ചൂണ്ടക്കോലും പങ്കായവും

''എന്നാലും ഇവിടെനിന്ന് ഇറങ്ങുമ്പോള്‍ പറഞ്ഞിട്ട് പോയിക്കൂടെ. നിങ്ങളെ കാണാതിരിക്കുമ്പോള്‍ മുക്കിലും മൂലയിലും പരതിനടക്കേണ്ടതില്ലല്ലോ'' ബീബി പറയും. 
ചൂണ്ടക്കോലും പങ്കായവും

സ്വപ്നത്തിലും ഉണര്‍വ്വിലും നിഴലായി പിന്തുടര്‍ന്ന് ചങ്ങാത്ത വര്‍ത്തമാനം പറഞ്ഞ് ജീവിതത്തില്‍ നിറഞ്ഞൊഴുകുന്ന പുഴ മനസ്സില്‍നിന്നും വിളിക്കുമ്പോള്‍ നേരവ്യത്യാസമില്ലാതെ, മരപ്പലകയില്‍ ചട്ടുകാകൃതിയില്‍ അകത്തേക്ക് അല്‍പ്പം കുഴിച്ചുണ്ടാക്കിയ പങ്കായം ചുമലിലേറ്റി, ചൂണ്ടക്കോല്‍ ചുരുട്ടിപ്പിടിച്ച്, കുപ്പിയിലെ വെള്ളത്തില്‍ തല താഴ്ത്തി പ്രാര്‍ത്ഥിക്കുന്ന ചെമ്മീനുമായി പുഴയിലേക്കിറങ്ങുമ്പോള്‍ ബീബിയോടും ബിലാലിനോടും മമ്മത് യാത്ര ചോദിക്കാറില്ല. ഓരോ തോണിതുഴച്ചിലും പുഴയിലേക്കുള്ള തീര്‍ത്ഥയാത്രയാണെന്നും തീര്‍ത്ഥയാത്രയ്ക്ക് പോകുന്നവര്‍ ഒരിക്കലും യാത്ര ചോദിക്കരുതെന്നാണ് മമ്മത് മറുപടി പറയുക. 
''എന്നാലും ഇവിടെനിന്ന് ഇറങ്ങുമ്പോള്‍ പറഞ്ഞിട്ട് പോയിക്കൂടെ. നിങ്ങളെ കാണാതിരിക്കുമ്പോള്‍ മുക്കിലും മൂലയിലും പരതിനടക്കേണ്ടതില്ലല്ലോ'' ബീബി പറയും. 
''നിനക്കിതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ലെന്റെ ബീബീ'' എന്ന് മമ്മത് പറയുമ്പോള്‍ മുഖത്ത് കാരുണ്യം ചുവക്കും. അപ്പോള്‍ തീര്‍ത്ഥയാത്രയ്ക്കു പോകുന്ന വിശ്വാസിയുടെ മനസ്സില്‍നിന്നും മാലിന്യങ്ങള്‍ ഊര്‍ന്നൊഴുകുന്നത് ബീബി കാണും. ദൂരെ പുഴയിലേക്ക് നോക്കി മമ്മത് ചിരിക്കുമ്പോള്‍ ഇരുമ്പുപാലത്തിനപ്പുറത്ത്  നിന്നും ഇറങ്ങിവരുന്ന സൂര്യന്റെ വെളിച്ചം തട്ടി വജ്രക്കല്ലുകള്‍ പൊട്ടിച്ചിതറിയതുപോലെ പുഴ തിളങ്ങുന്നുണ്ടാകും. 
പുഴയോരത്ത് തോണി കെട്ടിയിട്ട കയര്‍ അഴിക്കുമ്പോള്‍ കടവിലെ കൊച്ചുമാളങ്ങളില്‍നിന്നും ചുകന്ന ഞണ്ടുകള്‍ തല ഉയര്‍ത്തി മമ്മതിനെ നോക്കി നിങ്ങള്‍ക്കിന്ന് തോണി നിറയെ മീനുകളെ കിട്ടട്ടെയെന്ന് പറയും. ഉള്‍ച്ചിരിയോടെ ഞണ്ടുകളുടെ വാക്കുകള്‍ കേട്ട് കൈക്കുമ്പിളില്‍ പുഴയെടുത്ത് പടിഞ്ഞാറേക്ക് നോക്കി ദീര്‍ഘമായി ചുംബിക്കുമ്പോള്‍ ഇളംകാറ്റ് മമ്മതിനെ ഇക്കിളിയാക്കിക്കൊണ്ടേയിരിക്കും. പങ്കായത്തിന്റെ സംഗീതത്തിലൂടെ തോണി തുഴയുമ്പോള്‍ കുറച്ചപ്പുറത്തുനിന്നും നീര്‍നായകള്‍ മദിക്കുന്നുണ്ടാകും. മരക്കൊമ്പില്‍നിന്നും പുഴയെ നോക്കി ഇരിക്കുന്ന മീന്‍കൊത്തി മിന്നല്‍പോലെ പുഴയിലേക്ക് പറന്നിറങ്ങി തല താഴ്ത്തി മീനിനെ കൊത്തിയെടുത്ത് അതേ വേഗതയില്‍ പറന്നുയരുമ്പോള്‍ ഇരുമ്പുപാലത്തിന്റെ മുകളിലൂടെ കട കട ഒച്ചയോടെ തീവണ്ടി ഓടുന്നുണ്ടാകും. 
ഇടത് കയ്യില്‍ പങ്കായവും വലത് കയ്യില്‍ ചൂണ്ടക്കോലുമായി തോണി തുഴയുന്ന മമ്മത് മീന്‍കൂട്ടങ്ങള്‍ എവിടെയാണെന്നറിയാന്‍ മൂക്ക് വിടര്‍ത്തി. തുരുത്തില്‍നിന്നും ഇറങ്ങിവന്ന മീന്‍കാറ്റ് മമ്മതിന്റെ മൂക്കിലേക്ക് കയറി. തുരുത്തിന്റെ ഭാഗത്തേക്ക് തോണി തുഴയുന്ന മമ്മതിനെ നോക്കി കടത്തുതോണിയുടെ അമരത്തുനിന്ന് കുപ്പായമുരിഞ്ഞ ദേഹത്തോടെ പുഴയുടെ അടിത്തട്ടിലേക്ക് മുളങ്കമ്പ് അമര്‍ത്തിത്താഴ്ത്തുന്ന ബുഹാരിക്ക ''പുഴ മമ്മതേ''യെന്ന് ചിരിയോടെ നീട്ടിവിളിച്ചു. വിളികേള്‍ക്കുന്ന മമ്മത് പുഴയില്‍നിന്നും തല ഉയര്‍ത്തി ബുഹാരിക്കയേയും തോണി യാത്രക്കാരേയും നോക്കി പുഴമുഖത്തോടെ  ചിരിക്കും. 
''എങ്ങനെ കൊത്തുണ്ടോ...?''


ബുഹാരിക്കയുടെ ചോദ്യത്തിന് ഉത്തരം പറയാതെ കൈപ്പത്തിയില്‍ പുഴ കോരിയെടുത്ത് മണപ്പിച്ചു നോക്കി. എന്നിട്ട് തല ഉയര്‍ത്തി ബുഹാരിക്കയെ നോക്കുമ്പോള്‍ കടത്തുതോണി പറശ്ശിനിക്കടവിലെ മുനമ്പിലെത്തിയിരിക്കും. 
മലമുകളില്‍നിന്നും ഇറങ്ങിവന്ന പുഴ കണ്ടതും കേട്ടതുമായ വിശേഷങ്ങള്‍  പറയുമ്പോള്‍ തോണിയുടെ ഒരറ്റത്തുവെച്ച കുപ്പിയില്‍നിന്നും എടുത്ത ചെമ്മീന്റെ ഉടല്‍ പിടിച്ച് തലയ്ക്കും ചെവിക്കുമിടയിലേക്ക് വിദഗ്ദ്ധമായി ചൂണ്ട കയറ്റി പുഴയിലേക്ക് മമ്മത് നീട്ടി എറിഞ്ഞു. നെടുകേയും കുറുകേയും പായുന്ന ചൂണ്ടയില്‍ കോര്‍ത്ത ഇരയെ ഒറ്റയടിക്ക് മീന്‍ വിഴുങ്ങുകയില്ലായെന്ന് മമ്മതിന് അറിയാം. മീനിനും ബുദ്ധിയുണ്ട്. ആദ്യം ശ്രദ്ധയോടെ തൊട്ടുനോക്കും. ചെറിയ ഭാഗം കടിച്ചു നോക്കും. സംശയം തീര്‍ന്നാല്‍ ഇരയെ വിഴുങ്ങുന്നു. ഇക്കാര്യങ്ങളൊക്കെ ചൂണ്ടക്കയറിന്റെ പിടച്ചിലോടെ മമ്മതിന്റെ ഉള്ളംകൈ അറിയും. ചൂണ്ടക്കയറില്‍ ഘടിപ്പിച്ച പൊങ്ങുതടിയില്‍ മമ്മത് കണ്ണുവെച്ചു. ഒരനക്കവുമില്ല. മീന്‍ കാറ്റ് കളവ് പറഞ്ഞതായിരിക്കുമോയെന്ന് മമ്മത് സംശയിച്ചു. കുറേ സമയം കഴിഞ്ഞപ്പോള്‍ പൊങ്ങുതടി പുഴയിലേക്ക് താഴുന്നത് കണ്ടപ്പോള്‍ മമ്മത് ഉണര്‍ന്നു. മീന്‍ കുടുങ്ങിയിട്ടുണ്ട്. വിഴുങ്ങിയ ഇരയുമായി എതിര്‍വശത്തേക്ക് ഓടുന്നതോടൊപ്പം ഒരു കയ്യില്‍ പങ്കായവും മറുകയ്യില്‍ ചൂണ്ടക്കോലുമായി ഓടുന്ന തോണിയെ കാലുകള്‍കൊണ്ട് നിയന്ത്രിക്കുമ്പോള്‍ മീനിന്റെ തൂക്കവും വണ്ണവും മമ്മതിന്റെ ഉള്ളംകൈ അറിഞ്ഞു. ഓട്ടത്തിലൂടെ തളര്‍ന്ന മീനിനെ തൂക്കിയെടുത്ത് തോണിയിലിട്ടു. 
അങ്ങനെ തോണി നിറയെ മീനുകളുമായി കരയ്ക്കടുപ്പിക്കുമ്പോള്‍ വലിയ കൊട്ടയുമായി മൊയ്തീന്‍ക്ക കാത്തുനില്‍ക്കുന്നുണ്ടാകും. മീനുകള്‍ എടുത്ത് കൊട്ടയിലിട്ടശേഷം മൊയ്തീന്‍ക്ക നല്‍കിയ പണം കീശയിലിട്ട് കറിക്കുള്ള മീനും ചൂണ്ടക്കോലും ഒരു കയ്യിലും മറ്റേ കയ്യില്‍ പങ്കായവുമായി പുരയിലേക്ക് മമ്മത് നടന്നുകയറുമ്പോള്‍ വാതില്‍പ്പടിയില്‍ ബീബി കാത്തുനില്‍ക്കുന്നുണ്ടാകും. മമ്മതിന്റെ കയ്യില്‍നിന്നും മീന്‍ വാങ്ങി ബീബി അടുക്കളയിലേക്ക് കയറി. ചൂണ്ടക്കോലും പങ്കായവും ചുമരില്‍ ചാരിവെച്ചശേഷം മുറിയില്‍ കയറി ലുങ്കി ഉടുത്ത്, കുളിമുറിയില്‍ കയറി വിസ്തരിച്ച് കുളിച്ചശേഷം അടുക്കളയിലെ വാതില്‍പ്പടിയില്‍ ഇരുന്ന് മമ്മത് പുഴവിശേഷം പറയാന്‍ തുടങ്ങി. 
ഓരോ ദിവസവും മമ്മതിന് പറയാന്‍ പുതിയ പുതിയ വിശേഷമുണ്ടാകും. ചൂണ്ടയില്‍ കൊത്തിയ മീന്‍ തോണിയിലേക്ക് ഉയര്‍ത്തുമ്പോള്‍ പിടഞ്ഞോടിയത്, പാലത്തിന്റെ മുകളില്‍നിന്നും ടാങ്കറില്‍നിന്നും ആശുപത്രി വേസ്റ്റുകള്‍ ഒഴുക്കിവിടുന്നത് കണ്ട് ഓടിച്ചത്, പിടിച്ചിട്ടും തീരാത്ത മീനുകളെക്കുറിച്ച്, കല്ലിന്മേല്‍കായ കാട്ടാമ്പള്ളി പുഴയില്‍ എത്തിയതിനെക്കുറിച്ച്...
''യെന്റെ ബീബീ...'' എന്ന് പറഞ്ഞുകൊണ്ടാണ് എപ്പോഴും മമ്മത് സംസാരം തുടങ്ങുക. കാലിന്റെ അടിയില്‍ മലര്‍ത്തിവെച്ച അരിവാളിന്റെ മൂര്‍ച്ചയില്‍ മീനിനെ ചൂള കളയുന്നതിനിടയില്‍ മമ്മതിന്റെ മുഖത്തേക്ക് തല ഉയര്‍ത്തി ബീബി നോക്കുമ്പോള്‍ മമ്മത് പറയാന്‍ തുടങ്ങും:
അന്ന്, 
ഇരുമ്പു പാലത്തിന്റെ മുകളില്‍നിന്നും പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയെക്കുറിച്ചായിരുന്നു മമ്മത് പറഞ്ഞത്. ഇരുപതിനോട് പ്രായം. കോളേജില്‍ പഠിക്കുന്നു. ഓമനത്തമുള്ള മുഖം. കണ്ടല്‍ക്കാടിന്റെ അരികില്‍നിന്നും മീന്‍ പിടിക്കുമ്പോഴാണ് പിറകില്‍നിന്നും പുഴയിലേക്ക് ആരോ ചാടുന്ന ഒച്ചകേട്ട് തിരിഞ്ഞുനോക്കിയത്. കൈ ഉയര്‍ത്തി പുഴയില്‍ താഴുന്നതു കണ്ടപ്പോള്‍ വേഗതയോടെ ആ ഭാഗത്തേക്ക് തോണി തുഴഞ്ഞു. നല്ല നിലാവുണ്ട്. പുഴയില്‍ മുങ്ങിത്താഴുന്ന പെണ്‍കുട്ടിയുടെ തലമുടി കൂട്ടിപ്പിടിച്ച് ഉയര്‍ത്തി തോണിയില്‍ കയറ്റി. നനഞ്ഞ കോഴിയെപ്പോലെ വിറച്ചുകൊണ്ട് തല താഴ്ത്തി ശ്വാസം ആഞ്ഞുവലിക്കുകയാണ്. അധികം വെള്ളം കുടിച്ചിട്ടില്ല. അന്നേരം കണ്ടത് ഭാഗ്യം. ഇടയ്ക്കിടെ തല ഉയര്‍ത്തി കരയുന്ന മുഖത്തോടെ പെണ്‍കുട്ടി നോക്കുന്നുണ്ട്. 
''എന്തിനാ മോളേ പുഴയിലേക്ക് ചാടിയത്?'' അക്കരയിലേക്ക് തോണി തുഴയുന്നതിനിടയില്‍ ചോദിച്ചു. 
കുറേ സമയം മറുപടി പറയാതെ മിഴിച്ചുനോക്കിയശേഷം ഒച്ച താഴ്ത്തി പറഞ്ഞു: ''മരിക്കാന്‍.''
''എന്തിനാ മരിക്കുന്നത്?''
ആ ചോദ്യത്തിന്റെ മറുപടി പാലത്തിന്റെ മുകളിലൂടെ കട കട ഒച്ചയോടെ പാഞ്ഞുപോകുന്ന രാത്രിവണ്ടി വിഴുങ്ങി. തീവണ്ടിയെത്തന്നെ പെണ്‍കുട്ടി നോക്കിക്കൊണ്ടേയിരുന്നു. 
''പാളങ്ങളായിരുന്നു നല്ലത്. തീവണ്ടിയുടെ ചക്രത്തിനിടയിലേക്ക് തല നീട്ടിവെക്കുന്ന സമയം മാത്രം ഓര്‍മ്മയുണ്ടാകും. പിന്നെ...'' ഒച്ച താഴ്ത്തി പെണ്‍കുട്ടി പറഞ്ഞപ്പോള്‍ അവളില്‍നിന്നും മരണം വിട്ടുപോയിട്ടില്ലായെന്ന് മനസ്സിലായി. 
''എവിടെയാ വീട്.''
''തുരുത്തിക്കപ്പുറത്ത്.''
ഇനി വീട്ടിലേക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഞാനാകെ തളര്‍ന്നു. ഇനിയെന്ത് ചെയ്യും. എന്തായാലും അക്കരെ തോണിയടുപ്പിക്കാന്‍ തീരുമാനിച്ചു. അവിടെ പൂഴിവാരുന്ന ചെറുപ്പക്കാരുണ്ടാകും. 
''എന്തിനാ മോളേ മരിക്കുന്നത്?'' അക്കരെ എത്തിയപ്പോള്‍ വീണ്ടും ചോദിച്ചു. 
അപ്പോള്‍ പറഞ്ഞ മറുപടി കേട്ട ഞാന്‍ തരിച്ചുപോയി. പിന്നെ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. കയ്യില്‍നിന്നും പങ്കായം വിറച്ചു. മകളെ പീഡിപ്പിക്കുന്ന പിതാവിനെക്കുറിച്ചായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. വീട്ടുകാര് ഉറങ്ങിയാല്‍ രാത്രി പിതാവ് കടന്നുവരും. അങ്ങനെ ഗര്‍ഭിണിയായി. 
''ഞാനീ കാര്യം ആരോടാണ് പറയേണ്ടത്?''
പെണ്‍കുട്ടിയുടെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. 
കാര്യങ്ങളൊക്കെ പൂഴിവാരുന്ന ചെറുപ്പക്കാരോട് പറഞ്ഞു. തോണിയില്‍ തല താഴ്ത്തി പെണ്‍കുട്ടി ഇരിക്കുകയാണ്. അവര്‍ പൊലീസിനെ വിളിച്ചു. പൊലീസ് വന്നു. വണ്ടിയില്‍ കയറി പോകുമ്പോള്‍ എന്നെ പെണ്‍കുട്ടി നോക്കി. ആ നോട്ടം ഇപ്പോഴും കാണുന്നു. സഹിക്കാന്‍ കഴിയുന്നില്ല. 
മുറിച്ച മീന്‍ കഷണങ്ങള്‍ നിറഞ്ഞ മീന്‍ചട്ടി ഉയര്‍ത്തിപ്പിടിച്ച്, എഴുന്നേറ്റ്, ''യാ...റബ്ബീ...യാ...റബ്ബീ... എല്ലാവരേയും കാക്ക്'' എന്ന് പറഞ്ഞ് ബീബി നടക്കുമ്പോള്‍ വാതില്‍പ്പടിയില്‍ ചേര്‍ന്ന് നില്‍ക്കുന്ന ബിലാലിനെ കണ്ടു. 
''നീയെന്താടാ മിഴിച്ചുനില്‍ക്കുന്നത്. മുതിര്‍ന്നവര്‍ സംസാരിക്കുന്നയിടത്ത് ചെറിയ കുട്ടി കേള്‍ക്കാന്‍ നില്‍ക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേ''യെന്ന് പറഞ്ഞ് ബിലാലിനെ ബീബി ആട്ടിപ്പായിച്ചു. 
''ചെക്കന് കേള്‍ക്കാന്‍ കണ്ട കാര്യം'' ബീബി പിറുപിറുത്തു. 
അന്ന് മീന്‍കറിയും പൊരിച്ചതും കൂട്ടി പത്തല്‍ തിന്നുമ്പോള്‍ വായില്‍ നല്ല രസം മമ്മതിന് തോന്നിയില്ല. തൊണ്ടയില്‍നിന്നും താഴേക്ക് ഇറങ്ങുന്നില്ല. വെള്ളം കുടിച്ചു. ഭക്ഷണപാത്രത്തില്‍നിന്നും പെണ്‍കുട്ടിയുടെ നോട്ടം മമ്മത് കണ്ടു. 
കൈകുടഞ്ഞ് നിലത്തുനിന്നും എഴുന്നേല്‍ക്കുമ്പോള്‍ കട്ടന്‍ചായയുമായി ബീബി നടന്നു വരുന്നുണ്ടായിരുന്നു. 
''എന്തേ...?''
''ആ പെണ്‍കുട്ടിയെ വിചാരിച്ചിട്ട് ഒന്നും തിന്നാന്‍ കഴിയുന്നില്ല. ജീവിതം കൊടുത്ത പിതാവ് തന്നെ, പോറ്റി വളര്‍ത്തിയ പിതാവ് തന്നെ, ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍നിന്നു വന്ന സ്വന്തം മകളെ...''
മുറിയിലേക്ക് കയറിപ്പോയ മമ്മതിന് പിറകെ ബീബി നടന്നു. നെഞ്ചിലേക്ക് മമ്മതിനെ ചേര്‍ത്തുപിടിച്ചു. കണ്ണടച്ച് ബീബിയുടെ നെഞ്ചിലെ ചൂടില്‍ കിടക്കുമ്പോള്‍ മമ്മതിന്റെ ചെവിയില്‍ പുഴയൊഴുകുന്നത് കേട്ടു. മമ്മതിനെ പുഴ കുളിപ്പിച്ചു. തൊട്ടുതലോടി. 
''കിടന്നോളൂ. ഓരോന്നാലോചിച്ചിട്ട് ഉറക്കം കളയേണ്ട'' ബീബി പറഞ്ഞു. 
മമ്മത് കണ്ണുകളടച്ച് കട്ടിലില്‍ നീണ്ടുകിടന്നു. പിന്നെപ്പോഴോ ഉറങ്ങി. 
ഈര്‍ച്ചമില്ലിലേക്ക് മരത്തടികളുമായി ഏന്തിവലിഞ്ഞു പോകുന്ന ലോറിയുടെ കറ കറ ഒച്ചയും ആകാശത്ത് വട്ടമിട്ട് പറക്കുന്ന പരുന്തിന്റെ ഗതിവിഗതിയും പുഴയ്ക്കരികിലെ ഫാക്ടറിയിലെ ആകാശത്തിലേക്ക് നീണ്ട പുകക്കുഴലില്‍നിന്നും വളരുന്ന കറുത്ത പുക ചിത്രങ്ങള്‍ നോക്കി വരാന്തയില്‍ ഇരിക്കുമ്പോഴാണ് ''ഉപ്പാ നീന്തല്‍ പഠിപ്പിച്ചു തര്വോയെന്ന്'' ബിലാല്‍ മമ്മതിനോട് ചോദിച്ചത്. 
''അതിനെന്താ മോനേ... നീ വാ...'' എന്നു പറഞ്ഞ് ബിലാലിനേയും കൂട്ടി പുഴയോരത്തേക്ക് മമ്മത് നടന്നു. 
തഴമ്പുള്ള കൈപ്പത്തിക്കുള്ളില്‍ കമിഴ്ന്നു കിടന്ന്, കൈകാലിട്ടടിച്ച്, നീന്താന്‍ കഴിയാതെ പേടിയോടെ ബിലാല്‍ കരയുമ്പോള്‍ അവനെ മമ്മത് സമാധാനിപ്പിച്ചു. 
''ശരീരം ബലം പിടിച്ചാല്‍ നീന്താന്‍ കഴിയില്ല മോനേ.'' ഉടലും കൈകാലുകളും മുഖവും പുഴയെ ചേര്‍ത്തുപിടിച്ച് സ്‌നേഹത്തോടെ മുത്തം നല്‍കിയാല്‍ പുഴ നിന്നെ നെഞ്ചിലേറ്റും. പുഴയും നീയും ഒന്നായി തീര്‍ന്നാല്‍ നീന്തല്‍ കളിയരങ്ങായി മാറും. അപ്പോള്‍ നിനക്ക് പുഴയെ പേടിയില്ലാതാകും നിന്റെ ചെവിയില്‍ പുഴ കഥ പറയും.''
ഉപ്പയില്ലാത്ത നേരങ്ങളില്‍ ബിലാല്‍ പുഴയില്‍ നീന്തിത്തുടിക്കുന്നത് വരാന്തയില്‍നിന്ന് ബീബി നോക്കിനില്‍ക്കും. കുറുകേയും വിലങ്ങനേയും കൈകാലിട്ടടിച്ച്, തല ചെരിച്ച് വായില്‍ കയറുന്ന പുഴയൊഴുക്കി, മലര്‍ന്നും കമിഴ്ന്നും നീന്തിത്തുടിക്കുന്ന ബിലാലിന്റെ കാല്‍പ്പാദങ്ങളില്‍ കുഞ്ഞു മീനുകള്‍ ഇക്കിളിയാക്കി. പുഴയോളങ്ങള്‍ ബിലാലിനെ ചേര്‍ത്തുപിടിച്ച് പുഴയുടെ അകം കാണിച്ചുകൊടുത്തു. 
''ഇങ്ങനെ പുഴയുമായി രസിച്ചാല് പഠിപ്പുണ്ടാകില്ല. സ്‌കൂളില്ല മദ്രസ്സയില്ല ചേര്‍ക്കേണ്ട സമയമായിയെന്ന്'' ബീബി പറഞ്ഞപ്പോഴാണ് ബിലാലിനെ സ്‌കൂളിലും മദ്രസ്സയിലും മമ്മത് ചേര്‍ത്തത്. എന്നാല്‍, സ്‌കൂള്‍ ജീവിതവും മദ്രസ്സ ജീവിതവും ബിലാലിന് ഇഷ്ടമായില്ല. രാവിലെ എഴുന്നേറ്റ് മദ്രസ്സയില്‍ പോയി. അതുകഴിഞ്ഞ് സ്‌കൂളിലും. വൈകുന്നേരം തിരിച്ചുവരുമ്പോള്‍ ബിലാല്‍ തളര്‍ന്നുവാടിയിട്ടുണ്ടാകും. 
കറുത്ത ബോര്‍ഡില്‍ വെളുത്ത ചോക്കുകൊണ്ട് അക്ഷരങ്ങള്‍ കോര്‍ത്ത മാല ചിത്രങ്ങള്‍ നോക്കി സഹപാഠികള്‍ ഈണത്തോടെ വായിക്കുമ്പോള്‍ എഴുത്തുബോര്‍ഡില്‍നിന്നും ചെമ്പല്ലിയും തിരുതയും ഏട്ടയും പിടച്ചോടുന്നതായി ബിലാലിനു തോന്നും. മാഷിന്റെ പിറകിലൂടെ ചൂണ്ടക്കോലില്‍ കോര്‍ത്ത ഇര മീനുകള്‍ക്കു നേരെ ബിലാല്‍ എറിഞ്ഞു. മീന്‍ കുടുങ്ങുന്നതും കാത്തിരിക്കുമ്പോഴാണ് ബിലാലിനോട് മാഷ് ചോദ്യം ചോദിക്കുക. പുഴയില്‍നിന്നും തല ഉയര്‍ത്തി ഞെട്ടിയുണര്‍ന്ന് ചുറ്റുപാടും വെപ്രാളത്തോടെ ബിലാല്‍ നോക്കും. 
''എന്താടാ കിട്ടിയത്'' മാഷ് ചോദിക്കും. 
''ചെമ്പല്ലി.''
''നിന്റുപ്പാക്ക് പുഴയില്‍നിന്നും കിട്ടിയതല്ല, ഒന്നും ഏഴും കൂട്ടിയാല്‍ എത്ര കിട്ടിയെന്നാ ചോദിച്ചത്?''
ഉത്തരം കിട്ടാതെ നിസ്സഹാനായി കറുത്ത ബോര്‍ഡിലേക്ക് ബിലാല്‍ നോക്കുമ്പോള്‍ കുട്ടികള്‍ ആര്‍ത്തു ചിരിക്കും. അന്നേരം ചൂണ്ടക്കോലുമായി മാഷ് ബിലാലിന്റെ അടുത്തേക്ക് നടന്നുവരും. കൈ നീട്ടാന്‍ പറയും. നീട്ടിയ കൈപ്പത്തിയില്‍ തലങ്ങനേയും വിലങ്ങനേയും മാഷ് എത്ര അടിച്ചിട്ടും ബിലാലിനു വേദനയൊന്നും തോന്നിയില്ല. 
''അവന്റെ കൈപ്പത്തി നിറയെ തഴമ്പാ. അതാ വേദനിക്കാത്തത്'' കുട്ടികളന്യോന്യം പറഞ്ഞു. 
''അവന്റെ കൈപ്പത്തിയില്‍ തഴമ്പൊന്നുമില്ല. അവന്‍ മീനിനെ പിടിക്കാറില്ലല്ലോ. അവന്റെ ഉപ്പയല്ലേ മീനിനെ പിടിക്കുന്നത്.''
''അവന്‍ ഉപ്പാന്റെ മോനല്ലേ. അതുകൊണ്ട് അവന്റെ കയ്യിലും തഴമ്പ് വളരും.'' മറ്റൊരു കുട്ടി പറഞ്ഞു.


പത്താം ക്ലാസ്സില്‍നിന്നും തോറ്റപ്പോള്‍ മീന്‍ പിടിക്കാന്‍ ബിലാലിനേയും കൂട്ടിക്കൂടെയെന്ന് മമ്മതിനോട് ബീബി ചോദിച്ചു. ഒരു പുരയില്‍നിന്നും രണ്ടുപേര്‍ പുഴയിലേക്കിറങ്ങാന്‍ പാടില്ലെന്ന് മമ്മത് മറുപടി പറഞ്ഞപ്പോള്‍ ഇതെന്ത് ന്യായമെന്ന് ബീബി തിരിച്ചു ചോദിച്ചു. 
''പുഴ ന്യായം'' ചിരിയോടെ പുഴ നോക്കി മമ്മത് പറഞ്ഞു. 
എന്നാലും ഇടയ്ക്കിടെ തോണിയില്‍ കയറ്റി മീന്‍ മണമുള്ള കാറ്റിനെക്കുറിച്ചും കാലുകള്‍കൊണ്ട് തോണി നിയന്ത്രിക്കുന്നതിനെക്കുറിച്ചും മീന്‍കൂട്ടങ്ങളെക്കുറിച്ചും കാറ്റിനെക്കുറിച്ചും ആകാശത്തിന്റെ നിറംമാറ്റത്തെക്കുറിച്ചും ബിലാലിന് മമ്മത് പറഞ്ഞുകൊടുത്തു. ഇര കോര്‍ത്ത ചൂണ്ടക്കോല്‍ പുഴയിലിടാന്‍ മമ്മത് സമ്മതിച്ചില്ല. 
''ഒരു തോണിയില്‍നിന്നും ഒരാള്‍ മാത്രമെ ചൂണ്ടയെറിയാന്‍ പാടുള്ളൂ''യെന്ന് മമ്മത് പറഞ്ഞപ്പോള്‍ ഇതെന്ത് ന്യായമെന്ന് തിരിച്ചു ചോദിക്കാന്‍ ബിലാലിനു തോന്നിയിരുന്നു. ആ ചോദ്യം മനസ്സിലാക്കിയ മമ്മത് തുടര്‍ന്നു: 
''അതങ്ങനെയാണ്, കടലിനെപ്പോലെയല്ല പുഴ. മൗനിയാണ്. മൗനികള്‍ക്ക് വേഗത്തില്‍ വേദനിക്കും. ഓരോ ചൂണ്ടയെറിയലും പുഴയുടെ നെഞ്ചിലേക്കാണ് കോര്‍ത്ത് വീഴുന്നത്. കൊളുത്തുന്ന മീനിന്റെ പിടച്ചിലിനൊത്ത് പുഴയും പിടയ്ക്കും. വേദനിക്കും. കരയും. പുഴയുടെ മക്കളാണ്  മീനുകള്‍. അതറിയുന്നവര്‍ക്കേ പുഴയറിയാന്‍ കഴിയൂ.''
ബിലാല്‍ പിന്നെ ഒന്നും പറഞ്ഞില്ല. തല താഴ്ത്തി. 
യൂസഫ്ക്കയുടെ ഷാപ്പില്‍നിന്നും ചൂണ്ട വാങ്ങി പുഴയ്ക്കരിയിലെ തോട്ടില്‍നിന്നും ചെമ്മീനെ പിടിച്ച് ചൂണ്ടയില്‍ കോര്‍ത്ത് ഇരുമ്പു പാലത്തിന്റെ മുകളില്‍നിന്നും പുഴയിലേക്ക് ചൂണ്ടയെറിഞ്ഞു. ഇടയ്ക്കിടെ മീനിനെ കിട്ടി. കിട്ടിയ മീനിന്റെ വിശേഷങ്ങള്‍ ബീബി പറയുമ്പോള്‍ മമ്മത് തലയനക്കി. സമ്മതിച്ചുകൊണ്ട് പറഞ്ഞു: ''അവന്‍ എന്റെ മോനല്ലേ.''
അന്ന് ആകാശത്തിന്റെ നിറം വെളുപ്പായിരുന്നു. കാറ്റും മഴയും വന്നു. ആര്‍ത്തു പെയ്യുന്ന മഴയില്‍ പുഴ നിറഞ്ഞൊഴുകി. മിന്നലിനെ പിറകെ വന്ന ഇടിയൊച്ചയില്‍ വീട് കുലുങ്ങി. പടിഞ്ഞാറ് നിന്ന് കാറ്റും മഴയും വന്നപ്പോള്‍ കിഴക്ക് നിന്നും മലവെള്ളം കുതിച്ചുവന്നു. പുഴയുടെ മട്ടും ഭാവവും മാറി. നിറം ചുകപ്പായി. രണ്ട് ദിവസം നില്‍ക്കാത്ത മഴയായിരുന്നു. മമ്മതിന്റെ പുരയിലേക്ക് പുഴ കയറിവന്നു. വീടാകെ വെള്ളം നിറഞ്ഞു.
''പുഴയില്‍നിന്നും മീന്‍ ഇവിടേക്ക് കയറിവന്നെങ്കില്‍ കട്ടിലില്‍ കയറിനിന്ന് മീന്‍ പിടിക്കാമായിരുന്നു'' എന്ന് ബിലാല്‍ പറഞ്ഞപ്പോള്‍ മമ്മത് കണ്ണുരുട്ടി പേടിപ്പിച്ചു. 
''പുഴയെ കളിയാക്കരുത്. അത് അന്നമാണ്.''
''ഇതിലെന്ത് കളിയാക്കല്. അവനൊരു തമാശ പറഞ്ഞതല്ലേ.''
ബിലാലിനെ ചേര്‍ന്ന് നിന്ന് ബീബി പറഞ്ഞു. 
''പുഴയ്ക്ക് എല്ലാ സംസാരവും കാര്യമാണ്.'' മമ്മത് പറഞ്ഞത് ബിലാലിനും ബീബിക്കും മനസ്സിലായില്ല. ''പുഴപ്രാന്ത്... അല്ലാതെന്ത്.'' ബീബി പിറുപിറുത്തു. 
മഴ അടങ്ങിയപ്പോള്‍ പുഴയോരത്തിലേക്ക് മമ്മത് നടന്നു. കൂടെ ബിലാലും. മലവെള്ളത്തിലൂടെ ഒലിച്ചുവരുന്ന സാധനങ്ങളൊക്കെ പുഴയില്‍ നീന്തി മമ്മത് കരയ്ക്കടുപ്പിച്ചു. മമ്മതും മോനും കൊണ്ടുവന്ന മരക്കസേരയും ആടും കളിക്കോപ്പും പലകയും ചിരിയോടെ ബീബി ഏറ്റുവാങ്ങി. 
''പുഴ തരുന്നതൊക്കെ നമ്മുടെ സ്വത്താണ്.'' സാധനങ്ങള്‍ വരാന്തയില്‍ വെക്കുമ്പോള്‍ മമ്മത് പറഞ്ഞു. 
മഴയൊഴിഞ്ഞ പുഴയിലേക്ക് കടലില്‍നിന്നും പുതുവെള്ളം കയറുമ്പോള്‍ കൂടെ മീനുകളും വരും. 
പുഴ വിളിച്ചപ്പോള്‍ പങ്കായവും ചൂണ്ടക്കോലുമെടുത്ത് പുഴയോരത്തിലേക്ക് നടക്കുമ്പോള്‍ ബീബി പിറകില്‍നിന്നും വിളിച്ചു പറഞ്ഞു: 
''പനിയുണ്ടല്ലോ, ശ്വാസം മുട്ടലും. ഇന്ന് ആശുപത്രിയില്‍ കാണിക്കാമെന്ന് പറഞ്ഞതല്ലേ.''
മമ്മത് തിരിഞ്ഞുനോക്കിയില്ല. തീര്‍ത്ഥയാത്രയ്ക്ക് പോകുമ്പോള്‍ തിരിഞ്ഞുനോക്കരുത്. മനസ്സില്‍ പുഴയൊഴുകി ഇക്കിളിയാക്കി. ബീബിയുടെ വാക്കുകള്‍ കാറ്റ് വിഴുങ്ങി. 
പുഴയോരത്ത്, തോണിയുടെ കെട്ടഴിച്ചു. തോണിയില്‍ കയറി. മാളങ്ങളില്‍നിന്നും ഞണ്ടുകള്‍ വിറയലോടെ കണ്ണുകള്‍ പൂട്ടി. പങ്കായം തുഴഞ്ഞു. തോണി നീന്തി. തണുത്ത കാറ്റ് മമ്മതിനെ പൊതിഞ്ഞു. മമ്മതിന്റെ തോണി പുഴയില്‍ ഒഴുകുന്നത് ബീബി നോക്കി നിന്നു. കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ കാറ്റ് വീശാന്‍ തുടങ്ങി. 
''യെന്റെ റബ്ബേ മഴ പെയ്യോ'' പുഴയിലേക്ക് നോക്കി ബീബി നിലവിളിച്ചു. പടിഞ്ഞാറ് നിന്നും കാറ്റും മഴയും വരുന്നത് ബീബി കണ്ടു. മിന്നല്‍ പാഞ്ഞുനടന്നു. ഭൂമി കുലുങ്ങുന്ന ഇടി. പുരയിലാകെ ബീബി ഓടിനടന്നു. ബിലാല്‍ സിനിമയ്ക്ക് പോയതാണ്.
വരാന്തയിലേക്ക് ബീബി ഇറങ്ങിനിന്നു. കാറ്റുമായി കയറിവന്ന മഴ ബീബിയെ കുളിപ്പിച്ചു. പുഴയെ നോക്കി ബീബി നിന്നു. 
കുറേ സമയം കഴിഞ്ഞപ്പോള്‍ മഴയടങ്ങി. സൂര്യന്‍ അസ്തമിക്കാറായിട്ടും പുഴയില്‍നിന്നും മമ്മത് കയറിവന്നില്ല. ബീബിക്ക് ബേജാറായി. പുഴയോരത്തേക്ക് നോക്കി. ആരും ഇല്ല. കടവിലേക്ക് നടന്നു. ഒറ്റയാള് പോലുമില്ല. പുഴ നീണ്ടുകിടക്കുന്നു. ഇര തിന്ന പാമ്പിനെപ്പോലെ. 
സിനിമ കണ്ടുവന്ന ബിലാലിനോട് കാര്യം പറഞ്ഞപ്പോള്‍ പുഴയോരത്തേക്ക് നടന്നു. ഇരുമ്പു പാലത്തിന്റെ അരികില്‍ ആള്‍ക്കാര്‍ കൂടിനില്‍ക്കുന്നത് കണ്ട് അങ്ങോട്ടേക്ക് നടന്നു. കൂടി നില്‍ക്കുന്ന ആള്‍ക്കാരെ വകഞ്ഞുമാറ്റി പുഴയിലേക്ക് നോക്കിയപ്പോള്‍ ഉപ്പയുടെ തോണി ഖലാസികള്‍ കെട്ടിവലിച്ചുകൊണ്ടുവരുന്നത് കണ്ടു. പുഴയിലേക്ക് ബിലാല്‍ ഓടി. ഒരു കയ്യില്‍ ചൂണ്ടക്കോലും മറുകയ്യില്‍ പങ്കായവുമായി തോണിയില്‍ മലര്‍ന്നുകിടക്കുന്ന ഉപ്പയെ ബിലാല്‍ കണ്ടു. തോണി ചേര്‍ത്തുപിടിച്ച് ഉപ്പയെ നോക്കിയപ്പോള്‍ ഉള്‍ക്കിടിലത്തോടെയുള്ള വിറ ശരീരത്തില്‍ പാഞ്ഞുകയറി. കണ്ണുകളില്‍ ഇരുട്ട്. തളര്‍ന്നു. ആരോ പിടിച്ചു. 
''ഉപ്പാ...'' ബിലാല്‍ നീട്ടിവിളിച്ചു. 
കരയ്ക്കടുപ്പിച്ച തോണിയില്‍നിന്നും മമ്മതിനെ ചേര്‍ത്തുപിടിച്ച് ഉയര്‍ത്തി മരപ്പലകയില്‍ കിടത്തി നടന്ന് പുരയുടെ അകത്തേക്ക് കയറുമ്പോള്‍ വായില്‍ തുണി തിരുകി ഉമ്മ കരയുന്നത് ഒറ്റനോട്ടത്തോടെ ബിലാല്‍ കണ്ടു. 
ഖബര്‍ കുഴിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയതും പള്ളിയുസ്താദിനെ വിളിച്ചതും മയ്യത്ത് കട്ടില്‍ കൊണ്ടുവന്നതും കുട്ട്യോളെ ഖുര്‍ആന്‍ ഓതാന്‍ ഏര്‍പ്പാടാക്കിയതും കുളിപ്പിച്ചതും മൂന്ന് കഷണം തുണിയില്‍ പൊതിഞ്ഞതും കടത്തുകാരന്‍ ബുഹാരിക്കയും മൊയ്തീന്‍ക്കയുമാണ്. 
മയ്യത്ത് കട്ടിലില്‍ കിടത്തി പള്ളിയില്‍ കയറി മയ്യത്ത് നിസ്‌കരിച്ചശേഷം ഖബര്‍സ്ഥാനിലേക്ക് കയറി. 
ആറടിമണ്ണിന്റെ ആഴത്തില്‍ കിടക്കുന്ന ഉപ്പയെ നോക്കി വിറയലോടെ ഒരുപിടി മണ്ണ് വാരി ഖബറിനകത്ത് ഇടുമ്പോള്‍ ബിലാലിന്റെ മനസ്സില്‍ കനല്‍ കത്തി വെന്തുരുകി. ചുറ്റുപാടും കൂടിനില്‍ക്കുന്നവരൊക്കെ ഒരുപിടി മണ്ണ് വാരി ഖബറിലിട്ടു. ഖബര്‍ കുഴിക്കാരന്‍ മമ്മതിനെ മണ്ണില്‍ മൂടി. മീസാന്‍ കല്ല് ഉയര്‍ന്നു നിന്നു. ഖബറിന്റെ തലഭാഗത്ത് ചെടിക്കൊമ്പ് നട്ടു. വെള്ളം ഒഴിച്ചു. ഖബര്‍സ്ഥാനില്‍ പ്രാര്‍ത്ഥന നിറഞ്ഞു. മമ്മതിന്റെ ഖബറിന്റെ തലഭാഗത്ത് ഇരുന്ന്, തലയില്‍ കെട്ടിയ തുണി എടുത്ത് ചുമലിലിട്ട് മരിച്ചവന്റെ ലോകത്തുനിന്നും ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും മൊല്ലാക്ക പറഞ്ഞുകൊടുത്തു. 
''നിന്റുപ്പയുടെ ഖബര്‍ തിരിച്ചറിയാന്‍ എന്തെങ്കിലും അടയാളം നോക്കിവെച്ചോ'' ബിലാലിനെ മൊയ്തീന്‍ക്ക ഓര്‍മ്മിപ്പിച്ചു. 
ചുറ്റുപാടും നോക്കി. എല്ലാ ഖബറുകളും ഒരുപോലെയാണ്. അതിനകത്ത് കിടക്കുന്നവര്‍ ഓരോരുത്തര്‍ക്കും വേണ്ടപ്പെട്ടവരാണ്. മമ്മതിന്റെ ഖബറിന്റെ കാല്‍ഭാഗത്ത് ഒരു ചെടി നട്ടു. വെള്ളം ഒഴിച്ചു. 
പ്രാര്‍ത്ഥനയ്ക്ക് ശേഷം എല്ലാവരും ഖബര്‍സ്ഥാനില്‍നിന്നും ഇറങ്ങിപ്പോയിട്ടും ഉപ്പയെ വിട്ട് ബിലാലിന് ഇറങ്ങിപ്പോകാന്‍ കഴിയുന്നില്ല. ഉപ്പയുടെ ഖബറും നോക്കി കാലിന്റെ ഭാഗത്ത് ബിലാല്‍ ഇരുന്നു. ഖബറിന്റെ മുകളിലെ പച്ചമണ്ണ് കയ്യിലെടുത്തു. 
''നീ പോ... മോനേ... നിന്റുമ്മ ഒറ്റയ്ക്കാ. അവളെ സമാധാനിപ്പിക്ക്.''
ഉപ്പയുടെ പറച്ചില്‍ ബിലാല്‍ കേട്ടു. മണ്ണില്‍നിന്നും ബിലാല്‍ എഴുന്നേറ്റു. തിരിഞ്ഞുനോക്കാതെ നടക്കുമ്പോള്‍ പിറകില്‍നിന്നും ഉപ്പയുടെ വിളികേട്ടു. ''ബിലാലേ...''
ബിലാല്‍ തിരിഞ്ഞുനോക്കി. 
ഉപ്പയുടെ ഖബറിന്റെ ഇരുഭാഗത്തുനിന്നും കൈകള്‍ ഉയര്‍ന്നുവന്നു. ഒരു കയ്യില്‍ പങ്കായവും മറു കയ്യില്‍ ചൂണ്ടക്കോലും ബിലാല്‍ കണ്ടു. 
ഇത് രണ്ടും ഇനി ഇവിടെ ആവശ്യമില്ലല്ലോ. നീ എടുത്തോ'' മമ്മത് പറഞ്ഞു. 
മമ്മതിന്റെ കയ്യില്‍നിന്നും പങ്കായവും ചൂണ്ടക്കോലും ബിലാല്‍ ഏറ്റുവാങ്ങി. ബിലാലിന്റെ ചെവിയില്‍ പുഴമന്ത്രം മമ്മത് ഓതിക്കൊടുത്തു. ബിലാല്‍ ഏറ്റുചൊല്ലി. അപ്പോള്‍ ബിലാലിന്റെ മനസ്സില്‍ പുഴ ഒഴുകാന്‍ തുടങ്ങി. 

ചിത്രീകരണം: അനിലാഷ് സുകുമാരന്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com