കുറച്ചു കുട്ടികള്‍: ഉണ്ണി ആര്‍ എഴുതുന്ന കഥ

വരിവരിയായി നിന്ന്, ഒച്ചയനക്കമില്ലാതെ, ഓരോ നോട്ടത്തിലും ഓരോ ശ്വാസത്തിലും ഓരോ ചുവടിലും അടക്കം അടക്കം വെച്ച കുറച്ചു കുട്ടികള്‍.
ഉണ്ണി ആര്‍
ഉണ്ണി ആര്‍

രിവരിയായി നിന്ന്, ഒച്ചയനക്കമില്ലാതെ, ഓരോ നോട്ടത്തിലും ഓരോ ശ്വാസത്തിലും ഓരോ ചുവടിലും അടക്കം അടക്കം വെച്ച കുറച്ചു കുട്ടികള്‍. വാക്കുകളെ ആട്ടിത്തെളിച്ച ഇടയനില്‍നിന്ന് കണ്ടു പഠിച്ച്, കേട്ടു പഠിച്ച്, കുറുക്കിയെഴുത്തു വിദ്യയ്ക്കു നിലത്തിരുന്ന കുറച്ചു കുട്ടികള്‍. പക്ഷിയെ, അതോ കണ്ണിനെ, എവിടെയാണ് ഉന്നം വെച്ചത് എന്ന് ആറു മുഴുവന്‍ നീന്തിയിട്ടും തിരിയാതെ പല പല അസ്ത്രങ്ങള്‍ എറിഞ്ഞ്, മുറിഞ്ഞ്, തഴമ്പിച്ച കൈകളുമായി കുറച്ചു കുട്ടികള്‍. ഊരിത് മലയാളം? ഊരത് തമിഴകം? ചിന്താവിഹീനരായി പാലത്തിലൂടെ ഓടിയോടി തളര്‍ന്നുപോയ കുറച്ചു കുട്ടികള്‍. എത്ര ആഴത്തില്‍? എത്ര ഉയരത്തില്‍? കണക്ക് പിഴച്ച് സ്‌കൂളിനു മുറ്റത്ത് നീളത്തില്‍, വട്ടത്തില്‍ ഓടുന്ന കുറച്ചു കുട്ടികള്‍. ആറ്റിക്കുറുക്കും തോറും എത്ര വീര്യമിതെന്നു നുണഞ്ഞ കുറച്ചു കുട്ടികള്‍. നുണഞ്ഞു മധുരിച്ചവര്‍, കയ്ച്ചവര്‍, പൊള്ളിയവര്‍, ആറ്റിലേക്ക്, ഊരിലേക്ക് കുറുക്കിയെടുക്കുമ്പോള്‍ ഊറുന്ന ആറ്റൂരിലെ സ്‌കൂളിലെ കുറച്ചു കുട്ടികള്‍. ഇപ്പോള്‍ വരും മാഷെന്നു കരുതി മഴ, വെയില്‍ ദിക്കുകളില്‍ ചാരിയിരുന്ന് ഉറങ്ങുന്ന കുറച്ചു കുട്ടികള്‍. ചിന്തേരിടും പോലൊരു ഒച്ചയില്‍ ഉണര്‍ന്ന്, മിഴിച്ച്, കൊമ്പും വാലും തൊട്ട് പല പല രൂപങ്ങളായി വാക്ക് കുതറുമ്പോള്‍ ആറ്റിയെടുക്കുന്നതിന്റെ രഹസ്യമറിഞ്ഞുവെന്ന് വിശ്വസിച്ച് ആശ്വസിച്ച്, വിടര്‍ത്തിയിട്ട താളുകളിലേക്ക് മടങ്ങുന്ന കുറച്ചു കുട്ടികള്‍. എത്രയെറിഞ്ഞിട്ടും ചൂണ്ടയില്‍ കൊരുങ്ങാതെ, ക്ലാസ്സ് മുറിക്കപ്പുറത്തേയ്ക്കു ചാടിയ ചെറുവിരലോളം പോന്ന മീന്‍. ആറ്റില്‍നിന്നും സമുദ്രത്തിലേക്ക് നീന്തും തോറും കടല്‍പോലെ, ഗാന്ധി പോലെ കുറുക്കിയെടുത്ത ഉപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com