ഒരു പിച്ചളവിളക്കിന്റെ കഥ

അടിവാരത്തെ കാവില്‍ തെയ്യം കാണാന്‍ പോയി രാത്രി വളരെ വൈകി ഒറ്റയ്ക്കു മടങ്ങിവരികയായിരുന്നു അയാള്‍.
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

കേക്കന്‍ചാലിലെ ചതുപ്പില്‍നിന്നാണ് അയാള്‍ക്ക് ആ പിച്ചളവിളക്ക് കിട്ടിയത്. അടിവാരത്തെ കാവില്‍ തെയ്യം കാണാന്‍ പോയി രാത്രി വളരെ വൈകി ഒറ്റയ്ക്കു മടങ്ങിവരികയായിരുന്നു അയാള്‍. നല്ല നിലാവ്. ഇളം തണുപ്പുള്ള കാറ്റ്. കണ്ണെത്താദൂരത്തോളം ആളും അനക്കവുമില്ല. എന്തെന്നില്ലാത്ത ഒരാശങ്ക, അല്ലെങ്കില്‍ ഭയം എന്നുതന്നെ പറയാം, തന്നെ വന്നുപൊതിയുന്നത് അയാള്‍ അറിഞ്ഞു. കനത്ത ചിറകടിയുമായി ഒരു രാപ്പക്ഷി തലയ്ക്കു മുകളിലൂടെ തൊട്ടുതൊട്ടില്ലെന്ന തോന്നലുണ്ടാക്കി പറന്നുപോയപ്പോള്‍ അതു പതിന്മടങ്ങായി.
പെട്ടെന്ന് ഇത്തിരിയകലെ എന്തോ ഒന്നു വെട്ടിത്തിളങ്ങുന്നതായി അയാള്‍ കണ്ടു. അത് അനങ്ങുന്നുണ്ടെന്നാണ് ആദ്യം തോന്നിയത്. നിന്നിടത്തുതന്നെ നിന്നു നോക്കിയപ്പോള്‍ ഇല്ല, ഒരനക്കവുമില്ല എന്നു വ്യക്തമായി. അയാള്‍ വരമ്പത്തു നിന്നിറങ്ങി അതിനടുത്തേയ്ക്കു ചെന്നു. ചതുപ്പില്‍ തലയും ഉടലിന്റെ മറ്റു ഭാഗങ്ങളും പൂഴ്ത്തിവെച്ച് അനങ്ങാതെ കിടക്കുന്ന ഒരു പാമ്പായിരിക്കുമോ എന്നു തോന്നി. ചുറ്റിലും തപ്പി സാമാന്യം വലുപ്പമുള്ള ഒരു കല്ലെടുത്ത് മിന്നിത്തെളിഞ്ഞു കാണുന്ന ഭാഗത്ത് അയാള്‍ കൃത്യമായി എറിഞ്ഞു കൊള്ളിച്ചു. അല്ല, പാമ്പും കീമ്പുമൊന്നുമല്ല എന്നു വ്യക്തമായി. ഏത് പാമ്പായാലും ആ ഏറ് കൊണ്ടാല്‍ അനങ്ങാതിരിക്കില്ല എന്ന കാര്യം ഉറപ്പായിരുന്നു.
അയാള്‍  അടുത്തുകണ്ട ഒരു കുറ്റിച്ചെടിയുടെ എളുപ്പത്തില്‍ ഒടിഞ്ഞുപോകാത്ത ഒരു കമ്പ് നോക്കി പൊട്ടിച്ചെടുത്തു. പിന്നെ കുറച്ചുകൂടി അടുത്തേക്ക് നീങ്ങിച്ചെന്ന് ആ തിളങ്ങുന്ന സാധനത്തെ കമ്പുകൊണ്ട് തോണ്ടിനോക്കി. മണ്ണില്‍ ഉറച്ചുപോയ എന്തിന്റേയോ ഭാഗമാണ് ആ കാണുന്നത് എന്നു വ്യക്തമായി. ആകാവുന്നത്ര ബലം പ്രയോഗിച്ച് ഒരു ശ്രമം കൂടി നടത്തിയപ്പോള്‍ സംഗതി പുറത്തേയ്ക്കു വന്നു. ആദ്യം കണ്ണില്‍പ്പെട്ട തിളക്കമുള്ള ചെറിയ ഭാഗമൊഴികെയുള്ളിടത്തെല്ലാം വയല്‍മണ്ണ് ഉണങ്ങിപ്പിടിച്ചതു കാരണം ആ സാധനം എന്താണെന്നു മനസ്സിലാക്കുക ഒട്ടും എളുപ്പമായിരുന്നില്ല. കമ്പുകൊണ്ട് അതിനെ അയാള്‍ പല കുറി തിരിച്ചും മറിച്ചും ഇട്ടുനോക്കി. അതു ജീവനുള്ള യാതൊന്നുമല്ലെന്നും ചെറിയ കൂജപോലുള്ള എന്തോ ആണെന്നും ഉറപ്പായി. എന്നിട്ടും അവ്യക്തമായ ഏതൊക്കെയോ ഭയാശങ്കകള്‍ ഉള്ളില്‍ കിടന്നു കനത്തില്‍ ചിറകടിച്ചുകൊണ്ടിരുന്നതു കാരണം അതിനെ സ്പര്‍ശിക്കാനുള്ള ധൈര്യം കിട്ടിയില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് സാധനം കയ്യിലെടുത്തു. ഒന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ചതിനെക്കാള്‍ അല്‍പ്പം കൂടുതല്‍ കനമുണ്ടല്ലോ എന്നതൊഴിച്ച് മറ്റൊന്നും അയാള്‍ക്കു തോന്നിയില്ല. അതിനുമേലുള്ള മണ്ണ് ഉരച്ചോ പിച്ചാത്തികൊണ്ട് തോണ്ടിയോ ഒന്നും കളയാന്‍ ശ്രമിക്കേണ്ടെന്നും കുറച്ചപ്പുറത്തുള്ള തോട്ടില്‍ കൊണ്ടുപോയി കഴുകാം എന്നും അയാള്‍ തീരുമാനിച്ചു.

നേരെ അങ്ങോട്ടേക്കോടി. തോട്ടില്‍ വെള്ളം കുറവായിരുന്നു. ഒഴുക്ക് നേര്‍ത്തുനേര്‍ത്ത് നൂല് പോലെ ആയിക്കഴിഞ്ഞിരുന്നു. സാധനം കഴുകിയെടുക്കാന്‍ കുറച്ചൊന്നു പ്രയാസപ്പെടേണ്ടിവന്നു. പക്ഷേ, അഴുക്കുനീക്കല്‍ പാതിയോളമായപ്പോള്‍ അയാള്‍ ശരിക്കങ്ങ് ഞെട്ടിപ്പോയി. ഏതോ ലോഹത്തില്‍ തീര്‍ത്ത ഒരു പാമ്പിന്‍ പത്തിയായിരുന്നു അത്. വെറും പാമ്പിന്‍ പത്തിയല്ല, പത്തിയുടെ രൂപത്തിലുള്ള വിചിത്രമായൊരു വിളക്ക്. ലോഹം ഏതാണെന്നു തീര്‍പ്പാക്കുക എളുപ്പമായിരുന്നില്ല. അങ്ങിങ്ങ് പൂപ്പല്‍ പിടിച്ചതുപോലുള്ള പച്ചനിറം. ചെമ്മണ്ണ് മിനുക്കിയെടുത്ത് അല്‍പ്പം ചുകപ്പ് ചേര്‍ത്ത് തിളക്കം വരുത്തിയതുപോലുള്ള കുറച്ച് ഭാഗം. ബാക്കി മുഴുവന്‍ കട്ടിയില്‍ ക്ലാവ് പിടിച്ച ചെമ്പുപോലെ. കല്‍വിളക്കോ വെള്ളോട്ട് വിളക്കോ ഒന്നുമല്ലെന്നു തീര്‍ച്ച. അല്‍പ്പനേരത്തെ ഗഹനമായ ആലോചനയ്ക്കുശേഷം അയാള്‍ ഉറപ്പിച്ചു: പിച്ചളവിളക്ക് തന്നെ. ദീര്‍ഘകാലം മണ്ണില്‍ കിടന്നതുകൊണ്ടുണ്ടായ നിറംമാറ്റമാണ്. എത്ര കഴുകിയാലും തുടച്ചാലും ഇനി പഴയ നിറം കിട്ടില്ല.
തോട്ടില്‍ത്തന്നെ വലിച്ചെറിഞ്ഞ് ഉടന്‍ സ്ഥലം വിടാനുള്ള വെപ്രാളമാണ് ആദ്യം ഉണ്ടായത്. പിന്നെ അതങ്ങടങ്ങി. എന്തോ ഒരു തരം  നിസ്സംഗത അയാളെ വന്നു പൊതിഞ്ഞു. ഒട്ടും തിടുക്കം കാട്ടാതെ അയാള്‍ വൃത്തിയാക്കല്‍ തുടര്‍ന്നു. ഒടുവില്‍ പിച്ചളവിളക്ക് അതിനുമേല്‍ അള്ളിപ്പിടിച്ച മണ്ണും അഴുക്കും കുറേയേറെ അകന്ന് അയാളുടെ ഉള്ളം കയ്യില്‍ നിവര്‍ന്നുനിന്നു. അപ്പോഴാണ് അതിന്റെ രൂപം പൂര്‍ണ്ണമായി കാഴ്ചയില്‍ വന്നത്. അഞ്ച് തിരികള്‍ക്ക് ഓരോ പൂമൊട്ടിന്റെ രൂപത്തില്‍ അഞ്ച് ദ്വാരങ്ങള്‍ വെച്ചിരിക്കുന്ന അഞ്ച് തലയുള്ള പാമ്പിന്‍ പത്തി! കീഴറ്റത്ത് സൂക്ഷ്മമായ ചിത്രപ്പണികളുള്ള കുറുകിയ ഒരു സ്റ്റാന്റുണ്ട്. അത് ഊരിയെടുക്കാം. കമിഴ്ത്തിപ്പിടിച്ച് എണ്ണ നിറച്ച് സ്റ്റാന്റ് അടച്ച് പിന്നെ വിളക്ക് നേരെ വെയ്ക്കാം. തിരികള്‍ മുകളില്‍നിന്നുതന്നെ ഇടണം. അതിനു പത്തിയുടെ അത്രയും നീളമുണ്ടായാല്‍ എണ്ണ തീരും വരെ വിളക്ക് കത്തിക്കൊണ്ടിരിക്കും. പത്തിയിലെ തലകളിലൊന്ന് അല്പം മുന്നോട്ട് തള്ളിയാണ് നില്‍ക്കുന്നത്. ആ തലയിലെ ഒറ്റത്തിരിയേ കത്തിക്കുന്നുള്ളുവെങ്കില്‍ ഒരു രാത്രി മുഴുവന്‍ വിളക്ക് സുഖമായി നിന്നു കത്തും. ഇത്രയും കാര്യങ്ങള്‍ എങ്ങനെയെന്നറിയില്ല ഒരു വിദഗ്ദ്ധന്റെ അനായാസതയോടെ അയാള്‍ ഊഹിച്ചെടുത്തു. ജീവിതത്തില്‍ ഇതിനു മുന്‍പും പല സന്ദര്‍ഭങ്ങളില്‍ അയാള്‍ക്ക് ഇതുപോലെ പലതും ചുരുങ്ങിയ സമയംകൊണ്ട് ഊഹിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് ലാഭം മാത്രമല്ല, കടുത്ത നഷ്ടവും ഉണ്ടായിട്ടുണ്ട്. ജീവിതത്തിന്റെ കാര്യം അങ്ങനെയൊക്കെയാണല്ലോ. ഒട്ടും പ്രതീക്ഷിക്കാതെയല്ലേ ഓരോരോ തകിടം മറിച്ചിലുണ്ടാവുക. പിന്നെയെന്താ, ഇത് ആകെക്കൂടി ചുരുങ്ങിയ കാലത്തെ കളിയല്ലേ എന്നു കണക്കാക്കി ഒന്നിനു മുന്നിലും കുലുങ്ങാതിരിക്കുക. ഇങ്ങനെയൊക്കെ തത്ത്വവിചാരം നടത്താന്‍ തുടങ്ങിയിരുന്നു ആയിടെയായി അയാള്‍.
കഴുകിത്തുടച്ച വിളക്കുമായി നടന്നുതുടങ്ങുമ്പോള്‍ അയാളുടെ മനസ്സ് ശാന്തമായിരുന്നു. പക്ഷേ, നാലഞ്ച് ചുവട് വെച്ചപ്പോള്‍ പെട്ടെന്ന് അയാള്‍ ഞെട്ടിവിറച്ചു തുള്ളിപ്പോയി. തന്റെ കയ്യിലിരുന്ന പാമ്പിന്‍പത്തി ജീവന്‍ വന്ന് ഒന്നിളകിയതുപോലെ. എന്നിട്ടും എന്തുകൊണ്ടോ അതിനെ താഴെയിടാന്‍ അയാള്‍ക്കു തോന്നിയില്ല. അതിനുപോലും ധൈര്യം കിട്ടിയില്ല എന്നതാകാം വാസ്തവം.
സത്യത്തില്‍ അയാളുടെ കയ്യിലെ പാമ്പിന്‍ പത്തിക്ക് ജീവന്‍ വെച്ചിരുന്നു. അത് അയാള്‍ അതേ വരെ കേള്‍ക്കാത്ത ശബ്ദത്തില്‍, അതേവരെ കേള്‍ക്കാത്ത ഭാഷയില്‍ സംസാരിച്ചു തുടങ്ങി. പക്ഷേ, വിചിത്രമായ മറ്റൊന്നുകൂടി സംഭവിച്ചു. അജ്ഞാതഭാഷയിലാണ് പത്തി സംസാരിച്ചതെങ്കിലും അതിലെ ഓരോ വാക്കും അപ്പപ്പോള്‍ അയാള്‍ക്ക് മലയാളഭാഷയിലേക്ക് പരിഭാഷപ്പെടുത്തിക്കിട്ടി. അത് ഇങ്ങനെയായിരുന്നു: ''താങ്കള്‍ ഭയപ്പെടേണ്ട. ഞാനിപ്പോള്‍ ഒരു ഫണം അല്ലെങ്കില്‍ പത്തി മാത്രമാണ്. എനിക്ക് താങ്കളെ കടിക്കാനാവില്ല. എന്നോ ഉടല്‍ നഷ്ടപ്പെട്ട ഒരു പത്തിക്ക് വിഷം സംഭരിച്ചുവെക്കാനാവില്ല. മാത്രവുമല്ല, താങ്കള്‍ ഇതിനകം മനസ്സിലാക്കിയിട്ടുണ്ടാകാവുന്നതുപോലെ ഞാന്‍ ഒരു പാമ്പിന്‍ പത്തിയുമല്ല. ആ ആകൃതിയിലുള്ള ഒരു വിളക്ക് മാത്രമാണ്.
സംഭവബഹുലമായ ഒരു ജീവിതത്തിന്റെ അല്ലെങ്കില്‍ ഭൂതകാലത്തിന്റെ ഉടമയാണ് ഞാന്‍. ഉടമ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ താങ്കള്‍ക്കെന്നപോലെ എനിക്കും ചെടിപ്പുണ്ട്. പോട്ടെ, മനുഷ്യരുടെ ഭാഷയില്‍നിന്ന് ആ വാക്ക് എന്നോ ഞാനും സ്വീകരിച്ചു. അത് യാദൃച്ഛികമായി സംഭവിച്ചതല്ല. ഞാന്‍ 15ാം നൂറ്റാണ്ടില്‍ കേരളത്തിലെ പേരും പെരുമയുമുള്ള ഒരു ഗണികയുടെ വസതിയിലാണ് ജീവിച്ചിരുന്നത്. അവള്‍ക്കുവേണ്ടി അവളുടെ ആഗ്രഹപ്രകാരം അവളുടെ ഉടമ എന്നുതന്നെ പറയാവുന്ന ഒരു ജന്മിയാണ് എന്നെ ഉണ്ടാക്കിച്ചത്. പിച്ചളയിലും വെള്ളോടിലും ശില്‍പ്പങ്ങളുണ്ടാക്കുന്നതില്‍ അതിവിദഗ്ദ്ധനായിരുന്ന ഒരു ശില്‍പ്പിയാണ് എനിക്ക് ജീവന്‍ നല്‍കിയത്. വലിയ കലാകാരന്മാര്‍ ഏതു മാധ്യമത്തില്‍ എന്ത് സൃഷ്ടിച്ചാലും അതിനു ജീവനുണ്ടാവും.
എനിക്ക് ഇങ്ങനെ വിചിത്രമായ ഒരു രൂപം കിട്ടിയതിനു പിന്നില്‍ ഒരു സംഗതിയുണ്ട്. ഞാന്‍ പറഞ്ഞ ഗണികയും ആ ജന്മിയും തമ്മില്‍ കൊണ്ടുപിടിച്ച പ്രേമമായിരുന്നു. പ്രേമം എന്നല്ല കാമം എന്നാണ് പറയേണ്ടത് എന്നു നിങ്ങള്‍ പറയുമായിരിക്കും. പക്ഷേ, രണ്ടും അങ്ങോട്ടുമിങ്ങോട്ടും മാറാവുന്ന സംഗതികളാണ്. അതു പോട്ടെ. നമ്മള്‍ തമ്മില്‍ അക്കാര്യത്തില്‍ തര്‍ക്കമൊന്നും വേണ്ട. ഈ ജന്മിയോട് കാമകേളിയുടെ മൂര്‍ധന്യത്തില്‍ ഒരു ദിവസം ആ ഗണിക പറഞ്ഞു: ''ഹോ, എന്റമ്മോ, നിങ്ങള് അഞ്ച് തലയുള്ള പാമ്പാണപ്പാ.''
''അഞ്ച് തലയുള്ള പാമ്പ്. ഹൊ, ഹൊ, ഹൊ... നീ ആളൊരു കേമി തന്നെയാണല്ലോ.''
ഈ വര്‍ത്തമാനം നടന്നതിന്റെ പിറ്റേന്നാണ് ജന്മി ആ ശില്പിയെ കണ്ട് എന്നെ ഉണ്ടാക്കേണ്ട കാര്യം പറഞ്ഞത്. രൂപം പറഞ്ഞുകൊടുത്തപ്പോള്‍ ശില്‍പ്പി ചിരിച്ച ആ വല്ലാത്ത ചിരിയും പിറവിക്കു മുന്‍പേ ഞാന്‍ കണ്ടു.
പക്ഷേ, എന്റെ ഭാഗ്യക്കേടോ ജന്മിയുടെ ഭാഗ്യക്കേടോ എന്നറിയില്ല. ഞാന്‍ ആ ഗണികയുടെ വീട്ടിലെത്തുന്നതിനു മുന്നേ തന്നെ അവള്‍ക്ക് ജന്മിയിലുള്ള താല്‍പ്പര്യം കുറഞ്ഞിരുന്നു. ആന്ധ്രദേശത്തുനിന്നു വന്ന സുമുഖനായ ഒരു നര്‍ത്തകനോടൊപ്പം അവള്‍ അനുരാഗത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചുതുടങ്ങിയിരുന്നു.


എന്റെ രൂപം കാണിച്ച് അവളെ കൊതിപ്പിക്കാമെന്നു കരുതിയ ജന്മിയോട് അവള്‍ വളരെ ഉദാസീനഭാവത്തില്‍ പറഞ്ഞു: ''ഓ, ഇതെന്തോ മാരണം വെക്കാനുള്ള ഒരു സാധനം പോലെയുണ്ട്. ഇതീ വീട്ടില് വെച്ചാ എന്തോ... എനിക്കൊരു സുഖം തോന്നുന്നില്ല'' - അന്നു രാത്രിയില്‍ ജന്മി കടുത്ത നിരാശയോടെയാണ് അവിടെനിന്നു പോയത്. എനിക്ക് ജന്മം നല്‍കിയ ശില്‍പ്പിയുടെ ശവം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പുഴയോരത്ത് കണ്ടു. മൂന്നാം ദിവസം രാത്രി ജന്മി വന്ന് എന്നെ ഗണികയുടെ കിടപ്പുമുറിയില്‍നിന്ന് എടുത്ത് മുറ്റത്തേയ്‌ക്കെറിഞ്ഞു. പിന്നെ, ''നിന്നെ ഞാന്‍ ഇപ്പോത്തന്നെ ശരിപ്പെടുത്തിത്തരാമെടാ'' എന്ന ഭാവത്തില്‍ അയാള്‍ വന്ന് എന്നെ അഞ്ചെട്ട് ചവിട്ട് ചവിട്ടി. ഒടുവിലത്തെ ചവിട്ടില്‍ ഉള്ളം കാലില്‍ പാമ്പിന്‍ കടിയേറ്റതുപോലെ അയാള്‍ പുളഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും എനിക്കറിയില്ല. എന്റെ രൂപം ഇങ്ങനെയാണല്ലോ. അതുകൊണ്ട് അയാളുടെ ഉള്ളം കാല് മുറിയുകയോ അല്ലെങ്കില്‍ കാല്‍പ്പടം മറഞ്ഞുപോവുകയോ വല്ലാതെ ഉളുക്കുകയോ മറ്റോ ചെയ്തിട്ടുണ്ടാവാം. എന്തായാലും അന്നത്തോടെ ആ ഗണികയും അയാളും തമ്മിലുള്ള ബന്ധം അവസാനിച്ചു. ഓ, ഒരു കാര്യം ഞാന്‍ വിട്ടുപോയി. ആ ഗണികയുടെ പേര് ഞാന്‍ പറഞ്ഞില്ലല്ലോ. ഉപ്പില - അതായിരുന്നു അവളുടെ പേര്. അവളുടെ ശരീരത്തിന്റെ എന്തോ പ്രത്യേകത കൊണ്ടാവാം തടുപ്പ ഉപ്പില എന്നാണ് അവള്‍ പൊതുവെ അറിയപ്പെട്ടിരുന്നത്. അത് പിന്നെ ചുരുങ്ങിച്ചുരുങ്ങി തടുപ്പ എന്നു മാത്രമായി. തടുപ്പ എന്നാല്‍ മുറം.
ഉപ്പിലയുടെ അടുത്ത കാമുകന് എന്നോട് ഭയങ്കര ഇഷ്ടമായിരുന്നു. അയാള്‍ക്ക് വിചിത്രമായ ഒരു സ്വഭാവമുണ്ടായിരുന്നു. അയാള്‍ ഉടുതുണി മുഴുവന്‍ അഴിച്ചിട്ട് എന്നെ അയാളുടെ അരയില്‍നിന്നു താഴെയായി ലിംഗത്തിന്റെ നേരെ മുകളിലായി ചേര്‍ത്തുകെട്ടി നൃത്തം ചെയ്യും. അതിന്റെ മൂര്‍ധന്യത്തില്‍ കെട്ടഴിച്ച് എന്നെ വലിച്ചെറിഞ്ഞ് ഉപ്പിലയുടെ മേല്‍ ഒരു ചാടിവീഴലാണ്. ഇത് അധികകാലം ഇങ്ങനെ പോവില്ല എന്ന കാര്യം എനിക്ക് ഉറപ്പായിരുന്നു. 
ഞാന്‍ വിചാരിച്ചതുപോലെ തന്നെ സംഭവിച്ചു. എന്നെയും അരയില്‍ കെട്ടിയുള്ള നൃത്തത്തിനിടയില്‍ ഒരു ദിവസം ആ കെട്ട് അയഞ്ഞുപോയി. നൃത്തത്തിനിടയിലെ വലിയൊരു തുള്ളലിന്റെ സമയത്താണ് അതു സംഭവിച്ചത്. വിചിത്രമായ ശബ്ദത്തില്‍ ''അമ്മാ...'' എന്ന നിലവിളിയോടെ അയാള്‍ താഴെ വീണു. ഉപ്പില പോയി അയാളെ എടുത്ത് മടിയില്‍ കിടത്തി ''മാലിംഗാ, എന്റെ പൊന്നു മാലിംഗാ'' എന്നു പലവട്ടം വിളിച്ച് ഉമ്മവെച്ചു. മാലിംഗനു ബോധം വന്നില്ല. ഉപ്പില അയാളെ തറയില്‍ കിടത്തി പുറത്തേക്ക് പാഞ്ഞുപോയി. കുറച്ച് കഴിഞ്ഞപ്പോള്‍ കൈനിറയെ ഏതോ ചെടിയുടെ ഇലയുമായി ഓടിവന്നു. ആ ഇലകള്‍ പിഴിഞ്ഞ് മാലിംഗന്റെ മൂക്കില്‍ രണ്ടോ മൂന്നോ തുള്ളി ഇറ്റിച്ച് ഉപ്പില ''ഊയീ ഊയീ'' എന്നു സ്വന്തം നെഞ്ചുഴിഞ്ഞ് കാത്തിരുന്നു. മാലിംഗന്‍ ഞരക്കത്തോടെ കണ്ണു തുറന്നു. ഉപ്പില അയാളുടെ ലിംഗത്തിലും ആ ഇലകളുടെ നീര് തന്നെ ഇറ്റിച്ചു. മാലിംഗന്‍ ഭയങ്കരമായി ഒന്നു നിലവിളിച്ചു. പിന്നെ അനക്കമറ്റതു പോലെ കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അയാള്‍ കൂര്‍ക്കം വലിക്കുന്നതു കേട്ടു.
ആ രാത്രിക്കുശേഷം മാലിംഗനെ ഞാന്‍ കണ്ടില്ല. അയാള്‍ പരദേശികളുടെ ഒരു സംഘത്തില്‍ ഞൊണ്ടിഞൊണ്ടി പോവുന്നതു ഞാന്‍ മനസ്സാ കണ്ടു. എന്തായാലും ഉപ്പിലയ്ക്ക് എന്നോട് കഠിനമായ വെറുപ്പ് തോന്നിക്കഴിഞ്ഞിരുന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ ആ വീട്ടില്‍നിന്ന് ഒഴിവാക്കി. അവിടെ ഉപ്പിലയുടെ തുണി അലക്കിക്കൊടുക്കാനും മറ്റും വന്നിരുന്ന ചപ്പില എന്ന സ്ത്രീക്ക് എന്നെ കൈമാറി. ചപ്പില ദരിദ്രയായിരുന്നെങ്കിലും ജാരസംസര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ സാമാന്യം സമ്പന്നയായിരുന്നു. ചപ്പിലയുടെ ജാരന്മാരിലൊരാള്‍ ഒരു രാത്രിയില്‍ എന്നെ അവിടെനിന്നു കടത്തി. അയാള്‍ പഴയ വസ്തുക്കളില്‍ താല്‍പ്പര്യമുള്ള ഒരാള്‍ക്ക് എന്നെ വിറ്റു. ആ മനുഷ്യന്‍ പണത്തിനു വലിയ മുട്ട് വന്നപ്പോള്‍ എന്നെ ഒരിടത്ത് പണയം വെച്ചു. എന്നെ തിരിച്ചെടുക്കാനുള്ള ശേഷി അയാള്‍ക്ക് ഒരിക്കലും ഉണ്ടായില്ല. ഞാന്‍ പിന്നെ ആരുടെയൊക്കെ കയ്യില്‍ എത്തിച്ചേര്‍ന്നു എന്നു പറയാനാവില്ല. കൊട്ടാരത്തില്‍ പട്ടില്‍ പൊതിഞ്ഞു ഞാന്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. തേങ്ങാക്കൂടയില്‍ ഒരു മൂലയ്ക്ക് ഞാന്‍ കിടന്നിട്ടുണ്ട്. ദൈവങ്ങളുടെ രൂപം വെക്കുന്ന തട്ടില്‍ വിളക്കായിത്തന്നെ ഞാന്‍ ശോഭിച്ചിട്ടുമുണ്ട്. എല്ലാം കഴിഞ്ഞ് ഏകദേശം 80 കൊല്ലം മുന്‍പ് ഉത്തരേന്ത്യയിലെ ഒരു ചെറുകിട കോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടില്‍ ഞാന്‍ എത്തി. ആര്‍ത്തിപ്പണ്ടാരവും മൂക്കറ്റം അന്ധവിശ്വാസിയുമായിരുന്നു അയാള്‍. ആ മനുഷ്യന്‍ എന്നെയും കൊണ്ട് ഒരു മഹാജ്യോത്സ്യന്റെ അടുത്തേക്ക് പോയി. മഹാജ്യോത്സ്യന്‍ എന്നു ഞാന്‍ വെറുതെ കാച്ചിയതാണ്. അങ്ങനെ ഭാവിച്ച് ആളെ പറ്റിക്കുന്ന ഒരാള്‍ എന്നു പറയുന്നതാവും ശരി. ജ്യോത്സ്യന്‍ ആ കോണ്‍ഗ്രസ്സുകാരന്റെ ജാതകം പരിശോധിച്ചു. എന്നെ നിര്‍ത്തിയും കിടത്തിയും ചെരിച്ചും മലര്‍ത്തിയുമൊക്കെ പരിശോധിച്ചു. ഒടുവില്‍ ഒരു മന്ത്രോച്ചാരണവും കര്‍പ്പൂരം കത്തിക്കലും കൂടി കഴിഞ്ഞശേഷം അയാള്‍ പറഞ്ഞു:
''ഇത് നാഗാലാന്റില്‍ നിര്‍മ്മിക്കപ്പെട്ട വിശേഷപ്പെട്ട ഒരു വിളക്കാണ്. ഇതിനു ലക്ഷണവും ലക്ഷണക്കേടും ഉണ്ട്. 25 കൊല്ലം നീ ഇതു കയ്യില്‍ വെക്കണം. 25-ാം കൊല്ലം നീ മന്ത്രിയാവും. മന്ത്രിയായി ഒരാഴ്ചക്കകം നീ ഇതും എടുത്ത് കേരളത്തിലേക്ക് പോകണം. എന്തെങ്കിലുമൊക്കെ സൂത്രപ്പണികള്‍ ഒപ്പിച്ച് അവിടത്തെ ഒരു ഇടത്തരം കമ്യൂണിസ്റ്റ് നേതാവിനെ നിന്റെ വീട്ടിലെത്തിക്കണം. ആ നേതാവിന്റെ പേര് അടുത്ത ബുധനാഴ്ച ഈ സമയത്ത് ഇവിടെ വന്നാല്‍ കുറിച്ചു തരും. ആ പേരും ഞാന്‍ പറയുന്ന മുഴുവന്‍ സംഗതികളും പരമരഹസ്യമായിരിക്കണം. പുറമെ ഭയങ്കര യുക്തിവാദിയായിരിക്കുമെങ്കിലും മഹാ അന്ധവിശ്വാസിയായിരിക്കും നീ കാണുന്ന കേരളാ കമ്യൂണിസ്റ്റ്. ഈ വിളക്ക് നീ അയാള്‍ക്ക് കൈമാറണം. ഹിമാലയത്തിലെ ഒരു സന്ന്യാസി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് വിളക്ക് കൈമാറുന്നതെന്നും സ്വന്തം പാര്‍ട്ടിയിലെയോ മറ്റ് പാര്‍ട്ടികളിലെയോ ആരെയും അറിയിക്കാതെ സൂക്ഷിച്ചാല്‍ ഈ വിളക്കു കൊണ്ട് സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നും അയാളോട് കാച്ചിവിട്ടേക്കണം. ആ മനുഷ്യന്‍ നീ പറയുന്നത് അക്ഷരം പ്രതി വിശ്വസിക്കും. നിനക്ക് ചെറിയ ഒരു തുക വിളക്കിന്റെ വിലയായി തരികയും ചെയ്യും. അതു മടിക്കാതെ വാങ്ങിക്കൊള്ളണം. ജീവിതത്തില്‍ ഔദാര്യം, മാന്യത ഇവയൊന്നും കാണിക്കരുത്. അത്തരക്കാരെ ആളുകള്‍ക്ക് പുച്ഛമായിരിക്കും. ലോകം വ്യാജന്മാരേയും സമര്‍ത്ഥന്മാരേയും വാക്കിനു വിലയില്ലാത്തവരെയുമാണ് വിലവെക്കുക. ഇക്കാര്യം എല്ലായ്പോഴും ഓര്‍മ്മിക്കണം. ജീവിതത്തില്‍ ഉത്തരോത്തരം പുരോഗതിയുണ്ടാവും.
കേരളാ കമ്യൂണിസ്റ്റിന് വിളക്ക് കൈമാറിയ അന്നു രാത്രി തന്നെ നീ സ്ഥലം വിട്ടുകൊള്ളണം. കൈമാറിയ വിളക്ക് പിന്നൊരിക്കല്‍ കാണാന്‍ ഇടവരരുത്. ആ കമ്യൂണിസ്റ്റുകാരന് ഈ നാഗവിളക്ക് കൊണ്ട് ഗുണം വരുമോ നാശം വരുമോ എന്നൊന്നും നീ ആലോചിക്കരുത്. അത് എന്തോ ആവട്ടെ. നിന്റെ കര്‍മ്മം നീ ചെയ്തു എന്നുമാത്രം കരുതിയാല്‍ മതി.''
ജ്യോത്സ്യന്‍ പറഞ്ഞതുപോലെ തന്നെ അയാള്‍ മന്ത്രിയായി. സംസ്ഥാന മന്ത്രിസഭയിലെ അംഗമായി സത്യപ്രതിജ്ഞ കഴിഞ്ഞ് അധികാരമേറ്റതിന്റെ ഏഴാം ദിവസം ആ കോണ്‍ഗ്രസ്സുകാരന്‍ കേരളത്തിലെത്തി. പഴയ ജ്യോത്സ്യന്‍ നിര്‍ദ്ദേശിച്ച ഇടത്തരം നേതാവായ കമ്യൂണിസ്റ്റുകാരനെ താന്‍ താമസിക്കുന്ന മുറിയിലെത്തിക്കുന്നതിന് അയാള്‍ക്ക് കാര്യമായ പ്രയാസമൊന്നുമുണ്ടായില്ല. അക്കാലത്തെ കമ്യൂണിസ്റ്റുകാരില്‍നിന്നെല്ലാം വ്യത്യസ്തനായി ഈ നേതാവ് സ്വത്തും പണവും ലൈംഗികസുഖവുമെല്ലാം മോഹിച്ചു നടക്കുന്ന ആളായിരുന്നു. പാര്‍ട്ടിയിലെ ചെറുപ്പക്കാരായ ആളുകള്‍ക്ക് അയാളുടെ ഈ പ്രകൃതത്തോട് കഠിനമായ വെറുപ്പം പുച്ഛവുമായിരുന്നു. സുഖിയന്‍ എന്നും മോദകം എന്നും അറിയപ്പെടുന്ന പലഹാരത്തോട് പ്രത്യേക പ്രേമം തന്നെ ഉണ്ടായിരുന്ന അയാള്‍ക്ക് അവരിലാരോ മോദകന്‍ സഖാവ് എന്നു പേരിട്ടു. പിന്നെ അവരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ അയാളെ സൂചിപ്പിക്കാന്‍ ആ പേര് മാത്രം ഉപയോഗിക്കുന്ന അവസ്ഥ വന്നു. താന്‍ ആഗ്രഹിക്കുന്നതെല്ലാം യഥേഷ്ടം ലഭ്യമാവണമെങ്കില്‍ ഒരു മന്ത്രിയെങ്കിലും ആയേ പറ്റൂ എന്ന കാര്യം അയാള്‍ക്ക് ഉറപ്പായിരുന്നു. മന്ത്രിയാവണമെങ്കില്‍ ആദ്യം എം.എല്‍.എ ആവണം. തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കുന്നതിനു മുന്‍പ് ജില്ലാ സെക്രട്ടറിയുടേയും സംസ്ഥാന സെക്രട്ടറിയുടേയും പ്രിയപ്പെട്ടവനായാലേ അതു നടക്കൂ. അതിനുവേണ്ടിയുള്ള പല സൂത്രപ്പണികളും ആലോചിച്ചുവരുന്നതിനിടയില്‍ ഒരു ദിവസം അയാള്‍ എന്നെയും കൊണ്ട് പരമരഹസ്യമായി ഒരു ജ്യോതിഷിയെ കാണാന്‍ പോയി. ജ്യോതിഷി എന്നെ മുന്നില്‍ ഒരു പുല്‍പ്പായയില്‍ വെച്ച് ദീര്‍ഘനേരം എന്നുതന്നെ പറയാം ധ്യാനനിരതനായി. പിന്നെ പെട്ടെന്നു കണ്ണു തുറന്നു ശൂന്യതയിലേക്ക് നോക്കിയിട്ടെന്നപോലെ പറഞ്ഞു: ''നാഗമാണ് വസ്തു. ശിവഭഗവാന്റെ ആഭരണമാണ്. മഹാവിഷ്ണുവിന്റെ തല്‍പ്പമാണ്. പക്ഷേ, വംശത്തില്‍പ്പെട്ട മറ്റുള്ളവരുടെ വിധി നിരന്തരമായ ഭീതിയും അലച്ചിലും അരക്ഷിതത്വവുമാണ്. കരുതലോടെ നീങ്ങിയാല്‍ കാര്യങ്ങള്‍ സാധിക്കും. ഇല്ലെങ്കില്‍ ദംശനമേല്‍ക്കും. സ്ത്രീചിന്ത ഒഴിവാക്കുക. കാമം കൈവിടാവുന്ന ഒന്നല്ല. അതിനാല്‍ വിവാഹം കഴിച്ച് ആവോളം രതിസുഖമനുഭവിക്കുക. കാമശമനത്തിനു നാട് തെണ്ടരുത്. പിന്നെ അല്‍പ്പസ്വല്‍പ്പം പഠിക്കുക. നിങ്ങള്‍ ആരോട്, ഏത് മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരോട് ചേര്‍ന്നുനില്‍ക്കുന്നുവോ അവരെ നയിക്കുന്ന ദര്‍ശനം എന്താണെന്നെങ്കിലും മനസ്സിലാക്കി വയ്ക്കുക. വാക്കുകളെ പൊരുളറിയാതെ വായുവിലേക്ക് പ്രക്ഷേപിക്കുന്ന വെടിക്കെട്ടുരീതി പാടേ ഉപേക്ഷിക്കുക.''
ജ്യോത്സ്യന്റെ വാക്കുകള്‍ ഇങ്ങനെ നീണ്ടുപോയപ്പോള്‍ എന്റെ യജമാനന്‍ ക്ഷുഭിതനായി. ''നിങ്ങളുടെ ഫീസെത്രയാണ് ഹേ?'' അയാള്‍ ഇരുന്നിടത്തു നിന്ന് ചാടിയെഴുന്നേറ്റ് ജ്യോത്സ്യനു നേരെ ചാട്ടുളിപോലെ ആ ചോദ്യമെറിഞ്ഞു. ''അങ്ങയുടെ ഇംഗിതം പോലെ. ഞാന്‍ ധനത്തെയല്ല എന്റെ തൊഴിലിനെയാണ് സ്‌നേഹിക്കുന്നത്.'' ജ്യോത്സ്യന്‍ പ്രതിവചിച്ചു. ആ പറഞ്ഞത് കേട്ടില്ലെന്ന മട്ടില്‍ ഒരു പത്ത് രൂപാ നോട്ട് അയാളുടെ മുന്നിലേക്കെറിഞ്ഞ് എന്നെയുമെടുത്ത് നേതാവ് പുറത്തേക്കിറങ്ങി. എന്തായാലും എന്റെ കാര്യത്തില്‍ അയാള്‍ക്ക് എന്തോ ഒരു രസക്കേടുണ്ടായി എന്ന കാര്യം തീര്‍ച്ചയാണ്. വീട്ടിലെത്തിയ ഉടന്‍ അയാള്‍ എന്നെ അലമാരയ്ക്കകത്തിട്ട് പൂട്ടി. ''മേലില്‍ നിന്നെ എനിക്ക് കാണേണ്ടെടാ'' എന്ന മട്ടിലായിരുന്നു ആ ചെയ്ത്ത്. 


എന്തായാലും തന്റെ മന്ത്രിമോഹത്തെ പിന്‍പറ്റി മുന്നോട്ട് പോവുന്നതില്‍ അയാളുടെ ഊര്‍ജ്ജസ്വലതയ്ക്ക് യാതൊരു കുറവുമുണ്ടായില്ല. സംസ്ഥാന സെക്രട്ടറിക്ക് ചക്ക വളരെ ഇഷ്ടമാണെന്ന് എവിടെനിന്നോ മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഒരു ദിവസം അയാള്‍ ഒരു ജീപ്പ് നിറയെ പല പാകത്തിലും വലുപ്പത്തിലുമുള്ള വരിക്കച്ചക്കകളുമായി പുറപ്പെട്ടു. 166 കിലോമീറ്റര്‍ അകലെയായിരുന്നു സെക്രട്ടറിയുടെ വീട്. സമതലം പിന്നിട്ടാല്‍ വളഞ്ഞുപുളഞ്ഞ് കയറിക്കയറിപ്പോവുന്ന പത്ത് കിലോമീറ്റര്‍ റോഡ് ഒരു കുന്നിന്റെ ഉച്ചിയിലാണ് എത്തുക. അവിടെയാണ് സെക്രട്ടറി പുതുതായി പണികഴിപ്പിച്ച മനോഹര ഭവനം. അതിന്റെ ടെറസ്സില്‍നിന്നു നോക്കിയാല്‍ പച്ചപ്പിന്റെ ഒരു മായക്കാഴ്ച തന്നെയാണ് കണ്ണില്‍പ്പെടുക. പക്ഷേ, എന്റെ യജമാനന് ആ കാഴ്ച കാണാനൊന്നും ഭാഗ്യമുണ്ടായില്ല. റോഡിന്റെ ആറാമത്തെ വളവില്‍ വെച്ച് എതിരെ വന്ന ഒരു ടിപ്പര്‍ ലോറിയില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ജീപ്പ് ഒരു കൊല്ലിയിലേയ്ക്ക് മറിഞ്ഞു. എന്തോ ഒരു മഹാഭാഗ്യത്തിന് അദ്ദേഹം മരിച്ചില്ല. മൂന്നു മാസം ആശുപത്രിയിലും മൂന്നു മാസം വീട്ടിലുമായി കിടന്ന് അദ്ദേഹത്തിനു കഷ്ടിച്ച് പുറത്തിറങ്ങാറായെന്നായപ്പോഴേയ്ക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും കഴിഞ്ഞിരുന്നു. അതോടെ അയാള്‍ മിക്കവാറും സമനില തെറ്റിയ പോലായി. കടുത്ത നിരാശയിലകപ്പെട്ട അയാള്‍ ആദ്യം ഒരു തീവ്രവാദിയെപ്പോലെ സംസാരിച്ചു. പാര്‍ലമെന്ററി വ്യാമോഹം, സോഷ്യല്‍ ഡമോക്രാറ്റുകള്‍, കുലാക്കുകള്‍, ലുംബന്‍ പ്രോലിറ്റേറിയറ്റ് എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ അയാളുടെ സംസാരത്തില്‍ ആവര്‍ത്തിച്ച് ഇടം നേടിത്തുടങ്ങി. മാവോസൂക്തങ്ങള്‍ സമാഹരിച്ച 'റെഡ്ബുക്' എവിടെ പോകുമ്പോഴും അയാള്‍ കയ്യിലെടുത്തു. ചെറുപ്പക്കാരുടെ ചില രഹസ്യയോഗങ്ങളില്‍ ക്ലാസ്സെടുക്കുമ്പോള്‍ അയാള്‍ ആവശ്യത്തിനും അനാവശ്യത്തിനും ചെയര്‍മാന്‍ മാവോയെ ഉദ്ധരിച്ചു. ചെറിയ ഒരു കാലയളവിലേക്കേ ആ ബന്ധം നിലനിന്നുള്ളൂ. നക്‌സലൈറ്റ് എന്നാരോപിക്കപ്പെട്ട് പലരും പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കപ്പെട്ടു തുടങ്ങിയപ്പോള്‍ കുറച്ചു കാലത്തേയ്ക്ക് അയാള്‍ നാട്ടില്‍നിന്നു മുങ്ങി. എങ്ങോട്ട് പോയി എന്നതിനെപ്പറ്റി ആര്‍ക്കും ഒരൂഹവും കിട്ടിയില്ല. അഞ്ചാറ് മാസം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും അയാളുടെ രൂപം തന്നെ മാറിയിരുന്നു. നീണ്ട മുടി, കാട് പിടിച്ചതു പോലുള്ള താടി. ശൂന്യതയിലേയ്ക്ക് മാത്രം നീളുന്ന കണ്ണുകള്‍. പഴയ സഖാക്കള്‍ അടുത്തെത്തി മാവോ വചനങ്ങളില്‍ ചിലതിനെപ്പറ്റി സംശയമുന്നയിച്ചപ്പോള്‍ അയാള്‍ ഗഹനത തോന്നിക്കുന്ന ശബ്ദത്തില്‍ പറഞ്ഞു: ''സന്ന്യാസിമാരെപ്പറ്റി പറയുമ്പോള്‍ പൂര്‍വ്വാശ്രമം എന്നു പറയാറില്ലേ. എന്റെ കാര്യത്തില്‍ രാഷ്ട്രീയം അങ്ങനെയൊരു സംഗതിയാണ്. ഞാനിപ്പോള്‍ ഒരു ഇസത്തിലും വിശ്വസിക്കുന്നില്ല. കമ്യൂണിസം നിരര്‍ത്ഥമായ ഒരു സ്വപ്നം മാത്രമാണ്. ഈ ചെറിയ ജീവിതം ഒരു ദര്‍ശനത്തിനുവേണ്ടിയും ഹോമിക്കാനുള്ളതല്ല.'' ജീവിതം പിന്നെ എന്തിനുവേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞില്ല. പക്ഷേ, തുടര്‍ന്നുള്ള ദിവസങ്ങളിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍നിന്ന് അദ്ദേഹത്തിന്റെ പുതിയ ജീവിത സമീപനം എന്താണെന്ന് ആളുകള്‍ക്ക് മനസ്സിലായി. നാട്ടിലെ അറിയപ്പെടുന്ന മദ്യപന്മാരുടെ കൂട്ടത്തിലായി അയാള്‍. മദ്യം വളരെ വേഗത്തിലാണ് അയാളെ തന്റെ പിടിയിലാക്കിയത്. അതോടെ അയാളുടെ സംസാരവും പെരുമാറ്റവുമെല്ലാം എന്തോ ഒക്കെയായി. രാവിലെ പത്ത് മണിക്ക് കാണാം എന്ന് ഒരാളോട് പറഞ്ഞാല്‍ പിറ്റേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് അയാളെങ്ങാനും കണ്ണില്‍പ്പെട്ടാല്‍ ഈ മനുഷ്യന്‍ ചൂടാവും. ''നിങ്ങള് രണ്ട് മണിക്ക് വരുംന്ന് പറഞ്ഞതല്ലേ, ഇപ്പോ സമയമെത്രയായി. ഇതെന്താ മറ്റുള്ളവരുടെ സമയം ആകാശം നോക്കി കളയാനുള്ളതാണോ. വാക്കിനു വില വേണം മിസ്റ്റര്‍.'' 
മദ്യപിച്ച് രാത്രി ഒരു മണിക്കും രണ്ട് മണിക്കുമൊക്കെ വീട്ടിലെത്താന്‍ തുടങ്ങിയതോടെ അയാളുടെ പല്ല് തേപ്പും കുളിയും ഉടുതുണി മാറ്റലുമൊക്കെ ഒരു വകയായി. വീട്ടില്‍ അമ്മയേയും അച്ഛനേയും ബാങ്കില്‍ ജോലി ചെയ്യുന്ന സഹോദരിയേയും അവരുടെ കോളേജ് അധ്യാപകനായ ഭര്‍ത്താവിനെയുമൊക്കെ അയാള്‍ പരമാവധി ശല്യപ്പെടുത്തി. രാഷ്ട്രീയത്തില്‍ അയാള്‍ എന്തോ ഒക്കെ ആകുമെന്ന് ഒരുകാലത്ത് അവര്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ പൂര്‍ണ്ണമായി കൈവിടേണ്ടിവരികയും പരിചയക്കാരില്‍നിന്നു നിത്യവും അയാളെപ്പറ്റി മോശപ്പെട്ട ഓരോരോ വാര്‍ത്ത കേള്‍ക്കേണ്ടിവരികയും ചെയ്തതോടെ അവര്‍ അയാളെ എതിര്‍ത്തു പറയുന്നതിനും പണത്തിനു ചോദിക്കുമ്പോഴെല്ലാം ''സ്വന്തമായി പത്തുറുപ്പികയുടെയെങ്കിലും പണിയെടുത്തുണ്ടാക്ക്, വയസ്സ് ഇത്രേമായില്ലേ, ഇങ്ങനെ കോലം കെട്ട് നടക്കാന്‍ ഉളുപ്പുണ്ടോ'' എന്നൊക്കെ പച്ചയ്ക്ക് ചോദിക്കുകയും ചെയ്തു.
വെറും കയ്യുമായി വന്നപ്പോഴും നാട്ടിലെ സ്ഥിരം മദ്യപാനികള്‍ അയാളെ കയ്യൊഴിഞ്ഞില്ല. അവര്‍ അയാള്‍ക്കുവേണ്ടി ഏറ്റവും വിലകുറഞ്ഞതും എന്നാല്‍ തുള്ളി ചെന്നാല്‍ തല പൊട്ടിപ്പോവുന്നത് എന്ന് അവര്‍ പറയുന്നതുമായ മദ്യം ഒരു കുപ്പി സ്ഥിരമായി കരുതിവെക്കും. അത് രണ്ടോ മൂന്നോ പെഗ്ഗ് കൊടുത്തശേഷം അയാളെക്കൊണ്ട് അയാളുടെ ലൈംഗിക ബന്ധങ്ങളുടെ കഥ പറയിക്കും. ഉള്ളതും ഇല്ലാത്തതുമായ അനുഭവങ്ങള്‍ ചെറിയ വിശദാംശങ്ങള്‍ പോലും കൈവിടാതെ അയാള്‍ പറയും. ആ അനുഭവ വിവരണങ്ങള്‍ അവര്‍ക്ക് മദ്യത്തെക്കാള്‍ ഹരം പകരുന്നതായിരുന്നു.
നക്‌സലൈറ്റായി ഭാവിച്ച കാലത്തും പിന്നീടും അയാള്‍ എന്റെ കാര്യം ഓര്‍ത്തതേയില്ല. എന്നാല്‍, ഒരു ദിവസം കുടിച്ച് പിപ്പിരിയായി രാവിലെ മൂന്നു മണിയാവുമ്പോള്‍ നാല് കാലില്‍ ഇഴഞ്ഞെത്തി പിറ്റേന്ന് ഉച്ചവരെ കിടന്നുറങ്ങി എഴുന്നേറ്റ അയാള്‍ക്ക് പെട്ടെന്ന് എന്തുകൊണ്ടോ എന്റെ കാര്യം ഓര്‍മ്മയിലെത്തി. ഊണ് കഴിച്ചു പിന്നെയും ഒരുറക്കം കഴിഞ്ഞു വൈകുന്നേരം അയാള്‍ എന്നെയും സഞ്ചിയിലാക്കി പുറത്തിറങ്ങി. വീട്ടില്‍ തേങ്ങ വിറ്റ് കിട്ടിയ അയ്യായിരം ഉറുപ്പിക ഉണ്ടെന്ന കാര്യം അയാള്‍ക്ക് അറിയാമായിരുന്നു. അച്ഛന്‍ അത് എവിടെയാണ് വെച്ചിരിക്കുന്നത് എന്നും അയാള്‍ മനസ്സിലാക്കിവെച്ചിരുന്നു. അതില്‍നിന്നു 2000 രൂപയുമെടുത്താണ് അയാള്‍ സ്ഥലം വിട്ടത്. എന്നെ എന്തിനു കയ്യിലെടുത്തു എന്ന കാര്യത്തില്‍ ഇപ്പോഴും ഒരൂഹവും എനിക്ക് സാധ്യമാവുന്നില്ല. അയാള്‍ കാര്യമായി എന്തോ മനസ്സില്‍ കണ്ടായിരിക്കാം പുറപ്പെട്ടത്. എന്നാല്‍, പതിവിനു വിപരീതമായി നഗരത്തിലെ ഒരു ബാറിലേക്ക് പോയ അയാള്‍ ഒറ്റയ്ക്കിരുന്ന് ഒരു പൈന്റ് അകത്താക്കിയതോടെ അതൊക്കെ മറന്നു. സ്റ്റാന്റിംഗില്‍ രണ്ട് പെഗ്ഗും കൂടി അടിച്ച് അയാള്‍ ബാറില്‍ നിന്നിറങ്ങുമ്പോള്‍ മഴ കോരിച്ചൊരിഞ്ഞു. ഇടിയും മിന്നലും കാറ്റുമൊക്കെയായി സകല ജീവജാലങ്ങളേയും ചെടികളേയും മരങ്ങളേയും കെട്ടിടങ്ങളെപ്പോലും വിറപ്പിക്കുന്ന മഴ. അയാള്‍ മഴ തോരുന്നതും കാത്ത് ബാറിനു തൊട്ടടുത്തുള്ള ഒരു പീടികക്കോലായില്‍ എന്നെയും നെഞ്ചത്തടുക്കിപ്പിടിച്ച് നിന്നു. ഒരു മണിക്കൂറിലേറെ വേണ്ടിവന്നു മഴയ്ക്കൊരു ശമനം വരാന്‍. അപ്പോഴേയ്ക്കും ലൈറ്റ് പോയി തെരുവുകളെല്ലാം മിക്കവാറും ഇരുട്ടിലായിക്കഴിഞ്ഞിരുന്നു. അയാളുടെ നാട്ടിലേക്കുള്ള ബസ് അവസാനത്തെ ട്രിപ്പ് കാന്‍സല്‍ ചെയ്ത് എവിടെയോ പോയൊളിച്ചിരുന്നു. ഒരോട്ടോറിക്ഷ പിടിക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഒടുവില്‍ വേറൊരു നിവൃത്തിയുമില്ലാതെ അയാള്‍ നാല് കിലോമീറ്റര്‍ റോഡിലൂടെ നടന്നു. പിന്നെ വയല്‍വരമ്പിലേക്ക് കയറി. പെരും വയലാണത്. ഒന്നര കിലോമീറ്ററിലധികം വരമ്പിലൂടെ നടന്നാലേ അയാളുടെ വീട്ടിലെത്താനുള്ള കയറ്റത്തിനടുത്തെത്തൂ. അയാള്‍ വരമ്പിലേക്ക് കാലെടുത്ത് വെച്ചതും പിന്നെയും വന്നു അതിഭയങ്കരമായ മഴ. കൂരാക്കിരുട്ട്, കൊടും തണുപ്പ്, തുള്ളിക്കൊരു കുടമെന്ന കണക്കിനു കോരിച്ചൊരിയുന്ന മഴ. കയ്യില്‍ കുടയില്ല. കണ്ണില്‍ കുത്തുന്ന ഇരുട്ടില്‍ അയാള്‍ നനഞ്ഞു വിറച്ച് ഓരോരോ ചുവടുവെച്ച് നടന്നു. വളരെ സൂക്ഷിച്ചായിരുന്നു നടത്തം. പറഞ്ഞിട്ടെന്ത്; വയലിന്റെ പാതിവഴിക്കെത്തും മുന്‍പ് അയാള്‍ 'ടപോ'ന്ന് വയലില്‍ വീണു. ചളിയും മഴവെള്ളവും നിറഞ്ഞ വയല്‍ അന്നേരം ശരിക്കും ആളെ വിഴുങ്ങാന്‍ പോന്ന ഒരു ചതുപ്പ് പോലെയായിരുന്നു. അയാള്‍ ഉരുണ്ടും പെരണ്ടും തിരിഞ്ഞും മറിഞ്ഞും വരമ്പത്തേയ്ക്ക് കയറി. എന്നെ സൂക്ഷിച്ചിരുന്ന സഞ്ചി വയലില്‍ കൈവിട്ടുപോയ കാര്യം അന്നേരം അയാള്‍ ഓര്‍ത്തില്ല. വിറച്ചു വിറച്ചു നടന്ന് എങ്ങനെയോ വരമ്പ് കഴിഞ്ഞ് കുന്നിന്‍ ചെരിവിലെത്തിയപ്പോഴാണ് എന്റെ കാര്യം ഓര്‍മ്മ വന്നത്. ഇടയക്ക് ഒന്നു പതുക്കെയായ മഴ വീണ്ടും കലിയിളകിയെത്തിയിരുന്നു. തിരിച്ചു നടന്ന് എന്നെ തപ്പിയെടുക്കുന്ന കാര്യം അയാള്‍ക്ക് ആലോചിക്കാനേ വയ്യായിരുന്നു.
ഞാന്‍ സഞ്ചിക്കുള്ളില്‍ ചെളിയില്‍പൂണ്ട് ആ വയലില്‍ അങ്ങനെ കിടന്നു. ആ വയലും ചുറ്റിലുമുള്ള മൂന്നേക്കര്‍ വയലും അന്നു കേസിലായിരുന്നു. 20 കൊല്ലം കേസ് കെട്ടിമറിഞ്ഞു. കേസില്‍ വിധി വന്നതിന്റെ അടുത്ത മാസം ആ സ്ഥലം ബൈപ്പാസ്സിനുവേണ്ടി എടുത്തു. സ്ഥലമുടമയ്ക്ക് നല്ല നഷ്ടപരിഹാരം കൊടുത്തുതന്നെയാണ് എടുത്തത്. 18 കൊല്ലമായി ബൈപ്പാസിന്റെ പണി ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല. ഇക്കാലമത്രയും ഈ സ്ഥലം പുല്ലും തൊട്ടാവാടിയും പടര്‍ന്നു കിടന്നു. വേനല്‍ക്കാലത്ത് ഫുട്ബോള്‍ കളിയും വോളീബോളുമൊക്കെ ഓരോ ഭാഗത്ത് നടക്കും. മഴപെയ്ത് പുല്ല് പൊന്തിയാല്‍ പെണ്ണുങ്ങള്‍ പുല്ലരിയാന്‍ വരും. എന്റെ ഭാഗ്യംന്നോ നിര്‍ഭാഗ്യംന്നോ പറയാം; ഒരു കത്തിയും ഇന്നേ വരെ എന്റെ ദേഹത്ത് വന്നു തൊട്ടില്ല. ഒരു സ്ത്രീയും എന്റെ മേല്‍ മൂത്രമൊഴിച്ചിട്ടില്ല.
തെയ്യം കാണാന്‍ പോയി മടങ്ങിവരും വഴി ഞാന്‍ നിങ്ങളുടെ കണ്ണില്‍പ്പെട്ടതും എന്നെ നിങ്ങള്‍ എന്റെ 10-38 കൊല്ലത്തെ വയല്‍വാസത്തില്‍നിന്നു രക്ഷിച്ചതുമൊക്കെ നല്ലതുതന്നെ. പക്ഷേ, ഉള്ളത് ഉള്ളതുപോലെ പറയണമല്ലോ. എന്നെ വീട്ടില്‍ വെച്ചിരിക്കുന്നത് നല്ലതല്ല. അടുത്ത ദിവസം തന്നെ നിങ്ങള്‍ പ്രസ്സ് ക്ലബ്ബില്‍ ഒരു പത്രസമ്മേളനം നടത്തി എന്നെ പ്രദര്‍ശിപ്പിക്കുക. ഇന്ന വയലില്‍നിന്ന് ഇന്ന ദിവസം കിട്ടിയതാണെന്നൊക്കെ കൃത്യമായി പറഞ്ഞോളൂ. പുരാവസ്തു വകുപ്പുകാര്‍ വന്ന് എന്നെ ഏറ്റെടുക്കും. എന്നെ അവര്‍ മാന്യമായ ഒരു സ്ഥലത്ത്, മിക്കവാറും ഒന്നാന്തരമൊരു മ്യൂസിയത്തില്‍ത്തന്നെ പ്രദര്‍ശിപ്പിക്കും. ചിലപ്പോള്‍ എന്റെ ചുവടെ എന്നെക്കുറിച്ച് പല കള്ളത്തരങ്ങളും എഴുതിവെച്ചേക്കും. അതൊന്നും സാരമില്ല. ഈ ലോകം സത്യംകൊണ്ടു മാത്രമല്ല, കള്ളത്തരംകൊണ്ടു കൂടിയാണ് നിലനില്‍ക്കുന്നത് എന്ന കാര്യം ഇത്രയും കാലത്തെ ജീവിതം കൊണ്ട് താങ്കളും മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ. ശരി, ഞാന്‍ അധികം വാചകമടിച്ച് താങ്കളെ ബോറടിപ്പിക്കുന്നില്ല. താങ്കള്‍ സമയം പാഴാക്കാതെ വേണ്ടത് ചെയ്യുക.
പിച്ചളവിളക്കില്‍നിന്ന് ഇങ്ങനെ കൃത്യമായ ഒരു നിര്‍ദ്ദേശം കിട്ടിയ നിലയ്ക്ക് എത്രയും വേഗം ഒരു പത്രസമ്മേളനം നടത്താമെന്ന് അയാള്‍ അപ്പോള്‍ത്തന്നെ തീരുമാനിച്ചു. അടുത്ത ദിവസം പക്ഷേ, അയാള്‍ക്ക് രാവിലെ എഴുന്നേല്‍ക്കാന്‍ പറ്റിയില്ല. പതിവില്ലാത്തവിധം കഠിനമായ ക്ഷീണം. ക്ഷീണത്തെക്കാളേറെ ആ വിളക്ക് സൃഷ്ടിച്ച അവ്യക്തമായ ഭയവും ആശങ്കകളുമായിരുന്നു പ്രശ്‌നം. ഉച്ച കഴിയും വരെ അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു കഴിച്ചുകൂട്ടി. ഉച്ചയൂണ് കഴിഞ്ഞപ്പോള്‍ ആലസ്യം പിന്നെയും കൂടി. പിന്നെ വൈകുന്നേരം വരെ മതികെട്ടുള്ള ഉറക്കമായിരുന്നു. പിറ്റേന്നു രാവിലെ പ്രസ്സ് ക്ലബ്ബില്‍ പോയി കാര്യങ്ങളൊക്കെ ഏര്‍പ്പാടാക്കാമെന്ന് അത്താഴത്തിനിരുന്നപ്പോള്‍ അയാള്‍ ഉള്ളിലുറപ്പിച്ചു. അന്നു രാത്രി അയാളുടെ വീട്ടില്‍ കള്ളന്‍ കയറി. സ്റ്റാന്റില്‍ തൂക്കിയിട്ട ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന രണ്ടായിരത്തിന്റെ ഒരു നോട്ടിനു പുറമെ കള്ളന്‍ കൊണ്ടുപോയത് പിച്ചളവിളക്ക് മാത്രമാണ്. രാവിലെ സംഗതി ബോധ്യപ്പെട്ടപ്പോള്‍ അയാള്‍ ഒരക്ഷരം മിണ്ടാനാവാതെ തരിച്ചിരുന്നുപോയി. വീട്ടില്‍ കള്ളന്‍ കയറിയെന്നറിഞ്ഞു വിവരമന്വേഷിക്കാന്‍ വന്ന അപ്പുവേട്ടനില്‍നിന്നാണ് സംഗതിയറിഞ്ഞത്. വയലിന്റെ അറ്റത്ത് കുറ്റിക്കാടിനടുത്ത് ഒരു കള്ളന്‍ മരിച്ചുകിടക്കുന്നുണ്ടത്രെ. പൊലീസ് എത്തിയിട്ടുണ്ടെന്നും കള്ളന്റെ ശരീരത്തിനടുത്ത് കിടന്നിരുന്ന വലിയ ചാക്കില്‍നിന്നു പലതരം സാധനങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും അപ്പുവേട്ടന്‍ പറഞ്ഞു.
അന്ന് ഉച്ചയോടെ ഉയര്‍ന്ന രണ്ട് പൊലീസ് ഓഫീസര്‍മാര്‍ ഏതാനും പൊലീസുകാരെ പിന്നില്‍ നിര്‍ത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന ദൃശ്യം ടി.വിയില്‍ കണ്ടു. തമിഴ്നാട്ടിലും കേരളത്തിലുമായി നൂറിലധികം കേസുകളുള്ള ഒരു പെരുംകള്ളനാണ് മരിച്ചിരിക്കുന്നതെന്നും ഏറ്റവുമൊടുവില്‍ അദ്ദേഹം മോഷ്ടിച്ച വസ്തുക്കളുടെ കൂട്ടത്തില്‍ വിലമതിക്കാനാവാത്ത ഒരു പുരാവസ്തു കൂടി ഉണ്ടെന്നും ഓഫീസര്‍മാരിലൊരാള്‍ പറഞ്ഞു. അതു പ്രദര്‍ശിപ്പിക്കാമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി നിഷേധാര്‍ത്ഥത്തിലായിരുന്നു. എന്തായാലും ആ പിച്ചളവിളക്ക് പുരാവസ്തു വകുപ്പിന്റെ കയ്യിലെത്തും എന്ന കാര്യം ഉറപ്പായി. വിളക്ക് പ്രവചിച്ചതുപോലെ അതു പേരുകേട്ട ഏതെങ്കിലും പുരാവസ്തു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടും. അതിനു ചുവടെ അതിന്റെ കാലപ്പഴക്കമുള്‍പ്പെടെ ഗംഭീരമായ ചരിത്രം രേഖപ്പെടുത്തുന്ന ഒരു ഫലകം കൂടി വരും. ആ ഒരു സംതൃപ്തിയുമായി ഉറങ്ങാന്‍ കിടന്ന അയാള്‍ ഒരു നീണ്ട സ്വപ്നത്തിന്റെ ഒടുവില്‍ തന്റെ പിച്ചളവിളക്കിനെ ഒരിക്കല്‍ക്കൂടി കണ്ടു. സ്ഥലം എവിടെയെന്നു വ്യക്തമായില്ല. അതിവിശാലമായ ഒരു കോമ്പൗണ്ടിനുള്ളില്‍ നെടുനീളത്തില്‍ രണ്ട് നിലകളിലായി ഗംഭീരമായ ഒരു മ്യൂസിയം. രണ്ടാം നിലയില്‍ അങ്ങേയറ്റം വൃത്തിയും വെടിപ്പുമുള്ള ഒരു ചെറിയ മുറിയില്‍ തേക്കില്‍ തീര്‍ത്ത് ചില്ലിട്ട ചതുരക്കൂട്ടിനുള്ളില്‍ ആകാശനീല നിറമുള്ള വെല്‍വെറ്റ് പശ്ചാത്തലത്തിനു മുന്നില്‍ ആരെയും ആകര്‍ഷിക്കും വിധമായിരുന്നു അതിന്റെ നില്‍പ്പ്. ചതുരക്കൂട്ടിനു താഴെ ഭംഗിയുള്ള ഫ്രെയിമില്‍ വെട്ടിത്തിളങ്ങുന്ന അക്ഷരങ്ങളില്‍ ചെറിയ കുറിപ്പ്: എ.ഡി 1110-1160. വടക്കുകിഴക്കേ ഇന്ത്യയില്‍ പാമ്പ് കുലചിഹ്നമായുള്ള ഗോത്രവര്‍ഗ്ഗക്കാരുടെ ആരാധനാമൂര്‍ത്തിക്കു മുന്നില്‍ കത്തിച്ചുവെക്കാറുള്ളതായിരുന്നു നാഗഫണത്തിന്റെ ആകൃതിയിലുള്ള ഇത്തരം വിളക്കുകള്‍. ലോഹക്കൂട്ട്: പിച്ചള.
സ്വപ്നത്തിലും അയാള്‍ അടിമുടി രോമാഞ്ചമണിഞ്ഞു. പിന്നെ കാലുകള്‍ മടക്കി നെഞ്ചോടടുപ്പിച്ചുവെച്ച് കൈപ്പത്തികള്‍ ഒന്നിനുമീതെ ഒന്നായിച്ചേര്‍ത്തു തലയ്ക്കുമീതെ ഉയര്‍ത്തിപ്പിടിച്ച് അയാള്‍ തനിക്ക് കൈമോശം വന്ന ആ വിളക്കിനെപ്പോലെ കിടന്ന് ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ ഒരു ചിരി ചിരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com