കുന്നും കിറുക്കനും: എം. മുകുന്ദന്‍ എഴുതിയ കഥ

വിഷ്ണുദാസന്‍ കുന്നിന്റെ കാഴ്ചകള്‍ ഇഷ്ടപ്പെട്ടിരുന്നു. യഥാര്‍ത്ഥത്തില്‍ അയാള്‍ കുന്നിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.
ചിത്രീകരണം - കെ.പി. മുരളീധരന്‍
ചിത്രീകരണം - കെ.പി. മുരളീധരന്‍

വിഷ്ണുദാസന്‍ കുന്നിന്റെ കാഴ്ചകള്‍ ഇഷ്ടപ്പെട്ടിരുന്നു. യഥാര്‍ത്ഥത്തില്‍ അയാള്‍ കുന്നിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അതിന്റെ ഒടിവുകളും ചുഴികളും ചരിവുകളുമെല്ലാം അയാള്‍ക്കെന്നും കൗതുകമായിരുന്നു. അതിന്റെ തുടക്കം വളരെക്കാലം മുന്‍പായിരുന്നു. അതായത്, അയാള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം. അന്ന് എല്ലാ കുന്നുകളിലും നിറയെ മരങ്ങളും വള്ളിപ്പടര്‍പ്പുകളുമുണ്ടായിരുന്നു. മഴക്കാലം ഇടിയും മിന്നലുമായി വന്നുപോയാല്‍ കുന്നിന്‍ചരിവുകളില്‍നിന്നു നീര്‍ച്ചാലുകള്‍ പൊട്ടിയൊഴുകുന്നത് കാണാമായിരുന്നു. പശുക്കള്‍ വെള്ളം കുടിക്കാനായി അവിടേയ്ക്ക് വരും. ഒരിക്കല്‍ ഒരു നരിയും വന്നു. നരി ഒരു പശുക്കിടാവിനേയും ഉപദ്രവിക്കാതെ വെള്ളം കുടിച്ചു തിരികെപ്പോയി. അയാളൊഴികെ മറ്റാരും കുന്നുകളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, അന്ന്. ചിന്തിക്കാന്‍ മാത്രം കുന്നുകളില്‍ എന്തുണ്ട്? ഒന്നുമുണ്ടായിരുന്നില്ല, അക്കാലത്ത്.

ഒരു ടൗണിലായിരുന്നു അയാള്‍ പാര്‍ത്തിരുന്നത്. അച്ഛന് സ്ഥലം മാറ്റമായപ്പോള്‍ അവര്‍ അങ്ങോട്ട് കുടിയേറിയതാണ്. പിന്നീട് അവിടെത്തന്നെ താമസം തുടര്‍ന്നു. പഠിത്തം കഴിഞ്ഞ് അയാള്‍ ഒരു ചെറിയ ഉദ്യോഗത്തില്‍ പ്രവേശിച്ചു. പെണ്ണ് കെട്ടി. സത്യവതി രണ്ട് കുഞ്ഞുങ്ങളെ പെറ്റു. അയാള്‍ കുന്നിനെ സ്‌നേഹിച്ചു. അങ്ങനെ പോകുന്നു അയാളുടെ കഥ.

ഒരു വലിയ ടൗണൊന്നുമായിരുന്നില്ല അത്. കൂത്തുപറമ്പുപോലുള്ള ഒരു ടൗണ്‍ പോലുമായിരുന്നില്ല. കിഴക്കുഭാഗത്ത് ഒരു കുന്ന്. കുന്നുകയറുന്ന വഴിയില്‍ പച്ചപ്പും ഈര്‍പ്പവുമുണ്ടാകും. നെല്‍വയലുകളുടെ മണമുണ്ടാകും. അതിനു മുകളില്‍ കയറിനിന്നാല്‍ ലോകം കാണാം. അയാളുടെ ലോകത്തിന് ആ കാഴ്ചയുടെ വലുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്ര മതി, അയാള്‍ സ്വയം പറയാറുണ്ട്.

നിങ്ങള് പറയുന്ന ഈ ടൗണ്‍, അതെവിട്യാ? ഹൈമവതി ചോദിച്ചു. മ്മളെ കേരളത്തില് തന്നേയാ? ഈടെത്തന്നെ, മറ്റെവിടേയും ഞാന് പോയിട്ടില്ലല്ലോ. വിഷ്ണുദാസന്‍ പറഞ്ഞു. നിങ്ങള്‍ടെ ചെറുപ്പകാലത്ത് ല്ലാരും നാടുവിട്ടു പോയിരുന്നു. നിങ്ങളെന്താ ഏട്യേം പോകാതിരുന്നത്? അവള്‍ തിരക്കി. അതിനുള്ള അയാളുടെ മറുപടി: മ്മള് ഏടപ്പോയാലും ഒരീസം ഈട തിരിച്ചുവരും. അപ്പോ പിന്നെ ന്തിനാ ബുദ്ധിമുട്ടി ഓരോ ഓരോ സ്ഥലങ്ങളില് പോക്ന്നത്?
എല്ലാ യാത്രകളും തിരിച്ചുവരാനുള്ളതാണെന്നാണ് സാഹിത്യകാരന്മാര്‍ എഴുതിയിട്ടുള്ളത്. മറ്റാരുടെ വാക്കുകളെക്കാളും എഴുത്തുകാരുടെ വാക്കുകള്‍ അയാള്‍ മാനിക്കുന്നു. വിശ്വസിക്കുന്നു.
എനിക്ക് ഒരു കേമറ മേടിക്കണം.
ഒരിക്കല്‍ അയാള്‍ പറഞ്ഞു.

അതിനിപ്പോ വെല്ല്യ ചെലവൊന്നും ഇല്ല്യ. ഒരു പുത്യ ജാതി കേമറ ഇപ്പോ എറങ്ങീട്ട്ണ്ട്. ഫോട്ടോ എട്ത്താല് അപ്പോ തന്നെ മ്മക്ക് അത് കാണാന്‍ കഴീം. സ്റ്റുഡിയോവില് കൊട്ത്ത് ഫിലിമ് കഴ്കി എട്ക്കേണ്ട. പ്രിന്റ് എട്ക്കേണ്ട. ഒന്നും വേണ്ട. നിങ്ങള് ആ കേമറ മേടിച്ചോളൂ. നിങ്ങളെപ്പോലെ ക്ഷമേല്ലാത്ത മനിശമ്മാരിക്ക് പറ്റിയ കേമറ അതാ.
അവള്‍ പറഞ്ഞു.
എനിക്ക് ക്ഷമേല്ലെന്ന് ആരാ പറഞ്ഞത്?
അയാള്‍ ചൊടിച്ചു.
കൂടെ കിടക്ക്ന്നവളല്ലേ ഞാന്? എനിക്കല്ലാതെ വേറെ ആരിക്കാ അറിയ്യ്യാ? നല്ല കഥ! 
അവള്‍ പറഞ്ഞു.
ന്റെ ഭാര്യയും ന്റെ കൂടെ കെടക്ക്ന്നവളാ. പക്ഷേങ്കില് അവളിതുവരെ പറഞ്ഞിട്ടില്ല, എനിക്ക് ക്ഷമേല്ലെന്ന്. നിന്റെ ഓരോ ചപ്പടാച്ചി പറച്ചില്. നീ ഇങ്ങനെയൊക്കെ പറയ്ന്നതു കൊണ്ടാ ആരിക്കും നിന്നെ കണ്ടുകൂടാത്തത്. അതുകൊണ്ടാ നിനക്ക് ഒറ്റയ്ക്ക് ജീവിക്കേണ്ടി വര്ന്നത്.
അയാള്‍ പ്രതിഷേധിച്ചു.
ദാ, ഇപ്പോ നിങ്ങള് പറഞ്ഞതെന്താ? നിങ്ങള്ക്ക് ക്ഷമേല്ലെന്നുള്ളതിനുള്ള ഫസ്റ്റ് ക്ലാസ് തെളിവാണ് ഇപ്പോ നിങ്ങള് പറഞ്ഞ ഈ വാക്കുകള്.
അവള്‍ ചിരിച്ചു.
എന്നോട് തര്‍ക്കിക്കാന്‍ വരേണ്ട എന്ന താക്കീതുണ്ടായിരുന്നു ആ പാതിച്ചിരിയില്‍.

പക്ഷേ, അയാള്‍ ആ കേമറ വാങ്ങിയില്ല. അന്വേഷിച്ചപ്പോള്‍ അതിന് സാധാരണ കേമറയെക്കാള്‍ വില കുറവൊന്നുമല്ലെന്ന് അയാള്‍ക്ക് മനസ്സിലായി. മാത്രമല്ല, ഡവലപ്പ് ചെയ്യാതെയും പ്രിന്റെടുക്കാതെയുമുള്ള ആ ഫോട്ടോകള്‍ക്ക് ഭംഗി കുറവായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി. ഫോട്ടോ എട്ക്കുമ്പോ അതില് ഇത്തിരി നിഗൂഢത വേണം, ല്ലാം പ്ലെയിനായി കാണിക്ക്ന്നത് ശെര്യല്ല, അതില് കലയില്ല, അയാള്‍ അഭിപ്രായപ്പെട്ടു. കേമറ മ്മളെ കണ്ണുപോലെയാകരുത്. കണ്ണുകള്ക്ക് ഒരു വെല്ല്യ കുഴപ്പംണ്ട്. കണ്ണുകള്ക്ക് സെലക്റ്റ് ചെയ്തു നോക്കാന്‍ അറീല്ല്യ. മുന്‍പിലുള്ളത് മുഴ്വനും വാരിയെടുത്ത് ഒന്നിച്ച് കാണിച്ചുതരും. പത്ത് ആളുകള് മ്മടെ മുന്‍പിലുണ്ടെന്ന് വിചാരിക്ക്. മ്മക്ക് അവരില്‍ ഒരാളെ മാത്രമേ കാണാന്‍ താല്‍പ്പര്യമുള്ളൂ എന്നും വിചാരിക്ക്. ആ ഒരാളെ മ്മള് നോക്കുമ്പോ ബാക്കീള്ള ഒമ്പതാളും കൂടെ ഏട്യേങ്കിലും നില്‍ക്കുന്നുണ്ടാകും. കേമറ അങ്ങനേയല്ല. കേമറക്ക് ഒരാളെ മാത്രം കാണാന്‍ കഴീം. ബാക്കി ഒമ്പത് ആളുകള് ഒരിടത്തും ഉണ്ടാകില്ല. കണ്ണും കേമറയും തമ്മിലുള്ള വ്യത്യാസം അതാ, കേട്ടോ.
അയാള്‍ വിവരിച്ചു.


എല്ലാം ക്ഷമയോടെ കേട്ടതിനു ശേഷം കേമറ വില്‍പ്പനക്കാരന്‍ പറഞ്ഞു: രണ്ടു തലമുറകളായി കേമറകള് കച്ചോടം ചെയ്യുന്ന ഒരു കുടുംബമാണ് ന്റേത്. കോണിക്കാ, മിനോള്‍ട്ട, യഷീക്കാ, നിപ്പണ്‍ തുടങ്ങിയ കേമറകള് ഞങ്ങള് വിറ്റിട്ടുണ്ട്. ബോക്‌സ് കേമറ, റെയിഞ്ച് ഫൈന്‍ഡര്‍ കേമറ, എസ്.എല്‍.ആര്‍ എല്ലാം ഞങ്ങള് വിറ്റിട്ടുണ്ട്...

അപ്പോള്‍ അവള്‍ ഇടയില്‍ കയറി ചോദിച്ചു: കേമറ കച്ചോടം ചെയ്യുന്നതിനു മുന്‍പ്, അതായത് രണ്ടു തലമുറകള്ക്ക് മുന്‍പ്, നിങ്ങള്‍ടെ കുടുംബം ന്താണ് കച്ചോടം ചെയ്തത്? അയാള്‍ പറഞ്ഞു: രണ്ടു തലമുറകള്ക്ക് മുന്‍പ് ഞങ്ങള് നെല്ലും അരിയും അടക്കയും കുരുമുളകും കച്ചോടം ചെയ്തിരുന്നു. ഓര്‍ക്കാട്ടേരി ചന്തകള് പോലുള്ള വലിയ ചന്തകളില് പോയി ഞങ്ങള് കന്നുകാലികളേം കച്ചോടം ചെയ്തിരുന്നു. പിന്നീടാണ് ഞങ്ങള് കേമറ വില്‍ക്കാന്‍ തുടങ്ങ്യത്. 
അവള്‍ വിട്ടില്ല: ന്തിനാ നിങ്ങള് പരമ്പരാഗത കൃഷിയുല്‍പ്പന്നങ്ങള്‍ടെ കച്ചോടം നിര്‍ത്തി കേമറ വില്‍പ്പനയിലേയ്ക്ക് തിരിഞ്ഞത്? കന്നുകാലികളില്‍നിന്നു ഒറ്റക്കുതിപ്പിന് നേരെ കേമറകളിലേയ്ക്ക്! ന്തിനായിരുന്ന് അദ് കച്ചോടക്കാരാ?

അവളുടെ ചോദ്യം അയാളെ ചിരിപ്പിച്ചു. അയാള്‍ തുടര്‍ന്നു: നെല്ലും അരിയും അടക്കയും കുരുമുളകും വില്‍ക്കുമ്പോള് ഞങ്ങള്ക്ക് അതൊക്കെ വാങ്ങാന്‍ വരുന്നവരെ ചതിക്കാന്‍ കഴീല്ല്യ. അവരിക്ക് കൃഷിയുല്‍പ്പന്നങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു. ന്നാല് കേമറകളെക്കുറിച്ച് അവരിക്ക് ഒരു ചുക്കും അറീല്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്ക്ക് അവരെ കബളിപ്പിക്കാന്‍ എളുപ്പമായിരുന്നു. കച്ചവടക്കാരന്‍ ഒരിക്കല്‍ക്കൂടി ചിരിച്ചു. അയാള്‍ തുടര്‍ന്നു: കച്ചോടം ന്ന് പറഞ്ഞാല് അതൊരു മാതിരി കബളിപ്പിക്കലാണ്. എങ്കിലേ മ്മക്ക് നാല് കാശ് ഉണ്ടാക്കാന്‍ പറ്റൂ. ഒരു കച്ചോടക്കാരന് ഒരിക്കലും സത്യസന്ധനാകാന്‍ കഴീല്ല്യ. ഒറപ്പാ. നിങ്ങള് അതിന് ശ്രമിച്ചിട്ടുണ്ടോ കച്ചോടക്കാരാ? ഇല്ല. ന്താ ശ്രമിക്കാതിര്ന്നത്? ഒറപ്പാ. അതോണ്ട് തന്നെ.

അവള്‍ തിരക്കി: അവസാനം നിങ്ങള് ന്ത് കേമറയാ മേടിച്ചത്? വിഷ്ണുദാസന്‍ പ്രതിവചിച്ചു: ഞാന് ഒരു വളരെ പഴയ മോഡല് മാമിയ 528 മേടിച്ചു. അത് ഒരു സിംപിള് കേമറയാ. പക്ഷേങ്കില് അസല് ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോകള് കിട്ടും. ഒരു രണ്ടു രണ്ടര പവന്റെ വെല കൊടുക്കേണ്ടിവന്നു. പക്ഷേങ്കില് സാരംല്ല്യ. ഞാന് കുറേ ഗംഭീരന്‍ ഫോട്ടോകള് അതുകൊണ്ട് എടുത്തിരുന്നു.
അങ്ങനെയൊരു കേമറയെക്കുറിച്ച് അവള്‍ കേട്ടിരുന്നില്ല.
കച്ചവടക്കാരന്‍ തിരക്കി: ഫോട്ടോഗ്രാഫി നിങ്ങള്‍ടെ ഹോബിയാണോ? ഏയ്, അല്ല. അയാള്‍ പറഞ്ഞു. പിന്നെ നിങ്ങളെന്തിനാ കേമറ മേടിച്ചത്? കേമറ വില്‍പ്പനക്കാരന്‍ കൗതുകത്തോടെ തിരക്കി. അയാളുടെ മറുപടി: കുന്നുകള്‍ടെ ഫോട്ടോ എടുക്കാന്‍.
കേമറക്കച്ചവടക്കാരന്‍ ഉച്ചത്തില്‍ ചിരിച്ചു.
ന്താ മൂപ്പരെ നിങ്ങള് ചിരിക്കുന്നത്?
അയാള്‍ ചോദിച്ചു.
നിങ്ങളെ പോലുള്ള ഒരു കിറുക്കന്‍ ഒരിക്കല് ന്റട്ത്ത് ഈടെ വന്നിരുന്നു. അയാള്ക്ക് ഒരു കേമറ വേണംന്ന് പറഞ്ഞു.
കേമറ മേടിക്കാന്‍ വരുന്നോരെല്ലാം കിറുക്കമ്മാരാ?
അയാള്‍ ദേഷ്യത്തോടെ ചോദിച്ചു.


നിങ്ങള് കഥ മുഴ്വനും കേള്‍ക്ക്. ന്നിട്ട് തീരുമാനിക്കാം അയാള് കിറുക്കനാണോ അല്ലയോ എന്ന്. അയാള് മൂന്നു തവണ ന്റെ കേമറപ്പീട്യേല് കേറിവന്നു. കേമറകളായ കേമറകളെല്ലാം എടുത്ത് പരിശോധിച്ചു. ആ ചങ്ങാതിക്ക് കേമറകളെക്കുറിച്ച് നല്ല പിടിപാടുണ്ടായിരുന്നു. അയാള് പറയ്ന്നത് കേട്ടാല് തോന്നും, അയാള്ക്ക് പണ്ട് പണി കേമറ ഉണ്ടാക്കുന്ന ഫാക്റ്ററീലായിരുന്നെന്ന്. അത്ര വിവരായിരുന്നു മൂപ്പര്‍ക്ക്. കേമറകള്‍ടെ വിലയെക്കുറിച്ചും ഇഷ്ടന് നല്ല പിടിപാടുണ്ടായിരുന്നു. ന്റെ പീട്യേലുള്ള ഓരോ കേമറക്കും മദിരാശീലെ മൂര്‍ മാര്‍ക്കറ്റിലും ഡല്‍ഹീലെ ചാന്ദ്നി ചൗക്കിലും എന്താണ് വിലയെന്ന് ചങ്ങാതിക്കറിയാമായിരുന്നു. ഞാന് അയാളെക്കൊണ്ട് തോറ്റു. ഇങ്ങനെ ഒരു മനിശന്‍ ആദ്യമായാണ് എന്റട്ത്ത് കേമറ മേടിക്കാന്‍ വരുന്നത്. നിങ്ങള് എത്ര വേഗത്തിലാണ് കേമറ തിരെഞ്ഞടുത്തത്. പഴയ മോഡല്‍ മാമിയ 528, അതല്ലേ നിങ്ങള് എട്ത്തത്? ഇപ്പോ അദ് ഏട്യേം കിട്ടാത്ത കേമറയാ. കലക്റ്റേഴ്സ് ഐറ്റം ആണ് അത്. നിങ്ങള് അതിന്റെ വിലയുടെ കാര്യത്തില് തര്‍ക്കിച്ചില്ല. ഞാന് പറഞ്ഞ വില നിങ്ങള് തന്നു. ന്നാല് ആ കിറുക്കന്‍ അങ്ങനേയായിരുന്നില്ല. വിലയുടെ കാര്യത്തില് അയാള് തര്‍ക്കിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അവസാനം അയാള് ഒരു കൊഡാക്ക് വാങ്ങി, കീശയില് നിന്നു നോട്ടുകള് എടുത്ത് എണ്ണി ന്റെ നേരെ നീട്ടി. അപ്പോ അബദ്ധത്തിനു നിങ്ങളോട് ചോദിച്ച അതേ ചോദ്യം അയാളോടും ഞാന് ചോദിച്ചു: ഏയ് മൂപ്പരേ, ഫോട്ടോഗ്രാഫി നിങ്ങള്‍ടെ ഹോബിയാണോ? അയാള് പറഞ്ഞു: ഏയ് അല്ല. പിന്നെ ഇത്ര വില നല്‍കി നിങ്ങളെന്തിനാ ഈ കേമറ മേടിച്ചത്? അയാള് പറഞ്ഞു: ദൈവങ്ങള്‍ടെ ഫോട്ടോ എട്ക്കാന്‍.
കേമറക്കച്ചവടക്കാരന്‍ പൊട്ടിച്ചിരിച്ചു.
നിങ്ങള് കേമറ മേടിച്ചത് കുന്നുകള്‍ടെ ഫോട്ടോ എട്ക്കാന്‍. ആ ചങ്ങാതി മേടിച്ചത്, ദൈവങ്ങള്‍ടെ ഫോട്ടോ എട്ക്കാന്‍. നിങ്ങള് രണ്ടു മനിശമ്മാരിക്കും കിറുക്കല്ലാതെ മറ്റെന്താണ്?
കേമറ വില്പനക്കാരന്‍ ചോദിച്ചു.
വിഷ്ണുദാസന്‍ ഒന്നും മിണ്ടിയില്ല. കേമറക്കച്ചവടക്കാരന്‍ ചിരി തുടര്‍ന്നു.
ഇങ്ങനെ ഉച്ചത്തില്‍ ചിരിക്കാന്‍ മാത്രം ന്ത് തമാശയാ അതിലുള്ളത്?
ഹൈമവതി തിരക്കി.
ന്റെ ഭാര്യ ഒരിക്കല് ന്നോട് ഒരു ചോദ്യം ചോദിച്ചു. അതു കേട്ടപ്പോള് ഞാന് ഉച്ചത്തില്‍ ചിരിച്ചുപോയി. അത് കേട്ടാല് നിങ്ങളും ചിരിച്ചുപോകും. അവള് പറഞ്ഞത് കേള്‍ക്കണോ പരമ്പരാഗതമായി ഞങ്ങള് കൃഷിവിളകള് വില്‍ക്കുന്ന കച്ചവടക്കാരായിരുന്നു എന്ന് പറഞ്ഞുവല്ലോ. നെല്ലും കുരുമുളകുമെല്ലാം തൂക്കിയിട്ടാണല്ലോ വില്‍ക്കുന്നത്. അതിന് ഞങ്ങള്‍ടെ പീടികേല് തുലാശുകളുണ്ടായിരുന്നു. അരിയും നെല്ലും തൂക്കാന് ഒരു വമ്പന്‍ തുലാശ്. ഏലക്കായും കറാമ്പൂവും തൂക്കാന് ഒരു കുഞ്ഞു തുലാശും. കൃഷിവിളകള് വില്‍ക്കുന്ന പണി നിര്‍ത്തി ഞങ്ങള് കേമറ വില്‍ക്കുന്ന പണി തുടങ്ങീന്ന് അറിഞ്ഞപ്പോള് ന്റെ ഭാര്യ ചോദിച്ചു: നിങ്ങള് കേമറ വില്‍ക്കുന്നത് തൂക്കീറ്റാ? വമ്പന്‍ തുലാശുകൊണ്ടാ കേമറ തൂക്കുന്നത്? അല്ലെങ്കില് ഏലക്കായും കറാമ്പൂവും തൂക്കുന്ന കുഞ്ഞു തുലാശു കൊണ്ടോ? കച്ചവടക്കാരന്‍ പൊട്ടിച്ചിരിച്ചു.
ന്താ നിങ്ങള് രണ്ടാള്ക്കും ചിരി വര്ന്നില്ലേ?
അയാള്‍ ചോദിച്ചു.
ന്നിട്ട് അയാള് ദൈവങ്ങള്‍ടെ ഫോട്ടോ എട്ത്തോ കച്ചോടക്കാരാ? ദൈവങ്ങളെ ആരും കണ്ടിട്ടില്ല. ദൈവങ്ങള് മോളില് ആകാശത്തിലല്ലേ താമസിക്ക്ന്നത്? അപ്പോ അയാളെങ്ങന്യാ ദൈവങ്ങള്‍ടെ പടം പിടിക്ക്യാ? അയാള് റോക്കറ്റില് കേറീട്ട് മാനത്ത് പോയോ?
ഹൈമവതി ചോദിച്ചു.
കുറേ ദിവസം കഴിഞ്ഞപ്പോള്‍ ആ ചങ്ങാതി പിന്നേം ന്റട്ത്ത് വന്നു. അയാള് പിടിച്ച ദൈവങ്ങള്‍ടെ പടങ്ങള് ന്നെ കാണിക്കാന്‍.
കച്ചവടക്കാരന്‍ പറഞ്ഞു.
ന്ത്, അയാള് ശരിക്കും ദൈവങ്ങള്‍ടെ ഫോട്ടോ എട്ത്തോ?
വിഷ്ണുദാസന് വിശ്വാസം വന്നില്ല. ഹൈമവതിക്കും വന്നില്ല, ഒട്ടും വിശ്വാസം.
എടുത്തു. ല്ലാ വെല്ല്യ ദൈവങ്ങള്‍ടേം എട്ത്തു. മുഴുവന് ഫോട്ടോകളും ഞാന് ന്റെ സൊന്തം കണ്ണുകൊണ്ട് കണ്ടു. ആനന്ദമയി മാ, പ്രേമാനന്ദ സ്വാമി, നിത്യാനന്ദ പരമഹംസ, ഡിസ്‌കോ ബാബ, ആശാ രാം ബാപ്പു, ഗുര്‍മീത് രാം റഹീം സിംഗ്, ബ്രാ ഓം സ്വാമി. അങ്ങനെ ല്ലാ ദൈവങ്ങള്‍ടേം ഫോട്ടോകള് മൂപ്പര്‍ എടുത്തു.
കേമറക്കച്ചവടക്കാരന്‍ പറഞ്ഞു.
ആരാപ്പാ ഈ ബ്രാ ഓം സ്വാമി?
അവള്‍ അന്വേഷിച്ചു.
അങ്ങനെ ഒരു ദൈവത്തെക്കുറിച്ച് അവള്‍ കേട്ടിരുന്നില്ല.
എന്താണ് ദൈവവും മുലക്കച്ചേം തമ്മിലുള്ള ബന്ധം?
അവള്‍ ചോദിച്ചു.
നീയൊന്ന് മിണ്ടാതിരിക്ക് ഹൈമവതഭൂവേ. കച്ചോടക്കാരന്‍ കഥ തുടരട്ടെ.
അയാള്‍ പറഞ്ഞു.
കേമറക്കച്ചവടക്കാരന് നാണം വന്നു. അയാള്‍ വിശദീകരിച്ചു. ഓം സ്വാമി ആശ്രമങ്ങള്ക്കു പുറമെ ഒരു ബ്രാ നിര്‍മ്മാണ സ്ഥാപനവും നടത്തീരുന്നു. പെണ്‍കുട്ടികള്ക്കും മുതിര്‍ന്ന പെണ്ണുങ്ങള്ക്കും ധരിക്കാവുന്ന പല സൈസുകളിലുള്ള ബ്രാകളായിരുന്നു ഓം സ്വാമി നിര്‍മ്മിച്ചിരുന്നത്. അങ്ങനേയാണ് അയാള്ക്ക് ബ്രാ ഓം സ്വാമി എന്ന പേര് വീണത്.

അതിരിക്കട്ടെ. ആ മൂപ്പര് ന്റെ കൈയീന്ന് മേടിച്ച കേമറ കൊണ്ട് ദൈവങ്ങള്‍ടെ ഫോട്ടോ പിടിച്ചു. കുന്നുകള്‍ടെ ഫോട്ടോ പിടിക്കാനാ നിങ്ങള് ഈട്ന്ന് കേമറ മേടിച്ചത് എന്നല്ലേ പറഞ്ഞത്? ന്നിട്ട് കുന്നുകള്‍ടെ പടം പിടിച്ചോ? നിങ്ങള് പിടിച്ച ഒരു പടവും ഞാനിതുവരെ കണ്ടിട്ടില്ല. ഞാന് വിറ്റ കേമറകൊണ്ട് നിങ്ങള് ഫോട്ടോ എടുത്താല് അത് കാണാനുള്ള അവകാശം എനിക്കില്ലേ?
കേമറ വില്പനക്കാരന്‍ ചോദിച്ചു.
ഇല്ല. വിഷ്ണുദാസന്‍ പറഞ്ഞു. എങ്കിലും ഞാന് പിടിച്ച കുന്നുകള്‍ടെ പടങ്ങള് ഒരീസം കൊണ്ടു വന്ന് നിങ്ങളെ കാണിക്കാം. നിങ്ങള്ക്ക് താല്‍പ്പര്യമുണ്ടെങ്കില് മുഴ്വന്‍ പടങ്ങളും കാണിക്കാം. അയാള്‍ ഒരുപാട് സമയം കുന്നുകളുടെ ഫോട്ടോകള്‍ എടുക്കാന്‍ ചെലവഴിച്ചു. കുന്നുകളുടെ സകല ഭാവങ്ങളും അയാള്‍ തന്റെ പഴക്കം ചെന്ന കേമറകൊണ്ട് ഒപ്പിയെടുത്തു. വെയിലുടുത്ത കുന്നിന്റെ പടം കണ്ട് അയാള്‍ ആനന്ദിച്ചു. മഴ നനഞ്ഞ കുന്നിന്റെ ഫോട്ടോ അയാള്‍ക്ക് ശോകം കൊടുത്തു. അതൊരു സങ്കടപ്പടമായിരുന്നു. കുന്നുകളുടെ കണ്ണുകളില്‍നിന്നു മാത്രമല്ല, ഉടലില്‍നിന്നു മുഴുവന്‍ കണ്ണീര്‍ ഒഴുകുന്നതായി അയാള്‍ക്ക് തോന്നി. അടുത്തെവിടേയോ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പേടിച്ചുവിറച്ചു നിന്ന കുന്നിന്റെ കുറേ ചിത്രങ്ങളും അയാള്‍ തന്റെ കേമറയില്‍ പകര്‍ത്തി. നിലാവ് പതയുന്ന രാക്കുന്നിനേയും അതിന്റെ മാസ്മരിക ഭാവത്തില്‍ അയാള്‍ മാമിയ 528 കൊണ്ട് ഊറ്റിയെടുത്തു. കുന്നുകളോട് അയാള്‍ക്ക് തോന്നിയ സ്‌നേഹത്തിന് കുന്നുകള്‍ അയാള്‍ക്ക് ഒരു പാരിതോഷികം നല്‍കി. ന്ത് പാരിതോഷികം? ഹൈമവതി ചോദിച്ചു. കുന്നുകള് ന്നെ ഒരു മികച്ച ഛായാഗ്രാഹകനാക്കി മാറ്റി. അതിത്ര വെല്ല്യ ആനക്കാര്യമാണോ? കേമറക്കച്ചവടക്കാരന്‍ ചോദിച്ചു. തീര്‍ച്ചയായും അതൊരു ആനക്കാര്യമാണ്. വിഷ്ണുദാസ് വിവരിച്ചു. കേമറ എങ്ങനെ പിടിക്കണം എന്നുപോലും അറിയാത്ത ആളായിരുന്നു ഈ ഞാന്. ഇപ്പോ ഞാന് പിടിച്ച ഫോട്ടോകള് കണ്ട് ഓരോരുത്തര് പറയുന്നത്, അതൊക്കെ ലോകനിലവാരംള്ള കലാസൃഷ്ടികളാണെന്നാണ്. അപ്പോള്‍ അവള്‍ ഒരിടങ്കോലിട്ടു: കുന്നുകളാണോ അല്ലെങ്കില് കേമറയാണോ നിങ്ങളെ ഒരു ഫോട്ടോഗ്രാഫറ് ആക്കിയത്? അയാള്‍ പറഞ്ഞു: നീ അതൊരു തര്‍ക്കവിഷയമാക്കേണ്ടതില്ല, ഹൈമവതഭൂവേ. ഞാനൊരിക്കലും ഒരു ഫോട്ടോഗ്രാഫറ് ആകാന്‍ ആഗ്രഹിച്ചിരുന്നില്ല. കുന്നുകള്‍ടെ ഫോട്ടോ എടുക്കാന്‍ മാത്രമായിരുന്നു ന്റെ ആഗ്രഹം. നാളെ എനിക്കതിന് കഴിഞ്ഞില്ലെങ്കിലോ?
ന്താ കഴിയാണ്ട്?
അവള്‍ ചോദിച്ചു.
അയാള്‍ മിണ്ടിയില്ല.
അവള്‍ക്ക് ആദിശങ്കരനെപ്പോലെ തര്‍ക്കവിഷയങ്ങളില്‍ വലിയ താല്‍പ്പര്യമായിരുന്നു. ഒരിക്കല്‍ അയാള്‍ താന്‍ അവളുമായി പുലര്‍ത്തുന്ന ഉടല്‍ ബന്ധം കുറ്റകരമായ ഒരു കാര്യമാണെന്ന് പറയാന്‍ ഇടയായി. അത് അയാള്‍ അവനവനോട് പറഞ്ഞതായിരുന്നു. പക്ഷേ, അല്‍പ്പം ഉച്ചത്തിലായതുകൊണ്ട് അവള്‍ അത് കേള്‍ക്കാനിടയായി. അതിന്റെ പേരില്‍ അവള്‍ ഒരുപാട് തര്‍ക്കിച്ചു. വിവാഹം കഴിച്ച ഒരാള്‍ മറ്റു പെണ്ണുങ്ങളുമായി ഉടല്‍ ചേര്‍ക്കുന്നത് തെറ്റാണെന്ന് അവള്‍ ഒട്ടും കരുതുന്നില്ല. അയാള്‍ കരുതുന്നുണ്ട്. പക്ഷേ, ഉടല്‍ ചേര്‍ക്കുന്നുമുണ്ട്. അയാള്‍ അങ്ങനെയാണ്. 


അങ്ങനെയിരിക്കവേ മഴക്കാലം പിന്‍വാങ്ങി. വെള്ളം മണ്ണില്‍നിന്നു അതിന്റെ ഉടല്‍ വേര്‍പെടുത്തി. അതിന്റെ ബീജങ്ങളില്‍നിന്നു ഒരുപാട് പാഴ്ചെടികള്‍ തിരുള്‍ പൊട്ടി കണ്ണു മിഴിച്ചു. വൈകാതെ ഓണവും വന്നു.
ഓണസദ്യയുണ്ണാന് ന്നെ വീട്ടിലേയ്ക്കു വിളിക്കുമോ?
അവള്‍ കൊതിയോടെ ചോദിച്ചു.
ഇല്ല.
അയാള്‍ പറഞ്ഞു.
ഓണം ഞാനും എന്റെ ജീവിതസഖിയും ഞങ്ങളുടെ രണ്ടു മക്കളും ഒന്നിച്ച് ആഘോഷിക്കും.
തര്‍ക്കങ്ങളില്‍ താല്‍പ്പര്യമുള്ളവളാണെങ്കിലും അവള്‍ തര്‍ക്കിച്ചില്ല. അവള്‍ നഗരത്തിലെ ഒരു ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു. ഓണമുണ്ണാന്‍ നിനക്ക് വീട്ടില്‍ പോയിക്കൂടേ എന്ന് അയാള്‍ തിരക്കി. എനിക്ക് വീടില്ല, എന്നായിരുന്നു അവളുടെ മറുപടി. അത് അയാള്‍ക്ക് വ്യസനം നല്‍കി. അയാള്‍ ശരിക്കും വേദനിച്ചു. ഓണമുണ്ണാന്‍ വീടില്ലാത്ത ഒരു പെണ്ണ്. അയാളുടെ മുഖത്തൊലിയില്‍ പുരണ്ട ശോകം കണ്ട് അവള്‍ പറഞ്ഞു: സെന്റിമെന്റല് ആകരുത് മൂപ്പരേ. ഞാന് ചുമ്മാ ഓരോന്ന് പറഞ്ഞതാണ് ട്ടോ. നിങ്ങള് നല്ല മനസ്സുള്ളവനാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ഒരു പരസ്ത്രീയുമായി ഉടല് ചേര്‍ക്കുന്നു എന്ന തെറ്റല്ലാതെ മറ്റൊന്നും നിങ്ങള് ചെയ്തിട്ടില്ല. അതുതന്നെ ന്റെ കണ്ണില്‍ ഒരു തെറ്റല്ല. ഞാനങ്ങനെ കരുതുന്നുമില്ല.

അയാളുടെ രണ്ടു മക്കള്‍ക്ക് ഓണത്തിന് സദ്യ വേണ്ടെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. അവര്‍ക്ക് വേണ്ടത് പൊറോട്ടയും ചിക്കന്‍ ചില്ലിയും. കോഴി പൊരിച്ചതും വേണം. പറ്റില്ല, അയാള്‍ പറഞ്ഞു. ഞാന് ജീവിച്ചിരിക്കുന്ന കാലം ഓണത്തിനു സദ്യ തന്നേയായിരിക്കും. അയാളുടെ വീട്ടുവളപ്പില്‍ വളര്‍ന്ന മുരിങ്ങയും കറിവേപ്പിലയും. അയാളുടെ മുറ്റത്ത് ഗ്രോബാഗുകളില്‍ വളര്‍ന്ന വെണ്ടയും ചീരയും. അതൊക്കെ ഉപയോഗിച്ചുകൊണ്ടാണ് അയാളുടെ ഭാര്യ സത്യവതി അവിയലും തോരനും ഉണ്ടാക്കിയത്. അവളുടെ മാസ്റ്റര്‍പീസ്, കാളനാണ്. ആ കാളന്‍ മാത്രം മതി, മക്കളേ വയര്‍ നിറയെ ചോറുണ്ണാന്‍. മക്കള്‍ പ്രതിഷേധിച്ചു. ഭീഷണിപ്പെടുത്തി. സങ്കടം പറഞ്ഞു. ഒന്നും ഫലിച്ചില്ല. അയാള്‍ പറഞ്ഞു, ല്ലാരും ഇലയിട്ട് ഓണം ഉണ്ണും. ന്നാല് പ്രഥമനു പകരം ഐസ്‌ക്രീമെങ്കിലും ഞങ്ങള്ക്ക് വാങ്ങി തന്നൂടെ അച്ഛാ, കുട്ടികള്‍ നിരാശാഭരിതരായി ചോദിച്ചു. അതിനും അയാള്‍ വഴങ്ങിയില്ല.
സത്യവതീ, നീ ഒരാള്‍ക്കുള്ള സദ്യ പൊതിഞ്ഞു തരണം. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാള്‍ക്ക് കൊടുക്കാനാണ്. ഈട ഒരു ടിഫിന് പാത്രം ഉണ്ടായിരുന്നല്ലോ. അതെവിടെ പോയി. അഞ്ച് തട്ടുകളുള്ള ഒരു ഗംഭീരന്‍ ടിഫിന്‍ പാത്രമായിരുന്നു അത്. അയാള്‍ ഒരിക്കല്‍ ബോംബേയില്‍ പോയപ്പോള്‍, ഭയന്തറിലുള്ള ഒരു അലൂമിനിയക്കടയില്‍നിന്നു വാങ്ങിയതായിരുന്നു അത്. അതുകൊണ്ട് തനിക്കൊരു പ്രയോജനവും ഉണ്ടാകില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു. എന്നിട്ടും വെറും ഒരു കൗതുകത്തിന്റെ പേരില്‍ അയാള്‍ അത് വാങ്ങി. അങ്ങനെ കൗതുകത്തിന്റെ പേരില്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ ചിലപ്പോള്‍ അയാള്‍ വാങ്ങിക്കൊണ്ടുവരും. ഒരിക്കല്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവത്തിനു പോയപ്പോള്‍ അയാള്‍ ഒരു തൊപ്പി വാങ്ങിക്കൊണ്ടു വന്നു. അതാര്‍ക്കു വേണ്ടിയാണെന്ന് അയാള്‍ക്കറിയില്ലായിരുന്നു. അയാള്‍ അതൊരിക്കലും ഉപയോഗിച്ചിരുന്നില്ല. മറിച്ച്, ടിഫിന്‍ കേരിയര്‍കൊണ്ട് ഒരിക്കലെങ്കിലും ഉപയോഗമുണ്ടായി. അയാളുടെ അമ്മ ആശുപത്രിയില്‍ കിടന്നപ്പോള്‍ അവര്‍ക്ക് ചോറു കൊണ്ടുപോയി കൊടുക്കാന്‍ അയാള്‍ അതുപയോഗിക്കുകയുണ്ടായി. അത് ആറ് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ഇപ്പോള്‍ അയാള്‍ ആ ടിഫിന്‍ കേരിയര്‍ പരതിയെടുത്തു.
താഴത്തെ തട്ടില് ചോറ് വെച്ചുകൊള്ളൂ.
അയാള്‍ പറഞ്ഞു.
അതാണ് ഏറ്റവും വലിയ തട്ട്. അതില്‍ രണ്ടാള്‍ക്ക് സുഖമായി കഴിക്കാനുള്ള ചോറ് കൊള്ളും. അത്രയും വലിപ്പമുണ്ടതിന്. 
രണ്ടാമത്തെ തട്ടില് കാളന്‍, മൂന്നാമത്തെ തട്ടില് സാമ്പാറ്, നാലാമത്തെ തട്ടില് അവിയല്, അഞ്ചാമത്തെ തട്ടില് ചീരത്തോരന്‍. ഉണ്ണി മാങ്ങയച്ചാറും പപ്പടവും വാട്ടിയ വാഴയിലയില് പൊതിഞ്ഞുകൊള്ളൂ.
അയാള്‍ പറഞ്ഞു.
പ്രഥമനോ?
സത്യവതി ചോദിച്ചു.
അത് ഒരു കുപ്പിയില് ഒഴിച്ചുകൊള്ളൂ. ഒരു ജാമിന്റെ ഒഴിഞ്ഞ കുപ്പി അടുക്കളേല് ഉണ്ടല്ലോ. അതില് ഒഴിച്ചുകൊള്ളൂ.
അയാള്‍ പറഞ്ഞതുപോലെ അയാളുടെ ഭാര്യ സത്യവതി ഓണസദ്യ ഭദ്രമായി പൊതിഞ്ഞു അയാളുടെ മുന്‍പില്‍ വെച്ചു.
അല്ല, ഇത്രയായിട്ടും ഇതാര്‍ക്കുവേണ്ടിയാണെന്ന് നീ ചോദിച്ചില്ലല്ലോ സത്യവതീ?
അയാള്‍ അദ്ഭുതം കൂറി.
ന്തിനാ ചോദിക്കുന്നത്? ചോദിച്ചാല് നിങ്ങള് സത്യം പറയില്ലെന്ന് എനിക്കറിയാം. അതോണ്ട് ഞാന് മിണ്ടാതിരിക്കുന്നു. ഭക്ഷണമല്ലേ? ആരിക്ക് കൊടുത്താലും ഒരാളുടെ വയറ് നിറയുമല്ലോ. അതു മതിയെനിക്ക്.
സത്യവതി പറഞ്ഞു.

ഒരിക്കല്‍ സത്യവതി പറഞ്ഞു: നിങ്ങള് ഉടല് ആരിക്കു വേണേങ്കിലും കൊടുത്തോ. മനസ്സ് മുഴ്വനും എനിക്ക് തരണം. അതെപ്പോം ന്റെ കൂടേണ്ടാകണം.
അയാള്‍ എന്നും ചെയ്തത് അതുതന്നെയായിരുന്നല്ലോ. ഹൈമവതി നല്‍കുന്ന ആനന്ദത്തിന്റെ ഉച്ചസ്ഥായിയില്‍ ന്റെ പൊന്ന് സത്യവതീ എന്ന് അയാള്‍ ഉച്ചത്തില്‍ നിലവിളിക്കുമായിരുന്നു. അതില്‍ ഹൈമവതിക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. നിങ്ങള് നിങ്ങള്‍ടെ ഉടല് എനിക്ക് തര്ന്ന്ണ്ടല്ലോ. എനിക്ക് അതു മതി, എന്നായിരുന്നു അവള്‍ പ്രതിവചിച്ചത്.
ഉടല്‍ ഇവള്‍ക്ക് കൊടുത്തു. മനസ്സ് മറ്റവള്‍ക്കും കൊടുത്തു. ഇനിയിപ്പോള്‍ എനിക്ക് എന്റേതായി എന്തുണ്ട് ബാക്കി? 
ഖാദി മേളയില്‍ അയാള്‍ തനിക്ക് ഒരു കുര്‍ത്തയും ഭാര്യയ്ക്ക് ഒരു സാരിയും അതിനു പുറമെ രണ്ട് കിടക്ക വിരികളും വാങ്ങിയിരുന്നു. കൂട്ടത്തില്‍ ഒരു തുണിസഞ്ചി സൗജന്യമായി കിട്ടി. സത്യവതി ടിഫിന്‍ കേരിയറും ജാമിന്റെ കുപ്പിയും കഴുകിത്തുടച്ച നാക്കിലയും ആ സഞ്ചിയില്‍ വെച്ച് അയാളുടെ നേരെ നീട്ടി. വേഗം കൊണ്ടുപോയി കൊടുക്കൂ, തണുത്തു പോകും, അവള്‍ പറഞ്ഞു. ചോറും കറികളും തണുത്താല് ഒന്നിനും കൊള്ളില്ല. നിങ്ങള് ഇത് കൊണ്ടുപോയി കൊടുക്കന്ന ആള്‍ടെ വീട്ടില് ഗേസോ അടുപ്പോ ണ്ടെങ്കില് ചൂടാക്കീട്ട് കഴിച്ചോളാന്‍ പറയണം ട്ടോ. 


സത്യവതി കൂട്ടിച്ചേര്‍ത്തു: വേഗം വരണം. ഇന്നെങ്കിലും മ്മക്ക് ല്ലാരിക്കും ഒന്നിച്ചിരുന്ന് ഉണ്ണണം. ഓണംല്ലേ? ഒന്നിച്ചിരുന്ന് ഉണ്ടാലേ ഒരു രസോംള്ളൂ. 
അയാള്‍ സഞ്ചി വാങ്ങി തന്റെ സ്‌കൂട്ടറിന്റെ മുന്‍പില്‍, കാലുകള്‍ക്കിടയില്‍ വെച്ചു. സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി വലിയ തിരക്കില്ലാത്ത നഗരപാതയിലൂടെ ഓടിച്ചു. എല്ലാവരും സദ്യ ഉണ്ണുന്ന വെപ്രാളത്തിലായിരിക്കണം. അയാള്‍ വിചാരിച്ചു. അല്ലെങ്കില്‍ റോഡുകള്‍ ഇങ്ങനെ ഒഴിഞ്ഞുകിടക്കില്ല. ഗള്‍ഫിലെ ഒരു മുസ്ലിം ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ നടത്തുന്ന അനാഥാലയത്തിനു മുന്‍പിലൂടെ അയാള്‍ സ്‌കൂട്ടര്‍ ഓടിച്ചു. അവരുടെ ആംബുലന്‍സ് പുറത്ത് കിടപ്പുണ്ടായിരുന്നു. അനാഥാലയം കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞാല്‍ ആള്‍ത്തിരക്കുള്ള പ്രദേശമാണ്. മുന്‍പ്, അയാള്‍ കൗമാരപ്രായക്കാരനായിരുന്ന കാലത്ത്, അവിടെ നെല്‍വയലുകളുണ്ടായിരുന്നു. പാടങ്ങളുടെ നടുവിലെ വരമ്പുകളിലൂടെ അയാള്‍ ബാലന്‍സു പിടിച്ച് നടക്കുമായിരുന്നു. ചിലയിടങ്ങളില്‍ വരമ്പുകള്‍ പൊട്ടിയടര്‍ന്നിട്ടുണ്ടാകും. ആ വിള്ളലുകളിലൂടെ വയലുകളില്‍ തളം കെട്ടിക്കിടക്കുന്ന മഴവെള്ളം കുറേ ഒലിച്ചുപോകും. അത് ചാടിക്കടക്കുന്നത് അയാളുടെ ഒരു നേരംപോക്കായിരുന്നു. അങ്ങനെ കുറേ വിള്ളലുകള്‍ ചാടിക്കടന്ന്, വഴുക്കുന്ന വരമ്പുകളിലൂടെ ഒരുപാട് നടന്നാല്‍, കുന്നിന്റെ കാല്‍ക്കലെത്തും.

ലോറിച്ചക്രങ്ങളുടെ മുറിവേറ്റ് വടുകെട്ടിയ മണ്ണിലൂടെ സ്‌കൂട്ടര്‍ ഓടിച്ച് അയാള്‍ കുന്നിന്റെ കാല്‍ക്കല്‍ എത്തി. മണ്ണും വെട്ടുകല്ലും രാവും പകലുമെന്നില്ലാതെ കയറ്റിക്കൊണ്ടുപോകുന്ന ലോറികള്‍ പലയിടത്തും നിര്‍ത്തിയിട്ടത് അയാള്‍ കണ്ടു. ഒരു മണ്ണുമാന്തി യന്ത്രവും അവിടെ കിടപ്പുണ്ടായിരുന്നു. സ്‌കൂട്ടര്‍ അവിടെ നിര്‍ത്തി, കാലുകള്‍ക്കിടയില്‍ വെച്ചിരുന്ന ഖാദി സഞ്ചിയെടുത്ത് അയാള്‍ കുന്നിന്റെ നേരെ നടന്നു. അയാള്‍ കുന്നിന്റെ മുന്‍പില്‍ മുട്ടുകുത്തിയിരുന്ന് തലയുയര്‍ത്തി നോക്കി. ഈശ്വരാ. അയാള്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. അയാളുടെ കുട്ടിക്കാലത്ത് ദൂരെ നെല്‍വയലുകളില്‍നിന്നു നോക്കിയാല്‍ ഒരു പച്ചിലക്കൂമ്പാരംപോലെ തോന്നിക്കുമായിരുന്നു, കുന്ന്. അതിന്റെ മൂര്‍ദ്ധാവിലും വശങ്ങളിലും കനത്തു വളര്‍ന്നുകിടക്കുന്ന വൃക്ഷങ്ങളും വള്ളികളുമായിരുന്നു. പകല്‍ നേരത്തും പച്ചച്ച ഇരുട്ട് അവിടെ കനത്തുകിടന്നിരുന്നു. ഇപ്പോള്‍ കുന്ന് ഒരു മാപ്പിളക്കുട്ടിയുടെ മൊട്ടത്തല പോലേയുണ്ട്. വിശപ്പുകൊണ്ട് കുന്നിന്റെ വയര്‍ ഒട്ടി ഉള്ളോട്ടു വലിഞ്ഞിരിക്കുന്നു.

നോക്കൂ, ഇന്ന് തിരുവോണമാണ്. അയാള്‍ കുന്നിനോട് പറഞ്ഞു. നിങ്ങളത് മറന്നോ? വീട്ടില് ഞങ്ങളെല്ലാവരും സദ്യ കഴിക്കാന്‍ പോകുകയാണ്. സ്വന്തം മുറ്റത്ത് വളര്‍ത്തിയ ചീരകൊണ്ടാണ് ന്റെ ഭാര്യ തോരന്‍ ഉണ്ടാക്കിയത്. അവിയലിലെ മുരിങ്ങയും പച്ചക്കായയും കറിവേപ്പിലയും ഒക്കെ വീട്ടുപറമ്പില് വിളയിപ്പിച്ചതാണ്. കീടനാശിനികളുടെ വിഷം കലര്‍ന്നിട്ടില്ലാത്തതായിരിക്കണം ന്റെ ഓണസദ്യയെന്ന് എനിക്ക് നിര്‍ബ്ബന്ധമായിരുന്നു.

അയാള്‍ ഖാദിസഞ്ചിയില്‍നിന്ന് ടിഫിന്‍ പാത്രവും നാക്കിലയും പുറത്തെടുത്ത് കൂനിക്കൂടിയിരിക്കുന്ന കുന്നിന്റെ മുന്‍പില്‍ വെച്ചു. ഇലയില്‍ അയാള്‍ ആദ്യം ചോറ് വിളമ്പി. വാഴയിലയുടെ വലത്തെ അറ്റത്ത് അവിയലും ഇടത്തെ അറ്റത്ത് ചീരത്തോരനും വിളമ്പി. ഇലയുടെ ഒരു കോണില്‍ കടുമാങ്ങ അച്ചാറും പപ്പടവും വെച്ചു. ചോറില്‍ വിരലുകൊണ്ട് ഒരു കുഴിയുണ്ടാക്കി അതില്‍ കാളന്‍ ഒഴിച്ചു. കാളന് ഇപ്പോഴും ചൂടുണ്ട്. ഇലയില്‍നിന്നു സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണാവുന്ന നേര്‍ത്ത ആവി പൊങ്ങിയിരുന്നു. പ്രഥമന്റെ കുപ്പിയും അയാള്‍ എടുത്ത് പുറത്തുവെച്ചു.
വല്ല്യേട്ടാ, ഓണമുണ്ണ്.
അയാള്‍ പറഞ്ഞു.
ന്റെ സത്യവതി തേങ്ങാപ്പാല് പിഴിഞ്ഞ് ശര്‍ക്കര കുറുക്കി വെച്ച പരിപ്പു പ്രഥമനുമുണ്ട്. ചോറുണ്ട ശേഷം ഞാനത് വിളമ്പിത്തരാം.
അയാള്‍ പറഞ്ഞു.
നിങ്ങള് സദ്യയുണ്ടെങ്കിലേ ന്റെ വിശപ്പ് മാറൂ.
അയാള്‍ ഓണമുണ്ണുന്ന വല്ല്യേട്ടന്റെ പടമെടുക്കാനായി സ്‌കൂട്ടറിന്റെ സീറ്റിന്റെ അടിയില്‍ വെച്ചിരുന്ന തന്റെ കേമറ പുറത്തെടുത്തു. ഇതിനകം കുന്നുകളുടെ നൂറുക്കണക്കിന് ഫോട്ടോകള്‍ എടുത്ത പഴയ മാമിയ കേമറ. പക്ഷേ, ഈ നിമിഷം അത് പണിമുടക്കി. കൃത്യമായി ഫോക്കസ് ചെയ്യാന്‍ അയാള്‍ക്ക് സാധിച്ചു. സാധിക്കാതിരുന്നത്, അതിന്റെ ഷട്ടര്‍ പ്രവര്‍ത്തിപ്പിക്കാനായിരുന്നു. അയാളുടെ മുഴുവന്‍ ശ്രമങ്ങളും ഒന്നൊന്നായി പരാജയപ്പെട്ടു. നിങ്ങള് എന്തിനാണപ്പാ ഇത്ര സങ്കടപ്പെടുന്നത്? അയാള്‍ സ്വയം ചോദിച്ചു. ഇപ്പോള്‍ ഇഷ്ടംപോലെ കേമറകള് കിട്ടാനുണ്ട്. വിലയും കുറവ്. മൊബൈലിലും ഫോട്ടോ പിടിക്കാം. ന്നിട്ടും എന്തിനാണിത്ര വേവലാതി? എങ്ങനെ വേവലാതിപ്പെടാതിരിക്കാന്‍ കഴിയും, എനിക്ക്. കുന്നിന്റെ ഫോട്ടോ പിടിക്കാന്‍ കേമറകള്‍ മാത്രം മതിയോ? കുന്നും വേണ്ടേ...


നിങ്ങള് കുന്നിനെക്കുറിച്ചു പറയുമ്പോ എനിക്ക് മറ്റൊരു കിറുക്കനെ ഓര്‍മ്മവരുന്നു. മൂപ്പരെ പണി എപ്പോം വെല്ല്യ വെല്ല്യ കല്ലുകള് കുന്നിന്റെ മോളില് ഉരുട്ടിക്കേറ്റലായിരുന്നു. 
ഹൈമവതി പറഞ്ഞു.
അദാരപ്പാ?
മ്മളെ സാക്ഷാല് നാറാണത്ത് ഭ്രാന്തന്‍ തന്നെ. മൂപ്പര് എനീള്ള കാലം റെസ്റ്റ് എട്ക്കാന്‍ പോകുവാ.
അദെന്താ ഹൈമവതീ നീയങ്ങനെ പറഞ്ഞത്?
നിങ്ങള് നിരീച്ചത് തന്നെ. കല്ലുണ്ടാകും. അതുന്തി മോളില് കേറ്റാന്‍ കുന്നുണ്ടാകില്ല.
അല്‍പ്പ നേരം കഴിഞ്ഞ് ഒരു പൊള്ളുന്ന ദീര്‍ഘനിശ്വാസം പുറത്തുവിട്ട് അയാള്‍ ചോദിച്ചു:
മ്മക്ക് ചേര്‍ക്കാന്‍ ഉടലുകളും ഇല്ലാതാക്ന്ന കാലം വരേ്ാ?
ആരിക്കറ്യാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com