മഞ്ഞില്‍ വിരിഞ്ഞ ജാസ്മിന്‍

ഗ്രാഫിക്‌സിനും മുന്‍പാണ്, സിനിമയിലെ ഗ്രാഫിക്‌സ് ഉണ്ടായതെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം - സുരേഷ് കുമാര്‍ കുഴിമറ്റം

ഗ്രാഫിക്‌സിനും മുന്‍പാണ്, സിനിമയിലെ ഗ്രാഫിക്‌സ് ഉണ്ടായതെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അതങ്ങനെയാണ്. ഞാന്‍, വരരുചി എന്നു വട്ടപ്പേരുള്ള ഷുക്കൂര്‍, ശിപായി എന്നറിയപ്പെടുന്ന ലഹളക്കാരനായ തോമസ്, മന്ദാകിനി ചെറുപുഷ്പം എന്ന തൂലികാനാമത്തില്‍ ഉസ്‌കൂളിലെ മാഗസിനില്‍ കൂത്താടിയെക്കുറിച്ച് കവിതയെഴുതിയ മുംതാസ്, കാറ്റിന്റെ തൊപ്പി എന്നു വിളിക്കുന്ന സുജാത, ചിലപ്പോള്‍ അസ്പൃശ്യരായ നാലഞ്ചു ചെറുപൈതങ്ങളും കൂടി നടത്തിയ കണ്ടുപിടിത്തങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതില്‍ രണ്ടുപേര്‍ താഴത്തങ്ങാടീലെ കുഞ്ഞിത്താന്റെ മക്കളുമായിരുന്നു.

യു.പി. സ്‌കൂള്‍ വര്‍ഷാന്ത്യപ്പരീക്ഷ കഴിഞ്ഞു നിക്കുന്ന കാലം. ഇപ്പറഞ്ഞ ഇബ്ലീസുകളുടെ കാര്യവും ഏതാണ്ടങ്ങനൊക്കെത്തന്നെ. ബ്ലോക്കിലെ ശാസ്‌ത്രോത്സവത്തിന് എന്റെ പക്ഷിത്തൂവല്‍ പ്രൊജക്ടിനാണ് രണ്ടാം സമ്മാനം കിട്ടിയത്. അതിനു പ്രതിഫലമായി, പഞ്ചായത്തു പ്രസിഡന്റിനെക്കൊണ്ട് സംഘാടകര്‍ തരുവിച്ച 'നിങ്ങളുടെ സിനിമ' എന്ന കൊച്ചുകളര്‍ പുസ്തകം ഒന്നു മറിച്ചുനോക്കി ഞാന്‍ വീട്ടില്‍ക്കൊണ്ടിട്ടു. അതൊരു കളര്‍ പുസ്തകമായിരുന്നെങ്കിലും അതിനു മണമുണ്ടായിരുന്നില്ല. മണമുള്ള പുസ്തകങ്ങളോടായിരുന്നു എന്നും എനിക്കിഷ്ടം.

പത്തു കിത്താബിന്റെ പഴയ ബൈന്റിനകത്ത് അതിനെ സൂക്ഷിച്ചുവച്ച് ഉമ്മ എന്നെ ഒരു പാഠം പഠിപ്പിച്ചു. നിസ്‌കാരവും നോമ്പും വജ്ജുഹ്ത്തുവജ്ഹിയലില്ലദീ ചിട്ടകളും ഇമതെറ്റാതെ പിന്തുടരുന്ന ഉപ്പാന്റെ കുടീലുള്ളോര്‍ക്ക് കലയോടില്ലാത്ത ബഹുമാനം നീയും കാണിക്കരുത്  മുനീറേന്ന് ഉമ്മ ഒരു കാച്ച്‌ല്. കലേന്ന് പറഞ്ഞാല്‍, ഉമ്മ സിനിമയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്നു പിന്നതിന്റെ പാരമ്പര്യം പറഞ്ഞപ്പം മനസ്സിലായി. ഞാന്‍ കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത കുട്ടിക്കുപ്പായം എന്ന സിനിമേന്റെ ടൈറ്റിലില്‍ ഒരിടത്ത് ഉമ്മാന്റെ പെരിയുപ്പാന്റെ മകന്റെ പേരുണ്ടെന്നു നിറകണ്ണോടെ ഉമ്മ പറഞ്ഞു. ഓര് സിനിമയെട്ത്ത് കടംകേറി ട്രെയിനിന് തലവച്ച് തീര്‍ന്നെങ്കിലും ഫ്രെയ്മായ ഫ്രെയ്മിലൊക്കെ സിനിമ ജീവിതംപോലെ വിശുദ്ധമായ കലതന്നെയാണെന്നത്  ഉമ്മ മാറ്റിപ്പറഞ്ഞില്ല.

അന്നു വൈകിട്ട് ശോഭനപ്പാറയുടെ നിഴലില്‍ ഞാനും മന്ദാകിനിയും കാറ്റിന്റെ തൊപ്പിയും കൂടെ ഇതൊക്കെ സംസാരിച്ചിരിക്കുകയായിരുന്നു. ശോഭനയുടെ വഴി തീരുന്നേടത്തെ രണ്ടു പനകളിലൊന്നായിരുന്നു മോഹന്‍ലാല്‍. മറ്റേതിനു മമ്മൂട്ടിയെന്നു ഞാനും സുരേഷ് ഗോപിയെന്നു ശിപായിയും പേരിട്ടിരുന്നു. എന്താണീ ജീവിതംപോലെ വിശുദ്ധമായ കല? കാറ്റിന്റെ തൊപ്പി എന്നോടു ചോദിച്ചു. ശോഭനയുടെ നടുവിലൂടെ ഉറുമ്പുകളുടെ ഒരു നീണ്ടവരി ചുവടിലേക്കു വളരുന്നുണ്ടായിരുന്നു. മോഹന്‍ലാലിന്റെ ശിരസ്സിലിരുന്ന് പനങ്കൊട്ടയുടെ കരിച്ചില്‍ അതിന്റെ ഡ്രമ്മിലിട്ട് കൊട്ടിക്കൊണ്ടിരുന്നു.
മന്ദാകിനിയുടെ പാവാടഞൊറിയിലൂടെ ഒരുറുമ്പ് അതിന്റെ തേന്‍തുള്ളിയുമായി കേറിക്കേറി വന്നു. കാറ്റിന്റെ തൊപ്പി, അവളുടെ അച്ഛന്‍ വിളിക്കുന്നുണ്ടോ എന്നു സംശയിച്ച് ശോഭനയുടെ തടത്തിലൂടെ പറന്നു വീട്ടിലേയ്ക്കു പോയി. കണിയാന്‍ രാഘവേട്ടന്റെ മകള്‍ സുജാത എന്ന കാറ്റിന്റെ തൊപ്പി പറക്കുമ്പോള്‍ എരണ്ടയുടെ ഇളയതാണ്. പെട്ടെന്നു ചിറകൊതുക്കി നിലത്തിരുന്നുകളയും.

മന്ദാകിനിയുടെ ഉറുമ്പ് തേന്‍തുള്ളി പെരുവിരലില്‍ കൊണ്ടുവച്ചു. അവള്‍ പട്ടുപാവാട വിരിച്ചിട്ട് അതിനെ മറച്ചു. എനിക്കാ കാഴ്ച മറഞ്ഞു. എനിക്കു സമ്മാനം കിട്ടിയ പ്രോജക്ടിലെ രണ്ടു തൂവലുകള്‍ അവള്‍ തന്നതാണ്. മയില്‍പ്പീലിയും ചിന്നന്റെ പള്ളയിലെ തൂവലും.
''അന്റെ ഉമ്മാന്റെ ആ ബന്ധൂന് സിനിമ ഒണ്ടാക്കണ പണിയാര്ന്നാ?''
''ആ, എനിക്കറിഞ്ഞൂടാ.''
എനിക്ക് തോന്നണത്, അന്റെ ഉമ്മാന് നല്ലോണം സിനിമ പിടിക്കാനറിയാന്നാണ്. അതോണ്ടാണ് യ്യ്  ഇത്രേം മൊഞ്ചായിരിക്കണ്.''
ജീവിതംപോലെ വിശുദ്ധമായ കല എന്ന് ഉമ്മ പറഞ്ഞതല്ലേ മന്ദാകിനി പറഞ്ഞതും. അവള്‍ രണ്ടിടമാത്രം അകലത്തിലായിരുന്നു. ശോഭനയുടെ കറുത്ത ശിലാശരീരത്തില്‍നിന്നു പ്രതിഫലിച്ച പ്രകാശം അവളുടെ മുഖത്തു വീണു. കാറ്റിന്റെ തൊപ്പി പോയിട്ടും തൊപ്പിയുടെ ചിതല് അവിടെത്തന്നെ ഉണ്ടായിരുന്നു.
പത്തു കിത്താബിന്റെ പഴയ ബൈന്റിനകത്ത് 'നിങ്ങളുടെ സിനിമ' അധിക കാലം ഇരുന്നില്ല. ഉമ്മ അതിനൊരു ടീക ഉണ്ടാക്കാനാരംഭിച്ചു. നാഗവള്ളി ആര്‍.എസ്. കുറുപ്പ്, കോഴിക്കോടന്‍ മുതലായവര്‍ എഴുതിയ ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍ വായിച്ചു മനസ്സിലാക്കിയ പരിചയം ഉമ്മാക്കുണ്ടായിരുന്നു. ചിലപ്പോള്‍ മന്ദാകിനിയും ആ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതു കാണാമായിരുന്നു. അവള്‍ അടുത്തുണ്ടെങ്കില്‍ ഉമ്മ മറ്റൊരു ഭാഷയിലാണ് സംസാരിച്ചിരുന്നത്. അവര്‍ക്കു ചായ പകര്‍ന്നുകൊടുത്ത ചില്ലു ഗ്ലാസ്സില്‍ ചെറിയൊരു പോറലുണ്ടായി എന്നു വയ്ക്കുക.
''മുംതാ, അന്റെ ഗ്ലാസ്സില് വരേടെ ഒരു ഷാഡോ കണ്ടോ?''
''അത് ചായേന്റെ ഗ്രാഫാണമ്മായീ. ഫ്രെയിം ഔട്ടായ പട്ടത്തിന്റെ നൂല്.''

തറവാടിന്റെ കോലായേലിര്ന്ന് ഗ്രഹണം കാണുമ്പഴാണ് സിനിമയെന്നാല്‍ ഇരുട്ടാണ് എന്ന സത്യം ഉമ്മ ഓള്‍ക്കും എനിക്കും പറഞ്ഞുതന്നത്. സിനിമയുടെ ശാസ്ത്രം ഫിസിക്‌സിലല്ല പ്രകൃതി വിജ്ഞാനത്തിലാണ് കിടക്കുന്നത്. ആകാശത്തിന്റെയോ ഭൂമിയുടേയോ കറക്കം മാത്രം ക്യാമറകൊണ്ട് ഒപ്പിയെടുത്താല്‍ത്തന്നെ അതിനപ്പുറം ഒരു സിനിമേമില്ല ലോകത്ത്.


ഒരീസം, വരരുചി രണ്ട് സവോള കടം വാങ്ങാനായി അടുക്കളേന്റെ പൊറത്തുവന്നു. വല്യുമ്മ  അകത്തിരുന്ന് ചിരണ്ടിയ തേങ്ങയുടെ പാലെടുത്ത് അരിച്ചുവക്കുകയായിരുന്നു. രണ്ടു സവോളക്കുവേണ്ടി രണ്ടു ചാക്ക് ചെറിയ ഉള്ളീന്റെ വിളി അവിടക്കെടന്ന് വിളിച്ചിട്ടും ഉമ്മാനെക്കാണാതെ അവന്‍ കയ്യാല ചാടിക്കടന്ന് മടങ്ങാനൊരുമ്പെടുമ്പൊ താഴെ ചേമ്പിന്‍ കൂട്ടത്തിനരികെ ഉമ്മാനേയും മന്ദാകിനിയേയും കണ്ട് അങ്ങോട്ടു ചെന്നു. അവരവിടെ ചില പരീക്ഷണങ്ങളിലായിരുന്നു.

'നിങ്ങളുടെ സിനിമ'യെ മന്ദാകിനി ചേമ്പിലപ്പുറത്ത് തുറന്നുവച്ച് കല്ലെടുത്ത് കനം വച്ചിരുന്നു. രണ്ട് ടങ്സ്റ്റണ്‍ ബള്‍ബ്, ഷാമ്പൂ, പാചകത്തിനുപയോഗിക്കുന്ന ഗ്ലൗസ്  ഒരെണ്ണം എന്നിവ കുളക്കരയില്‍ മറ്റൊരു ചേമ്പിലപ്പുറത്തിരുന്നു. ഉമ്മ കുളത്തിലേക്കിറങ്ങിനിന്ന്, ഫിലമെന്റിന്റെ ക്യാപ്പുമാത്രം പൊട്ടിച്ചെടുത്ത് അകംപൊള്ളയാക്കിയ ഒരു ബള്‍ബിനെ ഷാമ്പൂവൊഴിച്ച് കഴുകുകയായിരുന്നു.
''ഇതെന്തിന് ചെറിയുമ്മാ''ന്ന് വരരുചി വലിയ വായില്‍ ചോദിച്ചു. ഉമ്മ മന്ദാകിനിയോടു സിംബല്‍ കാണിച്ചു. അവരുടെ ഉദ്യമമെന്തെന്ന് സാവകാശം വിശദീകരിക്കാനായിരുന്നു ആ സിംബല്‍. മന്ദാകിനി ചേമ്പിലപ്പുറത്തെ പുസ്തകം തുറന്ന് സിനിമയുടെ കലയും സൗന്ദര്യശാസ്ത്രവും വരരുചിയെ പഠിപ്പിക്കാനാരംഭിച്ചു.

അന്ന് ശോഭനപ്പാറയിലെ മന്ത്രിസഭയില്‍ മന്ദാകിനിയൊഴിച്ച് ഞങ്ങളെല്ലാവരും ഒത്തുകൂടിയപ്പോള്‍ വരരുചി ആ രഹസ്യം പുറത്തുവിട്ടു. ഉമ്മായും മന്ദാകിനിയും കൂടി ഒരു സിനിമ പിടിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ കഴുകി വൃത്തിയാക്കുന്ന പണിയാണ് ഇപ്പോള്‍ നടക്കുന്നത്.
കാറ്റിന്റെ തൊപ്പിയെ അന്നും അച്ഛന്‍ വിളിച്ചു. പക്ഷേ, പോകുന്നവഴി അവളൊരു വാക്കു പറഞ്ഞിട്ടാണ് പോയത്. ആരും പോയിക്കളയരുത്. അവളുടെ അപ്പച്ചിയുടെ നാത്തൂന്റെ വീട്ടില്‍നിന്നു കൊണ്ടുവന്ന ഒരില കളിയടക്ക അമ്മ പൊതിഞ്ഞുവച്ചിട്ടുണ്ട്. അതുമായി പെട്ടെന്നു തിരിച്ചുവരും. തിരിച്ചുവരവില്‍ വേറെയും ചില അദ്ഭുതങ്ങള്‍ അവള്‍ കാട്ടിയെന്നും വരും.
ശിപായി സുരേഷ് ഗോപിയെ നോക്കി ഒന്നു നെടുവീര്‍പ്പിട്ടു. പൊക്കമുണ്ടെങ്കിലും മോഹന്‍ലാലിനോളം തലയെടുപ്പ് അതിനില്ല. ഞാന്‍ സൂമിങ് ലെന്‍സിലാണ് മമ്മൂട്ടിയെ നോക്കിയത്. യക്ഷിക്ക് കുടിയിരിക്കാനുള്ള ഗ്യാപ്പൊന്നും അതിന്റെ മണ്ടയില്‍ അവശേഷിച്ചിട്ടില്ല. കരിവു കുറഞ്ഞ് നിറയെ പച്ച ഓല. കാഫലം കുറച്ചൊന്നു കുറഞ്ഞൂന്നു മാത്രം.

കാറ്റ് ശോഭനയുടെ കറുപ്പിലൂടെ ലാസ്യത്തിലൊഴുകി മോഹന്‍ലാലിനെത്തന്നെ തേടിച്ചെന്നു. അതിനകം, കളിയുടക്കയും വലിയൊരു തുണിസഞ്ചിയുമായി കാറ്റിന്റെ തൊപ്പി മടങ്ങിവന്നു.
കളിയുടക്കയുടെ എണ്ണ ഒരു പൊടിക്ക് കനച്ചിരുന്നെങ്കിലും ഞങ്ങളുടെ കണ്ണ് അവളുടെ സഞ്ചിയിലായിരുന്നു. അവള്‍ പാവാടയൂരി നിലംതുടച്ച് അതവിടെ വച്ചു. ഊരിയ പാവാടയിലേതിനെക്കാള്‍  ഉടുത്തിരുന്ന പെറ്റിക്കോട്ടിലായിരുന്നു അവള്‍ക്ക് ചന്തം.

കാറ്റിന്റെ തൊപ്പി രാഘവേട്ടനെ അനുകരിച്ച് എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലി. പലതും അറബി മലയാളം പോലെ തോന്നിച്ചു. ദിക്പാലകന്മാര്‍ എന്ന ഓര്‌ടെ മലക്ക്കളെ വന്ദിച്ചതായിരുന്നു അതില്‍ ഏറ്റവും രസകരം. എട്ടുപാലകന്മാരില്‍ ഒരാള്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഇടയിലൂടെ തെക്കുകിഴക്കേ ആരത്തിലേയ്ക്കു പോയി.
സഞ്ചി തുറന്ന് അവള്‍ എടുത്തുവച്ച കവടി ഞങ്ങളും ഭക്തിയോടേയും വികാരസാന്ദ്രതയോടേയും നോക്കിനിന്നു. അതില്‍ നക്ഷത്രങ്ങള്‍ക്കിടയിലെ ഗ്രഹങ്ങളും രാഘവേട്ടന്റെ കൈവൃത്തത്തിന്റെ തഴമ്പുകളും ഒരുപോലെ പതിഞ്ഞുകിടന്നു.
കാറ്റിന്റെ തൊപ്പി, ഗ്രഹങ്ങളെ വിതറിയ കവടിയില്‍ ലക്ഷണം വരച്ചിട്ട് രണ്ടു പ്രവചനങ്ങള്‍ നടത്തി.
ഒന്ന്: വര്‍ഷങ്ങള്‍ക്കു മുന്നേ പൂട്ടിപ്പോയ തിലകം ടാക്കീസിന്റെ പുനര്‍ജന്മമായിരിക്കും ജാസ്മിന്‍ ചേച്ചിയും മന്ദാകിനിയും ചേര്‍ന്നു നടത്തുന്ന സിനിമയുടെ വേദി.
രണ്ട്: അവരുടെ സിനിമയിലെ കഥ വെള്ളപ്പൊക്കവും നായകന്‍ മോഹന്‍ലാലും ആയിരിക്കും.
എടീ സുജാതേ ഒരുമ്പെട്ടോളേന്ന് ശോഭനയുടെ മുകളിലൂടെ ഒരു പെരുമ്പറ ചൂലുമായി താഴെ ഇറങ്ങിവന്നതും കാറ്റിന്റെ തൊപ്പി, ഊരിയ പാവാടപോലും എടുക്കാതെ തോട്ടത്തിനകത്തു കൂടി ഓടി അപ്രത്യക്ഷമായി. അവളുടെ അമ്മ കവടിയുമെടുത്ത് സഞ്ചിയിലാക്കി പോകുംവഴി പാവാടയുടെ വള്ളി വലിച്ചൂരി കാറ്റിന്റെ തൊപ്പിയെ രണ്ടു തെറി പറഞ്ഞു. ഞങ്ങള്‍ക്കതോടെ കളിയടുക്ക കല്ലിച്ചെങ്കിലും ശിപായിക്കായിരുന്നു കലിപ്പ്.
''ഓള്‍ടെ കവടിയില്‍ തിലകവും മോഹന്‍ലാലും വെള്ളപ്പൊക്കോം എല്ലാം വന്നു. പിരടിക്ക് വീഴാനിര്ന്ന ചൂലിന്റെ തെറിമാത്രം കണ്ടില്ല. ഞാമ്പറയാറില്ലേ, കാറ്റിന്റെ തൊപ്പിയല്ല, കാറ്റിന്റെ കോണകമാണവള്.''
''അങ്ങനെ പറയല്ലേ തോമാ. ഓള് പറഞ്ഞേന്റെ സത്യം ഇനി വരാനൊള്ളതാണ്. ചൂലിന്റെ തെറി ഓള്‍ടെ വിധിയായിരുന്നു - ഭാവിയല്ല.''
ശിപായിയെ ഞാന്‍ തിരുത്തിയതല്ലെങ്കിലും തോട്ടത്തിലേയ്ക്ക് അപ്രത്യക്ഷമായ കാറ്റിന്റെ തൊപ്പിന്റെ വള്ളിപ്പുലി പിടിക്കാനുള്ള  സാധ്യത കൂടുതലാണ്. അതു പേടിച്ച് അവളേതെങ്കിലും കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കാനും ഇടയുണ്ട്. ഞങ്ങള്‍ അവളെയന്വേഷിച്ച് തോട്ടത്തിലേക്കു പുറപ്പെട്ടു.


വള്ളിപ്പുലിയുടെ സില്‍ബന്തികള്‍ എക്‌സൈസിനെ പേടിച്ച് കോടയെടുത്ത് മരപ്പൊത്തിലൊളിപ്പിക്കുന്ന  നേരമായിരുന്നു. മലമ്പാമ്പിനെ വാറ്റിയിട്ടാണ് വള്ളി കോട സാന്ദ്രമാക്കുന്നതെന്ന ശ്രുതിയുണ്ട്.
കുറ്റിക്കാട്ടില്‍നിന്നു കാറ്റിന്റെ തൊപ്പിയെ കണ്ടുപിടിച്ച് പുലി അവളെയിട്ടു വാറ്റുമോ! വരരുചിയുടെ ഭയം അതായിരുന്നു. അങ്ങനെ ഉണ്ടായാല്‍ നേരിടാന്‍ ഞാനൊരു പിസ്റ്റൊള്‍ കരുതിയിരുന്നു. ദീപാവലിക്കു വാങ്ങിയ രണ്ടുകട്ട റോള്‍ പൊട്ടാസ് പോക്കറ്റിലുമുണ്ടായിരുന്നു.

പുലിയെ ഞാന്‍ വെടിവച്ചു. മരിച്ചു എന്നാണ് വിചാരിച്ചത്. പക്ഷേ, അത് മീശയും തടവി ഗബ്ബാര്‍സിങ് മോഡലില്‍ ഒരു വലിയ മരക്കട്ടയുടെ മുകളില്‍ കയറിനിന്നു. പുലിയുടെ വായനിറച്ചും ചോരയായിരുന്നു. കൈയില്‍, കഴുത്തുമുറിച്ച ഒരാട് പിടച്ചു. വരരുചിക്കു യാഥാര്‍ത്ഥ്യം മനസ്സിലായി. കാറ്റിന്റെ തൊപ്പി പുലിയുടെ പിടിയിലായിക്കഴിഞ്ഞു. ഇനി അവളെ രക്ഷപ്പെടുത്തുക അസാധ്യമാണ്. ഞങ്ങള്‍, തോട്ടം മുറിച്ച് തിറയുടെ കുടിയിരിപ്പുചാടി ഒറ്റയോട്ടം വച്ചുകൊടുത്തു. കാറ്റിന്റെ തൊപ്പിയെ ഇനി കാണാനാവില്ലെന്ന്  ബുദ്ധിമാനായ ശിപായിപോലും കരഞ്ഞു.

പക്ഷേ, അമ്മ കെട്ടിക്കൊടുത്ത ചുറ്റുമുടിയില്‍ പൂവച്ച്, കുറിയിട്ട്, കവടി തുടച്ചുവയ്ക്കുന്ന കാറ്റിന്റെ തൊപ്പിയെയാണ് ഞങ്ങള്‍ കണ്ടത്. അതോടെ, അവളൊരു രണ്ടാംജന്മം എടുത്തിരിക്കുന്നൂന്ന് ഞങ്ങള്‍ക്കു മനസ്സിലായി. കവടി നിരത്തി നേരത്തെ പറഞ്ഞത് തെറ്റുമോന്ന് ശിപായി-ഓട്ടക്കുടുക്കയുടെ കിതപ്പില്‍ അവളോടു ചോദിച്ചു. വള്ളിപുള്ളി മാറാതെ, പ്രവചനങ്ങളാവര്‍ത്തിച്ച് അവള്‍ രണ്ടു കളിയുടക്ക തിന്നു. ഒരെണ്ണം വരരുചിക്കു നീട്ടിയെങ്കിലും അവന്‍ പുലിയുടെ ആട്ടിറച്ചിപ്പേടി വിട്ടിരുന്നില്ല.

രണ്ടു ദിവസത്തിനകം ശിപായി കുരിശുപള്ളിപ്പെരുന്നാളിനുവേണ്ടി അവന്റെ വല്യപ്പച്ചന്റെ കൂടെ എടത്വയിലേക്കു പോയി. മിഠായിത്തെരുവീന്ന് ചെറിയ വെങ്കലക്കുരിശൊരെണ്ണം വല്യപ്പച്ചന്‍ വാങ്ങുമെന്നും അതില്‍ മന്ത്രച്ചരടുചുറ്റി പള്ളിമുറ്റത്തു കുഴിച്ചിട്ടാല്‍ ആകാശത്തു വരുന്ന കര്‍ത്താവിനെ പെരുന്നാളെടക്കു ദര്‍ശിക്കാനാവുമെന്നും വെളിപാടു കിട്ടിയതുകൊണ്ടാണ്  തങ്ങള്‍ ഇത്ര നേരത്തെ പോകുന്നതെന്നും അവന്‍ പറഞ്ഞു.

മറ്റൊരീസം ഉമ്മായും മന്ദാകിനിയും കൂടി ശോഭനയുടെ മുകളിലേക്ക് കയറിപ്പോകുന്നതു കണ്ടു. മന്ദാകിനിയുടെ കൈയില്‍ ഒരു വെളുത്ത പെട്ടിയും ഉമ്മാന്റെ കൈയില്‍ ചെറിയൊരു നീലബാഗും ഉണ്ടായിരുന്നു. അവര്‍ ചലച്ചിത്രം നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള  അഭ്യൂഹം നിലനിന്നിരുന്നതുകൊണ്ട്  നേരിട്ടല്ല - രഹസ്യമായി അവരെ വീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ശോഭനയുടെ ഒത്ത മുകളിലാണ് അവര്‍ നില്‍ക്കുന്നതെന്നതുകൊണ്ട് താഴെ എവിടെനിന്നുള്ള രഹസ്യവീക്ഷണവും മണ്ടത്തരമാണ്. അവര്‍ക്കെന്നെ പെട്ടെന്നു കണ്ടുപിടിക്കാന്‍ കഴിയും. ഞാനതുകൊണ്ട് വരരുചിയുടെ വീട്ടിലേക്കോടി അവന്റെ അളിയന്റെ ബൈനോക്കുലര്‍ സംഘടിപ്പിച്ചു പെട്ടെന്നു തിരിച്ചുവന്നു.
വീടിനകത്തെ ഏതെങ്കിലും ജനാലയുടെ തുറവാണ് അവരെ കാണാന്‍ പറ്റിയ സങ്കേതം. ഒന്നുകില്‍ അടുക്കളയുടെ വെന്റിലേറ്റര്‍, അതല്ലെങ്കില്‍ വല്യുമ്മാന്റെയോ ഉമ്മാന്റെയോ മുറി. വല്യുമ്മ തസ്ബീഹും പിടിച്ച് കട്ടിലില്‍ കുന്തിച്ചിരിപ്പാണ്. ഉമ്മാന്റെ മുറി ഒ.കെ. അതാവുമ്പോള്‍ ചാരിയിടുകയും ചെയ്യാം.

പഴയ മോഡല്‍ വലിയ റഷ്യന്‍ ബൈനോക്കുലറായിരുന്നു. കനവും കൂടുതല്‍. വള്ളി കഴുത്തിലിട്ടില്ലെങ്കില്‍ കൈ തെന്നി താഴെപ്പോകാനുള്ള സാധ്യതയുണ്ട്. ഞാന്‍ മേശപ്പുറത്തു കയറി വലിയ ജനാലക്കു മുകളിലെ കിളിവാതിലിലൂടെ അവരെ വീക്ഷിക്കാന്‍ തീരുമാനിച്ചു. അവര്‍ സിനിമ വെറിറ്റെ ഉണ്ടാക്കുകയായിരുന്നോ? ഉമ്മാന്റെ കൈയിലെ നീലബാഗു തുറന്നപ്പോള്‍ അതില്‍നിന്നൊരു ക്യാമറ പുറത്തുവന്നു. മന്ദാകിനി അതിനെ ട്രൈപ്പോഡിനു മുകളില്‍ പ്രതിഷ്ഠിച്ചു.
അതേ മേശപ്പുറത്താണ് ഉമ്മാന്റെ ഒരുങ്ങുന്ന സാധനങ്ങളും ഇരുന്നത്. എല്ലാം വൃത്തിയായി അടുക്കി സൂക്ഷിച്ചിരിക്കുന്നു.
മണമാണ് ആ മുറിയുടെ ഏറ്റവും വലിയ സവിശേഷത. ഉപ്പ നാട്ടിലുണ്ടെങ്കില്‍ മാത്രം ചെറിയ വിയര്‍പ്പുനാറ്റം പടര്‍ന്നിരിക്കും എന്നതൊഴിച്ചാല്‍ ഉമ്മാന്റെ മുറിയിലെപ്പോഴും മണമുള്ള കാറ്റിന്റെ വിരുന്നുകാരാണ്.
ശോഭനയില്‍ വൈകുന്നേരത്തെ വെയില്‍ പടര്‍ന്നു തുടങ്ങി. അവര്‍ ക്യാമറയിലൂടെ എന്താണ് നിര്‍മ്മിക്കുന്നതെന്നു വ്യക്തമായിരുന്നില്ല. അതിന് ഒന്നുകില്‍ ഒരു ക്രിയ അവിടെ രൂപപ്പെടണം. അതല്ലെങ്കില്‍ ആ വെളുത്ത പെട്ടി തുറന്നുകിട്ടണം.
കാറ്റിന്റെ തൊപ്പിയുടെ പ്രവചനം നടക്കുമോ? മേശവിരിപ്പു തെന്നി ഞാന്‍ വീഴുമെന്നായപ്പോള്‍ ബൈനോക്കുലര്‍ മമ്മൂട്ടിക്കു മുകളിലൂടെ ഒരു വിമാനം കാട്ടിത്തന്നു.

ഞാന്‍ മേശപ്പുറത്തു നിന്നിറങ്ങി കട്ടിലിലേക്കു ചരിഞ്ഞു. പൂപോലെ മൃദുലമാണ് അതിന്റെ വിരിപ്പു പോലും. എത്ര ആകര്‍ഷകമായിട്ടാണ് ഉമ്മ ഓരോന്നും സംരക്ഷിക്കുന്നത്! കട്ടിലില്‍ നേരെ മുകള്‍വശത്ത് ഓര്‌ടെ കല്യാണഫോട്ടോ ഫ്രെയിം ചെയ്തു തൂക്കിയിരുന്നു. അതൊരു മങ്ങിയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണെങ്കിലും അതിലെ ഉമ്മാനുമാത്രം കളറിന്റെ മൊഞ്ചുണ്ട്. ശരിക്കു പറഞ്ഞാല്‍ ഓള്‍ക്ക് ഒരു സിനിമാനടീടെ രാശിയൊക്കെയുണ്ട്.

കാറ്റിന്റെ തൊപ്പി പറഞ്ഞ പ്രവചനമനുസരിച്ച് അവരുടെ സിനിമയിലെ കഥ വെള്ളപ്പൊക്കമാണ്. അതിനാവുമോ അവര്‍ ശോഭനയുടെ മുകളില്‍ ചെന്ന് ഛായാഗ്രഹണം നടത്തുന്നത്. ശിപായിയുടെ കൂടെ അവര്‍ ചെന്നിരുന്നെങ്കില്‍ എടത്വയിലോ കുട്ടനാട്ടിലോ വച്ച് ചെറിയൊരു വെള്ളപ്പൊക്കമൊക്കെ ചിത്രീകരിക്കാന്‍ കഴിയുമായിരുന്നു.

ഗ്രഹണം കണ്ടുകൊണ്ട് ഉമ്മ പറഞ്ഞുതന്ന സിനിമേന്റെ ഇരുട്ട് അപ്പോള്‍ മെല്ലെ എനിക്കും കിട്ടാന്‍ തുടങ്ങി. അതാ മുറിക്കുള്ളില്‍നിന്നു വന്നതായിരുന്നു. അപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി. ഉമ്മ, മന്ദാകിനിയേയും കൂട്ടി ശോഭനയുടെ മുകളിലിരുന്നു പിടിക്കുന്ന പടം ഇനി ഉണ്ടാവാനുള്ള സിനിമയല്ല -  ഇതേ ചുവരുകള്‍ക്കകത്തു വച്ച് ഓര് ഉണ്ടാക്കിക്കഴിഞ്ഞ സിനിമയാണ്. കവടി തെറ്റാറില്ലെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, രാഘവേട്ടന്റെ കവടി തെറ്റില്ല. ഉമ്മാന്റെ ഉള്ളം നിറച്ചും പ്രളയമാണ്. അതിന്റെ ഇരുട്ടില്‍നിന്ന് കുറേ രംഗങ്ങളെങ്കിലും മുങ്ങിത്തപ്പിയെടുക്കാന്‍ ഓര്‍ക്കൊരു അസിസ്റ്റന്റിനെ വേണമായിരുന്നു. അത് ഉമ്മ മന്ദാകിനിയില്‍ കണ്ടെത്തി. ചുമ്മാതല്ല അവളൊരു കവിതക്കാരിയാണല്ലോ.

അവര്‍ പടം പിടിച്ചു വരുംവരെ ഉമ്മാന്റെ കിടക്കയില്‍ വെറുതെ കിടക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒന്നു കമഴ്ന്ന് തലയണ മറച്ചപ്പോള്‍ അതിനകത്തൂന്ന് എനിക്കാ പത്തു കിത്താബിന്റെ ബൈന്റും റബ്ബര്‍ബാന്‍ഡിട്ട കുറച്ചു ഫിലിം സ്ട്രിപ്പുകളും മടക്കി ഭദ്രമാക്കി വച്ച ഒരു കത്തും കിട്ടി. കത്ത് ഉപ്പ അയച്ചതായതുകൊണ്ട് ഞാനതെടുത്തില്ല. തിരിച്ച് തലയണയ്ക്കടിയില്‍ത്തന്നെ വച്ചു. പത്തു കിത്താബിന്റെ ബൈന്റില്‍ എന്റെ സമ്മാനപ്പുസ്തകത്തിന്  ഉമ്മ എഴുതിയ ടീകയുടെ ഒന്നുരണ്ടു പുറങ്ങള്‍ കണ്ടു. ഫിലിം സ്ട്രിപ്പുകള്‍ എല്ലാം ഏതാണ്ട് ഒരുപോലെ തന്നെ. ഏതോ ചുരുളന്‍ മുടിക്കാരനും ഒരു പെണ്ണും. സൂക്ഷിച്ചു നോക്കിയാല്‍, ചില സ്ട്രിപ്പിലൊക്കെ എന്തോ എഴുതിയിരിക്കുന്നതും കാണാം. അതു ചിലപ്പോള്‍ ഉപ്പ പറയാറുള്ള പെരിയുപ്പാന്റെ മകന്റെ പേരുള്ള സിനിമയിലേതാവാം. സിനിമ ഇരുട്ടാണെന്നു പറയുന്നതു ശരിയാണ്. ഒരു ഫിലിം സ്ട്രിപ്പും സിനിമയുടെ രൂപമെന്താണെന്നോ അത് എന്തിനെക്കുറിച്ചുള്ള സിനിമയാണെന്നോ നമ്മളോടു പറയുന്നില്ല. ചലിക്കുന്ന ഏതെങ്കിലും യന്ത്രത്തിലിരിക്കുമ്പോള്‍  മാത്രമാണ് ആ ഫിലിം റോളുകള്‍ അവയുടെ ജീവിതം വീണ്ടെടുക്കുന്നത്.

എടുത്ത വസ്തുക്കളെ തലയണയ്ക്കടിയിലേക്ക്  മടക്കിവക്കുമ്പോഴാണ്  സീലിംഗിലെ കൊളുത്തില്‍ ഞാത്തിയിട്ടിരിക്കുന്ന നൂലിന്റെയറ്റത്ത് കൊരുത്തിട്ട ബള്‍ബു ഞാന്‍ കണ്ടത്. അതിന്റെ കഴുത്തോളം വെള്ളം നിറച്ചിരുന്നു. എന്റെ കൈയിലെ ഫിലിം സ്ട്രിപ്പുകളുടെ സ്‌ക്രീനിങ്ങിന് ഉമ്മായും മന്ദാകിനിയും കൂടി സജ്ജീകരിച്ച പ്രോജക്ടറായിരുന്നു വെള്ളം നിറച്ച ആ ചില്ലുറി. ഇനിയൊരു പ്രകാശം മാത്രം മതി അതീന്നു സിനിമ വരാന്‍.
ഞാന്‍, കര്‍ട്ടനെല്ലാം താഴ്ത്തിയിട്ട് മുറിയിലെ വെളിച്ചത്തെ മുഴുവന്‍ ആ ചില്ലുവെള്ളത്തിലേക്ക് ആവാഹിച്ചു. ഉപ്പാന്റെ ഇലക്ട്രിക് ടോര്‍ച്ച് അലമാരയില്‍നിന്നു തപ്പിയെടുത്തു. ഫിലിംസ്ട്രിപ്പിനെ ബള്‍ബിലേക്കു ചേര്‍ത്തുപിടിച്ച് മറുവശത്ത് വെളിച്ചം പായിച്ച് ചുവരിലേയ്ക്കതിനെ പ്രതിബിംബിച്ചു. ഗ്രഹണത്തിന്റെ ഇടയിലൂടെ, അവശേഷിച്ച ഇരുട്ടുകള്‍ക്കെല്ലാമിടയിലൂടെ ചുവരില്‍ പ്രദര്‍ശനമാരംഭിച്ച സിനിമയില്‍ ഞാന്‍ കണ്ടത് ഉമ്മാന്റെ മുഖമായിരുന്നു.

കല്യാണഫോട്ടോവിലെ മൊഞ്ചത്തിയെക്കാളും മുഹബ്ബത്തുള്ള ഉമ്മാന്റെയടുത്ത് ഒരു നെല്ലിടയകലത്തില്‍, എവിടെയോ ഞാന്‍ കണ്ടിട്ടുള്ള ഒരാള്‍. പഴേ മോഡലില്‍ മുടിയൊക്കെ നീട്ടിവളര്‍ത്തി വലിയ കോളറിന്റെ ഉടുപ്പൊക്കെയിട്ടയാള്. ഞാനതു മാറ്റി അടുത്ത ഫിലിമെടുത്തു വച്ചു. ചിത്രത്തിനു മാറ്റമില്ലെങ്കിലും അതിലൊരു പേരെഴുതിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍.
കാറ്റിന്റെ തൊപ്പി പ്രവചിച്ചതു തെറ്റില്ല. ഉമ്മാന്റേയും മന്ദാകിനിയുടേയും സിനിമ റിലീസാകട്ടെ. തിലകം ടാക്കീസും പുനര്‍ജ്ജനിക്കട്ടെ. ഞാന്‍ പ്രദര്‍ശനമവസാനിപ്പിച്ച്  ഉപ്പാന്റെ ടോര്‍ച്ച്, പത്തു കിത്താബിന്റെ ബൈന്റ്, റബ്ബര്‍ബാന്‍ഡിട്ടു കെട്ടിയ ഫിലിം സ്ട്രിപ്പുകള്‍, ജനാലക്കര്‍ട്ടന്‍ എന്നിവയെല്ലാം പൂര്‍വ്വസ്ഥിതിയിലാക്കി വാതില്‍ തുറന്ന് പുറത്തിറങ്ങി. വല്യുമ്മ ഇപ്പോഴും തസ്ബീഹിന്റെ മൗനത്തില്‍ത്തന്നെയാണ്.
പുറത്തിറങ്ങിയ എനിക്ക് ഉപ്പാന്റെ മുഖം ഓര്‍മ്മവന്നു. ഇതുവരെ എന്നോടു പറയാതെ ഉമ്മ ഒളിപ്പിച്ചുവച്ച ആ സിനിമാപ്പടത്തിന്റെ കൂടെ ഉപ്പാന്റെ കത്തും ഏതോ കാരണത്താല്‍ ഉമ്മ സൂക്ഷിക്കുന്നു. അതുകൊണ്ട് ആ കത്തും കൂടി വായിക്കണമെന്ന് എനിക്കു തോന്നി.
എന്നാല്‍, ഉപ്പാന്റെ എഴുത്തുപോലെ കൂട്ടക്ഷരത്തിലായിരുന്നില്ല  അത്. നെല്ലിയിലപോലെ അകന്നകന്ന് ചെറിയ ചന്തത്തിലുള്ളതായിരുന്നു.

പ്രിയ ജാസ്മിന്‍,
മൂസക്കുട്ടി ആദ്യം കൊണ്ടുവന്ന നിന്റെ ഫോട്ടോയും രണ്ടാമത് മോഹന്‍ലാലിനൊപ്പം നിര്‍ത്തിയെടുപ്പിച്ച ചിത്രവും നന്നായിരിക്കുന്നു. കഥയുടെ ട്രീറ്റ്‌മെന്റിലും കാസ്റ്റിംഗിലും ചില മാറ്റങ്ങള്‍ ഇനിയും വരാനുണ്ടെങ്കിലും എന്റെ കഥയിലെ പ്രഭയായി നീ തന്നെയാണ് ചേരുക. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സജസ്റ്റ് ചെയ്ത നടിക്ക് മെച്ച്യൂരിറ്റി കൂടിപ്പോയില്ലേന്ന് എനിക്കും പ്രൊഡ്യൂസര്‍ക്കും ഒരുപോലെ ആശങ്കയുണ്ട്. എന്തായാലും മൂസക്കുട്ടി ജാസ്മിന്റെ ഉപ്പയോടും ബന്ധുക്കളോടും സംസാരിച്ച് ഒരു തീരുമാനമുണ്ടാക്കാമെന്ന് ഏറ്റിട്ടുണ്ട്.
ഇതാണ് എന്റെ ആദ്യ സിനിമ. ജാസ്മിന്റേയും. എല്ലാം നല്ലതുപോലെ വരട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ആശംസകളോടെ,
ഫാസില്‍

ഉമ്മയും ഓര്‌ടെ അസിസ്റ്റന്റ് ഡിറക്ടര്‍ മന്ദാകിനി ചെറുപുഷ്പവും ചിത്രീകരണം കഴിഞ്ഞ് മലയിറങ്ങി വരുന്നുണ്ടാവാം. അവരുടെ സിനിമയിലെ മഴ അതിന്റെ റഷസ് ആരംഭിച്ചിട്ടുണ്ടാവാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com