ഇന്ത്യാ പസില്‍: പ്രമോദ് രാമന്‍ എഴുതിയ കഥ

ഈ രാജസ്ഥാനിത് എവിടെപ്പോയി കിടക്കുവാണ്? കുറേ നാളുകള്‍ക്ക് മുന്‍പൊരിക്കല്‍ കുഞ്ഞുവിന് അരിശം വന്നു. അവന്‍ ഇന്ത്യയെ ഒറ്റത്തട്ടിന് പല കഷണമാക്കി.
ഇന്ത്യാ പസില്‍: പ്രമോദ് രാമന്‍ എഴുതിയ കഥ

രാജസ്ഥാനിത് എവിടെപ്പോയി കിടക്കുവാണ്? കുറേ നാളുകള്‍ക്ക് മുന്‍പൊരിക്കല്‍ കുഞ്ഞുവിന് അരിശം വന്നു. അവന്‍ ഇന്ത്യയെ ഒറ്റത്തട്ടിന് പല കഷണമാക്കി. പിന്നെ കണ്ണടയൂരി മേശപ്പുറത്തിട്ട് വലത്തോട്ട് തിരിഞ്ഞുകിടന്നു. ഒരുപാളി തുറന്ന ജനലില്‍ക്കൂടി ഇളംസൂര്യപ്രകാശം അവന്റെ ചുമലില്‍ കൈവച്ചു.

 യൂറോപ്യന്‍ കൂനന്മാര്‍ നഞ്ചുകച്ചവടത്തിനു വന്നുമടങ്ങിയ കര്‍ക്കടകത്തിലെ അര്‍ധരാത്രിക്കുശേഷമുള്ള പ്രഭാതമായിരുന്നു അത്. അവര്‍ അഞ്ചാറുപേരുണ്ടായിരുന്നു. 12 മണിയാകാറായപ്പോള്‍ ഏതാണ്ടൊരു കാറ്റ് വന്നു. മിന്നുന്ന നക്ഷത്രങ്ങള്‍ കോര്‍ത്ത ഒരു പൂമാല ആ കാറ്റില്‍ ജനല്‍പ്പടിയില്‍ വന്നിടിച്ചുനിന്നു. ചക്രവാളത്തില്‍ ഒരു തിരി കത്തിച്ചുവച്ചപോലെ നീലയും മഞ്ഞയും നിറം വാനിലേക്ക് പരന്നിരുന്നു. വലിയൊരു ചാക്കും മുതുകത്ത് ചുമന്ന്, പ്രയാസപ്പെട്ട് നടുനിവര്‍ത്തി നടക്കാന്‍ ശ്രമിക്കുന്ന റ പോലെയാണവരില്‍ ഓരോരുത്തരും റോഡുവഴി ഗേറ്റുവരെ വന്നത്. ഒരോട്ടുമണി കുലുക്കി ''ഹ്വാന, ഹ്വാന, നഞ്ചുവില്‍ക്കാനുണ്ടോ, പൈതങ്ങളെ വില്‍ക്കാനുണ്ടോ'' എന്നവര്‍ വിളിച്ചുചോദിച്ചു. ആരും ഉവ്വെന്നോ ഇല്ലെന്നോ പറയാത്തപ്പോള്‍ ഒന്നുരണ്ടുവട്ടം കൂടി വിളിച്ചു ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ തലയിണയെടുത്ത് മുഖം മൂടി കാലറ്റംവരെ പുതപ്പുവലിച്ചിട്ട് കുഞ്ഞു ശ്വാസംവിടാതെ കിടന്നു. എവിടെയും ഒരൊച്ചയും അനക്കവും ഉണ്ടായില്ല. പിന്നെ മണികുലുക്കി ''ഹ്വാന, ഹ്വാന, നഞ്ചുവില്‍ക്കാനുണ്ടോ, പൈതങ്ങളെ വില്‍ക്കാനുണ്ടോ'' എന്നു ചോദിച്ച് ചോദിച്ച് അവര്‍ അടുത്ത വീട്ടിലേക്ക് നീങ്ങി.

 കന്യാകുമാരിയില്‍ ആദ്യം പ്രത്യക്ഷപ്പെട്ട് അവിടെനിന്നാണ് കൂനന്മാര്‍ വടക്കോട്ടു നടന്നത്. എഴുന്നൂറിലേറെ കിലോമീറ്റര്‍ കന്യാകുമാരിയില്‍നിന്നു താണ്ടി തലപ്പാടിയില്‍ ഒറ്റരാത്രികൊണ്ട് നടന്നെത്തിയ, കാലന്‍മൂക്കും വലിഞ്ഞ കണ്ണുകളും അഴിഞ്ഞ കൈകളുമുള്ള മുതുക്കന്മാരായ യൂറോപ്യന്‍ കൂനന്മാര്‍ നിര്‍വികാരരായിരുന്നു. അവരുടെ സഞ്ചികളില്‍ നഞ്ചുകളും ചോരക്കുഞ്ഞുങ്ങളും അന്യോന്യം ഇഴഞ്ഞലിഞ്ഞ് കിടന്നു. ആ ഇളനീര്‍ രൂപങ്ങള്‍ പരസ്പരം വഴുക്കി. കുഞ്ഞുങ്ങള്‍ക്ക് കണ്ണുകള്‍ ഉണ്ടായിരുന്നു. പക്ഷേ, ആ കണ്ണുകള്‍ക്കു നോക്കാന്‍ ആകാശം ഉണ്ടായിരുന്നില്ല. എല്ലാ കര്‍ക്കടകം പതിനെട്ടിനും വരുന്ന കൂനന്മാര്‍ ആവശ്യത്തിനു നഞ്ചും കുഞ്ഞുങ്ങളേയും കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ തൂക്കംകുറഞ്ഞ കുഞ്ഞുങ്ങളെ ഉറക്കത്തില്‍ എടുത്തോണ്ടു പോകും. രക്ഷപ്പെടാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ, സന്ധ്യയ്ക്ക് നല്ലപോലെ ചോറോ കപ്പയോ തിന്നു കാല് അമ്മിക്കല്ലിന് കെട്ടിയിട്ട് ഉറങ്ങണം. 
കുഞ്ഞുവിന് അമ്മിക്കല്ലിന്റെയൊന്നും ആവശ്യമില്ല. കൂനന്‍മാര്‍ വിചാരിച്ചാല്‍ അവന്‍ പൊങ്ങില്ല. എന്നാലും യൂറോപ്യന്‍ വ്യാപാരികള്‍ വരുന്ന  ദിവസം അവന്‍ പേടിക്കും. രാത്രി മുഴുവന്‍ ഭയന്നുവിറച്ച് ഉറക്കം നശിച്ച് കിടന്നുരുളും. 
തലപ്പാടിയിലാണ് കുഞ്ഞുവിന്റെ വീട്. അതൊരു ഇരുനില വീടാണ്. രണ്ടുനിലകളും ചേര്‍ന്നാല്‍ പസില്‍ പൂര്‍ത്തിയാകാറുണ്ട്. ഏതെങ്കിലും ജനല്‍പ്പാളി വിട്ടുപോവുകയും അതില്‍ക്കൂടി അമ്മു കണ്ണുകള്‍ നിറച്ച് ഇറങ്ങിപ്പോവുകയും ചെയ്യുമ്പോള്‍ അത് സഹിക്കാനാകാതെ കുഞ്ഞു വീടാകെ ഒറ്റത്തട്ടിന് പല കഷണങ്ങളാക്കും. പിന്നെ കുറച്ചുനേരം കിടന്നുകഴിയുമ്പോള്‍ സങ്കടം വന്നു കട്ടിലില്‍ കിടന്നുതന്നെ വീട് പുതുക്കിപ്പണിയും. ആ വീടിനുള്ളില്‍ ഒരു കട്ടിലും കിടക്കയും ഉണ്ടാക്കി അതില്‍ കുഞ്ഞു കിടന്നുറങ്ങും. 
''കുഞ്ഞൂ'', അമ്മു അവനുള്ള ഗ്രീന്‍ ടീ കപ്പിലാക്കി സൈഡ് ടേബിളില്‍ കൊണ്ടുവച്ച് വിളിച്ചു. 

സാരിയുടുത്ത് നില്‍ക്കുകയാണ് അമ്മു. വലത്തേക്കൈ ഗുജറാത്ത്. ഇടത്തേക്കൈ വിലങ്ങനെ നീട്ടി ഊര്‍ന്നുവീഴുന്ന അരുണാചല്‍ പ്രദേശിനെ വിരല്‍ത്തുമ്പിലോട്ട് കോര്‍ത്തിരിക്കുന്നു. ബോബ് ചെയ്ത മുടിയില്‍ കശ്മീരിന്റെ പൊക്കം. അമ്മു സുന്ദരിയാണ്. വിദ്യാബാലനെപ്പോലെയിരിക്കും സാരിയുടുത്ത് നീണ്ടുനിവര്‍ന്നു നിന്നാല്‍. പക്ഷേ, കണ്ണെപ്പോഴും നിറഞ്ഞിരിക്കുമെന്നു മാത്രം. 
പപ്പ വന്നും പോയുമിരിക്കും. പപ്പ വരുന്ന ദിവസം അമ്മു ഉത്സാഹത്തോടെ നടക്കുന്നതും ഓരോന്നു ചെയ്യുന്നതും കുഞ്ഞു അറിയും. അന്ന് അമ്മുവിനെ കുഞ്ഞുവിന് കിട്ടുകയേയില്ല. അതു വിചാരിച്ച് കുഞ്ഞുവിന്റെ കണ്ണിലാണന്നു വെള്ളം വരുക. ആ വെള്ളം തുടയ്ക്കാന്‍ ശോശ വരും. ശോശ വന്നു കട്ടിലിനോട് ചേര്‍ത്ത് വീലര്‍ മെഷീന്‍ വച്ച് കുഞ്ഞുവിനെ നിരക്കിയിരുത്തി ബാത്റൂമില്‍ കൊണ്ടുപോയി കുളിപ്പിക്കും. കൈയും കാലും പാദവും തുടയും ചന്തിയും കിച്ചാമണിയും അതിന്റെ തൊലിനീക്കിയുള്ള റോസാമുകുളവും കഴുകിത്തുടയ്ക്കും. ശോശയ്ക്ക് അവന്റെ കുണുങ്ങിച്ചിരി കാണണം, അതിനുവേണ്ടി. 


ശോശ ചില ദിവസം കുഞ്ഞുവിനെ ചിരിപ്പിക്കാന്‍ വേറൊരു കളികളിക്കും. കുഞ്ഞുവിന്റെ പപ്പയായും പപ്പയെ പിടിക്കുന്ന പൊലീസായും ശോശ തന്നെ അഭിനയിക്കും. 
പൊലീസ് (ശോശ ഇരുചുമലുകളും പൊക്കി, രണ്ടു കൈകളും അരയില്‍ കുത്തി, മുഖമുയര്‍ത്തി): നിങ്ങളുടെ പേരില്‍ ഒരു കേസുണ്ട്. 
പപ്പ (ചുമലുകള്‍ ഇടിഞ്ഞ്, മുഖം ചരിച്ച്, വിനയപൂര്‍വ്വം): എന്ത് കേസാണ് സര്‍? 
അത് ശോശയ്ക്കറിയില്ല. അതുകൊണ്ട് അത് വിടും. 
പൊലീസ് (മീശ പിരിച്ചുകൊണ്ട്): ഡോ. കഫീല്‍, നിങ്ങളെ അറസ്റ്റാക്കിയിരിക്കുന്നു.
പപ്പ വരുന്ന ദിവസം കുഞ്ഞുജനലിലൂടെ നോക്കിയിരിക്കും. തലപ്പാടിയില്‍നിന്നു 94 കിലോമീറ്റര്‍ കിഴക്കോട്ട് കാറില്‍ പോയാല്‍ കാണുന്ന മലഞ്ചെരിവിലെ ക്ലിനിക്കില്‍ നിന്നാണ് പപ്പ വരാറ്. അവിടുന്നു വരുമ്പോള്‍ മുളകുബജിയും നാരങ്ങാമിഠായിയും കൊണ്ടുവന്നു. ഗേറ്റ് കടക്കുമ്പോഴേ പപ്പ ഉച്ചത്തില്‍ വിളിക്കും. 
''കുഞ്ഞുമുഹമ്മദോ, പപ്പേടെ കുഞ്ഞുമുഹമ്മദോ''. 
കുഞ്ഞു അപ്പോള്‍ കരയാന്‍ തുടങ്ങും. 
''പപ്പാ''. 
ഓടി അടുത്തുവന്നു വാരിയെടുത്ത് ഉമ്മവയ്ക്കാന്‍ പപ്പ നോക്കും. അര വരെയൊക്കെ പൊങ്ങും. ഭാരം കൊണ്ട് പപ്പ, ങ്, ഹ്ം, ഗ് എന്നൊക്കെ മൂളും. പിന്നെ താഴെ കട്ടിലില്‍ത്തന്നെ കിടത്തും. 
''കുഞ്ഞുമുഹമ്മദോ, പിന്നേം വെയ്റ്റ് കൂടിയോ? നീയൊരു ദിവസം എണീറ്റ് നടക്കുമെന്റെ മുത്തോ. പപ്പ നിനക്ക് പസില്‍ കൊണ്ടുവന്നല്ലോ. ഇന്ത്യേടെ പസില്‍''.
ഇന്ത്യയുടെ പസില്‍ പപ്പ അവനെ കാണിച്ചു. അത് കറന്റുകൊണ്ട് പ്രവര്‍ത്തിക്കുന്ന പസിലായിരുന്നു. ഒരു പ്ലാസ്റ്റിക് ബോക്‌സില്‍ സംസ്ഥാനങ്ങളെ കുടഞ്ഞിടാം. എന്നിട്ട് ലാപ് സ്വിച്ച് ഓണ്‍ ചെയ്തശേഷം ഡിസ്പ്ലേ സ്‌ക്രീനില്‍ തെളിയുന്ന ഇന്ത്യയുടെ ചെറിയ ബ്ലാങ്ക് മാപ്പില്‍ സംസ്ഥാനങ്ങളെ ഓരോന്നിനേയും തിരിച്ചറിഞ്ഞ് അതിനുള്ള കീ അമര്‍ത്തണം. പസില്‍ ഫ്രെയിമില്‍ അതേ സ്ഥാനത്ത് സംസ്ഥാനത്തിന്റെ പേരു തെളിയും. സംസ്ഥാനത്തെ ലാപ്പിനുമേല്‍ എടുത്തുവച്ചാല്‍ അത് പേരുതെളിഞ്ഞ സ്ഥലത്ത് പോയി നില്‍ക്കും. പച്ചനിറത്തില്‍ ചിരിക്കും. തെറ്റിയാല്‍ സംസ്ഥാനം ചുവന്ന നിറത്തില്‍ പൊട്ടിക്കരയും. 
''ഇന്ത്യയെ തിരിച്ചറിയണം ബ്രോ, ഇന്ത്യയെ'', പപ്പ കുഞ്ഞുവിനെ തോളുരണ്ടും പിടിച്ച് കുലുക്കിക്കൊണ്ട് പൊട്ടിച്ചിരിച്ചു. 
കുഞ്ഞു തിരിഞ്ഞുകിടന്നു പസിലുകള്‍ എണ്ണിനോക്കി. ഇരുപത്തിയൊന്‍പതെണ്ണം. പല നിറങ്ങള്‍. ചിലത് അവനെ നോക്കി പുഞ്ചിരിച്ചു. 
ഇന്ത്യയെ പഠിക്കാനായി അതിന്റെ കളര്‍ മാപ്പ് ഐ പാഡില്‍ എടുത്ത് പപ്പ സ്റ്റാന്‍ഡില്‍ വച്ചുകൊടുത്തു. തന്നെ നോക്കി ചിരിച്ചത് ഒഡീഷയും മഹാരാഷ്ട്രയുമാണെന്നു മാപ്പ് നോക്കി അവന്‍ തിരിച്ചറിഞ്ഞു. മധ്യപ്രദേശുണ്ട്, അരയ്ക്കു കീഴെ വെട്ടിക്കളഞ്ഞ ഒരൊട്ടകത്തെപ്പോലെ. ഒട്ടകത്തിന്റെ ബാക്കി അരയാണ് ഛത്തീസ്ഗഢ്. ബിഹാറും ജാര്‍ഖണ്ഡും ചേര്‍ന്നാല്‍ ഒരു മൂങ്ങയായി. എല്ലാം ചേര്‍ന്നാല്‍ സാരിയുടുത്ത വിദ്യാബാലനായി. 
ഒരു സത്യം പറഞ്ഞാല്‍ ഐ പാഡ് എടുത്തുകളഞ്ഞ് ഇന്ത്യയെ തനിക്ക് തോന്നിയപോലെ ഉണ്ടാക്കാനായിരുന്നു കുഞ്ഞുവിന് ആദ്യമൊക്കെ ഇഷ്ടം. ശോശയോട് പന്തയംവച്ച് അവന്‍ സംസ്ഥാനങ്ങളെ തോന്നിയപോലെയൊക്കെ മാറ്റിയിട്ട് ഇന്ത്യകളെ ഉണ്ടാക്കി. ഒരു പൂ ഇന്ത്യ, ചിലപ്പോള്‍ ഇല ഇന്ത്യ, മരം ഇന്ത്യ, മേഘം ഇന്ത്യ, അല്ലെങ്കില്‍ ലോറി ഇന്ത്യ, തീവണ്ടി ഇന്ത്യ, പിന്നെ പ്രാവ് ഇന്ത്യ, തക്കാളി ഇന്ത്യ, കടുവ ഇന്ത്യ, പശു ഇന്ത്യ, പാക്കിസ്താന്‍ ഇന്ത്യ, ....ഇന്ത്യ, ....ഇന്ത്യ അങ്ങനെ ഒരുപാടിന്ത്യകള്‍. അപ്പോഴൊക്കെ സ്ഥാനം തെറ്റിയ സംസ്ഥാനങ്ങള്‍ ചുവപ്പുനിറത്തില്‍ മിന്നിക്കൊണ്ട് വാവിട്ട് നിലവിളിച്ചു. ശോശയപ്പോള്‍ അവന്റെ വികൃതിക്ക് ഒരു കൊച്ചടി വച്ചുകൊടുത്തു.
പിന്നെയെപ്പോഴോ ആണ് ഇന്ത്യ അവന് അവന്റെ സുന്ദരിയായ അമ്മുവായത്. നല്ലൊന്നാന്തരം വിദ്യാബാലന്‍ അമ്മു! 

തലപ്പാടിക്കു കിഴക്ക് നുള്ളിപ്പാടിയില്‍ മലഞ്ചെരിവില്‍ അമ്മുവിന്റെ മുടിപ്പകുപ്പ് പോലെ കിടക്കുന്ന പാതയ്ക്ക് അരുകിലാണ് പപ്പയുടെ ക്ലിനിക്ക്. പപ്പയുടെ ക്ലിനിക്കിന് രണ്ടു ജനലുകളും നാലു വാതിലുകളുമാണുള്ളത്. ചുവരുകള്‍ക്ക് എന്നും കുഞ്ഞു നീല നല്‍കി. വാതിലുകള്‍ തവിട്ട്. ജനലുകള്‍ പച്ച. കണ്ണുമിഴിച്ച് ആരെയോ പേടിച്ചുനോക്കുന്ന ചതുരമുഖമുള്ള കളര്‍പൂച്ചയെന്നു കുഞ്ഞു ആ പസില്‍ തികവിനു പേരിട്ടു. മുറ്റത്ത് ചുരുണ്ടുകൂടി കിടക്കുന്ന ജബന്‍ എന്ന പട്ടിയുടെ മൂകത പൂച്ചയ്ക്ക് കാവലായി. പപ്പ ചെല്ലുമ്പോള്‍ മാത്രം ജബന്‍ ഒന്നു മണക്കുകയും മുരളുകയും ചെയ്തു. അല്ലാത്ത സമയത്തെല്ലാം നാലുപാടും കണ്ണോടിച്ച് വെറുതേ കിടക്കും. പനിച്ചും ചുമച്ചും വരുന്ന കുഞ്ഞുങ്ങളെ അവന്‍ സ്‌നേഹത്തോടെ നോക്കും. കുഞ്ഞുങ്ങളെ എടുത്ത് വരാന്തയില്‍ വന്നിരുന്ന് സാരിത്തുമ്പുകൊണ്ട് മുഖത്ത് വീശിയും വിയര്‍പ്പു തുടച്ചുകളഞ്ഞും ഇരിക്കുന്ന അടിയാത്തി അമ്മമാര്‍ക്ക് പക്ഷേ, ആ സ്‌നേഹത്തില്‍ വലിയ മതിപ്പൊന്നുമില്ലായിരുന്നു. അവര്‍ അവനെ നോട്ടംകൊണ്ട് കഴിയുന്നത്ര അകലേയ്ക്ക് നീക്കിനിര്‍ത്തി. പട്ടിയുള്ളതിനാല്‍ അവര്‍ കുഞ്ഞുങ്ങളെ തറയിലിറക്കാതെ നോക്കി. 

കുഞ്ഞു ജബനെ ആദ്യം കണ്ടത് മൂന്നുകൊല്ലം മുന്‍പേതാണ്ടൊരു ദിവസമാണ്. പപ്പ കുഞ്ഞുവിനേയും അമ്മുവിനേയും ക്ലിനിക്കിലേക്ക് കൂട്ടിയ ഒരേ ഒരു ദിവസം. അന്ന് ഉച്ചയ്ക്ക് ഊണുകൊണ്ടുത്തന്ന അടിയാത്തിയമ്മ മാലയോട് പപ്പ കുഞ്ഞുവിനെ പരിചയപ്പെടുത്തി.
''മാലേ ഇതെന്റെ മോനാണ്. കുഞ്ഞുമുഹമ്മദ്. 14 വയസ്സായി. കണ്ടാത്തന്നെ അറിയാലോ, നടക്കാന്‍ പറ്റിയേല. മിണ്ടാനും ആയിട്ടില്ല. പപ്പാന്നും അമ്മൂന്നും വിളിക്കൂന്നേയുള്ളൂ. എന്നാലും ആളു നമ്മടെ മുത്താ''. 
''കഫീല് ഡാക്കിട്ടറു നേരേനെ പറഞ്ഞാപ്പാ? നാന് ചക്കേപ്പം, മതിരൂള്ളത്, കൊണ്ടരാല്ലാപ്പാ?'' 
നേരത്തേ പറഞ്ഞിരുന്നെങ്കില്‍ കുഞ്ഞുവിന് ശര്‍ക്കര ചേര്‍ത്ത് കുറുക്കുട്ടി ഇലയില്‍ വേവിച്ചുണ്ടാക്കുന്ന ചക്കയപ്പം കൊണ്ടുവരില്ലായിരുന്നോ എന്നാണ് മാല പറഞ്ഞതെന്ന് പപ്പ വിശദീകരിച്ചു. പപ്പയും മാലയും പിന്നെയും കുറേ നേരം സംസാരിച്ചത് കുഞ്ഞുവിനെക്കുറിച്ചാണെന്നു തോന്നി. അമ്മുവും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സാധാരണയായി കുഞ്ഞുവിനെക്കുറിച്ച് അധികമൊന്നും പപ്പ ആരോടും സംസാരിക്കാറുണ്ടായിരുന്നില്ല. ശോശയോടുപോലും പപ്പ അവന്റെ നല്ല വിശേഷങ്ങള്‍ മാത്രം ചോദിക്കാറുണ്ടായിരുന്നുള്ളൂ. മാലയോട് സംസാരിക്കുമ്പോള്‍ മറ്റാരോട് സംസാരിക്കുന്നതിനെക്കാളും തിരക്കിട്ടും ആവേശത്തോടെയും പപ്പ പെരുമാറി. കുഞ്ഞുങ്ങളേയും കൊണ്ട് ഡോക്ടറെ കാണാന്‍ വരുന്ന മറ്റ് അമ്മമാരോടും പപ്പ വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചു. 
ഊണുകഴിച്ച് ബാക്കിവന്നത് പപ്പ ജബന് ഒരു ചട്ടിയില്‍ ഇട്ടുകൊടുക്കുന്നത് കുഞ്ഞു ജനലിലൂടെ കണ്ടു. മാല തൈത്തെങ്ങിന്റെ ചുവട്ടിലിരുന്നു പാത്രങ്ങള്‍ കഴുകിയെടുത്തു. മാലയുടെ മകള്‍ മണി കുറച്ചുദൂരം മാറിനിന്ന് ജബനെ വീക്ഷിച്ചു. പിറ്റേന്നു വീട്ടില്‍ വച്ച് പപ്പയുടെ ക്ലിനിക്കിന്റെ പസില്‍ ഉണ്ടാക്കിയപ്പോള്‍ മാലയേയും മണിയേയും ജബനേയും ഉള്‍പ്പെടുത്താന്‍ വഴിയില്ലാതെ കുഞ്ഞു വിഷമിച്ചു. കളര്‍പൂച്ച ക്ലിനിക്കിനു മുന്നില്‍ കുഞ്ഞു ഏകനായി നിന്നു. 
പപ്പ വരുന്ന ദിവസം കുഞ്ഞുവിനുള്ള ചപ്പാത്തിയുണ്ടാക്കി, മീന്‍ കറി പിഞ്ഞാണത്തിലാക്കി കിടപ്പുമുറിയില്‍ കൊണ്ടുവച്ചിട്ടാണ് അമ്മു പപ്പയുടെ മുറിയില്‍ കയറുക. അപ്പോഴേക്ക് പപ്പ ഒന്നുരണ്ടുവട്ടം വിളിച്ചുകഴിഞ്ഞിരിക്കും. 
''അസ്മാബോ, ശകലം കാച്ചെണ്ണ എടുത്തോളൂ. അസ്മാബോ, ഈ കൈലി മാറ്റി ഒരു മുണ്ടായിരിക്കും ഇന്നു നല്ലത്. അസ്മാബോ'' 
പപ്പ പിന്നെയും പിന്നെയും അമ്മുവിനെ വിളിച്ചുകൊണ്ടിരിക്കും. അമ്മു തേങ്ങാക്കൊത്തും വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്തു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ പുരട്ടി മൊരിച്ചെടുക്കുന്ന അപ്പം പപ്പയ്ക്കുവേണ്ടി പ്രത്യേകം ഉണ്ടാക്കുകയായിരിക്കും. അതിന്റെ മണം മുറിയിലിരുന്ന് കുഞ്ഞുവിന് കിട്ടും. അതൊരെണ്ണം കഴിച്ചാല്‍ കൊള്ളാമെന്ന് കുഞ്ഞു ആഗ്രഹിച്ചുപോയിട്ടുണ്ട്. പക്ഷേ, അമ്മു അത് പപ്പയ്ക്ക് മാത്രമേ കൊടുക്കൂ. അതിന്റൊപ്പം വറുത്തരച്ച് കുറുക്കിയ ചിക്കനും. 


കുഞ്ഞു ഇതൊന്നും നേരിട്ട് കണ്ടിട്ടേയില്ല. ശോശയാണ് അതിനെക്കുറിച്ചൊക്കെ പറഞ്ഞുകൊടുത്തത്. കുഞ്ഞുവിന് എണ്ണയിലുണ്ടാക്കിയതൊന്നും കഴിക്കാമ്പാടില്ലെന്ന് ശോശ പറഞ്ഞുകൊടുത്തു. എന്നാല്‍, അതൊന്നുമല്ല കാര്യം, അമ്മുവിന് പപ്പയോട് പ്രത്യേകം സ്‌നേഹമാണ്. അത് കുഞ്ഞുവിനറിയാം. ശോശ അതുപോല തന്നെയും സ്‌നേഹിക്കണമെന്ന് അവന്‍ ഒരു ദിവസം കുളിപ്പിക്കുമ്പോള്‍ ആവശ്യപ്പെട്ടു. ശോശ തന്റെ സാരിത്തലപ്പ് മാറ്റി ബ്ലൗസിന്റെ ബട്ടണ്‍ അഴിച്ച് അമ്മിഞ്ഞ തുറന്ന് അവനു പാലുകൊടുത്തു. 
ശോശയുടെ അമ്മിഞ്ഞ കുഞ്ഞുവിന് വളരെ ഇഷ്ടമാണ്. ഞഞ്ഞാമ്മിഞ്ഞ എന്നാണ് അതിന്റെ പേര്. മുന്തിരിവലുപ്പമുള്ള അതിന്റെ മൊട്ടുകള്‍ വായില്‍ നുണയുമ്പോള്‍ അവന്റെ അടിവയറ്റില്‍ ഗോലികള്‍ നിറയുന്നതുപോലെ തോന്നും. അവ വീണ് കൂട്ടിമുട്ടുന്ന മൃദുലമായ ചില്ലൊച്ച കേള്‍ക്കുമ്പോലെ അനുഭവപ്പെടും. നുണഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍ ശോശ വലയും. അവള്‍ അവന്റെ ചെവി രണ്ടും ഭ്രാന്തമായി മുറുകെപ്പിടിക്കും. കുഞ്ഞുവിന് വേദനിക്കും. അപ്പോള്‍ അവന്‍ ശോശയുടെ കൈകള്‍ ദേഷ്യത്തോടെ പറിച്ചുകളയും. ഞഞ്ഞാമ്മിഞ്ഞ അവന്റെ വായില്‍ നിന്നെടുത്ത് ശോശയും മാറിക്കളയും. എന്നിട്ടവള്‍ ഷവറിനടിയിലേക്ക് നീങ്ങിനിന്ന് ഏറെനേരം നനയും. 
എല്ലാം പപ്പയെ അവരു കൊണ്ടുപോകുന്നതിനു മുന്‍പായിരുന്നു. ശോശ കളിക്കാറുള്ള കളിയില്‍ ഒരു ദിവസം പപ്പയുടെയും പൊലീസിന്റെയും റോളില്‍ അവര്‍ തന്നെ വരികയാണുണ്ടായത്. ശാന്തമായ ഒരു ദിവസമായിരുന്നു അന്നും. നുള്ളിപ്പാടിയുടെ ശുദ്ധമായ അന്തരീക്ഷത്തിന് ഒരു കോട്ടവും കണ്ടില്ല. എന്തെങ്കിലും ദുസ്സൂചനകളും എവിടെയും ഉണ്ടായതായി ആരും പറഞ്ഞില്ല. ഉച്ചനേരത്തും പപ്പയ്ക്ക് നല്ല തിരക്കായിരുന്നു. അടിയാത്തിയമ്മ ഊണ് മേശപ്പുറത്ത് കൊണ്ടുവച്ച് മടങ്ങി. 

മൂന്നു മണികഴിഞ്ഞു പപ്പ ഊണുകഴിക്കാന്‍. ചെറുതായൊന്നു മയങ്ങിയെണീറ്റു. വീണ്ടും ജോലിയിലേക്കു മടങ്ങി. ഇരുട്ടുംമുന്‍പേ മഞ്ഞ ലൈറ്റും ഏങ്ങിക്കരയുന്ന ഒരു കുഞ്ഞുചുവപ്പ് ലൈറ്റുമിട്ട് ക്ലിനിക്കിന്റെ മുറ്റത്തു വന്നുനിന്ന ജീപ്പില്‍നിന്നു പൊലീസുകാര്‍ ചാടിയിറങ്ങി. രണ്ടോ മൂന്നോ അമ്മമാര്‍ മാത്രമേ കൊച്ചുങ്ങളെയും കൊണ്ട് ആ സമയത്ത് ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് എല്ലാവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ജബന്‍ ഉറക്കെ കുരച്ചു. ഇതുവരെ കരുതിവച്ച ഒച്ച മുഴുവനുമെടുത്ത് കുരച്ചു. അങ്ങ് കുന്നിന്‍ചെരിവുകളില്‍ ആ കുരയുടെ കുഞ്ഞുങ്ങള്‍ ഓടിക്കളിച്ചു. 

അതു വകവയ്ക്കാതെ വരാന്തയിലേയ്ക്ക് കുതിച്ച സി.ഐ ഷഢാനന്ദന്റെ പുറകേ ജബന്‍ പാഞ്ഞു. പിന്നാലെയെത്തിയ പൊലീസുകാര്‍ അവനെ ലാത്തിക്കിട്ടു കുത്തി. കുഞ്ഞുങ്ങള്‍ വാവിട്ടുകരഞ്ഞു. അവരെയും ചേര്‍ത്തുപിടിച്ച് അടിയാത്തിയമ്മമാര്‍ പേടിച്ചു പിന്മാറി. സി.ഐ പപ്പയുടെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. പപ്പയെ കഴുത്തിനു കുത്തിപ്പിടിച്ചും പിടിച്ചുതള്ളിയും പൊലീസ് സംഘം ജീപ്പില്‍ ഉന്തിക്കയറ്റുമ്പോള്‍ ജബന്‍ പൊലീസുകാരില്‍ ഒരാളുടെ ദേഹത്ത് ചാടിവീണു. അയാളെ പറിച്ചുകീറി. ഫയര്‍! ഷഢാനന്ദന്‍ അലറി. ജബന്റെ മുഖം നുറുക്കി പല കഷണങ്ങളാക്കി അവിടെയുള്ളവര്‍ക്കെല്ലാം വീതംവച്ച് വെടിയുണ്ട പാഞ്ഞു. പപ്പയേയും കൊണ്ട് ജീപ്പും പാഞ്ഞതോടെ ക്ലിനിക്കെന്ന കളര്‍പൂച്ച ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ കൂനിക്കൂടിയിരുന്നു. ജബന്റെ കുര ഒരു വിഗ്രഹത്തിന്റെ പെട്ടെന്നുള്ള പൊട്ടിത്തെറിയുടെ ഓര്‍മ്മപോലെ എവിടെയോ ബാക്കിയായി. 
പപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനു മുന്‍പ് മൂന്നുതവണയാണ് കുഞ്ഞു ഇന്ത്യയുടെ പസില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്. അപ്പോഴെല്ലാം ജമ്മുകശ്മീരില്‍നിന്നാണ് അവന്‍ തുടങ്ങിയത്. ബോബ് ചെയ്ത വിദ്യാബാലന്റെ കണ്ണുകളിലെ തിളക്കം കുഞ്ഞു ശ്രദ്ധിക്കും. മലകളുടെയും തടാകങ്ങളുടെയും മേപ്പിള്‍ മരങ്ങളുടെയും ആലസ്യത്തിന് സ്നോവി വൈറ്റ്. കഴുത്തില്‍ ഹിമാചല്‍പ്രദേശിന്റെ പച്ചലോക്കറ്റ്. പഞ്ചാബും ഉത്തരാഖണ്ഡും ചേര്‍ന്ന കോളര്‍. ഹരിയാന-ഡല്‍ഹി ഇടുക്കം കഴിഞ്ഞ് താഴോട്ട് രാജസ്ഥാനും ഉത്തര്‍പ്രദേശും മധ്യപ്രദേശും കൊണ്ടൊരു അടിപൊളി മൈതാനമാണ്.

പസിലുകളില്‍ കേമം ഇങ്ങനെ നല്ല വിസ്താരമുള്ള കഷണങ്ങളാണ്. എത്ര സ്ഥലമായിരിക്കും അവിടെ ഉണ്ടാവുക! രാജസ്ഥാന്റെ ഇടത്തേ മൂലയില്‍നിന്ന് ഉത്തര്‍പ്രദേശിന്റെ വലത്തേ മൂലവരെ ഓടിയാല്‍ വിദ്യാബാലന്റെ ചുമലും മാറിന്റെ ശകലവും വരും. പിന്നെ താഴെ ഒട്ടകമുഖമുള്ള മധ്യപ്രദേശും ഇടത്ത് മുതലേടെ വായുള്ള ഗുജറാത്തും കൊടിപറക്കുന്ന മഹാരാഷ്ട്രയും ആകുമ്പോഴേക്കും നാഭീദേശം മൂടി സാരിയങ്ങനെ വിലസും. ആന്ധ്രയേയും തെലങ്കാനയേയും ഒഡീഷയേയും കൂട്ടിക്കൊണ്ട് അതിന്റെ വലത്തേ അരികുകള്‍ മുകളിലേക്ക് പറന്ന് അസമും അരുണാചലും മണിപ്പൂരുമൊക്കെയായി തൂവിക്കളിക്കും. ഒതുങ്ങിനില്‍ക്കുന്ന കാല്‍ഞൊറികളില്‍ കര്‍ണാടകയെന്ന നാരങ്ങമുട്ടായിയും പച്ചമുളകായി കേരളവും നന്നാക്കി വച്ച ആവോലിയായി തമിഴ്നാടും. 
പിറ്റേ ദിവസമാണ് അവരു വീട്ടിലും വന്നത്. വെയില്‍ ചാഞ്ഞ സമയം. ആറുപേരുണ്ടായിരുന്നു. കാക്കിയിലൊന്നുമല്ലായിരുന്നു. ആരോടും ചോദിക്കാതെ അവര്‍ മുറ്റത്തേക്ക് നടന്നുവന്നു വീടിന്റെ നാലുഭാഗത്തുമായി നിലയുറപ്പിച്ചു. 
അമ്മു അടുക്കളയില്‍ ചപ്പാത്തി ചുടുകയായിരുന്നു. ശോശ പുറത്ത് തുണിയലക്കി അഴയിലിടുന്നു. 


''അമ്മൂ'', പരിചയമില്ലാത്ത പുരുഷന്മാരെക്കണ്ട് ശോശ നിലവിളിച്ചു. ഒരു പൊലീസുകാരന്‍ അവളുടെ വാപൊത്തി ബലമായി വീടിനകത്തേക്ക് നടത്തിച്ചു. 
സി.ഐ ഷഢാനന്ദന്‍ വീട്ടില്‍ക്കയറി അമ്മുവിന്റെ അടുത്തെത്തി. അയാള്‍ സ്വയം പരിചയപ്പെടുത്തി. ഡോ. കഫീല്‍ കസ്റ്റഡിയിലാണെന്ന് അറിയിച്ചു. പിന്നെ അമ്മുവിനെ തളത്തില്‍ കൊണ്ടുവന്നു നിര്‍ത്തി. അമ്മുവിന്റെ കണ്ണില്‍ വെള്ളം നിറഞ്ഞിരുന്നു.
''അസ്മാബി നിങ്ങളല്ലേ?'' ഷഢാനന്ദന്‍ ചോദിച്ചു: 
''അതെ'' അമ്മു പറഞ്ഞു. 
അപ്പോള്‍ അമ്മു ആരാണ്? അത് ഞാന്‍ തന്നെ. 
ഒരാളെങ്ങനെയാ രണ്ടു പേരാകുന്നത്? അമ്മൂന്ന് എന്നെ വിളിക്കുന്നതാണ്.
ആരാണ് വിളിക്കുന്നത്? കുഞ്ഞുവും ശോശയും. 
കുഞ്ഞു ആരാണ്? ഞങ്ങടെ കുഞ്ഞ്. 
ശോശ ആരാണ്? കുഞ്ഞുവിനെ നോക്കുന്നവള്‍. 
കുഞ്ഞു എന്നാണോ ശരിക്കും പേര്? കുഞ്ഞുമുഹമ്മദ്. 
കുഞ്ഞുമുഹമ്മദിന് എത്ര വയസ്സായി? പതിനേഴ്. 
പതിനേഴു വയസ്സുള്ളയാള്‍ മിലിറ്ററിയില്‍ ചേരാന്‍ നോക്കുകയല്ലേ വേണ്ടത്? അയാളെ നോക്കാന്‍ ഒരു പെണ്ണെന്തിനാണ്? അവന്‍ വയ്യാത്ത കൊച്ചാണ്. 
ശോശയ്ക്ക് എത്ര വയസ്സായി? ഇരുപത്തഞ്ച്. 
അസ്മാബിക്ക് എത്ര വയസ്സായി? മുപ്പത്തിയഞ്ച്. 
അപ്പോള്‍ എത്രാമത്തെ വയസ്സില്‍ കല്യാണം കഴിച്ചു? പതിനെട്ടാമത്തെ വയസ്സില്‍.
അതോ പതിനേഴിലോ? 
ഷഢാനന്ദന്‍ ലാത്തികൊണ്ട് അമ്മുവിന്റെ മക്കാനയുടെ ഒരറ്റം നീക്കി. പിന്നെ പൊലീസുകാരന്‍ വാപൊത്തിപ്പിടിച്ച് നിര്‍ത്തിയിരിക്കുന്ന ശോശയെ അടിമുടി നോക്കി.
 നിങ്ങളില്‍ ആരാ ഡോ. കഫീലിന്റെ ശരിക്കുള്ള ഭാര്യ?
തലയിണകൊണ്ട് മുഖംമൂടി കാലറ്റംവരെ പുതച്ച് കുഞ്ഞു കിടന്നു. വീടിനു പുറത്ത് ഒച്ചയനക്കം ഒന്നുമുണ്ടായിരുന്നില്ല. പപ്പ ഇനി വരില്ലെന്ന് അവനു തോന്നി. 
''ഡോ. കഫീല്‍ നുള്ളിപ്പാടിയില്‍ കൊണ്ടുവന്നു വില്‍ക്കുന്ന വ്യാജമരുന്നുകള്‍ ഇവിടെയല്ലേ ഉണ്ടാക്കുന്നത്?'' ഷഢാനന്ദന്‍ ലാത്തി പിറകില്‍ പിടിച്ച് തളത്തില്‍ ചുറ്റി. പൊലീസുകാര്‍ വീടിനകം മറിച്ചിട്ടു. മരുന്നെന്നും കുറിപ്പടിയെന്നും തോന്നിക്കുന്നതെല്ലാം അവര്‍ വാരിയെടുത്തു. കുഞ്ഞുവിന്റെ മുറിയുടെ വാതില്‍ തുറന്ന സി.ഐ ഷഢാനന്ദന്‍ അവനെയൊന്നു നോക്കി വാതില്‍ ചാരി. 
''കുഞ്ഞുമുഹമ്മദിന്റെ അസുഖമെന്താണ്?'' ഷഢാനന്ദന്‍ അമ്മുവിന്റെ മുന്നില്‍ കാലുരണ്ടും അകത്തിവച്ച് മുറുകിയ അരക്കെട്ടിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി ഇടതുകൈ പാന്റിന്റെ പോക്കറ്റില്‍ തിരുകി നിന്നു. 
''അവന് മള്‍ട്ടിപ്പിള്‍ ഡിസോര്‍ഡറാണ്. ഒബീസിറ്റിയുണ്ട്. അരയ്ക്കു താഴെ പരലൈസ്ഡാണ്. പിന്നെ സ്പീച്ച് ഡിഫിക്കല്‍റ്റി''. 
''അതിനുള്ള മരുന്ന് കഫീലുണ്ടാക്കുന്നില്ലേ? അതോ നിങ്ങളുണ്ടാക്കുന്ന മരുന്നുകൊടുത്തിട്ടാണോ ചെറുക്കന്‍ ഇങ്ങനെയായത്?'' 
''ഞങ്ങള്‍ മരുന്നുണ്ടാക്കുന്നില്ല. പപ്പയുടെ ക്ലിനിക്കില്‍ പരിശോധന മാത്രേയുള്ളൂ''
''പരിശോധന ആദിവാസികള്‍ക്ക്, കുറിപ്പടി മാവോയിസ്റ്റുകള്‍ക്ക്, അല്ലേ?'' 
പപ്പയെ കാണാന്‍ ഒരു സ്ഥലംവരെ പോകാമെന്ന് അമ്മുവിനോടും ശോശയോടും ഷഢാനന്ദന്‍ പറഞ്ഞു. കുഞ്ഞു ഒറ്റയ്ക്കാണ്, വരുന്നില്ലെന്ന് അമ്മു പറഞ്ഞു. അതിനെന്താ, രണ്ടു മണിക്കൂര്‍ പോരേ എന്നായി അയാള്‍. ഒടുവില്‍ അമ്മു കുഞ്ഞുവിന് മുത്തംകൊടുത്തിട്ട് ഉടന്‍ എത്തിയേക്കാമെന്നു പറഞ്ഞ് പതുക്കെ ഇറങ്ങി. അവന്റെ ചപ്പാത്തിയും മീന്‍കറിയും അമ്മു കട്ടിലിനടുത്ത് സൈഡ് ടേബിളില്‍ എടുത്തുവച്ചിരുന്നു. കുടിക്കാനുള്ള വെള്ളവും. കുഞ്ഞു ആഹാരം കഴിക്കണേയെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ശോശയും വാതിലിന് അടുത്തുവന്നു നോക്കി. അവള്‍ കുഞ്ഞുവിനോട് പേടിച്ചു ചിരിച്ചു. എന്നിട്ട് പതുക്കെ വാതില്‍ ചാരി. കുഞ്ഞു പുറത്തേയ്ക്കു നോക്കിയപ്പോള്‍ ഗേറ്റിന്റെ കുറച്ചുമാറി നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് അടുത്തേയ്ക്കു വരുന്നതു കണ്ടു. അമ്മുവിനേയും ശോശയേയും കയറ്റി അത് വിട്ടുപോയി. 
സൂര്യന്‍ അസ്തമിച്ചിരുന്നു. എല്ലായിടവും ഇരുട്ട് പരക്കാന്‍ തുടങ്ങി. കുഞ്ഞു ജനലിലൂടെ നോക്കിയിരുന്നെങ്കിലും അമ്മുവും ശോശയും വന്നില്ല. അമ്മു എടുത്തുവച്ച ആഹാരം അവിടെയിരുന്ന് തണുത്ത് മരച്ചു. അതവന് കഴിക്കാനേ തോന്നിയില്ല. വെള്ളംപോലും വേണ്ട. കരയണമെന്നു തോന്നിയെങ്കിലും സാധിക്കുമായിരുന്നില്ല. വല്ലാത്ത പേടി തോന്നി. വീട്ടിനകത്തും പുറത്തും ആരുമില്ല. പെട്ടെന്നാണവന്‍ ശ്രദ്ധിച്ചത്. ഇരുട്ട് ഒരാളാണ്. അത് ഒരാളുടെ താടിയാണ്. താടിനീട്ടിയ ഒരു മനുഷ്യന്‍ തന്നെ നോക്കി മുറ്റത്ത് നില്‍ക്കുകയാണ്. കാഷായം പുതച്ച്, സന്ന്യാസിയെപ്പോലെ. അയാള്‍ തന്നെ ഉറ്റുനോക്കുകയാണ്. അതറിഞ്ഞ കുഞ്ഞുവിന് കാഴ്ച മങ്ങുംപോലെ തോന്നി. അവന്‍ ഇരുട്ടില്‍ ലയിച്ചു. 

വിശന്നിട്ടാണ് കുഞ്ഞു ഉണര്‍ന്നത്. സമയം അവന് നിശ്ചയമില്ലായിരുന്നു. അമ്മുവും ശോശയും തന്നെവിട്ട് പോയിട്ടെത്ര നാളുകളായി എന്നും ഓര്‍മ്മയില്ല. പപ്പയുടെ അടുത്താണോ അവര്‍? എന്താണ് എല്ലാവരും കുഞ്ഞുവിനെ ഒറ്റക്കാക്കി പോയത്? വിശപ്പും ദാഹവും കൊണ്ട് കൈകാലുകള്‍ വിറയ്ക്കുകയും മിഴികള്‍ അടഞ്ഞടഞ്ഞു പോവുകയും ചെയ്തു. 
''കുഞ്ഞേ'', ഒരാള്‍ കുഞ്ഞുവിനെ മൃദുവായി വിളിച്ചു. അത് അയാളായിരുന്നു. ഭയാനകമായ താടിയുള്ള ആ സന്ന്യാസി. കുഞ്ഞു ഭയന്നുവിറച്ചു. 
''കുഞ്ഞ് പേടിക്കണ്ട, ഞാന്‍ ബാബയാണ്. കുഞ്ഞിനെ രക്ഷിക്കാന്‍ വന്നതാണ്. ഇത് കുടിക്കൂ'', സന്ന്യാസി ഒരു മൊന്തയില്‍നിന്ന് അവന് വെള്ളം പകര്‍ന്നുകൊടുത്തു. ഏതോ കാട്ടുചെടിയുടെ വേരിട്ട് തിളപ്പിച്ചാറ്റിയ വെള്ളമായിരുന്നു അത്. സൈഡ് ടേബിളില്‍ അമ്മു വച്ചിരുന്ന ചപ്പാത്തിയും മീന്‍കറിയും വെള്ളവുമൊന്നും അവിടെയില്ല. 

''അതെല്ലാം ഞാന്‍ നീക്കി കുഞ്ഞേ. വിഷമയമായ ആ ആഹാരം കഴിക്കാന്‍ പാടില്ലാത്തതുകൊണ്ട്. കുഞ്ഞിന്റെ അമിത ശരീരവളര്‍ച്ചയ്ക്ക് ഞാന്‍ മരുന്നു കൊണ്ടുവന്നിട്ടുണ്ട്''. താടിക്കാരന്‍ സന്ന്യാസി ഒരു ഭാണ്ഡം കട്ടിലില്‍ വച്ചു. അതു തുറന്നു മരുന്നുകള്‍ ഓരോന്നായി പുറത്തെടുത്തു. മഞ്ഞയും പച്ചയും നിറങ്ങളില്‍ ലേബലുകളോടുകൂടിയ ഡപ്പകളും കുപ്പികളും. 
''പ്രകൃതിയുടെ സത്തയില്‍നിന്നു നിര്‍മ്മിക്കുന്നതാണ് ഈ മരുന്നുകള്‍. ഇവ കുഞ്ഞിന്റെ ശരീരത്തിലെ വിഷാണുക്കളെയെല്ലാം നീക്കിയശേഷം ഓജസ്സും ഉന്മേഷവും നല്‍കും. നമുക്ക് ആദ്യം തടികുറയ്ക്കണം. മെലിയണം. പിന്നെ അരക്കെട്ടിനു താഴത്തെ തളര്‍ച്ച മാറ്റാനുള്ള മരുന്നിലേയ്ക്ക് നീങ്ങാം''. 
ബാബ സംസാരിക്കുന്നത് അടുത്തുനിന്നാണെങ്കിലും അത് ദൂരെയെങ്ങോ നിന്നു കേള്‍ക്കുന്നപോലെയാണ് കുഞ്ഞുവിന് അനുഭവപ്പെട്ടത്. സമയം എത്രയാണെന്ന് അവന്‍ അറിയാന്‍ ആഗ്രഹിച്ചു. പപ്പ എപ്പോള്‍ വരും? അമ്മുവും ശോശയും പപ്പയെ കൂട്ടിവരുമോ? ഇതിനെല്ലാം ഉത്തരം വേണമായിരുന്നു. ബാബയ്ക്ക് അറിയുമോ അത്? 

''പപ്പ'', കുഞ്ഞു പിറുപിറുത്തു. 
സന്ന്യാസി അവന്‍ എന്താണ് പറയുന്നതെന്നു കേള്‍ക്കാന്‍ ചെവി ചേര്‍ത്തുപിടിച്ചു. കുഞ്ഞു പപ്പയെന്ന് ആവര്‍ത്തിച്ചു. 
''പപ്പയല്ല, ബാബ. മെലിയാന്‍ കുഞ്ഞിന് ആഗ്രഹമില്ലേ. എല്ലാ കുട്ടികളെപ്പോലെയും ആകണ്ടേ. അതിനു ഞാന്‍ തരുന്ന മരുന്നു മാത്രം കഴിച്ചാല്‍ മതി. വേറൊന്നും പാടില്ല. ഇപ്പോള്‍ ഉറങ്ങിക്കോളൂ. രാത്രിയായി. നാളെ കാലത്ത് നമുക്ക് ചികിത്സ തുടങ്ങാം''. ബാബ മരുന്നു ഡബ്ബകളും കുപ്പികളും പെറുക്കിയെടുത്ത് ഭാണ്ഡത്തില്‍ തിരിച്ച് നിക്ഷേപിച്ചു. 
അടിവയറ്റില്‍ ആരോ കഠാരകൊണ്ട് ചുരണ്ടുന്നതുപോലെ കുഞ്ഞുവിന് വിശന്നു. ഉറങ്ങാനും വഴിയില്ലായിരുന്നു. ഒരു രാത്രി മാത്രമല്ല, പിന്നീടങ്ങോട്ട് എല്ലാ പകലും രാത്രിയും കുഞ്ഞുവിന്റെ നില ഇതുതന്നെയായിരുന്നു. ബാബ വന്നു മരുന്നു കഴിപ്പിച്ചു തുടങ്ങി. മരുന്നെങ്കില്‍ മരുന്ന്, എന്തെങ്കിലും കഴിക്കാന്‍ കിട്ടുന്നതിന്റെ ആവേശത്തില്‍ കുറച്ചധികം കഴിക്കാന്‍ കുഞ്ഞു ആഗ്രഹിച്ചെങ്കിലും ബാബ സമ്മതിച്ചില്ല. എല്ലാം മരുന്നിനു മാത്രം. തൊട്ടാല്‍ ഞെങ്ങുമായിരുന്ന തന്റെ ദേഹം ഓരോ ദിവസവും ചുളുങ്ങിപ്പോകുന്നതായി കുഞ്ഞു അറിഞ്ഞു. മാംസപ്രദേശങ്ങള്‍ വരള്‍ച്ചബാധിതമായി. മരണം ആ ശരീരത്തില്‍ ശ്വാസംമുട്ടിപ്പിടഞ്ഞു. ഒരു ചുടുകാടിനെ വഹിച്ചുകൊണ്ട് അവനില്‍നിന്ന് ഉച്ഛ്വാസങ്ങള്‍ വരാന്‍ തുടങ്ങി. 
ശോശ ഓടിപ്പിടച്ചാണ് അകത്തു കയറിയത്. 

കുഞ്ഞു ഒറ്റയ്ക്കായിട്ട് അന്നേയ്ക്ക് എത്ര രാപകലുകള്‍ പിന്നിട്ടുവെന്ന് അറിയില്ല. ഒരു ദിവസം നേരം പുലരുമ്പോള്‍ ''കുഞ്ഞോ'' എന്നാര്‍ത്തുവിളിച്ച് അവള്‍ അകത്തേയ്ക്ക് ഓടിക്കയറുകയായിരുന്നു. പോകുമ്പോള്‍ ഇട്ടിരുന്ന പിങ്ക് നിറത്തിലുള്ള സാല്‍വാറും കമ്മീസും തന്നെയായിരുന്നു അവളുടെ ദേഹത്ത്. അതാകെ മുഷിഞ്ഞ് അലങ്കോലമായിട്ടുണ്ട്. മുടി പാറിക്കിടന്നു. അവളുടെ മുഖം വിളറി ദയനീയമായിരുന്നു. കുഞ്ഞുവിനെ അവള്‍ വാരിയെടുത്ത് (അവനിപ്പോള്‍ ഭാരം തീരെയില്ല) തുരുതുരെ ഉമ്മവച്ചു.
''ശോശ'', കുഞ്ഞു വിളിച്ചു. ഇതാദ്യമായിട്ടാണ് കുഞ്ഞുവിന് അവളെ പേരെടുത്ത് വിളിക്കാന്‍ സാധിച്ചത്. 

''കുഞ്ഞോ, എന്റെ മോന്‍ ആകെ ക്ഷീണിച്ചല്ലോ. പട്ടിണിയായിപ്പോയല്ലോ കുഞ്ഞോ, ഞാന്‍ കുറച്ച് ജ്യൂസ് ഉണ്ടാക്കിക്കൊണ്ടുവരാം''. ശോശ അടുക്കളയിലേയ്ക്ക് ഓടിപ്പോയി. കയ്യില്‍ ഒരു ഗ്ലാസ് നിറയെ പൈനാപ്പിള്‍ ജ്യൂസുമായി വന്നു. കുഞ്ഞു അത് ഒറ്റവലിക്കു കുടിച്ചു. എന്നിട്ട് ശോശയെ ഉമ്മവച്ചു. 
''പപ്പ, അമ്മു'', കുഞ്ഞു സങ്കടപ്പെട്ട് ചോദിച്ചു. 
''ഞങ്ങള് തലപ്പാടീലെ ആളൊന്നുമില്ലാത്ത ഒരു വീട്ടിലാരുന്നു കുഞ്ഞോ. അമ്മൂം ഞാനുമൊക്കെ വേറെ വേറെ മുറിക്കകത്താ. പപ്പേ കണ്ടതേയില്ല. അവരു മാറിമാറി ഞങ്ങളോട് എന്തൊക്കെയോ ചോദിക്കുവാ. എനിക്കൊന്നും അറിയില്ലാരുന്നു. അറിയില്ലാന്നു പറഞ്ഞാലും അവരു സമ്മതിക്കില്ല കുഞ്ഞോ. രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗോം ഇല്ലാരുന്നു. മുറീടെ പുറത്ത് പൊലീസുകാര് കാവലുണ്ട്. ആ വീടിനു ചുറ്റിലും മൊത്തോം കാടാ. അടുത്തൊന്നും ഒരാളേം കാണാനില്ല. ഇന്നിപ്പോ പൊലീസുകാര്ടെ കണ്ണുവെട്ടിച്ച് ഒരുവിധം ഞാനവിടുന്നു രക്ഷപ്പെട്ടോടിയതാ. നിന്റെ കാര്യം പറഞ്ഞ് അമ്മു നെലോണിക്കത് കേട്ടിട്ട് സഹിച്ചില്ല കുഞ്ഞോ''. ശോശ കരയുകയായിരുന്നു. അവള്‍ കുഞ്ഞുവിന്റെ കൈകളെടുത്ത് ചുമലില്‍ കോര്‍ത്തു. കണ്ണട എടുത്തുമാറ്റി അവന്റെ മുഖത്തോട് മുഖം ചേര്‍ത്ത് അമര്‍ത്തി ചുംബിച്ചു. കുഞ്ഞുവിനാകട്ടെ, ഞഞ്ഞാമ്മിഞ്ഞ വേണമായിരുന്നു. അതവള്‍ക്ക് അറിയാമായിരുന്നു. അവള്‍ സാല്‍വാറിന്റെ ബട്ടണുകള്‍ അഴിച്ച് അവന്റെ വായില്‍ അമ്മിഞ്ഞ വച്ചുകൊടുത്തു. അതിന്റെ സന്തോഷത്തില്‍ കുഞ്ഞുവിന്റെ കൃഷ്ണമണികള്‍ കിണറുകയറിവന്നു. ആ നോട്ടം കണ്ടപ്പോള്‍ ശോശയുടെ ചുണ്ടില്‍ വേദനയുടെ വിപരീതപദം എഴുതുമ്പോലെ ചിരി കടന്നുവന്നു. പിന്നെ, അതിമനോഹരമായ നുണയലിലൂടെ കുഞ്ഞു ശോശയെ ചിരിപ്പിച്ചു കിടത്തി. പൊലീസുകാരുടെ കൈത്തലങ്ങള്‍കൊണ്ട് ചുളിഞ്ഞ സല്‍വാറും അടിവസ്ത്രങ്ങളും ഊരിയെറിഞ്ഞ് അവള്‍ ആര്‍ത്തുചിരിച്ചു. 


കുഞ്ഞു ലാപ്പിലേക്ക് വിരല്‍ ചൂണ്ടി. അവന് ഇന്ത്യാ പസില്‍ കളിക്കണം. വിദ്യാബാലനെ കാണണം. ശോശ ലാപ്പ് തുറന്ന് എല്ലാം സജ്ജീകരിച്ചു. കുഞ്ഞു കേരളത്തില്‍നിന്നു തുടങ്ങി. അതാണിന്നു നല്ലത്. കാലുകള്‍, തുടകള്‍, പിന്നെ അരക്കെട്ട്, മോളിലോട്ട് മാറിടം, കൈകള്‍, കഴുത്ത്, ഒടുവില്‍ അമ്മുവിന്റെ ഓര്‍മ്മ പേറുന്ന കണ്ണീരിന്റെ കശ്മീര്‍ മുഖം. 
എല്ലാം തകര്‍ത്ത് തൊട്ടടുത്ത നിമിഷം മുറ്റത്തൊരു ജീപ്പ് വന്നു ചവിട്ടിനിന്നു. ''കുഞ്ഞോ'', ശോശ അലറിവിളിച്ചു. പൊലീസുകാര്‍ വീട്ടിലേക്ക് ചാടിക്കയറുകയായിരുന്നു.
മറ്റെങ്ങോട്ടും പോകാന്‍ വഴിയില്ലാതെ, ഉടുവസ്ത്രം പോലുമില്ലാത്ത ശോശ കുഞ്ഞുവിന്റെ പസിലില്‍ കയറിനിന്നു. കേരളത്തില്‍ അവള്‍ കാലുറപ്പിക്കാന്‍ നോക്കി. പിന്നാലെ പൊലീസുകാര്‍ മുറിയിലെത്തി. നിവൃത്തിയില്ലാതെ ശോശ കേരളത്തിന്റെ വടക്കേ അറ്റത്തുനിന്നു മുന്നോട്ടോടി. കുഞ്ഞു അവള്‍ക്ക് കര്‍ണാടകം വച്ചുകൊടുത്ത് വഴിയൊരുക്കി. ചെക്പോസ്റ്റുവഴി കര്‍ണാടകയില്‍ ചാടിക്കയറി ശോശ ഓട്ടം തുടര്‍ന്നു. തോക്കും ലാത്തിയും കൊണ്ട് പിന്നാലെ പൊലീസ് സംഘവും കര്‍ണാടകത്തിലേക്ക് പിന്തുടര്‍ന്നു. പതിനെട്ടാം നൂറ്റാണ്ടിലെ പടയോട്ടങ്ങളെ ശോശ പിന്നിട്ടു. വൊഡയാര്‍ രാജാക്കന്മാരുടെ ഉറുമിത്തുഞ്ചത്തുനിന്നു പുറപ്പെട്ട നിലവിളികള്‍ അവളെ വേട്ടയാടി. ശ്രീരംഗപട്ടണവും മൈസൂര്‍ കൊട്ടാരവും രാജപരമ്പരകളുടെ ദേശപ്രതിഷ്ഠകള്‍ വാഴുന്ന ക്ഷേത്രങ്ങളും അവള്‍ പിന്നിട്ടു. വേഗംകൂട്ടിയ ശോശ വലതുദിശയിലേക്ക് ഓടിയപ്പോള്‍ ആന്ധ്രയും തെലങ്കാനയും കുഞ്ഞു ബട്ടണ്‍ അമര്‍ത്തി പതിപ്പിച്ചുകഴിഞ്ഞിരുന്നു. തിരുപ്പതി, കുര്‍നൂല്‍, വിശാഖപട്ടണം, വിജയവാഡ, മച്ചിലിപട്ടണം, ഗുണ്ടൂര്‍, രജമുന്ദ്രി എല്ലായിടത്തും ശോശയുടെ പദസ്പര്‍ശമേറ്റു. അവിടെനിന്നു തെക്കോട്ട് ഓടുന്നെങ്കില്‍ വീഴാതിരിക്കാന്‍ തമിഴ്നാടിനേയും കുഞ്ഞു ശരിപ്പെടുത്തിവച്ചു. പക്ഷേ, പൊലീസിന്റെ കൂട്ടം അടുത്തെത്തുന്നുവെന്നു കണ്ടപ്പോള്‍ ശോശ മഹാരാഷ്ട്രയെ ലക്ഷ്യമാക്കി നീങ്ങി. അവിടെ ചരിത്രം ഏതെന്നില്ലാത്ത വഴികളിലൂടെ അവളെ നയിച്ചു. ഡെക്കാന്‍ പീഠഭൂമിയില്‍ കയറി സുല്‍ത്താന്മാരുടെ അന്തപ്പുരങ്ങളില്‍ ഒളിയിടം തേടിയപ്പോള്‍ മറാത്തകള്‍ തുരത്തിയോടിച്ചു. ഒറ്റുകാരും ഒറ്റപ്പെട്ടവരും നൂറ്റാണ്ടുകള്‍ക്കു പിന്നില്‍നിന്ന് അവള്‍ക്കു നേരെ കൈവീശി. ഷഢാനന്ദന്റെ ചുണക്കുട്ടികള്‍ പിന്നില്‍ തന്നെ. നാഗ്പൂര്‍, അമരാവതി, ചിന്ദ്വാര വഴി മധ്യപ്രദേശിലെത്തിയ ശോശ മുഗള്‍ സാമ്രാജ്യത്തേയും ഗ്വാളിയര്‍, ഹോള്‍ക്കര്‍, ഭോന്‍സ്ലെ രാജവംശങ്ങളേയും ഓടിപ്പിന്നിട്ടു. ആ ഓട്ടം ഭിന്ദില്‍ മുട്ടാറായപ്പോള്‍ അടുത്തത് ഉത്തര്‍പ്രദേശാണെന്നു മനസ്സിലാക്കി ബട്ടണ്‍ അമര്‍ത്താന്‍ കുഞ്ഞു ഒരുങ്ങിയതായിരുന്നു, പൊടുന്നനെ കറന്റുപോയി. 
അടുത്ത നിമിഷത്തില്‍ മധ്യപ്രദേശിന്റെ ഒട്ടകത്തലയില്‍നിന്ന് കാലുതെന്നി ശോശ ഉത്തര്‍പ്രദേശിന്റെ അഗാധ ശൂന്യതയിലേയ്ക്ക് തലകുത്തിവീണു. കൈകള്‍ പിന്നോട്ടു വലിച്ചുനീട്ടിയ നഗ്‌നശോശ എന്ന ഷഡ്പദം നേപ്പാള്‍ താഴ്വരയിലേക്ക് പറന്നിറങ്ങുന്നത് കുഞ്ഞു കണ്ണടയ്ക്കുള്ളിലൂടെ കണ്ടു. 
പാവം ശോശയെന്നോര്‍ത്ത് കുഞ്ഞു തിരിഞ്ഞപ്പോഴേയ്ക്ക് അര്‍ധരാത്രിയായിക്കഴിഞ്ഞിരുന്നു. ജനല്‍പ്പാളിയിലൂടെ ചക്രവാളത്തില്‍ തിരികത്തിച്ചപോലെ നിറങ്ങള്‍ കണ്ടു. എങ്ങുനിന്ന് എന്നില്ലാതെ കാറ്റടിച്ചു. മാലയില്‍ കോര്‍ത്ത നക്ഷത്രങ്ങള്‍ ജനല്‍പ്പടിയില്‍ വന്നുവീണു. 
മരക്കൊമ്പുകളിലിരുന്ന് ദൈവങ്ങളുടെ ഭാഷയില്‍ ചില വികൃതിപ്പക്ഷികള്‍ നിശ്ശബ്ദത കൊത്തിത്തിന്നു. അടപ്പ് ഇളകിപ്പോയ ഒരു മരുന്നുകുപ്പിപോലെ കുഞ്ഞു കിടക്കയില്‍ കുറേശ്ശെയായി ചോര്‍ന്നു. 
''ഹ്വാന, ഹ്വാന, നഞ്ചു വില്‍ക്കാനുണ്ടോ, പൈതങ്ങളെ വില്‍ക്കാനുണ്ടോ?'' ഒരു വിളിച്ചുചോദ്യം കേട്ടു. 
അവര്‍ പയ്യെപ്പയ്യെ നടന്നുവരുന്നുണ്ടായിരുന്നു. ഗേറ്റിന് അടുത്ത് രാക്കോലമായി നില്‍ക്കുന്നുണ്ടായിരുന്ന ബാബ അവര്‍ക്ക് മെലിഞ്ഞ് തൂക്കംകുറഞ്ഞ ഒരു കുട്ടി കിടക്കുന്ന സ്ഥലം കാണിച്ചുകൊടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com