുടെ ഗേറ്റും കടന്നു റോഡിലേക്ക് നീളുന്ന നീണ്ട ക്യൂ. കണ്ണടച്ചു തുറക്കും മുന്‍പ് എത്തിയ അമ്പതാം ദിവസത്തിനു മുന്‍പ് തന്നെ രണ്ടാമത്തെ സിനിമയുടെ അഡ്വാന്‍സും വാങ്ങി എഴുത്തു തുടങ്ങി. ഹൊ, അതൊരു വല്ലാത്ത എഴുത്തായിരുന്നു. എഴുതും വെട്ടും, പിന്നെയും എഴുതും. മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കും. കുളിക്കുകയും ഭക്ഷണം കഴിക്കുകയും വേണ്ട. ആകെ ടെന്‍ഷനായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ 'ഗിരീഷേട്ടാ' യെന്നു പ്രായഭേദമന്യേ നീട്ടി വിളിച്ചു ശല്യപ്പെടുത്തിയപ്പോഴാണ് ഫോണ്‍ ഓഫ് ചെയ്ത് എന്നെയും കൊണ്ട് കന്യാകുമാരി ഗസ്റ്റ് ഹൗസിലേക്ക് പോയത്. എഴുതി തളരുമ്പോള്‍ എന്നെ മടിയില്‍ കിടത്തി മുടിയില്‍ ഇതുപോലെ വിരലോടിക്കും.''
''ഇത്രേം വലിയൊരു സക്‌സസ് പ്രതീക്ഷിച്ചില്ല പദ്മേ. രണ്ടാമത്തെ സിനിമയില്‍ ഇതിനപ്പുറം വിജയം എങ്ങനെ ഉണ്ടാക്കാനാ.'' ഭയത്തോടെ ഗിരീഷ് അസ്വസ്ഥനായി. പദ്മിനി ശാസനയോടെ ചിരിച്ചു.
''എന്റെ മാഷേ, രാജ്യങ്ങള്‍ ഓരോന്നു കീഴടക്കി സാമ്രാജ്യ വിസ്തൃതി കൂട്ടാനല്ലേ ചക്രവര്‍ത്തിമാര്‍ ആഗ്രഹിക്കാന്‍ പാടുള്ളു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെപ്പോലെ ലോകം കീഴടക്കേണ്ടയാള്‍ ഇങ്ങനെ ഭയപ്പെട്ടാലോ?''
''എനിക്ക് വല്ലാത്ത ഭയം തോന്നുന്നു പദ്മേ.''
''നോക്കിക്കോ, രണ്ടാമത്തെ പടവും സൂപ്പര്‍ ഹിറ്റാവും. ഇപ്പോള്‍ ഗിരീഷിന്റെ എഴുത്തിന് ഒരു പ്രത്യേക പ്രകാശമാ. സീനുകള്‍ക്ക് വല്ലാത്ത ഫ്രഷ്നസ്സും ഷാര്‍പ്പ്നസ്സുമുണ്ട്.''
ഗിരീഷ് ഒഴുക്കോടെ തിരക്കഥ വായിച്ചു. അവള്‍ മൂളിക്കേട്ട് മടിയില്‍ കിടന്നു. വയറ്റിനുള്ളിലെ ബഹളക്കാരിയും ചെവികൂര്‍പ്പിച്ച് അച്ഛന്റെ കഥ കേട്ടു കിടന്നു.
റെയില്‍വേ ക്രോസില്‍ സ്‌കൂട്ടി നിര്‍ത്തി പദ്മിനി ട്രെയിന്‍ പോകാനായി കാത്തുനിന്നു. 
പെട്ടെന്നാണ് പിന്നിലിരിക്കുന്ന ആളെക്കുറിച്ചോര്‍മ്മ വന്നത്. തിരിഞ്ഞുനോക്കി.
''പോയോ?''
പദ്മിനി നാലുപാടും നോക്കി. കാത്തുകിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ .
അലാവുദ്ദീന്‍ ഖില്‍ജി ഉടവാളും ഉയര്‍ത്തിപ്പിടിച്ച് റെയില്‍വേ പാളം മുറിച്ചു നടന്നുപോകുന്നു.
കുട്ടിക്കാലം മുതലേ ട്രെയിനും ട്രെയിനിന്റെ ശബ്ദവും പദ്മിനിക്ക് വലിയ ഇഷ്ടമാണ്. ഗിരീഷിന്റെ രണ്ടാമത്തെ സിനിമയുടെ പശ്ചാത്തലത്തില്‍ ആകമാനം ട്രെയിനിന്റെ ശബ്ദം ഉപയോഗിച്ചിരുന്നെങ്കിലും ഒരു സീനില്‍ മാത്രമേ ട്രെയിന്‍ ഉണ്ടായിരുന്നുള്ളു. അകലേക്ക് അകന്നു മായുന്ന ട്രെയിനിന്റെ ബാക്ക് ഷോട്ട്.
ഗിരീഷ് മൂന്നാമത്തെ സിനിമയുടെ സ്‌ക്രിപ്റ്റ് വായനയ്ക്കായി എറണാകുളത്തേക്ക് പുറപ്പെട്ടപ്പോള്‍ പദ്മിനി പ്രസവിച്ചു കിടക്കുകയായിരുന്നു.
''സിനിമയൊക്കെ വിട്ടിട്ട് മെഡിക്കല്‍ സ്റ്റോര്‍ വീണ്ടും തുടങ്ങിയാലോ''യെന്നു ഗിരീഷ് യാത്ര പറയാന്‍ വന്നു കുഞ്ഞിന് ഉമ്മ കൊടുക്കുന്നതിനിടയില്‍ പദ്മിനിയോട് ചോദിച്ചു.
ആ ആഴ്ച ഇറങ്ങിയ ഒരു സിനിമാ വീക്കിലിയുടെ കവര്‍ ചിത്രം ഗിരീഷിന്റേതായിരുന്നു. 'വേനല്‍ക്കാലത്തിലെ രചനാവസന്ത' മെന്ന ടൈറ്റിലില്‍ വന്ന ലേഖനത്തില്‍ ഗിരീഷിന്റെ രണ്ടാമത്തെ സിനിമയുടെ വന്‍വിജയവിവരണവും ഇന്റര്‍വ്യൂവും ഉണ്ടായിരുന്നു. ഗിരീഷിന്റേയും പദ്മിനിയുടേയും വിവാഹദിവസം വൈകുന്നേരമെടുത്ത ഒരു ചിത്രവും അതിനോടൊപ്പം കൊടുത്തിട്ടുണ്ടായിരുന്നു. പദ്മിനി മുഖചിത്രത്തില്‍ ഒരു ഉമ്മ കൊടുത്തു. ആദ്യ രണ്ടു സിനിമയെക്കുറിച്ച് താന്‍ നടത്തിയ പ്രവചനം ശരിയായതിന്റെ ധൈര്യത്തില്‍ ''അടുത്ത ബിഗ്ബജറ്റ് ചരിത്ര സിനിമ നാഷണല്‍ ലെവല്‍ അപ്രീസിയേഷന്‍ കിട്ടു''മെന്ന് പദ്മിനി പ്രവചിച്ചു. ആ കഥയും സന്ദര്‍ഭങ്ങളും അത്രയ്ക്കും ഗംഭീരമായിരുന്നു.


സിനിമ കാണുന്നതുപോലെ അനുഭവിപ്പിച്ച് കഥ പറയാനുള്ള ഊര്‍ജ്ജം രണ്ട് സിനിമ കഴിഞ്ഞപ്പോള്‍ ഗിരീഷ് സ്വായത്തമാക്കി. നെഞ്ചില്‍ കോര്‍ക്കുന്ന ഡയലോഗുകളും സംഗീതവും നിശ്ശബ്ദതയും ക്യാമറ മൂവ്മെന്റുമൊക്കെ കഥയുടെ ഒഴുക്കിനു തടസ്സം ഇല്ലാതെ ഗിരീഷ് കൂട്ടിക്കലര്‍ത്തിപ്പറയുമ്പോള്‍ പദ്മിനി മടിയില്‍ കണ്ണടച്ചു കിടന്നു സിനിമ കാണുമായിരുന്നു. 
വിജയങ്ങളെ ഇങ്ങനെ ഭയക്കുന്ന ഒരാളെ പദ്മിനി കണ്ടിട്ടില്ലായിരുന്നു. പത്താം ക്ലാസ്സില്‍ സ്‌കൂള്‍ ലീഡറായി മത്സരിച്ചു ജയിച്ചതാണ് ഗിരീഷിന്റെ ജീവിതത്തിലെ ഓര്‍ത്തിരിക്കുന്ന ആദ്യവിജയം. കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ഗിരീഷിനെ എടുത്തുയര്‍ത്തി മുദ്രാവാക്യം മുഴക്കി സ്‌കൂള്‍ ഗേറ്റ് കടന്നു റോഡിലേക്കിറങ്ങി. വിജയിച്ച കുട്ടികളുടെ വരിതെറ്റിയ ജാഥയില്‍ വാഹനങ്ങള്‍ നിലച്ചു കിടന്നു. ബസിന്റെ വശങ്ങളിലൂടെ തലയിട്ടു നോക്കിയ ആള്‍ക്കാരെ വിജയഹാരമണിഞ്ഞ ഗിരീഷ് കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്തു. കൂട്ടത്തില്‍പ്പെട്ടു കിടന്ന ആംബുലന്‍സില്‍നിന്നു ഗിരീഷിനു നേരെ ഒരു കൈ ഉയര്‍ന്നു.
കുട്ടികളുടെ തോളുകളില്‍ മാറിമാറി ഉയര്‍ന്നു പൊങ്ങുന്നതിനിടയിലും ഗിരീഷ് ആ കൈ തിരിച്ചറിഞ്ഞു.
''അച്ഛന്‍.''
മഞ്ഞനോവിനോടു യുദ്ധം ചെയ്തു തോറ്റ അമ്മ ആംബുലന്‍സിനുള്ളിലെ പെട്ടിക്കുള്ളില്‍ വെള്ള മൂടി കിടക്കുകയായിരുന്നു. ഗിരീഷ് നിലതെറ്റി വീണു.
''നമുക്ക് ആരുമറിയാത്ത എവിടേക്കെങ്കിലും ഒളിച്ചോടിയാലോ? എനിക്ക് വയ്യ പദ്മേ''
പദ്മിനിയുടെ അരുകില്‍ കിടന്ന കുഞ്ഞ് പിടഞ്ഞുകരഞ്ഞു.
കുഞ്ഞിനെ നെഞ്ചിലെ ചൂടിലേക്ക് ചേര്‍ത്തുപിടിച്ച് പദ്മിനി ചിരിച്ചു.
''എന്റെ ഗിരീഷേ, ട്രെയിന്‍ മിസ്സാക്കണ്ട. പോയി കാര്യങ്ങള്‍ക്കൊരു തീരുമാനമുണ്ടാക്കി അഡ്വാന്‍സും വാങ്ങി വേഗം വാ. ദാ മോള് കഥ കേള്‍ക്കാന്‍ തിടുക്കം കൂട്ടുന്നത് കണ്ടില്ലേ?''
ഗിരീഷ് ബാഗും തോളില്‍ തൂക്കി യാത്ര പറയാതെ മുഖം താഴ്ത്തി പോയി. കുഞ്ഞ് നൊന്തു കരഞ്ഞു.
വടക്കുനിന്നു വന്ന എക്‌സ്പ്രസ്സ് ട്രെയിന്‍ ഉറക്കെ ഹോണ്‍ മുഴക്കി പാഞ്ഞുപോയി. റെയില്‍വേ ക്രോസില്‍ ചത്തുകിടന്ന വാഹനങ്ങള്‍ മെല്ലെ ജീവന്‍ വച്ച് അനങ്ങാന്‍ തുടങ്ങി. വാഹനക്കൂട്ടത്തിനിടയിലൂടെ മഞ്ഞ സ്‌കൂട്ടിയില്‍ പദ്മിനി ടീച്ചര്‍ സ്‌കൂളിലേക്ക് പോയി.
''ഓരോ സാഹചര്യത്തില്‍ ഓരോരുത്തര്‍ അവരവരുടെ ശരികള്‍ ചെയ്യുമ്പോള്‍ നമ്മുടെ അളവുകോല്‍ വച്ച് അത് തെറ്റെന്നു പറഞ്ഞിട്ടെന്തു കാര്യം.'' ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അന്ന് പദ്മിനി ടീച്ചര്‍ ക്ലാസ്സ് ആരംഭിച്ചത്. മിഴിച്ചിരുന്ന കുട്ടികള്‍ക്ക് മുന്നില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ വിജയപരമ്പരകള്‍ വിവരിച്ചു. അഗ്‌നിയില്‍ ആത്മാഹൂതി ചെയ്ത പദ്മാവതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ പദ്മിനി ടീച്ചര്‍ ഓര്‍ത്തത് ട്രെയിനില്‍നിന്നു നദിയിലേക്ക് ചാടിയ ഗിരീഷിനെയാണ്. വെള്ളത്തില്‍ മുഖം തൊട്ട് നിന്ന കൈതപ്പൂക്കള്‍ക്കിടയില്‍ കമിഴ്ന്ന് കിടന്ന ഗിരീഷിനു ചുറ്റും ചരിത്രസിനിമയുടെ കെട്ട് പൊട്ടിയ സ്‌ക്രിപ്റ്റ് കുതിര്‍ന്നു താണു.
യുദ്ധം കഴിഞ്ഞു. മുറിവേറ്റ കുട്ടികള്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ അന്ത്യനാളുകളിലെ ദുര്‍ഗതി കണ്ടു പരിതപിച്ചു. പദ്മിനി ടീച്ചര്‍ മെല്ലെ ബ്ലാക്ക് ബോര്‍ഡ് മായ്ചു. കുട്ടികളേയും പിന്‍ബഞ്ചിലെ ജനാലയുടെ വശത്തിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയേയും ഒരു നിമിഷം നോക്കിയിട്ട് അടുത്ത അധ്യായത്തിന്റെ തലക്കെട്ട് ബോര്‍ഡില്‍ എഴുതി അടിയില്‍ വരച്ചു. 
'ഗിയാസുദ്ദീന്‍ തുഗ്ലക്'
പിന്‍വശത്തെ ജനാലയിളകി വലിയ ശബ്ദത്തോടെ നിലത്തു വീണു. കുട്ടികള്‍ ഞെട്ടിത്തിരിഞ്ഞു. പദ്മിനി ടീച്ചര്‍ മെല്ലെ നടന്നു ചെന്നു താഴേക്ക് നോക്കി. ഗ്രൗണ്ടിലൂടെ ഏകനായി ഉടവാള്‍ നിലത്തൂന്നി തലകുമ്പിട്ട് അലാവുദ്ദീന്‍ ഖില്‍ജി നടന്നുപോകുന്നു. പെട്ടെന്ന് കുതിരപ്പുറത്ത് ഒരു വലിയ സൈന്യം സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പാഞ്ഞുവന്നു. മുന്നില്‍ വിജയകാഹളം മുഴക്കി മിന്നല്‍ പോലെയൊരു സുല്‍ത്താന്‍. 
ഗിയാസുദ്ദീന്‍ തുഗ്ലക്. 
ആ സൈന്യം സ്‌കൂളിന്റെ നാലു വാതില്‍ വഴിയും അകത്തേക്ക് പാഞ്ഞുകയറി. രണ്ടാം നിലയിലെ നീണ്ട ഇടനാഴിയിലൂടെ വന്ന് പത്ത് ബിയുടെ വാതില്‍ക്കല്‍ നിന്നു.
ആരാ മനസ്സിലായില്ലെന്നു ചോദിക്കാനാഞ്ഞെങ്കിലും ടീച്ചര്‍ നിശ്ശബ്ദയായി. അകത്തേക്ക് കയറാനുള്ള ആജ്ഞയും കാത്തുനില്‍ക്കുന്ന ആ സുല്‍ത്താന്റെ മുഖത്ത് കുറേ നേരം നോക്കി നിന്നപ്പോള്‍ പദ്മിനി ടീച്ചറുടെ മനസ്സില്‍ മെല്ലെ മെല്ലെ ഗിരീഷിന്റെ മുഖം തെളിഞ്ഞു വന്നു.
''നീണ്ട മുഖം, മയക്കുന്ന കണ്ണുകള്‍, കവിളിലേക്ക് അധികം പടരാത്ത വെട്ടിയൊതുക്കിയ താടി, താടിയിലേക്ക് ഒഴുകിച്ചേരുന്ന മീശ.''
പദ്മിനി ടീച്ചര്‍ വാതില്‍ക്കല്‍ നിന്ന സുല്‍ത്താനെ നോക്കി ജന്മാന്തര പ്രണയത്തോടെ മന്ദഹസിച്ചു.

-----

1.     ആ ചോദ്യത്തിന്റെ ഉത്തരം സ്വയം അന്വേഷിക്കുന്ന ഒരു വഴിപോക്കന്‍.
2. താങ്കള്‍ക്ക് മലയാളം അറിയാമോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com