കത്താള്‍ഛേദം
By പി. മോഹനചന്ദ്രന്‍ | Published: 10th May 2018 05:09 PM |
Last Updated: 10th May 2018 05:09 PM | A+A A- |

ജമീന അഗര്‍വാള്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുമ്പോള്‍ ആകാശം അതൃപ്തിയുടെ ഭണ്ഡാരം തുറന്ന് മഴയുടെ കെട്ടഴിച്ചു. അറൈവല്‍ ലോഞ്ചിന് പുറത്തുകടന്ന് നടവഴിയിലിറങ്ങിനിന്ന് അവള്‍ മഴമര്‍മ്മരത്തിന്റെ വളപ്പൊട്ടുകള്‍ ചിതറിവീഴുന്ന സുഖകരമായ കാഴ്ചയെ കൗതുകത്തോടെ നോക്കി. തോളില്‍ തൂങ്ങിക്കിടന്ന രോമക്കുപ്പായവും തവിട്ടുനിറമുള്ള ട്രോളിബാഗും ഇറുകിയ ജീന്‍സും പച്ചനിറമുള്ള മേല്‍ക്കുപ്പായവും തോള്‍ബാഗും യാത്രക്കാരിയുടെ അക്ഷമയെ ഏവരാലും ശ്രദ്ധിക്കുവാന്‍ പാകത്തില്‍ മഴയോട് സന്ധി ചെയ്തു. അവളുടെ നീണ്ടവിരലുകള്‍ക്കിടയില്‍ പ്രീപെയ്ഡില്‍ പണമടച്ച കടലാസ്സ് കീറ് പുളകംകൊള്ളുന്നതു കണ്ട് മറ്റൊരു യാത്രക്കാരിയായ തടിച്ച സ്ത്രീ കൂടി അവളോടൊപ്പം മഴയില്‍ അവരോധിക്കപ്പെട്ടു. പെണ്‍മടവിന്റെ ഗഹനമായ നാനാര്‍ത്ഥങ്ങള്‍ പരസ്പരം വാതുവയ്ക്കുന്നത് പലരുടേയും ഇച്ഛാഭംഗത്തിന് കാരണമാവുകയും തുവര്‍ന്ന മഴയിലൂടെ അവരെല്ലാം തുടര്‍യാത്രയിലേക്ക് ആനയിക്കപ്പെടാന്‍ അവളെപ്പോലെ ഊഴം കാത്തുനില്‍ക്കാനും തുടങ്ങി.
വാരണാസിയില്‍നിന്ന് കല്‍ക്കത്ത വഴി കൊച്ചിയിലേക്കുള്ള യാത്രയിലുടനീളം ജമീന അഗര്‍വാള്‍ നാട്ടിലെ പീഡനങ്ങളുടെ വാര്‍ത്തകള്‍ നിരത്തിവച്ച് പെണ്‍യോനിയുടെ നിര്‍മ്മിതി... അപഗ്രഥിക്കുകയായിരുന്നു. പെരും ലോകത്തിലേക്ക് മനസ്സ് യഥേഷ്ടം അലഞ്ഞുനടന്നു. ഇടക്കൊക്കെ കൊച്ചിയാത്രയിലേക്ക് തള്ളിവിട്ട അമ്മയുടെ ദീനമുഖവും രണ്ടാനച്ഛന്റെ കാവിക്കണ്ണുകളും ദയാരഹിതമായ ഒരുകാലത്തിന്റെ ശേഷിപ്പുകളായി അവളെ അലോസരപ്പെടുത്തി. രണ്ടാനച്ഛനെ തെരഞ്ഞുപിടിച്ച് വിശാഖപട്ടണത്തെ അമ്മയുടെ മമ്പുടിവ്രതത്തിലേക്ക് തുരത്തേണ്ടുന്ന ഭാരിച്ച ചുമതല അവള്‍ സ്വയമേറ്റെടുത്തതാണ്. അതിന് സഹായിയും സഹചാരിയുമായി സുപാല്‍വര്‍മ്മ എന്ന കാമുകന്റെ സാന്നിദ്ധ്യം അവളുടെ കൊച്ചിയാത്രയുടെ മറ്റൊരു ഘടകം കൂടിയാണ്. മുന്‍കൂട്ടി നിശ്ചയിക്കപ്പെടാത്ത യാത്രയുടെ വിശദാംശങ്ങള്‍ സുപാല്‍വര്‍മ്മയെ അവള്‍ ധരിപ്പിച്ചിരുന്നില്ലെങ്കിലും കൊച്ചിയിലേക്ക് വരുന്നു എന്ന സന്ദേശത്തില്‍ അയാളെ അത്ഭുതപ്പെടുത്താനായിരുന്നു ലക്ഷ്യം.
അമ്മ രണ്ടാനച്ഛനെ വരിക്കുമ്പോള്‍, എതിര്‍ത്തു പറയാന്‍ അവളുടെ പക്കല്‍ അപ്പോള്‍ നീണ്ട ഒരു വാചകം പോലും സ്വന്തമായിട്ടില്ലായിരുന്നു. അതുവരെ സ്‌നേഹം മാത്രം നല്‍കി, ഏകപക്ഷീയമായ യാത്രയിലേക്ക് അച്ഛന്‍ അപഹരിക്കപ്പെടുമ്പോള്‍ അമ്മയും ജമീനയും അനുജന്‍ മഹല്‍ അഗര്‍വാളും മറ്റൊരു തുരുത്തിലേക്ക് കുടിയേറുകയായിരുന്നു. എന്നാല്‍ യാദൃച്ഛികമായി വന്നുപ്പെട്ട രണ്ടാനച്ഛന്റെ വരവോടെ അവള്‍ മരണത്തെ നിരന്തരം തൂക്കിലേറ്റി, കണക്കറ്റ് പരിഹസിക്കുകയും അമ്മയുടെ അന്യായത്തിന് നേരെ മൗനം കൊണ്ട് കയര്‍ക്കുകയും ചെയ്തു. വളര്‍ച്ച മുറ്റാത്ത രണ്ട് കുട്ടികളുടെ കാളീയ വിനോദങ്ങളായി അമ്മ അതിനെ കണ്ടിരുന്നു എന്ന് വേണം കരുതാന്‍.
ഇന്‍ഡിഗോ യാത്രയില്‍ തൊട്ടടുത്തിരുന്ന പ്രായം മറന്ന മദ്ധ്യവയസ്‌ക്കന്‍ അവളുടെ മുലകള്‍ക്ക് നേരെ മൂക്ക് തുറന്ന് വച്ച് പുളകംകൊള്ളുന്നതും കരടി രോമം നിറഞ്ഞ കൈത്തണ്ടയുരസി സമവായത്തിന് ശ്രമിക്കുന്നതും അവളെ അസ്വസ്ഥയാക്കി. അതിര്‍ത്തി ലംഘനം അസ്സഹനീയമായപ്പോള്‍ അവള്‍ അയാളുടെ കാടുപിടിച്ച ചെവിയില്‍ ഇങ്ങനെയൊരു സന്ദേശത്തിന് തീ കൊടുത്തു. അടിവസ്ത്രം തിരുമിയിട്ട് പതിനെട്ടു ദിവസങ്ങളായി. രാവിലെ പല്ലുതേക്കാനും ടോയിലെറ്റില്‍ പോകാനും നേരം കിട്ടിയില്ല. ആറുമണിയുടെ ഫ്‌ലൈറ്റ് പിടിക്കാന്‍ അഞ്ച് മണിക്കാണുണര്‍ന്നത്. സന്ദേശം സ്വീകരിച്ചതിന്റെ പ്രത്യാഘാതത്തില്‍ മദ്ധ്യവയസ്‌ക്കന്‍ മരിച്ചതുപോലെ പിന്നോക്കം തലവെച്ച് കണ്ണുകളടച്ചു. അപ്പോഴും അയാളുടെ വലതു കൈവിരലുകളിലെ മോതിരങ്ങള്‍ വൈഷ്ണവചാപം പോലെ തിളങ്ങുന്നുണ്ടായിരുന്നു.
കാക്കനാട്ടെ മാവേലിപുരം കോളനിയിലെ ലുംബിനി കോട്ടേജിലേക്കായിരുന്നു ജമീനക്ക് പോകേണ്ടിയിരുന്നത്. അവിടേക്കുള്ള ടാക്സിയില്‍ കയറി വിമാനത്താവളത്തിന് പുറത്തുകടന്നു. നനഞ്ഞ കരിമേഘം പോലെയായിരുന്നു ഡ്രൈവറുടെ മുഖം.
ഗേറ്റിന് പുറത്തുകടന്ന് വി.ഐ.പി. റോഡിലൂടെ വണ്ടി സാവധാനം നീങ്ങി. സാധാരണ ഡ്രൈവര്‍മാരെപ്പോലെ അയാള്‍ അപരിചിതയായ യുവതിയോട് ഒന്നും സംസാരിച്ചില്ല. സഖാവ് പിണറായിയെക്കുറിച്ചോ ദില്ലിയിലെ മോദിയെക്കുറിച്ചോ സിനിമാതാരം ദിലീപിന്റെ ജയില്‍വാസത്തെക്കുറിച്ചോ അയാള്‍ക്ക് വേണമെങ്കില്‍ പലതും സംസാരിക്കാമായിരുന്നു. കുറഞ്ഞപക്ഷം, ഏതു നാട്ടുകാരിയാണെന്ന ചോദ്യമെങ്കിലും അവള്‍ പ്രതീക്ഷിച്ചെങ്കിലും ഡ്രൈവര്‍ വായ തുറന്നില്ല. യാത്രക്കാരിയെ തീര്‍ത്തും അവഗണിച്ച് അയാള്‍ ഹൈവേയില്‍ കയറി കാക്കനാട്ടേക്ക് ലക്ഷ്യം പിടിച്ചു. ഹൈവേ പിന്നിട്ടുകൊണ്ടിരിക്കെ ജമീന ഇപ്രകാരം ഒരു ചോദ്യം അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.
''ഇവിടെ മുഖ്യമന്ത്രിയാകാന്‍ എന്താണെളുപ്പവഴി?''
വണ്ടിയുടെ വേഗത പെട്ടെന്ന് കുറയുകയും വഴികള്‍ക്കിരുവശവും പരതിക്കൊണ്ട് അടുത്തു കണ്ട പാര്‍ക്കിംങ്ങ് സ്ലോട്ടില്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. കാടുപിടിച്ച് കാഴ്ചമറഞ്ഞ ഒരു തകരക്കൂടിന് മുന്നിലായിരുന്നു വണ്ടി ഹാള്‍ട്ട് ചെയ്തത്, അവിടേക്ക് വിരല്‍ചൂണ്ടി ഡ്രൈവര്‍ പറഞ്ഞു: ''അതൊരു പൊതു ശൗചാലയമാണ്. അതിനുള്ളില്‍ അരമണിക്കൂര്‍ സമയം ചെലവഴിച്ചാല്‍ ഭവതിയുടെ ആഗ്രഹം സാധിച്ചു കിട്ടും.'' ഗൗരവത്തിലും വേഗത്തിലുമാണ് ഡ്രൈവര്‍ അത്രയും പറഞ്ഞത്. അയാളുടെ ശബ്ദം ഇറച്ചിക്കോഴിയുടെ കരച്ചില്‍പോലെയായിരുന്നു. തികട്ടിവന്ന ക്ഷോഭം പുറത്തു കാണിക്കാതെ, താന്‍ വണ്ടിവിട് എന്നാജ്ഞാപിച്ച് ജമീന മൊബൈലില്‍ സുപാല്‍വര്‍മ്മക്ക് സന്ദേശമയച്ചു. ''കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു. ലുംബിനിയിലേക്കുള്ള ടാക്സിയിലാണ്. നീ എവിടെയുണ്ട്?''
പൊടുന്നനെ ജമീനയുടെ മൊബൈല്‍ വൈബ്രേറ്റ് ചെയ്യാന്‍ തുടങ്ങി.
''നീ വന്നുവോ?'' ഞാനതു മറന്നിരുന്നു. ഒന്നരമാസമായി നീ വന്നുകൊണ്ടിരിക്കുകയായിരുന്നല്ലോ? എന്തായാലും വന്ന വാര്‍ത്ത കേട്ട് ഞാന്‍ തീരെ സന്തോഷിക്കുന്നില്ല. കാരണം ഈ ദിവസത്തിന് ലോകത്തിലെ മുഴുവന്‍ കാക്കകളുടേയും നിറമുണ്ട്. എനിക്കിന്ന് യൂണിവേഴ്സിറ്റിയില്‍ പണിക്കു പോകാനായില്ല. രാവിലത്തെ മുഖക്ഷൗരവും അനുബന്ധ ക്രിയകള്‍ക്കും അവധി കൊടുത്തിരിക്കുകയുമാണ്. പ്രൊഫസര്‍ രാമനാഥന്റെ വീട്ടില്‍ അയാളുടെ ഭാര്യക്കും മകള്‍ക്കും രാത്രിയില്‍ കാവല്‍കിടക്കാന്‍ പോയ ഉബൈദിന്റെ ലിംഗം ആരോ ഛേദിച്ചുകളഞ്ഞു. ഓപ്പറേഷന്‍ തിയേറ്ററിന്റെ മുന്നിലാണ് ഞാനിപ്പോള്‍. മറ്റാരും അവന് നഗരത്തില്‍ സഹായത്തിനില്ല. നിന്നോട് പലപ്പോഴായി ഞാന്‍ അവനെപ്പറ്റി പറഞ്ഞിരുന്നല്ലോ. മറൈന്‍ സയന്‍സില്‍ റിസര്‍ച്ച് ചെയ്യുന്ന പയ്യന്‍. വേര്‍പെട്ട ലിംഗവുമായി ഞാനാണാശുപത്രിയിലെത്തിച്ചത്. സംഭവങ്ങളുടെ വിശദാംശങ്ങള്‍ പിന്നീട് പറയാം.
വന്നസ്ഥിതിക്ക് നീ ലുംബിനിയിലെത്തി വിളിച്ചാല്‍മതി. ലുംബിനി ലൊക്കേറ്റ് ചെയ്യാന്‍ നിന്റെ ടാക്സിക്കാരന് ബുദ്ധിമുട്ടുണ്ടാവില്ല. മൊബൈലിലെ ജി.പി.എസ് വഴി അതിന് കഴിയും. നിന്നെ കാണാനും കണ്ട് കണ്ണുകളെ നനക്കാനും എനിക്ക് കൊതിയാവുന്നുണ്ട്. നമുക്കൊരുമിച്ച് കുറഞ്ഞപക്ഷം ഒരു മണിക്കൂറെങ്കിലും പരസ്പരം സംസാരിച്ചും സ്പര്‍ശിച്ചും ചുംബിച്ചും തലോടിയും പ്രണയത്തിന്റെ വിരഹവേദനകള്‍ പങ്കിടാം. അതിന് സമയം കണ്ടെത്താന്‍ സൂനഹദോസ് പള്ളിയില്‍ മെഴുകുതിരിയും തൃക്കാക്കരയപ്പന് കദളിപ്പഴവും നേര്‍ച്ച പറയാം. നിന്റെ കൊച്ചിയാത്രയിലെ പ്രഥമ ദൗത്യം രണ്ടാനച്ഛനെ തെരഞ്ഞുപിടിച്ച് വിശാഖപട്ടണത്തേക്ക് പായിക്കണം എന്നതാണെന്നറിയാം. പക്ഷേ, നിന്നെ സഹായിക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയുമെന്ന് കരുതാന്‍ വയ്യ. ഉബൈദിന്റെ ഉടല്‍ ശിഖരം മുറിച്ചുമാറ്റപ്പെട്ട നിജസ്ഥിതിയുടെ നിര്‍വ്വചനങ്ങള്‍ കണ്ടുപിടിക്കേണ്ടതുമുണ്ട്. അവന്റെ പ്രൊഫസറുടെ ഭാര്യ സംഭവത്തിനു ശേഷം അപ്രത്യക്ഷയായി. മകള്‍, ഖേദത്തോടെ വീട്ടില്‍ത്തന്നെയുണ്ട്.''
''ഇന്ന് പകലും രാത്രിയുമാണ് കൊച്ചിയിലെ എന്റെ യാത്രാപഥത്തിലെ ഇടവേള.'' ജമീന പറഞ്ഞു. ''നാളെ രാവിലെ ആറര ഫ്‌ലൈറ്റിന് വിശാഖപട്ടണത്തെത്തേണ്ടതുണ്ട്. ഗൗരവമേറിയ കമ്പനിമീറ്റിങ്ങും, അമ്മയെ സന്ദര്‍ശിക്കേണ്ടതുമുണ്ട്. അമ്മ വീണ്ടും ഗര്‍ഭിണിയായിരിക്കുന്നു. ഗര്‍ഭചിഹ്നമറിഞ്ഞ് അമ്മ ആശങ്കയിലും മനോവേദനയിലുമാണ്. അതറിയാതെയാണ് രണ്ടാനച്ഛന്‍ കൊച്ചിയിലേക്ക് സ്ഥലമാറ്റമായി കടന്നുകളഞ്ഞത്. നാലുമാസങ്ങളായി വിവരങ്ങളൊന്നുമില്ല. ഫോണിലും ബന്ധപ്പെടാനാവുന്നില്ല. അമ്മയോട് എനിക്ക് അനുതാപമില്ലെങ്കിലും വെറുക്കുവാന്‍ കഴിയുന്നില്ല. രണ്ടാനച്ഛന്‍ ഇപ്പോളെന്റെ കണ്‍മുന്നില്‍ ചിരിക്കുന്ന കാട്ട് ജന്തുവാണ്.''
എല്ലാം ഞാന്‍ ഗ്രഹിക്കുന്നുണ്ട് കരളെ, കരയാതെ, രണ്ടാനച്ഛന്‍മാര്‍ ഭൂവിലെവിടെയും കൂര്‍വ്വകളാണ്. കാലം തന്നെ അവര്‍ക്കൊരു ഫലിതത്തിന്റെ പതാക മാത്രമാണ്. നീ അധികം നൊമ്പരപ്പെടാതെ, സമാധാനപ്പെടുക. ഉബൈദിന്റെ വാപ്പച്ചി ഉടനെത്തുമെന്ന് കരുതുന്നു. കോഴിക്കോട് മിഠായിത്തെരുവിലെ അലുവ വ്യാപാരിയാണ് കക്ഷി.
''നീ വരുന്നതുവരെ ഞാനെങ്ങനെ ഒറ്റക്കിവിടെ... അതും അപരിചിതമായ നഗരത്തില്‍...''
''ഒന്നും ഭയക്കേണ്ടതില്ല. കാക്കനാട് ടെക്കികളുടെ പ്രദേശമാണ്. ഒന്നിനും സമയമില്ലാത്തവര്‍. ലുംബിനിയില്‍ നിന്നൊരു പ്രതിസന്ധിയും നേരിടേണ്ടതില്ല. കോട്ടേജിന്റെ ചാവി തൊട്ടടുത്ത ഘടികാരനിര്‍മ്മാണ കമ്പനിയിലെ പവര്‍ണ്ണന്റെ പക്കലുണ്ട്. ഘടികാരത്തിന്റെ പെന്‍ഡുലം കണ്ടുപിടിച്ചയാളെന്നവകാശപ്പെടുന്ന ശുംഭന്‍. അയാളുടെ ഒറ്റക്കണ്ണുകൊണ്ട് നിന്നെ പരുക്കേല്പിക്കാനിടയുണ്ട്. അയാളോട് അധികം സംസാരിക്കരുത്. ചാവി വാങ്ങി ലുംബിനി തുറന്ന് അകത്ത് അല്പനേരം വിശ്രമിക്കുക. കിച്ചനില്‍ ഒന്നുമവശേഷിക്കുന്നില്ല. കുളികഴിഞ്ഞ് വിളിച്ചാല്‍ പ്രാതലിന്റെ സങ്കേതം പറഞ്ഞുതരാം. ബോറടി മാറ്റാന്‍ അലമാരയില്‍ ധാരാളം പുസ്തകങ്ങളുണ്ട്.
പയ്യനല്ലൂര്‍ ഭവാനന്ദന്റെ 'കത്താള്‍ഛേദം' എന്ന കവിതാസമാഹാരവുമുണ്ട്. പുരുഷശിഖരങ്ങള്‍ എങ്ങനെ വേഗത്തില്‍ കരവാളുകൊണ്ട് വെട്ടിവീഴ്ത്താമെന്ന് അതില്‍ എഴുതിയിട്ടുണ്ട്. ഉബൈദിന് സംഭവിച്ചത് ആ കവിതയിലെ വരികളിലുണ്ട്. വായിക്കുക. നഴ്സ് വിളിക്കുന്നു. ഞാന്‍ പിന്നീട് വിളിക്കാം.'' സുപാല്‍ ഫോണ്‍ വച്ചു.
ജമീനയുടെ കൊച്ചിയിലേക്കുള്ള രണ്ടാം വരവായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഇന്‍ഫോപാര്‍ക്കിലെ മുന്തിയ ജോലിക്ക് ഇന്റര്‍വ്യുവിന് വന്നിട്ടുണ്ടായിരുന്നു. ആ നഗരപരിചയം അന്നേ മറന്നുപോയിരുന്നു. തീവണ്ടിയിലെ തേഡ് ഏ.സിയില്‍ യാത്ര ചെയ്യുമ്പോഴാണ് സുപാലിനെ ആദ്യമായി പരിചയപ്പെടുന്നത്. കേവലമായ പരിചയത്തിന്റെ തുടക്കമായിരുന്നു അത്. അയാളുടെ മാറാപ്പില്‍ ആര്‍തര്‍ ഒസ്ബോണിന്റെ രമണമഹര്‍ഷി പുസ്തകങ്ങളും നീഷെയുടെ സരതുസത്രയുടെ വചനങ്ങളുമുണ്ടായിരുന്നു.
കണ്ണടയ്ക്കുള്ളില്‍നിന്ന് കുതറിവരുന്ന കണ്ണുകള്‍ പലപ്പോഴും തന്റെ മുഖത്ത് തറഞ്ഞു നിന്നിരുന്നു. യൂണിവേഴ്സിറ്റി അദ്ധ്യാപകന്റെ പകിട്ട് കുറഞ്ഞ ചിരിയും ചീകാത്ത മുടിയും മെലിഞ്ഞ ഉടലും ഓര്‍മ്മകളിലെവിടെയോ ലാളിച്ചുകൊണ്ടിരുന്ന രൂപമായിരുന്നു. തുടര്‍ന്നുണ്ടായ ഫോണ്‍വിളികളിലൂടെയും ഫെയ്സ്ബുക്കിലൂടെയും തീരങ്ങളില്ലാത്ത നദിപോലെ സ്‌നേഹസൗഹൃദം ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു. ഉഴവുചാലില്‍ നിന്നുയിര്‍ക്കൊണ്ടതുപോലെ സൗഹൃദം പിന്നീട് പ്രണയത്തിനു വഴിമാറി. കവര്‍ച്ച ചെയ്യപ്പെട്ട ജന്മാന്തരബന്ധത്തിന്റെ വീണ്ടെടുക്കലുപോലെ ആത്മാവുകള്‍ പരസ്പരം പൂരിപ്പിച്ച് മുന്നേറി. ഗോത്രവും ഭാഷയും ദേശവും ഏകത്വബന്ധത്തിന് പുറത്ത് ചരമപ്പെട്ടു. കര്‍മ്മബന്ധങ്ങളുടെ തുടര്‍ച്ചയില്‍ മനസ്സുകള്‍ പരിലാളനത്തിന് കൊതിക്കുകയും ഏകീകരിക്കപ്പെടുകയും ചെയ്തു. അതിശയകരമായ പിറവിയുടെ സമാനത. ഒരേപോലെ പിതൃമരണങ്ങള്‍. ഒരേപോലെ രണ്ടാനച്ഛന്‍മാര്‍. ജീവിതത്തിന്റെ കനിവില്ലാത്ത കവചിത യുദ്ധങ്ങളും പലായനങ്ങളും.
ഇന്‍ഫോപാര്‍ക്കിലെ ഇടനാഴിയില്‍വച്ചാണ് പൂജാരഘുറാമിനേയും കണ്ടുമുട്ടിയത്. അയാളും ജമീനയെപ്പോലെ ഇന്റര്‍വ്യൂവിന് വന്നതായിരുന്നു. വാരണാസിയില്‍നിന്നുവന്ന തന്നെ അത്ഭുതത്തോടെ അയാള്‍ എതിരേറ്റു. പിന്നീട് വാരണാസിയില്‍ തിരിച്ചെത്തി, മാസങ്ങള്‍ക്ക് ശേഷം തത്തേരിബസാറിലെ റാം ബന്ധര്‍ റസ്റ്റോറന്റില്‍ വച്ചാണ് രഘുറാമിനെ യാദൃച്ഛികമായി വീണ്ടും കണ്ടത്. വാരണാസിയില്‍ അലയാന്‍ വന്ന അഭയാര്‍ത്ഥിയുടെ വേഷമായിരുന്നു അയാള്‍ക്ക്. കൂടിച്ചേരല്‍ മറ്റൊരു സൗഹൃദത്തിന്റെ സമ്മേളനമായിരുന്നു. നിരാശയും നിരാലംബതയും കളമെഴുതിയ അയാളുടെ മുഖത്ത് ചിരി അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. എല്ലാ ഭൂഖണ്ഡങ്ങളും മനുഷ്യരാല്‍ വിന്യസിക്കപ്പെട്ട പടക്കളങ്ങളാണെന്ന് രഘുറാം പറഞ്ഞു. ആരെയും പ്രണയിച്ചിട്ടില്ലാത്ത ചെറുപ്പക്കാരന്റെ ചെടിപ്പ് ജമീനയെ അതിശയിപ്പിക്കാതിരുന്നില്ല. കാരണം പൂജാരഘുറാമില്‍ തിളങ്ങുന്ന യുവത്വം കുടിയിരുപ്പുണ്ടായിരുന്നുവെന്ന് പിന്നീട് പലപ്പോഴും ജമീന ഓര്‍ത്തെടുത്തു. സുപാലും രഘുറാമും അവളുടെ ഹൃദയത്തിന്റെ അറകളില്‍ ആലങ്കാരിക വിശേഷണങ്ങളോടെ ഭദ്രമാക്കപ്പെട്ടിരുന്നു.
കാക്കനാട്ടെ മാവേലിപുരത്ത് വണ്ടിയിറങ്ങി, അവള്‍ ലുംബിനി ലൊക്കേറ്റ് ചെയ്തു. ആരവങ്ങള്‍ തുടച്ചുമാറ്റപ്പെട്ട ഭൂഗോളബിന്ദുപോലെ ഘടികാരനിര്‍മ്മാണശാല പ്രത്യക്ഷമായി. ഓട്ടം നിലച്ച ഘടികാര സാമഗ്രികള്‍ക്കിടയിലൂടെ അവള്‍ പവര്‍ണ്ണന്റെ പെന്‍ഡുലങ്ങള്‍ മാത്രം തൂങ്ങുന്ന മുറിയിലെത്തി ചാവി ചോദിച്ചു. പവര്‍ണ്ണന്റെ ഒറ്റക്കണ്ണ് ദിശാസൂചിയില്ലാതെ ഘടികാരംപോലെയായിരുന്നു. ചാവി നീട്ടി അയാള്‍ പറഞ്ഞു. ഒരു മാസത്തോളമായി ഒരാള്‍ വരുമെന്ന് പറഞ്ഞ് സുപാല്‍ ചാവി തരുന്നു. ഇന്നേതായാലും വന്നു. ഒരു സ്ത്രീയാണ് വരുന്നതെന്നയാള്‍ പറഞ്ഞില്ല. കണ്ടതില്‍ സന്തോഷം. ഒറ്റക്കണ്ണിന്റെ പോര്‍ട്ടിക്കോയില്‍നിന്ന് അവള്‍ ചാവിയുമായി ലുംബിനിയിലേക്കു നടന്നു. നീലനിറം പൂശിയ കോട്ടേജിന്റെ മുന്നില്‍ പാതി തീര്‍ന്ന ബുദ്ധപ്രതിമ നിലകൊണ്ടിരുന്നു. ചുറ്റും പോളിമര്‍വാക്സും സിമന്റും ജിപ്സംപൊടിയും കൂടിക്കുഴഞ്ഞ വൃത്തിഹീനമായ മുറ്റം കടന്ന് അവള്‍ വാതിലിന്റെ ചാവി തിരിച്ചു. ഓങ്കാരം പറഞ്ഞ് വാതില്‍ തുറക്കപ്പെട്ടു. മുറിയില്‍ ഫാന്‍ കറങ്ങുന്നുണ്ടായിരുന്നു. ലൈറ്റുകള്‍ തെളിഞ്ഞുകിടന്നു. അടപ്പില്ലാത്ത ജനാലയിലൂടെ നോക്കി അവള്‍ കാക്കനാട്ടെ പരിസരം മനസ്സിലേക്ക് പകര്‍ത്തി. ബുദ്ധശില്പത്തിന് മീതെ വലിച്ചുകെട്ടിയ ടര്‍പ്പായ കാറ്റുപിടിച്ച് ശബ്ദിക്കുന്നുണ്ടായിരുന്നു.
സുപാല്‍ ഒരു ശില്പികൂടിയാണെന്ന അറിവ് അവളെ സന്തോഷിപ്പിച്ചു.
പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്ന മേശയ്ക്കും സെറ്റികള്‍ക്കുമിടയിലൂടെ അവള്‍ സുപാലിന്റെ കിടക്കമുറിയില്‍ കയറി വാതില്‍ ചാരി. കിടക്കമുറി അലങ്കോലമായിരുന്നു. അവിവാഹിതന്റെ എല്ലാ ശാഠ്യങ്ങളും മുറിയില്‍ മുഴച്ചുനിന്നു. കിടക്കമുറിക്കും ജനല്‍പ്പാളികളില്ലായിരുന്നു. പകരം നിറം കെട്ട കച്ചകൊണ്ട് മറകെട്ടിയിട്ടുണ്ടായിരുന്നു. ഫാനും ലൈറ്റുമിട്ട് അവള്‍ ആ മുറിക്കകത്ത് ഒരു ചന്ദനത്തിരിപോലെ കത്തി. പിന്നീട് ധൃതിയില്‍ ഉടുതുണികള്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി. അവസാനത്തെ തീണ്ടാരിപ്പാട് ജനാലയിലൂടെ വലിച്ചെറിഞ്ഞപ്പോള്‍ അതെവിടേക്കാവും വീണിട്ടുണ്ടാവുക എന്നറിയാനുള്ള കൗതുകത്തില്‍ അവള്‍ നോക്കി. സണ്‍ഷെയിഡില്‍ അത് ഭദ്രമാണെന്നറിഞ്ഞ് അവള്‍ ബാഗുതുറന്ന് ക്വാഷല്‍വെയര്‍ ധരിച്ച്, വാഷ് ബേസിനില്‍ മുഖം കഴുകി, നിലകണ്ണാടിയില്‍ നോക്കി.
കണ്ണുകള്‍ക്കു മുകളിലെ കറുത്തപാട് അന്നാദ്യമായി അവള്‍ കണ്ടു. പാളികളില്ലാത്ത ജനാലയിലൂടെ ആരോ തന്നെ ഉറ്റുനോക്കുന്നതായി അവള്‍ക്കു തോന്നുകയും സ്ഥിരീകരിക്കുകയും ചെയ്തു. അടുത്ത കോട്ടേജിലെ ബാല്‍ക്കണിയില്‍ മുണ്ഡടനം ചെയ്ത രണ്ട് തലകള്‍ വീര്‍ത്ത ബലൂണ്‍ പോലെ അവള്‍ കണ്ടു. തീക്ഷ്ണവും ഋജുവുമായ നാലു കണ്ണുകള്‍ അവളെ ആക്രമിക്കാന്‍ തുടങ്ങിയിരുന്നു. സുപാലിന്റെ ഫോണില്‍ റിങ്ങ് കൊടുത്ത് ജമീന കട്ടിലില്‍ ചാരി കിടന്നു.
''കിടക്കമുറിക്ക് ജനല്‍പ്പാളികളില്ല. ഇതെന്തുതരം കോട്ടേജാ. സുപാലെ?'' അവള്‍ ചോദിച്ചു.
''ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. അടുത്ത മാസം പാളികള്‍ പിടിപ്പിക്കും. തിരക്കിട്ട് പണിഞ്ഞ കോട്ടേജാ. ജമീനാ.'' അവന്‍ പറഞ്ഞു.
''ഊബൈദിന്റെ വാപ്പ വന്നുവോ?''
''ഇല്ല. അവന്‍ ഐ.സിയൂവിലാണ്. ലിംഗം തുന്നിപ്പിടിപ്പിക്കുന്ന തിരക്കിലാണ് ഡോക്ടര്‍.''
''പ്രൊഫസറുടെ ഭാര്യയെ കണ്ടെത്തിയോ?''
''കണ്ടെത്തി. അവര്‍ ഭയന്നിരിക്കുകയാണ്. അയല്‍വാസിയെ പോലീസ് സംശയിക്കുന്നുണ്ട്. അയാളുടെ വീടിന്റെ വരാന്തയില്‍നിന്ന് ചോര വറ്റിയ കത്താള്‍ കണ്ടെടുത്തിട്ടുണ്ട്. അയല്‍വാസി ഒളിവിലാണ്.''
''നീ എപ്പോള്‍ വരും?''
''വരാം. നീ കുളിച്ച് ഫ്രഷായി പുറത്തിറങ്ങി പ്രാതല്‍ കഴിക്കുമ്പോഴേക്കും ഞാനെത്താം. അതാണ് പദ്ധതി.''
''കുളികഴിഞ്ഞ് വിളിക്കാം.''
''ഓകെ. തങ്കം.'' സുപാല്‍ ഫോണ്‍ വച്ചപ്പോള്‍ അവള്‍ കുളിമുറിയില്‍ കയറി വാതിലടച്ചു. കുളികഴിഞ്ഞ് ഡ്രസുമാറി, അവള്‍ പുറത്തിറങ്ങി. അവളോടൊപ്പം നാലുകണ്ണുകളും പിന്‍തുടരുന്നുണ്ടായിരുന്നു. അന്നപൂര്‍ണ്ണ വെജിറ്റേറിയന്‍ ഹോട്ടലിലാണ് ഓട്ടോക്കാരനെത്തിച്ചത്. ഇഡ്ഡലിയും സാമ്പാറും കഴിച്ച് വീണ്ടും അവള്‍ സുപാലിനെ വിളിച്ചു.
''പ്രാതല്‍ കഴിഞ്ഞു. നിന്റെ സഹായമില്ലാതെ ഹോട്ടല്‍ കണ്ടുപിടിച്ചു. നീ ഫ്രീയായോ?''
''ഇല്ല. ഉബൈദിന്റെ വാപ്പ വന്നെങ്കിലും രക്തസമ്മര്‍ദ്ദം കൂടി അയാളേയും അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ആശുപത്രിക്കാര്‍ എന്നെ വിടുന്നില്ല. ഞാന്‍ നിസ്സഹായനാണ് ജമീന.''
''ഓ.കെ. ഞാന്‍ മാനേജ് ചെയ്‌തോളാം. ഇടക്ക് വിളിക്കാന്‍ മറക്കണ്ട.'' അവള്‍ അപ്പോള്‍ വന്ന ഓട്ടോയില്‍ കയറി, പാലാരിവട്ടം ബൈപ്പാസ്സിലേക്ക് തിരിച്ചു. യാത്രക്കിടയില്‍ തോള്‍ബാഗിലെ അനേകം വിസിറ്റിങ്ങ് കാര്‍ഡുകളില്‍നിന്ന് ഒന്ന് തെരഞ്ഞെടുത്ത് അഡ്രസ്സ് വായിച്ചു. ഒബ്രോണ്‍മാളിനെതിരെ സെനെറ്റ് ബില്‍ഡിങ്ങിന്റെ ഗ്രൗണ്ട്ഫ്‌ലോര്‍ അഷ്ടപതി ആര്‍ട്ട് ഗാലറി. പൂജാരഘുറാം അവിടെയുണ്ടാകുമോ എന്ന സംശയം നിലനിര്‍ത്തി അവള്‍ ഓട്ടോയിറങ്ങി, ഗ്യാലറിയിലേക്കു നടന്നു. ചില്ലുവാതില്‍ തുറന്നതും ഓ ജമീന ഫ്രം വാരണാസി എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് പൂജാരഘുറാം ഓടിവന്ന് അവളെ അകത്തേക്കാനയിച്ചു. ''അത്ഭുതം തന്നെ. ഒന്ന് വിളിക്കാമായിരുന്നു.'' രഘുറാം പറഞ്ഞു.
''വിളിക്കാന്‍ മറന്നുപോയി. യഥാര്‍ത്ഥത്തില്‍ അഷ്ടപതി എന്ന പേരുതന്നെ എന്റെ ഓര്‍മ്മയിലില്ലായിരുന്നു. വിസിറ്റിങ്ങ് കാര്‍ഡ് പരതിയപ്പോള്‍ കിട്ടിയതാണ്. തന്നെയുമല്ല, സുപാല്‍ വര്‍മ്മയുടെ ലുംബിനിയിലാണാദ്യമെത്തിയത്. അവന്‍ സുഹൃത്തിന്റെ ആശുപത്രിവാസവുമായി ബന്ധപ്പെട്ട് തിരക്കിലുമായി. കാണാനായില്ല.''
''എന്തുണ്ട് വാരണാസിയില്‍ വിശേഷം? ഗംഗ ഇപ്പോഴും മലിനം തന്നെയോ?''
''ഗംഗ ഒരിക്കലും മലിനമാകത്തില്ല രഘുറാം. അതു വീക്ഷിക്കുന്നവരുടെ മനസ്സാണ് മലിനം.''
''എത്ര ദിവസമുണ്ട് കൊച്ചിയില്‍?''
''ഇന്നൊരു പകലും രാത്രിയും. നാളെ കാലത്ത് വിശാഖപട്ടണത്തെത്തണം. മീറ്റിങ്ങുണ്ട്.''
''എന്താണ് കൊച്ചിയിലെ ദൗത്യം?''
''അതു പറയാനും രഘുറാമിന്റെ സഹായത്തിനുമാണ് വന്നത്. കൊച്ചി എനിക്ക് പരിചയമുള്ള നഗരമല്ല.''
''എവിടെയാണ് വില്ലിംങ്ങ്ടണ്‍ ഐലെന്‍ഡ്?''
''കുറച്ചകലെ. അവിടെയെന്താണ്?''
''എന്റെ രണ്ടാനച്ഛന്‍ അവിടെ ലൂവര്‍ മരിയാ ഷിപ്പിങ്ങ് കമ്പനിയുടെ മാനേജരാണ്. കാണേണ്ടതുണ്ട്.''
''ഫോണില്‍ ബന്ധപ്പെടാനാകുന്നില്ല. രണ്ടാനച്ഛനെ കണ്ട് അമ്മയുടെ സങ്കടങ്ങളറിയിക്കണം. പറ്റുമെങ്കില്‍ വിശാഖപട്ടണത്തേക്ക് തുരത്തണം.''
ജമീനയുടെ കണ്ണുകള്‍ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന നിറമുള്ള ചിത്രങ്ങളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി. ഓരോ ചിത്രത്തിനുമിടയില്‍ പൊട്ടിയ ഓട് ചീളുകള്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നു. ഹാളിന്റെ നടുവിലെ നീളന്‍ മേശയില്‍ നിറയെ പലതരം ചിത്രങ്ങളാല്‍ അലംകൃതമായിരുന്നു.
''കംപ്യൂട്ടര്‍ പഠനവും ആര്‍ട്ട്സ് ഗാലറിയും തമ്മിലെന്താണ് പൊരുത്തം''
''ആത്മാവും ജീവനും പോലെ.'' രഘുറാം പറഞ്ഞു.
''നിറയെ അബ്സ്ട്രാറ്റ് ചിത്രങ്ങളാണ്. അര്‍ത്ഥമറിയാന്‍ പണിപ്പെടേണ്ടതുണ്ട്. എല്ലാം ഓയില്‍ പെയിന്റിങ്ങുകളാണോ?''
''അക്രലിക്കികളുമുണ്ട്. പിന്നെ കുറെ പ്രിന്റ് ചെയ്തവയും. രവിവര്‍മ്മ ചിത്രങ്ങള്‍ മുഴുവനും പ്രിന്റുകളാണ്.''
''രഘുറാം ഒരു കംപ്യൂട്ടര്‍ കലാകാരനാണ്. അല്ലേ?''
''ഇതു കച്ചവടമാണ്. പ്രമുഖരായ ആര്‍ക്കിടെക്റ്റുകളും ഇന്റീരിയര്‍ ഡിസൈനര്‍മാരും വരുന്ന ഇടം. സമ്പന്നന്മാരും വന്നുപോകാറുണ്ട്. സാധാരണക്കാര്‍ അപൂര്‍വ്വം.''
''രഘുറാം ഫ്രീയാണോ? കടയില്‍ മറ്റാരാണുള്ളത്?''
''ഒരു ജോലിക്കാരിയുണ്ട്. പിന്നില്‍ ചിത്രങ്ങള്‍ പാക്ക് ചെയ്യുകയാണ്.''
''എന്നോടൊപ്പം ഐലന്റുവരെ വരണം. ഒരു കൂട്ടിന്.''
''തീര്‍ച്ചയായും വരാം. എനിക്കിന്ന് മറ്റൊരു പരിപാടികളുമില്ല. അതിന് മുന്‍പ് നമുക്കൊരു കോഫിയാകാം.''
''അടുത്ത ഷോപ്പ് കോഫിഡെയാണ്.''
''ആകാം.'' രഘുറാം അകത്തേക്കു പോയി, യുവതിക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു വേഗം മടങ്ങി വന്നു. കോഫിഷോപ്പില്‍ ഓര്‍ഡറുകൊടുത്ത് രഘുറാം ചോദിച്ചു:
''എനി ഈറ്റബിള്‍സ്?''
''നോ താങ്ക്സ്.'' ''നീന്തുന്ന ദൈവങ്ങള്‍. എവിടെ വരെയായി എഴുത്ത്?''
അന്ന് വാരണാസിയില്‍ വച്ച് പറഞ്ഞതോര്‍ക്കുന്നു. ചില മനഷ്യദൈവങ്ങള്‍ ഇടയ്ക്ക് നിറംമാറുന്നുണ്ട്. ചിലര്‍ ജയിലിലാണ്. ചിലരാകട്ടെ, നഗ്‌നത മറക്കാതെ പിറന്നപടി നിന്ന് ഭക്തരെ അനുഗ്രഹിക്കുന്നു. കടല്‍ശംഖു വിഴുങ്ങി ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ ചര്‍ദ്ദിക്കുന്ന ദൈവങ്ങള്‍ വേറെ. യഥാര്‍ത്ഥത്തില്‍ ചരമപ്പെട്ട പാഴ്ദൈവങ്ങളുടെ ഉച്ഛിഷ്ടവും പേറി ഇപ്പോഴും ജീവിക്കുന്നവരാണ് മനുഷ്യര്‍. മനുഷ്യന്‍ തന്നെ വരച്ച ചിത്രങ്ങളുടെ സമ്പൂര്‍ണ്ണമായ മായാദര്‍പ്പണങ്ങള്‍. ഇന്നത് മിസൈലുകളാലും ഹൈഡ്രജന്‍ ബോംബായും പരിവര്‍ത്തനം ചെയ്യപ്പെട്ടു എന്ന് മാത്രം. മനുഷ്യന്റെ പിറവിയുടെ പശ്ചാത്തലം ആയിരത്തി മുന്നൂറ്റിയെഴുപതു കോടി വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. പദാര്‍ത്ഥങ്ങളുടെ മൗലിക കണങ്ങളായും പ്രാണനായും പരിച്ഛേദിക്കപ്പെട്ട സമസ്യ.
''ഞാനിതൊക്കെ ആദ്യമായി കേള്‍ക്കുകയാണ്. കംപ്യൂട്ടറുകളുടെ ലോകത്ത് മറ്റൊന്നിനും സ്ഥാനമില്ല.''
''ജമീന എന്തോ പഠിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നല്ലോ?''
''അതെ. എല്‍.എല്‍.എം. ഒരു രസത്തിന്.''
യൂബര്‍ കാത്ത് അവര്‍ കോഫീഹൗസിന് മുന്നില്‍ നിന്നു. വെയിലിന്റെ നിറം കെട്ടിരുന്നു. യാത്രക്കിടയില്‍ ജമീന ചോദിച്ചു: ''എവിടെയാണ് താമസം?''
''ചേലക്കര. കുറച്ചു ദൂരമുണ്ട്. അഷ്ടപതി എന്നാണ് വീട്ടുപേര്. പ്രധാന റോഡിനോടുചേര്‍ന്ന്.''
''ആരൊക്കെയുണ്ട് വീട്ടില്‍?''
''അമ്മ, അനുജത്തി വീണ. അവള്‍ ഡോക്ടറാണ്.''
''നന്നായി. ആശുപത്രിയില്‍ ക്യു നില്‍ക്കേണ്ടതില്ല.''
ലൂവര്‍ മരിയയുടെ മുന്നില്‍ വണ്ടിയിറങ്ങി ജമീന ഓഫീസിന്റെ റിസപ്ഷനിലെത്തി. റിസപ്ഷനിലെ കരിയെഴുതിയ രണ്ട് കണ്ണുകള്‍ ജമീനയെ തടവിലാക്കി. മിസ്റ്റര്‍ പരീഖ് ചന്ദ് മംഗലാപുരം ടൂറിലാണ്. ''എവിടെ നിന്ന് വരുന്നു?'' റിസപ്ഷനിസ്റ്റ് ചോദിച്ചു.
അതിനുത്തരം കൊടുക്കാതെ ജമീന ചോദിച്ചു. ''എന്ന് മടങ്ങും.'' റിസപ്ഷനിസ്റ്റ് ഇന്റര്‍ക്കോമില്‍ ആരെയോ വിളിച്ചിട്ട് പറഞ്ഞു: ''നാലുദിവസം കഴിഞ്ഞ്.''
''ഫോണ്‍ നമ്പര്‍.''
''അതു തരാനനുവാദമില്ല. ഓഫീസ് നമ്പര്‍ തരാം'' എന്ന് പറഞ്ഞ് അവള്‍ ഒരു കടലാസ്സില്‍ രണ്ട് മൂന്ന് നമ്പറുകള്‍ കുറിച്ച പേപ്പര്‍ കൈമാറി. ബോസിന്റെ ഫാമിലി ഫോര്‍ട്ട്കൊച്ചിയിലുണ്ട്. അവിടെ ചെന്നാല്‍ നമ്പര്‍ കിട്ടിയേക്കും. ബോസിന്റെ പ്രൈവറ്റ് നമ്പര്‍.''
ഞെട്ടലോടെയാണ് ജമീന ആ വാര്‍ത്ത കേട്ടത്. ബോസിന്റെ ഫാമിലി. അവളുടെ മനസ്സിലൂടെ തയ്യല്‍ മിഷ്യന്റെ സൂചി ചലിക്കാന്‍ തുടങ്ങി.
''ഫോര്‍ട്ട്കൊച്ചിയിലെവിടെ?''
''സാന്താക്രൂസ് പള്ളിയുടെ പിന്നിലെ പവിത്രം അപ്പാര്‍ട്ട്മെന്റില്‍. രണ്ടാംനില. നെറോണയുടെ ഫ്‌ലാറ്റ് ചോദിച്ചാല്‍ മതി. നെറോണ കൊച്ചിയിലെ അറിയപ്പെടുന്ന മജീഷ്യനാണ്.''
നെറോണയുടെ അപ്പാര്‍ട്ട്മെന്റിന്റെ മുറ്റത്ത് തൂവരാനിട്ട തുണിപെറുക്കിക്കൊണ്ടിരുന്ന യുവതിയുടെ കണ്ണുകളില്‍ ജമീന അത്ഭുതത്തിന്റെ പളുങ്കുമണിയായി. യുവതി പറഞ്ഞു: ''അങ്കിള്‍ ടൂറിലാണ്. ആന്റി ആശുപത്രിയില്‍ പോയി. ഇന്ന് പകല്‍ ഡ്യൂട്ടിയുണ്ട്.''
''ആരാണീ ആന്റി?''
''ഹെഡ് നഴ്സാണ്. സിറ്റിഹോസ്പിറ്റലില്‍. പേര് സൂസന്നാ മറിയം.''
''കുട്ടികള്‍?'' ജമീന ചോദിച്ചു.
''ഇല്ല. ആന്റിക്ക് അമ്പതു വയസ്സു കഴിഞ്ഞു. അവര്‍ ലിവിങ്ങ് റ്റുഗദറാണ്.''
''എവിടെയാണവരുടെ സ്വദേശം?''
''കുമ്പളങ്ങിലെവിടെയോ? കൃത്യമായിട്ടറിയില്ല. അങ്കിള്‍ മഞ്ഞപ്പിത്തം വന്ന് കിടന്നപ്പോള്‍ ശുശ്രൂഷിച്ച നഴ്സായിരുന്നു.''
''അങ്കിളിന്റെ മോബൈല്‍ നമ്പര്‍ തന്നാല്‍ നന്നായിരുന്നു.''
''അറിയില്ല. ഓഫീസ് നമ്പര്‍ അറിയാം. അതു മതിയോ?'' തിരിച്ച് നഗരത്തിലേക്കു മടങ്ങുമ്പോള്‍ ജമീന ഒന്നും തന്നെ സംസാരിച്ചില്ല. തളര്‍ച്ചയോടെ അവള്‍ സീറ്റില്‍ ചാരിക്കിടന്ന് കണ്ണുകളടച്ചു. അമ്മയോട് പറയാന്‍ നല്ല വാര്‍ത്തകളൊന്നുമില്ലാത്തതിന്റെ ദു:ഖം അവളുടെ മുഖത്ത് പ്രകടമായിരുന്നു.
രഘുറാം പറഞ്ഞു: ''തിരികെ ഗ്യാലറിയിലെത്തുമ്പോള്‍ ഞാനൊരു ചിത്രം കാണിച്ചു തരാം. 'ആത്മാവിന്റെ തടാകം' എന്നാണ് പേര്. അതു കാണുമ്പോള്‍ എല്ലാ സങ്കടങ്ങളും മറക്കും. അമ്മയോട് ചില സത്യങ്ങള്‍ പറയാതിരിക്കുന്നതാണുചിതം. രണ്ടാനച്ഛന്‍ ടൂറിലാണ്. കാണാനായില്ല. അത്രയും പറഞ്ഞ് അവസാനിപ്പിക്കുക.''
ഉച്ചഭക്ഷണം കഴിഞ്ഞ് രഘുറാമിനോട് യാത്രപറഞ്ഞ് പിരിയുമ്പോഴാണ് ജമീന സുപാലിനെ ഓര്‍ത്തത്. പാഴായിപ്പോയ യാത്രയുടെ ദുരന്തകഥ അവനോട് പറയണം. പക്ഷേ, സുപാല്‍ അപ്പോഴും ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ത്തന്നെയായിരുന്നു. തുന്നിച്ചേര്‍ക്കല്‍ പൂര്‍ത്തിയായിട്ടില്ല. നാഡികള്‍ കൂട്ടിയോജിപ്പിക്കാനാകുന്നില്ലത്രെ. കത്താളിന്റെ മൂര്‍ച്ചയുടെ ഭയാനകത്വം അവന്‍ അവള്‍ക്ക് വിവരിച്ചുകൊടുത്തു.
''ആരാണിതു ചെയ്തത്?''
''അടുത്ത വീട്ടിലെ സോമദത്തന്‍. അവന്‍ കാര്‍ണിവല്‍ ക്ലബിലെ ഷെഫാണ്. പ്രൊഫസറുടെ ഭാര്യക്ക് നിത്യവും കോഴിസൂപ്പു കൊടുക്കുമായിരുന്നു. പ്രായത്തിന്റെ അന്തരം മറന്നുകൊണ്ട് അവന്‍ അവരുടെ ഉടലിലൂടെ ഉലാത്തുകയായിരുന്നു പതിവ്. ഇടയ്ക്കിടെ ഉബൈദ് അവിടെ കൂട്ട് കിടക്കാനെത്തുമ്പോള്‍ അവന്‍ അരിശത്തോടെ, പ്രൊഫസറുടെ ഭാര്യയെ ചീത്തവിളിക്കുമായിരുന്നത്രേ. അവനെപ്പോലെ തന്നെയാണ് ഉബൈദുമെന്നവന്‍ കരുതി. ഇതൊന്നും അറിയാതെ പാവം പ്രൊഫസര്‍ ഭാര്യയെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ദുരന്തങ്ങള്‍ക്കും ഓരോരോ രഹസ്യ സ്വഭാവമുള്ള കഥകളുണ്ടാവും. പത്രത്തില്‍ വാര്‍ത്ത വന്നത് മറിച്ചാണ്. പ്രൊഫസറുടെ ഭാര്യ ലിംഗം മുറിച്ചുമാറ്റിയെന്നാണത്. സത്യം ഒരിക്കലും പത്രങ്ങള്‍ പറയുന്നില്ല.''
''സോമദത്തനെ പിടികൂടിയോ?''
''അവന്‍ കുറ്റം സമ്മതിച്ച് ജയിലിലായി.''
''എന്തിനായിരുന്നു അവനതു ചെയ്തത്?''
''സ്വന്തമായതെന്തോ അപഹരിക്കുന്നതുപോലെ തോന്നിയിരിക്കും. അല്ലെങ്കില്‍ ഉബൈദിനെ അങ്ങനെയൊരവസ്ഥയില്‍ കണ്ടിരിക്കും. സ്ത്രീകളെ അപഗ്രഥിക്കാനാകില്ലല്ലോ പലപ്പോഴും. ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍ മലപോലെ പൊങ്ങിവരുന്നു. ഉബൈദിനു ബോധം വരുമ്പോള്‍ സത്യമറിയാന്‍ കഴിഞ്ഞേക്കും. ഏതായാലും സോമദത്തനാണ് കൃത്യം ചെയ്തത്. പാവം പ്രൊഫസര്‍ നിരായുധനായ പടയാളിയെപ്പോലെ ഒക്കെയും ഏറ്റുവാങ്ങുന്നു.''
''നീ എപ്പോഴാണ് ലുംബിനിയിലേക്ക്?''
''കൃത്യമായ സമയം പറയാനാവില്ല. ഉബൈദിന്റെ വാപ്പച്ചി ഐസിയുവില്‍ തുടരുകയാണ്. രണ്ടുപേരുടേയും രക്ഷകനാണ് ഞാന്‍. എന്റെ അവസ്ഥ മനസ്സിലാകുമല്ലോ?''
''ഞാന്‍ ലുംബിനിയിലെത്തി വിശ്രമിക്കാന്‍ പോവുകയാണ്. എന്റെ ദൗത്യം അവസാനിച്ചു. രണ്ടാനച്ഛന്‍ ഒരത്ഭുതജീവിയാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. അതിന് എന്റെ മറ്റൊരു സുഹൃത്ത് സഹായത്തിനുണ്ടായിരുന്നു. നിന്നോളം അടുപ്പമില്ലാത്ത പൂജാരഘുറാം. അയാള്‍ എനിക്ക് നഗരത്തിലെ വഴികാട്ടിയായി.''
''പൂജാരഘുറാം. നീ ഒരിക്കല്‍ അയാളെപ്പറ്റി പറഞ്ഞതോര്‍ക്കുന്നു. നന്നായി. കൊച്ചിയില്‍ നീ തനിച്ചല്ല എന്ന ബോധം നല്ലതാണ്. അവനെ സുഹൃത്തായി മാത്രം കാണാന്‍ കഴിയട്ടെ. സ്വസ്തി.''
ലുംബിനിയിലെത്തി സുപാലിന്റെ മുഷിഞ്ഞ കിടക്കയിലേക്കവള്‍ വീണു. അമ്മയുടെ അനന്തമായ കാത്തിരിപ്പിന്റെ വ്യര്‍ത്ഥതയും തീക്ഷ്ണമായ സ്നേഹാദരങ്ങളും എത്ര നിസ്സാരമായിട്ടാണയാള്‍ ചവിട്ടിയരച്ചത്. ജീവിതത്തിന്റെ നിയമങ്ങള്‍ സമ്പൂര്‍ണ്ണമായും തകര്‍ത്തെറിയപ്പെട്ട രണ്ടാനച്ഛനെ അമ്മയ്ക്ക് ബോധിച്ചതെങ്ങനെയാണന്ന് മനസ്സിലാകുന്നില്ല. വിശാഖപട്ടണത്തെ കൊറോമാണ്ടല്‍ ഫെര്‍ട്ടിലൈസര്‍ കമ്പനിയിലേക്കുള്ള ബസ്സ് യാത്രയില്‍ പരിചയപ്പെട്ട തുടക്കത്തിന്റെ പരിണാമം വൈവാഹികബന്ധത്തില്‍ അവസാനിക്കുകയായിരുന്നു. ആരോ പറഞ്ഞാണറിഞ്ഞത്. അമ്മയെ അശാന്തിയുടെ വാള്‍ത്തലയിലേക്ക് വലിച്ചെറിഞ്ഞ കുടിലതയുടെ കുഷ്ടപ്പുണ്ണ്. അവള്‍ അങ്ങനെയൊക്കെ ഓര്‍ത്ത്, നിറഞ്ഞ കണ്ണുകളടച്ച് ഒത്തിരി നെടുവീര്‍പ്പുകളാല്‍ ശാന്തതയിലേക്ക് മടങ്ങിയെത്തി. ജീവിതമെന്ന മഹാചക്രം അനന്തമായ വ്യാധിയാണെന്ന് അവള്‍ അവസാനമായി മനസ്സില്‍ കുറിച്ചിട്ടു.
പുറത്ത് വെളിച്ചത്തിന് മഞ്ഞനിറം ബാധിച്ചിരുന്നു. ചുമരില്‍ ഒരു മുഴുത്ത പല്ലി തലപൊക്കി അവളെ നോക്കി, മച്ചിലേക്ക് പാഞ്ഞുകയറി. മുറ്റത്തെ പൂര്‍ണ്ണമാകാത്ത ബുദ്ധപ്രതിമയില്‍നിന്ന് ശബ്ദമില്ലാത്ത രുദ്രാക്ഷരങ്ങള്‍ വാതിലോളം വന്ന് മടങ്ങി. ബുദ്ധന്‍ അവളുടെ ചെവിയില്‍ ഇപ്രകാരം പറഞ്ഞു. ആത്മാവ് ആരുടേതുമല്ല. എന്നാല്‍ എല്ലാവരിലേക്കും സന്നിവേശിക്കുന്ന ദീര്‍ഘമായ നദിയാണ്. ഗംഗപോലെ, പാപപുണ്യങ്ങളുടെ ഭൂദാനം. ആത്മാവിനെ സാധുവായ രഥ്യയിലേക്ക് സഞ്ചരിക്കാനനുവദിക്കണം. ലോകത്തിന്റെ ശോകങ്ങളെല്ലാം കര്‍മ്മഫലങ്ങളുടെ വിചിത്രമായ വിധികളാണ്. പരിണാമരൂപിയായ ചരാചരങ്ങള്‍ നിന്നെയും നിന്റെ മാതാവിനേയും രക്ഷിക്കട്ടെ. കണ്ണുകളടച്ച് അവള്‍ ലുംബിനിയെ അനുഭവിക്കാന്‍ തുടങ്ങി. അതിലൂടെ മയക്കത്തിലേക്ക് വഴുതുകയും ചെയ്തു.
പിന്നീട് കണ്ണുതുറക്കുമ്പോള്‍, അറ്റുപോയ പകല്‍ വെളിച്ചത്തിന്റെ ഒരു കീറ് മുറിയില്‍ ബാക്കിനിന്നിരുന്നു. കാക്കനാടിന് മീതെ ഇരുട്ടിന്റെ പടര്‍പ്പുകള്‍ വളര്‍ന്ന് ശഖം പൊഴിച്ചു. സുപാലിന്റെ നമ്പര്‍ ഫോണില്‍ തെളിഞ്ഞപ്പോള്‍ അവള്‍ ആശ്വാസത്തോടെ ചോദിച്ചു:
''എത്തിയോ?''
''ഇല്ല ജമീന. ഉബൈദിന്റെ ഓപ്പറേഷന്‍ കഴിഞ്ഞു. തുന്നിക്കെട്ടലുകള്‍ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. പക്ഷേ, അവന്റെ വാപ്പച്ചിക്ക് പെട്ടെന്ന് സ്ട്രോക്ക് വന്ന് സീരിയസ്സായി. അയാളും അവനോടൊപ്പം ഐസിയുവിലായി. അപ്രതീക്ഷിതമായ സംഭവ പരമ്പരകള്‍ എന്നെ തളര്‍ത്തിയിരിക്കുകയാണ്. പല ബന്ധുക്കളേയും സഹായത്തിന് വിളിച്ചെങ്കിലും വന്നില്ല. അവരൊക്കെ മറ്റ് പലതരം തിരക്കുകളിലാണ്. നീ എന്നോട് പൊറുക്കണം. നിന്നോട് നീതി പുലര്‍ത്താനാകാത്ത ദു:ഖത്തിലാണ് ഞാന്‍. നിന്നെ ആശുപത്രിയിലേക്ക് മനപ്പൂര്‍വ്വം ക്ഷണിക്കാത്തതാണ്. ഇവിടെ സൗമ്യമായ വാക്കുകള്‍ക്കോ നോട്ടത്തിനോ സ്ഥാനമില്ല. ഓടുന്നവരുടേയും ദൈന്യരുടേതുമായ ലോകം. കണ്ണീരിന്റേയും, പരിതാപങ്ങളുടേയും ലോകം. വാരണാസിയില്‍നിന്ന് നീ ഇപ്പോള്‍ വരേണ്ടതില്ലായിരുന്നു.''
''അതോര്‍ത്ത് സുപാല്‍ വിഷമിക്കരുത്. നിന്നെ ഒന്നു കാണാനാകാത്തതിന്റെ ദു:ഖമുണ്ടെന്നതൊഴിച്ചാല്‍ ലുംബിനിയില്‍ നീ കൂടിയുണ്ടെന്ന് ഞാന്‍ അനുമാനിച്ചോളാം. നിന്റെ നിസ്സഹായത എനിക്ക് മനസ്സിലാകും.''
''രാത്രിയാകുന്നു. നീ തനിച്ചാണ്. അടുത്ത കോട്ടേജില്‍ രണ്ട് മൂന്ന് ബാച്ചിലേഴ്സ് താമസിക്കുന്നുണ്ട്.''
അവരും ഞാനുമായി അടുപ്പമില്ല. ഞാന്‍ അപ്പുണ്ണിയാശാനെ അങ്ങോട്ടയയ്ക്കാം. യൂണിവേഴ്സിറ്റി ലൈബ്രേറിയന്റെ ഭാര്യാപിതാവാണ്. ശുദ്ധനായ മനുഷ്യനാണെന്ന് ലൈബ്രേറിയന്‍ പറഞ്ഞിരുന്നു. അയാള്‍ നിനക്ക് കൂട്ടിരിക്കും. ധൈര്യമായി രാത്രി ചെലവഴിക്കാം. വരുന്നവഴി നിനക്കുള്ള ഡിന്നര്‍ കൂടി അയാള്‍ കൊണ്ടുവരും. എന്താണ് അത്താഴത്തിന് വേണ്ടത്.'
''റൊട്ടിയും ചീസും ചണയും. പിന്നെ കിട്ടുന്നതെന്തും. ഭക്ഷണം ഒരു പ്രശ്‌നമല്ല.''
''എന്റെ അതിഥി വിശന്നിരുന്നുകൂടാ.''
''വിശപ്പിനെക്കാളേറെ അമ്മയുടെ വൃദ്ധഗര്‍ഭം എന്നെ വേട്ടയാടുകയാണ്. രണ്ടാനച്ഛന്‍ ഇനി മടങ്ങുമെന്ന് തോന്നുന്നില്ല. ആ കഥകളൊക്കെ ഞാന്‍ നേരില്‍ പറയാം. നീ എന്തെങ്കിലും കഴിച്ചുവോ?''
''കാന്റീനില്‍ കഞ്ഞി കിട്ടും. തല്‍ക്കാലം അതുമതി.''
രാത്രി വളരെ വൈകി, തോളില്‍ ഭാരിച്ച ബാഗും കൈയിലൊരു കിറ്റുമായി അപ്പുണ്ണിയാശാനെന്ന മദ്ധ്യവയസ്‌ക്കന്‍ പ്രത്യക്ഷപ്പെട്ടു. അയാളുടെ കറുത്ത മുഖത്ത് അമിതമായ സന്തോഷമുണ്ടായിരുന്നു. ഭക്ഷണം തീന്‍മേശയില്‍ വച്ച്, അയാള്‍ ചോദിച്ചു: ''സുപാലിന്റെ ഗേള്‍ഫ്രണ്ട് അല്ലേ?''
''അതെ.'' അവള്‍ പറഞ്ഞു.
''വാരണാസി. അവിടെ കൊതുകുകളുണ്ടോ?''
''അറിയില്ല. ഞാന്‍ നഗരത്തിന് പുറത്താണ് താമസം.''
''കഴിക്കൂ. ഞാനൊരു സിഗരറ്റ് വലിച്ച് പുറത്തുനില്‍ക്കാം.'' അയാള്‍ ബാഗിന്റെ കള്ളിതുറന്ന് സിഗരറ്റും ലൈറ്ററുമായി പുറത്തെ വരാന്തയിലിറങ്ങി സിഗരറ്റിന് തീ കൊടുത്തു.
അവള്‍ക്കപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല. അപ്പുണ്ണിയാശാന്റെ മുഖവും ശബ്ദവും അവള്‍ക്ക് അരോചകമായി തോന്നിയിരുന്നു. ഉക്കന്റെ കണ്ണുകളായിരുന്നു അയാള്‍ക്ക്. അവള്‍ കിടക്കമുറിയുടെ വാതില്‍ ചാരി, രാവിലെ ധരിക്കാനുള്ള വസ്ത്രങ്ങള്‍ പുറത്തെടുത്ത് പ്രത്യേകം മാറ്റി വച്ചു. ഉപയോഗിച്ചവ മടക്കി തിരികെ ബാഗില്‍ തിരുകിക്കയറ്റി. അനന്തരം രഘുറാമിന് റിങ്ങ് കൊടുത്ത് അവന്റെ ശബ്ദത്തിന് കാത്തു.
ഫോണ്‍ വച്ചപ്പോള്‍ സുപാലിന്റെ അന്വേഷണം വന്നു.
''അപ്പുണ്ണിയാശാനെത്തിയോ?''
''എത്തി.''
''ഭക്ഷണം കഴിച്ച് സുഖമായുറങ്ങുക. എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാന്‍ ഞാന്‍ വരുന്നതാണ്. ഇവിടെ ഒരുവിധം ശാന്തമാണ്. ഒരു മണിക്കൂര്‍ സ്‌ക്കള്‍ക്ക് ചെയ്താല്‍ കുഴപ്പമില്ലെന്ന് തോന്നുന്നു.''
''ഓക്കെ സുപാലെ. നിന്റെ അപ്പുണ്ണിയാശാനെ കണ്ടിട്ട് എനിക്ക് ലേശം ഭയം തോന്നുന്നുണ്ട്. മുറിക്ക് പുറത്തിരുന്നു സിഗരറ്റ് പുകയ്ക്കുകയാണ്.''
''അയാളൊരു പാവമാണ് ജമീന. കാണുന്നതുപോലെയല്ല.''
''എന്തോ... എനിക്ക്'...''
''ധൈര്യമായിരിക്കൂ... ഫോണില്ലെ കൈയില്‍?''
''ഓക്കെ. ഞാന്‍ വിളിക്കാം.'' അവള്‍ രഘുറാമിന്റെ വാട്ട്സാപ്പ് മെസ്സേജെടുത്ത് നോക്കാന്‍ തുടങ്ങി. മാന്ത്രിക ചക്രത്തിന്റെ ചിത്രമായിരുന്നു അത്. എങ്ങോട്ട് കൂട്ടിയാലും പതിനഞ്ചിലവസാനിക്കുന്ന സംഖ്യ. അതിലൊരു കണ്ണിയില്‍ തൊടുക. രഘുപാലിന്റെ ചാറ്റിങ്ങ്.
8 3 4
1 5 9
6 7 2
അവള്‍ രണ്ട് എന്ന അക്കത്തില്‍ തൊട്ടതായി അവന് വാട്ട്സാപ്പയച്ചു.
''അതു നാശത്തിന്റെ നമ്പരാണ്. സൂക്ഷിക്കുക.'' രഘുപാലിന്റെ സന്ദേശം. ഈ സമയം അപ്പുണ്ണിയാശാന്‍ തീന്‍മേശയില്‍ വച്ച ബാഗില്‍ നിന്ന് റമ്മിന്റെ കുപ്പി തുറന്ന് ഗ്ലാസ്സിലേയ്ക്ക് പാതി പകര്‍ന്നു. അനന്തരം വാഷ്ബേസിന്റെ ടാപ്പില്‍നിന്ന് വെള്ളം നിറച്ച് വായിലേക്ക് കമഴ്ത്തി. ഇടക്കിടെ അതാവര്‍ത്തിച്ചുകൊണ്ടിരുന്നു.
''ഞാനൊരു പട്ടാളക്കാരനായിരുന്നു. അല്പം സേവിക്കും. കുട്ടി തെറ്റിദ്ധരിക്കരുത്. പുറത്തുപോയിട്ട് വരാം. സിഗരറ്റ് തീര്‍ന്നു.'' അയാള്‍ വേഗം മുന്‍വാതില്‍ ചാരി പുറത്തിറങ്ങി മറഞ്ഞു.
അശാന്തിയുടെ ആധി അവളെ ഭയത്തിന്റെ നോവുകള്‍കൊണ്ട് മൂടി. ഇരുട്ടിന്റെ തിറപ്പുറ്റുകള്‍ വളര്‍ന്ന് വലുതായി ലുംബിനിക്കു ചുറ്റും വലയം തീര്‍ക്കുന്നതുപോലെ അവള്‍ക്കു തോന്നി. അടുത്ത കോട്ടേജിലെ ബാല്‍ക്കണിവെളിച്ചത്തില്‍നിന്ന് രണ്ട് നിഴലുകള്‍ നീണ്ടുവന്ന് ഗേറ്റില്‍ അക്ഷമരായി നിലയുറപ്പിച്ചിരുന്നു. പുരുഷന്റെ ആയുധം അവന്റെ ഉടലുതന്നെയാണെന്ന അറിവ് അവളുടെ മനസ്സില്‍ ബാക്കിനിന്ന ധൈര്യം കവര്‍ന്നെടുത്തിരുന്നു. വിറയാര്‍ന്ന വിരലമര്‍ത്തി അവള്‍ മൊബൈലില്‍ സന്ദേശം ടൈപ്പ് ചെയ്തയയ്ക്കുമ്പോള്‍ ചിറക് വേര്‍പെട്ട ഒരു പക്ഷിയുടെ രൂപം മനസ്സിലേക്ക് നൂണ്ടുകയറി. സുപാലിനെ ഒരിക്കല്‍ക്കൂടി വിളിക്കാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല. ആകസ്മികമായ ഒരു പതനത്തിലേക്ക് ജീവനാഡികള്‍ സഞ്ചരിക്കുകയാണ്. കൂട്ടിരിക്കാന്‍ വൈകിവന്ന കാവല്‍ക്കാരന്റെ മദ്യക്കുപ്പി മേശമേലിരുന്ന് വായ പിളര്‍ക്കുന്നു. അയാളെവിടേക്കാവും ഈ പാതിരാത്രിയില്‍ പോയിട്ടുണ്ടാവുക. എതിര്‍ദിശയില്‍നിന്ന് ഒരു വാഹനം വന്ന് ഗേറ്റില്‍ നിശ്ചലമാകുകയും അതില്‍നിന്ന് അട്ടഹാസങ്ങളും പൊട്ടിച്ചിരികളും പുറത്തേക്കൊഴുകാനും തുടങ്ങി. സ്റ്റീരിയോയില്‍നിന്ന് കൗബോയ് സംഗീതം അതിന്റെ ഉച്ചാവസ്ഥയില്‍ പ്രവഹിച്ചുകൊണ്ടിരുന്നു. ലുംബിനിയിലേക്ക് അനേകം കണ്ണുകള്‍ നീണ്ടുവരുന്നത് അവള്‍ കണ്ടു. അനന്തരം ഗേറ്റില്‍ നിന്ന നിഴലുകളുമായി വാഹനം മുന്നോട്ടാഞ്ഞ് അതിവേഗം പാഞ്ഞുപോയി.
അപ്പുണ്ണിയാശാന്‍ അപ്പോഴും മടങ്ങിവന്നിരുന്നില്ല.
യൂബറില്‍ പിക്ക് അപ്പ് പോയിന്റ് കൊടുത്ത് അവള്‍ ട്രോളിബാഗുമായി സാവധാനം പടിയിറങ്ങി. ബുദ്ധപ്രതിമയ്ക്കു പിന്നിലെ മങ്ങിയവെളിച്ചത്തില്‍ നിന്നപ്പോള്‍ യൂബറിന്റെ നമ്പര്‍ മൊബൈലില്‍ തെളിഞ്ഞു. അനന്തരം ഗേറ്റില്‍ ബ്രേക്കിട്ട് നിന്ന ടാക്സിയിലേക്ക് അവള്‍ നൂണ്ടുകയറി. ലെഗേജ് ഡിക്കിയിലാക്കി ഡ്രൈവര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. ഡ്രോപ്പിങ്ങ് പോയിന്റ് വായിച്ചെടുത്ത് കാര്‍ വലത്തേക്ക് തിരിഞ്ഞ് സീപ്പോര്‍ട്ട് റോഡിലേക്ക് കയറി. മഴമേഘം പോലെ മുഖമുള്ള ഡ്രൈവറുടെ ചുണ്ടില്‍ വിടരാതിരുന്ന ചിരിയുടെ കരിപ്പ് ഇരുട്ടിലും അവള്‍ കണ്ടു. ഡ്രൈവര്‍ ഒന്നും തന്നെ സംസാരിച്ചില്ല. അവ്യക്തമായ വഴികളുടെ കെട്ടുകള്‍ പൊടിച്ച് വാഹനം നീങ്ങുകയാണ്. എവിടെയായി എന്നവള്‍ ഇടയ്ക്ക് ചോദിച്ചെങ്കിലും ആയില്ല എന്ന മറുപടിയില്‍ ഡ്രൈവര്‍ ഉത്തരമവസാനിപ്പിച്ചു. മനസ്സിലേക്ക് ദുര്‍ഗ്ഗാകുണ്ഡിലെ തിളങ്ങുന്ന ക്ഷേത്രമിനാരങ്ങള്‍ തെളിഞ്ഞുവരുന്നു. ശൂന്യമായ ദൈവങ്ങളുടെ ഇരിപ്പടങ്ങള്‍ സങ്കല്പിച്ചുകൊണ്ട്, കരുണയില്ലാതിരുന്ന ഒരു ദിവസത്തെ മനസ്സില്‍ ആലേഖനം ചെയ്തു. ആശ്വാസത്തോടെ അവള്‍, വീണ്ടും സുപാലിനെ വിളിക്കാന്‍ നോക്കി.
അഞ്ച് മണിയോടടുത്ത് സുപാല്‍ ലുംബിനിയിലേക്ക് പാഞ്ഞെത്തുമ്പോള്‍ പുറത്തെ വരാന്തയില്‍ അപ്പുണ്ണിയാശാന്‍ മൂടിപ്പുതച്ചു കിടക്കുന്നുണ്ടായിരുന്നു. തുറന്നു കിടന്ന വാതിലിലൂടെ ജമീന എന്ന വിളിയോടെ സുപാല്‍ അകത്തേക്കു കുതിച്ചു. കട്ടിലില്‍ ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ക്കിടയിലെ രോമക്കുപ്പായം അയാള്‍ കണ്ടു. ലുംബിനിയാകെ പരതിനടന്ന് അയാള്‍ ജമീനയെ തേടിയെങ്കിലും കണ്ടെത്താനായില്ല. ഉറക്കമുണര്‍ന്ന് അപ്പുണ്ണിയാശാന്‍ കണ്ണുതിരുമിക്കൊണ്ട് പറഞ്ഞു: ''അപ്പുറത്തെ പിള്ളേര്‍ ഇന്നലെ എന്നെയൊന്ന് സല്‍ക്കരിച്ചു. പിന്നെ ഒന്നുമോര്‍മ്മയില്ല.''
''സാറിന്റെ പെങ്കൊച്ച് പോയോ?''
ഇരച്ചുകയറിയ രോഷം നിയന്ത്രിച്ച് അയാള്‍, ജമീനയുടെ ഫോണിലേക്ക് റിങ്ങ് കൊടുത്തെങ്കിലും പരിധിക്കു പുറത്തായിരുന്നു. അവള്‍ എയര്‍പ്പോര്‍ട്ടിലേക്കുതന്നെ പോയിരിക്കുമെന്ന് ആത്മവേദനയോടെ അയാള്‍ സമാധാനിച്ചു. ഒന്ന് കാണാനോ സംസാരിക്കാനോ കഴിയാത്ത പാപപങ്കിലമായ ദിവസത്തെ ശപിച്ചുകൊണ്ട് അയാള്‍, അപ്പുണ്ണിയാശാന്റെ നേരെ അലറിക്കൊണ്ട് പടിയിറങ്ങി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് നേരെ എയര്‍പ്പോര്‍ട്ടിലേക്ക് തിരിച്ചു. ജമീനയിലേക്ക് കുതിച്ചൊഴുകുന്ന പുഴപോലെ അയാളുടെ വാഹനം പലതും മറികടന്ന് പറന്നു. ആത്മാവിന്റെ അനിയന്ത്രിതമായ കുതിപ്പായിരുന്നു അത്. കണ്‍മുന്നില്‍ ജമീന എന്ന കാമുകിയുടെ ചിത്രം മാത്രം തെളിഞ്ഞുവന്നു. അവളുടെ കുസൃതിക്കുരുക്കള്‍ പൊങ്ങിയ കവിളും നീണ്ട കഴുത്തും വിസ്മയിപ്പിക്കുന്ന കണ്ണുകളും മനസ്സില്‍ കെടാതെ കിടക്കുന്ന ചിരകാല സ്മരണകളാണ്.
അറൈവല്‍ ലോഞ്ചിലെത്തിയപ്പോള്‍ മുന്‍വാതിലിലൂടെ ബോര്‍ഡിങ്ങ് അനൗണ്‍സ്മെന്റിന്റെ നേരിയ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു. ദിസ് ഈസ് ദി ലാസ്റ്റ് ആന്റ് ഫൈനല്‍ കോള്‍ ഫോര്‍ ജമീന അഗര്‍വാള്‍ ഫ്രം കൊച്ചി റ്റു വിശാഖപട്ടണം ഫ്‌ലൈറ്റ് നമ്പര്‍ 15 - 1452.
അറൈവല്‍ ലോഞ്ചിലേക്ക് വരുന്ന വാഹനങ്ങള്‍ നിരീക്ഷിച്ച് സുപാല്‍ കുറച്ചുനേരം കൂടി പുറത്തു കാത്തു നിന്നു. അയാളുടെ മനസ്സില്‍ അപ്പോള്‍ സംഘര്‍ഷങ്ങളുടെ ഘനം നടക്കുകയായിരുന്നു.
''എവിടെക്കാണ് ജമീന പോയത്? എവിടേക്ക്? എവിടേക്ക്?''
ഒരു കറുത്ത പകല്‍കൂടി അയാള്‍ ഹൃദയത്തില്‍ കൊളുത്തിയിട്ട് ലുംബിനിയിലേക്ക് തിരിച്ചു. മഹാദു:ഖത്തിന്റെ കരപ്പാടത്ത് കൊട്ടിയടക്കപ്പെട്ട നിലയില്‍ ലുംബിനി അയാള്‍ക്ക് നേരെ മുഖം തിരിച്ചു.
ചിത്രീകരണം: അനുരാഗ് പുഷ്‌ക്കരന്‍