പുള്ളിമാന്‍ ജംഗ്ഷന്‍: നിധീഷ് ജി എഴുതിയ കഥ

എത്ര സ്വാഭാവികമായ ചിരിയോടെയാണയാള്‍ ആ ചുംബനത്തെ നുണഞ്ഞെടുക്കുന്നതെന്ന് വിചാരിക്കുമ്പോഴേക്കും കരുനാഗപ്പള്ളി സ്റ്റേഷനിലെ വണ്ടി പോര്‍ച്ചിലേക്ക് വന്ന് വെളിച്ചം ചുഴറ്റി.
ചിത്രീകരണം - അര്‍ജുന്‍
ചിത്രീകരണം - അര്‍ജുന്‍

റിസപ്ഷന് മുന്നിലെ ടിവിയില്‍ 'ചിറ്റാരം കാറ്റേ' എന്നുള്ള മര്‍മ്മരത്തോടൊപ്പം നായകന്റെ ചുണ്ട് നനയുന്ന കാഴ്ചയില്‍നിന്നും കണ്ണുകള്‍ വലിച്ച് പിന്നിലേക്കമരുമ്പോള്‍, കസേര ദീര്‍ഘമായ വേദനയില്‍ ഞരങ്ങി. എത്ര സ്വാഭാവികമായ ചിരിയോടെയാണയാള്‍ ആ ചുംബനത്തെ നുണഞ്ഞെടുക്കുന്നതെന്ന് വിചാരിക്കുമ്പോഴേക്കും കരുനാഗപ്പള്ളി സ്റ്റേഷനിലെ വണ്ടി പോര്‍ച്ചിലേക്ക് വന്ന് വെളിച്ചം ചുഴറ്റി.
എന്തോ പുകിലുണ്ട്. അല്ലെങ്കില്‍ ഈ നേരമൊരു പരിശോധനയുടെ കാര്യമില്ല. പക്ഷേ, അങ്ങനെ സംശയിക്കത്തക്കതായി ആരുംതന്നെ വന്ന് ചേക്കേറിയിട്ടില്ലല്ലോ. ആകെ അഞ്ച് റൂമുകളിലേ ആളുള്ളു. അവരാകട്ടെ, അത്ര കുഴപ്പക്കാരുമല്ല. 
റൈറ്റര്‍ ഷിബുസാറാണ് ചില്ലുവാതില്‍ തുറന്ന് അകത്തേക്ക് വന്നത്.
''അന്‍വറേ, നീ പേടിക്കണ്ട. ചെക്കിംഗല്ല. ഒരു റൂം വേണം. ചെലപ്പോ ഒരു നാലഞ്ച് ദെവസി. കാശൊന്നുമില്ല. നീ ആ ജേക്കബിനെ ഒന്ന് വിളി. സി.ഐ സാറ് പറഞ്ഞിട്ടാണെന്ന് നിന്റെ മുതലാളിയോടൊന്ന് പറ. പെട്ടെന്ന് വേണം.''
''അല്ല സാറേ, നാലഞ്ച് ദെവസവെന്ന് പറയുമ്പോ... എന്തുവാ കേസുകെട്ട്? പുലിവാലാകുവോ?''

''പേടിക്കെണ്ടെടേ, ഇവിടടുത്തുള്ളോര് തന്നാ. നമ്മടെ കെഴക്കേ പള്ളീടടുത്ത് നടന്ന കൊലപാതകക്കേസില്ലേ? കൊന്നവന്റെ തള്ളേം മൂന്നു പിള്ളേരുവാ. വീട് സീല് ചെയ്തിരിക്കുന്നോണ്ട് അവര്‍ക്ക് പോവാന്‍ വേറേ എടവില്ലെന്ന്! സ്റ്റേഷനി കേറ്റി കെടത്താന്‍ പറ്റുവോ? നീ ഒന്നു വേഗം വിളിച്ചു ചോദിക്ക്. അവിടാണേ, വേറൊരു തലവേദന വന്ന് നിപ്പൊണ്ട്. ഒടനെ ചെന്നില്ലേല്‍ അത് തൊല്ലയാകും.''
ഉള്ളില്‍ തോന്നിയ അലോസരം മറച്ചുകൊണ്ട് ഞാന്‍ ടി.വി ഓഫ് ചെയ്ത്, ലാന്‍ഡ്ഫോണ്‍ ഡയല്‍ ചെയ്തു.
പുള്ളിമാന്‍ ജംഗ്ഷനിലെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടമായ 'മരിയ ലോഡ്ജി'ന്റെ ഇപ്പോഴത്തെ ഉടമ ക്ലാപ്പനക്കാരനായ ജേക്കബ് കാര്‍ഡോസ് എന്ന ജേക്കച്ചായനാണ്. അയാളുടെ അപ്പന്റെ ജ്യേഷ്ഠന്‍ ദേവസി കാര്‍ഡോസ് അമ്പത്തിമൂന്നില്‍ വിദേശമാതൃകയില്‍ പണിത കെട്ടിടമാണിത്. വിഭാര്യനും കുട്ടികളില്ലാത്തവനുമായ ദേവസ്യാച്ചന്‍ വയ്യാതെ കിടപ്പിലായപ്പോള്‍ ലോഡ്ജ്, രക്തത്തിലുള്ള ഒരേയൊരു പുതുതലമുറക്കാരനായ ജേക്കബിന് കൈമാറുകയായിരുന്നു. ഞാനിവിടെ കൂടിയിട്ട് മൂന്നു വര്‍ഷങ്ങളെ ആയിട്ടുള്ളു. ഇതിനു മുന്‍പ് ഒരു പെട്രോള്‍ ബങ്കിലായിരുന്നു. ജേക്കച്ചായന് ആദ്യം മുതലേ എന്നെ വലിയ വിശ്വാസമാണ്. ലോഡ്ജിന്റെ സകല കാര്യങ്ങളിലും പൂര്‍ണ്ണമായ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. എന്നാലും ഒന്നുംതന്നെ വിളിച്ചുചോദിക്കാതെ ചെയ്യുന്ന പതിവില്ല. 

രണ്ടുതവണ ഡയല്‍ ചെയ്തിട്ടും ജേക്കച്ചായന്‍ എടുത്തില്ല. ഇങ്ങനൊരു കേസുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് സ്വയമൊരു തീരുമാനമെടുക്കുന്നത് റിസ്‌കാണ്. പൊലീസിനെ പിണക്കാനും വയ്യ. മടക്കവിളിക്കായി കാത്തുനില്‍ക്കുമ്പോള്‍ ഷിബുസാര്‍ അക്ഷമനായി.
''എടേ, എനിക്ക് വേറേ പണിയുണ്ടെടേ. ഇവിടെ കുറ്റിയടിച്ച് നിക്കാമ്പറ്റത്തില്ല. ഞാനവരെ ഇങ്ങോട്ടിറക്കി നിര്‍ത്തുവാ, നീ എന്തുവാന്ന് വെച്ചാ ചെയ്യ്!''
മറുത്തെന്തെങ്കിലും പറയാന്‍ സമയം നല്‍കാതെ അയാള്‍, മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരു വൃദ്ധയേയും മൂന്ന് കുട്ടികളേയും റിസപ്ഷനിലേക്കിറക്കി നിര്‍ത്തി, വണ്ടിയില്‍ക്കേറി പാഞ്ഞുപോയി. 


മെനക്കേടായല്ലോ എന്ന് പ്രജ്ഞയറ്റ് നില്‍ക്കുന്നതിനിടയില്‍ കുട്ടികളില്‍ മൂത്തവന്‍ എന്നു തോന്നിച്ച ചെറുക്കന്‍ എന്നെ വിളറിയ കണ്ണുകളാല്‍ നോക്കി. പതിമൂന്ന് വയസ്സ് കാണുമായിരിക്കും. അവനോടടുത്തുതന്നെ പ്രായമുള്ള കുറ്റിമുടിക്കാരന്‍ തുടരെയുള്ള അരക്ഷിതാവസ്ഥകളില്‍ പതറിയിട്ടെന്നവണ്ണം തല ഉയര്‍ത്തുന്നേയില്ല. പെണ്‍കുട്ടിക്ക് മൂന്നോ നാലോ വയസ്സില്‍ കൂടുതലില്ല. അവള്‍ വൃദ്ധയുടെ തോളില്‍ തളര്‍ന്നുകിടപ്പാണ്. അപാരമായ ഒരു ശൂന്യതയല്ലാതെ വൃദ്ധയുടെ മുഖത്തുനിന്നും മറ്റൊന്നും വായിച്ചെടുക്കാനുമില്ല. ആ സ്ത്രീയേയും രണ്ട് ചെക്കന്മാരേയും ഞാന്‍ നേരത്തെ കണ്ടിട്ടുള്ളതാണ്. അഹമ്മദിയ പള്ളിക്ക് മുന്നിലൂടെ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിന്റെ തൊട്ടു തെക്കുവശത്തുള്ള അയ്യത്ത് അവര്‍ ഒരു പശുക്കിടാവിന് ചുറ്റുമായി നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ആ കാഴ്ച ഓര്‍ത്തിരിക്കാനുള്ള പ്രധാന സംഗതി ആ പശു തന്നെയാണ്. തവിട്ടുനിറത്തില്‍ വെള്ളപ്പുള്ളികളുള്ള ആ സുന്ദരിക്കിടാവ് പുല്ല് തിന്നുന്നതിനിടയില്‍ കുട്ടികളോട് കുറുമ്പുകാട്ടി നില്‍ക്കുന്നത് ഒന്നു കാണേണ്ടതു തന്നെയായിരുന്നു.
''നിങ്ങള്‍ തല്‍ക്കാലം അങ്ങോട്ടിരിന്നാട്ടെ...''
ഞാന്‍ സെറ്റിയിലേക്ക് വിരല്‍ചൂണ്ടി.
സെക്യൂരിറ്റി തമ്പിയണ്ണന്‍ വാതില്‍ക്കല്‍ വന്ന് എത്തിനോക്കിയിട്ട് പോയി. റൂം ബോയ്സ് ലോകേഷും ഹബീബും റിസപ്ഷനോട് ചേര്‍ന്നുള്ള സ്റ്റോര്‍മുറിയില്‍നിന്നും തലയെത്തിച്ച് വൃദ്ധയേയും കുട്ടികളേയും വിചിത്രജീവികള്‍ എന്നവണ്ണം തുറിച്ചുനോക്കി. പള്ളിക്ക് അടുത്തുള്ള വാടകവീട്ടില്‍ നടന്ന കൊലപാതകം നാടിനെ നടുക്കിയിട്ട് രണ്ടുനാള്‍ കഴിഞ്ഞതേയുള്ളൂ. പത്രങ്ങളിലും ടീവീലുമൊക്കെ വലിയ വാര്‍ത്തയായിരുന്നു.
''പിള്ളേര് വല്ലോം കഴിച്ചതാണോ?''
''ഇല്ല. ഒന്നിനും പറ്റിയില്ല. പൈസയുണ്ട്. കഴിക്കാന്‍ മേടിക്കണം.''
ചുരുള്‍നിവര്‍ത്തിയ അഞ്ഞൂറുരൂപ നോട്ടില്‍ എന്റെ കണ്ണുകള്‍ തടഞ്ഞപ്പോള്‍, വൃദ്ധയുടെ മുഖം ഒന്നുകൂടി മങ്ങി.
''ഈ കാശ് ആ സാറ് തന്നതാ.''
''ആര്...? ഷിബു സാറോ?''
''ഉം...''
രോമകൂപങ്ങളിലേക്ക് ഒരു കുളിര് വന്നുകയറി. അസംഭവ്യമെന്ന് വിചാരിക്കുന്ന ചില കാര്യങ്ങള്‍ ഓര്‍ക്കാപ്പുറത്ത് കേള്‍ക്കുകയോ അങ്ങനെയുള്ള ചിലതിന് സാക്ഷ്യം വഹിക്കുകയോ ചെയ്യുമ്പോള്‍ അങ്ങനെയാണ്. ഷിബു സാറിനെ കുറേക്കാലമായി അറിയാം. എന്നാലും അയാളില്‍ ഇത്തരമൊരു നന്മ മറഞ്ഞുകിടപ്പുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. ഉള്ളില്‍ ഇപ്രകാരം വെളിച്ചമൊളിപ്പിച്ചു ജീവിക്കുന്ന നമ്മളറിയാത്ത എത്രയോ പേര്‍ ചുറ്റിലുമുണ്ടാകും? ലോകത്തിന്റെ പ്രകാശം ഇപ്പോഴും കെട്ടുപോകാതിരിക്കുന്നത് അവരെക്കൊണ്ടാണല്ലോ എന്നോര്‍ത്തപ്പോള്‍ അടക്കാനാവാത്ത സന്തോഷം തോന്നി. 
''ലോകേഷ്, നീ പോയി ഇവര്‍ക്ക് നാസ്ത വാങ്ങീട്ട് വാ, ചെല്ല്.''
ലോകേഷ് എന്ന ബീഹാറുകാരന്‍ ടീഷര്‍ട്ട് വലിച്ചു താഴ്ത്തിക്കൊണ്ട് റിസപ്ഷനിലേക്ക് വന്നു.
''സാറേ, ഇവന്‍ കൂടെ പൊയ്ക്കോട്ടെ. വേറെ ചെലത് കൂടി മേടിക്കണം.''
വൃദ്ധ, മുതിര്‍ന്ന ചെറുക്കന്റെ കയ്യില്‍ പണം കൊടുത്തിട്ട് എന്തെല്ലാമോ ചെവിയില്‍ പറഞ്ഞു. അവന്‍ ഒക്കെയും തലയാട്ടി സമ്മതിച്ചുകൊണ്ട് ലോകേഷിനൊപ്പം വെളിയിലേക്കിറങ്ങി. വാതില്‍ തുറന്നടയുന്നതിനിടയില്‍ പുറത്തുനിന്നും വീശിയ കാറ്റില്‍ അറക്കപ്പൊടിമണം കലര്‍ന്നിട്ടുണ്ടായിരുന്നു. ലോഡ്ജിന് തൊട്ടപ്പുറമുള്ള കളീയ്ക്കല്‍ ടിമ്പേഴ്സില്‍നിന്നുള്ള പൊടിയാണത്. ഇരുമ്പുവാള്‍ മരത്തിലൂടെ കടന്നുപോകുന്ന ഒച്ച പാതിരാവോളം അവിടെനിന്നും ഉയര്‍ന്നുകൊണ്ടിരിക്കും. ഒരു പൂക്കടയും ബേക്കറിയും മെഡിക്കല്‍ സ്റ്റോറും ഇലക്ട്രിക്കല്‍ ഷോപ്പും കണ്ണാശുപത്രിയും ഓഡിറ്റോറിയവും ഒക്കെയായി അത്ര ചെറുതല്ലാത്ത ഈ ജംഗ്ഷന്റെ പ്രധാനപ്പെട്ട ഇടം ഒരു വായനശാലയാണ്. ചിതറിക്കിടക്കുന്ന പത്രങ്ങളും അടഞ്ഞ ഗ്രന്ഥശാലയും 'പുള്ളിമാന്‍ റേഡിയോ ക്ലബ്ബി'ന്റെ ഒരു പഴയ ബോര്‍ഡും അവിടെ കാണാം. പ്രസിദ്ധമായ ആ ക്ലബ്ബിന്റെ ഭാഗമായി ചെറുപ്പത്തില്‍ ആകാശവാണിയില്‍ ഞാന്‍ ചില കവിതകള്‍ ചൊല്ലിയിട്ടുള്ളത് മറ്റാര്‍ക്കും ഓര്‍മ്മയുണ്ടാവാനിടയില്ല. 
''ഹബീബേ, ദേ ഇവരെ ഇരുന്നൂറ്റിമൂന്നിലേക്ക് ആക്കിയേരെ.''
ഞാന്‍ ഹബീബിന് താക്കോല്‍ നീട്ടി. അവന്‍ ബംഗ്ലാദേശിയാണ്. ലോകേഷിനേയും ഹബീബിനേയും ആദ്യം കണ്ടുമുട്ടുന്നത് പുതിയകാവിലെ ഭാരത് കഫേയുടെ മുന്നില്‍വെച്ചാണ്. രണ്ടുപേരും കൂടി റോഡുവക്കിലിരുന്ന് വണ്ടിയിടിച്ച് പരിക്കേറ്റ ഒരു നായ്ക്കുട്ടിയെ പരിചരിക്കുകയായിരുന്നു. മുറി ഹിന്ദിയൊക്കെ പറഞ്ഞ് മെല്ലെ ചങ്ങാത്തത്തിലായി. ആ കാലത്ത് അവര്‍ക്ക് തഴവയിലൊരു പശു ഫാമിലായിരുന്നു പണി. ലോഡ്ജില്‍ ആളെ ആവശ്യമായി വന്ന സമയത്തുതന്നെയായിരുന്നു അവരുടെ ഫാം പൂട്ടിപ്പോയതും. രണ്ടുപേരും പിന്നെ ഇവിടെ കൂടി.


ഹബീബ് അടുത്തേക്ക് ചെന്നെങ്കിലും വൃദ്ധ സെറ്റിയില്‍ തന്നെയിരുന്നു.
''കുറച്ചുനേരം ഇവിടിരിക്കാം, വാങ്ങാന്‍ പോയവരിങ്ങ് വന്നോട്ടെ. എന്നിട്ടുമതി.''
തോളില്‍ കിടക്കുന്ന പെണ്‍കുഞ്ഞ് ഇതുവരെ ഉണര്‍ന്നിട്ടില്ല. ഇളയവന്‍ അമ്പരപ്പ് മാറി മെല്ലെ അക്വേറിയത്തിനടുത്തു വന്ന് മീനുകളെ വീക്ഷിക്കുകയാണ്. അവയുടെ ചലനങ്ങള്‍ക്കനുസരിച്ച് അവന്റെ മുഖം വികസിക്കുന്നുണ്ട്. ഫോണ്‍ പൊടുന്നനെ റിംഗ് ചെയ്തപ്പോള്‍ അവന്‍ ഞെട്ടിത്തിരിഞ്ഞു.
''എല്ലാം നിനക്ക് വിട്ടിരിക്കുവാ. നിന്റെ യുക്തിക്കനുസരിച്ച് കുഴപ്പങ്ങളില്ലാതെ കൈകാര്യം ചെയ്‌തോ'' എന്നുള്ള ജേക്കച്ചായന്റെ വാക്കുകളില്‍ ഞാന്‍ സമാധാനപ്പെട്ടു. റിസീവര്‍ തിരികെ വെക്കുമ്പോള്‍ ഇളയവന്‍ മീനുകളില്‍നിന്നും കണ്ണുകളെടുത്ത് എന്നെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്. ഒരു ചിരി തൊടുത്തപ്പോള്‍ അവനും മൃദുവായി മന്ദഹസിച്ചു. 
ആ നേരം മഴ പെയ്യാനാരംഭിച്ചു. ചില്ലുവാതിലില്‍ വളരെ വേഗം ഈര്‍പ്പം വന്നു മൂടി, പുറത്തെ കാഴ്ചകള്‍ അവ്യക്തമായി. തമ്പിയണ്ണന്‍ അകത്തേക്ക് കയറിവന്നു.
''നിങ്ങളിപ്പോ ഒരു കൊല്ലമായോ അവിടെ പൊറുതി തുടങ്ങിയിട്ട്...?'' തമ്പിയണ്ണന്‍ വൃദ്ധയോട് ചോദിച്ചു. 
''ഒന്നരക്കൊല്ലമായി...''
''നിങ്ങടെ മോനിതെന്തു പറ്റിയതാ? ആദിനാട്ടെ ഏതോ അമ്പലത്തില്‍ പൂജാരിയല്ലാരുന്നോ? അയാളിങ്ങനെ ഒരു പാതകം ചെയ്യുമെന്ന് വിശ്വസിക്കാന്‍ പ്രയാസം.''
വൃദ്ധ ഒന്നും മിണ്ടാതെ മുഖം കുനിച്ചു.
തമ്പിയണ്ണന്റെ സ്വഭാവമിങ്ങനെയാണ്. മനുഷ്യന്റെ അപ്പോഴപ്പോഴുള്ള മാനസികാവസ്ഥ നോക്കി പെരുമാറുന്ന ശീലമില്ല. ദേവസ്യാച്ചന്റെ കാലം മുതല്‍ക്കേ അയാള്‍ മരിയ ലോഡ്ജിന്റെ ഭാഗമാണ്.
ഭാര്യയോടൊപ്പം കുഴിത്തുറയിലാണ് അയാള്‍ താമസിക്കുന്നത്. മക്കള്‍ രണ്ടും വിദേശത്താണ്. ജേക്കബ് കാര്‍ഡോസിന് ലോഡ്ജ് എഴുതിനല്‍കുമ്പോള്‍ തമ്പിയണ്ണനെ സംരക്ഷിക്കണമെന്ന ഒരു നിബന്ധന മാത്രമേ ദേവസ്യാച്ചന്‍ വെച്ചിരുന്നുള്ളു. അവര്‍ക്കിടയില്‍ എന്തെല്ലാമോ രഹസ്യങ്ങള്‍ നിലനില്‍ക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍, എത്ര പ്രകോപിപ്പിച്ച് നോക്കിയിട്ടും നാട്ടിലുള്ള സകലരുടേയും ജീവചരിത്രം സൂക്ഷിക്കുന്ന തമ്പിയണ്ണനില്‍നിന്നും അതിനെപ്പറ്റി ഒന്നും വീണുകിട്ടിയിട്ടില്ല.
ആകെ തകര്‍ന്നിരിക്കുന്നവരെ ഓരോന്ന് ചോദിച്ച് വേദനിപ്പിക്കുന്നതില്‍ താല്‍പ്പര്യമില്ലാത്ത എന്നിലേക്ക്, പക്ഷേ, വൃദ്ധയോടുള്ള തമ്പിയണ്ണന്റെ ചോദ്യം ചില ആകാംക്ഷകളെ ഇളക്കിവിട്ടുവെന്നുള്ളതാണ് സത്യം. വാര്‍ത്ത ഞാനും അറിഞ്ഞതാണ്. പുള്ളിമാന്‍ ജംഗ്ഷനില്‍ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന പൂജാരിയായ യുവാവ് സംശയത്തെത്തുടര്‍ന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണ് സംഭവം. നേരിട്ട് പരിചയമില്ലെങ്കിലും വിഷ്ണുവെന്ന പൂജാരിയെക്കുറിച്ചോ അയാളുടെ ഭാര്യയെക്കുറിച്ചോ ഇതുവരെ മോശപ്പെട്ട ഒരു വര്‍ത്തമാനവും ഉയര്‍ന്നുകേട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ തമ്പിയണ്ണനിലൂടെ അത് എപ്പോഴേ അറിയേണ്ടതുമാണ്. 
കൗണ്ടറില്‍നിന്നുമിറങ്ങി ഞാന്‍ അക്വേറിയത്തിനടുത്തേക്ക് ചെന്നു. എന്റെ സാമീപ്യത്തില്‍ ചെറുക്കന്‍ വല്ലാതെ പരുങ്ങി. അച്ഛന്റെ കൈകളാല്‍ അമ്മ മരണപ്പെട്ടിട്ട് രണ്ടു ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. അതേപ്പറ്റി ഇവന്റെയുള്ളില്‍ എന്തായിരിക്കാം അലയടിക്കുന്നത്? കാര്യങ്ങള്‍ തിരിച്ചറിയാവുന്ന പ്രായമാണ്.
''നിനക്ക് മീനുകളെ ഇഷ്ടമായോ? വേണമെങ്കി ഒരെണ്ണത്തെ നീയെടുത്തോ!''
''വേണ്ട.''
''ആഹാ, വേണ്ടാഞ്ഞിട്ടാണോ ഇങ്ങനെ നോക്കിനില്‍ക്കുന്നെ?''
''അത് ചത്തുപോവത്തില്ലേ?''
ചെറുക്കന്റെ ആ ചോദ്യത്തില്‍ എന്റെ നാവു വിലങ്ങിപ്പോയി. ഞാനവന്റെ മുടിയിഴകളില്‍ മെല്ലെ തലോടി. അവന്റെ നോട്ടമപ്പോള്‍ കൗണ്ടറിന് മുകളിലെ തിരുവത്താഴ ചിത്രത്തിലാണെന്ന് കണ്ടു. സത്യത്തില്‍ ആ ചിത്രത്തില്‍നിന്നും അടുത്തുള്ള ക്ലോക്കിലേക്ക് ഒരു എട്ടുകാലി വല നെയ്‌തെടുക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു, അവന്‍. കുട്ടികളുടെ കൗതുകങ്ങള്‍ നിമിഷങ്ങള്‍കൊണ്ട് മാറിമറിയുന്നതിന്റെ രഹസ്യത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോള്‍, ഏറെക്കാലമായി അടുപ്പമുള്ള ഒരാളോടെന്നപോലെ സ്വരം താഴ്ത്തി അവന്‍ ചോദിച്ചു:
''ഞങ്ങടെ പുള്ളിമാനെ കണ്ടോ? അവളെ കാണാനില്ല. ആരോ കൊണ്ടോയി...''
''പുള്ളിമാനോ? അതാരാ...?''
വൃദ്ധയാണ് മറുപടി പറഞ്ഞത്.
''അത് ഞങ്ങടെ പശുക്കിടാവാ. പിള്ളേര്‍ അതിനെ അങ്ങനാ വിളിക്കുന്നത്. ചായ്പില്‍ കെട്ടിയിരുന്നതാ. ഇന്നലെ ചെന്നു നോക്കിയപ്പോ കാണാനില്ല. ആരേലും അഴിച്ചോണ്ട് പോയിക്കാണും.''
തവിട്ടുനിറത്തില്‍ വെള്ളപ്പുള്ളികളുള്ള ആ പശുക്കിടാവിനെ ഞാനോര്‍ത്തു. ശരിക്കുമൊരു പുള്ളിമാന്‍ തന്നെ. അതിന്റെ രൂപവും സ്ഥലനാമവും ചേര്‍ത്താലോചിച്ചു നോക്കിയാല്‍ വിസ്മയിക്കാതെ തരമില്ല. കിടാവിനെപ്പറ്റി ഓര്‍ത്തിട്ടാവണം ചെറുക്കന്റെ മുഖത്ത് പെട്ടെന്ന് സങ്കടം വന്നുനിറഞ്ഞു. വൃദ്ധയുടെ തോളില്‍ക്കിടന്ന പെണ്‍കുഞ്ഞ് സ്വപ്നത്തില്‍നിന്നും ഞെട്ടിയുണര്‍നുപോലെ അപ്പോള്‍ കരച്ചിലാരംഭിച്ചു. എന്തോ വീണ്ടും ചോദിക്കാനാഞ്ഞ തമ്പിയണ്ണന്‍ അതോടെ പുറത്തേക്കിറങ്ങിപ്പോയി.
മഴ തുള്ളിവെച്ചുവെന്ന് തോന്നുന്നു. ഈര്‍പ്പം പുതച്ച തണുത്ത കാറ്റ് അകത്തേക്ക് ഇരച്ചു കയറി. എനിക്കും എന്തെല്ലാമോ ആ സാധുസ്ത്രീയോട് ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍, പുറത്തേക്ക് വരാതെ എല്ലാം ഉള്ളില്‍ക്കിടന്ന് വിങ്ങി. എന്തിനായിരിക്കാം അവരുടെ മകന്‍ ഭാര്യയെ കൊലപ്പെടുത്തിയത്? പറഞ്ഞുകേള്‍ക്കുന്ന വാര്‍ത്തയിലെപ്പോലെ ആ സ്ത്രീക്ക് അന്യപുരുഷനുമായി ബന്ധമുണ്ടായിരിക്കുമോ? എങ്കില്‍ അയാളെവിടെ? ഈ വൃദ്ധ ഇനിയീ മൂന്നു കുട്ടികളേയുംകൊണ്ട് എന്തുചെയ്യും? എത്രനാള്‍ സംരക്ഷിക്കാന്‍ സാധിക്കും? ഇവര്‍ക്ക് ബന്ധുക്കളാരുമില്ലേ?
''വീട്ടുസാമാനങ്ങളൊക്കെ അവിടെ കിടക്കുവാ സാറേ. ഞങ്ങള്‍ക്ക് ഇനി അവിടോട്ട് പോവാന്‍ പറ്റുവോ? കഴിഞ്ഞ ദെവസം പിള്ളാരുമായി പടിഞ്ഞാറ്റേലെ സെയ്ദിന്റെ വീട്ടിലാ കെടന്നത്. ഒരാളെ എന്നും നമ്മള് ബുദ്ധിമുട്ടിക്കുന്നതെങ്ങനാ? അതാ സ്റ്റേഷനിലോട്ട് തന്നെ പോയെ. ഷിബുസാറ് പറഞ്ഞു ഒരു വഴിയുണ്ടാക്കാമെന്ന്. ഇതിപ്പോ സാറിന് ഞങ്ങളൊരു പ്രയാസമായല്ലോ.''


''എന്തു പ്രയാസം...? ഇവിടെ ഒരുപാട് മുറികളുണ്ട്. താമസക്കാര് കുറവും. ഒരു പ്രശ്‌നവുമില്ല. എത്ര ദിവസം വേണേലും നിങ്ങക്കിവിടെ കഴിയാം. പേടിക്കണ്ട.''
''കൂടിയാ മൂന്നോ നാലോ ദിവസം. അതിനകം എല്ലാം ശരിയാകുമെന്നാ ഷിബുസാറ് പറഞ്ഞേ. പക്ഷേ, പ്രശ്‌നം അതല്ല, ആ വീട്ടില്‍ ഇങ്ങനെ ഒരു സംഭവം നടന്ന സ്ഥിതിക്ക് വീട്ടുടമസ്ഥര്‍ ഞങ്ങളെ ഇനിയവിടെ കേറ്റുവോ? പിന്നെ, എന്തേലുമൊരു ജോലി വേണം. അല്ലേല്‍ പിള്ളേര് പട്ടിണിയാകും. ഈ പ്രായത്തില്‍ ഇനി ആരെന്തു ജോലി തരാനാ...?''
ഉത്തരങ്ങളല്ല, വീണ്ടും ചോദ്യങ്ങളാണ്. ചോദ്യത്തിന് മറുപടി ചോദ്യങ്ങള്‍. എന്തു പറഞ്ഞാണിവരെ സമാധാനിപ്പിക്കുക?
ആ നേരം ലോകേഷും പയ്യനും തിരികെ വന്നുകയറി. മഴ അവരെ ചെറുതായി നനച്ചിട്ടുണ്ടായിരുന്നു. വിശപ്പിനുള്ളത് മാത്രമായിരുന്നില്ല അവരുടെ പക്കല്‍. എല്ലാവര്‍ക്കുമുള്ള വസ്ത്രങ്ങളും മറ്റത്യാവശ്യ വസ്തുക്കളുമുണ്ടായിരുന്നു. അഞ്ഞൂറുരൂപയ്ക്ക് ഇത്രയധികം സാധനങ്ങളോ എന്ന് അത്ഭുതപ്പെടുന്നതിനിടയില്‍ ലോകേഷിന്റെ മുഖത്തെ ചിരി കണ്ടു. അതാണ് കാര്യം! അന്യനാട്ടുകാരന്‍ അവന്റെ ഉള്‍ക്കാമ്പ് കാട്ടിയിരിക്കുന്നു. മനുഷ്യന് മനുഷ്യനെ തൊടാന്‍ സൂര്യന് കീഴില്‍ യാതൊരു അതിര്‍വരമ്പുകളുമില്ലെന്നതാണ് പരമമായ സത്യം.
'അലക്കുസോപ്പ് വാങ്ങിയോ' എന്ന വൃദ്ധയുടെ ചോദ്യത്തിന് മറുപടിയായി ലോകേഷ് തന്നെയാണ് ഒരു കിറ്റില്‍ നിന്നും സോപ്പ് ഉയര്‍ത്തിക്കാട്ടിയത്. ആ നിമിഷമെന്നില്‍ അവനോടുള്ള അനിര്‍വ്വചനീയമായ സ്‌നേഹത്തിന്റെ തണുപ്പ് പടര്‍ന്നു. മൂത്ത ചെറുക്കന്‍ ഒരു ബിസ്‌കറ്റ് പാക്കറ്റ് പൊട്ടിച്ച് ഒരെണ്ണമെടുത്ത് ഇളയവളുടെ വായിലേക്ക് വെച്ചുകൊടുക്കുന്നതും അവളുടെ കരച്ചില്‍ സ്വിച്ചിട്ടപോലെ നില്‍ക്കുന്നതും കൗതുകത്തോടെ കണ്ടു.
ചിറകുകള്‍ നനഞ്ഞ പക്ഷികളെപ്പോലെ വൃദ്ധയും കുട്ടികളും ഹബീബിനൊപ്പം മുകള്‍നിലയിലെ മുറിയിലേക്ക് സാവധാനം നീങ്ങുന്ന നേരത്ത്, ഞാന്‍ വീണ്ടും ടിവി ഓണ്‍ ചെയ്തു. അതില്‍ 'ഇനിയൊരു ജന്മമുണ്ടെങ്കില്‍...' എന്നു പാടിക്കൊണ്ട് ചുവന്ന പട്ടുടുത്ത കോമരങ്ങള്‍ക്കിടയിലൂടെ ഒരു നദി ഒഴുകിപ്പോയി.
തമ്പിയണ്ണന്‍ മുഖം തുടച്ചുകൊണ്ട് അരികിലേക്ക് വന്നു.
കൗണ്ടറില്‍ കൈകളൂന്നി നിന്നുകൊണ്ട്, എന്റെ കാതിനരികിലേക്ക് മുഖം ചേര്‍ത്ത് അതീവ രഹസ്യമായതെന്തോ കൈമാറുന്ന മട്ടില്‍ അയാള്‍ മെല്ലെ ചുണ്ടുകളനക്കി.
''അന്‍വറേ, ഈ പത്രവും ചാനലുമൊന്നും പറയുന്നതല്ല സത്യം. ഇത് വേറെയാ കേസ്. അവരുടെ വീട്ടിലെ ആ പശുവൊണ്ടല്ലോ, അതിനെ ആ വിഷ്ണൂന്ന് പറയുന്നവന്‍ പൊന്നുപോലെ വളര്‍ത്തുന്നതാ. അതിനെ പരിപാലിക്കാന്‍ അവന്റെ പെണ്ണുമ്പിള്ളയ്ക്ക് താല്‍പ്പര്യമില്ല. അതിന്റെ പേരില്‍ അവര്‍ തമ്മില്‍ എന്നും വഴക്കാരുന്നു. തിണ്ണയില്‍ കളിച്ചോണ്ടിരുന്ന ഇളയകൊച്ചിനെ അന്നേ ദിവസം ആ ക്ടാവ് തട്ടിത്താഴെയിട്ടു. ആ അമ്മയ്ക്ക് വേദനിക്കാതിരിക്കുവോ? ഒരു വടിയെടുത്ത് പശുവിനെ തല്ലി. ഇത് കണ്ടോണ്ട് കേറിവന്ന വിഷ്ണു, പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കയ്യില്‍ക്കിട്ടിയത് വെച്ച് താങ്ങിയതാ. മര്‍മ്മത്തായിപ്പോയി. ഇതാണവിടെ സംഭവിച്ചത്. മനസ്സിലായോ? ഈ ജാരക്കഥയൊക്കെ വെറും പുകമറയാ.''
ഒറ്റശ്വാസത്തില്‍ തമ്പിയണ്ണന്‍ അത്രയും പറഞ്ഞു നിര്‍ത്തുമ്പോള്‍, ഞാന്‍ അറിയാതെ കൗണ്ടറിലേക്ക് മുഖമമര്‍ത്തി കിടന്നുപോയി. വേറേ ഏതോ ലോകത്തിലൂടെ അല്‍പ്പസമയം ചുറ്റിത്തിരിഞ്ഞ ശേഷമാണ് സ്ഥലകാലബോധത്തിലേക്ക് തിരികെ വന്നത്. തമ്പിയണ്ണന്‍ പറഞ്ഞത് അപ്പാടെ വിശ്വസിക്കുന്നൊന്നുമില്ല. ചിലപ്പോള്‍ സത്യമായിരിക്കാം. എന്തുതന്നെയായാലും ഭൂമിയില്‍ മനുഷ്യജീവിതത്തിന് മേലെ ചില മനുഷ്യര്‍ തന്നെ നടത്തുന്ന തേരോട്ടങ്ങളെക്കുറിച്ചോര്‍ത്ത് ഉള്ളിലൊരു നടുക്കമുണ്ടായി.
തിരുവത്താഴചിത്രത്തിനും ക്ലോക്കിനുമിടയില്‍ അപ്പോള്‍ എട്ടുകാലി തന്റെ വാസസ്ഥലനിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. തമ്പിയണ്ണന്‍ ഒരിക്കല്‍ക്കൂടി ചില്ലുവാതില്‍ തുറന്നടച്ചപ്പോള്‍ വീണ്ടും അറക്കപ്പൊടിമണം ഉള്ളിലേക്ക് പടര്‍ന്നു. 
''അവര്‍ക്ക് കുടിക്കാനുള്ള വെള്ളവും ഒരു എക്സ്ട്രാ ബെഡും കൊടുക്കണം.''
തിരികെവന്ന ഹബീബും ലോകേഷും അതുകേട്ട് സ്റ്റോര്‍ റൂമിലേക്ക് കയറിപ്പോയി.
വീണ്ടും കൗണ്ടറിലേക്കു തന്നെ മുഖം ചേര്‍ത്തുവെച്ച് കിടന്നു. ഓരോന്ന് ഓര്‍ത്തോര്‍ത്ത് മയങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ പതിനൊന്നു മണി. പുറത്ത് മഴ വീണ്ടും കനം വെച്ചിരുന്നു.


മെല്ലെ മുകള്‍നിലയിലേക്ക് നടന്നുകയറി. സ്ഥിരതാമസക്കാരനായ മെഡിക്കല്‍ റെപ് വിനോദ്, പടവുകളിലിരുന്ന് ഫോണില്‍ അടക്കിയ ശബ്ദത്തില്‍ സംസാരിക്കുന്നതിനിടയില്‍ കൈയുയര്‍ത്തിക്കാട്ടി. ഇരുന്നൂറ്റിമൂന്നാം നമ്പര്‍ മുറിയുടെ വാതില്‍ തുറന്നുതന്നെ കിടക്കുകയായിരുന്നു. കുട്ടികള്‍ മൂന്നും ബെഡില്‍ നിരന്നുകിടന്ന് ഉറക്കമായിട്ടുണ്ട്. ഉറങ്ങാതെ അരികിലിരുന്ന വൃദ്ധ കാല്‍പ്പെരുമാറ്റം കേട്ട് വാതില്‍ക്കലേക്ക് വന്നു. എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് അവര്‍ കരയാന്‍ തുടങ്ങി. 
''ഒത്തിരി നന്ദിയുണ്ട് സാര്‍. ഇങ്ങനെയൊക്കെയാവുമെന്ന് ഒട്ടും വിചാരിച്ചില്ല. അവര്‍ തമ്മില്‍ നല്ല സ്‌നേഹമായിരുന്നു. എന്താണ് സംഭവിച്ചേന്ന് എത്രയാലോചിച്ചിട്ടും മനസ്സിലാവുന്നില്ല. അവന്‍ പാവമാരുന്നു. അവള്‍ക്കും അവനെ ജീവനാരുന്നു. പലരും പറയുന്ന കഥകള്‍ കേട്ടിട്ട് പേടിവരുന്നു. ഒരു സഹായത്തിനിപ്പോള്‍ ആരുമില്ല.''
''വിഷമിക്കണ്ട. ആരേലുമൊക്കെ ആവശ്യമുള്ള സമയങ്ങളില്‍ അടുത്തുണ്ടാകും.''
അത്രമാത്രമേ പറയാന്‍ കഴിഞ്ഞുള്ളു.
കൂടുതലെന്തെങ്കിലും സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നിയതിനാല്‍ തിരിഞ്ഞുനടന്നു. ചില്ലുവാതിലിന് പുറത്ത്, പോര്‍ച്ചിലിരുന്ന് തമ്പിയണ്ണന്‍ സിഗററ്റ് പുകയ്ക്കുന്നുണ്ടായിരുന്നു. പഴയ 'പുള്ളിമാന്‍ റേഡിയോ ക്ലബി'ന്റെ മേല്‍ക്കൂരയില്‍ വീണുതെറിക്കുന്ന തുള്ളികളിലേക്ക് ട്രെയിലറുകളുടെ വെളിച്ചം ദീപാവലി തീര്‍ക്കുന്നത് കണ്ടു. മരിയ ലോഡ്ജിനും ഓഡിറ്റോറിയത്തിനും കളീയ്ക്കല്‍ ടിമ്പേഴ്സിനും കണ്ണാശുപത്രിക്കും പൂക്കടയ്ക്കും നടുവിലൂടെ ജംഗ്ഷനെ തൊട്ടുകൊണ്ട് നാഷണല്‍ ഹൈവേ, രാജ്യത്തിന്റെ അതിരുകളിലേക്ക് നനഞ്ഞു നീണ്ടുകിടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com