താഴിയില്‍ കവിപ്പോര്‍ - സുദീപ് ടി. ജോര്‍ജിന്റെ കഥ 

തോടും കണ്ടവും ആറും കടന്ന് നാലുകാതം പടിഞ്ഞാട്ടുപോയാലെത്തുന്ന അമിച്ചകരി. പമ്പയുടെ തീരമാണ്. അവിടെയായിരുന്നു ചേത്തിയുടെ വീട്.
താഴിയില്‍ കവിപ്പോര്‍ - സുദീപ് ടി. ജോര്‍ജിന്റെ കഥ 

മുള്ളിക്കൊണ്ടു മൂന്നുതവണ വട്ടംകറങ്ങിയ കീരി, പാമ്പിനു ചുറ്റും മൂത്രംകൊണ്ടൊരു കോട്ട കെട്ടി. പുറത്തിറങ്ങാനൊരു പഴുതു തിരഞ്ഞു പായുന്ന പാമ്പിനെ നോക്കിയാസ്വദിച്ച്, മണ്ണിലാകെ മരങ്ങളും മരങ്ങളിലാകെ പഴങ്ങളുമുള്ള വെട്ടിപ്പറമ്പിനു നടുക്കത്തെ കമ്പിളിനാരകത്തിന്റെ ചോട്ടില്‍ ചെന്നിരുന്നു കീരി. പത്തിയും വാലും മൂത്രമതിലില്‍ മുട്ടിയപ്പോഴെല്ലാം പാമ്പിന് പൊള്ളി. പാമ്പ് വീണെന്നുറപ്പായപ്പോള്‍ കീരി എഴുന്നേറ്റ് വാലൊന്നു ചുഴറ്റി പാങ്ങുനോക്കി നിന്നു. പിന്നെയൊരു കുതികുതിച്ചു. താണുപോയ പത്തി പൊക്കിയെടുത്ത് പാമ്പ് തിരിയുംമുന്‍പേ നടുവിനൊരു കടി, ഒരു കുടയല്‍. ഇരയെ പല്ലില്‍ കൊരുത്ത് കോട്ട ചാടിക്കടന്ന് ഒരോട്ടം. ഊഞ്ഞാലാടുന്ന കുരികില്‍വള്ളികള്‍ക്കടിയിലേക്കു വീണ് രണ്ടുപേരും കെട്ടിമറിഞ്ഞു. വള്ളികളിലൊന്ന് എപ്പോഴോ പൊട്ടിവീണു. കുരികില്‍ മുറിച്ച് വള്ളിക്കൊട്ട കെട്ടാന്‍ ആഞ്ഞിലിച്ചേത്തി വരുമ്പോള്‍ വാവലുകള്‍ ഈമ്പിയിട്ട പഴുക്കകള്‍ക്കും പഴുത്തുവീണു ചിതറിയ ആത്തച്ചക്കകള്‍ക്കും മേലേ, പാമ്പ് നടുവെ മുറിഞ്ഞും കീരി നീലിച്ചും കിടക്കുന്നത് കണ്ടു. അത് രണ്ടു ദിവസം മുന്‍പായിരുന്നു.
ആഞ്ഞിലിച്ചേത്തി മുപ്പത്തിമൂന്നാമത്തെ ഓലയും മെടഞ്ഞു കഴിഞ്ഞയുടനെ, ഇനീം കാത്തുനില്‍ക്കാന്‍ വയ്യെന്റെ ചേത്ത്യേന്നു പറഞ്ഞോണ്ട് സൂര്യനങ്ങുദിക്കാന്‍ തുടങ്ങി. അതത്ര പിടിച്ചില്ലെങ്കിലും മെടഞ്ഞ ഓലകളെല്ലാമെടുത്ത് കുടിലിന്റെ പുറകിലെ ചരിച്ചു കെട്ടിയ ചായ്പിലേക്കിട്ടിട്ട് വെട്ടിപ്പറമ്പിലേക്ക് ചേത്തി വെളിക്കിറങ്ങാന്‍ പോയി. മുള്‍പ്പടര്‍പ്പിന്റെ മറവിലിരിക്കുമ്പോള്‍, നിന്നെ ഞാനെടുത്തോളാമെടാ എന്ന മട്ടില്‍ ചേത്തി സൂര്യനെയൊരു നോട്ടം നോക്കി. അത് പതിവായതുകൊണ്ടും നേരം പോയതുകൊണ്ടും വായ പൊത്തി ചിരിച്ചതല്ലാതെ സൂര്യന്‍ ഒരക്ഷരവും മിണ്ടാന്‍ നിന്നില്ല. പറമ്പിലെ വെട്ടിമരങ്ങള്‍ നിറയെ കായ്ചു കിടക്കുകയായിരുന്നു. മഞ്ഞയും ഓറഞ്ചും കലര്‍ന്ന പഴങ്ങള്‍ കുറച്ചെണ്ണം താഴെ വീണിട്ടുണ്ട്. അതെല്ലാം പാമ്പുകള്‍ക്കും അവയുടെ കുഞ്ഞുങ്ങള്‍ക്കുമുള്ളതാണ്. ചേത്തിക്കു വേണ്ടത് ചേത്തി തന്നെ മരമുലുത്തി വീഴ്ത്തും. വീണില്ലെങ്കില്‍ മരത്തില്‍ കേറി പറിക്കും. 
വെട്ടിപ്പറമ്പിലാകെ പാമ്പുകളാണ്. ഇവിടെയില്ലാത്ത പാമ്പുകള്‍ ലോകത്തൊരിടത്തുമുണ്ടാവില്ലെന്നാണ് ചേത്തി പറയാറുള്ളത്. എട്ടടി മൂര്‍ഖന്‍, ചേനത്തണ്ടന്‍, മോതിരവളയന്‍, കരിമൂര്‍ഖന്‍, മഞ്ഞച്ചേര, വെള്ളിക്കെട്ടന്‍, കോഴിപ്പാമ്പ്, പയ്യാനി, നൂലുവരയന്‍, പൂച്ചക്കണ്ണന്‍, പച്ചിലപ്പാമ്പ്, വില്ലൂന്നി... ചോദിച്ചാലുടന്‍ പാട്ടുപോലെ പാമ്പുകളുടെ പേരിങ്ങനെ ചേത്തി പറഞ്ഞോണ്ടിരിക്കും. 
ആദ്യത്തെയും അവസാനത്തേയുമായ കെട്ടിയവന്‍ കുഞ്ഞൂട്ടന്‍, വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ തുരുത്തിനു നടുക്കുള്ള തോട്ടിറമ്പത്തെ ആനവായന്‍ പുരയിലേക്ക് എഴുപതു കൊല്ലം മുന്‍പൊരു പാതിരയ്ക്കു വിളിച്ചോണ്ടു വരുമ്പോള്‍ ചേത്തിക്കു പ്രായം പതിനാറു തികഞ്ഞിരുന്നില്ല.
തോടും കണ്ടവും ആറും കടന്ന് നാലുകാതം പടിഞ്ഞാട്ടുപോയാലെത്തുന്ന അമിച്ചകരി. പമ്പയുടെ തീരമാണ്. അവിടെയായിരുന്നു ചേത്തിയുടെ വീട്. വീട്ടില്‍ *അമ്മിയും അമ്മനും പതിനാറു മക്കളും. എട്ടാണും എട്ടു പെണ്ണും. ഒടുക്കത്തെയായിരുന്നു ചേത്തി. അമ്മന് മീന്‍പിടിത്തമായിരുന്നു. കൊതുമ്പുവള്ളത്തില്‍ പോയി ചൂണ്ടയിട്ടും ചേറുവെള്ളത്തില്‍ മുങ്ങിത്തപ്പിയും മീനുകളായ മീനുകളെയൊക്കെ അമ്മന്‍ പിടിക്കും. വലേന്നും ചൂണ്ടേന്നും രക്ഷപ്പെടാന്‍, ചിലവന്മാര്‍ അടിത്തട്ടിലെ കയങ്ങളില്‍ പോയി ഒളിച്ചിരിക്കും. അമ്മനുണ്ടോ വിടുന്നു! മൂക്കുപൊത്താതെ, കണ്ണുപൊത്താതെ, മുത്തപ്പാ മുത്തപ്പാന്നു വിളിക്കാതെ, ഉടുത്ത കുറിയാണ്ട് ഉരിഞ്ഞെടുത്ത് വള്ളത്തേലോട്ടൊരേറു വെച്ചുകൊടുത്തിട്ട് ഉറച്ചുകൂര്‍ത്ത സ്വന്തം ഉടല്‍ കയത്തിലേക്ക് തൊടുത്തുവിടും. ചെകിള കൂട്ടിയാണ് പിടിത്തം. പിന്നെ ഒറ്റയൊരെണ്ണം അനങ്ങത്തില്ല. തിരിച്ചുപൊങ്ങുമ്പോള്‍ രണ്ടു കൈയിലും ആറ്റുവാളയും ചേറ്റുമീനുമൊക്കെ തോറ്റേന്നു പറഞ്ഞ് തുറിച്ചിരിപ്പുണ്ടാവും. പരലോ പള്ളത്തിയോ കാരിയോ കുറുവയോ ഏതെങ്കിലുമൊന്ന് അമ്മന്റെ വായില്‍ പല്ലുകള്‍ക്കിടയില്‍ കിടന്ന് കുതറുന്നുമുണ്ടാവും.


മാനത്തു നല്ല കോളുകൊണ്ട ഒരു പുലര്‍ച്ചെ മുങ്ങിയപ്പോള്‍ മാത്രം പിഴച്ചു. പൊങ്ങേണ്ട നേരം കഴിഞ്ഞിട്ടും പൊങ്ങിയില്ല. നേരം വെളുത്ത് അതിലേ നെല്ലുമായി പോയ കെട്ടുവള്ളത്തിന്റെ കഴുക്കോല്‍ ദേഹത്തു വന്നുകൊണ്ടപ്പോള്‍, കയത്തിന്റെ കുടുസ്സു തൊണ്ടയില്‍നിന്ന് അമ്മന്‍ സ്വതന്ത്രനായി. വെള്ളത്തിനു മുകളില്‍ പൊങ്ങിയ അമ്മനെ തുഴക്കാരെടുത്ത് വള്ളത്തിലോട്ടു കിടത്തിയപ്പോള്‍ വരാലുപോലൊന്നു പിടഞ്ഞു. പിന്നെ അനങ്ങിയില്ല. കൈയുടെ പാതിയോളം നീളമുള്ള ഒരു ആറ്റുവാള വാല് മാത്രം പുറത്തു കാണിച്ച് അമ്മന്റെ തൊണ്ടയിലെ കയത്തില്‍ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു. അതില്‍പ്പിന്നെ അമ്മനെക്കുറിച്ച് എപ്പോള്‍ ഓര്‍ത്താലും ചേത്തിയുടെ മനസ്സില്‍ ഒരു ആറ്റുവാള കിടന്നു പിടയ്ക്കും.
അമ്മന്‍ പോയതിന്റെ പിറ്റേക്കൊല്ലമാണ് ചക്കുളത്തുകാവിരിക്കുന്നതിന്റെ തെക്കേപ്പറമ്പില്‍ മദപ്പാടുമായി തളച്ചിരുന്ന കുട്ടിക്കൃഷ്ണന്‍ ചങ്ങല പൊട്ടിച്ച് പാഞ്ഞത്. ഓടിയ വഴികളിലൊക്കെ അവന്‍ തന്റെ അടയാളം പതിക്കുന്നുണ്ടായിരുന്നു. കുട്ടിക്കൃഷ്ണന്‍ കടന്നുപൊയ്ക്കഴിഞ്ഞപ്പോള്‍, കുടികള്‍ നിന്നിരുന്ന ഇടങ്ങളിലൊക്കെ ചാണകം മെഴുകിയ തറകളും തറകളില്‍ മുഖം പൂഴ്ത്തിക്കിടക്കുന്ന മെടയോലകളും മാത്രം ശേഷിച്ചു. ചട്ടിയും കലങ്ങളും തങ്ങളെ മെനഞ്ഞ കളിമണ്ണിലേക്ക് മടങ്ങിപ്പോയിരുന്നു.
തളയ്ക്കാന്‍ പണി തൊണ്ണൂറ്റാറും നോക്കി. പാപ്പാന്മാര്‍ വിരണ്ടോടിയതു മാത്രം മിച്ചം. ഒടുവില്‍, ഇരുപത് കൊല്ലത്തെ പാപ്പാന്‍പണിക്കിടയില്‍ കൊലയാനകള്‍ എട്ടെണ്ണത്തിനെ തോട്ടിയില്‍ കൊരുത്തിട്ടവനെന്ന പേരുമായി തകഴിയില്‍നിന്ന് അപ്പായി വന്നു. മുള്ളുവേങ്ങയുടേതുപോലെ മേലാകെ കൂര്‍ത്ത കുരുപ്പുകളുള്ള അപ്പായിയുടെ വയറിന്റെ ഇടത്തേച്ചരുവില്‍ പണ്ടെങ്ങോ കൊമ്പു കയറിയ ഒരു പാട് തടിച്ചുകിടപ്പുണ്ട്. നാലഞ്ചാളുകളേയും കൂട്ടി അപ്പായി കുട്ടിക്കൃഷ്ണന്റെ പുറകേ പോയി. കുട്ടിക്കൃഷ്ണന്‍ അപ്പോള്‍ നീരേറ്റുപുറത്തെ എണ്ണച്ചക്ക് ആട്ടിപ്പിഴിയുകയായിരുന്നു. നിന്നനില്പില്‍ അപ്പായിയൊന്ന് വട്ടംകറങ്ങുന്നത് കണ്ടു. നിമിഷനേരം കൊണ്ട് കുട്ടിക്കൃഷ്ണന്റെ പിന്‍കാലില്‍ വടം മുറുകി. മറ്റേ അറ്റം തൊട്ടടുത്ത പ്ലാവില്‍ ചുറ്റി. അതിനുള്ള നേരമേ കുട്ടിക്കൃഷ്ണന്‍ അനുവദിച്ചുള്ളൂ. മസ്തകത്തിനകത്ത് കാട്ടുകടന്നലുകള്‍ മൂളിപ്പറക്കുകയായിരുന്നു. നെറ്റിപ്പട്ടത്തിന്റെ അടയാളങ്ങള്‍ തഴമ്പിച്ചു കിടന്ന ചെന്നിയിലെ, വെള്ള തെളിഞ്ഞ ചാലുകളിലൂടെ ഉള്ളിലുരുകുന്ന വെങ്കലത്തിന്റെ ലാവ തിളച്ചുതൂവാന്‍ തുടങ്ങി. ചക്കിനു പിന്നിലെ തേങ്ങാപ്പിണ്ണാക്കിന്റെ കൂനയിലേക്ക് അനിച്ചയുള്ള പിണ്ടമിട്ടുകൊണ്ട് അവനൊന്നു ചിന്നം വിളിച്ചു. ആ വിളി വന്നു തട്ടിയിട്ട് എടത്വാ പള്ളിയുടെ കല്‍ക്കുരിശ് വിറച്ചു. അത് നിലയ്ക്കും മുന്നേ അപ്പായി കുട്ടിക്കൃഷ്ണന്റെ കൊമ്പിലും സഹായികള്‍ കാലിനടിയിലും കിടന്ന് ചട്ടിയും കലവും കളിമണ്ണായി മാറുന്ന അതേ രാസവിദ്യ ആവര്‍ത്തിക്കാന്‍ തുടങ്ങി. ശങ്കുണ്ണിമേനോനായിരുന്നു അന്ന് ദേശത്തെ അധികാരി. മണ്ണുവഴി തീരുന്നിടത്ത് മേനോന്റെ വില്ലുവണ്ടി വന്നുനിന്നു. അധികാരിയുടെ കാലുകള്‍ കല്ലില്‍ തട്ടാതിരിക്കാന്‍ പിന്നീടങ്ങോട്ട് കുട്ടിക്കൃഷ്ണനിലേക്കുള്ള വഴിയപ്പടി നാലുപേര്‍ ചേര്‍ന്ന്, ചുവന്ന തേക്കിന്റെ പല്ലക്കില്‍ ചുമന്നുകൊണ്ടാണു പോയത്. പല്ലക്കില്‍നിന്നിറങ്ങിയതേ മേനോന്‍ കല്പിച്ചു : വെടി. 
പറഞ്ഞുതീര്‍ന്നതും പൊട്ടി. കൊമ്പില്‍ കൊരുത്ത അപ്പായിയെ കുടഞ്ഞെറിയാതെ പിന്‍കാലില്‍ തറച്ച തോട്ടയുമായി കുട്ടിക്കൃഷ്ണന്‍ ഒന്നരക്കാതം ഓടി ദേവസ്വത്തിലെ കച്ചിത്തുറുവും കുത്തിമറിച്ച് ആറ്റില്‍ ചാടി. കൊമ്പിലെ ഭാരം കടവിലെ കല്ലില്‍ ഊരിവെച്ചിട്ടാണ് കുട്ടിക്കൃഷ്ണന്‍ അക്കരയ്ക്കു നീന്തിയത്. തെറ്റിമാറിക്കിടന്ന കരിങ്കല്ലില്‍, വറുക്കാന്‍ അരച്ചുപുരട്ടി വെച്ച മഞ്ഞക്കൂരി കണക്കെ അപ്പായി കിടന്നു. മേനോന്‍ വീണ്ടും കല്പിച്ചു. ഇത്തവണ ഒരേസമയം അക്കരെനിന്നും ഇക്കരെ നിന്നും വെടിപൊട്ടി. തുമ്പിയുയര്‍ത്തി കുട്ടിക്കൃഷ്ണന്‍ ഉച്ചം വിളിച്ചു. അതുകേട്ടതും അമിച്ചകരിയില്‍ത്തന്നെ പെയ്യാന്‍ പുഴയ്ക്കു മുകളില്‍ മുട്ടിനിന്ന മഴക്കാറ് തെക്കോട്ട് വിരണ്ടോടി നിരണത്തു പോയി ഒന്നര ദിവസം നിര്‍ത്താതെ പെയ്തുകളഞ്ഞു. കുട്ടിക്കൃഷ്ണന്റെ പാറമടപോലത്തെ ശരീരം കരയ്ക്കു കയറ്റാന്‍ ഒരു പകല്‍ മുഴുവന്‍ വേണ്ടിവന്നു. കേട്ടറിഞ്ഞ് കേട്ടറിഞ്ഞ് കാഴ്ച കാണാന്‍ കരകളായ കരകളില്‍ നിന്നൊക്കെ ആള്‍ക്കൂട്ടമെത്തി. അവരുടെ കൂട്ടത്തില്‍ കുഞ്ഞൂട്ടനും ഉണ്ടായിരുന്നു. കുട്ടിക്കൃഷ്ണനില്‍നിന്ന് കണ്ണെടുക്കാതെ ആറ്റുതീരത്തുതന്നെ നിന്ന ആഞ്ഞിലിയുടെ തൊട്ടുപുറകില്‍ കുഞ്ഞൂട്ടന്‍ തിളച്ചുപൊങ്ങി നിന്നു. വീര്‍ത്തുകിടന്ന കുട്ടിക്കൃഷ്ണനെ ദേവസ്വത്തിലെ ആനകള്‍ വടം കെട്ടി വലിച്ചുകേറ്റുമ്പോള്‍ കുഞ്ഞൂട്ടനും ഒപ്പം കൂടി. കുട്ടിക്കൃഷ്ണനും അവന്റെ കരുത്തുറ്റ കറുപ്പും വയസ്സറിയിച്ച നാളുതൊട്ട് ആഞ്ഞിലിയുടെ ഹരമായിരുന്നു. അതേ കറുപ്പാണല്ലോ കുഞ്ഞൂട്ടനും എന്നു വിചാരിച്ച് ആഞ്ഞിലി തിരിഞ്ഞപ്പോള്‍ കുഞ്ഞൂട്ടന്‍ ചോദിച്ചു: ''പോരുന്നോ?''
അന്ന് പോന്നതാണ്.
മുള്‍പ്പടര്‍പ്പിന്റെ ഓരം പറ്റിയുള്ള പൊത്തില്‍നിന്ന് ഇറങ്ങിവന്ന *പയ്യാനി, ആഞ്ഞിലിച്ചേത്തിയെ കണ്ടതും തലപൊക്കി ചിരിച്ചു. 
''എന്തോന്നാ ഇത്ര ആലോചന?'' എന്നു ചോദിച്ച പാമ്പിനോട്, വെളിക്കിറങ്ങുമ്പോ ഓരോന്നോര്‍ക്കാന്‍ നല്ല രസമാന്ന് പറഞ്ഞ് ആഞ്ഞിലിച്ചേത്തി എഴുന്നേറ്റു. 
''പിള്ളേരെ കണ്ടില്ലല്ലോടീ.''
''അതുങ്ങള് രാവിലെ നെരക്കത്തിനെറങ്ങീട്ടൊണ്ട്.'' തലയാട്ടിക്കൊണ്ട് പാമ്പ് ഒരു വെട്ടിപ്പഴോം കടിച്ചെടുത്ത് പൊത്തിലോട്ട് തിരിച്ചു കേറി. എന്നാ ഞാന്‍ പോവാണേന്നും പറഞ്ഞ് ചന്തി കഴുകാന്‍ ചേത്തി തോട്ടിലോട്ടിറങ്ങി. തോട്ടിലിന്ന് ഒഴുക്ക് കൂടുതലാണ്. എന്നിട്ടും നടുക്ക് ചെന്നു നിന്നു. 
അമിച്ചകരിയില്‍നിന്ന് ആഞ്ഞിലിയെ കൂട്ടിക്കൊണ്ടുവന്ന പാതിരാത്രിയില്‍, പുരയില്‍ കേറിയതും ഒരു മണ്ണെണ്ണവിളക്കു കത്തിച്ചുവെച്ചിട്ട് കുഞ്ഞൂട്ടന്‍ പറഞ്ഞു: നിന്റെ തുണിയെല്ലാം അഴിച്ചുകള. 
പറഞ്ഞതും കുഞ്ഞൂട്ടന്‍ സ്വന്തം ദേഹത്താകെയുണ്ടായിരുന്ന കുറിയാണ്ടഴിച്ച് താഴെയിട്ടു. കുഞ്ഞൂട്ടന്‍ തിരിഞ്ഞപ്പോള്‍ ആഞ്ഞിലി മുണ്ടഴിക്കാതെ നാണിച്ചു നില്‍പ്പാണ്. 
''അഴിക്ക് പെണ്ണേ. അഴിച്ചിട്ടെന്റൂടെ വാ.''
ഇത്തവണ കുഞ്ഞൂട്ടന്റെ ഒച്ചകേട്ടതും മുണ്ട് തന്നത്താനെയഴിഞ്ഞങ്ങ് താഴെ വീണു.
മണ്ണെണ്ണവിളക്കിന്റെ വെട്ടത്തെ പിന്നിലാക്കി കുഞ്ഞൂട്ടന്റെ കൂടെ ആഞ്ഞിലി പുറത്തേക്കു നടന്നു.
തോടും കണ്ടങ്ങളും തോട്ടീടിക്കത്തെ കൈതക്കാടും ആഞ്ഞിലിയെ നല്ലോണം കണ്ടു. കുഞ്ഞൂട്ടനാണ് ആദ്യം തോട്ടിലേക്കിറങ്ങിയത്. വെള്ളത്തിലെന്തോ വീഴുന്ന ഒച്ച കേട്ട് ആഞ്ഞിലി ഞെട്ടി. 
''വെള്ളയ്ക്കയാ.'' തന്നെ പൊക്കിയെടുത്ത് വെള്ളത്തിലേക്കിടുമ്പോള്‍ കുഞ്ഞൂട്ടന്‍ പിറുപിറുക്കുന്നത് ആഞ്ഞിലി കേട്ടു. പിടഞ്ഞെണീറ്റു മാറുമ്പോഴും മോത്തും മേത്തും മുലയിലും നാണം കെട്ടിപ്പിടിച്ച് നില്‍പ്പുണ്ടായിരുന്നു.
''നാണമെന്തിന് പെണ്ണേ? ഇവിടാരും കാണാനില്ല.'' 
ഒഴുക്കുവെള്ളം കീറി കുഞ്ഞൂട്ടന്‍ വന്നു. വെടി കൊണ്ടിട്ടും ആറ്റില്‍ ചാടി നീന്തിയ കുട്ടിക്കൃഷ്ണനെ ആഞ്ഞിലിക്ക് ഓര്‍മ്മവന്നു. തുമ്പിക്കൈ നീട്ടി കുട്ടിക്കൃഷ്ണന്‍ വലിച്ചടുപ്പിക്കുന്നു. കൊമ്പുകള്‍കൊണ്ട് വയറ്റിലും പിന്നിലും ഉഴിയുന്നു. കാലുകള്‍ക്കിടയിലേക്കു ചേര്‍ത്തുനിര്‍ത്തുന്നു. കണ്ടത്തിലെ തവളകള്‍ ഒച്ചകൂട്ടി. പുനങ്ങളില്‍നിന്ന് പുളവന്മാര്‍ തലനീട്ടി. സ്വന്തം ഉടലിനകത്ത് ഒരു ആറ്റുവാളയുടെ പുളച്ചില്‍ അന്നാദ്യമായി ആഞ്ഞിലിയറിഞ്ഞു.
അതൊക്കെയോര്‍ത്തപ്പോള്‍ ആഞ്ഞിലിച്ചേത്തിക്ക് കൊതിവന്നു. ചന്തീം കഴുകി കുളീം കഴിഞ്ഞ് കേറിയപ്പോ കുടിലിന്റെ ഓലമറയില്‍ സൂര്യന്‍ കുത്തിമറിഞ്ഞു കളിക്കാന്‍ തുടങ്ങിയിരുന്നു. അടുക്കളഭാഗത്തെ ഓലയെല്ലാം പൊടിഞ്ഞു നാശമായിട്ടുണ്ട്. മെടഞ്ഞ ഓല കേറ്റി ഇന്നുതന്നെ മേയണം. ഇല്ലെങ്കില്‍ വാതില്‍ക്കല്‍ വന്നുനില്‍ക്കുന്ന തുലാമഴ പുരയ്ക്കകത്ത് വേണ്ടാത്ത തൊന്തരവൊപ്പിക്കും.
ചേത്തി പിന്നാമ്പുറത്തു ചെന്ന് മെടഞ്ഞ ഓലകള്‍ ഓരോന്നായെടുത്ത് പുറത്തേക്കിട്ടു. ഏറ്റവും അടിയിലത്തെ ഓല പൊക്കിയതും രണ്ടു പയ്യാനിക്കുഞ്ഞുങ്ങള്‍ ഉറക്കം മുറിഞ്ഞതിന്റെ അലോസരത്തില്‍ ചിണുങ്ങി.
''ആങ്ഹാ! നീയൊക്കെ ഇവിടെ വന്നു കെടക്കുവാണോ! ദോണ്ട് അമ്മ വീട്ടിലോട്ടു പോയിട്ടൊണ്ട്. ചെല്ല്. ചെന്നു വല്ലോം തിന്ന്.''
എന്നിട്ടും കുഞ്ഞുങ്ങള്‍ മടിപിടിച്ചു കിടക്കുന്നതു കണ്ടപ്പോള്‍ ചേത്തിക്ക് അരിശം വന്നു. ചന്തിക്കിട്ട് ഓരോ വീക്കും വെച്ചുകൊടുത്ത് രണ്ടിനേം എണീപ്പിച്ചുവിട്ടു. കുണ്ടിയും കുണുക്കി കുഞ്ഞുങ്ങള്‍ വെട്ടിപ്പറമ്പിലേക്ക് ഇഴഞ്ഞുപോവുന്നതു കണ്ടുനില്‍ക്കെ, ഇളംചൂടുള്ള ചുണ്ടുകളും നെന്മണി പോലെ പൊടിച്ചുവരുന്ന പല്ലുകളും അമ്മിഞ്ഞയുടെ അറ്റത്ത് വലിച്ചുപിടിച്ചു കടിക്കുന്നത് ചേത്തിയറിഞ്ഞു...
എത്ര കൊല്ലം മുന്‍പാണെന്നോര്‍മ്മയില്ല. അല്ലെങ്കിലും കാലത്തിന്റെ കടലാസുകള്‍ ചേത്തിയങ്ങനെ നമ്പരിട്ട് അടുക്കിവെയ്ക്കാറില്ല. അവയങ്ങനെ ചിതറിക്കിടക്കും. വെറുതെയിരിക്കുമ്പോഴും വെളിക്കിറങ്ങുമ്പോഴുമാണ് ഓരോരോ തോന്നലുകള്‍ വരുന്നത്. അന്നേരം ഓരോന്ന് എടുത്തുനോക്കും. ഓര്‍ക്കും. അങ്ങനെ ഓര്‍ത്തതാണ്... അന്ന് കുഞ്ഞൂട്ടനും ചാന്നനും കാളനും ഉള്‍പ്പെടെ തുരുത്തിലെ ആണുങ്ങളെല്ലാം കൂടി കണ്ടത്തില്‍ വിതയ്ക്കാന്‍ പോയിരിക്കുകയായിരുന്നു . അരി അടുപ്പത്തിട്ട് തോട്ടുവക്കത്തിരുന്ന് ആഞ്ഞിലി ഓല മെടയാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ചാന്നന്റെ കെട്ടിയോള്‍ കോച്ചിയും കാളന്റെ കെട്ടിയോള്‍ കുഞ്ഞേരീം രണ്ടുകെട്ട് ഓലയും എടുത്തോണ്ടു വന്ന് കൂടെക്കൂടി. ഏഴാമത്തെ ഓല മെടഞ്ഞോണ്ടിരിക്കുകയായിരുന്നു. വയറ്റിനകത്ത് വല്ലാത്തൊരു ഒച്ചേം ബഹളോം. കൊറേ മാസങ്ങളായി അറിഞ്ഞോണ്ടിരിക്കുന്ന ഇളക്കങ്ങളായതുകൊണ്ട് ഓലയിലെ വെള്ളം പറ്റിയ നനഞ്ഞ കൈ വയറ്റത്തൊന്നു തൂത്ത് ''അടങ്ങിക്കെടക്ക് കൊച്ചേന്നു പറഞ്ഞു.'' കോച്ചിയും കുഞ്ഞേരീം അതുകേട്ട് ചിരിച്ചു. പക്ഷേ, കൊച്ച് കേള്‍ക്കുന്ന മട്ടില്ല. പിന്നേം ഒരേ ചവിട്ടും കുത്തും വെപ്രാളോം. അറിയാത്ത മട്ടില്‍ പറപറാന്ന് ഓല മെടഞ്ഞോണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോ വയറ്റിലെ പുകിലങ്ങ് നിന്നു. ''അപ്പോ നെനക്ക് കേക്കാനറിയാം.''
പത്തിരുപത്താറെണ്ണം മെടഞ്ഞു കാണും. തലപൊക്കി നോക്കിയപ്പോ സൂര്യന്‍ ചിരിച്ചോണ്ടു കിഴക്കേലെ കടപ്ലാവിന്റെ മോളില് നില്‍ക്കുന്നു. ''എന്തൊരു മെടച്ചിലാ എന്റാഞ്ഞിലീ! കഞ്ഞീടെ കാര്യം മറന്നോ?'' എന്ന് സൂര്യന്‍ ചോദിച്ചപ്പോഴാണ് അക്കാര്യം ഓര്‍ത്തതുതന്നെ. 
(അന്നൊക്കെ സൂര്യന്‍ ആഞ്ഞിലീന്നേ വിളിക്കത്തൊള്ളൂ. കാലം കൊറേ കഴിഞ്ഞിട്ടാ ചേത്തീന്നൊള്ള വിളി തുടങ്ങിയത്.)
അടുക്കളയില്‍ ചെന്നു നോക്കുമ്പോള്‍ കലത്തിനുമുകളില്‍ വെള്ളം കിടന്നു പതയുന്നു. വെന്തുവീര്‍ത്ത പുഴുക്കലരിച്ചോറ് പാതകത്തിലും ചാണകം മെഴുകിയ നിലത്തും തൂവിക്കിടക്കുന്നു. കാലിനെടേന്ന് ഒരു നോവ് പൊങ്ങി. മെടയുമ്പോള്‍ കാല്‍ക്കീഴില്‍നിന്ന് ഓല തെന്നാതിരിക്കാന്‍ ചെയ്യുംപോലെ പെരുവിരലുകൊണ്ട് തറയില്‍ അമര്‍ത്തി. എത്ര പിടിച്ചിട്ടും പിടികിട്ടുന്നില്ല. കൈയില്‍നിന്ന് ഓല വഴുതിപ്പോകുന്നു. ഓലക്കീറുകള്‍ കളംതെറ്റി പിണയുന്നു. ഈര്‍ക്കിലിന്റെ കൂര്‍ത്ത പല്ല്‌കൊണ്ട് കൈവെള്ള മുറിയുന്നു... ചോറുമണികള്‍ക്കു മുകളിലേക്ക് മറിഞ്ഞുവീഴുന്ന നേരത്ത് മുണ്ടിലൊരു നനവറിഞ്ഞു. തൊട്ടുനോക്കിയപ്പോള്‍ കൈത്തലം കുതിര്‍ന്നു. തോട്ടിലും കണ്ടത്തിലും മുട്ടയിടാന്‍ ആറ്റില്‍നിന്നു കേറിവരുന്ന ഊത്തമീനുകളെ വെട്ടിപ്പിടിക്കുമ്പോള്‍ വെള്ളത്തില്‍ പടരാറുള്ള നിറം മുണ്ടിലാകെ. തുടകളിലൂടെ രണ്ടു ചാലുകള്‍, പിറന്നുവീണ പാമ്പിന്‍കുഞ്ഞുങ്ങളെപ്പോലെ കീഴ്പോട്ടിഴഞ്ഞുപോയി.
''ഒലിച്ചുപോയത് കൊറച്ച് ചോരയാന്നങ്ങ് കര്ത് പെണ്ണേ. അല്ലേല് നെന്റെ ദെണ്ണം മാറത്തില്ല.'' ആശ്വസിപ്പിക്കാന്‍ വന്നവരെല്ലാം പറഞ്ഞത് ഇതുതന്നെയായിരുന്നു. പക്ഷേ, അങ്ങനങ്ങ് കരുതാന്‍ പറ്റുമോ? കര്‍ക്കടകത്തില്‍ തോടുകവിഞ്ഞ് കണ്ടത്തില്‍ കേറുന്ന വെള്ളം, ചിങ്ങത്തോര്‍ച്ചയില്‍ തോട്ടിലേക്കുതന്നെ ഇറങ്ങിപ്പോവുന്നതുപോലാണോ  ഇത്?
നാലുനാള്‍ ഒരേ കിടപ്പു കിടന്നിട്ടും കണ്ടത്തിലും കരയിലും കാലവര്‍ഷത്തിലെ ആദ്യത്തെ പെയ്ത്തുവെള്ളം നിറഞ്ഞിട്ടും ആഞ്ഞിലിയുടെ കണ്ണീര് തോരുന്നില്ലെന്നു കണ്ടപ്പോള്‍ കുഞ്ഞൂട്ടന് സഹിക്കാന്‍ കഴിഞ്ഞില്ല. കിടക്കപ്പായയില്‍നിന്ന് കുഞ്ഞൂട്ടന്‍ രണ്ടുകൈയും കൊണ്ട് ആഞ്ഞിലിയെ പൊക്കിയെടുത്ത് വള്ളത്തില്‍ കയറ്റി തോട്ടിലൂടെ വടക്കോട്ടും തോടു ചെന്നിറങ്ങിയ തോണ്ടപ്പുറത്താറ്റിലൂടെ പടിഞ്ഞാട്ടും തുഴഞ്ഞ് പമ്പയാറ്റിലെത്തി. വെള്ളം പോണ വഴിയേ വള്ളവും പോയി. പകലെല്ലാം തുഴഞ്ഞു. രാത്രിയിലും വിശപ്പ് തോന്നുന്ന നേരത്തും മാത്രം ഏതെങ്കിലും കരയ്ക്ക് വള്ളമടുപ്പിച്ചു. അടുപ്പുകൂട്ടി കഞ്ഞിയുണ്ടാക്കി, പ്ലാവില കുത്തി കുമ്പിളുണ്ടാക്കി കുഞ്ഞൂട്ടന്‍തന്നെ ആഞ്ഞിലിക്കത് കോരിക്കൊടുത്തു. രാത്രിയില്‍ വള്ളത്തില്‍ വിരിച്ച തഴപ്പായയില്‍, മെല്ലെയിളകുന്ന ഓളങ്ങള്‍ക്കു മുകളില്‍ കുഞ്ഞൂട്ടന്റെ കറുപ്പില്‍ പുതഞ്ഞ് ആഞ്ഞിലി കിടന്നു. അഞ്ചാംനാള്‍ തുരുത്തില്‍ മടങ്ങിയെത്തിയപ്പോള്‍ ആഞ്ഞിലി വീണ്ടും പഴയ ആഞ്ഞിലിയായെന്ന് കോച്ചിയും കുഞ്ഞേരീം പറഞ്ഞു.
പതിനഞ്ചു കുടുംബങ്ങളാണ് അന്ന് തുരുത്തില്‍ ആകെയുള്ളത്. ആണുങ്ങളെല്ലാം നേരം വെളുക്കുമ്പഴേ ദേവസ്വത്തിലെ തമ്പ്രാന്റെ മണ്ണിലോട്ടിറങ്ങി മണ്‍വെട്ടിയും കരത്തൂമ്പയുമാവും. ആണുങ്ങള്‍ പോകുന്ന പുറകെ പെണ്ണുങ്ങളും ഇറങ്ങും; ഒരു നേരത്തെ കഞ്ഞിക്ക് ചേറാവാന്‍, ചേറിലും ചേറായ ചെളിയാവാന്‍. പക്ഷേ, അതിനുമുന്‍പ് പറമ്പില്‍ വീണുകിടക്കുന്ന കമുകിന്‍പാള പോയി എടുത്തോണ്ടു വരണം. തോട്ടിലെ തെളിവെള്ളത്തില്‍ കഴുകി വൃത്തിയാക്കി അത് വളച്ചെടുക്കും. അരികുകളില്‍ കമുകിന്‍പൊളി കുത്തിക്കൊരുത്ത് സഞ്ചിയാക്കും. അതിലാണ് കഞ്ഞി കോരി നിറയ്ക്കുന്നത്. നിറഞ്ഞുകഴിഞ്ഞാല്‍ ഓലമടലിന്റെ പുറത്തുനിന്ന് വെട്ടരിവാളിന് ചീന്തിയെടുക്കുന്ന വഴുക കൊണ്ട് പാളസഞ്ചിയുടെ വായ കൂട്ടിക്കെട്ടും. പിന്നെ ഒരു തുള്ളിയോ വറ്റോ പുറത്തുപോവില്ല. കണ്ടത്തില്‍ പണിയെടുക്കുന്ന കെട്ടിയോന്മാര്‍ക്കും ക്ടാങ്ങള്‍ക്കുമുള്ള കഞ്ഞിയാണ്. കഞ്ഞി മാത്രമല്ല, തേങ്ങ ചുട്ടരച്ച ചമ്മന്തിയും എരിഞ്ഞുകത്തുന്ന കാന്താരിയും കാണും. വലിയ വാവട്ടമുള്ള കണ്ണന്‍ ചിരട്ടയിലാക്കി അത് കൈയില്‍ പിടിച്ചിരിക്കും. ഊഴംവെച്ചാണ് പെണ്ണുങ്ങള്‍ കഞ്ഞിയുണ്ടാക്കുന്നതും കൊണ്ടുപോകുന്നതും. അന്ന് ആഞ്ഞിലിയുടെ ഊഴമായിരുന്നു. കഞ്ഞിയും കൊടുത്ത് കണ്ടത്തില്‍നിന്ന് മടങ്ങിവരുമ്പോള്‍, തുരുത്തിനെ ചുറ്റിപ്പറന്നെത്തിയ കാറ്റ് ആഞ്ഞിലിയുടെ വിടര്‍ന്ന മൂക്കിലേക്ക് ചക്കരയോട്ടിമാങ്ങയുടെ തേന്‍മണം കുടഞ്ഞിട്ടു. ആഞ്ഞിലി നടത്തം നിര്‍ത്തി. മുണ്ട് കുടഞ്ഞുടുത്ത് മൂക്ക് ഒന്നുകൂടി വിടര്‍ത്തി കാറ്റു വന്ന വഴിക്ക് കൈയും വീശിയൊരു നടത്തം വെച്ചുകൊടുത്തു.
തുരുത്തിന്റെ അതിരില്‍ മുഴുവന്‍ കൈതയാണ്. മുള്ളുനിറഞ്ഞ, വാള്‍മൂര്‍ച്ചയുള്ള കൈതയോലകള്‍ക്കിടയില്‍ ആരുള്ള ചക്കകള്‍ മുഴുത്തുവരുന്നു. ആഞ്ഞിലി നിന്നില്ല. നോക്കിയുമില്ല. കൈതകള്‍ക്കു മുകളിലൂടെ ചാടി, തുരുത്തിനു ചുറ്റും കിടങ്ങുപോലെ കിടക്കുന്ന തോട്ടില്‍ ചെന്നു വീണു. ഒന്നരയാള്‍ വെള്ളമുണ്ട്. നല്ലോണം പതപ്പിച്ച് അക്കരെ നില്‍ക്കുന്ന കുടമ്പുളിയുടെ വേരില്‍ പിടിച്ച് കയറി. അവിടുന്നങ്ങോട്ട് ആളേക്കാളും പൊക്കത്തിലുള്ള പുല്ലും കാശാവും തഴച്ചുപെരുത്തു നില്‍ക്കുന്ന പറമ്പാണ്. ആ വഴിക്കാണ് മണം വരുന്നത്. കൈകള്‍ കൂര്‍പ്പിച്ച് കാടുതുളച്ച് ആഞ്ഞിലി കേറിക്കേറിപ്പോയി. ആഞ്ഞിലി വരുന്ന കാര്യം ചീവീടുകള്‍ വിളിച്ചുപറയുന്നതു കേട്ട്, കടിച്ചുപിടിച്ച മുട്ടന്‍ അണലിയേയും കൊണ്ട് ഒരു കീരി ഓടിപ്പോയി. ആലും മാവും മരുതും ചെമ്പകവും തമ്പകവും വേങ്ങയും കടമ്പും കൊന്നയും ഇലഞ്ഞിയും നിറഞ്ഞ ഒരിടത്തെത്തിയപ്പോള്‍ എന്തിലോ തട്ടി ആഞ്ഞിലി നിന്നു. പുല്ല് വകഞ്ഞുമാറ്റി നോക്കുമ്പോള്‍ കുത്തിനിര്‍ത്തിയിരിക്കുന്ന ഒരു പരന്ന കല്ല്. പാതിയും മണ്ണിനടിയിലാണ്. അതിനെ പൊതിഞ്ഞ് പാണലിന്റേയും കാശാവിന്റേയും വലിയൊരു കൂട്ടം വഴിമുടക്കി നില്‍ക്കുന്നു. ആട്ടിന്‍ചെവി പോലത്തെ പാണലിലകളിലൊന്ന് പറിച്ച് കൈവെള്ളയിലിട്ടു ഞെരടി മണപ്പിച്ചു... കൊച്ചിലേ കുടിപ്പള്ളിക്കൂടത്തില്‍ പോയിട്ടുണ്ട്, മൂന്നുകൊല്ലം. എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിച്ചു. പിന്നെയും പഠിക്കണമെന്നുണ്ടായിരുന്നു ആഞ്ഞിലിക്ക്; പഠിപ്പിക്കണമെന്ന് അമ്മനും. അധികാരിയോട് അനുവാദം ചോദിക്കാന്‍ ഒരു ദിവസം അമ്മന്‍ പോയി. തളിര്‍വെറ്റിലയും പാക്കും ചുണ്ണാമ്പും പോലഞെട്ടും ചവച്ചരച്ച് തുപ്പുമ്പോള്‍ അധികാരി അതില്‍ നാറുന്ന കഫവും ചേര്‍ക്കാറുണ്ടെന്ന്, തിരിച്ചുവന്ന അമ്മന്റെ വലത്തേ കവിള്‍ കണ്ടപ്പോഴാണ് പിടികിട്ടിയത്. പിന്നെയും കുറേക്കാലം പോയി നില്‍ക്കാറുണ്ടായിരുന്നു, പള്ളിക്കൂടത്തിനു പിന്നിലെ പാണല്‍ക്കാട്ടില്‍. പാണല്‍ത്തലകളിലെല്ലാം കെട്ടുകളുണ്ടാവും. സാറുമ്മാരുടെ വീക്കു കിട്ടാതിരിക്കാന്‍, രാവിലെ പള്ളിക്കൂടത്തിലേക്കു കേറുന്ന വഴിക്ക് പിള്ളേര് പിടിച്ചുവളച്ച് കെട്ടിയിടുന്നതാണ്. അത് നോക്കിനില്‍ക്കുമ്പോള്‍ ഓലമറയ്ക്കിടയിലൂടെ അന്നന്നത്തെ പാഠങ്ങള്‍ ചിലപ്പോഴൊക്കെ പുറത്തേക്കു ചാടിവരും. അപ്പോള്‍ ഉള്ളില്‍ സങ്കടം കുത്തും. അത് പാണലിലകളില്‍ വീഴും. ചിലപ്പോള്‍ സങ്കടമല്ല, അരിശമാണ് വരിക. അങ്ങനത്തെ ദിവസങ്ങളില്‍ പാണല്‍ത്തലകളിലെ എല്ലാ കെട്ടുകളും ആഞ്ഞിലി അഴിച്ചുവിടും. പാണലുകള്‍ ആശ്വാസത്തോടെ തലകുടഞ്ഞ് നോക്കുമ്പോള്‍, ആഞ്ഞിലി പള്ളിക്കൂടത്തിനു നേര്‍ക്കുതിരിഞ്ഞ് മുഴുവന്‍ പിള്ളേരെയും ശപിക്കും: നീയെല്ലാം തല്ലുകൊണ്ട് പൊളയ്!
ഓര്‍ത്തപ്പോള്‍ ചിരിവന്നു. ഞെരടി ഞെരടി അരഞ്ഞുപോയ പാണലില എറിഞ്ഞുകളഞ്ഞിട്ട് കൂട്ടത്തിലെ മുതിര്‍ന്ന പാണലിന്റെ തല ആഞ്ഞിലി വട്ടത്തില്‍ വളച്ചുകെട്ടി. കുറ്റിക്കാടിനു മുകളിലേക്കു തലയെടുത്തുപിടിച്ചു നില്‍ക്കുന്ന ആഴാന്തലിന്റെ ചില്ലയിലിരുന്ന് ഒരു കുഞ്ഞുപഴം കൊത്തിത്തിന്നുകയായിരുന്ന ഉപ്പന്‍, ഈ പെണ്ണിതെന്താ ചെയ്യുന്നേന്നുള്ള വിചാരത്തോടെ തലചരിച്ചു നോക്കുന്നതു കണ്ടു. ആരോടും പറഞ്ഞേക്കല്ലേ എന്ന് ഒച്ച താഴ്ത്തി ഉപ്പനോടു പറഞ്ഞിട്ട്, തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന കുറ്റിച്ചെടികള്‍ക്കിടയിലൂടെ വഴിതെളിച്ച് ആഞ്ഞിലി വീണ്ടും ചക്കരയോട്ടിമാങ്ങയുടെ പിന്നാലെ പോയി. കുറ്റിക്കാട് തീരുന്നിടത്ത് മുളങ്കൂട്ടമാണ്. കനത്തില്‍ വീണുകിടക്കുന്ന മഞ്ഞയിലകള്‍ക്കടിയില്‍ കല്ലന്‍മുളകളുടെ കുറ്റികള്‍ക്കും വേരുകള്‍ക്കും ഇടയില്‍ ഒരുറവയുണ്ട്. അതിലൂടെ ഭൂമിക്കടിയില്‍നിന്ന് വെള്ളമിങ്ങനെ തള്ളിത്തള്ളി വരും. ഉറവ നോക്കിനില്‍ക്കാതെ നടന്നു. പെട്ടെന്ന് മണം മാഞ്ഞു. നാലുചുറ്റിലും നടന്നു നോക്കി. മൂക്ക് വിടര്‍ത്തി കാറ്റിനെ വലിച്ചെടുത്തു നോക്കി. ഇല്ല, ഇപ്പോള്‍ മണക്കുന്നില്ല. ഇത്രനേരവും കൊതിപ്പിച്ചതിന്റെ ഒരടയാളവും ശേഷിപ്പിക്കാതെ ചുറ്റുപാടുമുള്ള വായുവില്‍നിന്ന് മാങ്ങയുടെ മണം മാഞ്ഞുപോയിരിക്കുന്നു. ആഞ്ഞിലിക്ക് ദേഷ്യം വന്നു. ഉറവയിലെ വെള്ളം തേവിത്തേവി തല കുതിര്‍ത്തിട്ടും ശമിക്കുന്നില്ല. ഇനി വേണമെങ്കില്‍ വെള്ളരിക്കണ്ടത്തിന്റെ കരയ്ക്കൂടെ കുടിയിലേക്ക് മടങ്ങിപ്പോകാം. കുറച്ച് ചുറ്റാണെങ്കിലും വഴിമുടക്കാന്‍ അവിടെ കാടില്ല. പക്ഷേ, പോയില്ല. പകരം, ഇത്രത്തോളം വന്ന പൊന്തയിലൂടെ, കാട്ടിലൂടെത്തന്നെ തുളച്ചുകയറിപ്പോയി അരിശം തീര്‍ത്തു. കുടിയടുക്കാറായപ്പോഴാണ് കുട്ട നെയ്യാനുള്ള കുരികിലിന്റെ കാര്യം ഓര്‍ത്തത്. തോട്ടീടിക്കൂടെ വെട്ടിപ്പറമ്പിലേക്ക് പിടിച്ചുകയറി അരയില്‍നിന്ന് *അരുവായും ഊരി കുരികില്‍വള്ളികള്‍ക്കിടയിലൂടെ ചെല്ലുമ്പോള്‍ ദാണ്ട് ഒരണലിയുടെ തലയും വാലും അളിഞ്ഞു കിടക്കുന്നു. കുരികില്‍ച്ചോട്ടില്‍ത്തന്നെ അരുവായ്ക്കു കൊത്തി കുഴിയെടുത്ത് പാമ്പിനെ അടക്കി, കുട്ട നെയ്യാന്‍ പറ്റിയ കുരികിലും മുറിച്ച് കുടിയിലേക്കു നടന്നു.
സന്ധ്യയ്ക്ക്, പതം കിട്ടിയ നെല്ല് മുറ്റത്തെ അടുപ്പില്‍, കലത്തിലിട്ട് പുഴുങ്ങുമ്പോള്‍ പകലത്തെ പോക്കിനെക്കുറിച്ച് കുഞ്ഞൂട്ടനോടു പറഞ്ഞു. വായിലിട്ട ചുട്ട കപ്പയും തുപ്പി കുഞ്ഞൂട്ടന്‍ കൈയോങ്ങി. 
''കെട്ടവളേ, കേറ്യോ നീ അതിനാത്ത്?''
ആദ്യമായിട്ടാണിങ്ങനെ. അതുകൊണ്ടുതന്നെ പകച്ചുപോയി.
''വാ തൊറക്കെടീ''
''കേറി.''
കൂസലില്ലാത്ത മറുപടി കേട്ടിട്ടാവണം ഓങ്ങിയ കൈ താഴെയിട്ട് കുഞ്ഞൂട്ടന്‍ അടങ്ങി.
''കേറീത് കേറി. ഇനിയാ വഴിക്ക് പോകല്ല് നീ.''
''പോയാലെന്താ?''
''കാവാ അത്. പൊയ്ക്കൂടാ നെമ്മളവിടെ. തമ്പ്രാനറിഞ്ഞാ... ക്കണ്ടിക്കും.''
''പാമ്പും കീരീം വരെ കേറുന്നൊണ്ടല്ലോ.''
''അവര്ക്കു കേറാം. അതും കണ്ടേച്ച് നമ്മ്ള് ചെയ്താ കാവിന്റെ ശുത്തം പോം. കണ്ടം കരിയും. കര മുടിയും.''
കലത്തില്‍ നെല്ല് തിളച്ചുമറിഞ്ഞു. ആളുന്ന കല്ലടുപ്പിനെ അടക്കിനിര്‍ത്താന്‍, കത്തുന്ന മരമുട്ടികളില്‍ മുട്ടനൊരെണ്ണം വലിച്ചെടുത്ത് തോട്ടിലോട്ടെറിയുമ്പോള്‍ കുഞ്ഞൂട്ടന്റെ കണ്ണില്‍ത്തന്നെ നോക്കി ചേത്തി പറഞ്ഞു: മുടിയട്ടെ.
കുഞ്ഞൂട്ടന്‍ പുകഞ്ഞുപോയി!
കാറ്റില്‍ മാമ്പഴമണം കലക്കുന്നത് തമ്പ്രാന്റെ കുടുംബക്ഷേത്രമുറ്റത്തെ ചക്കരയോട്ടിമാവാണെന്നറിഞ്ഞത് കുഞ്ഞേരി പറഞ്ഞിട്ടാണ്. അതില്‍പ്പിന്നെ അതേ മണവുമായി കാറ്റുകള്‍ ആ വഴി വന്നപ്പോഴൊക്കെ നിലത്തുനിന്ന് മണ്ണു വാരിയെറിഞ്ഞ് ആഞ്ഞിലി ഉച്ചത്തില്‍ ആട്ടി. ആണ്ടില്‍ ഒന്നോ രണ്ടോ തവണ അമ്പലമുറ്റത്തിന് ഒരു നോട്ടപ്പാടകലെ നിന്ന് തൊഴാന്‍ തുരുത്തിലെ എല്ലാവരും കൂട്ടംകൂടി പോകുമായിരുന്നു. ആഞ്ഞിലി മാത്രം അവര്‍ക്കൊപ്പം കൂടുമായിരുന്നില്ല. എന്നാല്‍, കൈതക്കാട് ചാടിയിറങ്ങി, തോട് ചാടിക്കടന്ന് കാവിനുള്ളില്‍ മറയാന്‍ തരം കിട്ടുമ്പോഴൊക്കെ ആരുമറിയാതെ പൊയ്ക്കൊണ്ടിരുന്നു. ഓരോ തവണയും പാണല്‍ത്തലകളില്‍ പുതിയ കെട്ടുകള്‍ വീഴുകയും അഴിയുകയും ചെയ്തു. കാശാവുകള്‍ മറച്ചുപിടിച്ച, മണ്ണില്‍ കുത്തിനില്‍ക്കുന്ന ഒറ്റക്കല്ലില്‍ കെട്ടിപ്പിടിച്ചിരിക്കുമ്പോഴൊക്കെ ചേറിലും ചെറ്റകള്‍ക്കു പിന്നിലെ തുണ്ടുമണ്ണിലും മറഞ്ഞുപോയവരുടെ മണങ്ങള്‍ വന്നു പൊതിഞ്ഞുപിടിക്കും. അപ്പോള്‍, കറുത്തുകുറുകിയ, മീശയില്ലാത്ത, വീര്‍ത്ത മുഖമുള്ളൊരാള്‍ കൊച്ചുന്നാളില്‍ അമ്മനോടൊപ്പം വീട്ടില്‍ വന്നപ്പോള്‍ പാടിത്തന്ന പാട്ട് ഉള്ളില്‍നിന്ന് പുറത്തുചാടി കാവിനെയാകെ ഇളക്കാന്‍ തുടങ്ങും. പൊത്തുകളിലും പൊന്തകളിലും മരക്കൊമ്പിലെ കൂടുകളിലും കൊഴിഞ്ഞയിലകള്‍ പുതയിട്ട ചോരച്ച മണ്ണടരുകളിലും പാത്തിരിക്കുന്ന പ്രാണനുള്ള വകകളെല്ലാം അതു കേള്‍ക്കാന്‍ ഓടി പുറത്തിറങ്ങും. അവരെ നോക്കുന്നതായി ഭാവിക്കാതെ, കാള പൂട്ടുന്നപോലെ, കറ്റ തല്ലുന്നപോലെ, നെല്ല് കുത്തുന്നപോലെ ആഞ്ഞിലി കണ്ണു തുറന്നും അടച്ചും പാടും: *''കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി...''
കാളയെ പൂട്ടിയ കലപ്പകൊണ്ട് മണ്ണിളക്കി ചാലുകീറി വെള്ളം നിറച്ച പാടത്ത് *വൈക്കത്താര്യന്റെ വിത്തു വിതച്ച ദിവസം സന്ധ്യകഴിഞ്ഞ നേരത്ത് തോട്ടുമ്പുറത്താറ്റിലൂടെ തുരുത്തിനു നേര്‍ക്കൊരു വള്ളം വന്നു. 
''ഊഹോ.....യ്''
വിളി തീരുംമുന്‍പേ കുഞ്ഞൂട്ടന്‍ ഓടിച്ചെന്നു. തുഴയുമായി വള്ളത്തിന്റെ വക്കില്‍ ഒരു കാല്‍ മടക്കി മറുകാല്‍ നീട്ടിയിരിക്കുന്നയാളെ മുന്‍പ് കണ്ടിട്ടുണ്ട്. അക്കരയുള്ള *തോമാ പണിക്കേടെ പൊരേടത്തില്‍ തേങ്ങയിടീക്കുന്നത്  ഇയാളാണ്. പേരറിയില്ല.
''നിന്റെ പേരെന്താടാ?''
''കുഞ്ഞൂട്ടന്‍.''
''ങാ. തോമാപ്ലയ്ക്കൊന്നു കാണണമെന്നു പറഞ്ഞു. അവിടെ വരെ വരണം.''
''എപ്പഴാ തമ്പ്രാ?''
''ഇപ്പോ.''
വള്ളം അക്കരയ്ക്കു പോയി; ആറു നീന്തി കുഞ്ഞൂട്ടന്‍ പിന്നാലെയും. നല്ല കാഫലമുള്ള തെങ്ങുകള്‍ കുലച്ചു മദിച്ചുനില്‍ക്കുന്ന പറമ്പിന്റെ നടുക്ക് വിരിഞ്ഞുനില്‍ക്കുന്ന അറയും നിരയുമുള്ള വീടിന്റെ ഉമ്മറത്ത് ചാരുകസേരയില്‍ തോമാ കിടപ്പുണ്ടായിരുന്നു. മുറ്റത്തിന്റെ കോണിലേക്കു മാറി നടു വളച്ച് മിണ്ടാതെ നിന്നു കുഞ്ഞൂട്ടന്‍. 
''ഇങ്ങു വാടാ.''
അകലം കാത്ത് അടുത്തു ചെന്നപ്പോള്‍, ഉമ്മറത്ത് ഒപ്പമിരുന്ന് കരിക്ക് കുടിക്കുന്ന രണ്ടുപേരോടായി തോമാ പറഞ്ഞു: ഇതാ ഞാന്‍ പറഞ്ഞ കൂട്ടര്. ആളുകള് ഒരുപിടിയൊണ്ട്. അല്ലേടാ?
''ആന്നേ.'' കുഞ്ഞൂട്ടന്‍ ഒന്നൂടെ കുനിഞ്ഞു.
കരിക്കു കുടിച്ചിട്ട് രണ്ടുപേരും ഇറങ്ങിവന്നു. തലയില്‍ക്കെട്ടുള്ള നീളം കൂടിയയാളും തോളത്തൊരു വെള്ളത്തോര്‍ത്ത് മടക്കിയിട്ടിരിക്കുന്ന നീളം കുറഞ്ഞയാളും. കാണേണ്ടത് തോമാ പണിക്കയ്ക്കല്ല, അവര്‍ക്കായിരുന്നെന്ന് അപ്പഴാണ് തിരിഞ്ഞത്. 
''പണിയൊക്കെയൊണ്ടോ?''
തോര്‍ത്തുകൊണ്ട് ചിറി തുടച്ച് നീളം കുറഞ്ഞയാള്‍ ചോദിച്ചു.
''ഒണ്ടേ.''
''ദേവസ്സത്തിലെ കാര്‍ന്നോരടെ കണ്ടത്തിലാ, അല്ലേ?''
''ഓ.''
''എവിടാ ഇപ്പോ പോക്കൊക്കെ, അമ്പലത്തിലാന്നോ?''
''ഓ.''
അതു കേട്ടതും അവര്‍ രണ്ടുപേരും ചിരിച്ചു.
''അതിന് നിങ്ങളെ അവിടെ കേറ്റ്വോ?''
''ഇല്ലേ.''
തേങ്ങയിടീക്കുന്നയാള്‍ ഒരു കുല തേങ്ങ വീണു ചിതറിയപോലെ ചിരിച്ചു.
''വഴീല് നിക്കാന്‍ സമ്മതിക്ക്വോ?''
''ഇല്ലേ.''
''അപ്പപ്പിന്നെ?''
''മൊളങ്കാട്ടീ നിന്ന് തൊഴാം. തേവനേം തേവിയേമൊന്നും കാണാമ്പറ്റത്തില്ല. മണിയടി കേക്കാം, വെളക്കിന്റെ വെട്ടോം കാണാം.''
ഇത്തവണ ഏറ്റവും ഉച്ചത്തില്‍ കേട്ടത് തോമാ പണിക്കേടെ ചിരിയായിരുന്നു. കുഞ്ഞൂട്ടനും ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, ചുണ്ടുകള്‍ കോടുന്നത് ചിരിക്കാനുള്ള ഉദ്ദേശ്യത്തോടെയല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍, കുഞ്ഞുന്നാളില്‍ തൊട്ട് അകത്തും പുറത്തും പതിക്കുന്ന അടികളുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടി അടുക്കിവെച്ചിട്ട് കുഞ്ഞൂട്ടന്‍ വേഗം മുഖം കുനിച്ചുകളഞ്ഞു.
മുളച്ചുതുടങ്ങിയ പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് ഞാറുകള്‍ ചേറില്‍ എണീറ്റുനിന്നു. അവയുടെ മൂട്ടീന്നു മാറാതെനിന്ന കളകള്‍ പിഴുതുകളയുകയായിരുന്നു തുരുത്തിലെ പെണ്ണുങ്ങള്‍. വരമ്പില്‍ പറിച്ചുകൂട്ടിയ കളകള്‍ വഴുകനാരുകൊണ്ട് കെട്ടി തോളിലെടുത്ത് കുഞ്ഞൂട്ടന്‍ ചിറയില്‍ കൊണ്ടുവന്നിട്ടു. ഓലക്കാലുകള്‍ക്കും ഉണക്കച്ചുള്ളികള്‍ക്കും ഇടയില്‍ക്കിടന്ന് കളകള്‍ കത്തുന്നത് കുഞ്ഞൂട്ടന്‍ നോക്കിനിന്നു. നെല്ല് മുളച്ച് മുട്ടിലിഴയാന്‍ തുടങ്ങിയ നാള്‍തൊട്ട് അതിനൊപ്പം കൂടിയ ജീവനാണീ കിടന്നു കത്തുന്നത്. അതൊക്കെ ശരിതന്നെ. പക്ഷേ, ഞാറ് ഞാറും കള കളയുമാണ്. അതിന് മാറിക്കൊടുത്തേ പറ്റൂ! കത്തിത്തീര്‍ന്നേ ഒക്കൂ!
കളകള്‍ നീങ്ങി കണ്ടങ്ങള്‍ ശുദ്ധമായ ഒരു ഞായറാഴ്ച, താഴത്തെ പുഞ്ചയില്‍ കെട്ടിക്കിടന്ന വെള്ളം തൂമ്പു തുറന്ന് ചാന്നന്‍ തോട്ടിലേക്കിറക്കിവിട്ടു. ചെളി വാരിപ്പൊത്തി വരമ്പ് ഒന്നൂടെയൊന്ന് മിനുക്കിയെടുത്തു കുഞ്ഞൂട്ടന്‍. അപ്പോഴാണ് തോമാ പണിക്കേടെ വീട്ടില്‍ വെച്ചു കണ്ടവര്‍ വരുന്നത്. ഇത്തവണ അവര്‍ക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ട്. നീണ്ട കുപ്പായമിട്ട്, ഇടക്കെട്ടു കെട്ടിയ വെള്ളത്താടിക്കാരന്‍.
''ഇവനാ കുഞ്ഞൂട്ടന്‍.'' പൊക്കം കുറഞ്ഞയാള്‍ വയലിലേക്ക് വിരല്‍ ചൂണ്ടി.
കേട്ടതേ നീണ്ട കുപ്പായക്കാരന്‍, വെള്ളത്തിനു മീതേ നടക്കുന്നതു പോലെ വഴുക്കുന്ന വരമ്പിലൂടെ ഒഴുകിവന്നു. അടുത്തെത്തിയതും കുഞ്ഞൂട്ടന്റെ തോളില്‍ അയാള്‍ കൈ വെച്ചു. ചേറും വിയര്‍പ്പും പുതഞ്ഞുകിടന്ന ദേഹത്ത് തണുത്ത മൃദു കൈത്തലം അമര്‍ന്നപ്പോള്‍ ഒരു പനിക്കോളിന്റെ തുടക്കത്തിലെന്നവണ്ണം കുഞ്ഞൂട്ടന് കുളിര്‍ന്നു. 
  ''ആയിരത്തിലധിക വര്‍ഷം
  അടിമയില്‍ പെട്ട നമ്മള്‍
  അടിമ മറപ്പതാകുമോ
  ഇദ്ധര തന്നില്‍ 
  ഇതിനൊരു ശുഭം വരുമോ.''
കൊച്ചുന്നാളില്‍ ഏതോ മലയില്‍നിന്ന് ഈ പടിഞ്ഞാറന്‍ കണ്ടത്തിലേക്ക് വലിച്ചെറിയപ്പെട്ടതിന്റെ തലേ രാത്രിയിലും കഞ്ഞി കോരിത്തന്ന് മടിയില്‍ കിടത്തിയുറക്കുമ്പോള്‍, പട്ടിണികൊണ്ട് ഒട്ടിപ്പോയ ഒരു പ്രാണന്‍ നെഞ്ചില്‍ തൂത്തുതൂത്തിരിപ്പുണ്ടായിരുന്നു. അതില്‍പ്പിന്നെ ഇന്നോളം അടിക്കാന്‍ വേണ്ടിയല്ലാതെ ഏതെങ്കിലും കൈകള്‍ തങ്ങള്‍ക്കുനേരെ നീണ്ടുവന്ന ഒരു സന്ദര്‍ഭം കണ്ടെത്താന്‍ ഓര്‍മ്മയില്‍ പരതിപ്പരതി കുഞ്ഞൂട്ടന്‍ തളര്‍ന്നു.
കൈത്തലത്തെക്കാള്‍ മൃദുവായ ശബ്ദത്തില്‍ അപ്പോള്‍ കുപ്പായക്കാരന്‍ ചോദിച്ചു: ''പോരുവല്ലേ?''
ചോദ്യത്തിനു പിന്നാലെ മറ്റൊന്നിനുവേണ്ടിയും കാത്തുനില്‍ക്കാതെ കണ്ടത്തില്‍നിന്ന് കുഞ്ഞൂട്ടന്‍ കേറിപ്പോന്നു. കള പറിക്കുവോരും കാള പൂട്ടുവോരും തടമെടുക്കുവോരും ഇടകിളയ്ക്കുവോരും അവനെ അനുഗമിച്ചു. തോട്ടില്‍ കാത്തുകിടന്ന വള്ളങ്ങള്‍ എന്നെന്നേക്കുമായി അവരെ തുരുത്തില്‍നിന്ന് വേരോടെ പറിച്ചെടുത്തുകൊണ്ടുപോയി. പക്ഷേ, കളകളില്‍ ഒന്നുമാത്രം അവിടെത്തന്നെ ശേഷിച്ചു. പുളിക്കീഴ് പുത്തന്‍പള്ളിക്കടവില്‍ വള്ളമിറങ്ങിയപ്പോഴാണ് കുഞ്ഞൂട്ടന്‍ അത് ശ്രദ്ധിച്ചത്. കുപ്പായക്കാരന്‍ വിട്ടുകൊടുത്ത വള്ളത്തില്‍ കുഞ്ഞൂട്ടന്‍ തിരിച്ചു തുഴഞ്ഞു. മൂന്നുനാള്‍ തുരുത്താകെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാവില്‍ മാത്രമേ ഇനി തപ്പാനുള്ളൂ. കേറണോ? കാണാന്‍ ആരുമില്ലെന്ന ധൈര്യത്തില്‍ കാവിലേക്ക് കാലെടുത്തുവെച്ചെങ്കിലും തലമുറകളിലൂടെ തൂവിയൊഴുകിയ ഭീതിയില്‍ ദേഹം തുള്ളി. കാല് വലിച്ച് കുഞ്ഞൂട്ടന്‍ തിരിഞ്ഞുനടന്നതേയുള്ളൂ, മൂന്നാലു കീരികള്‍ അയാളുടെ കാലുകള്‍ക്കിടയിലൂടെ വെട്ടിപ്പറമ്പിലേക്ക് ഓടി. വീഴാതിരിക്കാന്‍ കുഞ്ഞൂട്ടന്‍ ഒരു അശോകമരത്തില്‍ പിടിച്ചു. ഓടിപ്പോവുന്ന കീരികളെ കുറച്ചുനേരം നോക്കിനിന്നിട്ട് വള്ളത്തിലേക്കെടുത്തു ചാടി അയാള്‍ പുളിക്കീഴ് പള്ളിക്കടവിലേക്കു തിരികെത്തുഴഞ്ഞു. തോട്ടീടിക്കത്തെ പുല്ലിനിടയിലൂടെ ഒരു സീല്‍ക്കാരംപോലെ തെറിച്ച കീരികള്‍ വെട്ടിപ്പറമ്പിലെ കൊന്നത്തെങ്ങിന്റെ തടത്തിലിട്ട് ഒരു ചേരയെ വളഞ്ഞു പിടിച്ചു. തെങ്ങിന്റെ മണ്ട വരെ കേറിയിട്ട് തിരിച്ചിറങ്ങിയതേയുണ്ടായിരുന്നുള്ളൂ ചേര. തെങ്ങിന്‍ചോട്ടില്‍ നനഞ്ഞുകിടന്ന പഴുത്തോലയുടെ ഇടയിലൂടെ വെറുതെയൊരു രസത്തിന് ഇഴഞ്ഞുകളിച്ച് തലപൊക്കി നോക്കുമ്പോള്‍ കൂര്‍ത്ത പല്ലും കാട്ടി കീരികള്‍ മുന്നില്‍! തിരികെ തെങ്ങിലേക്കുതന്നെ കേറാന്‍ നോക്കി. പറ്റിയില്ല. അതിനു മുന്‍പ് വാലിന്റെയറ്റത്ത് കടി വീണു. മുറിഞ്ഞ വാലില്‍ കുത്തിപ്പൊങ്ങിത്തിരിഞ്ഞ് കൊത്താന്‍ നോക്കി. കീരി പിന്നോട്ടുരുണ്ടുമറിഞ്ഞു. പിന്നെയൊരു പെരളിയായിരുന്നു. മേലാകെ കടി കൊണ്ടെങ്കിലും വിട്ടുകൊടുക്കില്ലെന്ന് ചേര ഉറപ്പിച്ചിരുന്നു. ഒടുവില്‍ മൂന്നു കീരികളും കൂടി ഒന്നിച്ച് പല്ലിറക്കിയപ്പോള്‍, ഈ ഭൂമുഖത്ത് മണ്ണിനോളം താഴ്ന്ന് ഇഴഞ്ഞും മണ്ണിനേക്കാളും താണ പുനങ്ങളില്‍ ഭയന്നും പാര്‍ത്ത പതിന്നാലു വര്‍ഷങ്ങള്‍ അവസാനിക്കാന്‍ പോകുന്നുവെന്ന തിരിച്ചറിവില്‍, ഇല്ലാത്ത പത്തിവിരിച്ച് അത് ആയുസ്സിലാദ്യമായി ചീറ്റി. വെട്ടിപ്പറമ്പിലെ പൊത്തുകളില്‍ ഒളിച്ചിരുന്ന പത്തിയുള്ള മുഴുവന്‍ പാമ്പുകളും അത് കേട്ടെങ്കിലും അവയൊന്നും ഉടലിന്റെ ചുറ്റഴിക്കുകയോ മണ്ണില്‍ പൂഴ്ത്തിവെച്ചിരുന്ന തലപൊക്കി നോക്കുകയോ ചെയ്തില്ല.
ചേരയെ നുറുക്കി വയറ്റില്‍ നിറച്ച് കീരികള്‍ കാശാവുകൂട്ടത്തിനപ്പുറത്തെവിടെയോ മറഞ്ഞുകഴിഞ്ഞപ്പോഴാണ് കാവിനുള്ളിലെ പാണല്‍പ്പൊന്തയില്‍, മണ്ണില്‍ ആഴ്ന്നുനില്‍ക്കുന്ന കല്ലില്‍ മൂന്നുനാളായി കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്ന ആഞ്ഞിലി, കല്ലില്‍ ഒരിക്കല്‍ക്കൂടി ഉമ്മവെച്ചിട്ട് എണീറ്റത്. ഉച്ചത്തില്‍ പാടി തോട്ടിലേക്കു ചാടി, ഉരുണ്ടുതള്ളി വരുന്ന വെള്ളത്തെ മുറിച്ചുമുറിച്ചുമുറിച്ച് ആളൊഴിഞ്ഞ തുരുത്തിലേക്കു കേറി. 


മുകളിലേയ്ക്കു നോക്കി. സൂര്യനെ കണ്ടു. താഴേയ്ക്കു നോക്കി. മണ്ണടരുകള്‍ക്കടിയിലേയ്ക്കു പോയ മണ്ണിര പൊങ്ങിവന്ന് മുകളില്‍ കുരുപ്പുകളിടുന്നതു കണ്ടു. തുരുത്താകെ ചുറ്റിക്കറങ്ങിനടന്നു തളര്‍ന്നപ്പോള്‍, ആഞ്ഞിലി വന്നു തോട്ടീടിക്കിരുന്ന് വെള്ളത്തില്‍ കാലിളക്കി കളിക്കാന്‍ തുടങ്ങി. ഇളകുന്ന വെള്ളത്തില്‍ നോക്കി അമ്മനോ...ന്ന് വിളിച്ചു. ആഴങ്ങളില്‍ ഒരു ആറ്റുവാള ഇളകി. പാണല്‍ക്കാട്ടിലെ കല്ലിന്റെ മണവുമായി കാറ്റ് വട്ടം പറന്നു. എല്ലാവരും വിട്ടുപോയിക്കഴിഞ്ഞ തുരുത്തില്‍ താന്‍ ഒറ്റയ്ക്കായെന്ന് ആഞ്ഞിലിക്ക് പിന്നീടൊരിക്കലും തോന്നിയില്ല. 
കുഞ്ഞൂട്ടനും ചാന്നനും കുഞ്ഞേരീം കോച്ചീമൊക്കെ പല വട്ടം വന്നു. അപ്പോഴൊക്കെ ആറ്റുകൊഞ്ചും തോട്ടുപരലും ആഞ്ഞിലിക്ക് മുന്നറിയിപ്പു കൊടുത്തുകൊണ്ടിരുന്നു. വന്നവര്‍ നിരാശരായി മടങ്ങിപ്പോകുന്നതുവരെ കാവിലെ പാണല്‍ക്കാട് ആഞ്ഞിലിയെ മറച്ചുപിടിക്കും. പക്ഷേ, ഒരു തവണ കുഞ്ഞേരി വന്നപ്പോള്‍ ഒളിക്കാന്‍ പോയില്ല. കെട്ടിപ്പിടിച്ചു കരഞ്ഞ കുഞ്ഞേരി ഉമ്മവെച്ചുകൊണ്ട് ആഞ്ഞിലിയെ വിളിച്ചു: വാ പെണ്ണേ. നമ്മക്കങ്ങ് പാം പെണ്ണേ.
കുഞ്ഞേരിക്കു തിരിച്ചൊരുമ്മ കൊടുക്കുന്നതിനിടെ ആഞ്ഞിലി അതേ താളത്തില്‍ പാടി: ഇല്ല പെണ്ണേ. ഞാനെങ്ങും വരില്ല പെണ്ണേ.
കൂടുതലൊന്നും പറയാതെ കുഞ്ഞേരി അന്ന് തിരിച്ചുപോയി. പിന്നെയാരും ആ വഴിക്ക് ചെന്നില്ല.
അതിനുശേഷം എട്ടുപത്തു കൊല്ലം കഴിഞ്ഞിട്ടൊരു ദിവസമാണ്... ആലന്തുരുത്തിയില്‍ ആഴ്ചച്ചന്ത നടക്കുന്ന ഞായറാഴ്ച. വള്ളിക്കൊട്ടകളും മെടഞ്ഞ ഓലകളും ചന്തയില്‍ വിറ്റിട്ട് ഉണക്കമീന്‍, ഉപ്പ്, കരിപ്പെട്ടി, മുണ്ട്, *പോല, മണ്ണെണ്ണ, ബീഡി, ഇച്ചിരി കറുപ്പ്, പിന്നെ കഥയുള്ള മാസികകളും കനമുള്ള പുസ്തകങ്ങളും എല്ലാം വാങ്ങി വളഞ്ഞവട്ടം പള്ളിക്കു പടിഞ്ഞാട്ടെ കൊല്ലിത്തോട്ടിലൂടെയാണ് ആഞ്ഞിലി അന്ന് തുരുത്തിലേക്ക് ചങ്ങാടം തുഴഞ്ഞത്. അതിനുമുന്‍പ് ഒരിക്കലേ അതുവഴി പോയിട്ടുള്ളൂ. വയറ്റില്‍ മുളച്ച പയര്‍മണി ആറാമതും തുടയിലൂടെ കലങ്ങിയൊലിച്ചുപോയപ്പോള്‍, ആരെയും കൂട്ടാതെ കുഞ്ഞൂട്ടന്റെ കൊതുമ്പുവള്ളത്തില്‍ തോന്നിയിടത്തൂടൊക്കെ തുഴഞ്ഞുതുഴഞ്ഞൊരു പോക്കങ്ങ് പോയിരുന്നു. കൂട്ടത്തില്‍ കൊല്ലിത്തോട്ടിലും ചെന്നുപെട്ടു. തിരികെ തുരുത്തണഞ്ഞപ്പോഴാണ് കുഞ്ഞേരി പറഞ്ഞ് കഥകള്‍ അറിയുന്നത്. നീര്‍നായ്ക്കളെ പിടിക്കാന്‍ വല്ലപ്പോഴും തിരുവല്ലയില്‍നിന്നും മാരാമണില്‍നിന്നും വരാറുള്ള ഒരു കൂട്ടരല്ലാതെ വേറാരും ആ വഴിക്ക് പോകാറില്ല. പോയാല്‍, പുറപ്പെട്ടിടത്ത് ജീവനോടെ തിരികെച്ചെല്ലുമെന്ന് ഉറപ്പുമില്ല! കൊല്ലിത്തോടിന്റെ കഥോപരിതലത്തിലൂടെ ഒരുപാട് ശവങ്ങളങ്ങനെ ഒഴുകിനടപ്പുണ്ട്. എന്നിട്ടും ആ ഞായറാഴ്ച വെളുപ്പിന് ആലന്തുരുത്തിച്ചന്തയ്ക്കു പോകാന്‍ ചങ്ങാടത്തിന്റെ കെട്ടഴിച്ച നിമിഷം തന്നെ, ഇത്തവണ മടക്കം കൊല്ലിത്തോട്ടിലൂടെയാണെന്ന് ആഞ്ഞിലി തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവിടെയൊരു കാഴ്ച കാണാനുണ്ട്. 
തോട്ടിലെ ഒഴുക്കില്‍ താഴോട്ടുള്ള യാത്ര എളുപ്പമായിരുന്നു. കുറുക്കന്മാരോ നായ്ക്കളോ മാന്തിപ്പൊളിച്ചിട്ട പുരാതനമായ കുഴിമാടങ്ങള്‍ പിന്നിട്ട് ദൂരം കുറച്ചു ചെന്നപ്പോള്‍ അറ്റത്തുള്ള വളഞ്ഞുകൂര്‍ത്ത *അരുവ വീശി വീശി വായുവില്‍ അദൃശ്യശത്രുവിന്റെ തലയരിയുന്ന പോതപ്പുല്ലുകള്‍ മാത്രമായി നോക്കുന്നിടത്തെങ്ങും. പാളത്തൊപ്പിയുടെ രൂപത്തില്‍ നീണ്ടുകിടന്ന മണ്‍തിട്ടയുടെ തെക്കും വടക്കുമായി തോട് രണ്ടായി തിരിയുന്നു. വെള്ളത്തിനു നടുക്ക് പൊങ്ങിനിന്ന തിട്ടയില്‍ കഴുക്കോലുകൊണ്ട് കുത്തി ചങ്ങാടത്തെ ആഴം കൂടിയ തെക്കേ ചാലിലേക്ക് ആഞ്ഞിലി തിരിച്ചുവിട്ടു. കായലില്‍നിന്ന് കടലിലേക്കു കേറിയാലെന്നപോലെ ചങ്ങാടമൊന്ന് പൊങ്ങി. കയങ്ങളും ചുഴികളുമുള്ള ഭാഗത്തെത്തിയപ്പോള്‍ അത് തുള്ളാന്‍ തുടങ്ങി. ദൂരെ ദിക്കുകളില്‍നിന്ന് പണ്ട് നിറയെ ചരക്കുകളുമായി കേവുവള്ളങ്ങള്‍ എടത്വയ്ക്കും തകഴിക്കും അതുവഴി ആലപ്പുഴ വരെയും പോയിരുന്നത് കൊല്ലിത്തോട്ടിലൂടെയായിരുന്നു. വള്ളങ്ങളുടെ വരവും പോക്കും കൂടിയതോടെ, പാമലയിലും പരുമലയിലും പിടിച്ചുപറിയുമായി കഴിഞ്ഞിരുന്ന സംഘങ്ങളെല്ലാം നേരെ ഇങ്ങോട്ടു പോന്നു. അതില്‍പ്പിന്നെ ചരക്കുവള്ളങ്ങള്‍ ഒന്നൊന്നായി കാണാതാവാനും വള്ളക്കാരുടെ ശവങ്ങള്‍ കയങ്ങള്‍ക്കു മീതെ പൊന്താനും തുടങ്ങി. മെല്ലെ മെല്ലെ വള്ളങ്ങള്‍ പിന്‍വാങ്ങി മറ്റു പാതകള്‍ തേടി. പോക്കുവരവുകള്‍ നിലച്ച് സ്വസ്ഥമായ തോട്ടിലേക്ക് എവിടെനിന്നൊക്കെയോ നീര്‍നായ്ക്കള്‍ കൂട്ടത്തോടെ കേറിവന്നു. തോട്ടീടികളിലെ അസംഖ്യം മാളങ്ങളില്‍ വാസമുറപ്പിച്ച് അവ പെരുകി. 
ആഞ്ഞിലി ചുറ്റും നോക്കി. തോടും വിരിഞ്ഞുകിടക്കുന്ന തടങ്ങളും മറ്റൊരു പ്രപഞ്ചം പോലെ തോന്നി. ഒരൊച്ചയും കേള്‍ക്കുന്നില്ല. ഒരു പക്ഷിയും പറക്കുന്നില്ല. എന്നിട്ടും കോടാനുകോടി ജീവകണങ്ങളുടെ തുടിപ്പ് തനിക്കു ചുറ്റും ആഞ്ഞിലി അനുഭവിച്ചു. തുഴയുന്ന കഴുക്കോല്‍ ചങ്ങാടത്തിലിട്ട് അവയ്ക്കൊപ്പം ആഞ്ഞിലി തുള്ളി. 
ഇരുകരകളിലും പതിറ്റാണ്ടുകളായി കൃഷിയിറക്കാതെ കളകള്‍ മൂത്തുമുറ്റി കിടക്കുന്ന കണ്ടങ്ങള്‍ കണ്ടുതുടങ്ങി. പിന്നാലെ കരിമ്പിന്‍ തോട്ടങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കരിമ്പുകള്‍ അവസാനിച്ചിടത്ത് വെള്ളത്തില്‍ തല നനച്ച് കണ്ടല്‍മരങ്ങള്‍ നിരന്നു. അവയ്ക്കിടയിലൂടെ കടന്നുപോകാന്‍ ശരിക്കും പാടുപെട്ടു. ചങ്ങാടത്തില്‍നിന്ന് പോലയുടെ ഒരു കെട്ട്, കണ്ടലിന്റെ കൊമ്പു തട്ടി വെള്ളത്തില്‍ വീണു. ഒഴുകിനടന്ന പാളകൊണ്ട് കോരിയെടുത്ത കറുത്ത പോലയുടെ അറ്റം മുറിച്ചെടുത്ത് ചവച്ചപ്പോള്‍ സുഖം വന്നു. ഒരു ലയത്തിലങ്ങനെ പൊയ്ക്കൊണ്ടിരുന്നു...
തലേന്നത്തെ നെയ്യിറങ്ങി പാടകെട്ടിയ ഇറച്ചിക്കറിപോലെ ചതുപ്പ് ദൂരെ തെളിഞ്ഞുവന്നതും കഴുക്കോല്‍ കുത്തി വേഗം കുറച്ചു. പണ്ടൊരു വെള്ളപ്പൊക്കത്തില്‍ കിഴക്കന്‍ കാടുകളില്‍നിന്ന് ഒഴുകിവന്ന ആനകളും പോത്തുകളും താണുപോയ ചതുപ്പാണ്. കൊല്ലിത്തോടും ഇവിടെ ഒടുങ്ങുന്നു. കുന്നിയും ഉമ്മവും ആവണക്കും ആര്‍ത്തുവളരുന്ന, ചട്ടിയുടെ ആകൃതിയിലുള്ള ചതുപ്പില്‍ത്തട്ടി ഇടത്തോട്ടും വലത്തോട്ടും കീറിയ കൊല്ലിത്തോട്, ചതുപ്പിനെ ചുറ്റി രണ്ടായിത്തന്നെ തോണ്ടപ്പുറത്താറ്റിലേക്കു മുങ്ങാങ്കുഴിയിടുന്നു. ആറ്റിലൂടൊഴുകി വളവുതിരിഞ്ഞ് ചെല്ലുമ്പോള്‍, രണ്ടാമത്തെ ചതുപ്പിന്റെ പടിഞ്ഞാറേ കോണില്‍, തിരഞ്ഞുവന്ന കാഴ്ച ആഞ്ഞിലി കണ്ടു... ഉച്ചിയില്‍ ഒരു അധികച്ചിഹ്നവും താങ്ങിപ്പിടിച്ച്, ഇപ്പോള്‍ മറിഞ്ഞുവീഴുമെന്ന മട്ടില്‍ ഒരു വശത്തേക്ക് ചാഞ്ഞുനില്‍ക്കുന്ന ഓലപ്പുര! അതിന് മുന്നിലെ കടവില്‍നിന്ന് ഒരാള്‍ കുളിക്കുന്നുണ്ട്. അടുത്തു ചെന്നപ്പോഴാണ് വ്യക്തമായി കണ്ടത്. പക്ഷേ, ആള്‍ അപ്പടി മാറിയിരിക്കുന്നു. താടി നീണ്ടു നരച്ചു. മുഖം കൂര്‍ത്തൊട്ടിയിരിക്കുന്നു. ഉറച്ച ദേഹം ഉടഞ്ഞിരിക്കുന്നു. ദേഹത്തെ കറുപ്പു പോലും ചന്തം പോയി കെട്ടിരിക്കുന്നു. ആഞ്ഞിലിയെ തിരിച്ചറിഞ്ഞതും അയാള്‍ ഇഞ്ചയുരയ്ക്കുന്നത് നിര്‍ത്തി, വെള്ളത്തിലേക്കെടുത്തു ചാടി നീന്തിവന്ന് ചങ്ങാടത്തില്‍ പിടിച്ചു. താഴേക്കുതന്നെ ഒഴുകിക്കൊണ്ടിരുന്ന ചങ്ങാടത്തിനൊപ്പം വെള്ളത്തില്‍ കാലുകള്‍ തല്ലി അയാളും ഒഴുകി. തോട്ടിലേക്കു ചാഞ്ഞുനിന്ന കുടമ്പുളിയുടെ കൊമ്പില്‍ പിടിച്ച് ആഞ്ഞിലി ചങ്ങാടം നിര്‍ത്തി.
അതിലേക്ക് പിടിച്ചുകയറി അയാള്‍ തല കുടഞ്ഞു. 
സംസാരിച്ചു തുടങ്ങാനായി ആഞ്ഞിലി കാത്തിരുന്നു. ആ നേരമത്രയും ചതുപ്പിലെ വര്‍ക്കത്തു കെട്ട കാഴ്ചകളിലൂടെ ഓടിനടക്കുകയായിരുന്നു കണ്ണുകള്‍. 
''ആഞ്ഞില്യേ...'' ഒടുവില്‍ ശ്വാസം മുട്ടിയതുപോലെ അയാള്‍ വിളിച്ചു.
''ഓ.''
''നീയെന്താ ഇതിലേ?''
''ഇതാകുമ്പോ നല്ല ഒഴുക്കാ. ചത്തുകെടന്ന് തൊഴയണ്ടല്ലോ.''
മൗനം പിന്നെയും ഒരു ചതുപ്പുപോലെ അവര്‍ക്കിടയില്‍ അഴിഞ്ഞുകിടന്നു. ഒടുവില്‍ ചെറ്റപ്പുരയുടെ മോന്തായത്തിലെ അധികത്തില്‍ കണ്ണുകള്‍ തറച്ചപ്പോള്‍, ആഞ്ഞിലി വിളിച്ചു: ചാന്നന്‍ ഇച്ചായിയേ...
''ഓ.''
''പൊറതി ഇപ്പോ ഇവടാണോ? ഈ തീട്ടക്കുഴിയാണോ അവര് തന്നേ?''
''ഇത് മാത്തറമല്ല പുത്തിയ കൊറേ പേരും തന്നു.''
''പേരോ?''
''ആ. മത്തായി, മര്‍ക്കോസ്, യോഹന്നാന്‍, ഏലി, മറിയ, അന്ന... അങ്ങനെ പോം.''
ആഞ്ഞിലി തലകുടഞ്ഞ് ചിരിച്ചു. അപ്പോള്‍ പോല കണ്ടിട്ട് ചാന്നന്‍ അതില്‍നിന്നൊരു കഷ്ണം മുറിച്ചെടുത്തു. വലത്തേ കവിളിലെ അണപ്പല്ലുകള്‍ക്കിടയിലേക്കത് തിരുകിവയ്ക്കുമ്പോള്‍ അയാള്‍ പറഞ്ഞു: കുഞ്ഞൂട്ടനിപ്പോ പത്രോസാ, ഞാന്‍ പൗലോസും. നമ്മടാള്‍ക്കാര് ഉപദേശീന്ന് വിളിക്കും. പൊറത്തൊള്ളോര് പറയനെന്നൂടെ ചേര്‍ക്കും.
ആ നിമിഷം ആഞ്ഞിലി പുളിങ്കൊമ്പിലെ പിടി വിട്ടു. ഒഴുക്കുവെള്ളത്തിനൊപ്പം ചങ്ങാടം താഴേക്കു കുതിച്ചു. പോലച്ചാറ് തുപ്പി ചാന്നന്‍ തോട്ടിലേക്കെടുത്തുചാടി. 
''കുഞ്ഞൂട്ടന്‍ കെഴക്കന്‍ മലേലാ. സുവിശേശം. നാറാഴ്ച ഞങ്ങള് പോം. നീ വര്ന്നോ...?''
ആഞ്ഞിലി തിരിഞ്ഞു നോക്കിയതു പോലുമില്ല. വളവുതിരിഞ്ഞു മറയുന്ന ചങ്ങാടം നോക്കിക്കൊണ്ട് ചാന്നന്‍ എന്ന പൗലോസ് ഒഴുക്കുവെള്ളത്തില്‍ കൈയും കാലും തല്ലി ചതുപ്പിനു നേര്‍ക്ക് നീന്തി.
ആഞ്ഞിലിക്ക് ഒരു വല്ലാഴികയും തോന്നിയില്ല. വള്ളിക്കൊട്ടയും ഓലയും എന്നപോലെ ഓരോ ദിവസത്തെയും തനിക്കു തോന്നുംപോലെ മെടഞ്ഞു. 
കുഞ്ഞൂട്ടനും കൂട്ടരും പോയശേഷം ഒരിക്കല്‍ മാത്രം കാരണവരുടെ കാര്യസ്ഥന്‍ ശിവരാമക്കൈമള്‍ തുരുത്തില്‍ വന്നു. അന്നും ആഞ്ഞിലി കാവില്‍ ഓടിക്കയറി. കണ്ടങ്ങളില്‍ കളകള്‍ മൂടിയിരുന്നു. എട്ടുപത്തു പണിക്കാരെ കൊണ്ടുവന്ന്, മുറ്റിയ നെല്ല് കൈമള്‍ മൂടോടെ കൊയ്യിച്ചു. കറ്റകളും കുഞ്ഞൂട്ടന്‍ ഇട്ടേച്ചുപോയ കൊതുമ്പുവള്ളവും കയറ്റിയ കെട്ടുവള്ളം ആറ്റിലൂടെ നീങ്ങിത്തുടങ്ങിയപ്പോള്‍, കൈമള്‍ തുരുത്തിനുനേര്‍ക്ക് അവസാനമായൊന്നു തിരിഞ്ഞുനോക്കി ഉച്ചത്തില്‍ ആട്ടി. ശേഷം ഒരു മുട്ടന്‍ തെറി തുപ്പി. പറക്കള്ളികളേ... എന്ന ഒടുക്കത്തെ നീട്ടിവിളി മാത്രമേ ആഞ്ഞിലിക്ക് തിരിഞ്ഞുള്ളൂ. നെല്ലും വള്ളവും പോയതും ആഞ്ഞിലി ഓടിവന്ന് തോട്ടിലെ വെള്ളം കാലാല്‍ തെറിപ്പിച്ച് തോട്ടുവക്കത്തെ കുടമ്പുളിയുടെ മണ്ടയ്ക്ക് മഞ്ഞിച്ചു കിടന്ന പഴുത്ത കായ്കളെ നനച്ചു. പുളിമണമുള്ള തുള്ളികള്‍ വെള്ളത്തിലേക്കിറ്റുവീണിറ്റുവീണിറ്റു വീണു. 
ആഞ്ഞിലി പലവട്ടം ആറ് നീന്തിക്കടന്നു. പല നാടുകളില്‍ പോയി വന്നു. പാട്ടുകളുണ്ടാക്കി പാടി. അങ്ങനെ പാട്ടുംപാടി കിടന്ന ഒരു രാത്രിയില്‍ ചന്ദ്രന്‍ അസാമാന്യമായി വലുപ്പം വെച്ചു. തുരുത്തിനു മുകളില്‍ തുരുത്തിനേക്കാളും വലുപ്പത്തില്‍ ചന്ദ്രന്‍ വിരിഞ്ഞു. കുന്നുകളും കുഴികളും കല്ലുകളും ചാലുകളും പൂഴിമണ്ണിലെ കറുത്ത കലകളും തലയ്ക്കു മുകളില്‍, വിരലെത്തുന്ന അകലത്തില്‍ തെളിഞ്ഞു. മറച്ചുപിടിച്ച മുഴുവന്‍ രഹസ്യങ്ങളും ചന്ദ്രന്‍ എന്തിനാണിങ്ങനെ വെളിപ്പെടുത്തുന്നതെന്ന് മനസ്സിലായില്ലെങ്കിലും മെടയാനുള്ള ഓലകള്‍ കുതിരാനിട്ട കുളത്തിന്റെ കരയില്‍ ആ രാത്രി മുഴുവന്‍ കണ്ണൊന്നടയ്ക്കാതുറങ്ങാതെ ആ കാഴ്ച കണ്ട് ആഞ്ഞിലി മലര്‍ന്നുകിടന്നു. വെയില് തെളിഞ്ഞപ്പോഴാണ് ഉറങ്ങിയത്. ഉണര്‍ന്നപ്പോള്‍ ഉച്ചയായി. ക്ഷീണം കാരണം കുറച്ചുനേരം കൂടി കിടന്നു. അപ്പോള്‍ ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്നറിഞ്ഞ് ചാടിയെണീറ്റു. ആകാശം ഇരുളുകയായിരുന്നു. കഴുത്തുനീണ്ട, വിടര്‍ന്ന ചിറകുള്ള ചുവന്ന പക്ഷികള്‍ കരഞ്ഞുകൊണ്ട് പറക്കാന്‍ തുടങ്ങി. സൂര്യനിലേക്കെന്തോ ഒലിച്ചിറങ്ങുകയും അതിനൊത്ത് സൂര്യന്‍ കരിവാളിക്കുകയും ചെയ്യുന്നു. ഇരുട്ട് മൂടിയപ്പോള്‍ ആകാശത്തൊരു മോതിരവളയം കത്തിക്കൊണ്ടു വട്ടം കറങ്ങി. നോക്കിനില്‍ക്കവെ വളയത്തിനു പുറത്തേക്ക് എന്തോ ഒലിച്ചുപോകുന്നതിനനുസരിച്ച്  സൂര്യന്‍ വീണ്ടും വെളിപ്പെട്ടു വരുന്നു. കാഞ്ഞിരത്തില്‍ കെട്ടിപ്പിടിച്ച് കൊച്ചാപ്പി നോക്കിനിന്നു. കുറച്ചുകൂടി വലിയ, കുറച്ചുകൂടി ചുവന്ന ഒരു സൂര്യന്‍! പറങ്കിമരത്തിന്റെ നിറയെ കായ്ച കൊമ്പിലൂടെ നട്ടുച്ച പടിഞ്ഞാറോട്ട് ചരിഞ്ഞിറങ്ങിയപ്പോള്‍ തോട്ടിലേക്കു ചാടിയിറങ്ങിയ ആഞ്ഞിലി കാലുകള്‍ക്കിടയില്‍ ഒട്ടിപ്പിടിച്ചിരുന്ന ചുവന്ന തുണി എന്നേക്കുമായി ഇളക്കിയെടുത്തു. വെള്ളത്തില്‍ ഉലയ്ക്കും തോറും തുണിക്കീറ് സൂര്യനില്‍നിന്ന് ചന്ദ്രനിലേക്ക് വിളറിവിളറി വന്നു. പിടിവിട്ടപ്പോള്‍, എത്രയും വേഗം കടലുപിടിക്കാന്‍ ഒഴുക്കുവെള്ളത്തില്‍ അത് തുഴഞ്ഞുതുഴഞ്ഞു പോയി. അപ്പോള്‍ ജീവിതത്തിലാദ്യമായി സൂര്യന്‍ ആഞ്ഞിലിയെ ചേത്തി എന്നു വിളിച്ചു.
വേനല്‍ മൂത്തു പഴുത്തു. തോടുകളെല്ലാം വറ്റി. പുകച്ചില്‍ കാരണം രാത്രിയില്‍ ചേത്തി പുല്‍പ്പായ വിരിച്ച് തോട്ടുവക്കത്ത് കിടന്നു. അങ്ങനെ കിടക്കുമ്പോഴുണ്ട്, ദൂരെ കാവിന്റെ അങ്ങേയറ്റത്ത് വിളക്ക് കത്തിച്ചപോലൊരു വെട്ടം. ചേത്തി ഇടയ്ക്കെല്ലാം പോയി കെട്ടിപ്പിടിച്ചിരിക്കാറുള്ള കല്ലിന്റെയപ്പുറത്ത് പൊങ്ങിനില്‍ക്കുന്ന ഒരു തിട്ടയുണ്ട്. പലജാതി മരങ്ങള്‍ കലര്‍ന്നുനില്‍ക്കുന്ന ഇരുട്ടുമുറ്റിയ ആ തിട്ടയില്‍നിന്നാണ് വെട്ടം വരുന്നത്. വെളുക്കുവോളം അത് അവിടെത്തന്നെ നിന്നു. വെയില്‍ വീണതും മറഞ്ഞു. പിന്നെയും പലപല രാത്രികളില്‍ കാവിന്റെ പലപല കോണുകളില്‍ ആവര്‍ത്തിച്ചു തെളിഞ്ഞു. ഒരു പാതിരാത്രി നേരത്ത്, ചേത്തി കാവിനകത്തൂടെ അതിനുനേര്‍ക്ക് പാഞ്ഞു. ചെന്നു നോക്കുമ്പോള്‍ വെട്ടവുമില്ല വിളക്കുമില്ല. നേരം വെളുക്കുവോളം കാവാകെ തിരഞ്ഞ് മേലപ്പടി മുള്ളുകൊണ്ടു മുറിഞ്ഞ് മടങ്ങിപ്പോന്നു.
അന്നുച്ചയ്ക്ക് ചേത്തി തുരുത്തില്‍നിന്നിറങ്ങി. നിരണം, അമര, എരവേരി, റാന്നി, വടശ്ശേരിക്കര, പെരുവണ്ണാമൂഴി വഴി കിഴക്കന്‍ കാടുകള്‍ വരെ ഒരു പോക്കങ്ങ് പോയി. പതിനാറാം നാളില്‍ മടങ്ങിയെത്തിയപ്പോള്‍ കാവ് അവിടെയുണ്ടായിരുന്നില്ല. അതിന്റെ സ്ഥാനത്ത് തെക്കോളം വടക്കോളം അരയാള്‍ പൊക്കത്തില്‍ ചാരം മാത്രം. തുരുത്തിലെ മുറ്റത്ത് അടുപ്പുകൂട്ടി ഒരുമൂട് കപ്പ പറിച്ച് ചുട്ടുതിന്നു. എന്നിട്ടും പോരാഞ്ഞ് പ്ലാവില്‍ കയറി ചക്കയിട്ട് വെട്ടിക്കണ്ടിച്ചു പുഴുങ്ങി, ഉണക്കപ്പരവ ചുട്ടതും കൂട്ടി തിന്നപ്പോള്‍ നിറഞ്ഞു. അന്നു സന്ധ്യക്ക് മഴ തുടങ്ങി. നേരം വെളുത്തപ്പോള്‍ തോട് കവിഞ്ഞിരിക്കുന്നു. കരിഞ്ഞുപോയ കാവും അടിയിലെ വെന്ത മണ്ണും തോട്ടിലേക്ക് കുത്തിയൊഴുകുകയാണ്. 
ഉച്ചയോടെ മഴ നിന്നു. അപ്പോഴാണ് കണ്ടത്, മഴ കിളച്ചെറിഞ്ഞ കാവിന്റെ പതിന്നാലതിരിലും മണ്ണില്‍ ആഴ്ന്നുനില്‍ക്കുന്ന പരന്ന *നടുകല്ലുകള്‍! അവയ്ക്കു ചാരെ നൂറുകണക്കിന് *മുതുമക്കത്താഴികളില്‍ സൂര്യന്‍ ഉദിച്ചുനില്‍ക്കുന്നു. 
''അമ്മനോ...!'' ചേത്തി വിളിച്ചു. 
തുള്ളിത്തുടങ്ങിയ കാലുകളെ കല്ലുകള്‍ക്കും *ചാറകള്‍ക്കുമിടയില്‍ ഓടാന്‍ വിട്ട് ചേത്തി ചോദിച്ചു: ''ഇതാരുന്നോ അവര്ടെ കാവ്! കണ്ടില്ലേ? ഇതിനാത്താണോ നമ്മള് കേറല്ലെന്ന് വെലക്കിയെ!''
അമ്മന്‍ മറുപടി പറഞ്ഞില്ല. തോടിന്റെ ആഴങ്ങളില്‍നിന്ന് ഒരു കുടം കുമിളകള്‍ മുകളില്‍ വന്ന് പൊട്ടി. എരിഞ്ഞ കാവിലേക്ക് ചേത്തി നോക്കി. നടുകല്ലുകള്‍ക്കടിയിലും *നന്നങ്ങാടികളിലും ശ്വാസംമുട്ടി കിടക്കുന്ന ആയിരത്താണ്ടുകളുടെ ആരവം ചീറ്റിവരുന്നതു കേള്‍ക്കാന്‍ ചേത്തി കൊതിച്ചു. 
കൊല്ലങ്ങള്‍ ഒരുപാട് പിന്നെയും മുതുമക്കത്താഴികളില്‍ മുങ്ങാംകുഴിയിട്ട് മറഞ്ഞിട്ടും ആ കൊതി ഇപ്പോഴും അതേപടിയുണ്ട്. 
ആകാശം ഇരുളുകയാണ്. മേഘങ്ങള്‍ മദപ്പാടില്‍ ചിന്നംവിളിക്കുന്നു. ഇനി വൈകിക്കണ്ട. ചായ്പില്‍നിന്നെടുത്ത് പുറത്തിട്ട മുപ്പത്തിമൂന്നോലകള്‍ ഓരോന്നോരോന്നായി ചേത്തി പുരയുടെ മോളിലേക്കെറിഞ്ഞു. അടുക്കളവശത്തേക്കു ചാഞ്ഞുനില്‍ക്കുന്ന പൂവരശിന്റെ പൂത്തുനില്‍ക്കുന്ന കൊമ്പുകളില്‍ പിടിച്ചുപിടിച്ച് പുരപ്പുറത്തേക്ക് കേറിയപ്പോള്‍, വെട്ടിപ്പറമ്പില്‍നിന്ന് രണ്ടു പയ്യാനിക്കുഞ്ഞുങ്ങളും കരഞ്ഞോണ്ടോടിവരുന്നു. 
''എന്തോ പറ്റീടാ മക്കളേ?''
കുഞ്ഞുങ്ങള്‍ മറുപടി പറയാതെ കൂടുതല്‍ ഉച്ചത്തില്‍ ഏങ്ങലടിച്ചു. പൂവരശിലൂടെ കേറിവന്ന രണ്ടുപേരെയും എടുത്ത് ചേത്തി ഓലയുടെ പുറത്ത് വെച്ചു. എത്ര ചോദിച്ചിട്ടും വെട്ടിപ്പറമ്പിന്റെ ദിക്കിലേക്കു നോക്കി അമ്മാ അമ്മാന്നു നിലവിളിച്ചതല്ലാതെ കാര്യമെന്താണെന്ന് കുഞ്ഞുങ്ങള്‍ പറഞ്ഞില്ല. വെട്ടിപ്പറമ്പിന്റെ വിദൂരമായ കോണിനുമപ്പുറത്ത് തോടിനക്കരെനിന്ന് ഒരു മൂളക്കം കേട്ടു. അവിടെവരെ കണ്ണെത്തില്ല. നോക്കിയിരുന്നപ്പോഴുണ്ട് വരമ്പിലൂടെ വരുന്നു പന്ത്രണ്ടു കീരികള്‍! ഓ... ഹൊയ് എന്ന് ഉച്ചത്തില്‍ മൂളിക്കൊണ്ട് ഒരു ഘോഷയാത്രപോലെ അവരിങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്. തോട് ചാടിക്കടന്ന് വെട്ടിപ്പറമ്പിലേക്ക് അവ ഇരച്ചുകയറിയപ്പോഴാണ് ആ കാഴ്ച വെളിപ്പെട്ടത്... കീരികള്‍ പന്ത്രണ്ടിന്റേയും പുറത്ത് അള്ളിപ്പിടിച്ചിരുന്ന് തുള്ളിത്തുളുമ്പുന്ന കൊഴുത്ത ചെങ്കീരികള്‍! പണ്ട്, കുട്ടിക്കൃഷ്ണന് മദം പൊട്ടിയ നാളില്‍ അമിച്ചകരിക്കു വന്ന ചുവന്ന പല്ലക്കാണ് ചേത്തിക്ക് ആദ്യം ഓര്‍മ്മവന്നത്. രണ്ടു നാള്‍ മുന്‍പ് കുരികില്‍ വള്ളികള്‍ക്കിടയില്‍ പാമ്പിന്റെ കൊത്തുകൊണ്ട് ചത്തുകിടന്ന കീരി കൂടി ഓര്‍മ്മയില്‍ തെളിഞ്ഞപ്പോള്‍ കാര്യം പിടികിട്ടി. ചെങ്കീരികളെ തേരിലേറ്റി കീരികള്‍ പുറപ്പെട്ടു വന്നിരിക്കുന്നത് അതിനാണ്. ചെറിയ കണക്കുകള്‍ തീര്‍ക്കാന്‍ ചെങ്കീരികള്‍ വരില്ല. അപ്പോള്‍ ഉദ്ദേശ്യം അതുതന്നെ! 
എഴുന്നള്ളത്ത് വെട്ടിപ്പറമ്പിന്റെ നടുക്കെത്തിയപ്പോള്‍ മൂളക്കം നിലച്ചു. ചെങ്കീരികള്‍ ചാടിയിറങ്ങി മണ്ണില്‍ മൂക്കുരച്ച് മേല് കുടഞ്ഞു. ചുണ്ടുകള്‍ കൂര്‍ത്ത്, ദേഹം വലിഞ്ഞുനീണ്ടു. ഇനി ഏറിയാല്‍ എട്ടോ പത്തോ നിമിഷം. പൊത്തിടിച്ച് പാഞ്ഞുകയറുന്ന ചെങ്കീരികള്‍ തിരിച്ചിറങ്ങുമ്പോള്‍ ഉളിപ്പല്ലിന്നറ്റത്ത് ഇഴജാതികളൊന്നാകെ കോര്‍ത്തു കിടപ്പുണ്ടാവും. മണ്ണിലൊരടിയടിച്ച്, പുളയുന്ന ഉടലുകള്‍ കാലുകൊണ്ട് ചവിട്ടിപ്പിടിച്ച് പത്തി തൊട്ട് താഴോട്ട് വലിച്ച് ഒറ്റക്കീറലാണ്. തീര്‍ന്നു! 
കാലില്‍ തലവെച്ചു കിടന്ന പയ്യാനിക്കുഞ്ഞുങ്ങള്‍ കരച്ചിലടക്കാനാവാതെ ഓലക്കീഴിലേക്ക് പതുങ്ങുന്നത് കണ്ടതും പൂവരശിന്റെ കവരത്തില്‍ തൂങ്ങി ചേത്തി മുറ്റത്തേക്കു ചാടി. കൈയില്‍ തടഞ്ഞത് വള്ളിക്കുട്ട. അതും വലിച്ചെടുത്ത് ഓലക്കുളത്തിനു മീതെകൂടി വെട്ടിപ്പറമ്പിലേക്ക് ഓടി. കുരികില്‍ക്കാട്ടിലൂടെ നൂണ്ടുകേറുമ്പോള്‍ വെട്ടിപ്പറമ്പിനു നടുക്കുനിന്ന് വഴുക കീറുന്ന ഒച്ച! പിന്നെയും പിന്നെയും അതുതന്നെ. കുട്ട പൊക്കി നിലത്തടിച്ച് അങ്ങോട്ട് കുതിച്ചതാണ്. വള്ളികളുടെ വാവട്ടത്തില്‍ കുടുങ്ങി നെഞ്ചടിച്ചു വീണുപോയി. കുട്ട തോടിനു നേര്‍ക്കുരുണ്ടു. മറ്റൊച്ചകളെല്ലാം പെട്ടെന്ന് ചുണ്ടടച്ചു. ചെങ്കീരികളെ ചുമന്നുകൊണ്ട് കീരികള്‍ ഒരു സ്റ്റേഡിയത്തിലെന്നവണ്ണം ആരവത്തോടെ തുരുത്തിനു വലംവെക്കാന്‍ തുടങ്ങിയിരുന്നു. വള്ളികളില്‍ ചുറ്റി തൊലിയടര്‍ന്ന ഉടല്‍ അഴിച്ചെടുത്ത്, മുറ്റിയ കുരികിലുകള്‍ക്കിടയിലൂടെ ചേത്തി കുടിലിലേക്കിഴഞ്ഞു.
പയ്യാനിക്കുഞ്ഞുങ്ങള്‍ പേടിച്ച് പാത്തിരിക്കയായിരുന്നു. അവരെ കോരിയെടുത്ത് ചേത്തി ചങ്ങാടത്തില്‍ കയറി. 
''അമ്മയ്ക്കെന്തേലും പറ്റ്യോ ചേത്തീ?'' കുഞ്ഞുങ്ങള്‍ ചേത്തിയുടെ മുഖത്തുതന്നെ നോക്കിയിരുന്നു. പക്ഷേ, മൗനത്തിന്റെ തുഴകള്‍ മാത്രമേ മിണ്ടിയുള്ളൂ.
കൊല്ലിത്തോട്ടിലെ കണ്ടല്‍ക്കാട്ടില്‍ ചേത്തി ചങ്ങാടമടുപ്പിച്ചു. വെള്ളത്തിലേക്കു മറിഞ്ഞുകുത്തി നിന്ന കണ്ടല്‍ച്ചെടിയിലേക്ക് കുഞ്ഞുങ്ങളെ എടുത്തുവെച്ചു. ഒന്നും ചോദിക്കാതെ, അമ്മയെ തിരക്കാതെ, ഒന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ തണുത്തിരുണ്ടു കിടക്കുന്ന കണ്ടല്‍ക്കാടിന്റെ വയറ്റിലേക്ക് ഇഴഞ്ഞുകയറിപ്പോകുന്ന പയ്യാനിക്കുഞ്ഞുങ്ങളെ നോക്കി ഏറെ നേരം ചേത്തി നിന്നു. 
തുരുത്തില്‍ തിരിച്ചെത്തിയതും പൂവരശിലൂടെ പിടിച്ചുകയറി നേരമൊട്ടും കളയാതെ ചേത്തി പുര കെട്ടിമേയാന്‍ തുടങ്ങി. കളകളും ഞാറുകളും കെട്ടിപ്പിടിച്ചു വളരുന്ന കണ്ടത്തിലൂടെ കുടിലിനു നേര്‍ക്കൊരു മൂളക്കം വരുന്നുണ്ടായിരുന്നു. ചേത്തി ചെവിയോര്‍ക്കുകയോ തലപൊക്കി നോക്കുകയോ ചെയ്തില്ല. മുപ്പത്തിമൂന്നാമത്തെ ഓലയും പുരപ്പുറത്ത് വിരിഞ്ഞു കഴിഞ്ഞതും ചേത്തി എഴുന്നേറ്റു. പൂവരശുവഴി തൊട്ടടുത്ത കാഞ്ഞിരത്തിലേക്കു കയറി താഴത്തെ കവട്ടയില്‍ വാല് ചുറ്റി, പിളര്‍ന്ന നാക്ക് നീട്ടി തലകീഴായി തൂങ്ങി ചീറ്റിക്കൊണ്ട് ആഞ്ഞിലിച്ചേത്തി പടം പൊഴിക്കാന്‍ തുടങ്ങി.

അടിക്കുറിപ്പുകള്‍:

*താഴിയില്‍ കവിപ്പോര്‍- പുരാതനകാലത്ത് മൃതദേഹങ്ങള്‍ വലിയ മണ്‍ഭരണികളിലാക്കി കുഴിച്ചിട്ടിരുന്നവര്‍.
*അമ്മിയും അമ്മനും-അമ്മയും അച്ഛനും.
*വൈക്കത്താര്യന്‍- ഒരിനം നാടന്‍ നെല്‍വിത്ത്.
*പണിക്കെ- നസ്രാണികളെ ദളിതര്‍ ആദരവോടെ വിളിച്ചിരുന്ന പേര്.
*അരുവാ- അരിവാള്‍.
*പോല- പുകയില
*നന്നങ്ങാടി- ശവം അടക്കുന്നതിന് പുരാതനകാലത്ത് ഉപയോഗിച്ചിരുന്ന മണ്‍ഭരണി.        മൃതദേഹം ഇതിനുള്ളിലാക്കി മണ്ണില്‍ കുഴിച്ചിട്ടിരുന്നു. കേരളത്തില്‍ പല പ്രദേശങ്ങളിലും മണ്ണിനടിയില്‍നിന്ന് നന്നങ്ങാടികള്‍ കിട്ടാറുണ്ട്.
*നടുകല്ലുകള്‍- സ്മാരകശിലകള്‍.
*ചാറകള്‍, മുതുമക്കത്താഴികള്‍- നന്നങ്ങാടികളുടെ മറ്റു പേരുകള്‍.
*ഈ കഥയില്‍ ഉപയോഗിച്ചിട്ടുള്ള പാട്ടുകള്‍, പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആര്‍.ഡി.എസ്.)യുടെ സ്ഥാപകനായ പൊയ്കയില്‍ അപ്പച്ചന്‍ എന്ന പൊയ്കയില്‍ യോഹന്നാന്റേതാണ്. വി.വി. സ്വാമി, ഇ.വി. അനില്‍ എന്നിവര്‍ ചേര്‍ന്ന് ശേഖരിച്ച് പ്രസിദ്ധീകരിച്ച 'പ്രത്യക്ഷ രക്ഷാ ദൈവസഭാ പാട്ടുകള്‍ 1905-1939' എന്ന പുസ്തകത്തില്‍നിന്നാണ് പാട്ടുകളുടെ വരികള്‍ എടുത്തിട്ടുള്ളത്.

ചിത്രീകരണം : കെ.പി. മുരളീധരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com